My Blog List

Wednesday, January 19, 2011

അവസരവാദ കലയുടെ ആശാനായ അഴീക്കോട്

പരിവര്‍ത്തനവാദി മാസിക- ഡിസംബര്‍,2010


ശങ്കരനാരായണന്‍ മലപ്പുറം

    ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലേക്ക് മാറുന്നത് അവസരവാദമല്ല. ശരി എന്നു വിശ്വസിച്ചത് തെറ്റാണെന്നും തെറ്റാണെന്ന് ധരിച്ചിരുന്നത് ശരിയാണെന്നും ബോധ്യപ്പെട്ട് പാര്‍ട്ടി മാറിയാല്‍ അതൊരിക്കലും അവസരവാദമാമില്ല. മറിച്ച്, കാര്യ ലാഭത്തിനു വേണ്ടിയാണെങ്കില്‍ അവസരവാദമാവുകയും ചെയ്യും. പ്രതേ്യക കാര്യം സാധിക്കാന്‍ വേണ്ടിയല്ലെങ്കില്‍ കൂടി, ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി അന്ധമായി വാദിക്കുകയും പിന്നീട് ഏതോ പ്രശ്‌നത്തിന്റെ പേരില്‍ അവരോട് തെറ്റി എതിര്‍ ചേരിയില്‍ വന്ന് അവരെ അന്ധമായി ചീത്ത പറയുകയും ചെയ്യുന്നത് അവസരവാദമാണ്. ഇത്തരത്തില്‍പ്പെട്ട ഒന്നാം നമ്പര്‍ അവസരവാദിയായിരുന്നു നമ്മളെ നോക്കി ചിരിച്ചു കൊണ്ട് മരിച്ച പ്രൊഫ: എം.എന്‍.വിജയന്‍ (വിജയന്‍ മാഷിന്റെ മരണം വളരെ സുന്ദരമായൊരു മരണമായിരുന്നു. ഇക്കാര്യത്തില്‍ വളരെ ഭാഗ്യവാനായിരുന്നു അദ്ദേഹം). സാമാന്യ മര്യാദാ ബോധം ഉള്ളയാള്‍ ചെയ്യാന്‍ പാടില്ലാത്ത പണിയാണ് ഇദ്ദേഹം 'ദേശാഭിമാനി' വാരികയുടെ പത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത്. 'ദേശാഭിമാനി' വാരികയുടെ പത്രാധിപസ്ഥാനത്തിരുന്നു കൊണ്ട് തന്നെ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന 'പാഠ' ത്തിന്റെ പത്രാധിപരായി. ഇതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം മാന്യന്മാര്‍ക്കു ചേര്‍ന്നതായിരുന്നില്ല. '' ഞങ്ങള്‍ 'പാഠ'ത്തിലൂടെ പറയാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കാര്യങ്ങളല്ല; ജനങ്ങളുടെ കാര്യങ്ങളാണ്. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ് എന്ന് വിമാനത്തില്‍ പറന്നു വന്ന് വിളിച്ചു പറഞ്ഞാല്‍ പോരാ'' എന്നൊക്കെയായിരുന്നു തട്ടിവിട്ട ഗീര്‍വാണങ്ങള്‍ (മാതൃഭൂമി വാരിക,14.10.2007). ഇതിന്റെ അര്‍ത്ഥം 'ദേശാഭിമാനി' ജനങ്ങളുടെ കാര്യം പറയുന്ന പ്രസിദ്ധീകരണമല്ല എന്നാണ്. പിന്നെ എന്തിനാണ് എം.എന്‍.വിജയന്‍ ജനവിരുദ്ധമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപച്ചുമതല കെട്ടിപ്പിടിച്ച് കിടന്നത് ? രാജി വച്ച് മാന്യമായി പുറത്ത് പോകണമായിരുന്നു. നാവ് എങ്ങോട്ടും വളയ്ക്കാവുന്ന സാധനമാണ് എന്നു കരുതി പറയുന്നതെന്തും ന്യായമാവില്ലല്ലോ. 
             തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന്‍ എന്ന അദ്ധ്യാപകനെ, ക്‌ളാസ് മുറിയില്‍ കൊച്ചു കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന സംഭവത്തെ (കൊല്ലാനായി തെരഞ്ഞെടുത്ത പശ്ചാത്തലത്തെ)ഒരൊറ്റ സി.പി.എം. കാരനും ന്യായീകരിച്ചിട്ടില്ല. എന്നാല്‍, എം.എന്‍. വിജയന്‍ ഇതിനെ ന്യായീകരിച്ച് ഘോരഘോരം പ്രസംഗിച്ചു. ഇതേക്കുറിച്ച് കെ.വേണു ഇങ്ങനെ അഭിപ്രായപ്പെട്ടു (മാതൃഭൂമി വാരിക, 21.10.2007): ''അതിനെ ന്യായീകരിച്ച് അദ്ദേഹമെഴുതിയത് കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് അദ്ദേഹത്തോട് കടുത്ത വെറുപ്പാണ് തോന്നിയത് ''. അതെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ച പാഠം പത്രാധിപര്‍ അന്ന് സി.പി.എമ്മിന്റെ എതിരാളിളെ പാഠം പഠിപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്കാരെക്കാള്‍ വലിയ പാര്‍ട്ടി ഭക്തി അദ്ദേഹം കാണിച്ചു. മറു കണ്ടം ചാടിയപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതും ഈ അന്ധമായ (വിരോധ) ഭക്തി തന്നെയായിരുന്നു. അല്ലാതെ അതില്‍ സാംസ്‌കാരികവും രാഷ്ട്രീയവുമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ രാഷ്ട്രീയമെന്നു വിളിക്കാമെങ്കില്‍ ഈ രാഷ്ട്രീയത്തെയാണ് അവസരവാദ രാഷ്ട്രീയം എന്നു വിളിക്കേണ്ടത്. 
           എന്നാല്‍, എം.എന്‍.വിജയനെ കടത്തി വെട്ടുന്ന ഒരു സൂപ്പര്‍ അവസരവാദിയുണ്ട് കേരളത്തില്‍. സാംസ്‌കാരിക നായകനായി വിശേഷിപ്പിക്കപ്പെടുന്ന ഡോ: സുകുമാര്‍ അഴീക്കോടാണ് ഈ വ്യക്തി. ഇതു തെളിയിക്കാനായി വിവരിക്കുന്ന കാര്യങ്ങളില്‍ വായനക്കാര്‍ക്ക് വിശ്വാസക്കുറവുണ്ടെങ്കില്‍ ആ ധാരണ മാറ്റാന്‍ ഒരു ചെറിയ നിര്‍ദ്ദേശം വയ്ക്കാം. ഈ വ്യക്തിയുടെതായി പത്രങ്ങളില്‍ വരുന്ന വാക്കുകള്‍ മുറിച്ചെടുത്തു സൂക്ഷിക്കുക. കുറച്ചു കാലം കഴിഞ്ഞ് അവ ഒരാവര്‍ത്തി വായിക്കുക. പിന്നെ യാതൊരു സംശയവും വരില്ല. ആടിനെ പട്ടിയാക്കാനും ആ പട്ടിയെ പിന്നെ ആടാക്കാനും ആ ആടിനെ ആമയാക്കാനും ആമയെ പിന്നെ ആമാടയാക്കാനും കഴിവുള്ള വ്യക്തിയാണ് ഡോ: സുകുമാര്‍ അഴീക്കോട് എന്നു ശരിക്കും ബോധ്യമാവും. 
