My Blog List

Wednesday, August 25, 2010

ഒരു ഓണക്കഥ

മക്തബ്‌ സായാഹ്ന ദിനപത്രം, 20.08.2010
ഓക്കാനം
ശങ്കരനാരായണന്‍ മലപ്പുറം
`` ഹൊ! ഇക്കാലത്തെ ഓണം എന്തോണം? പണ്ടല്ലേ ഓണം? ഇന്ന്‌ തുമ്പപ്പൂവുണ്ടോ? തൂശനിലയുണ്ടോ? തുമ്പിതുള്ളലുണ്ടോ? പുത്തരിച്ചോറുണ്ടോ? പൊന്നോണപ്പൂവുണ്ടോ? പൊന്നൂഞ്ഞാലുണ്ടോ? ഓണത്തപ്പനെവിടെ? ഓണപ്പുടവയെവിടെ? ഓണക്കളികളെവിടെ? ഓണക്കിളികളെവിടെ? ഓണപ്പാട്ടുകളെവിടെ? ഓണക്കാഴ്‌ചകളെവിടെ? ഓണക്കുലകളെവിടെ? എല്ലാം കൃത്രിമം, മായം, ചതി, വഞ്ചന, തട്ടിപ്പ്‌, വെട്ടിപ്പ്‌. നമ്മുടെ പൈതൃകവും പാരമ്പര്യവുമൊക്കെ പൊയ്‌പ്പോയ്‌ മറഞ്ഞില്ലേ? ''
`` വിയര്‍പ്പൊഴുക്കി ജോലി ചെയ്‌തിരുന്നവരൊക്കെയിന്ന്‌ വില്ലേജോഫീസര്‍മാരായി വിലസുകയല്ലേ? വിയര്‍പ്പിന്‌ വിലയില്ലാതായി. ഓണമെന്ന്‌ കേട്ടാലെനിക്കിന്ന്‌ ഓക്കാനമാണ്‌ വരിക''.
സാംസ്‌കാരിക നായകന്‍ നിരാശാ ഭാവത്തോടെ നെടുവീര്‍പ്പിട്ടു. കൈകാലുകള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ടുമൊക്കെ ആംഗ്യം കാണിച്ച്‌ ആക്രോശങ്ങള്‍ ഓക്കാനിച്ചിട്ടും അയാള്‍ ഒട്ടും വിയര്‍ത്തില്ല. കാരണം, അയാളിരുന്നത്‌ ചാനലിന്റെ എയര്‍ കണ്ടീഷന്‍ ചെയ്‌ത മുറിയിലായിരുന്നു.
.............

Friday, August 20, 2010

ഒരു അഭ്യര്‍ത്ഥന

ബ്‌ളോഗില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവരോട്‌

ശങ്കരനാരായണന്‍ മലപ്പുറം
പ്രിയരേ,
എന്റെ രചനകള്‍ വായിച്ച്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ല. പ്രതികൂലിച്ചും അനുകൂലിച്ചുമൊക്കെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ബ്‌ളോഗിന്റെ ഉപയോഗത്തില്‍ വെറുമൊരു എല്‍.കെ.ജി.ക്കാരനാണ്‌ ഞാന്‍. എങ്കിലും ബ്‌ളോഗ്‌ ഒരു ഇന്റര്‍നെറ്റ്‌ പ്രസിദ്ധീകരണമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.ഞാന്‍ കഴിയുന്നത്ര ലളിതമായ ഭാഷയാണ്‌ ഉപയോഗിക്കാറ്‌. എതിരാളികളെ വിമര്‍ശിക്കാനായി മോശമായ വാക്കുകള്‍ ഉപയോഗിക്കാറില്ല. `തൂറി, വളി, മൂട്‌, ചന്തി, പട്ടി, തന്ത' തുടങ്ങിയ വാക്കുകള്‍ ഞാന്‍ എഴുത്തില്‍ ഉപയോഗിക്കാറുണ്ട്‌. പലരും ഇതിനെ വിമര്‍ശിച്ചിട്ടുമുണ്ട്‌. പക്ഷേ, ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ ഞാന്‍ എന്റേതായ ശരികാണുന്നുണ്ട്‌. പക്ഷേ, സ്വകാര്യ സംഭാഷണങ്ങില്‍ മാത്രം ഒതുക്കേണ്ട (സ്വകാര്യ സംഭാഷണങ്ങളിലും ഇങ്ങനെ വേണമെന്നില്ല) തെറിവാക്കുകള്‍ ഞാന്‍ എഴുത്തില്‍ ഉപയോഗിക്കാറില്ല. എന്റെ രചനകള്‍ വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുന്നവരും ഈ രീതി സ്വീകരിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
`ഡാഷ്‌' തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത്‌ ഒട്ടും നല്ല നിലപാടല്ല. എന്റെ രചനയ്‌ക്കു വന്ന ഒരഭിപ്രായത്തില്‍ (എനിക്കനുകൂലമായി) ഇത്തരം ചില പരാമര്‍ശങ്ങള്‍ കാണുകയുണ്ടായി. മാത്രമല്ല, `ചെരയ്‌ക്കുക' എന്ന വളരെ വൃത്തികെട്ട പ്രയോഗം പോലും കാണുകയുണ്ടായി.സവര്‍ണ സംസ്‌കാരത്തിന്റെ ഉല്‌പന്നമാണ്‌ `ചെരയ്‌ക്കല്‍' എന്ന പ്രയോഗം. ബാര്‍മാരെ ആക്ഷേപിക്കാനുണ്ടാക്കിയ ഒരു വൃത്തികെട്ട പ്രയോഗമാണിത്‌. സിനിമകളിലും സീരിയലുകളിലും മിമിക്രിയിലുമൊക്കെ ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരാറുണ്ട്‌. `ജാതി വൈകൃത ചിന്തകള്‍ വെളിവാക്കുന്ന ക്രിക്കറ്റ്‌ പരിഹാസ്യ ചിത്രങ്ങള്‍', `തമാശ പറയാന്‍ പറ്റാത്ത കാലം!' തുടങ്ങിയ ലേഖനങ്ങളില്‍ ഈ വൃത്തികേടിനെതിരെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്‌. പ്രസിദ്ധീകരിക്കാത്തതും മുമ്പ്‌ എഴുതി വച്ചതുമായ ഒരു ചെറു ലേഖനത്തിലൂടെയും ഈ വൃത്തികേടിനെ ഞാന്‍ ചോദ്യ ചെയ്‌തിട്ടുണ്ട്‌. (പ്രസ്‌തുത ലേഖനം താഴെ കൊടുത്തിട്ടുണ്ട്‌. അതു വായിക്കുക).
ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഭാഷ പരുക്കനോ തീവ്രമോ തനി നാടനോ ആവാം; പക്ഷേ, മാന്യമായ ഭാഷ തന്നെ ഉപയോഗിക്കണം.
വിശ്വസ്‌തതയോടെ,
മുണ്ടുപറമ്പ്‌, ശങ്കരനാരായണന്‍ മലപ്പുറം
20.08.2010.

ഐ.ടി.യുഗത്തിലും അയിത്ത മനസ്സുകള്‍

ഐ.ടി.യുഗത്തിലും അയിത്ത മനസ്സുകള്
‍ശങ്കരനാരായണന്‍ മലപ്പുറം
`` നാടു ഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കാന്‍ പൊയ്‌ക്കൂടേ? '' രാഷ്‌ട്രീയപ്പാര്‍ട്ടിക്കാരുടെ പ്രകടനങ്ങളില്‍ നിന്നു പലപ്പോഴും മുഴങ്ങുന്ന ഒരു മുദ്രാവാക്യമാണിത്‌. ബാര്‍ബര്‍മാരില്‍ (താടി വടിക്കുന്നവരില്‍) ഏറ്റവും കൂടുതല്‍ പേര്‍ അണി നിരന്ന പ്രസ്ഥാനത്തിന്റെ പ്രകടനങ്ങളില്‍ നിന്നു പോലും ഈ മുദ്രാവാക്യം കേള്‍ക്കാറുണ്ട്‌. താടി വടിക്കുക എന്ന തൊഴില്‍ വളരെ മോശപ്പെട്ട ഒരു തൊഴിലാണ്‌, അഥവാ, ഒന്നിനും കൊള്ളാത്തവര്‍ക്കു മാത്രം പറ്റിയ വളരെ വൃത്തികെട്ട തൊഴിലാണ്‌ എന്നാണ്‌ ഈ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. താടിവടിക്കുന്ന തൊഴിലിന്‌ താടി വടിക്കാത്തവര്‍ (സ്വന്തം താടിയില്ല; മറ്റുള്ളവരുടെ താടി) കണ്ട മോശത്തരം എന്താണാവോ? `Barbers and Tailors makes man beautiful' (ബാര്‍ബര്‍മാരും ടൈലര്‍മാരും മനുഷ്യര്‍ക്ക്‌ സൗന്ദര്യമുണ്ടാക്കുന്നു) എന്ന്‌ ഒരു ഇംഗ്‌ളീഷ്‌ സാഹിത്യകാരന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. വളരെ ശരിയല്ലേ ഇത്‌? താടിവടിക്കുന്നവരെക്കൊണ്ട്‌ താടി വടിപ്പിച്ചല്ലേ താടി വടിക്കാത്തവര്‍ സുന്ദരക്കുട്ടപ്പന്മാരാകുന്നത്‌. ഈ സുന്ദരക്കുട്ടപ്പന്മാരാണ്‌ ഞെളിഞ്ഞ്‌ നിന്ന്‌ താടി വടിക്കുന്നവര്‍ക്ക്‌ നേരെ (പരോക്ഷമായി) മുഷ്‌ടി ചുരുട്ടുന്നത്‌.എത്ര പുരോഗമനം പ്രസംഗിച്ചാലും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും ഉപയോഗിച്ചാലും നമ്മുടെ മനസ്സിപ്പോഴും എത്രയോ നൂറ്റാണ്ടുകള്‍ക്ക്‌ പിറകിലാണ്‌. നമ്മുടെ മനസ്സിപ്പോഴും ജാതീകൃതമാണ്‌. ഈ ഐ.ടി.യുഗത്തിലും നമുക്കുള്ളത്‌ അയിത്ത മനസ്സുകളാണ്‌. ഇതുകൊണ്ടാണ്‌ ഇത്തരം വൃത്തികെട്ട മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത്‌.
ബാര്‍ബര്‍മാരെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമകളിലും സീരിയലുകളിലും മിമിക്രിയിലുമൊക്കെ ധാരാളമായി കടന്നു വരാറുണ്ട്‌. `ചെരയ്‌ക്കുക', `വടിക്കുക' തുടങ്ങിയ ഒട്ടേറെ പരാമര്‍ശങ്ങള്‍. ഇത്തരമൊരു വൃത്തികെട്ട പരാമര്‍ശം ` യോദ്ധ 'എന്ന സിനിമയിലുണ്ട്‌. താടി വടിക്കുന്നവര്‍ക്ക്‌ താടി വടിക്കാത്തവര്‍ പണ്ട്‌ നല്‍കിയ ഒരു പരിഹാസപ്പേരാണ്‌ ` അമ്പട്ടന്‍'. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട്‌ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ (ജഗതി ശ്രീകുമാര്‍) ` അമ്പട്ടന്‍'എന്നു വിളിപ്പിച്ച്‌ അതില്‍ `തമാശ' കാണുന്നുണ്ട്‌ മറ്റൊരു കഥാപാത്രം (മോഹന്‍ ലാല്‍). ആ രംഗം സുന്ദരമാക്കാന്‍ ഈ രണ്ടു നടന്മാരെയും സുന്ദരന്മാരാക്കിയത്‌ ഏതായാലും `താടി വടിക്കുന്ന' പണി ചെയ്യാത്തവരാവില്ലല്ലോ. ഏതെങ്കിലും `അമ്പട്ടന്‍' തന്നെയായിരിക്കുമല്ലോ അത്‌ ചെയ്‌തിട്ടുണ്ടാവുക. അവാര്‍ഡ്‌ കൊണ്ടൊന്നും മനസ്സിനുള്ളിലെ അയിത്തം പോവില്ലല്ലോ!
ബാര്‍ബര്‍മാര്‍ മാത്രമല്ല മീന്‍ വില്‌പനക്കാര്‍, വീട്ടു വേലക്കാര്‍, പാചക ജോലിക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ തുടങ്ങിയവരും ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഏറ്റു വാങ്ങുന്നവരാണ്‌. ഈ തൊഴില്‍ വിഭാഗങ്ങളെ മൊത്തം ആക്ഷേപിക്കുന്ന ഒരു ഇന്റര്‍നെറ്റ്‌ ചിത്രം ഒരിക്കല്‍ പത്രങ്ങളില്‍ വരികയുണ്ടായി. ഇ-മെയില്‍ വഴി പ്രചരിച്ച ഈ ചിത്രം തയ്യാറാക്കിയവര്‍ക്ക്‌ `അക്കാദമിക്ക്‌ വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും' ഉണ്ടായിരുന്നു. പക്ഷേ, വിവരവും മാനവികതയും അവര്‍ക്ക്‌ ഇല്ലാതെ പോയി. 2007 ലെ ലോക കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ക്രിക്കറ്റ്‌ താരങ്ങളെ പരിഹസിക്കാനായി ഇറക്കിയതായിരുന്നു ഈ ചിത്രം. ക്രിക്കറ്റ്‌ താരങ്ങളെ ബാര്‍ബറായും മീന്‍ വില്‌പനക്കാരനായും മറ്റും ചിത്രീകരിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.
തൊഴിലിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‌ ഉയര്‍ച്ച താഴ്‌ച്ചകള്‍ കല്‌പിക്കുന്ന ഈ വൃത്തികെട്ട ഏര്‍പ്പാട്‌ നമ്മുടെ സ്വന്തം `പൈതൃക' മാണ്‌. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ 45 കൊല്ലം മുമ്പ്‌ എഴുതിയ ആത്മകഥയില്‍ നിന്ന്‌ ഏതാനും ഭാഗം വായിച്ചാല്‍ 45 കൊല്ലം മുമ്പ്‌ കാനഡയിലുണ്ടായിരുന്ന അവസ്ഥ 2009 ലും ഇന്ത്യയിലൊരു സ്വപ്‌നമായി അവശേഷിക്കുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഈ സത്യം ഒരു അലങ്കാരമായി കൊണ്ടു നടക്കുകയാണ്‌ 'താടി വടിക്കാത്ത' മാന്യന്മാര്‍. പ്രസ്‌തുത ഭാഗം ഇങ്ങനെ (എന്റെ സ്‌മരണകള്‍, പേജ്‌ 310,311):
``മണ്ണുത്തി വെറ്റിനറി കോളേജിലെ ഒരു പ്രൊഫസറായ ഡോക്‌ടര്‍ ചന്ദ്രന്‍ ക്യനടയിലാണ്‌ പഠിച്ചത്‌. അക്കാലത്ത്‌ അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പ്രഭുവിന്റെ വീട്ടില്‍ വെച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. വന്നയുടനെ വീട്ടുടമസ്ഥനുമായി കുശലം പറഞ്ഞ്‌ ഷൈക്ക്‌ ഹാന്റ്‌ ചെയ്‌ത്‌, സംശയം കൂടാതെ അകത്തേക്ക്‌ കടന്നുപോയി. തദവസരത്തില്‍ അതാരാണെന്ന്‌ ചന്ദ്രന്‍ ചോദിച്ചു. അയാള്‍ വീട്ടു വേലക്കാരനാണെന്നും പാത്രം തേയ്‌ക്കുക, മുറികള്‍ വൃത്തിയാക്കുക, മിറ്റം അടിക്കുക മുതലായ പണിക്കു വന്നിരിക്കുകയാണെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വീട്ടു വേലക്കാരനും വീട്ടുടമസ്ഥനായ-യജമാനനായ-പ്രഭുവും തമ്മില്‍ ഇങ്ങനെ തുല്യ നിലയില്‍ പെരുമാറുന്നത്‌ കണ്ടപ്പോള്‍ ചന്ദ്രന്നത്ഭുതം തോന്നുകയാല്‍ കൂടുതലായി അനേ്വഷിച്ചു. അദ്ദേഹത്തിന്റെ തൊഴില്‍ ഈ വീട്ടുവേലയാണെന്നും, ഇങ്ങനെ പല വീടുകളിലും ജോലിയുണ്ടെന്നും ജോലിയനുസരിച്ച്‌ അതാതു വീട്ടുകാരുമായി ചെയ്‌തിട്ടുള്ള നിശ്ചയ പ്രകാരം പ്രതിഫലം വാങ്ങിക്കൊണ്ടാണ്‌ അദ്ദേഹം ജീവിക്കുന്നതെന്നും വീട്ടുടമസ്ഥന്‍ പറയുകയുണ്ടായി. 20-25 മിനിറ്റിനകം അയാള്‍ ജോലിയെല്ലാം കഴിച്ച്‌ കൈകഴുകി വൃത്തിയാക്കി യാത്ര പറഞ്ഞു പോകാനുള്ള ശ്രമമായപ്പോള്‍ വീട്ടുടമസ്ഥന്‍ അദ്ദേഹത്തിന്നു ചന്ദ്രനെ പരിചയപ്പെടുത്തിക്കൊടുത്തു. തദവസരത്തില്‍ അയാള്‍ ചന്ദ്രനും ഷൈക്ക്‌ ഹാന്റ്‌ ചെയ്‌തു, അടുത്തുള്ള മറ്റൊരു കസാലയില്‍ ഇരുന്നു കുശലം പറഞ്ഞു സിഗ്രറ്റു വലിച്ച്‌ യാത്ര പറഞ്ഞു പോവുകയും ചെയ്‌തു''
................

