My Blog List

Thursday, September 05, 2013

മലെ മലെ!

സായാഹ്ന കൈരളി, 26.08.2013

     തന്റെ ലേഖനം അതീവ പ്രാധാന്യത്തോടെ ചിത്രസഹിതം മാസിക പ്രസിദ്ധീകരിച്ചതില്‍ എഴുത്തുകാരന്‍ വളരെയധികം സന്തോഷിച്ചു. ഈ ഐ.ടി.യുഗത്തിലും എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് ജനങ്ങള്‍ അത്യാവേശത്തോടെ കൊണ്ടാടുന്നത്? ബ്രാഹ്മണരുടെ എച്ചിലിലയില്‍ കിടന്നുരുണ്ടാല്‍ മോക്ഷം കിട്ടുമെന്നുള്ള അന്ധവിശ്വാസത്തെ കുറെ മരമണ്ടന്മാര്‍ ഇക്കാലത്തും പിന്തുടരുന്നു! ഇവന്മാരുടെ മണ്ടത്തലയിലുള്ളത് ചകിരിച്ചോറോ, അതോ, ചാണകമോ? ഇങ്ങനെ പലതും ചിന്തിക്കുന്നതിനിടയില്‍ എഴുത്തുകാരന്റെ മൊബൈല്‍ മണിയടിച്ചു.
        ''ഹലോ!''
    ''ഹലോ! 'മലെ മലെ'യെക്കുറിച്ച് ലേഖനമെഴുതിയ ആളല്ലേ? വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍!''
   എഴുത്തുകാരന്റെ മുഖത്ത് ആത്മസംതൃപ്തി കളിയാടി. അയാളുടെ ചിന്തയൊന്നു ചിറകടിച്ചു. ഏതായാലും ഈ തട്ടിപ്പിനി അധികകാലം തുടരാന്‍ ജനങ്ങള്‍ അനുവദിക്കില്ല. ജനങ്ങള്‍ പ്രതിഷേധാഗ്നിക്ക് തിരി കൊളുത്തിക്കഴിഞ്ഞിരിക്കുന്നു. ഫോണില്‍ വിളിച്ച വായനക്കാരന്റെ അഭിപ്രായങ്ങള്‍ ഭാര്യയും കുട്ടികളുംകൂടി കേള്‍ക്കട്ടെയെന്നു കരുതി അയാള്‍ മൊബൈല്‍ ലൗഡിലാക്കി.

    ''അതെയതെ! ലേഖനമെഴുതിയ ആള്‍തന്നെ. അഭിനന്ദനം അറിയിച്ചതില്‍ വളരെ സന്തോഷം. പറയൂ.......''
    വായനക്കാരന്‍ വാചാലനായി. എഴുത്തുകാരന്റെ മുഖം ക്രമേണ മങ്ങാനും തുടങ്ങി. ഏറെക്കഴിഞ്ഞില്ല, സങ്കടത്തോടെയും വെറുപ്പോടെയും ദേഷ്യത്തോടെയും അയാള്‍ മൊബൈലെടുത്ത് നിലത്തേക്കെറിഞ്ഞു. മോക്ഷം കിട്ടാനായി നടത്തുന്ന 'മലെ മലെ' പരിപാടിയിലെ ഉരുളല്‍പോലെ മൊബൈല്‍ ഒന്നു മലക്കം മറിഞ്ഞെങ്കിലും പരുക്കില്‍നിന്നു മോക്ഷം കിട്ടിയ അത് നിലത്തു മലര്‍ന്നു കിടന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
    '' ഇക്കാര്യം സാറിന് മുമ്പേ എഴുതാമായിരുന്നുകെട്ടോ. സാരമില്ല. ഇനിയും അവസരങ്ങളുണ്ടല്ലോ. മലെ മലെ പരിപാടി നടത്തുന്ന സ്ഥലത്തേക്കുള്ള ശരിക്കുള്ള വഴിയൊന്നു പറഞ്ഞുതരാമോ? മലെ മലെയ്ക്കുള്ള ഇക്കൊല്ലത്തെ ബുക്കിംഗ് കഴിഞ്ഞോ? ഞങ്ങള്‍ക്കും മലെ മലെയില്‍ പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ട്. വഴിപാട് തുക എത്ര വലുതാണെങ്കിലും അതൊക്കെ എങ്ങനെയെങ്കിലും ഉണ്ടാക്കിക്കോളാം. ഇക്കൊല്ലത്തെ ബുക്കിംഗ് ക്‌ളോസ് ചെയ്‌തോ? എല്ലാ വിവരങ്ങളുമൊന്നു വിശദമായി പറഞ്ഞുതരൂ.......... പ്‌ളീസ്......... ''

Sunday, July 28, 2013

അശറുമോന്‍ നമ്മുടെയെല്ലാം കാരുണ്യം പ്രതീക്ഷിക്കുന്നുണ്ടെട്ടോ!

