My Blog List

Wednesday, March 30, 2011

ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!

ശങ്കരനാരായണന്‍ മലപ്പുറം

     തെങ്ങുകേറ്റത്തൊഴിലാളിയായ മാധവേട്ടന്‍ ജോലി കഴിഞ്ഞെത്താന്‍ കാത്തിരിക്കുകയായിരുന്നു നബീല്‍. മാധവേട്ടന്റെ മകന്‍ നവീനും അയല്‍വാസി മായിന്‍ക്കയുടെ മകന്‍ നബീലും സമപ്രായക്കാരും സഹപാഠികളും ആത്മ സുഹൃത്തുക്കളുമാണ്. നബീലിന്റെ ബാപ്പയും ഉമ്മയും നവീനിനും ബാപ്പയും ഉമ്മയുമാണ്. കുഞ്ഞായിരിക്കുമ്പോള്‍ പലപ്പോഴും നബീലിനൊപ്പം നവീനും ഉമ്മയുടെ മുലകുടിച്ച കാര്യം പറഞ്ഞ് രണ്ടു വീട്ടുകാരും നവീനിനെ ഇപ്പോഴും കളിയാക്കാറുണ്ട്. ഇതുപോലെ നവീനിന്റെ അച്ഛനും അമ്മയും നബീലിനും അച്ഛനും അമ്മയുമാണ്. നവീനിനെയുംകൊണ്ട് എങ്ങോട്ടുപോകുമ്പോഴും മാധവേട്ടന്‍ നബീലിനെയും കൂട്ടും. നബീലും നവീനും മാധവേട്ടന്റെ ഇരട്ടക്കുട്ടികളാണെന്ന് പലരും തമാശ പറയാറുണ്ട്. അത്രമാത്രം ഹൃദയബന്ധമുള്ള കുടുംബങ്ങളാണത്. ഏറെ താമസിയാതെ മാധവേട്ടനെത്തി. മാധവേട്ടനെക്കണ്ടതും നബീല്‍ വിളിച്ചു പറഞ്ഞു: 
''അച്ഛാ, എനിക്കിന്നൊരു മെയില്‍ കിട്ടി. അതിലൊരു കഥയുണ്ട്. ഒരു രണ്ടത്താണിക്കാരനാ എനിക്കയച്ചു തന്നത്. ഞാനത് നവിക്ക് ഫോര്‍വേഡ് ചെയ്തു. അവനും കഥ വായിച്ചു. തെങ്ങുകേറ്റത്തൊഴിലാളിയായ രാമേട്ടനെക്കുറിച്ചുള്ളതാ കഥ''
       ''ആരെങ്കിലും ഒരു രസത്തിനെഴുതിയ കഥയായിരിക്കും. അതാപ്പൊ ത്ര വല്യ കാര്യം. ഞാന്‍.....''. മാധവേട്ടനെ പറയാന്‍ സമ്മതിക്കാതെ നബീല്‍ പറഞ്ഞു:
     ''കാര്യമുണ്ടച്ഛാ. ബാര്‍ബര്‍ഷാപ്പൊക്കെ എസിയായി; താടിവടിക്കുന്നവര്‍ക്ക് വലിയ ഡിമാന്റായി; വടിക്കുന്നവര്‍ വലി മുതലാളിമാരായി എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍മാരെ ആക്ഷേപിച്ച് ഇന്നാളൊരു കള്ളനോട്ടടിക്കാരന്‍ ഹാജ്യാര് സംസാരിച്ചത് അച്ഛന്‍ കേട്ടില്ലേ? എന്നിട്ടെന്താ താടിവടിക്കുന്ന പണിക്ക് സ്വന്തം മക്കളെ അയാള്‍ പറഞ്ഞുവിടാത്തത് എന്ന് അച്ഛന്‍ തന്നെയല്ലേ എന്നോടു ചോദിച്ചത്. ഇതുപോലെ, തെങ്ങുകേറ്റത്തൊഴിലാളികളെ മൊത്തം ആക്ഷേപിക്കുന്നതാ കഥ.........നേരം കുറെയായില്ലേ, ഞാന്‍ നവിയുടെ കൂടെ ഊണു കഴിച്ചു. അച്ഛന്‍ ഊണു കഴിക്ക്. എന്നിട്ട് ഞാന്‍ തന്നെ കഥ വായിച്ചു തരാം''
      മാധവേട്ടന്‍ ഊണു കഴിഞ്ഞെത്തി. അപ്പോഴേക്കും നബീല്‍ മെയില്‍ ബോക്‌സ് തുറന്നു വച്ചിരുന്നു. നബീലും നവീനും കമ്പ്യൂട്ടറിനു മുന്നില്‍. മാധവേട്ടനും ഭാര്യ രാധേടത്തിയും അവരുടെ പിറകില്‍.
        ''ഉം വായിക്ക് നബി മോനേ. കേള്‍ക്കട്ടെ.'' മാധവേട്ടന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് നബീല്‍ കഥ വായിക്കാന്‍ തുടങ്ങി.
      ''കഥയുടെ പേര് കാര്യം കാണാന്‍ എന്നാണ്.....ഇനി കഥ കേട്ടോളൂ''. മാധവേട്ടനും രാധേടത്തിയും ചെവി വട്ടം പിടിച്ചിരുന്നു.
 '' '' '' '' '' '' '' '' '' '' '' '' ''
     സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വെച്ചിരിക്കുന്നു. ചായ കാണുന്നില്ല. ''എടീ....ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും.'' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.
     ''എനിക്ക് രണ്ട് കയ്യേ ഉള്ളൂ മന്‍ഷ്യാ....ഞാന്‍ ഓന്‍ക്ക് കൊടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടില്ലേ? ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും.....പോരേ?''
        ''അത് മതി''
അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.
    ''ആമിനാ...ഓനിങ്ങെത്തി'' എന്നു പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറ് സൈദാലിക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍ നിന്നും 35 നോടടുത്ത് പ്രായം തോന്നിക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനെയും കൂട്ടി അകത്തേക്ക് നടന്നു.
     ''മോന്‍ ചെരിപ്പൊന്നും അയിക്കണ്ട...അങ്ങനെത്തന്നെ ഇങ്ങോട്ട് കേറിപ്പോര്''
     സൈദാലിക്കയുടെ ആ വാക്കു വകവയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചു വച്ച് അകത്തേക്കു നടന്നു.
    ''ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം...എന്നിട്ടാകാം ബാക്കി'' എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ടുപേരും ഇരുന്നു. ആമിനത്താത്ത ചൂടുള്ള ചായഗ്‌ളാസ് തട്ടവും കൂട്ടിപ്പിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.
   ''മോന്‍ക്കായിട്ട് പ്രതേ്യകം ഉണ്ടാക്കിയതാ...നല്ലോണം കഴിക്കണട്ടോ....നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ''എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി. സൈദാലിക്ക അവന്റെ പ്‌ളേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.
       ''അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുതേ്യടാണ്. സൈദാലിക്ക എപ്പളും പറയും അന്നെങ്ങട്ട് കണ്ടീലല്ലോ..കണ്ടീലല്ലോന്ന്'' അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.
