ശങ്കരനാരായണന് മലപ്പുറം
'പള്ളി' എന്ന പേരു കേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ്മയില്‍ വരിക മുസ്ലീം-ക്രിസ്ത്യന്‍ പള്ളികളായിരിക്കും. 'പള്ളി' എന്ന വാക്ക് അറബിയോ ലാറ്റിനോ ഇംഗ്ളീഷോ മലയാളമോ സംസ്കൃതമോ അല്ല. 'പാലി'യിലുള്ള വാക്കാണ് 'പള്ളി'. 'പാലി' ബുദ്ധമത ഭാഷയാണ്. ബുദ്ധവിഹാരങ്ങളെയാണ് 'പള്ളി' എന്നു വിളിച്ചിരുന്നത്.
''സ്നാനമശ്വം ഗജം മത്തം
ഋഷഭം കാമമോഹിതം
ശൂദ്രമക്ഷര സംയുക്തം
ദുരത:പരിവര്‍ജ്ജ്യയേല്‍''
കുളിച്ചു വരുന്ന കുതിര, മദമിളകി വരുന്ന ആന, കാമാവേശം പൂണ്ട കാള, അക്ഷരം പഠിച്ച ശൂദ്രന്-ഇവരെ കണ്ടാല്‍ ഓടണം എന്ന സംസ്കാരത്തിനെതിരെ വന്ന ശ്രീബുദ്ധന് വിദ്യക്ക്് വളരെയേറെ പ്രാധാന്യം കൊടുത്തു. വിദ്യ അഭ്യസിപ്പിക്കുന്നതിനായി 'പള്ളി'കളോടനുബന്ധിച്ച് കൂടങ്ങളുണ്ടാക്കി. വിദ്യാലയങ്ങള്‍ക്ക് 'പള്ളിക്കൂടം' എന്നു പേര് വന്നതു ഇങ്ങനെയാണ്. 'പള്ളി'യുമായി ബന്ധപ്പെട്ടു കിടക്കുന്ന ധാരാളം സ്ഥലങ്ങള്‍ (മുല്ലപ്പള്ളി, കടന്നപ്പള്ളി, കരുനാഗപ്പള്ളി, പള്ളിപ്പുറം, പള്ളിക്കല്‍, പള്ളിവാസല്‍, പള്ളിത്തുറ എന്നിങ്ങനെ ധാരാളം സ്ഥലങ്ങള്‍) കേരളത്തിലുണ്ട്. അവിടങ്ങളിലെല്ലാം ഒരുകാലത്ത് പ്രസിദ്ധങ്ങളായ ബുദ്ധപ്പള്ളികളുണ്ടായിരുന്നു. ഒരു കാലത്ത് ബുദ്ധമതം കേരളത്തിലാകെ വ്യാപിച്ചിരുന്നു. മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ മതപ്രചാരണം തുടങ്ങിയ കാലത്ത് ഇവിടെയുണ്ടായിരുന്ന ജനവിഭാഗങ്ങളുടെ ആരാധനാലയത്തിന്റെ പേരു തന്നെ അവരുടെ ആരാധനാലയങ്ങള്‍ക്കും നല്കി. ഇങ്ങനെയാണ് മുസ്ലീം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് 'പള്ളി' എന്നു പേര് വന്നത്. ശ്രീബുദ്ധന് ശാസ്താവ് എന്നു പര്യായപദമുണ്ട്. ശാസ്താവാണ് ചാത്തനായി ലോപിച്ചത്. വര്‍ണ നിയമ പ്രകാരം 'പാപയോനി'കളില്‍ ജനിച്ച ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെയും ചാതുര് വര്‍ണ്യത്തിലെ ശൂദ്രന്മാരായി കണക്കാക്കിയിരുന്ന നായന്മാരുടെയും പൂര്‍വ്വീകരായിരുന്നു ഈ ബുദ്ധമതാനുയായികള്‍. ചാത്തന്, ചാപ്പന്, ചാത്തു, ചാത്തുക്കുട്ടി, ചാത്തുക്കുട്ടി നായര്‍ തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുന്നവരും ഉപയോഗിച്ചിരുന്നവരും ഈ വിഭാഗക്കാരാണല്ലോ. എങ്കിലും, 'ചാത്തന്' എന്ന പേര് ദലിതരിലാണ് കൂടുതലുള്ളത്.
ബുദ്ധമതവുമായി ബന്ധപ്പെട്ട് കുറച്ച് ചരിത്രം ഇവിടെ കുറിക്കാന്‍ കാരണം ബുദ്ധമതമായും ശാസ്താവുമായും ബന്ധപ്പെട്ടു കിടക്കുന്ന 'ചാത്തന്' വിഷയമായതുകൊണ്ടാണ്. വ്യാജ മരുന്നുകളെ വിശേഷിപ്പിക്കാന്‍ 'മലയാള മനോരമ'ദിനപത്രം സ്ഥിരമായി പ്രയോഗിച്ചു വരുന്ന ഒരു വിശേഷണമാണ് 'ചാത്തന് മരുന്ന്' എന്നത്.
വ്യാജ മരുന്നുകളെക്കുറിച്ച് എഴുതുക തന്നെ വേണം. അത് അഭിനന്ദനാര്‍ഹമായ കാര്യം തന്നെ. ആരോഗ്യ രംഗം, പ്രതേ്യകിച്ച് അലോപ്പതി രംഗം അത്രമാത്രം കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തിന്റെ ഒരു സ്നേഹിതന് അയാളുടെ അമ്മയ്ക്കു ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് വാങ്ങാനായി ടൗണിലെ മിക്ക മെഡിക്കല്‍ ഷോപ്പുകളിലും പോയത്രെ. അവിടൊന്നും പ്രസ്തുത മരുന്നില്ല. അയാളെ പരിചയമുള്ള ഒരു ഫാര്‍മസിസ്റ്റ് പറഞ്ഞത്, ഡോക്ടറുടെ അളിയന്റെ ഒരു മെഡിക്കല്‍ ഷോപ്പുണ്ട്. അവിടെ തീര്‍ച്ചയായും ഉണ്ടാകും എന്നായിരുന്നു. അതു ശരിയായിരുന്നു. ആ മരുന്നിന്റെ 'കഥ' ഫാര്‍മസിസ്റ്റ് പറഞ്ഞത്രെ. രണ്ടു ഡോക്ടര്‍മാര്‍ ചേര്‍ന്നു നടത്തുന്ന മരുന്നു കമ്പനി. ഒരു ഡോക്ടറുടെ ഭാര്യയുടെ പേരിന്റെയും മറ്റൊരു ഡോക്ടറുടെ ഉമ്മയുടെ പേരിന്റെയും അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതത്രെ മരുന്നിന്റെ പേര്. അതു കുറിച്ചുകൊടുക്കാന്‍ ആതേ ആശുപത്രിയിലെ വേറൊരു ഡോക്ടര്‍. അതു വില്ക്കാന് ആ ഡോക്ടറുടെ അളിയനും!
മെഡിക്കല്‍ നിയമമനുസരിച്ച് മരുന്നുകളുടെ ബ്രാന്റ് നാമം ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുവാന്‍ പാടില്ല. രാസനാമം മാത്രമേ കുറിച്ചു കൊടുക്കാവൂ. പക്ഷേ, ഈ നിയമമൊക്കെ കടലാസ്സില്‍ കിടക്കുകയാണ്. പാവം രോഗികള്‍! ഡോക്ടര്‍മാര്‍ കമ്മീഷന് വാങ്ങി കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാരുടെ അളിയന്മാരുടെയും കാമുകിമാരുടെയും കടകളിലോ ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും ബന്ധമുള്ള മറ്റു മരുന്നു കടകളിലോ പോകണം. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആരോഗ്യ നയത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലം കുറേയായി. ഡോ: ബി.ഇക്ബാലും മറ്റും ഇതിനായി കുറേക്കാലമായി ശബ്ദിക്കുന്നു. എന്നിട്ടും നമുക്കിതേവരെ ഒരു ജനകീയ ആരോഗ്യ നയം ഉണ്ടായിട്ടില്ല.
ഇതൊക്കെ തുറന്ന് എഴുതുക തന്നെ വേണം. പക്ഷേ, ഇതിനായി ഏതെങ്കിലും ജനവിഭാഗങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിശേഷണങ്ങള്‍ പ്രയോഗിക്കുന്നത് ഒട്ടും മാന്യതയില്ലാത്ത നിലപാടാണ്. 'ചാത്തന് മരുന്ന്' എന്ന പ്രയോഗം ഈ പത്രത്തിന് എവിടുന്നാണാവോ കിട്ടിയത്? എവിടുന്നു കിട്ടിയതായാലും, പണ്ടു മുതലേ ഉപയോഗിച്ചു വരുന്നു എന്ന ന്യായം പറഞ്ഞാലും ശരി ഈ പ്രയോഗത്തെ ചോദ്യം ചെയ്യുക തന്നെ വേണം. പത്രക്കാരിലുള്ളത് ഏറെയും 'ചാത്തന് വിരോധി'കളാണ് എന്നതൊരു സത്യമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ദല്‍ഹിയിലെ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, ദല്‍ഹിയിലുള്ള മുതിര്‍ന്ന 300 മാധ്യമ പ്രവര്‍ത്തകരില്‍ 71 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയില്‍ 8 ശതമാനം വരുന്ന ഉന്നതകുലജാതരാണെന്നും മാധ്യമ സ്ഥാപനങ്ങളില്‍ നയരൂപീകരണം നടത്തുന്ന സ്ഥാനങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗങ്ങളില്‍പ്പെട്ട ഒരാള്‍ പോലും ഇല്ലെന്നുമാണ്. ഇക്കാര്യം 'ദ ഹിന്ദു' ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നും 'ഇമ്മിണി ബല്ല്യ' മാറ്റമൊന്നും കേരളത്തിലുണ്ടാകില്ല. ഇതുകൊണ്ടാണ് ഇത്തരം വിശേഷണങ്ങള്‍ പ്രയോഗിക്കുവാന്‍ പലര്‍ക്കും ധൈര്യം വരുന്നത്.
വ്യാജ മരുന്നുകളെ വിശേഷിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു പ്രയോഗമുണ്ട്. 'ചാണ്ടി മരുന്നുകള്‍' എന്ന പ്രയോഗം. 'ചാണ്ടി' എന്നു പറഞ്ഞാല്‍ ദൂരേയ്ക്ക് നീട്ടി എറിഞ്ഞു എന്നാണ് അര്‍ത്ഥം. വ്യാജ മരുന്നുകള്‍ ദൂരേക്ക് നീട്ടി എറിയേണ്ടവ തന്നെയാണല്ലോ! 'ചാണ്ടി' എന്ന വാക്കിന് ജാരന് എന്നും അര്‍ത്ഥമുണ്ട്. ഭര്‍ത്താവുള്ളപ്പോള്‍ ഭര്‍ത്താവറിയാതെ വരുന്ന ജാരന്മാരെയും കൈകാര്യം ചെയ്യണമല്ലോ! ഇത്രമാത്രം അര്‍ത്ഥ സമ്പൂര്‍ണ്ണമായ മറ്റൊരു വിശേഷണവും വ്യാജ മരുന്നുകള്‍ക്കില്ല. ആയതിനാല്‍ 'ചാത്തന് മരുന്നുകള്‍' എന്നതിനു പകരം 'ചാണ്ടി മരുന്നുകള്‍' എന്നു പ്രയോഗിക്കുന്നതല്ലേ ശരി?
വാല്‍ക്കഷണം:-'ചാത്തന് മരുന്ന്' പോലുള്ള പ്രയോഗങ്ങള്‍ തമാശയായി എടുത്തുകൂടെ എന്നുള്ള വാദം തെറ്റാണെന്നു പറഞ്ഞാല്‍ അതു എല്ലാവരും സമ്മതിക്കണമെന്നില്ല. എന്റെ കാര്യമല്ലേ എനിക്കു പറയാന്‍ പറ്റുകയുള്ളു. കടുത്ത നിറമുള്ള വസ്ത്രങ്ങളെ 'അയ്യന്‍കാളിക്കളര്‍' എന്നും 'ഐ.ആര്.ഡി.പി.കളര്‍' എന്നും പ്രയോഗിക്കുന്നത് നിന്ദ്യമായ പരിഹാസമായാണ് ഞാന്‍ കണക്കാക്കുന്നത്. 'ചിലമ്പിട്ട പാണന് നിലത്തു നില്‍ക്കില്ല' , 'തളപ്പിടേണ്ട കാലില്‍ ചെരിപ്പിടുന്നതുപോലെ', 'നാലു തല ചേരും നാലു മുല ചേരില്ല', 'പെണ്ണിനെയും മണ്ണിനെയും ദണ്ഡിച്ചാല്‍ ഗുണ മുണ്ട്' , 'പെണ്‍ബുദ്ധി പിന്‍ബുദ്ധി', 'നാലാമത്തെ പെണ്ണ് നടുക്കല്ലു പൊളിക്കും' തുടങ്ങിയ ദലിത്/സ്ത്രീ വിരുദ്ധ പഴഞ്ചൊല്ലുകള്‍ സവര്‍ണ കുബുദ്ധിയിലുണ്ടായവയാണെന്നാണ് എന്റെ ഉറച്ച അഭിപ്രായം.
............
10 comments:
നമ്മുടെ ഭാഷ മാത്രമല്ല പൊതു ബോധം തന്നെ സവര്‍ണ്ണമാണ്. അതില്‍ നിന്നാണ് ഇത്തരം വാക്കുകളും പ്രയോഗങ്ങളും ഉണ്ടാവുന്നത്.
മനോരമക്കാര് പണ്ടേ ശരിയില്ലപ്പാ ...
ദലിതർ ദലിതർ കൂടുതലായി ഉപയോഗിക്കുന്ന ചാത്തൻ (പുതിയ കുട്ടികൾക്കുണ്ടൊ?) പേരിൽ നിന്നാണൊ “ചാത്തൻ” എന്ന വാക്ക് “വ്യാജൻ” എന്നതിന്റെ നാട്ടുഭാഷയായി വളർന്നത്... അല്ലെങ്ങിൽ “ചാത്തൻസേവ”യിൽ നിന്നോ?
“ചാത്തൻ മരുന്ന്” എന്നൊക്കെ പത്രക്കാർ കെട്ടിയിറക്കുന്നതിന് മുൻപ് ത്രിശ്ശൂർ ഗഡികൾ ഇറക്കിയതല്ലേ ഈ “ചാത്തനെ”...
എന്റെ സംശയങ്ങൾ മാത്രം...
---
“ഇമ്മിണി” എഴുതി “അമ്മിണി” മാരെ കളിയാക്കരുത്...
നമ്പ്യാര്‍ എന്ന് SSLC ബൂകിലുണ്ട്
പുലയനും ,തീയനും , ചെട്ടിയും ,മണിയനിയും ഒക്കെ കൂട്ടായിരുന്നു
ജാതി തോന്നുകയോ മുറിക്കുകയോ ചെയ്തിട്ടില്ല,
പിന്നെപ്പോഴോ ഇസ്ലാമിലൂടെ നടക്കാന്‍ ശ്രമിച്ചു
ഇപ്പൊ മുസ്ലിം പെണ്ണിനെ ഉദരത്തിലുണ്ടായ കൊച്ചുങ്ങളുടെ പിതാവും
കുട്ടിക്കെന്തു ജാതി ശങ്കരനാരായണാ ??
ഇതുപോലുള്ള ഒരു പാട് വാക്കുകള്‍ തെറ്റിദ്ധരിച്ചു കാണുന്നുണ്ട് നമ്മുടെ നാട്ടില്‍ ചാത്തന് ഏറും ചാത്തന് മരുന്നും ചാത്തന് കല്ലും ഒക്കെ ഇതൊക്കെ ജനങ്ങളുടെ മനസിലുള്ള അന്ത വിശ്വാസത്തിന്റെ വെള്ളത്തിലുള്ള കുറും ചാത്തന് ആണ്
എന്റെ മാഷെ .....ഇത്രയും വയസ്സായിട്ടും വിവരം ഇല്ലാന്ന് വച്ചാല്‍ കഷ്ടമാണ് കേട്ടോ ..... ഇവിടെ ചാത്തന് എന്നുപയോഗിച്ചതിനു കാരണം ഇത് മായ ആണ് എന്ന അര്‍ത്ഥത്തിലാണ് മായ അഥവാ നേരിട്ടുല്ലത് അല്ലാത്തവ (ഒറിജിനല്‍ അല്ലാത്തവ ) ... പണ്ട് കുട്ടിചാതനമാര് എന്ന് വിശ്വസിച്ചിരുന്നവര്‍ മായവികള്‍ ആയിരുന്നല്ലോ ??... വേറെ അര്‍ത്ഥം ഒന്നും കാണല്ലെ......
ഇപ്പോഴാണ് താങ്കളുടെ ലേഖനങ്ങള്‍ വായിക്കുന്നത്. വളെരെ നന്നായിരിക്കുന്നു.
പിന്നെ ഒരു സംശയം..
ചാവറയച്ചന് പള്ളിയോടു ചേര്‍ത്ത് സ്കൂളുകള്‍ ഉണ്ടാക്കിയതിനാലാണ് പള്ളിക്ക് പള്ളിക്കുടം എന്ന് പേര് വന്നത് എന്ന് എവിടെയോ കേട്ടിട്ടുണ്ട്. (സ്കൂളിലോ അതോ ക്രിസ്ത്യന്‍ വേദപാട ക്ലാസ്സിലോ വച്ച്, ഓര്‍മയില്ല). ഇതിലെ വാസ്തവം എന്താണ് ?
Post a Comment