My Blog List

Saturday, July 30, 2011

കര്‍ക്കടകവാവും കുറെ കഴുതകളും

റാന്‍ ഫെഡ് ശബ്ദം, സെപ്തംബര്‍, 2004
        ജൂലായ് 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടടുത്ത സമയം. ഒരു ഓഫീസിന്റെ മുന്നില്‍ കുറേപ്പേര്‍ നില്‍ക്കുന്നു. അവര്‍ അടഞ്ഞു കിടക്കുന്ന വാതില്‍ തുറക്കുന്നത് കാത്തു നില്‍ക്കുകയാണ്. രണ്ടു മണിക്ക് ചില ഉദേ്യാഗസ്ഥന്മാര്‍ വന്നിരിക്കും. വന്ന കാര്യം സാധിച്ചു കിട്ടാനായി ഉദേ്യാഗസ്ഥരെ സമീപിച്ച ആ പാവങ്ങള്‍ക്കു കിട്ടിയ മറുപടി 'ഇന്ന് ആള് കുറവാണ് നാളെ വന്നോളൂ' എന്നായിരിക്കും. പിറ്റേന്ന് രാവിലെ വന്ന് അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നില്‍ കാത്തുനിന്നു മുഷിഞ്ഞതിനു ശേഷം ഉച്ചയ്ക്ക് കിട്ടിയ മറുപടി 'തിങ്കളാഴ്ച വന്നോളൂ' എന്നായിരിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി ഈ രണ്ടു ദിവസങ്ങളിലും ഓഫീസുകളിലെത്തിയ പലര്‍ക്കും ഈ അനുഭവം തന്നെയായിരിക്കും ഉണ്ടായിരിക്കുക.
     പൊതുജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിച്ചതിന്റെ കാരണക്കാരന്‍ കര്‍ക്കടക മാസത്തിലെ കറുത്ത വാവാണ്. കര്‍ക്കടകത്തിലെ കറുത്ത വാവ് വരുന്ന ദിവസം സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ഉച്ചവരെ അവധിയാണ്. പിതൃക്കള്‍ക്ക് ബലിയിടാനെന്ന പേരില്‍ സര്‍ക്കാരുദേ്യാഗസ്ഥര്‍ക്ക് നല്‍കിയ സൗജന്യം. (മുമ്പ് ഉച്ചവരെ മാത്രമായിരുന്നു അവധി. പിതൃക്കള്‍ പരാതിപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല പിന്നീടിത് മുഴുവന്‍ദിന അവധിയാക്കിമാറ്റി). സാധാരണമായി വാവ് ഒരു ദിവസമാണ് വരിക. ഇക്കൊല്ലം ഇത് രണ്ടായി മാറി. ' രണ്ടാക്കി മാറ്റി 'എന്നതാണ് ശരിയായ പ്രയോഗം. പിറ്റേ ദിവസവും ഉച്ചവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അങ്ങനെ ഉദേ്യാഗസ്ഥന്മാര്‍ക്ക് ജൂലായ് പതിനാറിനും പതിനേഴിനും അവധി കിട്ടി. പ്രസ്തുത ദിവസങ്ങളില്‍ വിവിധ കാര്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തിയ പൊതുജനം കഴുതകളായി മാറുകയും ചെയ്തു. 'പൊതുജനം കഴുത' എന്ന പ്രയോഗം എത്ര ശരി! എന്താണ് ഈ 'കഴുതകള്‍' ചെയ്ത തെറ്റ്? ഇടത്തേ കയ്യിലെ ചൂണ്ടാണി വിരലില്‍ മഷിയടയാളം വച്ച് വോട്ട് ചെയ്തതോ?
