My Blog List

Saturday, September 11, 2010

കേരളീയ വസ്ത്ര പാരമ്പര്യം

കേരളീയ വസ്ത്ര പാരമ്പര്യം
ശങ്കരനാരായണന്‍ മലപ്പുറം

(മക്തബ് 20.10.2009)

'കേരളീയം' എന്നു കേട്ടാല്‍ കേരവുമായുള്ള ബന്ധത്തെക്കുറിച്ചാണ് പെട്ടെന്ന് ഓര്‍മ്മ വരിക. എന്നാല്‍, കേരം കേരളത്തിന്റെ സ്വന്തമല്ല എന്നതാണ് വാസ്തവം. കേരം വിദേശിയാണ്. മലേഷ്യയാണ് കേരത്തിന്റെ ജന്മദേശം. 'ചേരള'മാണ് 'കേരള'മായി മാറിയത.് കേരളീയ വസ്ത്രത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
നമ്മുടെ പാരമ്പര്യ വേഷം എന്താണ് ? ആണുങ്ങള്‍ക്ക് മുണ്ടും കുപ്പായവും പെണ്ണുങ്ങള്‍ക്ക് സാരിയും പുളിയിലക്കര വേഷ്ടിയും മറ്റുമാണെന്നാണ് പലരും പറയുന്നത്. ഈ പാരമ്പര്യം എന്നു പറഞ്ഞാല്‍ എന്താണ് ? ഏതാണ് പാരമ്പര്യത്തിന്റെ അടിസ്ഥാന വര്‍ഷം ?
ഒരു നൂറ്റാണ്ടോ മുക്കാല്‍ നൂറ്റാണ്ടോ മുമ്പുള്ള പാരമ്പര്യം വച്ചു വിലയിരുത്തുകയാണെങ്കില്‍ കേരളീയ വേഷം അല്പ വസ്ത്രം മാത്രമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു ഈഴവ സ്ത്രീ കാല്‍ മുട്ടിനു താഴെ എത്തുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍ നായന്മാര്‍ അവരുടെ മുണ്ടഴിപ്പിച്ചതിനെക്കുറിച്ച് സി.കേശവന്‍ തന്റെ ആത്മകഥയില്‍ (ജീവിത സമരം) വിവരിക്കുന്നുണ്ട്. ജീവിത സമരത്തിലെ മറ്റൊരു വിവരണം (പേജ് 72) നോക്കുക:
“ മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷനറിമാര്‍ പരിഷ്‌കരിച്ചു. നായര്‍ സ്ത്രീകളെപ്പോലെ മേല്‍മുണ്ടും മാറുമറപ്പുമായി. അതു നായന്മാര്‍ക്കു രസിച്ചില്ല. അടിയായി, ലഹളയായി, സ്ത്രീകളുടെ തുണിയുരിയലായി. ഗവണ്‍മെന്റ് കീഴ് നടപ്പിന്റെ പേരില്‍ മേല്‍ ജാതികളുടെ വശം ചേര്‍ന്ന് ഏഴ ജാതികളുടെ മേല്‍മുണ്ട് അഴിപ്പിക്കാന്‍ കൂട്ടു നിന്നു. മാധവരായര്‍ ദിവാന്റെ കല്പനകള്‍ പുറപ്പെട്ടു. മുല മറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റുള്ള പെണ്ണുങ്ങള്‍ അനുകരിക്കരുതെന്ന്, അതു ചട്ട വിരോധമാണെന്ന്, ശിക്ഷിക്കുമെന്ന്, ന്യായം നടത്തുമെന്ന്. പക്ഷേ നിയമ ലംഘനം പിന്നെയും തുടര്‍ന്നു. ”
മാറ് മറച്ചതിന് മറ്റു ജാതിക്കാരുടെ തുണിയഴിച്ച നായന്മാരുടെ സ്ഥിതിയോ? അവര്‍ക്കും മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. റവുക്ക (ബ്‌ളൗസ്) ധരിച്ച് ക്ഷേത്രത്തില്‍ പോയതിന്റെ പേരില്‍ ഒരു നായര്‍ സ്ത്രീയുടെ റൗക്ക വലിച്ചു കീറുകയും അതിനെത്തുടര്‍ന്ന് നായര്‍ സ്്ത്രീകള്‍ റവുക്ക ധരിച്ച് ക്ഷേത്രത്തില്‍ കയറരുതെന്ന കല്പന പുറപ്പെടുവിക്കുകയും ചെയ്ത ഒരു 'പൈതൃക'മുണ്ട് നമ്മുടെ നാടിന്.
