My Blog List

Wednesday, September 15, 2010

നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്ത്...

(മക്തബ്-18.01.2010)
നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്ത്...
ശങ്കരനാരായണന്‍ മലപ്പുറം

നമ്മുടെ നാട്ടിലാകെ കുഴപ്പമാണെന്നും പണ്ടത്തെ രാജ ഭരണം നടപ്പിലാക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും സിനിമാ നടന്‍ ജയസൂര്യ അഭിപ്രായപ്പെടുകയുണ്ടായി. ജയ്ഹിന്ദ് ചാനലിലെ ഒരു അഭിമുഖത്തില്‍ (08.01.2010) വച്ചാണ് ജയസൂര്യ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മേഖലകളിലുള്ള പലരെയും പോലെ സിനിമാ രംഗത്തുള്ള പലരും കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കാത്തവരും മാനുഷിക മൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കവരുമാണെന്ന് സിനിമകള്‍ കണ്ടാല്‍ ബോധ്യമാവും. കലാമൂല്യം അവകാശപ്പെടുന്ന സിനിമകളായാലും അടിപൊളിവെടി സിനിമകളായായും അവയുടെ മിക്ക പ്രമേയങ്ങളും പിന്തിരിപ്പന്‍ പ്രമേയങ്ങളാണ്. പഴയകാല ക്രൂരതകളെയും നീചമായ നാടുവാഴി-രാജ ഭരണത്തിലെ തെമ്മാടിത്തരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെള്ളപൂശുന്നവയും അവയെ മഹദ്വല്‍ക്കരിക്കുന്നവയുമാണ്. സിനിമകളിലും സീരിയലുകളിലും സ്ഥിരമായി ചില ഭിംബങ്ങള്‍ കാണാറുണ്ട്. നിലം പൊത്താറായ നാലുകെട്ടുകള്‍, ഇല്ലങ്ങള്‍, അവിടങ്ങളില്‍ ജീവിച്ചിരുന്നവരുടെ ദു:ഖങ്ങള്‍, അവരുടെ കഷ്ടപ്പാടുകള്‍…ഇങ്ങനെ പലതും. ഇവര്‍ മനുഷ്യരല്ലെന്നോ ഇവരുടെ ദു:ഖങ്ങള്‍ക്കു നേരെ മുഖം തിരിക്കണമെന്നോ പറയുന്നില്ല. പക്ഷേ, ഇവര്‍ക്കു മാത്രമല്ലല്ലോ പ്രയാസങ്ങളുള്ളത്. ചെറ്റകളിലും കൂരകളിലും മാടങ്ങളിലും കഴിഞ്ഞവരും മനുഷ്യരാണല്ലോ. ഇക്കൂട്ടരുടെ കഷ്ടപ്പാടുകളും ദു:ഖങ്ങളുമൊന്നും സിനിമക്കാരും സീരിയലുകാരും കാണേറേയില്ല. ശവമടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ അടുക്കളയില്‍ കുഴിയുണ്ടാക്കി ശവം മറവു ചെയ്ത ദലിതന്റെ ദുരവസ്ഥ സിനിമാക്കാര്‍ക്കും സീരിയലുകാര്‍ക്കും സന്തോഷം വരുത്തുന്ന കാര്യമാണോ? ഭൂമിയും ഭൂമിയലെ മറ്റെല്ലാ സ്വത്തു വകകളും ഒരു കാലത്ത് ചില പ്രത്യേക വിഭാഗക്കാരുടെ കൈകളിലായിരുന്നുവെന്നത് സത്യം തന്നെ. അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നു പുറത്തു വരുമ്പോള്‍ ആരും തന്നെ സ്വത്തും സമ്പത്തും കൊണ്ടു വരാറില്ല. അദ്ധ്വാനമെന്നത് എന്താണെന്നറിയാത്തവര്‍ സ്വത്തും സമ്പത്തും ഉണ്ടാക്കിയത് കട്ടും കവര്‍ന്നുമാണ്. ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കില്‍ അത് ഭൂമിയില്‍ പണിയെടുത്തവര്‍ക്കു മാത്രമാണ്. ഭൂമിയില്‍ പണിയെടുത്തവര്‍ പുലയരും മറ്റു ദലിതരമായിരുന്നു. ഇവരുടെ പക്കലുള്ള ഭൂമിയാണ് പിന്നീട് ജന്മിമാരുടെ കൈകളില്‍ വന്നത് എന്നതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്.
