My Blog List

Monday, August 29, 2011

മൗലവിയും അല്‍ഫോന്‍സാ മോളും!


           മൗലവി തന്ന ഇരുപതിനായിരംഎന്ന പോസ്റ്റ് നിങ്ങള്‍ വായിച്ചു കാണുമല്ലോ. മനുഷ്യ സ്‌നേഹിയായ ഈ മൗലവിയെ ബന്ധപ്പെടുത്തിക്കൊണ്ടുതന്നെയാണ് ഈ പോസ്റ്റും.  ബ്‌ളോഗു കമന്റുകള്‍ വഴിയങ്ങനെ പോയപ്പോഴാണ് ആയിരങ്ങളില്‍ ഒരുവന്‍എന്ന മനുഷ്യ സ്‌നേഹി എഴുതിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം ഈ പോസ്റ്റ് എഴുതിയത് തൃശ്ശൂരിലെ സാമൂഹിക പ്രവര്‍ത്തകയും അഡ്വക്കറ്റ് ക്‌ളര്‍ക്കുമായ ശ്രീമതി:തങ്കം നല്‍കിയ വിവര പ്രകാരം ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ്.    അല്‍ഫോന്‍സാ മോള്‍, ശ്രീ: രാജേഷ് തുടങ്ങിയവരുടെ കഥന കഥകള്‍ ആയിരങ്ങളില്‍ ഒരുവന്‍ വിവരിച്ചു .  ഈ വിവരം ഞാന്‍ എന്റെ പ്രിയപ്പെട്ട മൗലവിയെ അറിയിച്ചു. കരുണയുടെ പര്യായമെന്ന് എനിക്ക് തോന്നിയ മൗലവി ഇവരെ സഹായിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഇതു സംബന്ധമായ ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 
       സഹായങ്ങള്‍ നല്‍കേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും അതിന് മതവും ജാതിയുമൊക്കെ നോക്കുന്നത് ഖുര്‍ ആന്‍ തത്ത്വങ്ങള്‍ക്കെതിരാണെന്നുമാണ് മൗലവി എപ്പോഴും പറയാറ്. ഈയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്ന മൗലവിയുടെ സക്കാത്ത് ഫണ്ടില്‍ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും എന്റെ കൈകളിലൂടെ പലര്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന മുഴുവന്‍ ആളുകളെയും സഹായിക്കാന്‍ എതെങ്കിലുമൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിനോ സാധിക്കുകയില്ല. കണ്‍മുമ്പില്‍ കണ്ടതോ കേട്ടറിഞ്ഞതോ ആയ കാര്യങ്ങളില്‍ മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ. ഈ പരിമിതിയില്‍ നിന്നു മാത്രമേ മൗലവിക്കും കാര്യങ്ങളില്‍ ഇടപെടാനാനും സഹായിക്കുവാനും സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഈ പരിമിതിയില്‍ നിന്നുകൊണ്ട് ഒരുപാട് പേരെ മതവും ജാതിയുമൊന്നും നോക്കാതെതന്നെ മൗലവി തന്റെ സക്കാത്ത് ഫണ്ടില്‍ നിന്നു സഹായിച്ചിട്ടുണ്ട്. ഇതില്‍ എന്റെ നാട്ടുകാരനായ മാതൊടി ബാലന്റെ അകന്ന ബന്ധുക്കള്‍ മുതല്‍ രാമനാട്ടുകരയ്ക്കടുത്തുള്ള പൊന്നേംപാടത്തെ ബ്‌ളോഗര്‍ സുശീല്‍കുമാറിന്റെ നാട്ടുകാരനായ സമീര്‍ വരെയുള്ളവരുണ്ട്. (സുശീല്‍കുമാറിട്ട ഒരു പോസ്റ്റില്‍ നിന്നാണ് ക്യാന്‍സര്‍രോഗിയായ സമീറിനെക്കുറിച്ച് അറിയുന്നത്). 
      ക്യാന്‍സര്‍ രോഗിയായ സമീറിന് തല്‍ക്കാല ആശ്വാസമെന്ന നിലയില്‍ മൗലവി 1000 രൂപ നല്‍കി. ഞാനും എന്റെ സുഹൃത്തുക്കളായ ബാലകൃഷ്ണനും മാത്യുവും ചേര്‍ന്ന് 1000 രൂപയെടുത്ത് 2000 രൂപ സമീറിനുവേണ്ടി സുശീല്‍കുമാര്‍ നല്‍കിയ എക്കൗണ്ടില്‍(പൊന്നേംപാടം കലാസമിതിയുടെ 30893197799 നമ്പര്‍ എസ്.ബി.ഐ.എക്കൗണ്ടില്‍) നിക്ഷേപിച്ചു. സമീറിന് ഒരു നിത്യ വരുമാനം ഉണ്ടാക്കാവുന്ന തരത്തില്‍ എതെങ്കിലും ഏര്‍പ്പാടുകള്‍ ചെയ്യുകയാണെങ്കില്‍ അതിന് കാര്യമായി സഹായിക്കാമെന്ന് മൗലവി പറഞ്ഞ കാര്യം ഞാന്‍ സുശീല്‍കുമാറിനെ അറിയിച്ചിട്ടുണ്ട്. മാതൊടി ബാലന്റെ അകന്ന ബന്ധുക്കള്‍ക്ക് മാസം തോറും 500 രൂപാ വീതം നല്‍കിവരുന്നുണ്ട്. ഇതില്‍ ഒരു കുടുംബത്തിന് ഇതുവരെയായി 21000 രൂപയും രണ്ടാമത്തെ കുടുംബത്തിന് ഇതുവരെയായി 17000 രൂപയം നല്‍കിയിട്ടുണ്ട്.
         മുമ്പ് അരിയും വസ്ത്രങ്ങളും നല്‍കിയ, ഊര്‍ങ്ങാട്ടിരി മൈലാടിയിലെ ആദിവാസികള്‍ക്ക് പെരുന്നാള്‍-ഓണം വകയായി അരിയും പച്ചക്കറികളും നല്‍കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ മൗലവി എന്നോടും സുഹൃത്ത് ബാലകൃഷ്ണനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂളാട്ടിപ്പാറയിലെ പരമേശ്വരേട്ടനെ വിളിച്ച് ഇതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
      താഴെക്കോട് പഞ്ചായത്തിലെ പാണമ്പിയിലുള്ള ആദിവാസി മക്കള്‍ക്കും അരിയും പച്ചക്കറികളും പുതുവസ്ത്രങ്ങളും നല്‍കണമെന്നും, അവിടെപ്പോയി കാര്യങ്ങള്‍ അനേ്വഷിക്കണമെന്നും മൗലവി എന്നോട് ആവശ്യപ്പെടുകയുണ്ടായി. സുഹൃത്തുകളായ ബാലകൃഷ്ണനെയും മാത്യുവിനെയും കൂട്ടി താമസിയാതെ അവിടെ പോകുന്നുണ്ട്.
       മൗലവിയുടെ വ്യാഖ്യാന പ്രകാരമുള്ള ഖുര്‍ ആന്‍ ആശയത്തിനോട് യോജിക്കുന്നവരും മനുഷ്യസ്‌നേഹികളുമായ കുറച്ചുപേരുണ്ട്. അതില്‍പ്പെട്ട, ആനക്കയം-ചെക്ക് പോസ്റ്റിനടുത്ത് താമസിക്കുന്ന കൂരിമണ്ണില്‍ മുഹമ്മദാലി എന്ന അദ്ധ്യാപകന്റെ വീട്ടില്‍ ഗീത എന്നു പേരായ ഒരു സ്ത്രീ സാമ്പത്തിക സഹായമഭ്യര്‍ത്ഥിച്ചു ചെന്നു. ഭര്‍ത്താവ് രാജന് മരത്തില്‍ നിന്നു വീണ് സാരമായ പരിക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുന്നു. ജോലിക്കു പോകാന്‍ വയ്യ. ഗീതയ്ക്കാകട്ടെ കൂലിപ്പണിക്ക് പോകാനുള്ള ആരോഗ്യസ്ഥിതിയുമില്ല. മാഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല; ഭാര്യ സുബൈദയാണുണ്ടായിരുന്നത്. ആദ്യം അവര്‍ 100 രൂപ കൊടുത്തു. പിന്നീട് തോന്നി അതു പോരെന്ന്. നൂറ് ആയിരമാക്കി. ഇക്കാര്യം മാഷ് വന്നപ്പോള്‍ പറഞ്ഞു. മാഷ് എതിര്‍പ്പൊന്നും പറഞ്ഞില്ലെങ്കിലും, വലിയ സംഖ്യകൊടുക്കുന്നത് നിജസ്ഥിതി അനേ്വഷിച്ചറിഞ്ഞതിനുശേഷമാകണമെന്ന് മാഷ് ഭാര്യയെ ഉപദേശിച്ചു. (ഇതിനൊരു കാരണവുമുണ്ടായിരുന്നു. മുമ്പൊരിക്കല്‍ ഒരാള്‍ സാമ്പത്തികമായി സഹായിക്കണമെന്ന് പറഞ്ഞ് മൗലവിയെ സമീപിച്ചിരുന്നു. വലിയ ചെലവുള്ള ഒരു ഓപ്പറേഷനുവേണ്ടി. ഇതേക്കുറിച്ച് അനേ്വഷിക്കാന്‍ മൗലവി എന്നെ നിയോഗിച്ചു. ഞാന്‍ വിശദമായി അനേ്വഷിച്ചെങ്കിലും പ്രസ്തുത വ്യക്തിയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. ഇതുകൊണ്ടാണ് സംശയത്തിന്റെ നിഴല്‍ പരന്നത്). ഈ വിവരം മാഷ് മൗലവിയോട് പറഞ്ഞു. മൗലവി എന്നെ വിളിച്ച് ഇതേക്കുറിച്ച് അനേ്വഷിക്കാന്‍ പറഞ്ഞു. ഞാനും ബാലകൃഷ്ണനും ഇതേക്കുറിച്ചനേ്വഷിക്കാന്‍ മഞ്ചേരിക്കടുത്തെ പുല്‍പ്പറ്റയില്‍പ്പോയി. രാജനെയും കുടുംബത്തെയും കാണാനായി ഞങ്ങള്‍ നാലുസെന്റ് കോളനിയില്‍ ചെന്നു. ഗീത പറഞ്ഞ കാര്യങ്ങള്‍ സത്യം തന്നെയായിരുന്നു. വളരെ ദയനീയമായൊരു സാഹചര്യത്തിലാണ് അവര്‍ ജീവിക്കുന്നത്. വെറുമൊരു ഷെഡ്ഡിലാണ് രാജനും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. പുരയുടെ മുകളില്‍ പോളിത്തീന്‍ ഷീറ്റിട്ടിരിക്കുകയാണ്. ഞങ്ങള്‍ അവിടെ എത്തിപ്പെടാനുണ്ടായ സാഹചര്യം വിവരിച്ചു. സ്വന്തമായൊരു ഏര്‍പ്പാട് ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ അതേക്കുറിച്ച് ആലോചിച്ച് പറയണമെന്നാണ് മൗലവി ഞങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും ഇതേക്കുറിച്ച് ആലോചിച്ച് താമസിയാതെ വിവരം അറിയിക്കണമെന്നും ഞങ്ങള്‍ രാജനെ അറിയിച്ചു. രാജന് ഏന്തെങ്കിലും ഏര്‍പ്പാടാകുന്നതുവരെ മാസത്തില്‍ 1000 രൂപ സക്കാത്ത് ഫണ്ടില്‍ നിന്നു നല്‍കാമെന്ന് മൗലവി പറഞ്ഞു. ഈ മാസത്തെ വിഹിതമായി മൗലവി തന്ന 1000 രൂപയുമായി ഞങ്ങള്‍ വീണ്ടും നാലുസെന്റ് കോളനിയിലെത്തുകയും രാജന് പ്രസ്തുത സംഖ്യ നല്‍കുകയും ചെയ്തു. രാജന്‍-ഗീതാ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. ഒരാണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളും. ഇളയ കുട്ടി വിനിഷയ്ക്ക് നാലു വയസ്സേ ആയിട്ടുള്ളു. രണ്ടു തവണ മാത്രമാണ് ഞങ്ങളവിടെ പോയതെങ്കിലും ഒന്നു രണ്ടു മണിക്കൂര്‍ അവിടെ ചെലവിട്ടതുകാരണം വിനിമോള്‍ ഞങ്ങളുമായി ലോഹ്യംകൂടി. ബാലകൃഷ്ണന്റെ മടിയില്‍ ഒരവല്ല്യമ്മാവന്റെ മടിയിലെന്നോണം വിനിമോള്‍ തലവച്ച് കുറച്ചു നേരം കിടക്കുകയും ചെയ്തു. 
