My Blog List

Wednesday, February 11, 2015

ടി.കെ. കൃഷ്ണമേനോന്‍ വെറുമൊരു മേനോനായിരുന്നില്ല

കേരളശബ്ദം വാരിക 2015 ഫെബ്രുവരി 22 (Date of Release 07.02.2015)

   ഗാന്ധിജിയുമായി തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഈ.വി.രാമസ്വാമി നടത്തിയ ഒരു സംഭാഷണമാണ് (ഞാനും നിങ്ങളും, ഈ.വി.രാമസ്വാമി, പേജ് 43) താഴെ കൊടുത്തിരിക്കുന്നത്.
ഗാന്ധിജി: എനിക്കാശ്ചര്യം തോന്നുന്നു. അങ്ങനെയാണെങ്കില്‍, ലോകത്തില്‍ ഒരു ബ്രാഹ്മണനും യോഗ്യനല്ല എന്നാണോ നിങ്ങളുടെ അഭിപ്രായം?
ഈ.വി.രാമസ്വാമി: ഉണ്ടോ, ഇല്ലയോ, എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗാന്ധിജി: അങ്ങനെ പറയരുത്. ഞാന്‍ ഒരു ബ്രാഹ്മണനെ കണ്ടിട്ടുണ്ട്. അദ്ദേഹം നല്ല ബ്രാഹ്മണനാണെന്നതില്‍ ഇപ്പോഴും എനിക്ക് സംശയമില്ല. ആരാണെന്നോ, ഗോപാലകൃഷ്ണ ഗോഖലെ.
ഈ.വി.രാമസ്വാമി: ആവൂ! താങ്കളെപ്പോലെയുള്ള മഹാത്മാവിന്റെ കണ്ണുകള്‍ക്ക് ഈ വിശാലമായ ലോകത്തില്‍ ഒരേയൊരു ബ്രാഹ്മണനെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ എങ്കില്‍, ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ കണ്ണുകള്‍ക്ക് എങ്ങനെയാണ് സത്യസന്ധനായ ബ്രാഹ്മണനെ കണ്ടുമുട്ടാനാവുക?
     ശരിയാണ്, ജാതിബോധത്തെ മറികടന്ന് മനുഷ്യനായി മാറുന്നവര്‍ വളരെ കുറവാണ്. ഇങ്ങനെയുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന്‍. പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ദിവാന്‍ രാജഗോപാലാചാരി 1910 മാര്‍ച്ച് 1-ന് ഉത്തരവിറക്കിയതിന്റെ പിറ്റെദിവസം അതിനെ വിമര്‍ശിച്ച്, ''എല്ലാ വര്‍ഗത്തിലും ജാതിയിലും പെട്ട വിദ്യാര്‍ത്ഥികളെ ഒന്നിച്ചിരുത്തുന്നതില്‍ അനുകൂലിക്കുന്നവരുടെ വാദത്തെ പിന്താങ്ങുവാന്‍ ഞങ്ങള്‍ കാരണം കാണുന്നില്ല. അത് സാമൂഹിക മന:ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരായിട്ടുള്ളതാണ്. നൂറ്റാണ്ടുകളായി ബുദ്ധിക്കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും നിലം കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഒപ്പം പ്രവര്‍ത്തിക്കണമെന്നു പറയുന്നത് കുതിരയെയും പോത്തിനെയും ഒന്നിച്ചു നുകത്തില്‍ കെട്ടുന്നതുപോലെയാണ്'' എന്നു പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെപ്പോലുള്ളവര്‍ ഏറെ വാഴ്ത്തപ്പെടുമ്പോള്‍ കൃഷ്ണ മേനോനെപ്പോലെയുള്ളവര്‍ കേരള സാമൂഹിക ചരിത്രത്തിലും സാഹിത്യ ചരിത്രത്തിലും താഴ്ത്തപ്പെട്ടുകിടക്കുകയാണ്.