കമ്മ്യൂണിസ്റ്റ് വിരോധ ചിന്തകള്‍ 
      കുരങ്ങനില്‍ നിന്നു മനുഷ്യന്‍ രൂപപ്പെട്ടുവെന്ന പരിണാമവാദം ഡാര്‍വിന്‍ കണ്ടുപിടിച്ചതാണ്. എന്നാല്‍, മനുഷ്യന്‍ മൃഗമാവുകയും വീണ്ടും മനുഷ്യനാവുകയും ചെയ്യുന്ന ഒരു പരിണാമ സിദ്ധാന്തം അഴീക്കോട് പണ്ടൊരിക്കല്‍ കണ്ടു പിടിച്ചിട്ടുണ്ട്. ഈ സിദ്ധാന്തം 1978 ലെ 'ദേശാഭിമാനി' വാര്‍ഷികപ്പതിപ്പില്‍ പ്രൊഫ: എം.കെ.സാനു ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ആ സിദ്ധാന്തം ഇങ്ങനെ: '' മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും. മൃഗം അധ:പതിച്ചാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റാകും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് അധ:പതിച്ചാല്‍ കേരള കമ്മ്യൂണിസ്റ്റാകും. കേരള കമ്മ്യൂണിസ്റ്റ് അധ:പതിച്ചാല്‍ മുണ്ടശ്ശേരിയാകും'' 
      ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരിയെ മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും മാര്‍ക്‌സിനെയുമൊക്കെ അതി ശക്തമായ ഭാഷയില്‍ അഴീക്കോട് വിമര്‍ശിച്ചിട്ടുണ്ട്. കലയും മാര്‍ക്‌സിസവും (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്-20.10.1955) എന്ന ലേഖനത്തില്‍ അഴീക്കോട് ഇങ്ങനെ എഴുതി: '' ജീവിതത്തിന്റെ സമഗ്ര പ്രതിഭാസങ്ങളെ ഉള്ളടക്കുന്ന സത്യമാണ് അത് (മാര്‍ക്‌സിസം) എന്നു വാദിക്കണമെങ്കില്‍ ആധുനികമായ പല വിജ്ഞാന പ്രവണതകളെയും നേരെ കണ്ണ് ഇറുക്കി അടയ്‌ക്കേണ്ടി വരും. ഇത്ര കൊടിയ വിജ്ഞാന ഹത്യ നടത്തിയിട്ടും മാര്‍ക്‌സിസത്തിന്റെ അപ്രമാദിത്വത്തെ സ്ഥാപിച്ചിട്ട് എന്തു സ്വരാജ്യമാണ് സിദ്ധിക്കുകയെന്ന് മനസ്സിലാകുന്നില്ല...കാറല്‍ മാര്‍ക്‌സിനെ സാഹസ കലാകാരനും കലാ വിമര്‍ശകനുമാക്കിത്തീര്‍ത്തുകൊണ്ട് കലയും മാര്‍ക്‌സിസവും പരസ്പര ബന്ധമുള്ളതാണെന്ന് സ്ഥാപിക്കാമെന്ന് ചിലര്‍ കരുതുന്നു. എത്ര മൂഡമായ വിശ്വാസം! മാര്‍ക്‌സ് എഴുതിയ ഗ്രന്ഥങ്ങള്‍ അത്യുത്തമമായ കലാസൃഷ്ടികളാണത്രെ!''
         1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചപ്പോള്‍ അതിനെ പരാമര്‍ശിച്ച് അഴീക്കോട് ഇങ്ങനെ എഴുതി (മാതൃഭൂമി ആഴ്ചപ്പതിപ്പ്- 1957 സെപംബര്‍ 11 ) ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിജയം നാളെ ഇന്ത്യയുടെ തന്നെ ഐക്യത്തിനും നിലനില്പിനും ദോഷകരമായി ഭവിക്കും.......ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കക്ഷിയെ അവിശ്വാസ്യമെന്നും അസത്യാത്മകമെന്നും അല്ലാതെ മറ്റൊരു രീതിയില്‍ ആര്‍ക്കും വിശേഷിപ്പിക്കുക സാധ്യമല്ല''
    അവസരവാദം എന്ന വാദത്തിലപ്പുറമൊരു വാദം ഇക്കാര്യത്തില്‍ അഴീക്കോടിനില്ല. മുണ്ടശ്ശേരിയെ ചീത്ത പറഞ്ഞു അതേ നാവുകൊണ്ടു തന്നെ മുണ്ടശ്ശേരിയെ വാനോളം പുകഴ്ത്താനും അഴീക്കോടിന്റെ നാവ് തയ്യാറായി. 2003 ആഗസ്റ്റില്‍ മുണ്ടശ്ശേരിയുടെ ജന്മദിനാഘോഷങ്ങള്‍ കേരള സാഹിത്യ അക്കാദമി ഹോളില്‍ നടന്നു. അതില്‍ അഴീക്കോട് മുണ്ടശ്ശേരിയെ പ്രകീര്‍ത്തിച്ച സംസാരിക്കുകയുണ്ടായി (2004 സെപ്തംബര്‍ ലക്കം സാഹിത്യ ചക്രവാളത്തില്‍ അത് ചേര്‍ത്തിട്ടുണ്ട്). മാധുര്യമൂറുന്നതും ആസ്വാദ്യവുമായ കിഴങ്ങു പോലെയുള്ള മനുഷ്യനാണ് മുണ്ടശ്ശേരി എന്നുവരെ അഴീക്കോട് തട്ടി വിട്ടു. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയെ രണ്ടാം മുണ്ടശ്ശേരി എന്നു വിശേഷിപ്പിക്കുയും ചെയ്തു.
         ഇതൊക്കെ പണ്ടത്തെ കാര്യം. പിന്നീട് സത്യം തിരിച്ചറിഞ്ഞ് നിലപാട് മാറ്റിയില്ലേ എന്ന മറു ചോദ്യമുയര്‍ന്നേക്കാം. എന്നാല്‍ ഈ ചോദ്യം വെറുതെയാണ്. 2001 ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റപ്പോള്‍ അഴീക്കോട് പ്രകടിപ്പിച്ച അഭിപ്രായം നോക്കുക: ''ഇടതുമുന്നണി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടു. അവരുടെ മൃഗീയത സംസ്ഥാനത്തെ ചോരക്കളമാക്കി. അവര്‍ ജനങ്ങളില്‍നിന്നകന്ന് ദന്തഗോപുരങ്ങളില്‍ ഇരിക്കുകയായായിരുന്നു''
എഴുത്തും അവസരവാദവും
   1944 ലാണത്രെ അഴീക്കോട് എഴുത്തു തുടങ്ങിയത്. അവസരവാദവും അന്നു തന്നെ തുടങ്ങിയിട്ടുണ്ടാവും. സത്യം, ദയ, സ്‌നേഹവും സാഹോദര്യം തുടങ്ങിയ ഗുണങ്ങളെ വിളംബരം ചെയ്യുന്നതും മനുഷ്യര്‍ക്ക് എന്നും ഗുണപാഠമായി നിലനില്‍ക്കുന്നതുമായ സൂക്തങ്ങളൊന്നും അഴീക്കോടില്‍ നിന്നുണ്ടായിട്ടില്ല. ഉല്‍പ്രേക്ഷകളും ഉപമകളും അലങ്കാരങ്ങളും കൊണ്ടുള്ള വെറും കസര്‍ത്തു കളികള്‍ മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. 
