ഉത്തരകാലം വെബ് മാഗസിനില്‍ (20.01.2012)പ്രസിദ്ധീകരിച്ചത്
''ദൈവാധീനം ജഗത്സര്‍വം
മന്ത്രാധീനം തു ദൈവതം
തന് മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം''
ഏതു ശപ്പനാണ് ഈ സംസ്കൃത ശ്ളോകത്തിന്റെ കര്‍ത്താവ് എന്ന് എനിക്കറിഞ്ഞുകൂടാ. ആരായാലും ഒരു മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റം ഈ പദ്യത്തിനുണ്ടെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. വി.ടി.ഭട്ടതിരിപ്പാട് എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തിയും കേരളത്തില്‍ നമ്പൂതിരി സമുദായത്തില്‍ ജനിച്ച ഏറ്റവും വലിയ സാമൂഹിക വിപ്ളവകാരിയുമായ വെള്ളിത്തിരുത്തിത്താഴത്ത് തുപ്പന്‍ രാമന് ഭട്ടതിരിപ്പാടിന്റെ വാക്കുകളാണ് മേലുദ്ധരിച്ചത്('കണ്ണീരും കിനാവും'എന്ന ആത്മകഥയില്‍).
ജഗത് മുഴുവന്‍ ദൈവത്തിനധീനമാണ്. ദൈവം മന്ത്രങ്ങള്ക്കധീനനാണ്. ആ മന്ത്രങ്ങള്‍ ബ്രാഹ്മണന് അധീനമാണ്. അതിനാല്‍ ബ്രാഹ്മണന് തന്നെ ദൈവം. ഇതാണ് ഈ ശ്ളോകത്തിന്റെ അര്‍ത്ഥം. വി.ടി.ഭട്ടതിരിപ്പാട് പറഞ്ഞതുതന്നെ ശരി. എങ്കിലും ഒരു കാര്യം അംഗീകരിക്കാതിരിക്കാന്‍ വയ്യ. ഏതു കാര്യസ്ഥനും ഇങ്ങനെ ശ്ളോകവും കാവ്യവും ചരിത്രവുമൊക്കെ എഴുതാം. അത് ഇത്തരം കാര്യസ്ഥന്മാരുടെ അവകാശമാണ്. പക്ഷേ, മലയപ്പുലയന്റെ മാടത്തിന് മുറ്റത്ത് മഴ വന്ന നാള് നട്ട വാഴ കുലച്ചു മൂത്തു പഴുക്കാറാകുമ്പോള്‍ വെട്ടിക്കൊണ്ടു പോകുന്ന കാര്യസ്ഥനെയും അത് വെട്ടിവിഴുങ്ങുന്ന മനയ്ക്കലെ തമ്പ്രാനെയും സ്തുതിച്ചാലോ. ഇത്തരമൊരു സ്തുതി എം.കെ.സാനുവില്നിന്നുണ്ടായതുകൊണ്ടാണ് ഈ ലേഖനം എഴുതുവാന്‍ കാരണമായത്. 
കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ 'ഐതിഹ്യമാല'ഏറെ വിറ്റഴിച്ച പുസ്തകമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാനും ഈ പുസ്തകം വാങ്ങുകയും മുഴുവനായി വായിക്കുകയും ചെയ്തിട്ടുണ്ട്. ഐതിഹ്യം ഭാവനയാണെങ്കിലും ഐതിഹ്യം ചരിത്രമാണെന്ന മട്ടിലാണ് പലരും സംസാരിക്കാറ്. ഒരു നാടിന്റെ ചരിത്രമെഴുതുമ്പോള്‍ ആ നാട്ടിലെ ഭൂരിപക്ഷം വരുന്നവരെക്കുറിച്ചും നാടിനുവേണ്ട വിഭവങ്ങളൊരുക്കിയവരെക്കുറിച്ചുമൊക്കെ പറയണം. അത് ഈ 'മാല'യിലില്ലെന്നു മാത്രമല്ല, തരം കിട്ടുമ്പോള്‍ ഇക്കൂട്ടരെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ധാരാളമുണ്ടുതാനും. സത്യം,ധര്‍മ്മം,ദയ,സ്നേഹം, സാഹോദര്യം, മാനവികത തുടങ്ങിയ ഗുണങ്ങളെ പ്രകീര്ത്തിക്കുന്നതൊന്നും ഈ പുസ്തകത്തിലില്ല. വര്‍ണത്തിന്റെ സങ്കുചിതമായ വൃത്തത്തിനുള്ളിലൊതുക്കിയ 'സത്യ'വും 'ധര്‍മ്മ'വുമൊക്കെയുണ്ട് എന്ന കാര്യം മറക്കുന്നില്ല. പുസ്തകത്തിലുള്ളത് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ബ്രാഹ്മണ മാഹാത്മ്യങ്ങളെയുമൊക്കെ ഊട്ടിയുറപ്പിക്കുന്ന കഥകളാണ്.

