പച്ചക്കുതിര മാസിക-ഒക്‌ടോബര്‍, 2010
പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവമല്ല
ശങ്കരനാരായണന്‍ മലപ്പുറം
2010 ജൂണ്‍ ലക്കം 'പച്ചക്കുതിര'യില്‍ ഞാനെഴുതിയ ലേഖനത്തെ വിമര്‍ശിച്ച് ജൂലൈ ലക്കത്തില്‍ ശ്രീ: എസ്.ജയന്‍ എഴുതിയത് വായിച്ചു. ലേഖനം മുഴുവന്‍ വായിക്കാതെയാണ് മറുപടി തയ്യാറാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്ന ശമ്പളക്കാരെക്കുറിച്ച് എഴുതിയ ഞാന്‍ പ്യൂണിനെയും പാര്‍ട്-ടൈം സ്വീപ്പറെയും ഉദാഹരണമാക്കിയില്ല എന്നാണ് ആരോപണം. മറുപടി എഴുതിയപ്പോള്‍ എന്റെ ലേഖനത്തിലെ അവസാന വാചകം (ഏറ്റവും ചുരുങ്ങിയത് തന്റെ സ്ഥാപനത്തിലെ പാര്‍ട്-ടൈം സ്വീപ്പര്‍ക്ക് എത്ര രൂപയാണ് ആനുകൂല്യം കിട്ടിയത് എന്നതു വച്ചെങ്കിലുമാണ് ഇതിനെ അളക്കേണ്ടത്) മറന്നാണ് ജയന്‍ ഈ വിമര്‍ശനമുന്നയിച്ചത്. പണ്ടത്തെ താപ്പാനകളെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാര്‍ കുറേക്കൂടി നല്ലവരാണെന്ന അഭിപ്രായം എനിക്കും ഉള്ളതുകൊണ്ട്, ജീവനക്കാരുടെ സമീപനത്തില്‍ കുറെയൊക്കെ മാറ്റം വന്നു എന്ന അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു. രോഗഗ്രസ്ഥമായ സിവില്‍ സര്‍വ്വീസിനെക്കുറിച്ചും കാലാഹരണപ്പെട്ട സിവില്‍ സര്‍വ്വീസ് നിയമങ്ങളെക്കുറിച്ചും ജയന്‍ വേവലാതിപ്പെടുന്നുണ്ട്. ഇക്കാര്യം ശരി തന്നെ. ഇവയിലൊക്കെ കാലോചിതമായ മറ്റം വരുത്തേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ, പൊതുജനങ്ങളോട് സ്‌നേഹമായി പെരുമാറാന്‍ ഈ നിയമങ്ങളൊന്നും തടസ്സമായി നില്‍ക്കുന്നില്ല.
ആശ്രിത നിയമനത്തെയും പ്രസവാവധിയെയും ഞാന്‍ ദു:സൂചനയോടെ കണ്ടു എന്നു പറയുന്നു. ഇങ്ങനെ കണ്ടിട്ടില്ല. ഈ ആനുകൂല്യങ്ങളെല്ലാം കിട്ടുന്നവര്‍ ഇതൊന്നും കിട്ടാത്തവരോട് കരുണ കാണിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. ജോലിഭാരം കൂടിയതിനാല്‍ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നു എന്നു പറയുന്നു. ചില ഓഫീസുകളില്‍ ആവശ്യത്തിനു വേണ്ട ജീവനക്കാരില്ല എന്നതൊരു സത്യം തന്നെ. ഇതിനു പരിഹാരം കാണുക തന്നെ വേണം. അവധി ദിവസങ്ങളില്‍ പണിയെടുക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണം അവധി ദിവസങ്ങള്‍ അധികമുള്ളതുകൊണ്ടാണ്. ഈ ആഗസ്റ്റില്‍ തന്നെ 10 പൊതു അവധികളുണ്ട്; സെപ്തംബറില്‍ എട്ടും. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി കൊടുക്കുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും അവധികള്‍ക്കുള്ള മുറവിളി വീണ്ടും വീണ്ടും ഉയരുന്നത്.
