My Blog List

Friday, March 27, 2015

മദ്യപാനം ഒരു മനോരോഗം

ചുട്ടെഴുത്ത് മാസിക, ലക്കം 6, മാര്‍ച്ച് 2015
  മദ്യപിക്കുക എന്നതിലല്ല കാര്യമായ കാര്യം. മദ്യപിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്നതിലാണ് കാര്യമായ കാര്യം കിടക്കുന്നത്. കാരണം, മദ്യപിക്കുക എന്നത് ആളായി; ആണായി; തന്റേടിയായി; വിപ്‌ളവകാരിയായി എന്നൊക്കെയുള്ള തോന്നലില്‍ നിന്നുണ്ടാകുന്നതാണ്, ലഹരി കയറാത്ത ശുദ്ധ ഭാഷയില്‍ പറഞ്ഞാല്‍ കൗമാര-യൗവ്വന കാലത്തുണ്ടാകുന്ന ഒരുതരം അപകര്‍ഷതാ ബോധത്തില്‍ നിന്നാണ് മദ്യപിക്കാനുള്ള താല്പര്യം തുടങ്ങുന്നത്. വാസ്തവത്തില്‍ മദ്യപാനം ഒരു മനോരോഗമാണ്. കൗമാര-യൗവ്വന കാലത്താണല്ലോ നിലവിലുള്ള രീതികളെ ധിക്കരിക്കാനും എന്തുമേതും എടുത്തുചാടി ചെയ്യാനുമുള്ള പ്രവണതയുണ്ടാകാറുള്ളത്.
ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒറ്റക്ക് ആരെയും അറിയിക്കാതെ വളരെ രഹസ്യമായി ആരും ആദ്യമായി മദ്യം കഴിച്ചിട്ടില്ല. തീര്‍ച്ചയായും ഒരു കൂട്ടുണ്ടാകും; കൂട്ടുകാരുടെ പ്രേരണയുണ്ടാകും; കുടിച്ച കാര്യം മറ്റൊരുത്തനെയെങ്കിലും അറിയിക്കുകയും ചെയ്യും. മറ്റൊരാളുടെ പ്രേരണയില്ലാതെ അല്ലെങ്കില്‍ മറ്റുള്ളവര്‍ കാണിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന ആവേശംകൊണ്ടല്ലാതെ ഒരിക്കലും ഒരാള്‍ മദ്യപിക്കില്ല. മദ്യപാനം മാന്യന്മാര്‍ക്കു ചേര്‍ന്ന പരിപാടിയല്ലെങ്കിലും മദ്യപാനത്തിന് സമൂഹത്തില്‍ ഒരു മാന്യത നിലനില്‍ക്കുന്നുണ്ട്. പുരുഷന്റെ ലക്ഷണമായാണ് മദ്യപാനത്തെ കാണുന്നത്. സമൂഹത്തില്‍ അതിശക്തമായ പുരുഷാധിപത്യ ചിന്ത നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഞാനൊരു പുരുഷനായി എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് മദ്യപാനം തുടങ്ങുന്നത്.
ആണത്തത്തിന്റെ ലക്ഷണമല്ല; ആര്‍ജ്ജവമില്ലായ്മയുടെ ലക്ഷണം
       കുറച്ചുപേര്‍ കൂടുമ്പോള്‍ 'എന്നാല്‍ നമുക്കൊന്ന് കൂടാമല്ലേ' എന്ന ചോദ്യത്തിന് എതിരു നില്‍ക്കുന്നവനെ പുരുഷനല്ലാത്തവനെന്നും പേടിത്തൊണ്ടനെന്നുമൊക്കെയാണ് മറ്റുള്ളവര്‍ വിശേഷിപ്പിക്കാറ്. ഇങ്ങനെ വിശേഷിപ്പിക്കുന്നവര്‍ മുമ്പ് 'പുരുഷത്വമില്ലാത്തവരും പേടിത്തൊണ്ടന്മാരും' ആയിരുന്നു. ഈ വിശേഷണം തനിക്ക് അപമാനകരമാണ് എന്നു തോന്നിയതുകൊണ്ട് അവര്‍ 'പുരുഷന്‍' ആകാന്‍ തീരുമാനിച്ചു. ഇങ്ങനെ 'തനിപുരുഷന്മാരായവര്‍' മറ്റുളളവരെയും 'പുരുഷന്മാ'രാക്കുന്നു! മറ്റുള്ളവര്‍ ഇതിനു വിധേയരാകുന്നു. വാസ്തവത്തില്‍ ഇതില്‍ ആണത്തവും ആര്‍ജ്ജവവുമൊന്നുമില്ല. മനസ്സുറപ്പില്ലായ്മയുടെയും അടിമ മനസ്സിന്റെയും വിധേയ മനസ്സിന്റെയും കീഴടങ്ങലിന്റെയും ലക്ഷണമാണിത്. തെറ്റായൊരു കാര്യത്തിന് നാലാള്‍ വിളിക്കുമ്പോള്‍ അവരോടൊപ്പം കൂടുന്നവരുടെ മനസ്സ് ഉറച്ച മനസ്സല്ല. നൂറില്‍ തൊണ്ണൂറ്റൊമ്പതു പേരും തെറ്റായൊരു കാര്യം ശരി എന്നു പറയുമ്പോള്‍ അത് തെറ്റാണെന്നു വിളിച്ചു പറയുന്നതാണ്, ആള്‍ക്കൂട്ട മനസ്സിനെ അംഗീകരിക്കാതിരിക്കലാണ്, അതിനു വിധേയനാകാതിരിക്കലാണ് ഉശിരുള്ള ആണിന്റെ ലക്ഷണം. (വിഷയം ആണുങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടു മാത്രമാണ് ഇങ്ങനെ പറഞ്ഞത്). അല്ലാതെ അവരോടൊപ്പം കൂടി കള്ളുമോന്തുന്നതല്ല ആണത്തം.