Thursday, August 19, 2010

കൈക്കൂലിക്കു പിടിച്ച ബാബുവിന്റെ ഭാവി ജനങ്ങളെ അറിയിക്കണം

മക്തബ്‌ സായാഹ്ന ദിനപത്രം, 07.08.2010
കേരള ശബ്‌ദം വാരിക, 29.08.2010

                     കെട്ടിട നിര്‍മ്മാണ അനുമതിക്കായി 8000 രൂപ കൈക്കൂലി വാങ്ങിയ പയ്യന്നൂര്‍ വില്ലേജ്‌ ഓഫീസര്‍ കാങ്കോല്‍ കുണ്ടയം കൊവ്വലിലെ കെ.എം.ബാബുവിനെ വിജിലന്‍സ്‌ പിടികൂടിയ വാര്‍ത്ത പത്രങ്ങള്‍ ഈയിടെ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
                കൈക്കൂലി വാങ്ങിയതിന്‌ കാസര്‍ഗോഡ്‌ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പി.എസ്‌.ലീലാമ്മയെയും ഈയിടെ വിജിലന്‍സ്‌ പിടികൂടിയിരുന്നു.കൈക്കൂലിക്കാരെ പിടികൂടിയ വാര്‍ത്തകള്‍ വായിച്ച്‌ നാം കോരിത്തരിക്കും. പക്ഷേ, ഇവര്‍ക്ക്‌ പിന്നീട്‌ എന്തു സംഭവിച്ചു എന്ന്‌ പിടികൂടിയവരും പിടികൂടിയ വാര്‍ത്ത പ്രസിദ്ധീകരിച്ചവരും നമ്മെ അറിയിക്കാറില്ല. നമ്മളത്‌ അനേ്വഷിക്കാറുമില്ല. കൈക്കൂലിക്കു പിടികൂടിയ ബാബുവിന്റെ ഭാവിയെന്താവുമെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു ഉത്‌കണ്‌ഠയുമില്ലെന്ന്‌ ചുരുക്കം.
                 കൈക്കൂലി വാങ്ങിക്കുമ്പോള്‍ ഉദേ്യാഗസ്ഥന്മാരെ പിടികൂടാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി. പക്ഷേ, ഇതിന്റെ പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടുകയോ ശമ്പളം തിരിച്ചു പിടിക്കുകയോ ചെയ്‌ത വാര്‍ത്തകളൊന്നും കേള്‍ക്കാറില്ല. 1987 ല്‍ ഈ.കെ.നായനാര്‍ രണ്ടാമതായി മുഖ്യമന്ത്രിയായ ഉടനെ ധാരാളം ഉദേ്യാഗസ്ഥന്മാരെ കൈക്കൂലി വാങ്ങിയതിന്‌ പിടികൂടുകയുണ്ടായി. ഇവരെയെല്ലാം ജോലിയില്‍ നിന്നു സസ്‌പെന്റ്‌ ചെയ്യുകയും ചെയ്‌തു. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌. പൊതുജനം വാര്‍ത്തകള്‍ വായിച്ച്‌ സന്തോഷിക്കുകയും ആവേശം കൊള്ളുകയും ചെയ്‌തു. ഇങ്ങനെ പോയാല്‍ കൈക്കൂലി എന്ന സമ്പ്രദായം കേരളത്തില്‍ നിന്നു ഇല്ലാതാവുമെന്നുവരെ പ്രതീക്ഷിച്ചു. കൈക്കൂലി വേട്ടയ്‌ക്ക്‌ നേതൃത്വം നല്‍കിയ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി.യെ ഞാനും മനസ്സില്‍ സ്‌തുതിച്ചു. (ഏറെ താമസിയാതെ പെന്‍ഷന്‍ പറ്റിയ ഇദ്ദേഹത്തിന്റെ പേര്‌ ഓര്‍മ്മയില്ല).
                   മലപ്പുറത്തിനടുത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന അദ്ദേഹത്തിനെ ഞാന്‍ ചെന്നു കണ്ടു. കൈക്കൂലിക്കാരെ പിടികൂടിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ അഭിനന്ദിച്ചു. ചില ഓഫീസുകളില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചു പറഞ്ഞെങ്കിലും അദ്ദേഹമതിന്‌ ശ്രദ്ധ കൊടുത്തില്ല. ഒരു ഡോക്‌ടറെ പിടികൂടാന്‍ കിട്ടണമെന്നും ഇതിനു സഹായിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം എന്നോട്‌ ചോദിച്ചു. ഡോക്‌ടര്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലല്ലായിരുന്നു ഈ ചോദ്യം. എഞ്ചിനീയര്‍മാരുടെയും മറ്റും കൂട്ടത്തില്‍ മുന്തിയ ഗണത്തില്‍പ്പെട്ട ഒരു ഡോക്‌ടറും കിടന്നോട്ടെ എന്നതായിരുന്ന താല്‌പര്യം. അദ്ദേഹത്തിന്റെ താല്‌പര്യം കൈക്കൂലിക്കാരെ പിടികൂടുക എന്നതായിരുന്നില്ല; കൈക്കൂലിക്കാരെ പടികൂടിയ വാര്‍ത്തയിലൂടെ പ്രസിദ്ധി നേടുക എന്നതായിരുന്നു.
                  കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ അറസ്റ്റുകള്‍ പിന്നെയും നടന്നു. കുറേ കഴിഞ്ഞപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാതായി. കൈക്കൂലി വീരന്മാര്‍ അവരുടെ ജോലികള്‍ ഭംഗിയായി തുടര്‍ന്നുകൊണ്ടിരുന്നു. കാലം കുറച്ചുകൂടി മുമ്പോട്ട്‌ പോയി. മുമ്പ്‌, കൈക്കൂലിക്ക്‌ പിടികൂടിയവരെയൊക്കെ (വളരെ ചുരുക്കം പേരെ പിരിച്ചു വിട്ടോ എന്നറിയില്ല) വെറുതെ വിട്ടു. തെളിവില്ലായ്‌മയായിരുന്നു പ്രധാന കാരണം. കുപ്പായത്തിന്റെ വലത്തെ കീശയില്‍ കൈക്കൂലിപ്പണം നിക്ഷേപിച്ചു എന്നായിരിക്കും കുറ്റപത്രത്തില്‍ എഴുതിയിരിക്കുക. പക്ഷേ, കോടതി കാണുക വലതു ഭാഗത്തു കീശയില്ലാത്ത കുപ്പായമായിരിക്കും. ഇങ്ങനെ തെളിവില്ലാത്തതിന്റെ പേരില്‍ ഇവരൊക്കെ രക്ഷപ്പെട്ടു.
               വാസ്‌തവത്തില്‍ സസ്‌പെന്‍ഷന്‍ മിക്കവര്‍ക്കും ഒരു അനുഗ്രഹമാണ്‌. സസ്‌പെന്‍ഷന്‍ കാലത്തെ (വെറുതെയിരുന്ന കാലത്തെ) ശമ്പളം വലിയ തുകയായി ഒന്നിച്ചു കിട്ടും. സ്ഥലം വാങ്ങാനും വീടുപണി തുടങ്ങാനുമൊക്കെ ഇതു സഹായിക്കും. സസ്‌പെന്‍ഷന്‍ കൊണ്ട്‌ മാനസിക വിഷമം ഉണ്ടായി എന്നു പറയാനും പറ്റില്ല. ഉളുപ്പില്ലാത്തവരാണല്ലോ കൈക്കൂലി വാങ്ങുക. ഉളുപ്പില്ലാത്ത ഇത്തരം തല്ലിപ്പൊളികള്‍ക്ക്‌ സസ്‌പെന്‍ഷന്‍കൊണ്ട്‌ എങ്ങനെ മന:പ്രയാസമുണ്ടാവും?
                പൊതുജനത്തെ കഴുതകളാക്കുന്ന ഈ തട്ടിപ്പ്‌ പരിപാടി ഇനിയും ആവര്‍ത്തിച്ചുകൂടാ. കൈക്കൂലിക്കു പിടിയിലായ ബാബുമാരുടെയും ലീലാമ്മമാരുടെയും ഭാവി എന്താകുമെന്നറിയാനുള്ള അവകാശം തീര്‍ച്ചയായും പൊതുജനങ്ങള്‍ക്കുണ്ട്‌. ബാബുവിനെയും ലീലാമ്മയെയും ജോലിയില്‍ തിരിച്ചെടുക്കുന്നുണ്ടെങ്കില്‍ അക്കാര്യവും അവര്‍ കുറ്റവിമുക്തരാകുവാനുണ്ടായ കാരണങ്ങളും ജനങ്ങളെ അറിയിക്കേണ്ടതുണ്ട്‌. കൈക്കൂലിക്കെതിരെ കേസെടുക്കുമ്പോള്‍ തെളിവുകളെല്ലാം രേഖപ്പെടുത്തി വയ്‌ക്കണം. ഇക്കാര്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കണം. തെളിവില്ലാത്തതിന്റെ പേരില്‍ പ്രതികള്‍ രക്ഷപ്പെട്ടാല്‍ കുറ്റപത്രം തയ്യാറാക്കിയവരെയും അതിനു സാക്ഷികളായി കൊണ്ടു പോകുന്നവരെയും വിചാരണ ചെയ്യാനുള്ള നിയമങ്ങള്‍ ഉണ്ടാക്കണം. കൈക്കൂലിക്ക്‌ പിടിക്കപ്പെട്ട ഒരൊറ്റ ഉദേ്യാഗസ്ഥനെയും ജോലിയില്‍ തിരിച്ചെടുത്തുകൂടാ.
                 ഇതിനൊരു മറുവശം കൂടിയുണ്ട്‌. വ്യക്തി വിരോധത്തിന്റെ പേരില്‍ ഇതിനെ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയുണ്ട്‌. ആയതിനാല്‍ ഉദേ്യാഗസ്ഥന്മാര്‍ക്കെതിരെയുള്ള പരാതി വസ്‌തുനിഷ്‌ഠമാണോ എന്നും കാര്യലാഭം കിട്ടാതായപ്പോള്‍ ഉണ്ടായ പ്രതികാരമാണോ പരാതിക്കു കാരണമായതെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ട്‌. ഒരൊറ്റ നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ. ആയതിനാല്‍ പരാതിക്കാരെയും നല്ലപോലെ വിചാരണ ചെയ്യാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടതുണ്ട്‌
....................................