     ''പിന്നെ അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നക്കായേം ഒക്കെ ഉണ്ടാക്കി വെച്ചക്കണ്. ആ മാക്‌സിക്കാരന്‍ വന്നപ്പൊ അന്റെ പെണ്ണുങ്ങള്‍ക്ക് ഞാനൊരു മാക്‌സിയും വാങ്ങി വെച്ച്ക്ക്ണ്. പോവുംമ്പൊ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്‌സി ഇഷ്ടപ്പെട്ടീല്ല്യങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ...നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...''. സൈദാലിക്ക അവന്റെ പ്‌ളേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അവന്‍ സമ്മതിച്ചില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. ''മോന്‍ ഒന്നും കഴിച്ചില്ല''എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേക്കു കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍. തോര്‍ത്ത് മുണ്ട് അഴിഞ്ഞു പോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിക്കുന്നു. ബാഗില്‍ നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു.
      ''ഇപ്പൊ ആ മൊളങ്കൊമ്പ് ഇല്ല്യല്ലേ മോനേ രാമാ?''
    ''ഇല്ല സൈദാലിക്ക...അതൊക്കെ കൊണ്ടു നടക്കാന്‍ വല്ല്യ ബുദ്ധിമുട്ടല്ലേ?''
    ''മോനേ രാമാ...നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ''. അമിനത്താത്ത പറഞ്ഞു.
     ''അതിന് ചൂടി എവിടെ ഇത്താ...?''
    ''നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ...ആ നെടുംബരേല്ണ്ട്''
  ''ആളൊരു മണുങ്ങൂസാണ്'' സൈദാലിക്ക നെടുംമ്പുരയിലേക്ക് ചൂടിക്കായി ഓടിയപ്പോള്‍ ആമിനത്താത്ത രാമനോട് ഇങ്ങനെ പറഞ്ഞ് കുണുങ്ങിച്ചിരിച്ചു. സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു. രാമന്‍ ചൂടിയുമായി തെങ്ങിനു മുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നൊക്കി ഇരിക്കുന്നതു കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു.
     ''എന്തു പറ്റി രാമാ....കയ്യില് വല്ല ആരും കൊണ്ടോ?''
     ''ഏയ് ഇല്ല....ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്‌ഡേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്''
    ''എന്നാപിന്നെ ആ ഒണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്‌ഡേറ്റ് ചെയ്‌തേക്ക്‌ട്ടോ, താഴെ എത്തീന്ന്''. ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കിക്കൊടുത്തു. ''ഫേസ്ബുക്കിനെക്കുറിച്ചറിയാത്ത കിളവന്‍'' എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.
    രാമന്‍ അര മണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി. കാറിന്റെ ചെറു കുലുക്കം വീണ്ടും. പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍കൊണ്ടുപോയി വച്ചു. സൈദാലിക്ക അഞ്ഞൂറിന്റെ ഒരു നൊട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു. നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.
     ''രാമാ...പോവല്ലേ'' എന്നു പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി അമിനത്താത്ത വന്നു. 
     ''നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്....''. 
      അമിനത്താത്ത സൈദാലിക്കയോട് ആവശ്യപ്പെട്ടു. സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വെച്ചിരിക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് ''എന്നാല്‍ ശരി''എന്നും പറഞ്ഞ് വണ്ടിയുമായി പോയി. ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്‌ക്കൊപ്പം ആമിനത്താത്തയും മുറ്റത്തേക്കിറങ്ങിച്ചെന്നു.
      ''ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്രയും സ്‌നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല. ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍...1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ്''. ആമിനത്താത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
     ''സാരല്ല്യ ആമിനാ...ഇനിയിപ്പൊ ഞമ്മക്കും ഞമ്മടെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ...മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേലുവീഴും എന്നൊന്നും പേടിക്കേണ്ടല്ലോ''. സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമിനത്താത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
.'' '' '' '' '' '' '' '' '' '' '' '' ''
പിന്‍കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം.
.'' '' '' '' '' '' '' '' '' '' '' '' ''
.'' '' '' '' '' '' '' '' '' '' '' '' ''
    നബീല്‍ കഥ വായിച്ചു കഴിഞ്ഞു. മാധവേട്ടന്റെയും രാധേടത്തിയുടെയും മുഖത്ത് നിര്‍വികാര ഭാവം. നവീനിനൊരു കള്ളച്ചിരി. പക്ഷേ, നബീലിന്റെ മുഖം ദേഷ്യംകൊണ്ട് ചെമന്നിരുന്നു. 
      ''ആ കള്ള ഹിമാറാമിനത്തള്ള പറഞ്ഞത് കേട്ടോ അച്ഛാ''
    ''അങ്ങനെ പറയല്ലേ നബിമോനേ. നിന്റെ ഉമ്മയെക്കാളും പ്രായമില്ലേ അതിന്'' രാധേടത്തി ചോദിച്ചു. ഇതുകേട്ട് നവീനും ചോദിച്ചു: ''അവരെ ഹിമാറെന്നൊക്കെ വിളിക്കുന്നത് തെറ്റണെടാ?''  