      
   മലപ്പുറം ജില്ലയില്‍ മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ കാച്ചിനിക്കാട്ടില്‍ പുല്ലത്ത് മൊയ്തു-തയ്യില്‍ ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് അശ്‌റഫിനെ(23)സന്ധികളില്‍ കടുത്ത വേദനയുണ്ടാക്കുന്ന എസ് എല്‍ ഇ രോഗം പതിമൂന്നാം വയസ്സില്‍ത്തന്നെ പിടികൂടി. ഈ അസുഖം കാരണം പത്താംതരം ജയിച്ചതോടെ പഠനം നിര്‍ത്തേണ്ടിവന്നു ഈ കുട്ടിക്ക്. ഇതിനുള്ള ചികിത്സ ചെയ്തുകൊണ്ടിരിക്കേ കഴിഞ്ഞ വര്‍ഷമാണ് മറ്റൊരു ദുരന്ത സത്യം തിരിച്ചറിയുന്നത്. കുട്ടിയുടെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലായിരിക്കുന്നു അശറുമോന്‍. വൃക്ക മാറ്റി വെക്കാന്‍ 15 ലക്ഷത്തിലധികം രൂപ ചെലവുവരും. നിതേ്യനയുള്ള മരുന്നിനും,ഡയാലിസിസിനുമൊക്കെയുളള ചെലവുകള്‍ വേറെയും. അതിനുള്ള കഴിവുള്ളവരല്ല അശറുമോന്റെ കുടുംബം. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് കാച്ചിനിക്കാട് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ചോലക്കല്‍ അബു, ടി.എം. ഹസ്സന്‍ ഫൈസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കാതലിക് സിറിയന്‍ ബാങ്കിന്റെ മക്കരപറമ്പ് ശാഖയില്‍ 020203086821190001 നമ്പരായി എക്കൗണ്ട് തുടങ്ങിയിരിക്കുന്നു-ഐ എഫ് സി കോഡ് CSBK0000202. ഫോണ്‍: 94463 93138. അശ്‌റുമോന്റെ വീട്ടിലെ ഫോണ്‍: 9744946785.
    നമ്മുടെയെല്ലാം കാരുണ്യം അശറുമോനും കുടുംബവും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടെട്ടോ!

Thursday, July 18, 2013

മോഹന്‍ദാസിന്റെ കുടുംബത്തെ സഹായിക്കുമല്ലോ!

                                       


   മലപ്പുറം ജില്ലയിലെ കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെമ്മങ്കടവില്‍ തലപ്പുള്ളി മുണ്ടന്‍-ചെള്ളിച്ചി ദമ്പതികളുടെ മകന്‍ മോഹന്‍ദാസ് (38) 2013 മെയ് 04 ന് കിണറുപണിക്കിടെ മോട്ടോറില്‍നിന്ന് ഷോക്കേറ്റ് മരണപ്പെടുകയുണ്ടായി. ഭാര്യ പ്രമീളയും 3 കുട്ടികളുമടങ്ങുന്നതാണ് മോഹന്‍ദാസിന്റെ കുടുംബം. മൂത്ത മോള്‍ രഞ്ജിനി അഞ്ചിലും രണ്ടാമത്തെ മോന്‍ റിജുദാസ് രണ്ടിലും ചെറിയമോന്‍ റിഷുദാസ് യു.കെ.ജി.യിലും പഠിക്കുന്നു. വാടകവീട്ടില്‍ താമസിക്കുന്ന ഈ കുടുംബം മോഹന്‍ദാസിന്റെ ദാരുണമരണത്തോടെ നിരാലംബമായിരിക്കുന്നു. മോഹന്‍ദാസിന്റെ പ്രായമേറെയായ അച്ഛനെക്കൊണ്ടുമാത്രം ഈ കുടുംബത്തെ സംരക്ഷിക്കുവാന്‍ സാധിക്കുകയില്ല. ഇതു കണ്ടറിഞ്ഞ് നല്ലവരായ നാട്ടുകാര്‍ ഒരു കുടുംബ സഹായ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനായി കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി സി.പി. ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ കെ. ഷീന കണ്‍വീനറായും പരി സുരേഷ് കുമാര്‍ ട്രഷററായും ഒരു കമ്മറ്റി രൂപീകരിച്ചിരിക്കുന്നു. പണം നിക്ഷേപിക്കാനായി ഷാജി സി.പി.യുടെ പേരില്‍ എസ്.ബി 3011 നമ്പറായി ചെമ്മങ്കടവിലെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും, 67224171533 നമ്പറായി (ഐ.എഫ്.സി കോഡ് SBTR 000070196) എസ്.ബി.ടി മലപ്പുറം മെയിന്‍ ശാഖയിലും എക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്നു.
       സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tuesday, April 30, 2013

ഐശ്വര്യ

മക്തബ്, 26.04.2013
       '' അമ്മേ, ഈ വീട്ടിലുള്ളോര്‌ടെ തുണികളൊക്കെ ഐശ്വര്യതന്നെ കെഴുകണം. കെഴുകിക്കോട്ടെ........കെഴുകിക്കോട്ടെ. അതിനൊക്കെത്തന്നല്ലേ ഓളെ ഞാന്‍ താലികെട്ടി കൊണ്ടന്നത്. ന്നാലും ശരിക്കുള്ളൊരു വാഷിംഗ് മെഷീനുണ്ടായാല്‍ നന്നായിരുന്നു''
''ഈ വീട്ടിലേക്ക് കയറിവന്ന ഐശ്വര്യ ഈ വീടിന്റെ ഐശ്വര്യമാണെടാ ഐശ്വര്യം! അല്ല, ഞാനൊന്നു ചോദിക്കട്ടെടാ. കല്യാണം കഴിക്കുമ്പോ നെനക്ക് ശരിക്കൊരു പണിണ്ടായ്‌രുന്നോ? ഓള്‍ടെ പണ്ടം പണയം വെച്ചല്ലേ ഒരു മൊബൈല് കട തൊടങ്ങി നെനക്കൊരു പണിണ്ടായത്. ഐശ്വരേ്യന്റെ അച്ഛന്‍ തന്ന പണം കൊണ്ടല്ലെടാ മ്മളെ വീട് ഗ്രാനൈറ്റിട്ട് ഐശ്വര്യമാക്കിയതിന്റെ കടം വീട്ടീത്. അല്ല, മ്മളെ വീട്ടിലെങ്ങനാ ഫ്രിഡ്ജുണ്ടായത്? അത് ഐശ്വരേ്യന്റെ വീട്ടുകാര് മ്മളെ അടുക്കള കാണാന്‍ വന്ന ചടങ്ങിന് തന്നതല്ലേ? ഇനിയൊരു വാഷിംഗ് മെഷീന്‍! ചടങ്ങുകളിനി എന്തെല്ലാം കിടുക്കുന്നെടാ കുട്ടാ. യ്യ് ബേജാറാകാതെ നല്ലോണം ഉഷാറാക്. ദൈവം സഹായിച്ചാല്‍ കൊറച്ച് മാസംകൂടി കഴിഞ്ഞാല്‍ മ്മളെ വീട്ടില് ഒരു ചടങ്ങുംകൂടി ണ്ടാകും. അപ്പൊ മ്മക്ക് ശരിക്കുള്ളൊരു വാഷിംഗ് മെഷീനും കിട്ടും. പിന്നെ കൊറച്ച് കഴിഞ്ഞാല്‍........'''
    ''.............കഴിഞ്ഞാല്‍......അമ്മയ്‌ക്കൊരു പേരക്കുട്ടീനിം!''           
                                       .....................