        കോണ്‍ഗ്രസ്സുകാരെ ചീത്ത പറയുന്നത് അഴീക്കോടിന്റെ സ്ഥിരം സ്വഭാവമൊന്നുമല്ല. അവരെ നിരന്തരം ചീത്ത പറയുമ്പോള്‍ അവര്‍ അഴീക്കോടിനെ പ്രസംഗിക്കാന്‍ വിളിക്കില്ല. അങ്ങനെയിരിക്കെ ഒരു ദിവസം വിളിക്കും. അഴീക്കോട് ക്ഷണം രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അവിടെപ്പോയി കോണ്‍ഗ്രസ്സുകാര്‍ക്കു വേണ്ടി കുഴലൂത്തു നടത്തുകയും ചെയ്യും. 1989 ല്‍ നെഹ്‌റു ജന്മശതാബ്ദിയൊടനുബന്ധിച്ച് ആലപ്പുഴ വച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നെഹ്‌റു സിമ്പോസിയത്തിലെ പ്രസംഗം നോക്കുക: '' ഈ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ്സുകാര്‍ അവരുടെ സമ്മേളനങ്ങളില്‍ എന്നെ വിളിച്ചിട്ടില്ല. അത് ആരുടെ കുറ്റം? കോണ്‍ഗ്രസ്സുകാര്‍ എന്തേ എന്നെ വിളിക്കാതിരിക്കുന്നത് ? കോണ്‍ഗ്രസ്സുകാര്‍ വിളിക്കുന്നില്ലെങ്കിലും ഇതാ ഞാന്‍ വിളിക്കുന്നു എന്ന് തച്ചടി (തച്ചടി പ്രഭാകരന്‍) പറയുകയല്ലായിരുന്നോ? ഒന്നു രണ്ടു രാഷ്ട്രീയ യോഗത്തിനൊഴികെ എല്ലാറ്റിലും പോകുമെന്ന് ഞാന്‍ അമ്മയോട് സത്യം ചെയ്തതാണ്. ഞാനും കോണ്‍ഗ്രസ്സില്‍പ്പെടും. കാരണം അമ്മയുള്ള കാലത്ത് ഞാന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു''
      അഴീക്കോടിന്റെ അവസരവാദത്തെ ചോദ്യം ചെയ്താല്‍ അദ്ദേഹം ഞഞ്ഞാപിഞ്ഞ പറയുകയും ചെയ്യും. ഇപ്പോള്‍ അതി ശക്തമായി മാര്‍ക്‌സിസം പ്രസംഗിക്കുന്ന ഇദ്ദേഹം അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെയും അവരുടെ കിരാതമായ അടിയന്തിരാവസ്ഥാ വാഴ്ചകയെയും സ്തുതിച്ച് എഴുതുകയുണ്ടായി. 1976 ല്‍ വീക്ഷണത്തിന്റെ ഒന്നാം വാര്‍ഷികപ്പതിപ്പില്‍ 'പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ നിന്ന്:       '' ഇന്നത്തെ അടിയന്തരാവസ്ഥയെ ഒന്നു പരിശോധിച്ചു നോക്കുക. സ്വാതന്ത്ര്യം നേടിയതിനു ശേഷം കൈവന്ന അവസരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ആര്‍ത്ഥികവും ഭരണപരവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നാം പരാജയപ്പെട്ടുകൊണ്ടേയിരുന്നപ്പോള്‍ ഉണ്ടായി വന്ന പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യന്‍ ജനത കൈക്കൊണ്ട ധീരവ്രതത്തിന്റെ പേരാണ് അടിയന്തരാവസ്ഥ. നേരത്തെ വിവരിച്ചതു പോലെ, ഇനി നമുക്ക് അവസരം കിട്ടില്ല; ഇത് അവസാനത്തെ അവസരം! '' ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്നു പോയപ്പോള്‍, ''ഞാന്‍ ഒരിക്കലും അടിയന്തരാവസ്ഥയ്ക്കനുകൂലമായി എഴുതിയിട്ടല്ല ''എന്നു അഴീക്കോട് വിളിച്ചു പറയുകയുണ്ടായി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തെളിവുമായി രംഗത്തു വന്നപ്പോള്‍ 'ഛെ!, ഈ കള്ളുകുടിയനുമായൊക്കെ സംസാരിക്കാന്‍ ഗാന്ധിയനായ എന്നെ കിട്ടില്ല. ' എന്നു ഞഞ്ഞാപിഞ്ഞാ പറഞ്ഞ് തടി തപ്പുകയാണ് അഴീക്കോട് ചെയ്തത്. എന്നാല്‍ ഇതൊന്നും വിശദമായി തുറന്നു കാണിക്കാനുള്ള ചങ്കൂറ്റം നമ്മുടെ പത്ര മാധ്യമങ്ങള്‍ക്കില്ലാ എന്നതാണ് ദു:ഖകരമായ സത്യം. അഴീക്കോടിനെ അവര്‍ക്ക് പേടിയാണ്. അടിയന്തിരാവസ്ഥയെ ന്യായീകരിച്ചിട്ടില്ല എന്നു നുണ പറഞ്ഞ അഴീക്കോടിനെതിരെ തെളിവുകള്‍ നല്‍കിയെങ്കിലും അവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ മിക്ക പത്ര മാധ്യമങ്ങളും തയ്യാറായില്ല. ഇതേക്കുറിച്ച് ബാല ചന്ദ്രന്‍ ചുള്ളിക്കാട് കെ.എം.ചുമ്മാറിന് ഇങ്ങനെ എഴുതി: '' ഈ കള്ള ദൈവങ്ങള്‍ക്ക് പത്രമാധ്യമങ്ങളില്‍ വലിയ സ്വാധീനമുണ്ട് '' 
ഇപ്പോള്‍ അഴീക്കോടും എം.പി.വീരേന്ദ്രകുമാറും തമ്മില്‍ വലിയ ലോഹ്യമാണ് കാണിക്കുന്നത്. ഈയിടെ, അഴീക്കോടിന്റെ തത്ത്വമസിയെ വാനോളം പുകഴ്ത്തി വീരേന്ദ്രകുമാര്‍ പ്രസംഗിക്കുകയുണ്ടി. വീരേന്ദ്രകുമാറിനെ പുകഴ്ത്തി അഴീക്കോടും സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇത് പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന പരിപാടി മാത്രമാണ്. കുറച്ചു കാലം മുമ്പ് ഇവര്‍ കീരിയെയും പാമ്പിനെയും പോലെയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചീത്ത പറഞ്ഞു. വീരേന്ദ്രകുമാറിന്റെ രാമന്റെ ദു:ഖം എന്ന കൃതി തന്റെ ഗുരുവിന്റെ ദു:ഖം എന്ന കൃതി കട്ടെഴുതിയതാണെന്നു വരെ പറഞ്ഞു അഴീക്കോട്. എന്നാല്‍ ഈ അഴീക്കോട് തന്നെയാണ് വീരേന്ദ്രകുമാറിന്റെ രാമന്റെ ദു:ഖം എന്ന കൃതി പ്രകാശനം ചെയ്തത്. അന്ന് വീരേന്ദ്രകുമാറിനെ വാഴ്ത്തി അഴീക്കോട് തട്ടിവിട്ട ഗീര്‍വാണങ്ങള്‍ നോക്കുക: ''തുരുത്തുകള്‍ അതിജീവിക്കുന്ന സാഗരത്തിന്റെ കഥയാണ് രാമന്റെ ദു:ഖം. പേന എവിടെ പിടിക്കണമെന്നറിയാത്തവരുടെ ഇടയില്‍ വീരേന്ദ്രകുമാര്‍ പേന പിടിക്കേണ്ടിടത്ത് പിടിക്കുകയും അത് ശക്തമായി ഉപയോഗിക്കുകയും ചെയ്യുന്നത് വയനാടന്‍ മലകളുടെ പരിപാവനത കൊണ്ടാകണം. ഗന്ധകം കുഴിച്ചെടുക്കുന്ന ഖനിയില്‍ സ്വര്‍ണ്ണം കണ്ടെുത്തുമ്പോഴുള്ള ആഹ്‌ളാദമാണ് ഇദ്ദേഹത്തിന്റെ രചനകള്‍ കാണുമ്പോള്‍ ഉണ്ടാകുന്നത്'' 