        വിവിധ വകുപ്പുകളുണ്ടാക്കി ഉദേ്യാഗസ്ഥന്മാരെ നിയമിച്ചത് പൊതുജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ്. അല്ലാതെ, കുറെ പേര്‍ക്ക് ശമ്പളം (കൂട്ടത്തില്‍ കിമ്പളവും) കിട്ടാന്‍ വേണ്ടി മാത്രമല്ല. പൊതുജന സേവന കേന്ദ്രങ്ങളാവേണ്ട സര്‍ക്കാര്‍ ഓഫീസുകള്‍ ദിവസങ്ങളോളം അടച്ചിടുന്നത് കടുത്ത തെറ്റാണ്. സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്‍ ഏറിവന്നാല്‍ ജനസംഖ്യയുടെ മൂന്നു ശതമാനമേ വരികയുള്ളൂ. ഇവര്‍ സംഘടിതരാണെന്ന കാര്യം ശരി തന്നെ. എന്നു കരുതി അസംഘടിതരായ തൊണ്ണൂറ്റേഴ് ശതമാനക്കാരോട് എന്തു തോന്ന്യാസവും കാട്ടാമെന്നാണോ ഭരണകൂടം ധരിച്ചു വച്ചിരിക്കുന്നത്.
        സര്‍ക്കാര്‍ അവധി ആകെ ദിവസങ്ങളുടെ ഇരുപത്തിമൂന്നു ശതമാനത്തോളം വരും. ഈ വര്‍ഷത്തെ കാര്യം തന്നെയെടുക്കാം. നിലവിലുള്ള അവധികള്‍ 82. ഇതിനിടയില്‍ മറ്റു പല കാരണങ്ങള്‍ക്കുമായുള്ള അവധി. ഏറ്റവും ചുരുങ്ങിയത് 85 ദിവസമെങ്കിലും അവധിയായി വരും. പ്രവൃത്തി ദിവസം 280 മാത്രം. ഈ 280 ദിവസങ്ങളില്‍ ഒരു ശരാശരി സര്‍ക്കാരുദേ്യാഗസ്ഥന്‍ സ്വീകരിക്കുന്ന നിലപാടെന്താണ്? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ദേശാഭിമാനി' 27.02.1990 ല്‍ എഴുതിയ മുഖപ്രസംഗം നോക്കുക:
        ''സ്വയം മാറാന്‍ നിങ്ങള്‍ തയ്യാറാകുന്നതാണ് ഭംഗി; അതല്ലെങ്കില്‍ ജനങ്ങള്‍ മുന്‍കൈ എടുത്ത് നിങ്ങളെ മര്യാദ പഠിപ്പിക്കുന്ന കാലം വിദൂരമല്ല''. സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്‍ നിറഞ്ഞ ഒരു സദസ്സിനെ നോക്കി കഴിഞ്ഞ ദിവസം മന്ത്രി പി.എസ്.ശ്രീനിവാസന്‍ തുറന്നടിച്ചു. ഭരണ പരിഷ്‌കാര വേദിയുടെയും കേരള ട്രഷറി സ്റ്റാഫ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
         ഈ ഭാഷയിലല്ലെങ്കിലും സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലും സര്‍ക്കാര്‍ ആപ്പീസുകളുടെയും മറ്റ് തൊഴില്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയുണ്ടായി. ജനങ്ങളോടും തൊഴിലിനോടും തൊഴിലെടുക്കുന്ന സ്ഥാപനത്തോടും പ്രതിബദ്ധതയുള്ള ഒരു തൊഴില്‍ സംസ്‌കാരം വളര്‍ത്തി എടുക്കാനാണ് സി.പി.ഐ.എം. ആഹ്വാനം ചെയ്തത്. സി.പി.ഐ.എം നിയമസഭാ സെക്രട്ടറി ഒ.ഭരതന്‍ നിയമസഭയില്‍ ഒരു പ്രസംഗത്തിലും ഇക്കാര്യം സൂചിപ്പിച്ചു.
        മറ്റേതൊരു തൊഴില്‍ മേഖലയെയും അപേക്ഷിച്ച് നിരുത്തരവാദിത്വം കൊടികുത്തി വാഴുന്ന ഒന്നാണ് സര്‍ക്കാര്‍ ആപ്പീസുകള്‍ എന്നു പറയുമ്പോള്‍ ആരും ചൊടിച്ചിട്ടു കാര്യമില്ല. സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന വികാരത്തോടെയാണോ ആപ്പീസുകളില്‍ തങ്ങള്‍ ജോലി നിര്‍വ്വഹിക്കുന്നത് എന്ന് ഓരോ ജീവനക്കാരനും നെഞ്ചില്‍ കൈ വെച്ച് നൂറു വട്ടം സ്വയം ചോദിക്കണം. ഉണ്ട് എന്നു മറുപടി കിട്ടുന്നവര്‍ തുലോം ചുരുക്കമായിരിക്കും എന്നു പറയേണ്ടി വന്നതില്‍ വേദനയുണ്ട്.
