My Blog List

Thursday, December 15, 2011

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ


        ഞാന്‍ 09.07.2008 ലെ 'കേരളശബ്ദം'വാരിക, 'മക്തബ്'സായാഹ്ന ദിനപത്രം എന്നിവയില്‍ എഴുതിയ ലേഖനമാണിത്. ഇത് 08.10.2010 ന് ബ്‌ളോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ ബ്‌ളോഗ് തുടങ്ങി ഉടനെ പോസ്റ്റ് ചെയ്തതാണിത്. അതൊകൊണ്ടായിരിക്കണം കൂടുതല്‍ പേര്‍ ലേഖനം വായിക്കാതിരുന്നത്. ഈയിടെ ഞാനും ഗാന്ധിജിയില്‍ പ്രചോദനം കൊള്ളുന്ന ഫെസ്ബുക്കറായ ശ്രീ:വേണു ഗോപാലും തമ്മില്‍ ചെറുതായൊരു സംവാദമുണ്ടായി.  അപ്പോള്‍ എനിക്കു തോന്നി ഈ ലേഖനം പുന:പ്രസിദ്ധീകരിക്കണമെന്ന്. ആയതിനാല്‍ പ്രസ്തു ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു.   പ്രസ്തുത സംവാദം താഴെ കൊടുക്കുന്നു. 

                       ..................


Sankaranarayanan Malappuram ശ്രീ: വേണു ഗോപാല്‍ എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റുമോ? ഞാന്‍ ഗാന്ധിസത്തെ എതിര്‍ക്കുന്ന കൂട്ടത്തിലാണ്.
Venu Gopal ഗാന്ധി പറഞ്ഞ നല്ല ചിന്തകളെ സ്വീകരിക്കെണ്ടതല്ലേ?
Sankaranarayanan Malappuram അതെ, നല്ലത് ആരുപറഞ്ഞാലും സ്വീകരിക്കണം. ഗാന്ധിജിയുടെ സത്യസന്ധതയും മനസ്സിലുള്ളത് തുറന്ന് പറയുകയും എഴുതുകയും ചെയ്യുന്ന നിലപാടുകളും അംഗീകരിക്കേണ്ടതു തന്നെ.
Venu Gopal പിന്നെ എന്താണ് ഗാന്ധിയന്‍ ചിന്തകളില്‍ തെറ്റായി തോന്നിയത് എന്ന് ശങ്കരേട്ടന്‍ എന്നെ ഒന്ന് ധരിപ്പിക്കുക . നാടിന്റെ വിഭജനം ഒഴികെ മറ്റൊന്നും തെറ്റായി എനിക്ക് തോന്നിയിട്ടില്ല ...
Sankaranarayanan Malappuram ഗാന്ധിസത്തിന്റെ അടിത്തറ കിടക്കുന്നത് ചാതുര്‍വര്‍ണ്യ ജാതി നിയമത്തിലാണ്. വര്‍ണ വ്യവസ്ഥ നിലനിര്‍ത്തണമെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നത്. അച്ഛന്റെ തൊഴില്‍ മകന്‍ ചെയ്യണമെന്നും അതു ചെയ്യാതിരുന്നാല്‍ പാപിയാകുമെന്നും, ഒരു തോട്ടിയായി ജനിച്ചവന്‍ തോട്ടിപ്പണി ചെയ്യണമെന്നൊക്കെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ ഡോ:ഖാരെ എന്ന ബ്രാഹ്മണന്റെ നേതൃത്വത്തില്‍ രൂപികരിച്ച മന്ത്രിസഭയില്‍ മനുഷ്യ സ്‌നേഹിയായ അദ്ദേഹം അഗ്നിഭോജ് എന്ന പട്ടികജാതിക്കാരനെ മന്ത്രിയാക്കി. ഇദ്ദേഹത്തെ ഗാന്ധിജിയുടെ ആവശ്യപ്രകാരം മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. താന്ന ജാതിക്കാരന്‍ താന്ന ജാതിക്കാരനായി ജനിക്കാന്‍ കാരണം മുന്‍ജന്മ കര്‍മ്മ ഫലമാണെന്നും അടുത്ത ജന്മത്തില്‍ നല്ല ജാതിയില്‍ ജനിക്കാന്‍ കുലത്തൊഴില്‍ ചെയ്യണമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാന്ധിജി ഇങ്ങനെ ചെയ്തത്.

  • വേണുഗോപാല്‍ ബ്‌ളോഗ്‌പോസ്റ്റില്‍ എഴുതിയ കമന്റ്‌: കാര്യ കാരണ സഹിതം ചൂണ്ടിക്കാട്ടിയ ഈ തെളിവുകള്‍ ....
    നന്നായി പങ്കു വെച്ചു.... ആശംസകള്‍                                .................

                 ബ്രിട്ടീഷ് മേധാവത്വത്തില്‍ നിന്നു ഇന്ത്യയെ മോചിപ്പിച്ച വ്യക്തികളില്‍ എന്തുകൊണ്ടും പ്രമുഖന്‍ ഗാന്ധിജിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ചെയ്ത കാര്യങ്ങള്‍, അതു ശരിയായാലും തെറ്റായാലും അദ്ദേഹം തുറന്നു പറയുകയും എഴുതുകയും ചെയ്തു.
        പക്ഷേ, ഗാന്ധിജിക്ക് ഗുരുതരമായ ഒരു തെറ്റു പറ്റി. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. ഇതു പക്ഷേ, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയായിരുന്നില്ല എന്നതും സത്യം തന്നെ. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ചുണ്ടാക്കിയതാണല്ലോ ജാതി വ്യവസ്ഥ. ഈ ചാതുര്‍വര്‍ണ്യത്തിലെ (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍) മൂന്നാം വര്‍ണ്ണത്തില്‍പ്പെട്ട വൈശ്യനായിരുന്നു ഗാന്ധിജി. ഈ വൈശ്യനാണ് ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തിനുവേണ്ടി വാദിച്ചത്. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗാന്ധിജിക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത്.
                                       പെരിയാര്‍ ഇ.വി.രാമസ്വാമി
         ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന മാനവ വിരുദ്ധ നിലപാടിനെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പെരിയോര്‍ ഇ.വി.രാമസ്വാമി നായക്കര്‍ കോണ്‍ഗ്രസ്സില്‍ നിന്നു 1925 ല്‍ രാജി വച്ച് ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയത് ഗാന്ധിജിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. ശ്രീനാരായ ഗുരുവും കുമാരനാശാനുമൊക്കെ മിതമായ ഭാഷയില്‍ ഗാന്ധിജിയെ ചോദ്യം ചെയ്തപ്പോള്‍ സഹോദരനയ്യപ്പന്‍ കടുത്ത ഭാഷയിലാണ് ഗാന്ധിജിയെ ചോദ്യം ചെയ്തത്. എന്നാല്‍, ഗാന്ധിജിയെ ഏറ്റവും ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്ത വ്യക്തി ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്കറാണ്. ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തെ അതി സൂക്ഷ്മമായി വിശകലനം ചെയ്ത് അതിന്റെ ദോഷ വശങ്ങള്‍ വളരെ വ്യക്തമായിത്തന്നെ അദ്ദേഹം തുറന്നുകാട്ടി. '' ഗാന്ധിയും കോണ്‍ഗ്രസ്സും അയിത്ത ജാതിക്കാര്‍ക്കെന്തു ചെയ്തു'' എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. (ഇതു വായിച്ചാല്‍ ഏഴാം തരം പാഠപുസ്തകത്തിനെതിരെ തെരുവിലിറങ്ങിയ കെ.എസ്.യു.ക്കാര്‍ ബോധംകെട്ടു വീഴും. ഈ ഗ്രന്ഥം കേന്ദ്ര സര്‍ക്കാരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നുത്). ജാതിയെ സംബന്ധിച്ച് ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ഗാന്ധിസത്തിന്റെ ഈ വശം കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്.
ജാതി മുതലായവ ഉണ്ടാക്കിയത് കലിയുഗ ബ്രാഹ്മണരാണെന്ന് സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്. ഈ ജാതി വ്യവസ്ഥയാണ് ഇന്ത്യയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. നുണക്കഥകള്‍ പറഞ്ഞ് മണ്ണില്‍ പണിയെടുക്കുന്നവരുടെ പക്കലുണ്ടായിരുന്ന ഭൂമി മുഴുവന്‍ ബ്രാഹ്മണന്‍ സ്വന്തമാക്കി. ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് ഭൂമി 'ബ്രഹ്മസ്വ'ങ്ങളും ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് ഭൂമി 'ദേവസ്വ'ങ്ങളുമാക്കി. മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെ അടിമകളാക്കി. അവരുടെ ചോരയും നീരു വിയര്‍പ്പും ഊറ്റിക്കുടിച്ച് അവര്‍ (ത്രൈവര്‍ണികര്‍; ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യന്മാര്‍) മദിച്ചു രസിച്ചു സുഖിച്ചു ജീവിച്ചു.
പശുക്കള്‍ക്ക് ഗോത്വം എന്ന ജാതിയുള്ളതുപോലെ മനുഷ്യര്‍ക്ക് മനുഷ്യ ജാതി മാത്രമേയുള്ളുവെന്നും ബ്രാഹ്മണര്‍ തുടങ്ങിയ ജാതികളില്ലെന്നും ശ്രീനാരായണ ഗുരു പറയുകയുണ്ടായി. ബ്രാഹ്മണിസത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച വ്യക്തിയായ ഡോ: ബി.ആര്‍.അംബേദ്കര്‍ പറഞ്ഞു (ഡോ: അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 17, പേജ് 62,63): '' ഇന്ത്യയിലെ അടിമ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണ മനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം ഹതാശരും ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണ്ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്.....ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷണ്ഡന്മാരും ചൈതന്യ ശൂന്യരും പൗരുഷ ഹീനരും ആയിട്ടുണ്ടെങ്കില്‍ അത് അവരെ യുഗങ്ങളായി സമ്പൂര്‍ണ്ണ നിരായുധീകരണത്തിനിരയാക്കിയ ബ്രാഹ്മണ നയത്തിന്റെ ഫലമാണ്.''
          എന്നാല്‍, ഗാന്ധിജിയുടെ അഭിപ്രായം ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ളതായിരുന്നു. ഗാന്ധജി പറഞ്ഞു (യംഗ് ഇന്ത്യ, 19.03.1925): '' മനുഷ്യരാശിയിലെയും ഹിന്ദുമതത്തിലെയും ഏറ്റവും ശ്രേഷ്ഠമായ ഒരു പുഷ്പമാണ് ബ്രാഹ്മണന്‍. ആ പുഷ്പത്തിന്റെ നാശത്തിനു വഴി തെളിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യുകയില്ല''. 'ശ്രഷ്ഠമായ പുഷ്പത്തിന്റെ'താഴെയുള്ള 'മുള്ളുകള്‍' മുള്ളുകളായത് അവര്‍ ചെയ്ത മുന്‍ജന്മ കര്‍മ്മഫലം കൊണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. ആയതിനാല്‍ 'മുള്ളുകള്‍' മുന്‍ജന്മ കര്‍മ്മഫലം അനുഭവിച്ചുതീര്‍ക്കണമെന്നും ഗാന്ധിജി പറഞ്ഞു. ഓരോ ജാതിക്കാരും അവരവരുടെ പൂര്‍വ്വീകര്‍ ചെയ്യുന്ന ജോലികള്‍ തന്നെ നിര്‍ബന്ധമായും ചെയ്യണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിജി പറയുന്നത് നോക്കുക: ''പൂര്‍വ്വീകരുടെ പരമ്പരാഗതമായ തൊഴില്‍ ചെയ്തു നാം ഓരോരുത്തരും നമ്മുടെ ആഹാരാവശ്യങ്ങള്‍ സമ്പാദിക്കണമെന്നാണ് വര്‍ണ നിയമം അനുശാസിക്കുന്നത്‌ന്. അത് നമ്മുടെ അവകാശങ്ങളെയല്ല, കര്‍ത്തവ്യങ്ങളെയാണ് നിര്‍വ്വചിചിക്കുന്നത് ''.
         ജാതി വിവേചനവും ജാതി സമ്പ്രദായവും ദൈവ ചൈതന്യത്തിനെതിരാണെങ്കിലും ഗാന്ധജി അതില്‍ യുക്തിയും ശാസ്ത്രീയതയും കണ്ടു. ഗാന്ധജി പറഞ്ഞ (യംഗ് ഇന്ത്യ, 23.04.1925): '' യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായതുകൊണ്ട് ഞാന്‍ വര്‍ണാശ്രമത്തെ പിന്താങ്ങുന്നു...ജനനത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആശാസ്യമായ പ്രക്രിയാ വിഭജനമാണ് വര്‍ണാശ്രമം എന്നു ഞാന്‍ വിചാരിക്കുന്നുന്നു. തൊട്ടുകൂടായ്മക്കെതുരായിരുന്നു ഗാന്ധിജി എന്ന കാര്യം ശരി തന്നെ. പക്ഷേ, അയിത്തം അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ (ജാതി സമ്പ്രദായത്തെ) നിലനിര്‍ത്തുകയും ചെയ്യണമെന്നതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഗാന്ധിജി പറയുന്നത് നോക്കുക ( യംഗ് ഇന്ത്യ, 13.08.1925): '' അയിത്തത്തെ അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ അതിന്റെ സ്ഥാനത്ത് പുനരാനയിക്കുകയുമാണ് സമുദായ പ്രവര്‍ത്തകര്‍ ചെയ്യേണ്ട കര്‍ത്തവ്യം''. ജാതി നിയമം ലംഘിച്ചാല്‍ ആ വ്യക്തി ഹിംസിക്കപ്പെടുമെന്നും ഗാന്ധിജി പറഞ്ഞു. '' ഹിന്ദു ധര്‍മ്മമനുസരിച്ച് ഒരാള്‍ ഏതു വര്‍ണ്ണത്തില്‍ ജാതനായോ അതാണ് അയാളുടെ വര്‍ണ്ണം. എന്നാല്‍, ആ വര്‍ണ്ണത്തോട് കൂറു കാണിക്കാതിരിക്കുന്നതുകൊണ്ട് അയാള്‍ സ്വയം ഹിംസിക്കുകയുയിരിക്കും ചെയ്യുന്നത്. അങ്ങനെ അയാള്‍ അധ:പതിക്കുകയും ഒരു പതിതനായിത്തീരുകയും ചെയ്യും (യംഗ് ഇന്ത്യ, 24.11.1997). ഒരു ജാതിക്കാരന് മറ്റൊരു ജാതിക്കാരന്റെ ജോലി ചെയ്യാം. പക്ഷേ, ആ പണി ചെയ്ത് കൂലി വാങ്ങരുത്. അരി വാങ്ങേണ്ടത് 'കുലത്തൊഴില്‍' ചെയ്തുകൊണ്ടു തന്നെ വേണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, 24.11.1927): '' പണം ഉണ്ടാക്കണമെന്നുള്ള വിചാരം കൂടാതെ സേവനത്തെ മാത്രം ഉദ്ദേശിച്ച് ബുദ്ധിയുള്ള ഏതൊരു മരപ്പണിക്കാരനും വക്കീല്‍പ്പണിയില്‍ ഏര്‍പ്പെടുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ല''. ഒരേ മാതാപിതാക്കളുടെ മക്കള്‍ എല്ലാവരും ഒരേ താല്‍പര്യക്കാരും ഒരേപോലെ കഴിവുള്ളവരുമാവില്ലല്ലോ. പിന്നെന്തുകൊണ്ട് ഇങ്ങനെയൊരു വാദം എന്ന ചോദ്യത്തിന് ഗാന്ധിജി ഇങ്ങനെ മറുപടി നല്‍കി (യംഗ് ഇന്ത്യ, 24.11.0927): '' എന്റെ പിതാവ് ഒരു വ്യാപാരിയായിരിക്കവേ എനിക്ക് ഒരു സൈനികന്റെ വൈഭവമാണുള്ളതെങ്കില്‍ ഒരു ഭടനെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുകയും അതേ സമയം എന്റെ ഉപജീവനത്തിനുള്ള വക വ്യാപാരം കൊണ്ട് സമ്പാദിക്കുകയും വേണം''.
             കക്കൂസ് വൃത്തിയാക്കുന്ന ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ കുഞ്ഞ് തീട്ടം കോരാനുള്ള കൈക്കോട്ടും ബക്കറ്റും കൊണ്ടല്ല ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരിക. ജനിക്കുമ്പോള്‍ എല്ലാവരും തുല്യതാണ്. എല്ലാം ദൈവത്തിന്റെ മക്കള്‍. തൊലിയുടെ നിറം എന്തായാലും ചോരയുടെ നിറം ചുവപ്പ് തന്നെ. ഗാന്ധിജിയിലെ അന്ധമായ ചാതുര്‍വര്‍ണ്യ മതബോധം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചു (ഹരിജന്‍, 06.03.1937): '' വര്‍ണ്ണ നിയമം വൈദഗ്ദ്ധ്യത്തിനു ക്ഷതം പറ്റാതെയുള്ള കാത്തു സൂക്ഷിക്കലാണ്. ഞാനൊരു തോട്ടിയാണെങ്കില്‍ എന്തുകൊണ്ട് എന്റെ പുത്രന് ആ ജോലി ചെയ്യാന്‍ പാടില്ല...ഒരു തോട്ടിയായി ജനിച്ചവന്‍ ഒരു തോട്ടിയുടെ ജോലി ചെയ്തു ഉപജീവനത്തിനു വേണ്ടത് സമ്പാദിക്കണം ''.
            ഗാന്ധിസത്തിന് എന്തെല്ലാം നല്ല വശങ്ങളുണ്ടെങ്കിലും അതിന്റെ സാമൂഹിക അടിത്തറ നിന്ദ്യും നീചവും തികൃഷ്ടവുമായ ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥയാണ്. ഇതു അംഗീകരിക്കുവാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധിക്കുകയില്ല. അച്ഛന്റെ തൊഴില്‍ തന്നെ മക്കള്‍ ചെയ്താല്‍ തൊഴില്‍ മത്സരം ഉണ്ടാകില്ലെന്നാണ് ഗാന്ധിജിയുടെ വാദമെന്ന് ഒരാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: '' ഇത് ജാതി ഉണ്ടാക്കിയവരുടെ വുദമാണ്. ജാതിയുടെ സകല ഗുണങ്ങളും ലഭിക്കുന്നവര്‍ ഇങ്ങനെ പറയും. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കുവേണ്ടിയല്ലല്ലോ ''.
ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന നിലപാടിനെക്കുറിച്ച് ഏ.കെ.ജി.ക്കുണ്ടായിരുന്ന അഭിപ്രായം ഡോ: കെ.പ്രശോഭന്‍ 'ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത മലയാള കവിതയില്‍' എന്ന പുസ്തകത്തില്‍ ഇങ്ങനെ വിലയിരുത്തുന്നു-'ഹരിജന്‍' മാസിക, പുറം 27): '' ഏ.കെ.ഗോപാലനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായത്തില്‍ വര്‍ണ്ണം, ജാതി ഇവയെപ്പറ്റി ഗാന്ധിജി പുലര്‍ത്തിയിരുന്നത് ഇരുതല വാദമായിരുന്നു എന്നാണ്. ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടി പോലും രാഷ്ട്രീയത്തിനുള്ള അത്താണിയായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു''.
                                            കണ്ണൂരിലെ എ.കെ.ജി പ്രതിമ
വെളിച്ചം കാണാത്ത ഇത്തരം ചരിത്ര സത്യങ്ങള്‍ പഠിക്കാനും പഠിച്ചതിനു ശേഷം കുട്ടികളെ പഠിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. ഏഴാം തരക്കാര്‍ മാത്രമല്ല, എല്ലാ തരക്കാരും പഠിക്കേണ്ട പാഠങ്ങളാണിവ.

