My Blog List

Tuesday, November 23, 2010

അപ്പുണ്ണി

മലപ്പുറം ജില്ലാ എക്കണോമിക്‌സ് ആന്റ് സ്റ്റാസ്റ്റിക്‌സ് സ്റ്റാഫ് കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന 'കിരണം' ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്

കഥ

ശങ്കരനാരായണന്‍ മലപ്പുറം

      ''ഓന്റെ അപ്പുേണ്ണ്യ. ജ്ജെന്തിനാടാ ഒര്ങ്ങി പൊറപ്പെട്ടത്. കൊണ്ടന്നേപ്പിന്നെ ജ്ജാപ്പെണ്ണിന് സുഖംന്ന് പറഞ്ഞത് കൊട്ത്ത്ട്ട്‌ണ്ടോ?''
        ''പിന്നെ. ങ്ങക്ക് മൂന്ന് പേരക്കുട്ട്യാളെ കിട്ടീലേ?''
       ''പ്പെ. നായിന്റെ മോനെ! കളള് കുട്ച്ചാ പളേള കെട്ക്കണം. ന്നെക്കൊണ്ട് പറയിപ്പിക്കേണ്ട ജ്ജ്''
അപ്പുണ്ണി വായ പൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു.
         ''അപ്പോ ആരാ നായ?''
             ''അന്റെ തന്ത!''
    അപ്പുണ്ണി ഒന്നു കൂടി ആടിക്കുഴഞ്ഞു ചിരിച്ചു.
       ''ന്നാലും ന്റെ തളേള. ചവ്ട്ട്യാലും കുത്ത്യാലും മാന്ത്യാലും ങ്ങളെ മരേ്വാള് ഇതുവരെ ന്നെ നായേന്ന് വിളിച്ചിട്ടില്ല. അങ്ങനെങ്ങാനും വിളിച്ചാ ഓളെ ഊരപ്പെട്ടി ഞാം ചവ്ട്ടിപ്പൊട്ടിക്കും''
         ''ചെല്ക്കല്ലെടാ ഉശ്‌രും പുളീംല്ല്യാത്ത നായേ''
           ''ചെല്ച്ചാ ങ്ങളെന്താ ചെയ്യ്വ. മുണ്‌ങ്ങോ?''
 അപ്പുണ്ണി വിരല്‍ ചൂണ്ടി അമ്മയ്ക്കു നേരെ ചെന്നു. ഇത്കണ്ട് അപ്പുണ്ണിയുടെ ഭാര്യ രംഗത്തെത്തി.
         ''ങ്ങക്കെന്താ മന്‍ഷ്യാ പ്രാന്തോ. പെറ്റ തള്ളേന്റെ നേരെയാണോ ചെറയണത്''
          ''ഠേ''
          അപ്പുണ്ണിയുടെ കൈ ഭാര്യയുടെ കവിളത്ത്. പതിവ് പരിപാടിയായതിനാല്‍ അവര്‍ ബഹളം വയ്ക്കുകയോ കരയുകയോ ചെയ്തില്ല. അവര്‍ കൂസാതെ അവിടെത്തന്നെ നിന്നു. വീണ്ടും അടിക്കാനായി കൈ ഓങ്ങി. അപ്പോഴേക്കും മൂത്ത മകള്‍ രംഗത്തെത്തി. അവള്‍ കരഞ്ഞു പറഞ്ഞു.
                ''അമ്മയെ ഇനിയും അടിക്കല്ലേ''
                 'ഠേ''
              ''അടി മകളുടെ കവിളത്തായിരുന്നു. അവള്‍ ഉറക്കെ കരഞ്ഞു. ഇതു കണ്ട് മറ്റു കുട്ടികളും കരഞ്ഞു.
               ''ഠേ! ഠേ! ഠേ!''
                 വീണ്ടും അടിയുടെ ശബ്ദം. തൃപ്തി വരാതെ അപ്പുണ്ണി വീണ്ടും കുട്ടികളുടേയും ഭാര്യയുടേയും നേരെ കുതിച്ചു. കുട്ടികള്‍ പേടിച്ച് വിറച്ചു. അവര്‍ കരച്ചില്‍ നിര്‍ത്തി. പിന്നെ കേട്ടത് തേങ്ങലുകളായിരുന്നു. അവര്‍ അച്ഛമ്മയുടെ അരികിലേക്ക് ചേര്‍ന്ന് നിന്നു. അപ്പോള്‍ അപ്പുണ്ണിക്ക് സമാധാനം കിട്ടിയതുപോലെ. അപ്പുണ്ണി മുറ്റത്തേക്കിറങ്ങി. അതോടെ അന്നത്തെ കലാപരിപാടികള്‍ അവസാനിച്ചു.