ഒരു ചെറിയ വിഭാഗത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക സംസ്‌കാരം തന്നെ വളര്‍ന്നു വന്നിരിക്കുന്നു. ഏറ്റവും കുറച്ചു പണിയെടുക്കുക എന്നതാണാ സംസ്‌കാരം. ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമോ സംഘടനാ വ്യത്യാസമോ ഒന്നും ബാധകമല്ല. ഏതു സര്‍ക്കാര്‍ വന്നാലും, രാജ്യത്ത് എന്തു സംഭവിച്ചാലും അതൊന്നും തങ്ങളുടെ ഈ ചിട്ട തിരുത്തിക്കാന്‍ പര്യാപ്തമല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
          നിയമ പ്രകാരം കൃത്യമായി പണിയെടുത്താല്‍ കഷ്ടിച്ച് ആറു മണിക്കൂര്‍ മാത്രമാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പണിയെടുക്കേണ്ടത്. ഇത്ര കുറഞ്ഞ ജോലി സമയം മറ്റേതൊരു മേഖലയിലാണ് ഉള്ളതെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഈ ചുരുങ്ങിയ സമയം പോലും സീറ്റില്‍ ഇരിക്കുവാനോ കൃത്യമായി ജോലി ചെയ്യുവാനോ ബഹുഭൂരിപക്ഷം ജീവനക്കാരും തയ്യാറില്ലെന്നത് സത്യം മാത്രമാണ്. ഭരണത്തിന്റെ സിരാകേന്ദ്രമാണ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്. എപ്പോള്‍ നോക്കിയാലും അകത്തുള്ളതില്‍ കൂടുതല്‍ ജീവനക്കാര്‍ ആപ്പീസ് വളപ്പിലുണ്ടാകും. ഇതൊക്കെ തുറന്നു പറയുമ്പോള്‍ ആരും നെറ്റി ചുളിച്ചിട്ടു കാര്യമില്ല. പറയാതിരിക്കാന്‍ വയ്യാത്ത വിധം എല്ലാ അതിര്‍ വരമ്പുകളും കടന്നു കഴിഞ്ഞിരിക്കുന്നു.
     സംസ്ഥാനത്തിന്റെ ഒരറ്റത്താണ് തലസ്ഥാനം. കാസര്‍ഗോട്ടു നിന്നും ഒരു കാര്യം തിരക്കി ഒരു സാധാരണക്കാരന്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ എത്തിപ്പെടണമെങ്കില്‍ പെടുന്ന പാട് ചില്ലറയല്ല. എല്ലാ വൈതരണികളും കടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുമ്പിലെത്തിയാല്‍ പലപ്പോഴും അവര്‍ക്കുണ്ടാകുന്ന അനുഭവം കയ്‌പ്പേറിയതായിരിക്കും.
        സര്‍ക്കാരാശുപത്രികളുടെ കാര്യമെടുക്കാം. അവശരായി ആശുപത്രിയിലെത്തുന്ന രോഗികളോട് തെണ്ടിപ്പട്ടികളോടെന്ന പോലെയാണ് മിക്ക ജീവനക്കാരും പെരുമാറുന്നത്. ഡോക്ടര്‍മാരേക്കാള്‍ മോശമായി പെരുമാറുന്നത് കീഴ് ജീവനക്കാരാണ് എന്നതാണ് അതിലേറെ കഷ്ടം. സാധാരണക്കാരായ അവര്‍ക്ക് തങ്ങളുടെ സഹജീവികളുടെ വേദന അറിയാന്‍ കഴിയാതെ പോകുന്നത് തൊഴിലാളി വര്‍ഗ്ഗ സംസ്‌കാരമല്ല. സംഘടനയുടെ ശക്തികൊണ്ടാണ് ഇവര്‍ രക്ഷപ്പെടുന്നത്. അല്ലെങ്കില്‍ പലതും സംഭവിക്കുമായിരുന്നു.