Tuesday, February 05, 2013

ഉമ്മന്‍ ചാണ്ടി + രമേശ് ചെന്നിത്തല = കോണ്‍ഗ്രസ്സ്

05.02.2013 ന്  ഉത്തരകാലത്തില്‍ പ്രസിദ്ധീകരിച്ചത്‌ 

          സാമുദായിക രാഷ്ട്രീയം അടുത്തകാലത്ത് ഏറെ ചര്‍ച്ചയായത് മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തിലാണ്. ഈ വിഷയുമായി ഉണ്ടായ വിവാദങ്ങള്‍ കേട്ടാല്‍ തോന്നുക കേരളത്തില്‍ സാമുദായിക താല്‍പര്യമുള്ള ഒരേയൊരു രാഷ്ട്രീയ കക്ഷി മുസ്ലീം ലീഗ് മാത്രമാണെന്നാണ്. അവര്‍ സാമുദായികം പറയുന്നത് 'മുസ്ലീം ലീഗ്'എന്ന പേരുവെച്ചാണ്. എന്നാല്‍ മറ്റു പലരും സാമുദായികം കളിക്കുന്നത് തങ്ങളുടെ ജാതി/മത അടയാളം മറച്ചുവെച്ചാണ്. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക രാഷ്ട്രീയ കക്ഷി കോണ്‍ഗ്രസ്സാണ് എന്നതാണ് വാസ്തവം.
           മതം പലപ്പോഴും സങ്കല്‍പമായിരിക്കുമ്പോള്‍ ജാതിയെന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു. പുറമേക്ക് മതം പ്രസംഗിക്കാറുണ്ടെങ്കിലും ഉള്ളില്‍ കടുത്ത ജാതിചിന്തയുള്ള മതക്കാരാണ് ഏറിയ പങ്കും ഇവിടെയുള്ളത്. ഇങ്ങനെ വിലയിരുത്തിയാല്‍ സിറിയന്‍ ക്രിസ്ത്യാനികളും സവര്‍ണ നായന്മാരും ഒരേ വര്‍ഗ്ഗ സ്വഭാവമുള്ള ജാതിക്കാരാണ്. ഇരുമെയ്യാണെങ്കിലും അവരുടെ കരള്‍ ഒന്നാണ്. ഇതിന്റെ അടുത്ത കാലത്തെ തെളിവാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന. 'പി.ജെ.കുര്യന്‍ രാജ്യസഭാംഗമാകുന്നതില്‍ സന്തോഷം'എന്നാണ് ഇദ്ദേഹം പ്രസ്താവിച്ചത്. എപ്പോഴും ഭൂരിപക്ഷ സമുദായ ഐക്യം പറയുന്ന എന്‍.എസ്.എസിന് ഭൂരിപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷത്തിനോട് ഒരിക്കലും താല്‍പര്യമില്ല. ഭൂരിപക്ഷ സമുദായങ്ങളിലെ ന്യൂനപക്ഷമായ സവര്‍ണരോടും ക്രിസ്ത്യന്‍ സവര്‍ണരോടും മാത്രമാണ് എന്‍.എസ്.എസ് താല്‍പര്യം കാണിക്കാറ്. ഇതുതന്നെയാണ് ക്രിസ്ത്യന്‍ സവര്‍ണരുടെയും കാര്യം. അവര്‍ക്ക് 'സ്വന്തം മതക്കാരായ'ദലിത് ക്രിസ്ത്യാനികളോട് യാതൊരു സ്‌നേഹവുമില്ല. അവര്‍ സ്‌നേഹിക്കുന്നത് ഹിന്ദു സവര്‍ണരെയാണ്. ഈ രണ്ടു താല്‍പര്യങ്ങളും കൂടിച്ചേര്‍ന്നുള്ളതാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ താല്‍പര്യം. സിറിയന്‍ ക്രിസ്ത്യാനികളുടെയും സവര്‍ണ നായന്മാരുടെയും താല്‍പര്യമാണ് കോണ്‍ഗ്രസ്സിന്റെ താല്‍പര്യം. ഇതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ സാമുദായിക കക്ഷി കോണ്‍ഗ്രസ്സാണെന്നു പറഞ്ഞത്. ഭരണ കേന്ദ്രങ്ങളിലേക്ക് ആളെ നിയോഗിക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് സ്വീകരിച്ച സാമുദായിക മാനദണ്ഡം പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണിത്.
                     സവര്‍ണ ഹിന്ദു ജനസംഖ്യയുടെ ഇരട്ടിയോളം വരും കേരളത്തിലെ ഈഴവ/തിയ്യരുടെ ജനസംഖ്യ. നായര്‍ ജനസംഖ്യയോട് അടുത്തു നില്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജനസംഖ്യ. ഇത്രയെങ്കിലും മനസ്സിലാക്കിവേണം കാര്യങ്ങളെ വിലയിരുത്താന്‍. ഐക്യ കേരളം വന്നതിനുശേഷം ഇതുവരെയായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ 11 മന്ത്രിസഭകളാണ് രൂപീകരിച്ചത്. ഏതു വിരുതനും ഒരമളിയെങ്കിലും പറ്റുമല്ലോ. അങ്ങനെ സോഷ്യലിസം പ്രസംഗിക്കുന്ന നമ്മുടെ കോണ്‍ഗ്രസ്സിനും പറ്റി കൂട്ടരേ ഒരമളി. 