03.12.2010 ലെ പത്രങ്ങളില്‍ വന്ന ഒരു മരണവാര്‍ത്ത ആരുടെയും മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നതും കരളലിയിപ്പിക്കുന്നതുമായിരുന്നു. അമ്മയുടെ ചിത കത്താന്‍ വേണ്ടി ടേബിള്‍ ഫാന്‍ വയ്ക്കുന്നതിനിടയില്‍ അതില്‍ നിന്നു ഷോക്കേറ്റു മകന്‍ മരിക്കുകയാണുണ്ടായത്. മറ്റുള്ളവര്‍ക്കുപോലും ഈ ദു:ഖം സഹിക്കാന്‍ പറ്റാത്ത സ്ഥിതിക്ക് ഈ കുടുംബത്തിന്റെ വേദനയുടെ ആഴം എങ്ങനെ അളന്നു തിട്ടപ്പെടുത്തും? കുറെ മുമ്പ് പത്രത്തില്‍ വന്നൊരു വാര്‍ത്ത ഇതുപോലെ കരളലിയിപ്പിക്കുന്നതായിരുന്നു. ഈ വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. വായിച്ച ഒരാള്‍എന്നോടു പറഞ്ഞതാണ്. പെണ്ണും ആണുമൊക്കെയായുള്ള ഒരേയൊരു മകന്‍. അവന്റെ കല്യാണത്തലേന്ന് സദ്യയൊരുക്കുന്ന ഭാഗത്ത് ലൈറ്റിടാനുള്ള ശ്രമം നടത്തുമ്പോള്‍ ഷോക്കടിയുടെ രൂപത്തില്‍ മരണം അവനെ കൂട്ടിക്കൊണ്ടുപോയി. മകന്‍ മരിച്ച വിരമറിഞ്ഞയുടനെ പുന്നാര മകന്റെ ആ പോന്നോമനയമ്മ കെട്ടിത്തൂങ്ങി മരിച്ചു.
കരളലിയിപ്പുന്ന ഇത്തരം ധാരാളം വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറുണ്ട്. വായിച്ചതൊക്കെ മനസ്സില്‍ സൂക്ഷിച്ച് വച്ച് ആരും എപ്പോഴും ദു:ഖിച്ചുകൊണ്ടിരിക്കുകയില്ലല്ലോ. കാലം അവയെ മായ്ക്കും. എന്നാലും ചില വാര്‍ത്തകള്‍ മനസ്സിനെ എപ്പോഴും വേദനപ്പിച്ചുകൊണ്ടിരിക്കില്ലേ? ഇത്തരമൊരു വാര്‍ത്ത എന്റെ മനസ്സിനെയും ഇടയ്‌ക്കെങ്കിലും വേദനിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്.
മൊട്ടിന്റെ ഓമനത്തം ആവോളം നുകര്‍ന്ന് നിര്‍വൃതിയടയാന്‍ കഴിഞ്ഞെന്നാലും വിടര്‍ന്ന് സുഗന്ധം പരത്താന്‍ തുടങ്ങുമ്പോഴേക്കും ചില പൂക്കള്‍ നമ്മള്‍ നോക്കി നില്‍ക്കേ അടര്‍ന്നു മണ്ണില്‍ പതിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നു ചോദിച്ചാല്‍ അതിനുത്തരം എനിക്കറിയില്ല. 'വീണപൂവി'നെക്കുറിച്ച് പാടിയ കേരളത്തിന്റെ പ്രിയപ്പെട്ട കവി മഹാകവി കുമാരനാശാന്‍ 'ചിന്താവിഷ്ടയായ സീതയില്‍' പാടിയതു മാത്രമേ എന്നെ സംബന്ധിച്ചിടത്തോളം പറയാന്‍ സാധിക്കുകയുള്ളൂ.
''ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരേ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ''.......
ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് 'മണിയറ' എന്ന കഥ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
....................................
ശങ്കരനാരായണന്‍ മലപ്പുറം
വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഫൈസല്‍. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അതിനനുവദിച്ചില്ല. വീട്ടിലെ കാര്യങ്ങള്‍ മുടക്കം കൂടാതെ ഓടാനായി അവന്‍ തെരഞ്ഞെടുത്തത് ഗുഡ്‌സ് ഓട്ടോ റിക്ഷയായിരുന്നു. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള മുഖഭാവം; വിനയം; ആകര്‍ഷകമായ സംസാരം, മിതമായ വാടക ഈടാക്കല്‍ തുടങ്ങിയ ഗുണങ്ങള്‍ ഉള്ളതിനാല്‍ മിക്കവരും അവന്റെ വണ്ടിയെത്തന്നെയാണ് ആശ്രയിക്കുക. ഏറെ താമസിയാതെ തന്നെ ബാങ്ക് വായ്പ തിരിച്ചടച്ച് വണ്ടി സ്വന്തമാക്കാന്‍ അവനു സാധിച്ചു.
വീട്ടിലെ കാര്യങ്ങള്‍ ശരിയാം വിധം നടത്താന്‍ മാത്രമല്ല കുറച്ച് പണം മിച്ചം വരാനും തുടങ്ങി. അതോടെ കൂട്ടുകാരും ഉമ്മയും പെങ്ങന്മാരും അവനെ കല്യാണത്തിനു നിര്‍ബന്ധിക്കാന്‍ തുടങ്ങി. വല്ല്യുമ്മയ്ക്കായിരുന്നു കടുത്ത നിര്‍ബന്ധം. കുറേക്കൂടി കാര്യങ്ങള്‍ ശരിയാവാനുണ്ടെന്ന് പറഞ്ഞ് അവന്‍ ഒഴിഞ്ഞു മാറും. ഏറെ താമസിയാതെ എല്ലാവരുടെയും നിര്‍ബന്ധത്തിന് അവന് വഴങ്ങേണ്ടി വന്നു. ഏറെ അനേ്വഷണങ്ങളൊന്നും നടത്തേണ്ടി വന്നില്ല. പെണ്ണിനെ കിട്ടി. അവന്റെ പേരിനോട് യോജിക്കുന്ന ഫൗസിയയെ. കൂട്ടുകാര്‍ അതൊരു ഉത്സവമായി ഏറ്റെടുത്തു. കൂട്ടുകാര്‍ക്കുള്ളതിലേറെ ആവേശം വല്ല്യുമ്മയ്ക്കായിരുന്നു. കല്ല്യാണ നിശ്ചയത്തിന്റെ ഭാഗമായി പെണ്ണിന് വളയിടുന്ന കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ വല്ല്യുമ്മ പറഞ്ഞു.
''വള വാണ്ടണ്ണ്യാളെ. നല്ലൊരു ചൊങ്കന്‍ മൊബൈല് കൊടുത്താ മതി. ഓനും ഫൗസിക്കും ബര്‍ത്താനം പറയാലോ. അല്ലെ ഫൈസലേ!'' വല്ല്യുമ്മ ഫൈസലിനെ ഒളികണ്ണിട്ട് നോക്കി മോണ കാട്ടി കള്ളച്ചിരി ചിരിച്ചു.
കല്യാണക്കത്ത് തയ്യാറാക്കല്‍, ക്ഷണിക്കല്‍, കല്യാണത്തിന് വേണ്ടിയുള്ള മറ്റ് ഒരുക്കങ്ങള്‍ -എല്ലാം തകൃതിയായി നടന്നു. അങ്ങനെ കല്ല്യാണവും അടുത്തു. കല്യാണത്തലേന്ന് കൂട്ടുകാരെല്ലാവരും ചേര്‍ന്ന് ഫൈസലിനും ഫൗസിയയ്ക്കും ഉള്ള മണിയറ അലങ്കരിക്കാന്‍ തുടങ്ങി.
''എന്തിനാ നമ്മളിത്ര എടങ്ങേറായി ഇതൊക്കെ ഒരുക്കുന്നത്. ഇതൊക്കെ അവര്‍ കുത്തി മറിഞ്ഞ് അല്‍ക്കുല്‍ത്താക്കൂലേ? '' കൂട്ടുകാരനായ നൗഫലിന്റെ അഭിപ്രായം. '' അപ്പൊ കഴിഞ്ഞ മാസം നിനക്കു വേണ്ടി ഫൈസലും ഞങ്ങളും ഒരുക്കിത്തന്ന മണിയറ ഇപ്പോളും അതേ പടി കിടക്കുന്നുണ്ടായിരിക്കും !''. റിയാസിന്റെ മറുപടി. പാട്ടും കൂത്തും ഒച്ചപ്പാടും ഡാന്‍സുമൊക്കെ നടന്നു. അതിനിടയില്‍ മണിയറ അലങ്കരിക്കലും കഴിഞ്ഞു. ''നല്ല അടി പൊളി മണിയറ. ഇത്ര സ്റ്റൈലന്‍ മണിയറ ഞാനാദ്യമാണെടാ കാണുന്നത്.''-ഇല്ല്യാസിന്റെ അഭിപ്രായം. '' എടാ ന്റെ പേരക്കുട്ടീന്റെ മണിയറക്ക് കരുനാക്കിടല്ലെടാ ഇല്ല്യാസേ, ഇബിലീസേ. ന്റെ കുഞ്ഞൂന്റെ മണിയറയാണെടാ മണിയറ. ഈ കട്ടില് കണ്ട് ജ്ജ് പനിക്കണ്ടാ, അത് ന്റെ ഫൗസിക്കും ഫൈസലിനും ഉള്ളതാ.'' വല്ല്യുമ്മാന്റെ മറുപടി. '' ഹൗ! ഒടുക്കത്തൊരു മണിയറ ''-ഇല്ല്യാസ് കൃത്രിമ ദേഷ്യം നടിച്ചു പറഞ്ഞു. ഒരു കൂട്ടച്ചിരിയോടെ ആ രംഗം അവസാനിച്ചു.
കല്യാണം ഭംഗിയായി കഴിഞ്ഞു. കല്യാണ ആരവങ്ങളും ഏറെക്കുറെ കഴിഞ്ഞു. വളരെ അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമൊഴികെ മറ്റെല്ലാവരും സ്ഥലം വിട്ടു. വല്ല്യുമ്മ പുതുപെണ്ണിന് വീടും വീട്ടുകാരെയുമൊക്കെ പരിചയപ്പെടുത്തിക്കൊടുത്തു. കൈ പിടിച്ച് കൊണ്ടു പോയി മണിയറ കാണിച്ചു കൊടുത്തപ്പോള്‍ തലേ ദിവസം രാത്രിയിലുണ്ടായ തമാശകള്‍ പറഞ്ഞ് അവര്‍ ചിരിച്ചു.
തന്റെ ചുറ്റം വട്ടം കൂടി നിന്ന് കളിയാക്കുന്ന കൂട്ടുകാരുടെ മുമ്പില്‍ ഫൈസല്‍ നാണം കുണുങ്ങി നിന്നു. ഫൈസലിന്റെ മനസ്സില്‍ ചിന്തകളുടെ തിരയിളക്കം. പുതിയൊരു ജീവിതത്തിലേക്ക് താന്‍ പ്രവേശിക്കുകയാണ്. പുതിയ ഉത്തരവാദിത്വങ്ങള്‍, സുന്ദര സ്വപ്നങ്ങള്‍, മോഹങ്ങള്‍, ജീവിതാഭിലാഷങ്ങള്‍, അനുഭൂതികള്‍, ആനന്ദ നിര്‍വൃതികള്‍, ആവേശം, ആമോദം……ചെറുതായി വീശിയ കാറ്റില്‍ അവന് കുളിരും സുഗന്ധവും അനുഭവപ്പെട്ടു. കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീടിന്റെ പിറകിലേയ്‌ക്കെന്ന മട്ടില്‍ പോയ അവന്‍ പാത്തും പതുങ്ങിയും അല്പം പരിഭ്രമത്തോടെയും അടുക്കള വഴി മണിയറയ്ക്കരികിലേക്ക് ചെന്നു.
'' എത്തിനാ ജ്ജ് പ്പൊ പൂച്ചേനെപ്പോലെ ഒച്ചണ്ടാക്കാണ്ടെ ഇങ്ങട്ട് വന്നത് '' '' ഞാന്….ഞാന്…മൊബൈല്….. ''. '' എടാ കള്ളാ ജ്ജ് വല്ലിമ്മാനെ പറ്റിച്ചണ്ട. ഇച്ചറിയ അന്റെ മൊബൈലിനിപ്പൊ മുറ്റത്ത് റേഞ്ച് കാണൂലാന്ന്…….ന്നാല് വല്ലിമ്മാന്റെ കുട്ടി റേഞ്ച്‌ള്ളോടത്ത് കൊറച്ച് നേരം നിന്നൊ. വല്ലിമ്മ റേഞ്ച് ഇല്ലാത്ത മുറ്റത്തേക്ക് പോകാട്ടൊ ''. നാണം കൊണ്ട് ചൂളിപ്പോയ ഫൈസലിന്റെ ദയനീയ ഭാവം കണ്ട് മണവാട്ടിയില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. ആ ചെറു പുഞ്ചരി ഒളികണ്ണിട്ട് ഫൈസല്‍ നുകര്‍ന്നു. ഇതെല്ലാം കണ്ട വല്ല്യുമ്മയ്ക്കാകട്ടെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.
''കുറച്ച് കസേലകള്‍ വാടകക്കാര്‍ക്ക് ഇന്നു തന്നെ വേണമെന്ന് പറഞ്ഞിരുന്നല്ലോ. പന്തലിട്ടവരെ കാണുന്നുമില്ല. ഞാന്‍ തന്നെ കൊണ്ടു കൊടുക്കാം ''. എല്ലാവരും അതു വേണ്ടെന്ന് പറഞ്ഞു. കൂട്ടുകാര്‍ അവനെ തടഞ്ഞു. ഇതൊന്നും വക വയ്ക്കാതെ ഫൈസല്‍ കുറേ കസേരകള്‍ അവന്റെ വണ്ടിയില്‍ കയറ്റി. ഫൈസലിന്റെ നിയന്ത്രണത്തില്‍ നിന്നു കുതറി മാറി വണ്ടി അതി വേഗതയില്‍ മുന്നോട്ടേക്ക് കുതിച്ചു. വണ്ടി കരിങ്കല്‍ മതിലില്‍ ചെന്നിടിച്ച് മറിഞ്ഞു. ഫൈസലും ഫൈസലിന്റെ ഉത്തരവാദിത്വങ്ങളും മോഹങ്ങളും സുന്ദര സ്വപ്നങ്ങളുമൊക്കെ കരിങ്കല്ലുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു.
ഫൈസലിനും ഫൗസിയയ്ക്കും വേണ്ടി ഒരുക്കിയ ആ മണിയറക്കട്ടില്‍ ഫൈസലിന്റെ മയ്യത്തുകട്ടിലായി മാറി. വെള്ളമുണ്ട് പുതച്ച് ഫൈസല്‍ അതില്‍ ഒറ്റയ്ക്ക് കിടന്നു.
…………………
12 comments:
എന്റെ പേരാണല്ലോ നായകന് ....ഇത് പോലെ ഒന്നും അവതിരുന്നാല്‍ മതിയായിരുന്നു ....
കണ്ണ് നനയിച്ചു.
മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും... ഒന്നും നമുടെ കയ്യിലില്ലാത്ത ഈ ജീവിതവും
ഇതാണു ജീവിതം. ഇത്രയേ ഉള്ളു ജീവിതം.
ഇത് ഫൈസലിന്റെ മാത്രം കഥയല്ല, കുറച്ചു വ്യത്യാസങ്ങളുണ്ടാകുമെങ്കിലും,നമ്മുടെ സമൂഹത്തിന്റെ പൊതുവായൊരു കഥയാണ്.
ഈ കഥ ഹൃദയസ്പര്‍ശിയായി പറഞ്ഞുതന്നതിനു നന്ദി.
പ്രിയ ശങ്കരനാരായണന്‍,
വായിച്ചു. അഭിനന്ദനം. കഥ പറയാനുള്ള താങ്കളുടെ ഈ കഴിവില്‍ സത്യം പറഞ്ഞാല്‍ എനിക്ക് അസൂയയാണ്.
ജീവിതം, ഹാ! നല്ല കഥ!
വാർത്തയറിഞ്ഞപ്പോഴുണ്ടായ ദു:ഖം കഥ വായിച്ചപ്പോഴും.
കഥ നന്നായിരിക്കുന്നു,
ആശംസകള്‍...!
'മണിയറ'യെക്കുറിച്ച് നല്ല അഭിപ്രായങ്ങളെഴുതിയ മാന്യ ബ്‌ളോഗര്‍മാരായ faisu madeena, ഹൈന, hafeez, ചിത്രകാരന്‍, സുദേഷ് എം.ആര്‍, ശ്രീനാഥന്‍, kalavallabhan, ശ്രീജിത്ത് കൊണ്ടോട്ടി എന്നിവര്‍ക്കും കഥ വായിച്ച് ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത മറ്റു ബ്‌ളോഗര്‍മാര്‍ക്കും നന്ദി.
ഈ കഥയിലെ വിവരണങ്ങളെല്ലാം വെറും കഥ തന്നെയാണ്. ഫൈസല്‍ തുടങ്ങിയ പേരുകളും സാങ്കല്‍പികം തന്നെ. പക്ഷേ, കല്യാണം ദിവസം തന്നെ നവ വരന്‍ കഥയില്‍ വിവരിച്ച അതേ സാഹചര്യത്തില്‍ മരിച്ചത് വെറും കഥയല്ല; കുറെയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതു തന്നെയായിരുന്നു. പത്രവാര്‍ത്തയിലൂടെയുള്ള അറിവ് മാത്രമേയുള്ളു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍പ്പെട്ട മേലാറ്റൂരിലാണ് സംഭവം നടന്നത് എന്നാണ് എന്റെ ഓര്‍മ്മ. ജീവിതത്തിലൊരിക്കലും കാണാത്ത വ്യക്തിയുടെ ആ ദാരുണ മരണം നേരില്‍ കണ്ടതുപോലെ എനിക്ക് ഇടയ്‌ക്കെങ്കിലും തോന്നുകയും അത് എന്റെ കണ്ണ് ഈറനണിയിക്കുകയും ചെയ്യുന്നതുകാണ്ടും, ദു:ഖം പങ്കുവച്ച് തീര്‍ക്കുക എന്ന വിചാരമുള്ളതുകൊണ്ടുമാണ് ഈ കഥയെഴുതിയത്. ഈ കഥാവതരണത്തിലെ രാഷ്ട്രീയം എനിക്കറിയില്ല. ഈ വിഷയമൊരു കഥയാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിച്ചാലും!
.........
മാന്യ ബ്‌ളോഗര്‍ കാക്കരയുടെ വിവരമില്ലല്ലോ. എന്നോടു തെറ്റിയിരിക്കുന്നോ?
.........
ഇന്നാണു ഞാന്‍ താങ്കളുടെ ബ്ലൊഗിലേക്ക് കാലെടുത്ത് വെച്ചത്. ആദ്യത്തെ ലേഖനം (ചത്തുപോയ സാഹിത്യകാരന്മാര്‍) വായിച്ചപ്പോള്‍ ബാക്കിയെല്ലാം വായിക്കണം എന്ന തോന്നല്‍. ഒന്നൊന്നായി വായിച്ചു കൊണ്ടിരിക്കുന്നു. ഈ കഥയുടെ പ്രമേയം നന്നായിരിക്കുന്നു. എങ്കിലും പറയാതെവയ്യ, ക്ഷമിക്കുക, താങ്കളുടെ ലേഖനങ്ങളാണ് കഥയെക്കാള്‍ നല്ലത്.
മുകളിലത്തെ പ്രസ്താവന തിരുത്തുന്നു. വായിച്ചു വായിച്ചു പുറകോട്ടുപോയപ്പോള്‍ എന്‍റെ ഒരു പഴയ കമന്‍റ് താങ്കളുടെ പോസ്റ്റില്‍ കണാനിടയായി (ഇസ്ലാമിന്റെ മഹത്വം ഭവിഷ്യ പുരാണത്തിലോ?). അപ്പോള്‍ ഞാന്‍ മുമ്പും ഇവിടെ വന്നിട്ടുണ്ട്
ശരിയാണ് കല്‍ക്കി. എന്റെ ഒന്നാമത്തെയിനം ലേഖനം തന്നെ. കഥ രണ്ടാമതേ വരുന്നുള്ളൂ.
Post a Comment