നട്ടെല്ല് എന്ന ഗുണം
      ഇങ്ങനെയൊക്കൊ സംസാരിക്കാന്‍ അപാരമായ നട്ടെല്ലു തന്നെ വേണം. ഇതു സുകുമാര്‍ അഴീക്കോടിനു തീര്‍ച്ചയായും ഉണ്ട്. മാത്രമല്ല നട്ടെല്ലിന്റെ ഗുണത്തെക്കുറിച്ച് ഗീര്‍വാണമടിക്കാനുള്ള കഴിവും ഇദ്ദേഹത്തിനുണ്ട്. 1963 ല്‍ 'ജാഗ്രത'യില്‍ എഴുതിയ ലേഖനത്തില്‍ അഴീക്കോട് എഴുതിയത് നോക്കുക: '' നമ്മുടെ ഇടയിലുള്ള വിദ്വാന്മാര്‍-ഇവരാണല്ലോ ബുദ്ധിജീവികള്‍ എന്ന വിശേഷപ്പേരില്‍ അറിയപ്പെടുന്ന വര്‍ക്ഷം-നട്ടെല്ലില്ലാത്തവരോ, ഉണ്ടെങ്കില്‍ തേഞ്ഞു തേഞ്ഞ് നാരു പോലെയായ നട്ടെല്ലു മാത്രം ഉള്ളവരോ ആണ്. ചതുരന്മാരാകയാല്‍ തങ്ങളുടെ ചാപല്യങ്ങളും ഗുണമാണെന്ന് അവര്‍ വാക്കു വഴി പ്രകടിപ്പിക്കും......നാവും നട്ടെല്ലും തമ്മിലാണ് ഇന്ത്യയിലെ ബുദ്ധിജീവികള്‍ക്കിടയിലെ ഇന്നത്തെ ഏറ്റവും വലിയ മാനസിക സംഘട്ടനം നടക്കുന്നത്. നട്ടെല്ല് എന്താണെന്ന് വായനക്കാരന് അറിയാം-വിശ്വാസ ധീരധ തന്നെ. ഈ നാവോ? അതാണ് അവസരവാദം. ഏറ്റവും കൊടിയ അവസരവാദികള്‍ ഇന്നാട്ടിലെ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും തലപ്പത്ത് കയറി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. പിന്നെ എങ്ങനെ ഉണ്ടാകും ഇവിടെ നട്ടെല്ല് ''
ശങ്കരക്കുറുപ്പും അഴീക്കോടും
       അവസരവാദം കൊണ്ടു നടക്കുന്ന ആള്‍ വളരെ രസകരമായി അവസരവാദത്തെ വിമര്‍ശിച്ച് സംസാരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം നോക്കുക (ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ നിന്ന്): '' ചിലര്‍ അതിനും മുതിര്‍ന്നു. കേരളത്തില്‍ അത്തരക്കാരുടെ ഇടയിലാണ് ശങ്കരക്കുറുപ്പിനെ കണ്ടു മുട്ടുക. ആ താളത്തിന് കുതിച്ചു കുതിച്ചു അദ്ദേഹം പലപ്പോഴും കമ്മ്യൂണിസത്തിന്റെയും അതു വഴി റഷ്യയുടെയും ചൈനയുടെയും ആരാധകനോ ഗായകനോ ഒക്കെ ആയിത്തീരുകയും ചെയ്തു. ധൈഷണികവും വികാരപരവുമായ സത്യസന്ധതയുടെ അഭാവത്തില്‍ നിന്നോ ആന്തരമായ ആശയോല്‍ഗ്രഥനത്തിന്റെ പോരായ്മ മൂലമോ കവിയ്ക്ക് വീക്ഷണഭംഗം സംഭവിക്കാം. ശങ്കരക്കുറുപ്പിന്റെ ഗാന്ധി-മാര്‍ക്‌സിസ്റ്റ് പ്രേമം അത്തരമൊരു രോഗമാണ്. രാഷ്ട്രീയ രംഗത്തിലാണെങ്കില്‍ നഗ്നമായി അവസരവാദിത്വം എന്നാണ് ഇതിനെ പറയുക. കുറുപ്പിന്റെ വീക്ഷണ ചാഞ്ചല്യം രാഷ്ട്രീയമായ അവസരവാദിത്വത്തോളം വികസിച്ചു ചെന്നു. അതെത്ര ചീത്തയാക്കാമോ അത്ര ചീത്തയായ മട്ടില്‍ അദ്ദേഹം പ്രയോഗിക്കുകയും ചെയ്തു. എന്നു വെച്ചാല്‍ കമ്യൂണിസ്റ്റ് പത്രത്തിന് എഴുതിക്കൊടുക്കുന്ന കവിതയില്‍ കമ്യൂണിസവും ദേശീയ പത്രത്തിന് എഴുതിക്കൊടുക്കുന്നതില്‍ അഹിംസാ പ്രേമവും വേര്‍തിരിച്ചു പ്രകടിപ്പിക്കുന്നതുവരെയുള്ള അവസരവാദത്തിന്റെ അതിസൂക്ഷ്മമായ പ്രയോഗ ചാതുര്യം മുഴുക്കെ കുറുപ്പ് തന്റെ കവിതകളില്‍ കൈക്കൊണ്ടു പോന്നു.........ശ്രേഷ്ഠമായൊരു വ്യക്തിത്വത്തിന്റെ ഹീനമായൊരു ദൗര്‍ലഭ്യം ഉടുതുണിയുരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ശങ്കരക്കുറുപ്പിന്റെ ഈ അവസരവാദ നിലപാടില്‍ നാം കാണുന്നത്.......കവിയായാല്‍ തന്നോടുതന്നെയെങ്കിലും പൊരുത്തം വേണ്ടേ?'' 
      ഈ ചോദ്യം അഴീക്കോടിനോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. എന്നിരുന്നാലും ഇങ്ങനെയൊക്കെ ചോദിക്കാന്‍ അഴീക്കോടിനും അവകാശമുണ്ട് എന്ന കാര്യം ശരി തന്നെ. പക്ഷേ, ഒരു കണ്ണാടിക്കു മുമ്പില്‍ നിന്നു കൊണ്ടു പറഞ്ഞാലേ ഇതിനു വിലയുള്ളൂവെന്നു മാത്രം.