'പറയിപെറ്റു പന്തിരുകുല'മെന്ന ഐതിഹ്യത്തില്‍ പാണനെയും പറയനെയും തച്ചനെയും മറ്റും പരാമര്‍ശിക്കുന്നുണ്ട്. ഈ അപവാദം ഒഴിവാക്കിയാല്‍ ചാതുര്‍വര്‍ണ്യത്തിനു അകത്തുള്ളവരുടെ പോരിശകള്‍ മാത്രമാണ് പുസ്തകത്തില്‍ വര്‍ണിച്ചിട്ടുള്ളത്. കായംകുളം കൊച്ചുണ്ണിയെക്കുറിച്ചും അറയ്ക്കല്‍ ബീവിയെക്കുറിച്ചും കടമറ്റത്തു കത്തനാരെക്കുറിച്ചുമൊക്കെ എഴുതിയതുകൊണ്ട് മത സൗഹാര്‍ദ്ദം ഉണ്ടെന്നു പറയാം. അതു പണ്ടും ഉള്ളതാണല്ലോ. ജാതി സൗഹാര്ദ്ദമല്ലേ ഇല്ലാത്തത്. അവര്‍ണരെ അവഗണിക്കുകയും അവഹേളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും മൃഗങ്ങള്‍ക്ക് ഉന്നത സ്ഥാനം നല്‍കിയിട്ടുണ്ട് ഐതിഹ്യകാരന്‍. കിടങ്ങൂര്‍ കണ്ടങ്കോരന്, വൈക്കത്തെ തിരുനീലകണ്ഠന്, കോന്നിയില്‍ കൊച്ചയ്യപ്പന്, ആറന്മുള വലിയ ബാലകൃഷ്ണന്, പന്തളം നീലകണ്ഠന്, അവണാ മനയ്ക്കല്‍ ഗോപാലന്,തിരുവട്ടാറ്റാദി കേശവന് എന്നീ 'ചരിത്രകരി'കളുടെ വീര പരാക്രമങ്ങളെക്കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കാളയുടെ മാത്രമല്ല കുരങ്ങന്മാരുടെ മഹത്വങ്ങളും വിവരിക്കുന്നുണ്ട്.

മറ്റു ഉന്നതകുല ജാതിക്കാരുടെ കഥകള്‍ വിവരിക്കുന്നുണ്ടെങ്കിലും ബ്രാഹ്മണ മഹത്വം തന്നെയാണ് 'മാലയില്‍'ഏറെ കോര്ത്തിട്ടിരിക്കുന്നത്. ശാസ്താം കോട്ടയിലെ കുരങ്ങന്മാര് പോലും അബ്രാഹ്മണരുടെ ചോറോ മത്സ്യമാംസാദികളോ തിന്നില്ലെന്നാണ് 'ശാസ്താങ്കോട്ടയും കുരങ്ങന്മാരും'എന്ന ഐതിഹ്യത്തില്‍ പറയുന്നത്. (ബ്രാഹ്മന്‍ തന്നെയാണ് ദൈവമെന്ന് കുരങ്ങന്മാര്ക്കും അറിയുമായിരിക്കും!) നിയമം ലംഘിച്ച് മീന്‍ കൂട്ടിയ ചില മീന്കുരങ്ങന്മാരെ മറ്റു ചില പച്ചക്കറിക്കുരങ്ങന്മാര് ആക്രമിച്ച കാര്യവും പ്രസ്തുത ഐതിഹ്യത്തില്‍ വിവരിക്കുന്നുണ്ട്. (കുരങ്ങന്മാര് പോലും 'ശുദ്ധാശുദ്ധങ്ങള്‍'പാലിച്ചിരുന്നു!). അബ്രാഹ്മണര്‍ മോശക്കാര്തന്നെയാണെന്നാണ് ഐതിഹ്യ നിലപാട്. ചാതുര്‍വര്‍ണ്യത്തില്‍പ്പെട്ട ശൂദ്രന്മാരുടെ കാര്യം ഐതിഹ്യത്തില്‍ വിവരിക്കുന്നുണ്ടെങ്കിലും പറ്റാവുന്നിടത്തൊക്കെ അവരെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. ഇതേ ഐതിഹ്യത്തിലുള്ള ഒരു പരാമര്‍ശം നോക്കുക: ''ഒരിക്കല്‍ കൊട്ടാരക്കര ഒരു നായര്‍ കുടുംബത്തിലുണ്ടായിരുന്ന സ്ത്രീപുരുഷന്മാര് ഓരൊരുത്തരായി ചത്തുകെട്ടുപോയിട്ട് ഒടുക്കം ഒരു സ്ത്രീ മാത്രം അവശേഷിച്ചു'' 
ദൈവത്തിന്റെ മുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന സത്യത്തിന് വിരുദ്ധമായ വര്‍ണവെറി ഏറെ മഹത്തരമെന്നു സ്ഥാപിക്കുന്നതാണ് ഇതിലെ മിക്ക ഐതിഹ്യങ്ങളും. 'മഹാഭാഷ്യം' എന്ന ഐതിഹ്യത്തില്‍, സന്യാസിയാകാന്‍ ആഗ്രഹിച്ച ബ്രാഹ്മണനായ ഗോവിന്ദ സ്വാമികള്‍ക്ക് സന്ദര്‍ഭവശാല്‍ ഒരു ശൂദ്ര(നായര്‍)സ്ത്രീയെ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നു. ബ്രാഹ്മണന് നാലുകെട്ടാമെങ്കിലും അതിനൊരു മുന്‍ഗണനാ ക്രമമൊക്കെ പാലിക്കേണ്ടതുണ്ട്. ആദ്യം ബ്രാഹ്മണ സ്ത്രീയെത്തന്നെ കെട്ടണം. ശേഷം അതിന്റെ താഴെയുള്ള ക്ഷത്രിയ ജാതിയില്പ്പെട്ടവളെയും ശേഷം വൈശ്യപ്പെണ്ണിനെയും കെട്ടിയതിനു ശേഷമേ ശൂദ്ര സ്ത്രീയെ കെട്ടാന്‍ പാടുള്ളു. ആ ബ്രാഹ്മണന് ഒരു ശൂദ്രസ്ത്രീയോട് പറയുന്നത് നോക്കുക: ''അല്ലയോ ഭദ്രേ! നിന്റെ ഹിതത്തെ അനുവര്‍ത്തിക്കുന്നതിന് ഞാന്‍ സദാ സന്നദ്ധനാണ്. എങ്കിലും ബ്രാഹ്മണനായ ഞാന്‍ ശൂദ്ര കന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തില്‍ നിന്നും ക്ഷത്രിയ കുലത്തില്‍ നിന്നും വൈശ്യകുലത്തില്‍ നിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്ര വിധി. അതിനാല്‍ ഞാന്‍ പോയി മൂന്നു വിവാഹം ചെയ്തതിനു ശേഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം''.
