പരിപ്പുവടയും കട്ടന്‍ ചായയും ദിനേശ് ബീഡിയും
ശങ്കരനാരായണന് മലപ്പുറം
ധാരാളം വിഭവങ്ങളോടു കൂടിയുള്ള സദ്യയ്ക്ക് നാക്കിലയുടെ നിശ്ചിത ഭാഗങ്ങളില്‍ വിളമ്പണമെന്നും അങ്ങനെ വിളമ്പിയ വിഭവങ്ങള്‍ കഴിക്കുന്നതിന് നിശ്ചിത രീതികളുണ്ടെന്നും ചിലര്‍ പറയാറുണ്ട്. ഇതില്‍ ശരിയില്ലാതില്ല. ഇതേക്കുറിച്ച് എല്ലാവര്ക്കും അറിയില്ല എന്നതും ശരി തന്നെ. പക്ഷേ, ഇതിന് ന്യായമായൊരു കാരണമുണ്ട്. ചിലര്‍ തിന്നാനായി ജനിച്ചവരാണ്. അവര്‍ക്ക് കലാപരമായും ശാസ്ത്രീയമായും വിളമ്പാനും ഉണ്ണാനും സാധിക്കും. പക്ഷേ, മറ്റു ചിലര്‍ക്കുള്ള പണി തിന്നാനായി ജനിച്ചവരുടെ തീറ്റയ്ക്കുള്ള വകയുണ്ടാക്കുക എന്നതു മാത്രമായിരുന്നു. തമ്പ്രാക്കള്‍ അമൃതേത്ത് കഴിക്കുമ്പോള്‍ അടിയാളര്‍ 'കരിക്കാടി' അകത്താക്കുകയായിരുന്നു. തമ്പ്രാക്കള്‍ നാക്കിലയില്‍ വിളമ്പിയ വിഭവങ്ങള്‍ വെട്ടി വിഴുങ്ങിയിരുന്നപ്പോള്‍ അടിയാളര്‍ അകത്താക്കിയിരുന്നത്, മണ്ണിലുണ്ടാക്കിയ കുഴിയില്‍ വച്ച ഇലയിലെ വറ്റില്ലാക്കഞ്ഞിയായിരുന്നു. തമ്പ്രാക്കളുടെ ജീവതത്തിലെ മൂന്നിലൊരു ഭാഗം ഉണ്ണാന്‍ വേണ്ടിയുള്ളതായിരുന്നു. ഉണ്ണുക, ഉറങ്ങുക, ഗര്‍ഭമുണ്ടാക്കുക എന്നീ മൂന്നു പരിപാടികള്‍ മാത്രമായിരുന്നു ഇക്കൂട്ടര്ക്കെന്ന് വി.ടി.ഭട്ടതിരിപ്പാട് തന്റെ ആത്മകഥയില്‍ (കണ്ണീരും കിനാവും) അഭിപ്രായപ്പെട്ടിട്ടുണ്ട.് എന്നാല്‍, കീഴാളര്‍ക്ക് വിശപ്പു മാറുവോളം തിന്നാന്‍ പറ്റിയിരുന്നില്ല; അവരുണ്ടാക്കും; തമ്പ്രാക്കള്‍ ഉണ്ണും. കീഴാളര്‍ക്ക് ക്ഷീണം മാറുവോളം ഉറങ്ങാനും സാധിച്ചിരുന്നില്ല. പകല്‍ മുഴുവന്‍ പാടത്തും പറമ്പിലും പണി. രാത്രി വിളകള്‍ക്കു കാവല്‍ നില്‍പ്പ്. പിന്നെങ്ങനെ ഉറങ്ങും?
ഇനി വല്ല വിധേനയും ഉണ്ണാനുള്ളത് ഉണ്ടാക്കിയാല്‍ അതുപയോഗിക്കുവാനും മണ്ണിന്റെ മക്കള്‍ക്ക് സാധിച്ചിരുന്നില്ല. രാജ നീതി അതിനനുവദിച്ചിരുന്നില്ല. ഇനി രാജ നീതിയിലല്പ്പം ഇളവു വരുത്തിയാലോ? തമ്പ്രാക്കള്‍ വിളിക്കുന്ന പേര് അവര്ക്കുപയോഗിക്കുവാന് പാടുണ്ടായിരുന്നില്ല. തിരുവിതാംകൂറില്‍ ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പുട്ട് കഴിക്കാനുള്ള അവകാശം നല്‍കിയെങ്കിലും പുട്ടിനെ 'കണ്ടിയപ്പം', 'കുമ്പംതൂറി' എന്നിങ്ങനെ മാത്രമേ വിളിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. വേണ്ടതു തിന്നാന്‍ അനുവദിച്ചിരുന്നില്ലെങ്കിലും വൃത്തികെട്ടത് തീറ്റിക്കാന്‍ തമ്പ്രാക്കള്‍ ക്രൂരമായ വാശിയും കാണിച്ചിരുന്നു. 1922 ല്‍ മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയിലെ ദാപ്പോലിയില് നടന്ന ദളിത് സമ്മേളനത്തില്‍ പാസ്സാക്കിയ രണ്ടു പ്രമേയങ്ങളാണ് താഴെ ഉദ്ധരിക്കുന്നത് ( ഡോ: അംബേദ്ക്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 4, പേജ് 185):
“ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കാന്‍ വിസ്സമ്മതിക്കുവെന്ന കാരണത്താല്‍ ഈ ജില്ലയിലെ അധ:കൃത വര്‍ഗ്ഗങ്ങളെ സവര്‍ണ ഹിന്ദുക്കളെന്നു പറയപ്പെടുന്നവര്‍ സംഘടിതമായി പീഡിപ്പിക്കുന്നതില്‍ ഈ സമ്മേളനത്തിനുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊള്ളുന്നു. ”
“ ചീഞ്ഞ മാംസം ഭക്ഷിക്കാനും ചത്ത മൃഗങ്ങളെ ചുമക്കാനും ഭിക്ഷ യാചിക്കാനും മറ്റു വൃത്തികെട്ട കാര്യങ്ങള്‍ ചെയ്യാനും തയ്യാറാവാത്തതിന്റെ പേരില്‍ വതന്താര് മഹറുകള്‍ക്ക് സവര്‍ണ ഹിന്ദു ഗ്രാമീണര്‍ ഖലൂട്ടാ പ്രതിഫലം നിരോധിച്ചിരിക്കുകയാണ്. അവര്‍ക്കത് പതിവുപോലെ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സമ്മേളനം സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കുന്നു. ”
നമ്മള് തിരിച്ച് പിടിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്ന 'ഭാരത സംസ്കാരം' ഒരു പരിധിവരെ ഇന്നും നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ അടുത്തകാലം വരെ നിലനിന്നിരുന്ന ഒരു ഭക്ഷണ സംസ്കാരം ഇങ്ങനെ: സവര്‍ണ വീട്ടിലെ ഒരാള്‍ മരിച്ചാല്‍ ആ വിവരം ബന്ധുക്കളെ അറിയിക്കേണ്ടത് ആ കുടുംബത്തിന്റെ അടിമയായ ദളിതന്റെ കടമയാണ്. മരണ വാര്‍ത്ത അറിയിച്ചെത്തുന്ന ദളിതന് സവര്‍ണ ബന്ധു 'ഭക്കാരി'എന്ന പേരിലുള്ള പലഹാരത്തിന്റെ നാലിലൊരു ഭാഗം നല്‍കും. 'ഭക്കാരി' ദളിതന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുന്നതിന് മുമ്പ് സവര്‍ണ ബന്ധു അതിന്മേല് തുപ്പും. മരണ വാര്‍ത്ത അറിയിച്ചതിന്റെ പേരിലാണത്രെ ഇങ്ങനെ ചെയ്യുന്നത്. തുപ്പി വൃത്തികേടാക്കിയ ആ 'ഭക്കാരി' അവിടെ വച്ചു തന്നെ തിന്നണം. ഇല്ലെങ്കില്‍ ദളിതന്റെ കഴുത്ത് ചോര തുപ്പും.
