My Blog List

Sunday, October 03, 2010

മഞ്ജു വാരസ്യാര്‍ എന്നതാണ് ശരി

മഞ്ജു വാരസ്യാര്‍ എന്നതാണ് ശരി
പേരിലെന്തിരിക്കുന്നു എന്നു ചോദിക്കാറുണ്ട്. ഒരര്‍ത്ഥത്തില്‍ ശരിയാണിതെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്. 'കൃഷ്ണന്‍' എന്നു പറഞ്ഞാല്‍ 'കറുപ്പ'് എന്നാണര്‍ത്ഥം. പക്ഷേ, കറുപ്പന്‍ മോശമായ പേരും കൃഷ്ണന്‍ മുന്തിയ പേരുമായാണ് കണക്കാക്കുന്നത്. എന്റെ അമ്മയുടെ പേര് വള്ളി എന്നാണ്. പക്ഷേ, 'വള്ളി' പഴഞ്ചന്‍ പേരും വള്ളിയുടെ സംസ്‌കൃത രൂപമായ 'ലത' നല്ല പേരുമാണ്. 'സുരേശ്'(സുരേഷ് എന്നാണ് സാധാരണമായി പ്രയോഗിക്കാറ്. ഇതു ഹിന്ദി സ്റ്റൈലാണ്) എന്നു പറഞ്ഞാല്‍ സുരയുടെ (മദ്യത്തിന്റെ) ഈശന്‍ (ദൈവം) എന്നാണര്‍ത്ഥം. 'അസുരന്‍' എന്നു പറഞ്ഞാല്‍ സുര കഴിക്കാത്തവന്‍ എന്നാണ് അര്‍ത്ഥം. ദേവന്മാരാണല്ലോ സുരന്മാര്‍. സുരന്മാര്‍ സുര കഴിച്ചിരുന്നു. 'അസുരന്‍' എന്നത് നല്ല പ്രയോഗമാണ്. എന്നാല്‍, സുര കുടിക്കാത്ത സുരേശന്മാര്‍ കുറച്ചെങ്കിലുമുണ്ടല്ലോ. 'മിഥുന്‍' എന്നു പറഞ്ഞാല്‍ മൈഥുനം നടത്തുന്നവന്‍ എന്നാണര്‍ത്ഥം. പക്ഷേ, മൈഥുനം തന്നെ ജീവിതമാക്കിയവര്‍ക്കല്ലല്ലോ 'മിഥുന്‍ ചക്രവര്‍ത്തി' എന്നും മറ്റും പേരിടാറ്. 'നിഫാസ്' എന്ന പേരു കേട്ടിട്ടുണ്ട്. അറബിയില്‍ നിഫാസ് എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ത്തവ രക്തം എന്നാണ്. 'നിഷാദ'് എന്ന പേര് സര്‍വ്വ സാധാരണമാണ്. ബ്രാഹ്മണന് ശുദ്രസ്ത്രീയില്‍ ജനിക്കുന്ന കുട്ടിയുടെ ജാതിപ്പേരാണ് 'നിഷാദന്‍' എന്നത്. കാട്ടാളന്‍ എന്നും അര്‍ത്ഥമുണ്ട്. കാട്ടാളന്‍ എന്നതു മോശമായ പ്രയോഗമല്ല. കാട്ടില്‍ ജീവിക്കുന്നയാള്‍ എന്നേ അര്‍ത്ഥമുള്ളു. 'രതീശ്'എന്നും പേരുണ്ടല്ലോ. രതിയുടെ ഈശനാണ് രതീശ്.
ഇന്ന് ചെറുമനും പുലയനും തിയ്യനും നായരുമൊക്കെ അവരവര്‍ക്ക് ഇഷ്ടമുള്ള പേരാണിടാറ്. ദൈവങ്ങളുടെ പേര് (വിഷ്ണു, വൈഷ്ണവ് എന്നിങ്ങനെ) ധാരാളമായി ഉപയോഗിച്ചു വരുന്നു. വര്‍ണ ഭരണം അവസാനിച്ചത് നന്നായി. അല്ലെങ്കില്‍ കാണാമായിരുന്ന പൂരം! ശൂദ്രരായി കണക്കാക്കിയിരുന്ന നായന്മാര്‍ക്കും(ആക്ഷേപകരമായ ഈ ശൂദ്രന്‍ വിളി അവസാനിപ്പിച്ചത് മന്നത്ത് പത്മനാഭനാണ്), വര്‍ണ നിയമ പ്രകാരം മനുഷ്യരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താത്ത പിന്നാക്ക-ദലിത് വിഭാഗക്കാര്‍ക്കും ഇത്തരം പേരുകള്‍ ഉപയോഗിക്കുവാന്‍ പറ്റില്ലായിരുന്നു. മനുസ്മൃതി (2:31) പറയുന്നത് നോക്കുക:
"മംഗല്യം ബ്രാഹ്മണസ്യ സ്യാത്
ക്ഷത്രിയസ്യ ബലാന്വിതം
വൈശസ്യ ധനസംയുക്തം
ശൂദ്രസ്യ തു ജുഗുപ്‌സിതം"