     ''ഒരു തൊഴിലാളിയെ ഹിമാറെന്നു വിളിച്ച് ആക്ഷേപിക്കാമെങ്കില്‍ അങ്ങനെ വിളിച്ച തള്ളയെയും ഹിമാറെന്നു വിളിക്കാം. ശരിക്കും പറഞ്ഞാല്‍ ഒറിജിനല്‍ ഹിമാര്‍ ആ തള്ളയാണ്. തന്ത ഒരു മണ്ങ്ങൂസും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, തള്ളയെ ഹിമാറെന്നു വിളിക്കുന്നതുപോലും തെറ്റാണ്. ഹിമാറെന്നാല്‍ കഴുത. കഴുതയുടെ ബുദ്ധിപോലുമില്ല ആ തള്ളയ്ക്ക്. ഇത്തരക്കാരെ ബഹുമാനിക്കുന്നതിലും നല്ലത് കഴുതകളെ ആദരിക്കലാണ് ''
    ''നിനക്ക് മൂക്കത്ത് കോപമാ നബ്യേ. ബാപ്പാന്റെ പ്രായമുള്ള അയാളെ മണങ്ങൂസ്സെന്നു വിളിക്കുന്നത് തെറ്റുതന്നെയാണ് മോനേ'' അതുവരെ മിണ്ടാതിരുന്ന മാധവേട്ടന്‍ പറഞ്ഞു.
    ''അല്ലച്ഛാ. ഞാനല്ല അയാളെ ആദ്യം മണ്ങ്ങൂസെന്നു വിളിച്ചത്. ഹിമാറാമിന തന്നെയല്ലേ അയാള്‍ മണ്ങ്ങൂസാണെന്ന് രാമേട്ടനോട് പറഞ്ഞത്'' ഒന്നു നിര്‍ത്തി നബീല്‍ വീണ്ടും തുടര്‍ന്നു.
    ''അമ്മേ, അച്ഛാ, നവ്യേ നിങ്ങള്‍ക്കറിയില്ലേ ഈ സൈദാലി മണുങ്ങൂസ് എന്റെ ബാപ്പാന്റെ കൂടെ കന്നുപൂട്ടി നടന്നിരുന്ന കാര്യം. അഞ്ചു സെന്റും അതിലൊരു ചെറിയ ഓലപ്പുരയുമല്ലേ അവര്‍ക്കുണ്ടായിരുന്നത്. ഇപ്പോ എന്‍.എച്ചില്‍ അഞ്ചേക്കറും അരമനവീടുമായി. ആള് വല്ല്യ ഹാജ്യാരായി. മൂന്നു മക്കള്‍ ദുബായീലുണ്ട്. അറബീടെ വീട്ടില്‍ അടിച്ചുതളിയാ ഒരാള്‍ക്ക് പണി. ഇത് മാന്യമായ ഒരു പണിയാണെന്നെങ്കിലും പറയാം. ഒരാള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റിലിരുന്ന് അറബീടെ മൊതല് മൂക്കില് വലിക്കലാ പണി. മൂന്നാമത്തെയാള്‍ ഇടയ്ക്കിടിക്ക് നാട്ടില്‍ വന്നുപോകുന്നത് കണ്ടിട്ടില്ലേ. പിരാന്തന്‍പൊടിയുടെ കച്ചോടമാ അവന്. തേങ്ങടാന്‍ ആളെക്കിട്ടാന്‍ ഇത്ര എടങ്ങേറാണെങ്കില്‍, അര മണിക്കൂറിന് അഞ്ഞൂറ് കിട്ടുമെങ്കില്‍ ഇവര്‍ക്കെന്താ ആ പണികള്‍ നിര്‍ത്തി തെങ്ങുമ്മെക്കേറുന്ന പണി ചെയ്തൂടെ? ഇവരുടെ കാലിലെന്താ തളപ്പ് കേറൂലേ! ''
    ''സൈതാലിക്കാന്റെ ഒരു മകന്‍ ബാങ്കിലല്ലേ''. രാധേടത്തി ചോദിച്ചു.
   ''ബാങ്ക്. കുന്തം. അവന് കുഴല്‍പ്പണം എത്തിച്ചുകൊടുക്കുന്ന കള്ളപ്പണിയാ. ചെറിയ ചെക്കന് ചെത്തലാ പണി. കള്ളുചെത്തല്ല. മോട്ടോര്‍ സൈക്കിളില്‍ ചെത്തല്. കരിഷ്മ സെഡ്ഡെമ്മാറില്‍! നല്ല പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറ് അവനില്ലാഞ്ഞിട്ടല്ല. കാറിലിരുന്നാല്‍ ആ പുളിച്ചിയെ നാട്ടുകാര് കാണൂലല്ലോ! അതുകൊണ്ടാ സുസുക്കി സ്വിഫ്റ്റ് ഷെഡിലിറക്കി സെഡ്ഡെമ്മാര്‍ റോഡിലിറക്കിയത്! ഹറാമായ മൊതല് കുറേയില്ലേ. ആ പണംകൊണ്ട് ഇഷ്ടംപോലെ ചെത്താലോ! എവടെപ്പോയാലും നാലുമണിയാകുമ്പോഴേക്കും അവന്റെ സെഡ്ഡെമ്മാര്‍ സെന്റ്‌ജെമ്മാസ് കോളേജിന്റെ മുമ്പിലെത്തും. അവന് വേറെയും പല സുഖക്കേടുകളുമുണ്ട്. അത്‌പ്പൊ അച്ഛനോടും അമ്മയോടും പറയാന്‍ പറ്റൂലാ. എന്താ ആ ചെക്കനെ തെങ്ങുമ്മെക്കേറാന്‍ വിട്ടാല്‍? അര മണിക്കൂര്‍ കൊണ്ട് അഞ്ഞൂറ് കിട്ടുന്ന പണിക്ക് പറഞ്ഞയച്ചൂടെ ആ ഹംക്ക് ഹക്കീമിനെ ഹിമാറാമിനാക്ക്. എന്തിനാ ത്ര എടങ്ങേറായി രാമേട്ടനെത്തന്നെ ആശ്രയിക്കുന്നത്?  ഹക്കീമിന്റെ  കാലില്‍ തിളങ്ങുന്ന പണക്കൂടുതലുള്ള ഷൂ മാത്രമല്ല പരുപരുത്ത തളപ്പും കേറും..........കഴിഞ്ഞില്ല. ഇനിയും പറയാനുണ്ട്. ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന മണ്ങ്ങൂസിമാറുകളുടെ പേരക്കുട്ടികളെ ഇപ്പൊത്തന്നെ തെങ്ങുമ്മെക്കേറ്റം പഠിപ്പിച്ചാല്‍ അവര്‍ ഒന്നാംതരം തെങ്ങുകേറ്റക്കാരാകൂലേ? അച്ഛനുള്ള അഞ്ചു തെങ്ങിലും ആ ചെക്കമ്മാരെക്കൊണ്ട് തേങ്ങ ചാടിപ്പിക്കാം''.
      ഒരു കള്ളച്ചിരി പാസ്സാക്കിയതിനു ശേഷം, മൗനത്തിലായിരുന്ന മാധവേട്ടനെ നോക്കി നബീല്‍ വീണ്ടും പറഞ്ഞു:
      '' അച്ഛാ, ഞാനും ഒരു കഥയെഴുതാന്‍ തീരുമാനിച്ചു''
     '' യ്യ് കഥയെഴുതുകയോ? ''
    '' എന്താ എഴുതിയാല്‍? എഴുത്ത് ആരുടെയും കുത്തകയല്ലല്ലോ. പ്രസിദ്ധീകരിക്കാന്‍ ആരുടെയും കനിവ് കാക്കേണ്ടതുമില്ല. പേസ്ബുക്കും മെയില്‍ ബോക്‌സും ബ്‌ളോഗുമൊക്കെയില്ലേ. എന്തുതെറി വേണമെങ്കിലും എഴുതാം. ആരെയും കുതിരകേറാം...........പിന്നെയല്ലേ ഇത്. എന്റെ കഥയുടെ തലക്കെട്ട് കേള്‍ക്കണോ?
    '' എല്ലാവരും ആകാംക്ഷയോടെ നബീലിനെ നോക്കി.
     ''ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!''
   ''കഥയെ കഥയായി കണ്ടാല്‍പ്പോരെ നബിക്കുട്ട്യേ. അതിന്റെ ഉള്ളിലേക്കിങ്ങനെ ആഴ്ന്നിറങ്ങണോ?''
     '' അതെ, അമ്മേ. അവരുടെ കഥയെ നമ്മള്‍ കഥയായി കാണുന്നു. ഞാനെഴുതുന്ന കഥയെ അവരും കഥയായി കണ്ടാല്‍ മതി. പ്രശ്‌നം തീര്‍ന്നില്ലേ?
     ''നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല'. രാധേടത്തി ചിരിച്ചുകൊണ്ടു പറഞ്ഞു. നവീന്‍ നബീലിനെ നോക്കി ഒന്നു ചിരിക്കുകയും ചെവിക്കൊരു നുള്ളു കൊടുക്കുകയും ചെയ്തു.
    ''പിന്നേയ് ഒരു കാര്യംകൂടി. അവരുടെ കഥയ്‌ക്കൊരു പിന്‍കുറിപ്പുണ്ടല്ലോ. ഞാനെഴുതുന്ന കഥയ്ക്കും ഒരു പിന്‍ കുറിപ്പ് കൊടുക്കുന്നുണ്ട്''
      '' എന്താണാവോ പിന്‍കുറിപ്പ്?'' ചോദിച്ചത് മാധവേട്ടനായിരുന്നു.
     ''ഇത് കഥ. കഥ വായിച്ചവര്‍ ഒരു കാര്യംകൂടി വായിക്കുക. ആ കാര്യം വായിക്കാന്‍ ഹിമാറാമിനാന്റെ മണ്ടയ്ക്ക് ഞൊട്ടുക''. നബീല്‍ പറഞ്ഞു നിര്‍ത്തി.
'' '' '' '' '' '' '' '' '' '' '' '' ''

