My Blog List

Monday, October 04, 2010

പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും

കേരള ശബ്ദം വാരിക-17.10.2010

പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും

ശങ്കരനാരായണന്‍ മലപ്പുറം
ലോകത്തില്‍ 38 വികസിത രാഷ്ട്രങ്ങളാണുള്ളത്. അഗ്നിപര്‍വ്വത ദുരന്തങ്ങളുടെ നാടാണ് ജപ്പാന്‍. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ (1945) അമേരിക്ക ആറ്റംബോംബിട്ട് നശിപ്പിച്ച നാടുമാണ് ജപ്പാന്‍. ഇങ്ങനെയുള്ള ജപ്പാന്‍ പോലും വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലാണുള്ളത്. വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ എത്താനുള്ള ഭൗതിക ഘടകങ്ങള്‍ നമുക്ക് ധാരാളമുണ്ടായിട്ടും ഇന്ത്യയിപ്പോഴും വികസ്വര (വികസിച്ചുകൊണ്ടിരിക്കുന്ന) രാഷ്ട്രങ്ങളുടെ പട്ടികയിലാണുള്ളത്. മാത്രമല്ല, ആളോഹരി വരുമാനം ലോക ശരാശരി 8200 യു.എസ്.ഡോളറാെണങ്കില്‍ ഇന്ത്യയുടേത് 3248 യു.എസ്.ഡോളറാണ്. പക്ഷേ, ലോകത്തിലെ വലിയ സമ്പന്മാരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ധാരാളമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്മാരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. നാലാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും അഞ്ചാം സ്ഥാനത്തുള്ള ലക്ഷ്മി മിത്തലും. എന്താണിതിനു കാരണം? ഒരു കൂട്ടര്‍ ഉണ്ണാനും ഉടുക്കാനും കിടക്കാനും സുഖിക്കാനും മാത്രം ജനിച്ചവര്‍ മറ്റൊരു കൂട്ടര്‍ ഉണ്ണാനുള്ളതും ഉടുക്കാനുള്ളതും കിടക്കാനുള്ളതും സുഖിക്കാനുള്ളതും ഉണ്ടാക്കാന്‍ മാത്രം ജനിച്ചവര്‍ എന്ന ദുരവസ്ഥയാണ് ഇന്ത്യയില്‍ എത്രയോ നൂറ്റാണ്ടുകളായി നിലനിന്നത്. ഉയര്‍ച്ച-താഴ്ചകള്‍ മറ്റു രാജ്യങ്ങളിലുമുണ്ടെങ്കിലും അവിടങ്ങളിലൊന്നും ഇത് നിശ്ചയിക്കുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിറമനുസരിച്ചല്ല. ജാതി വ്യവസ്ഥയുടെ ഈ നീരാളിപ്പിടുത്തത്തില്‍ നിന്നു ഇന്ത്യ ഇപ്പോഴും മുക്തി നേടിയിട്ടില്ല. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവരുടെ കൈളിലേക്കല്ല അവരുടെ അദ്ധ്വാന ഫലം പോകുന്നത്. അതൊക്കെ പോകുന്നത് ഉണ്ണാന്‍ മാത്രം ജനിച്ചവരുടെ കൈകളിലേക്കാണ്. ഇതുകൊണ്ടാണ് ഇന്ത്യ ഒരു വികസ്വര രാജ്യമായി ഇന്നും നിലനില്‍ക്കുന്നതും ഇന്ത്യയുടെ ആളോഹരി വരുമാനം വളരെ താഴെ തട്ടില്‍ നിലനില്‍ക്കുന്നതും. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവര്‍ക്ക് അവധികളും ആനുകൂല്യങ്ങളൊന്നുമില്ല. പണിയെടുപ്പിക്കുന്നവര്‍ക്കാണെങ്കില്‍ എന്നും അവധിയാണ്. സര്‍ക്കാരിന്റെ തൊഴിലാളികള്‍ക്കുമുണ്ട് അവധിയും ആനുകൂല്യങ്ങളുമൊക്കെ.