പറയി പെറ്റത് പറയന്റെ മക്കളെ
'പറയിപെറ്റു പന്തിരുകുലം'എന്ന ഐതിഹ്യം ഏറെ മഹത്തരമെന്ന് കൊട്ടിഘോഷിക്കാറുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ഗുരു ചട്ടമ്പി സ്വാമികള്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പോലുള്ള ഒരു ശ്രമം തന്നെയാണിതിന്റെ പിന്നിലും. സമൂഹത്തില്‍ പേരും പെരുമയും നേടിയ പറയനെയും പാണനെയും തച്ചനെയുമൊക്കെ അതേപടി അംഗീകരിക്കുവാന്‍ സാധിക്കാത്തതിനാല്‍ അവരുടെ അച്ഛനെ ബ്രാഹ്മണനാക്കി അവതരിപ്പിക്കുന്ന ഐതിഹ്യമാണിത്. (വാഗ്ഭടനെക്കുറിച്ചുള്ള ഐതിഹ്യത്തിലും ഈ തന്ത്രംതന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. അത് പിറകെ വ്യക്തമാക്കുന്നുണ്ട്). പറയി പെറ്റ പന്ത്രണ്ടു മക്കളുടെ പിതാവായി വിശേഷിപ്പിക്കുന്ന വരരുചി എന്ന ബ്രാഹ്മണനെ വലിയ മഹാനായാണ് ചിത്രീകരിക്കാറ്. എന്നാല്‍, ഐതിഹ്യം പരിശോധിച്ചാല്‍ തന്നെ വരരുചി മാന്യനല്ലെന്ന് വ്യക്തമാകും. പറയന്റെ വീട്ടില്‍ ജനിച്ച പെണ്‍കുഞ്ഞിനെ കല്യാണം കഴിക്കുന്നത് വരരുചിയായിരിക്കുമെന്ന് ദേവതമാര്‍ പറഞ്ഞതുകേട്ട വരരുചി അപ്പോള്‍ത്തന്നെ പറയിപ്പെണ്ണിനെ എങ്ങനെയെങ്കിലും തന്റെ തലയില്‍നിന്നു ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരുന്നു. അത് നടപ്പിലാക്കാന്‍ വേണ്ടി വരരുചി രാജാവിനോട് ഇങ്ങനെ കള്ളം പറഞ്ഞു. ''അല്ലയോ മഹാരാജാവേ! ഇന്നലെ രാത്രിയില്‍ ഒരു പറയന്റെ മാടത്തില്‍ ഒരു പറയി പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായിട്ടുണ്ട്. അതിന്റെ ജാതക ഫലം നോക്കിയതില്‍ ആ കുട്ടിക്കു മൂന്നു വയസ്സു തികയുമ്പോഴേക്കും ഈ രാജ്യം നശിക്കും എന്നു കണ്ടിരിക്കുന്നു. ഇന്നുമുതല്‍ തന്നെ ഓരോ നാശകാരണങ്ങള്‍ തുടങ്ങും. അല്ലെങ്കില്‍ ആ പ്രജയെ ഉടനെ കൊല്ലിക്കണം''. പക്ഷേ, വരരുചിയെക്കാള്‍ മാന്യനും മനുഷ്യ സ്നേഹിയുമായിരുന്നു രാജാവ്. അദ്ദേഹം കുട്ടിയെ കൊന്നില്ല. കുട്ടിയുടെ തലയില്‍ ഒരു ചെറിയ പന്തം കൊളുത്തിക്കുത്തി ഒരു ചങ്ങാടത്തില്‍ കിടത്തി നദിയിലൊഴുക്കുകയാണ് രാജാവ് ചെയ്തത്. താഴ്ന്ന ജാതിക്കാരിയെ കല്യാണം കഴിക്കേണ്ടി വരുമെന്ന് ഭയന്ന് ഒരു പാവം ചോരക്കുഞ്ഞിനെ കൊല്ലാന്‍ പറഞ്ഞ വരരുചി ഏതര്‍ത്ഥത്തിലാണ് മാന്യനാവുക?
പറയിപ്പെണ്ണ് പന്ത്രണ്ട് പെറ്റിട്ടുണ്ടെങ്കില്‍ ആ പന്ത്രണ്ടു മക്കളുടെയും പിതാവ് പറയന് തന്നെയാണ്. ആ കുട്ടികളുടെ പിതൃത്വം ആര്‍ക്കും ചാര്‍ത്തിക്കൊടുക്കേണ്ടതില്ല.