          എന്തിനധികം പറയണം ഒരു ജീവിത കാലം മുഴുവന്‍ ഇരുന്ന് പണിയെടുത്ത ഒരു ആപ്പീസിലേക്ക് പെന്‍ഷന്‍ പറ്റിയ ശേഷം ഒരാള്‍ കടന്നു ചെന്നാല്‍ അയാള്‍ക്കുണ്ടാകുന്ന അനുഭവം പോലും മറിച്ചാകുന്നില്ല. അപ്പോള്‍ ഇതു വ്യക്തികളുടെ സ്വഭാവത്തിന്റെ പ്രശ്‌നമല്ല. ആപ്പീസില്‍ നിന്നും ഇറങ്ങിയാല്‍ തീര്‍ത്തും മാന്യമായി പെരുമാറാന്‍ അറിയുന്നവരാണ് 99 ശതമാനവും. പക്ഷേ ആപ്പീസുകള്‍ക്കുള്ളിലെ അവരുടെ സംസ്‌കാരം ഒന്നു വേറെയാണ്. 'ശ്രീപത്മനാഭന്റെ തൊപ്പി തലയില്‍ കേറിയാല്‍ പെറ്റ തള്ളയെ ആണേലും ഇടിച്ചു പോകും' എന്ന് പണ്ടൊരു പോലീസുകാരന്‍ പറഞ്ഞ മാതിരിയാണ് സ്ഥിതി. കൈക്കൂലിയുടെ കാര്യം പറയുന്നില്ല. അതെല്ലാം ഒരവകാശം പോലെ ആയിത്തീര്‍ന്നിരിക്കയാണിന്ന്.
        മന്ത്രി ശ്രീനിവാസന്‍ പറഞ്ഞ മാതിരി ഇതിനൊരു മാറ്റം വരാതെ എന്ത് ഭരണ പരിഷ്‌കാരം നടപ്പിലാക്കിയിട്ടും കാര്യമില്ല. ജനങ്ങള്‍ക്കതില്‍ താല്പര്യവുമില്ല. ശത്രുക്കളെ എന്നവണ്ണം ജനങ്ങള്‍ തങ്ങളെ നോക്കിക്കാണുന്നത് തങ്ങള്‍ക്കു തന്നെ ഭൂഷണമാണോ എന്ന് ജീവനക്കാര്‍ ചിന്തിക്കണം. സംഘടനാപരമായ ചേരിതിരുവുകള്‍ തെറ്റു ചെയ്യുന്നവര്‍ക്ക് അഭയം നല്‍കാനുള്ള കേന്ദ്രങ്ങളാണോ എന്ന് സംഘടനാ നേതൃത്വങ്ങളും ചിന്തിക്കണം.''
     മരിച്ചവര്‍ക്കു വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണ്. എന്റെ തറവാട്ടു വീട്ടിലും ഇത്തരമൊരു കര്‍മ്മം നടക്കുകയുണ്ടായി. ഞാനതില്‍ പങ്കെടുക്കുകയും ചെയ്തു. തീര്‍ത്തും വ്യക്തിപരവും കുടുംബപരവും. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുന്നത് തെറ്റു തന്നെയാണ്.
       നിയന്ത്രിതാവധി എന്ന പേരിലൊരു അവധിയുണ്ട്. ചില സമുദായക്കാര്‍ക്കു മാത്രമായി നല്‍കുന്നത്. ഇതൊരിക്കലും അനുവദിച്ചുകൂടാ. ആയിരക്കണക്കിന് സമുദായങ്ങളുള്ള നാടാണ് ഇന്ത്യ. ഓരോ സമുദായത്തിനും ഓരോ നിയന്ത്രിതാവധി കൊടുത്താല്‍ സ്ഥിതിയെന്തായിരിക്കും? ആയതിനാല്‍ എല്ലാ നിയന്ത്രിതാവധികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുക. രണ്ടു ദിവസത്തിലധികം സര്‍ക്കാര്‍ ആപ്പീസുകള്‍ അടച്ചിട്ടുകൂടാ. ആയതിനാല്‍ ഇത്തരത്തിലുള്ള അവധികളെല്ലാം എടുത്തുകളയണം. പകരം കാഷ്വല്‍ അവധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അത്തം തൊട്ടുതന്നെ ഓണം ആഘോഷിക്കുവാനാര്‍ക്കെങ്കിലും പൂതിയുണ്ടെങ്കില്‍ അവധിയെടുത്ത് അടിച്ചുപൊളിക്കട്ടെ. പെരുന്നാള്‍ ഒരാഴ്ച അടിച്ചുപൊളിക്കാന്‍ പൂതിയുള്ളവര്‍ ലീവെടുത്ത് അങ്ങനെ ചെയ്യട്ടെ. ക്രിസ്തുമസ്സും ഇങ്ങനെ അടിച്ചുപൊളിക്കാവുന്നതാണ്.
സര്‍ക്കാര്‍ വളരെ ഗൗരമായി പരിഗണിക്കേണ്ട വിഷയമാണിത്. ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം 'ജനങ്ങളുടെ മേലുള്ള ആധിപത്യം' എന്നല്ല.
                      ...........