                ''എടാ അപ്പുണ്ണേ്യ. യ്യ് കളളും കുടിച്ച് കച്ചറണ്ടാക്കി അന്റെ ഓള്‍ക്കും കുട്ട്യാള്‍ക്കും പെറ്റ തളളക്കും സൈ്വരംന്ന് പറഞ്ഞത് കൊട്ത്തിട്ടുണ്ടോ. അന്നെക്കൊണ്ട് വീട്ട്വാരും അയലോക്കക്കാരും ഒക്കെ തോറ്റു. അന്റെ കളളുകുടിയൊന്നു നിര്‍ത്തിക്കൂടെ അപ്പുണ്ണ്യേ''
          ''ന്റെ കുടീന്റെ കാര്യം ഞാം നോക്കിക്കൊളളാ. അന്റെ ഉപദേശം അന്റെ ഓളോട് പറഞ്ഞാ മതി. ഒന്നു പോടാ കൊലപ്പേ''
         ''കൊലപ്പ'' അയാളുടെ വഴിയും നോക്കിപ്പോയി. അപ്പുണ്ണി കയറ്റിറക്കു ജോലിക്കായി നഗരത്തിലേക്കും.
                വൈകുന്നേരം അപ്പുണ്ണി പതിവു പല്ലവി തെറ്റിച്ചില്ല. ബാറില്‍ പോയി നന്നായി മിനുങ്ങി. മാര്‍ക്കറ്റില്‍ നിന്നു ഒരു കിലോ അയ്‌ക്കോറയും ഓരോ കിലോ വീതം ഓറഞ്ചും മുന്തിരിയും പച്ചക്കറികളും പലചരക്കു സാധനങ്ങളും വാങ്ങി അപ്പുണ്ണി വീട്ടിലേക്കു തിരിച്ചു. നാട്ടില്‍ ബസ്സിറങ്ങിയാല്‍ അപ്പുണ്ണി കുറച്ചു നേരം വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നിരുന്ന് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞ് ചൊറിയാറുണ്ട്. അപ്പുണ്ണി വെയിറ്റിംഗ് ഷെഡ്ഡ് ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് റോഡരികില്‍ ഒരാള്‍ വീണു കിടക്കുന്നത് അപ്പുണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്തോ ആലോചിച്ചു നില്‍ക്കുന്ന പത്ര ഫോട്ടോഗ്രാഫറോട് അപ്പുണ്ണി കാര്യം തിരക്കി. ഫോട്ടോഗ്രാഫര്‍ അപ്പുണ്ണിയെ ശ്രദ്ധിച്ചതേയില്ല. നാളത്തെ വാര്‍ത്തയ്ക്കു നല്‍കേണ്ട തലക്കെട്ടിനെക്കുറിച്ചാലോചിക്കുകയായിരുന്നു അയാള്‍.
          ''റോഡരികില്‍ പ്രാണനു വേണ്ടി ഒരാള്‍. കരുണ വറ്റിയ ജനം നോക്കു കുത്തികളായി! '' അയാള്‍ പതുക്കെ പറഞ്ഞു.
          'എന്താ ചെങ്ങായ് പിറുപിറുക്കണത്. ചോയ്ച്ചത് കേട്ടില്ലേ. ന്തേ അയാള്‍ക്ക് പറ്റീത്?''
           ''കളളു കുടിച്ച് പൂസായി കെടക്ക്വാണ്. അത്രന്നെ''
മറുപടി പറഞ്ഞത് മറ്റൊരാളായിരുന്നു. ആള്‍ സ്ഥലം സാധു സംരക്ഷണ സമിതിയുടെ സെക്രട്ടറിയായിരുന്നു.
             ''അന്റൊപ്പാണോ അയാള് കളള് കുട്ച്ചത്''