കുറെ മുമ്പ് ഒരു പത്രത്തിന്റെ സപ്ളിമെന്റില്‍ ഒരു ലേഖനമുണ്ടായിരുന്നു. വരരുചിയുടെ മൂത്ത മകന് അഗ്നിഹോത്രിയുടെ ശ്രാദ്ധത്തിന്റെയന്ന് ഇല്ലത്തിലെ അന്തര്‍ജ്ജനങ്ങള്‍ മുങ്ങിക്കുളിച്ചപ്പോള്‍ പുഴയുടെ അക്കരെ പറയക്കോളനിയിലെ സ്ത്രീകളും മുങ്ങിക്കുളിച്ച് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചെന്ന്! 'അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും' എന്നു ചോദിച്ചതുപോലെ അക്കരെയിക്കരെ നിന്ന് മുങ്ങിക്കുളിച്ചാല്‍ ഐകദാര്ഢ്യമുണ്ടാകുമോ? ഒരു കുപ്പിയില്‍ നിന്നുള്ള കുടിയില്‍ ചില ഐക്യങ്ങളൊക്കെ കാണാറുണ്ട്. പക്ഷേ,രണ്ടു കടവുകളിലുള്ള കുളിയിലൂടെ ഐക്യം ഉണ്ടാകുന്ന കാര്യം പറഞ്ഞുകേട്ടിട്ടില്ല. ഹൃദയത്തിലാണ് ഐക്യം ഉണ്ടാകേണ്ടത്. പന്തിരുകുലത്തില്‍പ്പെട്ട പാണനും പറയനും തച്ചനും നമ്പൂതിരിയുമൊക്കെ പറയിയുടെയും നമ്പൂതിരിയുടെയും മക്കളാണെന്ന് പറഞ്ഞ് വീമ്പിളിക്കിയാല്പ്പോര. പറയിയുടെ സഹോദരനാണ് നമ്പൂതിരിയെങ്കില് പറയിയുടെ മകന് നമ്പൂതിരിയുടെ മകള്‍ക്ക് മുറച്ചെറുക്കനാണ്. പന്തിരുകുല മാഹാത്മ്യത്തില്‍ ഊറ്റം കൊള്ളുന്നവര്‍ പറയന് നമ്പൂതിരി സ്ത്രീയെ കല്യാണം കഴിച്ചുകൊടുക്കട്ടെ. നമ്പൂതിരിയുവാവ് പാണസ്ത്രീയെ കല്യാണം കഴിക്കട്ടെ. ഇങ്ങനെയാണ് ഐകദാര്‍ഢ്യം വളര്‍ത്തേണ്ടത്.
അച്ഛന് പലപ്പോഴും സങ്കല്പമാകുമ്പോള്‍ അമ്മ ശാശ്വത സത്യമായി നിലനില്ക്കുന്നു. പക്ഷേ, പറയിപെറ്റ പന്തിരുകുലത്തിലെ നായികയായ പറയിക്ക് ഒരു പേരുപോലുമില്ല. അച്ഛന് വരരുചിയുടെ ശ്രാദ്ധം ഗംഭീരമായി നടത്തുമ്പോള്‍ അമ്മയ്ക്ക് ആരും ശ്രാദ്ധം നടത്തുന്നില്ല. പന്തിരുകുല മഹിമയില്‍ ഊറ്റം കൊള്ളുന്നവര്‍ ജാതി മഹത്വത്തില്‍/ജാത്യാടിമത്തില് ഊറ്റം കൊള്ളുന്നവരും അമ്മയാകുന്ന പരമസത്യത്തിനുനേരെ കൊഞ്ഞനം കുത്തുന്നവരുമാണ്.
വരരുചിയുടെ മൂത്ത കുട്ടിയെ ബ്രാഹ്മണനായണല്ലോ കണക്കാക്കുന്നത്. ഇത് 'ശാസ്ത്ര'വിരുദ്ധമാണ്. ബ്രാഹ്മണന് ബ്രാഹ്മണ സ്ത്രീയിലുണ്ടാകുന്ന കുട്ടി മാത്രമേ ബ്രാഹ്മണനാവുകയുള്ളൂ. ക്ഷത്രിയന് ക്ഷത്രിയ സ്ത്രീയിലുണ്ടാകുന്ന കുട്ടിയേ ക്ഷത്രിയനാവുകയുള്ളൂ. മേല്‍ജാതിക്കാരായ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യര്‍ക്ക് അതിനു താഴെ വരുന്ന ജാതിക്കാരെ കല്യാണം കഴിക്കാം. ഇങ്ങനെയുണ്ടാകുന്ന കുട്ടികള്‍ അനുലോമ ജാതിക്കാരാണ്. ബ്രാഹ്മണന് ശൂദ്രസ്ത്രീയിലുണ്ടാകുന്ന കുട്ടിയുടെ നിഷാദജാതിയാണ്. നേരെമറിച്ച് ശൂദ്ര-വൈശ്യ-ക്ഷത്രിയ ജാതിക്കാര്‍ക്ക് മേലെ വരുന്ന ജാതിക്കാരെ കല്യാണം കഴിക്കാന്‍ പാടില്ല. മനുവിന്റെ ഈ നിയമം ലംഘിച്ച് കല്യാണം കഴിച്ച് അതിലുണ്ടാകുന്ന കുട്ടികള്‍ പ്രതിലോമ ജാതിക്കാരാണ്. ഇവരാണ് അയിത്തജാതിക്കാര്‍. മനുവിന്റെ കണക്കില്‍ ദലിത്-പിന്നാക്കക്കാര്‍ ഈ കൂട്ടത്തില്‍ വരും. ഇവരെ മനുഷ്യരായി കണക്കാക്കുന്നില്ല. ചണ്ഡാലരായാണ് കണക്കാക്കുന്നത്. മനുഷ്യരില്‍ ഏറ്റവും അധമന് ശൂദ്രന് ബ്രാഹ്മണ സ്ത്രീയില്‍ ജനിക്കുന്ന കുട്ടിയാണെന്നാണ് മനു പറഞ്ഞിട്ടുള്ളത്. ഇതുകൊണ്ടുതന്നെ വരരുചി എന്ന ബ്രാഹ്മണന് ചണ്ഡാലയായി കണക്കാക്കുന്ന സ്ത്രീയിയിലുണ്ടാകുന്ന കുട്ടി ഒരിക്കലും ബ്രാഹ്മണനാവുകയില്ല.
