സാഹിത്യശ്രീ മാസിക-ഒക്ടോബര്‍,2010
മിനിക്കഥ
മാവേലിയുടെ കണ്ണുനീര്
ശങ്കരനാരായണന് മലപ്പുറം
മാവേലി കേരളം കാണാനായി ഇറങ്ങി. നാട് കാണാനിറങ്ങിയ മാവേലിയെ കാണാനായി ജനങ്ങള്‍ തടിച്ചുകൂടി. തന്നെ കാണാനായി തടിച്ചുകൂടിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാവേലി പ്രതേ്യകം ശ്രദ്ധിച്ചു. പുത്തന്‍ ചെരുപ്പും പുതുമണം പൊങ്ങുന്ന പുത്തന്‍ ചുരിദാറും കഴുത്തില്‍ സ്വര്‍ണമാലയും മുടിയില്‍ പൂവുമൊക്കെ ചൂടി നില്ക്കുന്ന ആ പെണ്‍കുട്ടി ആരാണെന്ന് മാവേലി നാട്ടുപ്രമാണിയോട് ചോദിച്ചു.
'' അത് പണ്ടത്തെ കൊയ്ത്തുകാരിയായിരുന്ന നീലിച്ചെറുമിയുടെ പേരക്കുട്ടിയാ''. നാട്ടുപ്രമാണി മറുപടി പറഞ്ഞു. പെണ്‍കുട്ടിയുടെ രൂപവും ഭാവവും വേഷവിധാനങ്ങളുമൊക്കെ മാവേലി ഒന്നുകൂടി വിശദമായി വീക്ഷിച്ചു. ക്രമേണ മാവേലിയുടെ കണ്ണു നിറഞ്ഞു. ഇതുകണ്ട് നാട്ടുപ്രമാണിയുടെയും കണ്ണു നിറഞ്ഞു. അയാള്‍ ചിന്തിച്ചു:
'' നമ്മുടെ പൈതൃകവും പാരമ്പര്യവുമൊക്കെ എവിടെപ്പോയി ! എന്താ പെണ്ണിന്റെയൊരു കോലം!! കാലില്‍ പളാപളാ മിന്നുന്ന ചെരുപ്പ്. ഇന്നൊരു തിരുവോണമായിട്ടും വേഷം കേരളത്തനിമയെ കൊഞ്ഞനം കുത്തുന്ന ചുരിദാര്‍. കൊയ്ത്തിന് പോകേണ്ടവളിന്ന് കോമേഴ്സ് പഠിപ്പിക്കുന്നു. കറ്റ മെതിക്കേണ്ടവളിന്ന് കമ്പ്യൂട്ടര്‍ പഠിക്കുന്നു. കാലം പോയ പോക്ക്! കലികാലം തന്നെ!! എങ്ങനെ മാവേലിയുടെ കണ്ണു നിറയാതിരിക്കും ? '' നാട്ടുപ്രമാണി മാവേലിയോട് ചോദിച്ചു:
'' മാവേലീ, അങ്ങയുടെ കണ്ണ് നിറഞ്ഞതെന്തേ ? ''
'' പകലന്തിയോളം പണിയെടുത്തിട്ടും പട്ടിണിപ്പേക്കോലമായി കഴിയേണ്ടി വന്ന നീലിയുടെ പേരക്കുട്ടിയെ ഈ നിലയില്‍ കണ്ടപ്പോഴുണ്ടായ അടക്കാന്‍ വയ്യാത്ത സന്തോഷം കൊണ്ട് തന്നെ''
...................
2 comments:
കാണ്ണു തുറപ്പിക്കുന്ന ഇത്തരം കഥകളിലൂടെത്തന്നെ കേരളത്തെ ഉഴുതുമറിച്ച് നന്മയുടെ വിത്ത് വിതക്കേണ്ടതുണ്ട്.
"മാവേലിയുടെ കണ്ണീര് " നന്നായി കഥ.
Post a Comment