ദളിതരും മറ്റും ഏത് ഭക്ഷണം കഴിക്കണം; അത് എങ്ങനെ കഴിക്കണം; അതിനെ ഏത് പേരു വിളിക്കണം എന്നു തീരുമാനിച്ചിരുന്നത് സവര്‍ണ മേലാളന്മാരായിരുന്നു. (കേരളത്തിലെങ്കിലും ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റം വന്നുവെന്ന കാര്യം ശരി തന്നെ). ഒരാള്‍ ഏതു ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ്. അതില്‍ മറ്റുള്ളവര്‍ യാതൊരു കാരണവശാലും ഇടപെട്ടു കൂടാ. എന്നാല്‍'ഭക്കാരി'യുടെയും'കുമ്പംതൂറി'യുടെയും ആള്ക്കാര് രൂപവും ഭാവവും മാറി ഇപ്പോഴും രംഗത്തുണ്ട്. ഭക്ഷണ കാര്യത്തില്‍ അവര്‍ ശാസ്ത്രവും വിശ്വാസവും പാരമ്പര്യവും പറയുന്നു. ഒരാള്‍ കഴിക്കുന്ന ഭക്ഷണം അയാളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നുവെന്നും പോത്ത് കഴിക്കുന്നയാള്‍ പോത്തിന്റെ സ്വഭാവം കാണിക്കുമെന്നും മറ്റും അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ പുള്ളിപ്പുലി പുള്ളിമാനിന്റെ സ്വഭാവമല്ലേ കാണിക്കേണ്ടത്? ആയിരക്കണക്കിന് മനുഷ്യരെ കൊന്ന ഹിറ്റ്ലര്‍ ഒരു സസ്യഭുക്കായിരുന്നു. എന്തിനധികം പറയുന്നു, ശ്രീബുദ്ധനു ശേഷമല്ലേ ബ്രാഹ്മണര്‍ സസ്യാഹാരികളായത്? അതുവരെ അവര്‍ എല്ലാ തരം ഇറച്ചികളും തിന്നിരുന്നുവല്ലോ. സ്മൃതികളിലും ശ്രൂതികളിലും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ടല്ലോ. യാഗങ്ങളില്‍ നടന്നിരുന്നത് അതി ക്രൂരമായ മൃഗബലികളായിരുന്നില്ലേ? ഇക്കാര്യം പറഞ്ഞ് ബ്രാഹ്മണരെ ഇറച്ചി കഴിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിക്കാറുണ്ടോ?
ഇത്തരം നിര്‍ബന്ധങ്ങള്‍ ഒരു കാര്യത്തിലും പാടില്ല. ഇന്ന ഭക്ഷണം കഴിക്കണമെന്നു പറഞ്ഞ് ബ്രാഹ്മണര്‍ അബ്രാഹ്മണരെയോ അബ്രാഹ്മണര്‍ ബ്രാഹ്മണരെയോ നിര്ബന്ധിപ്പിക്കാന് പാടില്ല. മാര്‍ക്സിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാരെയോ കോണ്ഗ്രസ്സുകാര് മാര്ക്സിസ്റ്റുകാരെയോ നിര്ബന്ധിപ്പിക്കാന് പാടില്ല. കാലം മാറുകയാണ്; കാലത്തിന്റെ രീതികളും മാറുകയാണ്. മാറ്റങ്ങള്‍ അനിവാര്യമാണ്; ചിലര്‍ ആഗ്രഹിക്കാതിരുന്നാലും അത് നടക്കും. കൃഷ്ണപ്പിള്ള ചെരുപ്പിട്ടില്ല; അതു കൊണ്ട് പിണറായി വിജയന് ചെരിപ്പിട്ടുകൂടാ എന്നര്‍ത്ഥില്‍ എം.എന്‍. വിജയന് ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. വാഹനത്തില്‍ കയറുക എന്നു പറഞ്ഞാല്‍ ജനങ്ങളില്‍ നിന്നകലുക എന്നാണ് അര്‍ത്ഥമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. (ഇപ്പറഞ്ഞയാള് ചെരിപ്പിടുകയും വാഹനത്തില്‍ കയറുകയുമൊക്കെ ചെയ്തിരുന്നുവെന്നത് വേറെ കാര്യം. പ്രസംഗിക്കുന്ന കാര്യം പ്രസംഗിക്കുന്നവര്‍ക്ക് ബാധകമല്ലല്ലോ!). ചക്കിലാട്ടിയ എണ്ണ തിരിച്ചു പിടിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
പണ്ടത്തെ രീതികളൊക്കെ തിരിച്ചു പിടിക്കണമെന്ന വാദം അടിസ്ഥാനപരമായി സവര്‍ണ വാദമാണ്. പഴയ ഫ്യൂഡല്‍ ജന്മി-മാടമ്പി വാഴ്ച്ചയുടെ വക്താക്കളാണിവര്‍. എം.എന്‍.വിജയന് മാത്രമല്ല, സി.രാധാകൃഷ്ണന് തുടങ്ങിയ സാഹിത്യകാരന്മാരും ഇത്തരം പഴഞ്ചന്‍ വാദങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉന്നയിക്കാറുണ്ട്. ഒരു വിഭാഗം ആള്ക്കാര് ഇപ്പോഴും “കരിക്കാടിയും” “തുപ്പല് ഭക്കാരിയും” “കുമ്പംതൂറി”യുമൊക്കെ തിന്നാല്‍ മതിയെന്നാണ് ഇത്തരം വാദങ്ങളുടെ പരോക്ഷമായ അര്‍ത്ഥം. കമ്മ്യൂണിസ്റ്റുകാര്‍ പരിപ്പുവടയും കട്ടന്‍ ചായയും മാത്രം കഴിച്ച് ദിനേശ് ബീഡിയും വലിച്ച് ജീവിച്ചാല്‍ മതിയെന്ന വാദവും ഈ സവര്ണവാദത്തില് നിന്നുരുത്തിരിഞ്ഞതാണ്. ഇപ്പറയുന്നവര്‍ ഇന്ന് കഴിക്കുന്നത്, കമ്മ്യൂണിസ്റ്റുകാര്‍ കട്ടന്‍ ചായയും പരിപ്പു വടയും തിന്നിരുന്ന കാലത്ത് കോണ്ഗ്രസ്സുകാര് തിന്നിരുന്ന ഭക്ഷണമാണോ? കടകളിലെ ചിക്കനും മട്ടനും ബ്രോസ്റ്റുമൊക്കെ വെട്ടി വിഴുങ്ങത് കമ്മ്യൂണിസ്റ്റുകാരാണോ? കുട്ടിമാളു അമ്മയും കെ.പി. കേശവമേനോനും കഴിച്ചിരുന്ന ഭക്ഷണമാണോ ഇന്നത്തെ കോണ്ഗ്രസ്സുകാര് കഴിക്കുന്നത്. പണ്ടത്തെ കോണ്ഗ്രസ്സുകാര് ഉടുത്തിരുന്നതു പോലെയുള്ള വസ്ത്രങ്ങളാണോ ഇന്നത്തെ കോണ്ഗ്രസ്സുകാര് ഉടുക്കുന്നത്. ഗാന്ധിജി ചിക്കനും മട്ടനും കഴിച്ചിരുന്നില്ലല്ലോ. എന്നാല്‍ ചിക്കനോ മട്ടനോ മീനോ ഇല്ലാതെ ഒരു ശരാശരി കോണ്ഗ്രസ്സുകാരന് ഇപ്പോള്‍ ഭക്ഷണം കഴിക്കാറുണ്ടോ ?
മറ്റൊരു കാര്യം കൂടിയുണ്ട്. ഗാന്ധിജി ചിക്കനും മട്ടനും കഴിച്ചിരുന്നില്ല എന്ന കാര്യം ശരി തന്നെ. പക്ഷേ, ഗാന്ധിജിയുടെ ഭക്ഷണം ചെലവു കുറഞ്ഞ ഭക്ഷണമായിരുന്നില്ല എന്നതാണ് വാസ്തവം. “ഗാന്ധിജിയുടെ അന്ത്യദിനം” എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ (ഞായറാഴ്ച, 26.01.1997) വി.ഡി.കൃഷ്ണന് നമ്പ്യാര്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധിജിയുടെ ഒരു ദിവസത്തെ ഭക്ഷണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതി രാവിലെ ചൂടുവെള്ളവും തേനും നാരങ്ങനീരും. ഒരു മണിക്കൂര്‍ കഴിഞ്ഞ് 464 മി.ലി. ഓറഞ്ച് നീര്. പ്രാതല്‍ ഇങ്ങനെ: വേവിച്ച ചീര, 348 മി.ലി. ആട്ടിന്‍ പാല്, വേവിച്ച നാല് തക്കാളിയും നാല് ഓറഞ്ചും പച്ച ക്യാരറ്റും പിഴിഞ്ഞ നീര്. ഇഞ്ചിനീരും പച്ച നാരങ്ങയും നെയ്യും ചേര്‍ത്ത കഷായം. വൈകിട്ടത്തെ ഭക്ഷണം ഏറിയും കുറഞ്ഞും പ്രാതലിനുള്ളതു പോലെത്തന്നെ. ഗാന്ധിജിയുടേത് അടിപൊളി ഭക്ഷണമാ യിരുന്നില്ലെങ്കിലും ചെലവേറിയ ഭക്ഷണമായിരുന്നുവെന്നു ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. ചെലവേറിയതാണെങ്കിലും അല്ലെങ്കിലും ഈ ഭക്ഷണമാണോ ഗാന്ധി ശിഷ്യന്മാര് കഴിക്കുന്നത്? പരിപ്പുവടയും കട്ടന്‍ ചായയുമൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണോ? ഒരാശയം പറയുമ്പോള്‍ അതു പറയുന്നവര്‍ അക്കാര്യത്തില്‍ മാതൃത കാണിക്കണം. ഗാന്ധിജി അരമുണ്ടാണ് ഉടുത്തിരുന്നത്. ഗാന്ധി ശിഷ്യന്മാര് അരമുണ്ടെടുത്തു മാതൃക കാണിക്കണം. കുലത്തൊഴില്‍ ചെയ്യണമെന്നും അതു ചെയ്യാതിരിക്കുന്നത് തെറ്റാണെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ പകര്‍ത്തിയതിനു ശേഷം മതി മറ്റുള്ളവര്‍ക്കുള്ള ഉപദേശം നല്കല്. ഡോ: സുകുമാര്‍ അഴീക്കോടിനെപ്പോലെ, വായില്‍ തോന്നിയ പോലെ പറയുന്നത് ആശയമാക്കുന്നത് മാന്യതയല്ല.
ഇപ്പറഞ്ഞതിനര്‍ത്ഥം കമ്മ്യൂണിസ്റ്റുകാര്‍ ജീവിതത്തില്‍ ലാളിത്യം പാലിക്കേണ്ടതില്ല എന്നല്ല. കമ്മ്യൂണിസം പ്രസംഗിക്കുകയും ജീവിത രീതി കോണ്ഗ്രസ്സുകാരെപ്പോലെയാക്കുന്നതും തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട കാര്യം തന്നെയാണ്.
…………………
4 comments:
ഭക്ഷണ സംസ്കാരത്തെക്കുറിച്ച് ഞാന്‍ മുമ്പെഴുതിയ ഒരു ലേഖനമാണിത്. ഓരോരുത്തരും എന്താണ് കഴിക്കേണ്ടതെന്ന് അവരവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയിലുണ്ട് എന്ന കാര്യം അംഗീകരിക്കുക തന്നെ വേണം. ഇവയെയെയൊക്കെ കൊന്നു ചങ്കു തൊടാതെ വിഴുങ്ങി പള്ള വീര്‍പ്പിക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയെയും ആക്രാന്തത്തെയും യാതൊരു കാരണവശാലും അംഗീകരിച്ചുകൊടുക്കുവാന്‍ സാധിക്കുകയില്ല. മാടിന് മലയാളം സംസാരിക്കാനറിയില്ലെങ്കിലും മലയാളത്തില്‍ ബ്ളോഗന ചെയ്യാനറിയില്ലെങ്കിലും മനുഷ്യനുള്ളതുപോലെ (ഒരു പക്ഷേ, അതിലേറെ) ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മാടിനുമുണ്ട്.
പണ്ടു ചെയ്തതേ ചെയ്യാവൂ; പണ്ടു തിന്നതേ തിന്നാവൂ എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. എല്ലാ ഇന്നുകള്‍ക്കും ഒരു ഇന്നലെയും ഒരു നാളെയുമുണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി തന്നെ മതിയല്ലോ.
ഇതുപോലെയുള്ള ഒരു വൃത്തികെട്ട വാദമാണ് കമ്മ്യണിസ്റ്റുകാര്‍ പരിപ്പുവടയും കട്ടന്‍ ചായയും മാത്രമേ കുടിക്കാവൂ എന്ന വാദം. സംശയമുണ്ടേ ???
...പുലി പുള്ളിമാനിന്റെ സ്വഭാവമാണല്ലോ കാണിക്കേണ്ടത്....
സവര്‍ണത എല്ലാ അലങ്കാരത്തോട് കൂടിയും ആഘോഷിക്കുമ്പോള്‍ ആരാണിതൊക്കെ ആലോചിക്കുന്നത്.
(!
kollaam..aashamsakal
Post a Comment