Thursday, August 12, 2010

ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; വളര്‍ന്ന്‌ വലുതായിക്കൊണ്ടിരിക്കുകയാണ്‌

മക്തബ്‌ (16.09.2009)
ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; വളര്‍ന്ന്‌ വലുതായിക്കൊണ്ടിരിക്കുകയാണ്‌
ശങ്കരനാരായണന്‍ മലപ്പുറം
മഞ്ചേരിയില്‍ ഒരു സാഹിത്യ ക്യാമ്പിന്റെ ഉദ്‌ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന സാഹിത്യകാരന്റെ മൊബൈലിലേക്കൊരു ഫോണ്‍ കോള്‍ വന്നു. സാഹിത്യകാരന്‍ പ്രസംഗം നിര്‍ത്തി ചെപ്പ്‌ തുറന്ന്‌ നോക്കി (അതല്‌പം മുന്തിയ ഫോണായിരുന്നു) ഫോണ്‍ കട്ട്‌ ചെയ്‌തു. ശേഷം പറഞ്ഞു: `` ഈ ശല്യം പണ്ടില്ലായിരുന്നു ''. മൊബൈല്‍ ഫോണൊരു ശല്യമാണെങ്കില്‍ എന്തിനാണ്‌ ആ ശല്യം ഒക്കത്ത്‌ വച്ച്‌ നടക്കുന്നത്‌. മൊബൈല്‍ ഫോണില്ലാത്ത സാഹിത്യകാരന്മാരെ അറസ്റ്റ്‌ ചെയ്യുന്ന നിയമമൊന്നുമില്ലല്ലോ നമ്മുടെ നാട്ടില്‍. വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ചില സാമാന്യ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്‌. ഒന്നുകില്‍ ഫോണ്‍ സ്വിച്ചോഫാക്കണം അല്ലെങ്കില്‍ സൈലന്റിലിടണം. ഇതൊന്നും ചെയ്യാതെ, 'ശല്യ'ത്തെ പഴിച്ചതില്‍ ആത്മാര്‍ത്ഥതയുടെ നേരിയ കണിക പോലുമില്ല. പലരും ഇങ്ങനെയാണ്‌. ആധുനികതയുടെ എല്ലാ സുഖ-സൗകര്യങ്ങളും ഉപയോഗിക്കും. ബ്രോസ്റ്റും ബിരിയാണിയുമൊക്കെ വെട്ടി വിഴുങ്ങും. എ.സി.യുള്ള വാഹനത്തില്‍ സഞ്ചരിക്കും. അടിപൊളി വേഷം ധരിക്കും. പിന്നെ കിണ്ടി, കോളാമ്പി, ചക്കക്കുരു, ചക്കിലാട്ടിയ എണ്ണ, അമ്മി, ആട്ടുകല്ല്‌, കാളവണ്ടി, കുറിയരിക്കഞ്ഞി തുടങ്ങിയ പാരമ്പര്യങ്ങളൊക്കെ നഷ്‌ടമായെന്ന്‌ പറഞ്ഞ്‌ നെഞ്ചത്തടിച്ചു കരയും. ഈ കരയല്‍ ഏറെ കേള്‍ക്കുന്ന കാലമാണ്‌ ഓണക്കാലം. ഓണം ചത്തുവെന്നും തനിമ നഷ്‌ടമായെന്നും പൊലിമ ഇല്ലാതായെന്നും പറഞ്ഞ്‌ സാംസ്‌കാരിക നായകന്മാരും നായികമാരും കരയുന്ന കാലം. മേയ്‌ക്കപ്പൊക്കെ ചെയ്‌ത്‌ ചാനലുകാരുടെ മുറിയിലിരുന്നാണ്‌ പലരും കണ്ണീര്‍ വാര്‍ക്കാറ്‌ എന്ന വിരോധാഭാസമൊന്നും ഇക്കൂട്ടര്‍ക്ക്‌ പ്രശ്‌നമല്ല. `
നാട്യ പധാനം നഗരം ദരിദ്രം
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം'
എന്നു കവി പാടിയിട്ടുണ്ട്‌. ഇതു വളരെ സത്യമാണെന്ന മട്ടില്‍ പലരും എടുത്തു പറയാറുമുണ്ട്‌. നഗരങ്ങളില്‍ നാട്യങ്ങളുണ്ടായിരുന്നവെന്ന കാര്യം ശരി തന്നെ. പക്ഷേ, നാട്ടിന്‍ പുറങ്ങളില്‍ എന്തു നന്മകളാണുണ്ടായിരുന്നത്‌? നാട്ടിന്‍ പുറങ്ങളില്‍ സാധാരണക്കാരുടെ ജീവിതം നഗര തുല്യമല്ല; നരക തുല്യം തന്നെയായിരുന്നു. ഒരു നന്മയും അവര്‍ക്ക്‌ ലഭിച്ചിരുന്നില്ല. അവര്‍ക്ക്‌ നല്‍കിയിരുന്നത്‌ കടുത്ത തിന്മകളുടെ കൂമ്പാരങ്ങളായിരുന്നു. അവര്‍ അനുഭവിച്ചതത്രയും പട്ടിണിയും കഷ്‌ടപ്പാടുകളുമായിരുന്നു. കരിങ്കല്ലു പോലും കണ്ണീര്‍ വാര്‍ക്കുന്ന അവസ്ഥയിലുള്ള ക്രൂരതകളാണ്‌ അവര്‍ക്ക്‌ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്‌. ഓരോ വര്‍ഷത്തെയും പിറകോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ ഈ ക്രൂരതകളുടെ അളവും കൂടിക്കൂടി വരുമെന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും.
'മനുഷ്യരെ വില്‍ക്കുകില്‍ വില്‍ക്കുവാനും കൊല്ലുകില്‍ കൊല്ലുവാനും' ഉള്ള അധികാരത്തോടു കൂടിയ അടിമ സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നു. 1855 ജൂണ്‍ 24 ന്‌ മാത്രമാണ്‌ തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്‌ ഇറങ്ങിയത്‌. 'പുലയനോ പറയനോ നായരെ തൊട്ടാല്‍ അവരെ നായര്‌ കൊന്നില്ലെങ്കില്‍ ആ നായരെ രാജാവു കൊല്ലണം' എന്ന നിയമം പോലും (കേരളത്തിന്റെ ഇരുളടഞ്ഞ ഏടുകള്‍-ഇളംകുളം കുഞ്ഞന്‍ പിള്ള) നടപ്പിലാക്കി വന്നിരുന്ന ഒരു നാടായിരുന്നു ഇത്‌. 'നന്മകളാല്‍ സമൃദ്ധമായ' നാട്ടിന്‍ പുറങ്ങളിലെ ഒരു ഏകദേശ ചിത്രമാണിത്‌. ഇങ്ങനെയുള്ളൊരു നാട്ടില്‍ മാനുഷരെല്ലാരുമൊന്നു പോലെ എന്ന മട്ടില്‍ ഒരു രാജാവ്‌ ഭരണം നടത്തി എന്നു പറയുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. അഥവാ ഇങ്ങനെയൊരു രാജാവുണ്ടായിരുന്നെങ്കില്‍ അത്‌ പലരും വിളിച്ചു കൂവുന്ന കേരള സംസ്‌കാരത്തില്‍പ്പെട്ട ഒരു രാജാവായിരിക്കില്ല. ആര്യന്മാരുടെ വരവിന്‌ മുമ്പും ഇവിടെ ജനങ്ങള്‍ ജീവിച്ചിരുന്നുവല്ലോ. മഹത്തായ ചില സംസ്‌കാരങ്ങളും ഇവിടെ നിലനിന്നിരുന്നു. ഓണത്തിന്‌ കൊടുക്കുന്ന മഞ്ഞ നിറത്തിലുള്ള കോടിമുണ്ടിന്‌ ബുദ്ധ സംസ്‌കാരവുമായി ബന്ധമുണ്ടെന്ന്‌ അഭിപ്രായമുണ്ട്‌. ശ്രീബുദ്ധനെപ്പോലെ മഹാബലിയും യാഗങ്ങള്‍ക്കും മദ്യത്തിനും എതിരായിരുന്നുവല്ലോ. മഹാബലിയോട്‌ ദേവന്മാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പിന്റെ പ്രധാന കാരണങ്ങളും ഇതു തന്നെയായിരുന്നു. അസുര ചക്രവര്‍ത്തി എന്നാണല്ലോ മഹാബലിക്കുള്ള വിശേഷണം. അസുരന്‍ എന്നാല്‍ സുര(മദ്യം) കഴിക്കാത്തവന്‍ എന്നാണര്‍ത്ഥം. അസുരന്‍ എന്ന വാക്കിന്‌ നല്ല അര്‍ത്ഥമാണുള്ളത്‌. ദേവന്മാരായിരുന്നു മദ്യം കഴിച്ചിരുന്നത്‌. വാത്മീകീ രാമായണത്തിന്‌ കോട്ടയം കേരള വര്‍മ്മത്തമ്പുരാന്‍ നല്‍കിയ ഭാഷാനുവാദത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്‌ നോക്കുക:``
സുരയെത്യജിക്കകൊണ്ടവരുമസുരരായ്‌
സുരയെഗ്രഹിസുരയെഗ്രഹിക്കകൊണ്ടിവരും സുരന്മാരായ്‌?
കാര്‍ഷിക വിളവെടുപ്പിന്റെ കാലത്താണല്ലോ ഓണം ആഘോഷിക്കാറ്‌. ഇതുകൊണ്ടു തന്നെ ഓണം ഒരു കാര്‍ഷികോത്സവമാണെന്ന്‌ വരുന്നു. കാര്‍ഷികോത്സവം ആഘോഷിക്കേണ്ടത്‌ കൃഷിക്കാരാണ്‌. എന്നാല്‍, 'കേരള സാംസ്‌കാരികത്തനിമ'യുടെ കാലത്ത്‌ കൃഷിവേല ചെയ്‌തിരുന്ന പുലയനും ചെറുമനുമൊന്നും ഓണം ആഘോഷിച്ചിരുന്നില്ല. ഓണം ഉണ്ടിരുന്നത്‌ തമ്പ്രാക്കളായിരുന്നു. കൃഷിക്കാര്‍ക്ക്‌ ലഭിച്ചിരുന്നത്‌, നിലത്ത്‌ കുഴിച്ച കുഴിയില്‍ വിളമ്പിയിരുന്ന 'കരിക്കാടി'യായിരുന്നു. മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഭരണ സമ്പ്രദായത്തിന്‌ 'കേരളത്തനിമ'യുമായി യാതൊരു ബന്ധവുമില്ല എന്നു ചുരുക്കം.ഓണവുമായി ബന്ധപ്പെട്ട ബ്രാഹ്മണ മത വിശ്വാസം ശരിയാണെങ്കില്‍ ആ വിശ്വാസം കേരളത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഓണം ആഘോഷിക്കുന്നില്ല. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി എന്നു പറയുന്നത്‌ വലിയൊരു നുണയാണെന്ന്‌ ബ്രാഹ്മണ മത വിശ്വാസം തന്നെ തെളിവ്‌ നല്‍കുന്നുണ്ട്‌.
മത്സ്യക്കൂര്‍മ്മ വരാഹശ്ച
നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്‌ണ ഖഡ്‌ഗിത്വമീദശ.
എന്നാണ്‌ പറയുന്നത്‌. ഇതു പ്രകാരം വാമനന്‍ അഞ്ചാമത്തെ അവതാരവും പരശുരാമന്‍ ആറാമത്തെ അവതാരവുമാണ്‌. പരശുരാമന്‍ കടലില്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ്‌ കേരളം എന്നാണല്ലോ പറയുന്നത്‌. വാമനന്റെ കാലത്ത്‌ കേരളമില്ല. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി എന്നു പറയുന്നത്‌ ദശാവതാര വിശ്വാസത്തിന്‌ തന്നെ എതിരാണ്‌.