                                                            ..................

Saturday, December 03, 2011

മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്ക

    കണ്ണ് കാണില്ല, ചെവി കേള്‍ക്കില്ല, സംസാരിക്കില്ല. ഇത്തരമൊരു വ്യക്തിയെ വളരെ അപൂര്‍വ്വമായേ കാണാന്‍ സാധിക്കുകയുള്ളു. മുണ്ടുപറമ്പില്‍ ഇത്തരത്തില്‍ പെട്ട ഒരു വ്യക്തിയുണ്ട്. പരേതയായ കുഞ്ഞാത്തുമ്മയുടെയും പരേതനായ കുന്നത്തൊടി അലവിക്കുട്ടിയുടെയും ഏഴ് മക്കളില്‍ പെട്ട നാല് ആണ്‍ മക്കളിലെ മൂന്നാമത്തെയാള്‍. യഥാര്‍ത്ഥ പേര് കാദര്‍. നാട്ടുകാര്‍ക്കെല്ലാം കാദറ്കാക്ക .
    കള്ളിമുണ്ട്/വെള്ളമുണ്ട്, ബനിയന്‍; ചിലപ്പോള്‍ കുപ്പായവും. ഇതാണ്
കാദറ്കാക്ക
യുടെ വേഷം. കയ്യില്‍ ഒരു മുട്ടന്‍ വടിയുമുണ്ടായിരിക്കും. ഇങ്ങനെയുള്ള കാദറ്കാക്കയെ കാണാത്തവര്‍ മുണ്ടുപറമ്പിലുണ്ടാവില്ല. ശബ്ദ മുണ്ടാക്കിയാണ് നടക്കുക. മുഖത്തെപ്പോഴും പുഞ്ചിരിയായിരിക്കും. മുട്ടന്‍വടി കൊണ്ട് തട്ടിയും മുട്ടിയും കുത്തിയുമൊക്കെയാണ് വഴി മനസ്സിലാക്കുക. മുണ്ടുപറമ്പിന്റെ എല്ലാ മുക്കും മൂലയും കാദറ്കാക്കയ്ക്കറിയാം.
     
കാദറ്കാക്കയ്ക്ക് വോട്ടുണ്ട്. റേഷന്‍ കാര്‍ഡില്‍ പേരുമുണ്ട്. കാദറ്കാക്ക ഇപ്പോള്‍ താമസിക്കുന്നത് അദ്ദേഹത്തിന്റെ അനുജന്‍ പരേതനായ മുഹമ്മദിന്റെ മകന്‍ കുന്നത്തൊടി അലവിക്കുട്ടിയുടെ കൂടെയാണ്.  കാദറ്കാക്കയ്ക്ക് സ്വന്തമായൊരു മുറിയുണ്ട്. പുറത്ത് പോകുമ്പോള്‍ മുറി പൂട്ടിയാണ് പോവുക. ഇതൊക്കെ വളരെ കൃത്യമായി ചെയ്യാന്‍ കാദറ്കാക്കയ്ക്ക് സാധിക്കും. പക്ഷെ, ഒരിക്കല്‍ ഒരബദ്ധം സംഭവിച്ചു. കാദറ്കാക്ക കുളിക്കാനായി വരമക്കല്‍ കടവിലേക്ക് പോകാറുണ്ടായിരുന്നു. ഒരു ദിവസം കുളി കഴിഞ്ഞ് തിരിച്ചുവന്ന് വാതില്‍ തുറക്കാനായി താക്കോല്‍ തപ്പിനോക്കി. താക്കോല്‍ കണ്ടില്ല. ഒച്ചപ്പാടും ബഹളവും. ദേഷ്യം വന്നാല്‍ വല്ലാതെ ഒച്ചയുണ്ടാക്കും. മുട്ടന്‍ വടികൊണ്ട് അടിക്കുകയും ചെയ്യും. അലവിക്കുട്ടിയുടെ മക്കള്‍ താക്കോല്‍ തിരയാനായി പുഴയിലേക്ക് പോയി. അതിനിടയില്‍ താക്കോല്‍ കാദറ്കാക്കയുടെ വീട്ടില്‍ എത്തിയിരുന്നു. കുളിക്കാന്‍ കടവിലേക്ക് ഇറങ്ങുന്നതിന് മുമ്പ് താക്കോല്‍ വരമക്കല്‍ ഹംസ ഹാജിയുടെ വീട്ടില്‍ ഏല്പിക്കാറുണ്ട്. അന്ന് എന്തുകൊണ്ടോ താക്കോല്‍ തിരിച്ചുവാങ്ങാന്‍ മറന്നതായിരുന്നു.
            മല്‍പ്പിടുത്തും, അടി, കരച്ചില്‍
   
കാദറ്കാക്ക പൊട്ടിക്കരഞ്ഞ ഒരു സംഭവമുണ്ടായി. അനുജന്‍ (പരേതനായ) മുഹമ്മദിനോട് എന്തോ ദേഷ്യം തോന്നി. ബഹളം വെച്ച് അനുജനെ കൈകളാല്‍ കെട്ടി വരിഞ്ഞു. അനുജന്‍ ഞെരിപിരികൊണ്ടു. ഒച്ചവെച്ചു കരഞ്ഞു. ബഹളംകേട്ട് കാദറ്കാക്കയുടെ മൂത്താപ്പയുടെ മകനായ (പരേതനായ) കുഞ്ഞാലി ഓടിച്ചെല്ലുകയും കാദറ്കാക്കയെ അടിക്കുകയും കാദറ്കാക്ക അനുജനെ വരിഞ്ഞു മുറക്കിയ കൈ വിടുകയും ചെയ്തു. ശേഷം അടിച്ചയാളുടെ ശരീരം തടവി നോക്കി. (ഇങ്ങനെയാണ് കാദറ്കാക്ക ആളെ തിരിച്ചറിയുന്നത്). അടിച്ചയാള്‍ മൂത്താപ്പയുടെ മകനും തറവാട്ടു വകയില്‍ ഏട്ടനുമായ ആളാണെന്ന് ബോദ്ധ്യമായി. ഈ ജ്യേഷ്ഠനോട്
കാദറ്കാക്കയ്ക്ക് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. കാദറ്കാക്ക കരയാന്‍ തുടങ്ങി. കരയലെന്നു പറഞ്ഞുകൂടാ. ചങ്കുപൊട്ടിയുള്ള കരച്ചില്‍. തറവാട്ടു വകയിലുള്ള അനുജനാണെങ്കിലും സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്ന കാദറ്കാക്കയെ ആ ജ്യേഷ്ഠന്‍ ആദ്യമായാണ് അടിക്കുന്നത്. അനുജന്റെ കരച്ചില്‍ കണ്ട് സഹിക്കവയ്യാതെ ജ്യേഷ്ഠനും കരഞ്ഞു. പിന്നീടതൊരു കൂട്ടക്കരച്ചിലായിമാറി. ഇക്കാര്യം വിവരിക്കുമ്പോള്‍ കുഞ്ഞാലിക്കയുടെ മകന്‍ കുന്നത്തൊടി മുഹമ്മദിന്റെ ശബ്ദം സങ്കടം കൊണ്ട് ഇടറിയിരുന്നു.
         നെല്ല് കുത്തും, വെള്ളം കോരും
  
കാദറ്കാക്ക വീട്ടിലെ ഒരുവിധം പണികളൊക്കെ ചെയ്യുമായിരുന്നു. പെണ്ണുങ്ങള്‍ നെല്ലു കുത്തുമ്പോള്‍
കാദറ്കാക്കയും അതില്‍ പങ്ക് ചേരും. നെല്ല്കുത്തുകാരിപ്പെണ്ണുങ്ങളെ വെല്ലുന്ന രീതിയില്‍ നെല്ല് കുത്തുകയും ചെയ്യും. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ടുവരും. വൈക്കോല്‍ ഉണ്ടയില്‍ നിന്ന് വൈക്കോലെടുത്ത് കന്നുകള്‍ക്ക് നല്‍കും. ഇങ്ങനെ മിക്ക വീട്ടുജോലികളും കാദറ്കാക്ക ചെയ്തിരുന്നു.
      പുതിയ കുപ്പായം വേണമെങ്കിലും തുണി വേണമെങ്കിലും ആംഗ്യത്തിലൂടെ അറിയിക്കും. മുണ്ടുപറമ്പിലെ മിക്ക വ്യക്തികളെയും അറിയാമായിരുന്നു. അവരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതും ആംഗ്യ ഭാഷ തന്നെ. ചായ ആറ്റുന്നതും പപ്പടം പരത്തുന്നതും തയ്യല്‍ മെഷീന്‍ ചവിട്ടുന്നതും സാധനസാമഗ്രികള്‍ പൊതിയുന്നതുമൊക്കെ ആംഗ്യത്തിലൂടെ കാണിച്ചാണ് ഇക്കാര്യം അറിയിക്കുക.
    പോലീസിന്റെ കാര്യം പോലും
കാദറ്കാക്കയ്ക്ക് അറിയാമായിരുന്നു. കൈകള്‍ തലയ്ക്കിരുവശവും വെച്ചു കാണിക്കും. (മുമ്പ് പോലീസുകാരുടെ തൊപ്പിയില്‍ മരംകൊത്തിയുടെ തല പോലെയുള്ള രണ്ട് മുനകളുണ്ടായിരുന്നു). ഒരു കയ്യിനുമേലെ മറ്റേ കൈ x ആകൃതിയില്‍ വെച്ച് കാണിച്ചാല്‍ ആളെ അറസ്റ്റ് ചെയ്ത് കയ്യാമം വെച്ചു എന്ന് മനസ്സിലാക്കാം. മറ്റുള്ളവര്‍
കാദറ്കാക്കയെ വിവരമറിയിക്കുന്നതും കൈകളും കൈവിരലുകളും പിടിച്ച് പ്രത്യേക ആംഗ്യ സൂചനകള്‍ നല്‍കിയാണ്.
                  നോമ്പും കുളിയും
    ദിനചര്യകളൊക്കെ ചെയ്യും. കുളിക്കാന്‍ പലപ്പോഴും പുഴയില്‍ പോകാറുണ്ട്. കുളത്തിലും (തൊണ്ടിയില്‍ക്കുളം) പോകും. നിസ്‌കാരം അതേപടി ചെയ്യാനറിയില്ല. എങ്കിലും തന്റേതായ രീതിയില്‍
കാദറ്കാക്ക നിസ്‌ക്കരിക്കുകയും ചെയ്തിരുന്നു. വീട്ടിലെ ഒരുക്കങ്ങള്‍ 'കണ്ടാല്‍' നോമ്പുകാലമടുത്തെന്ന് കാദറ്കാക്ക മനസ്സിലാക്കും. ആദ്യമൊക്കെ എല്ലാ നോമ്പുകളും നോല്‍ക്കുമായിരുന്നു. ഒരുതവണ ഏതോ തെറ്റിദ്ധാരണയില്‍ രണ്ട് ദിവസം മുമ്പ് തന്നെ നോമ്പ് നോറ്റുതുടങ്ങിയ കാര്യം അനുജന്റെ മകന്‍ അലവിക്കുട്ടി പറയുകയുണ്ടായി.
      പണം എണ്ണി കണക്കാക്കാനും അറിയും. 10 രൂപയുടെ നോട്ട് കയ്യില്‍ കൊടുത്താല്‍ അത് തപ്പിനോക്കി പത്ത് രൂപയാണെന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ച് അറിയിക്കും. നോമ്പ് കാലം തുടങ്ങുന്നത് അറിയുന്നതുപോലെ കൊയ്ത്തു കാലം തുടങ്ങുന്നതും അറിയാമായിരുന്നു. കൊയ്ത്ത് നീണ്ടാല്‍, നെല്ലിന്‍കറ്റ 'കാണാതി'രുന്നാല്‍
കാദറ്കാക്ക ബഹളം കൂട്ടും.
       1975ല്‍ 18 കോല്‍ ആഴമുള്ള കിണറ്റിലേക്ക് വീണു. ഊരയ്ക്ക് കാര്യമായ പരിക്കുപറ്റി. അതിനുശേഷം യാത്ര കുറച്ചു. ഇപ്പോള്‍ അധികം ദൂരമൊന്നും പോകാറില്ല. എങ്കിലും അങ്ങാടിയില്‍ പോകാറുണ്ട്. മുണ്ടുപറമ്പ് കയറ്റത്തിലുള്ള ആലിയുടെ കടവരെ ഇപ്പോഴും പോകാറുണ്ട്.
  
കാദറ്കാക്കയ്ക്ക് വികലാംഗ പെന്‍ഷനുണ്ട്. ഇത് പോസ്റ്റോഫീസില്‍ പോയി എണ്ണിക്കണക്കാക്കി വാങ്ങുന്നതും
കാദറ്കാക്ക തന്നെ. അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആംഗ്യത്തിലൂടെ അറിയിക്കും. ഗ്ലൂക്കോസ് കുത്തിവെക്കാനായി സൂചി കയറ്റുന്നത് ആംഗ്യത്തിലൂടെ കാണിച്ചാണ് ഇക്കാര്യം അറിയിക്കുക.

      റേഷന്‍കാര്‍ഡ് പ്രകാരം
കാദറ്കാക്കയ്ക്ക് 84 വയസ്സ്. പക്ഷേ, 'മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്കയ്ക്ക്' ഇതിലേറെ പ്രായമുണ്ടെന്നാണ് കാദറ്കാക്കയെ അടുത്തറിയുന്നവരായ ചിലര്‍ പറഞ്ഞത്.
     (2004 ല്‍, മുണ്ടുപറമ്പ് എ.എം.യു.പി.സ്‌കൂളിന്റെ പ്‌ളാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണിക(പടവുകള്‍)യില്‍
മുണ്ടുപറമ്പുകാരനായ
ഞാന്‍ എഴുതിയ പരിചയക്കുറിപ്പാണിത്. മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്ക 29.07.2005 ന് മുണ്ടുപറമ്പുകാരില്‍ നിന്ന് എന്നെന്നേക്കുമായി യാത്ര പറഞ്ഞ് പോയി. മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്കയുടെ പാവന സ്മരണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ!)
.....................

Sunday, November 20, 2011

മുലനികുതിയും 'വാറ്റും'

കേരളശബ്ദം വാരിക,17.04.2005.