കുടിയന്മാര്‍ സ്വാര്‍ത്ഥന്മാര്‍
      തന്‍കാര്യത്തെക്കുറിച്ച് മാത്രമേ കള്ളുകുടിയന്മാര്‍ പൊതുവെ ചിന്തിക്കാറുള്ളൂ. അവര്‍ അമ്മയ്ക്കു മരുന്നിനുള്ള കാശെടുത്തു മാത്രമല്ല അമ്മയുടെ മൃതശരീരത്തിലിടാനുള്ള പട്ടു വാങ്ങാനുള്ള പണം കൊണ്ടും പട്ടയടിക്കും. ഭാര്യയുടെ താലി വിറ്റും കുപ്പി വാങ്ങും. കുടി ശീലമായിക്കഴിഞ്ഞാല്‍ പെഗ്ഗിനുവേണ്ടി ഏതറ്റംവരെ പോകാനും എവിടെയും കയ്യിടാനും അവര്‍ തയ്യാറാകും. ഇതിന് പദവിയോ ബന്ധങ്ങളോ ഒന്നും ഇക്കൂട്ടര്‍ക്ക് തടസ്സമല്ല. വീട്ടിലുള്ളവര്‍ കഞ്ഞി കുടിച്ചോ എന്നൊന്നും അവര്‍ക്ക് അറിയേണ്ടതില്ല. വീട്ടുകാര്‍ കഞ്ഞി കുടിച്ചില്ലെങ്കിലും കൂട്ടുകാര്‍ക്കൊപ്പമിരുന്ന് കുപ്പി പൊട്ടിക്കണം. കുട്ടികള്‍ക്ക് ബുക്ക് വാങ്ങിക്കൊടുത്തില്ലെങ്കിലും കൂട്ടുകാര്‍ക്ക് ബീഫ് വാങ്ങിക്കൊടുക്കും. (കൂട്ടുകാര്‍ക്ക് ബീഫ് ചില്ലി വാങ്ങിക്കൊടുക്കുന്നത് നാളെ ഇങ്ങോട്ട് ചിക്കന്‍ ചില്ലി കിട്ടുമെന്ന പ്രതീക്ഷയിലാണെന്നത് വേറെ കാര്യം!) കള്ളുകുടിയന്മാര്‍ സ്വാര്‍ത്ഥന്മാരാണ് എന്നു പറയുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. സുഖം വരുത്താനാണല്ലോ മദ്യം കഴിക്കുന്നത്. ഈ സുഖം വീട്ടിലെ ഒരാള്‍ക്കു മാത്രം കിട്ടിയാല്‍ മതിയോ? വീട്ടില്‍ കുടിയന്റെ അമ്മയും ഭാര്യയും പെങ്ങളും മകളുമൊക്കെയുണ്ടാവില്ലേ? എന്താ, ഇവര്‍ക്കൊന്നും സുഖിക്കേണ്ടേ? ബ്രാണ്ടികൊണ്ട് വലിയ സുഖം കിട്ടുമെങ്കില്‍ ആ സുഖം ഇവര്‍ക്കുകൂടി നല്‍കേണ്ടതല്ലേ? കുപ്പി വീട്ടില്‍ കൊണ്ടുവന്ന് അമ്മയ്ക്കും (അമ്മയില്‍ ഉമ്മയും അമ്മച്ചിയും ഉള്‍പ്പെടും) ഭാര്യക്കും പെങ്ങള്‍ക്കും മകള്‍ക്കും ഒപ്പമിരുന്നല്ലേ മദ്യം കഴിക്കേണ്ടത്? എന്നിട്ട് അമ്മയെയും ഭാര്യയെയും പെങ്ങളെയും മകളെയും കൂട്ടി ആനന്ദനൃത്തമാടുകയും വേണം.