ബ്രാഹ്മണന് മംഗളത്തെയും ക്ഷത്രിയന് ബലത്തെയും വൈശ്യന് ധനത്തെയും സൂചിപ്പിക്കുന്ന പേരിടണം. ശൂദ്രന് നിന്ദ്യവുമായ പേരിടണം. ഇതാണ് അര്‍ത്ഥം.
നായര്‍ സമുദായം ബ്രാഹ്മണരുടെ അടിമകളല്ലെന്നും അവരിലെ 'മിഥുന്‍'പുരുഷന്മാര്‍ക്കുള്ള ഭോഗ വസ്തുക്കളുമല്ലെന്നും വിളിച്ചു പറയുകയും അത് സ്ഥാപിച്ചെടുക്കുകയും ചെയ്ത വ്യക്തിയാണ് മന്നത്ത് പത്മനാഭന്‍. നായര്‍ സമുദായ പരിഷ്‌കര്‍ത്താവായ അദ്ദേഹം തന്റെ പേരില്‍ നിന്നു ജാതിവാല്‍ ഒഴിവാക്കി. എന്നാല്‍ ഈ 'ബ്‌ളോഗ്‌യുഗ'ത്തിലും ജാതിവാലുകള്‍ കൂടുതലായി മുളച്ചു വരുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്ക് പേരിടുന്നത് ആ വ്യക്തിയില്ല. അവരുടെ അച്ഛനമ്മമാരാണ്. ആയതിനാല്‍ ഇക്കാര്യത്തില്‍ പേരിന്റെ ഉടമകളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പക്ഷേ, ബോധം മുളച്ചാല്‍ തന്റെ പേരിന്റെ കൂടെ മുളച്ച ജാതിവാല്‍ ഒഴിവാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നൊഴിവാക്കിയില്ലെങ്കിലും സ്വയമുള്ള വിശേഷണത്തില്‍ നിന്നെങ്കിലും ജാതിവാല്‍ ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവര്‍ ജാതിവാലില്‍, അതായത് ജാതിയില്‍, അഭിമാനം കൊള്ളുന്നവരാണ്. ജാതിയില്‍ അഭിമാനം കൊള്ളുന്നവര്‍ ജാതിവ്യവസ്ഥയുടെ 'തനിമ'നിലനിര്‍ത്താനും ബാധ്യസ്ഥരാണ്.
'പ്രീതി വാര്യര്‍' എന്നത് തെറ്റായ പ്രയോഗമാണ്; 'പ്രീതി വാരസ്യാര്‍' എന്നതാണ് ശരിയായ പ്രയോഗം. പുരുഷന്മാരുടെ പേരിന്റെ കൂടെ മാത്രമേ വാര്യയര്‍ എന്നു ചേര്‍ക്കാവൂ. സ്ത്രീകളുടെ പേരിന്റെ കൂടെ വാരസ്യാര്‍ എന്നാണ് ചേര്‍ക്കേണ്ടത്. ആയതിനാല്‍, മഞ്ജു വാര്യര്‍ എന്നതും തെറ്റായ പ്രയോഗം തന്നെ; മഞ്ജു വാരസ്യാര്‍ എന്നതാണ് ശരിയായ പ്രയോഗം. നവ്യാ നായര്‍ എന്നതും തെറ്റായ പ്രയോഗം തന്നെ. നവ്യാ അമ്മ എന്നതാണ് ശരിയായ പ്രയോഗം. എന്നാല്‍ ലീലാ ദാമോദര മേനോന്‍ എന്ന പ്രയോഗത്തില്‍ തെറ്റില്ല. ഇതു പോലെ, കാളിയുടെ ഭര്‍ത്താവ് കോരുപ്പണിക്കരാണെങ്കില്‍ കാളി.കെ.പണിക്കര്‍ എന്നു പറയുന്നതിലും തെറ്റില്ല.
ഏതാനും ജാതി വിഭാഗളിലെ ആണുങ്ങളെയും പെണ്ണുങ്ങളെയും വിശേഷിപ്പിക്കേണ്ടത് എങ്ങനെയെന്നു നോക്കാം.
നായര്‍, മോനോന്‍, പിള്ള,പണിക്കര്‍-അമ്മ
വാരിയര്‍-വാരസ്യാര്‍
മാരാര്‍-മാരാസ്യാര്‍(മാരാത്തി)
അടിയാള്‍-അടിയിശ്യാര്‍
നമ്പീശന്‍-ബ്രാഹ്മണിയമ്മ
ചാക്കിയാര്‍-ഇല്ലോടിയമ്മ
നമ്പിയാര്‍-നങ്ങിയാര്‍
തിയ്യാടി നമ്പിയാര്‍-മരുമകളമ്മ
മൂത്തത്-മനയമ്മ
പിഷാരോടി-പിഷാരസ്യാര്‍
പൊതുവാള്‍-പൊതുവാള്‍സ്യാര്‍
........................