    '' പെണ്ണിനു മുല വളര്‍ന്നാല്‍ മുലക്കരവും ആണിനു പണിയെടുക്കുവാന്‍ ശേഷിയുണ്ടായാല്‍ തലക്കരവും മാന്യന്മാര്‍ പിരിച്ചെടുത്തിരുന്നു. ഇതിനോടെല്ലാം പ്രതിഷേധിച്ച് ഒരു പെണ്ണ്, മുലയറുത്ത് ഇലയില്‍ വച്ചു കൊടുത്തു. ആ ധീരയുടെ പിതാവ് 'ഇന്നാ ചുട്ടു തിന്നോ'എന്നു പറഞ്ഞ് സ്വന്തം മകന്റെ തലവെട്ടി മുമ്പിലിട്ടു കൊടുത്തു. അയാളെ ചട്ടമ്പികളും കൊന്നു''. എഴുത്തുകാരനായ നാരായന്‍ 'ദേശാഭിമാനി'യില്‍ എഴുതിയ 'കാട്ടിലെ ഓണം' എന്ന ലേഖനത്തിലുള്ളതാണിത്.
           അതെ, അവര്‍ണ്ണ സ്ത്രീകളുടെ മുലകള്‍ക്കുപോലും നികുതി പിരിച്ചുവന്നിരുന്ന ഒരു സമ്പ്രദായം തിരുവിതാംകൂറിലെ 'ധര്‍മ്മ രാജാക്കന്മാര്‍' വാണരുളിയ ഈ നാട്ടില്‍ ഉണ്ടായിരുന്നു. ചേര്‍ത്തലയിലെ ഒരു ഈഴവ യുവതിയാണ് നിന്ദ്യവും നീചവും നികൃഷ്ടവുമായ ഈ തെമ്മാടിത്തത്തെ ധീരമായി എതിര്‍ത്ത് രക്തസാക്ഷിയായത്. മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ചാന്നാര്‍ സമരത്തിനൊന്നും നമ്മുടെ ചരിത്രത്തില്‍ സ്ഥാനമില്ല. ചാന്നാട്ടികള്‍ തമ്പുരാട്ടികളല്ലല്ലോ. 'കുമ്മാന്‍ കുളം' പുലയര്‍ വെട്ടിയ കുളമാണ്. മാറു മറയ്ക്കാന്‍ വേണ്ടി പുലയ സ്ത്രീകള്‍ നടത്തിയ സമരം സംബന്ധിച്ചുണ്ടായ കേസ്സ് ജയിപ്പിച്ചതിന് ഫീസ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫീസിനു പകരമായി പുലയര്‍ കുത്തിയ കുളമാണ് 'കുമ്മാന്‍ കുളം'. തമ്പ്രാക്കള്‍ തണല്‍ മരം വെച്ചു പിടിപ്പിച്ചത് (അവര്‍ നോക്കി നില്‍ക്കുകയേ ചെയ്തിട്ടുള്ളൂ. മരം വെച്ചു പിടിപ്പിച്ചത് മണ്ണില്‍ പണിയെടുക്കുന്ന അവര്‍ണ ജനവിഭാഗം തന്നെയായിരുന്നു) വല്ല്യ ചരിത്രമാകുമ്പോള്‍ ഈ വീര ചരിത്രമൊക്കെ സവര്‍ണ പാത്രം കൊണ്ട് മൂടപ്പെട്ടു കിടക്കുകയാണ്. 'വാറ്റ്'എന്ന പേരിലുള്ള നികുതി വിവാദമായിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജഭരണക്കാലത്തെ നികുതി സമ്പ്രദായങ്ങളെക്കുറിച്ചൊന്നു പരിശോധിച്ചാല്‍, ഇന്നത്തെ 'വാറ്റ്' ഒരു വിഷയമേ അല്ലെന്നും പണ്ട് പൊന്നു തമ്പുരാക്കന്മാര്‍ ജനങ്ങളുടെ രക്തം വാറ്റുകയും ഊറ്റുകയുമായിരുന്നെന്ന് ബോധ്യമാകും.


ടി.മുരളിയുടെ ചിത്രകാരന്‍ ബ്‌ളോഗില്‍ നിന്നെടുത്ത് 'ദേശാഭിമാനി' കൊടുത്ത ചിത്രം.




       സിനിമകളിലും സീരിയലുകളിലും സ്ഥിരമായി കാണുന്ന ചില കാഴ്ചകളുണ്ട്. തകര്‍ന്ന ഇല്ലങ്ങള്‍, ഇടിഞ്ഞ കൊട്ടാരങ്ങള്‍, നിലംപൊത്താറായ നാലുകെട്ടുകള്‍, കാടുമൂടിയ തുളസിത്തറ, ഇല്ലങ്ങളിലും കൊട്ടാരങ്ങളിലും നാലുകെട്ടുകളിലും കഴിഞ്ഞിരുന്നവരുടെ ദു:ഖങ്ങള്‍, അവരുടെ കഷ്ടപ്പാടുകള്‍, അവര്‍ക്ക് കിടപ്പാടമില്ലാത്തതിന്റെ ദു:ഖം, അവരുടെ പട്ടിണി. 
        ഇവരുടെ ദു:ഖങ്ങളെ ദു:ഖങ്ങളായിത്തന്നെ കാണണം. പക്ഷേ, ഇവര്‍ക്കു മാത്രമല്ലല്ലോ ദു:ഖമുള്ളത്. സവര്‍ണരിലെ ന്യൂനപക്ഷം അനുഭവിക്കുന്ന ഈ ദു:ഖങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവര്‍ അവര്‍ണ്ണരിലെ വലിയൊരു വിഭാഗം അനുഭവിക്കുന്ന യാതനകളെ ക്യാമറയില്‍ പകര്‍ത്താറില്ല. അവര്‍ണ്ണരിലെ ഏതാനും സമ്പന്നരെ മാത്രമേ കാണാറുള്ളൂ ഇവര്‍.
      പണ്ട് സ്വത്തും അധികാരവുമൊക്കെ നമ്പൂതിരിമാരിലും മറ്റും ആയിരുന്നു എന്ന കാര്യം ശരി തന്നെ. അതിലും വലിയൊരു ശരികൂടിയുണ്ട്. അതിലും പണ്ട് ഇവയെല്ലാം ഇന്നാട്ടിലെ ദലിതരുടെ പക്കലായിരുന്നുവെന്ന സത്യം. തമ്പ്രാക്കളുടെ കാര്യപരിപാടിയിലെ മുഖ്യയിനം ഉണ്ണുക; ഉറങ്ങുക; ഗര്‍ഭമുണ്ടാക്കുക എന്നിവയായിരുന്നുവെന്ന് വി.ടി.ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ. അധ്വാനിക്കാതെ സ്വത്തുണ്ടാക്കാന്‍ സാധിക്കില്ല. അധ്വാനിക്കാതെ സ്വത്തുണ്ടാക്കിയവര്‍ ആരായാലും അവരുണ്ടാക്കിയ സ്വത്ത് തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണ്. (ഈ തത്ത്വം ഈ കാലഘട്ടത്തിനും ബാധകമാണ്. മിക്ക മുതലാളിമാരുടെയും ചരിത്രം പരിശോധിച്ചാല്‍ അവര്‍ മുതലാളിമാരായത് കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളപ്പണ ഇടപാട്, കളളനോട്ടി, കൈക്കൂലി തുടങ്ങിയ തട്ടിപ്പുകളിലൂടെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും). ദേവന്(ക്ഷേത്രത്തിന്) ദാനം നല്‍കിയാലും ബ്രാഹ്മണന് ദാനം നല്‍കിയാലും മോക്ഷം കിട്ടുമെന്ന് പറഞ്ഞ് അവര്‍ണ്ണരുടെ പക്കലുള്ള സ്വത്തെല്ലാം തട്ടിയെടുത്ത് ബ്രഹ്മസ്വവും ദേവസ്വവുമാക്കി. ഇതിന് ചരിത്രത്തില്‍ ധാരാളം തെളിവുകളുണ്ട്.
       തിരുവല്ലാ ക്ഷേത്രത്തിന് ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ നോക്കുക(കേരള പരശുരാമന്‍ പുലയ ശത്രു,ദലിത് ബന്ധു എന്‍.കെ.ജോസ്, പേജ് 56,67): ഇടൈചേരി ചേന്നന്‍ കേശവന്‍, പള്ളത്ത് ഇക്കിയമ്മൈ, പള്ളത്ത് കുന്റ നിരവി, പള്ളത്ത് കുന്റര്‍ കോവിന്നന്‍, പൊന്നിയക്ക നായന്‍, കീഴ്മലൈ നാട്ടുകണ്ടന്‍ കുമരന്‍, കോമാക്കോട്ടു നായര്‍, കോയിര്‍പുറത്ത് ചേന്നന്‍ കുമരന്‍, ചെന്നിത്തലൈ ഈരായ ചേകരന്‍, പള്ളിവരുത്തി താമോദരന്‍ കോതൈ. തൃക്കൊടിത്താനം ക്ഷേത്രത്തിലേക്ക് ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ നോക്കുക: തെഞ്ചേരി ചേന്നന്‍, മൂത്തൂറ്റു തേവന്‍ ഈരാമന്‍, കീഴ്മലൈനാട്ടു മാളു വാക്കോന്‍, മുളങ്കാട്ട് ഇയക്കല്‍ കോവിന്തന്‍, ഞാവക്കാട്ട് എതിരന്‍ കവിരന്‍. പേരുകൊണ്ടുതന്നെ ഇക്കൂട്ടരെല്ലാം അവര്‍ണ്ണരോ അബ്രാഹ്മണരോ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ക്ഷേത്രങ്ങള്‍ക്ക് ദാനം കിട്ടിയ ഭൂമിയെല്ലാം കൈകാര്യം ചെയ്തിരുന്നത് ബ്രാഹ്മണരായ ഊരാളന്മാരായിരുന്നു. ക്രമേണ ഈ വസ്തുക്കളുടെ ഏറിയ പങ്കും ഇക്കൂട്ടരുടെ പക്കലായിമാറി. ബ്രാഹ്മണരുടെ കൈകളിലേക്ക് ഭൂസ്വത്ത് വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഈ 'ഭൂദാനം'. എന്തിനധികം പറയുന്നു, ബ്രാഹ്മണര്‍ തന്നെ തുളുനാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് കുടിയേറി വന്നവരാണല്ലോ.
     ബ്രാഹ്മണര്‍ ഭൂസ്വാമിമാരായത് ഇങ്ങനെയാണ്. പക്ഷേ, ഇക്കൂട്ടര്‍ കൈക്കലാക്കിയ ഭൂമിക്കും വസ്തുവകകള്‍ക്കുമൊന്നും നികുതിയില്ലായിരുന്നു. എല്ലാ നികുതി ഭാരങ്ങളും അബ്രാഹ്മണരുടെ, പ്രതേ്യകിച്ചും അവര്‍ണ്ണരുടെ തലയിലാണ് കെട്ടിയേല്‍പ്പിച്ചിരുന്നത്. നമ്മുടെ തനിമയും പൊലിമയും സംസ്‌കാരവും പൈതൃകവുമൊക്കെ നഷ്ടപ്പെട്ടുപോയി എന്നാണല്ലോ ചിലര്‍ വിളിച്ചു കൂവുന്നത്. 'മഹത്തായ സംസ്‌കാര'ത്തിലെ മുലനികുതിയെക്കുറിച്ച് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. മുലനികുതിക്കു പുറമെ മറ്റു പല നികുതികളും ഉണ്ടായിരുന്നു. ഇവയെക്കുറിച്ചു ചെറുതായൊന്നു പരിശോധിച്ചുനോക്കാം.
      എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍നിന്ന് 'തളക്കാണം', 'ഏണിക്കാണം', 'ഈഴംപുട്ചി' എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു 'ചെക്കിറ', സ്വര്‍ണപ്പണിക്കാരില്‍നിന്നു 'തട്ടാരപ്പാട്ടം', തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ', മീന്‍പിടുത്തക്കാരില്‍നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി'എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. 
        ആഭരണം ധരിക്കാന്‍ 'മേനിപ്പൊന്ന്' അഥവാ 'അടിയറ' എന്ന നികുതി കൊടുക്കണം. 1818 മേടം 19-ാം തീയതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും 'രാജഭോഗം' നല്‍കണം. അവര്‍ണ്ണന്‍ മേല്‍മീശ വയ്ക്കണമെങ്കില്‍ രാജാവിന് 'മീശക്കാഴ്ച'നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് 'കാഴ്ച'സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. 'പൊലിപ്പൊന്ന്' എന്നായിരുന്നു പേര്. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരെപ്പോലും വെറുതെ വിട്ടിരുന്നില്ല പൊന്നു തമ്പുരാക്കന്മാര്‍! ആ പാവങ്ങളില്‍നിന്നു 'ഏഴ'എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.
          വേറെ പേരുകളിലും ധാരാളം നികുതികളുണ്ടായിരുന്നു. 'തപ്പ്', 'പിഴ', 'പുരുഷാന്തരം', 'പുലയാട്ട്‌പെണ്ണ്', 'അറ്റാലടക്കം', 'പേരിക്കല്‍', 'അയ്മുല', 'രക്ഷാഭോഗം', 'ചെങ്ങാതം', 'ചൊങ്കൊമ്പ്', 'കണ്ണടപ്പള്ളി', 'ആനപ്പിടി', 'കിണറ്റിലെ പന്നി', 'കൊമ്പ്', 'കുറവ്', 'വാല്', 'തോല്', 'അറ', 'തുറ', 'തുലാക്കൂലി', 'അല്‍പ്പാത്തിച്ചുങ്കം' തുടങ്ങിയ നികുതികള്‍.
ഒരു പറമ്പിലുള്ള തെങ്ങുകളില്‍ 100 ന് 3 വീതം രാജാവിനവകാശപ്പെട്ടതായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ ആവശ്യം വരുമ്പോള്‍ അവര്‍ണ്ണരില്‍നിന്ന് പ്രതേ്യക നികുതികളും ഈടാക്കിയിരുന്നു. 1754 ല്‍ യുദ്ധച്ചെലവുകള്‍ക്കായി തിരുവിതാംകൂര്‍ രാജാവ് ചാന്നാന്മാരുടെ തലയെണ്ണി ഒരു പ്രതേ്യക നികുതി പിരിക്കുകയുണ്ടായി.
    സ്ഥാനമാനങ്ങള്‍ നല്‍കിയും രാജാക്കന്മാര്‍ വരുമാനം ഉണ്ടാക്കിയിരുന്നു. 'തമ്പി', 'ചെമ്പകരാമന്‍', 'കര്‍ത്താവ്', 'കയ്മള്‍' തുടങ്ങിയ സ്ഥാനങ്ങളായിരുന്നു നായന്മാര്‍ക്ക് നല്‍കിയിരുന്നത്. ഈഴവര്‍ക്ക് 'ചാന്നാന്‍', 'പണിക്കന്‍', 'തണ്ടാന്‍', 'നാലുപുരക്കാരന്‍', 'മണ്ണാളിപ്പണിക്കന്‍', 'വീട്ടുകാരന്‍' എന്നീ സ്ഥാനങ്ങളാണ് നല്‍കിയിരുന്നത്. കണക്കര്‍ക്ക് 'എളയ കണക്കന്‍'. വേലന്മാര്‍ക്ക് 'വേലപ്പണിക്കന്‍'. വാലന്മാര്‍ക്ക് 'മൂപ്പന്‍', 'വലിയ അരയന്‍'. പുലയര്‍ക്ക് 'ഓമനക്കുറപ്പന്‍','വള്ളോന്‍'. മുസ്ലീങ്ങള്‍ക്ക് 'കാദി', 'മുസ്ലിയാര്‍'-എവയൊക്കെയായിരുന്നു സ്ഥാനപ്പേരുകള്‍.
   'മഹത്തായ സംസ്‌കാര'ത്തില്‍ പൊന്നുതമ്പുരാക്കന്മാര്‍ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ അതില്‍ അതിശയം കാണേണ്ടതില്ല. ഈ ചോരയൂറ്റിനെക്കുറിച്ച് റവ:മറ്റിയര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. 'ഈ കൗതുകകരമായ പട്ടിക പരിശോധിച്ചാല്‍ രാജ്യത്തിന്റെ മുന്‍കാല സ്ഥിതിയെക്കുറിച്ചും വ്യാപാരം, വ്യവസായം, സാമൂഹിക സ്വാതന്ത്ര്യം, കുടുംബക്ഷേമം എന്നിവയില്‍ എന്തുമാത്രം ദയനീയമായി ഇടപെട്ടിരുന്നു എന്നതിനെക്കുറിച്ചും ശരിയായ സൂചന ലഭിക്കും. നികുതി പിരിക്കാവുന്ന എല്ലാറ്റിന്റെ മേലും നികുതി ചുമത്തിയിരുന്നു. ഓരോ വിശേഷാവസരവും അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളില്‍നിന്ന്, അവര്‍ ക്‌ളേശിച്ചുണ്ടാക്കിയ ആദായം പിഴിഞ്ഞെടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗിക്കുകയും ചെയ്തു. ഈ നികുതികളില്‍നിന്നുള്ള വരുമാനമാകട്ടെ ബ്രാഹ്മണര്‍ക്കുവേണ്ടിയും ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ആഘോഷങ്ങള്‍ക്കുവേണ്ടിയും പൊടിപൂരമായി ദുര്‍വിനിയോഗം ചെയ്തു '. നികുതിയിലൂടെയുള്ള ഈ ചോരയൂറ്റലിനെയും ചോരവാറ്റലിനെയും താരതമ്യം ചെയ്യുമ്പോള്‍ 'വാറ്റ്'ഒന്നുമല്ലെന്ന് തോന്നിപ്പോകും.
   കടപ്പാട്:-1. കേരള ചരിത്രപഠനങ്ങള്‍-വേലായുധന്‍ പണിക്കശ്ശേരി. 2. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍.
     ('വാറ്റ്'എന്ന പേരിലുള്ള നികുതി ഏര്‍പ്പെടുത്തിയ കാലത്ത് എഴുതിയ ലേഖനമാണിത്. മാറ് മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ 'ചാന്നാര്‍സമര'ത്തെക്കുറിച്ച് 26.07.2009 ലെ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ടി.എം.മന്‍സൂര്‍ ഒരു ലേഖനമെഴുതിയിരുന്നു. ആ ലേഖനത്തില്‍ ടി.മുരളിയുടെ ചിത്രകാരന്‍ ബ്‌ളോഗില്‍നിന്നെടുത്ത പടവും കൊടുത്തിരുന്നു. ആ പടമാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ഇന്ന് കേരളത്തിലുള്ളത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ഭരണകൂടമാണെങ്കിലും ജനാധിപത്യം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരില്‍ പലരും രാജാടിമത്ത മനോഭാവവും ഫ്യൂഡല്‍ മാടമ്പി സംസ്‌കാരവും കാണിക്കുന്ന ഈ സാഹചര്യത്തില്‍ പണ്ടത്തെ 'രാജനീതി'എന്തെന്നു മനസ്സിലാക്കാന്‍ ഈ ലേഖനം കുറച്ചെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കട്ടെ).
..................

Tuesday, November 15, 2011

ബീറ്റല്‍ മോള്‍ പ്രസവിച്ചതും 11.11.11 ന്


       'ഐശ്വര്യമായ' ഒരു പ്രസവം 11.11.11.11 ന് നടന്നതായി പറയുന്നതു കേട്ടു. സിസേറിയന്‍ വഴിയാണത്രെ ഈ പ്രസവം നടന്നത്. ഇതു തെറ്റോ ശരിയോ എന്തുമാകട്ടെ. ഇതില്‍ അത്ര വലിയ കാര്യമൊന്നുമില്ല. 11.11.11 മാത്രമല്ല ഓരോ നിമിഷവും ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. ഒരു പ്രതേ്യക സമയത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതില്‍ കാര്യമൊന്നുമില്ല. ഓര്‍മ്മിക്കാന്‍ എളുപ്പമുണ്ടാകുമെന്നു മാത്രം. ഇതു ബീറ്റല്‍ മോളുടെ കാര്യത്തിലും ബാധകമാണ്. എന്നാലും, 11.11.11 വലിയ ചര്‍ച്ചാവിഷയമായതുകൊണ്ട് മാത്രമാണ് 11.11.11 ന് ബീറ്റല്‍ മോള്‍ പ്രസവിച്ച കാര്യം എടുത്തു പറഞ്ഞത്.
    ബീറ്റല്‍മോള്‍ കറുത്തിട്ടാണ്. അവിടവിടെയായി വെളുപ്പുമുണ്ട്. 11.11.11 ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പ്രസവിച്ചത്. ഇരട്ടപ്രസവമായിരുന്നു. ഒരുപെണ്ണും ഒരാണും. കാഴ്ചയില്‍ രണ്ടുപേര്‍ക്കും ബീറ്റല്‍മോളുടെ മുഖച്ഛായ തന്നെ.
      കുട്ടികളെ കാണാനായി ഞാനും മുഹമ്മദലി മാഷും മാഷിന്റെ മകന്‍ സാബിത്തും 12.11.11 നാണ് പോയത്. ബീറ്റല്‍മോളുടേത് മാത്രമല്ല, അവിടെ തലേദിവസങ്ങളില്‍ രണ്ടു പ്രസവങ്ങള്‍ വേറെയും നടന്നിരുന്നു. കിടങ്ങഴിക്കാരത്തിയും കിടങ്ങഴിക്കാരത്തിയുടെ മകളും പ്രസവിച്ചിരുന്നു. അമ്മ 09.11.11 നും മകള്‍ 10.11.11 നും പ്രസവിച്ചു. ഒരു വീട്ടില്‍ മൂന്നു പ്രസവം തുടര്‍ച്ചയായി! വല്ലാത്തൊരു സന്തോഷമുള്ള കാര്യം തന്നെയല്ലേ!! പക്ഷേ, ഒരു സങ്കടവും ഉണ്ടായി. കിടങ്ങഴിക്കാരത്തി പ്രസവിച്ചത് രണ്ടു പെണ്ണിനെയും രണ്ടു ആണിനെയുമായിരുന്നു. ഇതിലൊരാണ്‍കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടു. കിടങ്ങഴിക്കാരത്തിയുടെ പേരക്കുട്ടി പെണ്‍കുഞ്ഞാണ്. കുട്ടികളെയും അമ്മമാരെയും മറ്റു നാല് അംഗങ്ങളെയും കണ്ട് രാജന്‍-ഗീതാ ദമ്പതിമാര്‍ തന്ന ചായയും കഴിച്ച് ഞങ്ങള്‍ പുല്‍പ്പറ്റ നാലുസെന്റുകോളനിയില്‍നിന്നു തിരിച്ചു.
     വായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടോ മേല്‍ സൂചിപ്പിച്ച ദമ്പതിമാരെ? ഞാന്‍ മുമ്പെഴുതിയ
മൗലവിയും അല്‍ഫോന്‍സാ മോളും എന്ന പോസ്റ്റില്‍ ഇവരുടെ ജീവിത പ്രയാസങ്ങളെക്കുറിച്ചും അവരെ സാമ്പത്തികമായി സഹായിക്കുന്ന മൗലവിയെക്കുറിച്ചും എഴുതിയിരുന്നു. മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ പഞ്ചായത്തിലെ നാലുസെന്റ് കോളനിയിലെ ചെറിയൊരു കൂരയിലാണ് രാജനും ഭാര്യ ഗീതയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ മാസംതോറും മൗലവി 1000 രൂപ വീതം നല്‍കുന്നുണ്ട്. ഈ തുക എത്തിച്ചുകൊടുക്കുന്നത് ഞാനാണ്. ഇതുകൊണ്ട് ഒരു കുടുംബത്തിന് ജീവിക്കാന്‍ സാധിക്കില്ലല്ലോ. ജീവിത മാര്‍ഗ്ഗത്തിനുള്ള എന്തെങ്കിലും ഏര്‍പ്പാടു ചെയ്യാന്‍ രാജനെ സഹായിക്കാമെന്ന് മൗലവി പറഞ്ഞ കാര്യം ഞാനും സുഹൃത്ത് വി.കെ.ബാലകൃഷ്ണനും രാജനെ അറിയിച്ചു. ആടുകൃഷി ചെയ്യാമെന്ന് രാജന്‍ ഞങ്ങളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജന് ഏഴ് ആടുകളെ വാങ്ങിച്ചു നല്‍കി. ആടുകളെ വാങ്ങുന്നതിന് മുമ്പ് അവയ്ക്ക് കൂടുണ്ടാക്കി. മൗലവി പറയുന്നതില്‍ ശരികാണുന്ന മൂന്നുപേരാണ് ഇതിനുള്ള പണം ചെലവാക്കിയത്.
     നല്ല മരംകൊണ്ട് അത്യവശ്യം വലിയ ആട്ടിന്‍കൂടാണ് നിര്‍മ്മിച്ചത്. ആയതിനാല്‍ 30,000 ത്തിലേറെ രൂപ ഇതിനു തന്നെ ചെലവു വന്നു. ഏഴ് ആടുകള്‍ക്ക് 47,700 രൂപ വില വന്നു. മാസത്തില്‍ 1000 രൂപ വീതം നല്‍കുന്നത് നിബന്ധനകള്‍ക്ക് വിധേയമല്ല. എന്നാല്‍ ആട്ടിന്‍കൂടിനും ആടുകള്‍ക്കും ചെലവാക്കിയ സംഖ്യ ചില വ്യവസ്ഥകള്‍ക്ക് വിധേയമായാണ് നല്‍കിയത്. ആടുകള്‍ പ്രസവിച്ചുണ്ടാകുന്ന കുട്ടികളെ വില്‍ക്കുമ്പോള്‍ അതിന്റെ 25 ശതമാനം പണം മുടക്കിയവര്‍ക്കു നല്‍കണം. ഈ തുക മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍വേണ്ടിയാണ് ചെലവഴിക്കുക.
    ഇതിന്റെയടിസ്ഥാനത്തിലാണ് രാജന്‍-ഗീതാ കുടുംബത്തിന് ആടുകളെ നല്‍കിയത്. ഏഴെണ്ണത്തില്‍ അഞ്ചെണ്ണം നാടന്‍ ഇനങ്ങളും ഒരെണ്ണം യമുനാപുരിയും മറ്റൊരെണ്ണം ബീറ്റല്‍ ഇനത്തിലുള്ളതുമായിരുന്നു. 22,000 രൂപയ്ക്ക് വാങ്ങിയ ഈ ബീറ്റല്‍ മോളാണ് 11.11.11 ന് രണ്ടു കുട്ടികളെ പ്രസവിച്ചത്. കിടങ്ങഴിയില്‍നിന്നു വാങ്ങിയ അമ്മയും മകളും അതിനു മുമ്പും പ്രസവിച്ചു.
     കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ മൗലവി നല്‍കിയ രണ്ടര ലക്ഷത്തിലേറെ രൂപ ഞാന്‍ പലര്‍ക്കായി നല്‍കിയിട്ടുണ്ട്. (ഇതില്‍ അവസാനം നല്‍കിയത് ഞാന്‍ പരിചയമുള്ള ഒരു കുട്ടിയുടെ ഉപ്പയ്ക്കാണ്. ക്യാന്‍സര്‍ രോഗിയായ അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് 1000 രൂപ നല്‍കി). ഇതില്‍ മുക്കാല്‍ ലക്ഷം രൂപയാണ് വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കിയത്. ബാക്കി സംഖ്യ നിരുപാധികമായാണ് നല്‍കിയത്. നമ്മള്‍, ബ്‌ളോഗര്‍മാരുടെ കൂട്ടത്തിലുള്ള ജിത്തുവിന്റെ കാര്യം അറിയുമല്ലോ. അറിയാത്തവര്‍ 'ആയിരങ്ങളില്‍ ഒരുവന്‍' എഴുതിയ
ഈ പോസ്റ്റ് വായിക്കുക. ജിത്തുവിന്റെയും ബ്‌ളോഗ് സുഹൃത്തുക്കളുടെ സ്വപ്നം മിനിഞ്ഞാന്ന് (13.11.11)പൂവണിഞ്ഞു. ജിത്തു ഇന്നലെ ഒരു കടയുടെ ഉടമയായി. ഞാനും അവിടെ പോയിരുന്നു; ഉദ്ഘാടന സമയത്ത് എത്താന്‍ സാധിച്ചില്ല. ഉച്ചയ്ക്കാണ് എത്തിയത്. കട ഒന്നുകൂടി വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടുന്ന തുക വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാമെന്ന് മൗലവി പറഞ്ഞിട്ടുണ്ട്. മൗലവി ജിത്തുവുമായി സംസാരിക്കുകയും ചെയ്തു.
   അങ്ങനെ മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ അഞ്ചുസെന്റു കോളനിയിലെ രാജന്‍-ഗീതാ ദമ്പതികളുടെ കുടുംബം രക്ഷപ്പെടട്ടെ! കോഴിക്കോട് ജില്ലയിലെ പന്തീരാംകാവ് പാലാഴിയിലെ ജിത്തുവും കുടുംബവും രക്ഷപ്പെടട്ടെ!! നമ്മളെല്ലാവരും രക്ഷപ്പെടട്ടെ!!!

..............  

Wednesday, November 09, 2011

പൈതൃകം


മക്തബ് സായാഹ്ന ദിനപത്രം 04.11.2011

   ''മുത്തശ്ശീ, എണീറ്റു നടക്കാന്‍ പോലും വയ്യാത്ത മുത്തശ്ശിയെന്തിനാണിങ്ങനെ വെറുതെ 'ഊണ് കഴിക്കാത്തോരില്ലല്ലോ; ഊണ് കഴിക്കാത്തോരില്ലല്ലോ; ഊണ് കഴിക്കാത്തോരില്ലല്ലോ' എന്ന് ദിവസവും രാത്രി സിറ്റൗട്ടില്‍ ചെന്നുനിന്ന് വിളിച്ചു പറയുന്നത്?'' 
      ''മോനേ വിഷ്ണൂ, നമ്മടെ തറവാടിനൊരു പൈതൃകവും പാരമ്പര്യവുമൊക്കെയുണ്ട്. അത് നമ്മള്‍ കെടാതെ കാത്തു സൂക്ഷിക്കണം. നെന്റെ മുതുമുത്തച്ഛന്മാര്‍ ആരായിരുന്നൂന്നാ നെന്റെ വിചാരം? പണ്ടുമുതലേ തറവാട്ടിലുള്ള ശീലാണുണ്ണീയിത് ''
    ''ശരിതന്നെ മുത്തശ്ശി. എന്നാലും കാലത്തിനനുസരിച്ച് ചില മാറ്റങ്ങളൊക്കെ ആയിക്കൂടെ? മുത്തശ്ശീന്റെ സൗണ്ട് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് കൃത്യ സമയത്ത് പറഞ്ഞ് കേള്‍പ്പിച്ചാല്‍പ്പോരേ''
       പേരക്കിടാവിന്റെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി അതിന് സമ്മതിച്ച മുത്തശ്ശി പേരക്കിടാവിനോടായി പറഞ്ഞു. 
  ''മോനേ വിഷ്ണൂ, നീ മൊബൈലില്‍ സിനിമാപ്പാട്ടു കേള്‍ക്കണപോലെ ഭയങ്കര ശബ്ദത്തില്‍ വെക്കരുത് കെട്ടോ. നേരിയ ശബ്ദത്തിലേ ആകാവൂ. അതാ തറവാട്ടിന്റെ പൈതൃകമുണ്ണീ! ''
.............

Monday, October 24, 2011

കോണ്‍ഗ്രസ്സുകാരുടെ 'യോദ്ധാസംസ്‌കാരം'!


മക്തബ് സായാഹ്ന പത്രം, 20.10.2011.


       പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസ്സുകാരനായ സജി മരൂര്‍ എന്ന തിയ്യബ്രാഹ്മണന്‍ മുമ്പത്തെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ പട്ടികജാതിക്കാരായിരുന്നതിന്റെ പേരില്‍ അയിത്തം കാണിച്ചതിനെക്കുറിച്ച് ഞാന്‍ 24.11.2010 ലെ 'മക്തബില്‍' എഴുതിയത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. ജാതിമൂലം ഏറെ പീഢനങ്ങളനുഭവിച്ചവര്‍ തന്നെയാണ് കേരളത്തിലെ തിയ്യ/ഈഴവ വിഭാഗവും. സാമൂഹിക വിപ്‌ളവകാരികള്‍ പടപൊരുതി നേടിയെടുത്ത സ്വാതന്ത്ര്യംകൊണ്ട് ഈ വിഭാഗത്തിന് ഇപ്പോള്‍ ഏറെക്കുറെ പരിഗണന കിട്ടിത്തുടങ്ങി. പക്ഷേ, ഈ തിരിച്ചറിവില്ലാത്ത പലരും സ്വയം ഈഴവ/തിയ്യബ്രാഹ്മണരായി മാറുകയാണ്. ഇത്തരത്തില്‍പ്പെട്ട ഒരു ഈഴവബ്രാഹ്മണനാണ് സജി മരൂര്‍. സജി മരൂരിന്റെ രക്തം തന്നെയാണ് കേരളത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരുടെയും ഞരമ്പുകളിലൂടെ മത-ജാതി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മതത്തിനെ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വം തന്നെയാണ്. മതം മാറിയാലും മിക്കവരും ജാതി മാറിയിട്ടില്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
           കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഈയിടെ അരങ്ങേറിയ സംഭവം ഇതിനെ ഒന്നുകൂടി ശരിവയ്ക്കുന്നു. കണ്ണൂര്‍ ഡി.സി.സി.പ്രസിഡണ്ട് കെ.പി.രാമകൃഷ്ണനെ ജാതി പറഞ്ഞ് ആക്ഷേപിച്ച് ചില കോണ്‍ഗ്രസ്സുകാര്‍ തളിപ്പറമ്പില്‍ പോസ്റ്റര്‍ പതിച്ചുവെന്നാണ് വാര്‍ത്ത(മക്തബ്, 07.10.2011). കെ.പി.രാമകൃഷ്ണനും കോണ്‍ഗ്രസ്സുകാരും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് ഈ ലേഖകന് അറിയില്ല. ഇത്തരം വാര്‍ത്തകളില്‍ കാര്യമായി ശ്രദ്ധ കൊടുക്കാറില്ല. ഒരുപക്ഷേ തെറ്റ് രാമകൃഷ്ണന്റെ ഭാഗത്തായിരിക്കാം. എങ്കിലും ഒരു വ്യക്തിയെ വിമര്‍ശിക്കുമ്പോള്‍ അത് ഒരിക്കലും ആ വ്യക്തിയുടെ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ വര്‍ണം നോക്കിയാകരുത്. പക്ഷേ, വര്‍ണവെറിയന്മാര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലല്ലോ. സജി മരൂരിന്റെ രക്തം ഞരമ്പുകളിലൂടെ ഓടുന്ന ഇക്കൂട്ടര്‍ക്കുള്ളത് ഒരുതരം 'യോദ്ധാ സംസ്‌കാരം'ആണല്ലോ. 
          മോഹന്‍ ലാലും ജഗതി ശ്രീകുമാറുമൊക്കെ അഭിനയിച്ചതും ഏറെ പണം കൊയ്തതുമായ ഒരു സിനിമയാണ് 'യോദ്ധ'. ജാതി വിവേചനത്തിനെതിരെ രംഗത്തു വന്ന ശ്രീബുദ്ധന്റെ പാരമ്പര്യത്തിന്റെ കണ്ണിയെന്ന് അവകാശപ്പെടുന്ന ഒരു കൊച്ചുകുട്ടി ഈ സിനിമയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. അപ്പുക്കുട്ടന്‍ എന്നാണ് ജഗതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ ജഗതിയെ ഈ കൊച്ചുകുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. 'അപ്പുക്കുട്ടന്‍'എന്നതിനു പകരം മലയാളമറിയാത്ത കൊച്ചുകുട്ടി പറയുന്നത്'അമ്പട്ടന്‍'എന്നാണ്. ഇതുകേട്ടപ്പോള്‍ ജഗതിയുടെ ഭാവം മാറി. അപ്പോള്‍ ലാല്‍ ജഗതിയെ സമാധാനിപ്പിച്ചു. 'അമ്പട്ടന്‍'എന്നു പറഞ്ഞാല്‍ നേപ്പാളി ഭാഷയില്‍ 'അപ്പുക്കുട്ടന്‍'എന്നാണ് അര്‍ത്ഥം എന്നായിരുന്നു ലാലേട്ടന്റെ വിശദീകരണം.
        വളരെ ബോധപൂര്‍വ്വം തന്നെയാണ് സിനിമാക്കാരന്‍ ഈ രംഗമൊരുക്കിയത്. ക്‌ളീന്‍ ഷേവ് ചെയ്ത് ഒരു വെട്ടുകത്തികൊണ്ട് താടി വടിക്കുന്നത് പോലെ ആക്ഷന്‍ കാണിച്ചായിരുന്നു ജഗതിയുടെ വരവ്. 'അമ്പട്ടന്‍'എന്നു കേട്ടപ്പോള്‍ ഭാവം മാറുകയും ജഗതി കത്തി താഴ്ത്തുകയും ചെയ്തു. ജാതി വിവേചനത്തിനെതിരെ രംഗത്തുവന്ന ശ്രീബുദ്ധ സംസ്‌കാരത്തിന്റെ പ്രതിനിധിയാണെന്നവകാശപ്പെടുന്ന ഒരു കുട്ടിയെക്കൊണ്ടാണ് സിനിമാക്കാരന്‍ ജാതിപരമായ ഈ ആക്ഷേപ വാക്ക് പറയിപ്പിച്ചിരിക്കുന്നത്. 'തമാശ'കേട്ട് നമ്മള്‍ ഭൂരിഭാഗം പേരും ചിരിച്ചു. കാരണം, നമ്മള്‍ ഭൂരിഭാഗം പേരും 'അമ്പട്ടന്മാര്‍'അല്ലല്ലോ.
         ബാര്‍ബര്‍മാരെ ആക്ഷേപിച്ചു വിളിക്കുന്ന പേരാണ് അമ്പട്ടന്‍ അഥവാ അമ്പുട്ടാന്‍. എന്താണാവോ ഇക്കൂട്ടര്‍ സമൂഹത്തിന് ചെയ്ത ദ്രോഹം? 'ബാര്‍ബര്‍മാരും ടൈലര്‍മാരും മനുഷ്യരെ സുന്ദരന്മാരാക്കുന്നു'എന്ന് ഒരു ആംഗലേയ സാഹിത്യകാരന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ലാലിനെയും ജഗതിയെയുമൊക്കെ സുന്ദരന്മാരാക്കുന്നതാണോ ഇവര്‍ ചെയ്ത തെറ്റ്? 'നാടു ഭരിക്കാന്‍ അറിയില്ലെങ്കില്‍ താടിവടിക്കാന്‍ പൊയ്ക്കൂടെ'എന്ന മുദ്രാവാക്യം ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്; മലപ്പുറത്തെ ബാര്‍ബര്‍മാരില്‍ ബഹുഭൂരിപക്ഷവും അണിനിരന്ന പാര്‍ട്ടിക്കാരില്‍ നിന്നുതന്നെ.
       കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഒരിക്കല്‍ അതിഥിയായി അമേരിക്കയില്‍ പോയി. അവിടുത്തെ ഒരു ഉയര്‍ന്ന ഉദേ്യാഗസ്ഥനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. മുടിവെട്ടാനുള്ളതുകൊണ്ട് പോകാന്‍ ധൃതിയുണ്ടെന്ന് അദ്ദേഹം ആ ഉദേ്യാഗസ്ഥനോട് പറഞ്ഞു. അപ്പോള്‍ ആ ഉദേ്യാഗസ്ഥന്‍ ഇങ്ങനെ പറഞ്ഞുവെത്ര. 'മുടിവെട്ടാന്‍ പോകാന്‍ താങ്കള്‍ ധൃതികൂട്ടേണ്ട. എന്റെ മകള്‍ ഈ വിഷയത്തില്‍ ഡിഗ്രി നേടിയവളാണ്. അവള്‍ താങ്കളുടെ മുടി വെട്ടിത്തരും'. ആ ഉയര്‍ന്ന ഉദേ്യാഗസ്ഥന്റെ മകള്‍ ആ രാഷ്ട്രീയ നേതാവിന്റെ മുടി വെട്ടിക്കൊടുത്തുവത്രെ. എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യമാണിത്. ഏറെ പുരോഗമിച്ചു എന്നു പറയുന്ന കേരളീയര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ നൂറ്റാണ്ടുകള്‍തന്നെ വേണ്ടി വരുമെന്നു പറഞ്ഞാല്‍ അത് അത്രമാത്രം അതിശയോക്തിയാവില്ല.
    'അമ്പട്ടാ രാജി വെച്ച് പുറത്ത് പോകുക'എന്ന് രാമകൃഷ്ണനെതിരെ പോസ്റ്റര്‍ പതിച്ച, നിന്ദ്യവും നീചവും നികൃഷ്ടവുമായ മനസ്സുള്ള കോണ്‍ഗ്രസ്സുകാര്‍ ഏതു മതേതരത്വത്തിലും ജാതേ്യതരത്വത്തിലും സോഷ്യലിസത്തിലുമാണാവോ വിശ്വസിക്കുന്നത്? ഡോ:ബി.ആര്‍.അംബേദ്കര്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ അയിത്താചരണം നിരോധിച്ചിട്ടുണ്ട്. അയിത്തം കാണിച്ചാല്‍ ശിക്ഷിക്കാന്‍ നിയമവും ഉണ്ടാക്കിയിട്ടുണ്ട്. ഈ പോസ്റ്റര്‍ പതിച്ച വര്‍ണവെറിയന്മാരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
      ഈ 'യോദ്ധാ സംസ്‌കാരം' കോണ്‍ഗ്രസ്സുകാരുടെ മാത്രം സംസ്‌കാരമല്ലകെട്ടോ. മിക്ക കേരളീയന്റെയും സംസ്‌കാരമാണിത്. ഇടതുപക്ഷ ചാനലായാണല്ലോ 'കൈരളി'യെ വിശേഷിപ്പിക്കാറ്. അതിലൊരിക്കല്‍ ഒരു 'തമാശ'പ്പരിപാടിയുണ്ടായി. ഒരു യുവാവ് നൃത്തം ചെയ്യുകയാണ്. കൈകൊണ്ട് പ്രതേ്യക രീതിയില്‍ ആംഗ്യം കാണിച്ചായിരുന്നു നൃത്തം. അപ്പോള്‍ ഒരുത്തന്‍ 'തമാശ' പറയുകയാണ്- 'ഓ,അപ്പോള്‍ ഇതായിരുന്നു പണിയല്ലേ'. കത്രികകൊണ്ട് മുടി മുറിക്കുന്നതുപോലെ വിരല്‍ ചലിപ്പിച്ചായിരുന്നു ആ യുവാവ് നൃത്തം ചെയ്തിരുന്നത്. ബാര്‍ബര്‍ എന്ന തൊഴിലാളി വര്‍ഗ്ഗത്തിനോടെടുക്കുന്ന 'കൈരളി സംസ്‌കാരം' ഇതാണെങ്കില്‍ 'ജയ്ഹിന്ദ് സംസ്‌കാരം' മറിച്ചാകുമോ ?!!
...............

Tuesday, October 18, 2011

പ്രാര്‍ത്ഥന

'ഇന്ന്'മാസിക, ആഗസ്റ്റ്,2011

         നേതാവിന്റെ നെറികേടുകളെക്കുറിച്ച് മാത്രമേ അയാളുടെ നാവില്‍ നിന്നു പുറത്തു ചാടിയിട്ടുള്ളൂ. പക്ഷേ, മരണാസന്നനായി നേതാവ് ആശുപത്രിയിലായപ്പോള്‍ അയാള്‍ക്ക് നേതാവിനോട് പെട്ടെന്നൊരു സ്‌നേഹം അണപൊട്ടിയൊഴുകി. അയാള്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ''ദൈവമേ! കൂടുതല്‍ കഷ്ടപ്പെടുത്താതെ ആ പാവത്തിനെ നാലഞ്ച് ദിവസത്തിനകം പെട്ടന്നങ്ങ് കൊണ്ടുപോയാല്‍ മതിയായിരുന്നു''. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രാര്‍ത്ഥിച്ചിട്ടും ദൈവം നേതാവിനെ കൊണ്ടു പോയില്ല. ശനിയാഴ്ച രാവിലെ മുതല്‍ അയാള്‍ കൃഷിഭവനിലിരുന്ന് കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിച്ചു: '' ഭഗവാനേ! ഏതായാലും ഇതുവരെയും നീ ആ പാവത്തിനെ കൊണ്ടുപോയില്ല. ഇത്രയുമായ സ്ഥിതിക്ക് ഒരു രണ്ടു ദിവസത്തെ ആയുസ്സുകൂടി ആ പാവത്തിന് കൂട്ടിക്കൊടുക്കേണമേ. കാണാനുള്ളവരൊക്കെയൊന്ന് ആ പാവത്തിനെ ജീവനോടെ കണ്ട് തൃപ്തിയടഞ്ഞോട്ടെ ഭഗവാനെ!!''
..................
(ഒരു മുന്‍ മുഖ്യമന്ത്രി മരണാസന്നനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ അവധികളില്‍ ആനന്ദംകൊള്ളുന്ന ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്‍ പറഞ്ഞ അഭിപ്രായം കേട്ടപ്പോള്‍ എഴുതാന്‍ തോന്നിയ കഥയാണിത്)

Wednesday, October 12, 2011

ആനനിയമം

ഉണ്മ മാസിക, ആഗസ്റ്റ്,2011
 
ആന കുഴിയാനയോട്:
         ''ഇത്തിരിക്കുഞ്ഞനായ നിന്നെയൊന്നും ആരും പരിഗണിക്കില്ലെടോ. വലുപ്പത്തിനാണെടോ വലുപ്പവും ഗമയും. ആനയുടെ ജീവന്‍ പോയാല്‍ ചെരിഞ്ഞെന്നേ പറയൂ. നിന്റെ ജീവന്‍ പോയാലോ? ചത്തെന്നുപോലും പറയില്ല.''
          ''നിങ്ങളുടെ ആനനിയമം തെറ്റ്. കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളനോട്ടടി, കള്ളപ്പണമിടപാട് തുടങ്ങിയ ആനക്കള്ളത്തരങ്ങള്‍ ചെയ്ത നിങ്ങളുടെ മൊതലാളി നിങ്ങള്‍ക്കൊന്നും കുഴിയാനക്കള്ളന്‍പോലുമല്ല. ചപ്പുചവറുകളില്‍ കിടന്ന പഴയ ചെരുപ്പ് ചോദിക്കാതെ ചുളവില്‍ ചാക്കിലാക്കിയെന്ന് പറഞ്ഞ് ചുക്കിച്ചുളിഞ്ഞു ചടച്ചു നരച്ചു ജീവന്‍ പോകാറായ ആ തമിഴത്തിയെ ആനക്കള്ളത്തിയെന്നു വിളിച്ചല്ലേ നിങ്ങളുടെ മൊതലാളി തെങ്ങില്‍ കെട്ടിയിട്ട് അവരുടെ തലമണ്ട അടിച്ചു പൊട്ടിച്ചത്? ''
.................

Sunday, October 02, 2011

യുദ്ധം

മക്തബ് സായാഹ്ന ദിനപത്രം, 30.09.2011.
         കീഴേടത്തെ ചെക്കന്മാരും മേലേടത്തെ ചെക്കന്മാരും തമ്മില്‍ കുറച്ചുകാലമായി കടുത്ത ശത്രുതയിലാണ്. മുമ്പ് നടന്ന ഒരു പന്തുകളി മത്സരമാണ് ശത്രുതയ്ക്ക് തുടക്കം കുറിച്ചത്. കീഴേടത്തുകാരന്‍ അടിച്ച ഗോള്‍ ശരിക്കും ഗോളാണെന്ന് കീഴേടത്തുകാര്‍. അത് ഗോളല്ലെന്ന് മേലേടത്തുകാര്‍. തര്‍ക്കം അവര്‍ തമ്മിലുള്ള യുദ്ധമായി മാറി. പരസ്പരം കണ്ടാല്‍ യുദ്ധം നടക്കുന്ന അവസ്ഥയായി. അതിനിടെ, കീഴേടത്തെ ഒരു ചെക്കന്‍ പെങ്ങളെ കാണാനായി മേലേടത്തെത്തി. അവന്‍ കീഴേടത്തുകാരനാണെന്നറിഞ്ഞ മേലേടത്തെ ചെക്കന്മാര്‍ അവനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ചു. മറ്റൊരു ദിവസം മേലേടത്തെ ഒരു ചെക്കന്‍ അസുഖം ബാധിച്ച അമ്മാവനെ കാണാണായി കീഴേടത്തെത്തി. വിവരം മണത്തറിഞ്ഞ കീഴേടത്തെ ചെക്കന്മാര്‍ ശത്രുരാജ്യക്കാരന്റെ മേല്‍ ചാടിവീണു. കീഴേടത്തെ മണ്ണില്‍ ശത്രുരാജ്യക്കാരന്റെ ചോര വീണു. മേലേടത്തുകാരന്‍ ആശുപത്രിയിലായി. പൗരുഷ ബോധവും തറവാട് ബോധവും ദേശ ബോധവും ആത്മാഭിമാന ബോധവും കൊണ്ട് അവന്റെ ശരീരം വിറച്ചു. ഇന്നു തന്നെ ഇതിനു പ്രതികാരം ചെയ്യുമെന്ന് അവന്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു പ്രതിജ്ഞയെടുത്തു. പരിചരിക്കാന്‍ നിന്നവരെ തള്ളിമാറ്റി അവന്‍ ആശുപത്രിക്കിടക്കിയില്‍ നിന്നെഴുന്നേറ്റ് കീഴേടം ലക്ഷ്യമാക്കി ഓടി. കൂടെയുള്ളവര്‍ ഒപ്പം പാഞ്ഞു. 'മേലേടത്തുകാരനായ ഞാന്‍ ശത്രുരാജ്യമായ കീഴേടത്ത് ജനിച്ച ഒരാളെ അടിച്ചു വീഴ്ത്താതെ നാളെ സൂര്യനുദിക്കില്ല. ഇതു സത്യം! സത്യം!! സത്യം!!!'-അവന്‍ ഗര്‍ജ്ജിച്ചു. പത്തുപതിനഞ്ചുപേര്‍ ചേര്‍ന്ന് അവനെ ബന്ധനസ്ഥനാക്കി കൊണ്ടു വന്നു. പ്രതികാരദാഹം കൊണ്ട് അവന്റെ ശരീരം കിടുകിടാ വിറച്ചു; കണ്ണ് ചുമന്നു. അവന്‍ ചുണ്ട്‌കൊണ്ട് ഗോഷ്ടി കാണിക്കുകയും മുഷ്ടി ചുരുട്ടുകയും ചെയ്തു.

         അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. അവന്‍ അവന്റെ അമ്മയുടെ കരണക്കുറ്റിക്ക് തലങ്ങും വിലങ്ങും അടിച്ചു. അവര്‍ ബോധംകെട്ട് നിലത്തു വീണു. അവന്‍ പ്രതിജ്ഞ നിറവേറ്റുകയായിരുന്നു. അവന്റെ അമ്മ കീഴേടത്തുകാരിയായിരുന്നു.
....................

Wednesday, September 28, 2011

ആരോമലുണ്ണി സീട്ടുവിനെ കൊന്നതാര്?