         പട്ടിണിയും പരിവട്ടവുമൊക്കെ ഒരു പരിധിവരെയെങ്കിലും നമ്മുടെ നാട്ടില്‍ നിന്നു ഇല്ലാതായിട്ടുണ്ട്. എങ്കിലും പട്ടിണി കിടക്കുന്നവരും തലചായ്ക്കാന്‍ ഇടമില്ലാതെ നരകിക്കുന്നവരുമൊക്കെ നമ്മുടെ നാട്ടില്‍ ഇപ്പോഴും ധാരാളമുണ്ട്. ഇക്കൂട്ടരെ ഒരു കൈ സഹായിക്കാന്‍ തയ്യാറാകാതെ മദ്യവും കോഴിയും കഴിക്കുന്നവരും പിന്നെ മദിരാക്ഷിയെ അഴിപ്പിക്കുന്നവരുമെങ്ങനെ പാവങ്ങള്‍ക്കു വേണ്ടി പടപൊരുതുന്നവരാകും? സ്വന്തം ശരീരിക/മാനസിക സുഖത്തിനുവേണ്ടി വലിയ സംഖ്യ ചെലവഴിച്ച് മദ്യപിക്കുന്നവര്‍ക്ക് അവര്‍ ആരായാലും എഴുത്തുകാരനായാലും ആര്‍ട്ട് സിനിമ പിടിക്കുന്ന താടിയുള്ളതും താടിയില്ലാത്തതുമായ ബുദ്ധിജീവിയായാലും 'യ്യോയ്യോ' ന്യൂജനറേഷന്‍ പയ്യന്മാരായിരുന്നാലും വിപ്‌ളവത്തിന്റെ സൂപ്പര്‍ കൊടുമുടിയില്‍ കയറി നില്‍ക്കുന്ന നക്‌സലേറ്റായാലും പരിസ്ഥിതി പറയുന്നവരായാലും സമൂഹത്തിലെ പാവപ്പെട്ടവരെക്കുറിച്ച് പറയാന്‍ ഇക്കുട്ടര്‍ക്കൊന്നും യാതൊരു അര്‍ഹതയുമില്ലതന്നെ. ഇക്കൂട്ടര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ മഹദ്‌വല്‍ക്കരിക്കാന്‍ ആളുകളുള്ളതുകൊണ്ടാണ് ഇക്കൂട്ടര്‍ ആളാകുന്നത്.
കോപ്രായങ്ങള്‍ ശ്രദ്ധതിരിക്കാന്‍ വേണ്ടി
      മദ്യപാനികള്‍ പല കോപ്രായങ്ങളും കാണിക്കാറുണ്ട്. ഇത് കള്ളിന്റെ ലഹരിയില്‍ ചെയ്യുന്നതാണെന്നാണ് പൊതുവെയുള്ള ധാരണ. ലഹരി സംഭവങ്ങള്‍ വളരെക്കുറച്ചേ ഉണ്ടാകൂ. ഭൂരിഭാഗംപേരും താന്‍ കുടിച്ചത് മറ്റുള്ളവരെ അറിയിക്കാനാണ് കോപ്രായങ്ങള്‍ കാണിക്കാറ്. ഒരു തുള്ളി നാവിലുറ്റിക്കുന്നതിന് മുമ്പ് തന്നെ, മദ്യക്കുപ്പി കാണുമ്പോഴേക്കും ചിലര്‍ക്ക് മദമിളകാറുണ്ട്. വെള്ളമടിച്ചാല്‍ ഇങ്ങനെയൊക്കെയാകണമെന്ന മനസ്സിലുള്ള ഉള്‍ബോധമാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. നാട്ടില്‍നിന്നു ഒരിക്കലം കുടിക്കാത്തവര്‍പോലും ഗള്‍ഫില്‍ ചെന്ന് കുടി പഠിക്കാറുണ്ട്. പക്ഷേ, ഇവിടെ കാട്ടുന്ന കോപ്രായങ്ങളൊന്നും അവര്‍ അറബിനാട്ടില്‍ കാണിക്കില്ല. മുറിയില്‍ ചെന്ന് ചുരുണ്ടുകൂടി കൈകള്‍ കാലിനിടയില്‍ തിരുകി കിടക്കും. അവിടെ കോപ്രായം കാണിച്ചാല്‍ വിവരമറിയും.
        ഞാന്‍ നേരിട്ട് കണ്ടൊരു സംഭവം വിവരിക്കട്ടെ. ഒരു ചെറുപ്പക്കാരന്‍ കൂട്ടുകാരോടൊപ്പം ബാറില്‍പ്പോയി മിനുങ്ങി മലപ്പുറം ടൗണില്‍ വന്നു. താന്‍ കുടിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കേേണ്ട. അവന്‍ ആടാനും കുഴയാനും പാടാനുമൊക്കെ തുടങ്ങി. അവനെ അറിയുന്ന ഒരാള്‍ അതു കാണുന്നുണ്ടായിരുന്നു. അയാള്‍ കൊടുത്ത അവന്റെ കരണക്കുറ്റിക്കിട്ട് രണ്ടെണ്ണം. അതുവരെ ആടിക്കുഴഞ്ഞുകൊണ്ടിരുന്ന അവന്റെ ശരീരം ഉപ്പില്‍ ചത്ത പല്ലിയെപ്പോലെ വെറുങ്ങലിച്ചുപോയി. അവന്റെ ഉടല്‍ നിലത്തു കുത്തുനിര്‍ത്തിയ വടിപോലെ സ്റ്റഡിയിലായി.
