മക്തബ് (16.09.2009)
ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയാണ്
ശങ്കരനാരായണന് മലപ്പുറം
മഞ്ചേരിയില്‍ ഒരു സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന സാഹിത്യകാരന്റെ മൊബൈലിലേക്കൊരു ഫോണ്‍ കോള്‍ വന്നു. സാഹിത്യകാരന് പ്രസംഗം നിര്‍ത്തി ചെപ്പ് തുറന്ന് നോക്കി (അതല്പം മുന്തിയ ഫോണായിരുന്നു) ഫോണ്‍ കട്ട് ചെയ്തു. ശേഷം പറഞ്ഞു: `` ഈ ശല്യം പണ്ടില്ലായിരുന്നു ''. മൊബൈല്‍ ഫോണൊരു ശല്യമാണെങ്കില്‍ എന്തിനാണ് ആ ശല്യം ഒക്കത്ത് വച്ച് നടക്കുന്നത്. മൊബൈല്‍ ഫോണില്ലാത്ത സാഹിത്യകാരന്മാരെ അറസ്റ്റ് ചെയ്യുന്ന നിയമമൊന്നുമില്ലല്ലോ നമ്മുടെ നാട്ടില്‍. വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ചില സാമാന്യ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ഒന്നുകില്‍ ഫോണ്‍ സ്വിച്ചോഫാക്കണം അല്ലെങ്കില്‍ സൈലന്റിലിടണം. ഇതൊന്നും ചെയ്യാതെ, 'ശല്യ'ത്തെ പഴിച്ചതില്‍ ആത്മാര്‍ത്ഥതയുടെ നേരിയ കണിക പോലുമില്ല. പലരും ഇങ്ങനെയാണ്. ആധുനികതയുടെ എല്ലാ സുഖ-സൗകര്യങ്ങളും ഉപയോഗിക്കും. ബ്രോസ്റ്റും ബിരിയാണിയുമൊക്കെ വെട്ടി വിഴുങ്ങും. എ.സി.യുള്ള വാഹനത്തില്‍ സഞ്ചരിക്കും. അടിപൊളി വേഷം ധരിക്കും. പിന്നെ കിണ്ടി, കോളാമ്പി, ചക്കക്കുരു, ചക്കിലാട്ടിയ എണ്ണ, അമ്മി, ആട്ടുകല്ല്, കാളവണ്ടി, കുറിയരിക്കഞ്ഞി തുടങ്ങിയ പാരമ്പര്യങ്ങളൊക്കെ നഷ്ടമായെന്ന് പറഞ്ഞ് നെഞ്ചത്തടിച്ചു കരയും. ഈ കരയല്‍ ഏറെ കേള്‍ക്കുന്ന കാലമാണ് ഓണക്കാലം. ഓണം ചത്തുവെന്നും തനിമ നഷ്ടമായെന്നും പൊലിമ ഇല്ലാതായെന്നും പറഞ്ഞ് സാംസ്കാരിക നായകന്മാരും നായികമാരും കരയുന്ന കാലം. മേയ്ക്കപ്പൊക്കെ ചെയ്ത് ചാനലുകാരുടെ മുറിയിലിരുന്നാണ് പലരും കണ്ണീര് വാര്ക്കാറ് എന്ന വിരോധാഭാസമൊന്നും ഇക്കൂട്ടര്‍ക്ക് പ്രശ്നമല്ല. `
നാട്യ പധാനം നഗരം ദരിദ്രം
നാട്ടിന് പുറം നന്മകളാല് സമൃദ്ധം'
എന്നു കവി പാടിയിട്ടുണ്ട്. ഇതു വളരെ സത്യമാണെന്ന മട്ടില്‍ പലരും എടുത്തു പറയാറുമുണ്ട്. നഗരങ്ങളില്‍ നാട്യങ്ങളുണ്ടായിരുന്നവെന്ന കാര്യം ശരി തന്നെ. പക്ഷേ, നാട്ടിന് പുറങ്ങളില്‍ എന്തു നന്മകളാണുണ്ടായിരുന്നത്? നാട്ടിന് പുറങ്ങളില്‍ സാധാരണക്കാരുടെ ജീവിതം നഗര തുല്യമല്ല; നരക തുല്യം തന്നെയായിരുന്നു. ഒരു നന്മയും അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവര്‍ക്ക് നല്‍കിയിരുന്നത് കടുത്ത തിന്മകളുടെ കൂമ്പാരങ്ങളായിരുന്നു. അവര്‍ അനുഭവിച്ചതത്രയും പട്ടിണിയും കഷ്ടപ്പാടുകളുമായിരുന്നു. കരിങ്കല്ലു പോലും കണ്ണീര് വാര്‍ക്കുന്ന അവസ്ഥയിലുള്ള ക്രൂരതകളാണ് അവര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ഓരോ വര്‍ഷത്തെയും പിറകോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ ഈ ക്രൂരതകളുടെ അളവും കൂടിക്കൂടി വരുമെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
'മനുഷ്യരെ വില്ക്കുകില് വില്‍ക്കുവാനും കൊല്ലുകില്‍ കൊല്ലുവാനും' ഉള്ള അധികാരത്തോടു കൂടിയ അടിമ സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നു. 1855 ജൂണ്‍ 24 ന് മാത്രമാണ് തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. 'പുലയനോ പറയനോ നായരെ തൊട്ടാല്‍ അവരെ നായര്‍ കൊന്നില്ലെങ്കില്‍ ആ നായരെ രാജാവു കൊല്ലണം' എന്ന നിയമം പോലും (കേരളത്തിന്റെ ഇരുളടഞ്ഞ ഏടുകള്‍-ഇളംകുളം കുഞ്ഞന്‍ പിള്ള) നടപ്പിലാക്കി വന്നിരുന്ന ഒരു നാടായിരുന്നു ഇത്. 'നന്മകളാല് സമൃദ്ധമായ' നാട്ടിന് പുറങ്ങളിലെ ഒരു ഏകദേശ ചിത്രമാണിത്. ഇങ്ങനെയുള്ളൊരു നാട്ടില്‍ മാനുഷരെല്ലാരുമൊന്നു പോലെ എന്ന മട്ടില്‍ ഒരു രാജാവ് ഭരണം നടത്തി എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അഥവാ ഇങ്ങനെയൊരു രാജാവുണ്ടായിരുന്നെങ്കില് അത് പലരും വിളിച്ചു കൂവുന്ന കേരള സംസ്കാരത്തില്‍പ്പെട്ട ഒരു രാജാവായിരിക്കില്ല. ആര്യന്മാരുടെ വരവിന് മുമ്പും ഇവിടെ ജനങ്ങള്‍ ജീവിച്ചിരുന്നുവല്ലോ. മഹത്തായ ചില സംസ്കാരങ്ങളും ഇവിടെ നിലനിന്നിരുന്നു. ഓണത്തിന് കൊടുക്കുന്ന മഞ്ഞ നിറത്തിലുള്ള കോടിമുണ്ടിന് ബുദ്ധ സംസ്കാരവുമായി ബന്ധമുണ്ടെന്ന് അഭിപ്രായമുണ്ട്. ശ്രീബുദ്ധനെപ്പോലെ മഹാബലിയും യാഗങ്ങള്‍ക്കും മദ്യത്തിനും എതിരായിരുന്നുവല്ലോ. മഹാബലിയോട് ദേവന്മാര്ക്കുണ്ടായിരുന്ന എതിര്‍പ്പിന്റെ പ്രധാന കാരണങ്ങളും ഇതു തന്നെയായിരുന്നു. അസുര ചക്രവര്‍ത്തി എന്നാണല്ലോ മഹാബലിക്കുള്ള വിശേഷണം. അസുരന് എന്നാല്‍ സുര(മദ്യം) കഴിക്കാത്തവന് എന്നാണര്‍ത്ഥം. അസുരന് എന്ന വാക്കിന് നല്ല അര്‍ത്ഥമാണുള്ളത്. ദേവന്മാരായിരുന്നു മദ്യം കഴിച്ചിരുന്നത്. വാത്മീകീ രാമായണത്തിന് കോട്ടയം കേരള വര്‍മ്മത്തമ്പുരാന്‍ നല്കിയ ഭാഷാനുവാദത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നത് നോക്കുക:``
സുരയെത്യജിക്കകൊണ്ടവരുമസുരരായ്
സുരയെഗ്രഹിസുരയെഗ്രഹിക്കകൊണ്ടിവരും സുരന്മാരായ്?
