My Blog List

Friday, September 17, 2010

ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും

ചിത്രകാരന്റെ ബ്‌ളോഗന വായിച്ചു. ലേഖകന്റെ അഭിപ്രായങ്ങള്‍ ശരി തന്നെ. പക്ഷേ, തെറി പറയാതെ തന്നെ കാര്യം പറയാന്‍ സാധിക്കും എന്ന അഭിപ്രായം എനിക്കുണ്ട്. ജാതിയും ജാതിമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അതു കണ്ടില്ലെന്ന് നടിച്ച് ജാതി വിരോധം വിളമ്പുന്നതാണ് യഥാര്‍ത്ഥ ജാതിവാദം. പണ്ട് ജാതിയുണ്ടെന്ന് പറഞ്ഞ് മനുഷ്യര്‍ക്ക് ഉയര്‍ച്ച-താഴ്ചകള്‍ കല്‍പ്പിച്ചവരുടെ പിന്‍ തലമുറക്കാരിന്ന് ജാതിയില്ലെന്ന് പറഞ്ഞ് പണ്ടത്തെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ നിന്നുമല്ല ജാതി ഒഴിവാക്കേണ്ടത്; മനസ്സുകളില്‍ നിന്നാണ് ജാതി ഒഴിവാക്കേണ്ടത്. സര്‍ട്ടഫിക്കറ്റുകളിലെ ജാതി കടിക്കുകയില്ല. മനസ്സിലെ ജാതിയാണ് കടിച്ചു കുടയുക! ഇപ്പോള്‍ ജാതി പറയുകയും ചോദിക്കുകയും ചെയ്യാതിരുന്നാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് സവര്‍ണര്‍ക്കാണ്. ഈ 'സത്യം' തിരിച്ചറിഞ്ഞവര്‍ പല വേഷങ്ങളിലുമിന്ന് രംഗത്തുണ്ട്. ഇതിലൊരു വേഷമാണ് യുക്തിവാദ വേഷം. വളരെ കുറച്ചു പേരേ ഉള്ളുവെങ്കിലും മാനവികതയില്‍ വിശ്വസിക്കുന്ന യുക്തിവാദികളും കൂട്ടത്തിലുണ്ട് കെട്ടോ.
സവര്‍ണ യുക്തിവാദത്തെ തുറന്നു കാണിച്ച് ഞാന്‍ മുമ്പ് ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്. 07.09.2001 ല്‍ 'മാധ്യമ'ത്തില്‍ എഴുതിയ ഒരു കുറിപ്പ് താഴെ കൊടുക്കുന്നു.

ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും
ശങ്കരനാരായണന്‍ മലപ്പുറം
'ഒരുജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്' എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന് ഏറെ ഇഷ്ടപ്പെട്ട ശിഷ്യനായിരുന്നു, 'ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട' എന്നു പറയുകയും കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിന് തിരി കൊളുത്തുകയും ചെയ്ത സഹോദരനയ്യപ്പന്‍. 'ദൈവം വേണ്ട' എന്നു പറഞ്ഞ സഹോരനയ്യപ്പനെക്കുറിച്ച് മാത്രമേ ഇന്നത്തെ യുക്തിവാദികള്‍ക്ക് അറിയുകയുള്ളൂ. 'ജാതി ചോദിക്കരുത്; പറയരുത്; ചിന്തിക്കരുത്' എന്ന ഗുരു വചനത്തിന് 'വിരുദ്ധ'മായി 'ജാതി ചോദിക്കണം; പറയണം; ചിന്തിക്കണം'എന്നു പറഞ്ഞ സഹോദരനയ്യപ്പനെ ഉള്‍ക്കൊള്ളാന്‍ ആധുനിക യുക്തിവാദികള്‍ക്കു സാധിക്കുകയില്ല. എന്തെന്നാല്‍ മറ്റു പല പുരോഗമന-വിപ്‌ളവ പ്രസ്ഥാനങ്ങളുമെന്നപോലെത്തന്നെ കേരള യുക്തിവാദി സംഘവും സവര്‍ണവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനമായി മാറിയിരിക്കുന്നു.
ഹൗറ-നാഗര്‍കോവില്‍ എക്‌സ്പ്രസിന് 'ഗുരുദേവ് എക്‌സ്പ്രസ്' എന്നും പാലക്കാട്-തിരുവനന്തപുരം എക്‌സ്പ്രസിന് 'അമൃത എക്‌സ്പ്രസ്' എന്നും പേരിട്ടതു സംബന്ധിച്ചുണ്ടായ കേസ്സും കൂട്ടവും ഇക്കാര്യം തെളിയിക്കുന്നുണ്ട്. കേരള യുക്തിവാദി സംഘം പ്രസിഡണ്ട് പവനന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്, ട്രെയിനുകള്‍ക്ക് മതങ്ങളുമായി ബന്ധമുള്ള പേരിട്ടത് ശരിയായ നടപടിയല്ലെന്നായിരുന്നു. 'ഗുരുദേവ്' എന്നത് ശ്രീനാരായണ ഗുരുവിനെയും 'അമൃത' എന്നത് അമൃതാനന്ദമയിയെയും ഉദ്ദേശിച്ചാണെന്ന ധാരണ വച്ചാണ് റെയില്‍വെയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പവനന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിന് റെയില്‍വെ നല്‍കിയ മറുപടി, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളെ ഉദ്ദേശിച്ചല്ല ട്രെയിനുകള്‍ക്ക് പ്രസ്തുത പേരുകള്‍ നല്‍കിയതെന്നായിരുന്നു.
ശ്രീനാരായണ ഗുരുവിനെ ഒരു മതത്തിന്റെ വക്താവായിക്കണ്ട് അദ്ദേഹത്തിന്റെ പേര് ട്രെയിനിന് നല്‍കരുതെന്ന് പറയാന്‍ കടുത്ത ജാതി വര്‍ഗ്ഗീയവാദിക്കു മാത്രമേ കഴിയുകയുള്ളു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമകളെ നോക്കി 'സിമന്റു നാണു' എന്നും, പ്രവചിച്ച സമയത്ത് മരിക്കാത്തതിനാല്‍ ഉലക്കൊണ്ട് തലക്കടിച്ച് കൊന്നതാണെന്നും മറ്റുമുള്ള 'തമാശ' പറയുന്നവര്‍ക്കു മാത്രമേ ഇങ്ങനെ ആവശ്യപ്പെടുവാന്‍ സാധിക്കുകയുള്ളൂ.
മാതാ അമൃതാനന്ദമയിയോടുള്ള പവനന്റെ എതിര്‍പ്പും ജാതി സങ്കുചിത ചിന്തയില്‍ നിന്നുണ്ടായതു തന്നെ. അല്ലെങ്കില്‍ എന്തുകൊണ്ട് പവനന്‍ പ്രസിഡണ്ടായുള്ള യുക്തിവാദി സംഘം 'പരശുറാം എക്‌സ്പ്രസ്' എന്ന പേരിന്റെ കാര്യത്തില്‍ കൊടതിയില്‍ പോയില്ല?
പവനന്റെ കേസ്സും കൂട്ടുവും മറ്റൊരു വഞ്ചന തുറന്നു കാണിച്ചു എന്നതില്‍ സന്തോഷമുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും അമൃതാനന്ദമയിയുടെയും പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കേന്ദ്ര റയില്‍വെ സഹമന്ത്രിയും (അന്ന് ഒ.രാജഗോപാലായിരുന്ന റയില്‍വെ സഹമന്ത്രി) കൂട്ടരും എന്നുള്ളതാണ് പ്രസ്തുത കാര്യം.
..............