         എന്റെ അമ്മ പറഞ്ഞ ഒരു സംഭവ കഥയിങ്ങനെ. ഞാന്‍ ജനിക്കുന്നതിനുമുമ്പേ കഥയിലെ നായികയും നായകനും മരണപ്പെട്ടിരുന്നു. നായകന്‍ എന്നും കള്ളുകുടിച്ചു വന്ന് ഭാര്യയെ തെറി പറയുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യും. നായികയുടെ മുടി ചുറ്റിപ്പിടിച്ചു വലിക്കുന്നത് ഒരു സ്ഥിരം കലാപരിപാടിയാണ്. അവര്‍ വേദനകൊണ്ട് കരയും. ഈ വേദന നായകനില്‍ സന്തോഷമുണ്ടാക്കും. ഒരു തിരുവോണ ദിവസം. മാവേലി സുര (മദ്യം) കഴിക്കാത്ത അസുരനാണെങ്കിലും നായകനന്ന് പതിവിലേറെ സുര കുടിച്ചിരുന്നു. അതുകൊണ്ടുതന്നെ മുടിപിടുത്തത്തിന് അന്നു ശക്തി കൂടി. നായിക കരഞ്ഞില്ല. ആ ഓണനാളില്‍ അവര്‍ നായകന്റെ കോണക വാലില്‍ പിടിക്കുകയും അതിശക്തിയോടെ വലിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ, 'കുമ്പിട്ടാല്‍ ഇടുക്കി മുതല്‍ മൂലമറ്റം വരെയുള്ള ഭാഗങ്ങള്‍ കാണുന്ന പാന്റ്‌സും' നീട്ടിയുടുക്കുന്ന മുണ്ടുമൊന്നുമല്ലായിരുന്നു അന്നത്തെ വേഷം. കോണകവും തോര്‍ത്തും മാത്രം. നല്ല തറവാടിയാണെങ്കില്‍ കോണകവാലിനു നീളം കൂടും. തറവാടിയായ നായകന്റെ കോണകവാല്‍ ആവുന്നത്ര ശക്തിയില്‍ നായിക വലിച്ചു. നായകന്റെ ലഹരി അമിത വേഗത്തില്‍ താഴോട്ട് കുതിക്കാന്‍ തുടങ്ങി. നായകന്‍ നായികയോടായി കെഞ്ചിപ്പറഞ്ഞു- 'എന്റെ കോണകം വിടിന്‍'. നായകന് നായികയുടെ മറുപടി-'ആദ്യം എന്റെ മുടി വിടിന്‍'. 'കോണകം വിടിന്‍; മുടി വിടിന്‍', 'കോണകം വിടിന്‍; മുടി വിടിന്‍' എന്ന മുദ്രാവാക്യം അധികം തവണ ആവര്‍ത്തിക്കേണ്ടി വന്നില്ല. നായകന്‍ നായികയുടെ കാര്‍ക്കൂന്തലില്‍ നിന്നു കയ്യെടുത്തു. അതോടെ തറവാടിയായ നായകന്റെ കോണകത്തിനും സ്വാതന്ത്ര്യം കിട്ടി. പിന്നെ നായകന്‍ നായികയുടെ കാര്‍ക്കൂന്തല്‍ പിടിച്ചിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്. ഇതില്‍നിന്നും പഠിക്കേണ്ട പാഠം-പെണ്ണുങ്ങള്‍ക്ക് ഉശിരുണ്ടായാല്‍ ഏതു കോണകക്കുന്തന്മാരായ തറവാടികളും വഴിക്കും വരും എന്നതാണ്.
കോപ്രായങ്ങളും ദ്രോഹങ്ങളും അതിരു കടന്നാല്‍!