വരരുചിയുടെ അച്ഛന് ഗോവിന്ദ സ്വാമിയുടെ ചരിത്രം(ഐതിഹ്യം)പഠിച്ചാല്‍ തന്നെ ഇക്കാര്യം ബോധ്യമാകും. വരരുചിയുടെ അച്ഛന് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര സ്ത്രീകളെ കല്യാണം കഴിച്ച ആളാണല്ലോ. ഇതില്‍ ബ്രാഹ്മണ സ്ത്രീക്ക് ജനിച്ച മകനാണ്് വരരുചിയെന്നും ക്ഷത്രിയ സ്ത്രീക്ക് ജനിച്ച മകന് ക്ഷത്രിയനായ വിക്രമാദിത്യ രാജാവെന്നുമൊക്കെ പറയുന്നുണ്ട്.
പൊളിക്കാത്ത തേങ്ങ പിഴിഞ്ഞ് പാലെടുത്ത അന്തര്‍ജ്ജനം
മിക്ക ഐതിഹ്യങ്ങളും ബഡായികളുടെ കൂമ്പാരമാണ്. മലപ്പുറം ജില്ലയിലെ പാതായ്ക്കര മനയെക്കുറിച്ചുള്ള ഐതിഹ്യത്തില്‍ ഇല്ലത്തെ ഒരു അന്തര്‍ജ്ജനം പൊളിക്കാത്ത തേങ്ങ ഉള്ളംകയ്യിലിട്ട് മാമ്പഴം പിഴിയുന്നതുപോലെ പിഴിഞ്ഞ് തേങ്ങാപ്പാല്‍ ചുരത്തിയതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവിടുത്തെ നമ്പൂതിരിമാരുടെ ശക്തി പരീക്ഷിക്കുവാന്‍ കോഴിക്കോട്ടുനിന്നു വന്ന ഒരു നമ്പൂതിരി ഈ രംഗം കണ്ട് അന്തംവിട്ടു. ഇല്ലത്തെ പെണ്ണുങ്ങളുടെ ശക്തി ഇതാണെങ്കില്‍ ആണുങ്ങളുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിച്ച് അയാള്‍ കോഴിക്കോട്ടേക്ക് പെട്ടെന്നുതന്നെ വണ്ടി കയറി. ആ ഇല്ലത്തുണ്ടായിരുന്ന ജ്യേഷ്ടാനുജന്മാരായിരുന്ന രണ്ടു നമ്പൂതിരിമാര്‍ മുന്നിലും പിന്നിലും നിന്ന് വലിയൊരു ആനയെ പൊക്കി മതിലിനപ്പുറത്തേക്ക് മറിച്ചിട്ടുവത്രെ!
വാഗ്ഭടനെക്കുറിച്ചുള്ള കള്ളക്കഥ
ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിന്റെ കര്‍ത്താവായ വാഗ്ഭടന് ഒരു ബുദ്ധ സന്യാസിയായിരുന്നു. എട്ടാം നൂറ്റാണ്ടിലാണ് വാഗ്ഭടന് കേരളത്തിലെത്തിയതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ബ്രാഹ്മണ മേധാവിത്വത്തിന്റെ രണ്ടാം വരവിന് മുമ്പ് കേരളത്തിലെ ജനങ്ങളധികവും ബുദ്ധമതാനുയായികളായിരുന്നു. ദലിത്-പിന്നാക്ക സമുദായങ്ങളിലെ വൈദ്യ പാരമ്പര്യം ഈ സത്യം തെളിയിക്കുന്നു. ജൈനരില്‍ നിന്നും വാഗ്ഭടനില്‍ നിന്നുമാണ് ബ്രാഹ്മണര്‍ വൈദ്യം പഠിച്ചത്. ജൈനരില്‍ നിന്നും വാഗ്ഭടനില്‍ നിന്നു നമ്പൂതിരിമാര്‍ (മലയാള ഭൂസുരന്-ഭൂമിയിലെ ദേന്മാരെന്ന് വിശേഷിപ്പിക്കുന്ന നമ്പൂതിരിമാര്‍)വൈദ്യം പഠിച്ചതിനെക്കുറിച്ച് കുഞ്ഞുക്കുട്ടന് തമ്പുരാന് ഇങ്ങനെ പറയുന്നു:
സ്ഥാനരുക്തികളറിഞ്ഞു വൈദ്യക-
സ്ഥാനഗര്ക്കു മലയാള ഭൂസുരര്‍
ജൈനവാഹട നിബദ്ധ വൈദ്യമേ
മാനമോടു നിജ ശാസ്ത്രമാക്കിനാര്
പക്ഷേ, ഇത് അംഗീകരിക്കാന്‍ ബ്രാഹ്മണര്‍ തയ്യാറായില്ല. അതിനായി അവര്‍ ഒരു കള്ളക്കഥയുണ്ടാക്കി. ആ കള്ളക്കഥ ഐതിഹ്യത്തിന്റെ പേരില്‍ അവര്‍ പറഞ്ഞു പരത്തി. ആ കള്ളക്കഥയിങ്ങനെ:
