My Blog List

Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, February 01, 2011

തൂറാമുട്ടിപ്പടി!

ശങ്കരനാരായണന്‍ മലപ്പുറം



           എന്റെ വീട് മലപ്പുറം-മഞ്ചേരി റോഡില്‍ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മുണ്ടുപറമ്പ് എന്ന സ്ഥലത്താണ്. പ്രസ്തുത റോഡില്‍ മലപ്പുറത്തു നിന്നു ഒരു കീലോമീറ്റര്‍ ദൂരത്താണ് 'മലയാളമനോരമ' സ്ഥിതിചെയ്യുന്നത്. മുമ്പിവിടെ 'ഡിലൈറ്റ്' എന്ന പേരിലുള്ള സിനിമാ ടാക്കീസുണ്ടായിരുന്നു. അവിടെ ഒരു ചോലയുമുണ്ടായിരുന്നു. അതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴുമുണ്ടവിടെ. റോഡ് 'റ'ആകൃതിയില്‍ വളഞ്ഞുള്ള സ്ഥലത്തുള്ള ചോലയായതിനാല്‍ 'വളവില്‍ച്ചോല'എന്നാണ് അറിയപ്പെട്ടിരുന്നത്. എന്റെ കുട്ടിക്കാലത്ത് ആ വഴി രാത്രി സഞ്ചരിക്കാന്‍ മിക്കവര്‍ക്കും പേടിയായിരുന്നു. (എനിക്ക് പേടിയുണ്ടായിരുന്നില്ല. വല്ലാത്തൊരു ഭയം മാത്രമേ ഉണ്ടായിരുന്നുള്ളൂ!). അവിടെ 'ഒറ്റമുലച്ചി' ഉണ്ടായിരുന്നുവത്രെ! ഇതാണു കാരണം. ഈ 'ഒറ്റമുലച്ചി' ആരാണെന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട്, ചരിത്ര പഠിതാവും ഹോമിയോ ചികിത്സകനും എന്റെ ആത്മ സുഹൃത്തുമായ ബാപ്പുക്കയാണ് (മുഹമ്മദ് തോരപ്പ) ഈ 'ഒറ്റമുലച്ചി' കണ്ണകിയാണെന്നു പറഞ്ഞു തന്നത്. പൗരാണിക തമിഴ് സാഹിത്യകാരനായ ഇളങ്കോവടികളുടെ 'ചിലപ്പതികാര'ത്തിലെ നായികയും കോവിലന്റെ ധര്‍മ്മപത്‌നിയുമായിരുന്നു 'കണ്ണകി'. ഭര്‍ത്താവിനെ കള്ളക്കേസ്സില്‍ കുടുക്കി തലവെട്ടിയ രാജാവിനോടുള്ള കടുത്ത രോഷാഗ്നിയില്‍ ഇടത്തെ മുല പറിച്ചെറിഞ്ഞ് രാജാവിനെയും രാജ്യത്തെയും ചുട്ടു ചാമ്പലാക്കിയ കണ്ണകി. കൊടുങ്ങല്ലൂരമ്മ കണ്ണകിയുടെ പ്രതിരൂപമാണെന്നും പറയപ്പെടുന്നുണ്ട്. എന്തുതന്നെയായാലും മലപ്പുറത്തിനും ഒരു കണ്ണകിബന്ധമുണ്ടെന്നു ചുരുക്കം.
              'മണ്ണുമാന്തിയാല്‍' ഇതുപോലുള്ള പല ചരിത്ര സത്യങ്ങളും കണ്ടെത്താന്‍ സാധിക്കും. ഓരോ സ്ഥലപ്പേരിന്റെ പിന്നിലും ഒരോ ചരിത്ര സത്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടാകാം. സ്ഥലകാലനാമത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടല്ലോ. 'പള്ളി'എന്ന സ്ഥലപ്പേരുള്ള സ്ഥലങ്ങളിലെല്ലാം ഒരുകാലത്ത് പ്രസിദ്ധങ്ങളായ ബുദ്ധപ്പള്ളികള്‍ (ബുദ്ധമത ആരാധനാലയങ്ങളെ 'പള്ളി' എന്നാണ് വിളിച്ചിരുന്നത്. 'പള്ളി' പാലി ഭാഷയിലുള്ള വാക്കാണ്) ഉണ്ടായിരുന്നു. ഗൗരവമായ ഈ വിഷത്തെക്കുറിച്ചല്ല പറയുന്നത്. എപ്പോഴും ഗൗരവവിഷയങ്ങള്‍ തന്നെ പാടില്ലല്ലോ. ഇടയ്‌ക്കൊക്കെ അല്പം തമാശകളും വേണ്ടേ പ്രിയ ബ്‌ളോഗര്‍മാരെ, ബ്‌ളോഗിണിമാരെ!
              കോഴിപ്പെണ്ണിനെ 'പിടക്കോഴി' എന്നാണല്ലോ വിളിക്കാറ്. എന്നാല്‍ 'പിടക്കോഴി' എന്നു വീട്ടുപേരുള്ള ധാരാളം കുടുംബങ്ങള്‍ മലപ്പുറം ജില്ലയിലുള്ള പൊന്മള പഞ്ചായത്തിലെ പൂവാട് എന്ന സ്ഥലത്തുണ്ട്. ഇതെങ്ങനെ വന്നെന്നു അറിയില്ല. 95 വയസ്സുള്ള വല്ലിമ്മയും 103 വയസ്സുള്ള വല്ലിപ്പയും ഇപ്പോഴും 'മണിയറില്‍'! അതെ, പെരിന്തല്‍മണ്ണ താലൂക്കിലെ മക്കരപറമ്പില്‍ 'മണിയറ'എന്നു വീട്ടുപേരുള്ള ധാരാളം കുടുംബങ്ങള്‍ ഉണ്ട്. കൊണ്ടോട്ടിക്കടുത്ത ഓമാനൂരിനടുത്തുള്ള വളരെ ചെറിയൊരു അങ്ങാടി. ഓഫീസ് ജോലിയുമായി ബന്ധപ്പെട്ട ഒരു സര്‍വ്വെയ്ക്കു പോയതായിരുന്നു ഞാന്‍. ആ സ്ഥലത്തിന്റെ പേര് 'പഞ്ചാരപ്പടി' എന്നായിരുന്നു. എങ്ങനെ ഈ പേരു വന്നെന്ന് ഞാനൊരാളോട് ചോദിച്ചു. '' ന്റെ കുട്ട്യേ, അയ്‌ന്റെ കാര്യൊന്നും പറയണ്ട. ഒരു പെമ്പ്രന്നോള്‍ക്ക് ഇബടൊരു പെട്ടിപ്പീട്യ ണ്ടായിനി. ചെക്കമ്മാര് ബന്ന് ഓളെ തൊള്ളേലും നോക്കിരിക്കും. പഞ്ചാര. അങ്ങനെ ബന്നതാ'' . ഈ 'പഞ്ചാരപ്പടി' ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. എന്നാല്‍ തിരൂരിനടുത്ത് നിറമരുതൂര്‍ പഞ്ചായത്തില്‍ ഒരു 'പഞ്ചാരമൂല' മാത്രമല്ല 'ചക്കരമൂല'യുമുണ്ട്. ഗുരുവായൂരിനടുത്തും ഒരു 'പഞ്ചാരമുക്ക്'ഉണ്ട്. 
              വീട്ടുപേരുകള്‍ മാറിമാറി വരുന്ന കഥയാണ് (സംഭവമല്ല) പറയുന്നത്. വാഴയൂരിലെ പൊന്നേംപാടത്തെ വേലായുധന്‍ എന്നയാള്‍ മൊറയൂരിലെ ഒഴുകൂരില്‍ സ്ഥലം വാങ്ങി വീടു വച്ചു. വീടിന്റെ മുന്‍ഭാഗത്തായി ഒരു ആല്‍മരമുണ്ടായിരുന്നു. ഇതു കാരണം വേലായുധന്‍ അന്നാട്ടുകാര്‍ക്ക് 'ആലുങ്ങള്‍ വേലായുധന്‍'ആയി. പിന്നീട് ആലിനൊരു തറകെട്ടി. അങ്ങനെ 'ആലുങ്ങല്‍ വേലായുധന്‍' അന്നുമുതല്‍'ആലുംതറയില്‍ വേലായുധന്‍'എന്നായി മാറി. വീടിന് ഭീഷണിയായപ്പോള്‍ ആല്‍മരം വെട്ടി. കുറ്റി ബാക്കിയായി. അപ്പോള്‍ വേലായുധന്‍ 'ആലുംകുറ്റിയില്‍ വേലായുധന്‍'എന്നായി മാറി. പിന്നീട് ആലുംകുറ്റി പറിച്ചെടുത്തു. അവിടെ ഒരു കുഴിയായി; അതായത് കുണ്ടായി മാറി. അപ്പോള്‍ വേലായുധന്‍ 'ആലുംകുണ്ടില്‍'വേലായുധനായി! ഇപ്പോള്‍ ആലുമില്ല; തറയുമില്ല; കുറ്റിയുമില്ല; കുഴിയുമില്ല; കുണ്ടുമില്ല; വേലായുധനുമില്ല. എങ്കിലും പരേതനായ വേലായുധന്റെ മകനെ'മോനേ ദിനേശാ.....ആലുംകുണ്ടില്‍ ദിനേശാാാാ...' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.
            മലപ്പുറം-മങ്കട റൂട്ടിലൂടെ ബസ്സ് സര്‍വ്വീസ് തുടങ്ങിയ കാലം. വടക്കാങ്ങരയും കഴിഞ്ഞ് ബസ്സ് ഓടുകയാണ്. ''ച്ച്ബടെ എറങ്ങണം''എന്നു പറഞ്ഞ് ഒരാള്‍ ബഹളം വച്ചു. ''ബ്‌ടെ സ്റ്റോപ്പില്ല. ട്രാന്‍സ്‌ഫോര്‍മര്‍പടിയിലേ ഞ്ഞി നിര്‍ത്തൂ.''. ആള്‍ പിന്നെയും ബഹളം വച്ചുകൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. ആളിറങ്ങി മുണ്ടുംപൊക്കിപ്പിടിച്ച് ഒഴിഞ്ഞൊരു സ്ഥലത്തേക്ക് ഓടി. പിന്നീടിതൊരു ബസ്റ്റോപ്പായി മാറി. സ്റ്റോപ്പിന്റെ പേര്- 'തൂറാമുട്ടിപ്പടി'!
..........