       ക്ഷമയുടെ നെല്ലിപ്പലക കണ്ട ചില സ്ത്രീകള്‍ ഇത്തരക്കാരെ സ്വന്തം കൈകളാല്‍ നരകത്തിലേക്ക് പറഞ്ഞയക്കുന്ന സംഭവങ്ങളും ധാരാളം നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പൊരു സംഭവമുണ്ടായി. കള്ളുകുടിയനായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാവുന്നതിലപ്പുറം ഒരു സ്ത്രീ സഹിച്ചു. ഉപദ്രവം സഹിക്കവയ്യാതെ കരഞ്ഞ ആ ഉമ്മയെ നോക്കി ഒരു ദിവസം അടുക്കളയിലെ ചിരവ ചിരിച്ചു. അവര്‍ ചിരവയെടുത്ത് കൊടുത്തു അടി, കെട്ടേ്യാന്റെ തലച്ചോര്‍ പൊതിഞ്ഞ വച്ച കുടക്കയ്ക്ക് മതിവരുവോളം. ആള് അപ്പോള്‍ത്തന്നെ മയ്യത്തായി! ഇത് ഭാര്യ ഭര്‍ത്താവിനെ കൈകാര്യം ചെയ്ത കാര്യം. പെറ്റുവളര്‍ത്തിയ മകനെയാണ് ഒരമ്മ തലക്കടിച്ച് കൊന്ന സംഭവവും ജില്ലയിലുണ്ടായിലുണ്ടായിട്ടുണ്ട്. മദ്യപാനിയും ഉപദ്രവകാരിയുമായ മകന്‍ കാരണം താന്‍ മാത്രമല്ല മകന്റെ ഭാര്യയും അവരുടെ പിഞ്ചുകുട്ടികളും പെരുവഴിയിലാവുകയോ വധിക്കപ്പെടുകയോ ചെയ്യുമെന്നു മനസ്സിലാക്കിയ ആ അമ്മ ഉറങ്ങിക്കിടന്ന മകനെ വണ്ടിയുടെ ലിവര്‍കൊണ്ട് തലക്കടിച്ചു കൊന്നു. മകനെ കൊല്ലാന്‍ തീരുമാനിച്ച കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് ആരോ ചോദിച്ചപ്പോള്‍ ആ അമ്മ പറഞ്ഞ മറുപടി, '.......ട്ടനോട് പറഞ്ഞിരുന്നു' എന്നായിരുന്നുവത്രെ! മരിച്ച ഭര്‍ത്താവിന്റെ ഫോട്ടോയുടെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് പ്രാര്‍ത്ഥിച്ച് അവര്‍ മകനെ കൊല്ലാനുള്ള 'അനുമതി' ഭര്‍ത്താവില്‍നിന്നു വാങ്ങിയിരുന്നത്രെ!!
ആണത്തമെന്ന പോഴത്തം
      ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞ പരിപാടിയാണെന്നാണ് പറയാറ്. ഈ ബോധം തന്നെയാണ് തകരാറും. ആണാവണമെങ്കില്‍ വെള്ളമടിക്കണമെന്ന ബോധം അപകര്‍ഷതാ ബോധത്തില്‍ നിന്നുണ്ടായതാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇല്ല, നല്ല മനക്കരുത്തുള്ളൊരു വ്യക്തിക്ക് (ആണായാലും പെണ്ണായാലും) മദ്യപാനം സ്വഭാവമാക്കാന്‍ സാധിക്കുകയില്ല. ആണത്തമെന്ന വട്ടത്തിനുള്ളില്‍ നിന്നുകൊണ്ടു പറയുകയാണെങ്കില്‍, ആണുങ്ങള്‍ പ്രതികരിക്കേണ്ട എന്തെല്ലാം അരുതായ്മകള്‍ ഇവിടെ നടക്കുന്നുന്നു. (ഇതിനര്‍ത്ഥം പണ്ടിതൊന്നും ഇല്ല എന്നല്ല. ഉണ്ടായിരുന്നു എന്നു മാത്രമല്ല കൂടുതലുമായിരുന്നു). പണം കൊണ്ടും ശരീരം കൊണ്ടും സഹായിക്കേണ്ട എന്തെല്ലാം കാര്യങ്ങളുണ്ട്. സമൂഹത്തെ വെല്ലുവിളിച്ചു ചെയ്യേണ്ട എന്തെല്ലാം കാര്യങ്ങളുണ്ട്. അതൊന്നും കള്ളുകുടിയന്മാരായ 'ആണുങ്ങള്‍' ചെയ്തു കാണാറില്ല. കള്ളുകുടിയന്മാര്‍ക്ക് മതവും ജാതിയുമൊന്നും ഇല്ലെന്നു പറയാറുണ്ട്. കല്ലു വയ്ക്കാത്ത ശുദ്ധ നുണയാണിത്. കുടിക്കുമ്പോഴും മദിക്കുമ്പോഴും ഇതൊന്നും നോക്കില്ല എന്നതു ശരി തന്നെ. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ കുടിയന്‍ മതവും ജാതിയും മാത്രമല്ല ജാതകവും ജാത്യാചാരങ്ങളും മതാചാരങ്ങളുമൊക്കെ വളരെ കണിശമായി നോക്കും. സ്ത്രീധനം എത്ര കൂടുതല്‍ കിട്ടും എന്നും നോക്കും. കാരണം അതും കുടിക്കാനുപയോഗിക്കാമല്ലോ.
