പ്രൊഫ: സുധീഷ് ചെരുപ്പൂരി അടിക്കുമോ?
പ്രൊ: എം.എന്‍.വിജയന്റെ ശിഷ്യനായ പ്രൊഫ: സുധീഷ് ചെരുപ്പൂരി അടിക്കുമോ? പേടിക്കണം! ഊരാനൊരു ചെരുപ്പും അടിക്കാനൊരു കൈയും ഇല്ലാതായിരിക്കുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് (മാധ്യമം-04.10.2010). എം.എന്‍.വിജയന് സാംസ്കാരിക വേദി തൃശ്ശൂര്‍ പ്രസ് ക്ളബ്ബില്‍ സംഘടിപ്പിച്ച എം.എന്‍.വിജയന് അനുസ്മരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഇദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചില കാര്യങ്ങള്‍ പറയുന്നതിനു മുമ്പ് ചെരുപ്പൂരി അടിക്കണമെന്ന് എം.എന്‍.വിജയന് പറഞ്ഞിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.
ചെരുപ്പിനെത്തന്നെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് എം.എന്‍.വിജയന്. പിണറായി വിജയനെ ചീത്ത പറഞ്ഞ് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് 'സഖാവ് കൃഷ്ണപ്പിള്ള ചെരുപ്പ് ധരിച്ച് കാറില്‍ പോകുമ്പോള്‍'എന്നായിരുന്നു (പച്ചക്കുതിര മാസിക-ഒക്ടോബര്‍, 2006). ആ ലേഖനത്തില്‍, വാഹന യാത്രയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ' വാഹനത്തില്‍ കയറുക എന്നു പറഞ്ഞാല്‍ ജനങ്ങളില്‍ നിന്നകലുക എന്നാണ്'. വളരെ ശരിയല്ലേ! അദ്ദേഹം പ്രസംഗിക്കാനായി കൊടുങ്ങല്ലൂരില്‍ നിന്നു മഞ്ചേശ്വരത്തേയ്ക്കും പാറശാലയിലേക്കും മറ്റും നടന്നല്ലേ പോയിരുന്നത്!!. ഇദ്ദേഹത്തിന്റെ ഇത്തരം ഗീര്വാണങ്ങളെക്കുറിച്ചും മറ്റു സവര്‍ണ നിലപാടുകളെക്കുറിച്ചും ഞാന്‍ 'കേരളശബ്ദ'ത്തില്‍ (14.01.2007)'' പാഠം പഠിപ്പിക്കുന്ന ബുദ്ധിജീവിയുടെ വെളിപാടുകള്‍'' എന്ന തലക്കെട്ടിലൊരു ലേഖനം എഴുതിയിരുന്നു.
എം.എന്‍.വിജയന് പറഞ്ഞിരുന്ന കാര്യങ്ങളില്‍ ഒട്ടും കഴമ്പില്ലെന്നല്ല പറയുന്നത്. പക്ഷേ, അവസരവാദം തന്നെയായിരുന്നു ഇതിന്റെയൊക്കെ അടിസ്ഥാനം. എം.എന്‍.വിജയന്റെ അവസരവാദങ്ങളെക്കുറിച്ച് അല്പം കാര്യങ്ങള്‍. സാംസ്കാരി കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായ ഡോ: സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് എഴുതി വച്ച ഒരു ലേഖനത്തിന്റെ തുടക്കത്തിലെഴുതിയ വരികളാണിത്. ഫ്രൊ: സുധീഷ് ചെരുപ്പൂരി അടിക്കാന്‍ വരില്ലെന്ന് കരുതട്ടെ!