രാജന്റെ ഫോണ്‍ നമ്പര്‍-9947170227

        'മൗലവി ചെയ്യുന്ന മാതിരി നമുക്ക്  ചെയ്യാന്‍ സാധിക്കില്ല. മാവേലിയുടെ പിറന്നാളല്ലേ വരുന്നത്. നമുക്ക് ഈ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാം'. എന്റെ നിര്‍ദ്ദേശം ബാലകൃഷ്ണന്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. സങ്കടമുള്ള കാഴ്ചകളാണ് അവിടെ കണ്ടതെങ്കിലും ഒരു തരം സന്തോഷത്തോടെയാണ് ഞങ്ങളവിടെനിന്ന് തിരിച്ചു പോന്നത്. മെയിന്‍ റോഡിലെത്തി ഞങ്ങള്‍ ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു. ഞങ്ങളെ മറികടന്നു പോയ മാരുതി പെട്ടെന്ന് നിര്‍ത്തി. കാറിലുള്ള ചെറുപ്പക്കാരന്‍ ഞങ്ങളെ മാടി വിളിച്ചു. ഞങ്ങള്‍ ചെന്നു. കയറാന്‍ പറഞ്ഞു. ഞങ്ങള്‍ കയറി. കാറിലിരുന്ന ഇല്ല്യാസ് എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. 'ശങ്കരേട്ടനെ ഞാനറിയും. ഞാന്‍ മൗലവിയുടെ ക്‌ളാസ്സില്‍ വരുന്ന ആളാ'. ഞങ്ങളവിടെ എത്തിയതിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇല്ല്യാസുട്ടി സന്തോഷത്തോടെ പറഞ്ഞു. 'മൗലവി ചെയ്ത ഈ പുണ്യ കര്‍മ്മത്തില്‍ ചെറിയൊരു കണ്ണിയായതില്‍ എനിക്കും സന്തോഷമുണ്ട്''.
      ഇനി രാജേഷിന്റെ കാര്യം. രാജേഷിനെക്കുറിച്ച് കൂടുതലറിയാന്‍ ആയിരങ്ങളില്‍ ഒരുവന്‍എഴുതിയ പോസ്റ്റ് വായിക്കുക. വാടക വീട്ടില്‍ കഴിയുന്ന, രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത, അമ്മ നല്‍കിയ ഒരു വൃക്കകൊണ്ട് ജീവിക്കുന്ന, മരുന്നുകള്‍ക്കുവേണ്ടി ഇപ്പോഴും വലിയ സംഖ്യ ചെലവഴിക്കുന്ന ഈ ചെറുപ്പക്കാരന്റെ കാര്യം ഞാന്‍ മൗലവിയോട് പറഞ്ഞു. രാജേഷിന് നല്ലൊരു ജീവിതമാര്‍ഗ്ഗം ഉണ്ടാകുന്നതുവരെയോ എനിക്ക് കൊടുക്കുവാന്‍ സാധിക്കുന്നതുവരെയോ സക്കാത്ത് ഫണ്ടില്‍ നിന്ന് പ്രതിമാസം 1000 രൂപാ നല്‍കാമെന്ന് മൗലവി പറഞ്ഞു. ആഗസ്റ്റ് മാസത്തെ വിഹിതമായി 1000 രൂപ തരികയും ചെയ്തു. ബാലകൃഷ്ണന്റെ മകന്‍ ഉണ്ണിയില്‍ നിന്നു 500 കൂടി വാങ്ങി 2000 രൂപ രാജേഷിന്റെ എക്കൗണ്ട് നമ്പരില്‍ (എസ്.ബി.ടി. ഭരണങ്ങാനം ശാഖ, എക്കൗണ്ട് നമ്പര്‍-57044818784, യഥാര്‍ത്ഥ പേര്-രാജേഷ് ലാല്‍)നിക്ഷേപിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ലാലിന് ഇനിയും സാമ്പത്തിക സഹായങ്ങള്‍ ആവശ്യമാണ്.
      എംഫിലും പിജിയും ബി.എഡുമൊക്കെയുള്ള ഈ ചെറുപ്പക്കാരന് ഒരദ്ധ്യാപകനാകണമെന്നാണ് ആഗ്രഹം. നമ്മള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. എങ്കിലും ഒരു അനേ്വഷണം നടത്താമല്ലോ. ഈ ചെറുപ്പക്കാരനെ വല്ലപ്പോഴും വിളിക്കുക. അത് ഈ കുട്ടിക്ക് സന്തോഷം നല്‍കും. ലാലുവിന്റെ ഫോണ്‍ നമ്പര്‍-9495313466.
           ഇനി കൊച്ചുമോള്‍ അല്‍ഫോന്‍സയെക്കുറിച്ച് പറയട്ടെ. പാലക്കാട് വാളയാറിനടുത്തെ പുറമ്പോക്കില്‍ താമസിക്കുന്ന ദ്വരൈ സ്വാമിയുടെയും സീലാമ്മയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവളാണ് അല്‍ഫോന്‍സാ മോള്‍. മൂത്തവന്‍ ആരോഗ്യസ്വാമി, സുലോമിയയും ജ്ഞാന സുലോമണിയും അനിയത്തിമാര്‍. ആരോഗ്യ സ്വാമിയുടെ കുഞ്ഞനിയത്തിയാണ് അല്‍ഫോന്‍സാ മോള്‍. അബദ്ധത്തില്‍ ആസിഡ് മറിഞ്ഞ് അല്‍ഫോന്‍സാ മോളുടെ ഇടത്തെ കണ്ണ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇടതു കൈക്കും ഇടതു കാലിനും സാരമായ പൊള്ളലേറ്റു. ആരോഗ്യ സ്വാമിക്കും അത്ര സാരമല്ലാത്ത പരുക്ക് പറ്റിയിരുന്നു. അന്ന് തന്റെ ഒന്നര വയസ്സില്‍ ഈ കുഞ്ഞ് അനുഭവിച്ച വേദന അളക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴും വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. കൂലിപ്പണിക്കാരനായ ദ്വരൈ സ്വാമിക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല അല്‍ഫോന്‍സാ മോളുടെ ചികിത്സാച്ചെലവ്. നാട്ടുകാരുടെയും മറ്റും കാരുണ്യത്താലാണ് അല്‍ഫോന്‍സാ മോളുടെ ചികിത്സ നടന്നത്. 


              അല്‍ഫോന്‍സാ മോളുടെ കണ്ണ് മാറ്റി വയ്ക്കണം. അതിന് രണ്ടു ലക്ഷത്തിലേറെ രൂപ ചെലവുണ്ട്. ശ്രീമതി:തങ്കം, ആയിരങ്ങളില്‍ ഒരുവന്‍ തുടങ്ങിയ സുമനസ്സുകള്‍ നടത്തിയ പരിശ്രമം വഴി ഒന്നര ലക്ഷത്തിലേറെ സംഖ്യ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. കണ്ണ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും വേറെ ചെലവുകളും. ഇക്കാര്യവും ഞാന്‍ മൗലവിയെ അറിയിച്ചു. കാര്യങ്ങള്‍ അനേ്വഷിച്ച് അര്‍ഹതപ്പെട്ടതെങ്കില്‍ 10000 രൂപ നല്‍കണമെന്ന് പറഞ്ഞ് മൗലവി എനിക്ക് പണം തന്നു. മാത്യുവിനും ബാലകൃഷ്ണനും ഓഫീസ് സംബന്ധമായ തിരക്കുകള്‍ ഉണ്ടായതിനാല്‍ അവര്‍ക്ക് വരാന്‍ സാധിച്ചില്ല. ആയതിനാല്‍ ഞാന്‍ ഒറ്റയ്ക്കു തന്നെയാണ് വാളയാറില്‍ പോയത്.
പുറമ്പോക്കില്‍ താമസിക്കുന്ന ആ കുടുംബത്തിന്റെ വീട് പുല്‍പ്പറ്റയിലെ രാജന്റെ വീടിനെക്കാള്‍ ശോചനീയമായിരുന്നു. 'സിറ്റൗട്ടും ഡ്രോയിംഗ് റൂമും ബെഡ് റൂമും കിച്ചണും'എല്ലാം ഒന്നിച്ച്! വയറിന് രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ സീലിയമ്മ പണിക്കു പോകാറില്ല. ഭര്‍ത്താവു വരുന്നതുവരെ സീലിയമ്മ ഒറ്റയ്ക്കു തന്നെ. സമയം കിട്ടുമ്പോള്‍ കുറച്ചപ്പുറത്തെ വീട്ടിലെ പത്തു വയസ്സുകാരന്‍ അന്തോണി സ്വാമി വരും. ഞാനവിടെ ചെല്ലുമ്പോള്‍ അന്തോണി സ്വാമി അവിടെ ഉണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവഴിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് 10000 രൂപ ദ്വരൈ സ്വാമിക്ക് നല്‍കി. പീന്നിട് പാലക്കാട് സ്‌കൂളില്‍പ്പോയി അല്‍ഫോന്‍സാ മോളെ കണ്ടു. സഹിക്കവയ്യാത്ത ഒരുപാട് വേദന തിന്നുകയും ഇപ്പോഴും വേദന അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കുഞ്ഞാണെങ്കിലും ആ ഒമ്പതു വയസ്സുകാരിക്ക് ആ പ്രായത്തിന്റേതായ ഒരു ഭാവം തന്നെയാണ് ഉണ്ടായിരുന്നത്. ചിരിക്കുകയും നാണംകുണുങ്ങുകയുമൊക്കെ ചെയ്തു. 


       അല്‍ഫോന്‍സാ മോളെ കണ്ട് യാത്ര പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് തിരിക്കുകയും വിവരങ്ങളെല്ലാം മൗലവിയോട് പറയുകയും ചെയ്തു. പറ്റുമെങ്കില്‍ കുറച്ചുകൂടി പണം നല്‍കി അല്‍ഫോന്‍സാ മോളെ സഹായിക്കാമെന്ന് മൗലവി പറഞ്ഞു.
            കണ്ടതും കേട്ടതുമായ ഇത്തരം ദുരന്തങ്ങളെക്കാള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ദുരന്തങ്ങള്‍ വേറെയുമുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എല്ലാം മൗലവിയെക്കൊണ്ടോ നമ്മെക്കൊണ്ടോ സാധിക്കുകയില്ലല്ലോ. അറിഞ്ഞ കാര്യങ്ങളില്‍ മൗലവിയുടെ അവസ്ഥ വച്ച് മൗലവി ചെയ്യുന്നു. നമ്മുടെ അവസ്ഥ വച്ച് നാമും ചെയ്യുക.
