My Blog List

Monday, October 24, 2011

കോണ്‍ഗ്രസ്സുകാരുടെ 'യോദ്ധാസംസ്‌കാരം'!


മക്തബ് സായാഹ്ന പത്രം, 20.10.2011.


       പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസ്സുകാരനായ സജി മരൂര്‍ എന്ന തിയ്യബ്രാഹ്മണന്‍ മുമ്പത്തെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ പട്ടികജാതിക്കാരായിരുന്നതിന്റെ പേരില്‍ അയിത്തം കാണിച്ചതിനെക്കുറിച്ച് ഞാന്‍ 24.11.2010 ലെ 'മക്തബില്‍' എഴുതിയത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. ജാതിമൂലം ഏറെ പീഢനങ്ങളനുഭവിച്ചവര്‍ തന്നെയാണ് കേരളത്തിലെ തിയ്യ/ഈഴവ വിഭാഗവും. സാമൂഹിക വിപ്‌ളവകാരികള്‍ പടപൊരുതി നേടിയെടുത്ത സ്വാതന്ത്ര്യംകൊണ്ട് ഈ വിഭാഗത്തിന് ഇപ്പോള്‍ ഏറെക്കുറെ പരിഗണന കിട്ടിത്തുടങ്ങി. പക്ഷേ, ഈ തിരിച്ചറിവില്ലാത്ത പലരും സ്വയം ഈഴവ/തിയ്യബ്രാഹ്മണരായി മാറുകയാണ്. ഇത്തരത്തില്‍പ്പെട്ട ഒരു ഈഴവബ്രാഹ്മണനാണ് സജി മരൂര്‍. സജി മരൂരിന്റെ രക്തം തന്നെയാണ് കേരളത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരുടെയും ഞരമ്പുകളിലൂടെ മത-ജാതി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മതത്തിനെ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വം തന്നെയാണ്. മതം മാറിയാലും മിക്കവരും ജാതി മാറിയിട്ടില്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
           കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഈയിടെ അരങ്ങേറിയ സംഭവം ഇതിനെ ഒന്നുകൂടി ശരിവയ്ക്കുന്നു. കണ്ണൂര്‍ ഡി.സി.സി.പ്രസിഡണ്ട് കെ.പി.രാമകൃഷ്ണനെ ജാതി പറഞ്ഞ് ആക്ഷേപിച്ച് ചില കോണ്‍ഗ്രസ്സുകാര്‍ തളിപ്പറമ്പില്‍ പോസ്റ്റര്‍ പതിച്ചുവെന്നാണ് വാര്‍ത്ത(മക്തബ്, 07.10.2011). കെ.പി.രാമകൃഷ്ണനും കോണ്‍ഗ്രസ്സുകാരും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് ഈ ലേഖകന് അറിയില്ല. ഇത്തരം വാര്‍ത്തകളില്‍ കാര്യമായി ശ്രദ്ധ കൊടുക്കാറില്ല. ഒരുപക്ഷേ തെറ്റ് രാമകൃഷ്ണന്റെ ഭാഗത്തായിരിക്കാം. എങ്കിലും ഒരു വ്യക്തിയെ വിമര്‍ശിക്കുമ്പോള്‍ അത് ഒരിക്കലും ആ വ്യക്തിയുടെ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ വര്‍ണം നോക്കിയാകരുത്. പക്ഷേ, വര്‍ണവെറിയന്മാര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലല്ലോ. സജി മരൂരിന്റെ രക്തം ഞരമ്പുകളിലൂടെ ഓടുന്ന ഇക്കൂട്ടര്‍ക്കുള്ളത് ഒരുതരം 'യോദ്ധാ സംസ്‌കാരം'ആണല്ലോ. 