    ശങ്കരക്കുറുപ്പിനെ ഇത്രമാത്രം ആക്ഷേപിച്ചു സംസാരിച്ച അഴീക്കോട് ജി.ശങ്കരക്കുറുപ്പ് മരിച്ചപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തി ലേഖനമെഴുതി. ശങ്കരക്കുറുപ്പിനെ മഹാകവിയെന്നു വിളിക്കാന്‍ തയ്യാറാവാത്ത അഴീക്കോട് ആ ലേഖനത്തില്‍ മഹാകവി എന്ന പ്രയോഗം ധാരാളമായി ഉപയോഗിച്ചു. ഈ വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ അഴീക്കോട് അതിനു നല്‍കിയ മറുപടി (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 1986 മാര്‍ച്ച് 2-8) ഇങ്ങനെ: '' അത്ര വലിയ വൈരുദ്ധ്യമൊന്നും ഇതിലില്ല. ആദ്യത്തേത് വിമര്‍ശന കൃതിയാണ്. അതില്‍ വളരെ സൂക്ഷിച്ചാണ് വാക്കുപയോഗിക്കുന്നത്. രണ്ടാമത് പറഞ്ഞത് ഒരു ചരമ ലേഖനമാണ്. ആ ലേഖനത്തിലെ 'മഹാകവി' എന്ന പദത്തിന് 'ജനങ്ങള്‍ മഹാകവി എന്നു വിളിക്കുന്ന' എന്നാണര്‍ത്ഥം. ജനങ്ങളുടെ ആ വിളിയെ ഞാന്‍ നിഷേധിക്കുന്നില്ല എന്നു മാത്രമേ ആ പ്രയോഗത്തിന് താല്പര്യമുള്ളു''. ഇപ്പറഞ്ഞതിന്റെയര്‍ത്ഥം ജി.ശങ്കരക്കുറുപ്പിനെ മഹാകവിയായി അഴീക്കോട് അംഗീകരിക്കുന്നില്ല എന്നാണല്ലോ. ഈ മറുപടിയിലൂടെ, അഴീക്കോട് ശങ്കരക്കുറുപ്പിനെ ഒന്നു കൂടി അവഹേളിക്കുകയല്ലേ ചെയ്തത്? 
അഴീക്കോടിന്റെ പൊരുത്തം 
      'തന്നോടുതന്നെയെങ്കിലും പൊരുത്തം ഉള്ള' അഴീക്കോട്, 1959 ഓഗസ്റ്റ് 30 ന് എറണാകുളത്ത് ചേര്‍ന്ന സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ എഴുതിയത് നോക്കുക: ''കമ്യൂണിസത്തിന്റെ ഉദയത്തോടു കൂടി കൊലപാതകവും വഞ്ചനയും തുടങ്ങി. എന്തനീതിയും സുബദ്ധമാണെന്ന ഒരു തോന്നല്‍ നാടാകെ പരന്നിരിക്കുന്നു. ഇത് വ്യാപിച്ചു കഴിഞ്ഞാല്‍ സുസ്ഥിരവും പ്രശാന്തവുമായ സമുദായ ജീവിതം അസാദ്ധ്യമായിരിക്കും. അതിനാല്‍ കമ്യൂണിസത്തിന്റെ തത്വശാസ്ത്രം ചമയല്‍ ബുദ്ധിജീവികള്‍ അങ്ങേയറ്റത്തോളം എതിര്‍ക്കണം.....തത്ത്വശാസ്ത്രത്തോട് കമ്യൂണിസം ചെയ്ത അതിക്രമത്തിന് തുല്യമായിട്ട് മറ്റൊന്ന് സംസ്‌കാര ചരിത്രത്തിലുണ്ടായിട്ടില്ല. സിദ്ധാന്ത ഭ്രാന്തിനെ തത്ത്വ ശാസ്ത്രമാക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍.......ഒരു കപട ലോകത്തിന്റെ അന്ധകാരത്തിലേക്ക് കമ്യൂണിസം നമ്മെ നീക്കിക്കൊണ്ടു പോകുമ്പോള്‍ വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴുക്കിനനുസരിച്ചു ഒലിച്ചുപോയാല്‍ മതിയോ?''
           പുരോഗമന കലാ സാഹിത്യത്തെ വിമര്‍ശിച്ച ആള്‍ പിന്നീട് വയലാര്‍ അവാര്‍ഡ് രണ്ടു കയ്യും നീട്ടി വാങ്ങി. പുകഴ്ത്തലിന്റെ ചൂടാറുന്നതിന് മുമ്പു തന്നെ ഇകഴ്ത്തകയും വീണ്ടും പുകഴ്ത്തുകയും ചെയ്യും. മുഖ്യ മന്ത്രി വി.എസ്. അച്യുതാനന്ദനെ പുകഴ്ത്തി കേരള ശബ്ദത്തില്‍ അഭിമുഖം കൊടുത്തു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മാഫിയയുടെ പിടിയിലാണെന്നു വരെ പറഞ്ഞു. ശക്തമായ എതിര്‍പ്പു വന്നപ്പോള്‍ മലക്കം മറിഞ്ഞു. അഭിമുഖ സംഭാഷണം അപ്പാടെ നിഷേധിച്ചു. പിന്നെ മൊഴിഞ്ഞു: ''അച്യുതാനന്ദന്‍ എന്റെ ജ്യേഷ്ഠനാണ്, പിണറായി വിജയന്‍ എന്റെ അനുജനാണ്.'' ഇനി, സോണിയാഗാന്ധി തന്റെ മച്ചുനച്ചിയാണെന്ന് അഴീക്കോട് പറയും എന്ന സംശയം ഈ ലേഖകനിലുണ്ടായിരുന്നു. ഈ സംശയം മാറി. ഇതിനെയും കടത്തി വെട്ടി അഴീക്കോട് സോണിയാ ഗാന്ധിയെ പുകഴ്ത്തിയ വാര്‍ത്ത പത്രങ്ങളില്‍ വരികയുണ്ടായി. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും മഹത്വമുള്ള രണ്ടു സ്ത്രീകളിലൊരാളാണ് സോണിയാ ഗാന്ധിയെന്നും അവര്‍ അങ്ങനെയെന്നും ഇങ്ങനെയെന്നുമൊക്കെപ്പറഞ്ഞുള്ള പുകഴ്ത്തല്‍ 23.08.2009 ലെ പത്രങ്ങളില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. അനുജന്മാരുടെ കൂട്ടത്തില്‍ ഈയിടെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രനെയും കൂട്ടിയിട്ടുണ്ട്!
           കെ.കരുണാകരനെ ചീത്ത പറയാഞ്ഞാല്‍ ഉറക്കം വരാത്ത രാവുകളുണ്ടായിരുന്നു അഴീക്കോടിന്. ഹോമിയോപ്പതിക്കാരുടെ സമ്മേളനത്തില്‍ പോയി അതേക്കുറിച്ച് കാര്യമായൊന്നും പറയാതെ കെ.കരുണാകരനെ ചീത്തപറഞ്ഞ വ്യക്തിയാണ് അഴീക്കോട്. അമിത വേഗതയില്‍ കെ. കരുണാകരന്‍ കാറില്‍ പറന്നപ്പോള്‍ അഴീക്കോട് പറഞ്ഞു: 'അന്തകന്‍ മഹിഷമേറി വരുന്നു' ഇ്രതമാത്രം കുരുണാകര വിരോധം വിളമ്പിയ അഴീക്കോട് 2000 ത്തിലെ ശിവഗിരി തീര്‍ത്ഥാടന സമ്മേളന പന്തലില്‍ വച്ച് അദ്ദേഹത്തെ നോക്കി പറഞ്ഞത്-രാഷ്ട്രീയത്തിലെ സംന്ന്യാസി വര്യനാണ് ഈ ഇരിക്കുന്ന കെ.കരുണാകരന്‍ എന്നാണ്. കെ.കരുണാകരനെപ്പോലെയുള്ള ഒരു വ്യക്തിയെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ നല്ല നട്ടെല്ലിന്റെ ഉടമയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ.
കെ.പി.അപ്പന്‍'പൊയ്‌ക്കോ' എന്നു പറഞ്ഞതെന്തിന്?