      എറണാകുളത്ത് പടിഞ്ഞാറെ തോട്ടയ്ക്കാട്ടു കുട്ടിപ്പാറു അമ്മയുടെയും നന്തിക്കരെ ചാത്തുപ്പണിക്കരുടെയും മകനായി 1869 ഡിസംബര്‍ 9-ന് ടി.കെ.കൃഷ്ണ മേനോന്‍ ജനിച്ചു. എഴുത്തുകാരന്‍ മാത്രമല്ല അഭിഭാഷകനുമായിരുന്നു കൃഷ്ണ മേനോന്‍. കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ച കൃഷ്ണ മേനോന്‍ സാഹിത്യ പരിഷത്ത്, സന്മാര്‍ഗപോഷിണി സഭ, കൊച്ചി സാഹിത്യ സമാജം തുടങ്ങിയ സമിതികളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. വിദ്യാവിനോദിനി, മംഗളോദയം എന്നീ മാസികകള്‍ക്ക് കൃഷ്ണ മേനോന്റെ സേവനം ലഭിച്ചിട്ടുണ്ട്. കുറേക്കാലം കൊച്ചി നിയമസഭയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 1918-ല്‍ കൊച്ചി മഹാരാജാവ് 'സാഹിത്യകുശലന്‍'
എന്ന ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. 1949 മെയ് 9-ന് അന്തരിച്ച കൃഷ്ണ മേനോന്‍ ചരിത്രം, മതം, ശാസ്ത്രം, ജീവചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രാചീനാര്യാവര്‍ത്തം, ഇന്ത്യയിലെ മഹാന്മാര്‍, ഹിന്ദുമതം, കേരള സംസ്‌കാരം, ഭാരതീയ വനിതാദര്‍ശം, ലേഖനമാല, ഭാഷാ കാവ്യപ്രവേശിക എന്നീ മലയാള ഗ്രന്ഥങ്ങള്‍ക്കു പുറമെ എ പ്രൈമര്‍ ഓഫ് മലയാളം ലിറ്ററേച്ചര്‍, ദ ഡേയ്‌സ് ദാറ്റ് വേര്‍, ദ ദ്രവീഡിയന്‍ കള്‍ച്ചര്‍ ആന്റ് ഇറ്റ്‌സ് ഡിഫ്യൂഷന്‍ എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കെ.പി.പത്മനാഭ മേനോന്റെ കേരള ചരിത്രം നാലു ഭാഗങ്ങളായി ഇംഗ്ലീഷില്‍ പ്രസാധനം ചെയ്യുകയും ചെയ്തു. സാഹിത്യകാരിയായിരുന്ന ടി.സി. കല്യാണിയമ്മയായിരുന്നു ഭാര്യ.
     പേരില്‍നിന്നു ജാതിവാല്‍ ഒഴിവാക്കിയതുകൊണ്ട് മാത്രം ജാതിചിന്ത പോകില്ല എന്നതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ പേരില്‍ ജാതിവാലുള്ള അപൂര്‍വ്വം ചിലര്‍ ജാതിചിന്തയില്ലാത്തവരുമായുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട വ്യക്തിയാണ്, ജീവിച്ചിരുന്ന കാലത്ത് കൊച്ചിയിലെ സാഹിത്യ-ചരിത്ര-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കൃഷ്ണ മേനോന്‍. തന്റെ ജാതിക്കൊപ്പം നില്‍ക്കുകയോ തന്റെ ജാതിക്കു മേലെയായി കണക്കാക്കുന്ന ജാതികളെ ബഹുമാനിക്കുകയും അവരോട് ഐക്യപ്പെടുവാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഒരു നിലപാടാണ് പൊതുവെയുള്ളത്. ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു ടി.കെ.കൃഷ്ണ മേനോന്‍. ഈ മേനോന്‍ വെറുമൊരു മേനോനായിരുന്നില്ല. മനുഷ്യനെ മനുഷ്യനായി കാണാന്‍ മനസ്സുള്ള നല്ല മനുഷ്യനായിരുന്നു. ജാതിയുടെ പേരില്‍ കഷ്ടതകളും അപമാനങ്ങളും അവഹേളനങ്ങളും സഹിച്ച അവര്‍ണരോട് ഒപ്പം നില്‍ക്കാനും അവരോട് ഐക്യപ്പെടുവാനും തയ്യാറായ മേനോന്‍. കൊച്ചി നായര്‍ മഹാസഭയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച കൃഷ്ണ മേനോന്‍ പുലയര്‍, മുക്കുവര്‍ തുടങ്ങിയ സമുദായക്കാരുടെ സാമൂഹിക അഭിവൃദ്ധിക്കായി അവരുടെ സമുദായ സംഘടനകള്‍ ഉണ്ടാക്കുന്നതിനുകൂടി പ്രോത്സാഹനം നല്‍കി.
പുലയര്‍ക്കും മറ്റും പൊതുവഴി നടക്കാനോ അക്ഷരം പഠിക്കാനോ ചന്തകളിലേക്ക് പോകാനോ കൂട്ടം കൂടുവാനോ അവകാശമില്ലാതിരുന്ന കാലം. കരയില്‍ പാടില്ലെങ്കില്‍ കായലില്‍വെച്ചാകാമെന്ന് ഒരു കൂട്ടര്‍ തീരുമാനിച്ചു. കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ യോഗം ചേരാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് 1913 ഏപ്രില്‍ 21-ന് കൊച്ചിയില്‍ പുലയര്‍ കായല്‍ സമ്മേളനം നടത്തിയത്. പുലയരല്ലാത്ത രണ്ടുപേര്‍ മാത്രമാണ് കായല്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. അതിലൊരാള്‍ പണ്ഡിറ്റ് കെ.പി.കറുപ്പനാണ്. മറ്റേയാള്‍ ടി.കെ.കൃഷ്ണ മേനോനും. സമ്മേളനത്തിന്റെ വിജയത്തിനായി ഇദ്ദേഹം എല്ലാവിധ സഹായങ്ങളും നല്‍കി. തികഞ്ഞ മനുഷ്യസ്‌നേഹവും ആര്‍ജ്ജവവുമുള്ള ഒരാള്‍ക്കു മാത്രമേ അക്കാലത്ത് ഇങ്ങനെ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈയൊരൊറ്റ പ്രവൃത്തിയിലൂടെത്തന്നെ കൃഷ്ണ മേനോന്‍ ആദരവിന് അര്‍ഹനാണ്.
     ഈ പരിപാടിയില്‍ പങ്കെടുത്ത പണ്ഡിറ്റ് കെ.പി.കറുപ്പന്‍ മുക്കുവ സമുദായക്കാരനായിരുന്നു. കൊച്ചീ രാജാവിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാടകമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിന്റെ 'ബാലാകലേശം' എന്ന നാടകത്തിനാണ്. പ്രത്യക്ഷത്തില്‍ രാജാവിനെ സ്തുതിച്ചുകൊണ്ടാണ് നാടകമെങ്കിലും പരോക്ഷമായി അക്കാലത്ത് നാട്ടില്‍ നടമാടിയിരുന്നു ജാതിത്തെമ്മാടിത്തരങ്ങളെ തുറന്നു കാണിക്കുന്നതായിരുന്നു പ്രസ്തുത നാടകം. ഈ നാടകം സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയ്ക്ക് തീരെ പിടിച്ചില്ല. രാമകൃഷ്ണപ്പിള്ള നാടകത്തിനെതിരെ പല ആരോപണങ്ങളും നിരത്തി. ഒടുക്കം, പണ്ഡിറ്റ് കറുപ്പന്‍ മുക്കുവ സമുദായക്കാരനായതുകൊണ്ടു മാത്രം 'കറുപ്പന്റെ കവിതയില്‍ മത്സ്യഗന്ധം അനുഭവപ്പെടുന്നു' എന്നുകൂടി പറഞ്ഞു രാമകൃഷ്ണപ്പിള്ള! രാമകൃഷ്ണപ്പിള്ളയുടെ ഈ ജാതിവാദത്തിനെതിരെ പണ്ഡിറ്റ് കറുപ്പന്റെ പക്ഷം ചേര്‍ന്ന് നമ്മുടെ കൃഷ്ണ മേനോന്‍ രംഗത്തെത്തി. ഈ സംഭവം സാഹിത്യ മണ്ഡലത്തില്‍ വലിയൊരു വിവാദമായിമാറി. രാമകൃഷ്ണപ്പിള്ളയ്ക്കും മറ്റും രംഗത്തുനിന്നു പിന്മാറേണ്ടിവന്നു. ഈ വിവാദം പിന്നീട് 'ബാലാകലേശ വിവാദം'എന്ന പേരില്‍ ഒരു പുസ്തകമായി കേരള സാഹിത്യ ചരിത്രത്തില്‍ രേഖപ്പെട്ടു.
    1893-ല്‍ താഴ്ന്ന ജാതിക്കാരുടെ അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കുമായി 'സത്യശോധക് സമാജ്' എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ച മഹാരാഷ്ട്രയിലെ മേല്‍ജാതിക്കാരനായ മഹാത്മാ ജോതിറാവു ഫൂലേയുടെ ഗണത്തില്‍പ്പെട്ട ടി.കെ.കൃഷ്ണ മേനോനെ മാനവികതയില്‍ വിശ്വസിക്കുന്നവരെല്ലാംതന്നെ തിരിച്ചറിയേണ്ടതും അര്‍ഹിക്കുന്ന ആദരവ് നല്‍കേണ്ടതുമാണ്. കേരള ചരിത്രത്തില്‍ താഴ്ത്തപ്പെട്ടുകിടക്കുന്ന ടി.കെ. കൃഷ്ണ മേനോനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകതന്നെ വേണം.