5 comments:

Vijay Karyadi said...

ഒരു കാര്യം തുറന്നു പറയുന്നത് കൊണ്ട് ഒന്നും കരുതരുത് ഈ ഉള്ളവന്റെ ഒരു ഊഹമാണ് " താങ്കള്‍ ഒരു നായരല്ല "അല്ലെ എന്നുള്ളത് സത്യമല്ലേ ...........വിജയ്‌ കാര്യാടി

poor-me/പാവം-ഞാന്‍ said...

താങ്കള്‍ നായരൊ അല്ലയൊ എന്നത് എനിക്ക് പ്രശ്നമല്ല കൌതുക കരമായ വിവരങള്‍ക്ക് നന്ദി

ശങ്കരനാരായണന്‍ മലപ്പുറം said...

ആയുര്‍വേദ ഗ്രന്ഥമായ 'അഷ്ടാംഗഹൃദയ'ത്തിന്റെ കര്‍ത്താവായ വാഗ്ഭടന്‍ ഒരു ബുദ്ധമത സന്ന്യാസിയായിരുന്നു. ഇതുകൊണ്ടു തന്നെ ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനോട് അയിത്തം കല്‍പ്പിച്ചു. ബ്രാഹ്മണര്‍ എഴുതിയതു മാത്രമേ പഠിക്കൂ എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ബ്രാഹ്മണര്‍ എഴുതിയ ഭേളാദി സംഹിതകള്‍ നിങ്ങള്‍ പഠിക്കാത്തതെന്ന് വാഗ്ഭടന്‍ ചോദിച്ചു.
''വാതേ പിത്തേ ശ്‌ളേഷ്മ ശാന്തൗച പഥ്യം
തൈലം സര്‍പ്പിര്‍ മാക്ഷി കഞ്ച ക്രമേണ
ഏതത് ബ്രഹ്മാ ഭാഷതേ ബ്രഹ്മജോവാ
കാനിര്‍മന്ത്രേ വക്തൃദേ ദോക്ത ശക്തി:''
-വാതപിത്തകഫ രോഗങ്ങളുടെ വികാരത്തിനു യഥാക്രമം എണ്ണ, നെയ്യ്, തേന്‍ എന്നിവ ഔഷധങ്ങളാണെന്ന് ബ്രഹ്മാവ് പറഞ്ഞാലും ബ്രഹ്മജന്‍ പറഞ്ഞാലും ഫലം ഒന്നു തന്നെ. ആരു പറഞ്ഞു എന്നല്ല, എന്തു പറഞ്ഞു എന്നാണ് നോക്കേണ്ടത്.

priyag said...

ithoru puthiya arivaanu . anyway thanks alot

Mahesh Ananthakrishnan said...

നന്നായിരിക്കുന്നു :) ചില കാരണവന്മാര്‍ പേര് ചോദിക്കുമ്പോള്‍ അവരുടെ ഉദ്ദേശം ഏതു സമുദായം ആണെന്നു ആറിയാനാണ്..... ഉദാഹരണം... അഭിജിത് എന്ന് പറഞ്ഞാല്‍.. ചോദിക്കും ... അച്ഛന്‍റെ പേര്???
അതിലും കിട്ടിയില്ലേല്‍ വീട്ടുപേര് ???
എന്നിട്ട് സ്വസമുദായം അല്ലേല്‍ ഇങ്ങനെ പറയും.. 'ഒഹ്' കിഴകേലെ വാസുന്റെ മോന്‍ അല്ലിയോ ??
സ്വസമുദായം ആണേല്‍ പറയും... 'ആഹ്' നീ നമ്മുടെ വാസുന്റെ മോന്‍ അല്ലിയോ ?? നീയങ്ങു വളര്‍ന്നു പോയല്ലോടാ.....