         23.12.2009 ലെ (കെ.പി.അപ്പന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍) കേരളകൗമുദിയില്‍ കെ.പി.അപ്പനെ അനുസ്മരിച്ച് അഴീക്കോട് ലേഖനമെഴുതി. അതിന്റെ തുടക്കം ഇങ്ങനെ: ''ജീവിച്ചിരുന്ന കാലത്ത് സാഹിത്യത്തിന്റെ കാവല്‍ക്കാരനെപ്പോലെ എഴുത്തിനെ ഉപയോഗിച്ചിരുന്ന പ്രൊഫ: കെ.പി. അപ്പന്‍ അതേ സമയം തന്റെ പരിചയ വലയങ്ങളില്‍പ്പെട്ട എല്ലാവരെയും ഉള്ളറിഞ്ഞു കൊണ്ട് സ്‌നേഹിക്കുകയും ചെയ്തു... എന്റെ അനുഭവം വച്ച് പറഞ്ഞാല്‍ സാഹിത്യ വിവേചനത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന നിഷ്‌കര്‍ഷ എന്തിന്റെ മുമ്പിലെങ്കിലും അല്പം അയവ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് സ്‌നേഹത്തിന്റെ മുമ്പിലായിരുന്നു. എന്നെ സ്‌നേഹിക്കാന്‍ വേണ്ടി എന്റെ സാഹിത്യത്തെ മറികടന്ന ഒരാളാണ് കെ.പി.അപ്പന്‍...അപ്പന്‍ ആസന്നമരണനായി ആശുപത്രിയില്‍ എല്ലും തോലുമായി കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ഇരുവര്‍ക്കും വളരെ വലിയ പ്രയാസം ഉണ്ടാക്കിയ സന്ദര്‍ഭം. എന്നെ അങ്ങനെ വികാരപ്പെട്ടവനായി അതിനു മുന്‍പ് അദ്ദേഹം കണ്ടിരിക്കില്ല. പതുക്കെ അദ്ദേഹം എന്നോട് പറഞ്ഞു: ''മാഷ് പൊയ്‌ക്കോ''
'മാഷ് പൊയ്‌ക്കോ' എന്നു കെ.പി.അപ്പന്‍ പറഞ്ഞത് മറ്റെന്തെങ്കിലും ഓര്‍ത്തിട്ടായിരിക്കുമോ? (വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടല്ലോ). ഒരു പക്ഷേ, അപ്പന്റെ ചിന്ത 1986 ലേക്ക് പോയിക്കാണും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍( 1986 മാര്‍ച്ച് 2-8) അഴീക്കോട് തന്നെക്കുറിച്ചു പ്രകടിപ്പിച്ച അഭിപ്രായം ആ പാവം ഓര്‍ത്തുവോ? പ്രസ്തുത അഭിപ്രായം ഇങ്ങനെ: '' കെ.പി.അപ്പന് സാഹിത്യ ഗവേഷണം എന്താണെന്ന് നിശ്ചയമില്ല. അപ്പന്‍ എഴുതുന്ന വാക്യങ്ങള്‍ പത്തു തവണ ശുദ്ധീകരിച്ചാലേ ഗവേഷണ ശൈലിയാകൂ''. ഈ നിലപാടുകള്‍ വൈരുദ്ധ്യമല്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ അതിനുള്ള മറുപടി അഴീക്കോട് ഇങ്ങനെ പറഞ്ഞേക്കാം-''ജീവിച്ചിരുന്ന കാലത്ത് സാഹിത്യത്തിന്റെ കാവല്‍ക്കാരനെപ്പോലെ എഴുത്തിനെ ഉപയോഗിച്ചിരുന്നു' എന്നു പറഞ്ഞത് ജനങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു എന്നര്‍ത്ഥത്തിലാണ്. ജനങ്ങളുടെ ആ വിശ്വാസത്തെ ഞാന്‍ ആദരിക്കുന്നുവെന്നു മാത്രം''.
          കഷ്ടിച്ച് പെട്രോളടിക്കാനുള്ള പണം കൊണ്ടാണ് താന്‍ ജീവിക്കുന്നതെന്ന് ഇദ്ദേഹം പറയുകയുണ്ടായി. അപ്പോള്‍ പെന്‍ഷന്‍ വകയിയും ലേഖനമെഴുത്തിന്റെ വകയിലും റോയല്‍റ്റി വകയിലും കിട്ടുന്ന പണം എന്താണാവോ ചെയ്യുന്നത്? പണത്തിനു വേണ്ടിയാണെങ്കില്‍ മറ്റെന്തെങ്കിലും ചെയ്തു കൂടേയെന്നും എതെങ്കിലും ഒരു പത്രത്തിന്റെ എഡിറ്ററായിക്കൂടെ എന്നും അടുത്ത കാലത്ത് ചോദിക്കുകയുണ്ടായി ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 07.06.2009). പത്രത്തിന്റെ എഡിറ്ററായിരുന്നുവല്ലോ അഴീക്കോട്. വര്‍ത്തമാനം എന്ന പത്രത്തിന്റെ. വര്‍ത്തമാനത്തില്‍ നിന്ന് മാസാമാസം ശമ്പളവും കാറും യാത്രാപ്പടിയുമൊക്കെ വാങ്ങി 'ദാരിദ്ര്യം'പ്രസംഗിക്കുന്നത് ശരിയല്ലെന്ന അഭിപ്രായ പ്രകടനം (എ.പി.കുഞ്ഞാമു 20.06.2008 ലെ മാധ്യമം ദിനപത്രത്തിലെഴുതിയത്) ഇതിനോട് ചേര്‍ത്തു വായിക്കുക.
        കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. അവര്‍ക്ക്, സാഹിത്യ രംഗത്തും സാംസ്‌കാരിക രംഗത്തും കലാ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ വേണ്ടതിലും അപ്പുറമുണ്ട്. പിന്നെയും എന്തിനാണ് അവസരവാദ കലയുടെ ആശാനായ അഴീക്കോടിനെ സി.പി.എം. തോളിലേറ്റി നടക്കുന്നത്? തഞ്ചവും തരവും നോക്കി അഭിപ്രായം മാറ്റി മാറ്റി പറയുന്ന ഒരു വ്യക്തിക്കെന്തിനാണ് ഇത്രമാത്രം മഹത്വം കല്പിക്കുന്നത്? (ഇങ്ങനെയൊക്കെ ചോദിക്കാന്‍ ഈ ലേഖകന് എന്തവകാശം എന്ന ചോദ്യത്തിനും പ്രസക്തിയുണ്ടെന്ന് സമ്മതിക്കുന്നു). ''വാസ്തവത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഒരു സുപ്പീരിയര്‍ അഡൈ്വസറാണ് ഞാന്‍'' ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 07.06.2009) എന്നു പറയാന്‍ മാത്രമുള്ള സ്വാതന്ത്ര്യം സി.പി.എം. അവസരവാദ കലയില്‍ അഗ്രഗണ്യനായ ഡോ: സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ളൊരു വ്യക്തിക്ക് നല്‍കാമോ ?
വാല്‍ക്കഷ്ണം:- അഴീക്കോടിനെ ഇനിയും മനസ്സിലാക്കാത്തവരോട് ഒരഭ്യര്‍ത്ഥന. മോഹന്‍ ലാലിനെതിരെ അഴീക്കോട് തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങള്‍ പത്രങ്ങളില്‍ അച്ചടിച്ചു വരുന്നത് സൂക്ഷിച്ചു വയ്ക്കുക. ഏറെ കാലം കഴിയുന്നതിനു മുമ്പ് തന്നെ മോഹന്‍ ലാലിനെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഗീര്‍വാണങ്ങളും പത്രങ്ങളില്‍ അച്ചടിച്ചു വരും. എന്നിട്ട് അവ രണ്ടും താതമ്യം ചെയ്യുക. അപ്പോള്‍ എന്താണ് അഴീക്കോട് എന്നു തീര്‍ത്തും ബോധ്യമാവും.
.................

