മക്തബ് സായാഹ്ന ദിനപത്രം, 07.08.2010
കേരള ശബ്ദം വാരിക, 29.08.2010
കെട്ടിട നിര്‍മ്മാണ അനുമതിക്കായി 8000 രൂപ കൈക്കൂലി വാങ്ങിയ പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍ കാങ്കോല്‍ കുണ്ടയം കൊവ്വലിലെ കെ.എം.ബാബുവിനെ വിജിലന്‍സ് പിടികൂടിയ വാര്‍ത്ത പത്രങ്ങള്‍ ഈയിടെ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
കൈക്കൂലി വാങ്ങിയതിന് കാസര്‍ഗോഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.എസ്.ലീലാമ്മയെയും ഈയിടെ വിജിലന്‍സ് പിടികൂടിയിരുന്നു.കൈക്കൂലിക്കാരെ പിടികൂടിയ വാര്‍ത്തകള്‍ വായിച്ച് നാം കോരിത്തരിക്കും. പക്ഷേ, ഇവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് പിടികൂടിയവരും പിടികൂടിയ വാര്‍ത്ത പ്രസിദ്ധീകരിച്ചവരും നമ്മെ അറിയിക്കാറില്ല. നമ്മളത് അനേ്വഷിക്കാറുമില്ല. കൈക്കൂലിക്കു പിടികൂടിയ ബാബുവിന്റെ ഭാവിയെന്താവുമെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു ഉത്കണ്ഠയുമില്ലെന്ന് ചുരുക്കം.
കൈക്കൂലി വാങ്ങിക്കുമ്പോള്‍ ഉദേ്യാഗസ്ഥന്മാരെ പിടികൂടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ, ഇതിന്റെ പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടുകയോ ശമ്പളം തിരിച്ചു പിടിക്കുകയോ ചെയ്ത വാര്‍ത്തകളൊന്നും കേള്‍ക്കാറില്ല. 1987 ല്‍ ഈ.കെ.നായനാര്‍ രണ്ടാമതായി മുഖ്യമന്ത്രിയായ ഉടനെ ധാരാളം ഉദേ്യാഗസ്ഥന്മാരെ കൈക്കൂലി വാങ്ങിയതിന് പിടികൂടുകയുണ്ടായി. ഇവരെയെല്ലാം ജോലിയില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ചെയ്തു. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്‍ പ്രാധാന്യത്തോടെയാണ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. പൊതുജനം വാര്‍ത്തകള്‍ വായിച്ച് സന്തോഷിക്കുകയും ആവേശം കൊള്ളുകയും ചെയ്തു. ഇങ്ങനെ പോയാല്‍ കൈക്കൂലി എന്ന സമ്പ്രദായം കേരളത്തില്‍ നിന്നു ഇല്ലാതാവുമെന്നുവരെ പ്രതീക്ഷിച്ചു. കൈക്കൂലി വേട്ടയ്ക്ക് നേതൃത്വം നല്കിയ വിജിലന്‍സ് ഡി.വൈ.എസ്.പി.യെ ഞാനും മനസ്സില്‍ സ്തുതിച്ചു. (ഏറെ താമസിയാതെ പെന്ഷന് പറ്റിയ ഇദ്ദേഹത്തിന്റെ പേര് ഓര്‍മ്മയില്ല).
മലപ്പുറത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന അദ്ദേഹത്തിനെ ഞാന്‍ ചെന്നു കണ്ടു. കൈക്കൂലിക്കാരെ പിടികൂടിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ അഭിനന്ദിച്ചു. ചില ഓഫീസുകളില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചു പറഞ്ഞെങ്കിലും അദ്ദേഹമതിന് ശ്രദ്ധ കൊടുത്തില്ല. ഒരു ഡോക്ടറെ പിടികൂടാന്‍ കിട്ടണമെന്നും ഇതിനു സഹായിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഡോക്ടര്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലല്ലായിരുന്നു ഈ ചോദ്യം. എഞ്ചിനീയര്‍മാരുടെയും മറ്റും കൂട്ടത്തില്‍ മുന്തിയ ഗണത്തില്‍പ്പെട്ട ഒരു ഡോക്ടറും കിടന്നോട്ടെ എന്നതായിരുന്ന താല്പര്യം. അദ്ദേഹത്തിന്റെ താല്പര്യം കൈക്കൂലിക്കാരെ പിടികൂടുക എന്നതായിരുന്നില്ല; കൈക്കൂലിക്കാരെ പടികൂടിയ വാര്‍ത്തയിലൂടെ പ്രസിദ്ധി നേടുക എന്നതായിരുന്നു.
കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ അറസ്റ്റുകള്‍ പിന്നെയും നടന്നു. കുറേ കഴിഞ്ഞപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാതായി. കൈക്കൂലി വീരന്മാര് അവരുടെ ജോലികള്‍ ഭംഗിയായി തുടര്‍ന്നുകൊണ്ടിരുന്നു. കാലം കുറച്ചുകൂടി മുമ്പോട്ട് പോയി. മുമ്പ്, കൈക്കൂലിക്ക് പിടികൂടിയവരെയൊക്കെ (വളരെ ചുരുക്കം പേരെ പിരിച്ചു വിട്ടോ എന്നറിയില്ല) വെറുതെ വിട്ടു. തെളിവില്ലായ്മയായിരുന്നു പ്രധാന കാരണം. കുപ്പായത്തിന്റെ വലത്തെ കീശയില്‍ കൈക്കൂലിപ്പണം നിക്ഷേപിച്ചു എന്നായിരിക്കും കുറ്റപത്രത്തില്‍ എഴുതിയിരിക്കുക. പക്ഷേ, കോടതി കാണുക വലതു ഭാഗത്തു കീശയില്ലാത്ത കുപ്പായമായിരിക്കും. ഇങ്ങനെ തെളിവില്ലാത്തതിന്റെ പേരില്‍ ഇവരൊക്കെ രക്ഷപ്പെട്ടു.
വാസ്തവത്തില്‍ സസ്പെന്ഷന് മിക്കവര്‍ക്കും ഒരു അനുഗ്രഹമാണ്. സസ്പെന്ഷന് കാലത്തെ (വെറുതെയിരുന്ന കാലത്തെ) ശമ്പളം വലിയ തുകയായി ഒന്നിച്ചു കിട്ടും. സ്ഥലം വാങ്ങാനും വീടുപണി തുടങ്ങാനുമൊക്കെ ഇതു സഹായിക്കും. സസ്പെന്ഷന് കൊണ്ട് മാനസിക വിഷമം ഉണ്ടായി എന്നു പറയാനും പറ്റില്ല. ഉളുപ്പില്ലാത്തവരാണല്ലോ കൈക്കൂലി വാങ്ങുക. ഉളുപ്പില്ലാത്ത ഇത്തരം തല്ലിപ്പൊളികള്‍ക്ക് സസ്പെന്‍ഷന്‍കൊണ്ട് എങ്ങനെ മന:പ്രയാസമുണ്ടാവും?
പൊതുജനത്തെ കഴുതകളാക്കുന്ന ഈ തട്ടിപ്പ് പരിപാടി ഇനിയും ആവര്‍ത്തിച്ചുകൂടാ. കൈക്കൂലിക്കു പിടിയിലായ ബാബുമാരുടെയും ലീലാമ്മമാരുടെയും ഭാവി എന്താകുമെന്നറിയാനുള്ള അവകാശം തീര്‍ച്ചയായും പൊതുജനങ്ങള്‍ക്കുണ്ട്. ബാബുവിനെയും ലീലാമ്മയെയും ജോലിയില്‍ തിരിച്ചെടുക്കുന്നുണ്ടെങ്കില്‍ അക്കാര്യവും അവര്‍ കുറ്റവിമുക്തരാകുവാനുണ്ടായ കാരണങ്ങളും ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. കൈക്കൂലിക്കെതിരെ കേസെടുക്കുമ്പോള്‍ തെളിവുകളെല്ലാം രേഖപ്പെടുത്തി വയ്ക്കണം. ഇക്കാര്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കണം. തെളിവില്ലാത്തതിന്റെ പേരില്‍ പ്രതികള്‍ രക്ഷപ്പെട്ടാല്‍ കുറ്റപത്രം തയ്യാറാക്കിയവരെയും അതിനു സാക്ഷികളായി കൊണ്ടു പോകുന്നവരെയും വിചാരണ ചെയ്യാനുള്ള നിയമങ്ങള്‍ ഉണ്ടാക്കണം. കൈക്കൂലിക്ക് പിടിക്കപ്പെട്ട ഒരൊറ്റ ഉദേ്യാഗസ്ഥനെയും ജോലിയില്‍ തിരിച്ചെടുത്തുകൂടാ.
ഇതിനൊരു മറുവശം കൂടിയുണ്ട്. വ്യക്തി വിരോധത്തിന്റെ പേരില്‍ ഇതിനെ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. ആയതിനാല്‍ ഉദേ്യാഗസ്ഥന്മാര്‍ക്കെതിരെയുള്ള പരാതി വസ്തുനിഷ്ഠമാണോ എന്നും കാര്യലാഭം കിട്ടാതായപ്പോള്‍ ഉണ്ടായ പ്രതികാരമാണോ പരാതിക്കു കാരണമായതെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഒരൊറ്റ നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ. ആയതിനാല്‍ പരാതിക്കാരെയും നല്ലപോലെ വിചാരണ ചെയ്യാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടതുണ്ട്
....................................
1 comment:
കൈക്കൂലിക്ക് പിടിക്കപ്പെട്ട ഒരൊറ്റ ഉദേ്യാഗസ്ഥനെയും ജോലിയില്‍ തിരിച്ചെടുത്തുകൂടാ.... then there will not be much employees in govt offices!
എന്റെ ഒരനൌഭവം ഇവിടെ!
http://mukkuvan.blogspot.com/2008/12/blog-post.html
Post a Comment