My Blog List

Sunday, September 26, 2010

നുണ പറയുന്ന സവര്‍ണ യുക്തിവാദികള്‍

നുണ പറയുന്ന സവര്‍ണ യുക്തിവാദികള്‍
ശങ്കരനാരായണന്‍ മലപ്പുറം

'ഗുരുദേവ് എക്‌സ്പ്രസും സവര്‍ണ യുക്തിവാദവും' എന്ന തലക്കെട്ടില്‍ ഞാനെഴുതിയ കുറിപ്പിനെ എതിര്‍ത്തുകൊണ്ട് റാഷണല്‍ ബുക്‌സ് എഴുതിയത് വായിച്ചു.
ശ്രീനാരായണ ഗുരുവിന്റെ പേര് ട്രെയിനിന് ഇടരുതെന്നു പറഞ്ഞ് കേരള യുക്തിവാദി സംഘം കേസ്സു കൊടുത്തിട്ടില്ലെന്നാണ് പറയുന്നത്. ശരിയായിരിക്കാം. മതങ്ങളുമായി ബന്ധമുള്ള പേരിട്ടത് ശരിയായില്ലെന്ന് പറഞ്ഞ് പവനനാണ് കേസ്സു കൊടുത്തത്. ഗുരുദേവ് എക്‌സ്പ്രസും അമൃതാ എകസ്്പ്രസും ആയതുകൊണ്ട് ശ്രീനാരായണ ഗുരുവിനെയും മാതാ അമൃതാനന്ദമയിയെയും അല്ലാതെ ആരെയാണ് ഉദ്ദേശ്യമാക്കിയതെന്നറിയില്ല. ഇത്തരമൊരു കേസ്സ് നിങ്ങളുടെ സംഘടന കൊടുത്തതെന്തിന് എന്ന് യുക്തിവാദി സംഘം നേതാവായ ഇ.എ.ജബ്ബാര്‍ മാഷിനോടു ഞാന്‍ ചോദിച്ചിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത്, സംഘത്തിന് ഇങ്ങനെയൊരു നിലപാടില്ലെന്നും കേസ്സ് പവനന്‍ വ്യക്തിപരമായി കൊടുത്തതാണെന്നുമായിരുന്നു. ഇനി, ശ്രീനാരായണ ഗുരുനെ ഒഴിവാക്കി എന്നു തന്നെ കരുതുക. മാതാ അമൃതാനന്ദമയിയോട് യുക്തിവാദികള്‍ക്ക് എന്താണിത്ര വിരോധം. പരശുരാമന്‍ ചെയ്ത ദ്രോഹത്തിന്റെ ലക്ഷത്തിലൊരംശം തെറ്റുപോലും അവര്‍ ചെയ്തിട്ടില്ല. ക്ഷത്രിയര്‍ ഭൂമിയില്‍ ജനിക്കാതിരിക്കാന്‍ വേണ്ടി ക്ഷത്രിയ സ്ത്രീകളുടെ വയറ്റിലുള്ള ഭ്രൂണം പോലും നശിപ്പിച്ച പാരമ്പര്യമല്ലേ പരുശുരാമനുള്ളത്. പരശുരാമന്റെ ഐതിഹ്യം വച്ചാണ് മണ്ണില്‍ പണിയെടുക്കുന്നവരുടെ ഭൂമി മുഴുവന്‍ പരുശുരാമന്റെ പിന്‍മുറക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ കയ്യടക്കിയത്. എന്നിട്ടും എന്തേ യുക്തിവാദികള്‍ 'പരശു റാം എക്‌സ്പ്രസിനെതിരെ കേസ്സു കൊടുത്തില്ല? യുക്തിവാദികള്‍ക്ക് അല്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ ഇതാണ് ചെയ്യേണ്ടിയിരുന്നത്.
യുക്തിവാദി സംഘമോ യുക്തിവാദികളോ ശ്രീനാരായണ ഗുരുവിനെ മതത്തിന്റെ വക്താവായി കണ്ടിട്ടില്ലെന്ന് പറയുന്നു. ഇതൊരു നുണയാണ്. യുക്തിവാദി നേതാവും 'യുക്തി രേഖ'യുടെ മാനേജരുമായിരുന്ന രാജഗോപാല്‍ വാകത്താനം ഒരു സാധാരണ യുക്തിവാദിയല്ല. ജാതി, സംവരണം തുടങ്ങിയ കാര്യങ്ങളില്‍ സത്യസന്ധമായ നിലപാടുള്ള വ്യക്തിയാണിദ്ദേഹം. എന്റെ പല ലേഖനങ്ങളിലും ഇദ്ദേഹം എഴുതിയ, 'സംവരണത്തിന്റെ രാഷ്ട്രീയം'എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ കടപ്പാടും ആദരവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ഇദ്ദേഹം ഗുരുവിനെ മതത്തിന്റെ വക്താവായി കണ്ടുകൊണ്ടു മാത്രമല്ല ഗുരുവിനെ വളരെ മോശമായി ചിത്രീകരിച്ചുകാണ്ട് എഴുതിയിട്ടുണ്ട്. ഇദ്ദേഹം 1998 ലക്കം 'യുക്തിരേഖ'യില്‍ എഴുതിയ 'നിരീക്ഷണങ്ങള്‍' വായിച്ചാല്‍ ഇക്കാര്യം ശരിക്കും ബോധ്യമാകും. 'ശ്രീനാരായണ ഗുരു വിപ്‌ളവകാരിയായിരുന്നില്ല' എന്ന തലക്കെട്ടില്‍ 03.05.1998 ലെ'വാരാദ്യ മാധ്യമത്തില്‍' ഇദ്ദേഹം എന്റെ ലേഖനത്തിനെഴുതിയ മറുപടി ലേഖനം വായിച്ചാല്‍ ഇക്കാര്യം ഒന്നൂകൂടി വ്യക്തമാകും.
കാലാകാലങ്ങളില്‍ അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നതിന്റെ ഭാഗമായാണ് ഗുരു 'ഒരു ജാതി; ഒരു മതം; ഒരു ദൈവം' എന്നു പറഞ്ഞതെന്നും ഗുരു വിപ്‌ളവകാരിയല്ലെന്നും തിരണ്ടുകുളി, കോഴിവെട്ട്, മരണാനന്തര കര്‍മ്മം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കെതിരെ സമുദായ ബോധം സൃഷ്ടിക്കാന്‍ ശ്രമിച്ച പരിപാടിയിലപ്പുറമൊന്നും ഗുരു ചെയ്തിട്ടില്ലെന്നുമൊക്കെയാണ് രാജഗോപാല്‍ വാകത്താനം തട്ടിവിട്ടത്.
മിക്ക യുക്തിവാദികളും സവര്‍ണ വാദികളോ സവര്‍ണാടിമത്ത വാദികളോ ആണ്. ഇക്കൂട്ടത്തില്‍ പവനനും പെടും. ഇക്കാര്യം രാജഗോപാല്‍ വാകത്താനം തന്നെ തുറന്നു കാണിച്ചിട്ടുണ്ട്. ശ്രീനാരാണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി പിടിച്ചെടുക്കുവാന്‍ സവര്‍ണ പരിവാരങ്ങള്‍ കച്ചകെട്ടിയിറങ്ങിയ കാലം. പവനന്‍ സവര്‍ണ പരിവാരങ്ങളുടെ കൂടെ ചേര്‍ന്നു. അവര്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രസംഗിച്ചു. ഇക്കാര്യം നമ്മോട് പറഞ്ഞത്, അന്ന് യുക്തിവാദി സംഘം വൈസ് പ്രസിഡണ്ടും 'യുക്തിരേഖ' യുടെ മാനേജരുമായ രാജഗോപാലാണ്. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി മോഹനനും ഹിന്ദുമുന്നണി നേതാവ് കുമ്മനം രാജശേഖരനും പങ്കെടുത്ത വേദിയില്‍ പവനന്‍ പങ്കെടുക്കുകയും ഹൈന്ദവ ഫാസിസത്തിന്റെ പുറപ്പാടിനെ അപലപിച്ചില്ലെന്നു മാത്രമല്ല, അതിനെ ഫലത്തില്‍ ആശീര്‍വദിക്കുകകൂടി ചെയ്തുവെന്നാണ് രാജഗോപാല്‍ 'യുക്തിരേഖ'യില്‍ (1998 ജനുവരി, പേജ് 24) എഴുതിയത്.
കുറച്ചു കാലത്തേക്ക് എല്ലാവരെയും പറ്റിക്കാന്‍ സാധിച്ചേക്കും. കുറച്ചുപേരെ എല്ലാ കാലത്തും പറ്റിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ സാധിക്കില്ല റാഷണല്‍ സവര്‍ണ യുക്തി വാദികളേ!

വാല്‍ക്കഷണം:- 'യുക്തിവാദ സവര്‍ണ തമാശകള്‍-2003' താഴെ വായിക്കുക.
....................

1 comment:

vinod1377 said...

ആരെല്ലാം ഗുരുവിനെ മതവാദിയായി കണ്ടാലും, ഞാന്‍ ഗുരു ഒരു യുക്തിവാദി ആണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്