17 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

സാംസ്‌കാരിക കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയെക്കുറിച്ചുള്ളതാണ് ഈ പോസ്റ്റ്. കൊച്ചിയില്‍ നിന്നിറങ്ങുന്ന 'പരിവര്‍ത്തനവാദി'മാസികയില്‍ പ്രസിദ്ധീകരിച്ചതും 8 പേജ് വരുന്നതുമായ സചിത്ര ലേഖനമാണിത്. വായനക്കാര്‍ എന്തു പറയുന്നു?

കൊമ്പന്‍ said...

ഇതിനെ ആണ് കൈലാറ്റ നയം എന്ന് വിളിക്കുന്ന സംഗതി

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:))

ചാർ‌വാകൻ‌ said...

ശരിയായ നിരീക്ഷണം.

ശങ്കരനാരായണന്‍ മലപ്പുറം said...

ചാര്‍വാകന്‍, താങ്കള്‍ എഴുത്ത് നിര്‍ത്തിയോ?

chithrakaran:ചിത്രകാരന്‍ said...

ഒരു സാഹിത്യ തൊഴിലാളിയെ (സാഹിത്യ മേസ്ത്രി)ഇങ്ങനെ തൊലിയുരിച്ച് പരിശോധിക്കേണ്ടിയിരുന്നില്ല. ഇത്തരം ചെറുതും വലുതുമായ അനേകം സാഹിത്യ തൊഴിലാളികള്‍ ചേര്‍ന്നാണ് നമ്മുടെ സാംസ്ക്കാരിക ആകാശം ചുമന്നു നില്‍ക്കുന്നതെന്ന സത്യം പോലും താങ്കള്‍ വിസ്മരിച്ചിരിക്കുന്നു. നമ്മുടെ സാംസ്ക്കാരിക ആകാശം ഇടിഞ്ഞുപൊളിഞ്ഞു വീണാലുള്ള സാംസ്ക്കാരിക ശൂന്യതയെക്കുറിച്ച് ഒന്ന് ആലോചിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഈ കൊലച്ചതി ചെയ്യാന്‍ താങ്കള്‍ക്ക് ആകുമായിരുന്നില്ല. പ്രമുഖ പത്രങ്ങളുടെ ഉടമസ്തതയിലുള്ള നമ്മുടെ സാംസ്ക്കാരിക ആകാശത്തെ നക്ഷത്രങ്ങളായാണ്(മിന്നാമിനുങ്ങുകള്‍ എന്നതാണ് സത്യസന്ധമായ പ്രയോഗം:)സുകുമാര്‍ അഴീക്കോട്,എം.ടി., എം.മുകുന്ദന്‍,ടി.പത്മനാഭന്‍,സുഗതകുമാരി,.... തുടങ്ങിയ മഹാത്മാക്കളെ നാം മനസ്സിലാക്കേണ്ടതും പുവ്വിട്ട് പൂജിക്കേണ്ടതും എന്ന സത്യം താങ്കള്‍ വിസ്മരിച്ചു കാണുന്നതില്‍ ചിത്രകാരന്‍ പ്രതിഷേധിക്കുന്നു. ഏതാണ്ട് ലോക പ്രശസ്ത മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിനോളമൊക്കെ വളര്‍ന്നു നില്‍ക്കുന്ന ഈ മഹാരഥരെ നമിച്ചുകൊണ്ടു മാത്രമേ മലയാളത്തിന്റെ അക്ഷരമാല പോലും നമുക്ക് പഠിക്കാനാകു എന്നിരിക്കെ, അവര്‍ക്കിടയിലെ ചീഫ് കുക്കിനെ അവസരവാദ കലയുടെ ആശാനായി വിശേഷിപ്പിക്കുന്നതിലൂടെ താങ്കള്‍ താങ്കളുടെ എഴുത്തുവിദ്യ അധകൃത പ്രസിദ്ധീകരണങ്ങളിലല്ലാതെ...
കുലീനമായ പ്രസിദ്ധീകരണങ്ങളിലൊന്നും എഴുതാനാകാതെ... സ്വയം അധകൃതനായി ജീവിക്കേണ്ടിവരുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഒ.വി.വിജയന്റെ വീട്ടിലെ പൂച്ചയെക്കുറിച്ചും,ഒ.എന്‍.വിയുടെ പറംബിലേ വാനംബാടിയെക്കുറിച്ചോ,ബഷീറിന്റെ പാദസ്പര്‍ശമേറ്റ മണല്‍ത്തരികളെക്കുറിച്ചോ,ടി.പത്മനാഭന്റെ പട്ടികളെക്കുറിച്ചോ... എഴുതി ഒരു സാഹിത്യ നെടും തൂണായി മലയാളത്തിന്റെ സാംസ്ക്കാരികതയെ താങ്ങി നിര്‍ത്തേണ്ട കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനുപകരം താങ്കള്‍ എന്താണു ചെയ്യുന്നത് ??? ഛയ്..ഛായ്...ഛയ്...കഷ്ടം :)

vinod1377 said...

ഒരു വിദേശ പുസ്തകത്തെ കോപ്പി ചെയ്തു മലയാളികരിച്ചു തത്വമസി എന്ന് പേരിട്ടു സ്വന്തമാക്കി അതിനു മുകിളില്‍ അടയിരുന്നു വിരിയുന്നുണ്ടോ എന്ന് നോക്കുന്ന സാഹിത്യ സാംസ്കാരിക ജാഡകളെക്കുറിച്ചു എഴുതിയാല്‍ അവിടവും നാറും ശങ്കരേട്ടാ വിട്ടുകള....

റൂബിയ ഇസ്‌ഹാഖ് കാരക്കുന്ന് said...

എയ് ശങ്കരനാരയണന്‍ ,എന്റെ പ്രോഫയലും തിഅരഞ്ഞ് പോകണ്ട. എന്റെ ബ്ലോഗിലെ കുഞ്ഞാപ്പുനിവെ കുന്നായ്മക്ക് ഓപ്പോസിറ്റ് കമന്റ് ഇട്ടത് ഞാന്‍ തന്നെയാണ്, ഇതൊക്കെ ഒരു ട്രിക്കല്ലെ മാഷെ..........?

വി കെ ബാലകൃഷ്ണന്‍ said...

