My Blog List

Friday, August 20, 2010

ഐ.ടി.യുഗത്തിലും അയിത്ത മനസ്സുകള്‍

ഐ.ടി.യുഗത്തിലും അയിത്ത മനസ്സുകള്
‍ശങ്കരനാരായണന്‍ മലപ്പുറം
`` നാടു ഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കാന്‍ പൊയ്‌ക്കൂടേ? '' രാഷ്‌ട്രീയപ്പാര്‍ട്ടിക്കാരുടെ പ്രകടനങ്ങളില്‍ നിന്നു പലപ്പോഴും മുഴങ്ങുന്ന ഒരു മുദ്രാവാക്യമാണിത്‌. ബാര്‍ബര്‍മാരില്‍ (താടി വടിക്കുന്നവരില്‍) ഏറ്റവും കൂടുതല്‍ പേര്‍ അണി നിരന്ന പ്രസ്ഥാനത്തിന്റെ പ്രകടനങ്ങളില്‍ നിന്നു പോലും ഈ മുദ്രാവാക്യം കേള്‍ക്കാറുണ്ട്‌. താടി വടിക്കുക എന്ന തൊഴില്‍ വളരെ മോശപ്പെട്ട ഒരു തൊഴിലാണ്‌, അഥവാ, ഒന്നിനും കൊള്ളാത്തവര്‍ക്കു മാത്രം പറ്റിയ വളരെ വൃത്തികെട്ട തൊഴിലാണ്‌ എന്നാണ്‌ ഈ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. താടിവടിക്കുന്ന തൊഴിലിന്‌ താടി വടിക്കാത്തവര്‍ (സ്വന്തം താടിയില്ല; മറ്റുള്ളവരുടെ താടി) കണ്ട മോശത്തരം എന്താണാവോ? `Barbers and Tailors makes man beautiful' (ബാര്‍ബര്‍മാരും ടൈലര്‍മാരും മനുഷ്യര്‍ക്ക്‌ സൗന്ദര്യമുണ്ടാക്കുന്നു) എന്ന്‌ ഒരു ഇംഗ്‌ളീഷ്‌ സാഹിത്യകാരന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. വളരെ ശരിയല്ലേ ഇത്‌? താടിവടിക്കുന്നവരെക്കൊണ്ട്‌ താടി വടിപ്പിച്ചല്ലേ താടി വടിക്കാത്തവര്‍ സുന്ദരക്കുട്ടപ്പന്മാരാകുന്നത്‌. ഈ സുന്ദരക്കുട്ടപ്പന്മാരാണ്‌ ഞെളിഞ്ഞ്‌ നിന്ന്‌ താടി വടിക്കുന്നവര്‍ക്ക്‌ നേരെ (പരോക്ഷമായി) മുഷ്‌ടി ചുരുട്ടുന്നത്‌.എത്ര പുരോഗമനം പ്രസംഗിച്ചാലും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും ഉപയോഗിച്ചാലും നമ്മുടെ മനസ്സിപ്പോഴും എത്രയോ നൂറ്റാണ്ടുകള്‍ക്ക്‌ പിറകിലാണ്‌. നമ്മുടെ മനസ്സിപ്പോഴും ജാതീകൃതമാണ്‌. ഈ ഐ.ടി.യുഗത്തിലും നമുക്കുള്ളത്‌ അയിത്ത മനസ്സുകളാണ്‌. ഇതുകൊണ്ടാണ്‌ ഇത്തരം വൃത്തികെട്ട മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത്‌.
ബാര്‍ബര്‍മാരെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമകളിലും സീരിയലുകളിലും മിമിക്രിയിലുമൊക്കെ ധാരാളമായി കടന്നു വരാറുണ്ട്‌. `ചെരയ്‌ക്കുക', `വടിക്കുക' തുടങ്ങിയ ഒട്ടേറെ പരാമര്‍ശങ്ങള്‍. ഇത്തരമൊരു വൃത്തികെട്ട പരാമര്‍ശം ` യോദ്ധ 'എന്ന സിനിമയിലുണ്ട്‌. താടി വടിക്കുന്നവര്‍ക്ക്‌ താടി വടിക്കാത്തവര്‍ പണ്ട്‌ നല്‍കിയ ഒരു പരിഹാസപ്പേരാണ്‌ ` അമ്പട്ടന്‍'. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട്‌ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ (ജഗതി ശ്രീകുമാര്‍) ` അമ്പട്ടന്‍'എന്നു വിളിപ്പിച്ച്‌ അതില്‍ `തമാശ' കാണുന്നുണ്ട്‌ മറ്റൊരു കഥാപാത്രം (മോഹന്‍ ലാല്‍). ആ രംഗം സുന്ദരമാക്കാന്‍ ഈ രണ്ടു നടന്മാരെയും സുന്ദരന്മാരാക്കിയത്‌ ഏതായാലും `താടി വടിക്കുന്ന' പണി ചെയ്യാത്തവരാവില്ലല്ലോ. ഏതെങ്കിലും `അമ്പട്ടന്‍' തന്നെയായിരിക്കുമല്ലോ അത്‌ ചെയ്‌തിട്ടുണ്ടാവുക. അവാര്‍ഡ്‌ കൊണ്ടൊന്നും മനസ്സിനുള്ളിലെ അയിത്തം പോവില്ലല്ലോ!
