ശ്രീ: ജീവനുള്ള മറുപടി
'പ്രൊഫ: സുധീഷ് ചെരിപ്പൂരി അടിക്കുമോ?' എന്ന തലക്കെട്ടില്‍ ഞാനെഴുതിയ കുറിപ്പിനെ വിമര്‍ശിച്ച് ശ്രീ: ജീവന്‍ 05.11.2010 ന് എഴുതിയ കുറിപ്പ് ഇന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. ശ്രീ: ജീവന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: '' സുകുമാരേട്ടാ (ആരാണാവോ ഈ 'സുകുമാരന്‍')......തീരെ നിലവാരം പോര. എം.എന്‍. വിജയന്‍ മാഷേ വിമര്‍ശിക്കുന്നതിനും ഒരു നിലവാരം വേണം. ഇതു നാലാം ക്‌ളാസിലെ പിള്ളേര്‍ തമ്മില്‍ തെറി വിളിക്കുന്ന പോലെയായി കഷ്ടം...!''
അഭിപ്രായത്തെ മാനിക്കുന്നു. ഓരോരുത്തര്‍ക്കും അവരുടെതായ നിലവാരമാണല്ലോ ഉള്ളത്. അവര്‍ണ ജനവിഭാഗത്തിന് എല്ലാവിധ മാനുഷികാവകാശങ്ങളും നിഷേധിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരെ 'ധര്‍മ്മരാജക്കള്‍' എന്നായിരുന്നല്ലോ വിശേഷിപ്പിച്ചിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് 'ധര്‍മ്മം'. അവര്‍ണരെ സംബന്ധിച്ചിടത്തോളം അത് 'നിന്ദ്യം, നീചം, നികൃഷ്ടം'. ഇതു പോലെത്തന്നെയാണ് 'നിലവാര'ത്തിന്റെ കാര്യവും. ശ്രീ: ജീവന്റെ 'നിലവാരം' എനിക്കില്ല; എന്റെ 'നിലവാരം' ശ്രീ: ജീവനുമില്ല. ഇതില്‍ ഏതു നിലവാരമാണാവോ ശരി ? ഏതായാലും എന്റെ നിലവാരമേ എനിക്ക് പ്രകടിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ആ നിലവാരം വച്ചാണ് ഞാന്‍ എഴുതിയത്. അതില്‍ ശരിയുണ്ടെന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്.
സംവരണ വിഷയത്തില്‍ പി.കെ.നാരായണപ്പണിക്കര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തന്നെയാണ് മറ്റൊരു രീതിയില്‍ എം.എന്‍.വിജയനും ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ നാരായണപ്പണിക്കര്‍ മാന്യനാണ്. കാരണം അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വിപ്‌ളവം പോരെന്ന് പറയുന്ന സൂപ്പര്‍ വിപ്‌ളവകാരിയല്ല. അദ്ദേഹം നായര്‍ സമുദായ നേതാവാണ്. നായന്മാര്‍ക്ക് നേട്ടമുള്ളത് അദ്ദേഹം പറയുന്നു. ഇതില്‍ കാപട്യമില്ല. എന്നാല്‍, സൂപ്പര്‍ വിപ്‌ളവകാരിയായ എം.എന്‍.വിജയന്‍ മാഷ് അതി വിപ്‌ളവം പറഞ്ഞുകൊണ്ടാണ് 'കേരളീയര്‍ സാധ്യമായ വിധത്തില്‍ സമത്വം നേടിയ സമുദായമാണ്' എന്ന സവര്‍ണവാദം ഉന്നയിക്കുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'കേരള പഠനം' വായിച്ചാല്‍ ഈ 'സമത്വം' എന്താണെന്ന് ബോധ്യമാകും.