അഴീക്കോട് മാഷിനോട് വലിയ ആരാധനാ മനോഭാവം ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇടതുപക്ഷ തൊഴിലാളി സംഘടനയുടെ അംഗമായ ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി നേരിട്ട് കേട്ടത് ഞങ്ങളുടെ സംഘടനയുടെ ഒരു സെമിനാറില്‍ വെച്ചാണ്. സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തിക്കൊണ്ടു നടത്തിയ പ്രസംഗമായിരുന്നു അത്. അതോടുകൂടി എനിക്ക് അദ്ദേഹത്തിനോട് ഒരു ആരാധനാ മനോഭാവം ഉണ്ടായി.
എന്നാല്‍ ഈ ലേഖനം വായിച്ചതോടുകൂടി എന്നിലുള്ള ആരാധന പമ്പ കടന്ന് അവജ്ഞയായി മാറി. ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ കുറ്റപ്പെടുത്തുന്നു, വ്യക്തികളെ സസൂക്ഷ്മം വിലയിരുത്തുന്നില്ല എന്ന കാര്യത്തില്‍. ഏതായാലും ഒന്നു ഞാന്‍ ഇതോടെ തീരുമാനിച്ചു. ആരെയും അന്ധമായി ആരാധിക്കില്ലെന്ന കാര്യം. അഴീക്കോട് അവസരവാദിയാണെന്നുള്ളതിന് ഇനി തെളിവിന്റെ ഒരു തരിപോലും ആവശ്യമില്ല.
മാന്യതയ്ക്ക് യോജിക്കാത്ത ഭാഷ ഉപയോഗിച്ച് (മീന്‍മണ രാഷ്ട്രീയത്തിനു ചിത്രകാരന്‍ നല്‍കിയ കമന്റ് തന്നെ ഉദാഹരണം) എതിരാളികളെ തേജോവധം ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ളവരുടെ ചിത്രീകരണങ്ങള്‍ എന്തുതന്നെയായാലും കള്ള വിഗ്രഹങ്ങളെ അടിച്ചു തകര്‍ക്കുന്ന പണി ഇനിയും തുടരുക. താങ്കളെ അനുകൂലിച്ച് ചിത്രകാരന്‍ നടത്തിയ പല കമന്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇത്തരം കമന്റുകളെക്കാള്‍ നല്ലത് താങ്കളെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ്. കാരണം, അതില്‍നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകും.

ശങ്കരനാരായണന്‍ മലപ്പുറം said...

ഐലാശ്ശേരിയിലെ മുത്തിന്റെ 'കൃമികടിക്ക്' 18.01.1011 ന് പോസ്റ്റ് ചെയ്ത കമന്റിങ്ങനെ:

ഐലാശ്ശേരിയിലെ മുത്തേ,
ഡിഗ്രിയും പി.ജി.യും ഡോക്ടറേറ്റുമൊക്കെയുള്ള ഒരു സാംസ്‌കാരിക നായകനെക്കുറിച്ചുള്ളതാണ് എന്റെ ബ്‌ളോഗിലെ ഇന്നത്തെ പോസ്റ്റ്. വലിയ ലേഖനമാണ്. 'സംസ്‌കാരമില്ലാത്ത'മുത്ത് അതു വായിക്കുമല്ലോ!
പിന്നെ ഒരു കാര്യം, മുത്തിന് കമന്റിട്ട ഒരു ബ്‌ളോഗറുടെ <>പ്രൊഫൈല്‍<>തിരഞ്ഞിട്ട് കാണുന്നില്ല. ആ ബ്‌ളോഗര്‍ക്ക് <>പ്രൊഫൈല്‍<>ഇല്ലേ, മുത്തേ?. അതോ ഇതെല്ലാം ഒരുതരം ഒത്തുകളിയാണോ,മുത്തേ?

A said...

അഴീക്കോടിനു നല്ല ഭാഷയുണ്ട്. പക്ഷെ പലപ്പോഴും തന്റെ നിലപാടില്ലായ്മയെ ന്യായീകരിക്കനാണ് ടിയാന്‍ അത് മനോഹരമായി ഉപയോഗിക്കുന്നത്

Salim PM said...

ലേഖനം ഉഗ്രന്‍; ചിത്രകാരന്‍റെ കമന്‍റ് അത്യുഗ്രന്‍.

MOIDEEN ANGADIMUGAR said...

അഴീക്കോട് മാഷെപ്പറ്റി ഇങ്ങനേയൊരു സംശയം നേരത്തേ ഉണ്ടായിരുന്നു.ഈ ലേഖനം വായിച്ചതിലൂടെ അത് ഉറപ്പിച്ചു.
എങ്കിലും, മാഷിന്റെ ഭാഷാശുദ്ധിയെ കവച്ചുവെയ്ക്കാൻ ഈ വിമർശകർക്കൊന്നുമാവില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

പ്രിയപ്പെട്ട ശങ്കരനാരായണേട്ടാ
ഒരുപാട് കാര്യങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ട്. പോസ്റ്റിനു എല്ലാവിധ ആശംസകളും നേരുന്നു//

ശങ്കരനാരായണന്‍ മലപ്പുറം said...

ഡോ:സുകുമാര്‍ അഴീക്കോടിന്റെ ഭാഷാ പാണ്ഡിത്യത്തെ ചോദ്യം ചെയ്യുന്ന ലേഖനമല്ലിത്. അദ്ദേഹത്തിന്റെ അവസരവാദത്തെയാണ് ചോദ്യം ചെയ്തത്. ഭാഷാ പാണ്ഡിത്യത്തില്‍ അഴീക്കോടിനെക്കാള്‍ കഴിവുള്ള എത്രയോ വ്യക്തികള്‍ കേരളത്തിലുണ്ട്. 'ഹവാല-തൂവാല', 'കൈപ്പത്തി-കൈപ്പറ്റി' തുടങ്ങിയ ഉല്‍പ്രേക്ഷകളും ഉപമകളും വാരിക്കോരി പ്രയോഗിച്ച് പ്രസംഗിക്കാന്‍ കഴിവുള്ളവര്‍ ഒരു പക്ഷേ, വേറെ കാണില്ല. (ഒ.എന്‍.വി.കുറുപ്പിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രസംഗം നടത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ചിഹ്നം 'കൈപ്പത്തി'ക്കു പകരം 'കൈപ്പറ്റി'യാക്കണമെന്ന് അഴീക്കോട് പറഞ്ഞു. തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോര്‍ട്ടില്‍ നിന്നു അയച്ച വക്കീല്‍ നോട്ടീസ് 'കൈപ്പറ്റിയ' കാര്യമാണോ അഴീക്കോട് പറഞ്ഞതെന്ന് എം.എം. ഹസ്സന്‍ തിരിച്ചു ചോദിച്ചതിനു ശേഷം അഴീക്കോട് 'കൈപ്പറ്റിയ'കാര്യം ആവര്‍ത്തിച്ചില്ല). തെറ്റില്ലാത്ത മലയാളം, തെറ്റും ശരിയും, മഴവില്ല്, ഊഞ്ഞാല്‍, പൂന്തേന്‍, ആശ്ചര്യചൂഡാമണി തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചയാളും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ പന്മന രാമചന്ദ്രന്‍ നായര്‍ക്കുള്ളത്ര ഭാഷാ പാണ്ഡിത്യം ഡോ:സുകുമാര്‍ അഴീക്കോടിനില്ലതന്നെ.

സുശീല്‍ കുമാര്‍ said...

:)

ശങ്കരനാരായണന്‍ മലപ്പുറം said...

യോജിച്ചും വിയോജിച്ചും മൗനത്തിലൂടെയും വിഷയവുമായി ബന്ധപ്പെടാത്ത കാര്യത്തിലൂടെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ Iylaserikkaran, പള്ളിക്കരയില്‍, ചാര്‍വാകന്‍, ചിത്രകാരന്‍, വിനോദ്, റൂബിയ ഇസ്ഹാഖ് കാരക്കുന്ന്,balakrishnan,Salam, കല്‍ക്കി,Moideen angadimugar ശ്രീജിത്ത് കൊണ്ടോട്ടി, സുശീല്‍ കുമാര്‍ പി.പി എന്നിവര്‍ക്ക് നന്ദി. അടുത്ത പോസ്റ്റ്- ''മുസ്ലീം തെറാപ്പി!''