ബാര്‍ബര്‍മാര്‍ മാത്രമല്ല മീന്‍ വില്‌പനക്കാര്‍, വീട്ടു വേലക്കാര്‍, പാചക ജോലിക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ തുടങ്ങിയവരും ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഏറ്റു വാങ്ങുന്നവരാണ്‌. ഈ തൊഴില്‍ വിഭാഗങ്ങളെ മൊത്തം ആക്ഷേപിക്കുന്ന ഒരു ഇന്റര്‍നെറ്റ്‌ ചിത്രം ഒരിക്കല്‍ പത്രങ്ങളില്‍ വരികയുണ്ടായി. ഇ-മെയില്‍ വഴി പ്രചരിച്ച ഈ ചിത്രം തയ്യാറാക്കിയവര്‍ക്ക്‌ `അക്കാദമിക്ക്‌ വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും' ഉണ്ടായിരുന്നു. പക്ഷേ, വിവരവും മാനവികതയും അവര്‍ക്ക്‌ ഇല്ലാതെ പോയി. 2007 ലെ ലോക കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ക്രിക്കറ്റ്‌ താരങ്ങളെ പരിഹസിക്കാനായി ഇറക്കിയതായിരുന്നു ഈ ചിത്രം. ക്രിക്കറ്റ്‌ താരങ്ങളെ ബാര്‍ബറായും മീന്‍ വില്‌പനക്കാരനായും മറ്റും ചിത്രീകരിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.
തൊഴിലിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‌ ഉയര്‍ച്ച താഴ്‌ച്ചകള്‍ കല്‌പിക്കുന്ന ഈ വൃത്തികെട്ട ഏര്‍പ്പാട്‌ നമ്മുടെ സ്വന്തം `പൈതൃക' മാണ്‌. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ 45 കൊല്ലം മുമ്പ്‌ എഴുതിയ ആത്മകഥയില്‍ നിന്ന്‌ ഏതാനും ഭാഗം വായിച്ചാല്‍ 45 കൊല്ലം മുമ്പ്‌ കാനഡയിലുണ്ടായിരുന്ന അവസ്ഥ 2009 ലും ഇന്ത്യയിലൊരു സ്വപ്‌നമായി അവശേഷിക്കുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഈ സത്യം ഒരു അലങ്കാരമായി കൊണ്ടു നടക്കുകയാണ്‌ 'താടി വടിക്കാത്ത' മാന്യന്മാര്‍. പ്രസ്‌തുത ഭാഗം ഇങ്ങനെ (എന്റെ സ്‌മരണകള്‍, പേജ്‌ 310,311):
``മണ്ണുത്തി വെറ്റിനറി കോളേജിലെ ഒരു പ്രൊഫസറായ ഡോക്‌ടര്‍ ചന്ദ്രന്‍ ക്യനടയിലാണ്‌ പഠിച്ചത്‌. അക്കാലത്ത്‌ അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പ്രഭുവിന്റെ വീട്ടില്‍ വെച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. വന്നയുടനെ വീട്ടുടമസ്ഥനുമായി കുശലം പറഞ്ഞ്‌ ഷൈക്ക്‌ ഹാന്റ്‌ ചെയ്‌ത്‌, സംശയം കൂടാതെ അകത്തേക്ക്‌ കടന്നുപോയി. തദവസരത്തില്‍ അതാരാണെന്ന്‌ ചന്ദ്രന്‍ ചോദിച്ചു. അയാള്‍ വീട്ടു വേലക്കാരനാണെന്നും പാത്രം തേയ്‌ക്കുക, മുറികള്‍ വൃത്തിയാക്കുക, മിറ്റം അടിക്കുക മുതലായ പണിക്കു വന്നിരിക്കുകയാണെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വീട്ടു വേലക്കാരനും വീട്ടുടമസ്ഥനായ-യജമാനനായ-പ്രഭുവും തമ്മില്‍ ഇങ്ങനെ തുല്യ നിലയില്‍ പെരുമാറുന്നത്‌ കണ്ടപ്പോള്‍ ചന്ദ്രന്നത്ഭുതം തോന്നുകയാല്‍ കൂടുതലായി അനേ്വഷിച്ചു. അദ്ദേഹത്തിന്റെ തൊഴില്‍ ഈ വീട്ടുവേലയാണെന്നും, ഇങ്ങനെ പല വീടുകളിലും ജോലിയുണ്ടെന്നും ജോലിയനുസരിച്ച്‌ അതാതു വീട്ടുകാരുമായി ചെയ്‌തിട്ടുള്ള നിശ്ചയ പ്രകാരം പ്രതിഫലം വാങ്ങിക്കൊണ്ടാണ്‌ അദ്ദേഹം ജീവിക്കുന്നതെന്നും വീട്ടുടമസ്ഥന്‍ പറയുകയുണ്ടായി. 20-25 മിനിറ്റിനകം അയാള്‍ ജോലിയെല്ലാം കഴിച്ച്‌ കൈകഴുകി വൃത്തിയാക്കി യാത്ര പറഞ്ഞു പോകാനുള്ള ശ്രമമായപ്പോള്‍ വീട്ടുടമസ്ഥന്‍ അദ്ദേഹത്തിന്നു ചന്ദ്രനെ പരിചയപ്പെടുത്തിക്കൊടുത്തു. തദവസരത്തില്‍ അയാള്‍ ചന്ദ്രനും ഷൈക്ക്‌ ഹാന്റ്‌ ചെയ്‌തു, അടുത്തുള്ള മറ്റൊരു കസാലയില്‍ ഇരുന്നു കുശലം പറഞ്ഞു സിഗ്രറ്റു വലിച്ച്‌ യാത്ര പറഞ്ഞു പോവുകയും ചെയ്‌തു''
................