'പെണ്‍കുടിയന്മാര്‍'
        'പെണ്‍കുടിയന്മാര്‍' എന്ന പ്രയോഗത്തില്‍ തന്നെ ഒരു സത്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. 'ഞാന്‍ വെറുമൊരു നാടന്‍ പെണ്ണല്ല; എനിക്കും ഉശിരും തന്റേടവുമൊക്കെയുണ്ട് ' എന്ന അപകര്‍ഷതാ ബോധം സ്ത്രീകള്‍ക്കുണ്ടാകുമ്പോഴാണ് ഒരു 'പെണ്‍കുടിയന്‍' എന്ന പെണ്‍കുടിയത്തി ജനിക്കുന്നത്. നിലവിലുള്ള രീതിയെ ലംഘിക്കുക എന്നതിലപ്പുറമൊരു വിപ്‌ളവവും ഇതിലില്ല. വിപ്‌ളവം നടത്തേണ്ടതായ കാര്യങ്ങള്‍ എന്തെല്ലാം വേറെയുണ്ട് നാട്ടില്‍! കുടിയന്‍ അല്ലെങ്കില്‍ കുടിയത്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത് വല്ലപ്പോഴുമൊരിക്കല്‍ മദ്യം കഴിക്കുന്നവരെയല്ല. മദ്യം ഒരു അന്തസ്സിന്റെയും ആണത്തത്തിന്റെയും ആര്‍ജ്ജവത്തിന്റെയും അടയാളമായിക്കണ്ട് മദ്യപാനം ശീലമാക്കിയവരെയാണ്.
കുടിക്കാത്തവരെല്ലാം മാന്യന്മാരല്ല
          ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മദ്യപാനികള്‍ മുഴുവന്‍ മോശക്കാരും മദ്യം കഴിക്കാത്തവരെല്ലാം മാന്യന്മാരുമാണെന്നും അര്‍ത്ഥമില്ല. മദ്യപാനികളിലുള്ളതിലേറെ നല്ലയാളുകള്‍ മദ്യപാനികളല്ലാത്തവരിലാണ് എന്ന സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ മദ്യപാനികളല്ലാത്ത പലരെക്കാളും വളരെ നല്ലയാളുകള്‍ മദ്യപാനികളുടെ കൂട്ടത്തിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നുള്ള മനസ്സിന്റെ തോന്നലില്‍ നിന്നല്ലെങ്കിലും സാഹചര്യവശാല്‍ ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളിലെങ്കിലും, 'മദ്യവിരോധികള്‍'വെറും നോക്കുകുത്തികളായി നില്‍ക്കുമ്പോള്‍ മദ്യപാനികള്‍ മനുഷ്യത്വം കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകാറുണ്ട്. മദ്യമാണ് സമൂഹത്തിലെ ഏറ്റവും വലിയ തിന്മ എന്ന അഭിപ്രായവുമില്ല. കള്ളക്കടത്തും കരിഞ്ചന്തയും കള്ളനോട്ടടിയും കൈക്കൂലി വാങ്ങലും നിക്ഷേപത്തട്ടിപ്പുകളും മൂലത്തില്‍ തിരുകി സ്വര്‍ണ്ണം കടത്തലും അഴിമതിയുമൊക്കെ ചെയ്യുന്നവരെക്കാള്‍ മാന്യന്മാര്‍ തന്നെയാണ് ഇതൊന്നും ചെയ്യാത്ത കള്ളുകുടിയന്മാര്‍.
മദ്യം നിരോധിക്കരുത്
         യൂറോപ്യന്‍ രാജ്യങ്ങളിലൊന്നും മദ്യത്തിന് വിലക്കുകളില്ല. ആയതിനാല്‍ കള്ളുകുടിക്കുന്നത് മോശമായൊരു കാര്യമാണെന്ന സദാചാരബോധം അവര്‍ക്കില്ല. ഇതുകൊണ്ടുതന്നെ കള്ളുകുടിക്കുന്നത് മാന്യതയുടെ ലക്ഷണമായും അവര്‍ കണക്കാക്കുന്നില്ല. ചായ കുടിക്കുന്ന ലാഘവത്തോടെ അവര്‍ മദ്യവും കഴിക്കുന്നു. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്നു. താന്‍ മിനുങ്ങിയിട്ടുണ്ടെന്ന് ആരും ആരെയും ബോധ്യപ്പെടുത്തുന്നില്ല. അവര്‍ കുടംകണക്കിന് കള്ള് മോന്താറില്ല. നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ നേരെമറിച്ചായതുകൊണ്ടാണ് ഇവിടുത്തെ കള്ളുകുടിയന്മാര്‍ കള്ളുകുളി നടത്തുന്നത്.
      മദ്യത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. ഇവയൊന്നും കാര്യത്തിന്റെ മര്‍മ്മത്തില്‍ തൊട്ടുള്ളവയല്ല. മദ്യം കഴിക്കുന്നത് പാപമാണ്; മദ്യം ക്യാന്‍സറുണ്ടാക്കും തുടങ്ങിയ വ്യാജ ആരോപണങ്ങളാണ് മദ്യത്തിനെതിരെ മദ്യ വിരോധികള്‍ ഉയര്‍ത്താറ്. മദ്യം കഴിക്കുന്നത് പാപമൊന്നുമല്ല. മദ്യം പല രോഗങ്ങളും ഉണ്ടാക്കുമെങ്കിലും മദ്യം കഴിക്കാതിരുന്നാലും ക്യാന്‍സറടക്കമുള്ള രോഗങ്ങളുണ്ടാകും. അമിതമായി വെള്ളമടിക്കുന്നവരില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാന്‍ സാധ്യത ഏറെയുണ്ട്. ഇതു പക്ഷേ, മറ്റു കാരണങ്ങള്‍ കൊണ്ടും ഉണ്ടാകും. എന്റെ ആത്മ സുഹൃത്തും ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത വ്യക്തിയുമായ ഒരാള്‍ മരിച്ചത് ലിവര്‍ സിറോസിസ് രോഗം ബാധിച്ചാണ്. സ്ത്രീകള്‍ പൊതുവെ കള്ളുകുടിക്കാറില്ലല്ലോ. അവര്‍ക്കും വരുന്നില്ലേ ക്യാന്‍സര്‍?