ഇതു പോലുള്ള ഓരോ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയാണ്‌ ബ്രാഹ്മണര്‍ അബ്രാഹ്മണരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചത്‌. ബ്രാഹ്മണര്‍ ഭൂമി കൈവശമാക്കിയതും ഇങ്ങനെത്തന്നെ. ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭൂമി ആര്‍ക്കും സ്വന്തമല്ല. ഭൂമിയുടെ കൈവകാശാവകാശം ഭൂമി സൃഷ്‌ടിച്ച ദൈവത്തിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. നിയമപരമായി മാത്രമേ ഒരാള്‍ക്ക്‌ ഇതെന്റെ ഭൂമിയെന്ന്‌ പറയാന്‍ സാധിക്കുകയുള്ളൂ. ഇതിനുള്ള അര്‍ഹതയാവട്ടെ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ക്കു മാത്രമുള്ളതുമാണ്‌. ഭൂ ഉടമകളായിരുന്ന ഇവിടുത്തെ ജന്മികളാരും തന്നെ ഭൂമിയില്‍ പണിയെടുത്തവരായിരുന്നില്ല. 'ഉണ്ണുക; ഉറങ്ങുക; ഗര്‍ഭമുണ്ടാക്കുക'എന്നതു മാത്രമാണ്‌ ഇവരുടെ കാര്യപരിപാടിയിലെ മുഖ്യ ഇനങ്ങളെന്ന്‌ നമ്പൂതിരി സമുദായത്തിലെ ഏറ്റവും വലിയ സാമൂഹിക വിപ്‌ളവകാരിയായ വി.ടി.ഭട്ടതിരിപ്പാട്‌ (കണ്ണീരും കിനാവും എന്ന ആത്മകഥയില്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്‌. 'ഇന്നു ജന്മിത്തം അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചുമലില്‍ ഇരുന്ന്‌ ഉറക്കം തൂങ്ങുകയാണ്‌. അദ്ധ്വാന ശീലര്‍ക്ക്‌ പട്ടിണിയും അലസന്മാര്‍ക്ക്‌ അമൃതേത്തും ഒരുക്കിക്കൊടുക്കുന്ന ഈ സാമൂഹ്യ വ്യവസ്ഥ മാറിയേ തീരൂ' എന്നു മാത്രമല്ല, 'പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, ഇനിയൊരു ജന്മമുണ്ടെങ്കില്‍ മറ്റേത്‌ നികൃഷ്‌ട ജീവിയായും ജനിക്കാം. പക്ഷേ, ഒരില്ലത്തെ അഫനായി ജനിക്കാന്‍ സാധ്യമല്ല' എന്നു വരെ പറഞ്ഞിട്ടുണ്ട്‌ വി.ടി.ഭട്ടതിരിപ്പാട്‌. മണ്ണില്‍ പണിയെടുത്തവരുടെ കൈവശമുണ്ടായിരുന്ന ഭൂമി തട്ടിയെടുത്താണ്‌ ജന്മിമാര്‍ അദ്ധ്വാനിക്കുന്നവരുടെ തോളിലിരുന്ന്‌ ഉറക്കം തൂങ്ങിയിരുന്നത്‌. ബ്രാഹ്മണന്‌ ഭൂമി ദാനം നല്‍കിയാലും ദേവന്‌ (ക്ഷേത്രത്തിന്‌) ഭൂമി ദാനം നല്‍കിയാലും പുണ്യവും സ്വര്‍ഗ്ഗവും കിട്ടുമെന്ന കള്ളക്കഥ പടച്ചുണ്ടാക്കിയാണ്‌ മണ്ണില്‍ പണിയെടുക്കുന്നവരില്‍ നിന്ന്‌ അവര്‍ ഭൂമി തട്ടിപ്പറിച്ചെടുത്തത്‌. തിരുവില്വാ ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ക്ക്‌ ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ (ഇടൈചേരി ചേന്തന്‍ കേശവന്‍, പള്ളത്ത്‌ കുന്റന്‍ ഇരവി, പള്ളത്ത്‌ കുളക്കാട്ടച്ചിയാര്‍, തേന്‍ചേരി ചേന്നന്‍, മുത്തൂറ്റു തേവന്‍ ഈരാമന്‍, ഞാവക്കാട്ട്‌ എതിരന്‍ കവിരന്‍) പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. നിലവിലുള്ള ഓണ സങ്കല്‌പം ഇതുമായൊക്കെ ബന്ധപ്പെട്ടതാണ്‌. ഇതു കൊണ്ടു തന്നെ അബ്രാഹ്മണര്‍ക്കു മാത്രമല്ല മാനവികതയുള്ള ബ്രാഹ്മണര്‍ക്കും ഈ കള്ളക്കഥകളോട്‌ യോജിക്കുവാന്‍ സാധിക്കുകയില്ല. പക്ഷേ, ഓണാഘോഷം എന്നത്‌ കേരളീയരുടെ രക്തത്തിലിഞ്ഞ ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. ഇതു കൊണ്ടു തന്നെ നാം ഓണാഘോഷം നടത്തുക തന്നെ വേണം. മാനുഷരെല്ലാരുമൊന്നു പോലെ എന്ന അവസ്ഥയില്‍ ഭരണം നടത്തിയിരുന്ന ഒരു മഹാന്റെ പിറന്നാളായി അല്ലെങ്കില്‍ ബ്രാഹ്മണാധിപത്യത്തിനെതിരെ സത്യം, ധര്‍മ്മം, സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വന്ന ശ്രീബുദ്ധനെ അനുസ്‌മരിക്കലായി അതുമല്ലെങ്കില്‍ ബ്രാഹ്മാധിപത്യത്തിനു മുമ്പുള്ള സൈന്ധവ സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കലായി വേണം നാം ഓണം ആഘോഷിക്കാന്‍.
നമ്മുടെ നാട്ടില്‍ അരുതായ്‌മകളും തെമ്മാടിത്തരങ്ങളും ക്രൂരതകളുമൊക്കെ ധാരാളം നടക്കുന്നുണ്ട്‌ എന്ന കാര്യം ശരി തന്നെ. ജന്മിത്തത്തിനും സവര്‍ണ-മാടമ്പി സംസ്‌കാരത്തിനുമെതിരെ മഹാനായ അയ്യന്‍കാളിയും ശ്രീനാരായണ ഗുരുവുമൊക്കെ പടപൊരുതി നേടിയെടുത്ത്‌ സ്ഥാപിച്ച സംസ്‌കാരത്തെ കൊഞ്ഞനം കുത്തുന്ന രീതിയിലുള്ള നടപടികളും കണ്ടു വരുന്നുണ്ട്‌ എന്ന കാര്യവും ശരി തന്നെ. പക്ഷേ, പണ്ടത്തെ അപേക്ഷിച്ച്‌ ഇന്നത്തെ കാലഘട്ടത്തിലാണ്‌ സത്യം, ധര്‍മ്മം, ദയ, സ്‌നേഹം, നീതി, സദാചാരം തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളത്‌. മഹാബലിയുടെ സങ്കല്‌പത്തിലുള്ള 'മാനുഷരെല്ലാരുമൊന്നു പോലെ'എന്ന അവസ്ഥ ഒരു പരിധിവരെയെങ്കിലും ഇന്നാണ്‌ നിലനില്‍ക്കുന്നത്‌. ഓണത്തിന്റെ തനിമ നഷ്‌ടപ്പെടുകയല്ല; ഓണത്തിന്റെ തനിമ അതിന്റെ പൂര്‍ണതയിലേക്ക്‌ വന്നുകൊണ്ടിരിക്കുകയാണ്‌ ചെയ്യുന്നത്‌. പണ്ട്‌ ജന്മിമാരും അവരുടെ ശിങ്കിടികളും ഗുണ്ടകളും ആഘോഷിച്ചി രുന്ന ഓണം ഇന്ന്‌ മിക്കവാറെല്ലാവരും ആഘോഷിക്കുന്നു. സാധാരണക്കാരന്‌ വയറ്‌ നിറച്ച്‌ ഉണ്ണാനും മാന്യമായി വസ്‌ത്രം ധരിക്കാനുമൊക്കെ പരിമിതമായ തോതിലെങ്കിലും ഇന്നാണ്‌ സാധിച്ചിട്ടുള്ളത്‌. തന്റെ മക്കളെയോര്‍ത്ത്‌ കരഞ്ഞു കൊണ്ടിരുന്ന മാവേലിക്ക്‌ പൊട്ടിച്ചിരിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും ഒന്നു പുഞ്ചിരിക്കാനുള്ള സാഹചര്യമെങ്കിലും ഇപ്പോഴുണ്ടായിട്ടുണ്ട്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ പലരും ഓണം ചത്തുവെന്നും മറ്റും പറയുന്നത്‌? അസൂയ, കുശുമ്പ്‌, കണ്ണുകടി, സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ ബാധിച്ചവര്‍ക്കേ ഇങ്ങനെ പറയാന്‍ സാധിക്കുകയുള്ളു. പണ്ട്‌, 'മലയപ്പുലയന്റെ മാടത്തിന്‍ മുറ്റത്ത്‌ മഴ വന്ന നാള്‍ നട്ട വാഴ' കുലച്ച്‌ മൂപ്പെത്തുമ്പോള്‍ വെട്ടിക്കൊണ്ടു പോയി ചങ്കു തൊടാതെ വിഴുങ്ങുകയായിരുന്നു ജന്മിമാരും അവരുടെ ക്വട്ടേഷന്‍ സംഘാംഗങ്ങളും. ഇന്ന്‌ അതിന്‌ സാധിക്കുന്നില്ല. 'ഉണ്ണുകയും ഉറങ്ങുകയും ഗര്‍ഭമുണ്ടാക്കുകയും'മാത്രം ചെയ്‌തിരുന്നവര്‍ക്ക്‌ വെട്ടി വിഴുങ്ങാന്‍ പണ്ട്‌ 'കാഴ്‌ചക്കുലകള്‍'സമര്‍പ്പിക്കണമായിരുന്നു. ഇന്ന്‌ ആ ഓസാരം ലഭിക്കുന്നില്ല. പണ്ടും തന്തോയം കൊണ്ടായിരുന്നില്ല 'കാഴ്‌ചക്കുലകള്‍'സമര്‍പ്പിച്ചിരുന്നത്‌. കുലവെട്ടി സമര്‍പ്പിച്ചില്ലെങ്കില്‍ ജന്മിയുടെ ക്വട്ടേഷന്‍ സംഘം തന്റെ തല വെട്ടുമെന്ന്‌ പേടിച്ചായിരുന്നു ഇങ്ങനെ ചെയ്‌തിരുന്നത്‌. ഇതൊരു നിര്‍ബന്ധപ്പിരിവായിരുന്നു എന്നതിന്‌ തെളിവുണ്ട്‌.
1917 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ എട്ടണ മുദ്രപപ്പത്രത്തില്‍ എഴുതിയ പാട്ടച്ചീട്ടില്‍ ഇങ്ങനെ പറയുന്നു. ഓണക്കാഴ്‌ച വകയ്‌കക്കു പതിനാലെകാല്‍ ചക്രം വിലയില്‍ 50 ഏത്തക്കാ ജന്മി വീട്ടില്‍ ഏല്‌പിച്ചു ലക്ഷ്യം വാങ്ങിക്കൊള്ളണം. ഇതിനു വീഴ്‌ച വരുത്തിയാല്‍ നൂറിന്‌ ഒന്ന്‌ എന്ന കണക്കില്‍ പലിശ കൂട്ടിക്കൊടുക്കണം. ( 83 കൊല്ലം പഴക്കമുള്ള ഈ രേഖ കണ്ടെടുത്തത്‌ കെ.പി.സി.സി.സി. മുന്‍ അംഗവും അഭിഭാഷകനുമായ പി.നാരായണന്‍ നമ്പൂതിരിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ്‌-കേരള കൗമുദി 25.08.1999). ഈവിധ സുഖസൗകര്യങ്ങള്‍ നഷ്‌ടപ്പെട്ടതിലുള്ള ദ:ഖം, തങ്ങളുടെ അടിമകളായി കഴിഞ്ഞിരുന്നവര്‍ ഇന്ന്‌ ഒരുവിധം സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോഴുള്ള അസൂയ ഇതൊക്കെയാണ്‌ ഓണം മരിച്ചു പോയെന്ന്‌ പറഞ്ഞ്‌ പലരും പൊട്ടിക്കരയുന്നതിന്റെ കാരണം. ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; ഓണം വളര്‍ന്ന്‌ വലുതായിക്കൊണ്ടിരിക്കുയാണ്‌ എന്നതാണ്‌ സത്യം
.................

