My Blog List

Wednesday, January 12, 2011

മീന്‍മണത്തിന്റെ രാഷ്ട്രീയം

'പച്ചക്കുതിര' മാസിക-ജനുവരി,2011

ശങ്കരനാരായണന്‍ മലപ്പുറം

               ബസ് കണ്ടക്‌റുടെ ജാതി അല്ലെങ്കില്‍ മതം ഏതെന്നു ചോദിച്ചാല്‍ അതിനു വ്യക്തമായ ഉത്തരം കിട്ടില്ല. ബസ് കണ്ടക്ടര്‍ക്ക് ഒരു നിശ്ചിത ജാതിയില്ല എന്നതു തന്നെ കാരണം. ബസ് കണ്ടക്ടറില്‍ നായാടിയും നമ്പൂതിരിയും എമ്പ്രാന്തിരിയും ഭട്ടതിരിയും നായരും വിളക്കില നായരും ചക്കാലനായരും തിയ്യനും കാവുതീയ്യനും പാണനും പറയനും പുലയനും ചെറുമനും ക്രിസ്ത്യാനിയും മുസ്ലീമും ജാതിമതത്തിലൊന്നും വിശ്വസിക്കാത്ത യുക്തിവാദികളുമുണ്ട്. ഇതുപോലെത്തന്നെ ഡ്രൈവര്‍, പ്‌ളംബര്‍, ഇലക്ട്രീഷ്യന്‍, പെയ്ന്റര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും ജാതിയില്ല. ഇക്കൂട്ടരിലും മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളൊക്കെ ഉണ്ടാകും. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഈ തൊഴിലുകളൊന്നും ഉണ്ടായിരുന്നില്ല. അഥവാ ജാതിവ്യവസ്ഥയില്‍പ്പെട്ട തൊഴിലുകളല്ല ഇവയൊന്നും. ഇതുകൊണ്ടാണ് ഈ തൊഴിലുകളില്‍ ജാതേ്യതരം കണ്ടത്. കുറെയൊക്കെ സാമൂഹിക മാറ്റങ്ങള്‍ വന്ന ഈ സാഹചര്യത്തില്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുടെ ജാതിയേതെന്നു ചോദിച്ചാല്‍ ഇതിനും ജാതിയില്ല എന്ന ഉത്തരമാണ് കിട്ടുക. മുകളില്‍ സൂചിപ്പിച്ച വിഭാഗക്കാരൊക്കെ ഈ ഓഫീസര്‍മാരായും ഉണ്ട്.
             എന്നാല്‍ ബാര്‍ബറുടെ ജാതി അല്ലെങ്കില്‍ മതം ഏതെന്നു ചോദിച്ചാല്‍ ഇതിനു വ്യക്തമായ ഉത്തരമുണ്ട്. ഈ ജോലി വിവിധ മതങ്ങളിലെ നിശ്ചിത ജാതിക്കാര്‍ മാത്രമാണ് ചെയ്യുന്നത്. കള്ളുചെത്തുന്നവരുടെയും തേങ്ങയിടുന്നവരുടെയും ജാതിയേതെന്നു ചോദിച്ചാല്‍ ഇതിനും വ്യക്തമായ ഉത്തരമുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വന്ന തൊഴിലാളികളെ ഒഴിവാക്കിയാല്‍ ഞാറു പറിക്കല്‍, ഞാറു നടീല്‍ തുടങ്ങിയ കൃഷിപ്പണിക്കാര്‍ക്കും കൃത്യമായ ജാതിയുണ്ട്. ഇതുപോലെ മീന്‍വില്പനക്കാരുടെ ജാതി ചോദിച്ചാലും ഇതിനും വ്യക്തമായ ഉത്തരം കിട്ടും. ഈ തൊഴിലുകള്‍ക്കെല്ലാം പ്രദേശങ്ങള്‍ക്കനുസരിച്ച് ചില മാറ്റങ്ങളുണ്ട്. മലപ്പുറത്ത് തെങ്ങുന്ന കയറുന്ന ജോലി ചെയ്യുന്നത് തിയ്യന്മാരാണ്. എന്നാല്‍ കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പരവ സമുദായക്കാരാണ് ഈ ജോലി ചെയ്യാറ്. മലബാറില്‍ മീന്‍കച്ചവടം ചെയ്യുന്നത് മുസ്ലീങ്ങളാണ്; മുസ്ലീം പുരുഷന്മാര്‍ മാത്രം. എന്നാല്‍ തിരുവനന്തപുരത്ത് ചില പ്രതേ്യക ജാതിയിലോ വിഭാഗത്തിലോപെട്ട സ്ത്രീകളും മീന്‍ വില്‍പന നടത്തുന്നു.