'മദ്യപാന അസുഖം' ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ നേരത്തെ വിവരിച്ചുവല്ലോ. ഇത്തരം 'കാരണങ്ങള്‍'ക്കാണ് 'ചികിത്സ'നല്‍കേണ്ടത്. മദ്യം കഴിക്കുന്നത് തെറ്റാണെന്ന കേവല മതബോധം കൊണ്ട് യാതൊരു കാര്യമില്ല. ഇത്തരം വിശ്വാസങ്ങള്‍ പെട്ടെന്ന് പൊട്ടിത്തകരും. ഒരു ദിവസം, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലെ റിസപ്ഷന്‍ കൗണ്ടറില്‍ നിന്നു രജിസ്റ്റര്‍ നോക്കി സര്‍ക്കാര്‍ ജോലിയുടെ ഭാഗമായി ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ശേഖരിക്കുകയായിരുന്നു ഞാന്‍. തട്ടിന്‍പുറത്തുനിന്നു കുറച്ചു പയ്യന്മാര്‍ ഇറങ്ങി വന്നു. എന്നെക്കണ്ട അവരിലൊരാള്‍ പറഞ്ഞു: ''ശങ്കരേട്ടാ ങ്ങളും ബ്‌ടെ!''. മറുപടിയൊന്നും പറയാതെ ഞാനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ ചെറുപ്പക്കാരെല്ലാം മദ്യവിശ്വാസികള്‍ മാത്രമല്ല മതവിശ്വാസികളുമായിരുന്നു. അവരിലൊരു ചമ്മല്‍ പോലും കണ്ടില്ല. അതുണ്ടായില്ലെന്നു മാത്രമല്ല അവരുടെ മുഖത്ത് ചന്ദ്രിക വിരിയുകയാണുണ്ടായത്. രണ്ടുതരം സന്തോഷം ആ പുളിച്ചികള്‍ക്കുണ്ടായിക്കാണും. ഒന്ന്, തങ്ങള്‍ വെള്ളത്തില്‍ കിടക്കുന്ന വെറും പോത്തുകളല്ലെന്നും വെള്ളമടിക്കുന്ന പുരോഗമനക്കാരാണെന്നും ഒരാളെ ബോധ്യപ്പെടുത്താന്‍ സാധിച്ചപ്പോഴുണ്ടായ സന്തോഷം. രണ്ട്, മദ്യവിരുദ്ധനായി അറിയപ്പെടുന്ന ആള്‍ വെള്ളമടിക്കുമെന്നും 'കുടിക്കമ്പനിയിലേക്ക് ഒരാളെക്കൂടി കിട്ടി'യെന്നും 'ബോധ്യം' വന്നപ്പോഴുണ്ടായ സന്തോഷം. മതം വിലക്കിയതുകൊണ്ട് മാത്രം മദ്യം പാടില്ലെന്ന് അവര്‍ കാണാപ്പാഠം പഠിച്ചു. അനുകൂല സാഹചര്യം വന്നപ്പോള്‍ ആ പാഠം അവര്‍ മറന്നു. നേരെമറിച്ച്, മദ്യപാനം ചണ്ടിത്തരമാണെന്ന തിരിച്ചറിവള്ളവര്‍ ഒരിക്കലും മദ്യത്തിന് അടിമപ്പെടുകയില്ല.
വെള്ളമടിക്കുന്നവന്റെ തോളില്‍ ഏതു വഷളനും കയ്യിടും
           എഴുത്തുകാരനായ സുഭാഷ് ചന്ദ്രന് അദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ നല്‍കിയ ഉപദേശം നോക്കുക: ''മദ്യം മൂന്നു തരത്തിലാണ് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നാമന്നേത് അതു നമ്മുടെ ആരോഗ്യം നശിപ്പിക്കും എന്നതു തന്നെ. പക്ഷേ, അതു കാര്യമാക്കാനില്ല. കാരണം എത്ര ശ്രദ്ധിച്ചാലും നമ്മുടെ ആയുസ്സിന്റെ കാര്യത്തില്‍ നമുക്കൊന്നും ചെയ്യാനില്ല എന്നതുതന്നെ. രണ്ടാമത്തെ കാര്യം തനിക്ക് അറിവുള്ളതായിരിക്കും. അത് മദ്യം നമ്മുടെ സമ്പത്ത് ചോര്‍ത്തും എന്നതാണ്. വാസ്തവത്തില്‍ അതും അത്ര കാര്യമാക്കേണ്ടതില്ല. പണം ഇന്നു വരും നാെളപ്പോകും എന്നാണല്ലോ പറയുന്നത്. പക്ഷേ, മൂന്നാമത്തെ കാര്യം വളരെ പ്രധാനപ്പെട്ട ഒന്നായി തന്നെപ്പോലുള്ള ചെറുപ്പക്കാര്‍ മനസ്സില്‍ വയ്ക്കുന്നത് നന്നായിരിക്കും. അതിതാണ്-മദ്യപിച്ചിരിക്കുമ്പോള്‍ ഏത് ഊച്ചാളിയും വന്ന് നമ്മളോട് തോളില്‍ കയ്യിട്ട് സമന്മാരെപ്പോലെ പെരുമാറും. നോക്കിക്കോളൂ, താങ്കള്‍ മദ്യപാനം തുടര്‍ന്നാല്‍ ഒരുകാലത്ത് ഞാനീ പറയുന്നത് എന്താണെന്ന് ശരിക്കും മനസ്സിലാകും. ആത്മാദരമുള്ള ഒരാള്‍ക്ക് മരണതുല്യമായിരിക്കും ആ അനുഭവം!''
         മദ്യനിരോധനം ഒരിക്കലും പാടില്ലാത്ത കാര്യമാണ്. പരോക്ഷമായി മദ്യത്തിന് മാന്യത കല്പിക്കുന്ന പരിപാടിയാണിത്. മദ്യത്തിനെതിരെയുള്ള പ്രചാരണങ്ങളെല്ലാം നിര്‍ത്തി വയ്ക്കണം. മദ്യത്തിനെതിരായി മദ്യക്കുപ്പിയിലെഴുതുന്ന പരിപാടിയും ഒഴിവാക്കണം. മദ്യത്തിന്റെ കാര്യത്തില്‍ ഒരു നെവര്‍മൈന്റ് സമീപനമാണ് വേണ്ടത്; മദ്യപാനികളോട് മറ്റുള്ളവര്‍ക്കും വേണം ഒരു നെവര്‍മൈന്റ് മനസ്സ്. മദ്യപാനം ആണത്തിന്റെയും ആര്‍ജ്ജവത്തിന്റെയും ലക്ഷണമല്ല, മറിച്ച്, അല്പത്തരത്തിന്റെയും ആളാവലിന്റെയും ലക്ഷണമാണന്ന ബോധവല്‍ക്കരണമാണ് നടത്തേണ്ടത്. മദ്യപാനത്തിന് മാന്യതയും സ്വീകാര്യതയും വന്നതില്‍ സിനിമകള്‍ക്ക് കാര്യമായൊരു പങ്കുണ്ട്. ഹാസ്യത്തിനുവേണ്ടി മാത്രം മദ്യപാന വളിപ്പു രംഗങ്ങള്‍ കാണിക്കുന്നതും, മിക്ക ചെറുപ്പക്കാരും പാന്റ്‌സ് വസ്ത്രമാക്കിയ ഇക്കാലത്ത് സിനിമകളിലും മറ്റുമുള്ള കള്ളുകുടിയന്മാര്‍ മാത്രം മുണ്ടും വള്ളിട്രൗസറും ധരിച്ച് വളിപ്പ് കാണിക്കുന്നതും സെന്‍ഷര്‍ ബോര്‍ഡ് നിരോധിക്കണം. മദ്യപാനികളുണ്ടാക്കുന്ന സാമൂഹിക തിന്മകളെയും അവര്‍ കാണിക്കുന്ന അഭിനയങ്ങളും കോപ്രായങ്ങളും തുറന്നു കാണിക്കുന്നതും സാമൂഹിക ദ്രോഹികളായ മദ്യപാനികളെ കൈകാര്യം ചെയ്യുന്നതും ശല്യക്കാരായ മദ്യപാനികളുടെ കരണക്കുറ്റിക്ക് പൂശുന്നതുമായ രംഗങ്ങളാണ് സിനികളില്‍ വരേണ്ടത്. ഇത്തരമൊരവസ്ഥ വന്നാല്‍ കള്ളുകുടിയന്മാരായ പുളിച്ചിപ്പാമ്പുകളുടെ പുളയലും ഇല്ലാവിഷം ചീറ്റലും താനേ നില്‍ക്കും. മദ്യത്തെക്കുറിച്ചു പറഞ്ഞ ഈ കാര്യങ്ങള്‍ എല്ലാ രഹരിവസ്തുക്കളുടെ കാര്യത്തിലും ശരിതന്നെ.

3 comments:

ajith said...

കുടി കുടിയൈ കെടുക്കും

ശങ്കരനാരായണന്‍ മലപ്പുറം said...

Yes

Cv Thankappan said...

മരണവീട്ടില്‍ ദുഃഖം മറക്കാനും,കല്ല്യാണവീട്ടില്‍ ആഹ്ലാദം പങ്കിടാനും ഇന്ന് മദ്യം....!!!
ആശംസകള്‍