ബ്രാഹ്മണരുടെ പക്കലുള്ള വൈദ്യ ഗ്രന്ഥങ്ങളെല്ലാം മുസ്ലീങ്ങള്‍ തട്ടിക്കൊണ്ടുപോയി. രോഗം വന്നാല്‍ ബ്രാഹ്മണര്‍ക്ക് മുസ്ലീങ്ങളെ ആശ്രയിക്കേണ്ട ഗതികേടു വന്നു. ഈ പ്രശ്നത്തിന് പരിഹാരം തീര്‍ക്കാന്‍ അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. വാഗ്ഭടന് എന്ന ബ്രാഹ്മണ ബാലനെ അതിനായി നിയോഗിച്ചു. വാഗ്ഭടന് മുസ്ലീം വേഷം കെട്ടി പ്രസിദ്ധനായ ഒരു മുസ്ലീം വൈദ്യന്റെ ശിഷ്യനായി. സാഹചര്യവശാല്‍ വാഗ്ഭടന് മുസ്ലീം അല്ലെന്നു തിരിച്ചറിഞ്ഞ മുസ്ലീം വൈദ്യന് വാഗ്ഭടനെ കൊല്ലാനൊരുങ്ങി. വാഗ്ഭടന് ഏഴാം മാളികയില്‍ നിന്നു ചാടി രക്ഷപ്പെട്ടു. 'നാലു വേദങ്ങളും ദൈവവും ഉണ്ടെങ്കില്‍ എന്നെ രക്ഷിക്കുക' എന്നു പറഞ്ഞാണ് ചാടിയത്. വേദത്തിലും ദൈവത്തിലും സംശയം പ്രകടിപ്പിച്ചതിനാല്‍ വാഗ്ഭടന്റെ ബ്രാഹ്മണ്യം മുറിഞ്ഞു. അങ്ങനെ വാഗ്ഭടന് ഭ്രഷ്ടനായി. ഭ്രഷ്ടനായെങ്കിലും പഠിച്ചതൊക്കെ എഴുതി വാഗ്ഭടന് ബ്രാഹ്മണര്‍ക്കു സമര്‍പ്പിച്ചു. ബ്രാഹ്മണരത് സ്വീകരിച്ചു. പക്ഷേ, ബ്രാഹ്മണ്യം മുറിഞ്ഞവനുണ്ടാക്കിയ ഗ്രന്ഥമാവുക കാരണം ഏകാദശി നാളില്‍ 'അഷ്ടാംഗ ഹൃദയം' പഠിക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചു. ഈ നുണയാണ് കൊട്ടാരം ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യിലുള്ളത്. ഇനി നേരന്തെന്നു നോക്കാം.
വാഗ്ഭടന് ജനിച്ചത് ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദേശത്തുള്ള സിന്ധുദേശത്തിലാണ്. ബുദ്ധമത പ്രചരണാര്‍ത്ഥമാണ് വാഗ്ഭടന് കേരളത്തിലെത്തിയത്. ബുദ്ധമതാശയങ്ങള്ക്കൊപ്പം അദ്ദേഹം 'അഷ്ടാംഗ ഹൃദയ'വും പഠിപ്പിച്ചു. ഇങ്ങനെയാണ് കേരളത്തില്‍ ആയുര്‍വ്വേദത്തിന് വേരോട്ടമുണ്ടായത്. മനുഷ്യത്വത്തിനു പകരം വര്‍ണ്ണത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ബ്രാഹ്മണര്‍, ബുദ്ധമത സന്ന്യാസി രചിച്ച ഗ്രന്ഥത്തിന് ഭ്രഷ്ട് കല്പിച്ചു. ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ 'അഷ്ടാംഗ ഹൃദയ'ത്തിനു പകരം ചരക സുശ്രുതാദി ആയുര്‍വ്വേദ ഗ്രന്ഥങ്ങളെയാണ് അവലംബിക്കുന്നത്. എന്നാല്‍ കേരളത്തിലെ ബ്രാഹ്മണര്‍ ഒരു തന്ത്രം സ്വീകരിച്ചു. മറ്റ് ആയുര്‍വ്വേദ ഗ്രന്ഥങ്ങളെ അപേക്ഷിച്ച് പഠിക്കാന്‍ ഏറെയുള്ളതും എളുപ്പമുള്ളതുമായ 'അഷ്ടാംഗ ഹൃദയം' അവര്‍ സ്വീകരിച്ചു. ബുദ്ധ സന്ന്യാസിയാണ് തങ്ങളുടെ ഗുരുവെന്നു പറയാന്‍ ദുരഭിമാനം സമ്മതിക്കാത്തതിനാല്‍ അവരൊരു കള്ളക്കഥയുണ്ടാക്കി. ഇതാണ് സംഭവിച്ചത്.
ദേവിയെ പ്രതിഷ്ഠിക്കുമ്പോഴും തെറി!
വില്വമംഗലത്തു സ്വാമിയാരെക്കുറിച്ചുള്ള ഐതിഹ്യം വായിച്ചാല്‍ ദേവിയെ പ്രതിഷ്ഠിക്കുമ്പോഴും തെറിയഭിഷേകമാണ് നാവില്‍നിന്നു വരിക എന്നു ബോധ്യമാകും. ഇതേക്കുറിച്ചുള്ള വിവരണം ഇങ്ങനെ: ''ഒടുക്കം ഏഴാമത്തെ കന്യക ചാടിയത് ഒരു ചേറുള്ള കുളത്തിലായിരുന്നതിനാല്‍ ആ കന്യകയുടെ തലയിലൊക്കെ ചേറായി. ആ കന്യകയെ സ്വാമിയാര് പിടിച്ചിട്ടു ചെല്ലാതെ കുറെ ബലംപിടിച്ചു നിന്നു. ഒടുക്കം സ്വാമിയാര് 'എടീ ചേറില്ത്തലയായോളേ! പു........ടീ! ഇവിടെ ഇരിക്ക്'എന്നു പറഞ്ഞുകൊണ്ട് ആ കന്യകയെയും പിടിച്ചുകേറ്റി അവിടെയിരുത്തി. ചേറ്റില്‍ തലയായതുകൊണ്ട് 'ചേര്‍ത്തല ഭഗവതി'എന്ന് ആ ഭഗവതിക്കും 'ചേര്‍ത്തല'എന്ന് ആ ദേശത്തിനും നാമം സിദ്ധിച്ചു. ഇങ്ങനെ ചേര്‍ത്തല വില്വമംഗലത്തു സ്വാമിയാര് പ്രിഷ്ഠിക്കപ്പെട്ട ദേവിയാണ് പ്രസിദ്ധപ്പെട്ട സാക്ഷാല്‍ ചേര്‍ത്തല കാര്‍ത്ത്യായനി. പ്രതിഷ്ഠാ സമയത്ത് സ്വാമിയാല്‍ പുംശ്ചലി(പു......ടി-വേശ്യ)എന്ന അസഭ്യവാക്കു പറഞ്ഞുകൊണ്ട് പ്രതിഷ്ഠിച്ചതിനാലാണ് ഇന്നും ആ ദേവിക്ക് അസഭ്യമായ പാട്ടുകളും ശകാരങ്ങളുമൊക്കെ സന്തോഷകരമായിരിക്കുന്നത്. ചേര്‍ത്തല പൂരത്തിന്റെ പാട്ടുകള്‍ പ്രസിദ്ധങ്ങളാണല്ലോ''.
ദുഷ്ടത നീതിബോധമാകുന്നു!
ദുഷ്ടത കാണിക്കുന്നത് നീതിബോധത്തിന്റെ ഉദാഹരണമായി വാഴ്ത്തപ്പെടുന്നു! കൊച്ചി ശക്തന് തമ്പുരാനെക്കുറിച്ചുള്ള ഐതിഹ്യത്തിലാണ് ഭീകരവാദത്തെ നീതിബോധമായി വാഴ്ത്തുന്നത്. ഒരു നമ്പൂതിരിയെ തൊടുകയോ മറ്റോ ചെയ്ത ഒരീഴവനെ തടവിലിടാന്‍ ഈ 'നീതിമാന്'കല്പിച്ചു. ഈഴവന്റെ ബന്ധുക്കള്‍ കാര്യസ്ഥന് കുറെ പണം കാഴ്ചവെച്ചു. ഈഴവനെ തടവില്‍ നിന്നു വിടുന്നതിന് വേണ്ടത് ചെയ്യാമെന്ന് കാര്യസ്ഥന് അറിയിച്ചു. ഇക്കാര്യം 'നീതിമാനായ'ശക്തന് തമ്പുരാന് അറിഞ്ഞു. കാര്യസ്ഥന് ശുപാര്‍ശയുമായി തന്റെ അടുക്കല്‍ വരുന്നതിന് മുമ്പ്തന്നെ ആ ഈഴവനെ വെടിവെച്ചു കൊല്ലുവാന്‍ ശക്തന് തമ്പുരാന് നിര്‍ദ്ദേശം കൊടുക്കുകയും അതു പ്രകാരം വലിയ കപ്പിത്താന് ആ ഈഴവനെ വെടിവെച്ചുകൊല്ലുകയും ചെയ്തു. അതി വിദഗ്ദ്ധമായി ക്രൂരത പ്രവര്‍ത്തിച്ചിട്ട്, ഞാനിതൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ശക്തന് തമ്പുരാന് കാര്യസ്ഥനോട് ഗീര്‍വാണമടിക്കുകയും ചെയ്തു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ തൊട്ടതിന് വെടിവെച്ചു കൊല്ലുക എന്ന നിന്ദ്യവും നീചവും നികൃഷ്ടവുമായ പ്രവര്‍ത്തി ചെയ്ത നീച സംസ്കാരത്തെ ഉന്നത സംസ്കാരമായും സംസ്കാര പൈതൃകമായും കൊട്ടിഘോഷിക്കുന്ന ഇത്തരം വിഷമുത്തുകളാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കോര്ത്തിട്ടിരിക്കുന്നത്. ഇത് ഉന്നത സംസ്കാരമാണ് എന്ന് പറയുന്നുവര്‍ക്ക് അങ്ങനെ പറയാം. കാരണം, അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കുകയും പോയകാല ക്രൂരതകളെക്കുറിച്ച് മനസ്സിലാക്കുകയും അതിന്റെയടിസ്ഥാനത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നവര്‍ ഇങ്ങനെ പറഞ്ഞാല്‍ അത് വളരെ മന:പ്രയാസവും പ്രതിഷേധവുമുണ്ടാക്കുന്ന കാര്യമാണ്.