ജോലിയിലിരിക്കുമ്പോള്‍ തന്നെ ('പെന്‍ഷന്‍ വിപ്‌ളവം' വരുന്നതിനു മുമ്പു തന്നെ-പെന്‍ഷന്‍ പറ്റിയതിനു ശേഷമുള്ള വിപ്‌ളവം എന്നൊരു പരിഹാസം കേള്‍ക്കുകയുണ്ടായി-അവധികള്‍ വാരിക്കോരി നല്‍കുന്നതിനെതിരെ രണ്ട് ലേഖനങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാരുടെ ജനവിരുദ്ധ നിലപാടുകളെ വിമര്‍ച്ചിച്ച് 'കേരളശബ്ദ'ത്തിലും ലേഖനമെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ എട്ടു മിനിക്കഥകളും എഴുതിയിട്ടുണ്ട്). നേരത്തേ എഴുതിയതിന്റെ തുടര്‍ച്ചയാണ് എഴുതുന്നതെന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നുവെങ്കിലും കലിയോടെ ലേഖനം വായിച്ചവര്‍ ആദ്യം വായിച്ചത് മറന്നു പോയി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ ശങ്കരനാരായണന്‍ അര്‍ഹനല്ല എന്നാണ് ലേഖനം വായിച്ചപ്പോള്‍ ചിലര്‍ പഠിച്ച പാഠം. തളിപ്പറമ്പിലും റാന്നിയിലുമൊക്കെ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ നിന്നു മുങ്ങി മലപ്പുറത്ത് പൊങ്ങിയിരുന്നുവെന്നും ഫോണാരോപണം ഉണ്ടായി. തളിപ്പറമ്പിലും റാന്നിയിലും ജോലി ചെയ്തിരുന്ന കാലത്ത് ഭക്ഷണം കഴിച്ചിരുന്നത് ആ രണ്ടു താലൂക്കിലെയും ഏതെങ്കിലും കടകളില്‍ നിന്നായിരുന്നു; മലപ്പുറത്തെ മുണ്ടുപറമ്പില്‍ നിന്നായിരുന്നില്ല. ഇങ്ങനെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് ഇത്തരമൊരു ലേഖനമെഴുതാന്‍ എനിക്ക് ആത്മധൈര്യം കിട്ടിയത്.
പെന്‍ഷനറായ എന്നോട് അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവരെ ചെന്നുകാണാന്‍ ജയന്‍ ഉപദേശിക്കുന്നുണ്ട്. എനിക്കതിന്റെ ആവശ്യമില്ല. ഞാനും എത്രയോ അവധി ദിവസങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയല്ല ഞാനെഴുതിയത്. പ്രവൃത്തി ദിവസങ്ങളില്‍ ജോലി ചെയ്യാത്തവരെക്കുറിച്ചാണ്. ഒരു ഞായറാഴ്ച ദിവസമായിട്ടും വൈകീട്ട് നാലു മണിവരെ ഓഫീസില്‍ ജോലി ചെയ്തിട്ട് വരുന്ന വഴിക്ക് വാങ്ങിയ 'പച്ചക്കുതിര'യിലെ ലേഖനം ബസ്സിലിരുന്നു വായിച്ചപ്പോള്‍ ഏറെ വേദനയുണ്ടാക്കി എന്നാണ് ജയന്‍ പറയുന്നത്. ഇതില്‍ വേദനപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഞായറാഴ്ച ജോലി ചെയ്യുന്നത് ആത്മാര്‍ത്ഥതയുടെ അടയാളമാണെങ്കിലും അതു വിളിച്ചു പറയാന്‍ തക്ക വലിയ കാര്യമൊന്നുമല്ല. 'പച്ചക്കുതിര' വാങ്ങിയ കടയിലെ തൊഴിലാളിയും യാത്ര ചെയ്ത ബസ്സിലെ തൊഴിലാളിയും ഞായറാഴ്ച ജോലി ചെയ്തിട്ടാണ് കൂലി പറ്റുന്നത്. അന്ന് ജോലി ചെയ്യാതിരുന്നാല്‍ അവര്‍ക്ക് കൂലി കിട്ടില്ല. അന്നു ജോലി ചെയ്യാതിരുന്നാലും ജയന് കൂലി കിട്ടും. ഈ വ്യത്യാസം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ഹൃദയ വിശാലതയാണ് സര്‍ക്കാരുദേ്യാഗസ്ഥനുണ്ടാകേണ്ടത്.
ഞാന്‍ ജോലി ചെയ്ത വകുപ്പില്‍ കാര്യമായും ഫീല്‍ഡ് ജോലിയാണുള്ളത്. ഫാനിന്റെ ചോട്ടിലിരുന്ന് ചെയ്യുന്നതുപോലെ ലാഘവമായി ചെയ്യാന്‍ പറ്റുന്ന ജോലിയല്ലിത്. ഒരു ക്‌ളര്‍ക്ക് അഞ്ചു മണിക്കൂര്‍ ചെയ്യുന്ന ജോലിയേക്കാളും എത്രയോ പ്രയാസമുള്ളതാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഒരു ഇന്‍വെസ്റ്റിഗേറ്റര്‍ ഒരു മണിക്കൂര്‍ ഫീല്‍ഡില്‍ ചെയ്യുന്ന ജോലി. ബസ്സ്റ്റാന്റ് ബില്‍ഡിംഗിലാണ് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസ്. പതിവു പോലെ ഒരു മീറ്റിംഗില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ അവരുടെ ന്യായമായ പ്രയാസങ്ങള്‍ വിവരിച്ചു. ആ സമയത്ത് ബസ്സ്റ്റാന്റില്‍ ടാറിംഗ് ജോലി നടക്കുകയായിരുന്നു. ടാറിന്റെ ചൂടും തീയിന്റെ ചൂടും സൂര്യന്റെ ചൂടും കൊള്ളുന്ന ആ പാവം തൊഴിലാളികള്‍ക്കുള്ളത്ര പ്രയാസമേതായാലും നമുക്കില്ലല്ലോ എന്നാണ് ഞാനവരോട് പറഞ്ഞത്. ഈ പാവങ്ങളുടെ പ്രയാസങ്ങള്‍ക്കു മുമ്പില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ പ്രയാസങ്ങള്‍ ഒന്നുമല്ല. ഈ തിരിച്ചറിവാണ് ഉദേ്യാഗസ്ഥന്മാര്‍ക്ക് വേണ്ടത്.
സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും തുച്ഛ ശമ്പളക്കാരാണെന്ന ജയന്റെ വാദം അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. തുച്ഛം, മെച്ചം എന്നൊക്കെ നിശ്ചയിക്കേണ്ടത് സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാവണം. ഇങ്ങനെ നോക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ളവര്‍ക്ക് തുച്ഛമായ വരുമാനമല്ല ഉള്ളത്. പിന്നെ ജീവിത പ്രയാസങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ക്‌ളര്‍ക്കിനും പ്യൂണിനും മാത്രമല്ല ഉള്ളത്. കാസര്‍ഗോഡു നിന്നു വന്ന് മലപ്പുറത്ത് ജോലി ചെയ്യുന്ന ഉദേ്യാഗസ്ഥന്മാരെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ് കരമനയില്‍ നിന്നു വരുന്ന കല്‍പ്പണിക്കാരും പാണ്ടിനാട്ടില്‍ നിന്നു വരുന്ന പാടത്തുപണിക്കാരുമൊക്കെ. അവര്‍ക്കും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അസുഖം വന്നാല്‍ കോട്ടുവായിട്ടു കിടന്നാല്‍ അവരുടെ അസുഖം മാറില്ല. മറ്റുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതുകൊണ്ട് അവര്‍ക്ക് സ്വന്തമായി വീടുണ്ടാക്കാനുള്ള ആഗ്രഹം ഇല്ലാതാകുന്നില്ല. അവര്‍ക്കും വേണം ജീവിത സൗകര്യങ്ങള്‍. എത്ര തലകുത്തി മറിഞ്ഞാലും ഒരു പ്യൂണിന് കിട്ടുന്ന വരുമാനം ഇപ്പറഞ്ഞ തൊഴിലാളികള്‍ക്കു കിട്ടില്ല. വരുമാനമുണ്ടാക്കാന്‍ അവര്‍ക്ക് മറ്റ് വഴികളുമില്ല. അഞ്ച് ദിവസം കൂലിപ്പണിക്ക് പോയി ഇനി ഒരു ദിവസം വില്ലേജോഫീസില്‍ പോയിരുന്ന നികുതി പിരിക്കാമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് കൊടുക്കാമെന്നും വിചാരിച്ചാല്‍ അതൊരിക്കലും നടക്കില്ല. എന്നാല്‍ ഒരു ഉദേ്യാഗസ്ഥന് വേണമെങ്കില്‍ രണ്ടാം ശനിയാഴ്ചയോ മറ്റു അവധി ദിവസങ്ങളിലോ (നേരാം വഴിക്കാണെങ്കില്‍; അല്ലെങ്കില്‍ പ്രവൃത്തി ദിവസങ്ങളിലും പോകാം) സിമന്റ് പണിക്ക് പോകാന്‍ പറ്റും. മാത്രമല്ല, ഉദേ്യാഗസ്ഥരെപ്പോലെയല്ല കൂലിപ്പണിക്കാരുടെ കാര്യങ്ങള്‍. സാഹചര്യമല്ല ഉദേ്യാഗസ്ഥനെ ഉദേ്യാഗസ്ഥനാക്കിയത്. കഠിനമായ പരിശ്രമങ്ങള്‍ നടത്തി നേടിയെടുക്കുന്നതാണ് ഉദേ്യാഗം. ഉദേ്യാഗസ്ഥന്‍ തേടിയാണ് ഉദേ്യാഗം നേടുന്നത്. എന്നാല്‍, കൂലിപ്പണി കൂലിപ്പണിക്കാരനെ തേടിയെത്തുകയാണ് ചെയ്യുന്നത്. ക്‌ളര്‍ക്ക് പണിയെക്കാള്‍ വരുമാനമുള്ള പണിയാണ് കരിങ്കല്ല്‌കെട്ട് പണിയെങ്കില്‍ ക്‌ളര്‍ക്ക് പണി രാജി വച്ച് നേരെ കരിങ്കല്‍പ്പണിക്ക് പോയാല്‍ മതിയല്ലോ. കരിങ്കല്‍പ്പണിയെക്കാള്‍ സുഖവും സുരക്ഷിതത്വവും വരുമാനവും കൂടുതലായതുകൊണ്ടാണ് ഞാന്‍ സര്‍ക്കാര്‍ ജോലി തേടിപ്പോയതെന്നൂകൂടി വ്യക്തമാക്കട്ടെ.
ആത്മപ്രശംസ പാടില്ലെങ്കിലും ചില കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍, ഞായറാഴ്ച നാലു മണി വരെ ജോലി ചെയ്തുവെന്നുള്ള പ്രസ്താവനയ്ക്ക് മറുപടി നല്‍കുമ്പോള്‍ പ്രതേ്യകിച്ചും, ആത്മപ്രശംസാപരം എന്നു തോന്നിക്കുന്ന കാര്യങ്ങള്‍ പറയേണ്ടി വരും. ജയന്‍ ഞായറാഴ്ച നാലു മണി വരെ ജോലി ചെയ്തുവെന്നാണല്ലോ പറയുന്നത്. ഞായറാഴ്ചകളില്‍ മാത്രമല്ല മറ്റു അനവധി അവധി ദിവസങ്ങളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്റെ ജോലി എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ചെയ്ത ഫീല്‍ഡ് ജോലി പരിശോധിക്കലും ആയതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കലുമായിരുന്നു. എന്നാല്‍ അവധി ദിവസങ്ങളില്‍ ഞാന്‍ ഫീല്‍ഡില്‍ പോയിരുന്നത് ജോലി പരിശോധനയ്ക്കായിരുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജോലിയെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ സഹായിക്കാന്‍ വേണ്ടിയായിരുന്നു. വൈകുന്നേരം നാലു മണിയും കഴിഞ്ഞ് ഇരുട്ടായി ടോര്‍ച്ച് വെളിച്ചത്തില്‍ പാടത്തുനിന്നു കയറിപ്പോന്ന അവസരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.