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജീവ ചരിത്രത്തില്‍ (എന്റെ സ്മരണകള്‍, 3-ാം ഭാഗം, പേജ് 313) വിവരിക്കുന്നത് നോക്കുക: “എനിക്കു ഓര്‍മ്മ വെച്ച കാലത്ത് റൗക്കയും ബ്‌ളൗസും മറ്റും കേരള സ്ത്രീകള്‍ കണ്ടിട്ടേ ഉണ്ടായിരിക്കയില്ല. അവയില്‍ ആദ്യമായി കടന്നു തുടങ്ങിയത് റൗക്കയായിരുന്നു. അതും ആദ്യമായി കടന്നു തുടങ്ങിയത് പട്ടണങ്ങളിലാണ്, പിന്നീട് വളരെക്കാലം കഴിഞ്ഞേ അതു നാട്ടിന്‍ പുറങ്ങളിലേക്ക് പ്രവേശിച്ചു തുടങ്ങിയുള്ളൂ. ഇവിടെ പറയാന്‍ പോകുന്നത് അതല്ല. ആദ്യകാലങ്ങളില്‍ കുളിച്ചു അമ്പലത്തിലേക്ക് തൊഴാന്‍ പോകുമ്പോള്‍ റൗക്ക ധരിച്ചിരുന്നില്ല. മാത്രമല്ല, ഈറന്‍ തുണികൊണ്ട് മാറ് മറച്ചിരുന്നാലും നടയ്ക്കല്‍ വന്നു തൊഴുമ്പോള്‍ അതെടുത്തു മാറ്റുക (അഥവാ എടുത്തുവെന്നു വരുത്തുക) പതിവായിരുന്നു. ”
നമ്പൂതിരി സ്ത്രീകളും കുപ്പായം ധരിച്ചിരുന്നില്ല. 89-ാമത്തെ വയസ്സില്‍ (1994) അന്തരിച്ച ഇട്ട്യാം പറമ്പത്ത് ശ്രീദേവീ അന്തര്‍ജ്ജനമാണ് (വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്‌ളൗസ് ധരിച്ച നമ്പൂതിരി സ്ത്രീ. നമ്പൂതിരി സ്ത്രീകളുടെ വേഷം ഉടുമുണ്ടും മാറില്‍ മറ്റൊരു മുണ്ടു കൊണ്ട് ചുറ്റിക്കെട്ടലുമായിരുന്നു. സ്ത്രീകള്‍ക്ക് ബ്രാ ധരിക്കാന്‍ പാടില്ലാത്ത അവസ്ഥയും നിലനിന്നിരുന്നു. മേലാല്‍ കേരളത്തിലെ സ്ത്രീകളാരും തന്നെ ബ്രാ ധരിക്കരുതെന്നു പറഞ്ഞ് (നാരീണാം ചതു സര്‍വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ) ഉത്തരവിറങ്ങിയ നാടാണിത്.
1893 ല്‍ അയ്യങ്കാളി 'വില്ലുവണ്ടി' സമരം നടത്തിയത് പൊതു വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം മാന്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയായിരുന്നു. 'വില്ലുവണ്ടി' സമരവും ചാന്നാര്‍ സമരവും മറ്റനവധി സമരങ്ങളും നടത്തിയതിന്റെ ഫലമായാണ് കേരളത്തിലെ ഏതാണ്ടെല്ലാ ജന വിഭാഗങ്ങള്‍ക്കും മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം ലഭിച്ചത്.
അര മുണ്ട് മാത്രം ധരിച്ചിരുന്ന സ്ത്രീകളുടെ വേഷം മുണ്ടും ബ്‌ളൗസും ലുങ്കിയും ബ്‌ളൗസും തുടര്‍ന്ന് പാവാടയും ധാവിണിയും പിന്നീട് സാരിയും ബ്‌ളൗസുമായി. ഇപ്പോള്‍ വിവിധ രൂപത്തിലുള്ള ചുരിദാറില്‍ എത്തി നില്‍ക്കുന്നു. മാക്‌സിയും കൂട്ടത്തിലുണ്ട്. ഇതു കാര്യമായും വീട്ടു വസ്ത്രമായാണ് ഉപയോഗിക്കുന്നത്. ബാലന്മാരുടെ വേഷം കോണകം മാത്രമായിരുന്നു. പിന്നീട് മുറിയന്‍ മുണ്ട് ഉടുക്കാന്‍ തുടങ്ങി. (ബാലികമാരുടെ കാര്യവും ഇങ്ങനെത്തന്നെ). പിന്നീടാണ് ട്രൗസര്‍ വന്നത്; കൂട്ടത്തില്‍ വള്ളിട്രൗസറും. അതിനിടയില്‍ കൈലിയും ബനിയനും വന്നു. ഇപ്പോള്‍ വിവിധ തരത്തിലുള്ള പാന്റ്‌സും ഷര്‍ട്ടിലുമെത്തി നില്‍ക്കുന്നു. പൈജാമ, ജുബ്ബ തുടങ്ങിയവയും കടന്നു വന്നു. (പൈജാമ പോയെങ്കിലും ജുബ്ബ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്). ജുബ്ബയും നീണ്ട താടിയുമൊക്കെയായാല്‍ ബുദ്ധിജീവിയോ കലാകാരനോ ആയി എന്നൊരു ധാരണ നിലനില്ക്കുന്നുണ്ട്. (മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും വേഷങ്ങളില്‍ ഭരണകൂടം ആദ്യമൊക്കെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീടത് ഇല്ലാതായി. അവരവരുടെ മത വിശ്വാസമനുസരിച്ചും കാലഘട്ടത്തിലെ മാറ്ററ്റങ്ങള്‍ക്കനുസരിച്ചുമുള്ള വേഷങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. ഇതു കൊണ്ടാണ് ഇക്കാര്യം പ്രതേ്യകം വിവരിക്കാതിരുന്നത്).
കേരളീയരുടെ വേഷം അല്പ വസ്ത്രമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. സാരി കേരളീയമല്ല. സാരി പാഴ്‌സികളില്‍ നിന്നു കിട്ടിയതാണ്. ഹിന്ദിയിലെ 'സാഡി' യാണ് മലയാളികള്‍ 'സാരി'യാക്കിയത്. ദോത്തി (മുണ്ട്) ആദ്യമായി ഉപയോഗം തുടങ്ങിയത് ഈജിപ്തിലാണ്. തയ്യല്‍ വേല കണ്ടു പിടിച്ചപ്പോള്‍ ദോത്തിയില്‍ നിന്നു പാവാടയുണ്ടായി. മുണ്ടിന്റെ ഉപയോഗം പ്രചരിച്ചതിനെക്കുറിച്ച് കെ.ബാലകൃഷ്ണക്കുറുപ്പ് എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: “ഈജിപ്തിലെ വസ്ത്ര ധാരണ രീതി ഏതാണ്ട് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചു. വ്യാപാരാവശ്യത്തിനു വേണ്ടി ബന്ധപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ അറബികളും ഇന്ത്യക്കാരും ഈജിപ്ഷ്യന്‍ വസ്ത്ര രീതിയെ അനുകരിച്ചു”. ഷര്‍ട്ട് (കുപ്പായം) വന്നതും ഈജിപ്തില്‍ നിന്നു തന്നെ.
ഇറ്റലിയിലെ ഒരു നാടകത്തിലെ കോമാളി കഥാ പാത്രമായ പാന്റലൂണയില്‍ നിന്നാണത്രെ 'പാന്റ്‌സ്' എന്ന വാക്കു വന്നത്. പാന്റ്‌സ് എവിടുന്നു വന്നതായാലും ശരി ആണുങ്ങള്‍ക്ക് ഏറ്റവുമധികം യോജിച്ച വസ്ത്രം പാന്റ്‌സും ഷര്‍ട്ടും തന്നെ-കൂടുതല്‍ ഇറുക്കമുള്ളതാവരുതെന്നു മാത്രം. പെണ്‍കുട്ടികള്‍ക്ക് നല്ലത് ചുരിദാര്‍ തന്നെ. സാരിയെക്കാളും സെറ്റിനെക്കാളും മാന്യമായ വേഷമാണിത്. ഉപയോഗിക്കുവാന്‍ ഏറെ സൗകര്യ പ്രദവും. മുണ്ടും ഷര്‍ട്ടും സാരിയുമൊക്കെ കേരളീയമല്ലെന്നിരിക്കെ കൂടുതല്‍ സൗരകര്യപ്രദമായ വിദേശി വസ്ത്രങ്ങളെ സ്വീകരിക്കലല്ലേ ഉചിതം?