ഇന്ത്യയില്‍ ഓരോ മണിക്കൂറിലും രണ്ട് ദലിതര്‍ കയ്യേറ്റം ചെയ്യപ്പെടുന്നു. ഓരോ ദിവസവും മൂന്ന് ദലിത് സ്ത്രീകള്‍ ബലാത്സംഗംചെയ്യപ്പെടുന്നു. ഓരോ ദിവസവും രണ്ട് ദലിതര്‍ കൊല ചെയ്യപ്പെടുന്നു. ഓരോ ദിവസവും രണ്ട് ദലിത് കുടിലുകള്‍ ചുട്ടെരിക്കപ്പെടുന്നു......ഇങ്ങനെയുള്ളൊരു നാട്ടില്‍ നിന്നാണ് 'ഇന്ത്യന്‍ വര്‍ഗ്ഗീയത ശവമായിരിക്കുന്നുവെന്നും ആ ശവത്തില്‍ കുത്തുന്നതില്‍ അര്‍ത്ഥമില്ല' എന്നും എം.എന്‍.വിജയന്‍ മാഷ് വിളിച്ചുകൂവിയത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, 'അത് കുട്ടികള്‍ക്കുള്ള കളിപ്പാട്ടം പോലെയാണെന്നും കുറെ നേരം തട്ടിക്കളിച്ച് ക്ഷീണിക്കുമ്പോള്‍ പോയി കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും' എന്നാണ് മറുപടിയായി പറഞ്ഞത്. ഒരു നിശ്ചിത വിഷയത്തില്‍ അഭിപ്രായം ചോദിച്ചാല്‍ അതിന് വ്യക്തമായ മറുപടി പറയുക എന്നതാണ് മാന്യമായ രീതി. 'മാധവി എവിടെയെന്നു ചോദിച്ചാല്‍ മാധവന്‍ നായര്‍ക്ക് മൂലക്കുരുവാണ്' എന്ന രീതിയിലുള്ള മറുപടി പറയുന്നത് തനി കാപട്യമാണ്. ഇക്കാര്യത്തില്‍ പി.കെ.നാരായണപ്പണിക്കര്‍ക്കുള്ള നിലപാടാണ് എം.എന്‍.വിജയന്‍ മാഷിനുള്ളതെങ്കില്‍ എന്തുകൊണ്ട് അത് തുറന്നു പറഞ്ഞുകൂടാ? കുറച്ചു പുളിക്കും! മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി മാത്രം തന്നെ തോളിലേറ്റി നടക്കുന്ന ലീഗുകാര്‍ക്ക് എതിര്‍പ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയാല്‍ അവര്‍ തോളില്‍ നിന്നു താഴെയിടും. അപ്പോള്‍ ഞഞ്ഞാപ്പിഞ്ഞയേ പറയാന്‍ സാധിക്കുകയുള്ളൂ. ഇദ്ദേഹത്തിന്റെ ഇത്തരം കാപട്യങ്ങള്‍ (മേല്‍ സൂചിപ്പിച്ചവ) തുറന്നു കാണിച്ച് ഞാന്‍ '' 'പാഠം' പഠിപ്പിക്കുന്ന ബുദ്ധിജീവിയുടെ വെളിപാടുകള്‍'' എന്ന തലക്കെട്ടില്‍ 'കേരള ശബ്ദ'ത്തില്‍ (14.01.2007) ലേഖനമെഴുതിയിരുന്നു. കൂടാതെ 'സമീക്ഷ'യിലും മറ്റൊരു മാസികയിലും ലേഖനമെഴുതിയിട്ടുണ്ട്. ആദ്യം പറഞ്ഞ ലേഖനം ഏറെ താമസിയാതെ പോസ്റ്റ് ചെയ്യുന്നതാണ്.
'ഇതു നാലാം ക്‌ളാസിലെ പിള്ളേര്‍ തമ്മില്‍ തെറി വിളിക്കുന്ന പോലെയായി കഷ്ടം...!' എന്നാണല്ലോ വിമര്‍ശനം. എല്‍.പി.സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ വച്ച് അദ്ധ്യാപകനെ വെട്ടിക്കൊന്ന നിലപാടിനെ താത്ത്വിക പരിവേഷം നല്‍കി പ്രസംഗിച്ചു നടന്നത് ശരിയെന്നത് ശ്രീ: ജീവന്റെ 'നിലവാരം'. അങ്ങനെയും ഇങ്ങനെയും (മുകളില്‍ സൂചിപ്പിച്ച പോലെയുള്ളത്) പറഞ്ഞത് തെറ്റാണെന്നുള്ളത് എന്റെ 'നിലവാരം' എന്നു പറഞ്ഞു നിര്‍ത്തട്ടെ.
..............
5 comments:
പല അവര്‍ണരും കരുതിയിരിക്കുന്നത് എം എന്‍ വിജയന്‍ ഒരു തീയനാണെന്നാണ്. അദ്ദേഹം ഒരു മേനോനാണ്. ഒരു മേനോനു യോജിച്ച രീതിയിലാണ് അദ്ദേഹം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത്.
