My Blog List

Wednesday, August 11, 2010

ഇനി അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ തെങ്ങു കേറട്ടേ

മക്തബ്‌ സായാഹ്ന ദിന പത്രം (19.06.2010)

ശങ്കരനാരായണന്‍ മലപ്പുറം

          പണ്ടൊക്കെ സ്‌ത്രീകള്‍ വീട്ടിലായിരുന്നു പ്രസവിച്ചിരുന്നത്‌. ഇന്ന്‌ കൂടുതല്‍ പ്രസവങ്ങളും നടക്കുന്നത്‌ ആശുപത്രികളിലാണ്‌. സിസേറിയന്‍ പ്രസവങ്ങള്‍ കൂടിക്കൂടി വരികയും ചെയ്യുന്നു. ഈ വ്യത്യാസങ്ങള്‍ ഒഴിവാക്കിയാല്‍ ജാതി/മത വ്യത്യാസങ്ങളനുസരിച്ച്‌ സ്‌ത്രീകളുടെ പ്രസവങ്ങളില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുന്നില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുട്ടി താന്‍ ചെയ്യുന്ന ജോലി മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. ഒരു ബാര്‍ബറുടെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരുന്ന ആണ്‍കുട്ടിയുടെ കയ്യില്‍ കത്രിക ഉണ്ടാവില്ല. മീന്‍ വില്‌പനക്കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരുന്ന പെണ്‍കുട്ടി കയ്യില്‍ മീന്‍കൊട്ടയുമായല്ല ജന്മമെടുക്കുന്നത്‌. മരപ്പണിക്കാരന്റെ മകന്‍ ഉളിയുമായല്ല ഭൂമിയില്‍ ജനിക്കുന്നത്‌. കൊയ്‌ത്തു ജോലിക്കാരിയുടെ മകള്‍ കയ്യില്‍ അരിവാളുമായല്ല ഗര്‍ഭപാത്ത്രില്‍ നിന്നു പുറത്തു വരുന്നത്‌. ശാന്തിക്കാരന്റെ മകന്‍ പൂജാസാമഗ്രികളുമായല്ല ജനിക്കുന്നത്‌. തെങ്ങുകേറ്റക്കാരന്റെ മകന്‍ കയ്യില്‍ വെട്ടുകത്തിയും കാലില്‍ തളപ്പുമായല്ല ഗര്‍ഭപാത്രം വിട്ടിറങ്ങുന്നത്‌. അമ്പലത്തിലേക്ക്‌ മാലയുണ്ടാക്കുന്ന സ്‌ത്രീയുടെ മകള്‍ മാല കോര്‍ക്കാനുള്ള നൂല്‌ കയ്യില്‍ ചുരുട്ടിപ്പിടിച്ചല്ല ജനിക്കുന്നത്‌.
              ഇപ്പറഞ്ഞ പ്രസവങ്ങളൊക്കെ നടന്നത്‌ വലിയൊരു പ്രസവാശുപത്രിയിലാണെന്നും കുട്ടികളുടെ കൈകളില്‍ കെട്ടിയ അടയാളങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയെന്നും സങ്കല്‌പിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ ഒരു പക്ഷേ, അമ്പലത്തിലേക്ക്‌ മാലയുണ്ടാക്കുന്ന സ്‌ത്രീയുടെ മകള്‍ മീന്‍ വില്‌പനക്കാരിയും മീന്‍ വില്‌പനക്കാരിയുടെ മകള്‍ അമ്പലത്തിലേക്ക്‌ മാല കോര്‍ക്കുന്ന ജോലിക്കാരിയും ശാന്തിക്കാരന്റെ മകന്‍ തെങ്ങു കയറ്റത്തൊഴിലാളിയും ബാര്‍ബറുടെ മകന്‍ ശാന്തിക്കാരനുമൊക്കെ ആയെന്നു വരും.ജന്മം ആരുടെയും തൊഴിലും മറ്റു ജീവിത രീതികളും മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. ഗര്‍ഭം ധരിച്ച സ്‌ത്രീയുടെ ജാതിയും മതവും അതുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക ചുറ്റുപാടുകളുമാണ്‌ ഇതൊക്കെ നിശ്ചയിക്കുന്നത്‌. ജന്മത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലും മറ്റു ജീവിത സാഹചര്യങ്ങളും നിശ്ചിയിച്ചത്‌ ഇവിടെ എത്രയോ നൂറ്റാണ്ടുകളായി നിലനിന്ന ജാതി-ജന്മി-സവര്‍ണ മാടമ്പി ഭരണമാണ്‌. ഒരു കൂട്ടര്‍ക്ക്‌ തിന്നു കുടിച്ചു മദിച്ചു സുഖിച്ചു രസിച്ചു ജീവിക്കാന്‍ വേണ്ടി മറ്റൊരു കൂട്ടര്‍ക്ക്‌ ഓരോ തൊഴിലുകള്‍ വീതിച്ചു നല്‍കി. അവരെ തമ്മില്‍ തമ്മില്‍ അയിത്തം കല്‌പ്പിച്ച്‌ അകറ്റി നിര്‍ത്തി ഉയര്‍ച്ച-താഴ്‌ച്ചകള്‍ നിശ്ചയിക്കുകയും അതുവഴി അവരെ പരസ്‌പരം ശത്രുക്കളാക്കുകയും ചെയ്‌തു. ഇതു കാരണം ജാതി-ജന്മി-സവര്‍ണ മാടമ്പിമാരുടെ ക്രൂരതകള്‍ക്കെതിരെ ഇക്കൂട്ടര്‍ക്ക്‌ സംഘടിക്കുവാന്‍ സാധിച്ചില്ല. (ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന തന്ത്രത്തിന്റെ തന്ത ബ്രിട്ടീഷുകാരാണെന്നാണ്‌ പൊതുവെ പറയാറ്‌. ഇതു ശുദ്ധ അസംബന്ധമാണ്‌. ഈ തന്ത്രം ബ്രിട്ടീഷുകാരടക്കമുള്ള വിദേശികള്‍ പഠിച്ചത്‌ ഇന്ത്യയിലെ സവര്‍ണ-ചാതുര്‍വര്‍ണ്യ-ജാതി ഭരണക്കാരില്‍ നിന്നാണ്‌).
               ജാതി വ്യവസ്ഥയെയും ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനത്തെയും ഗാന്ധിജി ന്യായീകരിച്ചു. ജന്മനാല്‍ കിട്ടിയ കര്‍മ്മം ദോഷത്തോടുകൂടിയുള്ളതാണെങ്കിലും ഉപേക്ഷിക്കരുത്‌. തീ കത്തുമ്പോള്‍ പുക ഉണ്ടാകുന്നതു പോലെ എല്ലാ കര്‍മ്മങ്ങളും ദോഷത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന ഗീതാ വാക്യവും (18:48) നല്ലവണ്ണം ചെയ്യുന്ന അന്യ ജോലിയേക്കാള്‍ നല്ലത്‌ ഗുണത്തോടുകൂടിയല്ലെങ്കില്‍ കൂടി ചെയ്യുന്ന സ്വന്തം ജോലിയാണ്‌. ജന്മത്താല്‍ നിശ്ചയിക്കപ്പെട്ട ജോലി ചെയ്‌താല്‍ പാപം ഉണ്ടാകില്ല എന്ന ഗീതാവാക്യവും (18:47) നല്ലവണ്ണം ചെയ്യുന്ന അന്യ ജോലിയേക്കാള്‍ നല്ലത്‌ ഗുണത്തോടുകൂടിയല്ലെങ്കില്‍ കൂടി ചെയ്യുന്ന സ്വന്തം ജോലിയാണ്‌. സ്വധര്‍മ്മം അനുഷ്‌ഠിച്ചു മരിക്കുന്നതു പോലും നല്ലതാണ്‌. എന്നാല്‍ അന്യജോലി ചെയ്യല്‍ ഭയത്തെ ഉണ്ടാക്കും (പാപിയാകുമെന്നര്‍ത്ഥം) എന്ന ഗീതാവാക്യവും (3:35) കുലത്തൊഴില്‍ സിദ്ധാന്തത്തെ ന്യായീകരിക്കുന്നവയാണ്‌. ഈ സിദ്ധാന്തങ്ങളെ ഗാന്ധിജി അതേപടി അംഗീകരിച്ചു. അച്ഛന്റെ തൊഴില്‍ മകനും ചെയ്യണമെന്നു വാദിച്ച ഗാന്ധിജിയുടെ നിലപാടിനെക്കുറിച്ച്‌ ഒരാള്‍ ശ്രീനാരായണ ഗുരുവിനോട്‌ അഭിപ്രായം ചോദിച്ചു. ജാതിയടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം തെറ്റാണെന്നും ഇതു ശരിയെന്നു പറയുന്നവര്‍ ജാതി വ്യവസ്ഥയുടെ ഗുണം അനുഭവിക്കുന്നവരാണെന്നും ജാതിയുടെ ഗുണം അനുഭവിക്കുന്നവര്‍ അങ്ങനെ പറയുമെന്നും മനുഷ്യന്‍ ജീവിക്കുന്നത്‌ ജാതിക്കുവേണ്ടിയല്ലെന്നുമാണ്‌ ഗുരു ഇതിന്‌ പറഞ്ഞ മറുപടി. ചൂഷണ വ്യവസ്ഥിതിയായ ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തെ ഗുരു ചോദ്യം ചെയ്‌തു. ബ്രഹ്മാവിന്റെ മുഖത്തു നിന്നു ബ്രാഹ്മണനും കൈകളില്‍ നിന്നു ക്ഷത്രിയനും തുടയില്‍ നിന്നു വൈശ്യനും പാദത്തില്‍ നിന്നു ശൂദ്രനും ജനിച്ചത്‌ മരം പൊട്ടിയുണ്ടാകും പോലെയാണോ എന്നു ചോദിച്ച്‌ ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്നവരെ ഗുരു പരിഹസിച്ചു.ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ലക്ഷ്യം വച്ച്‌ ഒരു കൂട്ടം ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ജാതി വ്യവസ്ഥ ശരിയും ശാസ്‌ത്രീയവും ദൈവീകവുമാണെന്ന വിശ്വാസക്കാരനായിരുന്ന ഗാന്ധിജി, കക്കൂസ്‌ വൃത്തിയാക്കുന്ന തൊഴില്‍ ചെയ്യുന്ന വ്യക്തിയുടെ മകന്‍ അതേ പണി തന്നെ ചെയ്യണമെന്നു വാദിച്ചു (ഹരിജന്‍, 06.03.1937). 1938 ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ (ഇന്നത്തെ മദ്ധ്യപ്രദേശ്‌) ഡോ:ഖാരേയുടെ (ബ്രാഹ്മണനായിരുന്നുവെങ്കിലും ജാതി വ്യവസ്ഥ തെറ്റാണെന്ന വിശ്വാസക്കാരനായിരുന്നു ഡോ: ഖാരേ) നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ അഗ്നിഭോജി എന്നു പേരായ പട്ടിക ജാതിക്കാരനെ ഉള്‍പ്പെടുത്തി. പക്ഷേ, ഗാന്ധിജിയുടെ ഇടപെടല്‍ കാരണം അഗ്നിഭോജിയെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. അടുത്ത ജന്മത്തില്‍ നല്ല ജാതിയില്‍ ജനിക്കണമെങ്കില്‍ ഈ ജന്മത്തില്‍ കുലത്തൊഴില്‍ തന്നെ ചെയ്യണമെന്ന നിലപാടായിരുന്നു ഗാന്ധിജിക്ക്‌. ഇതേക്കുറിച്ച്‌ ഡോ:അംബേദ്‌കര്‍ ഇങ്ങനെ ചോദിച്ചു (ഡോ:അംബേദ്‌കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16, പേജ്‌ 237): ?പട്ടിക ജാതിക്കാര്‍ക്കിടയില്‍ അത്തരം ഉന്നതാഭിലാഷങ്ങള്‍ സൃഷ്‌ടിക്കുന്നതിനോട്‌ താന്‍ എതിരാണെന്ന്‌ മി: ഗാന്ധി പറഞ്ഞില്ലേ??
                 ഇന്ത്യക്കാരെ മൊത്തമായി അടിമകളായി കണക്കാക്കിയിരുന്നുവെങ്കിലും ജാതി വിവേചനം ഒരു പരിധി വരെ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇന്ത്യന്‍ സവര്‍ണ സായിപ്പന്മാര്‍ അവര്‍ണര്‍ക്ക്‌ മൃഗങ്ങള്‍ക്കുള്ള സ്ഥാനം പോലും നല്‍കാതിരുന്നപ്പോള്‍ ബ്രിട്ടീഷ്‌ സായിപ്പന്മാര്‍ അവര്‍ണരെ മനുഷ്യരായി പരിഗണിച്ചിരുന്നു. ഇതു കൊണ്ടാണ്‌, ഇവിടെ കൊടിപിരികൊണ്ട ബ്രിട്ടീഷ്‌ വിരുദ്ധ സമരം നടക്കുമ്പോള്‍ ?നമ്മള്‍ ബ്രിട്ടീഷുകാര്‍ ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം; നമുക്ക്‌ സന്ന്യാസം നല്‍കിയ ഗുരുക്കന്മാരാണവര്‍? എന്നു ശ്രീനാരായണ ഗുരു പറഞ്ഞത്‌. ഇതു കൊണ്ടു തന്നെയാണ്‌ 'ബോധപൂര്‍വ്വമായിട്ടല്ലെങ്കിലും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഒരു വിപ്‌ളവം നടത്തി' എന്നു മാര്‍ക്‌സ്‌ അഭിപ്രായപ്പെട്ടത്‌. എന്നാല്‍ മാര്‍ക്‌സിന്റെ ഈ വീക്ഷണത്തെ ശരിയായി മനസ്സിലാക്കുവാനോ അംഗീകരിക്കുവാനോ ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ കുലത്തൊഴില്‍ വാദങ്ങള്‍ ഇപ്പോഴും പലരും ഉന്നയിക്കുന്നുണ്ട്‌. സി.പി.ഐ.യുടെ മുഖപത്രമായ 'ജനയുഗ'ത്തില്‍ (14.05.2010) അഷ്‌ടമൂര്‍ത്തി എഴുതിയ ലേഖനം ഇതിനൊരു തെളിവാണ്‌. 'തെങ്ങു കേറാന്‍ ആളുണ്ടോ' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍, തന്റെ പറമ്പില്‍ തേങ്ങയിടുന്ന കാര്യവും അതിനോടു ബന്ധപ്പെട്ടുള്ള തെങ്ങുകൃഷിയുടെ കാര്യങ്ങളും മറ്റും വിവരിക്കുന്നുണ്ട്‌. എഴുപതു വയസ്സു കഴിഞ്ഞ ചന്ദ്രന്‍ എന്നു പേരായ തെങ്ങു കയറ്റത്തൊഴിലാളി ഇനി എത്ര കാലം തെങ്ങു കേറും എന്നു ലേഖകന്‍ ആശങ്കപ്പെടുന്നുണ്ട്‌. ലേഖകന്‍ ചോദിക്കുന്നു: ?ചന്ദ്രനു ശേഷം ആരാണ്‌ തെങ്ങു കേറാന്‍ വരിക? ചന്ദ്രന്റെ മക്കളാരും തെങ്ങു കേറാന്‍ പഠിച്ചിട്ടില്ല. അവര്‍ക്കു പകരം യന്ത്രങ്ങള്‍ വരുമോ? യന്ത്രങ്ങളായാലും അതില്‍ കയറാന്‍ മനുഷ്യര്‍ തന്നെ വേണ്ടേ? അതോ അവ സ്വയം നാളികേരങ്ങള്‍ പറിച്ചിടുമോ? അത്രയ്‌ക്കു വിവേചന ശക്തിയുള്ളതാവുമോ ആ യന്ത്രങ്ങള്‍? ഉത്തരങ്ങള്‍ കിട്ടാതെ ഞാന്‍ താഴെ നിന്നു?.തെങ്ങയിടാന്‍ യന്ത്രങ്ങള്‍ വന്നാലും മനുഷ്യ പ്രയത്‌നം നിര്‍ബന്ധമെന്ന അഭിപ്രായമാണ്‌ ലേഖകനുള്ളത്‌. ചന്ദ്രന്റെ മക്കളാരും തെങ്ങു കേറാന്‍ പഠിച്ചിട്ടില്ല എന്നാണ്‌ ലേഖകന്‍ ആശങ്കപ്പെടുന്നത്‌. (തെങ്ങു കേറുന്ന ചിലരുടെ മക്കള്‍ ഇംഗ്‌ളീഷ്‌ മീഡിയം സ്‌കൂളുകളില്‍ പഠിക്കാന്‍ പോയ കാര്യവും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്‌. ഇത്‌ തെറ്റാണെന്ന്‌ പറയുന്നില്ലെങ്കിലും ഇങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞതില്‍ അല്‌പം അസൂയ ഒളിഞ്ഞു കിടക്കുന്നുണ്ട്‌). തെങ്ങു കേറ്റക്കാരുടെ മക്കള്‍ തെങ്ങു കേറാന്‍ പഠിക്കണമെന്ന കാര്യത്തില്‍ ലേഖകന്‌ നിര്‍ബന്ധമുള്ളതു പോലെ തോന്നുന്നു. തെങ്ങു കയറുന്ന ചന്ദ്രന്റെ മക്കള്‍ക്ക്‌ വേറെ പണിയും പറ്റും. അവര്‍ക്കത്‌ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്‌. ചന്ദ്രന്റെ ആള്‍ക്കാരുടെ കാലുകളില്‍ മാത്രമല്ല അഷ്‌ടമൂര്‍ത്തിമാരുടെ ആള്‍ക്കാരുടെ കാലുകളിലും തളപ്പ്‌ കേറും. ഉദ്യോഗപ്പണിയും ശാന്തിപ്പണിയും ഭരണപ്പണിയും മാത്രമല്ല ബാര്‍ബര്‍പ്പണിയും ചന്ദ്രന്റെ ആള്‍ക്കാര്‍ക്കും പറ്റും. ( ചന്ദ്രന്‍, അഷ്‌ടമൂര്‍ത്തി, അഷറഫ്‌ തുടങ്ങിയ വ്യക്തികളെ ഉദ്ദേശിച്ചല്ല ഈ പ്രയോഗങ്ങള്‍. ഇക്കൂട്ടര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളെ ഉദ്ദേശിച്ചാണ്‌്‌). മറിച്ച്‌ തെങ്ങു കേറുന്ന പണിയും ബാര്‍ബര്‍ പണിയുമൊക്കെ അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ക്കും ആവാം. ഇക്കാലമത്രയും ചന്ദ്രന്റെ ആള്‍ക്കാര്‍ തെങ്ങു കേറിയല്ലോ. ഇനി അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാര്‍ തെങ്ങു കേറട്ടെ. അഷ്‌ടമൂര്‍ത്തിയുടെ ആള്‍ക്കാരുടെ കാലുകളില്‍ മാത്രമല്ല അഷറഫിന്റെ ആള്‍ക്കാരുടെ കാലുകളിലും തളപ്പ്‌ കേറും.
         വാല്‍ക്കഷ്‌ണം:- പ്രസ്‌തുത ലേഖനത്തിനോടു ചേര്‍ന്നുള്ള മുഖപ്രസംഗത്തിനു മുകളില്‍ ജോഷ്വാ റെയ്‌നോള്‍ഡ്‌സിന്റെ സൂക്തം ചേര്‍ത്തിട്ടുണ്ട്‌. 'ചിത്രങ്ങള്‍ തൂക്കിയിട്ട മുറി ചിന്തകള്‍ തൂക്കിയിട്ട മുറിയാണ്‌' എന്നതാണ്‌ ആ സൂക്തം. അഷ്‌ടമൂര്‍ത്തിയുടെ ലേഖനം വിലയിരുത്തുമ്പോള്‍, 'പത്രത്താളില്‍ പതിപ്പിച്ച വാക്കുകള്‍ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന ചിന്തകളാണ്‌' എന്നു പറയാവുന്നതാണ്‌. 
.......................

3 comments:

ചാർ‌വാകൻ‌ said...

ചിത്രങ്ങള്‍ തൂക്കിയിട്ട മുറി ചിന്തകള്‍ തൂക്കിയിട്ട മുറിയാണ്‌' എന്നതാണ്‌ ആ സൂക്തം. അഷ്‌ടമൂര്‍ത്തിയുടെ ലേഖനം വിലയിരുത്തുമ്പോള്‍, 'പത്രത്താളില്‍ പതിപ്പിച്ച വാക്കുകള്‍ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന ചിന്തകളാണ്‌' എന്നു പറയാവുന്നതാണ്‌. .....ഇദാണ്,ഇതു തന്നെയാണു കാര്യം.പണ്ടൊരിക്കൽ കുട്ടനാട്ടെ കൃഷിക്കു വന്ന മാറ്റം(തരിശിടൽ)ചർച്ച ചെയ്യുംപ്പോൾ’മഹാ’നായ കഥാകൃത് തകഴി പറഞ്ഞതും ഇങ്ങനെ തന്നെ.
‘’ഇപ്പോ,പറേനും പുലേനു മൊന്നും പാടത്തെറങ്ങാൻ മടിയാ..അവരുടെ പിള്ളേരെ പടിപ്പിച്ച് സർക്കാരുഗ്യോഗം നോക്കാൻ വിടുവാ...” .അതായത് കാലാകാലങ്ങളിൽ കൂലിതൊഴിലിനപ്പുറം ഈ കൂട്ടർക്കൊന്നിനും അർഹതയില്ലന്നും,ഇതാണവരുടെ തൊഴിലെന്നും,അഥവാ ഈ തൊഴിലിനു പുറത്തുകടന്നാലുണ്ടാവുന്ന എല്ലാ പ്രതിസന്ധികൾക്കും ഇവർ മാത്രമാണുത്തരവാദികളെന്നും വായിച്ചെടുക്കേണ്ടതാണ്.അഷ്ഠമൂർത്തി മാത്രമല്ല..പൊതുബോധത്തെ ഇങ്ങനെ പറയുവാൻ പഠിപ്പിച്ച വ്യവസ്ഥക്കാണ് ‘ജാതി വ്യവസ്ഥ’എന്നുപറയുന്നത്.ഇവന്റെ യൊക്കെ കൈയിലും കാലിലും ‘കുരു’വാണോ ഈ പണിയൊക്കെ ചെയ്യാൻ.
ബ്ലോഗിൽ ഒരുത്തൻ പറയുന്നതു കേട്ടു.:ദിവസം ആയിരം രൂപാ കിട്ടും തെങ്ങു കയറ്റകാരന്,അങ്ങനെ മാസം മുപ്പതിനായിരം രൂപാ വരുമാനമുള്ളവനാണ്,ഞങ്ങൾക്ക് സംവരണം വേണമെന്നു പറയുന്നത്.
ഞാൻ ചോദിക്കുന്നത്,എന്തിനാ..ഇത്രയും കൂലിയുള്ള തൊഴിൽ വിട്ടിട്ട് ,ചില “ഡാഷ് മക്കൾ’‘ അറബീടെ ചെരക്കാൻ പോകുന്നത്.

abu said...

ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്‍റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"

"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.

നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...
www.harithaonline.com

അബൂബക്കര്‍ said...

നന്മകള്‍ നേരുന്നു....
വളരെ വലി ആശയങ്ങള്‍........
ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്‍റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"

"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.

നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...
www.harithaonline.com