      എങ്ങനെയായിരിക്കണം മൗലവിമാര്‍ എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഈ മൗലവി. മൗലവിയും ഒരു രോഗിയാണ്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്തുകൊണ്ടാണ് മൗലവി ജീവിക്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ളൊരു രോഗിയാണ് മൗലവിയെന്ന് കണ്ടാല്‍ തോന്നില്ല. മനസ്സിലെ ഉറപ്പും ശുദ്ധതയും കാരുണ്യവും കൊണ്ട് എപ്പോഴും പ്രകാശമയമാണ് മൗലവിയുടെ മുഖം. മൗലിയുടെ വിശാല മനസ്സിന്റെ മുമ്പില്‍ നമിക്കുന്നു.
  


അല്‍ഫോന്‍സാ മോളുടെ ചികിത്സാ ചെലവിലേക്കായി ഒരു എക്കൗണ്ട് തുടങ്ങിയിരിക്കുന്നു. സാധിക്കുന്ന പക്ഷം അതൊന്ന് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ കൊടുത്ത ആദ്യത്തെ ചിത്രം ഒന്നര വയസ്സില്‍ അല്‍ഫോന്‍സാ മോള്‍ക്ക് അപകടം സംഭവിച്ചയുടനെ എടുത്തതാണ്. രണ്ടാമത്തെ ചിത്രം അടുത്തകാലത്തെടുത്തതും. അല്‍ഫോന്‍സാ മോളെ സംബന്ധിച്ച വിവരങ്ങള്‍ താഴെ.
SBT Valayar Branch
AC/ No:67085590402
Albonza.B
Kadukkampallam
kaloodiyar P.O
Kanchikkodu - 678621
Palakkadu Dist.
Phone: 9745066448 (ദ്വരൈ സ്വാമിയുടെ ഫോന്‍ നമ്പര്‍)
..........

Saturday, August 20, 2011

നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി
അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ
തന്നെയായിരുന്നു."
..........................................
        'സംവരണാനുകൂല്യം' എന്നത് തെറ്റായൊരു പ്രയോഗമാണ്. സംവരണം എന്നത് (ഇക്കാലത്തെ) ഏതെങ്കിലും സവര്‍ണത്തമ്പുരാന്‍, അവര്‍ണന് മണ്ണില്‍ കുഴിച്ച കുഴിയില്‍ ഒഴിച്ചുകൊടുക്കുന്ന വറ്റില്ലാ കഞ്ഞിയോ, തമ്പുരാന്റെ ചാവടിയന്തിരത്തിന് അവര്‍ണന്റെ തലയില്‍ ഒഴിച്ചുകൊടുക്കുന്ന ഠന്നുരണ്ടു തുള്ളി എള്ളെണ്ണയോ, അദ്ധ്വാന ഫലം മുഴുവന്‍ 'കാഴ്ച'വച്ച് പകരം 'തമ്മാന'മായി കൊടുക്കുന്ന പരുക്കന്‍ തോര്‍ത്തുമുണ്ടോ അല്ല. സംവരണം ആരും ആര്‍ക്കും നല്‍കുന്ന ആനുകൂല്യമല്ല; അവകാശമാണത്. ആയതിനാല്‍ 'സംവരണാവകാശം'എന്നു തന്നെയാണ് പറയേണ്ടത്.
     ഇന്ത്യയിലെ സംവരണ ചരിത്രത്തിന് എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് പണ്ട് (
ഇതിലും പണ്ട് മറ്റൊരു ചരിത്രമുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം) മനുഷ്യന്റെ ജീവതമായി ബന്ധപ്പെടുന്ന എല്ലാതും ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്യപ്പെട്ടു കിടക്കുകയായിരുന്നു. ഈ 'സംവരണ'ത്തിനെതിരെ കേരളത്തില്‍ ആദ്യമായി രംഗത്തു വന്ന ജാതിവിഭാഗം ചാതുര്‍വര്‍ണ്യത്തിലെ നാലാം വര്‍ണമായ ശൂദ്രന്മാരായി കണക്കാക്കുന്ന നായന്മാരാണ്; 1891 ല്‍ സമര്‍പ്പിച്ച നായര്‍ മെമ്മോറിയലിലൂടെ. നായന്മാരുടെ മെമ്മോറിയലായിരുന്നെങ്കിലും പേര് 'കേരള മെമ്മോറിയല്‍'എന്നായിരുന്നു. (നായന്മാരുടേത് മാത്രമാണെന്ന് പരാതി പറയാതിരിക്കാന്‍ ചോവനായ ഡോ:പല്പുവിനെക്കൊണ്ടും ഒപ്പിടുവിച്ചിരുന്നു). അതങ്ങനെയാണല്ലോ. നായന്മാരുടെയും മറ്റു സവര്‍ണരുടെയും കാര്യമാകുമ്പോള്‍ 'കേരളീയ'മാവും. അവര്‍ണരുടെതെങ്കില്‍ 'ജാതീയ'വുമാവും. ഇതിനെത്തുടര്‍ന്ന് തിരുവിതാംകൂറിലെ സര്‍ക്കാര്‍ ജോലികളിലെ ബ്രാഹ്മണ കുത്തക ക്രമേണ തകര്‍ന്നു. നായന്മാര്‍ക്കും ജോലികളില്‍ അവസരം കിട്ടിത്തുടങ്ങി. പിന്നീട് 5 വര്‍ഷം കഴിഞ്ഞ് 1896 ലാണ് 'ഈഴവ മെമ്മോറിയല്‍'ഇറങ്ങുന്നത്. ഇതുകൊണ്ടു കാര്യമായ പ്രയോജനങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് 1936 ലെ 'നിവര്‍ത്തന പ്രക്ഷോഭം'വഴിയാണ് തിരുവിതാംകൂറില്‍ ഈഴവര്‍ക്കും മറ്റും സര്‍ക്കാര്‍ ഉദേ്യാഗങ്ങളില്‍ സംവരണം ലഭിക്കുന്നത്.
         സംവരണത്തിന്റെ ഈ രാഷ്ട്രീയമൊന്നും മിക്കവര്‍ക്കും അറിയില്ല. ഇതുകൊണ്ടാണ് ഇപ്പോഴത്തെ സംവരണേതര്‍ സംവരണത്തിനെതിരെ സംസാരിക്കുന്നത്. ഇതു മണ്ടയിലില്ലാത്തതുകൊണ്ടുതന്നെയാണ് സംവരണ വിരോധികളെ ചോദ്യം ചെയ്യാന്‍ സംവരണീയര്‍ക്ക് സാധിക്കാത്തതും. ജാതി എന്നത് കേവലമായ അന്ധവിശ്വാസമാണെന്നാണ് പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ജാതിക്ക് ജീവിതത്തിലെ സമസ്ത മേഖലയുമായുള്ള ബന്ധത്തെ അതി സമര്‍ത്ഥമായി മറച്ചു വയ്ക്കുകയാണ്. ആരാണ് ജാതിയെക്കുറിച്ച് അഭിപ്രായം പറയേണ്ടത്? ഇതിനുത്തരം യുക്തിവാദി നേതാവുകൂടിയായിരുന്ന സഹോദരനയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. സഹോദരന്റെ വാക്കുകള്‍(സഹോദരന്‍ വത്സരപ്രതി,1928): ''ജാതിയെപ്പറ്റി വിധിപറയേണ്ടത് അതുമൂലം ബുദ്ധിമുട്ടുന്നവരാണ്. പണ്ടത്തെ ഋഷിമാര്‍ക്കും മനുമാര്‍ക്കും പിന്നത്തെ ആചാര്യന്മാര്‍ക്കും മാത്രമല്ല ഇപ്പോഴത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും ആര്‍ക്കും അതിന്റെ ദോഷം കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകാന്‍ ഇടയില്ല''
       ഈ കണ്‍വെളിച്ചം അന്നത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും മാത്രമല്ല ഇന്നത്തെ പല 'ജി'മാര്‍ക്കും ഇല്ല എന്നതാണ് സത്യം. സവര്‍ണരായവര്‍ക്കു മാത്രമല്ല ജന്മംകൊണ്ട് അവര്‍ണരായവര്‍ക്കും ഈ കണ്‍വെളിച്ചമില്ല എന്നതിന്റെ വലിയൊരു ഉദാഹരണമാണ് സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡണ്ടുകൂടിയായ എം. മുകുന്ദന്‍ എന്ന സാഹിത്യകാരന്‍. ഇദ്ദേഹത്തിന് ഇക്കാര്യത്തില്‍ കണ്‍വെളിച്ചമില്ല എന്നു മാത്രമല്ല കണ്ണില്‍ച്ചോരയുമില്ല എന്നതാണ് ക്രൂരമായ സത്യം. എം.മുകുന്ദന്‍ ഉവാച('പച്ചക്കുതിര' മാസിക, 2008 നവംബര്‍, പേജ് 31): ''എങ്ങനെയെങ്കിലും ഒരു ദലിതനായി കേരളത്തില്‍ ജനിച്ചാല്‍മതി. ഒരു ദലിതനായി കേരളത്തില്‍ ജനിച്ചാല്‍ പിന്നെ ജീവിതം സുരക്ഷിതമായി. അത്രയധികം സംവരണങ്ങളുണ്ട്;സുരക്ഷയും''. നോക്കൂ, എത്രമാത്രം ഭീകരമായ സവര്‍ണവാദമാണ് എം. മുകുന്ദന്‍ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ തട്ടിവിട്ടിരിക്കുന്നത്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദലിതരുടെ അവസ്ഥ ഇങ്ങനെയാണോ എന്നറിയില്ല. ഏതായാലും മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലെ ദലിതരുടെ അവസ്ഥ ഇങ്ങനെയല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും!
       വലിയ സാഹിത്യകാരനായതുകൊണ്ടോ അവാര്‍ഡ് ജേതാവായതുകൊണ്ടോ ആ വ്യക്തിക്ക് മാനവികത എന്ന ഗുണം ഉണ്ടാകണമെന്നില്ല. ഇതുപോലെത്തന്നെ ഏറെ അക്കാദമിക് യോഗ്യത ഉണ്ടായതുകൊണ്ടോ ഉയര്‍ന്ന ഉദേ്യാഗം ഉണ്ടായതുകൊണ്ടോ ഇരുപത്തിമൂന്നിലേറെ വിഷയങ്ങളില്‍ പി.എച്ച്.ഡി.ഉണ്ടായതുകൊണ്ടോ ദൈവത്തില്‍ വിശ്വാസമില്ലാതിരുന്നതുകൊണ്ടോ ജാതിമൂലമുള്ള ബുദ്ധിമുട്ട് കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകണമെന്നില്ല. ഇതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇതിന്റെ ഒരു നാസ്തിക ഉദാഹരണമാണ് സി.രവിചന്ദ്രന്‍ എന്ന എഴുത്തുകാരന്‍. ഇദ്ദേഹമാണ് 'നാസ്തികനായ ദൈവം'എന്ന കൃതി രചിച്ചത്. ഒരു സുഹൃത്ത് എന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വായിപ്പിച്ച കൃതിയാണിത്. ഈ കൃതിക്കനുകൂലമായും പ്രതികൂലമായും ധാരാളം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പുതിയ അറിവുകള്‍ നല്‍കിയ പുസ്തകമാണിത്. എങ്കിലും പുസ്തകത്തില്‍ ഉന്നയിച്ച നിലപാടുകളോട് പല വിയോജിപ്പുകളുമുണ്ടെനിക്ക്. മിക്ക യുക്തിവാദികളും ഒരുതരം യുക്തിവാദ മതമൗലികവാദമാണ് ഉന്നയിക്കാറുള്ളത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ഇടയില്‍നിന്നു വരുന്ന ഇക്കൂട്ടര്‍ മദ്ധ്യവര്‍ഗ്ഗക്കാരുമായാണ് ഇടപെടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ കാര്യങ്ങള്‍ ഇവര്‍ കാണാറും കേള്‍ക്കാറുമില്ല. യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ദൈവവശ്വാസമാണ് ഏറ്റവും വലിയ തിന്മ എന്നതാണ് ഇവരുടെ മഖ്യ പ്രവര്‍ത്തന അജണ്ട. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരെ തൊടുന്ന നിലപാടുകള്‍ യുക്തിവാദികള്‍ക്ക് പൊതുവെയില്ല. സഹോദരനയ്യപ്പന്റെ പ്ര യോഗം കടമെടുത്തു പറഞ്ഞാല്‍, ഇതൊന്നും കാണാന്‍ അവര്‍ക്ക് കണ്‍വെളിച്ചമില്ല. സി.രവിചന്ദ്രന്റെ പുസ്തകത്തിനെതിരെ മറ്റൊരു എഴുത്തുകാരനായ ഡോ:എന്‍.എം.ഹുസൈന്‍ സ്വീകരിച്ച നിലപാടിനോട് എനിക്ക് വിയോജിപ്പാനുള്ളത്. ഇദ്ദേഹത്തിന്റേത് മറ്റൊരു മദ്ധ്യവര്‍ഗ്ഗ റോയല്‍ മതമൗലികവാദമാണ്.