1962 ല്‍ ഈഴവനായ ആര്‍. ശങ്കറിനെ അവര്‍ മുഖ്യമന്ത്രിയാക്കിക്കളഞ്ഞു! അക്കിടി മനസ്സിലാക്കിയ അവര്‍ പിന്നെ ഒരൊറ്റ ചോവനെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അടുപ്പിച്ചില്ല. മുമ്പത്തെ പട്ടം താണുപിള്ളയടക്കം 10 തവണയും സവര്‍ണരെത്തന്നെയാണ് അവര്‍ മുഖ്യമന്ത്രിമാരാക്കിയത്. 5 തവണ ഹിന്ദു സവര്‍ണര്‍ക്കും 5 തവണ ക്രിസ്ത്യന്‍ സവര്‍ണര്‍ക്കും അവസരം നല്‍കി. പട്ടികജാതിക്കാര്‍ക്ക് പുറത്തേക്ക് വിളമ്പിയത് 'ഇമ്മിണി ബല്ല്യ പൂജ്യം' അവസരമാണ്. നിയമസഭയില്‍ സ്പീക്കറുടേത് വലിയ സ്ഥാനമാണ്. ഇക്കാര്യത്തിലും പട്ടികജാതിക്കാര്‍ക്ക് നല്‍കിയ അവസരം 'ഇമ്മിണി ബല്ല്യ പൂജ്യം'തന്നെ. ഒരൊറ്റ മന്ത്രിസഭകളിലും ഒന്നിലേറെ പട്ടികജാതിക്കാരെ കോണ്‍ഗ്രസ്സ് മന്ത്രിമാരാക്കാറില്ലായിരുന്നു. ഇത്തവണ ഇവിടെയും പറ്റി ഒരക്കിടി. ഒരു സ്ത്രീയെങ്കിലും വേണ്ടേ, മന്ത്രിയായിട്ട്. ആകെയുള്ള സ്ത്രീ പട്ടികവര്‍ഗ്ഗക്കാരിയായ പി.കെ.ജയലക്ഷ്മിയായിപ്പോയി. അങ്ങനെയാണ് അവര്‍ മന്ത്രിയായത്.
    കോണ്‍ഗ്രസ്സിന്റെ സവര്‍ണ മുഖം ഒന്നുകൂടി വെളിവാക്കുന്നതാണ് രാജ്യസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ അവരെടുക്കുന്ന നിലപാട്. 1952 നു ശേഷം ഇതുവരെയായി നാല്‍പതോളം അവസരങ്ങള്‍ കോണ്‍ഗ്രസ്സിനു കിട്ടി. ഇതില്‍ 2 അവസരം (ടി.കെ.സി.വടുതല, കെ.കെ.മാധവന്‍) മാത്രമാണ് കോണ്‍ഗ്രസ്സ് പട്ടികജാതിക്കാര്‍ക്ക് നല്‍കിയത്. ഈ അവഗണന ചൂണ്ടിക്കാണിച്ചപ്പോള്‍ അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ടായ തെന്നല ബാലകൃഷ്ണപ്പിള്ള, 'സംവരണമില്ലാതെയും രണ്ടു സ്ഥാനം കൊടുത്തില്ലേ' (സൂചകം മാസിക, ആഗസ്റ്റ് 2004) എന്ന 'പിള്ളവാദ'മാണ് അവതരിപ്പിച്ചത്. ഈ 'പിള്ളവാദം'അവതരിപ്പിച്ച തെന്നല ബാലകൃഷ്ണപ്പിള്ള 3 അവസരങ്ങള്‍ വാങ്ങി (30.07.91-02.04.92, 03.04.92-02.04.98, 22.04.03-21.04.09) രാജ്യസഭാ എം.പി.യായി!
               പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണമുണ്ടായതുകൊണ്ടു മാത്രം ജനസംഖ്യാനുപാതമായി എം.എല്‍.എ., എം.പി.സ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അതി കഠിനമായ വിവേചനമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് പണ്ടും ഇന്നും കാണിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സ് എം.എല്‍.എ.മാരുടെ കണക്കുകള്‍ പരിശോധിച്ചാലും ഈ സവര്‍ണ താല്‍പര്യം തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതുവരെയായി 9 കോണ്‍ഗ്രസ്സ് കേന്ദ്ര മന്ത്രിസഭകളാണ് രൂപീകരിച്ചിട്ടുള്ളത്. 24 മലയാളികളെ കോണ്‍ഗ്രസ്സ് കേന്ദ്രമന്ത്രിമാരാക്കി.
പട്ടികജാതിക്കാര്‍ക്ക് കൊടുത്തത് 2 സ്ഥാനങ്ങള്‍! ഈഴവര്‍ക്ക് നല്‍കിയതും 2 സ്ഥാനങ്ങള്‍.  എന്നാല്‍ ഹിന്ദു സവര്‍ണര്‍ക്ക് 8 സ്ഥാനങ്ങളും ക്രിസ്ത്യാനികള്‍ക്ക് 9 സ്ഥാനങ്ങളും നല്‍കി. ഇതാണ് കോണ്‍ഗ്രസ്സിന്റെ സോഷ്യലിസം! ഈ സോഷ്യലിസം തകര്‍ന്നാല്‍, പട്ടികജാതിക്കാര്‍ക്കും ഈഴവര്‍ക്കും നല്‍കിയ രണ്ട് മൂന്നായാല്‍, ഹിന്ദു സവര്‍ണരുടെ എട്ട് ഏഴായാല്‍, ക്രിസ്ത്യാനികളുടെ ഒമ്പത് എട്ടായാല്‍ സന്തുലനം തകരുമെന്ന രീതിയില്‍ എന്‍.എസ്.എസില്‍നിന്നു ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് കേന്ദ്രത്തില്‍ ഊര്‍ജ്ജ മന്ത്രിയായ കെ.സി.വേണുഗോപാല്‍ ഇതിനുമുമ്പ് സംസാരിക്കുകയുണ്ടായി. മന്ത്രിയുടെ വാക്കുകള്‍ (മാധ്യമം, 24.01.2011): ''കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയില്‍ എന്‍.എസ്.എസിന്റെ സഹായവും തനിക്കുണ്ടായെന്ന് കെ.സി.വേണുഗോപാല്‍. മന്ത്രിസഭയിലായാലും പാര്‍ലമെന്റിലായാലും നിയമസഭയിലായാലും സാമുദായിക സന്തുലിതാവസ്ഥ പരിഗണിക്കാറുണ്ട്. അത്തരമൊരാവശ്യം എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അത് തന്റെ മന്ത്രിസഭാ പ്രവേശത്തിന് കാരണമായി''