         കുറെ മുമ്പ് ഒരു പത്രത്തില്‍ ചിത്ര സഹിതം ഒരു വാര്‍ത്ത വന്നു. അസുഖം ബാധിച്ച് തീരെ വയ്യാതായി ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന അജ്ഞാതനായ ഒരു വൃദ്ധനെക്കുറിച്ചുള്ളതായിരുന്നു വാര്‍ത്ത. ദിവസങ്ങളോളം അവിടെ കിടന്ന ആ വൃദ്ധനെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിപ്പെട്ടായിരുന്നു വാര്‍ത്ത. (ഈ വാര്‍ത്ത വായിച്ച് ചിലര്‍ വൃദ്ധന് വേണ്ട സംരക്ഷണവും സഹായവും ചെയ്യുകയുണ്ടായി). ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ജില്ലാ റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഇതേക്കുറിച്ചു സംസാരിച്ചു. ആ വൃദ്ധന്റെ ഫോട്ടേയെടുത്ത് വാര്‍ത്തകൊടുത്ത റിപ്പോര്‍ട്ടര്‍ക്ക് വൃദ്ധനെ സഹായിക്കാനുള്ള ബാധ്യതയില്ലേ എന്നു ചോദിച്ചു. റിപ്പോര്‍ട്ടറുടെ ജോലി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണെന്നാണ് അദ്ദേഹം എനിക്കു നല്‍കിയ മറുപടി.
       വെയ്റ്റിംഗ് ഷെഡ്ഡുകളിലും പീടികത്തിണ്ണകളിലും മറ്റും കിടക്കുന്ന നിരാലംബരെ സഹായിക്കുക എന്ന തൊഴില്‍ ചെയ്യുന്ന ഒരു പ്രതേ്യക തൊഴില്‍ വിഭാഗം നമ്മുടെ നാട്ടിലുണ്ടോ? ഇപ്പോഴെന്തേ ഇങ്ങനെയൊരു ചോദ്യം എന്ന് സംശയിച്ചേക്കാം. ഒഡീഷക്കാരി സിസിലാമയി എന്ന അമ്മയുടെ ആരോമലുണ്ണിയും പതിനെട്ടുകാരനുമായ സീട്ടുവിന്റെ ദാരുണ മരണ വാര്‍ത്തയാണ് ഇങ്ങനെയൊരു ചോദ്യം ഉയരാന്‍ കാരണമായത്.
        സൗകര്യം കൂട്ടുന്നിന്റെ ഭാഗമായി ഈയിടെ ഞാന്‍ വീടുപണി ചെയ്യുകയുണ്ടായി. വെട്ടുകല്ലിറക്കിയത് അല്പം ദൂരെയായിരുന്നു. പ്‌ളസ്ടുവില്‍ പഠിക്കുന്ന എന്റെ മകന്‍ കല്ല് ചുമന്ന് കൊണ്ടുവരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്നാണ് പറഞ്ഞത്. മേല്‍പ്പാറ വെട്ടിയ നല്ല ഭാരമുള്ള കല്ലുകളായിരുന്നു. അത് ചുമന്നു കൊണ്ടുവരിക എന്നത് അവനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ ജോലിയാണെന്ന് എനിക്ക് തോന്നി. അവനെക്കൊണ്ട് അത് ചെയ്യിക്കാന്‍ എനിക്ക് തീരെ മനസ്സില്ലായിരുന്നു. അവന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതം നല്‍കി. ആ കല്ലുകളുടെ കയറ്റിറക്ക് ജോലികള്‍ ചെയ്തത് ആസാംകാരായ ബിട്ടു, അഗോണ്‍ എന്നീ കുട്ടികളായിരുന്നു. ഏറി വന്നാല്‍ എന്റെ മകനെക്കാള്‍ മൂന്നു വയസ്സ് കൂടും. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകന്‍ എങ്ങനെയാണോ അങ്ങനെത്തന്നെയായിരിക്കുമല്ലോ ബിട്ടുവിന്റെയും അഗോണിന്റെയും അച്ഛനമ്മമാര്‍ക്ക് അവരുടെ മക്കളും. ജീവിത സാഹചര്യം മറ്റൊന്നായതുകൊണ്ടാണ് അച്ഛനമ്മമാര്‍ കണ്ണെത്താത്ത ദൂരത്തേക്ക് ബുദ്ധിമുട്ടേറിയ ജോലി ചെയ്യാന്‍ തങ്ങളുടെ ആരോമലുകളെ പറഞ്ഞുവിട്ടത്. എന്റെ മകന്‍ കല്ലേറ്റിയപ്പോള്‍ എനിക്കുണ്ടായ പ്രയാസം, മക്കളുടെ ജോലിക്കാര്യം അറിഞ്ഞപ്പോള്‍ ബിട്ടുവിന്റെവിന്റെയും അഗോണിന്റെയും അച്ഛനമ്മമാര്‍ക്കുമുണ്ടായിക്കാണും. കുറെക്കഴിഞ്ഞാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടി വരുമല്ലോ. അവര്‍ ക്രമേണ അതിനോട് പൊരുത്തപ്പെടുകയും ചെയ്തിരിക്കും.
       വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് കഴിഞ്ഞ 12 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച സീട്ടുവിന്റെ വയസ്സ് കേവലം 18. ബിട്ടുവിനെക്കാളും അഗോണിനെക്കാളും ചെറുപ്പം. ശരാശരി മലയാളിയുടെ കുട്ടികളാണെങ്കില്‍ ക്രിക്കറ്റ് കളിച്ച് മൊബൈല്‍ വിളിച്ച് മെസ്സേജ് അയച്ച് നടക്കേണ്ട പ്രായം. ജീവിത പ്രയാസങ്ങള്‍കൊണ്ടുതന്നെയാണ് സിസിലാമയി എന്ന അമ്മ തന്റെ ആരോമലിനെ കൂലിപ്പണി ചെയ്യാന്‍ കേരളത്തിലേക്ക് വിട്ടത്. പക്ഷേ, ഒരു വാഹനം അവരുടെ ആരോമലിനെ അവരില്‍നിന്നു തട്ടിപ്പറിച്ച് കൊണ്ടുപോയി. ഗുരുതരമായ പരിക്കാണ് പറ്റിയതെങ്കിലും ഒരു പക്ഷേ സീട്ടു മരിക്കില്ലായിരുന്നു. സെപ്തംബര്‍ 13,14 തീയതികളില്‍ 'ദേശാഭിമാനി'പ്രസിദ്ധീകരിച്ച വാര്‍ത്ത ശരിയാണെങ്കില്‍ സീട്ടു ഇപ്പോഴും നമ്മോടൊപ്പം ഈ ലോകത്തുണ്ടാകുമായിരുന്നു. പ്രസ്തുത വാര്‍ത്തയില്‍ പറയുന്നത്: സര്‍ജിക്കല്‍ യൂണിറ്റിലും അനസ്‌തേഷ്യാ വിഭാഗത്തിലും വെന്റിലേറ്റര്‍ ഒഴിവുണ്ടായിട്ടും സീട്ടുവിനെ വാര്‍ഡിലേക്ക് മാറ്റി. കൃത്രിമശ്വാസം നല്‍കാന്‍ കൂടെയുണ്ടായിരുന്ന ഒരു ചെറിയ കുട്ടിയെ ഏല്‍പ്പിച്ചു. ആ കുട്ടി ഉറങ്ങിപ്പോയി. ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി. സീട്ടു മരിച്ചു. മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ അനാസ്ഥ നടന്നു. ആശുപത്രിക്കാര്‍ ബോധപൂര്‍വ്വം സീട്ടുവിനെ കൊന്നു എന്നൊന്നും പറയുന്നുന്നില്ല. എങ്കിലും ചോദിക്കുകയാണ് ആരാണ് പതിനെട്ടുകാരനായ ആ ആരോമലിനെ കൊന്നത്?
13 ന് 'ദേശാഭിമാനി'കൊടുത്ത വാര്‍ത്തയിലെ ഒരു ഭാഗം അതേപടി പകര്‍ത്തി നിര്‍ത്തട്ടെ. അതിങ്ങനെ: ''കൃത്രിമ ശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന്‍ ഉറങ്ങിപ്പോകുന്നതും ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി രോഗി മരിക്കുന്നതും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ചാനല്‍ തിങ്കളാഴ്ച കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് ''

..........

Sunday, September 18, 2011

ചായ to ഷാര്‍ജ

സുതാര്യം മാസിക, സെപ്തംബര്‍ 2011

        മുത്തച്ഛന്‍ രണ്ട് ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു.
      ''വേണ്ട വല്ല്യച്ഛാ. എനിക്ക് ചായ വേണ്ട. ഷാര്‍ജ മതി ''
മുത്തച്ഛന്‍ നെറ്റി ചുളിച്ചു. അയാള്‍ പേരക്കുട്ടിയെ നോക്കി അടുത്തിരിക്കുന്നവര്‍ കേള്‍ക്കെത്തന്നെ പറയാന്‍ തുടങ്ങി.
       '' കാലം പോയ പോക്ക്. പ്പഴത്തെ കുട്ടികളടെ ഒരു കാര്യം. അവര്‍ക്ക് ചായയും കാപ്പിയുമൊന്നും പറ്റില്ല. ഷാര്‍ജ, ജിദ്ദ, ഷേക്ക്, ചിക്കു, ഷവര്‍മ. എന്തൊക്കെ കുണ്ടാമണ്ടികളാണ് ഇവര്‍ അകത്തേക്ക് കയറ്റി വിടണത്. എന്താ കുട്ടികളടെ വേഷം? ഇവന്റെ മുടിയിതാ വാവല് അടയ്ക്ക ഈമ്പിയ പോലെ. താടി കൊറ്റനാടിന്റെപോലെ. ടീഷര്‍ട്ടാണുപോലും! എന്തൊക്കെയാ അതില്‍ എഴുതി വെച്ചിരിക്കുന്നത്. എന്താ ട്രൗസറിന്റെയൊരു കോലം? ആകെ വള്ളിം ചരടും തൂങ്ങിക്കെടക്ക്വാ. ട്രൗസറ് മുഴുവന്‍ പോക്കറ്റുകളാ. ട്രൗസറ് അരേന്ന് കുറെ താഴോട്ട്. കാലിന് താഴെ നിലത്തഴിച്ചിട്ട്. മുളേടെ പുട്ടുംകുറ്റിക്ക് ചൂടി വരിഞ്ഞ് കെട്ട്യപോലെ കയ്യില്‍ നെറയെ ചരടുകള്‍!!''
      മുത്തച്ഛന്റെ അഭിപ്രായം കേട്ട് പേരക്കുട്ടി മിണ്ടാതിരിക്കുകയാണ്. അവനെന്തോ ആലോചിക്കുന്നതായി മുത്തച്ഛന് തോന്നി.
         ''എന്താ നിനക്കൊരു ആലോചന?''
         ''വല്ല്യച്ഛാ, ഞാന്‍ ആലോചിക്കയായിരുന്നു.......''
         ''എന്ത്? ഷാര്‍ജയുടെ മാഹാത്മ്യത്തെക്കുറിച്ചോ?''
         ''അല്ല, ചായയുടെ പാരമ്പര്യത്തെക്കുറിച്ച്......ഈ ചായ പണ്ടുമുതലേ നമ്മള്‍ കഴിച്ചിരുന്നില്ലല്ലോ. നെറ്റില്‍ നോക്കിയപ്പോള്‍ മനസ്സിലായത് ചൈനക്കാരാണ് ആദ്യം ചായ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ്. പിന്നേയ്, മുത്തച്ഛന്‍ പേന്റിന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത്. ടീച്ചര്‍ ഇന്നാളൊരു പ്രൊജക്ട് ചെയ്യാന്‍ തന്നിരുന്നു. അതില്‍ കേരളീയരുടെ പണ്ടത്തെ വേഷം, ഭാഷാ പ്രയോഗം, ഭക്ഷണം എന്നിവയൊക്കെ എഴുതണമായിരുന്നു. അതിനുവേണ്ടി ചില പുസ്തകങ്ങള്‍ വായിക്കുകയും നെറ്റില്‍ തപ്പുകയുമൊക്കെ ചെയ്തു. ഓരോരോ കാര്യം കണ്ടപ്പോഴും വായിച്ചപ്പോഴും അത്ഭുതവും ചിരിയും വന്നു''
         ഒന്നു നിര്‍ത്തി അവന്‍ വീണ്ടും തുടര്‍ന്നു.
        '' അല്ലാ, ഞാനൊന്നു ചോദിച്ചോട്ടെ. വല്ല്യച്ഛനെ പ്പൊ വല്ല്യച്ഛന്റെയൊരു വല്ല്യമുത്തച്ഛന്‍ കണ്ടാല്‍ എന്തായിരിക്കും പറയുക? ''
        ചോദ്യം കേട്ട് മുത്തച്ഛനൊന്നു ഞെട്ടി. മുത്തച്ഛന്റെ തല താഴ്ന്നു.
     '' കുറച്ചൊക്കെ തെറ്റുണ്ടാകും. ന്നാലും ഞാന്‍ തന്നെ പറയാം വല്ല്യച്ഛാ. ഹൗ! ത്താപ്പൊ ഓന്റൊരു കോലം. ത്താണ് ഓന്റെ മൂക്കിന്റെ മോളില് രണ്ട് ചില്ല്. ചില്ലുമ്മെ രണ്ട് കോല്. കോല് ചെവീമ്മെ തിരികീക്കുണു. ന്റെ മുത്തപ്പായ്യാളേ, ത്താപ്പൊ ഓന്റെ കാല്‌മ്മെ. ചെരുപ്പ്ടാന്‍ ഓനാരാ കോലോത്തെ തമ്പ്രാനൊ. ഓനാരാ തുക്കിടി സായ്‌പ്പൊ കുപ്പായിട്ട് ഞെളിയാന്‍. ഓന്റൊരു പുളിച്ചിത്തരം കണ്ടിലെ. മുണ്ടങ്ങനെ നീട്ടി ഉട്ത്തക്കണു. കച്ചേരീലെ ബല്ല്യ അധികാരീനെപ്പോലെ. എത്താ ഓന്റെ മുമ്പിലെ ചില്ലും കുറ്റീല് ഒരു മണ്ണുംബെള്ളെത്തിന്റെ നെറള്ള ഒരു ബെള്ളം. എത്തൊക്കെ കുത്തിക്കലക്ക്യ ബെള്ളാണാവോ ഇയ്റ്റങ്ങള് മോന്തണത്. പച്ചെള്ളും കഞ്ഞീന്റെ ബെള്ളൊന്നും പറ്റൂലേ ഇയ്റ്റങ്ങക്ക്! ഹൗ! ബല്ലാത്തൊരു കലികാലം!!''
..............

Monday, August 29, 2011

മൗലവിയും അല്‍ഫോന്‍സാ മോളും!