3 comments:

vinod1377 said...

ഇത് നമ്മുക്ക് സ്വപ്നം മാത്രം

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇനിയൊരു നൂറു വര്ഷം കൂടി കഴിഞ്ഞാലും നമ്മുടെ നാട്ടില്‍ ഇങ്ങനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല

മധു said...

എന്റെ അച്ഛനും ചേട്ടനും ബാര്‍ബര്‍ തൊഴിലാളികളാണ് . ഞാന്‍ ഇന്ത്യയിലെ പ്രശസ്തമായ പ്രൈവറ്റ് ബാങ്കിലെ മാനേജരും. ജീവിതത്തില്‍ എത്രയോ തവണ എത്രയോ മാന്യന്‍മാര്‍ എന്റെ മുന്‍പില്‍ വെച്ച് "ചെരക്കല്‍ " വാക്കിലൂടെ ബാര്‍ബര്‍ മാരെ കളിയാക്കുന്നത് കേള്‍ക്കാറുണ്ട് . എല്ലാം കേട്ടുകഴിയുമ്പോള്‍ ഞാന്‍ പറയും - എന്റെ അച്ഛനും ചേട്ടനും ഇതാണ് പണി . എന്റെ അച്ഛന്‍ ചെരച്ചുണ്ടാക്കിയ കാശു കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്ന് . പലരും സോറി പറയും . അവരാരും പിന്നെ ആ വാക്കുപയോഗിചിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കുന്നു .

നമ്മള്‍ മലയാളികള്‍ എന്നെങ്കിലും നന്നാകുമോ ?