              ജനസംഖ്യാനുപാതവും സാമുദായിക സന്തുലിതാവസ്ഥയും നോക്കുകയാണെങ്കില്‍ 10 സവര്‍ണരുടെ സ്ഥാനത്ത് 20 പിന്നാക്കക്കാര്‍ വേണം; 7 പട്ടികജാതി/വര്‍ഗ്ഗക്കാരും വേണം. എന്നാല്‍, മന്ത്രിമാരെയും മറ്റും നിയമിക്കുന്ന കാര്യത്തിലുള്ള അവസ്ഥ തലകുത്തനെയാണെന്നാണ് കണക്കുകള്‍ വിളിച്ചു പറയുന്നത്. വായില്‍ തോന്നിയ പ്രസ്താവനകള്‍ നടത്തുന്നതുപോലെയല്ലല്ലോ കണക്കിന്റെ കാര്യങ്ങള്‍. ഒരു പ്രൈമറി സ്‌കൂള്‍ കുട്ടിക്കുപോലും മനസ്സിലാകുന്ന കണക്കുകളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്.
ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് പൊട്ടും പൊടിയും നല്‍കി ജനസംഖയില്‍ ന്യൂനപക്ഷം വരുന്ന സവര്‍ണര്‍ക്ക് കുന്നുകണക്കിന് വാരിക്കോരിക്കൊടുക്കുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സോഷ്യലിസം! അധികാരാവകാശങ്ങള്‍ കുത്തകയാക്കി വച്ചുകൊണ്ടിരിക്കുന്നവരും അത് വിട്ടുകൊടുക്കില്ലെന്നു പറയുന്നവരുമായ എന്‍.എസ്.എസിനെപ്പോലെയുള്ള സംഘടനകളുടെ താല്‍പര്യം സംരക്ഷിക്കല്‍ മാത്രമാണ് കോണ്‍ഗ്രസ്സിന്റെ സന്തുലനം!!
                 രാജ്യസഭയിലേക്ക് എല്ലാ പാര്‍ട്ടിക്കാരും കൂടി 72 വ്യക്തികളെ പറഞ്ഞയച്ചപ്പോള്‍ പട്ടികജാതിക്കാരുടെ അവസരം ടി.കെ.സി.വടുതല, കെ.കെ.മാധവന്‍, പി.കെ.കുഞ്ഞച്ചന്‍ എന്നിവരില്‍ ഒതുക്കി. ഏകെ.ആന്റണിക്ക് 4 ഉം, കെ.കരുണാകരന്‍, തെന്നല ബാലകൃഷ്ണപ്പിള്ള എന്നിവര്‍ക്ക് 3 വീതവും എം.എം.ജേക്കബിന് 2 ഉം പി.ജെ.കുര്യന് 3 ഉം അവസരം നല്‍കിയപ്പോള്‍ ഡോ:എം.എ.കുട്ടപ്പനെപ്പോലെയുള്ളവര്‍ക്ക് രാജ്യസഭയില്‍ ഒരൊറ്റ അവസരവും നല്‍കിയില്ല. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കാന്‍ പട്ടികജാതിക്കാരും മറ്റും പദവികള്‍ പിടിച്ചു വാങ്ങാന്‍ സവര്‍ണരും എന്നതാണ് കോണ്‍ഗ്രസ്സിന്റെ നയം. ഭരണതലങ്ങളിലുള്ള പട്ടികജാതി/വര്‍ഗ്ഗക്കാര്‍ ആ സ്ഥാനത്തേക്ക് എത്തിപ്പെട്ടത് ബാബാ സാഹെബ് ഡോ:ബി.ആര്‍.അംബേദ്കര്‍
എന്ന മഹാന്‍ ഇന്ത്യയില്‍ ജന്മംകൊണ്ടതുകൊണ്ട് മാത്രമാണ്! വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യാപരമായും ഭൂരിപക്ഷമുള്ള പിന്നാക്കക്കാരെ പറ്റിക്കാന്‍ കോണ്‍ഗ്രസ്സിനു സാധിക്കുമെങ്കില്‍, ഇക്കാര്യങ്ങളിലെല്ലാം പിറകില്‍ നില്‍ക്കുന്ന പട്ടികജാതി/വര്‍ഗ്ഗക്കാരെ പറ്റിക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ലല്ലോ!
                     കാര്യങ്ങള്‍ സത്യസന്ധമായി പഠിക്കുന്ന ഏതൊരു വ്യക്തിക്കും അറിയുന്നതുപോലെ ഇക്കാര്യം കേന്ദ്രമന്ത്രി ഏ.കെ.ആന്റണിക്കും അറിയും. പക്ഷേ, ഏ.കെ.ആന്റണി ഇതൊന്നും അറിയാത്തപോലെ പിന്നെയും പിന്നെയും സോഷ്യലിസം പറയുന്നു! ചെറിയ സമുദായങ്ങളും പിന്നാക്കക്കാരുമൊക്കെ തഴയപ്പെടുന്നു എന്ന് ഏ.കെ.ആന്റണി പറയുകയുണ്ടായി. ആരാണോ പരിപാടി നടത്തുന്നത് അവരെ സുഖിപ്പിക്കുന്ന വാര്‍ത്തമാനങ്ങള്‍ പറയാന്‍ പൊതുവെ പലര്‍ക്കും മിടുക്കുണ്ട്. ഈ മിടുക്ക് നല്ലപോലെയുള്ള വ്യക്തിയാണ് ഏ.കെ.