            ഒരു കണ്ടക്ടറെയും പ്‌ളംബറെയും പെയ്ന്ററെയും താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറെയും ആക്ഷേപിച്ചാല്‍ ആ വ്യക്തിയെ അല്ലെങ്കില്‍ ആ ജോലിയെ മാത്രമാണ് ആക്ഷേപിക്കുന്നത്. എന്നാല്‍ ബാര്‍ബര്‍പ്പണിയെയോ മീന്‍വില്‍പ്പന ജോലിയെയോ ആക്ഷേപിച്ചാല്‍ അത് ഒരു സമൂഹത്തിനെ മൊത്തം ആക്ഷേപിക്കുന്നതിന് തുല്യമായിരിക്കും. എടാ നിനക്കൊന്നു കണ്ടക്ടറുടെ പണിക്ക് അല്ലെങ്കില്‍ പെയ്ന്റിംഗ് പണിക്ക് അതുമല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുടെ പണിക്ക് പൊയ്ക്കൂടെ എന്നു ചോദിക്കുന്നതുപോലെയല്ല, എടാ നിനക്ക് മത്തിക്കച്ചവടത്തിനു പൊയ്ക്കൂടെ അല്ലെങ്കില്‍ ചെരക്കാന്‍ പൊയ്ക്കൂടെ എന്നൊക്കെ ചോദിക്കുന്നത്. കാരണം ഈ തൊഴിലുകള്‍ക്കെല്ലാം ജാതിയുണ്ട്.
സമൂഹത്തില്‍ ഏറ്റവുമധികം ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുന്ന തൊഴില്‍ ജാതി വിഭാഗം ബാര്‍ബര്‍മാരാണ്. സിനിമാക്കാരും സീരിയലുകാരും മിമിക്രിക്കാരുമൊക്കെ ഇക്കാര്യത്തില്‍ ഒരുതരം മത്സരം തന്നെ നടത്താറുണ്ട്. ചെരക്കുക, ചെരണ്ടുക, വടിക്കുക എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍ ജോലിയെ ആക്ഷേപിക്കുന്ന പദപ്രയോഗങ്ങളുള്ള സിനിമകള്‍ എത്രയോ ഉണ്ട്. 'യോദ്ധ' എന്ന സിനിമയില്‍ ഒരു 'ഭയങ്കര തമാശ'യുണ്ട്. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ (ജഗതി ശ്രീകുമാര്‍) 'അമ്പട്ടന്‍' എന്നു വിളിപ്പിച്ച് 'തമാശ'പറയിപ്പിക്കുന്നുണ്ട് മറ്റൊരു കഥാപാത്രം (മോഹന്‍ ലാല്‍). ബാര്‍ബര്‍മാരെ ആക്ഷേപിച്ച് വിളിക്കുന്ന ഒരു പ്രയോഗമാണ് 'അമ്പട്ടന്‍'. ഇതറിയാത്തവരല്ല ഈ സിനിമയെടുത്തവരും സിനിമയില്‍ അഭിനയിച്ചവരും. മാത്രമല്ല, ഇവരെയൊക്കെ സുന്ദരന്മാരാക്കുന്നത് ഈ 'അമ്പട്ടനും'മറ്റുമല്ലേ? ഈ പ്രയോഗം വഴി 'യോദ്ധ'യുടെ ആള്‍ക്കാര്‍ നിന്ദ്യവും നീചവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയ്‌ക്കെതിരെ രംഗത്തു വന്ന ശ്രീബുദ്ധനെയും പരോക്ഷമായി ആക്ഷേപിക്കുന്നുണ്ട്. എന്തെന്നാല്‍ സിനിമയിലെ ഈ കൊച്ചു കുട്ടിക്ക് ബുദ്ധമത സന്ന്യാസി വിഭാഗവുമായി ബന്ധമുണ്ട്.
       ഇങ്ങനെ ആക്ഷേപിക്കപ്പെടുന്ന മറ്റൊരു തൊഴില്‍ ജാതിയാണ് മീന്‍ വില്പനക്കാരും അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരും. മീന്‍, മീന്‍മണം, മീന്‍കാരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്നിലൊരുതരം വൈകാരികതയുണ്ടാകാറുണ്ട്. കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'മീന്‍കാരിയും പൂക്കാരിയും ഒരു സവര്‍ണ കഥാകാരിയും' എന്ന തലക്കെട്ടില്‍ 1999 ല്‍ എഴുതിയ ലേഖനം എന്റെ ബ്‌ളോഗില്‍ (http://www.sugadhan.blogspot.com/) പോസ്റ്റ് ചെയ്തത് കഴിഞ്ഞ മാസം 18 നാണ്. 1998 ലാണ് 'മീന്‍ മണം' എന്നെ 'പിടികൂടുന്നത്'. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ 'തളിര്'മാസികയില്‍ (1998 ഡിസംബര്‍ ലക്കം) സുമംഗല എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാട് എഴുതിയ 'മീന്‍കാരി' എന്ന കഥയാണ്് 'മീന്‍ മണത്തിന്റെ രാഷ്ട്രീയ'ത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കഥാകാരിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഞാന്‍ 1999 ഫെബ്രുവരി 01-15 ലക്കം 'സമീക്ഷ'യില്‍ ലേഖനമെഴുതി.
