My Blog List

Wednesday, September 28, 2011

ആരോമലുണ്ണി സീട്ടുവിനെ കൊന്നതാര്?

         കുറെ മുമ്പ് ഒരു പത്രത്തില്‍ ചിത്ര സഹിതം ഒരു വാര്‍ത്ത വന്നു. അസുഖം ബാധിച്ച് തീരെ വയ്യാതായി ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന അജ്ഞാതനായ ഒരു വൃദ്ധനെക്കുറിച്ചുള്ളതായിരുന്നു വാര്‍ത്ത. ദിവസങ്ങളോളം അവിടെ കിടന്ന ആ വൃദ്ധനെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിപ്പെട്ടായിരുന്നു വാര്‍ത്ത. (ഈ വാര്‍ത്ത വായിച്ച് ചിലര്‍ വൃദ്ധന് വേണ്ട സംരക്ഷണവും സഹായവും ചെയ്യുകയുണ്ടായി). ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ജില്ലാ റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഇതേക്കുറിച്ചു സംസാരിച്ചു. ആ വൃദ്ധന്റെ ഫോട്ടേയെടുത്ത് വാര്‍ത്തകൊടുത്ത റിപ്പോര്‍ട്ടര്‍ക്ക് വൃദ്ധനെ സഹായിക്കാനുള്ള ബാധ്യതയില്ലേ എന്നു ചോദിച്ചു. റിപ്പോര്‍ട്ടറുടെ ജോലി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണെന്നാണ് അദ്ദേഹം എനിക്കു നല്‍കിയ മറുപടി.
       വെയ്റ്റിംഗ് ഷെഡ്ഡുകളിലും പീടികത്തിണ്ണകളിലും മറ്റും കിടക്കുന്ന നിരാലംബരെ സഹായിക്കുക എന്ന തൊഴില്‍ ചെയ്യുന്ന ഒരു പ്രതേ്യക തൊഴില്‍ വിഭാഗം നമ്മുടെ നാട്ടിലുണ്ടോ? ഇപ്പോഴെന്തേ ഇങ്ങനെയൊരു ചോദ്യം എന്ന് സംശയിച്ചേക്കാം. ഒഡീഷക്കാരി സിസിലാമയി എന്ന അമ്മയുടെ ആരോമലുണ്ണിയും പതിനെട്ടുകാരനുമായ സീട്ടുവിന്റെ ദാരുണ മരണ വാര്‍ത്തയാണ് ഇങ്ങനെയൊരു ചോദ്യം ഉയരാന്‍ കാരണമായത്.
        സൗകര്യം കൂട്ടുന്നിന്റെ ഭാഗമായി ഈയിടെ ഞാന്‍ വീടുപണി ചെയ്യുകയുണ്ടായി. വെട്ടുകല്ലിറക്കിയത് അല്പം ദൂരെയായിരുന്നു. പ്‌ളസ്ടുവില്‍ പഠിക്കുന്ന എന്റെ മകന്‍ കല്ല് ചുമന്ന് കൊണ്ടുവരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്നാണ് പറഞ്ഞത്. മേല്‍പ്പാറ വെട്ടിയ നല്ല ഭാരമുള്ള കല്ലുകളായിരുന്നു. അത് ചുമന്നു കൊണ്ടുവരിക എന്നത് അവനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ ജോലിയാണെന്ന് എനിക്ക് തോന്നി. അവനെക്കൊണ്ട് അത് ചെയ്യിക്കാന്‍ എനിക്ക് തീരെ മനസ്സില്ലായിരുന്നു. അവന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതം നല്‍കി. ആ കല്ലുകളുടെ കയറ്റിറക്ക് ജോലികള്‍ ചെയ്തത് ആസാംകാരായ ബിട്ടു, അഗോണ്‍ എന്നീ കുട്ടികളായിരുന്നു. ഏറി വന്നാല്‍ എന്റെ മകനെക്കാള്‍ മൂന്നു വയസ്സ് കൂടും. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകന്‍ എങ്ങനെയാണോ അങ്ങനെത്തന്നെയായിരിക്കുമല്ലോ ബിട്ടുവിന്റെയും അഗോണിന്റെയും അച്ഛനമ്മമാര്‍ക്ക് അവരുടെ മക്കളും. ജീവിത സാഹചര്യം മറ്റൊന്നായതുകൊണ്ടാണ് അച്ഛനമ്മമാര്‍ കണ്ണെത്താത്ത ദൂരത്തേക്ക് ബുദ്ധിമുട്ടേറിയ ജോലി ചെയ്യാന്‍ തങ്ങളുടെ ആരോമലുകളെ പറഞ്ഞുവിട്ടത്. എന്റെ മകന്‍ കല്ലേറ്റിയപ്പോള്‍ എനിക്കുണ്ടായ പ്രയാസം, മക്കളുടെ ജോലിക്കാര്യം അറിഞ്ഞപ്പോള്‍ ബിട്ടുവിന്റെവിന്റെയും അഗോണിന്റെയും അച്ഛനമ്മമാര്‍ക്കുമുണ്ടായിക്കാണും. കുറെക്കഴിഞ്ഞാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടി വരുമല്ലോ. അവര്‍ ക്രമേണ അതിനോട് പൊരുത്തപ്പെടുകയും ചെയ്തിരിക്കും.
       വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് കഴിഞ്ഞ 12 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച സീട്ടുവിന്റെ വയസ്സ് കേവലം 18. ബിട്ടുവിനെക്കാളും അഗോണിനെക്കാളും ചെറുപ്പം. ശരാശരി മലയാളിയുടെ കുട്ടികളാണെങ്കില്‍ ക്രിക്കറ്റ് കളിച്ച് മൊബൈല്‍ വിളിച്ച് മെസ്സേജ് അയച്ച് നടക്കേണ്ട പ്രായം. ജീവിത പ്രയാസങ്ങള്‍കൊണ്ടുതന്നെയാണ് സിസിലാമയി എന്ന അമ്മ തന്റെ ആരോമലിനെ കൂലിപ്പണി ചെയ്യാന്‍ കേരളത്തിലേക്ക് വിട്ടത്. പക്ഷേ, ഒരു വാഹനം അവരുടെ ആരോമലിനെ അവരില്‍നിന്നു തട്ടിപ്പറിച്ച് കൊണ്ടുപോയി. ഗുരുതരമായ പരിക്കാണ് പറ്റിയതെങ്കിലും ഒരു പക്ഷേ സീട്ടു മരിക്കില്ലായിരുന്നു. സെപ്തംബര്‍ 13,14 തീയതികളില്‍ 'ദേശാഭിമാനി'പ്രസിദ്ധീകരിച്ച വാര്‍ത്ത ശരിയാണെങ്കില്‍ സീട്ടു ഇപ്പോഴും നമ്മോടൊപ്പം ഈ ലോകത്തുണ്ടാകുമായിരുന്നു. പ്രസ്തുത വാര്‍ത്തയില്‍ പറയുന്നത്: സര്‍ജിക്കല്‍ യൂണിറ്റിലും അനസ്‌തേഷ്യാ വിഭാഗത്തിലും വെന്റിലേറ്റര്‍ ഒഴിവുണ്ടായിട്ടും സീട്ടുവിനെ വാര്‍ഡിലേക്ക് മാറ്റി. കൃത്രിമശ്വാസം നല്‍കാന്‍ കൂടെയുണ്ടായിരുന്ന ഒരു ചെറിയ കുട്ടിയെ ഏല്‍പ്പിച്ചു. ആ കുട്ടി ഉറങ്ങിപ്പോയി. ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി. സീട്ടു മരിച്ചു. മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ അനാസ്ഥ നടന്നു. ആശുപത്രിക്കാര്‍ ബോധപൂര്‍വ്വം സീട്ടുവിനെ കൊന്നു എന്നൊന്നും പറയുന്നുന്നില്ല. എങ്കിലും ചോദിക്കുകയാണ് ആരാണ് പതിനെട്ടുകാരനായ ആ ആരോമലിനെ കൊന്നത്?
13 ന് 'ദേശാഭിമാനി'കൊടുത്ത വാര്‍ത്തയിലെ ഒരു ഭാഗം അതേപടി പകര്‍ത്തി നിര്‍ത്തട്ടെ. അതിങ്ങനെ: ''കൃത്രിമ ശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന്‍ ഉറങ്ങിപ്പോകുന്നതും ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി രോഗി മരിക്കുന്നതും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ചാനല്‍ തിങ്കളാഴ്ച കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് ''

..........

15 comments:

chithrakaran:ചിത്രകാരന്‍ said...