       ജാതി കേരളത്തിലും വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ഇത് അനുഭവിക്കുന്നവര്‍ക്കേ അറിയൂ. അനുഭവമില്ലെങ്കിലും മാനവികത എന്ന ഗുണം ഉണ്ടെങ്കില്‍ ഇതു മനസ്സിലാക്കി ഉള്‍ക്കൊള്ളാനെങ്കിലും സാധിക്കും. ഈ ഗുണം നാസ്തികനായ സി.രവിചന്ദ്രന്‍ എന്ന എഴുത്തുകാരനില്ല. ഡി.സി.ബുക്‌സിന്റെ പുസ്തക ബ്‌ളോഗില്‍ സി.രവിചന്ദ്രന്‍ പ്രകടിപ്പിച്ച ഒരഭിപ്രായം വായിച്ചാല്‍ ഈ നഗ്നസത്യം ബോധ്യമാകും. ജാതിയെക്കുറിച്ചും സംവരണത്തെക്കുറിച്ചും നാസ്തികനായ ഈ ദൈവദൂതന്‍ കറകളഞ്ഞ സവര്‍ണവാദമാണ് തട്ടിവിട്ടിരിക്കുന്നത്. ഈ സവര്‍ണ ബഡായിസൂക്തമാണ് പോസ്റ്റിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുള്ളത്. ഈ സവര്‍ണ ബഡായി മേല്‍ സൂചിപ്പിച്ച ബ്‌ളോഗില്‍ വായിക്കുക. സി.രവിചന്ദ്രന്റേത് സവര്‍ണയുക്തിവാദമാണെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ മനസ്സിലാക്കാന്‍ കൂടുതല്‍ യുക്തി വേണ്ടെന്നാണ് എന്റെ അഭിപ്രായം.
.........................

Wednesday, August 10, 2011

സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!

പുതിയ 'ജാതിവാദ' പോസ്റ്റാണിത്. ഈ ലക്കം 'പച്ചക്കുതിര'മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം. സചിത്ര ലേഖനമാണ്. സ്‌കാന്‍ ചെയ്ത് കൊടുക്കാനൊന്നും എനിക്കറിയില്ല. താല്‍പര്യമുള്ളവര്‍ 'പച്ചക്കുതിര'വാങ്ങി വായിച്ചാലും.
പച്ചക്കുതിര മാസിക , ആഗസ്റ്റ് 2011
 
ചരിത്രം ഇങ്ങനെ പഠിപ്പിക്കരുത്
       കേരളീയ കലാരൂപത്തിന്റെ അടയാളത്തെപ്പറ്റി പറഞ്ഞാല്‍ ഒരു ശരാശരി മലയാളിയുടെ തലയിലെത്തുക ഒരു കഥകളിത്തലയാണ്. മതസൗഹാര്‍ദ്ദത്തിന്റെ ചിഹ്നമാണെങ്കില്‍ ഒരു പള്ളീലച്ഛനും ഒരു മുസ്ല്യാരും പൂണൂലിട്ടൊരു നമ്പൂതിരിയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ചിത്രമായിരിക്കും തലയിലെത്തുക. കേരളത്തിലെ കൂടുതല്‍ ജനങ്ങള്‍ ആസ്വദിക്കുന്നതോ മനസ്സിലാക്കുന്നതോ കളിക്കുന്നതോ കാണുന്നതോ ആയ കലാരൂപമല്ല കഥകളി. ജാതികൊണ്ടും സമ്പത്തുകൊണ്ടും മേല്‍ത്തട്ടില്‍ നിന്നിരുന്ന ഒരു ജനവിഭാഗം മാത്രമാണ് കഥകളി ആടിയിരുന്നതും കഥകളിയാട്ടം കണ്ടിരുന്നതും. സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ച വരേണ്യ വര്‍ഗ്ഗക്കാര്‍ മാത്രം ആസ്വദിച്ചിരുന്ന ഈ കലാരൂപത്തിലെ കഥകള്‍ക്ക് സാധാരണ ജനജീവിതവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ചാതുര്‍വര്‍ണ്യ ജാതിവ്യവസ്ഥയുടെ നാലു ചുമരുകളില്‍ ഒതുങ്ങി നില്‍ക്കുന്ന കഥകളാണ് കഥകളിയിലുള്ളത്. ഇവിടെയുണ്ടായിരുന്ന നാടന്‍ കലകളില്‍ നിന്നു ഉരുത്തിരിഞ്ഞുണ്ടായതാണ് കഥകളി എന്ന കലാരൂപമെങ്കിലും ഇതിന് അദ്ധ്വാനമായോ വിയര്‍പ്പുമായോ യാതൊരു ബന്ധവുമില്ല. 'നേരം പോയ് നേരം പോയ് പൂക്കൈത മറപറ്റി/കാനാക്കോഴി കൊളക്കോഴി തത്തിത്തത്തിച്ചാടുന്നേ'എന്ന് കര്‍ഷകത്തൊഴിലാളി നെഞ്ചു പിളര്‍ന്നുകൊണ്ടു പാടുന്ന പാട്ടിന്റെ മൂല്യമുണ്ടോ കഥകകളിപ്പാട്ടുകള്‍ക്ക്? അല്ലെങ്കില്‍, മോഹിനി നാട്ടിലുള്ള മോഹനന്മാരെയെല്ലാം മാടി വിളിച്ച് പാടുന്ന പാട്ടുകള്‍ക്കും? ഇങ്ങനെയൊക്കെയാണെങ്കിലും കഥകളിത്തല കേരളത്തിന്റെ പൊതുതലയായി മാറി!
         ഇതുതന്നെയാണ് 'മതസൗഹാര്‍ദ്ദ'ചിഹ്നത്തിലെ പൂണൂലിട്ട നമ്പൂതിരിയുടെ കാര്യവും. പൂണൂലിട്ട നമ്പൂതിരിയും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല. കാരണം, ഏറിവന്നാല്‍ കേരളത്തിലെ ഒരു ശതമാനം ആള്‍ക്കാര്‍ക്കുപോലും പൂണൂലിടാന്‍ അവകാശമില്ല. നേരെമറിച്ച്, ഞാറു നടുന്നതോ നെല്ലു കൊയ്യുന്നതോ ആയ ചെറുമിയുടെ/പുലയിയുടെ ചിന്ഹമാണെങ്കില്‍ അതൊരു ജനകീയ ചിഹ്നമാണെന്നു പറയാം. കാരണം, എതൊരാള്‍ക്കും (ആണിനും പെണ്ണിനും) ചെയ്യാന്‍ അവകാശമുള്ള ജോലിയാണിത്. മാത്രമല്ല കഥകളിയും മോഹനന്മാരെ മാടിവിളിക്കുന്ന മോഹിനിയുടെ ആട്ടവും കുച്ചിപ്പുടിച്ചിയുടെ നോട്ടവും മണവാട്ടിയുടെ മദനപ്പൂമണവുമൊന്നുമില്ലെങ്കിലും എല്ലാവര്‍ക്കും തിന്നണമല്ലോ. അതുകൊണ്ട് അന്നത്തിന്റെ അടയാളമായ ഞാറു നടീലിനും കൊയ്ത്തിനും മറ്റും ഒരു പ്രതേ്യക മേന്മ തന്നെ അവകാശപ്പെടാനുണ്ട്. ഞാറു നടാനും നെല്ലു കൊയ്യാനും മറ്റും മാത്രമായി ദൈവം ആരെയും സൃഷ്ടിച്ചിട്ടില്ല. എല്ലാവര്‍ക്കും എല്ലാ തൊഴിലും പറ്റും. ചെറുമിയുടെ ഗര്‍ഭപാത്രത്തിന്‍ നിന്നു കുഞ്ഞ് അരിവാളുമായല്ലല്ലോ പുറത്തു വരുന്നത്. നമ്പൂതിരിയും ക്രിസ്ത്യാനിയും തിയ്യനും തങ്ങളും തരകനും നായരും നമ്പ്യാരും വാര്യരും യുക്തിവാദിയുമൊക്കെ ഈ പണി ചെയ്താല്‍ ആരും തടുക്കാന്‍ വരില്ല.
            ഭൂരിപക്ഷത്തിന്മേലുള്ള ന്യൂനപക്ഷ മേല്‍ക്കോയ്മയെ 'ദേശീയം' എന്നു വിശേഷിപ്പിക്കുന്ന ഈ നീചമായ അവസ്ഥ അടിസ്ഥാനമാക്കിത്തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തുവരുന്നത്. കോഴിക്കോട് സര്‍വകലാശാലയുടെ ചരിത്ര വിഭാഗവും സംസ്ഥാന പുരാവസ്തു വകുപ്പും പെരിന്തല്‍മണ്ണ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പ്രാദേശിക ചരിത്ര പഠന ക്യാമ്പിന്റെ ഭാഗമായി കുറച്ച് മുമ്പ് നടന്ന 'പൈതൃക സര്‍വെ'യെയും ഈ കൂട്ടത്തില്‍പ്പെടുത്താവുന്നതാണ്.
           എന്താണാവേ ഈ 'പൈതൃകം'? അഞ്ചു ഗ്രൂപ്പുകളായി കേന്ദ്രീകരിച്ചു നടത്തിയ ഈ സര്‍വെയില്‍ അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂള്‍, പുഴക്കാട്ടിരിയിലെ എം.പി.നാരായണ മേനോന്റെ വീട്, പെരിന്തല്‍മണ്ണ ഹൈസ്‌കൂള്‍, പാതായ്ക്കര മന, പുലാമന്തോള്‍ മൂസ്സതിന്റെ വീട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഈ അഞ്ചും ചേര്‍ന്നതായിരിക്കും 'പൈതൃകം'?! നമ്പൂതിരിക്കും മൂസ്സതിനും മേനോനും തരകനും മാത്രമേ പെരിന്തല്‍മണ്ണ താലൂക്കില്‍ ചരിത്രമുള്ളൂ? ഒരു പക്ഷേ 'പൈതൃക'ത്തിന് കാലഗണന നിശ്ചയിച്ചു കാണും. ജന്മിത്ത കാലഘട്ടത്തില്‍ സമ്പത്തും അധികാരവും ഉണ്ടായിരുന്ന സവര്‍ണരെ അടിസ്ഥാനമാക്കിയായിരിക്കണം 'പൈതൃകം'നിശ്ചയിച്ചിട്ടുണ്ടാവുക? കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരെ പഠനത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ലീങ്ങളെ പരിഗണിച്ചു എന്നു പറയാവുന്നതാണ്.
           കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിശ്ചയിച്ച 'പൈതൃക മാനദണ്ഡം' ഇത്തരത്തിലുള്ളതായതുകൊണ്ടാണ് ഒറിജിനല്‍ 'പൈതൃകവാദി'കള്‍ക്ക് കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കാതിരിക്കുന്നത്. ജന്മിത്ത കാലഘട്ടത്തിലെ നാട്ടുപ്രമാണിമാരില്‍ ഒതുക്കി നിര്‍ത്താമോ ഈ നാടിന്റെ പൈതൃകം? നമ്പൂതിരിയും മൂസ്സതും മേനോനും തരകനും അല്ലാത്തവര്‍ക്കൊന്നും ചരിത്രമില്ലേ? പൂണൂല്‍ ധരിച്ച നമ്പൂതിരിയിലും കഥകളിത്തലയിലും മാത്രം ഒതുക്കി നിര്‍ത്തുന്ന ഈ ചരിത്ര പഠനങ്ങളെയും അതിനു ചുക്കാന്‍ പിടിക്കുന്നവരെയും തിരിച്ചറിയേണ്ടതുണ്ട്.
     സവര്‍ണരുടെ ചരിത്രത്തെയാണ് കോഴിക്കോട് സര്‍വ്വകലാശാല 'പൈതൃത ചരിത്രം' അഥവാ പൊതു ചരിത്രമാക്കിയിരിക്കുന്നത്. പാതായ്ക്കര മനയെപ്പോലെയോ പുലാമന്തോള്‍ മൂസ്സിനെപ്പോലെയോ നാലുകെട്ടും നടുമുറ്റവും ആമ്പല്‍ക്കുളവുമൊക്കെയുള്ള അവര്‍ണരില്ലെങ്കില്‍, എന്തുകൊണ്ട് ഇത്തരമൊരു പ്രതിഭാസം നാട്ടിലുണ്ടായി എന്നതിന്റെ ചരിത്രം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയേണ്ടതല്ലേ? ഈ മണ്ണില്‍ അദ്ധ്വാനിച്ച, ഉരുട്ടി വിഴുങ്ങാനുള്ള ധാന്യങ്ങളും പച്ചക്കറികുളുമൊക്കെ ഉണ്ടാക്കിയ, ഈ നാട്ടിലെ പച്ചപ്പ് മുഴുവനും ഉണ്ടാക്കിയ, ജീവിത സൗകര്യങ്ങള്‍ക്കുള്ള എല്ലാ സാധന-സാമഗ്രികളും ഉണ്ടാക്കിയ ചെറുമക്കള്‍ക്കും കണക്കന്മാര്‍ക്കും പാണര്‍ക്കും ആശാരിക്കും മൂശാരിക്കും തട്ടാനും തിയ്യനുമൊന്നും പെരിന്തല്‍മണ്ണയില്‍ ചരിത്രമില്ലേ? നാട്ടിലെ വലിയൊരു ജനവിഭാഗത്തിന്റെ സ്ഥാനം എങ്ങനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി? ഇതു മനസ്സിലാക്കാനുള്ള ചരിത്ര ബോധവും മാനവികതയും ഇല്ലാത്തവരാണോ സവര്‍വ്വകലാശാലയിരിക്കുന്നത്? എങ്കില്‍ അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ എന്തു യോഗ്യതയാണുള്ളത്? ഇവര്‍ ശമ്പളമായി വാങ്ങുന്ന നികുതിപ്പണത്തിലെ ബഹുഭൂരിപക്ഷവും പിരിച്ചെടുക്കുന്നത്, ഇവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞവരും 'പൈതൃക'മില്ലാത്തവരുമായ അവര്‍ണ ജനവിഭാഗങ്ങളുടെതാണ്. ഇവരുണ്ണുന്ന ഓരോ വറ്റിലും ഇവിടുത്തെ അവര്‍ണന്റെ വിയര്‍പ്പ് അടങ്ങിയിട്ടുണ്ട്.
         'പൈതൃത ചരിത്രകാരന്മാര്‍' ആയ ഇക്കൂട്ടരുടെ വര്‍ഗ്ഗക്കാര്‍ തന്നെയാണ് കുട്ടികള്‍ക്കുള്ള പാഠ പുസ്തകങ്ങള്‍ രചിക്കുന്നതും. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങിയ ഏഴാം തരം ചരിത്ര പാഠപുസ്തകത്തെക്കുറിച്ച് ഏറെ വിവാദം ഉണ്ടായല്ലോ. ഈ വിവാദത്തിന്റെ പിന്നിലുണ്ടായിരുന്ന ശക്തി കേരളത്തിലെ പള്ളി-പണിക്കര്‍ ശക്തികളായിരുന്നു. കൂട്ടത്തില്‍ കഥയറിയാതെ ചിലര്‍ ആടിയെന്നതും സത്യമാണ്. അടുത്തകാലത്തിറങ്ങിയ ഏറ്റവും നല്ല ചരിത്രപാഠങ്ങളാണ് ഈ പാഠഭാഗങ്ങളിലുണ്ടായിരുന്നത്. സവര്‍ണപാത്രം കൊണ്ട് മറച്ചു വച്ച പല സത്യങ്ങളും ഈ പാഠത്തിലൂടെ പുറത്തു വന്നു. 'മനുഷ്യത്വം വിളയുന്ന ഭൂമി'എന്ന തലക്കെട്ടില്‍ 17-ാം പേജില്‍ വന്ന പാഠഭാഗം ദേശീയതയുടെ കുപ്പായം കൊണ്ട് മറച്ച ഇന്ത്യന്‍ സവര്‍ണ ഭീകര മുഖം തുറന്നു കാണിക്കുന്നതാണ്. 'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന പ്രതിജ്ഞയ്ക്ക് താഴെ 'പൊതുകിണറില്‍ നിന്ന് വെള്ളമെടുത്തതിന് ദലിതനെ ചുട്ടുകൊന്നു' എന്ന വാര്‍ത്താ ഭാഗം ഇന്ത്യന്‍ 'ദേശീയത'യുടെ കാപട്യത്തെ പരസ്യമായി തുറന്നു കാണിക്കുന്നു.
           സംവരണത്തിനെതിരെ സവര്‍ണ മൂരാച്ചികള്‍ കുരച്ചു ചാടാറുണ്ടല്ലോ. എന്തുകൊണ്ടാണ് പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുമൊക്കെ സംവരണമേര്‍പ്പെടുത്തി, എങ്ങനെയാണ് അവര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിറകിലായത് എന്നു തെളിയിക്കുന്ന ഒരു ചാര്‍ട്ട് 18-ാം പേജിലുണ്ടായിരുന്നു. 1924 ല്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ജി.എല്‍.പി.സ്‌കൂളില്‍ ചേര്‍ന്ന കുട്ടികളുടെ ലിസ്റ്റാണിത്. അതിലുള്ള കുട്ടികളുടെ പേരു വിവരങ്ങള്‍ ഇതാ:
1. ശങ്കര വാര്യര്‍                                  ഹിന്ദു, വാരിയര്‍
2. കുട്ടികൃഷ്ണ വാര്യര്‍                            ഹിന്ദു, വാര്യര്‍
3. ബാലകൃഷ്ണന്‍ അരിമ്പ്ര നായര്‍      ഹിന്ദു, നായര്‍
4. രാഘവന്‍ നായര്‍                           ഹിന്ദു, നായര്‍
5. വേലായുധന്‍ നായര്‍                      ഹിന്ദു, നായര്‍
6. രാമന്‍ നായര്‍                                  ഹിന്ദു, നായര്‍
7. വേലായുധന്‍ നായര്‍                      ഹിന്ദു, നായര്‍
8. ഗോപാലന്‍ നായര്‍                        ഹിന്ദു, നായര്‍
9. നാരായണിയമ്മ                             ഹിന്ദു, നായര്‍
10. ദേവകിയമ്മ                                  ഹിന്ദു, നായര്‍
11. മാധവിയമ്മ                                  ഹിന്ദു, നായര്‍
12.തായിക്കുട്ടി വാരസ്യാര്‍                  ഹിന്ദു, വാര്യര്‍
13. കല്യാണി പണിക്കത്തിയാര്‍       ഹിന്ദു, നായര്‍
14. ഇത്തായി അമ്മ                            ഹിന്ദു, നായര്‍
15. ലക്ഷ്മി അമ്മ                                  ഹിന്ദു, നായര്‍
16. കഞ്ഞികൃഷ്ണന്‍                              ഹിന്ദു, നായര്‍
17. രാമന്‍കുട്ടിപ്പണിക്കര്‍                  ഹിന്ദു,പണിക്കര്‍,കണിശന്‍
18. അയ്യപ്പുണ്ണി                                   ഹിന്ദു, തട്ടാന്‍
19. ചെക്കു                                           ഹിന്ദു, തിയ്യന്‍
20. കുഞ്ഞിക്കുട്ടിയമ്മ                        ഹിന്ദു, നായര്‍
21. പത്മനാഭന്‍ നായര്‍                    ഹിന്ദു, നായര്‍
22. പാറു ചെട്ടിച്ചി                              ഹിന്ദു, ചെട്ടി
23. മീനാക്ഷി                                      ഹിന്ദു, ചെട്ടി
          ഈ 23 പേരില്‍ 18 പേരും സവര്‍ണരാണ്. നായന്മാരുടെ ജനസംഖ്യയ്ക്ക് തുല്യം വരുന്നവരാണ് മലപ്പുറത്ത് പട്ടികജാതിക്കാര്‍. ഒരൊറ്റ പട്ടികജാതിക്കാരും ഇക്കൂട്ടത്തിലില്ല. മലപ്പുറത്തെ ഭൂരിപക്ഷ സമുദായം മുസ്ലീങ്ങളാണ്. മുസ്ലീങ്ങളും ഈ പട്ടികയില്‍ വന്നിട്ടില്ല. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അയിത്തവും വിലക്കുമൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികവും വിശ്വാസപരവുമായ കാരണങ്ങളാലുമാണ് അവര്‍ സ്‌കൂളില്‍ പോകാതിരുന്നത്. പിന്നാക്കക്കാരുടെയും പട്ടികജാതിക്കാരുടെയും കാര്യത്തില്‍ സാമ്പത്തികത്തെക്കാളേറെ സാമൂഹികം തന്നെയായിരുന്നു കാരണം. ഈ സത്യം കുട്ടികള്‍ മനസ്സിലാക്കുന്നത് സവര്‍ണ വര്‍ഗ്ഗീയവാദികളില്‍ പേടിയുണ്ടാക്കി. ഇവരുടെ പേടി കണ്ട് ഭയന്ന് സര്‍ക്കാര്‍ ഈ പാഠ ഭാഗം പുസ്തകത്തില്‍നിന്നൊഴിവാക്കി. ഈ പാഠഭാഗം വീണ്ടും ഉള്‍പ്പെടുത്തണമെന്ന ആവശ്യം അതി ശക്തമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു.
