ശങ്കരനാരായണന്‍ മലപ്പുറം
'തെറാപ്പി' എന്നു പറഞ്ഞാല്‍ രോഗ ചികിത്സ എന്നാണര്‍ത്ഥം. ഫിസിയോ തെറാപ്പി മുതല്‍ മ്യൂസിക്കല്‍ തെറാപ്പിവരെയുണ്ടല്ലോ. ഇതുപോലെ മുസ്ലീങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഒരു പ്രതേ്യക ചികിത്സാ രീതിയാണ് 'മുസ്ലീം തെറാപ്പി'. 'ക്രിസ്ത്യന്‍ തെറാപ്പി' യും ഉണ്ടായിരുന്നു. പക്ഷേ, 'മുസ്ലീം തെറാപ്പി'ക്കാണ് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടായിരുന്നത്. ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു പ്രതേ്യക ചികത്സാ രീതിയാണിത്.
ലിംഗാഗ്രം മുറിക്കാത്തവരെ ആട്ടിയകറ്റിയപ്പോള്‍ ലിംഗാഗ്രം മുറിച്ചവരെ മാടി വിളിക്കുകയാണ് ചെയ്തിരുന്നത്. സവര്‍ണ മാടമ്പി വാഴ്ചക്കെതിരെ അതി ശക്തമായി ശബ്ദിച്ച വിപ്‌ളവ കവിയും ധീവര (മുക്കുവ) സമുദായക്കാരനുമായിരുന്ന പണ്ഡിറ്റ് കെ.പി.കറുപ്പന്‍ തന്റെ 'ജാതിക്കുമ്മി' എന്ന കൃതിയില്‍ ഇങ്ങനെ പാടുന്നു:
'തെറാപ്പി' എന്നു പറഞ്ഞാല്‍ രോഗ ചികിത്സ എന്നാണര്‍ത്ഥം. ഫിസിയോ തെറാപ്പി മുതല്‍ മ്യൂസിക്കല്‍ തെറാപ്പിവരെയുണ്ടല്ലോ. ഇതുപോലെ മുസ്ലീങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഒരു പ്രതേ്യക ചികിത്സാ രീതിയാണ് 'മുസ്ലീം തെറാപ്പി'. 'ക്രിസ്ത്യന്‍ തെറാപ്പി' യും ഉണ്ടായിരുന്നു. പക്ഷേ, 'മുസ്ലീം തെറാപ്പി'ക്കാണ് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടായിരുന്നത്. ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു പ്രതേ്യക ചികത്സാ രീതിയാണിത്.
ഇന്ന് ഒരു മുസ്ലീം പേരു കേട്ടാല്‍ തന്നെ മിക്കവരും നെറ്റിചുളിക്കും. ഇത്തരമൊരവസ്ഥ ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ മുസ്ലീങ്ങളല്ല എന്ന കാര്യം ശരി തന്നെ. ഇതില്‍ മുസ്ലീങ്ങള്‍ക്കും പങ്കുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യം, എല്ലാ മനുഷ്യരും ആദം-ഹവ്വാ ദമ്പതിമാരുടെ സന്തതി പരമ്പരകളാണെന്ന മുസ്ലീം പാഠം മിക്ക മുസ്ലീങ്ങളും പഠിച്ചിട്ടില്ല എന്നതാണ്. അതെന്തുമാകട്ടെ, പണ്ട് സവര്‍ണരെ സംബന്ധിച്ചിടത്തോളമെങ്കിലും മുസ്ലീങ്ങള്‍ മോശപ്പെട്ടവരായിരുന്നില്ല എന്നു മാത്രമല്ല വളരെ തങ്കപ്പെട്ടവരുമായിരുന്നു. ഈഴവത്തിയുടെ മുലകള്‍ക്ക് 'മുലക്കര'വും അലക്കുകാരില്‍ നിന്നു 'വണ്ണാരപ്പാറ'യും സ്വര്‍ണ്ണപ്പണിക്കാരില്‍ നിന്നു 'തട്ടാരപ്പാട്ട'വും തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ'യും മീന്‍ പിടിക്കുന്നവരില്‍ നിന്നു 'വലക്കര'വും മീശ വയ്ക്കാന്‍ 'മീശക്കാഴ്ച'യും കല്യാണം കഴിക്കാന്‍ 'പൊലിപ്പൊന്നും' മാത്രമല്ല ഒരു പണിയും ചെയ്യാന്‍ വയ്യാത്ത ഏഴകളില്‍ നിന്നു 'ഏഴ' എന്നു പേരായ നികുതിയുമൊക്കെ വാങ്ങിയിരുന്ന തിരുവിതാംകൂറിലെ പൊന്നുതമ്പുരാക്കന്മാര്‍ മുസ്ലീങ്ങളില്‍ നിന്നു ഇതൊന്നും വാങ്ങിയിരുന്നില്ലെന്നു മാത്രമല്ല അവരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികളോടുള്ള നിലപാടും ഇതുതന്നെയായിരുന്നു. ഡോ:പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 1896 സെപ്തംബര്‍ 3-ാം തീയതി 13176 പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ച 'ഈഴവ മെമ്മോറിയലില്‍', ഈഴവര്‍ക്ക് പ്രവേശനം നല്‍കാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോഴുമുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ദലിതരുടെ അവസ്ഥ ഇതിലേറെ ശോചനീയമായിരുന്നു. 1910 മാര്‍ച്ച് ഒന്നിന് മാത്രമാണ് തിരുവിതാംകൂറില്‍ പുലയര്‍ക്കും മറ്റും സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത്. ഈ ഉത്തരവ് സാമൂഹ്യ മന:ശ്ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരാണെന്ന് ഒരു 'വിപ്‌ളവകാരി' പറയുകയുണ്ടായി. ഈ 'വിപ്‌ളവകാരി'യുടെ പേര് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള എന്നാണ്. എന്നാല്‍ മുസ്ലീങ്ങളുടെ കാര്യം ഇങ്ങനെയായിരുന്നില്ല. മുസ്ലീം പള്ളികളിലെ ഖാസിമാര്‍ക്കും ബാങ്ക്‌വിളിക്കാര്‍ക്കും അലവന്‍സ് നല്‍കിയിരുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം ഒഴിവാക്കുന്ന മുസ്ലീങ്ങളെ ശിക്ഷിക്കുകയും അവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തവരാണ് നമ്മുടെ പണ്ടത്തെ പൊന്നു തമ്പുരാക്കന്മാര്‍ (കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, പി.കെ.ഗോപാലകൃഷ്ണന്‍).
ലിംഗാഗ്രം മുറിക്കാത്തവരെ ആട്ടിയകറ്റിയപ്പോള്‍ ലിംഗാഗ്രം മുറിച്ചവരെ മാടി വിളിക്കുകയാണ് ചെയ്തിരുന്നത്. സവര്‍ണ മാടമ്പി വാഴ്ചക്കെതിരെ അതി ശക്തമായി ശബ്ദിച്ച വിപ്‌ളവ കവിയും ധീവര (മുക്കുവ) സമുദായക്കാരനുമായിരുന്ന പണ്ഡിറ്റ് കെ.പി.കറുപ്പന്‍ തന്റെ 'ജാതിക്കുമ്മി' എന്ന കൃതിയില്‍ ഇങ്ങനെ പാടുന്നു:
''അല്ലാ ഇവനിന്നൊരു പുലയനല്ലേ
അള്ളാ മതം നാളെ സ്വീകരിച്ചാല്‍
ഇല്ലാ തടസ്സമില്ലെല്ലായിടത്തും പോകാം
ഇല്ലത്തും പോയിടാം യോഗപ്പെണ്ണേ, നോക്ക
സുന്നത്തിന്‍ മാഹാത്മ്യം ജ്ഞാനപ്പെണ്ണേ!''
മഹാകവി കുമാരാനാശാനും 'ദുരവസ്ഥ'യില്‍ ഇതേ കാര്യം പാടിയിട്ടുണ്ട്.
''എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ-
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തി ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട നമ്പൂരാരേ!''
ഇതുതന്നെയായിരുന്ന തിയ്യന്മാരുടെയും മറ്റും അവസ്ഥ. ഇന്ന്, വിശാല ഹിന്ദുവായ തിയ്യന്‍ അന്ന് വെറുക്കപ്പെട്ട ജന്തുവായിരുന്നു. ഇന്ന് വെറുക്കപ്പെടുന്ന മുസ്ലീം അന്ന് വിശേഷപ്പെട്ട ബന്ധുവായിരുന്നു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇവിടെയുള്ള മുസ്ലീങ്ങളൊക്കെ ഇങ്ങനെയുണ്ടായവരാണ്. അതായത്, ഇവിടുത്തെ മുസ്ലീങ്ങളുടെ വല്ലിപ്പവല്ലിപ്പമാര്‍ പറങ്കോടനും നീലാണ്ടനും ചൂലനും ചാത്തനുമൊക്കെയാണ്; വല്ലിമ്മവല്ലിമ്മമാര്‍ കാളിയും കൊറ്റിയും കാരിച്ചിയും മുണ്ടിച്ചിയുമൊക്കെയാണ് എന്നര്‍ത്ഥം. പക്ഷേ, ഈ സത്യം അംഗീകരിക്കാന്‍ മിക്ക മുസ്ലീങ്ങളും തയ്യാറല്ല എന്നതാണ് വാസ്തവം. തങ്ങളെല്ലാം അറേബ്യയില്‍ നിന്നു വന്ന മാലിക് ദീനാറിന്റെയും കൂട്ടരുടെയും സന്തതി പരമ്പരകള്‍ മാത്രമാണെന്നാണ് പൊതുവെ മുസ്ലീങ്ങളുടെ ഭാവം. പുരോഗമനവാദികളുടെ കാര്യം പറയുകയാണെങ്കില്‍, പുറമേക്ക് അവര്‍ സാഹോദര്യമൊക്കെ പറയും. 'ഷഹോദരാ, എന്തൊക്കെ വിഷേഷങ്ങള്‍' എന്നൊക്കെ ചോദിക്കും. പക്ഷേ, യാഥാസ്ഥിതികരെന്നു വിശേഷിപ്പിക്കുന്നവരേക്കാള്‍ യാഥാസ്ഥിതികരാണിക്കൂട്ടൂര്‍. വാസ്തവത്തില്‍ യാഥാസ്തിതികരെന്നു വിശേഷിപ്പിക്കുന്നവരാണ് പുരോഗമനവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂടരെക്കാള്‍ വലിയ പുരോഗമനവാദികള്‍. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം കടലുണ്ടിപ്പുഴയിലെ ഒരു കുളിക്കടവിലുണ്ടായ ഒരു സംഭവം വിവരിക്കട്ടെ.
ഇന്നത്തെപ്പോലെയായിരുന്നില്ല അന്നത്തെ സാമ്പത്തികാവസ്ഥ. വസ്ത്രങ്ങളൊന്നും അധികമുണ്ടാകില്ല. ഉള്ളത് ഉണക്കാനായി കുളിക്കുന്നതിനു മുമ്പ് അവ അലക്കി മണലില്‍ വിരിച്ചിടുന്ന പതിവുണ്ടായിരുന്നു. കുളിക്കാനെത്തിയ കൊറ്റിക്കുട്ടി (പട്ടികജാതിക്കാരി) അവരുടെ പാവാട ഉണക്കാനായി മണലില്‍ വിരിച്ചിട്ടിരുന്നു. മറ്റൊരു കുളിക്കാരനായ കോയക്കുട്ടി അയാളുടെ ട്രൗസറും മണലില്‍ വിരിച്ചിട്ടിരുന്നു. കാറ്റടിച്ചപ്പോള്‍ (കൊറ്റിക്കുട്ടി ഊതിയതായിരുന്നില്ല) കൊറ്റിക്കുട്ടിയുടെ പാവാട പാറി കോയക്കുട്ടിയുടെ ട്രൗസറിന്റെ മേലെ വീണു. ഇതു കണ്ടപ്പോള്‍ കോയക്കുട്ടിയുടെ 'മുസ്ലീം രക്തം' തിളച്ചു. അയാള്‍ കൊറ്റിക്കുട്ടിയെ, 'ചെറ്റേ, കണക്കേ്യ, കൊറ്റ്യേ, പട്ടേ്യ, പെര്‍ക്കേ്യ, പച്ചപ്പൊല്യാട്‌ച്ച്യേ' എന്നൊക്കെ തെറി വിളിച്ചു. കൊറ്റിക്കുട്ടി ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു. കോയക്കുട്ടിയുടെ കലിയൊന്നടങ്ങിയപ്പോള്‍ കൊറ്റിക്കുട്ടി വളരെ വിനീതയായി കോയക്കുട്ടിയോട് ചോദിച്ചു. '' അല്ല കോയക്കുട്ട്യാപ്‌ളേ ഇതിന് ങ്ങള്ത്ര ചൂടാകാന്‌ണ്ടോ. കാര്യംകൊണ്ട് പറഞ്ഞാ ങ്ങളും ഞാനും മച്ചുണ്യാനും മച്ചുണ്‍ച്ചിം അല്ലേ?''. അതെ, കുടുംബ പാരമ്പര്യ പ്രകാരം അവര്‍ ആങ്ങളയുടെയും പെങ്ങളുടെയും മക്കളായിരുന്നു. അതായത്, കോയക്കുട്ടിയുടെ മുറപ്പെണ്ണായിരുന്നു കൊറ്റിക്കുട്ടി. ഒന്നും മിണ്ടാന്‍ സാധിക്കാതെ, അന്തം വിട്ട് നാവില്‍ കുന്തം കയറിയതുപോലെ കുറേ നേരം അവിടെ നിന്നതിനു ശേഷം കോയക്കുട്ടി ട്രൗസറെടുത്ത് ഇടത്തെ തോളിലിട്ട് സ്ഥലംവിട്ടു. പുതിയ തലമുറയില്‍ ഏറെ മാറ്റം വന്നു എന്നതു ശരി തന്നെ. എന്നാല്‍, ഈ മാറ്റത്തിനും ചില സാമ്പത്തിക-ഓദേ്യാഗിക ബന്ധങ്ങളുമുണ്ട്. ഉയര്‍ന്ന ഉദേ്യാഗവും ഇതുകൊണ്ടുതന്നെ അത്യാവശ്യം കാശുള്ള ആളുമാണ് ചന്ദ്രന്‍. ചന്ദ്രനെ ചിലര്‍ സംബോധന ചെയ്യുന്നത് ഇങ്ങനെ: 'മ്മളെ ചാത്തന്റെ മകന്‍ ചന്ദ്രേട്ടന്‍!' മുസ്ലീം സമൂഹത്തിന് പൊതുവെയുള്ളത് ഒരു 'കോയക്കുട്ടിമനസ്സ്' തന്നെയാണെന്ന് ചുരുക്കും.
'മുസ്ലീം തെറാപ്പി'യില്‍ ഉപയോഗിക്കുന്ന 'വസ്തു'വിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളും മാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ. ഈ 'വസ്തു'എങ്ങനെ 'മുസ്ലീം തെറാപ്പി'യില്‍ ഉപയോഗിക്കപ്പെടുന്നു എന്നു നോക്കാം. എങ്കിലോ പണ്ട്........അയിത്ത ജാതിക്കാരായ തിയ്യനോ പറയനോ പുലയനോ തൊടുന്ന വസ്തുക്കള്‍ അശുദ്ധമാകുമായിരുന്നു. അശുദ്ധമായ ആ വസ്തു ഏതെങ്കിലുമൊരു മുസ്ലീം തൊട്ടാല്‍ ശുദ്ധമാവുകയും ചെയ്യും. (ക്രിസ്ത്യാനി തൊട്ടാലും മതിയായായിരുന്നു. '' തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ട് തൊടീച്ചെടുക്കാം'' എന്നായിരുന്നു പ്രമാണം. ഈ പ്രമാണം പടച്ചുനടപ്പാക്കിയവര്‍ക്കൊരു പ്രണാമം!). സ്‌കൂളുകളില്‍ സവര്‍ണരായ മിക്ക അദ്ധ്യാപകരും അവര്‍ണക്കുട്ടികളെ കൈകൊണ്ട് മാത്രമല്ല ചൂരല്‍ക്കൊണ്ടും അടിക്കാത്തൊരു കാലമുണ്ടായിരുന്നു. അടിച്ചാല്‍ അവരില്‍നിന്നു തന്റെ ശരീരത്തിലേക്ക് അശുദ്ധം ചൂരലിലൂടെ ഓടിക്കയറി തനി പരിശുദ്ധമായ അവരുടെ പൊന്നുമേനി അയിത്തമാക്കുമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ആയതിനാല്‍ ചൂരല്‍കൊണ്ട് എറിയുകയായിരുന്നു പതിവ്. ഇതുപോലെത്തന്നെ അവര്‍ണന്‍ തൊട്ടാല്‍ അശുദ്ധപ്പെടുന്ന വ്യക്തിയെ ഒരു മുസ്ലീം തൊട്ടാല്‍ ശുദ്ധമാകുമായിരുന്നു. ഇങ്ങനെ ചെയ്തിട്ടുള്ള വ്യക്തിയാണ് നമ്മുടെ ഗാന്ധിജി. ഗാന്ധിജിയുടെ വാക്കുകള്‍: ''വിദ്യാലയത്തില്‍ അയിത്തജാതിക്കാരെ തൊടാന്‍ പലപ്പോഴും ഇടയായിട്ടുണ്ട്. അത് അച്ഛനമ്മമാരില്‍നിന്ന് ഒരിക്കലും മറച്ചു വയ്ക്കുമായിരുന്നില്ല. അവിശുദ്ധമായ ആ സ്പര്‍ശനത്തിനു ശേഷം ദേഹശുദ്ധി വരുത്താന്‍ ഏറ്റവും പറ്റിയ കുറുക്കുവഴിയായി അതുവഴി കടന്നുപോകുന്ന മുസല്‍മാനെ തൊട്ടാല്‍ മതിയെന്ന് പറഞ്ഞ് തന്നിരുന്നു. അമ്മയോടുള്ള സ്‌നേഹാദരങ്ങളാല്‍ ഞാന്‍ പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്''. അശുദ്ധം മാറല്‍ ഒരു ചികിത്സാ രീതിയായി കണക്കാക്കാന്‍ സാധിക്കുകയില്ലല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട കാര്യം തന്നെ വിവരിക്കാം. അപ്പോള്‍ മാത്രമേ 'മുസ്ലീം തെറാപ്പി' എന്തെന്ന് ശരിക്കും വ്യക്തമാവുകയുള്ളൂ.
ഇതേക്കുറിച്ചും ഗാന്ധിജി നമുക്കു പറഞ്ഞു തന്നിട്ടുണ്ട്. ഗുജറാത്തിലെ കത്തിയവാദിലെ ഒരു ഗ്രാമത്തിലെ അവര്‍ണനും ധേദ് (തുണിനെയ്ത്ത് ജോലി ചെയ്യുന്നവര്‍) സമുദായക്കാരനുമായ ഒരദ്ധ്യാപകനുണ്ടായ അനുഭവത്തെക്കുറിച്ചാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ആ അദ്ധ്യാപകന്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് എഴുതിയ രണ്ടു കത്തുകളില്‍ വിവരിക്കുന്നത് (യങ് ഇന്ത്യ, 1927 മെയ് 5) നോക്കുക:
കത്ത് 1
'' നമസ്‌കാരം. ഈ മാസം അഞ്ചാം തീയതി എന്റെ ഭാര്യ പ്രസവിച്ചു. ഏഴാം തീയതി അവള്‍ക്ക് അസുഖം പിടിപെട്ടു. വയറിളകി. സംസാരശേഷി നഷ്ടപ്പെട്ടു. ശ്വാസ തടസ്സമുണ്ടായി. നെഞ്ചത്തു നീരു വന്നു. വാരിയെല്ലുകളില്‍ കടുത്ത വേദന അനുഭവപ്പെട്ടു. ഞാന്‍ ഡോക്ടറെ ചെന്നു വിളിച്ചു. അദ്ദേഹം പറഞ്ഞു: 'അസ്പൃശ്യന്റെ വീട്ടില്‍ ഞാന്‍ വരികയില്ല; ആ സ്ത്രീയെ ഞാന്‍ പരിശോധിക്കുകയുമില്ല'. ഞാന്‍ നഗര്‍ശേത്തിനെയും ഗാര്‍സിയ ദര്‍ബാറിനെയും സമീപിച്ച് സഹായം തേടി. അവര്‍ എന്നോടൊപ്പം വന്നു. ഡോക്ടര്‍ക്കു നല്‍കേണ്ട പ്രതിഫലം രണ്ടു രൂപയായിരുന്നു. നഗര്‍ശേത്ത് എനിക്കു വേണ്ടി ജാമ്യം നിന്നു. ഒടുവില്‍, രോഗിയെ വീടിനു പുറത്തുകൊണ്ടു കാണിക്കണമെന്ന വ്യവസ്ഥയില്‍ ഡോക്ടര്‍ വരാമെന്നു സമ്മതിച്ചു. അദ്ദേഹം വന്നു. പ്രസവിച്ചു രണ്ടു ദിവസം മാത്രം കഴിഞ്ഞ സ്ത്രീയെ ഞങ്ങള്‍ പുറത്തെത്തിച്ചു. ഡോക്ടര്‍ അദ്ദേഹത്തിന്റെ തെര്‍മോമീറ്റര്‍ അടുത്തു നിന്ന