37 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

ഇന്നും ഞാന്‍ കാത്തിരുന്നത് വെറുതെയായി. വീടുപണി നടക്കുന്നു. കല്ലുചെത്തുന്നവര്‍ വരാമെന്നു പറഞ്ഞ് പറ്റിക്കുന്നതിത് നാലാമത്തെ തവണയാണ്. വീടുപണി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും അനുഭവിക്കേണ്ടിവരുന്ന ഗതികേടാണിത്. ഇന്ന് വരാമെന്നു പറഞ്ഞവരുടെ കൂട്ടത്തില്‍പ്പെട്ടയൊരാളെ രാവിലെ 10 മണിക്ക് അല്പം ഭാവമാറ്റത്തോടെത്തന്നെ ഞാന്‍ ഫോണില്‍ വിളിച്ചു. വിളിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. അയാളുടെ കുട്ടിക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന്. സ്വന്തം കുട്ടിയുടെ രോഗം പരിഗണിക്കാതെ എന്റെ വീടുപണിക്ക് വരണമെന്ന് വാശിപിടിക്കുന്നത് ക്രൂരതയാണ്. പക്ഷേ, ഒരു കാര്യം ചെയ്താല്‍ വെറുതെ ദേഷ്യം പിടിക്കില്ലായിരുന്നു. ഇക്കാര്യം ഫോണില്‍ വിളിച്ചു പറഞ്ഞാല്‍, വിളിച്ചു പറയാനേല്‍പ്പിച്ചാല്‍ മതിയായിരുന്നു. ഈ സാമാന്യ മര്യാദ മിക്കവരും കാണിക്കുന്നില്ല. അവിടെയാണ് കുഴപ്പം.

ശങ്കരനാരായണന്‍ മലപ്പുറം said...

ഉദേ്യാഗസ്ഥന്മാര്‍ക്ക് ഓഫീസില്‍ പോകാതിരുന്നാലും ശമ്പളം കിട്ടും. എന്നെപ്പോലെയുള്ള പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം വെറുതെയിരുന്നാലും കാശു കിട്ടും. കൂലിപ്പണിക്കാര്‍ക്ക് പണി ചെയ്താലേ കാശു കിട്ടുകയുള്ളൂ. തുടര്‍ച്ചയായി പണിയുണ്ടാകണമെങ്കില്‍ ചില നുണകളൊക്കെ പറ
യേണ്ടി വരും. ഒരാളുടെ പണി കാല്‍ഭാഗമാക്കി കുറച്ചു ദിസം മറ്റൊരാളുടെ പണിക്ക് പോകും. ഇങ്ങനെ ഒരുപാട് തരികിടകള്‍ ചെയ്യേണ്ടി വരും. ഇതൊക്കെ സഹിക്കാവുന്ന കാര്യങ്ങളാണ്. പക്ഷേ, നിരന്തരം നുണ പറഞ്ഞ് പറ്റിക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. ഇത് വൃത്തികെട്ട പ്രവണതയുമാണ്. ഈ പ്രശ്‌നം അനുഭവിക്കുന്ന ആളുതന്നെയാണ് ഞാന്‍. എങ്കിലും വിയര്‍പ്പൊഴുക്കി ജോലി ചെയ്യുന്നവരെ ആക്ഷേപിക്കുന്നതിനെ എനിക്ക് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. കൂലിപ്പണിക്കാര്‍ക്ക് എന്തെല്ലാം തെറ്റുകുറ്റങ്ങളുണ്ടെങ്കിലും ഉദേ്യാഗസ്ഥന്മാരെക്കാളും പെന്‍ഷന്‍കാരെക്കാളും സ്വകാര്യ സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാരെക്കാളും വിയര്‍പ്പൊഴുകാതെ ജോലി ചെയ്യുന്ന മറ്റ് ജോലിക്കാരെക്കാളും മാന്യന്മാരാണ് വിയര്‍പ്പൊഴുക്കി ജോലിചെയ്യുന്ന കൂലിപ്പണിക്കാര്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

ഒരു തെങ്ങുകയറ്റത്തൊഴിലാളിയെ വളരെ നിന്ദ്യമായി ആക്ഷേപിച്ചുകൊണ്ടുള്ളൊരു കഥ എനിക്ക് ഇ-മെയില്‍ വഴി ലഭിച്ചു. അതിനുള്ള മറുകഥയാണ് ഈ പോസ്റ്റ്. ഈ ഈമെയില്‍ക്കഥ ഒരു തമാശയായി കണക്കാക്കാമായിരുന്നു. പക്ഷേ, ഇതിനു സാധിച്ചില്ല. കഥയിലെ മൊതലാളിച്ചിയായ ആമിന തൊഴിലാളിയെ ഹിമാര്‍ (കഴുത)എന്നു വിശേഷിപ്പിച്ചതുകൊണ്ടാണ് ഇതിനു സാധിക്കാതെ വന്നത്.
എന്റെ വീടുപണിക്ക് കുറെപ്പേര്‍ വന്നിട്ടുണ്ട്. ചിലര്‍ വന്നത് മോട്ടോര്‍ സൈക്കിളിലാണ്. മുറ്റത്ത് നിര്‍ത്തിയിട്ട വണ്ടികള്‍ കണ്ട് ഒരാള്‍ ഒരിക്കല്‍ എന്നോടു ചോദിച്ചു-'വണ്ടികള്‍ ആരുടെ മാഷേ'. പടവിനു വന്ന കുട്ടികളുടെ എന്നു പറഞ്ഞപ്പോള്‍ അയാളുടെ നെറ്റി ചുളിയുന്നതു കണ്ടു. വേറെ സംസാരമൊന്നും ഉണ്ടായില്ല. പണിക്കാരായ കുട്ടികള്‍ വണ്ടിയില്‍ വന്നത് എന്നില്‍ വലിയ ആനന്ദമുണ്ടാക്കിയ കാര്യമാണ്. അവര്‍ പണിയെടുത്ത് കാശുണ്ടാക്കി വണ്ടി വാങ്ങി അതില്‍ ജോലിക്കു പോകുന്നതില്‍ നെറ്റിചുളിക്കാനെന്തിരിക്കുന്നു? നമ്മള്‍ അങ്ങനെയാണ്. വണ്ടികളും മറ്റു ജീവിത സുഖസൗകര്യങ്ങളും ഒരു പ്രതേ്യക വിഭാഗക്കാര്‍ക്ക് മതി എന്നാണ് നാം പഠിച്ച (ജാതി വ്യവസ്ഥയിലൂടെ സവര്‍ണത്തമ്പ്രാക്കള്‍ നമ്മളെ പഠിപ്പിച്ച)പാഠം. ഇത്തരം പാഠങ്ങള്‍ക്ക് മറുപാഠങ്ങള്‍ ഇറക്കുകതന്നെ വേണം.
ആമുഖം ദീര്‍ഘിപ്പിച്ചതില്‍ ക്ഷമിക്കുക.

Pushpamgadan Kechery said...

കൊള്ളാം മാഷേ കാര്യങ്ങള്‍ !
കാലത്തിന്റെ ഒരു പോക്ക് ..
ഹിഹിഹി ....
നല്ല പോസ്റ്റ്‌ .
ആശംസകള്‍ ....

K.P.Sukumaran said...