എന്നാല്‍, ചെറുപ്പക്കാരുടെ അതിരു കടന്ന ഫാഷന്‍ ഭ്രമത്തെ ചോദ്യം ചെയ്യാതിരുന്നു കൂടാ. പോക്കറ്റുകള്‍ സിക്‌സോ സിക്സ്റ്റി ഫൈവോ ആയിക്കോട്ടെ. വള്ളിയും നൂലുമൊക്കെ തൂങ്ങിക്കിടക്കട്ടെ. പക്ഷേ, വസ്ത്രം ധരിക്കുമ്പോള്‍ മാന്യത പാലിക്കണം. തീരെ ഇറക്കം കുറഞ്ഞ ഷര്‍ട്ട് (ഷോര്‍ട്ട്) ധരിക്കുന്ന ഫാഷന്‍ ഏറെ പ്രാചാരം നേടുകയുണ്ടായി. ഒപ്പം വൃത്തികെട്ടൊരു സ്റ്റൈലും എത്തി. ചന്തി കാട്ടി ചന്തം കാണിക്കുന്ന സ്റ്റൈല്‍-ചന്തിയില്‍ പാന്റ്‌സുടുക്കുന്ന സ്റ്റൈല്‍. പാന്റ്‌സ് ചന്തിയിലാണെങ്കില്‍ അതിനടിയിലുടുക്കുന്ന കോണകം കുറച്ച് കൂടി മുകളില്‍. കോണകക്കമ്പനിയുടെ പേര് പ്രദര്‍ശിപ്പിച്ച് കമ്പനിക്ക് പരസ്യം നല്‍കുന്ന ഫാഷന്‍. ഒന്നു കുമ്പിട്ടാല്‍ പിന്നിലുള്ളവര്‍ക്ക് ഈ കോണകക്കുട്ടപ്പന്മാരുടെ 'ഇടുക്കി മുതല്‍ മൂലമറ്റം വരെ'യുള്ള പ്രദേശങ്ങള്‍ കാണാന്‍ സാധിക്കും. (മൂലം കാണുക മൂലമുള്ള വിഷമം മൂലം ചില സ്‌കൂളുകളില്‍ ഷര്‍ട്ട് ഇന്‍സൈഡ് ആക്കാന്‍ സ്‌കൂളധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്).
മെട്രൊ സെക്ഷ്വല്‍ എന്ന ചിന്താ രീതിയുടെ ഭാഗമാണിത്. അതായത്, ആണുങ്ങളിലുള്ള പെണ്‍ ഭാവത്തെ വെളിവാക്കുന്ന അവസ്ഥ. മുമ്പൊക്കെ പെണ്ണുങ്ങള്‍ ചമഞ്ഞൊരുങ്ങാനായിരുന്നു ഏറെ സമയമെടുത്തിരുന്നത്. ഇന്ന് ഈ അവസ്ഥയിലേക്ക് ആണ്‍ കുട്ടികളും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നാട്ടില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറുകളും മെന്‍സ് വെയര്‍ ഷോപ്പുകളും ധാരാളമായി മുളച്ചു പൊങ്ങിക്കൊണ്ടിരിക്കുന്നത്. കോണകക്കച്ചവടക്കാരില്‍ നിന്നും വസ്ത്ര വ്യാപാരികളില്‍ നിന്നും പണം പറ്റി ചില ഉത്തരേന്ത്യന്‍ സിനിമാ സുന്ദരന്മാര്‍ കാണിക്കുന്ന ആഭാസത്തെ അന്ധമായി അനുകരിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഇന്നത്തെ യുവ തലമുറ. വാല്‍ക്കഷ്ണം:-പണമുള്ളവര്‍ക്ക,് ഇത്തരത്തില്‍ മാറി മാറി വരുന്ന ഏത് ആഭാസവും അനുകരിക്കുവാന്‍ സാധിക്കും. പക്ഷേ, പാവങ്ങളുടെ കാര്യമോ? ഇത്തരം ആഭാസങ്ങള്‍ അനുകരിക്കണം; അടിപൊളി മൊബൈല്‍ സെറ്റ് വേണം; സ്റ്റൈലില്‍ കത്തിച്ചു പറപ്പിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ വേണം; ബ്രോസ്റ്റ് വിഴുങ്ങണം. ബൈക്കില്‍ വന്ന് മാലപറിച്ചെടുക്കല്‍ പോലുള്ള കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും ഇക്കൂട്ടരാണ്.

12 comments:

Anonymous said...

സാരിയും മുണ്ടുമൊക്കെയാണ് കേരളീയര്‍ പണ്ടുമുതലേ ധരിച്ചിരുന്ന വേഷമെന്നാണ് മിക്കവരുടെയും ധാരണ. അതുകൊണ്ടാണ് അതു കേരളീയ വേഷമായി എല്ലാവരും കാണുന്നത്. സര്‍ക്കാരും -ഇടതായാലും വലതായാലും- ഈ ധാരണ അരക്കിട്ടുറപ്പിക്കുന്നു. ഇന്നും അധ്യാപക പരിശീലന കോഴ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സാരി മാത്രമേ ധരിക്കാന്‍ അനുവാദമുള്ളൂ. അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുവാദം കൊടുത്തിട്ടും ഭൂരിപക്ഷവും അതു ധരിക്കുന്നില്ല. അത്രയ്ക്കു രൂഢമൂലമാണ് യാഥാസ്ഥിതികത്വം.
ശക്തമായ നിരീക്ഷണം.

Anonymous said...

ഈ ബ്ലോഗ് മറുമൊഴികളില്‍ കമന്റ് വരത്തക്കവിധം സെറ്റ് ചെയ്യുമല്ലോ!മറുമൊഴികള്‍

Anonymous said...

ശങ്കരനാരായണന്‍ മലപ്പുറവും ബൂലോകത്തേക്ക്.

ശങ്കരനാരായണന്‍ മലപ്പുറം said...

നിന്ദ്യവും നീചവും നികൃഷ്ടവുമായ അവസ്ഥയാണ് ഇവിടെ പണ്ടുണ്ടായിരുന്നത് എന്നു പറഞ്ഞാല്‍ ഇന്നിവിടെ സ്വര്‍ഗ്ഗമാണെന്ന് അര്‍ത്ഥമില്ല. പക്ഷേ, പണ്ടിവിടെ സ്വര്‍ഗ്ഗമായിരുന്നുവെന്നും ഇപ്പോഴാണ് നാട് നരകമായതെന്നുമുള്ള മട്ടിലാണ് പലരും ഗീര്‍വാണമടിക്കാറുള്ളത്. നമ്മുടെ തനിമയും പൊലിമയും പൈതൃകവും പാരമ്പര്യവുമൊക്കെ നഷ്ടമായെന്നാണ് ഇക്കൂട്ടര്‍ വിളിച്ചുകൂവാറ്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഈ ഗീര്‍വാണമടിയും ഓരിയിടലുകളും കേള്‍ക്കാറുണ്ട്. ഇത്തരം കാപട്യങ്ങള്‍ തുറന്നു കാണിക്കേണ്ടതുണ്ട്. ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണിത്. മാന്യ വായനക്കാര്‍ അഭിപ്രായങ്ങള്‍ അറിയിച്ചാലും!
-ശങ്കരനാരായണന്‍ മലപ്പുറം

പുലരി said...

കേരളത്തിലെ പൊതു വസ്ത്രാധരണമെടുത്താൽ പാരമ്പര്യമെന്നു മേനി പറയാൻ ഒന്നുമില്ല എന്നതാണു വാസ്തവം. അവർണ്ണ-സവർണ്ണ ചെരിതിരിവു രൂക്ഷമായിരുന്ന മുൻ കാലങ്ങളിൽ അവര്ണ്ണ് കുടുമ്പത്തിലെ സ്ത്രികൾക്കു മാറു മറക്കാനുള്ള അവകാശം സവര്ണ്ണചര്‍ അനുവധിച്ചിരുന്നില്ല. അന്നത്തെ കെരളീയ വസ്ത്രധാരണ ശൈലി മേൽജാതിക്കാർമാത്രം ഭാഗികമായി മാറുമറക്കുലു കീഴ്‌ ജാതിക്കാർക്കു മാറു തുറന്നിടലുമായിരുന്നു. ത്രിശൂർ ജില്ലയിൽ ചേലക്കര എന്ന സ്ഥലത്തിനു ആ പേർ വന്നതു തന്നെ മാറുമറക്കാനുള്ള നികുതിയുടെ പേരിലാണു. തൊണ്ണൂറുകളുടെ മദ്ധ്യഘട്ടത്തിലും ത്രിശൂർ ജില്ലയിലെ കോൾ പടവുകളിൽ കൃഷിയിറക്കാൻ പോകുമ്പോൾ ചില പ്രായമായ ഈഴവ സ്ത്രീകൾ ജോലിക്കു വന്നിരുന്നത്‌ മാറു മറക്കാതെയായിരുന്നു. അടിമത്വബോധം അവകാശമായി വഴിമാറുന്നതു പോലെ മാറു മറക്കാതിരിക്കൽ ഒരവകാശം പോലെയാണു ആ സ്ത്രീകൾ പെരുമാറിയിരുന്നത്‌. ടിപ്പുവിന്റെ പടയോട്ട കാലത്ത്‌ സ്ത്രികളെ മാറുമറപ്പിക്കുവാനുള്ള ശ്രമങ്ങൾ സംഘടിതമായി ചോദ്യം ചെയ്യപ്പെട്ടത്‌ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണു.
welcome to
റെയ്ഹാനയുടെ പര്ദ്ദയും-മാധ്യമങ്ങളും

പുലരി said...
This comment has been removed by the author.
Joker said...

ഓണത്തിനും, വിഷുവിനുമൊക്കെ കേരളീയ സ്ത്രീയുടെ [പാരമ്പര്യ വേഷം എന്ന രീതിയില്‍ കസവ് കരയുള്ള സെറ്റുമുണ്ടും ബ്ലൌസും ഒക്കെ ഇട്ട് കാണുന്ന പെണ്‍ കുട്ടികള്‍ (പെണ്‍ കുട്ടി സവര്‍ണയോഒ അവര്‍ണയോ ആവാം) ചില പത്രങ്ങളിലും പുസ്തക പുറം ചട്ടയിലോ ഒക്കെ കാണുമ്പോള്‍ , ‘ഭഗവത് ഗീതയും കുറെ മുലകളും ‘ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയാണ് ഓര്‍മ വരാറുള്ളത്. അളീഞ്ഞ ആ കാലഘട്ടത്തിനും ഇപ്പോള്‍ വസ്ത്രസ്വാതന്ത്യത്തിന്റെ അലങ്കാരം ചമക്കുന്ന ചില ചരിത്രകാരന്മാര്‍ ഇവിടെയുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇവര്‍ക്ക് അല്പം പോലും ലജ്ജ തോന്നുന്നില്ല എന്നത് കഷ്ടം തന്നെയാണ്.

Joker said...
This comment has been removed by the author.
കൊമ്പന്‍ said...

kalika praskthamaaya eyuth valare nannaayirikkunnu abinandanagal

അന്നവിചാരം said...

ഏതോ ഒരു വനിതാപ്രൊഫസറോട് കേരളീയ വേഷത്തില്‍ വരണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തിരിച്ചുചോദിച്ചുവത്രേ!
“എന്‍റെ അമ്മ മുണ്ടും ജാക്കറ്റുമായിരുന്നു ധരിച്ചിരുന്നത്..അമ്മൂമ്മ മുണ്ടും മേല്‍മുണ്ടുമായിരുന്നു ധരിച്ചിരുന്നത്..അവരുടെ അമ്മ ജാക്കറ്റ് തന്നെ ധരിക്കാറില്ലായിരുന്നു..അങ്ങിനെ വന്നാല്‍ മതിയോ?”..ഇളിഭ്യരായി കുട്ടികള്‍ പോയി...

പറഞ്ഞതെല്ലാം ശരിയാണ് കേരളീയമെന്ന വേഷപാരമ്പര്യമൊന്നും പറയാനില്ല...
നല്ല ലേഖനം അഭിനന്ദനങ്ങള്‍...

സൃഷ്ടാവ് said...

ഓണത്തിന് മുണ്ടും നേര്യേതും ഉടുക്കുന്നത് എന്തോ അപാകതയുള്ള (സവർണ്ണ അഭിനിവേശം) കാര്യമാണെങ്കിൽ നമുക്ക് ഇത്തിരികൂടി പിന്നോക്കം പോയാലോ. ആധുനിക വസ്ത്രം ഉടുക്കുന്നതിൽ ലജ്ജയുള്ളവർക്ക് സന്തോഷവുമാവും. ഞാൻ ഉദ്ദേശിച്ചത് ഒരു ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുമ്പുള്ള വസ്ത്രധാരണരീതിയാണ്. അന്ന് മുണ്ടുതന്നെ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതും നല്ലതാണ്. അതാവുമ്പോ അനുകരിച്ചു എന്നു പറയുകയും ഇല്ല.

‘മഹാഭാരത‘ക്കാലത്ത് എല്ലാവരും മുല കാണിച്ചാണോ നടന്നിരുന്നത്. എന്തൊരു സുന്ദരമായ കാലം. അന്ന് ഇപ്പോഴുള്ള ഞരമ്പുരോഗികൾ ജനിച്ചിട്ടുണ്ടാവുമോ?

Jomy said...

പൊരിയുന്ന വേനലില്‍ കോട്ടും സുട്ടും ടൈയും കെട്ടി വിയര്‍ത്തൊലിക്കുന്ന ' മാര്‍ക്കറ്റിംഗ് തൊഴിലാളികളെ' കാണുമ്പോള്‍ വിവരമില്ലയമയുടെ കോമാളി രൂപങ്ങളയിട്ടാണ് തോന്നുന്നത് .ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ മാനസികമായ അടിമത്ത മാണ് ഇത്തരത്തില്‍ ഉള്ള കോമാളി രൂപങ്ങ ളെ സൃഷ്ടിക്കുന്നത് ..ടൈ കെട്ടുന്നത് എന്തിനെന്നു അറിയാതെ വെറുതെ അങ്ങു കെട്ടി അനുകരിക്കുന്നു.പാശ്ചാത്യര്‍ അവരുടെ തണുത്ത കാലാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ കാലാവസ്ഥയുമായി ഒട്ടും യോജി ക്കത്തതാണ് .കേരളത്തിലെ വിദ്യാലയങ്ങളില്‍ അടിച്ചേല്പ്പിക്കുന്ന വിദേശ രീതിയിലുള്ള യുനിഫോമസ് ഇതിലും ദയനിയമാണ്.മഴക്കാലമായാല്‍ നനഞ്ഞു നാറുന്ന സോക്ക്സും ഷൂകളും .വേനലില്‍ ഉഷണ ത്തിന്റെ വിയര്‍പ്പും ചൂടും .
http://malayalatthanima.blogspot.in