കാര്‍ഷിക വിളവെടുപ്പിന്റെ കാലത്താണല്ലോ ഓണം ആഘോഷിക്കാറ്. ഇതുകൊണ്ടു തന്നെ ഓണം ഒരു കാര്‍ഷികോത്സവമാണെന്ന് വരുന്നു. കാര്‍ഷികോത്സവം ആഘോഷിക്കേണ്ടത് കൃഷിക്കാരാണ്. എന്നാല്‍, 'കേരള സാംസ്കാരികത്തനിമ'യുടെ കാലത്ത് കൃഷിവേല ചെയ്തിരുന്ന പുലയനും ചെറുമനുമൊന്നും ഓണം ആഘോഷിച്ചിരുന്നില്ല. ഓണം ഉണ്ടിരുന്നത് തമ്പ്രാക്കളായിരുന്നു. കൃഷിക്കാര്‍ക്ക് ലഭിച്ചിരുന്നത്, നിലത്ത് കുഴിച്ച കുഴിയില്‍ വിളമ്പിയിരുന്ന 'കരിക്കാടി'യായിരുന്നു. മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഭരണ സമ്പ്രദായത്തിന് 'കേരളത്തനിമ'യുമായി യാതൊരു ബന്ധവുമില്ല എന്നു ചുരുക്കം.ഓണവുമായി ബന്ധപ്പെട്ട ബ്രാഹ്മണ മത വിശ്വാസം ശരിയാണെങ്കില്‍ ആ വിശ്വാസം കേരളത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഓണം ആഘോഷിക്കുന്നില്ല. വാമനന് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നു പറയുന്നത് വലിയൊരു നുണയാണെന്ന് ബ്രാഹ്മണ മത വിശ്വാസം തന്നെ തെളിവ് നല്‍കുന്നുണ്ട്.
മത്സ്യക്കൂര്മ്മ വരാഹശ്ച
നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്ണ ഖഡ്ഗിത്വമീദശ.
എന്നാണ് പറയുന്നത്. ഇതു പ്രകാരം വാമനന് അഞ്ചാമത്തെ അവതാരവും പരശുരാമന് ആറാമത്തെ അവതാരവുമാണ്. പരശുരാമന് കടലില്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളം എന്നാണല്ലോ പറയുന്നത്. വാമനന്റെ കാലത്ത് കേരളമില്ല. വാമനന് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നു പറയുന്നത് ദശാവതാര വിശ്വാസത്തിന് തന്നെ എതിരാണ്.