ഇപ്പോഴും ഈ ജാതിയൊക്കെ ഉണ്ടോ
കല്യാണം കഴിക്കാത്ത ഒഴാക്കന്‍ മറ്റുള്ളവരുടെ കല്യാണങ്ങളില്‍ പങ്കെടുക്കുകയും 'കല്യാണ രാഷ്ട്രീയം' പഠിക്കുകയും ചെയ്യുക. അപ്പോള്‍ ബോധ്യമാകും.
സവര്‍ണനോ അസവര്‍ണനോ എന്നതല്ല പ്രശ്‌നം. സവര്‍ണതയുണ്ടോ എന്നതാണ് പ്രശ്‌നം. കെ.വേണു സവര്‍ണനാണ്. അവര്‍ണയെ കല്യാണം കഴിച്ചു. മക്കളും ഈ നിലപാടു തന്നെയാണ് സ്വീകരിച്ചത്. സവര്‍ണതയ്‌ക്കെതിരെ ശക്തമായ നിലപാടുള്ള വ്യക്തിയാണ് കെ.വി. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.
ജന്മം കൊണ്ടുണ്ടായ ജാതിയല്ല; നിലപാടാണ് പ്രശ്‌നം. ഈ അര്‍ത്ഥത്തില്‍ പ്രൊ:എം.എന്‍. വിജയന്‍ ഒരു സവര്‍ണവാദി തന്നെയായിരുന്നു.
പ്രിയ സായ് കിരണ്‍,
താങ്കളുടെ മനസ്സിനോട് യോജിക്കുന്നു. മനസ്സിനെ ഇഷ്ടപ്പെടുന്നു. പക്ഷേ, ജാതിയും മതവും അവമൂലമുള്ള ഉയര്‍ച്ച താഴ്ചകളും അതി രൂക്ഷമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ കേവലമായ ജാതി-മത വിരോധത്തില്‍ യാതൊരു അര്‍ത്ഥവുമില്ല കിരണ്‍. കടുത്ത നിരീശ്വരവാദിയായിരുന്ന സഹോദരനയ്യപ്പന്‍ 'ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട മനുഷ്യന്' എന്നു പറഞ്ഞ വ്യക്തിയാണ്. പക്ഷേ, സഹോദരനയ്യപ്പന്‍ ഇപ്പോഴത്തെ മിക്ക സവര്‍ണ യുക്തിവാദികളെയും പോലെ കേവല യുക്തിവാദിയായിരുന്നില്ല. 'ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട മനുഷ്യന്' എന്നു പറഞ്ഞ സഹോദരന്‍, 'ജാതി ചോദിക്കണം; പറയണം; ചിന്തിക്കണം ' എന്നുകൂടി പറഞ്ഞു. ഇതിന്റെ ഉള്‍ക്കാമ്പ് എന്തെന്ന് കേവല യുക്തിവാദികള്‍ക്ക് അറിയില്ല. അറിഞ്ഞാലും അംഗീകരിക്കുകയുമില്ല. ഇതുകൂടി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്തു വിപ്ലവം പറഞ്ഞാലും സവര്‍ണ്ണ ജാതി ബോധം എന്നത് ഭംഗിയായി ഒളിപ്പിച്ചുവക്കപ്പെടും. അതിനെ തകര്‍ക്കാന്‍ ജാതിപ്പേരെടുത്ത് പെരുമാറുകതന്നെ വേണം.
കാരണം സവര്‍ണ്ണ ജാതിപ്പേരിനകത്താണ് ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വര്‍ഗ്ഗീയശക്തി കുടികൊള്ളുന്നത്.
അവര്‍ണ്ണ ജാതിപ്പേരുകളൊന്നും സത്യത്തില്‍ അവര്‍ അഭിമാനപൂര്‍വ്വം അണിഞ്ഞ ജാതിപ്പേരുകളല്ല.ഹൈന്ദവ വര്‍ഗ്ഗീയതക്കു പുറത്തുള്ള ജനങ്ങളെ അടയാളപ്പെടുത്തി ജീര്‍ണ്ണിപ്പിച്ച് ഹൈന്ദവ സവര്‍ണ്ണതക്ക് വളമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി
നല്‍കപ്പെട്ട ജോലിയുടെ നുകങ്ങളാണ് അവര്‍ണ്ണ ജാതിപ്പേരുകള്‍.
Post a Comment