നാട്ടില്‍ എന്തെങ്കിലും പണിക്ക് ആളെ വിളിച്ച് എടുപ്പിക്കുക എന്നത് വളരെ കഷ്ടമായിരിക്കുന്നു. കൂലിപ്പണിക്കാരുടെ ഭാ‍ഗത്ത് നിന്ന് ചിന്തിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ ചെയ്യുന്ന പണിയില്‍ കൂലി കൂട്ടി വാങ്ങുന്ന അനുപാതത്തില്‍ ആത്മാര്‍ത്ഥത കുറഞ്ഞു വരുന്നു. ഇത് എവിടെ പോയി നില്‍ക്കും എന്നറിയില്ല. ഇനി ആരെയെങ്കിലും പണിക്ക് വിളിച്ച് എന്തെങ്കിലും പണി എടുപ്പിക്കാനുള്ള ബാല്യം എനിക്ക് ബാക്കിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ മക്കള്‍ക്ക് എന്തെങ്കിലും പണിക്ക് ആളെ കണ്ടെത്താന്‍ കഴിയുമെന്നും പ്രതീക്ഷയില്ല. മതി പോട്ട് ...

ajith said...

ബംഗാളികളുണ്ടല്ലോ...

ശങ്കരനാരായണന്‍ മലപ്പുറം said...

ആത്മാര്‍ത്ഥതക്കുറവിന്റെ പ്രശ്‌നം ശരിയെങ്കില്‍ അത് കൂലിപ്പണിക്കാരില്‍ മാത്രം ഒതുങ്ങി നി
ല്‍ക്കുന്ന പ്രതിഭാസമല്ല. കൂലിപ്പണിക്കാര്‍ ഇവിടെയുള്ള മറ്റുള്ളവരെപ്പോലെത്തന്നെ. കൂലിപ്പണിക്കാര്‍ക്കു മാത്രം ആത്മാര്‍ത്ഥത വേണമെന്ന് ശഠിക്കുന്നത് വളരെ മോശമായ നിലപാടാണ്. തീട്ടം കോരുന്ന ആളിന്റെ മകന്‍ തീട്ടം കോരുകതന്നെ വേണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട് എന്നതു ശരി തന്നെ. തോട്ടിയുടെ മകന്‍ തീട്ടം കോരാനുള്ള കൈക്കോട്ടുമായല്ലല്ലോ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നിറങ്ങി വരുന്നത്്? ജന്മനാ എല്ലാവരും സമന്മാരാണ്. മുസ്ലീം വിശ്വാസ പ്രകാരമെങ്കിലും എല്ലാവരും ആദം-ഹവ്വ ദമ്പതികളുടെ മക്കളല്ലേ? കുറച്ചുപേരുടെ മക്കളെ വേറെ കുറെയാളുകളുടെ മക്കള്‍ക്ക് കൂലിപ്പണിയെടുക്കാനായി ദൈവം സൃഷ്ടിച്ചിട്ടില്ല. കൂലിപ്പണി ചെയ്യാന്‍ കുറെപ്പേരും കൂലിപ്പണിയെടുപ്പിക്കാന്‍ കുറെപ്പേരും എന്ന നിയമമൊന്നുമില്ല. കോണ്‍ഗ്രീറ്റ് ചട്ടി ഏതു തലയിലും വയ്ക്കാം. കൂലിപ്പണിക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ലെങ്കില്‍ ആത്മാര്‍ത്ഥതയുള്ളവരുടെ മക്കളെ കൂലിപ്പണിക്ക് വിടുക. അഭിപ്രായങ്ങള്‍ പറയേണ്ടത് കളത്തിനു പുറത്തു നിന്നല്ല; കളത്തിനകത്തുനിന്നായിരിക്കണം.

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

മെയിലില്‍ ഈ കഥ ഞാന്‍ വായിച്ചതാണല്ലോ എന്ന് തെങ്ങുകയറ്റം തുടങ്ങുന്നതിനു മുന്‍പ്‌ വായിച്ചപ്പോള്‍ തോന്നി. അവസാനം വരെ ആയിച്ഛപ്പോഴാണു കഥയിലെ കാര്യം പിടി കിട്ടിയത്‌. മാറാത്ത ചില കാഴ്ചകള്‍ തുറന്നു കാണിച്ചത്‌ ചിന്തിക്കാന്‍ വക നല്‍കുന്നു.

Unknown said...

കേറട്ടെ.

രമേശ്‌ അരൂര്‍ said...

നര്‍മം ,ആക്ഷേപം ,പ്രായോഗിക ചിന്ത ,സാമൂഹിക വിമര്‍ശനം ,ഇങ്ങനെ നിരവധി കാര്യങ്ങള്‍ കൂട്ടിയിണക്കിയ കഥ ..കാലിക പ്രസക്തമായ വിഷയം തന്നെ ..നന്നായി പറഞ്ഞു ..അഭിനന്ദനങ്ങള്‍ ..

Lipi Ranju said...

നന്നായി പറഞ്ഞു.
കഥയുടെ ഉദ്ദേശ ശുദ്ധിയെ
അഭിനന്ദിക്കാതെ വയ്യ...
പണിക്കാരായ കുട്ടികള്‍ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കാന്‍ പലര്‍ക്കും മടിയാണ്. മാന്യമായി അധ്വാനിച്ചുണ്ടാക്കുന്ന പൈസ
കൊണ്ട് അടിച്ചു പൊളിക്കുന്ന പിള്ളേരേക്കാള്‍ ഒരുപണിക്കും പോകാതെ കുടുംബസ്വത്തിന്‍റെയോ
അച്ഛന്‍റെ പോക്കറ്റിലെ കാശിന്റെയോ ബലത്തില്‍ തിളച്ചു നടക്കുന്നവരാണോ മാന്യര്‍ ??? പലരും രണ്ടാമത്തെ വിഭാഗത്തിനെ പിന്താങ്ങി
പറയുന്നത് കേട്ടിട്ടുണ്ട്. "അവന്‍റെച്ഛന്‍റെ
പൈസയുടെ ബലത്തിലവന്‍ കാണിക്കുന്നത്കണ്ടു
കൂലിപ്പണിക്കാരനായ നീ ആശിക്കണ്ട"ന്നൊക്കെ.
വണ്ടിയില്‍ വരുന്നതും മാന്യമായി വസ്ത്രം ധരിച്ചു നടക്കുന്നതും ഒക്കെ തറവാട്ടു സ്വത്തുള്ളവരുടെ
മാത്രം അവകാശമല്ലല്ലോ!!!

ശ്രീജിത് കൊണ്ടോട്ടി. said...

കഥ വായിച്ചു.. സാമൂഹിക വിമര്‍ശനം നന്നായിടുണ്ട്..

Sabu Kottotty said...

കഴിഞ്ഞ ഒരു കൊല്ലമായി ഞാന്‍ രണ്ട് പണിക്കാരെ തേടുന്നു. ഇപ്പൊ ബീഹാറികളായ രണ്ടു ചങ്ങായിമാരെ പഠിപ്പിച്ചെടുക്കുവാ.

നാട്ടില്‍ നാടന്‍ പണിക്ക് കൂലി കൂടി, ജോലിസമയം കുറഞ്ഞു. സിമന്റുപണിയ്ക്ക് രണ്ടു ദിവസം ഹെല്പറുപണി എടുത്താല്‍ അടുത്ത അഞ്ചു ദിനം ബൈക്കിന് എണ്ണയടിക്കാം മൊബൈല്‍ റീചാര്‍ജ്ജു ചെയ്യാം. അതുകൊണ്ടുതന്നെ തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നു. തൊഴിലാളികളിലാത്തതല്ല തൊഴിലെടുക്കാനുള്ള മടിയാണു മുന്നില്‍...

ശങ്കരനാരായണന്‍ മലപ്പുറം said...