പത്രപ്രവര്‍ത്തകര്‍ ഏറെയും കൊള്ളമുതല്‍ വിറ്റു ജീവിക്കുന്നവരോ പരാന്ന ജീവികളോ ആണെന്നതാണു സത്യം.

vettathan said...

''കൃത്രിമ ശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന്‍ ഉറങ്ങിപ്പോകുന്നതും ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി രോഗി മരിക്കുന്നതും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി." ഈ വിദ്വാനെതിരെ കേസെടുക്കണം.മാധ്യമ രംഗം ഇത്തരക്കാരെ കൊണ്ട് നിറഞ്ഞിരിക്കയാണ്. മറ്റുള്ളവരെ നന്നാക്കാന്‍ ഇറങ്ങിയ ഇവര്‍ക്ക് പൌര ബോധം അശേഷമില്ല.

keraladasanunni said...

മാധ്യമങ്ങളില്‍ ഒന്നുരണ്ട് ദിവസം ഈ വാര്‍ത്ത നിറഞ്ഞു നിന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും എന്ന പ്രസ്താവനയും കണ്ടു. പിന്നെ എന്തുപറ്റി എന്നറിഞ്ഞില്ല.

MOIDEEN ANGADIMUGAR said...

പത്രത്തിൽ വായിച്ചതോർക്കുന്നു.
ഒരു വാർത്ത പിറ്റേ ദിവസത്തെ പത്രം ലഭിക്കുന്നത് വരെയെങ്കിലും മനസ്സിൽ തങ്ങിനിൽക്കാറില്ല.

അപ്പൂട്ടൻ said...

ഇതുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും പണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്ത എന്നിലുണ്ടാക്കിയ ചിന്തകളെക്കുറിച്ച് പറയട്ടെ.
മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ തിരുവനന്തപുരത്തെ പത്മതീർത്ഥത്തിലിറങ്ങി ഏറെ ബഹളമുണ്ടാക്കി, പിടിച്ചുകയറ്റാൻ ശ്രമിച്ച ഒരാളെ മുക്കിക്കൊല്ലുകയും ചെയ്തു.
അന്ന് നാട്ടുകാരും പോലീസുകാരും അടക്കം വലിയൊരു ജനക്കൂട്ടം കാഴ്ച ലൈവ് ആയി കാണാനായി നില്പുണ്ടായിരുന്നു. ഇതേ സംഭവം deffered live ആയി കാണിക്കാനുള്ള ഉളുപ്പില്ലായ്മ (പറ്റിയ പദം എന്തെന്നറിയില്ല, ക്ഷമിക്കണം) ഒരു ചാനൽ കാണിച്ചു, അതും സംഭ്രമജനകമായ ദൃശ്യങ്ങൾ, പന്ത്രണ്ടരയ്ക്കുള്ള പരിപാടി കാണുക, ആകാംക്ഷയോടെ കാത്തിരിക്കുക തുടങ്ങിയ ഫ്ലാഷുകളോടെ.
സ്ഥിതി നിയന്ത്രണാധീനമാക്കാൻ കൂടി നിന്ന ജനമോ പോലീസുകാരോ ചാനലുകാരോ ഒന്നും ചെയ്തില്ല.
അവസാനം….. പോലീസുകാർക്ക് സസ്പെൻഷൻ.
പൊതുജനത്തെ സസ്പെൻഡ് ചെയ്യാനാവില്ലല്ലൊ, അല്ലേ…..
ചാനലുകാരെ തൊടാനാവില്ലല്ലൊ, അല്ലേ…..
പോലീസുകാർക്ക് ജീവഭയം ഉണ്ടാകാനും പാടില്ലല്ലൊ, അല്ലേ…..

കൊമ്പന്‍ said...

ഇത് ലൈവുകളുടെ കാലം ആണ് അത് റിപ്പോര്‍ട്ടര്‍ ആണെങ്കിലും സാധാരണ കാരന്‍ ആണെങ്കിലും എന്തപകടം നടക്കുംബോയും അതിനെ ലൈവായിട്ടു ജങ്ങളിലെക്കെത്തിക്കാന്‍ മത്സരം നടക്കുന്ന കാലം മുങ്ങി ചാവുന്നവിനു ഒരു കാച്ചി തുരുംബെങ്കിലും ഇട്ടു കൊടുക്കാതെ അവന്റെ മരണ വെപ്രാളം ഷൂട്ട്‌ ചെയ്യുക ഇതാണ് ഈ കാല ഗട്ടത്തിന്റെ സൊസൈറ്റി കമിറ്റ് മെന്റ്
കൂട്ടിരുന്നവന്‍ ഉറങ്ങിയപ്പോള്‍ അവനെ ഉണര്‍ത്താന്‍ ശ്രമിച്ചാല്‍ ആ റിപ്പോര്‍ട്ടര്‍ക്ക് ചൂടുള്ള ഒരു വാര്‍ത്തയാണ് നഷ്ടപെടുക കലികാലം എന്നാ പാടി പയകിയ ആവാചകം തന്നെ ഞാനും ആവര്‍ത്തിക്കുന്നു

ChethuVasu said...

ഞെട്ടിപ്പിക്കുന്നതും ഏറെ ദുഖിപ്പിക്കുന്നതുമാണ് ഈ വാര്‍ത്ത‍ ..തല പെരുക്കുന്നു ...!.മനുഷ്യരാണോ നമ്മളൊക്കെ !!മനുഷ്യ ജീവന് പട്ടിയുടെ വില പോലും കൊടുക്കാത്ത നാറികളുടെ സമൂഹം ..ഫു ..!! എന്തെങ്കിലും പെട്ടെന്ന് ചെയ്യേണ്ടിയിരിക്കുന്നു ..!ഇങ്ങനെ പോയാല്‍ ശരിയാവില്ല !

ajith said...

ജീവന് ഒരു വിലയും കല്പിക്കാത്ത ഒരു നാട്ടില്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് വലിയ തെറ്റ്.

അനില്‍@ബ്ലോഗ് // anil said...

മാദ്ധ്യമ പ്രവർത്തകരാണത്രെ !
മൈ.. പ്രവർത്തകർ.

ചത്തു എന്നു ഉറപ്പാക്കിയിട്ടെ അവൻ ക്യാമറ ഓഫ് ചെയ്തു കാണൂ.

ശ്രീനാഥന്‍ said...

തീർച്ചയായും ചിന്തിക്കേണ്ട ഒന്ന്!

Lipi Ranju said...

ഈശ്വരാ ! ഇവരെയൊക്കെ എന്ത് ചെയ്യണം !! മാദ്ധ്യമ പ്രവർത്തനം എന്നാല്‍ മനസാക്ഷി ഇല്ലാത്ത പ്രവര്‍ത്തനം എന്നുകൂടി അര്‍ത്ഥമുണ്ടോ !!!

കൂതറHashimܓ said...

മരണത്തിനായി, അതു പകർത്താനായി കത്തിരുന്ന പത്രക്കാരൻ..!!
എന്തും റെക്കോർഡ് ചെയ്യുക എന്ന ധർമത്തിലൂന്നിയ ആധുനിക മനുഷ്യത്വം..!

Villagemaan/വില്ലേജ്മാന്‍ said...

മൃഗങ്ങള്‍ എന്ന് ഇവറ്റകളെ വിളിച്ചാല്‍ അത് മൃഗങ്ങള്‍ക്ക് അപമാനം ആകും

‍ആയിരങ്ങളില്‍ ഒരുവന്‍ said...

സെൻസേഷണൽ ന്യൂസുണ്ടാക്കാൻ വേണ്ടി യൂറോപ്പിലെവിടെയോ ഒരു മാധ്യമ പ്രവർത്തകൻ ഒരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയെന്നും അതു ലൈവായി കാട്ടി ചാനലിന്റെ റേറ്റിംഗ് കൂട്ടിയെന്നും എന്നോ വായിച്ചതായി ഓർമ..(ശെരിയാണൊ എന്നറിയില്ല.) ഇന്ന് നമ്മുടെ മാധ്യമക്കാരും ഏറെ കുറെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്.. വാർത്ത "ഉണ്ടാക്കി" കൊടുക്കുക മാത്രമാണോ ഇവരുടെ ധർമം..??

Echmukutty said...

ആരോമലുണ്ണിയോ ആരുടേ? ഇവരെയൊക്കെ ആരറിയും സർ?
മരിച്ചാൽ തന്നെയെന്ത്?

എന്തു നീചതയും ചെയ്യാൻ കഴിവുള്ളവരുടെ പേരും കൂടിയാണ് മനുഷ്യർ....