ഇതു പോലുള്ള ഓരോ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയാണ് ബ്രാഹ്മണര്‍ അബ്രാഹ്മണരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചത്. ബ്രാഹ്മണര്‍ ഭൂമി കൈവശമാക്കിയതും ഇങ്ങനെത്തന്നെ. ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭൂമി ആര്‍ക്കും സ്വന്തമല്ല. ഭൂമിയുടെ കൈവകാശാവകാശം ഭൂമി സൃഷ്ടിച്ച ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. നിയമപരമായി മാത്രമേ ഒരാള്‍ക്ക് ഇതെന്റെ ഭൂമിയെന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഇതിനുള്ള അര്ഹതയാവട്ടെ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ക്കു മാത്രമുള്ളതുമാണ്. ഭൂ ഉടമകളായിരുന്ന ഇവിടുത്തെ ജന്മികളാരും തന്നെ ഭൂമിയില്‍ പണിയെടുത്തവരായിരുന്നില്ല. 'ഉണ്ണുക; ഉറങ്ങുക; ഗര്‍ഭമുണ്ടാക്കുക'എന്നതു മാത്രമാണ് ഇവരുടെ കാര്യപരിപാടിയിലെ മുഖ്യ ഇനങ്ങളെന്ന് നമ്പൂതിരി സമുദായത്തിലെ ഏറ്റവും വലിയ സാമൂഹിക വിപ്ളവകാരിയായ വി.ടി.ഭട്ടതിരിപ്പാട് (കണ്ണീരും കിനാവും എന്ന ആത്മകഥയില്‍) അഭിപ്രായപ്പെട്ടിട്ടുണ്ട്. 'ഇന്നു ജന്മിത്തം അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചുമലില്‍ ഇരുന്ന് ഉറക്കം തൂങ്ങുകയാണ്. അദ്ധ്വാന ശീലര്‍ക്ക് പട്ടിണിയും അലസന്മാര്ക്ക് അമൃതേത്തും ഒരുക്കിക്കൊടുക്കുന്ന ഈ സാമൂഹ്യ വ്യവസ്ഥ മാറിയേ തീരൂ' എന്നു മാത്രമല്ല, 'പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, ഇനിയൊരു ജന്മമുണ്ടെങ്കില് മറ്റേത് നികൃഷ്ട ജീവിയായും ജനിക്കാം. പക്ഷേ, ഒരില്ലത്തെ അഫനായി ജനിക്കാന്‍ സാധ്യമല്ല' എന്നു വരെ പറഞ്ഞിട്ടുണ്ട് വി.ടി.ഭട്ടതിരിപ്പാട്. മണ്ണില്‍ പണിയെടുത്തവരുടെ കൈവശമുണ്ടായിരുന്ന ഭൂമി തട്ടിയെടുത്താണ് ജന്മിമാര് അദ്ധ്വാനിക്കുന്നവരുടെ തോളിലിരുന്ന് ഉറക്കം തൂങ്ങിയിരുന്നത്. ബ്രാഹ്മണന് ഭൂമി ദാനം നല്കിയാലും ദേവന് (ക്ഷേത്രത്തിന്) ഭൂമി ദാനം നല്കിയാലും പുണ്യവും സ്വര്‍ഗ്ഗവും കിട്ടുമെന്ന കള്ളക്കഥ പടച്ചുണ്ടാക്കിയാണ് മണ്ണില്‍ പണിയെടുക്കുന്നവരില്‍ നിന്ന് അവര്‍ ഭൂമി തട്ടിപ്പറിച്ചെടുത്തത്. തിരുവില്വാ ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ക്ക് ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ (ഇടൈചേരി ചേന്തന്‍ കേശവന്, പള്ളത്ത് കുന്റന്‍ ഇരവി, പള്ളത്ത് കുളക്കാട്ടച്ചിയാര്, തേന്ചേരി ചേന്നന്, മുത്തൂറ്റു തേവന് ഈരാമന്‍, ഞാവക്കാട്ട് എതിരന്‍ കവിരന്‍) പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. നിലവിലുള്ള ഓണ സങ്കല്പം ഇതുമായൊക്കെ ബന്ധപ്പെട്ടതാണ്. ഇതു കൊണ്ടു തന്നെ അബ്രാഹ്മണര്‍ക്കു മാത്രമല്ല മാനവികതയുള്ള ബ്രാഹ്മണര്‍ക്കും ഈ കള്ളക്കഥകളോട് യോജിക്കുവാന്‍ സാധിക്കുകയില്ല. പക്ഷേ, ഓണാഘോഷം എന്നത് കേരളീയരുടെ രക്തത്തിലിഞ്ഞ ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. ഇതു കൊണ്ടു തന്നെ നാം ഓണാഘോഷം നടത്തുക തന്നെ വേണം. മാനുഷരെല്ലാരുമൊന്നു പോലെ എന്ന അവസ്ഥയില്‍ ഭരണം നടത്തിയിരുന്ന ഒരു മഹാന്റെ പിറന്നാളായി അല്ലെങ്കില്‍ ബ്രാഹ്മണാധിപത്യത്തിനെതിരെ സത്യം, ധര്‍മ്മം, സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വന്ന ശ്രീബുദ്ധനെ അനുസ്മരിക്കലായി അതുമല്ലെങ്കില്‍ ബ്രാഹ്മാധിപത്യത്തിനു മുമ്പുള്ള സൈന്ധവ സംസ്കാരത്തിന്റെ ഓര്‍മ്മ പുതുക്കലായി വേണം നാം ഓണം ആഘോഷിക്കാന്‍.
നമ്മുടെ നാട്ടില്‍ അരുതായ്മകളും തെമ്മാടിത്തരങ്ങളും ക്രൂരതകളുമൊക്കെ ധാരാളം നടക്കുന്നുണ്ട് എന്ന കാര്യം ശരി തന്നെ. ജന്മിത്തത്തിനും സവര്‍ണ-മാടമ്പി സംസ്കാരത്തിനുമെതിരെ മഹാനായ അയ്യന്‍കാളിയും ശ്രീനാരായണ ഗുരുവുമൊക്കെ പടപൊരുതി നേടിയെടുത്ത് സ്ഥാപിച്ച സംസ്കാരത്തെ കൊഞ്ഞനം കുത്തുന്ന രീതിയിലുള്ള നടപടികളും കണ്ടു വരുന്നുണ്ട് എന്ന കാര്യവും ശരി തന്നെ. പക്ഷേ, പണ്ടത്തെ അപേക്ഷിച്ച് ഇന്നത്തെ കാലഘട്ടത്തിലാണ് സത്യം, ധര്‍മ്മം, ദയ, സ്നേഹം, നീതി, സദാചാരം തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളത്. മഹാബലിയുടെ സങ്കല്പത്തിലുള്ള 'മാനുഷരെല്ലാരുമൊന്നു പോലെ'എന്ന അവസ്ഥ ഒരു പരിധിവരെയെങ്കിലും ഇന്നാണ് നിലനില്‍ക്കുന്നത്. ഓണത്തിന്റെ തനിമ നഷ്ടപ്പെടുകയല്ല; ഓണത്തിന്റെ തനിമ അതിന്റെ പൂര്‍ണതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. പണ്ട് ജന്മിമാരും അവരുടെ ശിങ്കിടികളും ഗുണ്ടകളും ആഘോഷിച്ചി രുന്ന ഓണം ഇന്ന് മിക്കവാറെല്ലാവരും ആഘോഷിക്കുന്നു. സാധാരണക്കാരന് വയറ് നിറച്ച് ഉണ്ണാനും മാന്യമായി വസ്ത്രം ധരിക്കാനുമൊക്കെ പരിമിതമായ തോതിലെങ്കിലും ഇന്നാണ് സാധിച്ചിട്ടുള്ളത്. തന്റെ മക്കളെയോര്‍ത്ത് കരഞ്ഞു കൊണ്ടിരുന്ന മാവേലിക്ക് പൊട്ടിച്ചിരിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും ഒന്നു പുഞ്ചിരിക്കാനുള്ള സാഹചര്യമെങ്കിലും ഇപ്പോഴുണ്ടായിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പലരും ഓണം ചത്തുവെന്നും മറ്റും പറയുന്നത്? അസൂയ, കുശുമ്പ്, കണ്ണുകടി, സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ ബാധിച്ചവര്‍ക്കേ ഇങ്ങനെ പറയാന്‍ സാധിക്കുകയുള്ളു. പണ്ട്, 'മലയപ്പുലയന്റെ മാടത്തിന് മുറ്റത്ത് മഴ വന്ന നാള് നട്ട വാഴ' കുലച്ച് മൂപ്പെത്തുമ്പോള്‍ വെട്ടിക്കൊണ്ടു പോയി ചങ്കു തൊടാതെ വിഴുങ്ങുകയായിരുന്നു ജന്മിമാരും അവരുടെ ക്വട്ടേഷന്‍ സംഘാംഗങ്ങളും. ഇന്ന് അതിന് സാധിക്കുന്നില്ല. 'ഉണ്ണുകയും ഉറങ്ങുകയും ഗര്‍ഭമുണ്ടാക്കുകയും'മാത്രം ചെയ്തിരുന്നവര്‍ക്ക് വെട്ടി വിഴുങ്ങാന്‍ പണ്ട് 'കാഴ്ചക്കുലകള്‍'സമര്‍പ്പിക്കണമായിരുന്നു. ഇന്ന് ആ ഓസാരം ലഭിക്കുന്നില്ല. പണ്ടും തന്തോയം കൊണ്ടായിരുന്നില്ല 'കാഴ്ചക്കുലകള്‍'സമര്‍പ്പിച്ചിരുന്നത്. കുലവെട്ടി സമര്‍പ്പിച്ചില്ലെങ്കില്‍ ജന്മിയുടെ ക്വട്ടേഷന്‍ സംഘം തന്റെ തല വെട്ടുമെന്ന് പേടിച്ചായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഇതൊരു നിര്‍ബന്ധപ്പിരിവായിരുന്നു എന്നതിന് തെളിവുണ്ട്.
1917 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ എട്ടണ മുദ്രപപ്പത്രത്തില് എഴുതിയ പാട്ടച്ചീട്ടില്‍ ഇങ്ങനെ പറയുന്നു. ഓണക്കാഴ്ച വകയ്കക്കു പതിനാലെകാല് ചക്രം വിലയില്‍ 50 ഏത്തക്കാ ജന്മി വീട്ടില്‍ ഏല്പിച്ചു ലക്ഷ്യം വാങ്ങിക്കൊള്ളണം. ഇതിനു വീഴ്ച വരുത്തിയാല്‍ നൂറിന് ഒന്ന് എന്ന കണക്കില്‍ പലിശ കൂട്ടിക്കൊടുക്കണം. ( 83 കൊല്ലം പഴക്കമുള്ള ഈ രേഖ കണ്ടെടുത്തത് കെ.പി.സി.സി.സി. മുന്‍ അംഗവും അഭിഭാഷകനുമായ പി.നാരായണന് നമ്പൂതിരിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ്-കേരള കൗമുദി 25.08.1999). ഈവിധ സുഖസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതിലുള്ള ദ:ഖം, തങ്ങളുടെ അടിമകളായി കഴിഞ്ഞിരുന്നവര്‍ ഇന്ന് ഒരുവിധം സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോഴുള്ള അസൂയ ഇതൊക്കെയാണ് ഓണം മരിച്ചു പോയെന്ന് പറഞ്ഞ് പലരും പൊട്ടിക്കരയുന്നതിന്റെ കാരണം. ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; ഓണം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുയാണ് എന്നതാണ് സത്യം
.................
സുരേഷ് ഗോപിക്ക് സ്നേഹപൂർവ്വം
4 months ago
10 comments:
ഈവിധ സുഖസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതിലുള്ള ദ:ഖം, തങ്ങളുടെ അടിമകളായി കഴിഞ്ഞിരുന്നവര്‍ ഇന്ന് ഒരുവിധം സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോഴുള്ള അസൂയ ഇതൊക്കെയാണ് ഓണം മരിച്ചു പോയെന്ന് പറഞ്ഞ് പലരും പൊട്ടിക്കരയുന്നതിന്റെ കാരണം. ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; ഓണം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുയാണ് എന്നതാണ് സത്യം
വളരെ കൃത്യമായ നിരീക്ഷണം.ബ്ലോഗിൽ വന്നതിലുള്ള സന്തോഷം അറിയിക്കുന്നു.പുതിയ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
ചാര്‍വാകന്‍ പറഞ്ഞതാണ് കാര്യം. ശ്ശേടാ പണ്ടൊക്കെ എന്തൊരു ഓണമായിരുന്നു. അട്റ്റിയാന്മാര് നെല്ലും, പച്ച്ചക്കറ്രികളും, ചേനയും എല്ലാം കൊണ്ട്റ്റുവര്രും അതെല്ലാം കൊണ്ട്റ്റ് സദ്യയുണ്ടക്കി അങ്ങനെ ജീവിച്ച ആ കാലം പോയില്ലേ. ഇപ്പോള്‍ മേലനങ്ങി പണിയെടുക്കണം എന്നായിരിക്ക്ണു... അയ്യോ ഓണം മങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ തെറ്റില്ലല്ലോ. അല്ലെങ്കില്‍ തെറ്റും ശരിയും സവര്ണനാണല്ലോ തീരുമാനിക്കുന്നത്.
പ്രിയ ശങ്കരനാരായണന്,
ഈ പോസ്റ്റ് കാണുക. ഓണാശംസകളും ചില ചിന്തകളുംഅതില് ഈയുള്ളവന് താങ്കളുടെ പോസ്റ്റിന്റെ ലിങ്കു നല്‍കിയിട്ടുണ്ട്.
എന്തൊക്കെ പറഞ്ഞാലും ഓട്ടുകിണ്ടിയും തുപ്പല് കോളാമ്പിയും നഷ്ടപ്പെട്ടതോടെ നമ്മുടെ നമ്മുടെ ഓണത്തിന്റെ ഗമയൊക്കെ പോയില്ലേന്ന് എനക്കൊരു ശംശയം !!:-)))
ഓണം തീര്‍ച്ചയായും ബുദ്ധനെ ഓര്‍മിപ്പിക്കാനും ദുഷ്ടകഥാപാത്രമായ വാമനന്റെ കഥ അതേ രീതിയില്‍ നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനും ഈ ഓണക്കാലത്ത് നമുക്ക് ശ്രമിക്കാം.
സ്വതന്ത്ര ചിന്തകള്‍ (നിസഹായനല്ലേ) എന്റെ പോസ്റ്റ് ലിങ്കു ഇവിടെ കൊടുത്തതില്‍ സന്തോഷമുണ്ട്.
ഈ പോസ്റ്റിന്റെ ആശയത്തോടു പൊതുവെ യോജിക്കുന്നു.
ഓണാശംകള്‍
ഈ രാജ്യത്തെ മുച്ചൂടും മുടിക്കാനുള്ള ചില ക്ഷുദ്രജീവിജനുസ്സില്പെട്ട സുഹൃത്തേ,
ഞാനടക്കമുള്ള അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിനുവേണ്ടി എല്ലാം ത്യജിച്ച EMS നേയും,VT യേയും അപമാനിക്കുന്നതായിരുന്നു രാവിലെ പ്രഭാതസവാരിക്കിറങ്ങിയ എന്റെ നാട്ടുകാരന്റെ കൊലപാതകവും,ഒരുഅദ്ധ്യാപകന്റെ കൈവെട്ടും.
'ഉണ്ണുകയും ഉറങ്ങുകയും ഗര്‍ഭമുണ്ടാക്കുകയും'
താഴ്മയോടെ പറയുന്നു
ചില ഒറ്റപെട്ടതും പഴകിവളിച്ചതുമായ ഇതുപോലത്തെ വളിപ്പുകള്‍ എഴുതി ഒരു സമൂദായത്തെ അപമാനിക്കുവാന്‍ ശ്രമിച്ചാല്‍ പഴയഅടിമകളായി മിണ്ടാതിരിക്കും എന്നുകരുതരുത്.
പണ്ട് അവര്ണ്ണായി ജനിച്ചതുകൊണ്ടാണ് ഇന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി ഞാനും എന്റെ ആയിരക്കണക്കിനുവരുന്ന ധാരാളം സമുദായക്കാരും ജീവിക്കുന്നത്.
സാമൂഹ്യ ധ്രൂവീകരണം എന്തു ലക്ഷ്യംവച്ചായാലും വച്ചുപൊറുപ്പിക്കില്ല.
NANNAAYIRIKKUNNU.. VERITTA CHINTHAKAL ANGINE INIYUM UNDAVATTEY.. ONASAMSAKAL..
nannayirikkunnu... ithupolulla orukoottaayma jagrathyode ennum undavendath aavasyam thanne pazayakaalam varaan kaathirikkunna ,mohikkunna oru cheriyakoottam engilum innum und..
ഓണം ഇനിയും വളര്‍ന്ന് വലുതായികൊണ്ടിരിക്കട്ടെ... നല്ല ലേഖനം ശങ്കരേട്ടാ...
വളരെക്രിത്യമായ നിരീക്ഷണം സങ്കര്ജീ ...
ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം ദലിത് പീഡനങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്.. മഹാബലി ചക്രവര്‍ത്തിയുടെ കഥ. അത് ദലിത് ഉന്മൂലനത്തിന്‍െറയും കീഴാളവിരുദ്ധ ബ്രാഹ്മണ ഗൂഢാലോചനയുടെയും ഉത്തമ ദൃഷ്ടാന്തമാണ്. മൂന്നടിമണ്ണ് ദാനംചോദിച്ച് വാമനന് ബലിചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നത് ഐതിഹ്യസാക്ഷ്യം. പക്ഷേ, ഇതിന് ചരിത്രപരമായ മാനങ്ങളുണ്ട്. ഒരു കാലത്ത് ഈ നാടിന്‍െറ അവകാശിയായിരുന്ന ദലിതന് എങ്ങനെ ഭൂരഹിതനായി എന്ന് ഈ കഥ നിങ്ങള്‍ക്ക് പറഞ്ഞുതരും. ഇന്ന് നിങ്ങള്‍ കീഴാളരെന്ന് വിളിക്കുന്ന ജനതയായിരുന്നു മണ്ണിന്‍െറ യഥാര്‍ഥ അവകാശികള്‍. ദലിത് ചക്രവര്‍ത്തിയായിരുന്ന ബലിയില്‍നിന്ന് വാമനന് അഥവാ സവര്‍ണഫാഷിസം ആദ്യത്തെ ചുവടില്‍ ഭൂമി അളന്നുവാങ്ങി, രണ്ടാംചുവടില്‍ പ്രകൃതി അളന്നുവാങ്ങി. പിന്നെ മൂന്നാംചുവടില്‍ അവനെത്തന്നെ അളന്നു സ്വന്തമാക്കി. ഇതിനെ കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ സമീപിച്ചാല്‍ ഗൂഢാലോചനയുടെ പൊരുള്‍ വ്യക്തമാകും. ആദ്യം കൃഷിഭൂമി, രണ്ടാമത് ജീവിതസാഹചര്യങ്ങള്‍ പിന്നീട്, മൂന്നാമതായി അധികാരം. ദലിതന് ഇങ്ങനെയാണ് നിഷ്കാസിതനായത്. ഒടുവില്‍, അഭയാര്‍ഥിയായി വര്‍ഷത്തിലൊരിക്കല്‍ സ്വന്തം നാടുകാണാന്‍ വരാന്‍ കീഴാളരാജാവിന് സവര്‍ണന്‍െറ ഔാര്യം. ഇതിനെതിരെ ദലിതര്‍ ശബ്ദമുയര്‍ത്താതിരിക്കാന്‍ ഒടുവില്‍, അനീതിചെയ്തവനെ ദേവനാക്കി. എല്ലാം വിശ്വാസത്തിന്‍െറ പേരിലാകുമ്പോള്‍ എന്തുമാകാമല്ലോ? ഇത് കഥ, യാഥാര്‍ഥ്യം ഇതിലും ഭീകരമായിരുന്നു. വഞ്ചന, ചതി, അധികാര ദുര്‍വിനിയോഗം, അടിച്ചമര്‍ത്തല്‍. ഇങ്ങനെയാണ് സവര്‍ണരും അധികാരിവര്‍ഗവും ആഗോള മുതലാളിത്തവും ദലിതനെ അടിച്ചമര്‍ത്തിയത്. കഥകളെ കണ്ണുമടച്ച് വിഴുങ്ങാതെ നേരിന്‍െറ ഉരകല്ലില്‍ പരിശോധിക്കണം.( മാധ്യമം വീക്ലി : ലക്കം : 756 ..ഗദ്ദര്‍ ചോദിക്കുന്നു . )
Post a Comment