'മാതൃഭൂമി ബുക്സ്'പ്രസിദ്ധീകരിച്ച, ഐതിഹ്യമാലയുടെ ഇംഗ്ളീഷ് പരിഭാഷയുടെ പ്രകാശനച്ചടങ്ങില്എം.കെ.സാനു ഐതിഹ്യമാലയെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. എം.കെ.സാനു പറഞ്ഞ കുറെ കാര്യങ്ങള്‍ രണ്ട് അര്‍ത്ഥത്തില്‍ വായിക്കാം. എന്നാല്‍, ഐതിഹ്യമാലയ്ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടന്നും ഈ കൃതി ജന്മാന്തര സ്മൃതികളെ മനസ്സിലെത്തിക്കുകയും ചെയ്യുന്നുവെന്നും വിശ്വ ചരിത്രങ്ങള്‍ എഴുതുന്നവര്‍ പോലും ഐതിഹ്യങ്ങളെയാണ് ആശ്രയിക്കുന്നതുമെന്നൊക്കെ എം.കെ.സാനു പറയുകയുണ്ടായി('മാതൃഭൂമി',14.08.2011).
ഇതിലെന്തു ജന്മാന്തര സ്മൃതികളാണുള്ളത്? മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത നീച സംസ്കാരത്തെ പ്രകീര്‍ത്തിക്കുന്ന കൊട്ടാരനുണകള്‍ ചരിത്രമാക്കണമെന്നാണോ എം.കെ.സാനു പറയുന്നുത്. ആനയെയും കാളയെയും കുരങ്ങനെയുമൊക്കൊ ബഹുമാനിച്ചാദരിക്കുമ്പോള് പോലും ഒന്നും രണ്ടും മൂന്നും ജാതിയില്‍ ജനിച്ചതല്ല എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ മനുഷ്യരെ നികൃഷ്ട ജീവികളായി കണക്കാക്കുന്ന നീച സംസ്കാരത്തിന് ഓശാന പാടുന്നത് മാനവിക നിലപാടില്‍നിന്നു നോക്കുമ്പോള്‍ ഗുരുതരമായ കുറ്റകൃത്യമായെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. ശൂദ്രസ്ത്രീയുടെ സാധനം ശുദ്ധമാണെന്നും അതുവഴി വരുന്ന സന്താനം അശുദ്ധമാണെന്നും പറയുന്ന-നാലാമത്തെ പുത്രന് ശൂദ്ര സ്ത്രീക്ക് ജനിച്ചതു കാരണം മറവുള്ള സ്ഥലത്തു വച്ചാണ് ആ മകന് ഗോവിന്ദ സ്വാമികള്‍ മഹാഭാഷ്യം പഠിപ്പിച്ചത് എന്ന് 'മഹാഭാഷ്യം'എന്ന ഐതിഹ്യത്തില്‍ പറയുന്നുണ്ടല്ലോ-വര്‍ണവെറി സിദ്ധാന്തമെങ്ങനെയാണാവോ ജന്മാന്തര സ്മൃതിയാകുന്നത്?
അവനും അങ്ങുന്നും
ആളെ ജാതിയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് സംബോധന ചെയ്യേണ്ടതെന്നാണ് 'ഐതിഹ്യമാല'പഠിപ്പിക്കുന്നത്. വയസ്സല്ല വര്‍ണംതന്നെയാണ് മാനദണ്ഡമാക്കേണ്ടത്! ഗോപാലന് എന്ന 'ചരിത്രകരി'യുടെ പോരിശ വര്‍ണിക്കുന്നിടത്ത് കണക്ക സമുദായത്തില്‍പ്പെട്ട ഒരാളെ പരാമര്‍ശിക്കുന്നുണ്ട്. 'കണക്കന് ശങ്കരന് എന്നൊരുവന്‍'എന്നാണ് പ്രയോഗം. അവണങ്ങാട്ടു പണിക്കരുടെ ബഡായികളെക്കുറിച്ചു പറയുന്നിടത്ത് ഒരു ഈഴവനെപ്പറ്റി പറയുന്നുണ്ട്. ആ ഈഴവനും 'അവന്'മാത്രം! കായംകുളം കൊച്ചുണ്ണിയുടെ അമ്മായിയമ്മയെ 'അവന്റെ ഭാര്യയുടെ തള്ള'എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വെള്ളൊടു നമ്പൂതിരിയുടെ ധീര കൃത്യങ്ങളെക്കുറിച്ചുള്ള ഐതിഹ്യത്തില്‍ ഒരു വാണിയനെക്കുറിച്ച് പറയുന്നുണ്ട്. ആ വ്യക്തിയും 'അവന്' തന്നെ. എന്നാല്‍ പതിനാലുകാരനായ പിലാമന്തോള്‍ മൂസ്സിനെ 'അവിടുന്ന്'എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. 'പിലാമന്തോള്‍ മൂസ്സ്'എന്ന ഐതിഹ്യത്തിലെ വിവരണം നോക്കുക: ''....ഏകദേശം പതിനാലു വയസ്സു മാത്രം പ്രായമായ ഒരു ഉണ്ണിമൂസ്സു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഉപനയനവും സമാവര്‍ത്തനവും കഴിഞ്ഞിരുന്നുവെങ്കിലും വൈദ്യ വിഷയവുമായി യാതൊന്നും അവിടുന്നു പഠിച്ചിരുന്നില്ല''. ഏറെ പ്രായമായവരെ അവനെന്നും അവളെന്നും തള്ളയെന്നുമൊക്കെ സംബോധന ചെയ്യുമ്പോള്‍ പതിനാലു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയെ 'അവിടുന്നാ'ക്കുന്ന സംസ്കാരത്തെ മഹദ്വല്‍ക്കരിക്കാന്‍ 'തമ്പുരാന്മനസ്സു'ള്ളവര്‍ക്കും 'അടിയന്മനസ്സു'ള്ളവര്‍ക്കും സാധിക്കും. എം.കെ.സാനുവിനും അതിനു സാധിക്കുമേന്നോ?!
..................