ആന്റണി. വിലപിടിപ്പുള്ള കാറും വീടുമൊക്കെയുള്ള സമ്പന്നരായ പട്ടികജാതിക്കാരുണ്ട് എന്നതൊരു സത്യം തന്നെ. എന്നാല്‍ ഇങ്ങനെയുള്ള സമ്പന്നരുടെ എത്രയോ ഇരട്ടി സമ്പന്നരുണ്ട് സവര്‍ണരില്‍. സവര്‍ണരില്‍ പാവപ്പെട്ടവരുണ്ട് എന്നതും ശരിതന്നെ. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി പാവപ്പെട്ടവരാണ് പട്ടികജാതിക്കാരിലുളളത്. ഈ സത്യം അതി സമര്‍ത്ഥമായി മറച്ചുവച്ച് പട്ടികജാതിക്കാരിലെ ഏതാനും സമ്പന്നരെയും സവര്‍ണരിലെ ഏതാനും പാവങ്ങളെയും താരതമ്യം ചെയ്ത് സവര്‍ണര്‍ക്കുവേണ്ടി സംസാരിക്കുന്നത് പൊതുവെയുള്ളൊരു സവര്‍ണോമാനിയയാണ്. ഈ മാനിയ ഏ.കെ.ആന്റണിക്ക് പണ്ടേയുണ്ട്. നമ്പൂതിരിമാരുടെ യോഗത്തില്‍ പോയി, അവരൊക്കെ മീറ്റിംഗില്‍ വന്നത് സൈക്കിളുകളിലും സെക്കനന്റ് വാഹനങ്ങളിലുമാണെന്ന് മുമ്പൊരിക്കല്‍ ഏറെ വിഷമത്തോടെ ഏ.കെ.ആന്റണി പറയുകയുണ്ടായി. ശവമടക്കാന്‍ സ്ഥലമില്ലാതെ അടുക്കള കുത്തിപ്പൊളിച്ച് ശവമടക്കുന്ന പട്ടികജാതിക്കാരുടെ ദുരവസ്ഥയെക്കുറിച്ച് ചില പത്രങ്ങള്‍ എഴുതിയ സമയത്താണ് ഏ.കെ.ആന്റണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. (ഇങ്ങനെയുള്ള പട്ടികജാതിക്കാര്‍ വിലപിടിപ്പുള്ള ബെന്‍സ് കാറിലായിരിക്കും പുലയ സമ്മേളനങ്ങളിലും മറ്റും പോയിട്ടുണ്ടാവുക?). ചെറിയവരുടെ വലിയവലിയ ദു:ഖങ്ങളെക്കാള്‍ വലുതാണല്ലോ വലിയവരുടെ കൊച്ചുകൊച്ചു ദു:ഖങ്ങള്‍!
               അന്ന് നമ്പൂതിരിമാരെ സുഖിപ്പിക്കാന്‍ അങ്ങനെ പറഞ്ഞു. ഇന്ന് ധീവരന്മാരെ സുഖിപ്പിക്കാന്‍ മറിച്ചും പറഞ്ഞു. വിപ്‌ളവ കവി പണ്ഡിറ്റ് കെ.പി.കറുപ്പന്റെ ജന്മശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് കൊച്ചിയില്‍ വച്ചാണ് 10.06.2012 ന് ഏ.കെ.ആന്റണി ഈ 'സുഖപ്രസംഗം' നടത്തിയത്. ജനാധിപത്യം വന്നശേഷം കേരളത്തിലെ ചെറിയ സമുദായങ്ങളും പിന്നാക്ക സമുദായങ്ങളും പിന്നിലേക്കു പോകുന്ന കാഴ്ച്ചയാണ് കണ്ടതെന്നാണ് ഏ.കെ.ആന്റണി പറഞ്ഞത്. 'സുഖപ്രസംഗ'മാണെങ്കിലും അതിലൊരു സത്യം ഒളിഞ്ഞു കിടപ്പുണ്ട്. സ്വാതന്ത്ര്യം കിട്ടി കേരളം രൂപീകരിച്ചിട്ട് 56 വര്‍ഷം കഴിഞ്ഞു. ഇതില്‍ പകുതിക്കാലം കേരളം ഭരിച്ചത് ഏ.കെ.ആന്റണിയുടെ പാര്‍ട്ടിയാണ്. ഇങ്ങനെ വരുമ്പോള്‍ ചെറിയ സമുദായങ്ങളെയും പിന്നാക്ക സമുദായങ്ങളെയും പിന്നിലേക്കു തള്ളിയതിന്റെ പകുതി ഉത്തരവാദിത്വമെങ്കിലും ഏ.കെ.ആന്റണിക്കോ ഏ.കെ.ആന്റണിയുടെ പാര്‍ട്ടിക്കോ ഇല്ലേ? അതിരിക്കട്ടെ, പിന്നാക്കക്കാരെ മുന്നിലാക്കാന്‍ എന്താണ് 11.06.2012 നു ശേഷം ഏ.കെ.ആന്റണിയുടെ പാര്‍ട്ടി ചെയ്തത്? രാജ്യസഭയിലേക്ക് ദലിതരെയും(ഇതുവരെ രണ്ട് ദലിതരെ മാത്രമാണ് കോണ്‍ഗ്രസ്സ് രാജ്യസഭയിലേക്ക് അയച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ) പിന്നാക്കക്കാരെയും മറ്റ് ചെറിയ സമുദായങ്ങളെയുമൊന്നുമല്ല പറഞ്ഞയക്കേണ്ടത്; ഒന്നുകില്‍ ക്രിസ്ത്യാനിയെ അല്ലെങ്കില്‍ നായരെ എന്നാണല്ലോ കോണ്‍ഗ്രസ്സ് ഇതുവരെ സ്വീകരിച്ച നയം. പുതിയ വെളിപാടിനുശേഷം കോണ്‍ഗ്രസ്സ് നയം മാറ്റിയിരിക്കുന്നു! രാജ്യസഭയില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രൊഫ: പി.ജെ.കുര്യനെ സ്ഥാനാര്‍ത്ഥിയാക്കി, കേരളത്തിലെ ചെറിയ സമുദായങ്ങളും പിന്നാക്ക സമുദായങ്ങളെയും മുന്നിലേക്ക് കുതിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു!! ഇതിന് ഭൂരിപക്ഷ ഹിന്ദു സമുദായ ഐക്യം പറയുന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പിന്തുണ നല്‍കുകയും ചെയ്തു!