             മീന്‍ വില്‍ക്കുന്ന സ്ത്രീക്ക് ഉറക്കം വരണമെങ്കില്‍ മീന്‍മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന കഥയായിരുന്നു ഇത്. നാണി എന്നു പേരായ മീന്‍കാരിയുടെ മീനൊന്നും വിറ്റു തീര്‍ന്നില്ല. നേരം വൈകി. കാറ്റും മഴയും വന്നു. ഇതുകാരണം വീട്ടിലെത്താന്‍ സാധിക്കില്ല. അവര്‍ അടുത്ത കണ്ട വീട്ടുകാരോട് അഭയം ചോദിച്ചു. അമ്പലത്തിലേക്ക് പൂമാലയുണ്ടാക്കിക്കൊടുക്കുന്ന ലക്ഷ്മി വാരസ്യാരുടെ വീടായിരുന്നു അത്. അവര്‍ മീന്‍കാരിക്ക് കിടക്കാന്‍ ഇടം കൊടുത്തു. തൊട്ടടുത്ത മുറിയിലെ കൊട്ടകളില്‍ പൂവുകളുണ്ടായിരുന്നു. പൂവിന്റെ മണം കാരണം മീന്‍കാരിക്ക് ഉറക്കം വന്നില്ല. പൂവിന്റെ മണം മീന്‍കാരിക്ക് മനംപുരട്ടലുണ്ടായി. ഇങ്ങനെപോയാല്‍ താന്‍ മരിച്ചുപോകുമെന്നു മീന്‍കാരിക്ക് തോന്നി. അവരൊരു സൂത്രം ചെയ്തു. മീന്‍കൊട്ട തലയില്‍ കമഴ്ത്തി വച്ചു. മീന്‍മണം കിട്ടിയപ്പോള്‍ അവര്‍ക്ക് ഉറക്കം വന്നു. അവര്‍ സുഖമായി ഉറങ്ങി. (അപ്പുറത്തെ മുറിയില്‍ അമ്പലത്തിലേക്ക് കൊടുക്കാനുള്ള പൂവാണെന്ന ധാരണയൊന്നുമില്ലാതെ മീന്‍കൊട്ട തലയില്‍ വച്ച് സുഖമായി കിടുന്നുറങ്ങുന്ന മീന്‍കാരി സംസ്‌കാര ശൂന്യ തന്നെ! യാതൊരു സംശയവുമില്ല!!) പിറ്റേന്ന് രാവിലെ വാരസ്യാരോട് നന്ദി പറഞ്ഞ് മീന്‍കാരി വീട്ടിലേക്ക് തിരിച്ചു. പക്ഷേ, മീന്‍നാറ്റം കാരണം വാരസ്യാര്‍ അപ്പോഴും മൂക്കുപൊത്തി നില്‍ക്കുകയായിരുന്നു. ഇതാണ് കഥയുടെ ചുരുക്കം. ഈ കഥയില്‍ നാണി എന്നു പേരായ മീന്‍കാരി സംസ്‌കാരശൂന്യയും ലക്ഷ്മി വാരസ്യാര്‍ (ഈ പേരില്‍തന്നെയുണ്ടല്ലോ ഒരൈശ്വര്യം!) എന്ന പൂക്കാരി സംസ്‌കാര സമ്പന്നയുമാണെന്ന് സ്ഥാപിക്കുകയാണ് കഥാകാരി. കഥാകാരിക്ക് കറ കളഞ്ഞ ജാതി ചിന്തയുണ്ട് എന്ന മസസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. മീന്‍കാരിയെ 'അവള്‍' എന്നും പൂക്കാരിയെ 'അവര്‍' എന്നും കഥാകാരി സംബോധന ചെയ്തതില്‍ നിന്നുതന്നെ ഇതു വ്യക്തമാകുന്നുണ്ട്.
           വലിയൊരു കഥാകാരനല്ലെങ്കിലും ധാരാളം കൊച്ചു കഥകള്‍ ഞാനും എഴുതിയിട്ടുണ്ട്. ഭാവനയില്‍ നിന്നാണല്ലോ കഥ വരുന്നത്. പക്ഷേ, ഈ ഭാവനയിലും വേണ്ടേ കുറച്ചൊക്കെ പൊരുത്തങ്ങള്‍? നാണി എന്നു പേരായ മീന്‍കാരി മീന്‍കൊട്ട തലയില്‍ കമഴ്ത്തി സുഖമായി കിടന്നുറങ്ങിയെന്നാണല്ലോ കഥാകാരി പറയുന്നത്. ഇല്ല, അവര്‍ക്കൊരിക്കലും സുഖമായി ഉറങ്ങാന്‍ സാധിക്കില്ല. കാരണം അവരവിടെ വിരുന്നു ചെന്നതായിരുന്നില്ല. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്ത അമ്മയ്ക്ക്/ഭാര്യയ്ക്ക്/സഹോദരിക്ക്/മകള്‍ക്ക് എന്തു പറ്റി എന്നോര്‍ത്ത് അവരുടെ വീട്ടുകാര്‍ അങ്ങ് ദൂരെ വേവലാതിയോടെ കഴിയുകയാണ്. അവരുടെ വേവലാതിയെ ഓര്‍ത്ത് സ്വാഭാവികമായും മീന്‍കാരിക്കും കടുത്ത വേവലാതിയുണ്ടാകും. ഇങ്ങനെ വേവലാതിപ്പെടുന്ന കടലമ്മയുടെ മകളുടെ മനസ്സില്‍ തിരകള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കും. അവര്‍ക്കൊരിക്കലും സുഖമായി ഉറങ്ങാന്‍ സാധിക്കുകയില്ല. കഥാകാരിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ 2010 ഡിസംബര്‍ ലക്കം 'പച്ചക്കുതിര'യില്‍ മീന്‍കാരിയായ ജനറ്റ് ക്‌ളീറ്റസ് എന്ന അമ്മ പറഞ്ഞ വര്‍ത്തമാനങ്ങള്‍ സി.പി.അജിത പകര്‍ത്തിയെഴുതിയിട്ടുണ്ട്. ഈ അമ്മയോട് ചോദിച്ചാല്‍ അവര്‍ പഞ്ഞുതരും കാര്യങ്ങള്‍.
         മീന്‍കാരിയെ ആക്ഷേപിക്കുവാന്‍ കഥാകാരിയെക്കാള്‍ മിടുക്കു കാണിച്ചത് കഥയ്ക്ക് ചിത്രം വരച്ച സിബി ജോസഫ് എന്ന ചിത്രകാരനാണെന്ന് പറയാവുന്നതാണ്. കാരണം, കഥാകാരി കഥയില്‍ പറയുന്നത്, മീന്‍കാരിക്ക് കിടക്കാന്‍ ഇടം കൊടുത്ത ചായ്പിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് പൂവട്ടികള്‍ വച്ചിരിക്കുന്നത് എന്നാണ്. പക്ഷേ, ചിത്രകാരന്‍ കഥാകാരിയോട് സമ്മതം ചോദിക്കാതെ തന്നെ മീന്‍കാരിയെ പിടിച്ചുകൊണ്ടു വന്ന് പൂവട്ടികള്‍ക്കിടയില്‍ കിടത്തുകയും മീന്‍ പൂവട്ടികള്‍ക്കരികെ ചൊരിയിപ്പിക്കുകയും ചെയ്തു! 
                 കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ബന്ധപ്പെട്ടും ഒരു 'മീന്‍മണവും പൂമണവും' ഉണ്ടായിട്ടുണ്ട്. ''പക്ഷേ, ചെമ്മീന്‍ കിള്ളുന്നതിനിടയിലും/വരും ജന്മത്തില്‍ മുല്ല പൂക്കുന്ന മണം പിടിക്കാന്‍/കൊച്ചീക്കാരത്തി കൊച്ചു പെണ്ണിനു കഴിയും'' എന്ന് 'ഭാഷാപോഷിണി'യിലെഴുതിയ കവിതയില്‍ ചുള്ളിക്കാട് പാടിയിട്ടുണ്ട്. ഈ ജന്മത്തില്‍ത്തന്നെ മൂല്ല പൂക്കുന്ന മണം പിടിക്കാന്‍ ചെമ്മീന്‍ കിള്ളുന്നവര്‍ക്കു സാധിക്കില്ലേ എന്നു ചോദിച്ച് ഈ നിലപാടിനെ എ.കെ. രവീന്ദ്രന്‍ ചോദ്യം ചെയ്തപ്പോള്‍ അതിനൊരു മറുപടി യും ചുള്ളിക്കാട് നല്‍കിയിരുന്നു. സദാനന്ദന്‍ മുതലാളി എന്ന പേരായ ഒരു ചോവന്റെ വീട്ടില്‍ നിന്ന് പിറന്നാള്‍ സദ്യയുണ്ട കാര്യം ചുള്ളിക്കാട് 'ചിദംബര സ്മരണ'യില്‍ വിവരിക്കുന്നുണ്ട്. വിഭവങ്ങളുടെ കൂട്ടത്തില്‍ ഇറച്ചിയും മീനും കണ്ടപ്പോള്‍ തനിക്ക് വിഷമം വന്നുവെന്ന് ചുള്ളിക്കാട് പറയുന്നുണ്ട്. കൂലി കിട്ടിയാല്‍ ദിവസവും ചാരായക്കടയിലേക്ക് ഓടുന്ന, വിപ്‌ളവകാരിയായ ചുള്ളിക്കാടിന് ആ സമയത്ത് ഓര്‍മ്മയില്‍ തെളിഞ്ഞത് ഗണപതിയും നിലവിളക്കും ചന്ദനക്കുറിയുമൊക്കെയാണ്. മാത്രമല്ല, സദാനന്ദന്‍ മുതലാളിയുടെ വീട്ടിലെ 'വിലകൂടിയ ചില്ലു ഗ്‌ളാസ്സില്‍ തങ്ങിനിന്ന മീന്‍മണവും എന്നെ വിഷമിപ്പിച്ചു' എന്നും ചുള്ളിക്കാട് പറയുന്നുണ്ട്.
                സുമംഗലയുടെ കഥയില്‍ ഞാന്‍ ജാതീയത കണ്ടു എന്ന് പ്രേമാ ജയകുമാര്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെഴുതുകയുണ്ടായി. കഥയിലുള്ള ജാതീയത ചൂണ്ടിക്കാണിച്ചതിലല്ല കഥയില്‍ ജാതീയത കുത്തിത്തിരുകിയതിലാണ് പ്രേമാ ജയകുമാര്‍ ശരി കണ്ടത്. പ്രേമാ ജയകുമാറിനെ കുറ്റം പറഞ്ഞുകൂടാ. ഒരു കൂട്ടരുടെ ശരി മറ്റൊരു കൂട്ടര്‍ക്ക് ശരിയാകണമെന്നില്ലല്ലോ.
             'ജയ്ഹിന്ദ്' ചാനലില്‍ മിമിക്രി താരമായ സുബി 'ചാളമേരി' എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൊതുവെ കാണാന്‍ തമാശയുള്ള പരിപാടിയായിരുന്നുവെന്ന കാര്യം ശരി തന്നെ. പക്ഷേ, മീന്‍മണവും ചാളയും മീന്‍കാരിയും കടപ്പറവുമൊക്കെ ഇടയ്ക്കിടയ്ക്ക് കടന്നു വന്നു. മീന്‍ വില്‍പ്പക്കാരെയും അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന തൊഴില്‍ ജാതി വിഭാഗത്തെയും വല്ലാതെ ആക്ഷേപിക്കുന്ന ഒട്ടേറെ പദപ്രയോഗങ്ങള്‍ പരിപാടിയില്‍ മിമിക്രി താരം പറയുകയും അവരെക്കൊണ്ട് മറ്റുള്ളവര്‍ പറയിപ്പിക്കുകയുമുണ്ടായി. 'ചാളമേരി' എന്ന പ്രയോഗം തന്നെ ആക്ഷേപാര്‍ഹമാണല്ലോ!
       'ജയ്ഹിന്ദ്' ചാനലില്‍ നിന്ന് നമുക്ക് ഏറെ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, 'കൈരളി'യുടെ കാര്യം ഇങ്ങനെയല്ലല്ലോ. ചാനലുകളിലെ പരിപാടികള്‍ ഞാന്‍ സ്ഥിരമായി കാണാറില്ല. കണ്ട പരിപാടികളില്‍ വച്ചു തന്നെ ധാരാളം പറയാനുണ്ട്. അപ്പോള്‍ സ്ഥിരമായി കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? ഇടതുപക്ഷ ചാനലില്‍ നിന്നു ഇങ്ങനെയൊക്കെ വന്നാല്‍ പിന്നെ വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ എന്താണ് വ്യത്യാസം? 
        'കോമഡിയും മിമിക്‌സും പിന്നെ ഞാനും' എന്ന പരിപാടിയില്‍ (03.11.2007), ഒരാള്‍ സിനിമാറ്റിക്‌സ് ഡാന്‍സ് ചെയ്യുകയാണ്. കൈകൊണ്ടുള്ള ആക്ഷന്‍ ഒരു പ്രതേ്യക രീതിയിലായിരുന്നു. കത്രികകൊണ്ട് മുടി മുറിക്കുന്ന രീതിയില്‍. ഇതുകണ്ട് മറ്റൊരാള്‍ പറഞ്ഞത്, 'അപ്പോള്‍ ഇതായിരുന്നു പണി!' എന്നായിരുന്നു. മീന്‍കാര്യം പറയട്ടെ. 'അയ്യെടി മനമേ' എന്നൊരു പരിപാടിയുണ്ടായിരുന്നു. 12.04.2008 ലെ ഒരു പരിപാടിയില്‍ ഒരു 'മീന്‍കാരന്‍' കടന്നു വന്നു. പുതുപ്പണക്കാരനായി വിശേഷിപ്പിച്ച തങ്കപ്പന്‍ മുതലാളി എന്നയാള്‍ മുറ്റത്തെ തുളസിത്തറയെ പ്രദക്ഷിണം വച്ച് തുളസിയില നുള്ളിയെടുത്ത് ചെവിയില്‍ വയ്ക്കുന്നു. ഇതു കണ്ട ഒരാളുടെ കമന്റ്-'ഇയാള്‍ക്ക് പണ്ട് മീന്‍ വില്‍പനയായിരുന്നുവെന്നാണല്ലോ കേട്ടത്'. അതെ, തുളസിയിലയും മുല്ലപ്പൂവുമൊന്നും മീന്‍കാരന്മാര്‍ക്കും മീന്‍കാരികള്‍ക്കും പറഞ്ഞതല്ല! ഇതിനൊക്കെ അവകാശമുള്ളവര്‍ മറ്റു ചിലരാണല്ലോ!! 
     നമ്മള്‍ ജീവിക്കുന്നത് ഐ.ടി.യുഗത്തിലാണ്. ഒരു വിരല്‍ത്തുമ്പിലൂടെ ലോകത്തിന്റെ ഗതിയറിയാന്‍ പറ്റുന്ന അവസ്ഥ. പക്ഷേ, ഈ ഐ.ടി.യുഗത്തിലും നമുക്കുള്ളത് അയിത്ത മനസ്സു തന്നെ. 'അയ്യടി മനമേ!'യിലെ മറ്റൊരു 'തമാശ'കൂടി നോക്കാം. പ്രത്യക്ഷത്തില്‍ ഒരു വ്യക്തിയെ പരിഹസിച്ചുകൊണ്ട് പരോക്ഷമായി ഒരു ജനവിഭാഗത്തെത്തന്നെ ആക്ഷേപിക്കുന്നതെങ്ങനെയെന്നു നോക്കാം. ദിവസം 09.12.2007. സമയം രാത്രി 9 മണിക്കും 9.30 നും ഇടയില്‍. ഗീര്‍വാണമടിക്കുന്ന ഒരു കഥാപാത്രം. ഈ കഥാപാത്രം നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ ചോദിക്കുന്നു: 'അച്ഛന്‍ നമ്പൂതിരിയെ കമ്പ്യൂട്ടറില്‍ കാണുമോ?'. ഇതിന് മറ്റൊരാള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായം. 'അയ്യോ! അട്ടപ്പാടിയില്‍ നമ്പൂതിരിമാരുണ്ടോ?' മീന്‍കാരികള്‍ക്കും മറ്റും എതിരെയുള്ള 'മീനമണത്തിന്റെ രാഷ്ട്രീയം' പഠിക്കാന്‍ ഇടതു ചാനല്‍ തന്നെ നമുക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്നു! 
.................... 



26 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

2010 ഡിസംബര്‍ ലക്കം 'പച്ചക്കുതിര' മാസികയില്‍ കടലിന്റെ മകളും മീന്‍വില്പനക്കാരിയുമായ ശ്രീമതി: ജനറ്റ് ക്‌ളീറ്റസ് എന്ന അമ്മയുടെ ജീവിതം ശ്രീമതി: സി.പി.അജിത പകര്‍ത്തിയെഴുതിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഞാനെഴുതിയ കുറിപ്പ് 2011 ലക്കം 'പച്ചക്കുതിര'യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും ഭാഗങ്ങള്‍ എഡിറ്റു ചെയ്താണ് പ്രസിദ്ധീകരിച്ചത്. അതിന്റെ പൂര്‍ണ്ണരൂപമാണിത്. അഭിപ്രായം പറയേണ്ടത് ബ്‌ളോഗര്‍മാരാണ്.

കൊമ്പന്‍ said...

വാപ്പ മത്തി വിറ്റ കാശു കൊണ്ട് വളര്‍ന്ന എനിക്ക് ഈ വിസന സരങ്ങള്‍ നന്നായി പിടിച്ചിട്ടുണ്ട് ഈ ജാതികൊമാരങ്ങള്‍ക്ക് ഇടക്ക്ക് ഒരു അടികൊടുക്കുന്നത് അനിവാര്യമാണ്

സത്യാന്വേഷി said...

കായികാധ്വാനത്തോടും അതിനോടു ബന്ധപ്പെട്ട ഗന്ധങ്ങളോടും ഒരുതരം ഓക്കാനമാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. വിശേഷിച്ചും പരമ്പരാഗതമായി കായികാധ്വാനമൊന്നും ചെയ്യാതെ ശീലിച്ചുവന്ന സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്. വിദേശ രാജ്യങ്ങളില്‍ മത്സ്യം വില്‍ക്കുന്നവര്‍ക്കും മരയാശാരിമാര്‍ക്കും കല്പണിക്കാര്‍ക്കും മറ്റും അന്തസ്സുണ്ട്. ദിവസേന അഞ്ഞൂറോ ആയിരമോ കിട്ടുന്ന കൂലിപ്പണിക്കാരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്കില്ലാത്ത അന്തസ്സ് മാസം ആറായിരമോ ഒമ്പതിനായിരമോ ലഭിക്കുന്ന പ്യൂണിനുണ്ട്.
താങ്കളുടെ കത്ത് പച്ചക്കുതിരയില്‍ വായിച്ചിരുന്നു. നിരീക്ഷണങ്ങള്‍ പൂര്‍ണമായും ശരിതന്നെ.

MOIDEEN ANGADIMUGAR said...

വെള്ളക്കോളർ ജോലിക്കേ അന്തസ്സുള്ളു എന്ന് കരുതുന്ന പുതുതലമുറ രാജ്യത്തിനു ഒരധികപ്പറ്റാകുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തീര്‍ച്ചയായും ..
നല്ലൊരു വിശകലനം തന്നെ ഈ പോസ്റ്റ്‌.
അധികമാരും കൈവയ്ക്കാത്ത വിഷയം.
സാമൂഹിക അസമത്വവും ജാതിവേര്‍തിരിവും ഇന്നും നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നു എന്നത് സത്യം തന്നെ
ആശംസകള്‍

chithrakaran:ചിത്രകാരന്‍ said...

മഹനീയമായ ലേഖനം.
രാഷ്ട്രീയം എന്നതിന്റെ അര്‍ത്ഥം തന്നെ നമ്മുടെ ജനത്തിന്റെ 99% പേര്‍ക്കും അറിയില്ല.ആ അവസ്ഥ നിലനില്‍ക്കുംബോള്‍ ഈ വക ജനസ്വീകാര്യമല്ലാത്ത/സവര്‍ണ്ണമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ പാപമല്ലേ
എന്നാണ് മിക്കവരുടേയും നിലപാട്.
ഈ സവര്‍ണ്ണ നിലപാടിനെ അതിജീവിക്കാനുള്ള ബുദ്ധി നിലവാരമൊന്നും നമ്മുടെ ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കോ ചിന്തകര്‍ക്കോ കൈവരിക്കാനുമായിട്ടില്ല.
സവര്‍ണ്ണ മാടംബികളായിരുന്ന ഈയെമ്മസ്സും, നായനരും, എകെജിയും,എംവി രാഘവനും,ശ്രീമതി ടീച്ചറും,കൊടിയേരിക്കുറുപ്പും,ജയരാജനുന്മാരുമൊക്കെ നേതൃത്വം കൊടുത്ത പാര്‍ട്ടിക്ക് എങ്ങിനെയാണ്
ഹൈന്ദവമല്ലാത്ത അവര്‍ണ്ണ നിലപാടുണ്ടാകുക ???
ഈ സവര്‍ണ്ണരെ വിസ്മരിച്ച് കൈരളിക്ക് അവര്‍ണ്ണമായ മാനവിക നിലപാടിനെ ഒരിക്കലും ഉയര്‍ത്തിപ്പിടിക്കാനാകില്ല.എന്താണ് സവര്‍ണ്ണത എന്താണ് അവര്‍ണ്ണത എന്ന് പരിശോധിക്കാനുള്ള ദൈര്യം പോലുമില്ലാത്ത കൂട്ടിക്കൊടുപ്പുകാരുടെ കൂട്ടായ്മയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍.
ആകെ ഇവരുടെ കയ്യിലുള്ളത് ഇറക്കുമതി ചെയ്ത സ്റ്റാലിനിസ്റ്റ് മാര്‍ക്സിസത്തിന്റെ ചില്ലറ വിതരണാവകാശം മാത്രമാണ്.

കാട്ടിപ്പരുത്തി said...

ഇന്ത്യയിലെ ജാതി സമ്പ്രദായമാൺ നമ്മെ ജോലിയെ ജാതിയുമായി ബന്ധിപ്പിച്ചത് എന്നത് എല്ലാവർക്കുമറിയുന്ന ഒരു സത്യമാണു. വേതനത്തേക്കാൾ സ്റ്റാറ്റസ് ജോലിയിൽ കടന്നു വരാനുള്ള കാരണവുമതു തന്നെ.

നാമും ചെയ്യുന്നത് ഇതൊക്കെതന്നെയല്ലെ. നന്നായി പടിച്ച്സില്ലെങ്കിൽ മക്കളോട് പറയുന്നത് കന്നു പൂട്ടാനയക്കും എന്നാണു. കുട്ടിയിലത് ഒരു മോശം ജോലിയായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഓഫീസിലെ പ്യൂൺ ജോലി കന്നു പൂട്ടിനേക്കാൾ മികച്ചതാകുന്നത് അങ്ങിനെയാണു.

സിനിമയിലെയും ചാനലുകളിലെയും “തമാശ” എല്ലാ അതിർ‌വർമ്പുകൾക്കുമപ്പുറത്താണു. കുറ്റപ്പെടുത്തേണ്ടത് പ്രേക്ഷകനെക്കൂടിയാണു.

പിന്നെ മീൻ മണം ആസ്വാദകരമൊന്നുമല്ല. അരോചകം തന്നെയാണു. പക്ഷെ മീന്മണം മീൻ‌കാരിക്ക് ആസ്വാദകരമാണെന്ന- അതിനുമപ്പുറം അനിവാര്യമാണെന്ന കണ്ടെത്തലുകളാണു അതിനേക്കാൾ ഭയാനകം. ഈ പ്രതികരണം അഭിനന്ദനമർഹിക്കുന്നു.

Sameer Thikkodi said...

good article, valiant approach...

ചാർ‌വാകൻ‌ said...

കൃത്യമായ നിരീക്ഷണങ്ങൾ.

പ്രിയേഷ്‌ പാലങ്ങാട് said...

നന്നായിട്ടുണ്ട് നിരീക്ഷണങ്ങള്‍.പുതിയ തലമുറയുടെ കണ്ണ് തുറക്കുന്നത് എന്നാണാവോ?

vipin said...

മികച്ച പോസ്റ്റ്‌

ishaqh ഇസ്‌ഹാക് said...

ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു
നന്ദി
ആശംസകള്‍

ശ്രീജിത് കൊണ്ടോട്ടി. said...

പ്രിയ ശങ്കരനനാരായണേട്ടാ..

പോസ്റ്റ്‌ മുന്പ് തന്നെ വായിച്ചിരുന്നു.. ആശംസകള്‍...

Anonymous said...

മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ്ട്...നന്ദി

Anonymous said...

മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ്ട്...നന്ദി

Anonymous said...

മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ്ട്...നന്ദി

Dominic Gorgon said...

"നമ്മള്‍ ജീവിക്കുന്നത് ഐ.ടി.യുഗത്തിലാണ്. ഒരു വിരല്‍ത്തുമ്പിലൂടെ ലോകത്തിന്റെ ഗതിയറിയാന്‍ പറ്റുന്ന അവസ്ഥ. പക്ഷേ, ഈ ഐ.ടി.യുഗത്തിലും നമുക്കുള്ളത് അയിത്ത മനസ്സു തന്നെ..." !!!

മീന്‍ പോലെ തന്നെ എല്ലാവിധ "കാത്സ്യവും" അടങ്ങിയിട്ടുണ്ട്...നന്ദി

ശ്രദ്ധേയന്‍ | shradheyan said...

സ്വയം മാറ്റത്തിന് തയ്യാറാവാത്ത ഞാനടക്കമുള്ള സമൂഹത്തിനുള്ള നല്ലൊരു കൊട്ട്. പ്രായോഗികത തന്നെയാണ് പ്രശ്നം. എന്‍റെ ഒരു പരിചയക്കാരന്റെ മകളെ ഒരു ബാര്‍ബര്‍ ഫാമിലിയില്‍ നിന്നും ഒരു അദ്ധ്യാപകന്‍ പെണ്ണ് കാണാന്‍ വന്നപ്പോള്‍ ഉണ്ടായ പുകിലുകള്‍ മറന്നിട്ടില്ല. കക്ഷിയുടെ ഏതോ വല്ല്യുപ്പ ചെയ്ത ജോലിയുടെ പേരില്‍ മുടങ്ങുമായിരുന്ന കല്ല്യാണം അയാളുടെ ജോലിയുടെ പേരില്‍ നടന്നു കിട്ടി! ഇപ്പോഴും ബാര്‍ബര്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ!! ഈ ദുരവസ്ഥ മാറാന്‍ ഒരു തലമുറ കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന് തോന്നുന്നു.

Kadalass said...

ജാതീയമായ വേര്‍തിരുവകളും തൊഴില്‍പരമായ അസമത്വങ്ങളും സാഹിത്യ സ്രഷ്ടികളിലും ആനുകാലികങ്ങളിലും നിറഞ്ഞുനില്ക്കുന്നുണ്ട്.... ഇതില്‍ ഇരകളോടു കൂറുപുലര്‍ത്തുന്നവയും അല്ലാത്തതുമുണ്ട്.....

വളരെ ചിന്തനീയമായ വിശകലനം

എല്ലാ ആശംസകളും!

Unknown said...

:)

TPShukooR said...

ആഹ.. നല്ല ചിന്ത. ആശംസകള്‍.

Unknown said...

ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ബ്‌ളോഗര്‍മാരായ Iylasserikkaran, സത്യാനേ്വഷി,Moideen angadimugar, ഇസ്മായില്‍ കുറുമ്പടി, ചിത്രകാരന്‍, കാട്ടിപ്പരുത്തി,Sameer Thikkodi, ചാര്‍വാകന്‍,Priyesh Palangad, Vipin,Ishaq, Sreejith Kondotty, anonymous, Dominic Gorgon, ശ്രദ്ധേയന്‍, മുഹമ്മദു കുഞ്ഞി വണ്ടൂര്‍, My Dreems, Shukkoor, ഇസ്ഹാഖ് കുന്നക്കാവ് എന്നിവര്‍ക്ക് നന്ദി.

OAB/ഒഎബി said...

ഇത് വായിച്ചപ്പോള്‍ ഞാനും ചിന്തിച്ചു പോയി 'നിനക്കൊക്കെ മത്തി വിക്കാന്‍ / ചോരണ്ടാന്‍ പോയിക്കൂടെ എന്ന് ചോദിക്കുന്നിടത്ത് നിനക്കൊക്കെ ബസ്സ് കണ്ടക്ടറാവാന്‍ പോയിക്കൂടെ' എന്ന് ചോദിച്ചാല്‍ അവനിലുണ്ടാവുന്ന വികാരം ഏത് തരമായിരിക്കുമെന്നു.
ബസ്സില്‍ നിന്ന് തുടങ്ങി ചാനലുകാരുടെ രാഷ്ട്രീയം വരെ വിലയിരുത്തിയത് നന്നായി മനസ്സിലാക്കേണ്ടത് തന്നെ

വായനക്കാരന്‍ said...

Fully agree with your views. Thank you very much for bringing up this matter. I was really very much upset to see or hear such comments in movies and TVs.

I believe this should be seriously discussed in the main stream of our socity.

Please try to take up this subject to a Channel discusion or kindly initate to organize a seminar on this.

prasanna raghavan said...

വിപ്ലവം/മാറ്റം വീടുകളില്‍ നിന്ന്, വ്യക്തിയില്‍ നിന്ന് തുടങ്ങണമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഞങ്ങളെ നാണം കെടുത്തുന്ന വിധത്തില്‍ വാക് പ്രയോഗം നടത്തിയാല്‍, ഉദ്. ഒര്യ് വ്യക്തി അങ്ങനെ പറഞ്ഞാല്‍, ആ വീട്ടിലുള്ള ആരുടെയും തലമുടി ഞങ്ങള്‍ വെട്ടുകില്ല/ ആ വീട്ടിലേക്കു ഞങ്ങള്‍ മീന്‍ കൊടുക്കുകില്ല എന്ന് നാണക്കേട് അനുഭവിച്ച ആരെങ്കിലും പറഞ്ഞതായി അറിയമോ. ഇവര്‍ക്കൊക്കെ സംഘടനകളും ഉണ്ട്.

അങ്ങനെ ചെയ്താല്‍ എങ്ങനെയിരിക്കും? ആരെങ്കിലും നോക്കീട്ടുണ്ടോ.

മറ്റുള്ളവര്‍ പ്രത്യേകിച്ച്, അവശത ഉപയോഗിച്ച് നേതൃത്ത്വം കാംഷിക്കുന്ന രാഷ്ട്ര്രിയപ്പാര്‍ട്ടിക്കാര്‍ക്ക് അണികളുടെ അധിക്ഷേപ പ്രശ്നത്തില്‍ കാര്യമില്ല എന്നല്ല പറഞ്ഞത്.

പക്ഷെ അവസാ‍നം ഇതൊക്കെ ഒരോ വ്യക്തിയുടെയും സ്വത്വ പ്രശ്നമാണ്. അധിക്ഷേപത്തിലെതിരെ സ്വയം തലയുയര്‍ത്താന്‍ വ്യക്തികള്‍ തയ്യാറായില്ലെങ്കില്‍ ലെറ്റ് അസ് കിസ് ഗൂഡ് ബൈ ടു എനി ആന്റി-ഡിസ്ക്രിമിനേഷന്‍.
ഇതാണ് എന്റെ ഇതില്‍ എന്റെ റ്റേക്ക്