'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ളയുടെ 'സ്വജാത്യാഭിമാന' ചിന്തകള്‍
ശങ്കരനാരായണന് മലപ്പുറം
പട്ടിക ജാതിക്കാര്‍ക്കു നല്കുന്ന വിദ്യാഭ്യാസ-ഉദേ്യാഗ സംവരണത്തെ എതിര്‍ക്കുന്നര്‍ മനുഷ്യത്വമില്ലാത്തവരാണെന്നു മാത്രമല്ല അവര്‍ കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കാത്തവരോ പഠിച്ചാല്‍ തന്നെ അതു അറിയില്ലെന്നു നടിക്കുന്നവരോ ആണ്. എന്തുകൊണ്ടാണ് പട്ടിക ജാതിക്കാര്‍ക്ക് സംവരണം നല്‍കുന്നത്, സമൂഹത്തില്‍ അവരുടെ സ്ഥാനമെന്തായിരുന്നു ഇതൊന്നും ഇക്കൂട്ടര്‍ വിലയിരുത്താറില്ല. അവര്‍ക്ക് യാതൊരു വിധ മനുഷ്യാവകാശങ്ങളും അനുവദിച്ചിരുന്നില്ല. (ഇതിനര്‍ത്ഥം മറ്റെല്ലാവര്‍ക്കും ഇതുണ്ടായിരുന്നു എന്നല്ല. ഇതിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഇക്കൂട്ടരായിരുന്നു.) തിരുവിതാംകൂറില്‍ പുലയരെയും മറ്റും 1855 വരെ കന്നുകാലികളെപ്പോലെ വില്‍ക്കുകയും വാങ്ങുകയും ചെയ്തു വന്നിരുന്നു. ഈ അടിമകളുടെ ഉടമകള്‍ക്ക് അടിമകളെ കൊല്ലാനുള്ള അവകാശവും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ പുലയര്‍ക്ക് 1910 മാര്‍ച്ച് 1 ലാണ് സ്കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്. ഇത്തരം അവസ്ഥകളാണ് പട്ടികജാതിക്കാര്‍ സമൂഹത്തിന്റെ അടിത്തട്ടിലാവാന് കാരണമായത്. ഈ അവസ്ഥ തെല്ലെങ്കിലും പരിഹരിക്കുക എന്ന ലക്ഷ്യം വച്ചാണ് പട്ടികജാതിക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയത്. ഇതു സഹിക്കാന്‍ ചിലര്‍ക്ക് സാധിക്കുന്നില്ല. ഇക്കൂട്ടരാണ് പട്ടിക ജാതിക്കാരുടെ സംവരണത്തിനെതിരെ കുരച്ചു ചാടുത്തത്. പട്ടികജാതിക്കാര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ കിടക്കണമെന്ന ദുഷ്ട ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഇത്തരം ചിന്താഗതിക്കാര്‍ ഇന്നത്തെക്കാളേറെ പണ്ടായിരിക്കുമല്ലോ ധാരാളം ഉണ്ടാവുക. പക്ഷേ, ഇത്തരം ചിന്താഗതിക്കാരെ വിപ്ളവകാരികളായി വാഴ്ത്തിയാലോ? ഇത്തരത്തില്‍പ്പെട്ട ധാരാളം 'വിപ്ളവകാരി'കളുണ്ട് നമുക്ക്. ഇക്കൂട്ടത്തില്പ്പെട്ട ഒരു വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള.
പുലയര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയതിന്റെ പിറ്റേ ദിവസം ( 1910 മാര്‍ച്ച് 02) രാമകൃഷ്ണപ്പിള്ള 'സ്വദേശാഭിമാനി'യില്‍ ഇങ്ങനെ എഴുതി (സ്വദേശാഭിമാനിയുടെ പത്ര പ്രവര്‍ത്തനം രാജവാഴ്ചയുടെ ദൃഷ്ടിയില്, പുതുപ്പള്ളി രാഘവന്, പേജ് 174, 175): “എല്ലാ വര്‍ഗ്ഗത്തിലും ജാതിയിലും പെട്ട വിദ്യാര്‍ത്ഥികളെ ഒന്നിച്ചിരുത്തുന്നതില്‍ അനുകൂലിക്കുന്നവരുടെ വാദത്തെ പിന്താങ്ങുവാന് ഞങ്ങള്‍ കാരണം കാണുന്നില്ല. അത്, സാമൂഹ്യ മന:ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരായിട്ടുള്ളതാണ്…നൂറ്റാണ്ടുകളായി ബുദ്ധികൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും നിലം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഒപ്പം പ്രവര്‍ത്തിക്കണമെന്നു പറയുന്നത് കുതിരയെയും പോത്തിനെയും ഒന്നിച്ചു നുകത്തില്‍ കെട്ടുന്നതു പോലെയാണ്…”
നൂറ്റാണ്ടുകളായി 'ബുദ്ധികൃഷി' ചെയ്യുന്ന 'സവര്ണക്കുതിര'കളോടൊപ്പം നൂറ്റാണ്ടുകളായി 'നിലംകൃഷി' ചെയ്യുന്ന 'പുലയപ്പോത്തു' കളെ ഒന്നിച്ചിരുത്തി പഠിപ്പിച്ചാല്‍ സദാചാരം തകരുമെന്നാണ് പിള്ള അഭിപ്രായപ്പെട്ടത്. ദലിതരുടെ സ്കൂള്‍ പ്രവേശനത്തിനെതിരെ മാര്‍ച്ച് 4, 7, 16 തീയതികളിലും രാമകൃഷ്ണപ്പിള്ള മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി. പുലയര്‍ക്ക് സ്കൂള്‍ പ്രവേശനം നല്കിയാല് അത് സവര്‍ണര്‍ക്ക് ദോഷം വരുമെന്നാണ് മാര്‍ച്ച് 7 ലെ മുഖപ്രസംഗം പറയുന്നതെങ്കില്‍, മാര്‍ച്ച് 16 ലെ മുഖപ്രസംഗത്തില്‍ പറയുന്നത്, പണിയെടുക്കാനുള്ള അവരുടെ മനോഭാവം മാറുമെന്നതിനാല്‍ ഈ നടപടി പുലയര്‍ക്കു തന്നെ ദോഷം ചെയ്യുമെന്നാണ്. കാരണമെന്തു തന്നെയായാലും പുലയരെ സ്കൂളില്‍ കയറ്റിക്കൂടെന്ന വാശി മാത്രമേ പിള്ളയ്ക്കുണ്ടായിരുന്നുള്ളൂ. (എന്നാല്‍ ഈ 'പിള്ളവാദ'ത്തെ എതിര്‍ക്കാന്‍ മറ്റൊരു പിള്ള രംഗത്തു വരികയുണ്ടായി-മനുഷ്യ സ്നേഹിയായ കൈതമുക്കിന് പരമേശ്വരന് പിള്ള. എന്നാല്‍ ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് എന്നത് മറ്റൊരു ചരിത്ര സത്യം).
പുലയര്‍ക്കെതിരെ മാത്രമല്ല മറ്റു സമുദായക്കാര്‍ക്കെതിരെയും രാമകൃഷ്ണപ്പിള്ള തന്റെ ജാതിവാദം പ്രയോഗിച്ചിട്ടുണ്ട്. മുക്കുവ സമുദായത്തില്‍പ്പെട്ട പണ്ഡിറ്റ് കെ.പി.കറുപ്പന് സാഹിത്യകാരനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച 'ബാലാകലേശം 'എന്ന നാടകത്തിന് നാടക മത്സരത്തില്‍ അവാര്‍ഡ് കിട്ടുകയുണ്ടായി. ആ നാടകത്തെയും നാടകത്തിന് അവാര്‍ഡ് കൊടുത്തവരെയും വിമര്‍ശിച്ച് രാമകൃഷ്ണപ്പിള്ള മുഖപ്രസംഗമെഴുതി. 'ബാലാകലേക'ത്തെ 'വാലാകലേശം' (മുക്കുവ സമുദായക്കാരെ വാലന്‍ എന്നും സംബോധന ചെയ്യാറുണ്ട്) എന്നു വിശേഷിപ്പിച്ച രാമകൃഷ്ണപ്പിള്ള കറുപ്പന്റെ കൃതിയില്‍ മത്സ്യഗന്ധം അനുഭവപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു. പിള്ളയുടെ ഈ 'പിള്ളവാദ'ത്തെ എതിര്‍ക്കാന്‍ മറ്റൊരു മനുഷ്യ സ്നേഹി രംഗത്തു വന്നു-കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന്. 'ബാലാകലേശ'ത്തിനെതിരെ പിള്ള നടത്തിയ ഓരോ ആരോപണങ്ങള്‍ക്കും ഈ മേനോന് മറുപടി പറഞ്ഞു. ഇതെല്ലാം ചേര്‍ത്ത് 'ബാലാകലേശ വിവാദം' എന്ന പേരിലൊരു കൃതിയും രചിക്കപ്പെട്ടിട്ടുണ്ട്.
ഈഴവ സമുദായക്കാരനായ മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ എന്ന കവിക്കെതിരെയും രാമകൃഷ്ണപ്പിള്ള തന്റെ ജാതി വാദം പ്രയോഗിച്ചിട്ടുണ്ട്. ഇതിനു കാരണമാക്കിയ സംഭവം ഇങ്ങനെ. കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാന് 'കവിഭാരതം' എന്നൊരു കൃതി രചിച്ചു. ഇതില്‍ സവര്‍ണരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതില്‍ പ്രതിഷേധിച്ച് മൂലൂര്‍ 'കവിരാമായണം' എന്നൊരു കൃതി രചിച്ചു. കവിരാമായണത്തില്‍ അന്നുണ്ടായിരുന്ന എല്ലാ എഴുത്തുകാര്‍ക്കും സ്ഥാനം നല്കി. ഈ കൃതിക്കെതിരെ ഉള്ളൂര്‍ അടക്കമുള്ള പല കവികളും രംഗത്തു വന്നു. കൂട്ടത്തില്‍ ഒരു 'ഭദ്രകാളിയമ്മ'യും രംഗത്തു വരികയുണ്ടായി. 'കവിരാമായണ'ത്തില്‍ ഉള്‍പ്പെടുത്തിയ ചില നായര്‍ കവയിത്രികളെ അമ്മ എന്ന് ചേര്‍ക്കാതെയാണ് മൂലൂര്‍ സംബോധന ചെയ്തത്. ഇത് 'ഭദ്രകാളി'ക്ക് പിടിച്ചില്ല. 'ഭദ്രകാളി' ഈഴവനായ മൂലൂരിനെ കുരങ്ങനെന്നും മരഞ്ചാടിയെന്നും മരങ്കേറിയെന്നും (കള്ളു ചെത്ത് അഥവാ മരം കേറലായിരുന്നുവല്ലോ പൊന്നു തമ്പ്രാക്കള്‍ ഈഴവര്‍ക്ക് നല്‍കിയിരുന്ന കുലത്തൊഴില്‍) പണിക്കനല്പ്പനെന്നും പറഞ്ഞ് ആക്ഷേപിച്ചു. 'ഭദ്രകാളി' എന്നതൊരു കള്ളപ്പേരായിരുന്നു. ഈ കള്ളപ്പേരിന്റെ ഉടമ 'സ്വജാത്യാഭിമാനി'യായ സാക്ഷാല്‍ 'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ള തന്നെയായിരുന്നു.
ബ്രാഹ്മണനായിരുന്ന ദിവാന് രാജഗോപാലാചാരി ഒരു മനുഷ്യ സ്നേഹിയായിരുന്നു. ഇതിന്റെ ഭാഗമായാണ് പുലയര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിക്കാന്‍ ഇദ്ദേഹം തയ്യാറായത്. ദിവാനോട് രാമകൃഷ്ണപ്പിള്ളയ്ക്ക് കടുത്ത വ്യക്തി വിരോധമുണ്ടായിരുന്നു. രാജപത്നി കാണ്‍കെ ഗോഷ്ഠി കാണിച്ചു, കോണകം ധരിക്കാതെ കസവുമുണ്ടെടുത്തു ഹജൂര്‍ കച്ചേരി (കോടതി)യില്‍ പോയി എന്നു തുടങ്ങിയ നുണക്കഥകള്‍ രാമകൃഷ്ണപ്പിള്ള ദിവാനെതിരെ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിരോധമാണ് ഭരണത്തോടുള്ള 'എതിര്‍പ്പായി' ചിത്രീകരിക്കപ്പെട്ടത്.
രാമകൃഷ്ണപ്പിള്ള അടിസ്ഥാനപരമായി ബ്രിട്ടീഷ് വിരോധിയായിരുന്നില്ല. ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമനും മേരി രാജ്ഞിയും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ (1912) ദില്ലിദര്ബാര് എന്ന കൃതി രചിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ രാമകൃഷ്ണപ്പിള്ള സ്തുതിച്ചിട്ടുണ്ട്.
സ്ത്രീ പുരുഷന്റെ അടിമയാണെന്ന ചിന്തയും രാമകൃഷ്ണപ്പിള്ളയ്ക്കുണ്ടായിരുന്നു. വാത്സ്യായന സൂത്രം (സൂത്രം 37) ഉദ്ധരിച്ചു കൊണ്ട് പിള്ള സ്ത്രീകള്‍ക്ക് നല്കുന്ന ഉപദേശം ('ഭാര്യാധര്‍മം' എന്ന കൃതിയില്‍) ഇതാവിതു:
“രൂപം കെട്ടവന്, ചീത്ത നടത്തക്കാരന്, ദു:സ്സ്വഭാവന്, വ്യാധിയുള്ളവന്‍, പിശാചന്, കള്ളുകുടിയന്, കോപിഷ്ഠന്, കിഴവന്, വിദഗ്ദന്, ഊമന്, കുരുടന്, ചെകിടന്, ഭയങ്കരന്‍, അല്പന്, കുത്സിതന്‍, അധീരന്, മോശക്കാരന്‍, കാമി, ഇങ്ങനെയുള്ള ഭര്ത്തായിരുന്നാലും പതിവ്രതയായ ഭാര്യ വാക്കു കൊണ്ടും ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും അവനെ ദൈവത്തെപ്പോലെ പൂജിക്കണം-ഭാര്യ ഗര്‍വത്തെയും ആശയത്തെയും കോപത്തെയുമെല്ലാം കളഞ്ഞു ഭര്‍ത്താവിന്റെ മനസ്സിനെ സന്തോഷപ്പെടുത്തുകയല്ലാതെ മറ്റൊന്നും ചെയ്തു കൂടാത്തതാകുന്നു”.
'സ്വദേശാഭിമാനി' എന്ന പത്രത്തില്‍ ഏതാനും കൊല്ലം പത്രാധിപരായി എന്നതിന്റെ പേരിലാണ് രാമകൃഷ്ണപ്പിള്ളയെ 'സ്വദേശാഭിമാനി'യായി വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വിശേഷണം നല്‍കേണ്ടിയിരുന്നത് പത്രം തുടങ്ങിയ വക്കം മൗലവിക്കായിരുന്നു.
ചരിത്രം എഴുതുന്നത് ചരിത്രത്തില്‍ ജയം നേടിയവരാണ്. അതില്‍ ജയിച്ചവരെക്കുറിച്ചുള്ള സ്തുതി ഗീതങ്ങളും ഗീര്വാണങ്ങളുമേ കാണുകയുള്ളൂ. ഏതു പിന്തിരിപ്പനും വിപ്ളവകാരിയാവും. ജാതി വാദികള്‍ പുരോമനക്കാരാവും. കാഞ്ഞിരക്കുരു കല്ക്കണ്ടമായിമാറും. രാത്രി പകലായി മാറും. ചരിത്രത്തില്‍ തോറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ആക്രമിക്കപ്പെട്ടവരുടെയും അപമാനിക്കപ്പെട്ടവരുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലും. ഇതു കൊണ്ടാണ് സ്വജാത്യാഭിമാനികളായ വിപ്ളവ വിരുദ്ധന്മാര് വാഴ്ത്തപ്പെടുന്നതും യഥാര്‍ത്ഥ വിപ്ളവകാരികള്‍ അവഹേളിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും.
…………………
4 comments:
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തലിന് 26.09.2010 ലേക്ക് 100 വര്‍ഷമായി. 'നാടുകടത്തലിന് നൂറു വര്‍ഷം' എന്ന തലക്കെട്ടില്‍ ശ്രീ:എം.സുരേന്ദ്രന് 24.09.2010 ലെ 'ദേശാഭിമാനി' യില്‍ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെക്കുറിച്ച് ലേഖനമെഴുതിയിട്ടുണ്ട്. രാമകൃഷ്ണപ്പിള്ള തിരുവിതാംകൂറില്‍ നടമാടുന്ന അഴിമതികളെക്കുറിച്ച് എഴുതിയിട്ടുണ്ടാവാം. പക്ഷേ, കലശലായ ജാത്യാഭിമാന ബോധം മനസ്സില്‍ കെടാതെ സൂക്ഷിച്ചിരുന്ന ഒരു വ്യക്തിയെങ്ങനെ വിപ്ളവകാരിയാകും? ഇക്കാര്യത്തില്‍ 'ദേശാഭിമാനി' ക്ക് സംശയമുണ്ടെങ്കില്‍ 09.03.1997 ല്‍ 'ദേശാഭിമാനി വാരാന്തപ്പതിപ്പില്‍' ശ്രീ: വി.ദത്തന് എഴുതിയ ലേഖനം (ശതാബ്ദി കഴിഞ്ഞ സാഹിത്യ യുദ്ധം) എന്ന ലേഖനം വായിക്കുക. അതില്‍, ഈഴവനായ സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്ക്കെതിരെ ജാതി പറഞ്ഞ് അക്ഷേപിച്ച് രംഗത്തു വന്ന ഒരു 'ഭദ്രകാളിയമ്മ'യെക്കുറിച്ച് പറയുന്നുണ്ട്. ഈ 'ഭദ്രകാളിയമ്മ'സാക്ഷാല്‍ രാമകൃഷ്ണപ്പിള്ളയായിരുന്നു. 'ഭദ്രകാളി'ഉറഞ്ഞു തുള്ളി നടത്തിയ വെളിപാടുകള്‍ ഇങ്ങനെ:
“ഞാനത്രെ ശക്തിമാ,നെന് ഭുജബലമഹിമാപൂരമോരാതെതര്ക്കിപ്പാനത്രയ്ക്ക്
ധൈര്യം വരുമിതി നിരൂപിച്ചാകവേ ഹാ കപേ! നീ
നൂനം ബി.കുഞ്ഞിയമ്മയ്ക്കരുമയൊടൊരുമിക്കേണ്ടതാ'രമ്മ'
സ്ഥാനം പമ്പയ്ക്കകറ്റും പുതുമ മുതുമരഞ്ചാടി! നെഞ്ചാട്ടിടുന്നു.
ന്യായാന്യായ വിവേകശൂന്യമനുജന്മാരോടു പോരാടുവാനായാസം
മതിമാര്ന്നുദിക്കുമതു നിശ്ശങ്കം മരങ്കേറി കേള്
ഈയിച്ഛിന്ന യഥാര്‍ത്ഥ വസ്തുതധരിച്ചീടും ജനം
മഞ്ജുവാങ്മായപ്പോരു 'പണിക്കന'ല്പമുതകില്ലെന്നാലുമൊന്നാഞ്ഞിതാ
എത്ര നീചമായാണ് 'ഭദ്രകാളി'മൂലൂരിനെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതെന്നു നോക്കുക. മൂലൂരിനെ ഭദ്രകാളി 'കപേ (കുരങ്ങന്)' 'മരംകേറി' ' 'മുതുമരഞ്ചാടി' എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. 'പണിക്കനല്പന്' എന്നൊരു ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. ഈഴവരിലെ പണിക്കന്മാരെ സവര്‍ണര്‍ 'പണിക്കന്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചില അപവാദങ്ങള്‍ ഒഴിവാക്കിയാല്‍ സവര്‍ണരുടെ ജാതിപ്പേരുകള്‍ അവസാനിക്കുന്നത് 'ര്‍' ലും അവര്‍ണരുടെ ജാതിപ്പേരുകള്‍ അവസാനിക്കുന്നത് 'ന്' ലും ആണല്ലോ. തലശ്ശേരിയിലെ കര്‍ഷക വിധവയായ പാലോറ മാത എന്ന ധീര വനിത അവരുടെ ഏക ഉപജീവന മാര്‍ഗ്ഗമായ പശുവിനെ ദാനം ചെയ്തുകൂടി ഉണ്ടാക്കിയതാണ് ദേശാഭിമാനി. ഇങ്ങനെയുള്ള ദേശാഭിമാനി പോലും സത്യങ്ങള്‍ മൂടി വയ്ക്കുമ്പോള്‍ സ്വദേശാഭിമാനിയാല് ആക്ഷേപിക്കപ്പെട്ട സമുദായക്കാരുടെ പിന്മുറക്കാരെങ്ങനെ ദേശാഭിമാനിയുടെ പേരില്‍ അഭിമാനം കൊള്ളും?
വാല്‍ക്കഷ്ണം:- സവര്‍ണ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചു എന്നു കരുതി എല്ലാ സവര്‍ണരും സവര്ണവാദികളാകുന്നില്ല. നേരെമറിച്ച് അവര്‍ണ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചു എന്നു കരുതി എല്ലാ അവര്‍ണരും മാന്യന്മാരുമാകുന്നില്ല. രാമകൃണ്ണപ്പിള്ളയുടെ ജാതിവാദത്തെ എതിര്‍ക്കാന്‍ രംഗത്തു വന്ന സവര്‍ണരെ ആദരിക്കുക തന്നെ വേണം. ആയതിനാല്‍ ഈ പോസ്റ്റ്, പുലയരുടെ സ്കൂള്‍ പ്രവേശനത്തിന് ഉത്തരവിറക്കാന്‍ കാരണക്കാരനും മനുഷ്യ സ്നേഹിയുമായ ദിവാന് രാജഗോപാലാചാരി, കൈതമുക്കില്‍ പരമേശ്വരന് പിള്ള, കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന് എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു.
ഹഹഹഹ........
കലക്കന്‍ പോസ്റ്റ് !!!!
ഇത്തരം നായര്‍ വര്‍ഗ്ഗീയതയുടെ ജാതിക്കോമരങ്ങളെയാണ്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചുമന്ന് നടന്നതെന്ന് ജനത്തിനു തിരിച്ചറിവുണ്ടായാല്‍ തന്നെ ജനം അടിമത്വത്തില്‍ നിന്നും മോചിതരാകും.
ഇത്തരം സത്യത്തിന്റെ പ്രകാശം വിതറുന്ന അറിവുകളെല്ലാം ബ്ലോഗില്‍ പോസ്റ്റ്ചെയ്യപ്പെടട്ടെ എന്ന്
അത്മാര്‍ഥമായി ആശിക്കുന്നു.
അറ്റിമത്വത്തില് നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ ഈ സത്യങ്ങള്ക്കേ ശേഷിയുള്ളു.
ചിത്രകാരന്റെ ആശംസകള്‍ !!!
sarikkum 'പിള്ളവാദ'thanne. Thanks for showing these facts. best wishes
പിള്ളയുടെ മറ്റൊരു മുഖം ചരിത്ര രേഖകളുടെ പിന് ബലത്തില്‍ പുറത്ത് കാണിച്ച താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.
Post a Comment