ഒരു മുസ്ലീമിന്റെ കൈയില്‍ കൊടുക്കുകയും അയാള്‍ അത് എനിക്കു നല്‍കുകയും ചെയ്തു. ഭാര്യയുടെ പനി അളന്നിട്ട് ഞാന്‍ അതു തിരികെ ആ മുസ്ലീമിനെത്തന്നെ ഏല്പിച്ചു. അയാളുടെ കൈയില്‍ നിന്ന് ഡോക്ടര്‍ അതു വാങ്ങി. സമയം എട്ടു മണിയോടടുത്തിരുന്നു. വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തെര്‍മോമീറ്റര്‍ പരിശോധിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു: 'അവര്‍ക്ക് ന്യുമോണിയയും ശ്വാസം മുട്ടലുമുണ്ട്'. എന്നിട്ട് അദ്ദേഹം മടങ്ങിപ്പോയി മരുന്നു കൊടുത്തയച്ചു. ഞാന്‍ ചന്തയില്‍ നിന്നു ചെറുചണവിത്തു (ലിന്‍ഡിസ്) വാങ്ങി. ഞങ്ങള്‍ അത് അരച്ച് രോഗിയുടെ ദേഹത്ത് പുരട്ടുകയും മരുന്നു കൊടുക്കുകയും ചെയ്തു. അവളെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു ദയ തോന്നിയില്ല. അകലെനിന്നു നോക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സ്വാഭാവികമായും പ്രതിഫലം രണ്ടു രൂപ ഞാന്‍ നല്‍കി. ഇതു ഗുരുതരമായ ഒരു രോഗമാണ്. എല്ലാം ഈശ്വരന്റെ കൈകളില്‍!
കത്ത് 2
എന്റെ ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് അവള്‍ മരിച്ചു. അഭിപ്രായം പറയേണ്ട കാര്യമില്ല. തെര്‍മോമീറ്റര്‍ ശുദ്ധീകരിക്കാന്‍ മുസ്ലീമിന്റെ സഹായം വേണ്ടി വന്ന, നേരിട്ട് അതുപയോഗിക്കാന്‍ വിസമ്മതിച്ച, രണ്ടു നാള്‍ രോഗഗ്രസ്തയായിക്കിടന്ന സ്ത്രീയോട് പട്ടിയോടും പൂച്ചയോടും പെരുമാറുന്നതിനെക്കാള്‍ മോശമായി പെരുമാറിയ, അഭ്യസ്തവിദ്യനായ ഡോക്ടറുടെ മനുഷ്യത്വമില്ലായ്മയെപ്പറ്റി എന്തു പറയാന്‍? ഈ മനുഷ്യത്വമില്ലായ്മ സഹിക്കുന്ന സമൂഹത്തെപ്പറ്റി എന്തു പറയാന്‍? ചിന്തിക്കാം കരയാം, അത്രമാത്രം.
ഇതാണ് മുസ്ലീമിനെ ഉപയോഗിച്ച് നടത്തുന്ന ചികിത്സാ രീതിയായ 'മുസ്ലീം തെറാപ്പി'. 'നമ്മുടെ പൈതൃകത്തിനും പാരമ്പര്യത്തിനും തനിമയ്ക്കുമൊക്കെ' കുറച്ചൊക്കെ കോട്ടം തട്ടിയതിനാല്‍ ഇത്തരം ചികിത്സാ രീതികള്‍ ഏതാണ്ടൊക്കെ ഇല്ലാതായി എന്നു പറയാം. ഇതു തിരിച്ചു പിടിക്കണമെന്നാണല്ലോ ചിലര്‍ വിളിച്ചു കൂവുന്നത്. അവരുടെ വിജയത്തിനു വേണ്ടി മഷി കുത്താന്‍ ചൂണ്ടുവിരല്‍ നീട്ടുന്നവരും വാളും വടിയും കത്തിയുമായി വെട്ടാനും തല്ലാനും കുത്താനും അതോടൊപ്പം വെട്ടുകൊള്ളാനും തല്ലുകൊള്ളാനും കുത്തുകൊള്ളാനുമൊക്കെ നിന്നുകൊടുക്കുന്നവരുമാകട്ടെ 'മുസ്ലീം തെറാപ്പി'ക്കു വിധേയരായരവരുടെ പിന്‍തലമുറക്കാരും!
.................