            സവര്‍ണ മൂരാച്ചികള്‍ക്ക് ഇഷ്ടപ്പെടാത്ത മറ്റൊന്ന് ഹൃദയ ശുദ്ധിയുള്ളവരും മനുഷ്യ സ്‌നേഹമുള്ളവരുമായ ദേവകി നിലയങ്ങോട് എന്ന നമ്പൂതിരി സ്ത്രീ എഴുതിയ ലേഖനത്തിലെ ഒരു പാഠഭാഗമാണ്. 'എച്ചില്‍'എന്ന തലക്കെട്ടിലുള്ള പാഠഭാഗത്ത് നമ്പൂതിരിമാരുടെ വീടുകളില്‍ അടുക്കളജോലി ചെയ്തിരുന്ന നായര്‍ സ്ത്രീകളുടെ 'ഊണി'നെക്കുറിച്ചുള്ളതാണ്. അവരത് എഴുതിയത് നായന്മാരെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നില്ല. നമ്പൂതിരിമാരുടെ സംസ്‌കാരത്തെ തുറന്നുകാണിക്കുവാന്‍ വേണ്ടിയായിരുന്നു. ആ പാഠ ഭാഗം ഇങ്ങനെ:
           ''അകത്തേക്കു കടന്നാല്‍ അവരെ കാത്തിരിക്കുന്നത് നിറയെ നിവര്‍ത്തിയിട്ട എച്ചിലിലകളാണ്. അന്തര്‍ജനങ്ങള്‍ ഭക്ഷണം കഴിഞ്ഞ് ബാക്കിയിട്ടതും എടുത്തു മാറ്റാതെ കിടക്കുന്നതുമായ വാഴയിലകള്‍. അവര്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അതില്‍ ചിതറിക്കിടപ്പുണ്ടാകും. ആ ഇലകളുടെ മുമ്പിലാണ് അവര്‍ ചെന്നിരിക്കുക. അതിലാണ് അവര്‍ക്ക് ചോറും കറികളും വിളമ്പുക. ചിലര്‍ ചെന്നിരുന്ന ഉടനെ ഇലയൊന്നു മറിച്ചിടും; എച്ചിലില്ലാത്ത ഭാഗത്ത് ഉണ്ണാന്‍ വേണ്ടി. അപ്പോഴവര്‍ക്ക് കിട്ടുന്നതോ? ചാണകം തേച്ചു മെഴുകിയതും അനേകം കാലുകളുടെ പൊടിയേറ്റു കിടന്നതുമായ ഭാഗമാണ്. മറ്റു ചിലര്‍ ഇലയിലെ എച്ചില്‍ സാധനങ്ങള്‍ എല്ലാം ഒരു വശത്തേക്ക് മാറ്റി ചോറു വിളമ്പാനുള്ള സ്ഥലം തെളിയിച്ചെടുക്കും. ചില ഇലകള്‍ പായസത്തില്‍ മുങ്ങിക്കുളിച്ചിരിക്കും. അവ എന്തു ചെയ്താലും ശരിയാവുകയില്ല. വൃത്തിയുള്ള ഒരില തേടിപ്പിടിച്ച് ഉണ്ണാന്‍ അവര്‍ക്ക് അനുവാദവും സാവകാശവുമുണ്ടായിരുന്നില്ല. എച്ചിലില വൃത്തിയാക്കിയോ കമഴ്ത്തിയോ ഒരുക്കുന്നതിനു മുമ്പു തന്നെ വിളമ്പുകാര്‍ വരിവരിയായി എത്തുകയായി. ഘോഷത്തോടെ വിളമ്പാന്‍ തുടങ്ങും. ഒന്നിനും ഒരു കുറവുമില്ല. എല്ലാം സമൃദ്ധിയായി. മറ്റുള്ളവര്‍ക്കുള്ള അതേ ഭക്ഷണം, അതേ വിളമ്പല്‍ തന്നെ. പക്ഷേ, ഒരു നിര്‍ബന്ധമുണ്ട്-ആ എച്ചിലിലകളില്‍ത്തന്നെ അവരതെല്ലാം ഉണ്ടു കൊള്ളണം''.    ഇപ്പോള്‍ വലിയ ആഢ്യത്വം പറയുന്ന നായന്മാരുടെ പണ്ടത്തെ അവസ്ഥ ഇങ്ങനെയൊക്കെയായിരുന്നു എന്നു കുട്ടികള്‍ മനസ്സിലാക്കുമെന്നറിഞ്ഞപ്പോഴുണ്ടായ അങ്കലാപ്പില്‍ നിന്നാണ് ഈ പാഠഭാഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.
          'പ്രത്യക്ഷ രക്ഷാ ദൈവ സഭ'എന്ന പേരിലുള്ള പാഠഭാഗം പള്ളിക്കാരായ സവര്‍ണ ക്രിസ്ത്യാനികളെയും ചൊടിപ്പിച്ചു. ജാതി പീഡനം സഹിക്ക വയ്യാതെയാണ് അവര്‍ണര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായത്. മതം സ്വീകരിച്ചു വന്ന അവര്‍ണരെ ഒരു പരിധിവരെ ഉള്‍ക്കൊള്ളാന്‍ മുസ്ലീങ്ങള്‍ക്കു സാധിച്ചു എന്ന കാര്യം ശരി തന്നെ. എന്നാല്‍, എല്ലാവരും ആദം-ഹവ്വാ ദമ്പതിമാരുടെ മക്കളാണെന്നു പുറമേക്ക് പ്രസംഗിക്കുന്ന മുസ്ലീങ്ങളിലും ജാതി ചിന്ത ശക്തമായി നിലനില്‍ക്കുന്നുണ്ട്. ജാതിയുടെ ഉയര്‍ച്ച-താഴ്ചയനുസരിച്ച് നിലപാടുകളിലും ഉയര്‍ച്ച താഴ്ചകളുണ്ടായി. മുസ്ലീങ്ങള്‍ അവര്‍ണ ജനവിഭാഗങ്ങളോടെടുക്കുന്ന നിലപാട് തല്‍ക്കാലമവിടെ ചര്‍ച്ച ചെയ്യുന്നില്ല. സ്വന്തം സമുദായക്കാരായി വിശേഷിപ്പിക്കുന്ന ബാര്‍ബര്‍മാരോടെടുക്കുന്ന നിലപാടുതന്നെ പരിശോധിച്ചു നോക്കാം. ബാര്‍ബര്‍മാരോട് പ്രത്യക്ഷ വിരോധമില്ലെങ്കിലും പരോക്ഷമായി അവരെ സാധാരണ മുസ്ലീങ്ങള്‍ വേറിട്ട രീതിയില്‍ത്തന്നെയാണ് ഇപ്പോഴും കാണുന്നത്. മലപ്പുറത്തെ മുസ്ലീം ബാര്‍ബര്‍മാരെ 'ഒസ്സാന്‍'എന്നാണ് സംബോധന ചെയ്യാറ്. ഇവരുമായി സാധാരണ മുസ്ലീങ്ങള്‍ വിവാഹ ബന്ധം നടത്താറില്ല. 'ചെരക്കാന്‍ പൊയ്ക്കൂടെ','വടിക്കാന്‍ പൊയ്ക്കൂടെ' എന്ന് കൂടുതല്‍ പ്രയോഗിക്കുന്നത് സിനിമാക്കാരും മിമിക്രിക്കാരുമൊക്കെയാണെങ്കിലും ഈ വൃത്തികെട്ട പ്രയോഗങ്ങള്‍ നടത്തുന്നതില്‍ സാധാരണ മുസ്ലീങ്ങള്‍ ഒട്ടും പിന്നിലല്ല. മതം മാറിയ മത്സ്യത്തൊഴിലാളി സമൂഹത്തെയും താഴ്ന്നവരായിത്തന്നെയാണ് കണക്കാക്കാറ്. 'പൂസ്ലാന്മാര്‍'(പുതുതായി ഇസ്ലാം സ്വീകരിച്ചവര്‍ എന്ന് അര്‍ത്ഥം)എന്നാണ് അവരെ സംബോധന ചെയ്യാറ്. ഇവരുമായും സാധാരണ മുസ്ലീങ്ങള്‍ വിവാഹ ബന്ധത്തിലേര്‍പ്പെടാറില്ല. എന്നാല്‍ ക്രിസ്ത്യാനികളുടെ കാര്യം വളരെ ഭീകരമാണ്. മതം സ്വീകരിച്ചവരുടെ ജാതിയുടെ ഉയര്‍ച്ച-താഴ്ചകള്‍ അനുസരിച്ചു തന്നെയാണ് അവര്‍ അവര്‍ണരോട് പെരുമാറുന്നത്. ക്രിസ്ത്യാനിയായ പുലയനെ 'പു.ക്രി'എന്നും ക്രിസ്ത്യാനിയായ പറയനെനെ '.ക്രി'എന്നും മറ്റുമാണ് സംബോധന ചെയ്തിരുന്നത്. അവര്‍ക്ക് വേണ്ടി 'പുലപ്പള്ളി'കളും 'പറപ്പള്ളി'കളും ഉണ്ടാക്കി. സാധാരണ പുലയരുടെ തോളില്‍ ബ്രാഹ്മണ മതം നല്‍കിയ ഒരു നുകമേ ഉണ്ടായിരുന്നുള്ളു. 'പു.ക്രി'യായ പുലയന് ബ്രാഹ്മണ മതം നല്‍കിയ നുകത്തിനു പുറമെ ക്രിസ്ത്യന്‍ നുകവും കിട്ടും. ഇത് ജീവിതത്തില്‍ അനുഭവിച്ച വ്യക്തിയാണ് പറയ സമുദായത്തില്‍ ജനിച്ച പൊയ്കയില്‍ ശ്രീ: കുമാരഗുരു ദേവന്‍. ജാതി പീഡനം സഹിക്ക വയ്യാതെ കുമാരന്‍ യോഹന്നാനായി. അതോടെ, പീഡനം രണ്ടു ഭാഗത്തുനിന്നുമായി. ഇതില്‍ പ്രതിഷേധിച്ച് ബൈബിള്‍ കത്തിച്ച് യോഹന്നാന്‍ വീണ്ടും കുമാരനായി. തുടര്‍ന്ന് ശ്രീ:കുമാര ഗുരു ദേവനായി. ഈ മഹാത്മാവ് സ്ഥാപിച്ച സംഘടനയാണ് 'പ്രത്യക്ഷ രക്ഷാ ദൈവ സഭ'. ഈ ഗുരുവിനോട് സവര്‍ണ ക്രിസ്ത്യാനികള്‍ക്ക് പകയുണ്ടാവുക സ്വാഭാവികം. ഇതുകൊണ്ടാണ് അവര്‍ ഏഴാം തരം പാഠ പുസ്തകത്തിനെതിരെ തെരുവിലിറങ്ങിയത്. സവര്‍ണ വര്‍ഗ്ഗീയ മനസ്സുള്ള ഇത്തരം ക്രിസ്ത്യന്‍ മൂരാച്ചികളെ തുറന്നു കാണിക്കുന്ന കഥയാണ് ടി.കെ.സി.വടുതല എഴുതിയ 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ!' എന്ന കഥ. (1891 മുതല്‍ 1991 വരെയുള്ള 100 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച 100 കഥകള്‍ ഡി.സി.ബുക്‌സ് പുസ്തകമാക്കിയിരുന്നു (100 വര്‍ഷം 100 കഥ). വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരില്‍ നിന്നു തുടങ്ങി പി.സുരേന്ദ്രനില്‍ അവസാനിക്കുന്ന 100 സാഹിത്യകാരന്മാരുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിരവധി ആസ്വാദകരുടെ സഹകരണത്തോടെ കെ.അയ്യപ്പപ്പണിക്കര്‍, എം.കെ.സാനു, കെ.പി.അപ്പന്‍, ആര്‍.നരേന്ദ്ര പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് 100 കഥകള്‍ തെരഞ്ഞെടുത്തത്. ഇതിലെ 29-ാമത്തെ കഥയാണ്, 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ!' എന്ന കഥ).