അതെ, ഇനി ഹെല്‍പ്പര്‍പ്പണിക്കാര്‍ മൊബൈല്‍ ചെവിയില്‍ വച്ച് ബൈക്കില്‍ ചെത്തി നടക്കട്ടെ! ഇതുവരെ ചെത്തി നടന്നവര്‍ ഇനി കല്ലുചെത്തട്ടെ!!

Areekkodan | അരീക്കോടന്‍ said...

വിമര്‍ശനം നന്നായിടുണ്ട്..

Manoj vengola said...

വായിക്കാന്‍ രസമുണ്ട്

Umesh Pilicode said...

സംഗതികള്‍ ഒരു പരിധിവരെ എങ്കിലും എന്റെ നാട്ടിലും ശെരിയാണ് .. പിന്നെ എല്ലാവരും സുഹൃത്തുക്കള്‍ ആയതിനാല്‍ എന്റെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുന്നു ...:-))

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. അടുത്തത് രണ്ടു കൊച്ചുകള്‍.

ഷബീര്‍ - തിരിച്ചിലാന്‍ said...

ശ്രീ ശങ്കരനാരായണന്‍... കാര്യം കാണാന്‍ എന്ന കഥ എഴുതിയത് ഞാനാണ്. അതിന്റെ ലേബല്‍ 'കഥ, നര്‍മ്മം' എന്നാണ് ഞാന്‍ നല്‍കിയത്. ആക്ഷേപഹാസ്യമായി പറഞ്ഞിട്ടില്ല. വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. ഹിമാര്‍ എന്ന പ്രയോഗം നല്‍കിയപ്പോല്‍ അത് വിമര്‍ശനത്തിനിടയാക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. നാട്ടിന്‍പുറത്തെ ഇത്താത്തമാര്‍ പൊതുവേ നടത്തുന്ന ഒരു പ്രയോഗമാണ് ഹിമാര്‍ എന്നും കാഫര്‍ എന്നും. കാഫര്‍ എന്നാണ് ആദ്യം എഴുതിയത്. ഹിമാറിനേക്കാളും കൂടുതല്‍ വിവാദം കാഫറിനുണ്ടായേക്കാം എന്നതിനാല്‍ മറ്റി. ഈ പ്രയോഗങ്ങള്‍ ബഷീര്‍ കഥകളില്‍ നിങ്ങള്‍ക്ക് കാണാനാവും. ബഷീര്‍ പ്രയോഗത്തെ (ബഷീറുമായി താരതമ്യം ചെയ്യുകയല്ല) തമാശയായി അംഗീകരിക്കാന്‍ കഴിയുന്നവര്‍ എന്റെ പ്രയോഗത്തെ ആ ഒരു വിഭാഗത്തെ അധിക്ഷേപിക്കാനായി എഴുതിയതാണെന്ന് പറയുംബോള്‍ വിഷമമുണ്ടാക്കുന്നു. 'കഥയെ കഥയായി കാണുന്നു'

ഷബീര്‍ - തിരിച്ചിലാന്‍ said...

വിമര്‍ശനം നന്നായിട്ടുണ്ട്... ആശംസകള്‍

ആചാര്യന്‍ said...

വിമര്‍ശന കഥയോ കൊള്ളാല്ലോ....അങ്ങിനെ ആയാല്‍ എല്ലാ കഥകള്‍ക്കും ഒരു വിമര്‍ശന മറുപടി കഥ കൂടി എഴുതേണ്ടി വരില്ലേ?..

OAB/ഒഎബി said...

അയാള്‍ കാറില്‍ വരുന്നത് ആദ്യം പറഞ്ഞിരുന്നെങ്കില്‍ വായനക്കാര്‍ വല്ല പുത്യാപ്ല സല്കാരവും ആയിരിക്കും എന്ന് ധരിച്ചേനെ. പിന്നീട് കഥ വായിക്കുകയായിരുന്നു എന്നും മറ്റും പറഞ്ഞാല്‍ മതിയായിരുന്നു എന്നെനിക്കു തോന്നി.
ഇങ്ങനെ എഴുതിയതില്‍ കുഴപ്പമുണ്ടെന്നല്ല. എന്റെ അഭിപ്രായം മാത്രം.
ഇന്ന് വീട്ടില്‍ പണിക്കാര്‍ ഉണ്ടായാല്‍ പിന്നെ എന്തൊക്കെ ഒരുക്കണമെന്ന് വീട്ടുകാരിക്ക്‌ vepraaLamaa
പിന്നെ ഞാന്‍ മക്കളോട് എപ്പഴും പറയും നിങ്ങടെ ഒരു ഐട്ടി, എഞ്ചിനീരിംഗ്. അതൊക്കെ ഒഴിവാക്കി ഒരു തളപ്പ് ഉണ്ടാക്കാന്‍ നോക്കി എന്ന്.

OAB/ഒഎബി said...

വല്ലാത്തൊരു അവസ്തയിലാനിന്നു നമ്മള്‍. നാടന്‍ പണിക്കു കൂലിയുണ്ട് എടുക്കാന്‍ ആരും തയ്യാറല്ല. ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഉള്ളവര്‍ മൂന്നീസം വന്നാല്‍ നാലീസം ലീവെടുത്ത് നമ്മളെ കൊഞ്ഞനം കുത്തുന്നു. ഇനി പുറം രാജ്യങ്ങ ളില്‍ നിന്നും വിസ കൊടുത്തു ആളെ ഇറക്കു മതി ചെയ്യേണ്ടി വരും. അന്ന് (അറബികളെ പോലെ) അലസന്മാരായ ഒരു ജനത നക്കുപ്പിനു ഗതിയില്ലാതെ നടക്കേണ്ടിയും വരും.

ശങ്കരനാരായണന്‍ മലപ്പുറം said...

ഷബീര്‍ (തിരിച്ചിലാന്‍), OAB/ഒഎബി എന്നിവര്‍ എഴുതിയതിനുള്ള കമന്റ് വലുതാക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ അതൊരു പോസ്റ്റായി ഇടുകയാണ്.

Aisibi said...

സുബാഷ് സുബാഷ്!!
നമ്മളെ പൊരെയ്ലുമുണ്ട് ഒരു തെങ്ങേറി കോവാലന്‍.. മൂപ്പരിക്ക് അഞ്ചു പൊര അട്പ്പിച്ച് കിട്ടിയാലെ തെങ്ങുമ്മ കേറൂ... വീട്ടില് തേങ്ങ പറിക്കണെങ്കില് അട്ത്ത പൊരെയ്ലുള്ളോലോടും നമ്മള് കെഞ്ചണം.. പ്ലീസ് ഒന്നു തേങ്ങപറിക്ക് എന്ന് :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഥ ഇഷ്ടമായി എങ്കിലും കഥയ്ക്കുള്ളിലെ 'കഥ' ഇഷ്ടപ്പെട്ടില്ല.
മിക്ക കഥകളിലും പ്രത്യകിച്ചു ഹാസ്യകഥകളില്‍ അതിശയോക്തി സാധാരണന ചേര്‍ക്കാരുണ്ടല്ലോ. ഒന്നോ രണ്ടോ ഇടങ്ങളില്‍ ഉള്ള ചില പദങ്ങള്‍ ഹൈലെറ്റ്‌ ചെയ്തു വിമര്‍ശിക്കാന്‍ വേണ്ടി എഴുതിയതായി ഈ പോസ്റ്റ്‌.
ഷബീര്‍ പറഞ്ഞ പോലെ ബഷീറിയന്‍ കഥകള്‍ മാത്രമല്ല; പഴയതും പുതിയതുമായ അനവധി കഥകളില്‍ അനവധി മുഖ്യധാരാ എഴുത്തുകാര്‍ എഴുതിയ 'തെറി പ്രയോഗങ്ങള്‍' വായനക്കാര്‍ക്ക് ഇഷ്ടംപോലെ കാണാനാകും.
ആ കഥയില്‍ കേവലമൊരു നര്‍മ്മ ഭാവന എന്നതില്‍ കവിഞ്ഞു അതില്‍ ഒരു സമുദായതെയോ വ്യക്തികളെയോ അപമാനിക്കാന്‍ ഉദേശിചിട്ടില്ല എന്ന് സുതരാം വ്യക്തമാണ്.
ഈ കഥ അതിന്റെ ഹാസ്യരസം കൊണ്ട് തന്നെ അനേകം മെയില്‍ ഫോര്‍വേഡുകള്‍ ആയി അയക്കപ്പെടുകയും ചിലര്‍ അടിച്ചുമാറ്റി സ്വന്തം പേരില്‍ ബ്ലോഗിലും മറ്റും പോസ്ടുകയും കഴിഞ്ഞ വ്യാഴാച്ച രചയിതാവ് അറിയാതെ തന്നെ ഗള്‍ഫിലെ ഒരു റേഡിയോവില്‍ ഇത് നാടകരൂപത്തില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

