മിനിക്കഥ
സഹൃദയ സാഹിത്യ മാസിക (ഡിസംബര്‍ 2007)
ഉലുവ
ശങ്കരനാരായണന്‍ മലപ്പുറം
സ്ഥലം ഹയര്‍സെക്കന്ററി സ്‌കൂളിലെ മോഹനന്‍ മാഷിനെപ്പോഴും പരാതിയാണ്. ഉലുവ കുറയുന്നതിനാലാണ് പരാതി. തന്റെ പരാതി വീട്ടുകാരോടും കൂട്ടുകാരോടും മാത്രമല്ല പച്ചക്കറി-പലചരക്ക് കച്ചവടക്കാരോടും ബസ് കണ്ടക്ടറോടുമൊക്കെ പറയും.
''ആകെക്കൂടി കയ്യില്‍ ബാക്കിയുണ്ടാകുന്നത് കുറച്ച് ഉലുവ മാത്രം ''. ഫോട്ടോസ്റ്റാറ്റു കടയില്‍ ജോലി ചെയ്യുന്ന കുട്ടിയോടാണ് പരാതി പറഞ്ഞത്.
''സാറിന്റെ ആകെ ചെലവാകുന്ന ഉലുവേന്റെ കണക്കൊന്നു തരി. ഞാനൊന്ന് കൂട്ടി നോക്കട്ടെ ''.
മോഹനന്‍ മാഷ് കണക്കു പറഞ്ഞു കൊടുത്തു.
''സാറിന് ആകെ കിട്ടുന്ന ഉലുവയില്‍ കറന്റിന് മുന്നൂറ്റന്‍പത് ഉലുവ. വെള്ളത്തിന് നൂറ് ഉലുവ. കേബിള്‍ വാടക നൂറ്റന്‍പത് ഉലുവ. ഫോണിന് അറുനൂറു ഉലുവ. പ്രോവിഡന്റ് ഫണ്ടിലിടുന്നത് മൂവായിരം ഉലുവ. കനറാ ബാങ്കിലിടുന്നത് ആയിരം ഉലുവ. ഫിനാന്‍ഷ്യല്‍ കുറി ആയിരം ഉലുവ. വാഷിംഗ് മെഷ്യന്‍ വാങ്ങിയതിന്റെ അടവ് ആയിരം ഉലുവ. ഇന്‍ഷൂറന്‍സ് എഴുനൂറ്റന്‍പത് ഉലുവ. ഇംഗ്‌ളീഷ് മീഡിയം ഫീസും വണ്ടി വാടകയും മുന്നൂറ്റന്‍പത് ഉലുവ. ഇറച്ചി, മീന്‍, അരി, പച്ചക്കറി, പാല്‍, പത്രം, മംഗളം, മനോരമ, ഗൃഹലക്ഷ്മി, ബാലരമ, ജോതിഷ രത്‌നം തുടങ്ങിയവക്ക് അയ്യായിരം ഉലുവ. ലോട്ടറി ടിക്കറ്റിന് നൂറ് ഉലുവ. പിന്നെ വെള്ളംകുടി വകയില്‍ അഞ്ഞൂറ് ഉലുവ. അല്ലറചില്ലറ ഇരുനൂറ്റന്‍പത് ഉലുവയും. ശരിയാണല്ലോ. എനിക്കൊരു മാസത്തില്‍ ആകെ കിട്ടുന്ന ഉലുവ പോലും സാറിന്റെ കയ്യില്‍ ബാക്കി വരില്ല. സാറിന്റെ കാര്യം വളരെ കഷ്ടം തന്നാണേയ് ''
...............
No comments:
Post a Comment