           മൗലവി തന്ന ഇരുപതിനായിരംഎന്ന പോസ്റ്റ് നിങ്ങള്‍ വായിച്ചു കാണുമല്ലോ. മനുഷ്യ സ്‌നേഹിയായ ഈ മൗലവിയെ ബന്ധപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഈ പോസ്റ്റും.  ബ്‌ളോഗു കമന്റുകള്‍ വഴിയങ്ങനെ പോയപ്പോഴാണ് ആയിരങ്ങളില്‍ ഒരുവന്‍എന്ന മനുഷ്യ സ്‌നേഹി എഴുതിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം ഈ പോസ്റ്റ് എഴുതിയത് തൃശ്ശൂരിലെ സാമൂഹിക പ്രവര്‍ത്തകയും അഡ്വക്കറ്റ് ക്‌ളര്‍ക്കുമായ ശ്രീമതി:തങ്കം നല്‍കിയ വിവര പ്രകാരം ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ്.    അല്‍ഫോന്‍സാ മോള്‍, ശ്രീ: രാജേഷ് തുടങ്ങിയവരുടെ കഥന കഥകള്‍ ആയിരങ്ങളില്‍ ഒരുവന്‍ വിവരിച്ചു .  ഈ വിവരം ഞാന്‍ എന്റെ പ്രിയപ്പെട്ട മൗലവിയെ അറിയിച്ചു. കരുണയുടെ പര്യായമെന്ന് എനിക്ക് തോന്നിയ മൗലവി ഇവരെ സഹായിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഇതു സംബന്ധമായ ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 
       സഹായങ്ങള്‍ നല്‍കേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും അതിന് മതവും ജാതിയുമൊക്കെ നോക്കുന്നത് ഖുര്‍ ആന്‍ തത്ത്വങ്ങള്‍ക്കെതിരാണെന്നുമാണ് മൗലവി എപ്പോഴും പറയാറ്. ഈയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്ന മൗലവിയുടെ സക്കാത്ത് ഫണ്ടില്‍ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും എന്റെ കൈകളിലൂടെ പലര്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന മുഴുവന്‍ ആളുകളെയും സഹായിക്കാന്‍ എതെങ്കിലുമൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിനോ സാധിക്കുകയില്ല. കണ്‍മുമ്പില്‍ കണ്ടതോ കേട്ടറിഞ്ഞതോ ആയ കാര്യങ്ങളില്‍ മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ. ഈ പരിമിതിയില്‍ നിന്നു മാത്രമേ മൗലവിക്കും കാര്യങ്ങളില്‍ ഇടപെടാനാനും സഹായിക്കുവാനും സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഈ പരിമിതിയില്‍ നിന്നുകൊണ്ട് ഒരുപാട് പേരെ മതവും ജാതിയുമൊന്നും നോക്കാതെതന്നെ മൗലവി തന്റെ സക്കാത്ത് ഫണ്ടില്‍ നിന്നു സഹായിച്ചിട്ടുണ്ട്. ഇതില്‍ എന്റെ നാട്ടുകാരനായ മാതൊടി ബാലന്റെ അകന്ന ബന്ധുക്കള്‍ മുതല്‍ രാമനാട്ടുകരയ്ക്കടുത്തുള്ള പൊന്നേംപാടത്തെ ബ്‌ളോഗര്‍ സുശീല്‍കുമാറിന്റെ നാട്ടുകാരനായ സമീര്‍ വരെയുള്ളവരുണ്ട്. (സുശീല്‍കുമാറിട്ട ഒരു പോസ്റ്റില്‍ നിന്നാണ് ക്യാന്‍സര്‍രോഗിയായ സമീറിനെക്കുറിച്ച് അറിയുന്നത്). 
      ക്യാന്‍സര്‍ രോഗിയായ സമീറിന് തല്‍ക്കാല ആശ്വാസമെന്ന നിലയില്‍ മൗലവി 1000 രൂപ നല്‍കി. ഞാനും എന്റെ സുഹൃത്തുക്കളായ ബാലകൃഷ്ണനും മാത്യുവും ചേര്‍ന്ന് 1000 രൂപയെടുത്ത് 2000 രൂപ സമീറിനുവേണ്ടി സുശീല്‍കുമാര്‍ നല്‍കിയ എക്കൗണ്ടില്‍(പൊന്നേംപാടം കലാസമിതിയുടെ 30893197799 നമ്പര്‍ എസ്.ബി.ഐ.എക്കൗണ്ടില്‍) നിക്ഷേപിച്ചു. സമീറിന് ഒരു നിത്യ വരുമാനം ഉണ്ടാക്കാവുന്ന തരത്തില്‍ എതെങ്കിലും ഏര്‍പ്പാടുകള്‍ ചെയ്യുകയാണെങ്കില്‍ അതിന് കാര്യമായി സഹായിക്കാമെന്ന് മൗലവി പറഞ്ഞ കാര്യം ഞാന്‍ സുശീല്‍കുമാറിനെ അറിയിച്ചിട്ടുണ്ട്. മാതൊടി ബാലന്റെ അകന്ന ബന്ധുക്കള്‍ക്ക് മാസം തോറും 500 രൂപാ വീതം നല്‍കിവരുന്നുണ്ട്. ഇതില്‍ ഒരു കുടുംബത്തിന് ഇതുവരെയായി 21000 രൂപയും രണ്ടാമത്തെ കുടുംബത്തിന് ഇതുവരെയായി 17000 രൂപയം നല്‍കിയിട്ടുണ്ട്.
         മുമ്പ് അരിയും വസ്ത്രങ്ങളും നല്‍കിയ, ഊര്‍ങ്ങാട്ടിരി മൈലാടിയിലെ ആദിവാസികള്‍ക്ക് പെരുന്നാള്‍-ഓണം വകയായി അരിയും പച്ചക്കറികളും നല്‍കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ മൗലവി എന്നോടും സുഹൃത്ത് ബാലകൃഷ്ണനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂളാട്ടിപ്പാറയിലെ പരമേശ്വരേട്ടനെ വിളിച്ച് ഇതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
      താഴെക്കോട് പഞ്ചായത്തിലെ പാണമ്പിയിലുള്ള ആദിവാസി മക്കള്‍ക്കും അരിയും പച്ചക്കറികളും പുതുവസ്ത്രങ്ങളും നല്‍കണമെന്നും, അവിടെപ്പോയി കാര്യങ്ങള്‍ അനേ്വഷിക്കണമെന്നും മൗലവി എന്നോട് ആവശ്യപ്പെടുകയുണ്ടായി. സുഹൃത്തുകളായ ബാലകൃഷ്ണനെയും മാത്യുവിനെയും കൂട്ടി താമസിയാതെ അവിടെ പോകുന്നുണ്ട്.
       മൗലവിയുടെ വ്യാഖ്യാന പ്രകാരമുള്ള ഖുര്‍ ആന്‍ ആശയത്തിനോട് യോജിക്കുന്നവരും മനുഷ്യസ്‌നേഹികളുമായ കുറച്ചുപേരുണ്ട്. അതില്‍പ്പെട്ട, ആനക്കയം-ചെക്ക് പോസ്റ്റിനടുത്ത് താമസിക്കുന്ന കൂരിമണ്ണില്‍ മുഹമ്മദാലി എന്ന അദ്ധ്യാപകന്റെ വീട്ടില്‍ ഗീത എന്നു പേരായ ഒരു സ്ത്രീ സാമ്പത്തിക സഹായമഭ്യര്‍ത്ഥിച്ചു ചെന്നു. ഭര്‍ത്താവ് രാജന് മരത്തില്‍ നിന്നു വീണ് സാരമായ പരിക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുന്നു. ജോലിക്കു പോകാന്‍ വയ്യ. ഗീതയ്ക്കാകട്ടെ കൂലിപ്പണിക്ക് പോകാനുള്ള ആരോഗ്യസ്ഥിതിയുമില്ല. മാഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല; ഭാര്യ സുബൈദയാണുണ്ടായിരുന്നത്. ആദ്യം അവര്‍ 100 രൂപ കൊടുത്തു. പിന്നീട് തോന്നി അതു പോരെന്ന്. നൂറ് ആയിരമാക്കി. ഇക്കാര്യം മാഷ് വന്നപ്പോള്‍ പറഞ്ഞു. മാഷ് എതിര്‍പ്പൊന്നും പറഞ്ഞില്ലെങ്കിലും, വലിയ സംഖ്യകൊടുക്കുന്നത് നിജസ്ഥിതി അനേ്വഷിച്ചറിഞ്ഞതിനുശേഷമാകണമെന്ന് മാഷ് ഭാര്യയെ ഉപദേശിച്ചു. (ഇതിനൊരു കാരണവുമുണ്ടായിരുന്നു. മുമ്പൊരിക്കല്‍ ഒരാള്‍ സാമ്പത്തികമായി സഹായിക്കണമെന്ന് പറഞ്ഞ് മൗലവിയെ സമീപിച്ചിരുന്നു. വലിയ ചെലവുള്ള ഒരു ഓപ്പറേഷനുവേണ്ടി. ഇതേക്കുറിച്ച് അനേ്വഷിക്കാന്‍ മൗലവി എന്നെ നിയോഗിച്ചു. ഞാന്‍ വിശദമായി അനേ്വഷിച്ചെങ്കിലും പ്രസ്തുത വ്യക്തിയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. ഇതുകൊണ്ടാണ് സംശയത്തിന്റെ നിഴല്‍ പരന്നത്). ഈ വിവരം മാഷ് മൗലവിയോട് പറഞ്ഞു. മൗലവി എന്നെ വിളിച്ച് ഇതേക്കുറിച്ച് അനേ്വഷിക്കാന്‍ പറഞ്ഞു. ഞാനും ബാലകൃഷ്ണനും ഇതേക്കുറിച്ചനേ്വഷിക്കാന്‍ മഞ്ചേരിക്കടുത്തെ പുല്‍പ്പറ്റയില്‍പ്പോയി. രാജനെയും കുടുംബത്തെയും കാണാനായി ഞങ്ങള്‍ നാലുസെന്റ് കോളനിയില്‍ ചെന്നു. ഗീത പറഞ്ഞ കാര്യങ്ങള്‍ സത്യം തന്നെയായിരുന്നു. വളരെ ദയനീയമായൊരു സാഹചര്യത്തിലാണ് അവര്‍ ജീവിക്കുന്നത്. വെറുമൊരു ഷെഡ്ഡിലാണ് രാജനും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. പുരയുടെ മുകളില്‍ പോളിത്തീന്‍ ഷീറ്റിട്ടിരിക്കുകയാണ്. ഞങ്ങള്‍ അവിടെ എത്തിപ്പെടാനുണ്ടായ സാഹചര്യം വിവരിച്ചു. സ്വന്തമായൊരു ഏര്‍പ്പാട് ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ അതേക്കുറിച്ച് ആലോചിച്ച് പറയണമെന്നാണ് മൗലവി ഞങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും ഇതേക്കുറിച്ച് ആലോചിച്ച് താമസിയാതെ വിവരം അറിയിക്കണമെന്നും ഞങ്ങള്‍ രാജനെ അറിയിച്ചു. രാജന് ഏന്തെങ്കിലും ഏര്‍പ്പാടാകുന്നതുവരെ മാസത്തില്‍ 1000 രൂപ സക്കാത്ത് ഫണ്ടില്‍ നിന്നു നല്‍കാമെന്ന് മൗലവി പറഞ്ഞു. ഈ മാസത്തെ വിഹിതമായി മൗലവി തന്ന 1000 രൂപയുമായി ഞങ്ങള്‍ വീണ്ടും നാലുസെന്റ് കോളനിയിലെത്തുകയും രാജന് പ്രസ്തുത സംഖ്യ നല്‍കുകയും ചെയ്തു. രാജന്‍-ഗീതാ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. ഒരാണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളും. ഇളയ കുട്ടി വിനിഷയ്ക്ക് നാലു വയസ്സേ ആയിട്ടുള്ളു. രണ്ടു തവണ മാത്രമാണ് ഞങ്ങളവിടെ പോയതെങ്കിലും ഒന്നു രണ്ടു മണിക്കൂര്‍ അവിടെ ചെലവിട്ടതുകാരണം വിനിമോള്‍ ഞങ്ങളുമായി ലോഹ്യംകൂടി. ബാലകൃഷ്ണന്റെ മടിയില്‍ ഒരവല്ല്യമ്മാവന്റെ മടിയിലെന്നോണം വിനിമോള്‍ തലവച്ച് കുറച്ചു നേരം കിടക്കുകയും ചെയ്തു. 
രാജന്റെ ഫോണ്‍ നമ്പര്‍-9947170227

        'മൗലവി ചെയ്യുന്ന മാതിരി നമുക്ക്  ചെയ്യാന്‍ സാധിക്കില്ല. മാവേലിയുടെ പിറന്നാളല്ലേ വരുന്നത്. നമുക്ക് ഈ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാം'. എന്റെ നിര്‍ദ്ദേശം ബാലകൃഷ്ണന്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. സങ്കടമുള്ള കാഴ്ചകളാണ് അവിടെ കണ്ടതെങ്കിലും ഒരു തരം സന്തോഷത്തോടെയാണ് ഞങ്ങളവിടെനിന്ന് തിരിച്ചു പോന്നത്. മെയിന്‍ റോഡിലെത്തി ഞങ്ങള്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു. ഞങ്ങളെ മറികടന്നു പോയ മാരുതി പെട്ടെന്ന് നിര്‍ത്തി. കാറിലുള്ള ചെറുപ്പക്കാരന്‍ ഞങ്ങളെ മാടി വിളിച്ചു. ഞങ്ങള്‍ ചെന്നു. കയറാന്‍ പറഞ്ഞു. ഞങ്ങള്‍ കയറി. കാറിലിരുന്ന ഇല്ല്യാസ് എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. 'ശങ്കരേട്ടനെ ഞാനറിയും. ഞാന്‍ മൗലവിയുടെ ക്‌ളാസ്സില്‍ വരുന്ന ആളാ'. ഞങ്ങളവിടെ എത്തിയതിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇല്ല്യാസുട്ടി സന്തോഷത്തോടെ പറഞ്ഞു. 'മൗലവി ചെയ്ത ഈ പുണ്യ കര്‍മ്മത്തില്‍ ചെറിയൊരു കണ്ണിയായതില്‍ എനിക്കും സന്തോഷമുണ്ട്''.
      ഇനി രാജേഷിന്റെ കാര്യം. രാജേഷിനെക്കുറിച്ച് കൂടുതലറിയാന്‍ ആയിരങ്ങളില്‍ ഒരുവന്‍എഴുതിയ പോസ്റ്റ് വായിക്കുക. വാടക വീട്ടില്‍ കഴിയുന്ന, രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത, അമ്മ നല്‍കിയ ഒരു വൃക്കകൊണ്ട് ജീവിക്കുന്ന, മരുന്നുകള്‍ക്കുവേണ്ടി ഇപ്പോഴും വലിയ സംഖ്യ ചെലവഴിക്കുന്ന ഈ ചെറുപ്പക്കാരന്റെ കാര്യം ഞാന്‍ മൗലവിയോട് പറഞ്ഞു. രാജേഷിന് നല്ലൊരു ജീവിതമാര്‍ഗ്ഗം ഉണ്ടാകുന്നതുവരെയോ എനിക്ക് കൊടുക്കുവാന്‍ സാധിക്കുന്നതുവരെയോ സക്കാത്ത് ഫണ്ടില്‍ നിന്ന് പ്രതിമാസം 1000 രൂപാ നല്‍കാമെന്ന് മൗലവി പറഞ്ഞു. ആഗസ്റ്റ് മാസത്തെ വിഹിതമായി 1000 രൂപ തരികയും ചെയ്തു. ബാലകൃഷ്ണന്റെ മകന്‍ ഉണ്ണിയില്‍ നിന്നു 500 കൂടി വാങ്ങി 2000 രൂപ രാജേഷിന്റെ എക്കൗണ്ട് നമ്പരില്‍ (എസ്.ബി.ടി. ഭരണങ്ങാനം ശാഖ, എക്കൗണ്ട് നമ്പര്‍-57044818784, യഥാര്‍ത്ഥ പേര്-രാജേഷ് ലാല്‍)നിക്ഷേപിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ലാലിന് ഇനിയും സാമ്പത്തിക സഹായങ്ങള്‍ ആവശ്യമാണ്.
      എംഫിലും പിജിയും ബി.എഡുമൊക്കെയുള്ള ഈ ചെറുപ്പക്കാരന് ഒരദ്ധ്യാപകനാകണമെന്നാണ് ആഗ്രഹം. നമ്മള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. എങ്കിലും ഒരു അനേ്വഷണം നടത്താമല്ലോ. ഈ ചെറുപ്പക്കാരനെ വല്ലപ്പോഴും വിളിക്കുക. അത് ഈ കുട്ടിക്ക് സന്തോഷം നല്‍കും. ലാലുവിന്റെ ഫോണ്‍ നമ്പര്‍-9495313466.
           ഇനി കൊച്ചുമോള്‍ അല്‍ഫോന്‍സയെക്കുറിച്ച് പറയട്ടെ. പാലക്കാട് വാളയാറിനടുത്തെ പുറമ്പോക്കില്‍ താമസിക്കുന്ന ദ്വരൈ സ്വാമിയുടെയും സീലാമ്മയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവളാണ് അല്‍ഫോന്‍സാ മോള്‍. മൂത്തവന്‍ ആരോഗ്യസ്വാമി, സുലോമിയയും ജ്ഞാന സുലോമണിയും അനിയത്തിമാര്‍. ആരോഗ്യ സ്വാമിയുടെ കുഞ്ഞനിയത്തിയാണ് അല്‍ഫോന്‍സാ മോള്‍. അബദ്ധത്തില്‍ ആസിഡ് മറിഞ്ഞ് അല്‍ഫോന്‍സാ മോളുടെ ഇടത്തെ കണ്ണ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇടതു കൈക്കും ഇടതു കാലിനും സാരമായ പൊള്ളലേറ്റു. ആരോഗ്യ സ്വാമിക്കും അത്ര സാരമല്ലാത്ത പരുക്ക് പറ്റിയിരുന്നു. അന്ന് തന്റെ ഒന്നര വയസ്സില്‍ ഈ കുഞ്ഞ് അനുഭവിച്ച വേദന അളക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴും വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. കൂലിപ്പണിക്കാരനായ ദ്വരൈ സ്വാമിക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല അല്‍ഫോന്‍സാ മോളുടെ ചികിത്സാച്ചെലവ്. നാട്ടുകാരുടെയും മറ്റും കാരുണ്യത്താലാണ് അല്‍ഫോന്‍സാ മോളുടെ ചികിത്സ നടന്നത്. 


              അല്‍ഫോന്‍സാ മോളുടെ കണ്ണ് മാറ്റി വയ്ക്കണം. അതിന് രണ്ടു ലക്ഷത്തിലേറെ രൂപ ചെലവുണ്ട്. ശ്രീമതി:തങ്കം, ആയിരങ്ങളില്‍ ഒരുവന്‍ തുടങ്ങിയ സുമനസ്സുകള്‍ നടത്തിയ പരിശ്രമം വഴി ഒന്നര ലക്ഷത്തിലേറെ സംഖ്യ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. കണ്ണ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും വേറെ ചെലവുകളും. ഇക്കാര്യവും ഞാന്‍ മൗലവിയെ അറിയിച്ചു. കാര്യങ്ങള്‍ അനേ്വഷിച്ച് അര്‍ഹതപ്പെട്ടതെങ്കില്‍ 10000 രൂപ നല്‍കണമെന്ന് പറഞ്ഞ് മൗലവി എനിക്ക് പണം തന്നു. മാത്യുവിനും ബാലകൃഷ്ണനും ഓഫീസ് സംബന്ധമായ തിരക്കുകള്‍ ഉണ്ടായതിനാല്‍ അവര്‍ക്ക് വരാന്‍ സാധിച്ചില്ല. ആയതിനാല്‍ ഞാന്‍ ഒറ്റയ്ക്കു തന്നെയാണ് വാളയാറില്‍ പോയത്.
പുറമ്പോക്കില്‍ താമസിക്കുന്ന ആ കുടുംബത്തിന്റെ വീട് പുല്‍പ്പറ്റയിലെ രാജന്റെ വീടിനെക്കാള്‍ ശോചനീയമായിരുന്നു. 'സിറ്റൗട്ടും ഡ്രോയിംഗ് റൂമും ബെഡ് റൂമും കിച്ചണും'എല്ലാം ഒന്നിച്ച്! വയറിന് രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ സീലിയമ്മ പണിക്കു പോകാറില്ല. ഭര്‍ത്താവു വരുന്നതുവരെ സീലിയമ്മ ഒറ്റയ്ക്കു തന്നെ. സമയം കിട്ടുമ്പോള്‍ കുറച്ചപ്പുറത്തെ വീട്ടിലെ പത്തു വയസ്സുകാരന്‍ അന്തോണി സ്വാമി വരും. ഞാനവിടെ ചെല്ലുമ്പോള്‍ അന്തോണി സ്വാമി അവിടെ ഉണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവഴിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് 10000 രൂപ ദ്വരൈ സ്വാമിക്ക് നല്‍കി. പീന്നിട് പാലക്കാട് സ്‌കൂളില്‍പ്പോയി അല്‍ഫോന്‍സാ മോളെ കണ്ടു. സഹിക്കവയ്യാത്ത ഒരുപാട് വേദന തിന്നുകയും ഇപ്പോഴും വേദന അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കുഞ്ഞാണെങ്കിലും ആ ഒമ്പതു വയസ്സുകാരിക്ക് ആ പ്രായത്തിന്റേതായ ഒരു ഭാവം തന്നെയാണ് ഉണ്ടായിരുന്നത്. ചിരിക്കുകയും നാണംകുണുങ്ങുകയുമൊക്കെ ചെയ്തു. 


       അല്‍ഫോന്‍സാ മോളെ കണ്ട് യാത്ര പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് തിരിക്കുകയും വിവരങ്ങളെല്ലാം മൗലവിയോട് പറയുകയും ചെയ്തു. പറ്റുമെങ്കില്‍ കുറച്ചുകൂടി പണം നല്‍കി അല്‍ഫോന്‍സാ മോളെ സഹായിക്കാമെന്ന് മൗലവി പറഞ്ഞു.
            കണ്ടതും കേട്ടതുമായ ഇത്തരം ദുരന്തങ്ങളെക്കാള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ദുരന്തങ്ങള്‍ വേറെയുമുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എല്ലാം മൗലവിയെക്കൊണ്ടോ നമ്മെക്കൊണ്ടോ സാധിക്കുകയില്ലല്ലോ. അറിഞ്ഞ കാര്യങ്ങളില്‍ മൗലവിയുടെ അവസ്ഥ വച്ച് മൗലവി ചെയ്യുന്നു. നമ്മുടെ അവസ്ഥ വച്ച് നാമും ചെയ്യുക.
      എങ്ങനെയായിരിക്കണം മൗലവിമാര്‍ എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഈ മൗലവി. മൗലവിയും ഒരു രോഗിയാണ്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്തുകൊണ്ടാണ് മൗലവി ജീവിക്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ളൊരു രോഗിയാണ് മൗലവിയെന്ന് കണ്ടാല്‍ തോന്നില്ല. മനസ്സിലെ ഉറപ്പും ശുദ്ധതയും കാരുണ്യവും കൊണ്ട് എപ്പോഴും പ്രകാശമയമാണ് മൗലവിയുടെ മുഖം. മൗലിയുടെ വിശാല മനസ്സിന്റെ മുമ്പില്‍ നമിക്കുന്നു.
  


അല്‍ഫോന്‍സാ മോളുടെ ചികിത്സാ ചെലവിലേക്കായി ഒരു എക്കൗണ്ട് തുടങ്ങിയിരിക്കുന്നു. സാധിക്കുന്ന പക്ഷം അതൊന്ന് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ കൊടുത്ത ആദ്യത്തെ ചിത്രം ഒന്നര വയസ്സില്‍ അല്‍ഫോന്‍സാ മോള്‍ക്ക് അപകടം സംഭവിച്ചയുടനെ എടുത്തതാണ്. രണ്ടാമത്തെ ചിത്രം അടുത്തകാലത്തെടുത്തതും. അല്‍ഫോന്‍സാ മോളെ സംബന്ധിച്ച വിവരങ്ങള്‍ താഴെ.
SBT Valayar Branch
AC/ No:67085590402
Albonza.B
Kadukkampallam
kaloodiyar P.O
Kanchikkodu - 678621
Palakkadu Dist.
Phone: 9745066448 (ദ്വരൈ സ്വാമിയുടെ ഫോന്‍ നമ്പര്‍)
..........

Saturday, August 20, 2011

നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി
അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ
തന്നെയായിരുന്നു."
..........................................
        'സംവരണാനുകൂല്യം' എന്നത് തെറ്റായൊരു പ്രയോഗമാണ്. സംവരണം എന്നത് (ഇക്കാലത്തെ) ഏതെങ്കിലും സവര്‍ണത്തമ്പുരാന്‍, അവര്‍ണന് മണ്ണില്‍ കുഴിച്ച കുഴിയില്‍ ഒഴിച്ചുകൊടുക്കുന്ന വറ്റില്ലാ കഞ്ഞിയോ, തമ്പുരാന്റെ ചാവടിയന്തിരത്തിന് അവര്‍ണന്റെ തലയില്‍ ഒഴിച്ചുകൊടുക്കുന്ന ഠന്നുരണ്ടു തുള്ളി എള്ളെണ്ണയോ, അദ്ധ്വാന ഫലം മുഴുവന്‍ 'കാഴ്ച'വച്ച് പകരം 'തമ്മാന'മായി കൊടുക്കുന്ന പരുക്കന്‍ തോര്‍ത്തുമുണ്ടോ അല്ല. സംവരണം ആരും ആര്‍ക്കും നല്‍കുന്ന ആനുകൂല്യമല്ല; അവകാശമാണത്. ആയതിനാല്‍ 'സംവരണാവകാശം'എന്നു തന്നെയാണ് പറയേണ്ടത്.
     ഇന്ത്യയിലെ സംവരണ ചരിത്രത്തിന് എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് പണ്ട് (
ഇതിലും പണ്ട് മറ്റൊരു ചരിത്രമുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം) മനുഷ്യന്റെ ജീവതമായി ബന്ധപ്പെടുന്ന എല്ലാതും ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്യപ്പെട്ടു കിടക്കുകയായിരുന്നു. ഈ 'സംവരണ'ത്തിനെതിരെ കേരളത്തില്‍ ആദ്യമായി രംഗത്തു വന്ന ജാതിവിഭാഗം ചാതുര്‍വര്‍ണ്യത്തിലെ നാലാം വര്‍ണമായ ശൂദ്രന്മാരായി കണക്കാക്കുന്ന നായന്മാരാണ്; 1891 ല്‍ സമര്‍പ്പിച്ച നായര്‍ മെമ്മോറിയലിലൂടെ. നായന്മാരുടെ മെമ്മോറിയലായിരുന്നെങ്കിലും പേര് 'കേരള മെമ്മോറിയല്‍'എന്നായിരുന്നു. (നായന്മാരുടേത് മാത്രമാണെന്ന് പരാതി പറയാതിരിക്കാന്‍ ചോവനായ ഡോ:പല്പുവിനെക്കൊണ്ടും ഒപ്പിടുവിച്ചിരുന്നു). അതങ്ങനെയാണല്ലോ. നായന്മാരുടെയും മറ്റു സവര്‍ണരുടെയും കാര്യമാകുമ്പോള്‍ 'കേരളീയ'മാവും. അവര്‍ണരുടെതെങ്കില്‍ 'ജാതീയ'വുമാവും. ഇതിനെത്തുടര്‍ന്ന് തിരുവിതാംകൂറിലെ സര്‍ക്കാര്‍ ജോലികളിലെ ബ്രാഹ്മണ കുത്തക ക്രമേണ തകര്‍ന്നു. നായന്മാര്‍ക്കും ജോലികളില്‍ അവസരം കിട്ടിത്തുടങ്ങി. പിന്നീട് 5 വര്‍ഷം കഴിഞ്ഞ് 1896 ലാണ് 'ഈഴവ മെമ്മോറിയല്‍'ഇറങ്ങുന്നത്. ഇതുകൊണ്ടു കാര്യമായ പ്രയോജനങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് 1936 ലെ 'നിവര്‍ത്തന പ്രക്ഷോഭം'വഴിയാണ് തിരുവിതാംകൂറില്‍ ഈഴവര്‍ക്കും മറ്റും സര്‍ക്കാര്‍ ഉദേ്യാഗങ്ങളില്‍ സംവരണം ലഭിക്കുന്നത്.
         സംവരണത്തിന്റെ ഈ രാഷ്ട്രീയമൊന്നും മിക്കവര്‍ക്കും അറിയില്ല. ഇതുകൊണ്ടാണ് ഇപ്പോഴത്തെ സംവരണേതര്‍ സംവരണത്തിനെതിരെ സംസാരിക്കുന്നത്. ഇതു മണ്ടയിലില്ലാത്തതുകൊണ്ടുതന്നെയാണ് സംവരണ വിരോധികളെ ചോദ്യം ചെയ്യാന്‍ സംവരണീയര്‍ക്ക് സാധിക്കാത്തതും. ജാതി എന്നത് കേവലമായ അന്ധവിശ്വാസമാണെന്നാണ് പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ജാതിക്ക് ജീവിതത്തിലെ സമസ്ത മേഖലയുമായുള്ള ബന്ധത്തെ അതി സമര്‍ത്ഥമായി മറച്ചു വയ്ക്കുകയാണ്. ആരാണ് ജാതിയെക്കുറിച്ച് അഭിപ്രായം പറയേണ്ടത്? ഇതിനുത്തരം യുക്തിവാദി നേതാവുകൂടിയായിരുന്ന സഹോദരനയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. സഹോദരന്റെ വാക്കുകള്‍(സഹോദരന്‍ വത്സരപ്രതി,1928): ''ജാതിയെപ്പറ്റി വിധിപറയേണ്ടത് അതുമൂലം ബുദ്ധിമുട്ടുന്നവരാണ്. പണ്ടത്തെ ഋഷിമാര്‍ക്കും മനുമാര്‍ക്കും പിന്നത്തെ ആചാര്യന്മാര്‍ക്കും മാത്രമല്ല ഇപ്പോഴത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും ആര്‍ക്കും അതിന്റെ ദോഷം കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകാന്‍ ഇടയില്ല''
       ഈ കണ്‍വെളിച്ചം അന്നത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും മാത്രമല്ല ഇന്നത്തെ പല 'ജി'മാര്‍ക്കും ഇല്ല എന്നതാണ് സത്യം. സവര്‍ണരായവര്‍ക്കു മാത്രമല്ല ജന്മംകൊണ്ട് അവര്‍ണരായവര്‍ക്കും ഈ കണ്‍വെളിച്ചമില്ല എന്നതിന്റെ വലിയൊരു ഉദാഹരണമാണ് സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡണ്ടുകൂടിയായ എം. മുകുന്ദന്‍ എന്ന സാഹിത്യകാരന്‍. ഇദ്ദേഹത്തിന് ഇക്കാര്യത്തില്‍ കണ്‍വെളിച്ചമില്ല എന്നു മാത്രമല്ല കണ്ണില്‍ച്ചോരയുമില്ല എന്നതാണ് ക്രൂരമായ സത്യം. എം.മുകുന്ദന്‍ ഉവാച('പച്ചക്കുതിര' മാസിക, 2008 നവംബര്‍, പേജ് 31): ''എങ്ങനെയെങ്കിലും ഒരു ദലിതനായി കേരളത്തില്‍ ജനിച്ചാല്‍മതി. ഒരു ദലിതനായി കേരളത്തില്‍ ജനിച്ചാല്‍ പിന്നെ ജീവിതം സുരക്ഷിതമായി. അത്രയധികം സംവരണങ്ങളുണ്ട്;സുരക്ഷയും''. നോക്കൂ, എത്രമാത്രം ഭീകരമായ സവര്‍ണവാദമാണ് എം. മുകുന്ദന്‍ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ തട്ടിവിട്ടിരിക്കുന്നത്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദലിതരുടെ അവസ്ഥ ഇങ്ങനെയാണോ എന്നറിയില്ല. ഏതായാലും മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലെ ദലിതരുടെ അവസ്ഥ ഇങ്ങനെയല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും!
       വലിയ സാഹിത്യകാരനായതുകൊണ്ടോ അവാര്‍ഡ് ജേതാവായതുകൊണ്ടോ ആ വ്യക്തിക്ക് മാനവികത എന്ന ഗുണം ഉണ്ടാകണമെന്നില്ല. ഇതുപോലെത്തന്നെ ഏറെ അക്കാദമിക് യോഗ്യത ഉണ്ടായതുകൊണ്ടോ ഉയര്‍ന്ന ഉദേ്യാഗം ഉണ്ടായതുകൊണ്ടോ ഇരുപത്തിമൂന്നിലേറെ വിഷയങ്ങളില്‍ പി.എച്ച്.ഡി.ഉണ്ടായതുകൊണ്ടോ ദൈവത്തില്‍ വിശ്വാസമില്ലാതിരുന്നതുകൊണ്ടോ ജാതിമൂലമുള്ള ബുദ്ധിമുട്ട് കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകണമെന്നില്ല. ഇതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇതിന്റെ ഒരു നാസ്തിക ഉദാഹരണമാണ് സി.രവിചന്ദ്രന്‍ എന്ന എഴുത്തുകാരന്‍. ഇദ്ദേഹമാണ് 'നാസ്തികനായ ദൈവം'എന്ന കൃതി രചിച്ചത്. ഒരു സുഹൃത്ത് എന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വായിപ്പിച്ച കൃതിയാണിത്. ഈ കൃതിക്കനുകൂലമായും പ്രതികൂലമായും ധാരാളം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പുതിയ അറിവുകള്‍ നല്‍കിയ പുസ്തകമാണിത്. എങ്കിലും പുസ്തകത്തില്‍ ഉന്നയിച്ച നിലപാടുകളോട് പല വിയോജിപ്പുകളുമുണ്ടെനിക്ക്. മിക്ക യുക്തിവാദികളും ഒരുതരം യുക്തിവാദ മതമൗലികവാദമാണ് ഉന്നയിക്കാറുള്ളത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ഇടയില്‍നിന്നു വരുന്ന ഇക്കൂട്ടര്‍ മദ്ധ്യവര്‍ഗ്ഗക്കാരുമായാണ് ഇടപെടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ കാര്യങ്ങള്‍ ഇവര്‍ കാണാറും കേള്‍ക്കാറുമില്ല. യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ദൈവവശ്വാസമാണ് ഏറ്റവും വലിയ തിന്മ എന്നതാണ് ഇവരുടെ മഖ്യ പ്രവര്‍ത്തന അജണ്ട. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരെ തൊടുന്ന നിലപാടുകള്‍ യുക്തിവാദികള്‍ക്ക് പൊതുവെയില്ല. സഹോദരനയ്യപ്പന്റെ പ്ര യോഗം കടമെടുത്തു പറഞ്ഞാല്‍, ഇതൊന്നും കാണാന്‍ അവര്‍ക്ക് കണ്‍വെളിച്ചമില്ല. സി.രവിചന്ദ്രന്റെ പുസ്തകത്തിനെതിരെ മറ്റൊരു എഴുത്തുകാരനായ ഡോ:എന്‍.എം.ഹുസൈന്‍ സ്വീകരിച്ച നിലപാടിനോട് എനിക്ക് വിയോജിപ്പാനുള്ളത്. ഇദ്ദേഹത്തിന്റേത് മറ്റൊരു മദ്ധ്യവര്‍ഗ്ഗ റോയല്‍ മതമൗലികവാദമാണ്.
       ജാതി കേരളത്തിലും വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ഇത് അനുഭവിക്കുന്നവര്‍ക്കേ അറിയൂ. അനുഭവമില്ലെങ്കിലും മാനവികത എന്ന ഗുണം ഉണ്ടെങ്കില്‍ ഇതു മനസ്സിലാക്കി ഉള്‍ക്കൊള്ളാനെങ്കിലും സാധിക്കും. ഈ ഗുണം നാസ്തികനായ സി.രവിചന്ദ്രന്‍ എന്ന എഴുത്തുകാരനില്ല. ഡി.സി.ബുക്‌സിന്റെ പുസ്തക ബ്‌ളോഗില്‍ സി.രവിചന്ദ്രന്‍ പ്രകടിപ്പിച്ച ഒരഭിപ്രായം വായിച്ചാല്‍ ഈ നഗ്നസത്യം ബോധ്യമാകും. ജാതിയെക്കുറിച്ചും സംവരണത്തെക്കുറിച്ചും നാസ്തികനായ ഈ ദൈവദൂതന്‍ കറകളഞ്ഞ സവര്‍ണവാദമാണ് തട്ടിവിട്ടിരിക്കുന്നത്. ഈ സവര്‍ണ ബഡായിസൂക്തമാണ് പോസ്റ്റിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുള്ളത്. ഈ സവര്‍ണ ബഡായി മേല്‍ സൂചിപ്പിച്ച ബ്‌ളോഗില്‍ വായിക്കുക. സി.രവിചന്ദ്രന്റേത് സവര്‍ണയുക്തിവാദമാണെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ മനസ്സിലാക്കാന്‍ കൂടുതല്‍ യുക്തി വേണ്ടെന്നാണ് എന്റെ അഭിപ്രായം.
.........................