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലേക്ക് മാറുന്നത് അവസരവാദമല്ല. ശരി എന്നു വിശ്വസിച്ചത് തെറ്റാണെന്നും തെറ്റാണെന്ന് ധരിച്ചിരുന്നത് ശരിയാണെന്നും ബോധ്യപ്പെട്ട് പാര്‍ട്ടി മാറിയാല്‍ അതൊരിക്കലും അവസരവാദമാവില്ല. മറിച്ച്, കാര്യ ലാഭത്തിനു വേണ്ടിയാണെങ്കില്‍ അവസരവാദമാവുകയും ചെയ്യും. പ്രതേ്യക കാര്യം സാധിക്കാന്‍ വേണ്ടിയല്ലെങ്കില്‍ കൂടി, ഒരു പക്ഷത്തു നില്ക്കുമ്പോള് അവര്‍ക്കു വേണ്ടി അന്ധമായി വാദിക്കുകയും പിന്നീട് ഏതോ പ്രശ്നത്തിന്റെ പേരില്‍ അവരോട് തെറ്റി എതിര് ചേരിയില്‍ വന്ന് അവരെ അന്ധമായി ചീത്ത പറയുകയും ചെയ്യുന്നത് അവസരവാദമാണ്. ഇത്തരത്തില്‍പ്പെട്ട ഒന്നാം നമ്പര്‍ അവസരവാദിയായിരുന്നു നമ്മളെ നോക്കി ചിരിച്ചു കൊണ്ട് മരിച്ച പ്രൊഫ: എം.എന്‍.വിജയന് (വിജയന് മാഷിന്റെ മരണം വളരെ സുന്ദരമായൊരു മരണമായിരുന്നു. ഇക്കാര്യത്തില്‍ വളരെ ഭാഗ്യവാനായിരുന്നു അദ്ദേഹം). സാമാന്യ മര്യാദാ ബോധം ഉള്ളയാള്‍ ചെയ്യാന്‍ പാടില്ലാത്ത പണിയാണ് ഇദ്ദേഹം ‘ദേശാഭിമാനി’ വാരികയുടെ പത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത്. ‘ദേശാഭിമാനി’ വാരികയുടെ പത്രാധിപസ്ഥാനത്തിരുന്നു കൊണ്ട് തന്നെ അദ്ദേഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ‘പാഠ’ ത്തിന്റെ പത്രാധിപരായി. ഇതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം മാന്യന്മാര്ക്കു ചേര്‍ന്നതായിരുന്നില്ല. “ ഞങ്ങള്‍ ‘പാഠ’ത്തിലൂടെ പറയാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കാര്യങ്ങളല്ല; ജനങ്ങളുടെ കാര്യങ്ങളാണ്. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ് എന്ന് വിമാനത്തില്‍ പറന്നു വന്ന് വിളിച്ചു പറഞ്ഞാല്‍ പോരാ….”എന്നൊക്കെയായിരുന്നു തട്ടിവിട്ട ഗീര്‍വാണങ്ങള്‍ (മാതൃഭൂമി വാരിക,14.10.2007). ഇതിന്റെ അര്‍ത്ഥം ‘ദേശാഭിമാനി’ ജനങ്ങളുടെ കാര്യം പറയുന്ന പ്രസിദ്ധീകരണമല്ല എന്നാണ്. പിന്നെ എന്തിനാണ് എം.എന്‍.വിജയന് ജന വിരുദ്ധമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപച്ചുമതല കെട്ടിപ്പിടിച്ച് കിടന്നത് ? രാജി വച്ച് മാന്യമായി പുറത്ത് പോകണമായിരുന്നു. നാവ് എങ്ങോട്ടും വളയ്ക്കാവുന്ന സാധനമാണ് എന്നു കരുതി പറയുന്നതെന്തും ന്യായമാവില്ലല്ലോ.
തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന് എന്ന അദ്ധ്യാപകനെ, ക്ളാസ് മുറിയില്‍ കൊച്ചു കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന സംഭവത്തെ ( കൊല്ലാനായി തെരഞ്ഞെടുത്ത പശ്ചാത്തലത്തെ) ഒരൊറ്റ സി.പി.എം. കാരനും ന്യായീകരിച്ചിട്ടില്ല. എന്നാല്‍, എം.എന്‍. വിജയന് ഇതിനെ ന്യായീകരിച്ച് ഘോരഘോരം പ്രസംഗിച്ചു. ഇതേക്കുറിച്ച് കെ.വേണു ഇങ്ങനെ അഭിപ്രായപ്പെട്ടു (മാതൃഭൂമി വാരിക, 21.10.2007): “അതിനെ ന്യായീകരിച്ച് അദ്ദേഹമെഴുതിയത് കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് അദ്ദേഹത്തോട് കടുത്ത വെറുപ്പാണ് തോന്നിയത് “. അതെ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ച പാഠം പത്രാധിപര്‍ അന്ന് സി.പി.എമ്മിന്റെ എതിരാളിളെ പാഠം പഠിപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്കാരെക്കാള്‍ വലിയ പാര്‍ട്ടി ഭക്തി അദ്ദേഹം കാണിച്ചു. മറു കണ്ടം ചാടിയപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതും ഈ അന്ധമായ (വിരോധ) ഭക്തി തന്നെയായിരുന്നു. അല്ലാതെ അതില്‍ സാംസ്കാരികവും രാഷ്ട്രീയവുമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ രാഷ്ട്രീയമെന്നു വിളിക്കാമെങ്കില്‍ ഈ രാഷ്ട്രീയത്തെയാണ് അവസരവാദ രാഷ്ട്രീയം എന്നു വിളിക്കേണ്ടത്.
.................
1 comment:
സുകുമാരേട്ടാ..തീരെ നിലവാരം പോരാ..എം.എന്‍.വിജയന് മാഷേ വിമര്ഷിക്കുന്നതിനും ഒരു നിലവാരം വേണം..ഇത് നാലാം ക്ലാസ്സിലെ പിള്ളേര് തമ്മില്‍ തെറി വിളിക്കുന്ന പോലെയായിപോയി കഷ്ട്ടം...!
Post a Comment