My Blog List

Thursday, September 05, 2013

മലെ മലെ!

സായാഹ്ന കൈരളി, 26.08.2013

     തന്റെ ലേഖനം അതീവ പ്രാധാന്യത്തോടെ ചിത്രസഹിതം മാസിക പ്രസിദ്ധീകരിച്ചതില്‍ എഴുത്തുകാരന്‍ വളരെയധികം സന്തോഷിച്ചു. ഈ ഐ.ടി.യുഗത്തിലും എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് ജനങ്ങള്‍ അത്യാവേശത്തോടെ കൊണ്ടാടുന്നത്? ബ്രാഹ്മണരുടെ എച്ചിലിലയില്‍ കിടന്നുരുണ്ടാല്‍ മോക്ഷം കിട്ടുമെന്നുള്ള അന്ധവിശ്വാസത്തെ കുറെ മരമണ്ടന്മാര്‍ ഇക്കാലത്തും പിന്തുടരുന്നു! ഇവന്മാരുടെ മണ്ടത്തലയിലുള്ളത് ചകിരിച്ചോറോ, അതോ, ചാണകമോ? ഇങ്ങനെ പലതും ചിന്തിക്കുന്നതിനിടയില്‍ എഴുത്തുകാരന്റെ മൊബൈല്‍ മണിയടിച്ചു.
        ''ഹലോ!''
    ''ഹലോ! 'മലെ മലെ'യെക്കുറിച്ച് ലേഖനമെഴുതിയ ആളല്ലേ? വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍!''
   എഴുത്തുകാരന്റെ മുഖത്ത് ആത്മസംതൃപ്തി കളിയാടി. അയാളുടെ ചിന്തയൊന്നു ചിറകടിച്ചു. ഏതായാലും ഈ തട്ടിപ്പിനി അധികകാലം തുടരാന്‍ ജനങ്ങള്‍ അനുവദിക്കില്ല. ജനങ്ങള്‍ പ്രതിഷേധാഗ്നിക്ക് തിരി കൊളുത്തിക്കഴിഞ്ഞിരിക്കുന്നു. ഫോണില്‍ വിളിച്ച വായനക്കാരന്റെ അഭിപ്രായങ്ങള്‍ ഭാര്യയും കുട്ടികളുംകൂടി കേള്‍ക്കട്ടെയെന്നു കരുതി അയാള്‍ മൊബൈല്‍ ലൗഡിലാക്കി.

    ''അതെയതെ! ലേഖനമെഴുതിയ ആള്‍തന്നെ. അഭിനന്ദനം അറിയിച്ചതില്‍ വളരെ സന്തോഷം. പറയൂ.......''
    വായനക്കാരന്‍ വാചാലനായി. എഴുത്തുകാരന്റെ മുഖം ക്രമേണ മങ്ങാനും തുടങ്ങി. ഏറെക്കഴിഞ്ഞില്ല, സങ്കടത്തോടെയും വെറുപ്പോടെയും ദേഷ്യത്തോടെയും അയാള്‍ മൊബൈലെടുത്ത് നിലത്തേക്കെറിഞ്ഞു. മോക്ഷം കിട്ടാനായി നടത്തുന്ന 'മലെ മലെ' പരിപാടിയിലെ ഉരുളല്‍പോലെ മൊബൈല്‍ ഒന്നു മലക്കം മറിഞ്ഞെങ്കിലും പരുക്കില്‍നിന്നു മോക്ഷം കിട്ടിയ അത് നിലത്തു മലര്‍ന്നു കിടന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
    '' ഇക്കാര്യം സാറിന് മുമ്പേ എഴുതാമായിരുന്നുകെട്ടോ. സാരമില്ല. ഇനിയും അവസരങ്ങളുണ്ടല്ലോ. മലെ മലെ പരിപാടി നടത്തുന്ന സ്ഥലത്തേക്കുള്ള ശരിക്കുള്ള വഴിയൊന്നു പറഞ്ഞുതരാമോ? മലെ മലെയ്ക്കുള്ള ഇക്കൊല്ലത്തെ ബുക്കിംഗ് കഴിഞ്ഞോ? ഞങ്ങള്‍ക്കും മലെ മലെയില്‍ പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ട്. വഴിപാട് തുക എത്ര വലുതാണെങ്കിലും അതൊക്കെ എങ്ങനെയെങ്കിലും ഉണ്ടാക്കിക്കോളാം. ഇക്കൊല്ലത്തെ ബുക്കിംഗ് ക്‌ളോസ് ചെയ്‌തോ? എല്ലാ വിവരങ്ങളുമൊന്നു വിശദമായി പറഞ്ഞുതരൂ.......... പ്‌ളീസ്......... ''

8 comments:

റോസാപ്പൂക്കള്‍ said...

ഇക്കൊല്ലത്തെ ബുക്കിംഗ് ക്‌ളോസ് ചെയ്‌തോ? എല്ലാ വിവരങ്ങളുമൊന്നു വിശദമായി പറഞ്ഞുതരൂ.......... പ്‌ളീസ്......... ''


ആരും അറിയേണ്ട. എനിക്കും ഒന്ന് ബുക്ക്‌ ചെയ്യണം

Aneesh chandran said...

എനിക്കും

Unknown said...

ഹഹ

ajith said...

വെളുക്കാന്‍ തേച്ചത്.......!!

Echmukutty said...

മോക്ഷം കിട്ടാനുള്ള ആഗ്രഹം.. അതങ്ങനെ പോവില്ലല്ലോ..അതിനു ലോജിക്കും റാഷണലിസവും ഒന്നും ബാധകമല്ല. വിശ്വാസം മാത്രമാണ് കാര്യം..

ഇങ്ങനെയുള്ളവര്‍ എത്രയോ ഉണ്ട്...

Cv Thankappan said...

കാലികപ്രസക്തിയുള്ള ലേഖനം.
ഇന്ന് നാട്ടില്‍ നടക്കുന്ന സ്ഥിതിയും അതാണല്ലോ!എന്തുകേട്ടാലും,അറിഞ്ഞാലും,മനസ്സിലാക്കിയാലും ഉള്ളിന്‍‌റെയുള്ളിലെ ദുരാഗ്രഹി തലപൊക്കി കുഴിയില്‍ചാടുന്ന അവസ്ഥ!!!
ആശംസകള്‍

ഉദയപ്രഭന്‍ said...

മാലെ മാലെ കലക്കി

Pinnilavu said...

കണക്കായിപ്പോയെന്നേ