4 comments:

സത്യാന്വേഷി said...

ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം
‘ജാതി ചോദിക്കരുതെന്നു
തുടങ്ങുന്ന ശ്രീനാരായണവാക്യം ജാതി ഇല്ലാതാ‍കുന്ന സ്ഥിതി കൈവരുത്താന്‍ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണ്; സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകള്‍ക്ക് എതിരായി ഉപയോഗിക്കാന്‍ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതിമേധാവിത്വങ്ങളും നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ പിന്നോക്ക സമുദായങ്ങളുടെ പരിരക്ഷകള്‍ക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ.സംവരണ
ത്തിനെതിരായി, ജാതി ചോദിക്ക രുത്, പറയരുത്, ചിന്തിക്കരുത് എന്നുള്ള ശ്രീനാരായണവാക്യം ഉദ്ധരിക്കുന്നവരോട്, ജാതി ചോദിക്കണം,പറയണം,ചിന്തിക്കണം എന്നുതന്നെ പറയണം. ജാതി പുലര്‍ത്തണമെന്ന ഉദ്ദേ ശ്യത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം.”-സഹോദരന്‍ അയ്യപ്പന്‍[ കെ ഏ സുബ്രഹ്മണ്യം എഴുതിയ ‘സഹോദരന്‍ അയ്യപ്പന്‍’ എന്ന ഗ്രന്ഥത്തില്‍ ഇതു വായിക്കാം (പേ 655)]

chithrakaran:ചിത്രകാരന്‍ said...

“പക്ഷേ, തെറി പറയാതെ തന്നെ കാര്യം പറയാന്‍ സാധിക്കും എന്ന അഭിപ്രായം എനിക്കുണ്ട്.”

ആ അഭിപ്രായത്തെ മാനിക്കുന്നു !
പക്ഷേ,ആ കഴിവില്ലാത്ത പാവങ്ങളും,തെണ്ടികളും,ചെറ്റകളേയുമെല്ലാം ഈ ബ്ലോഗിലെങ്കിലും ജീവിക്കാന്‍ മുഷിയാതെ അനുവദിക്കണേ... ബ്ലോഗര്‍ സുഗതന്‍ :)
മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !

sugathan said...

അയ്‌ക്കോട്ടെ സാര്‍!
ചിത്രകാരന്‍ എഴുതിയ 'മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും' മുമ്പ് വായിച്ചിരുന്നു.

സത്യാന്വേഷി said...

താങ്കളുടെ ഈ പോസ്റ്റിന് ഒരു മറുപടി റാഷനല്‍ ബുക്സ് എന്ന യുക്തിവാദി നല്‍കിയിരിക്കുന്നതു കണ്ടോ?ശ്രീനാരായണ ഗുരുവും യുക്തിവാദികളും