          മോഹന്‍ ലാലും ജഗതി ശ്രീകുമാറുമൊക്കെ അഭിനയിച്ചതും ഏറെ പണം കൊയ്തതുമായ ഒരു സിനിമയാണ് 'യോദ്ധ'. ജാതി വിവേചനത്തിനെതിരെ രംഗത്തു വന്ന ശ്രീബുദ്ധന്റെ പാരമ്പര്യത്തിന്റെ കണ്ണിയെന്ന് അവകാശപ്പെടുന്ന ഒരു കൊച്ചുകുട്ടി ഈ സിനിമയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. അപ്പുക്കുട്ടന്‍ എന്നാണ് ജഗതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ ജഗതിയെ ഈ കൊച്ചുകുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. 'അപ്പുക്കുട്ടന്‍'എന്നതിനു പകരം മലയാളമറിയാത്ത കൊച്ചുകുട്ടി പറയുന്നത്'അമ്പട്ടന്‍'എന്നാണ്. ഇതുകേട്ടപ്പോള്‍ ജഗതിയുടെ ഭാവം മാറി. അപ്പോള്‍ ലാല്‍ ജഗതിയെ സമാധാനിപ്പിച്ചു. 'അമ്പട്ടന്‍'എന്നു പറഞ്ഞാല്‍ നേപ്പാളി ഭാഷയില്‍ 'അപ്പുക്കുട്ടന്‍'എന്നാണ് അര്‍ത്ഥം എന്നായിരുന്നു ലാലേട്ടന്റെ വിശദീകരണം.
        വളരെ ബോധപൂര്‍വ്വം തന്നെയാണ് സിനിമാക്കാരന്‍ ഈ രംഗമൊരുക്കിയത്. ക്‌ളീന്‍ ഷേവ് ചെയ്ത് ഒരു വെട്ടുകത്തികൊണ്ട് താടി വടിക്കുന്നത് പോലെ ആക്ഷന്‍ കാണിച്ചായിരുന്നു ജഗതിയുടെ വരവ്. 'അമ്പട്ടന്‍'എന്നു കേട്ടപ്പോള്‍ ഭാവം മാറുകയും ജഗതി കത്തി താഴ്ത്തുകയും ചെയ്തു. ജാതി വിവേചനത്തിനെതിരെ രംഗത്തുവന്ന ശ്രീബുദ്ധ സംസ്‌കാരത്തിന്റെ പ്രതിനിധിയാണെന്നവകാശപ്പെടുന്ന ഒരു കുട്ടിയെക്കൊണ്ടാണ് സിനിമാക്കാരന്‍ ജാതിപരമായ ഈ ആക്ഷേപ വാക്ക് പറയിപ്പിച്ചിരിക്കുന്നത്. 'തമാശ'കേട്ട് നമ്മള്‍ ഭൂരിഭാഗം പേരും ചിരിച്ചു. കാരണം, നമ്മള്‍ ഭൂരിഭാഗം പേരും 'അമ്പട്ടന്മാര്‍'അല്ലല്ലോ.
         ബാര്‍ബര്‍മാരെ ആക്ഷേപിച്ചു വിളിക്കുന്ന പേരാണ് അമ്പട്ടന്‍ അഥവാ അമ്പുട്ടാന്‍. എന്താണാവോ ഇക്കൂട്ടര്‍ സമൂഹത്തിന് ചെയ്ത ദ്രോഹം? 'ബാര്‍ബര്‍മാരും ടൈലര്‍മാരും മനുഷ്യരെ സുന്ദരന്മാരാക്കുന്നു'എന്ന് ഒരു ആംഗലേയ സാഹിത്യകാരന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ലാലിനെയും ജഗതിയെയുമൊക്കെ സുന്ദരന്മാരാക്കുന്നതാണോ ഇവര്‍ ചെയ്ത തെറ്റ്? 'നാടു ഭരിക്കാന്‍ അറിയില്ലെങ്കില്‍ താടിവടിക്കാന്‍ പൊയ്ക്കൂടെ'എന്ന മുദ്രാവാക്യം ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്; മലപ്പുറത്തെ ബാര്‍ബര്‍മാരില്‍ ബഹുഭൂരിപക്ഷവും അണിനിരന്ന പാര്‍ട്ടിക്കാരില്‍ നിന്നുതന്നെ.
       കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഒരിക്കല്‍ അതിഥിയായി അമേരിക്കയില്‍ പോയി. അവിടുത്തെ ഒരു ഉയര്‍ന്ന ഉദേ്യാഗസ്ഥനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. മുടിവെട്ടാനുള്ളതുകൊണ്ട് പോകാന്‍ ധൃതിയുണ്ടെന്ന് അദ്ദേഹം ആ ഉദേ്യാഗസ്ഥനോട് പറഞ്ഞു. അപ്പോള്‍ ആ ഉദേ്യാഗസ്ഥന്‍ ഇങ്ങനെ പറഞ്ഞുവെത്ര. 'മുടിവെട്ടാന്‍ പോകാന്‍ താങ്കള്‍ ധൃതികൂട്ടേണ്ട. എന്റെ മകള്‍ ഈ വിഷയത്തില്‍ ഡിഗ്രി നേടിയവളാണ്. അവള്‍ താങ്കളുടെ മുടി വെട്ടിത്തരും'. ആ ഉയര്‍ന്ന ഉദേ്യാഗസ്ഥന്റെ മകള്‍ ആ രാഷ്ട്രീയ നേതാവിന്റെ മുടി വെട്ടിക്കൊടുത്തുവത്രെ. എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യമാണിത്. ഏറെ പുരോഗമിച്ചു എന്നു പറയുന്ന കേരളീയര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ നൂറ്റാണ്ടുകള്‍തന്നെ വേണ്ടി വരുമെന്നു പറഞ്ഞാല്‍ അത് അത്രമാത്രം അതിശയോക്തിയാവില്ല.
    'അമ്പട്ടാ രാജി വെച്ച് പുറത്ത് പോകുക'എന്ന് രാമകൃഷ്ണനെതിരെ പോസ്റ്റര്‍ പതിച്ച, നിന്ദ്യവും നീചവും നികൃഷ്ടവുമായ മനസ്സുള്ള കോണ്‍ഗ്രസ്സുകാര്‍ ഏതു മതേതരത്വത്തിലും ജാതേ്യതരത്വത്തിലും സോഷ്യലിസത്തിലുമാണാവോ വിശ്വസിക്കുന്നത്? ഡോ:ബി.ആര്‍.അംബേദ്കര്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ അയിത്താചരണം നിരോധിച്ചിട്ടുണ്ട്. അയിത്തം കാണിച്ചാല്‍ ശിക്ഷിക്കാന്‍ നിയമവും ഉണ്ടാക്കിയിട്ടുണ്ട്. ഈ പോസ്റ്റര്‍ പതിച്ച വര്‍ണവെറിയന്മാരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
      ഈ 'യോദ്ധാ സംസ്‌കാരം' കോണ്‍ഗ്രസ്സുകാരുടെ മാത്രം സംസ്‌കാരമല്ലകെട്ടോ. മിക്ക കേരളീയന്റെയും സംസ്‌കാരമാണിത്. ഇടതുപക്ഷ ചാനലായാണല്ലോ 'കൈരളി'യെ വിശേഷിപ്പിക്കാറ്. അതിലൊരിക്കല്‍ ഒരു 'തമാശ'പ്പരിപാടിയുണ്ടായി. ഒരു യുവാവ് നൃത്തം ചെയ്യുകയാണ്. കൈകൊണ്ട് പ്രതേ്യക രീതിയില്‍ ആംഗ്യം കാണിച്ചായിരുന്നു നൃത്തം. അപ്പോള്‍ ഒരുത്തന്‍ 'തമാശ' പറയുകയാണ്- 'ഓ,അപ്പോള്‍ ഇതായിരുന്നു പണിയല്ലേ'. കത്രികകൊണ്ട് മുടി മുറിക്കുന്നതുപോലെ വിരല്‍ ചലിപ്പിച്ചായിരുന്നു ആ യുവാവ് നൃത്തം ചെയ്തിരുന്നത്. ബാര്‍ബര്‍ എന്ന തൊഴിലാളി വര്‍ഗ്ഗത്തിനോടെടുക്കുന്ന 'കൈരളി സംസ്‌കാരം' ഇതാണെങ്കില്‍ 'ജയ്ഹിന്ദ് സംസ്‌കാരം' മറിച്ചാകുമോ ?!!
...............

