My Blog List

Saturday, April 16, 2011

ശീലം തന്നെയാണ് താരം!

      'പച്ചക്കുതിര'മാസിക, ഏപ്രില്‍, 2011

    (ഞാനെഴുതിയ മീന്‍മണത്തിന്റെ രാഷ്ട്രീയം വായിച്ചിരുന്നുവല്ലോ. അതിന് ശ്രീ:ജോര്‍ജ്ജ് ജേക്കബ്,കുന്നുമ്മല്‍ മലപ്പുറം എന്നയാള്‍ ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍ മറുപടി എഴുതുകയുണ്ടായി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് വെജിറ്റേറിയനായതുകൊണ്ടാണ് ചോവത്തിയുടെ വീട്ടിലെ പിറന്നാള്‍ സദ്യയില്‍ വിളമ്പിയ മീന്‍കറി കണ്ടപ്പോള്‍ ഓക്കാനം വന്നതെന്നും മറ്റും മറുപടിയില്‍ എഴുതിയിരുന്നു. ശീലങ്ങളെ നിലപാടുകളായി കണക്കാക്കരുതെന്നും മറ്റുമാണ് മറുപടിയില്‍ പറഞ്ഞത്. അതിനുള്ള മറുപടിയാണിത്)

         'മീന്‍ മണത്തിന്റെ രാഷ്ട്രീയ'ത്തെക്കുറിച്ച് 'പച്ചക്കുതിര'യില്‍ ഞാനെഴുതിയതിനെ പരാമര്‍ശിച്ച് 2011 ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍ ജോര്‍ജ്ജ് ജേക്കബ്, കുന്നുമ്മല്‍, മലപ്പുറം എഴുതിയത് വായിച്ചു. ശീലമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ജോര്‍ജ്ജ് ജേക്കബ് പറഞ്ഞിരിക്കുന്നത്. ഇതു ശരിയാണെന്ന് എനിക്കും തോന്നുന്നു. 
        കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇറച്ചിയും മീനും കഴിക്കാത്ത ആളാണെന്ന് ജോര്‍ജ്ജ് ജേക്കബ് എഴുതിയത് വായിച്ചപ്പോഴാണ് മനസ്സിലായത്. കള്ളും ചാരായവുമൊക്കെ കഴിക്കുന്നവര്‍ സ്വാഭാവികമായും ഇറച്ചിയും മീനുമൊക്കെ കഴിക്കുന്ന ശീലക്കാരായിരിക്കും എന്നായായിരന്നു ധാരണ. മദ്യഷാപ്പുകളില്‍ പോയി മദ്യപിച്ചിട്ടില്ലെങ്കിലും ധാരാളം കള്ള്/ചാരായ ഷാപ്പുകളില്‍ ഞാന്‍ പോയിട്ടുണ്ട്. കള്ളിന്റെയും/ചാരായത്തിന്റെയും മീനിന്റെയും ഇറച്ചിയുടെയും കഞ്ചാവിന്റെയും ബീഡിയുടെയുമൊക്കെച്ചേര്‍ന്ന ഒരു പ്രതേ്യക ഗന്ധം നിറഞ്ഞതാണ് കള്ള്/ചാരായ ഷാപ്പുകള്‍. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലുണ്ടായിരുന്ന കള്ളുഷാപ്പില്‍ ഉച്ചയ്ക്ക് ഊണും ഉണ്ടായിരുന്നു. ഞാന്‍ പല തവണ അവിടെനിന്ന് ഊണ് കഴിച്ചിട്ടുണ്ട്. കള്ളും ചാരായവും കഞ്ചാവും ബീഡിയുമൊന്നും എനിക്ക് ശീലമല്ലെങ്കിലും മദ്യ ഷാപ്പുകളിലെ ഈ ചൂര് എന്നില്‍ ഓക്കാനം വരുത്താതിരുന്നത് എന്റെ 'ചൂര്ശീലം' കൊണ്ടായിരിക്കണം! കാരണം, എന്റെ അച്ഛന്‍ കള്ളുചെത്തുകാരനും ചാരായംവാറ്റുകാരനും ബീഡിവലിക്കാരനുമായിരുന്നു. ഏട്ടന്മാര്‍ക്കുമുണ്ടായിരുന്നു ഈ ശീലങ്ങളൊക്കെ. ഇതല്ലല്ലോ ചുള്ളിക്കാടിന്റെയും ജോര്‍ജ്ജ് ജേക്കബിന്റെയുമൊക്കെ അവസ്ഥ. തനി പച്ചക്കറിഭോജിയായ/പച്ചക്കറിഭോജിയായിരുന്ന ഇക്കൂട്ടര്‍ക്ക് കള്ള്/ചാരായ ഷാപ്പിനകത്തെത്തിയാന്‍ ഓക്കാനം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 'കൂലി കിട്ടിയാല്‍ നേരെ ചാരായഷാപ്പിലേക്കോടും' എന്നു പറഞ്ഞ (ചിദംബരസ്മരണ, പേജ് 127)ചുള്ളിക്കാട് എത്രമാത്രം ഓക്കാനിച്ചും വിഷമിച്ചുമായിരിക്കണം ചാരായം അകത്താക്കിയിട്ടുണ്ടാവുക? 
       'മാതൃഭൂമി'ആഴ്ചപ്പതിപ്പില്‍ (06.02.2011) കെ.പി.രാമനുണ്ണി എഴുതിയ, 'മീന്‍ ഒരു ഭീഷണിക്കഥ?!' എന്ന കഥയിലെ നായികയും അമ്പലവാസിയുമായ അനിതക്കുട്ടി മീന്‍ ശീലമാക്കുന്നതിനു വേണ്ടി കഷ്ടപ്പെടുന്ന കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. കഥയിലെ നായകനായ ഫിറോസ് ബാബുവാണ് അനിതക്കുട്ടിയെ മീന്‍തീറ്റ പഠിപ്പിക്കുന്നത്. തുടക്കത്തില്‍ അനിതക്കുട്ടിക്ക് മീന്‍ ഓക്കാനമുണ്ടാക്കിയത് അവരുടെ കുറ്റംകൊണ്ടല്ല. കുട്ടിക്കാലം മുതല്‍ അനിതക്കുട്ടി ശീലിച്ച ശീലംകൊണ്ടു തന്നെ. 'പഥേര്‍ പാഞ്ചാലി'എന്ന സിനിമയിലെ കഥാപാത്രമായ ബ്രാഹ്മണ സ്ത്രീ കറി വയ്ക്കാനായി മീന്‍ നന്നാക്കുന്ന രംഗമുണ്ട്. ഈ രംഗം (മുപ്പത്തഞ്ചു വര്‍ഷം മുമ്പ്) കണ്ടതിനു ശേഷം എന്റെ ചിന്ത ഓക്കാനിച്ചു കൊണ്ടേയിരുന്നു. കാരണം (കേട്ട) ശീലം തന്നെ. ബ്രാഹ്മണര്‍ മീന്‍ കഴിക്കില്ലെന്നതായിരുന്നു കേട്ട ശീലം. പിന്നീട് വേദങ്ങളും ഇതിഹാസങ്ങളും മനുസ്മൃതിയും ചാണക്യശാസ്ത്രവുമൊക്കെ വായിച്ചപ്പോള്‍ ബ്രാഹ്മണരുടെ മുഖ്യ ആഹാരം ഇറച്ചിയും മീനുമൊക്കെയായിരുന്നുവെന്നു മനസ്സിലായി. അതോടെ ആ ഓക്കാനം നിന്നു. അനിതക്കുട്ടിയുടെ അമ്മേടെ അമ്മേടെ അമ്മേടെ.................അമ്മമ്മമാര്‍ക്ക് മീന്‍ ഓക്കാനം ഉണ്ടാക്കിയിരുന്നില്ല. കാരണം അവര്‍ക്കത് ശീലമായിരുന്നു. പിതൃക്കള്‍ക്കുപോലും അവര്‍ മീന്‍ നല്‍കിയിരുന്നു. പിതൃക്കള്‍ക്ക് ഏറെ ഇഷ്ടം മുതുക്കന്‍ വെള്ളാടിന്റെ ഇറച്ചിയാണെങ്കിലും വാള മുതലായ മീനുകളുടെ മാംസം നല്‍കിയാല്‍ പിതൃക്കള്‍ രണ്ടു മാസം തൃപ്തികൊള്ളുമെന്നാണ് 'മനുസ്മൃതി'യില്‍(3:268)പറഞ്ഞിട്ടുള്ളത്. ഫിറോസ് ബാബുവില്‍ നിന്നു മീന്‍തിന്നല്‍ പരിശീലിച്ച അനിതക്കുട്ടി പിന്നീട് ആര്‍ത്തിയോടെ മീന്‍ തിന്നുന്നത് ശീലമാക്കി. ഫിറോസ് ബാബുവിന്റെ വിരലുകളെക്കാള്‍ അവന്റെ ചുണ്ടുകള്‍ക്കാണ് കൂടുതല്‍ 'കെമിസ്ട്രി'യെന്നു മനസ്സിലാക്കിയ അനിതക്കുട്ടി ഫിറോസ് ബാബു ചുണ്ടില്‍ വച്ച് വിമലീകരിച്ച ('വിമലീകരിച്ച'എന്നാണ് കഥാകൃത്ത് പ്രയോഗിച്ചിരിക്കുന്നത്. ഇന്ന് അമ്പലവാസികള്‍ക്ക് അശുദ്ധമായ മീന്‍ മാപ്‌ളച്ചെക്കന്റെ-'മാപ്‌ളച്ചെക്കന്‍' എന്ന പ്രയോഗം കഥാകൃത്തിന്റേത്-ചുണ്ടില്‍ തട്ടിയാല്‍ ശുദ്ധമാകുമെന്നായിരിക്കുമോ കഥാകൃത്ത് അര്‍ത്ഥമാക്കിയിട്ടുണ്ടാവുക? തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ടു തൊടീച്ചെടക്കക്കാം എന്നു പറഞ്ഞതുപോലെ!) ഐലക്കഷണം അവന്റെ പല്ലിനിടയില്‍നിന്നു കടിച്ചെടുക്കാന്‍ പോലും ശീലിച്ചു അനിതക്കുട്ടി എന്ന അമ്പലവാസി!
        കഥാകൃത്ത് കെ.പി.രാമനുണ്ണി ഈ കഥയിലൂടെ തന്റെ ചില ശീലങ്ങള്‍ തെറ്റിച്ചിരിക്കുന്നു. 'ലൗ ജിഹാദി'നെതിരെ ശബ്ദിക്കുന്നവരുടെ എതിര്‍പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരനാണ് കെ.പി.രാമനുണ്ണിയെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍, ഈ കഥ (എന്റെ വായനയില്‍) നല്‍കുന്ന പാഠം മറിച്ചാണ്. കെ.പി.രാമനുണ്ണി ശീലം തെറ്റിച്ചോ? അതോ ഇതുതന്നെയായിരുന്നോ യഥാര്‍ത്ഥ ശീലം? ചരിത്രകാരനായ ഡോ: എം.ഗംഗാധരനും അടുത്തകാലംവരെ ഇതേ ശീലമായിരുന്നു. ഇപ്പോള്‍ ഇദ്ദേഹവും ശീലം തെറ്റിച്ചിരിക്കുന്നു. 'ലൗ ജിഹാദ്' വിഷയത്തില്‍ ഇദ്ദേഹം 'കേസരി'യില്‍ (20.12.2009) എഴുതിയത്, ജപ്പാനില്‍ കമ്മ്യൂണിസ്റ്റുകളും മുസ്ലീങ്ങളും ഇല്ലാത്തതു കൊണ്ടാണ് അവര്‍ക്ക് ഭാഗ്യം കൈവന്നത് എന്നാണ്. അതോ എന്റെ ശീലക്കേടുകളാണോ എന്നെ ഇങ്ങനെയെക്കെ ചിന്തിപ്പിക്കുന്നത്? 
    ശീലം തന്നെയാണ് താരം! എനിക്കും ചില ശീലങ്ങളൊന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കമ്മ്യണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായിട്ടും പല ശീലങ്ങളും മാറ്റാന്‍ ഈ.എം.എസ്.നമ്പൂതിരിപ്പാടിന് സാധിച്ചില്ല. ഗാന്ധിജിക്കും പല ശീലങ്ങളും മാറ്റാന്‍ സാധിച്ചില്ല. ചുള്ളിക്കാടിന് മീന്‍കറി കൂട്ടാതിരിക്കലാണ് ശീലമെങ്കില്‍ പൊതുസ്ഥലത്തു വച്ച് ഭക്ഷണം കഴിക്കാതിരിക്കലായിരുന്നു ഗാന്ധിജിക്ക് ശീലം. മല-മൂത്ര വിസര്‍ജ്ജനം പോലെ രഹസ്യമായിത്തന്നെയാണ് ഭക്ഷണം കഴിക്കേണ്ടതും എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. സി.പി.ഐ.നേതാവായ കൊളാടി ഗോവിന്ദന്‍ കുട്ടി കുടുംബത്തിന്റെയും നാട്ടുകാരുടെയും ഐശ്വര്യത്തിനായി തേങ്ങ എറിഞ്ഞുടക്കല്‍ പരിപാടി (പന്തീരായിരം) നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനായിട്ടും തറവാടിന്റെ 'തേങ്ങാശീലം' മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍, വി.ടി.ഭട്ടതിരിപ്പാടും എ.കെ.ജി.യും ഗാന്ധിജിയുടെ സമുദായക്കാരനായ രാം മനോഹര്‍ ലോഹ്യയും മറ്റും അവരുടെ 'തറവാട്ശീലങ്ങള്‍' എതാണ്ടെല്ലാം ഒഴിവാക്കി. 'തറവാട്ശീലങ്ങള്‍' ഒഴിവാക്കിയ ഇക്കൂട്ടരോട് എനിക്ക് ആദരവ് തോന്നുന്നത് എന്റെ ശീലത്തിലെ ശീലക്കേടുകള്‍ കൊണ്ടാകാം!
         പെരുമണ്ണ പാടത്ത് ഞാറ് നടുന്ന സ്ത്രീകള്‍ (എല്ലാവരും ദലിതരാണ്) എന്നോട് അവര്‍ക്ക് മുമ്പുണ്ടായ ചില അനുഭവങ്ങള്‍ ഈയിടെ വിവരിക്കുകയുണ്ടായി. ചില ദിവസങ്ങളില്‍ അവര്‍ക്ക് തമ്പുരാന്റെ വീട്ടിലെ കളപ്പുരയില്‍ വച്ച് ഭക്ഷണം നല്‍കും. ഇലയില്‍ 'ശാസ്ത്രീയമായി' വിളമ്പിയ ഭക്ഷണം അവര്‍ തിന്നുന്നതു കാണാന്‍ തമ്പുരാട്ടികളും കുട്ട്യോളും നോക്കി നില്‍ക്കും. 'ശാസ്ത്രീയമായി'തിന്നാനറിയാത്ത അവരുടെ കാട്ടിക്കൂട്ടലുകള്‍ കണ്ട് തമ്പുരാട്ടികളും കുട്ട്യോളും പരിഹസിച്ച് ചിരിക്കുമത്രെ. അതെ, ശീലം തന്നെയാണ് താരം! തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കുട്ടേ്യാളും 'ശാസ്ത്രീയമായി' നക്കാന്‍ മാത്രം ശീലിച്ചപ്പോള്‍ കുറമ്പയും കാളിയും പാറുവും കാര്‍ത്ത്യാനിയുമൊക്കെ 'ശാസ്ത്രീയമായി' നടാനെ പഠിച്ചിട്ടുള്ളൂ!  
       കവിതയിലെ 'കവിത'കണ്ടാല്‍ മതി എന്ന, ജോര്‍ജ് ജേക്കബിന്റെ അഭിപ്രായത്തില്‍ ശരിയുണ്ട്. ഞാനൊരു കവിയോ (പൂര്‍ണ്ണ അര്‍ത്ഥത്തില്‍) കവിതാ ആസ്വാദകനോ അല്ല. ഇതുകൊണ്ടായിരിക്കണം ചുള്ളിക്കാടിന്റെ കവിതയിലെ 'കവിത' എനിക്കു മനസ്സിലാകാതെ പോയത്. ഉപമകള്‍കൊണ്ടും ഉല്‍പ്രേക്ഷകള്‍കൊണ്ടും ജീവിക്കുന്ന ഒരു പ്രാസംഗികന്‍ ഒരിക്കല്‍, ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ വിശേഷിപ്പിച്ചത് വേശ്യാലയം എന്നായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് അതിനു മറുപടി പറഞ്ഞു. 'നിങ്ങളെപ്പോലുള്ളവര്‍ പഠിപ്പിച്ച സ്ഥാപനമല്ലേ അതങ്ങനെയേ വരൂ'എന്നായിരുന്നു മറുപടി. അതിനു മറുപടിയായി 'ഉല്‍പ്രേക്ഷക്കാരന്‍' പറഞ്ഞത്, ' വേശ്യാലയം എന്ന വാക്കിന് ആ അര്‍ത്ഥം കാണരുതെന്നും ഞാനുദ്ദേശിച്ച വേശ്യയുടെ ആന്തരാര്‍ത്ഥത്തിന്റെ ഗൂഢാര്‍ത്ഥമെന്തെന്നാല്‍....'എന്നോ മറ്റോ ആയിരുന്നു. അതിന് ഈ രാഷ്ട്രീയ നേതാവ് നല്‍കിയ മറുപടി, ഞങ്ങള്‍ സാധാരണക്കാര്‍ മലയാളം എം.എ.ക്കാരല്ലെന്നും വേശ്യാലയം എന്നതിന് സാധരണക്കാര്‍ മനസ്സിലാക്കിയ അര്‍ത്ഥം വച്ചാണ് അഭിപ്രായം പറഞ്ഞതെന്നുമായിരുന്നു. പ്രത്യക്ഷ വായനയില്‍, വാക്കുകള്‍ക്ക് സാധാരണമായി ഉപയോഗിക്കുന്ന അര്‍ത്ഥം വച്ചാണ് ചുള്ളിക്കാടിന്റെ കവിതയെ വിലയിരുത്തിയത്. കവിതയിലെ 'കവിത'കാണാന്‍ സാധിക്കാതെ പോയതില്‍ വിഷമമുണ്ട്. 
           മീന്‍കാരികള്‍ക്ക് മുല്ലപ്പൂമണം ഇഷ്ടമാണെന്നുകൂടി പറഞ്ഞു നിര്‍ത്തട്ടെ. ഞാനെഴുതിയതോ ജോര്‍ജ്ജ് ജേക്കബ് എഴുതിയതോ വായിക്കുന്നതിനുമുമ്പുതന്നെ ജനറ്റ് ക്‌ളീറ്റസ് എന്ന മീന്‍കാരിയമ്മ പറഞ്ഞത് ( 2010 ഡിസംബര്‍ ലക്കം 'പച്ചക്കുതിര') 'എനിക്ക് മുല്ലപ്പൂവിന്റെയൊക്കെ മണം ഇഷ്ടമാണ്' എന്നാണ്.
...................

24 comments:

സത്യാന്വേഷി said...

പ്രിയ ശങ്കരനാരായണന്‍,
ജാതി, ശീലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് വളരെ മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനം. മതം മാറിയാലും ജാതി പോവില്ല എന്നതിന് ഉദാഹരണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടും മാധവിക്കുട്ടിയും.

MOIDEEN ANGADIMUGAR said...

നല്ല പോസ്റ്റ് ശങ്കരേട്ടാ...

Pushpamgadan Kechery said...

നന്നായി മാഷേ !
എനിക്കും ഈ മുല്ലപ്പൂവിന്റെയൊക്കെ മണം ഇഷ്ടമാണ്' .
ഹിഹിഹി ....
അഭിനന്ദനങ്ങള്‍ .........

K.P.Sukumaran said...

ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഇവിടെ പരാമര്‍ശിച്ചപോലെ ഒരു തുടര്‍സംവാദം റീയലായി നടക്കാനുള്ള സാധ്യത തുലോം വിരളമാണ്. സ്വന്തമായ ആശയപ്രകാശനത്തിന് വളരെ സമര്‍ത്ഥമായി ഉപയോഗിക്കാവുന്ന ഒരു സങ്കേതം അല്ലെങ്കില്‍ ക്രാ‍ഫ്റ്റ് എന്ന് ഈ ഡയലോഗിനെ അധികമാരും സംശയക്കുകയുമില്ല.ഇത്രയും പറഞ്ഞതില്‍ നിന്ന് ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഡയലോഗ് നടന്നതായി ഈ ബ്ലോഗ്കാരന്‍ നുണ പറഞ്ഞു എന്ന് ഞാന്‍ പറയുന്നതായി ആരും അര്‍ത്ഥമാക്കേണ്ടതില്ല. എഴുത്തുകാരന് അങ്ങനെയൊരു സ്വാതന്ത്ര്യവും സൌകര്യവും ഉണ്ട് എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. പോസ്റ്റ് നന്നായിരുന്നു. ഒരു കമന്റ് എഴുതാമന്ന് തോന്നി. എഴുതിയപ്പോള്‍ ഇപ്രകാരമാവുകയും ചെയ്തു. ബ്ലോഗിന്റെ ഉടമയ്ക്ക് അഹിതമാവുകയാണെങ്കില്‍ എന്നോട് പൊറുക്കട്ടെ.

Unknown said...

നല്ലൊരു വായന.

എന്‍റെ ഉപ്പ പച്ചക്കുതിര വാങ്ങാറുണ്ട്.

ajith said...

സിംഗപ്പൂരില്‍ ഒരു നായര്‍ ചേട്ടനായിരുന്നു റ്റെബാന്‍ ഗാര്‍ഡന്‍ ഏരിയയിലെ ബാര്‍ബര്‍. ഇവിടെ സലൂണുകളില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാര്‍ എത്ര അന്തസ്സോടെ ജീവിക്കുന്നു. നാട്ടില്‍ മാത്രം....ആരാണ് മാറേണ്ടത്? നല്ല ലേഖനം.

പട്ടേപ്പാടം റാംജി said...

ഒരു കാര്യം ശരിയാണെന്ന് തോന്നുന്നു. പഴകിയ ശീലങ്ങള്‍ മാറ്റുക എന്നത്‌ ഏറെ പ്രയാസമേറിയ കാര്യമാണെന്നാണ്. മാറ്റിയാലും ചിലപ്പോഴൊക്കെ മുഴച്ച് വരുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

ശങ്കരേട്ടാ.. പോസ്റ്റ്‌ വായിച്ചു. നന്നായിട്ടുണ്ട്.

ശങ്കരനാരായണന്‍ മലപ്പുറം said...

ശ്രീ: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,

ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഇതുപോലുള്ളൊരു ഡയലേഗ് നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു വന്ന പത്ര വാര്‍ത്തകള്‍ മുറിച്ചു വച്ച് സൂക്ഷിച്ചിരുന്നെങ്കിലും അതു കണ്ടുകിട്ടിയില്ല. അതുണ്ടായിരുന്നെങ്കില്‍ ഉല്‍പ്രേക്ഷക്കാരന്റെയും രാഷ്ട്രീയ നേതാവിന്റെയും പേരുകള്‍ കൊടുക്കുമായിരുന്നു; അവര്‍ നടത്തിയ അഭിപ്രായ പ്രകടങ്ങള്‍ അതേപടിയും.

OAB/ഒഎബി said...

തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കുട്ട്യാളും തിന്നുന്നത്, കുറമ്പക്കും കാളിക്കും പാറുവിനും കാര്‍ത്ത്യാനിക്കും 'ശാസ്ത്രീയമായി' തോന്നണമെന്നില്ല. അവര്‍ക്കവരുടെതാണല്ലോ നല്ല ശീലം.

'പച്ചക്കുതിര' ഞാന്‍ ഇത് വരെ കണ്ടിട്ട് പോലുമില്ല.

ജയരാജ്‌മുരുക്കുംപുഴ said...

valare vyakthavum , sutharyavumaya aavishkaaram........ bhavukangal..........

Unknown said...

താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
ഈ പോസ്റ്റും നനായി.

ഷമീര്‍ തളിക്കുളം said...

വായിച്ചു, നന്നായി ഇഷ്ടപ്പെട്ടു...!

ശ്രീനാഥന്‍ said...

ശീലങ്ങളും ശീലക്കേടുകളും നന്നായി. ഈ എം എസ് മീൻ പലപ്പോഴും കഴിച്ചിരുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

ഈ.എം.എസ്.മീന്‍ മാത്രമല്ല ഇറച്ചിയും കഴിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ പറയാറുണ്ട്. ഈ.എം.എസ്. മാമൂലുകള്‍ ലംഘിച്ചു എന്ന്. ഇറച്ചിയും മീനും കഴിക്കുക വഴി മാമൂലുകളെ ലംഘിക്കുകയല്ല മാമൂലുകളെ പുന:സ്ഥാപിക്കുകയാണ് ഈ.എം.എസ്. ചെയ്തതെന്നാണ് ഞാന്‍ പറയാറ്. ഈ മറുപടിയില്‍ ഞാനുദ്ദേശ്യമാക്കിയത് ഈ.എം.എസിന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചായിരുന്നില്ല.

vinod1377 said...

എന്തെ ശങ്കരേട്ടാ, നമ്മുടെ സ്വന്തം ഗാന്ധിയുടെ ഈഴവന്റെ കൂടെയിരുന്നു നടത്തിയ പന്തിഭോജന കഥ ഒഴിവാക്കിയേ. തൊട്ടുതിന്നിട്ടും ശര്‍ദിക്കാത്തതിനാല്‍ വായില്‍ വിരലിട്ടു ശീലം കാത്ത ആ ചരിത്രം കൂടി പറയാമായിരുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

ഒന്നു പോ മോനേ വിനേശാ!

Unknown said...

ശ്രീബാല കെ മേനോന്റെ 'പന്തിഭോജനം' ദളിതരോടുള്ള അയിത്തവും അകറ്റി നിര്‍ത്തലും എല്ലാം ഇന്നുമുന്ടെന്നു കാണിക്കുന്ന ഷോര്‍ട്ട് ഫിലിം ആണ്. ദളിതയായ സുഹൃത്ത് പാകം ചെയ്തു കൊണ്ട് വരുന്ന ഭക്ഷണം ബാക്കിയുള്ളവര്‍ക്ക് കഴിക്കാനാകുന്നില്ല. ഇങ്ങനൊരു ഫിലിം അവര്‍ എടുക്കുന്നെന്നു കേട്ടപ്പോള്‍ ആദ്യം വിചാരിച്ചത് ഇതൊരു outdated ആയ തീം അല്ലെ എന്നാണു. പക്ഷെ ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും അവരുടെ ചിത്രത്തിന്റെ കാലിക പ്രസക്തിയെ ശരി വയ്ക്കുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

നന്ദി firefly, എനിക്കിതൊരു പുതിയ അറിവാണ്. ആ ഷോര്‍ട്ട് ഫിലിം ഞാന്‍ കാണാന്‍ ശ്രമിക്കുന്നതാണ്.

Unknown said...

A review on 'Panthibhojanam' in The Hindu -->http://www.hindu.com/fr/2010/01/08/stories/2010010850960200.htm

ശങ്കരനാരായണന്‍ മലപ്പുറം said...

നന്ദി, firefly.

TPShukooR said...

എന്നാണാവോ ഈ ജാതികള്‍ ഇല്ലാതാവുന്നത്. എന്നാലേ ഇന്ത്യ രക്ഷപ്പെടൂ..
വളരെ നന്നായി വിവരിച്ചിട്ടുണ്ട്.

ponmalakkaran | പൊന്മളക്കാരന്‍ said...

ഉഗ്രന്‍ പോസ്റ്റ്‌ .......

മുല്ലപ്പൂവിന്റെ നാറ്റവും..,മീനിന്റെ മണോം... ഹ.. ഹ.. ഹ.... കലക്കി.

Echmukutty said...

പച്ചക്കുതിര വായിച്ചിരുന്നു.
സ്വന്തം ജാതി കേമം, മതം പിന്നേം കേമം, സ്വന്തം ശീലങ്ങൾ കെങ്കേമം.....ഈ വിചാരങ്ങൾ വലുതായി വലുതായി(?) സ്വന്തം തറവാട്, സ്വന്തം നാട്, സ്വന്തം രാജ്യം....അങ്ങനെയങ്ങനെ .....പ്രധാന താരം ഞാനും എന്റെയും എന്ന കേമത്തവും മറ്റുള്ളവരുടേതെല്ലാം തികഞ്ഞ ഭോഷ്ക്കും അനാവശ്യവും......എന്നായി മാറുന്നു.
ജാതിയും മതവും ശീലങ്ങളും വിശ്വാസവും ആചാരവും എല്ലാമെല്ലാം മറ്റൊരാളെ വേദനിപ്പിയ്ക്കാനും നിയന്ത്രിയ്ക്കാനും കൊന്നുകളയുവാനും വരെ ഉപയോഗിച്ചിട്ട് സംസക്കാരമെന്ന പുതപ്പിട്ട് മൂടി വെയ്ക്കുമ്പോൾ എല്ലാം അത്യുദാത്തമായി....

ജാതി,മത,വർഗ,ധന,വർണ,ലിംഗ,രാഷ്ട്ര കേങ്കേമ നാട്യങ്ങളില്ലാത്തവർ എത്രയോ കുറവ്! അവർ അഗണ്യകോടിയിൽ പെട്ടവരാകുന്നു. അവരെ ആർക്കും ആവശ്യമില്ല.

പോസ്റ്റ് നന്നായി. മുഴുവൻ പോസ്റ്റുകളും വായിയ്ക്കുവാൻ ആഗ്രഹമുണ്ട്. ഇത്തിരി സമയമെടുത്താലും വായിയ്ക്കും.
നന്ദി.