     ''ഓ. വര്‍ഗ സ്‌നേഹായിരിക്കും'' എന്ന് മെല്ലെ പറഞ്ഞ് അയാള്‍ അവിടുന്ന് പിന്‍മാറി. പിന്നെ രംഗത്തെത്തിയത് മദ്യ നിരോധന സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു.
             ''കയ്യിലെ കാശും കൊടുത്ത് കളളും കുടിച്ച് അഭിനയിച്ച് കെടക്ക്വാണ് അവന്‍''
             ''അഭിനയിക്കുന്നത് അന്റെ തന്തേന്റെ സിനിമേലോ?'' അപ്പുണ്ണിക്ക് കലി കയറി.
             ''ന്നാ യ്യ് ഓന്റെ ഒപ്പം കെടന്നോ''
            ''അയന് അന്റെ തള്ളേനോട് പറയ്''
              അപ്പുണ്ണി വീണു കിടക്കുന്ന ആളിന്റെ അരികിലേക്കു ചെന്നു. കയ്യിലുണ്ടായിരുന്ന സാധനങ്ങള്‍ നിലത്തു വച്ചു. ആള്‍ക്ക് ജീവനുണ്ടോ എന്നു പരിശോധിച്ചു. ജീവനുണ്ടെന്നു ബോധ്യമായപ്പോള്‍ അപ്പുണ്ണി അയാളെ വാരിയെടുത്ത് അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനരികിലേക്ക് നീങ്ങി.
               ''പറ്റൂല'' ഡ്രൈവര്‍ വിളിച്ചു പറഞ്ഞു.
               ''പിന്നെ എന്തിനാടാ റോഡില്‍ നിര്‍ത്തിയിട്ടത്?''
               ''അന്റെ തറവാട്ടു സ്വത്തല്ലല്ലോ. വണ്ടി എന്റെയല്ലേ.''
              ''അണക്ക്‌ളളത് പിന്നെത്തരാം'' എന്നു പറഞ്ഞ് ആളെയും താങ്ങി അപ്പുണ്ണി റോഡിന്റെ നടുവിലേക്ക് കയറി നിന്നു. ചീറിപ്പാഞ്ഞു വരികയായിരുന്ന ഒരു ജീപ്പു നിര്‍ത്തി. അപ്പുണ്ണി ആളെ ജീപ്പിലേക്കു കയറ്റി. ഏതോ ഒരു അപരിചിതന്‍. ജീവിതത്തിലൊരിക്കലും അപ്പുണ്ണി അയാളെ കണ്ടിട്ടില്ല. എങ്കിലും അയാള്‍ തനിക്കു വളരെ വേണ്ടപ്പെട്ടവനാണെന്ന് അപ്പുണ്ണിക്ക് തോന്നി. അയാളുടെ തല അപ്പുണ്ണി തന്റെ മടിയിലേക്കു വച്ചു. അയാളുടെ വായ് രണ്ടു മൂന്നു തവണ അപ്പുണ്ണി മണത്തു നോക്കി. അപ്പുണ്ണിക്ക് കിട്ടിയത് നിസ്സഹായതയുടെ മണം മാത്രമായിരുന്നു. അപ്പുണ്ണിയുടെ മുഖം ദേഷ്യം കൊണ്ടു ചെമന്നു. ജീപ്പിനു ചുറ്റും തടിച്ചു കൂടിയവരെ അപ്പുണ്ണി രൂക്ഷമായി നോക്കി. കടുത്ത തെറികള്‍ അപ്പുണ്ണിയുടെ നാവില്‍ വന്നെങ്കിലും അതു പുറത്തു ചാടിയില്ല. അമ്മയുടെ മടിയില്‍ കൊച്ചു കുഞ്ഞെന്ന പോലെ കിടക്കുന്ന പാവത്തിന്റെ ജീവനെക്കുറിച്ചുളള വേവലാതിയില്‍ അപ്പുണ്ണിയുടെ പക സങ്കടത്തിന് വഴിമാറിക്കൊടുത്തു. അപ്പുണ്ണിയുടെ കണ്ണു നിറഞ്ഞു. ജീപ്പ് 
ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു.
...........................

7 comments:

chithrakaran:ചിത്രകാരന്‍ said...

നല്ല കഥ.
കള്ളുകുടിയനും,അക്രമിയും,പെണ്ണുപിടിയനും,വേശ്യയും,
കൊലപാതകിയും,മോഷ്ടാവും,ഭിക്ഷക്കാരനും.... എല്ലാം ഒരു അമ്മ
പെറ്റ മനുഷ്യ ജീവികളാണ്. സത്യത്തില്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയുടെ ബാഹ്യ ലക്ഷണങ്ങളാണവര്‍.
തിന്മക്ക് ഭരണത്തില്‍ മുഖ്യപങ്കാളിത്വമുള്ള ഭരണവ്യവസ്ഥ നിലവിലുള്ളതിനാല്‍ പഴുപ്പും ചലവുമായിത്തീരുന്ന സമൂഹ ശരീരത്തിലെ ധീരകോശങ്ങളെയാണ് അല്ലെങ്കില്‍ രക്തസാക്ഷികളെയാണ് നാം സാമൂഹ്യ വിരുദ്ധരായി
അടയാളപ്പെടുത്തി നമ്മുടെ സങ്കുചിത മാന്യതയുടെ
“ഠ” വട്ടങ്ങളില്‍ മര്യാദ രാമന്മാരായി അഭിനയിച്ചു തകര്‍ക്കുന്നത്. കപടമായ സമൂഹം !!!

പാമരന്‍ said...

!

ഹംസ said...

നല്ല കഥ... !!

മഹേഷ്‌ വിജയന്‍ said...

ഇഷ്ട്ടപ്പെട്ടു സുഹൃത്തേ.. വളരെ നല്ല കഥ..

ഐക്കരപ്പടിയന്‍ said...

വീട്ടുകാരെ തല്ലുന്ന, പെറ്റമ്മയെ തെറിവിളിക്കുന്ന, കള്ള് കുടിയന്‍റെ ഹൃദയം പോലുമില്ലാത്ത സാമാന്യ ജനത്തിന്‍റെ നിസ്സംഗതയെ നന്നായി വരച്ചു കട്ടി..ആശംസകള്‍ !

ഭൂതത്താന്‍ said...

സലിം ഭായി പറഞ്ഞപോലെ ....പൊതുജനത്തിന്റെ നിസംഗതയെ നന്നായി ചൂണ്ടിക്കാട്ടി ....പിന്നെ കള്ള് കുടിച്ചു വഴിയില്‍ കിടപ്പ് ഒരു ശീലമാക്കിയവന്‍....മറ്റുള്ള ആളുകളെ കൂടി തെറ്റിധാരണക്കും പാത്രമാക്കാരുണ്ട്

അംജിത് said...

ബാറില്‍ നിന്നും നന്നായി മിനുങ്ങി ഇറങ്ങി വരുന്ന അപ്പുണ്ണിക്ക് മദ്യത്തിന്റെ മണം കിട്ടുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.(കഥയില്‍ ചോദ്യമില്ലെങ്കിലും)