17 comments:

vettathan said...

എന്തൊക്കെ കുറ്റം പറയാന്‍ ഉണ്ടെങ്കിലും അമേരിക്കക്കാര്‍ ജോലിക്ക് കൊടുക്കുന്ന ബഹുമാനം കണ്ടു പഠിക്കേണ്ടതാണ്.എല്ലാ ജോലിയും ഒരുപോലെ മാന്യമായ സമൂഹത്തില്‍ ജോലിയുടെ അടിസ്ഥാനത്തില്‍ ജാതിയുമില്ല.നമ്മുടെ നാട്ടില്‍, ജാതി പറഞ്ഞു വിവേചനം കാണിക്കുന്നു എന്ന് പരാതിപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും അവരുടെ കീഴ് ജാതിക്കാരെ വില കുറച്ചു കാണുന്നവരാണ്.ജോലിയും സാംബത്തികാഭിവൃധിയും മാത്രമേ പരിഹാരമുള്ളൂ.

വിധു ചോപ്ര said...

ഇതൊരല്പം ആലോചിക്കാനുള്ള വിഷയമാണ്. ഉയർന്ന ജാതിയിൽ പെട്ട ഞാനിതിൽ വല്ലതും പറഞ്ഞ് അലമ്പുണ്ടാക്കുന്നില്ല. ഏതായലും പോസ്റ്റ് ഇഷ്ടപ്പെട്ടു. പോസ്റ്റ് ഇടുന്ന സമയത്ത് ശ്രീ ശങ്കര നാരായണൻ അനുഭവിച്ചിരുന്ന അമർഷം അതു പോലെ പോസ്റ്റിലും പ്രകടമായിട്ടുണ്ട്.
ബി.പി യുടെ മരുന്നൊക്കെ ഉണ്ടല്ലൊ?
സ്നേഹപൂർവ്വം വിധു

Anonymous said...

ജാതി ഒരു വിഷയമാവുമ്പോൾ ,പ്രത്യശാസ്ത്രത്തിന്റെ തോടു പൊട്ടിച്ച് പുറത്തുചാടും.ഒരു ജാതി ഒരു മതം പറഞ്ഞ ഗുരുവിന്റെ അനുയായികളുടെ അവസ്ഥ ഇതാണങ്കിൽ,ജാതിക്കെതിരെ നിലപാടില്ലാത്ത,അയിത്തത്തിനെതിരെ മാത്രം നിലപാടെടുത്ത മഹാത്മാവിന്റെ അനുയായികൾ അങ്ങനെ ചിന്തിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.

ajith said...

സിംഗപ്പൂരില്‍ ഞങ്ങളുടെ താമസസ്ഥലത്ത് ഒരു നായരു ചേട്ടനായിരുന്നു ബാര്‍ബര്‍. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടെ ക്യാമ്പില്‍ പലരും അങ്ങോട്ടുമിങ്ങോട്ടും മുടി വെട്ടിക്കൊടുക്കാറുണ്ട്. ആര്‍ക്കും ഒരു കുഴപ്പവുമില്ല.

ശ്രീനാഥന്‍ said...

വളരെ വലിയവർ എന്ന് അറിയപ്പെടുന്ന പലരിൽ പോലും ജാതി ഉണ്ടെന്നു കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്! നന്നായി ലേഖനം. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസംസ്ഥാനം!

Lipi Ranju said...

കഷ്ടമാണ് നമ്മുടെ നാടിന്റെ കാര്യം ! ജാതിയും തൊഴിലും നോക്കി മനുഷ്യരെ തരം
തിരിക്കുന്നതിനെ എന്താണ് പറയേണ്ടത് ! ആലോചിച്ചാല്‍ വെറുതെ രക്തം തിളയ്ക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍ ! പോസ്റ്റ്‌ ഇഷ്ടായി മാഷേ...

Vipin K Manatt (വേനൽപക്ഷി) said...

ലോകം പുരോഗമിക്കുന്നുണ്ട്‌.ശാസ്ത്രം വളരുന്നുണ്ട്. സാക്ഷരത കുതിച്ചുയരുന്നുണ്ട്‌.ഇതൊക്കെയുണ്ടെങ്കിലും ചിലരുടെ ചിന്തകളും വിവേചന ബുദ്ധിയും പൊടിപിടിച്ചതും കാലപ്പഴക്കം ചെന്നതുമാണ്. അവര്‍ ഇന്നും ജാതിയും മതവും മനുഷ്യരെ തരം തിരിക്കാനുള്ള ഉപകരണമാക്കുന്നു.
നല്ല ലേഖനം മാഷേ.

ChethuVasu said...

അപരിഷ്ക്രുതര്‍ ആയ ഒരു ജന സമൂഹത്തിന്റെ അപരിഷ്കൃത മനസ്സില്‍ സ്വാഭാവികമായി വരുന്ന ഒരു വികാരമാണ് ജാതി വിവേചന ചിന്ത . മനസിലാക്കേണ്ട ഒരു കാര്യം ഇവിടെ നമ്മള്‍ പരിഷ്കൃതര്‍ ആണെന്ന് സ്വയം തെറ്റിദ്ധരിപ്പിക്കുന്നതില്‍ നമ്മള്‍ വിജയിച്ചിരിക്കുന്നു എന്നതാണ് . അത് കൊണ്ട് ഒരു അപരിഷ്കൃത പ്രവൃത്തി ചെയ്യുന്നതിന്റെ ലജ്ജയോ സ്വയം ഇകഴ്ത്താലോ അത് ചെയ്യുന്ന ആളില്‍ വരികയില്ല എന്നാണു .

എട്ടസും കൂടുതല്‍ ഗോത്ര സ്വഭാവങ്ങള്‍ നിലനിര്തുന്നവര്‍ ഏറ്റവും അപരിഷ്ക്രുതര്‍ ആയിരിക്കും , കാരണം മുന്‍കാലത്ത് നിന്നുള്ള മട്ടമാനല്ലോ പരിഷ്കരണം . അത് സ്മ്ഭാവിക്കതിരിക്കുമ്പോള്‍ സ്വാഭാവികമായും പഴയ അപരിഷ്ക്രുതയെ അയാള്‍ കയ്യോഴിയുന്നില്ല (എന്ന് മാത്രമല്ല ആവേശത്തോടെ നെഞ്ചില്‍ ഏറ്റുന്നു). താന്‍ വളരെ പുരാതനമായ തറവാട്ടിലെ അംഗമാനെന്നോ , വളരെ പഴക്കമുള്ള ഒരു പാരമ്പര്യത്തിന് ഉടമയാണ് എന്ന് പറയുമ്പോള്‍ അപരിഷ്കൃതമായ പഴയ കാല ഗോത്ര വര്‍ഗ്ഗ സ്വഭാവത്തെ അയാളും അയാളുടെ സമൂഹവും നിലനിര്‍ത്തിക്കൊണ്ട് വരുന്നു എന്ന് സാരം ..! അതയാള്‍ തിരിച്ചരുന്നുള്ള എന്നത് അയാളുടെ ബുദ്ധിപരമായ പാപ്പരത്തം - വിഡ്ഢിത്തം .

അങ്ങനെ വിഡ്ഢികള്‍ വേഷം കെട്ടി നടക്കുകയും കാടന്‍ സ്വഭാവങ്ങള്‍ കൈവിടാതെ കൊണ്ട് നടക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികം

കൊമ്പന്‍ said...

ജാതീയത അഹങ്കാരികളുടെ ലക്ഷണം
കട്ട് തിന്നുന്ന രാഷ്ട്രീ യക്കരനക്കാലും എത്രയോ?
ഉന്നതന്‍ മുടി വെട്ടി അരിവാങ്ങുന്ന തൊഴിലാളി ആണ്

Echmukutty said...

ജാതിയും മതവും എല്ലാവർക്കും സ്വന്തം തൊലി പോലെയാണ്. മിശ്രവിവാഹം കഴിച്ചവർ കുറച്ച് കഴിയുമ്പോൾ ചെയ്ത തെറ്റോർത്ത് സങ്കടപ്പെടുന്നത് കണ്ടാൽ കരയാൻ തോന്നും. അച്ഛന്റെ ജാതിയിൽ ജനിച്ച (പൂർണ്ണമായും ആ ജാതിയാവണം) ഒരു പെൺകുട്ടിയെ മതി കല്യാനം കഴിയ്ക്കാൻ എന്ന് ഒരു മിശ്രവിവാഹിതരുടേ മകൻ ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു. അമ്മയുമച്ഛനും തല കുലുക്കുകയും ചെയ്തു.

ജാതി വിട്ടൊരു കളിയില്ല. മതം വിട്ട് ഒരു ജീവിതവും ഇല്ല. അതു കോൺഗ്രസ്സായാലും കൊള്ളാം കമ്യൂണിസ്റ്റയാലും കൊള്ളാം. അതു വേണ്ടാന്നുവെച്ചാൽ തൊലിയെങ്ങാനും ചീന്തിപ്പോയാലോ എന്ന പേടിയാണ്. പിന്നെ ഞാൻ മുകളിൽ ഞാൻ മുകളിൽ എന്നു പറയുമ്പോൾ ഒരു സുഖം തന്നെ എല്ലാവർക്കും...
പോസ്റ്റ് നന്നായി കേട്ടോ.

MOIDEEN ANGADIMUGAR said...

'അമ്പട്ടാ രാജി വെച്ച് പുറത്ത് പോകുക'എന്ന് രാമകൃഷ്ണനെതിരെ പോസ്റ്റര്‍ പതിച്ച, നിന്ദ്യവും നീചവും നികൃഷ്ടവുമായ മനസ്സുള്ള കോണ്‍ഗ്രസ്സുകാര്‍ ഏതു മതേതരത്വത്തിലും ജാതേ്യതരത്വത്തിലും സോഷ്യലിസത്തിലുമാണാവോ വിശ്വസിക്കുന്നത്?

സുശീല്‍ കുമാര്‍ said...

ശങ്കരേട്ടന്‍ നന്നായി പറഞ്ഞിരിക്കുന്നു. ഇവിടെ പരാമര്‍ശിച്ചതുപോലുള്ള പ്രയോഗങ്ങള്‍, അത് പ്രയോഗിക്കുന്നവര്‍ പലപ്പോഴും അതിന്റെ അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊണ്ടിട്ടാകില്ല ഉപയോഗിക്കുന്നത് എന്നതാണ്‌ വസ്തുത. ഈ ചിന്താഗതികള്‍ കാലങ്ങളിലൂടെ സമൂഹത്തിന്റെ പൊതു ബോധമായി മാറിയിരിക്കുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

അല്ല, സുശീല്‍ കുമാര്‍. ബോധപൂര്‍വ്വം തന്നെയാണ്. പ്രസ്തുത വ്യക്തി കാവുതീയ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്.

മുക്കുവന്‍ said...

എല്ലാ നായന്മാരും അവരുടെ പേരിന്റെ അവസാനം നായര്‍ ചേര്‍ക്കുന്നു എന്തിനാ? നമ്പൂതിരിയും അങ്ങനെ തന്നെ.. പക്ഷേ ഒരു പുലയനോ,പറയനോ അമ്പട്ടനോ അങ്ങനെ ചെയ്യുന്നില്ലാ‍ാ എന്തെ? സമൂഹത്തില്‍ അങ്ങനെ ഒരു വാലെഴുതുമ്പോള്‍ അവന്‍ തന്നെ വിളിച്ചോതുന്നുണ്ട് ഞാനൊരു ഉന്നതകുലത്തില്‍ പെട്ടവനെന്ന്.. ഇത് ആദ്യം നിര്‍ത്തലാക്കിയാല്‍ പകുതി ശരിയാവുമ്മെന്നാണെനിക്ക് തോന്നുന്നത്!

ജിത്തു said...

ശങ്കരേട്ടന്‍റെ ആത്മ രോഷം മനസിലാകുന്നുണ്ട് ഈ പോസ്റ്റ് വായിക്കുംബോള്‍ , ജാതി നോക്കി വേര്‍തിരിവു കാടുന്ന അനേകം മാന്യന്മാര്‍ നമുക്ക് ചുറ്റും ഉണ്ട് , ഇക്കൂട്ടര്‍ അത്ര പെട്ടെന്ന് ഒന്നും ഈ ശീലം മാറ്റുമെന്ന് തോനുന്നില്ല

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി!

ശ്രീജിത് കൊണ്ടോട്ടി. said...

പ്രസക്തമായ പോസ്റ്റ്‌...