ഈ ചരിത്രമൊന്നും സിനിമാ രംഗത്തുള്ള ജയസൂര്യമാര്‍ക്ക് അറിയില്ല. ഒരു പക്ഷേ, അറിഞ്ഞാലും ജാത്യാഭിമാന ബോധം കൊണ്ടോ അപകര്‍ഷതാ ബോധം കൊണ്ടോ അറിഞ്ഞെന്നു നടിക്കാറുമില്ല. ഇതു കൊണ്ടാണ് നടന്‍ ജയസൂര്യ പണ്ടത്തെ രാജ ഭരണം ഏറെ നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്തെ 'സ്വര്‍ഗ്ഗീയത'യുടെ എതാനും ഉദാഹരണങ്ങള്‍ നമുക്കൊന്നു പരിശോധിച്ചു നോക്കാം (പി.കെ.ഗോപാലകൃഷ്ണന്റെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ കേരളത്തിന്റെ ഇരുളടഞ്ഞ ഏടുകള്‍ തുടങ്ങിയ പുസ്തകങ്ങളെ ആധാരമാക്കി തയ്യാറാക്കിയത്):
പുലയരെയും മറ്റും കന്നുകാലികളെ വില്‍ക്കുകയും കൊല്ലുകയും ചെയ്തിരുന്നു. പുലയനോ പറയനോ നായരെ തൊട്ടാല്‍ ആ നായര്‍ പുലയനെയോ പറയനെയോ കൊന്നില്ലെങ്കില്‍ ആ നായരെ രാജാവ് കൊല്ലും. ബ്രാഹ്മണന്റെ 36 അടി അടുത്തു വരുന്ന തീയനെ ഉടന്‍ സംഹരിച്ചാല്‍ ശൂദ്രന് സ്വര്‍ഗ്ഗം കിട്ടും. അവര്‍ണര്‍ക്ക് പൊതു വഴി നടക്കുവാനോ അക്ഷരം പഠിക്കുവാനോ അമ്പലത്തില്‍ പ്രവേശിക്കാനോ പാടില്ലായിരുന്നു. അവര്‍ണര്‍ക്ക് കാല്‍മുട്ടന് താഴെ വസ്ത്രം ധരിക്കുവാനോ മാറ് മറയ്ക്കുവാനോ പാടില്ലായിരുന്നു. ഈഴവ സ്ത്രീകളില്‍ നിന്നു മുല നികുതി പിരിച്ചിരുന്നു-മുല നികുതി കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു യുവതി മുല മുറിച്ച് നാക്കിലയില്‍ വച്ച് കൊടുത്ത് ചോര വാര്‍ന്ന് വീര ചരമമടഞ്ഞിട്ടുണ്ട്. എല്ലാവിധ തൊഴിലാളികളില്‍ നിന്നും വിവിധ തരത്തിലുള്ള നികുതികള്‍ പിരിച്ചിരുന്നു-മീശക്കാഴ്ച്ച, പൊലിപ്പൊന്ന്, തപ്പ്, പിഴ, പുരുഷാന്തം, പുലയാട്ട്, അറ്റാലണക്കം, അയ്മുല,ചെങ്കെമ്പ് തുടങ്ങിയ നികുതികള്‍ മാത്രമല്ല ഒരു പണിയും ചെയ്യാന്‍ സാധിക്കാത്തവരില്‍ നിന്നു ഏഴ എന്ന പേരിലുള്ള നികുതിയും ഈടാക്കിയിരുന്നു. കുറ്റങ്ങള്‍ക്ക് പോലും അവര്‍ണ്ണര്‍ക്ക് കടുത്ത ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നു. അവര്‍ണര്‍ക്കുള്ള ഒരു സ്‌പെഷ്യല്‍ ശിക്ഷയായിരുന്നു 'ചിത്രവധം'-മൂട്ടിലൂടെ കമ്പിപ്പാര അടിച്ചു കയറ്റി മരത്തില്‍ കെട്ടിത്തൂക്കിയുടും. ആള്‍ രക്തം വാര്‍ന്ന് മരിക്കും. സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന്മാരുടെ കൂടെ കിടക്കാത്ത സന്മാര്‍ഗ്ഗഹീനകളായ സ്ത്രീകളെ കൊല്ലണമെന്ന രാജ വിളബരം ഇറങ്ങിയിട്ടുണ്ട്. ബ്രാഹ്മണ ബീജത്തിനാല്‍ സന്താനം ഉണ്ടാക്കിക്കൊണ്ടാലേ നല്ല സന്തതികള്‍ ജനിക്കുകയുള്ളൂവെന്ന സൂക്തവും ഇറക്കിയിട്ടുണ്ട്. നാരീണാം ച തു സര്‍വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ ( സ്തീകളാരും തന്നെ സ്തന വസ്ത്രം-ബ്രാ ധരിക്കരുത്) എന്ന അറിയിപ്പും ഇറക്കിയിട്ടുണ്ട്. നമ്പതിരിമാരിലെ മൂത്ത പുത്രന്‍ മാത്രം സ്വസമുദായത്തില്‍ നിന്നു വിവാഹം കഴിക്കുക; മറ്റുള്ളവര്‍ നായര്‍ സ്ത്രീകളെ സംബന്ധം ചെയ്യുക; തീണ്ടല്‍ തൊടീല്‍ തുടങ്ങിയ ആചാരങ്ങള്‍ പാലിക്കുക, ക്ഷത്രിയരും നായന്മാരും മരുമക്കത്തായം പാലിക്കുക എന്നു തുടങ്ങിയ 64 അനാചാരങ്ങള്‍ ( അതായത്, ആചാരങ്ങള്‍) നടപ്പിലാക്കി വന്നിരുന്നു. വേശ്യപ്പണിക്ക് വലി മാന്യതയാണ് കല്പിച്ചിരുന്നത്. എത്രമാത്രം ആള്‍ക്കാര്‍ സംബന്ധിത്തിനു വരുന്നുവോ അത്രമാത്രം മാന്യതയും ഉയരന്നതായി കണക്കായിരുന്നു. വേശ്യാപ്പണിക്ക് മാന്യത കല്പിച്ചു കൊണ്ട് ഒരമ്മ മകള്‍ക്ക് നല്‍കുന്ന ഉപദേശം ഇതാ:- മകളേ! നിന്നുടെ വിപ്രന്‍ മൂലം/മറ്റുള്ളാളുകളൊക്കെ മറന്നു/അതി ധനവാനിന്നെങ്കിലുമേകന്‍/മതിയാമോ തവ വീടു പുലര്‍ത്താന്‍?/തോടും പുഴയും മഴയും വന്നിട-/കൂടുക കൊണ്ടിക്കടല്‍ നിറയുന്നു/എന്ന കണക്കിനു പലരും പലവക/തന്നതു കൊണ്ടേ വീടു തടിപ്പൂ.
വളരെക്കുറച്ചേ ഇവിടെ വിവരിച്ചിട്ടുള്ളൂ. മുഴുവന്‍ കാര്യങ്ങളും വിവരിക്കണമെങ്കില്‍ ജയസൂര്യ ഇതുവരെ അഭിനയിച്ച സിനിമകളുടെ മാത്രമല്ല ഇനിയും അഭിനയിക്കാനുള്ള സിനിമകളുടെ തിരക്കഥകളുടെ പേജുകളൊന്നും മതിയാവില്ല. കേരളത്തില്‍ രാജ ഭരണ കാലത്ത് നിലനിന്നിരുന്ന അവസ്ഥ ബീഹാറിലും ഗുജറാത്തിലുമൊക്കെ ഒരു പരിധിവരെ ഇന്നും നിലനില്‍ക്കുണ്ട്. സുഖ ജീവിതത്തിന് നടന്‍ ജയസൂര്യക്ക് ഉത്തരേന്ത്യയിലേക്ക് താമസം മാറ്റാവുന്നതാണ്.
പോയ കാല ക്രൂരതകള്‍ തിരിച്ചു പിടിക്കണമെന്ന് പറയുന്നവര്‍ പരോക്ഷമായി മറ്റു ചിലരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പോയ കാല ക്രൂരതകള്‍ക്കെതിരെ പോരാടി കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വിധം മാന്യമായി ജീവിക്കുവാന്‍ അവസരമൊരുക്കിയ ഒരുപാട് വിപ്‌ളവകാരകളുണ്ട് നമ്മുടെ നാട്ടില്‍-ശ്രീനാരായണ ഗുരു, അയ്യങ്കാളി, പൊയ്കയില്‍ കുമാരുഗുരു ദേവന്‍, പണ്ഡിറ്റ് കെ.പി.കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവര്‍. ഈ വിപ്‌ളവകാരികളെ അവഹേളിക്കുകയാണ് ജയസൂര്യയെപ്പോലെയുള്ളവര്‍ ചെയ്യുന്നത്.
………………