Monday, July 25, 2011

സസ്‌പെന്‍ഷന്‍

പൊന്മളക്കാരന്‍ ഉദേ്യാഗസ്ഥ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റിട്ടിരുന്നു. അതില്‍ ഞാനെഴുതിയ കമന്റില്‍ ഉദേ്യാഗസ്ഥന്മാരുടെ സസ്‌പെന്‍ഷന്റെ കാര്യം പരാമര്‍ശിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ മുമ്പൊരു കഥ എഴുതിയിരുന്നു. ആ കഥയാണിത്തവണത്തെ പോസ്റ്റ്.
സഹൃദയ സാഹിത്യ മാസിക, ജൂലൈ,2008
       ഡോക്ടര്‍ സാറിനൊരു പൂതി. കുറച്ചുകാലം വിശ്രമിക്കണം. വിശ്രമകാലത്ത് ശമ്പളം കിട്ടണം. എതിര്‍ക്കുന്ന ചികിത്സാ സമ്പ്രദായമാണെങ്കിലും ആയുര്‍വ്വേദ സുഖ ചികിത്സയും നടത്തണം. ഡോക്ടര്‍ ആലോചിച്ചു.
       അങ്ങനെ ആലോചിച്ചിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡോക്ടറുടെ പേര് പത്രങ്ങളില്‍ വന്നു. കൈക്കൂലി വാങ്ങിയതിന് ഡോക്ടറെ ജോലിയില്‍ നിന്നു സസ്‌പെന്റ് ചെയ്ത വാര്‍ത്ത.
    ഏതാനും മാസങ്ങള്‍ കഴിഞ്ഞു. ഡോക്ടറുടെ കൈക്കൂലിക്കേസ് വിചാരണയ്‌ക്കെടുത്തു. രോഗിയില്‍ നിന്നു വാങ്ങിയ കൈക്കുലിപ്പണം ഷര്‍ട്ടിന്റെ ഇടത്തെ കീശയില്‍ നിക്ഷേപിച്ചു എന്നായിരുന്നു കുറ്റപത്രം. കോടതിയില്‍ ഹാജരാക്കിയ ഷര്‍ട്ടിന് കീശയില്ലായിരുന്നു. ഡോക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
          വിശ്രമ ജീവിതവും ആയുര്‍വ്വേദ സുഖ ചികിത്സയും കിട്ടിയ ഡോക്ടര്‍ സസ്‌പെന്‍ഷന്‍ കാലത്തെ വരവു-ചെലവു കണക്കുകൂട്ടി നോക്കി. കീശയുള്ള ഷര്‍ട്ട് മാറ്റാന്‍ കീശയിലിട്ടുകൊടുത്ത വകയില്‍ ചെലവ് ഇരുപത്തയ്യായിരം രൂപ. ചെയ്യാത്ത ജോലി വകയില്‍ വരവ് മൂന്നേക്കാല്‍ ലക്ഷം രൂപ.
.............. 