       കോണ്‍ഗ്രസ്സിന്റെ ഉദേ്യാഗ സംവരണ നയം പരിശോധിച്ചാല്‍ത്തന്നെ അവരുടെ നായര്‍/ക്രിസ്ത്യന്‍ താല്‍പര്യങ്ങള്‍ നല്ലപോലെ ബോധ്യമാകും. ജനസംഖ്യാനുപാതമായി പട്ടികജാതിക്കാര്‍ക്ക് സംവരണമുള്ളതുകൊണ്ട് ആനുപാതികമായി ജോലികള്‍ കിട്ടി(?)എന്നു കണക്കാക്കാം. എന്നാല്‍ പിന്നാക്കക്കാര്‍ക്ക് ജനസംഖ്യാനുപാതമായി സംവരണമില്ലാത്തതുകൊണ്ട് ആനുപാതികമായി അവര്‍ക്ക് ജോലികള്‍ ലഭിച്ചിട്ടില്ല. ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചാല്‍ ഇക്കാര്യം ശരിക്കും ബോധ്യമാകും. പിന്നാക്കക്കാര്‍ക്ക് (ജനസംഖ്യ ഏകദേശം 60 ശതമാനം) കിട്ടിയ സര്‍ക്കാരുദേ്യാഗങ്ങള്‍ 43 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യയില്‍ ഏകദേശം 30 ശതമാനം വരുന്ന ഹിന്ദു/ക്രിസ്ത്യന്‍ സവര്‍ണര്‍ക്ക് ലഭിച്ചത് 47 ശതമാനവും! കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ 'കേരള പഠന'ത്തിലും ഇക്കാര്യം അടിവരയിട്ടു ഇങ്ങനെ (പേജ്, 71) പറയുന്നു: ''ജാതി,മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം ജോലികള്‍ വേറെ സംവരണം ചെയ്യണമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. അതായത്, ജനസംഖ്യയില്‍ 30 ശതമാനം വരുന്നവര്‍ക്ക് കിട്ടിയ 47 ശതമാനം കൂട്ടണമെന്നും ജനസംഖ്യയില്‍ 60 ശതമാനം വരുന്നവര്‍ക്ക് കിട്ടിയ 43 ശതമാനം കുറയ്ക്കണമെന്നും!
            കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അടിത്തറ ഹിന്ദു/ക്രിസ്ത്യന്‍ സവര്‍ണതയാണെന്നു ചുരുക്കം. സിറിയന്‍ ക്രിസ്ത്യാനികളും നായന്മാരും ചേര്‍ന്നാല്‍ കോണ്‍ഗ്രസ്സാകും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടി + രമേശ് ചെന്നിത്തല = കോണ്‍ഗ്രസ്സ്. അഥവാ, കെ.സി.വേണുഗോപാല്‍ + പി.ജെ.കുര്യന്‍ = കോണ്‍ഗ്രസ്സ്!
          കേരളത്തിലെ ഏറ്റവും വലിയ ഇരട്ട സാമുദായിക സംഘടന കോണ്‍ഗ്രസ്സായിട്ടും അവര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. ഇങ്ങനെയൊക്കെയായിട്ടും ജാതി/മത താല്പര്യങ്ങള്‍ക്കെതിരെ വര്‍ഗ്ഗ താല്പര്യം പറയുന്ന ഇടതുപക്ഷം ഇതേക്കുറിച്ച് മിണ്ടുന്നേയില്ല. ജാതി/മത/ദൈവ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിവാദം പറയുന്നവരും ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല. കെ.വേണു മാത്രമാണ് കോണ്‍ഗ്രസ്സിന്റെ അടിത്തറ ക്രിസ്ത്യാനികളും നായന്മാരുമാണെന്ന് പറഞ്ഞിട്ടുള്ളത്. പിന്നാക്ക വിഭാഗങ്ങളിലെ ചെറുവിഭാഗത്തോടൊപ്പം ക്രിസ്ത്യന്‍, നായര്‍ സമുദായങ്ങളാണ് കോണ്‍ഗ്രസ്സിന്റെ മുഖ്യ സാമൂഹികാടിസ്ഥാനം എന്നാണ് കെ.വേണു 06.05.2012 ല്‍ 'മാതൃഭൂമി'യില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടത്.
        സവര്‍ണ സമുദായങ്ങളെ അഭ്യന്തരീകരിച്ചവരാണ് (അഭ്യന്തരീകരിച്ചു എന്നു പറഞ്ഞാല്‍ അകത്തേക്ക് കടത്തിയെന്നും ഉറ്റ മിത്രമാക്കിയെന്നും അര്‍ത്ഥം) കേരളം ഭരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഈ അഭ്യന്തരീകരണത്തില്‍ നേരിയ മുന്‍തൂക്കം നായന്മാര്‍ക്കും മറ്റു ഹിന്ദുസവര്‍ണര്‍ക്കുമാണ്. കോണ്‍ഗ്രസ്സിന്റെ സഹോദരന്‍ തന്നെയാണല്ലോ കേരള കോണ്‍ഗ്രസ്സ്. കേരള കോണ്‍ഗ്രസ്സ് ക്രിസ്ത്യന്‍ താല്പര്യത്തിനു മാത്രമാണ് മുന്‍തൂക്കം നല്‍കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ചേര്‍ന്നാല്‍ ക്രിസ്ത്യന്‍ താല്പര്യം ഒന്നു പൊങ്ങി നില്‍ക്കും. സിറിയന്‍ ക്രിസ്ത്യാനികളെയും സവര്‍ണ ഹിന്ദുക്കളെയും അഭ്യന്തരീകരിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും.
       കേരളത്തിലെ കോണ്‍ഗ്രസ്സ് നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ അഭ്യന്തരീകരിച്ചതുകൊണ്ടുതന്നെയാണ് 'നായര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് തന്നെ ശകാരിക്കാന്‍ അവകാശമുണ്ട്' എന്ന് അഭിപ്രായം പറയാന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടാകാതിരുന്നത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും തെരഞ്ഞെടുത്ത, എല്ലാ വിഭാഗം ആള്‍ക്കാരുടെയും നികുതിപ്പണം ശമ്പളമായും മറ്റു അലവന്‍സുകളുമായും പറ്റുന്ന, മതേതര ഭരണഘടന തൊട്ട് പ്രതിജ്ഞയെടുത്ത ഒരു മന്ത്രിയാണ് കേരള സമൂഹത്തില്‍ ഇന്നും എല്ലാ കാര്യങ്ങളിലും മേധാവിത്വം പുലര്‍ത്തുന്ന ഒരു സംഘടനയ്ക്ക് തന്നെ ശകാരിക്കാന്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള പുലയര്‍ മഹാസഭയ്ക്ക് തന്നെ ശകാരിക്കാന്‍ അവകാശമുണ്ടെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞുവെന്ന് കരുതുക. എന്തായിരിക്കും പൂരം? പത്രങ്ങളിത് കൊട്ടിപ്പാടും. ചാനലുകാര്‍ തെരുവിലിറങ്ങി 'ജാതിവിരുദ്ധന്മാരു'മായി അഭിമുഖം നടത്തി അവരുടെ 'ജാതിവിരുദ്ധ നിലപാടുകള്‍' കൊട്ടിഘോഷിക്കും. അകത്തിരുന്ന് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. വിപ്‌ളവം വിരിഞ്ഞ മണ്ണില്‍, സോഷ്യലിസം വിളയാടുന്ന ഭൂമിയില്‍, ദൈവങ്ങളുടെ സ്വന്തം നാട്ടില്‍ 'ജാതിരാഷ്ട്രീയം' ശക്തി പ്രാപിക്കുന്നുവെന്ന് വിളിച്ചുകൂവും. അങ്ങനെയങ്ങനെ മന്ത്രി എ.പി. അനില്‍കുമാറിന് മന്ത്രിസഭയില്‍നിന്ന് പുറത്തുചാടേണ്ടി വരികയും ചെയ്യും.
                     നായര്‍ സര്‍വ്വീസ് സൊസൈറ്റി തങ്ങളുടെ ജാതിവാദം ഉയര്‍ത്തുന്നത് വളരെ തന്ത്രപൂര്‍വ്വമാണ്. ഭൂരിപക്ഷ സമുദായങ്ങളുടെ പേരുപറഞ്ഞാണ് ഈ കള്ളക്കളി. പിന്നാക്കക്കാരെയും പട്ടികജാതി/വര്‍ഗ്ഗക്കാരെയും ചേര്‍ത്ത് ആളെ എണ്ണം കൂട്ടി വിലപേശുക. ഭൂരിപക്ഷത്തിന്റെ പേരില്‍ വിലപേശിക്കിട്ടുന്നത് നായന്മാരുടെ പെട്ടിയിലിടുക. 'നമുക്കും നെനക്കുംകൂടി നൂറ്; അതില്‍ നമുക്ക് തൊണ്ണൂറ്റൊന്‍പത് നെനക്ക് ഒന്ന്' എന്ന നയം! ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് എത്തിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നാണ്, തിരുവനന്തപുരം എന്‍.എസ്.എസ്. താലൂക്ക് യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജി.സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ വച്ചാണ് ഭൂരിപക്ഷത്തിന്റെ പേരുപറഞ്ഞ് സുകുമാരന്‍ നായര്‍ തന്റെ സമുദായക്കാരനുവേണ്ടി ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.
                          ഇങ്ങനെ, വളരെ പച്ചയായി ജാതി താല്‍പര്യം കാണിക്കുന്നവരെയല്ല നമ്മുടെ നാട്ടില്‍ ജാതി വാദികളായി വിശേഷിപ്പിക്കാറ്. മറിച്ച്, ജാതി താല്‍പര്യം കാണിക്കുന്നത് ചൂണ്ടിക്കാണിക്കുന്നവരെയാണ് ജാതി വാദികളായി വിശേഷിപ്പിക്കാറ്. തെറ്റു ചെയ്യുന്നവരെയല്ല, മറിച്ച്, തെറ്റു ചൂണ്ടിക്കാണിക്കുന്നവരെയാണ് തെറ്റുകാരായി വിശേഷിപ്പിക്കാറ്. യഥാര്‍ത്ഥ ജാതി താല്‍പര്യക്കാരെ 'ദേശീയവാദി'കളാക്കുന്ന ഈ വൃത്തികെട്ട പ്രതിഭാസം ഇവിടെ നിലനില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെയും യുക്തിവാദത്തിന്റെയുമൊക്കെ പരോക്ഷ പിന്തുണയുള്ളതുകൊണ്ടാണ്.
                          ...........................