30 വര്‍ഷത്തെ സേവനകാലത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ എന്ന സംശയം അടിസ്ഥാനമാക്കിയാണ് ഞാന്‍ ലേഖനമെഴുതിയത് എന്ന് ജയന്‍ ആരോപിക്കുന്നുണ്ട്. സംശയത്തോടെയല്ല ആര്‍ജ്ജവത്തോടെത്തന്നെയാണ് ലേഖനമെഴുതിയത്. പൊതുജനങ്ങള്‍ക്ക് നേരിട്ടു ബന്ധമുള്ള വകുപ്പല്ല എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്. പക്ഷേ, അടിസ്ഥാനപരമായി വകുപ്പ് ചെയ്യുന്ന എല്ലാ ജോലികളും ജനങ്ങള്‍ക്കു വേണ്ടിയുള്ളതു തന്നെയാണ്. ആ ജോലി ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ ബോധപൂര്‍വ്വം (മലപ്പുറത്തും മലപ്പുറം ജില്ലയിലെ തിരൂരിലും മാത്രമല്ല റാന്നിയിലും തളിപ്പറമ്പിലും) യാതൊരു ഉപേക്ഷയും കാണിച്ചിട്ടില്ല എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ബലമുള്ളതുകൊണ്ടു കൂടിയാണ് 'പച്ചക്കുതിര'യില്‍ ലേഖനമെഴുതുവാന്‍ എനിക്ക് ധൈര്യം വന്നത്. എഴുതാനുള്ള ധൈര്യം ഇങ്ങനെയൊക്കെ ഉണ്ടായതാണെങ്കിലും ഈ ധൈര്യത്തിന് ധൈര്യം നല്‍കിയത് 27.02.1990 ല്‍ 'ദേശാഭിമാനി' എഴുതിയ മുഖപ്രസംഗമാണെന്നുകൂടി പറഞ്ഞ് നിര്‍ത്തട്ടെ.
..................
5 comments:
ഞാന്‍ 2010 ജൂണ്‍ ലക്കം 'പച്ചക്കുതിര'യില്‍ 'ഒരു അടുത്തൂണ്‍കാരന് പറയാനുള്ളത്' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിന് ജൂലൈ ലക്കത്തില്‍ ശ്രീ: എസ്.ജയന്‍ എന്നയാള്‍ മറുപടി എഴുതുകയുണ്ടായി. അനുകൂലിച്ചും എതിര്‍ത്തുമുള്ള വേറെയും മറുപടികളുണ്ടായിരുന്നുവെന്ന് പത്രാധിപരില്‍ നിന്നു അറിയാന്‍ കഴിഞ്ഞു. ഒട്ടേറെ ഉദ്യോഗസ്ഥന്മാര്‍ നേരിട്ടും ഫോണ്‍ മുഖേനയും ലേഖനത്തെ അതിരൂക്ഷമായി എതിര്‍ത്തു സംസാരിച്ചു. എന്നാല്‍, ഉദേ്യാഗസ്ഥരില്‍ നിന്നു അനുകൂലിക്കാനും വളരെ കുറച്ചുപേര്‍ ഉണ്ടായി. എല്ലാതരം വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമുള്ള എന്റെ മറുപടി ഒക്‌ടോബര്‍ ലക്കം 'പച്ചക്കുതിര'യില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത മറുപടിയാണിത്. ഇതിനുമൊരു മറുപടിയുണ്ടോ?
ഖണ്ഡിക തിരിച്ച് പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കുമല്ലൊ.
ആശംസകളോടെ,
വൈകി വരുന്നെങ്കിലെന്ത്... നേരത്തെ പോണില്ലേ?
''വൈകി വരുന്നെങ്കിലെന്ത്; നേരത്തെ പോണില്ലേ?''
'പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും' എന്ന തലക്കെട്ടില്‍ ഒക്‌ടോ ബര്‍ 04 ന് എഴുതിയ പോസ്റ്റ് വായിക്കുക.
ഹഹഹഹ..... ജന ചൂഷണ വര്‍ഗ്ഗബോധമുള്ള മണ്ണുണ്ണികളായ സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശബോധ നെഗിളിപ്പ്
സ്വാഭാവികം !!! ഇവരെയൊക്കെ ജനം ഓഫീസിലും തെരുവിലും വീട്ടിലും കേറിച്ചെന്ന് ബഹുമാനപൂര്‍വ്വം നല്ല സുന്ദരമനോജ്ഞമായ തെറിപ്പതങ്ങള്‍ കോണ്ട് കോള്‍മയിരുകൊള്ളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഷട്ടിലടിക്കുന്നതുപോലെ ഈ മൂരാച്ചി ചൂഷക വര്‍ഗ്ഗതൊഴിലാളികളെ പരാതികൊണ്ടും കേസുകള്‍കൊണ്ടും
ചക്രശ്വാസം വലിപ്പിക്കാന്‍ ജനത്തിനു കുറച്ച്
വിവരമില്ലല്ലോ എന്നു മാത്രമാണു സങ്കടം.
നേരാംവണ്ണം ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആത്മസംതൃപ്തിയും,ജനങ്ങളുടെ അംഗീകാരങ്ങളും
നിര്‍ലോപം ലഭിക്കുകതന്നെ ചെയ്യും.
Post a Comment