         ഇക്കൊല്ലത്തെ പത്താം തരം ചരിത്ര പുസ്തകത്തിലുമുണ്ട് സര്‍ക്കാര്‍ വക സവര്‍ണ പാഠങ്ങള്‍. കഴിഞ്ഞ കൊല്ലത്തെ പുസ്തകത്തില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരെ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ സന്ദേശം നല്‍കിയെന്നു പറയുന്നു. ചട്ടമ്പി സ്വാമികളുമായി ശ്രീനാരായണ ഗുരുവിനെ കൂട്ടിക്കെട്ടിയിട്ടിയിരുന്നില്ല. എന്നാല്‍ ഇക്കൊല്ലത്തെ പുസ്തകത്തില്‍ അത്തരമൊരു പണി പാഠപുസ്തകക്കാര്‍ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അവര്‍ണരായ വിപ്‌ളവകാരികളുടെ കഴിവുകളെ താഴ്ത്തിക്കെട്ടുന്ന പരിപാടി പണ്ടേയുള്ളതാണ്. സവര്‍ണന്റെ സ്വാധീനമുണ്ടായിരുന്നു അല്ലെങ്കില്‍ അച്ഛന്‍ ബ്രാഹ്മണനായിരുന്നു എന്നു തുടങ്ങിയ കള്ളക്കഥകളുണ്ടാക്കും. ഒന്നിനും പറ്റിയില്ലെങ്കില്‍ തൂറിത്തോല്‍പ്പിക്കുക എന്ന നിലപാടാണിത്. ശ്രീനാരായണ ഗുരുവിനോടും ഇതേ നിലപാടുതന്നെയാണ് സവര്‍ണ മൂരാച്ചികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനെയൊന്നും ചോദ്യം ചെയ്യാതിരുന്നാല്‍, കുറച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ മഹാത്മാ അയ്യങ്കാളി നടപ്പിലാക്കിയത് ഏതോ അയ്യരുടെ കര്‍മ്മ പരിപാടികളാണെന്ന് സവര്‍ണ മൂരാച്ചികളായ ചരിത്രകാരന്മാര്‍ തട്ടിവിടും.
        ഇക്കൊല്ലത്തെ പുസ്തകത്തില്‍ പറയുന്നത് (പേജ് 125)നോക്കുക: ''അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കുന്നതിനു ശ്രമിച്ചവരില്‍ പ്രമുഖനാണ് ചട്ടമ്പി സ്വാമികള്‍. വേദ പഠനത്തിനും ഈശ്വരാരാധനയ്ക്കും അബ്രാഹ്മണ വിഭാഗങ്ങള്‍ക്കൊക്കെയും അവകാശമുണ്ടെന്ന തന്റെ കൃതിയിലൂടെ അദ്ദേഹം പ്രചരിപ്പിച്ചു. ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കിയത് ശ്രീനാരായണ ഗുരുവാണ്''
            ഈ പുസ്തകത്തിന്റെ ഇംഗ്‌ളീഷ് പതിപ്പില്‍ 'Sree Narayan Guru gave practical expression to the ideas and position of Chattampi Swami' എന്നാണ് എഴുതിയിരിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ശ്രീനാരായണ ഗുരു പ്രായോഗിക രൂപം നല്‍കിയെന്ന്. ഇംഗ്‌ളീഷിലായപ്പോള്‍ കുറച്ചുകൂടി സവര്‍ണത കൂടി. ചട്ടമ്പി സ്വാമികള്‍ ഇല്ലായിരുന്നെങ്കില്‍ ശ്രീനാരായണ ഗുരുവും ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം!
          സുന്ദരമായ സവര്‍ണ നുണയാണിത്. അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കിയിട്ടില്ല ചട്ടമ്പി സ്വാമികള്‍. നായന്മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കി എന്നു പറയാവുന്നതാണ്. ഇങ്ങനെ പറയുമ്പോള്‍ ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ എന്തായിരുന്നുവെന്നു പരിശോധിക്കേണ്ടതുണ്ട്. അച്ഛന്റെ സ്‌നേഹം കിട്ടാതെ വളര്‍ന്ന കുട്ടിയാണ് ചട്ടമ്പി സ്വാമികള്‍. താമരശ്ശേരി ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയായിരുന്നു അച്ഛന്‍. അമ്മ ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്ങേമ്മപ്പിള്ള. നമ്പൂതിരിക്ക് നായര്‍ സ്ത്രീകളിലുണ്ടാകുന്ന കുട്ടികള്‍ക്ക് യാതൊരു മാനുഷിക പരിഗണനകളും അച്ഛന്‍ നമ്പൂതിരിമാര്‍ നല്‍കിയിരുന്നില്ല. അച്ഛന്‍ ആഢ്യ നമ്പൂതിരിയായിട്ടും സ്വാമികള്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പണി നടക്കുമ്പോള്‍ മണ്ണു ചുമക്കാന്‍ പോയിട്ടുണ്ടത്രെ ചട്ടമ്പി സ്വാമികള്‍. ഇതുകൊണ്ടു തന്നെ ബ്രാഹ്മണരോട് ചട്ടമ്പി സ്വാമികള്‍ക്ക് വെറുപ്പായിരുന്നു. ബ്രാഹ്മണര്‍ പടച്ചുണ്ടാക്കിയ നുണകളെ സ്വാമികള്‍ അതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണെന്നും കേരളം ബ്രാഹ്മണരുടെ സ്വന്തമാണെന്നുമുള്ള ബ്രാഹ്മണ നുണകളെ സ്വാമികള്‍ ചോദ്യം ചെയ്തു. പക്ഷേ, കേരളം കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പി സ്വാമികള്‍ പറഞ്ഞില്ല. മറിച്ച് പറഞ്ഞത്, കേരളം നായന്മാരുടെ സ്വന്തമാണെന്നാണ് (പ്രാചീന മലയാളം, അദ്ധ്യായം 6, പേജ് 75). പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനും മറ്റും ക്രിസ്ത്യാനികളെ എതിര്‍ത്തു എന്നത് ശരി തന്നെ. അവരുടെ സവര്‍ണ നിലപാടിനെയാണ് എതിര്‍ത്തത്. എന്നാല്‍ ചട്ടമ്പി സ്വാമികള്‍ തന്റെ കൃതിയായ 'ക്രിസ്തുമതച്ഛേദന'ത്തില്‍ ക്രസ്ത്യാനികളെക്കറിച്ച് വളരെ മോശമായ പരാമര്‍ശങ്ങളാണുള്ളത്. വളരെ നിന്ദ്യമായാണ് യേശുക്രിസ്തുവിനെ ഈ പുസ്തകം വിശേഷിപ്പിച്ചിരിക്കുന്നത്.
''ജാതി ഭേദം മതദേ്വഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരദേ്വന വാഴുന്ന
മാതൃകാ സ്ഥാനമാണിത്''
എന്നും,
'ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്'എന്നും,
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'എന്നും,
ശിവനെയും ശ്രീബുദ്ധനെയും യേശുക്രിസ്തുവിനെയും മുഹമ്മദ് നബിയെയുമൊക്കെ പരാമര്‍ശിച്ച്
''പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?
പരമേശ പവിത്ര പുത്രനോ?
കരുണാവാന്‍ നബി മുത്തുരത്‌നമോ?''എന്നൊക്കെ അനുകമ്പയോടെ പറയുകയും പാടുകയും ചെയ്ത ശ്രീനാരായണ ഗുരു 'ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കി'എന്നു പറയുന്നത് ഒരിക്കലും മാപ്പു നല്‍കാന്‍ പാടില്ലാത്ത കുറ്റമാണ്. ഈ വൃത്തികെട്ട പരാമര്‍ശം പാഠഭാഗത്തില്‍ നിന്നു ഉടനടി നീക്കം ചെയ്യേണ്ടതാണ്.
ശ്രീനാരായ ഗുരുവിന്റെ ഗുരു ചട്ടമ്പി സ്വാമികള്‍!
      ചട്ടമ്പി സ്വാമികള്‍ ശ്രീനാരായണ ഗുരുവിന്റെ ഗുരുവാണെന്നും ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ കാല്‍ക്കല്‍ വീണിട്ടുണ്ടെന്നുമുള്ള സവര്‍ണ ഗീര്‍വാണങ്ങള്‍ പണ്ടുമുതലേയുണ്ട്. ഇതിന്റെ പൊള്ളത്തരം തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി.നേതാവും മുസ്ലീങ്ങളും അവര്‍ണ ക്രിസ്ത്യാനികളുമടക്കമുള്ള പിന്നാക്കക്കാര്‍ക്ക് ഉദേ്യാഗ സംവരണം ലഭിക്കാനായി 'നിവര്‍ത്തന പ്രക്ഷോഭം'സംഘടിപ്പിച്ച വ്യക്തിയുമായ സി.കേശവന്‍ തുറന്നുകാണിക്കുന്നത് നോക്കുക(ജീവിത സമരം, സി.കേശവന്‍, പേജ് 258): ''ഒരു സ്‌കൂളിന്റെ ഉദ്ഘാടനത്തിനു ചട്ടമ്പി സ്വാമികളും സന്നിഹിതനായിരുന്നു. അദ്ദേഹം വരുമ്പോള്‍, വളരെക്കാലം സ്‌കൂളിന്റെ മാനേജരായിക്കഴിഞ്ഞ മാന്യന്റെ വീട്ടില്‍ നാരായണ ഗുരു വിശ്രമിക്കുകയാണ്. ചട്ടമ്പി സ്വാമികള്‍ വരുന്നതുകണ്ട് നാരായണ ഗുരു പറയുകയാണ്:''ചട്ടമ്പി വരുന്നു. ഒരു കസേര നീക്കിയിടൂ''. നാരായണ ഗുരു എണീറ്റില്ല. സാഷ്ടാംഗ നമസ്‌കാരം ചെയ്തില്ല. വലുതായ സൗഹൃദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നത വ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത്. പക്ഷേ, ഇയ്യിടെ ചട്ടമ്പി സ്വാമി ശതാബ്ദി സ്മാരക ഗ്രന്ഥത്തില്‍ ഒരു വിദ്വാന്‍കുട്ടി കാച്ചിവിട്ടിരിക്കുന്നതു കണ്ടു. തയ്ക്കാട്ടെവിടെയൊ വച്ച് ചട്ടമ്പി സ്വാമി തിരുവടികളെ കണ്ടമാത്രയില്‍ ശ്രീനാരായണ ഗുരു സ്വാമികള്‍ സാഷ്ടാംഗം നിലംപതിച്ച് ചട്ടമ്പി സ്വാമിപാദങ്ങളില്‍ തലമുട്ടിച്ചു കഴിഞ്ഞുവെന്നും, ചട്ടമ്പി സ്വാമികള്‍ ''ഛീ ഛീ''എന്ന് അപ്പോള്‍ നാരായണ ഗുരുവിനെ ശാസിച്ചു എന്നും, പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചെന്നും, നാരായണ ഗുരു കണ്ണീര്‍ വാര്‍ത്തെന്നും മറ്റും മറ്റും. ഞാന്‍ മേല്പറഞ്ഞ സംഭവം നടക്കുന്നതിനടുത്താണ് ഈ സംഭവം നടന്നത്. അതാണ് വിശേഷം! ഇത്തരം 'നിപുണമായ'പച്ചപ്പൊളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യന്മാരെന്നല്ലാതെ എന്തു പറയാനാണ്!''
      മേല്‍പ്പറഞ്ഞ പുസ്തകങ്ങളിലെല്ലാം ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ഗാന്ധിജി ഇടപെട്ട് അവര്‍ണര്‍ക്ക് തുറന്നു കൊടുത്തു എന്ന അര്‍ത്ഥത്തിലാണ് മിക്കവരും എഴുതാറ്. പത്താം തരത്തിലെ പുസ്തകത്തില്‍ പറയുന്നത് ഗുരുവായൂര്‍ ക്ഷേത്രം അയിത്തജാതിക്കാര്‍ക്ക് തുറന്നു കൊടുക്കാന്‍ സത്യഗ്രഹം സഹായം ചെയ്തു എന്നാണ്. 1932 ല്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തി വച്ച സമരത്തിന്റെ ഫലമായി 14 കൊല്ലം കഴിഞ്ഞ് 1946 ല്‍ ഗുരുവായൂരില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം ലഭിച്ചെന്ന്! ഗുരുവായൂര്‍ സത്യഗ്രഹത്തിനുള്ള ക്രെഡിറ്റ് നല്‍കേണ്ടവരില്‍ ഒന്നാമന്‍ എ.കെ.ജി.യാണ്. 1931 നവംബര്‍ 1 നാണ് ഗുരുവായൂരില്‍ എ.കെ.ഗോപാലന്‍ ക്യാപ്റ്റനായി സത്യഗ്രഹം ആരംഭിച്ചത്. ഗാന്ധിജി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 1932 ഒക്‌ടോബര്‍ 22 ന് സമരം പിന്‍വലിച്ചു. പിന്നീട് 1946 ലാണ് ഗുരുവായൂര്‍ ക്ഷേത്രം അയിത്ത ജാതിക്കാര്‍ക്ക് തുറന്നുകൊടുത്തത്. നിര്‍ണ്ണായക ഘട്ടം വന്നപ്പോള്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല അതിനെതിരെ നിലപാടെടുക്കുകയും ചെയ്തു. ഇതേക്കുറിച്ച് ഡോ:ബി.ആര്‍.അംബേദ്കര്‍ ഇങ്ങനെ പറയുന്നു (ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16, പേജ് 233): 1933-ല്‍ മി.ഗാന്ധി രണ്ടു പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തു. ഒന്ന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനമായിരുന്നു. മറ്റൊന്ന് കേന്ദ്ര നിയമസഭയില്‍ മി.രംഗയ്യര്‍ അവതരിപ്പിച്ച ക്ഷേത്രപ്രവേശന ബില്‍ പാസ്സാക്കുന്ന കാര്യമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം ഒരു നിശ്ചിത തീയതിക്കുള്ളില്‍ അയിത്തജാതിക്കാര്‍ക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ താന്‍ മരണംവരെ ഉപവസിക്കുമെന്ന് മി.ഗാന്ധി പ്രഖ്യാപിച്ചു. എന്നാല്‍ മി.ഗാന്ധി നിര്‍ദ്ദേശിച്ച തീയതിക്കു ശേഷവും ക്ഷേത്രം തുറക്കപ്പെട്ടില്ല. പക്ഷേ ഉപവാസം നടത്തുമെന്ന പ്രതിജ്ഞ മി.ഗാന്ധി നിറവേറ്റിയില്ല. ആശ്ചര്യമെന്നു പറയട്ടെ തന്റെ പ്രതിജ്ഞക്കു ശേഷം പതിമൂന്നു വര്‍ഷം പിന്നിട്ടിട്ടും ഗുരുവായൂര്‍ ക്ഷേത്രം തുറന്നു കിട്ടാന്‍ അദ്ദേഹം ഒന്നും ചെയ്തില്ല. ക്ഷേത്രപ്രവേശന ബില്ലിന് അവതരണാനുമതി ലഭിക്കാന്‍ മി.ഗാന്ധി ഗവര്‍ണര്‍ ജനറലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ബില്‍ പാസ്സാക്കി എടുക്കാന്‍ പ്രതിജ്ഞാബദ്ധമായ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിധേയമാക്കണമെന്ന ഘട്ടം എത്തിയപ്പോള്‍ അതിനെ അനുകൂലിക്കാന്‍ വിസമ്മതിച്ചു. ബില്‍ ഹിന്ദുക്കളെ പ്രകോപിക്കുന്നതാണെന്നും ബില്ലിനെ കോണ്‍ഗ്രസ്സ് അനുകൂലിച്ചാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുമെന്നും ബോധ്യമായതാണ് കാരണം. മി.രംഗയ്യര്‍ക്ക് വലിയ മന:ക്‌ളേശം വരുത്തി വച്ചുകൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ദേഹത്തെ കൈയൊഴിഞ്ഞു. ബില്‍ അകാല മൃത്യുവിന് ഇരയാവുകയും ചെയ്തു. മി.ഗാന്ധി ഇക്കാര്യം ഗൗരവമായി എടുത്തില്ല. അദ്ദേഹം കോണ്‍ഗ്രസ്സ് നിലപാട് സാധൂകരിക്കാന്‍ ശ്രമിക്കുകയും ഉണ്ടായി.''
           വൈക്കം സത്യഗ്രഹത്തെക്കുറിച്ചും പത്താം തരം ചരിത്ര പാഠപുസ്തകത്തിലുണ്ട്. പൊതുവെ പറയുന്ന നുണ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. ''ഒടുവില്‍ 1925 മാര്‍ച്ചില്‍ ഗാന്ധിജി നേരിട്ട് വൈക്കത്ത് എത്തുകയും അധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന നാലു റോഡുകളില്‍ മൂന്നെണ്ണം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു''. പച്ചക്കള്ളമാണ് ഈ പ്രസ്താവന. 1925 മാര്‍ച്ച് 30 ന് തുടങ്ങി 1925 നവംബര്‍ 23 നാണ് വൈക്കം സത്യഗ്രഹം അവസാനിച്ചത്. 1925 മാര്‍ച്ചില്‍ ഗാന്ധിജി വൈക്കത്ത് വന്നു എന്ന കാര്യം ശരിതന്നെ. പക്ഷേ, സമര കാരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നേടിയിരുന്നില്ല. പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ അനുവാദമുള്ള ക്ഷേത്ര റോഡിലൂടെ തങ്ങളെയും നടക്കാന്‍ അനുവദിക്കണമെന്നാണ് അയിത്തജാതിക്കാര്‍ ആവശ്യപ്പെട്ടത്. (ഈ അയിത്തജാതിക്കാരുടെ വിയര്‍പ്പും ചോരയും ലയിച്ചു ചേര്‍ന്ന റോഡാണത്. വൈക്കം ക്ഷേത്രവും നിര്‍മ്മിച്ചതും അയിത്തജാതിക്കാര്‍ തന്നെ. വൈക്കത്തപ്പന്റെ വിഗ്രഹമുണ്ടാക്കിയതും അയിത്തജാതിക്കാരന്‍ തന്നെ. പക്ഷേ, എല്ലാം കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് 'ശുദ്ധ'മാക്കി അയിത്തജാതിക്കാരെ ആട്ടിയകറ്റും. എന്നാല്‍ അയിത്തജാതിക്കാര്‍ക്ക് ഒരു 'ഉപകാരം' ക്ഷേത്ര ഭരണാധികാരികള്‍ ചെയ്തിരുന്നു. അയിത്തജാതിക്കാര്‍ക്ക് 'ദക്ഷിണ' സമര്‍പ്പിക്കാനുള്ള 'അവകാശം'. അവരുടെ തുട്ടിന് അയിത്തമില്ലായിരുന്നു! അയിത്തജാതിക്കാര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തി മതിലില്‍ സ്ഥാപിച്ച 'തീണ്ടല്‍പ്പലക'യുടെ താഴെയായിരിക്കും ഭണ്ഡാരം ഉണ്ടാവുക). എന്നാല്‍ ആ വഴി തുറന്നുകൊടുത്തില്ല. നാലു വഴികളില്‍ ഒരു വഴി അയിത്തജാതിക്കാര്‍ക്ക് തുറന്ന് കൊടുത്തു. 'അഹിന്ദുക്കള്‍ക്ക് സഞ്ചരിക്കുന്ന അതിര്‍ത്തിവരെയും അയിത്തജാതിക്കാര്‍ക്കും സഞ്ചരിക്കാം'എന്നായിരുന്നു അരുളപ്പാടുണ്ടായത്. ഇവിടെ മറ്റൊരു സത്യം ഒളിഞ്ഞു കിടക്കുന്നു. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നടക്കാന്‍ സവര്‍ണ ഭരണകൂടം അനുമതി നല്‍കിയ റോഡിലൂടെ 'വിശാല ഹിന്ദുക്കളായ'ചെറുമനും പുലയനും ഈഴവനുമൊന്നും പ്രവേശനം നല്‍കിയിരുന്നില്ല എന്ന സത്യം. ഈ സത്യമൊക്കെ കുട്ടികള്‍ മനസ്സിലാക്കിയാല്‍ കുഴപ്പമല്ലേ! വൈക്കം സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ ചരിത്രമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. അതില്‍ ജാതി ചിന്ത മനസ്സില്‍ സൂക്ഷിക്കുന്ന സവര്‍ണരില്‍ പ്രതിഷേധമുണ്ടാക്കുമെന്നു ഭയപ്പെടേണ്ടതില്ല. അല്ലാത്തപക്ഷം ഈ സവര്‍ണ പാഠം പാഠപുസ്തകത്തില്‍ നിന്നു പിന്‍വലിക്കുകയെങ്കിലും വേണം!
           നമ്മുടെ നാടിന്റെയും നാട്ടാരുടെയും ചരിത്രം എഴുതുന്നത് ചരിത്രത്തില്‍ ജയിച്ചവരുടെ പ്രതിനിധികളാണ്. ഇതുകൊണ്ടുതന്നെ ചരിത്രത്തില്‍ തോറ്റവര്‍ക്ക് ചരിത്രപുസ്തകങ്ങളില്‍ സ്ഥാനമില്ല. അവര്‍ക്ക് 'പൈതൃക'മില്ലല്ലോ! അവര്‍ണ ജനതയുടെ സംസ്‌കാരങ്ങളെയും, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മിടുക്കു തെളിയിച്ച അവര്‍ണ വിപ്‌ളവകാരികളെയും അംഗീകരിക്കുവാന്‍ സവര്‍ണ ചരിത്രകാരന്മാര്‍ തയ്യാറല്ല. നീയല്ലെങ്കില്‍ നിന്റെ തന്തയാണ് അരുവിയിലെ വെള്ളം കലക്കിയതെന്ന് പണ്ടൊരു ചെന്നായ ചെമ്മരിയാട്ടിന്‍കുട്ടിയോട് പറഞ്ഞുവല്ലോ. ഇതിന്റെ മറ്റൊരു രൂപമാണ് അവര്‍ണ വിപ്‌ളവകാരികളുടെ കാര്യത്തില്‍ സവര്‍ണ ചരിത്രകാരന്മാര്‍ പ്രയോഗിക്കുന്നത്. 'നീ ബ്രാഹ്മണനല്ലെങ്കില്‍ നിന്റെ തന്ത ബ്രാഹ്മണന്‍; നീ നായരല്ലെങ്കില്‍ നിന്റെ കുരു നായര്‍' എന്ന നിലപാട്. ഏറെ പുരോഗമിച്ചു എന്നു പറയുന്ന കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ. പക്ഷേ, ഇതൊന്നും വിളിച്ചു പറയരുത്! വിളിച്ചു പറഞ്ഞാല്‍ ജാതിവാദിയാകും!!
.......................