(താന്കള്‍ സിനിമ കാണുന്ന ആള്‍ അല്ലെന്നു വിശ്വസിക്കട്ടെ!)

വി കെ ബാലകൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍ ശങ്കരനാരായണന്‍ മലപ്പുറം!
അതെ, പലരുടെയും മനസ്സിലിരുപ്പ് ഇങ്ങനെയാണ്. ഇന്ന് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറുന്‍സ് ഓഫീസിലെ ജീവനക്കാരനായ ഞാന്‍ വലിയൊരു സംഖ്യ ശമ്പളമായി വാങ്ങുന്നുണ്ട്. എങ്കിലും കൂലിപ്പണിക്കാരനായിരുന്ന ഞാനെന്റെ പൂര്‍വ്വ ചരിത്രത്തെക്കുറിച്ച് നല്ലപോലെ ആലോചിക്കുന്നുണ്ട്. അത്യാവശ്യം പണം കീശയില്‍ വരുമെന്നായാല്‍ അതുതന്നെയാണ് ലോകം എന്നാണ് പലരും ചിന്തിക്കുന്നത്. കൂലിവേലക്കാരും മറ്റും പിന്നെ രണ്ടാംകിട പൗരന്മാരായി! അവര്‍ക്ക് പേസ്ബുക്കും ബ്‌ളോഗുമൊന്നും ഇല്ലല്ലോ. അവര്‍ക്ക് നെറ്റ് നാവും ഇല്ല. നാവില്ലാത്തവര്‍ക്ക് നാവാകേണ്ട കര്‍ത്തവ്യം മനുഷ്യ സ്‌നേഹത്തില്‍ വിശ്വസിക്കുന്നവര്‍ക്കുണ്ട്. അതിന് എന്റെ ഒരു കൈ സഹായം വാഗ്ദാനം ചെയ്യുന്നു.

വി കെ ബാലകൃഷ്ണന്‍ said...

തെങ്ങുകേറ്റക്കാരന്‍ 'കോവാലനെ' എന്തിനാണ് ആശ്രയിക്കുന്നത്? ഗോപാലനെ 'കോവാലന്‍' ആയി പരിഹസിക്കുന്നവര്‍ക്ക് തെങ്ങില്‍ കയറിയാല്‍ എന്തു തേങ്ങയാണ് വീഴുക!

ശങ്കരനാരായണന്‍ മലപ്പുറം said...

മിസ്റ്റര്‍: ഇസ്മായില്‍ കുറുമ്പടി,
താങ്കള്‍ പറഞ്ഞതിനുള്ള മിക്ക കാര്യങ്ങള്‍ക്കുമുള്ള മറുപടി ഇതിനുമുമ്പ് എഴുതിയ പോസ്റ്റുകളിലും ഇനി വരുന്ന പോസ്റ്റുകളിലുമുണ്ട്. ഏതെങ്കിലും സമുദായത്തെ വിമര്‍ശിച്ചു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അമിതമായ സമുദായ ബോധംകൊണ്ട് താങ്കള്‍ക്കങ്ങനെ തോന്നിയതാകാം.

ശങ്കരനാരായണന്‍ മലപ്പുറം said...

സിനിമ കാണാറില്ലേ എന്നു ചോദിച്ചു. അര നൂറ്റാണ്ടിലേറെയായി മലപ്പുറത്തു പ്രവര്‍ത്തിക്കുന്ന 'രശ്മി ഫിലിം ക്‌ളബ്ബി'ന്റെ ഒരു സജീവ അംഗമാണ് ഞാന്‍. സിനിമ കാണാറുണ്ടെന്നു മാത്രമല്ല സിനിമയെ വളരെ ഗൗരവമായി വിലയിരുത്തുന്ന ആളുമാണ്. 'യോദ്ധ'യില്‍ മോഹന്‍ ലാല്‍ പറയുന്ന വളിപ്പന്‍ ഡയലോഗിനെ വിമര്‍ശിച്ചെഴുതിയ ഭാഗം 'മീന്‍ മണത്തിന്റെ രാഷ്ട്രീയം' എന്ന പോസ്റ്റിലുണ്ട്. അത് താങ്കള്‍ വായിച്ചില്ലേ? ഇല്ലെങ്കില്‍ വായിക്കുക. ആ ലേഖനം ചിത്ര സഹിതം മറ്റൊരു ബ്‌ളോഗില്‍ ഞാനറിയാത്ത ഒരാള്‍ കൊടുത്തിട്ടുണ്ട്. അതിന്റെ ലിങ്ക്: http://kadankatha.blogspot.com/2011/01/blog-post.html

കൂതറHashimܓ said...

മൂല പോസ്റ്റിലെ എന്റെ അപിപ്രായം തന്നെ ഇവിടെ കുറിക്കട്ടെ

കൂതറHashimܓ said...
ഇഷ്ട്ട്ടായി.
ആക്ഷേപ ഹാസ്യമാണെങ്കില്‍ ഇഷ്ട്ടയില്ലാ..!

തേങ്ങ പറിക്കാന്‍ ആളെ കിട്ടുന്നില്ലെന്ന് എല്ലാവര്‍ക്കും പരാതി.
എന്നാലോ താനോ തന്റെ മക്കളോ അതൊട്ട് ചെയ്യുകയുമില്ലാ.
ആരാന്റെ ചെക്കന്മാര്‍ ഒരു സേഫ്റ്റിയുമില്ലാതെ എന്റെ തെങ്ങിലും കയരറട്ടേ എന്നും.
.
പോടപ്പാ....
ഒരു സേഫ്റ്റിയുമില്ലതെ കയറുന്ന ഇപ്പണിക്ക് ഒരു തെങ്ങിന് 10-15 രൂപ കൂലി. എങ്ങാനും ഒന്ന് സ്ലിപ്പായാ നഷ്ട്ടപ്പെടുന്നത് ഒരു ജീവിതം: ഒരു കുടുമ്പം.

ആക്ഷേപ ഹസ്യമാണെങ്കീ ആരാന്റെ നെഞത്തുള്ള ഈ പന്ത് കളിക്ക് താല്പര്യമില്ലാ.
നാളെ സ്വന്തമായി തേങ്ങ പറിക്കാന്‍ തുടങ്ങൂ. എന്നിട്ടാവാം മറ്റവന്റെ പോസ്റ്റിലെ സെല്‍ഫ് ഗോള്‍ എണ്ണല്‍

Read more: http://shabeerdxb.blogspot.com/2011/03/blog-post.html#ixzz1K2f8dNKJ

ഈ പോസ്റ്റിനെ കുറിച്ച്: മൂല കഥയുടെ ആഖ്യാതാവ് തന്നെ മറുപടി പറഞ്ഞു.. കൂടുതല്‍ പറയാന്‍ അറിയില്ലാ.

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനല്പം പിന്നോട്ട് സഞ്ചരിച്ച് ഇവിടെയെത്തി. മേല്പറഞ്ഞ മെയില്‍ എനിക്കും കിട്ടിയിരുന്നു. അതിലെ അവസാന ഭാഗം മുഴുവന്‍ ഇല്ലാതിരുന്നതിനാല്‍ ഹിമാര്‍ പ്രയോഗം അത്ര ഗൌരവമായി തോന്നിയില്ല.ഇന്നത്തെ തൊഴിലാളികളെപ്പറ്റി പറയുമ്പോള്‍ അതില്‍ ഉദ്യോഗസ്ഥരും എല്ലാം ഒരു പോലെ തന്നെ. ഞാനും ഒരു ദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്തയാളാണ്. ഏത് തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്.പിന്നെ വാഹനത്തിന്റെയും ഡ്രസ്സിന്റെയും കാര്യം. അതൊന്നും വലിയ വിഷയമല്ല. എല്ലാവരും സമൂഹത്തില്‍ ഒരു പോലെ തന്നെയല്ലെ?.പിന്നെ ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥത വേണമെന്നു മാത്രം. താങ്കളുടെ നിരീക്ഷണം നല്ലതാണ്.താങ്കളുടെ തന്നെ കൂടുതല്‍ കമന്റുകള്‍ അതു തെളിയിക്കുന്നു.വിശദമായി പരിചയപ്പെടണം. മീറ്റിനു കാണാന്‍ പറ്റിയില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

മിസ്റ്റര്‍:കൂതറ അറിയാന്‍,
ഒരു രചന നര്‍മ്മമാണോ ആക്ഷേപ ഹാസ്യമാണോ എന്നൊക്കെ നിശ്ചയിക്കുന്നത് ആ രചനയ്ക്ക് രചയിതാവ് നല്‍കുന്ന ലേബല്‍ അടിസ്ഥാനമാക്കിയല്ല. അതിലടങ്ങിയ ആശയത്തെ അടിസ്ഥാനമാക്കിയാണ്. വിഷം നിറച്ച കുപ്പിയുടെ പുറത്ത് പഞ്ചസാര എന്നു ലേബലൊട്ടിച്ചാല്‍ വിഷം പഞ്ചസാരയായി മാറില്ലല്ലോ.

ശങ്കരനാരായണന്‍ മലപ്പുറം said...

തിരിച്ചിലാന്റെ കഥ ഒറ്റപ്പെട്ടൊരു സംഭവമല്ല. നമ്മുടെ സമൂഹത്തിന്റെ പൊതു ബോധമാണ് ആ കഥയിലുള്ളത്. തെങ്ങു കയറ്റക്കാരെ മാത്രമല്ല അദ്ധ്വാനിക്കുന്ന മറ്റു തൊഴില്‍ വിഭാഗങ്ങളെയും രണ്ടാം തരം പൗരന്മാരായി കാണുന്ന സവര്‍ണവല്‍ക്കരിക്കപ്പെട്ട മനസ്സാണ് ഒരു ശരാശരി ഇന്തിക്കാരനുള്ളത്. ജീവിത സുഖ സൗകര്യങ്ങളെല്ലാം ചിലര്‍ക്ക് മാത്രം സംവരണം ചെയ്തതുമാത്രമാണെന്നാണ് പോതു ധാരണ. ഈ ധാരണയില്‍നിന്നുണ്ടായ കഥയാണിത്. ഈ ധാരണ വച്ചുപുലര്‍ത്തുന്നവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും. ഇതുകൊണ്ടാണ് കഥയ്ക്ക് വായനക്കാരുടെ വലിയ പിന്തുണ കിട്ടിയത്. എന്തു പറയുന്നു

ശങ്കരനാരായണന്‍ മലപ്പുറം said...

മിസ്റ്റര്‍:മുഹമ്മദുകട്ടി,
പിന്നോട്ട് സഞ്ചരിച്ച് ഇവിടെ എത്തിയതിനു നന്ദി. ഞാനും സര്‍ക്കാരുദേ്യാഗസ്ഥനായിരുന്നു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്ന തസ്തികയില്‍ നിന്നു 2010 മാര്‍ച്ച് 31 നാണ് വിരമിച്ചത്, തിരൂരില്‍ നിന്ന്. ഇന്ന് മാത്രമല്ല അന്നും ജനപക്ഷത്തു(ശരാശരി ജനപക്ഷത്തല്ല; യഥാര്‍ത്ഥ ജനപക്ഷത്ത്)നിലനിന്നു എന്നു ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായിപ്പറ്റി അവരോട് കൂറ് കാണിക്കാത്തവരാണ് ഉദേ്യാഗസ്ഥരില്‍ ബഹുഭൂരിപക്ഷവും. ജോലിയിലിരിക്കുമ്പോള്‍ തന്നെ ഉദേ്യാഗസ്ഥന്മാരുടെ ഈ വൃത്തികെട്ട നിലപാടുകളെ തുറന്നുകാട്ടി 3 ലേഖനങ്ങളും എട്ട് മിനിക്കഥകളും എഴുതിയിട്ടുണ്ട്. പെന്‍ഷനായതിനുശേഷവും എഴുതി. 'പച്ചക്കുതിര'യിലെഴുതിയ ലേഖനത്തിന്റെ ലിങ്കം ഇതാ:http://sugadhan.blogspot.com/2010/10/blog-post_04.html

കൂതറHashimܓ said...

>>>തിരിച്ചിലാന്റെ കഥ ഒറ്റപ്പെട്ടൊരു സംഭവമല്ല. നമ്മുടെ സമൂഹത്തിന്റെ പൊതു ബോധമാണ് ആ കഥയിലുള്ളത്. തെങ്ങു കയറ്റക്കാരെ മാത്രമല്ല അദ്ധ്വാനിക്കുന്ന മറ്റു തൊഴില്‍ വിഭാഗങ്ങളെയും രണ്ടാം തരം പൗരന്മാരായി കാണുന്ന സവര്‍ണവല്‍ക്കരിക്കപ്പെട്ട മനസ്സാണ് ഒരു ശരാശരി ഇന്തിക്കാരനുള്ളത്. ജീവിത സുഖ സൗകര്യങ്ങളെല്ലാം ചിലര്‍ക്ക് മാത്രം സംവരണം ചെയ്തതുമാത്രമാണെന്നാണ് പോതു ധാരണ. ഈ ധാരണയില്‍നിന്നുണ്ടായ കഥയാണിത്. ഈ ധാരണ വച്ചുപുലര്‍ത്തുന്നവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും. ഇതുകൊണ്ടാണ് കഥയ്ക്ക് വായനക്കാരുടെ വലിയ പിന്തുണ കിട്ടിയത്.<<<
ഈ വിലയിരുത്തലിന് പൂര്‍ണ്ണ പിന്തുണ