Monday, July 18, 2011

സുശീലയും പുരുഷോത്തമനും

രണ്ട് കഥകള്‍

1. സുശീല
          ''ഹൊ! എന്തൊരു ശല്യം!! കുറേ നേരമായല്ലോ കുറക്കന്റെ മാതിരി ഓരിയിടാന്‍ തൊടങ്ങീട്ട്. എന്താ മന്‍ഷ്യാ നിങ്ങക്ക് വേണ്ടത്?''
     ''സുശീലേ, ആ കുപ്പായമൊന്നിങ്ങെടുത്തു താ. സമയമില്ലാഞ്ഞിട്ടല്ലേ മുത്തേ. ഇനി ഞാനതിന് ഇവിടുന്നങ്ങട്ട് നടന്നു വരേണ്ടേ. പ്‌ളീസ്, എന്റെ പൊന്നു സുശിമോളല്ലേ!''
        ''ഹൗ! വല്ലാത്തൊരു കൊഞ്ചിക്കൊഴയല്‍. ഇനി അതും എന്റെ കൈകൊണ്ടുതന്നെ വേണം. കഷ്ടം, മര്യാദയ്‌ക്കൊരു സീരിയല്‍ കാണാന്‍കൂടി സമ്മതിക്കാത്ത സാധനം. ഇങ്ങനെയുണ്ടോ മനുഷ്യര്‍'' എന്ന് പല്ലുറുമ്മി പ്രാകിപ്പറഞ്ഞുകൊണ്ട് സുശീല ബ്‌ളൗസ് അലക്കുകല്ലിലേക്ക് എറിഞ്ഞുകൊടുത്തു.
............
2. പുരുഷോത്തമന്‍
          ''ഹും! അവള്‍ രാവിലെത്തന്നെ മേലേ വീട്ടിലേക്ക് കളിക്കാന്‍ പോയിരിക്കുന്നു. ഒരു പെണ്‍കുട്ടിയാണെന്ന ബോധം അവള്‍ക്കില്ല. പെണ്‍കുട്ടികള്‍ ഈ പ്രായത്തില്‍ത്തന്നെ വീട്ടുപണികളൊക്കെ ചെയ്തു തുടങ്ങണം. ചൂലെടുത്തു അടിച്ചുവാരാനും പാത്രം കഴുകാനുമൊക്കെ പഠിക്കണം''
         ''പെണ്ണ്, പെണ്ണ്, പെണ്ണ്! ഇങ്ങനെ എപ്പോഴും വിളിച്ചുകൂവി അവളുടെ മനസ്സില്‍ അവളൊരു പെണ്ണാണെന്നും പെണ്ണ് മോശപ്പെട്ട സാധനമാണെന്നും സ്ത്രീ പുരുഷന്റെ അടിമയാണെന്നും ഉള്ള അപകര്‍ഷതാ ബോധം ഉറപ്പിക്കുന്നത് ശരിയല്ലായെന്ന് ഞാന്‍ എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്. ചൂലും മുറവുമൊക്കെ ആണ്‍കുട്ടികള്‍ക്കും പറ്റും. സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി സംസാരിക്കുന്ന ആളാണ് ഞാനെന്ന കാര്യം നിനക്കറിഞ്ഞൂടേ?''
      ''ഇത് പ്രസംഗിക്കാന്‍ പറ്റുന്ന കാര്യം. കാര്യത്തോടടുത്താല്‍ പെണ്ണിനെ പെണ്ണായേ നിങ്ങള്‍ ആണുങ്ങള്‍ കാണുകയുള്ളൂ''
            ''അത് വെറും തോന്നലാ''
            ''അല്ല''
            ''അതേന്ന്''
            ''അല്ലെന്ന്''
            ''അതേന്ന് പറഞ്ഞില്ലേ''
           പുരുഷോത്തമന്റെ നാവിനു പകരം പിന്നെ കാലാണ് നീണ്ടത്. പുരുഷോത്തമന്റെ ചവിട്ടേറ്റ് സൗദാമിനി ചന്തികുത്തി നിലത്തു വീണു. സൗദാമിനിയുടെ കരച്ചില്‍ കേട്ട് മുറിയില്‍ ടീവി കണ്ടുകൊണ്ടിരുന്ന മകന്‍ ഓടി വന്നു. അവന്‍ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. കാര്യം മനസ്സിലാക്കിയ അവന്‍ അച്ഛനുനേരെ കണ്ണുരുട്ടി. അച്ഛന്‍ തിരിച്ചും കണ്ണുരുട്ടി. അവര്‍ പരസ്പരം വഴക്കിട്ടു. ബഹളം കേട്ട് മകള്‍ ഓടിയെത്തി.
           ''എന്താ, എന്താ! എന്താ സംഭവിച്ചത്? എന്തിനാണമ്മ കരയുന്നത്? എന്തിനാണ് അച്ഛനും ഏട്ടനും തമ്മില്‍ വഴക്ക് കൂടുന്നത്?''
       ''പ്പെ പട്ടി. ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് പെണ്ണുങ്ങള്‍ക്കെന്തു കാര്യം? പോടീ നായിന്റെ മോളേ അടുക്കളയില്‍''
          നായിന്റെ മോളോടൊപ്പം നായിന്റെ മോളുടെ അമ്മയും അടുക്കളയിലേക്ക് പോയി.
............

Saturday, July 09, 2011

സോണാ രാജിനെ സഹായിക്കുക

        പൊന്മളക്കാരന്‍ എന്ന ബ്‌ളോഗറിട്ട ഒരു പോസ്റ്റാണ് ഇത്തരമൊരു കുറിപ്പെഴുതുവാന്‍ കാരണം. പ്രസ്തുത പോസ്റ്റ് വായിച്ച് വിഷയം മനസ്സിലാക്കുക. ഇത്തരമൊരു അഭ്യര്‍ത്ഥനയില്‍ ചിലര്‍ അസ്വാഭാവികത കണ്ടേക്കാം. അവരെ കുറ്റം പറയാനും പറ്റില്ല. കാരണം, പട്ടിണി മാറ്റാനുള്ള സഹായത്തിനോ മാരക രോഗത്തിന് മരുന്നു വാങ്ങാനുള്ള സഹായത്തിനോ വേണ്ടിയല്ല അഭ്യര്‍ത്ഥിക്കുന്നത്‌.  3 ലക്ഷം രൂപ വിലയുള്ള സൈക്കിള്‍ വാങ്ങാനാണ്. എന്തുകൊണ്ടോ ഈ കായിക താരത്തെ സഹായിക്കാനുള്ള ബാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. ഇതുകൊണ്ടാണ് പൊന്മളക്കാരന്റെ ബ്‌ളോഗില്‍ ഞാന്‍ കമന്റ് എഴുതിയതും ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടുന്നതും.    വാര്‍ത്തയില്‍ കണ്ട നമ്പരില്‍ (9745347200) ഞാന്‍ സോണാ രാജിന്റെ അമ്മയെ വിളിക്കുകയുണ്ടായി. അന്‍പതോളം പേര്‍ അവരെ ഫോണില്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. അവരുടെ ബാങ്ക് (ബാങ്ക് ഓഫ് ബറോഡ-കൊയിലാണ്ടി ബ്രാഞ്ച്) എക്കൗണ്ട് നമ്പരും isfi കോഡും ഇതാണ്. എക്കൗണ്ട് നമ്പര്‍ 34020100001088. isfi കോഡ് barodquical. താല്പര്യമുള്ള ബ്‌ളോഗര്‍മാര്‍ക്ക് ഈ എക്കൗണ്ട് നമ്പരില്‍ പണം നിക്ഷേപിക്കാവുന്നതാണ്. താമസിയാതെ തന്നെ പ്രസ്തുത എക്കൗണ്ടില്‍ ഞാന്‍ 1000 രൂപ നിക്ഷേപിക്കുന്നതാണ്. നല്ലതു വരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു!