പ്രബോധനം വാരിക-1997 ജൂലായ് 05
മുഹമ്മദ് നബി കല്‍ക്കിയോ?!
ശങ്കരനാരായണന്‍ മലപ്പുറം
ശ്രീ:തിരുവെട്ടൂരിന്റെ 'വേദങ്ങളും വൈദികരും' എന്ന ലേഖനത്തിന് മിസിസ് മുന എഴുതിയ പ്രതികരണം (ലക്കം 46, 1997 മെയ് 17) ബ്രാഹ്മണാധിപത്യത്തിലുള്ള ചാതുര്‍വര്‍ണ്യം സ്ഥാപിക്കാന്‍ വന്ന അവതാരമാണോ മുഹമ്മദ് നബിയെന്ന സംശയമുളവാക്കുന്നു. മിസിസ് മുന ചോദിക്കുന്നു: ''ഇരുളില്‍ നിന്നും വിശ്വത്തെ മോചിപ്പിക്കുന്ന പ്രഭാത സൂര്യനെപ്പോലെ പ്രത്യക്ഷപ്പെടുന്ന കല്‍ക്കി ആരാണ്?...ലോകം മുഴുവന്‍ ഇരുണ്ടുകൂടിക്കിടക്കുമ്പോള്‍ ഉദയാര്‍ക്കനെപ്പോലെ വന്നത് മുഹമ്മദ് നബിയല്ലാതെ ആരാണ്?''
ഹൈന്ദവ വിശ്വാസത്തിലെ പത്താമത്തെ അവതാരമായ കല്‍ക്കി മുഹമ്മദു നബിയാണെന്നു പറയുന്നത് അബദ്ധമാണെന്നു മാത്രമല്ല ചരിത്ര നിഷേധവുംകൂടിയാണ്.
നബിയും കല്‍ക്കിയും
ക്രിസ്തുവിനുമുമ്പ് 3102-ലാണ് കലിയും ആരംഭിച്ചതെന്നാണ് വിശ്വാസം. ഇതനുസരിച്ച് കലിയുഗമാരംഭിച്ചിട്ട് ഇന്നേക്ക് (1997) 5,099 വര്‍ഷമായി. കലിയുഗം 4,32,000 വര്‍ഷങ്ങളാണത്രെ. ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഇനിയും 4,26,901 വര്‍ഷങ്ങള്‍ കഴിയണം. കലിയുഗത്തിന്റെ അവസാനമാണത്രെ കല്‍ക്കി അവതരിപ്പിക്കുക. ഇതു ശരിയെങ്കില്‍, കല്‍ക്കി എഴുന്നെള്ളാന്‍ ഇനിയും നാലേകാല്‍ ലക്ഷത്തിലധികം വര്‍ഷങ്ങള്‍ കഴിയണം.
മുഹമ്മദ് നബി ജനിച്ചത് 1426 വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.ഡി.571 ല്‍ ആണെന്നാണ് ചരിത്രം പറയുന്നത്. മരിച്ചത് 1365 വര്‍ഷങ്ങള്‍ക്കു മുമ്പ് എ.ഡി. 632 ലും. നാലേകാല്‍ ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവതരിക്കുമെന്നു വിശ്വസിക്കപ്പെടുന്ന കല്‍ക്കി, കേവലം 1365 വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ച മുഹമ്മദു നബിയാണെന്നു കരുതുന്നതെങ്ങനെയാണ്?
ഇനി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള കല്‍ക്കി മുഹമ്മദു നബി തന്നെയാണെന്നു കരുതട്ടെ. എങ്കില്‍, മുഹമ്മദു നബിയുടെ അവതാര ലക്ഷ്യം എന്തായിരുന്നു? കല്‍ക്കിയുടെ അവതാര ലക്ഷ്യത്തെക്കുറിച്ച് അഗ്നി പുരാണം 16-ാം അദ്ധ്യായത്തിലും ഭാഷാഭാരതം വനപര്‍വ്വം 190-ാം അദ്ധ്യായത്തിലും വിവരിക്കുന്നുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ:
കലിയുഗത്തിന്റെ അവസാനത്തില്‍ ജനങ്ങള്‍ അധര്‍മ്മികളും ദൈവനിഷേധികളുമൊക്കെ ആയിത്തീരും. ചാതുര്‍വര്‍ണ്യജാതി നിയമങ്ങള്‍ ലംഘിച്ച് വിവാഹങ്ങള്‍ നടക്കും. മ്‌ളേഛന്മാര്‍ രാജാക്കന്മാരുടെ വേഷം പൂണ്ടു മനുഷ്യരെ തിന്നു തുടങ്ങും. ആ കാലഘട്ടത്തില്‍ ശാംഭംളം എന്ന പേരുള്ള ഗ്രാമത്തില്‍ ഒരു ബ്രാഹ്മണനായി വിഷ്ണുയശസ്സെന്ന പേരില്‍ മഹാവിഷ്ണു അവതരിക്കും. വിഷ്ണുയശസ്സ് കല്‍ക്കി എന്ന അപരനാമത്താല്‍ പ്രസിദ്ധനാകും. അദ്ദേഹം യാജ്ഞവല്‍ക്കന്റെ പുരോഹിതനായിത്തീരും. കല്‍ക്കി ബ്രാഹ്മണരോടൊത്തു ചേര്‍ന്ന് മ്‌ളേഛന്മാരെയൊക്കെ കൊല്ലും. പ്രജകളെ ചാതുര്‍വര്‍ണ്യത്തിലും സനാതന മാര്‍ഗ്ഗത്തിലും ഇരുത്തി യഥോചിതമായ മര്യാദ സ്ഥാപിക്കും. പിന്നെ ഭഗവാന്‍ കല്‍ക്കി രൂപം ഉപേക്ഷിച്ച് സ്വര്‍ഗ്ഗം പ്രാപിക്കും. അനന്തരം പിന്നെയും കൃതയുഗം ആരംഭിക്കും.
ചാരുര്‍വര്‍ണ്യ ജാതി നിയമം ലംഘിക്കുന്നവരെയാണ് ഇവിടെ ദൈവനിഷേധികളായും മ്‌ളേഛന്മാരായും കണക്കാക്കുന്നത്. ആര്യന്മാരല്ലാത്തവരെ മ്‌ളേഛന്മാരായാണ് ആര്യന്മാര്‍ കണക്കാക്കിയിരുന്നത്. ജനങ്ങള്‍ അധര്‍മ്മികളാകുമെന്നു പറഞ്ഞാല്‍, ചാരുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ 'ധര്‍മ്മങ്ങള്‍'ഉപേക്ഷിക്കുമെന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഇതനുസരിച്ച് ശൂദ്രന്‍ നല്ല പേരിട്ടാല്‍; വിദ്യ അഭ്യസിച്ചാല്‍; ബ്രാഹ്മണസേവയല്ലാതെ മറ്റു തൊഴില്‍ ചെയ്താല്‍; തപസ്സു ചെയ്താല്‍ അധര്‍മ്മമാവും. (സല്‍ഭരണം നടത്തിയ മഹാബലിയെ വാമനന്‍ കൊന്നതും തപസ്സു ചെയ്ത ശംബൂകന്‍ എന്ന ശൂദ്ര താപസനെ ശ്രീരാമന്‍ കൊന്നതും 'ധര്‍മ്മം'സ്ഥാപിക്കാനായിരുന്നല്ലോ). ഇത്തരം 'അധര്‍മ്മങ്ങള്‍'നാട്ടില്‍ പെരുകുമ്പോള്‍ കല്‍ക്കി ബ്രാഹ്മണനായി അവതരിച്ച് ബ്രാഹ്മണക്കൂട്ടാളികളുമായിച്ചെന്ന് 'അധര്‍മ്മി'കളെ കാല്ലുകയും ചാതുര്‍വര്‍ണ്യം സ്ഥാപിക്കുകയും ചെയ്യും. മിസിസ് മുന പറഞ്ഞത് ശരിയാണെങ്കില്‍, ഇത്തരമൊരു പണിയായിരിക്കണം മുഹമ്മദു നബി ചെയ്തിട്ടുണ്ടാവുക. കഷ്ടമേ, കഷ്ടം എന്നു മാത്രം പറയട്ടെ.
ഖുര്‍ആനും ഗീതയും
ഗീതയില്‍ ഇസ്ലാം വിശ്വസിക്കുന്ന ഏകദൈവ വിശ്വാസത്തെക്കുറിച്ചു പറയുന്നുണ്ടെന്നാണ് മിസിസ് മുന പറയുന്നത്. മറ്റ് ദേവതകളെ ആരാധിച്ചാലും തെറ്റില്ലെന്നു പറയുന്ന ഗീതാകാരന്‍ കൃഷ്ണന്‍, തന്നെ മാത്രം ആരാധിക്കണമെന്നും പറയുന്നുണ്ട്. കൃഷ്ണന്‍ പറയുന്ന ഏകദൈവം കൃഷ്ണന്‍ തന്നെയാണ്. ഇപ്പറയുന്ന 'ഏകദൈവം'തന്നെയാണ് ഖുര്‍ആനില്‍ പറയുന്ന ഏകദൈവവും എന്നു വാദിക്കുന്നതിലര്‍ത്ഥമില്ല.
'ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന ഗീത'യില്‍ ഏക ദൈവത്തെ ആരാധിക്കേണ്ട ക്രമം വിവരിക്കുന്നില്ലെന്നും മിസിസ് മുന സങ്കടപ്പെടുന്നുണ്ട്. ഗീതയിലെ ദൈവാരാധനയും ജീവിത രീതികളുമെല്ലാം ചാതുര്‍വര്‍ണ്യ സിദ്ധാന്ത പ്രകാരമുള്ളതാണ്. ജനങ്ങള്‍ സൃഷ്ടിയാല്‍ തന്നെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍,ശൂദ്രര്‍ കൂടാതെ 'പാപയോനി' കളുമാണ്-മുസ്ലീങ്ങളും ഇക്കൂട്ടില്‍പ്പെടും. ഓരോരുത്തര്‍ക്കും ഓരോ തൊഴിലും നിശ്ചയിച്ചിട്ടുണ്ട്. ഇത് ലംഘിക്കരുതെന്നാണ് ഗീത പറയുന്നത്. ലംഘിക്കുന്നത് തെറ്റാണെന്നും പറയുന്നു. 'കുലത്തൊഴില്‍'ചെയ്ത് വല്ല കുഴപ്പവും സംഭവിച്ചാല്‍ മോക്ഷം കിട്ടുമെന്നും പറയുന്നു. ഗീതയിലുള്ള ഈ 'ഏകദൈവ വിശ്വാസം'തന്നെയാണോ ഖുര്‍ആനിലും ഉള്ളതെന്നോ?!
..............
1 comment:
എന്തിനെയും സവര്‍ണ വല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ചില മന്ദബുദ്ധികള്‍ കാട്ടിക്കൂട്ടുന്ന അബദ്ധങ്ങളാണിത്. അവര്‍ക്ക് കല്‍ക്കിയെയോ നബിയെയോകുറിച്ച് ധാരണയുണ്ടവണം എന്നില്ല. പൊതു ഹൈന്ദവതയില്‍ പിടിച്ചു നില്‍ക്കാനുള്ള പൊടിക്കൈകളും ആവാം.
Post a Comment