5 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

ജയ്ഹിന്ദ് ചാനലിലെ ഒരു ചര്‍ച്ചയില്‍ (08.01.2010) പണ്ടത്തെ രാജ ഭരണമായിരുന്നു ഇന്നത്തെക്കാളേറെ മെച്ചം എന്നു സിനിമാ നടന്‍ ജയസൂര്യ അഭിപ്രായപ്പെടുകയുണ്ടായി. ഇതുപോലുള്ള അഭിപ്രായങ്ങള്‍ പലരും തട്ടിവിടാറുണ്ട്. കൃത്യമായൊരു നിലപാടിന്റെയോ ചരിത്ര ബോധത്തിന്റെയോ അടിസ്ഥാനത്തിലല്ല പലരും ഇങ്ങനെ പറയാറ്. പണ്ടത്തെ രാജഭരണത്തിലെ ക്രൂരതകള്‍ക്കെതിരെ വിപ്‌ളവകാരികള്‍ പടപൊരുതി നേടിയെടുത്ത സാതന്ത്ര്യമാണ് ജയസൂര്യയടക്കമുള്ള ഭൂരിഭാഗം ജനങ്ങളും ഇന്നനുഭവിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇത്തരം അഭിപ്രായങ്ങള്‍ വിപ്‌ളവകാരികളെ കൊഞ്ഞനം കുത്തുന്നതിനു തല്യമല്ലേ?

മാനവന്‍ said...

ഇനിയും എഴുതൂ ധാരാളം........

Joker said...

വെറും വായില്‍ വിളിച്ചു പറയാന്‍ എളുപ്പമാണല്ലോ ഇതൊക്കെ.ഇപ്പോഴുള്ള മുതിര്‍ന്ന തലമുറയില്‍ ഒരിക്കല്‍ പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഭൂതകാലം, ഇപ്പോള്‍ നൊസ്റ്റാള്‍ജിഅയയായി എഴുന്നള്ളിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഇതെല്ലാം സുഖമുള്ള ഓര്‍മകളായിരിക്കാം. പക്ഷെ ഇത് ഏറ്റുപാടുന്ന പോങ്ങന്മാര്‍ക്കറ്രിയില്ലല്ലോ കഴിഞ്ഞ കാലത്തെ പുഴുത്തു നാറിയ കാലത്തെ കുറിച്ച്. എന്റെ ബ്ലോഗില്‍ അനുവാദമില്ലാതെ ഒരു ലിങ്ക് ഇട്ടിട്ടുണ്ട്.

അവര്‍ണന്‍ said...

വളരെ നല്ല ഒരു വായന അനുഭവം. തുടര്‍ന്നും സമയം കിട്ടുമ്പോഴൊക്കെ എഴുതുമല്ലോ?

IndianSatan said...

അത് വിവരം ഇല്ലായ്മ കൊണ്ട് വിളിച്ചു പറയുന്നതാ........

എന്താണ് ചരിത്രം എന്നോ ജനാധി പത്യത്തിന്റേ മഹത്വം എന്താന്നോ അറിയാത്തത് കൊണ്ട് എന്തും പറയാമല്ലോ.....

'എന്തിനാ വോട്ട് ചെയ്യുന്നത്? എതവന്‍ വന്നാലും നമുക്ക് എന്നാ ഗുണം!' എന്ന് പറയന്ന ഒത്തിരി മാന്യന്‍ മാരേ കണ്ടിട്ടുണ്ട്!
ഇതും ആ വിവര നിലവാരത്തില്‍ ഉള്ള താരം തന്നേ അല്ലേ? അപ്പൊ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കണ്ട......