Wednesday, August 11, 2010

മദ്യവര്‍ഗ്ഗ കഥകള്‍

ഇന്ന്‌-2009 ഫെബ്രുവരി

വെണ്ടയും വേണ്ടതും

വീട്ടിലെ വിശേഷത്തിന്‌ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയ അയാള്‍ തമിഴ്‌ വെണ്ടയ്‌ക്കയുടെ വില കേട്ട്‌ ഞെട്ടി. വെണ്ടയൊന്നും വേണ്ടെന്ന്‌ വിചാരിച്ച്‌ വേണ്ടതു വാങ്ങാനായി ഓട്ടോയില്‍ ബീവറെജിലേക്ക്‌ കുതിച്ചു.........................

ഇന്ന്‌-2010 ഫെബ്രുവരി

വിപ്‌ളവം

?അവന്‍ ആള്‌ ആ മറ്റേ പോത്ത്‌ പാര്‍ട്ടിക്കാരനും പഴഞ്ചനും അന്ധവിശ്വാസിയുമൊന്നുമല്ല കെട്ടോ. ആളൊരു ഫോര്‍വേഡാ. കഴിഞ്ഞ ഓണത്തിന്‌ മാധവേട്ടന്റെ വീട്ടില്‍ നിന്ന്‌ വെള്ളമടിച്ച്‌ ഛര്‍ദ്ദിച്ച വിപ്‌ളവകാരിയാ അവന്‍?. ........................

വാരാദ്യമാധ്യമം, 04.07.2010.

നേര്‍വഴി

? ഹലോ! കോഴിക്കോട്‌ റോഡില്‍ എവിടെയാണെന്നാ പറഞ്ഞത്‌ ?

?? ആ സ്‌കൂള്‌ കണ്ടിട്ടില്ലേ ? ?

? സ്‌കൂളോ ? ?

? അതേടോ. ആ വഴി നമ്മള്‍ എത്ര പ്രാവശ്യം പോയതാ. സ്‌കൂള്‍ കഴിഞ്ഞാല്‍ ആശുപത്രി. അതിനപ്പുറം പബ്‌ളിക്‌ ലൈബ്രററി. അതിനോടു ചേര്‍ന്നുള്ള റോഡിലൂടെ പോയാല്‍ മതി.''

? ലൈബ്രററിയോ? എനിക്കു മനസ്സിലായില്ല. ഒന്നു ക്‌ളിയറായി പറയെടോ ?

? എടോ ആ മദന മോഹിനി ബാര്‍ കണ്ടിട്ടില്ലേ? അതിന്റെ കുറച്ചപ്പുറ.........?

? മന്‍സ്സിലായ.്‌...മന്‍സ്സിലായ്‌ ! നേര്‍വഴി ആദ്യം പറയാതെ എന്നെ ഇങ്ങനെ കണ്‍ഫ്യൂഷനാക്കണമായിരുന്നോ കഴുതേ ?.........

.(മലയാള മനോരമ ആഴ്‌ച്ചപ്പതിപ്പ്‌-10.07.2010)

മുന്‍ കരുതല്‍

? ഹലോ! ഇന്നു തന്നെ ഒരു വിധം ഒപ്പിച്ചതാ. അരി നാളേയ്‌ക്ക്‌ ഒട്ടും ഇല്ല. കൊണ്ടു വരാന്‍ മറക്കരുതേ! ?

?എല്ലാ കാര്യത്തിലും ഒരു മുന്‍ കരുതല്‍ വേണമെടീ. നീ എന്നെക്കണ്ടു പഠിക്ക്‌. നാളെ ബീവറേജ്‌ തുറക്കില്ലെന്നു മുന്‍ കൂട്ടി മനസ്സിലാക്കിയ ഞാന്‍ നാളേയ്‌ക്കുള്ളത്‌ മുന്‍ കരുതലായി ഇന്നു തന്നെ വാങ്ങി വെച്ചു. കയ്യിലുള്ള കാശൊക്കെ തീര്‍ന്നു. അരിയിനി നാളെ വാങ്ങാം. ? .........

.(മലയാള മനോരമ ആഴ്‌ച്ചപ്പതിപ്പ്‌-27.09.2009)

കുപ്പി

അമ്മ കാലിക്കുപ്പികള്‍ പെറുക്കി ചാക്കിലാക്കി വാടിക്കുഴഞ്ഞെത്തും

അച്ഛന്‍ നിറഞ്ഞ കുപ്പികളൊക്കെ കാലിയാക്കി ആടിക്കുഴഞ്ഞെത്തും..........

ഇനി അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ തെങ്ങു കേറട്ടേ

മക്തബ്‌ സായാഹ്ന ദിന പത്രം (19.06.2010)

ശങ്കരനാരായണന്‍ മലപ്പുറം

          പണ്ടൊക്കെ സ്‌ത്രീകള്‍ വീട്ടിലായിരുന്നു പ്രസവിച്ചിരുന്നത്‌. ഇന്ന്‌ കൂടുതല്‍ പ്രസവങ്ങളും നടക്കുന്നത്‌ ആശുപത്രികളിലാണ്‌. സിസേറിയന്‍ പ്രസവങ്ങള്‍ കൂടിക്കൂടി വരികയും ചെയ്യുന്നു. ഈ വ്യത്യാസങ്ങള്‍ ഒഴിവാക്കിയാല്‍ ജാതി/മത വ്യത്യാസങ്ങളനുസരിച്ച്‌ സ്‌ത്രീകളുടെ പ്രസവങ്ങളില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുന്നില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുട്ടി താന്‍ ചെയ്യുന്ന ജോലി മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. ഒരു ബാര്‍ബറുടെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരുന്ന ആണ്‍കുട്ടിയുടെ കയ്യില്‍ കത്രിക ഉണ്ടാവില്ല. മീന്‍ വില്‌പനക്കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരുന്ന പെണ്‍കുട്ടി കയ്യില്‍ മീന്‍കൊട്ടയുമായല്ല ജന്മമെടുക്കുന്നത്‌. മരപ്പണിക്കാരന്റെ മകന്‍ ഉളിയുമായല്ല ഭൂമിയില്‍ ജനിക്കുന്നത്‌. കൊയ്‌ത്തു ജോലിക്കാരിയുടെ മകള്‍ കയ്യില്‍ അരിവാളുമായല്ല ഗര്‍ഭപാത്ത്രില്‍ നിന്നു പുറത്തു വരുന്നത്‌. ശാന്തിക്കാരന്റെ മകന്‍ പൂജാസാമഗ്രികളുമായല്ല ജനിക്കുന്നത്‌. തെങ്ങുകേറ്റക്കാരന്റെ മകന്‍ കയ്യില്‍ വെട്ടുകത്തിയും കാലില്‍ തളപ്പുമായല്ല ഗര്‍ഭപാത്രം വിട്ടിറങ്ങുന്നത്‌. അമ്പലത്തിലേക്ക്‌ മാലയുണ്ടാക്കുന്ന സ്‌ത്രീയുടെ മകള്‍ മാല കോര്‍ക്കാനുള്ള നൂല്‌ കയ്യില്‍ ചുരുട്ടിപ്പിടിച്ചല്ല ജനിക്കുന്നത്‌.
              ഇപ്പറഞ്ഞ പ്രസവങ്ങളൊക്കെ നടന്നത്‌ വലിയൊരു പ്രസവാശുപത്രിയിലാണെന്നും കുട്ടികളുടെ കൈകളില്‍ കെട്ടിയ അടയാളങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയെന്നും സങ്കല്‌പിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ ഒരു പക്ഷേ, അമ്പലത്തിലേക്ക്‌ മാലയുണ്ടാക്കുന്ന സ്‌ത്രീയുടെ മകള്‍ മീന്‍ വില്‌പനക്കാരിയും മീന്‍ വില്‌പനക്കാരിയുടെ മകള്‍ അമ്പലത്തിലേക്ക്‌ മാല കോര്‍ക്കുന്ന ജോലിക്കാരിയും ശാന്തിക്കാരന്റെ മകന്‍ തെങ്ങു കയറ്റത്തൊഴിലാളിയും ബാര്‍ബറുടെ മകന്‍ ശാന്തിക്കാരനുമൊക്കെ ആയെന്നു വരും.ജന്മം ആരുടെയും തൊഴിലും മറ്റു ജീവിത രീതികളും മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. ഗര്‍ഭം ധരിച്ച സ്‌ത്രീയുടെ ജാതിയും മതവും അതുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക ചുറ്റുപാടുകളുമാണ്‌ ഇതൊക്കെ നിശ്ചയിക്കുന്നത്‌. ജന്മത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലും മറ്റു ജീവിത സാഹചര്യങ്ങളും നിശ്ചിയിച്ചത്‌ ഇവിടെ എത്രയോ നൂറ്റാണ്ടുകളായി നിലനിന്ന ജാതി-ജന്മി-സവര്‍ണ മാടമ്പി ഭരണമാണ്‌. ഒരു കൂട്ടര്‍ക്ക്‌ തിന്നു കുടിച്ചു മദിച്ചു സുഖിച്ചു രസിച്ചു ജീവിക്കാന്‍ വേണ്ടി മറ്റൊരു കൂട്ടര്‍ക്ക്‌ ഓരോ തൊഴിലുകള്‍ വീതിച്ചു നല്‍കി. അവരെ തമ്മില്‍ തമ്മില്‍ അയിത്തം കല്‌പ്പിച്ച്‌ അകറ്റി നിര്‍ത്തി ഉയര്‍ച്ച-താഴ്‌ച്ചകള്‍ നിശ്ചയിക്കുകയും അതുവഴി അവരെ പരസ്‌പരം ശത്രുക്കളാക്കുകയും ചെയ്‌തു. ഇതു കാരണം ജാതി-ജന്മി-സവര്‍ണ മാടമ്പിമാരുടെ ക്രൂരതകള്‍ക്കെതിരെ ഇക്കൂട്ടര്‍ക്ക്‌ സംഘടിക്കുവാന്‍ സാധിച്ചില്ല. (ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന തന്ത്രത്തിന്റെ തന്ത ബ്രിട്ടീഷുകാരാണെന്നാണ്‌ പൊതുവെ പറയാറ്‌. ഇതു ശുദ്ധ അസംബന്ധമാണ്‌. ഈ തന്ത്രം ബ്രിട്ടീഷുകാരടക്കമുള്ള വിദേശികള്‍ പഠിച്ചത്‌ ഇന്ത്യയിലെ സവര്‍ണ-ചാതുര്‍വര്‍ണ്യ-ജാതി ഭരണക്കാരില്‍ നിന്നാണ്‌).
               ജാതി വ്യവസ്ഥയെയും ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനത്തെയും ഗാന്ധിജി ന്യായീകരിച്ചു. ജന്മനാല്‍ കിട്ടിയ കര്‍മ്മം ദോഷത്തോടുകൂടിയുള്ളതാണെങ്കിലും ഉപേക്ഷിക്കരുത്‌. തീ കത്തുമ്പോള്‍ പുക ഉണ്ടാകുന്നതു പോലെ എല്ലാ കര്‍മ്മങ്ങളും ദോഷത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന ഗീതാ വാക്യവും (18:48) നല്ലവണ്ണം ചെയ്യുന്ന അന്യ ജോലിയേക്കാള്‍ നല്ലത്‌ ഗുണത്തോടുകൂടിയല്ലെങ്കില്‍ കൂടി ചെയ്യുന്ന സ്വന്തം ജോലിയാണ്‌. ജന്മത്താല്‍ നിശ്ചയിക്കപ്പെട്ട ജോലി ചെയ്‌താല്‍ പാപം ഉണ്ടാകില്ല എന്ന ഗീതാവാക്യവും (18:47) നല്ലവണ്ണം ചെയ്യുന്ന അന്യ ജോലിയേക്കാള്‍ നല്ലത്‌ ഗുണത്തോടുകൂടിയല്ലെങ്കില്‍ കൂടി ചെയ്യുന്ന സ്വന്തം ജോലിയാണ്‌. സ്വധര്‍മ്മം അനുഷ്‌ഠിച്ചു മരിക്കുന്നതു പോലും നല്ലതാണ്‌. എന്നാല്‍ അന്യജോലി ചെയ്യല്‍ ഭയത്തെ ഉണ്ടാക്കും (പാപിയാകുമെന്നര്‍ത്ഥം) എന്ന ഗീതാവാക്യവും (3:35) കുലത്തൊഴില്‍ സിദ്ധാന്തത്തെ ന്യായീകരിക്കുന്നവയാണ്‌. ഈ സിദ്ധാന്തങ്ങളെ ഗാന്ധിജി അതേപടി അംഗീകരിച്ചു. അച്ഛന്റെ തൊഴില്‍ മകനും ചെയ്യണമെന്നു വാദിച്ച ഗാന്ധിജിയുടെ നിലപാടിനെക്കുറിച്ച്‌ ഒരാള്‍ ശ്രീനാരായണ ഗുരുവിനോട്‌ അഭിപ്രായം ചോദിച്ചു. ജാതിയടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം തെറ്റാണെന്നും ഇതു ശരിയെന്നു പറയുന്നവര്‍ ജാതി വ്യവസ്ഥയുടെ ഗുണം അനുഭവിക്കുന്നവരാണെന്നും ജാതിയുടെ ഗുണം അനുഭവിക്കുന്നവര്‍ അങ്ങനെ പറയുമെന്നും മനുഷ്യന്‍ ജീവിക്കുന്നത്‌ ജാതിക്കുവേണ്ടിയല്ലെന്നുമാണ്‌ ഗുരു ഇതിന്‌ പറഞ്ഞ മറുപടി. ചൂഷണ വ്യവസ്ഥിതിയായ ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തെ ഗുരു ചോദ്യം ചെയ്‌തു. ബ്രഹ്മാവിന്റെ മുഖത്തു നിന്നു ബ്രാഹ്മണനും കൈകളില്‍ നിന്നു ക്ഷത്രിയനും തുടയില്‍ നിന്നു വൈശ്യനും പാദത്തില്‍ നിന്നു ശൂദ്രനും ജനിച്ചത്‌ മരം പൊട്ടിയുണ്ടാകും പോലെയാണോ എന്നു ചോദിച്ച്‌ ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്നവരെ ഗുരു പരിഹസിച്ചു.ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ലക്ഷ്യം വച്ച്‌ ഒരു കൂട്ടം ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ജാതി വ്യവസ്ഥ ശരിയും ശാസ്‌ത്രീയവും ദൈവീകവുമാണെന്ന വിശ്വാസക്കാരനായിരുന്ന ഗാന്ധിജി, കക്കൂസ്‌ വൃത്തിയാക്കുന്ന തൊഴില്‍ ചെയ്യുന്ന വ്യക്തിയുടെ മകന്‍ അതേ പണി തന്നെ ചെയ്യണമെന്നു വാദിച്ചു (ഹരിജന്‍, 06.03.1937). 1938 ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ (ഇന്നത്തെ മദ്ധ്യപ്രദേശ്‌) ഡോ:ഖാരേയുടെ (ബ്രാഹ്മണനായിരുന്നുവെങ്കിലും ജാതി വ്യവസ്ഥ തെറ്റാണെന്ന വിശ്വാസക്കാരനായിരുന്നു ഡോ: ഖാരേ) നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ അഗ്നിഭോജി എന്നു പേരായ പട്ടിക ജാതിക്കാരനെ ഉള്‍പ്പെടുത്തി. പക്ഷേ, ഗാന്ധിജിയുടെ ഇടപെടല്‍ കാരണം അഗ്നിഭോജിയെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. അടുത്ത ജന്മത്തില്‍ നല്ല ജാതിയില്‍ ജനിക്കണമെങ്കില്‍ ഈ ജന്മത്തില്‍ കുലത്തൊഴില്‍ തന്നെ ചെയ്യണമെന്ന നിലപാടായിരുന്നു ഗാന്ധിജിക്ക്‌. ഇതേക്കുറിച്ച്‌ ഡോ:അംബേദ്‌കര്‍ ഇങ്ങനെ ചോദിച്ചു (ഡോ:അംബേദ്‌കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16, പേജ്‌ 237): ?പട്ടിക ജാതിക്കാര്‍ക്കിടയില്‍ അത്തരം ഉന്നതാഭിലാഷങ്ങള്‍ സൃഷ്‌ടിക്കുന്നതിനോട്‌ താന്‍ എതിരാണെന്ന്‌ മി: ഗാന്ധി പറഞ്ഞില്ലേ??
                 ഇന്ത്യക്കാരെ മൊത്തമായി അടിമകളായി കണക്കാക്കിയിരുന്നുവെങ്കിലും ജാതി വിവേചനം ഒരു പരിധി വരെ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇന്ത്യന്‍ സവര്‍ണ സായിപ്പന്മാര്‍ അവര്‍ണര്‍ക്ക്‌ മൃഗങ്ങള്‍ക്കുള്ള സ്ഥാനം പോലും നല്‍കാതിരുന്നപ്പോള്‍ ബ്രിട്ടീഷ്‌ സായിപ്പന്മാര്‍ അവര്‍ണരെ മനുഷ്യരായി പരിഗണിച്ചിരുന്നു. ഇതു കൊണ്ടാണ്‌, ഇവിടെ കൊടിപിരികൊണ്ട ബ്രിട്ടീഷ്‌ വിരുദ്ധ സമരം നടക്കുമ്പോള്‍ ?നമ്മള്‍ ബ്രിട്ടീഷുകാര്‍ ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം; നമുക്ക്‌ സന്ന്യാസം നല്‍കിയ ഗുരുക്കന്മാരാണവര്‍? എന്നു ശ്രീനാരായണ ഗുരു പറഞ്ഞത്‌. ഇതു കൊണ്ടു തന്നെയാണ്‌ 'ബോധപൂര്‍വ്വമായിട്ടല്ലെങ്കിലും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഒരു വിപ്‌ളവം നടത്തി' എന്നു മാര്‍ക്‌സ്‌ അഭിപ്രായപ്പെട്ടത്‌. എന്നാല്‍ മാര്‍ക്‌സിന്റെ ഈ വീക്ഷണത്തെ ശരിയായി മനസ്സിലാക്കുവാനോ അംഗീകരിക്കുവാനോ ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ കുലത്തൊഴില്‍ വാദങ്ങള്‍ ഇപ്പോഴും പലരും ഉന്നയിക്കുന്നുണ്ട്‌. സി.പി.ഐ.യുടെ മുഖപത്രമായ 'ജനയുഗ'ത്തില്‍ (14.05.2010) അഷ്‌ടമൂര്‍ത്തി എഴുതിയ ലേഖനം ഇതിനൊരു തെളിവാണ്‌. 'തെങ്ങു കേറാന്‍ ആളുണ്ടോ' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍, തന്റെ പറമ്പില്‍ തേങ്ങയിടുന്ന കാര്യവും അതിനോടു ബന്ധപ്പെട്ടുള്ള തെങ്ങുകൃഷിയുടെ കാര്യങ്ങളും മറ്റും വിവരിക്കുന്നുണ്ട്‌. എഴുപതു വയസ്സു കഴിഞ്ഞ ചന്ദ്രന്‍ എന്നു പേരായ തെങ്ങു കയറ്റത്തൊഴിലാളി ഇനി എത്ര കാലം തെങ്ങു കേറും എന്നു ലേഖകന്‍ ആശങ്കപ്പെടുന്നുണ്ട്‌. ലേഖകന്‍ ചോദിക്കുന്നു: ?ചന്ദ്രനു ശേഷം ആരാണ്‌ തെങ്ങു കേറാന്‍ വരിക? ചന്ദ്രന്റെ മക്കളാരും തെങ്ങു കേറാന്‍ പഠിച്ചിട്ടില്ല. അവര്‍ക്കു പകരം യന്ത്രങ്ങള്‍ വരുമോ? യന്ത്രങ്ങളായാലും അതില്‍ കയറാന്‍ മനുഷ്യര്‍ തന്നെ വേണ്ടേ? അതോ അവ സ്വയം നാളികേരങ്ങള്‍ പറിച്ചിടുമോ? അത്രയ്‌ക്കു വിവേചന ശക്തിയുള്ളതാവുമോ ആ യന്ത്രങ്ങള്‍? ഉത്തരങ്ങള്‍ കിട്ടാതെ ഞാന്‍ താഴെ നിന്നു?.തെങ്ങയിടാന്‍ യന്ത്രങ്ങള്‍ വന്നാലും മനുഷ്യ പ്രയത്‌നം നിര്‍ബന്ധമെന്ന അഭിപ്രായമാണ്‌ ലേഖകനുള്ളത്‌. ചന്ദ്രന്റെ മക്കളാരും തെങ്ങു കേറാന്‍ പഠിച്ചിട്ടില്ല എന്നാണ്‌ ലേഖകന്‍ ആശങ്കപ്പെടുന്നത്‌. (തെങ്ങു കേറുന്ന ചിലരുടെ മക്കള്‍ ഇംഗ്‌ളീഷ്‌ മീഡിയം സ്‌കൂളുകളില്‍ പഠിക്കാന്‍ പോയ കാര്യവും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്‌. ഇത്‌ തെറ്റാണെന്ന്‌ പറയുന്നില്ലെങ്കിലും ഇങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞതില്‍ അല്‌പം അസൂയ ഒളിഞ്ഞു കിടക്കുന്നുണ്ട്‌). തെങ്ങു കേറ്റക്കാരുടെ മക്കള്‍ തെങ്ങു കേറാന്‍ പഠിക്കണമെന്ന കാര്യത്തില്‍ ലേഖകന്‌ നിര്‍ബന്ധമുള്ളതു പോലെ തോന്നുന്നു. തെങ്ങു കയറുന്ന ചന്ദ്രന്റെ മക്കള്‍ക്ക്‌ വേറെ പണിയും പറ്റും. അവര്‍ക്കത്‌ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്‌. ചന്ദ്രന്റെ ആള്‍ക്കാരുടെ കാലുകളില്‍ മാത്രമല്ല അഷ്‌ടമൂര്‍ത്തിമാരുടെ ആള്‍ക്കാരുടെ കാലുകളിലും തളപ്പ്‌ കേറും. ഉദ്യോഗപ്പണിയും ശാന്തിപ്പണിയും ഭരണപ്പണിയും മാത്രമല്ല ബാര്‍ബര്‍പ്പണിയും ചന്ദ്രന്റെ ആള്‍ക്കാര്‍ക്കും പറ്റും. ( ചന്ദ്രന്‍, അഷ്‌ടമൂര്‍ത്തി, അഷറഫ്‌ തുടങ്ങിയ വ്യക്തികളെ ഉദ്ദേശിച്ചല്ല ഈ പ്രയോഗങ്ങള്‍. ഇക്കൂട്ടര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളെ ഉദ്ദേശിച്ചാണ്‌്‌). മറിച്ച്‌ തെങ്ങു കേറുന്ന പണിയും ബാര്‍ബര്‍ പണിയുമൊക്കെ അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ക്കും ആവാം. ഇക്കാലമത്രയും ചന്ദ്രന്റെ ആള്‍ക്കാര്‍ തെങ്ങു കേറിയല്ലോ. ഇനി അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ തെങ്ങു കേറട്ടെ. അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാരുടെ കാലുകളില്‍ മാത്രമല്ല അഷറഫിന്റെ ആള്‍ക്കാരുടെ കാലുകളിലും തളപ്പ്‌ കേറും.
         വാല്‍ക്കഷ്‌ണം:- പ്രസ്‌തുത ലേഖനത്തിനോടു ചേര്‍ന്നുള്ള മുഖപ്രസംഗത്തിനു മുകളില്‍ ജോഷ്വാ റെയ്‌നോള്‍ഡ്‌സിന്റെ സൂക്തം ചേര്‍ത്തിട്ടുണ്ട്‌. 'ചിത്രങ്ങള്‍ തൂക്കിയിട്ട മുറി ചിന്തകള്‍ തൂക്കിയിട്ട മുറിയാണ്‌' എന്നതാണ്‌ ആ സൂക്തം. അഷ്‌ടമൂര്‍ത്തിയുടെ ലേഖനം വിലയിരുത്തുമ്പോള്‍, 'പത്രത്താളില്‍ പതിപ്പിച്ച വാക്കുകള്‍ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന ചിന്തകളാണ്‌' എന്നു പറയാവുന്നതാണ്‌. 
.......................