ഞായറാഴ്ച ഒഴികെയുള്ള പൊതു അവധികളില്‍ ഇന്ത്യയാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 2010 ല്‍ 18 പൊതു അവധികളാണ് ഇന്ത്യയിലുള്ളത്. ഇതു ഇന്ത്യയുടെ മൊത്തം കാര്യം. കേരളത്തില്‍ ഈ വര്‍ഷം 33 പൊതു അവധികളാണുള്ളത്. വെടിക്കെട്ടിനും വെടിപറയലിനും നേര്‍ച്ചയ്ക്കും പൂരത്തിനുമുള്ള പ്രാദേശിക അവധികള്‍ പുറമെയും. ലോകത്തില്‍ മറ്റൊരിടത്തും ഇത്രയും പൊതു അവധികളില്ല. (വലിയ സങ്കടമുള്ള കാര്യം, 3 പൊതു അവധികളെ ഇക്കൊല്ലം ഞായര്‍ പിടികൂടിയിരിക്കുന്നുവെന്നതാണ്. ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനത്തെയും 22 ലെ ഒന്നാം ഓണത്തെയും ഒക്‌ടോബര്‍ 17 ലെ വിജയദശമിയെയുമാണ് പരമദുഷ്ടനായ ഞായര്‍ പിടികൂടിയിരിക്കുന്നത് !). കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ചൈന, ക്യൂബ, വിയറ്റ്‌നാം എന്നിവടങ്ങളില്‍ ഈ വര്‍ഷം യഥാക്രമം 10, 7, 7 എന്ന തോതിലാണ് പൊതു അവധികള്‍. അമേരിക്കയിലും സ്വിറ്റ്‌സര്‍ലണ്ടിലും 10 വീതവും യു.എ.ഇ.യില്‍ 9 പൊതു അവധികളുമാണ് ഉള്ളത്.
ഒരു സ്‌കൂള്‍ക്കഥ കേട്ടിട്ടുണ്ട്. പരിശോധനയ്ക്കായി മേലധികാരി സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു. വഴിയില്‍ വച്ച് സ്‌കൂളില്‍ നിന്നു വരുന്ന ഒരു ടീച്ചറെ അയാള്‍ കണ്ടു. ഓഫീസര്‍ ടീച്ചറെ ചോദ്യം ചെയ്തു. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു: 'സ്‌കൂളില്‍ വരാനോ കുറേ വൈകി; ഇനി പോകാനും വൈകേണ്ടല്ലോ എന്നു കരുതി നേരത്തേ ഇറങ്ങിയതാ സാര്‍'. ഇതു തന്നെയാണ് നമ്മുടെ രാജ്യത്തിന്റെയും അവസ്ഥ. ആളോഹരി വരുമാനത്തിന്റെയും വികസനത്തിന്റെയും മറ്റും കാര്യത്തില്‍ നാം മുന്നിലല്ലെങ്കിലെന്താ, പണിയൊന്നും ചെയ്യേണ്ടാത്ത സര്‍ക്കാര്‍ അവധികളുടെ കാര്യത്തില്‍ നാം മുന്നിലല്ലേ എന്ന ന്യായം പറഞ്ഞ് നമുക്കു സമാധാനിക്കാം.
അവധികളെ സംബന്ധിച്ചും ആളോഹരി വരുമാനത്തെ സംബന്ധിച്ചുമുള്ള പട്ടിക താഴെ കൊടുക്കുന്നു.
രാജ്യം പൊതു അവധികളുടെ ആളോഹരി വരുമാനം
എണ്ണം (യു.എസ്.ഡോളറില്‍)
ക്യൂബ 7 9,500
വിയറ്റ്‌നാം 7 2,957
സ്വിറ്റ്‌സര്‍ലാന്റ് 9 57,821
ചൈന 10 6,675
അമേരിക്ക 10 46,436
ഡെന്‍മാര്‍ക്ക് 10 36,763
ഇറ്റലി 12 31,909
ബെല്‍ജിയം 13 36,048
ഫ്രാന്‍സ് 13 34,689
ജര്‍മ്മനി 15 36,449
ഗ്രീസ് 15 29,664
ബ്രസീല്‍ 15 10,427
ഇംഗ്‌ളണ്ട് 15 36,496
ജപ്പാന്‍ 15 32,443
ഇന്ത്യ 18 3,248
ലോക ശരാശരി - 8,200
വാല്‍ക്കഷ്ണം:-സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന ആള്‍ പെന്‍ഷനായപ്പോള്‍ (2010 മാര്‍ച്ച് 31 നാണ് ഞാന്‍ പെന്‍ഷന്‍ പറ്റിയത്) ഇങ്ങനെയെഴുതിയതിന്റെ ഉദ്ദേശ്യശുദ്ധിയെ ചിലര്‍ ചോദ്യം ചെയ്‌തേക്കാം. ഇത് 'പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവ'മല്ല. ഉദേ്യാഗസ്ഥന്മാരുടെ ജനവിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചും തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി കൊടുക്കുന്നതിനെതിരെ പെന്‍ഷനാവുന്നതിനു മുമ്പുതന്നെ ഞാന്‍ മൂന്ന് ലേഖനങ്ങള്‍ (' സര്‍ക്കാര്‍ ആപ്പീസ് സംസ്‌കാരം' എന്ന തലക്കെട്ടില്‍ 27.05.2007 ലെ 'കേരള ശബ്ദ'ത്തിലും, 'കേരള മുസ്ലീം വിരുദ്ധദിനം' എന്ന തലക്കെട്ടില്‍ 2004 ജനുവരിയിലെ 'സമീക്ഷ'യിലും, 'കര്‍ക്കടകവാവും കുറെ കഴുതകളും' എന്ന തലക്കെട്ടില്‍ 2004 സെപ്തംബറിലെ 'റാന്‍ഫെഡ് ശബ്ദ'ത്തിലും) എഴുതിയിട്ടുണ്ട്. ഇതു സംബന്നിച്ച് 2010 ജൂണ്‍ ലക്കം 'പച്ചക്കുതിര' മാസികയില്‍ എഴുതിയ ലേഖനം താഴെ വായിക്കാം.
.....................

No comments: