My Blog List

Tuesday, December 21, 2010

ചത്തുപോയ സാഹിത്യകാരന്മാര്‍

ശങ്കരനാരായണന്‍ മലപ്പുറം
                          ഒരു പ്രസിദ്ധീകരണം മണ്‍മറഞ്ഞ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ഒരു പ്രതേ്യക പതിപ്പ് ഈയിടെ പുറത്തിറക്കുകയുണ്ടായി. മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില പേരുകള്‍ അതില്‍ കണ്ടില്ല. അവര്‍ വര്‍ണത്തിനു പുറത്തുള്ളവരായിരുന്നു. അവര്‍ നാടുനീങ്ങിയവരല്ല; തീപ്പെട്ടവരല്ല; കാലം ചെയ്തവരല്ല; പരലോകം പ്രാപിച്ചവരല്ല; സ്വര്‍ഗ്ഗം പൂകിയവരല്ല; ദിവംഗതരായവരല്ല; മൃതിയടഞ്ഞവരും നിര്യാതരായവരും അന്തരിക്കുകയും മരിക്കുകയും ചെയ്തവരുമല്ല. അവര്‍ ചത്തു പോയവരായിരുന്നു. ചില പ്രതേ്യക വിഭാഗക്കാര്‍ പൊതുവെ 'ചത്തു'പോകുന്ന അവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. അവരുടെ സ്ത്രീകളുടെ 'തിരുവയര്‍ ഒഴിയാ'റില്ല; അവര്‍ പ്രസവിക്കാറുമില്ല; 'കുരങ്ങിടുക'യാണ് ചെയ്യാറ്. അവര്‍ 'അമൃതേത്ത്' കഴിക്കാറോ ഊണ് കഴിക്കാറോ ഇല്ല. 'കരിക്കാടി' മോന്താറാണ് പതിവ്. സവര്‍ണര്‍ പള്ളിനീരാട്ടും തേവാരവും കുളിയുമൊക്കെ നടത്തുമ്പോള്‍ ഇക്കൂട്ടര്‍ 'നനച്ചില്‍' നടത്താറാണ് പതിവ്. ഇവര്‍ക്ക് താമസിക്കാന്‍ ഇല്ലവും മനയും കൊട്ടാരവും കോവിലകവും മഠവും വാര്യവും പിഷാരവും ഇല്ല. ഇക്കൂട്ടര്‍ താമസിക്കേണ്ടത് കൂരയിലും കുടിലിലും കുടിയിലും ചാളയിലും മാടത്തിലും ചെറ്റയിലുമൊക്കെയാണ്. ('ചെറ്റ' എന്നത് തെറിവാക്കായാണല്ലോ ഉപയോഗിച്ചു വരുന്നത്. ഈ പ്രയോഗത്തിന് ജാതിയുമായി ബന്ധമുണ്ട്. 'ചെറ്റ'കളാല്ലാത്തവര്‍ക്ക് തിന്നു കുടിച്ചു മദിച്ചു സുഖിച്ചു രസിക്കാനുള്ളതൊക്കെ ചോര നീരാക്കി ഉണ്ടാക്കിക്കൊടുത്തിരുന്നത് 'ചെറ്റ'കളായിരുന്നു. പക്ഷേ, 'ചെറ്റകള്‍' ഇക്കൂട്ടര്‍ക്ക് മോശക്കാരായി. അവരെ 'ചെറ്റ'കളെന്നു വിളിച്ച് ആക്ഷേപിച്ചു). 
              'ചത്തു'പോയ എല്ലാ സാഹിത്യകാരന്മാരെക്കുറിച്ചും എഴുതാന്‍ സാധിക്കണമെന്നില്ല. എങ്കിലും കേരള സാഹിത്യ ചരിത്രത്തില്‍ നിന്നു ടി.കെ.സി.വടുതലയെയും മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരെയും പണ്ഡിറ്റ് കെ.പി.കറുപ്പനെയും യാതൊരു കാരണ വശാലും ഒഴിവാക്കാന്‍ സാധിക്കുകയില്ല.
                             കൊച്ചി രാജാവിന്റെ ഷഷ്ഠിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് 1912 ല്‍ നടത്തിയ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് 'ബാലാകലേശം'. ഈ നാടകം രചിച്ചത് ധീവര (മുക്കുവ) സമുദായക്കാരനായ പണ്ഡിറ്റ് കെ.പി.കറുപ്പനായിരുന്നു. പ്രത്യക്ഷത്തില്‍ രാജാവിനെ സ്തുതിക്കുന്ന നാടകമാണങ്കിലും പരോക്ഷമായി കൊച്ചിയില്‍ നടമാടിയിരുന്ന ജാതിത്തെമ്മാടിത്തരങ്ങളെ തുറന്നു കാണിക്കുന്നതായിരുന്നു പ്രസ്തുത നാടകം. ഈ നാടകത്തിനെതിരെ ഒരു സവര്‍ണപ്പട തന്നെ രംഗത്തു വരികയുണ്ടായി. ഇക്കൂട്ടത്തില്‍ സ്വദേശാഭിമാനി കെ.രാമകൃഷ്ണപ്പിള്ളയുമുണ്ടായിരുന്നു. 'ബാലാകലേശ'ത്തെ 'വാലാകലേശം' എന്നു പരിഹസിച്ച (ധീവര സമുദായക്കാരെ കൊച്ചിയില്‍ വാലന്മാര്‍ എന്നും വിളിക്കാറുണ്ട്) ഈ പിള്ള 'കറുപ്പന്റെ കൃതിയില്‍ മത്സ്യഗന്ധം അനുഭവപ്പെടുന്നു' എന്നുപോലും പറയുകയുണ്ടായി.
               കൊച്ചി നിയമസഭയിലെ അംഗമായിരുന്നു കെ.പി.കറുപ്പന്‍. ആയവസരത്തില്‍ മദ്രാസ് ഗവര്‍ണറായിരുന്ന ഘോഷന്‍ പ്രഭു സംസ്ഥാന അതിഥിയായി കൊച്ചി സന്ദര്‍ശിച്ചു. കൊച്ചി മഹാരാജാവ് പ്രഭുവിനൊരു ഉദ്യാനവിരുന്ന് നല്‍കി. പ്രസ്തുത വിരുന്നിലേക്ക് മറ്റെല്ലാ നിയമസഭാംഗങ്ങളെയും ക്ഷണിച്ചെങ്കിലും കറുപ്പനെ മാത്രം ക്ഷണിച്ചില്ല. കറുപ്പന്റെ ജാതി തന്നെയായിരുന്നു ഇതിനു കാരണം. നിന്ദ്യമായ ഈ അവഗണയെ ചോദ്യം ചെയ്തുകൊണ്ടെഴുതിയ കൃതിയാണ് 'ഉദ്യാന വിരുന്ന്'. (ഉദ്യാന വിരുന്ന് നടന്ന വേദി ഇന്നും എറണാകുളത്തെ സുഭാഷ് പാര്‍ക്കിലുണ്ട്). 1925 ല്‍ മഹാരാജാവിന്റെ ആള്‍ക്കാര്‍ കറുപ്പനോട് അയിത്തം കാണിച്ചു; 2010 ല്‍ ഈ പത്രം പണ്ഡിറ്റ് കെ.പി.കറുപ്പനോട് അയിത്തം കാണിച്ചു!
                              1893 ല്‍ മലയാള സാഹിത്യ മണ്ഡലത്തില്‍ വലിയൊരു 'സാഹിത്യ-ജാതി യുദ്ധം' നടക്കുകയുണ്ടായി. വലിയൊരു സവര്‍ണ സാഹിത്യപ്പടയുമായി ഈഴവനായ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ ഒറ്റയ്ക്ക് ഏറ്റുമുട്ടി. ഏറെ ദിവസങ്ങള്‍ നീണ്ടു നിന്ന ആ യുദ്ധത്തില്‍ വിജയിച്ചത് മൂലൂര്‍ തന്നെയായിരുന്നു. 'തല നിറച്ചു കുടുമയും ഉള്ളു നിറച്ചു പഴമയും' ഉള്ള കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാനാണ് ഈ 'യുദ്ധ'ത്തിനു വിത്തു പാകിയത്. ''ഈ മഹായുദ്ധത്തിന്റെ സാക്ഷാല്‍ കാരണം മൂലൂരിന്റെ 'കവിരാമായണ'മായിരുന്നുവല്ലോ. അതിന്റെ കാരണം കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ 'കവിഭാരത'വും, അതിന്റെ കാരണം തമ്പുരാന്‍ കുശുമ്പും ആണെന്നുള്ളതാണ് സത്യം'' എന്നാണ് എന്‍.കെ.ദാമോദരന്‍ (സരസകവി മൂലൂരിന്റെ സാഹിത്യ സംഗരങ്ങള്‍, പേജ് 15) പറയുന്നത്.
                     'തലനിറച്ചു കുടുമയും ഉള്ളു നിറച്ചു പഴമയും' ഉള്ള കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ 'കവിഭാരതം' എന്നൊരു കൃതി രചിച്ചു. ഇതില്‍ സവര്‍ണരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതില്‍ പ്രതിഷേധിച്ച് മൂലൂര്‍ 'കവിരാമായണം' എന്നൊരു കൃതി രചിച്ചു. കവിരാമായണത്തില്‍ അന്നുണ്ടായിരുന്ന എല്ലാ എഴുത്തുകാര്‍ക്കും സ്ഥാനം നല്‍കി. ഈ കൃതിക്കെതിരെ കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാനും ഉള്ളൂരുമടക്കമുള്ള പല കവികളും രംഗത്തു വന്നു. എല്ലാവരും മൂലൂരിനെ ജാതി പറഞ്ഞ് ആക്ഷേപിച്ചു. ഇവര്‍ക്കൊക്കെ മൂലൂര്‍ കണക്കിനു മറുപടി കൊടുത്തു. കൂട്ടത്തില്‍ ഒരു 'ഭദ്രകാളിയമ്മ'യും രംഗത്തു വരികയുണ്ടായി. 'കവിരാമായണ'ത്തില്‍ ഉള്‍പ്പെടുത്തിയ ചില നായര്‍ കവയിത്രികളെ അമ്മ എന്ന് ചേര്‍ക്കാതെയാണ് മൂലൂര്‍ സംബോധന ചെയ്തത്. ഇത് 'ഭദ്രകാളി'ക്ക് പിടിച്ചില്ല. 'ഭദ്രകാളി' ഈഴവനായ മൂലൂരിനെ കുരങ്ങനെന്നും മരഞ്ചാടിയെന്നും മരങ്കേറിയെന്നും(മരം കേറലായിരുന്നുവല്ലോ പൊന്നു തമ്പ്രാക്കള്‍ ഈഴവര്‍ക്ക് നല്‍കിയിരുന്ന കുലത്തൊഴില്‍) പണിക്കനല്പ്പനെന്നും പറഞ്ഞ് ആക്ഷേപിച്ചു. 'ഭദ്രകാളി' എന്നതൊരു കള്ളപ്പേരായിരുന്നു. ഈ കള്ളപ്പേരിന്റെ ഉടമ 'സ്വജാത്യാഭിമാനി'യായ സാക്ഷാല്‍ 'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ള തന്നെയായിരുന്നു. കേരള സാഹിത്യ ചരിത്രത്തില്‍ ഈ 'യുദ്ധ'ത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 'തലയില്‍ നിറച്ച് ദേശീയതയും ഉള്ളില്‍ നിറച്ച് പഴമയും' ഉള്ളതുകൊണ്ടു മാത്രമല്ല ഈ പ്രസിദ്ധീകരണം മൂലൂരിനെ 'ചത്തുപോയ' സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ചേര്‍ത്തത്. കാരണം ഇതേ ഗണത്തില്‍പ്പെട്ടവരും 'ചത്തുപോയ'വരുമായ ഒന്നുരണ്ടാളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാഹിത്യത്തിലെ സവര്‍ണാധിപത്യത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിയായതിനാലായിരിക്കണം മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരെ 'ചത്തുപോയ'വരുടെ കൂട്ടത്തില്‍ ചേര്‍ത്തത്.
                          അവഗണിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണ് പട്ടികജാതി-വര്‍ഗ്ഗക്കാര്‍ എന്നു പറയുന്നത് അതിശയോക്തിയല്ല. പട്ടികജാതി-വര്‍ഗ്ഗത്തില്‍പ്പെടാത്തവരൊക്കെ (ഏതാനും വ്യക്തികള്‍ മാത്രമേ ഇതില്‍ നിന്ന് ഒഴിവുള്ളൂ) ഇക്കൂട്ടരോട് അവഗണയും (മനസ്സില്‍) അയിത്തവും പണ്ടല്ല ഇന്നും കാണിക്കുന്നുണ്ട്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ രാഷ്ട്രീയ-സാഹിത്യ മേഖലകളിലും ഈ അവഗണയും അയിത്തവുമുണ്ട്. (ജന്മം കൊണ്ട്) ഒരു നമ്പൂതിരിയുടെ മകനായ പി.എന്‍.ബ്രഹ്മദത്തന്‍ പറയുന്നത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008 ഒക്‌ടോബര്‍ 19-25):''വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മാത്രമല്ല കലയിലും സാംസ്‌കാരിക ജീവിതത്തിലും ബ്രാഹ്മണവത്കരണം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ജന്മം കൊണ്ട് അവര്‍ണരായ സാക്ഷാത്കാരങ്ങളേ ഈ മേഖലയില്‍ ഇന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനുള്ളൂ. കൃത്യമായ അവര്‍ണ പ്രാധിനിത്യമുള്ള സര്‍ഗക്രിയയുടെ ഉണര്‍വുകള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ ഗളഛേദം ചെയ്യപ്പെടുന്നു. സാഹിത്യത്തില്‍ സി.അയ്യപ്പനു നേരെയുണ്ടായ ഗളഛേദം രാഷ്ട്രീയത്തില്‍ സി.കെ.ജാനുവിനുമേലും ആവര്‍ത്തിച്ചു. കഴിഞ്ഞ മൂന്നു ദശകത്തിനുള്ളില്‍ വ്യക്തമായ സ്വാധീന ശേഷിയുള്ള ഒരു അവര്‍ണ പ്രസ്ഥാനമോ നേതൃത്വമോ വ്യക്തിയോ പോലും രൂപപ്പെടാത്ത വിധം സമ്പൂര്‍ണമായിരുന്നു കേരളീയ പൊതുമണ്ഡലത്തിലെ സവര്‍ണാധിപത്യം''.
                                 1891 മുതല്‍ 1991 വരെയുള്ള 100 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച 100 കഥകള്‍ ഡി.സി.ബുക്‌സ് പുസ്തകമാക്കിയിരുന്നു (100 വര്‍ഷം 100 കഥ). വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരില്‍ നിന്നു തുടങ്ങി പി.സുരേന്ദ്രനില്‍ അവസാനിക്കുന്ന 100 സാഹിത്യകാരന്മാരുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിരവധി ആസ്വാദകരുടെ സഹകരണത്തോടെ കെ.അയ്യപ്പപ്പണിക്കര്‍, എം.കെ.സാനു, കെ.പി.അപ്പന്‍, ആര്‍.നരേന്ദ്ര പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് 100 കഥകള്‍ തെരഞ്ഞെടുത്തത്. ഇതിലെ 29-ാമത്തെ കഥയുടെ പേര് 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ!' എന്നാണ്. കഥാകൃത്തിന്റെ പേര് ടി.കെ.സി.വടുതല.
                                 ആള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണ്. പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ നിന്നു അഡീഷണല്‍ ഡയരക്ടറായി വിരമിച്ച വ്യക്തിയുമാണ്. പിന്നീട് കേരള ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയും സാഹിത്യ സഹകരണ സംഘം പ്രസിഡന്റുമായി. കേരളത്തില്‍ നിന്നു 3 ദലിതരെ മാത്രമേ രാജ്യസഭാ എം.പി. മാരാക്കിയിട്ടുള്ളൂ. ഇതിലൊരു വ്യക്തിയാണ് ടി.കെ.സി.വടുതല. (ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണ് പി.എന്‍.ബ്രഹ്മദത്തന്‍ പരാമര്‍ശിച്ച സി.അയ്യപ്പന്‍ എന്ന കഥാകൃത്ത്). ദലിതരെ അവഗണിക്കുവെന്നു പറഞ്ഞത് തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ ഇദ്ദേഹത്തിന് ലഭിച്ച സ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചേക്കാം. പക്ഷേ, ഇതാരും കനിഞ്ഞരുളിയതല്ല. അത്രമാത്രം കഴിവുണ്ടായിട്ടാണ് ടി.കെ.സി.വടുതല ആ സ്ഥാനത്തെത്തിയത്. ഡോ:ബി.ആര്‍.അംബേദ്കര്‍ക്കും കെ.ആര്‍.നാരായണനും ലഭിച്ച പദവികള്‍ പോലെ. തെരഞ്ഞെടുത്ത കഥകള്‍, രണ്ടു തലമുറ, ജാതിയെന്താ, ചങ്ക്രാന്തി അട, പുതിയ അടവ്, ജീവിതത്തിന്റെ താളം, ചങ്ങലകള്‍ നുറുങ്ങുന്നു, ഹൃദയത്തുടിപ്പുകള്‍, നനവുള്ള മണ്ണ്, കറ്റയും കൊയ്ത്തും എന്നിവയാണ് ടി.കെ.സി.യുടെ കൃതികള്‍. 
                           പുലയനായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നു ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങളില്‍ നിന്നു രക്ഷ നേടാന്‍ ക്രിസ്ത്യാനിയായ കണ്ടങ്കോരന്റെ ദുരവസ്ഥ തുറന്നു കാണിക്കുന്ന കഥയാണ് 'അച്ചണ്ടവെന്തീഞ്ഞ ഇന്നാ!' എന്ന കഥ. 
                          കഥയിലെ നായകനായ കണ്ടങ്കോരന് അസുഖം വന്നു. മരണം മുന്നില്‍ കണ്ടു. ഒരു ദിവസം അടിയാനായ കണ്ടങ്കോരന്റെ രോഗം കാണായി തമിരു പടിക്കല്‍ നിന്നു കൊച്ചമ്പാന്‍ വന്നു. കൊച്ചമ്പാന്റെ ഉപദേശ പ്രകാരം കണ്ടങ്കോരന്‍ ക്രിസ്ത്യാനിയായി വെന്തീഞ്ഞയിട്ടു. ദേവസ്സിയെന്നു പേരിട്ടു. അതോടെ കണ്ടങ്കോരന്റെ അവസ്ഥയാകെ മാറി. 'ആളുകള്‍ തുരുതുരാ കണ്ടങ്കോരന്റെ മാടത്തിലേക്കു പ്രവഹിച്ചു തുടങ്ങി. കൂടുതലും സമീപസ്ഥരായ ക്രിസ്ത്യാനികളാണ്. ആണും പെണ്ണും വന്നു. രോഗ വിവരം അറിഞ്ഞു പോകാന്‍ മാത്രമല്ല, തങ്ങളുടെ മതത്തില്‍ വിശ്വാസമര്‍പ്പിച്ചു പാപച്ചെളിക്കുണ്ടില്‍ നിന്നു മോചനം തേടി പരിശുദ്ധനായിരിക്കുന്ന ആ മനുഷ്യനെ കാണാനും ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും കൂടി സന്നദ്ധരായിട്ടാണ് അവര്‍ വന്നത്'. ക്രമേണ ദേവസ്സിയുടെ രോഗം മാറി. ദേവസ്സിയുടെ ഭാവവും മാറി. പാടത്തെപ്പണിയും പുലയരോടുള്ള കൂട്ടകെട്ടുമൊക്കെ ഒഴിവാക്കി. തമിരു പടിക്കല്‍ തന്നെയായി ദേവസ്സിയുടെ താമസം. തമിരു പടിക്കല്‍ നിന്നു കിട്ടിയ കീറക്കുപ്പായമിട്ട് ദേവസ്സി പള്ളിയില്‍ പോകും. ചില 'നല്ല ജോലി'കളും കിട്ടി ദേവസ്സിക്ക്. ക്രിസ്ത്യാനിപ്പെണ്ണുങ്ങള്‍ പെറ്റത് അറിയിക്കുന്ന പണി. മരിച്ചത് അറിയിക്കുന്ന പണി. കല്ല്യാണ യാത്രയ്ക്ക് പെട്ടി ഏറ്റി നടക്കുന്ന ജോലി എന്നിങ്ങനെ.
                               ഇങ്ങനെയൊക്കെയാണെങ്കിലും ബന്ധുക്കള്‍ ദേവസ്സിയെ അംഗീകരിച്ചില്ല. അവര്‍ ദേവസ്സിയെ കണ്ടങ്കോരന്‍ ദേവസ്സിയെന്നു വിളിച്ചു. ദേവസ്സി എതിര്‍ത്തു നോക്കിയെങ്കിലും അതു വിലപ്പോയില്ല. ദേവസ്സിക്ക് കടുത്ത അമര്‍ഷവും സങ്കടവുമൊക്കെ തോന്നി. ക്രിസ്ത്യാനികളായ കുഞ്ഞാടുകളും തന്നെ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നില്ലെന്ന് ക്രമേണ ദേവസ്സി തിരിച്ചറിഞ്ഞു. വെന്തീഞ്ഞയിട്ടു പുതിയ കുഞ്ഞാടായ തന്നെ പഴയ കുഞ്ഞാടുകള്‍ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നില്ലെങ്കിലും താന്‍ പുതിയൊരു തരം ക്രിസ്ത്യാനി ( 'പുക്രി' അതായത് പുലയ ക്രിസ്ത്യാനി) ആയി മാറിയിരിക്കുകയാണെന്നും ദേവസ്സിക്കു ബോധ്യമായിത്തുടങ്ങി. തമിരു പടിക്കല്‍ നിന്നു തന്നെ ആക്ഷേപ വാക്ക് കേള്‍ക്കേണ്ടി വന്നു. ഒരു കാര്യസ്ഥന്‍ കുഞ്ഞാട് നാലഞ്ചു തവണ ദേവസ്സിയെ 'കണ്ടങ്കോരന്‍ ദേവസ്സീ' എന്നു വിളിക്കുകയും പള്ളിവികാരിക്ക് കൊടുക്കാനായി ഒരു കുറിമാനം നല്‍കുകയും ചെയ്തു. ദേവസ്സി ഒരു ഉറച്ച തീരുമാനമെടുത്തു. ദേവസ്സി പള്ളിയിലേക്ക് കുതിച്ചു. ശേഷം ഉണ്ടായ കാര്യം കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു: '' അവന്‍ പ്രമാണിയുടെ 'കുറിമാനം' അദ്ദേഹത്തെ ഏല്പിച്ചു. പിന്നീട് കഴുത്തിനു ഭാരമായി തൂങ്ങിക്കിടന്നിരുന്ന പഴമുറം പോലത്തെ വെന്തീഞ്ഞ ഊരിയെടുത്തു. തികഞ്ഞ അറപ്പോടും വെറുപ്പോടും കൂടി അതു വികാരിയുടെ കൈയില്‍ വെച്ചു കൊടുത്തിട്ട് അവന്‍ പറഞ്ഞു: 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ! ഏന്‍ പയേ കണ്ടങ്കോരനായിട്ടു തന്നെ ചീവിച്ചോളാം' ''.
                     ക്രിസ്തുവിന്റെ മഹത്വം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സവര്‍ണ ക്രിസ്ത്യാനികള്‍ക്ക് അന്നും ഇന്നും നല്ല നീറ്റലുണ്ടാക്കുന്ന കഥയാണിത്. ഇതുകൊണ്ടു തന്നെയാണ് ടി.കെ.സി.വടുതല എന്ന കഥാകാരന്‍ 'ചത്തുപോയ' സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍പ്പെട്ടത്. ഇതേ താല്പര്യം തന്നെയാണ് ഏഴാം തരം പാഠപുസ്തകത്തിനെതിരെ പാതിരിമാര്‍ രംഗത്തു വന്നതിനു പിന്നിലുമുള്ളത്. ജാതി പീഡനം സഹിക്ക വയ്യാതെ പൊയ്കയില്‍ അപ്പച്ചന്‍ 'പൊയ്കയില്‍ യോഹന്നാന്‍' ആയി മാറി. കഥയിലെ ദേവസ്സിക്കുണ്ടായതിലേറെ തീവ്രമായ അനുഭവമാണ് യഥാര്‍ത്ഥ ജീവതത്തില്‍ യോഹന്നാനും കൂട്ടര്‍ക്കുമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ബൈബിള്‍ കത്തിച്ചുകൊണ്ടാണ് യോഹന്നാന്‍ വീണ്ടും അപ്പച്ചനായി മാറിയത്. ഈ അപ്പച്ചനാണ് പിന്നീട് ശ്രീകുമാരഗുരു ദേവനായി മാറിയത്. ഈ മഹാത്മാവ് രൂപം നല്‍കിയ പ്രസ്ഥാനമാണ് പി.ആര്‍.ഡി.എസ് എന്ന പേരിലറിയപ്പെടുന്ന 'പ്രത്യക്ഷ രക്ഷാ ദൈവ സഭ'. ഈ പാഠഭാഗം ഏഴാം തരം പാഠപുസ്‌കതത്തിലുണ്ടായിരുന്നു.
               സാമൂഹിക ചരിത്രമായാലും രാഷ്ട്രീയ ചരിത്രമായാലും സാഹിത്യ ചരിത്രമായാലും ശരി അതെഴുതുന്നത് ഇപ്പറഞ്ഞ ചരിത്രങ്ങളിലൊക്കെ വിജയം നേടിയവരാണ്. ചരിത്രത്തില്‍ വിജയിച്ചവര്‍ ചരിത്രമെഴുതുമ്പോള്‍ അവരുടെ ഗീര്‍വാണങ്ങളൊക്കെ മഹത്തായ ചരിത്ര സംഭവങ്ങളായി മാറും. അപ്പോള്‍ നാലാംകിട സാഹിത്യകാരനും പ്രശസ്തനായി മാറും. അന്ധവിശ്വാസങ്ങളും ജാതി മാഹാത്മ്യങ്ങളും കുത്തിനിറച്ച കൊട്ടാര നുണകള്‍ ലോക ക്‌ളാസിക്കുകളായി മാറും. തൊണ്ണൂറ് വയസ്സുള്ള ചാത്തന്‍ 'അവനും' ഒമ്പത് വയസ്സുള്ള പുലാമന്തോള്‍ മൂസ്സ് 'അങ്ങു'മാവും. പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം കൊടുക്കുന്നത് സാമൂഹിക മന:ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരാണെന്നു പറഞ്ഞയാള്‍ പത്രപ്രവര്‍ത്തിന്റെ കുലഗുരുവാകും. ചരിത്രത്തില്‍ തോല്പ്പിക്കപ്പെട്ടവര്‍ നികൃഷ്ടന്മാരും നീചന്മാരുമായും കഴിവില്ലാത്തവരും മണ്ടന്മാരുമൊക്കെയായി ചിത്രീകരിക്കപ്പെടും. 
                            ചരിത്രത്തില്‍ തോല്‍പ്പിക്കപ്പെട്ടവരെ നയിക്കുന്നത് തോല്‍വി തങ്ങള്‍ക്ക് വിധിക്കപ്പെട്ടതാണ് എന്ന ബോധമാണ്. ഇത് ശരിയായ ചരിത്രബോധമില്ലാത്തതുകൊണ്ടുണ്ടാവുന്നതാണ്. തോല്‍പ്പിക്കപ്പെട്ടവര്‍ അവരുടെ പൂര്‍വ്വകാല ചരിത്രം പഠിക്കാത്തതാണ് ഇതിനു കാരണം. 'തലയില്‍ നിറച്ച് കുടുമയും ഉള്ളില്‍ നിറച്ച് പഴമയും' ഉള്ളവര്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് ചരിത്രത്തില്‍ തോല്‍പ്പിക്കപ്പെട്ടവര്‍ തന്നെയായിരുന്നു സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് നിലനിന്നിരുന്നത്.
..................... 


Saturday, December 18, 2010

മീന്‍കാരിയും പൂക്കാരിയും ഒരു സവര്‍ണ കഥാകാരിയും

          ടി.വി.യിലെ ഒരഭിമുഖ സംഭാഷണത്തില്‍, എന്താകാനായിരുന്നു ആഗ്രഹമെന്ന ചോദ്യത്തിന് സിനിമാനടന്‍ സലീം കുമാര്‍ നല്‍കിയതും എന്റെ മനസ്സില്‍ തറച്ചതുമായ മറുപടി ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. മോഡേണ്‍ ബ്രഡ് കമ്പനിയില്‍ ജോലി കിട്ടുക എന്നതായിരുന്നത്രെ ഈ നടന്റെ ഏറ്റവും വലിയ ആഗ്രഹം. ആ വഴി യാത്ര ചെയ്യുമ്പോള്‍ വണ്ടി പതുക്കെ ഓടിച്ച് മോഡേണ്‍ ബ്രഡിന്റെ മണം താന്‍ ഇപ്പോഴും ആസ്വദിക്കാറുണ്ടെന്നും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സലീം കുമാര്‍ പറയുകയുണ്ടായി. ഈ ആഗ്രഹത്തിന് പട്ടിണിയുടെ മണമുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഈ മറുപടി എന്റെ മനസ്സില്‍ തറച്ചത്. ജീവിതത്തില്‍ ഇങ്ങനെയുള്ള ആഗ്രഹങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ മിക്കവര്‍ക്കും വളരെ നിസ്സാരമായി തോന്നിക്കുന്നതായ കാര്യങ്ങളില്‍പ്പോലും എനിക്ക് സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ഇങ്ങനെയുണ്ടായ സങ്കടം 'മണിയറ' എന്ന കഥയാക്കി അവതരിപ്പിച്ചു. ഈ പോസ്റ്റില്‍ ഇങ്ങനെയുണ്ടായ ഒരു സന്തോഷത്തിന്റെ കാര്യമാണ് പറയുന്നത്.
   മലപ്പുറത്തെ കോട്ടക്കുന്നിലുള്ള മേള കാണാനായി ഞാനും കുടുംബവും എത്തിയതായിരുന്നു. 'മാഷെ എല്ലാവരുമുണ്ടല്ലോ' എന്നു പറഞ്ഞ് ഒരു ചെറുപ്പക്കാരന്‍ (22 ല്‍ കൂടാത്ത പ്രായം) എനിക്ക് കൈ തന്നു. കറുത്ത പാന്റ്‌സും ഇന്‍സൈഡ് ചെയ്തുകൊണ്ടുള്ള വെള്ളക്കുപ്പായവും കാലില്‍ ഷൂവുമൊക്കെ ധരിച്ചുള്ള ചെത്തു പയ്യന്‍. ഇംഗ്‌ളീഷില്‍ 'ചുള്ളന്‍' എന്നും പറയും. ഞാന്‍ അന്തം വിട്ട് കുറെനേരം അവനെത്തന്നെ നോക്കി നിന്നു. നല്ല പരിചയമുള്ള മുഖം, ആരാണ്, എന്താണ് എന്നൊന്നും പെട്ടെന്ന് പിടി കിട്ടിയില്ല. ഇതെന്റെയൊരു കഴിവുകേടാണ്. എത്രയോ തവണ കണ്ട് സംസാരിച്ച വ്യക്തിയാണെങ്കിലും മറ്റൊരു സ്ഥലത്തു വച്ച് കാണുമ്പോള്‍ പെട്ടെന്ന് ആളെ തിരിച്ചറിയില്ല. കുറച്ചുനേരം ഞാനങ്ങനെ ആലോചിച്ചു അന്തം വിട്ടു നിന്നു. 'ശരി മാഷെ, മ്മക്ക് വ്യാഴാഴ്ച കാണാം' എന്നു പറഞ്ഞ് അവനും കൂട്ടുകാരും പോവുകയും ചെയ്തു. 
              അതെ, ഏകദേശം ഒരു കൊല്ലത്തോളം എന്റെ ഔദേ്യാഗിക ജോലിയുടെ ഭാഗമായി (വില നിലവാര ശേഖരണം) എല്ലാ വ്യാഴാഴ്ചകളിലും കാണുന്ന കുട്ടിയാണവന്‍. അവനെയാണെനിക്ക് മനസ്സിലാകാതെ പോയത്. ഈ കുട്ടിയെ പെട്ടെന്ന് മനസ്സിലാകാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. അവന്റെ അടിപൊളി വേഷം തന്നെ. പേര് നൗഷാദ്. മലപ്പുറം കോട്ടപ്പടി ചന്തയിലെ ഉണക്കമീന്‍ കച്ചവടക്കാരനായ ബാപ്പയെ സഹായിക്കലായിരുന്നു അവന്റെ ജോലി. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഈ കുട്ടിയുടെ (ഇപ്പോള്‍ കുട്ടിയല്ല കെട്ടോ. പെണ്ണുകെട്ടി. കുട്ടിയായിട്ടില്ല.) പേര് അന്നും ഇന്നും എനിക്കറിയില്ലായിരുന്നു. തൊട്ടടുത്ത വാഴക്കുലക്കടയിലെ അബ്ദുള്‍ സലാമിനോട് ചോദിച്ചാണ് പേരിവിടെ ചേര്‍ത്തത്. ആളെ തിരിച്ചറിഞ്ഞപ്പോള്‍ എന്നില്‍ പ്രതേ്യക തരത്തിലുള്ളൊരു സന്തോഷം ഉണ്ടാവുകയും എന്റെ കണ്ണു നിറയുകയും ചെയ്തു. വിലശേഖരണവുമായി ബന്ധപ്പെട്ട് എല്ലാ വ്യാഴാഴ്ചകളിലും മാത്രമല്ല മലപ്പുറത്തുകാരനായതിനാല്‍ മറ്റു പല ദിവസങ്ങളിലും നൗഷാദിനെയും അബ്ദുള്‍ സലാമിനെയുമൊക്കെ ഞാന്‍ കാണാറുണ്ട്. ഞാന്‍ കാണുമ്പോഴൊക്കെ കീറി മുഷിഞ്ഞ ലുങ്കിയും മുഷിഞ്ഞ കുപ്പായവുമൊക്കെയായിരിക്കും വേഷം. ആളെ കണ്ട സ്ഥലവും മാറി. ആളിന്റെ വേഷം അടിമുടി മാറി. പക്ഷേ, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതിനുള്ള കാരണം വേറെയായിരുന്നു. എന്റെ ചിന്ത അപ്പോള്‍ കുറച്ച് വര്‍ഷം പിറകോട്ട് പോയി. 'സമീക്ഷ'യില്‍ 'മീന്‍കാരിയും പൂക്കാരിയും ഒരു സവര്‍ണ കഥാകാരിയും' എന്നൊരു ലേഖനം ഞാനെഴുതിയിരുന്നു. മീന്‍കാരിക്ക് ഉറക്കം വരണമെങ്കില്‍ മീന്‍മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന ഒരു കഥയെ വിമര്‍ശിച്ചെഴുതിയതായിരുന്നു പ്രസ്തുത ലേഖനം. മീന്‍ വില്‍ക്കുന്നവരെല്ലാം എപ്പോഴും മീന്‍മാല കഴുത്തിലിട്ടു നടക്കുന്നവരല്ലല്ലോ. മറ്റെല്ലാവരെയും പോലെ അവരും മറ്റു കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്; പൂ ചൂടാറുമുണ്ട്. പക്ഷേ, മനുഷ്യത്വത്തിനു പകരം ജാതി മഹത്വത്തില്‍ വിശ്വസിക്കുന്നുവര്‍ ഇത് അംഗീകരിക്കുന്നില്ല എന്നു മാത്രം. നമ്മുടെ നൗഷാദും 24 മണിക്കുറും ഉണക്കമീനുകളെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നില്ല. അരി വാങ്ങുനുള്ള ജോലി എന്ന നിലയില്‍ മാത്രമാണ് നൗഷാദുമാര്‍ മീന്‍ വില്‍ക്കുന്നത്. മീന്‍കടയിലെ മുഷിഞ്ഞ വേഷക്കാരനായ നൗഷാദ് തന്നെയാണല്ലോ എക്‌സിക്യൂട്ടീവ് സ്റ്റൈലില്‍ എന്റെ മുമ്പില്‍ വന്നത് എന്നാലോചിച്ചപ്പോഴുണ്ടായ വിശേഷപ്പെട്ട സന്തോഷം കൊണ്ടാണ് എന്റെ കണ്ണു നിറഞ്ഞത്. എനിക്ക് മറക്കാന്‍ വയ്യാത്ത സന്തോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ സന്തോഷം.
              ഇക്കാര്യം പലരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. നൗഷാദിന്റെ കടയുടെ തൊട്ടടുത്തുള്ള കടയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ സലാമും ഇക്കാര്യം പലപ്പോഴും പറയാറുണ്ട്. ഞാന്‍ 'മീന്‍കാരി' എന്നു പറഞ്ഞാല്‍ ഉടനെ അബ്ദുള്‍ സലാം പറയും 'പൂക്കാരി' എന്ന്. എന്നാല്‍ ഞാനൊരു ജാതിവാദിയായതുകൊണ്ടാണ് ഇത്തരമൊരു ലേഖനം എഴുതിയതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ശരിയായിരിക്കാം; തെറ്റായിരിക്കാം. ഇക്കാര്യത്തില്‍ എനിക്ക് എന്റെ നിലപാടുതന്നെയാണ് ശരി. ബ്‌ളോഗ് വായനക്കാര്‍ക്കും എന്റെ നിലപാട് തെറ്റാണെന്നും ശരിയാണെന്നും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നു വ്യക്തമാക്കട്ടെ.
.....................
സമീക്ഷ, 1999 ഫെബ്രുവരി 01-15

ശങ്കരനാരായണന്‍ മലപ്പുറം

      സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കു വേണ്ടി 'തളിര്' എന്ന പേരിലൊരു മാസിക പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. പ്രസ്തുത മാസികയുടെ 1998 ഡിസംബര്‍ ലക്കത്തില്‍ 'മീന്‍കാരി' എന്നൊരു കഥയുണ്ട്. സുമംഗല എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാടാണ് കഥാകാരി.
   കഥയിങ്ങനെ: നാണി ഒരു മീന്‍ വില്‍പ്പനക്കാരിയാണ്. ഒരു ദിവസം വൈകുന്നേരമായിട്ടും അവരുടെ മീന്‍ വിറ്റുതീര്‍ന്നില്ല. സമയം സന്ധ്യയായി. കൂടാതെ കാറ്റും മഴയും വന്നു. വീടാണെങ്കില്‍ അകലെ. തിരിച്ചു വീട്ടിലെത്തുക പ്രയാസം. അങ്ങനെ അവര്‍ ഒരു വീട്ടില്‍ അഭയം തേടി. ലക്ഷ്മി വാരസ്യാരുടെ വീടായിരുന്നു അത്. അമ്പലത്തിലേക്ക് മാലകെട്ടിക്കൊടുക്കുന്ന ജോലിയാണവര്‍ക്ക്. പൂക്കളുടെ മണം കാരണം മീന്‍കാരിക്ക് ഉറക്കം വന്നില്ല. പൂക്കളുടെ മണം സഹിക്കവയ്യാതെ താന്‍ ചത്തുപോകുമെന്ന് മീന്‍കാരിക്ക് തോന്നി. അവരൊരു സൂത്രം ചെയ്തു. മീന്‍കൊട്ട മുഖത്ത് കമഴ്ത്തി വച്ച് അവര്‍ സുഖമായി ഉറങ്ങി. പിറ്റേ ദിവസം അവര്‍ വാരസ്യാരോട് നന്ദി പറഞ്ഞ് ഇറങ്ങിപ്പോയി. എന്നാല്‍ മീനിന്റെ മണം സഹിക്കവയ്യാതെ വാരസ്യാര്‍ വളരെയധികം വിഷമിച്ചു.
           സങ്കുചിതമായ ജാതി ചിന്തയാണ് ഈ കഥയ്ക്ക് പിന്നിലുള്ളത്. പൂവിന്റെ മണം കേട്ടാല്‍ ഓക്കാനം വരുന്ന മീന്‍കാരിയായ നാണിയെയും അതുവഴി നാണി പ്രതിനിധാനം ചെയ്യുന്ന അവര്‍ണ സമൂഹത്തെയും താഴ്ത്തിക്കാട്ടുക. അതോടൊപ്പം പൂക്കാരിയായ ലക്ഷ്മി വാരസ്യാരെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ സമൂഹത്തെ ഉയര്‍ത്തിക്കാട്ടുക. ഇതാണ് പ്രസ്തുക കഥയുടെ ലക്ഷ്യം. പൂക്കളുടെ ഇടയില്‍ മീന്‍കൊട്ട തലയില്‍ വച്ചുറങ്ങിയ മീന്‍കാരിയായ മുക്കുവത്തി തന്‍കാര്യം നോക്കുന്നവരും സംസ്‌കാരശൂന്യയുമാണെന്നും ഇത്തരക്കാരിയായ മീന്‍കാരിയെ വീട്ടിലേക്ക് ക്ഷണിച്ച പൂക്കാരിയായ വാരസ്യാര്‍ വിശാല മനസ്‌കയും വലിയ സംസ്‌കാര സമ്പന്നയുമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് കഥാകാരി. ഈ ലക്ഷ്യം നേടാന്‍ വേണ്ടി മാത്രമാണ് പാവം മീന്‍കാരിയെ കഥാകാരി പൂക്കാരിയുടെ വീട്ടിലെത്തിച്ചത്.
             കഥാകാരി ഇങ്ങനെയൊന്നും ഉദ്ദേശിച്ചിരിക്കില്ല എന്നു കരുതിയവര്‍ക്കു തെറ്റി. മുക്കുവത്തിയായ മീന്‍കാരിയെ 'അവള്‍' എന്നും പൂക്കാരിയായ വാരസ്യാരെ 'അവര്‍' എന്നുമാണ് തന്റെ കഥയില്‍ കഥാകാരി സംബോധന ചെയ്തിരിക്കുന്നത്. ഇതില്‍നിന്നു തന്നെ കഥാകാരി വച്ചുപുലര്‍ത്തുന്ന ജാതി ചിന്ത വ്യക്തമാകുന്നുണ്ട്.
മനുഷ്യരെല്ലാം സമന്മാരാണെന്നും ഒരാളുടെ മഹത്വം നിശ്ചയിക്കേണ്ടത് ജാതിനോക്കിയല്ലെന്നുമുള്ള പാഠമാണ് ഹൃദയശുദ്ധിയുള്ള എഴുത്തുകാരികളും എഴുത്തുകാരന്മാരും കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്നാല്‍, ജാതി മഹാത്മ്യമാണ് ലീലാ നമ്പൂതിരിപ്പാട് എന്ന സുമംഗലയുടെ കഥയിലുള്ളത്.
         ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍, അതും കുട്ടികള്‍ക്കുള്ളതില്‍, ഇത്തരത്തിലുള്ള ജാതി മാഹാത്മ്യക്കഥകള്‍ പ്രസിദ്ധീകരിച്ചുകൂടാ. കുഞ്ഞുമനസ്സുകളില്‍ ജാതി വിഷം കുത്തിവയ്ക്കുന്നു എന്ന കുറ്റം മാത്രമല്ല കാരണം. മീന്‍കാരികളുടെയും മറ്റും നികുതിപ്പണം കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രര്‍ത്തിക്കുന്നത് എന്നതുകൂടി ഓര്‍ക്കണം. മാത്രമല്ല 'തളിര്' മാസികയുടെ എഡിറ്ററടക്കമുള്ള ജീവനക്കാര്‍ ശമ്പളം പറ്റുന്ന കറന്‍സികളില്‍ മീന്‍കാരികളുടെയും മറ്റും വിയര്‍പ്പാണുള്ളത്.
             ഈ കഥയ്ക്ക് രണ്ടു ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്. ഒന്ന്, മീന്‍കാരി മീന്‍കൊട്ട തലയില്‍ വച്ചു നടക്കുന്ന ചിത്രം. ബാക്കിയായ മീനുകള്‍ പൂക്കൊട്ടകളുടെ സമീപം ചൊരിഞ്ഞ്, പൂക്കൊട്ടകള്‍ക്കിടയില്‍ തലയില്‍ മീന്‍കൊട്ട കമഴ്ത്തി വച്ച് കിടന്നുറങ്ങുന്ന മീന്‍കാരിയുടെ ചിത്രമാണ് രണ്ടാമത്തേത്. ഈ ചിത്രത്തില്‍ പൂക്കാരി വാതില്‍ ചാരി അത്ഭുതപ്പെട്ടു നില്‍ക്കുന്നുമുണ്ട്.
              ഈ ചിത്രം വരച്ചത് സിബി ജോസഫ് എന്ന ചിത്രകാരനാണ്. ഈ ചിത്രകാരന് കഥാകാരിയെക്കാള്‍ ജാതി താല്‍പര്യമുണ്ടെന്ന് പറയാവുന്നതാണ്. കാരണം, കഥാകാരി കഥയില്‍ പറയുന്നത് മീന്‍കാരി ക്ക് കിടക്കാന്‍ പായ കൊടുത്ത ചായ്പിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് പൂവട്ടികള്‍ വച്ചിരിക്കുന്നത് എന്നാണ്. പക്ഷേ, ചിത്രകാരന്‍ പൂക്കാരി പറയാതെ തന്നെ മീന്‍കാരിയെ പിടിച്ചുകൊണ്ടു വന്ന് പൂവട്ടികള്‍ക്കിടയില്‍ കിടത്തി!
     'ജ്യാത്യാലുള്ളത് തൂത്താല്‍ പോകുമോ?' എന്നൊരു ചൊല്ലുണ്ട്. അവര്‍ണരെ പരിഹസിക്കാനുണ്ടാക്കിയ ഒരു സവര്‍ണ പഴഞ്ചൊല്ലാണിത്. എന്നാല്‍, സുമംഗലയെപ്പോലെയുള്ള സവര്‍ണ കഥാകാരികള്‍ക്കാണ് ഈ ചൊല്ല് നൂറു ശതമാനവും യോജിക്കുക.
.............................

Wednesday, December 15, 2010

മണിയറ


             03.12.2010 ലെ പത്രങ്ങളില്‍ വന്ന ഒരു മരണവാര്‍ത്ത ആരുടെയും മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നതും കരളലിയിപ്പിക്കുന്നതുമായിരുന്നു. അമ്മയുടെ ചിത കത്താന്‍ വേണ്ടി ടേബിള്‍ ഫാന്‍ വയ്ക്കുന്നതിനിടയില്‍ അതില്‍ നിന്നു ഷോക്കേറ്റു മകന്‍ മരിക്കുകയാണുണ്ടായത്. മറ്റുള്ളവര്‍ക്കുപോലും ഈ ദു:ഖം സഹിക്കാന്‍ പറ്റാത്ത സ്ഥിതിക്ക് ഈ കുടുംബത്തിന്റെ വേദനയുടെ ആഴം എങ്ങനെ അളന്നു തിട്ടപ്പെടുത്തും? കുറെ മുമ്പ് പത്രത്തില്‍ വന്നൊരു വാര്‍ത്ത ഇതുപോലെ കരളലിയിപ്പിക്കുന്നതായിരുന്നു. ഈ വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. വായിച്ച ഒരാള്‍എന്നോടു പറഞ്ഞതാണ്. പെണ്ണും ആണുമൊക്കെയായുള്ള ഒരേയൊരു മകന്‍. അവന്റെ കല്യാണത്തലേന്ന് സദ്യയൊരുക്കുന്ന ഭാഗത്ത് ലൈറ്റിടാനുള്ള ശ്രമം നടത്തുമ്പോള്‍ ഷോക്കടിയുടെ രൂപത്തില്‍ മരണം അവനെ കൂട്ടിക്കൊണ്ടുപോയി. മകന്‍ മരിച്ച വിരമറിഞ്ഞയുടനെ പുന്നാര മകന്റെ ആ പോന്നോമനയമ്മ കെട്ടിത്തൂങ്ങി മരിച്ചു.
     കരളലിയിപ്പുന്ന ഇത്തരം ധാരാളം വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറുണ്ട്. വായിച്ചതൊക്കെ മനസ്സില്‍ സൂക്ഷിച്ച് വച്ച് ആരും എപ്പോഴും ദു:ഖിച്ചുകൊണ്ടിരിക്കുകയില്ലല്ലോ. കാലം അവയെ മായ്ക്കും. എന്നാലും ചില വാര്‍ത്തകള്‍ മനസ്സിനെ എപ്പോഴും വേദനപ്പിച്ചുകൊണ്ടിരിക്കില്ലേ? ഇത്തരമൊരു വാര്‍ത്ത എന്റെ മനസ്സിനെയും ഇടയ്‌ക്കെങ്കിലും വേദനിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്.
             മൊട്ടിന്റെ ഓമനത്തം ആവോളം നുകര്‍ന്ന് നിര്‍വൃതിയടയാന്‍ കഴിഞ്ഞെന്നാലും വിടര്‍ന്ന് സുഗന്ധം പരത്താന്‍ തുടങ്ങുമ്പോഴേക്കും ചില പൂക്കള്‍ നമ്മള്‍ നോക്കി നില്‍ക്കേ അടര്‍ന്നു മണ്ണില്‍ പതിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നു ചോദിച്ചാല്‍ അതിനുത്തരം എനിക്കറിയില്ല. 'വീണപൂവി'നെക്കുറിച്ച് പാടിയ കേരളത്തിന്റെ പ്രിയപ്പെട്ട കവി മഹാകവി കുമാരനാശാന്‍ 'ചിന്താവിഷ്ടയായ സീതയില്‍' പാടിയതു മാത്രമേ എന്നെ സംബന്ധിച്ചിടത്തോളം പറയാന്‍ സാധിക്കുകയുള്ളൂ.
           ''ഒരു നിശ്ചയമില്ലയൊന്നിനും
           വരുമോരേ ദശ വന്നപോലെ പോം
           വിരയുന്നു മനുഷ്യനേതിനോ
           തിരിയാ ലോകരഹസ്യമാര്‍ക്കുമേ''.......
      ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് 'മണിയറ' എന്ന കഥ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
....................................
ശങ്കരനാരായണന്‍ മലപ്പുറം
          വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഫൈസല്‍. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അതിനനുവദിച്ചില്ല. വീട്ടിലെ കാര്യങ്ങള്‍ മുടക്കം കൂടാതെ ഓടാനായി അവന്‍ തെരഞ്ഞെടുത്തത് ഗുഡ്‌സ് ഓട്ടോ റിക്ഷയായിരുന്നു. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള മുഖഭാവം; വിനയം; ആകര്‍ഷകമായ സംസാരം, മിതമായ വാടക ഈടാക്കല്‍ തുടങ്ങിയ ഗുണങ്ങള്‍ ഉള്ളതിനാല്‍ മിക്കവരും അവന്റെ വണ്ടിയെത്തന്നെയാണ് ആശ്രയിക്കുക. ഏറെ താമസിയാതെ തന്നെ ബാങ്ക് വായ്പ തിരിച്ചടച്ച് വണ്ടി സ്വന്തമാക്കാന്‍ അവനു സാധിച്ചു. 
          വീട്ടിലെ കാര്യങ്ങള്‍ ശരിയാം വിധം നടത്താന്‍ മാത്രമല്ല കുറച്ച് പണം മിച്ചം വരാനും തുടങ്ങി. അതോടെ കൂട്ടുകാരും ഉമ്മയും പെങ്ങന്മാരും അവനെ കല്യാണത്തിനു നിര്‍ബന്ധിക്കാന്‍ തുടങ്ങി. വല്ല്യുമ്മയ്ക്കായിരുന്നു കടുത്ത നിര്‍ബന്ധം. കുറേക്കൂടി കാര്യങ്ങള്‍ ശരിയാവാനുണ്ടെന്ന് പറഞ്ഞ് അവന്‍ ഒഴിഞ്ഞു മാറും. ഏറെ താമസിയാതെ എല്ലാവരുടെയും നിര്‍ബന്ധത്തിന് അവന് വഴങ്ങേണ്ടി വന്നു. ഏറെ അനേ്വഷണങ്ങളൊന്നും നടത്തേണ്ടി വന്നില്ല. പെണ്ണിനെ കിട്ടി. അവന്റെ പേരിനോട് യോജിക്കുന്ന ഫൗസിയയെ. കൂട്ടുകാര്‍ അതൊരു ഉത്സവമായി ഏറ്റെടുത്തു. കൂട്ടുകാര്‍ക്കുള്ളതിലേറെ ആവേശം വല്ല്യുമ്മയ്ക്കായിരുന്നു. കല്ല്യാണ നിശ്ചയത്തിന്റെ ഭാഗമായി പെണ്ണിന് വളയിടുന്ന കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ വല്ല്യുമ്മ പറഞ്ഞു.
        ''വള വാണ്ടണ്ണ്യാളെ. നല്ലൊരു ചൊങ്കന്‍ മൊബൈല് കൊടുത്താ മതി. ഓനും ഫൗസിക്കും ബര്‍ത്താനം പറയാലോ. അല്ലെ ഫൈസലേ!'' വല്ല്യുമ്മ ഫൈസലിനെ ഒളികണ്ണിട്ട് നോക്കി മോണ കാട്ടി കള്ളച്ചിരി ചിരിച്ചു.
          കല്യാണക്കത്ത് തയ്യാറാക്കല്‍, ക്ഷണിക്കല്‍, കല്യാണത്തിന് വേണ്ടിയുള്ള മറ്റ് ഒരുക്കങ്ങള്‍ -എല്ലാം തകൃതിയായി നടന്നു. അങ്ങനെ കല്ല്യാണവും അടുത്തു. കല്യാണത്തലേന്ന് കൂട്ടുകാരെല്ലാവരും ചേര്‍ന്ന് ഫൈസലിനും ഫൗസിയയ്ക്കും ഉള്ള മണിയറ അലങ്കരിക്കാന്‍ തുടങ്ങി.
          ''എന്തിനാ നമ്മളിത്ര എടങ്ങേറായി ഇതൊക്കെ ഒരുക്കുന്നത്. ഇതൊക്കെ അവര്‍ കുത്തി മറിഞ്ഞ് അല്‍ക്കുല്‍ത്താക്കൂലേ? '' കൂട്ടുകാരനായ നൗഫലിന്റെ അഭിപ്രായം. '' അപ്പൊ കഴിഞ്ഞ മാസം നിനക്കു വേണ്ടി ഫൈസലും ഞങ്ങളും ഒരുക്കിത്തന്ന മണിയറ ഇപ്പോളും അതേ പടി കിടക്കുന്നുണ്ടായിരിക്കും !''. റിയാസിന്റെ മറുപടി. പാട്ടും കൂത്തും ഒച്ചപ്പാടും ഡാന്‍സുമൊക്കെ നടന്നു. അതിനിടയില്‍ മണിയറ അലങ്കരിക്കലും കഴിഞ്ഞു. ''നല്ല അടി പൊളി മണിയറ. ഇത്ര സ്റ്റൈലന്‍ മണിയറ ഞാനാദ്യമാണെടാ കാണുന്നത്.''-ഇല്ല്യാസിന്റെ അഭിപ്രായം. '' എടാ ന്റെ പേരക്കുട്ടീന്റെ മണിയറക്ക് കരുനാക്കിടല്ലെടാ ഇല്ല്യാസേ, ഇബിലീസേ. ന്റെ കുഞ്ഞൂന്റെ മണിയറയാണെടാ മണിയറ. ഈ കട്ടില് കണ്ട് ജ്ജ് പനിക്കണ്ടാ, അത് ന്റെ ഫൗസിക്കും ഫൈസലിനും ഉള്ളതാ.'' വല്ല്യുമ്മാന്റെ മറുപടി. '' ഹൗ! ഒടുക്കത്തൊരു മണിയറ ''-ഇല്ല്യാസ് കൃത്രിമ ദേഷ്യം നടിച്ചു പറഞ്ഞു. ഒരു കൂട്ടച്ചിരിയോടെ ആ രംഗം അവസാനിച്ചു.
              കല്യാണം ഭംഗിയായി കഴിഞ്ഞു. കല്യാണ ആരവങ്ങളും ഏറെക്കുറെ കഴിഞ്ഞു. വളരെ അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമൊഴികെ മറ്റെല്ലാവരും സ്ഥലം വിട്ടു. വല്ല്യുമ്മ പുതുപെണ്ണിന് വീടും വീട്ടുകാരെയുമൊക്കെ പരിചയപ്പെടുത്തിക്കൊടുത്തു. കൈ പിടിച്ച് കൊണ്ടു പോയി മണിയറ കാണിച്ചു കൊടുത്തപ്പോള്‍ തലേ ദിവസം രാത്രിയിലുണ്ടായ തമാശകള്‍ പറഞ്ഞ് അവര്‍ ചിരിച്ചു.
            തന്റെ ചുറ്റം വട്ടം കൂടി നിന്ന് കളിയാക്കുന്ന കൂട്ടുകാരുടെ മുമ്പില്‍ ഫൈസല്‍ നാണം കുണുങ്ങി നിന്നു. ഫൈസലിന്റെ മനസ്സില്‍ ചിന്തകളുടെ തിരയിളക്കം. പുതിയൊരു ജീവിതത്തിലേക്ക് താന്‍ പ്രവേശിക്കുകയാണ്. പുതിയ ഉത്തരവാദിത്വങ്ങള്‍, സുന്ദര സ്വപ്നങ്ങള്‍, മോഹങ്ങള്‍, ജീവിതാഭിലാഷങ്ങള്‍, അനുഭൂതികള്‍, ആനന്ദ നിര്‍വൃതികള്‍, ആവേശം, ആമോദം……ചെറുതായി വീശിയ കാറ്റില്‍ അവന് കുളിരും സുഗന്ധവും അനുഭവപ്പെട്ടു. കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീടിന്റെ പിറകിലേയ്‌ക്കെന്ന മട്ടില്‍ പോയ അവന്‍ പാത്തും പതുങ്ങിയും അല്പം പരിഭ്രമത്തോടെയും അടുക്കള വഴി മണിയറയ്ക്കരികിലേക്ക് ചെന്നു. 
            '' എത്തിനാ ജ്ജ് പ്പൊ പൂച്ചേനെപ്പോലെ ഒച്ചണ്ടാക്കാണ്ടെ ഇങ്ങട്ട് വന്നത് ''         '' ഞാന്….ഞാന്…മൊബൈല്….. ''. '' എടാ കള്ളാ ജ്ജ് വല്ലിമ്മാനെ പറ്റിച്ചണ്ട. ഇച്ചറിയ അന്റെ മൊബൈലിനിപ്പൊ മുറ്റത്ത് റേഞ്ച് കാണൂലാന്ന്…….ന്നാല് വല്ലിമ്മാന്റെ കുട്ടി റേഞ്ച്‌ള്ളോടത്ത് കൊറച്ച് നേരം നിന്നൊ. വല്ലിമ്മ റേഞ്ച് ഇല്ലാത്ത മുറ്റത്തേക്ക് പോകാട്ടൊ ''. നാണം കൊണ്ട് ചൂളിപ്പോയ ഫൈസലിന്റെ ദയനീയ ഭാവം കണ്ട് മണവാട്ടിയില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. ആ ചെറു പുഞ്ചരി ഒളികണ്ണിട്ട് ഫൈസല്‍ നുകര്‍ന്നു. ഇതെല്ലാം കണ്ട വല്ല്യുമ്മയ്ക്കാകട്ടെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. 
          ''കുറച്ച് കസേലകള്‍ വാടകക്കാര്‍ക്ക് ഇന്നു തന്നെ വേണമെന്ന് പറഞ്ഞിരുന്നല്ലോ. പന്തലിട്ടവരെ കാണുന്നുമില്ല. ഞാന്‍ തന്നെ കൊണ്ടു കൊടുക്കാം ''. എല്ലാവരും അതു വേണ്ടെന്ന് പറഞ്ഞു. കൂട്ടുകാര്‍ അവനെ തടഞ്ഞു. ഇതൊന്നും വക വയ്ക്കാതെ ഫൈസല്‍ കുറേ കസേരകള്‍ അവന്റെ വണ്ടിയില്‍ കയറ്റി. ഫൈസലിന്റെ നിയന്ത്രണത്തില്‍ നിന്നു കുതറി മാറി വണ്ടി അതി വേഗതയില്‍ മുന്നോട്ടേക്ക് കുതിച്ചു. വണ്ടി കരിങ്കല്‍ മതിലില്‍ ചെന്നിടിച്ച് മറിഞ്ഞു. ഫൈസലും ഫൈസലിന്റെ ഉത്തരവാദിത്വങ്ങളും മോഹങ്ങളും സുന്ദര സ്വപ്നങ്ങളുമൊക്കെ കരിങ്കല്ലുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു.
         ഫൈസലിനും ഫൗസിയയ്ക്കും വേണ്ടി ഒരുക്കിയ ആ മണിയറക്കട്ടില്‍ ഫൈസലിന്റെ മയ്യത്തുകട്ടിലായി മാറി. വെള്ളമുണ്ട് പുതച്ച് ഫൈസല്‍ അതില്‍ ഒറ്റയ്ക്ക് കിടന്നു. 
…………………

Sunday, December 12, 2010

ലക്‌സ്മണന്‍

മിനിക്കഥ


സാഹിത്യശ്രീ-ജനുവരി, 2010

ശങ്കരനാരായണന്‍ മലപ്പുറം

           '' സുന്ദരീ, അഴകുള്ള നിന്റെയീ മേനിയേക്കാളും എന്നെ ഹര്‍ഷപുളകിതമാക്കുന്നത് നിന്റെ സുന്ദരമേനിയില്‍ നിന്നുയരുന്ന ചന്ദ്രികാ സോപ്പിന്റെ നറുമണമാണ്. കരളേ, നിന്റെ പേര് സരളയെന്നാകിലും നിന്നെ ഞാന്‍ ചന്ദ്രികേ എന്നു വിളിച്ചോട്ടോ ''. 
              ''എന്റെ ആഗ്രഹവും ഇതു തന്നെയാണ് പ്രിയനേ ! ''
              ''എന്റെ പ്രിയപ്പെട്ട ചന്ദ്രിേേേേകേ.....!''
              ''എന്റെ സര്‍വ്വസ്വമായ ലക്‌സ്മണേട്ടാാാാ!!''
...................

Thursday, December 09, 2010

ജാതിയും ജാതിപ്പേരും ജാതി സംവരണവും കുറച്ച് മതവും


ശങ്കരനാരായണന്‍ മലപ്പുറം   

      ശ്രീജിത്ത് കൊണ്ടോട്ടിയുടെ http://sreejithkondotty.blogspot.com/ ബ്‌ളോഗില്‍ ഒരു ഇക്ബാല്‍ മേനോന്റെ കാര്യവും മറ്റു ചില കാര്യങ്ങളും പരാമര്‍ശിച്ച് ഒരഭിപ്രായമെഴുതിയിരുന്നു. അതിന് ശ്രീ: ശ്രീജിത്ത് കൊണ്ടോട്ടി  മറുപടിയും എഴുതുകയുണ്ടായി. അതിനുള്ള മറുപടി അല്‍പം വിശദീകരിക്കണമെന്നു തോന്നി. ആ വിശദീകരണമാണിത്.
           കേരളത്തില്‍ നിന്നു ആഫ്രിക്കയില്‍ പോയി മുസ്ലീമായിട്ടും പേരിലെ ജാതിപ്പേര്‍ നിലനിര്‍ത്താന്‍ വാശികാണിച്ച മനസ്സിനെ തുറന്നു കാണിക്കാനാണ് ഞാന്‍ ഈ പേര് പരാമര്‍ശിച്ചത്. എന്നു കരുതി ഈ വ്യക്തി മോശക്കാരനാണെന്ന അഭിപ്രായമൊന്നുമില്ല. പേരിന്റെ കൂടെ ജാതിപ്പേരുണ്ടോ എന്നതു നോക്കിയല്ല ഞാന്‍ ആളുകളെ വിലയിരുത്താറ്. 'സി.ആര്‍.നീലകണ്ഠന്‍ നമ്പൂതിരി എന്ന നമ്പൂതിരി' എന്ന തലക്കെട്ടില്‍ ഞാനൊരു കുറിപ്പ് 2003 ഫെബ്രുവരി ലക്കം 'സമീക്ഷ' യില്‍ എഴുതിയിരുന്നു. അതിനെത്തുടര്‍ന്ന് മറ്റു ചിലരും ഈ വിഷയം ഏറ്റുപിടിച്ചു. ചിലര്‍ നമ്പൂതിരി സമുദായക്കാരെ മൊത്തം അക്ഷേപിച്ചുകൊണ്ടാണ് എഴുതിയിരുന്നത്. ഇങ്ങനെയും ചിലരുണ്ട്. ഇത്തരക്കാരുടെ നിലപാടുകളെ ഞാനൊരിക്കലും അംഗീകരിക്കുന്നില്ല. ഇതൊക്കെക്കൊണ്ടുതന്നെയാണോ എന്നറിയില്ല അദ്ദേഹം പേരില്‍ നിന്നു ജാതിപ്പേര്‍ ഒഴിവാക്കി. ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചത് പേരിന്റെ കൂടെ നമ്പൂതിരി ഉണ്ടായതുകൊണ്ടായിരുന്നില്ല. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്തുള്ള ഏറിയാട്ട് മനയില്‍ 2002 ഡിസബര്‍ 30 ന് കൂടിയ 'നമ്പൂതിരി സംഗമ'ത്തില്‍ പങ്കെടുത്തതുകൊണ്ടുമായിരുന്നില്ല. സംവരണ വിഷയത്തില്‍ അദ്ദേഹം 2002 മെയ് ലക്കം 'സൂചകം' മാസികയില്‍ പ്രകടിപ്പിച്ച ഒരഭിപ്രായം അദ്ദേഹത്തിന് നമ്പൂതിരി താല്‍പര്യം ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു. ഇതുകൊണ്ടാണ് ഇത്തരമൊരു കുറിപ്പ് ഞാന്‍ 'സമീക്ഷയില്‍' എഴുതിയത്.
      ജാതിപ്പേരുള്ളവരെല്ലാം മോശക്കാരാണെന്ന അഭിപ്രായം എനിക്കില്ല. ജാതിപ്പേര്‍ ഇല്ലാത്തവരും ഒഴിവാക്കിയവരും ജാതിചിന്ത ഇല്ലാത്തവരുമാെണന്ന അഭിപ്രായവും ഇല്ല. എന്‍.എസ്.എസ്.സ്ഥാപക നേതാവ് മന്നത്തു പത്മനാഭന്‍ തന്റെ പേരിന്റെ കൂടെയുണ്ടായിരുന്ന 'പിള്ള' ഒഴിവാക്കിയിരുന്നു. പക്ഷേ, ഇതുകൊണ്ട് അദ്ദേഹത്തിന്റെ ജാതി താല്‍പര്യം പോയി എന്നു പറയാന്‍ ഒരിക്കലും പറ്റില്ല. 'ഈഴവര്‍ പന്നി പെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനവും നല്‍കിയത് പുന:പരിശോധിക്കണം' എന്നു പറഞ്ഞതും 'ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കുവാന്‍ സാധ്യമല്ല'(ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പട്ടിക ജാതിക്കാരനായ മന്ത്രിയായിരുന്നു ഈ വ്യക്തി) എന്നു പറഞ്ഞതും ( കുമ്പളം ചിറയില്‍ സി.വാസവപ്പണിക്കര്‍ എഴുതിയ 'സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍' എന്ന കൃതി-രണ്ടാം പതിപ്പ്, 1976 ജൂലൈ, പേജ് 385, പേജ് 387) മന്നത്ത് പത്മനാഭന്‍ തന്നെയാണ്. 
           നേരെമറിച്ച് എ.കെ.ജി എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന കേരളത്തിന്റെ പ്രിയ സഖാവ് എ.കെ.ഗോപാലന്‍ നമ്പ്യാര്‍ (വിപ്‌ളവ കേരളം വളരെ അപൂര്‍വ്വമായിക്കണ്ട പ്രാക്ടിക്കല്‍ കമ്മ്യൂണിസ്റ്റുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു ഈ വിപ്‌ളവകാരി) അദ്ദേഹത്തിന്റെ പേരില്‍ നിന്നു 'നമ്പ്യാര്‍' മുറിച്ചു മാറ്റി. പേരില്‍ നിന്നു മാത്രമല്ല മനസ്സില്‍ നിന്നും മുറിച്ചു മാറ്റി. ചുമന്ന റിബ്ബണ്‍ മാലയിട്ട് ഇന്‍കുലാബ് വിളിച്ച് സുശീല എന്ന ഈഴവ സ്ത്രീയെ കല്യാണം കഴിച്ചു. ഇതു പേരില്‍ നിന്നു ജാതിപ്പേര്‍ ഒഴിവാക്കിയവരുടെ കാര്യം. ഇനി പേരില്‍ ജാതിപ്പേര്‍ ചേര്‍ത്തിരുന്നവരുടെ കാര്യം പറയട്ടെ.
           പുലയരുടെ സ്‌കൂള്‍ പ്രവേശനത്തിനെതിരെ ശബ്ദിച്ച, മുക്കുവ സമുദായക്കാരനായ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ എന്ന വിപ്‌ളവ കവിയെയും ഈഴവനായ സരസകവി മൂലൂര്‍ എസ്. പന്മനാഭപ്പണിക്കരെയും ജാതി പറഞ്ഞ് ആക്ഷേപിച്ച (കൂടുതല്‍ വിവരങ്ങള്‍ക്ക് ഞാന്‍ 24.09.2010 ല്‍ എഴുതിയ പോസ്റ്റ്- സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സ്വജാത്യാഭിമാന ചിന്തകള്‍- വായിക്കുക) സ്വദേശാഭിമായി രാമകൃഷ്ണപ്പിള്ള 'സ്വജാത്യാഭിമാനി' യാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കി ഉത്തരവിറക്കിയ രാജഗോപാലാചാരി ബ്രാഹ്മണനും 'ആചാരി' യുമായിരുന്നു. അധ:സ്ഥിത ജനവിഭാഗങ്ങളോട് വളരെയേറെ സ്‌നേഹമുള്ള വ്യക്തിയായിരുന്നു ഈ ബ്രാഹ്മണന്‍. മഹാത്മാ അയ്യന്‍കാളിയെ പ്രജാമൂലം സഭയില്‍ അംഗമാക്കിയത് ഇദ്ദേഹമാണ്. സ്വദേശാഭിമാനിയുടെ 'സ്വജാത്യാഭിമാന' ത്തിനെതിരെ രംഗത്തു വന്ന, പേരിന്റെ കൂടെ ജാതിപ്പേരുള്ള രണ്ട് മഹാത്മാക്കളാണ് കൈതമുക്കില്‍ പരമേശ്വരന്‍ പിള്ളയും കൊച്ചിയിലെ ടി.കെ.കൃഷ്ണമേനോനും. പേരിന്റെ കൂടെ ജാതിപ്പേരുണ്ടെങ്കിലും മനസ്സില്‍ നിന്നു ജാതി ഒഴിവാക്കിയ ഇവര്‍ കറകളഞ്ഞ മനുഷ്യ സ്‌നേഹികള്‍ തന്നെയായിരുന്നു. 24.09.2010 ന് എഴുതിയ പോസ്റ്റ് ഞാന്‍ സമര്‍പ്പിച്ചിരുന്നത് ഈ മൂന്നു വ്യക്തികള്‍ക്കുമായിരുന്നു (പോസ്റ്റിലെ ഒന്നാമത്തെ കമന്റ് വായിക്കുക).
ആരു പറയുന്ന എന്നല്ല എന്തു പറയുന്നു എന്നു തന്നെയാണ് നോക്കേണ്ടത്. എന്റെ കാര്യത്തില്‍ ഞാന്‍ ഇതുതന്നെയാണ് നോക്കാറുള്ളത്. ഞാന്‍ പണ്ടും ഇന്നും നക്‌സലേറ്റ് അല്ല. അവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുമില്ല. അവരുടെ നയങ്ങളോട് യോജിപ്പുമില്ല. എങ്കിലും പണ്ട് നക്‌സലേറ്റായിരുന്ന കെ.വേണുവിനെ ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം പത്രാധിപരായ 'സമീക്ഷ' യില്‍ എന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുകൊണ്ടല്ല ഈ സ്‌നേഹം. മാനവികതയുടെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച സത്യസന്ധമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ഇന്നലെ ഞാന്‍ തൃശ്ശൂരില്‍ പോയിരുന്നു. രണ്ടു കാര്യങ്ങള്‍ക്കായിരുന്ന പോയിരുന്നത്. അതിലൊന്ന് രോഗിണിയായ മണിച്ചേച്ചിയെ (കെ.വി.യുടെ ഭാര്യ) കാണുക എന്നതായിരുന്നു. അവര്‍ അനിയത്തിയുടെ വീട്ടിലേക്ക് പോവുക കാരണം അവരെ കാണാന്‍ സാധിച്ചില്ല. എങ്കിലും കെ.വി.യുമായി പല കാര്യങ്ങളും സംസാരിച്ച് ഞാന്‍ നാട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി 'നൊസ്റ്റാള്‍ജിയ' നോക്കിയപ്പോഴാണ് ശ്രീജിത്തേട്ടന്റെ കമന്റ് കണ്ടത്. അതു വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ കെ.വി.യും കെ.വി.യുടെ കുടുംബവുമായിരുന്നു. ശ്രീജിത്തേട്ടാ കെ.വേണു നായരാണ്. നായരായ കെ.വേണുവിനെ ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ നായരല്ലാത്ത എന്നെ കെ.വി.യും ഇഷ്ടപ്പെടുന്നുണ്ട്. മാനവികതയുടെ കാര്യത്തില്‍ കെ.വേണു നാവുകൊണ്ട് പറയുന്നതും പേനകൊണ്ട് എഴുതുന്നതും തീര്‍ത്തും സത്യസന്ധമായിത്തന്നെയാണ്. കെ.വി.യുടെ ഭാര്യ മണിച്ചേച്ചി നായരല്ല. അവര്‍ണ സമുദായക്കാരിയും അതേ സമയം കര്‍ഷകത്തൊഴിലാളിയുമായിരുന്നു. മകന്‍ അനൂപ് കല്യാണം കഴിച്ചത് ഈഴവ സ്ത്രീയെയാണ്. രണ്ടാമത്തെ മകന്‍ അരുണിന് ജീവിത പങ്കാളിയായി കണ്ടെത്തിയത് ഒരു പാവം ദലിത് പെണ്‍കുട്ടിയെയാണ്. ജാതിക്കെതിരെ പ്രസംഗിക്കുന്ന 99 ശതമാനത്തിലേറെപ്പേരുടെയും (അവര്‍ ആരായാലും കമ്മ്യൂണിസ്റ്റായാലും കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും നക്‌സലേറ്റായാലും സ്ത്രീ-പുരുഷ സമത്വവാദിയായാലും യുക്തിവാദിയായാലും) ജാതിവിരോധ പ്രസംഗങ്ങള്‍ വെറും ഗീര്‍വാണങ്ങള്‍ മാത്രമാണ്.
               മുസ്ലീങ്ങളിലെ ജാതിയെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ഇതേക്കുറിച്ചൊരു കാര്യം മാത്രം പറയട്ടെ. ഞാന്‍ മുമ്പ് എഴുതിയ ഒരു കുറിപ്പിന്റെ തലക്കെട്ട് 'ഒസ്സാന്റെ ദു:ഖം കണ്ടാല്‍ പൊലയന്റെ വേദന മാറില്ല' എന്നായിരുന്നു. ഖുര്‍ ആനിലുള്ള എന്റെ പരിമിതമായ അറിവു വച്ചു പറഞ്ഞാല്‍ കേരളത്തില്‍ മുസ്ലീങ്ങളുടെ ജനസംഖ്യ രണ്ടു ശതമാനം വരില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നാക്കക്കാരോടും, ദലിതരോട് പ്രതേ്യകിച്ചുമെടുക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍ കേരളത്തിലുണ്ടെന്ന് പറയുന്ന മുസ്ലീങ്ങള്‍ ഒരു പ്രതേ്യക ജനവിഭാഗമാണ്. നായന്മാര്‍ക്ക് ഒരിഞ്ച് അടുത്തും തിയ്യന്മാര്‍ക്ക് ഒരു മൈല്‍ അകലെയും ഉള്ള ഒരുതരം പ്രതേ്യക ജാതി. മുസ്ലീം ആചാരങ്ങളൊക്കെ നടത്തുന്നുണ്ട് എന്നതു ശരി തന്നെ. പക്ഷേ, മനസ്സ് മുകളില്‍ സൂചിപ്പിച്ച പ്രതേ്യക ജാതിയുടേതു തന്നെയാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുസ്ലീം ലീഗ് (അവര്‍ക്കും കുറെയേറെ ന്യൂനതകളുണ്ട്) പോലുള്ള ഏതാനും സംഘടനകളെ ഒഴിവാക്കിയാല്‍ വലിയ വായില്‍ സംസാരിക്കുന്ന മറ്റെല്ലാ മുസ്ലീം സംഘടനകള്‍ക്കും അവരുടേതായ ഹിഡണ്‍ അജണ്ടകളുണ്ട്. മുകുന്ദന്‍ സി.മോനോന്റെയും മറ്റും തീവ്ര ദലിത്‌വാദം കാപട്യമാണെന്നും അത് ദലിതര്‍ക്ക് ദോഷം ചെയ്യുമെന്നും ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. ദലിതരും പിന്നാക്കക്കാരും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത് സ്വന്തം നിലപാടുതറയില്‍ നിന്നുകൊണ്ടു തന്നെ വേണം. ഇതിനുവേണ്ടി തീവ്രവാദ സംഘടനകളോട് സഹകരിക്കരുതെന്നു മാത്രമല്ല അവരുമായി സംസാര ബന്ധം പോലും പാടില്ല എന്ന ഉറച്ച നിലപാടാണ് എനിക്കുള്ളത്. എന്റെ എഴുത്തിന്റെ മുഖ്യ വിഷയത്തെ അടിസ്ഥാനമാക്കി എന്നെക്കുറിച്ച് മറിച്ചെന്തെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ ആ ചിന്ത ഉപേക്ഷിച്ച് അവര്‍ അവരുടെ വഴി നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
       ശ്രീജിത്തേട്ടന്‍ പറഞ്ഞമാതിരി സവര്‍ണ ജാതിയില്‍ ജനിച്ചവരെയെല്ലാം ഞാന്‍ ശത്രുക്കളായി കണക്കാക്കുന്നില്ല. സവര്‍ണരെയല്ല സവര്‍ണ പ്രത്യയശാസ്ത്രത്തെ മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ. പൂണൂല്‍ മാറ്റിയെന്നു കരുതി ജാതി താല്‍പര്യം പോകണമെന്നില്ല. വൈശ്യനായ ഗാന്ധിജി പൂണൂല്‍ ഇട്ടിരുന്നില്ലല്ലോ. പക്ഷേ, ജാതി വ്യവസ്ഥ ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന നിലപാടല്ലേ അദ്ദേഹത്തിനുണ്ടായിരുന്നത്? ഗാന്ധിജിക്ക് ഒട്ടേറെ മഹത്വങ്ങളുണ്ടെങ്കിലും തോട്ടിയുടെ മകന്‍ തോട്ടിപ്പണി തന്നെ ചെയ്യണമെന്ന് പറയുന്ന ഗാന്ധിസത്തോട് ശ്രീജിത്തേട്ടന് യോജിക്കുവാന്‍ പറ്റുമോ? (ഈ വിഷയത്തില്‍ ഗാന്ധിജിയ്ക്കുണ്ടായിരുന്ന നിലപാടുകളെ വിശദീകരിച്ച് ഞാന്‍ 08.10.2008 ല്‍ എഴുതിയ പോസ്റ്റ്-ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ- വായിക്കുക). 
    പല വ്യക്തികളെയും വിമര്‍ശിച്ച് ഞാന്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഇതില്‍ ഈ.എം.എസ്.നമ്പൂതിരിപ്പാടിനെ വിമര്‍ശിച്ചാണ് കൂടുതല്‍ എഴുതിയിട്ടുള്ളത്. സഖാവ് എ.കെ.ജി.യെ അംഗീകരിക്കുമ്പോള്‍ തന്നെ ഈ.എം.എസി.നെ അംഗീകരിക്കാതിരിക്കുന്നത് അദ്ദേഹം പേരിന്റെ കുടെ ജാതിപ്പേര്‍ ചേര്‍ത്തതുകൊണ്ടല്ല. സാമൂഹിക വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. 
    ഞാനൊരു എഴുത്തുകാരനായതും എനിക്കൊരു ബ്‌ളോഗുണ്ടാക്കാന്‍ സാധിച്ചതും ബ്‌ളോഗിങ്ങിലൂടെയെങ്കിലും ശ്രീജിത്തേട്ടനെപ്പോലെയുള്ളവരുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചതും എന്റെ വീട്ടില്‍ ഇപ്പോള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടായതുകൊണ്ടല്ല. ഇതൊന്നും എനിക്ക് ജന്മനാ കിട്ടിയ സൗകര്യങ്ങളല്ല. കാര്‍ഷിക ജോലികളും മറ്റും ചെയ്തിരുന്ന വള്ളിയുടെയും തെങ്ങുകേറ്റക്കാരനും കള്ളുചെത്തുകാരനുമായിരുന്ന തെയ്യുണ്ണിയുടെയും മകനായ ശങ്കരനാരായണന് ഇതിനെല്ലാം സാധിച്ചത് ശങ്കരനാരായണന് ഒരു സര്‍ക്കാരുദേ്യാഗസ്ഥനാകാന്‍ സാധിച്ചതുകൊണ്ടു മാത്രമാണ്. (ഇതിനര്‍ത്ഥം ഉദേ്യാഗസ്ഥന്മാര്‍ക്കേ ബ്‌ളോഗ് തുടങ്ങാന്‍ സാധിക്കൂ എന്നല്ല. 'ചെത്തുകാരന്‍ വാസു' എന്ന പേരിലും ഒരു ബ്‌ളോഗറുണ്ടല്ലോ!) 
           'കുലത്തൊഴില്‍' തന്നെ ചെയ്യുകയായിരുന്നെങ്കില്‍ എനിക്കിതിനൊന്നും സാധിക്കുമായിരുന്നില്ല. എനിക്ക് ഉദേ്യാഗം കിട്ടിയത് ഞാന്‍ പി.എസ്.സി.പരീക്ഷയെഴുതി വലിയ മാര്‍ക്ക് വാങ്ങിയതുകൊണ്ടാണ് എന്ന അഹംഭാവം എനിക്കില്ല. സംവരണം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് എനിക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററായി ഉദേ്യാഗം ലഭിച്ചത്. മറ്റു പല സംവരണ സമുദായക്കാരും വലിയ ഗീര്‍വാണങ്ങളടിക്കാറുണ്ടെങ്കിലും സംവരണം എന്ന അവകാശത്തിലൂടെയാണ് അവരില്‍ മിക്കവരും ജോലി നേടിയത് എന്നതാണ് സത്യം.
         കേരള ശാസ്ത്ര പരിഷത്ത് 2006 ല്‍ ഇറക്കിയ 'കേരള പഠന' ത്തില്‍ ഒരു കാര്യം പ്രതേ്യകം പറയുന്നുണ്ട്. അതിങ്ങനെ: '' ജാതി, മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''
        ശ്രീജിത്തേട്ടന്‍ സവര്‍ണനായാലും അവര്‍ണനായാലും ശരി കുറച്ചുനേരം വെറും മനുഷ്യനായി (ഇതിനര്‍ത്ഥം താങ്കള്‍ ഇപ്പോള്‍ മനുഷ്യനായി ചിന്തിക്കാത്ത വ്യക്തിയാണെന്ന് ധരിച്ചതുകൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത്) ചിന്തിക്കുക. എന്നിട്ട് 2006 ല്‍ നിന്ന് 48 വര്‍ഷം പിറകോട്ട് പോയി 1958 ലെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. 2006 ല്‍ ഇതാണ് അവസ്ഥയെങ്കില്‍ 1958 ല്‍ പട്ടിക ജാതിക്കാരുടെയും പിന്നാക്കക്കാരുടെയും ഉദേ്യാഗ പ്രാതിനിധ്യത്തിന്റെ കാര്യം നാമമാത്രമായിരിക്കുമെന്ന് ഏതു പൊട്ടനും മനസ്സിലാകുന്ന കാര്യം താങ്കള്‍ക്ക് മനസ്സിലാകാതിരിക്കില്ലല്ലോ. എന്നിട്ടും, 1958 ല്‍ തന്നെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കണമെന്നു പറയുന്നതിലെ താല്‍പര്യം എന്താണെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കു ബോധ്യമാകില്ലേ?
      ഇങ്ങനെ ആവശ്യപ്പെട്ട വ്യക്തി അന്ന് മുഖ്യമന്ത്രിയായിരുന്ന ഈ.എം.എസ്.നമ്പൂതിരിപ്പാടാണ്. ഈ.എംഎസ്.അദ്ധ്യക്ഷനായി 1957 ല്‍ രൂപീകരിച്ച 'ഭരണ പരിഷ്‌കാരക്കമ്മറ്റി റിപ്പോര്‍ട്ടി' ല്‍ ഈ.എം.എസ്.ഇങ്ങനെ (അദ്ധ്യായം 10, ഖണ്ഡിക 7,8) അഭിപ്രായപ്പെട്ടു: ''......ഇപ്രകാരമുള്ള സംവരണം സര്‍വ്വീസിന്റെ വൈശിഷ്ട്യത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കിത്തീര്‍ക്കുന്നു. എന്തായാലും ഏറ്റവും ഗൗരവാവഹമായ സംഗതി ഈ ഏര്‍പ്പാട് എല്ലാ സമുദായങ്ങളിലും ജാതിയും സാമുദായിക ചിന്തയും ശാശ്വതമാക്കുന്ന ഒരു മാനസിക പ്രവണത സംജാതമാക്കുന്നു എന്നുള്ളതാണ്... ഇതു സംബന്ധിച്ച് ഞങ്ങള്‍ ഉറപ്പിച്ചു പറയുവാന്‍ ആഗ്രഹിക്കുന്ന ഒരു സംഗതി ഇന്റര്‍മീഡിയറ്റ് ലെവലില്‍ പിന്നോക്ക സമുദായങ്ങള്‍ക്കു സംവരണം അനുവദിച്ചിട്ടുള്ള ചട്ടം നടപ്പില്‍ വരുത്തരുതെന്നാണ്. ഭരണസംവിധാനത്തിലെ ഉന്നതവും ഉത്തരവാദിത്വവുമുള്ള ഉദേ്യാഗങ്ങളിലേക്ക് യോഗ്യതയുള്ളവരുടെ സേവനം ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമനങ്ങളുടെ ലക്ഷ്യം തന്നെ അതു പ്രയോജന രഹിതമാക്കും''
ഇതേ 'യോഗ്യതാ വാദം' തന്നെയാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നടത്തുന്നതിനെതിരെ സുഷ്മാ സ്വരാജിന്റെ കുട്ടികള്‍ ഉന്നയിച്ചിരുന്നത്. അന്ന് ടി.വി.യില്‍ ഇതു സംബന്ധച്ച് നടന്ന ഒരു സംവാദത്തില്‍ ഡി.വൈ.എഫ്.ഐ.നേതാവ് എം.സ്വരാജ് പങ്കെടുത്തിരുന്നു. സുഷ്മാ സ്വരാജിന്റെ കുട്ടികളുടെ വാദത്തെ സവര്‍ണ-സമ്പന്നരുടെ വാദം എന്നാണ് ജന്മം കൊണ്ടെങ്കിലും നായരായ സ്വരാജ് വിശേഷിപ്പിച്ചത്. ഞാന്‍ സ്വരാജിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇത്തരമൊരു വാദം 1958 ല്‍ തന്നെ ഈ.എം.എസ്. നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. എന്നെ വിശ്വാസമില്ലെങ്കില്‍ 'ഭരണ പരിഷ്‌കാരക്കമ്മറ്റി റിപ്പോര്‍ട്ട്' വായിക്കുവാന്‍ പറയുകയും ചെയ്തു.
          ഈ നിര്‍ദ്ദേശത്തിലെ സവര്‍ണ്ണ താല്‍പര്യത്തെ ചോദ്യം ചെയ്ത് 'കേരള കൗമുദി' പത്രാധിപര്‍ കെ. സുകുമാരന്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ ' കുളത്തൂര്‍ പ്രസംഗം' കേരളത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വരികയും പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടുകയും മേല്‍ നിര്‍ദ്ദേശം നടപ്പിലാക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ.എം.എസിന്റെ ഈ നിര്‍ദ്ദേശത്തെ പാര്‍ട്ടി അംഗീകരിച്ചിരുന്നുവെങ്കില്‍ 'ശങ്കരനാരായണന്‍ മലപ്പുറം' എന്നൊരു വ്യക്തിയുണ്ടാകുമായിരുന്നില്ല എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ.എം.എസ്. ഈ നിര്‍ദ്ദേശത്തെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇടയ്ക്കിടക്ക് ' കുളത്തൂര്‍ പ്രസംഗ' തള്ളിപ്പറയുകയും ചെയ്തു. സാമ്പിക സംവരണ വാദവും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ.എം.എസിന്റെ ഈ നിലപാടിനെ സി.പി.ഐ.നേതാവും പേരിന്റെ കൂടെ ജാതിപ്പേര്‍ ചേര്‍ക്കാത്ത സവര്‍ണനുമായ എന്‍.ഇ.ബാലറാം ചോദ്യം ചെയ്തിട്ടുണ്ട്.
         ഈ.എം.എസിന് മറ്റൊരുപാട് മേന്മകളുണ്ടായിരിക്കാം. പക്ഷേ, സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം വ്യക്തിപരമായി എടുത്ത നിലപാട് സവര്‍ണ അനുകൂല നിലപാടു തന്നെയായിരുന്നു. വര്‍ഗ സിദ്ധാന്തത്തിന്റെ മറവില്‍ (അറിഞ്ഞോ അറിയാതെയോ) വര്‍ണ സിദ്ധാന്തമാണ് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ സംവരണ നയം തെറ്റാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ തലപുകഞ്ഞ് ആലോചിക്കേണ്ടതില്ല. പാര്‍ട്ടിയുടെ സംവരണ നയത്തെ പി.കെ.നാരാണപ്പണിക്കര്‍ പലപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. മറ്റൊരു തെളിവും ആവശ്യമില്ല.
           ഒരോ രാജ്യത്തിനും ഓരോ പ്രതേ്യകതകളുണ്ട്. അതനുസരിച്ചാകണം നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. ഇതനുസരിച്ചല്ല ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയം രൂപീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണിത്. ഇതുകൊണ്ടുതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ വളരാതിരിക്കുന്നതും. പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ തലപ്പത്ത് വന്നതിനു ശേഷം ജാതി വിഷയത്തില്‍ ആശാവഹമായ പുരോഗതി കൈവന്നിട്ടുണ്ട് എന്നുകൂടി പറയട്ടെ. 
        ഈ.എം.എസ് 1958 ല്‍ പറഞ്ഞതും പിന്നീട് തള്ളിപ്പറയാതിരുന്നതുമായ ഈ വാദം സവര്‍ണ വാദമായി മാത്രമേ ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും മാത്രമല്ല മാനവികതയില്‍ വിശ്വസിക്കുന്ന സവര്‍ണര്‍ക്കും കണക്കാക്കുവാന്‍ സാധിക്കുകയുള്ളൂ. ശ്രീജിത്തേട്ടന് ഈ നിലപാടിനോട് യോജിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ ഈ വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതോടുകൂടി നിര്‍ത്താം-സൗഹാര്‍ദ്ദപരമായിത്തന്നെ.
..............................

Monday, December 06, 2010

ഭയങ്കരം

കേരള കൗമുദി ആഴ്ചപ്പതിപ്പ്, 12.04.2008.


മിനിക്കഥ

ശങ്കരനാരായണന്‍ മലപ്പുറം             ''നിങ്ങളുടെ പ്രയോഗം തെറ്റ്.....തെറ്റ്.....തെറ്റ്. ഭയങ്കരം എന്നാല്‍ ഭയം അങ്കുരിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രയോഗം ഭാഷാപരമായി തെറ്റാണ്''
ഭാഷാ പണ്ഡിതന്‍ മൂന്നാമതും അയാളെ ഉപദേശിച്ചു. ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് അപരിചിതനായ ഭാഷാ പണ്ഡിതനെ അയാള്‍ വീണ്ടും രൂക്ഷമായി നോക്കി. അപ്പോഴേക്കും അടുത്ത പാട്ട് തുടങ്ങിയിരുന്നു. പാട്ട് കഴിഞ്ഞപ്പോള്‍ ആവേശത്തോടെ കയ്യടിച്ചുകൊണ്ട് അയാള്‍ വീണ്ടും പറഞ്ഞു.
                      ''അതിലേറെ ഭയങ്കരം. ഈ കുട്ടിയും ഭയങ്കര പാട്ടുകാരി തന്നെ.!''
                ''സുഹൃത്തേ, ഭയങ്കരം എന്നാല്‍ ഭയം ജനിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥമെന്ന് ഞാന്‍ എത്ര തവണ നിങ്ങളോടു പറഞ്ഞു. പാട്ട് കേട്ട് നിങ്ങള്‍ പേടിച്ചെന്നോ? അര്‍ത്ഥമറിഞ്ഞു വേണം വാക്കുകള്‍ പ്രയോഗിക്കാന്‍......''
        പറഞ്ഞു തീരുന്നതിന് മുമ്പ് 'ഠേ' എന്നൊരു ശബ്ദം! അടി കിട്ടിയ ഭാഗം തടവിക്കൊണ്ട് ഭാഷാ പണ്ഡിതന്‍ പറഞ്ഞു:
                 '' ഹൗ! നല്ല വേദന!! '' 
ഉള്ളില്‍ ചിരിയോടെ അയാള്‍ ഭാഷാ പണ്ഡിതനോടു പറഞ്ഞു:
         '' അര്‍ത്ഥമറിഞ്ഞാണ് വാക്കുകള്‍ പ്രയോഗിക്കേണ്ടത്. വേദനയെങ്ങനെ നല്ല വേദനയാകും? 'ഭയങ്കര വേദന' എന്നതാണ് ശരിയായ പ്രയോഗം ''
.............

Friday, December 03, 2010

പഞ്ചായത്ത് പ്രസിഡണ്ടിന്റെ അയിത്താചരണം


'കേരള ശബ്ദം' വാരികയില്‍ (12.12.2010) ഭാഗികമായും 'മക്തബ്' സായാഹ്ന ദിനപത്രത്തില്‍(24.11.2010) പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചത്

ശങ്കരനാരായണന്‍ മലപ്പുറം


            ജാതിയല്ലാതെ വേറൊന്നും എഴുതാനില്ലേ എന്നു പലരും എന്നോട് ചോദിക്കാറുണ്ട്. ഇങ്ങനെ ചോദിക്കുന്നവരാരും തന്നെ ജാതിയിലോ മതത്തിലോ വിശ്വസിക്കാത്തവരല്ല എന്നു മാത്രമല്ല കാര്യത്തോടടുക്കുമ്പോള്‍ ജാതിയും മതവും ആചാരവുമൊക്കെ വളരെ കൃത്യമായി പാലിക്കുകയും ചെയ്യുന്നവരാണ്. 'കേരളീയര്‍ സാധ്യമായ വിധത്തില്‍ സമത്വം നേടിയ സമുദായമാണ്' എന്ന ബഡായി പ്രൊഫ: എം.എന്‍.വിജയന്‍ പറഞ്ഞതുകൊണ്ടൊന്നും ഇല്ലാതാകുന്നില്ല ജാതിയും അതുമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതി വിവേചനങ്ങളും പീഢനങ്ങളും കേരളത്തില്‍ കുറവാണെന്ന കാര്യം ശരി തന്നെ. പക്ഷേ, കേരളത്തിലും ജാതി വിവേചനങ്ങളും പീഢനങ്ങളും ധാരാളം നടക്കുന്നുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും പരസ്യമാകുന്നില്ല എന്നതാണ് സത്യം. പരസ്യമാകുന്ന പലതുമാകട്ടെ പലപ്പോഴും വാസ്തവമാകണമെന്നുമില്ല. താല്‍പര്യങ്ങളുടെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന സംഭവങ്ങളും കുറച്ചൊക്കെയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജാതിയുമായി ബന്ധപ്പെട്ട വിഷയം എങ്ങനെ എഴുതാതിരിക്കും?

                    പട്ടിക ജാതിക്കാരെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുന്നത് കുറ്റകൃത്യമാണല്ലോ. പട്ടിക ജാതിക്കാര്‍ക്കെതിരെ പൊതുവെയും ഈ നിയമത്തിനെതിരെ പ്രതേ്യകിച്ചും ഒരാള്‍ എന്നോട് രോഷത്തോടെ സംസാരിച്ചു. 'ഇതിന്റെ പേരില്‍ കണക്കന്മാരും ചെര്‍മക്കളും മറ്റുള്ളവരുടെ മേക്കിട്ട് കേറുകയാണ്' എന്നും അയാള്‍ പറഞ്ഞു. ഈ വിഷയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. 'ഇതിന്റെ പേരില്‍ കണക്കന്മാരും ചെര്‍മക്കളും മറ്റുള്ളവരുടെ മേക്കിട്ട് കേറുകയാണ്' എന്നു പറഞ്ഞ ഈ വ്യക്തി തന്നെ ഈ നിയമത്തെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്ത കാര്യം സംസാരത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിച്ചു. അയല്‍വാസിയുമായുണ്ടായ സ്വത്തു തര്‍ക്കം വഴക്കിലും അടിപിടിയിലും കലാശിച്ചു. കേസ്സുംകൂട്ടവുമായി. ഇപ്പറഞ്ഞയാളുടെ പണിക്കാരുടെ കൂട്ടത്തില്‍ ഒരു പട്ടിക ജാതിക്കാരനുമുണ്ടായിരുന്നു. ജാതിയും ജാതിപ്പേരും അവിടെ ഘടകമായി വന്നിരുന്നില്ല. പക്ഷേ, എതിരാളിയെ കുടുക്കുവാന്‍ വേണ്ടി മാത്രം അയാള്‍ക്കെതിരെ കൊടുത്ത കേസ്സില്‍ തന്റെ തൊഴിലാളിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചു എന്ന് എഴുതിച്ചേര്‍ത്തു. ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന കാര്യം ശരിതന്നെ. പക്ഷേ, പട്ടിക ജാതിക്കാരല്ലാത്തവര്‍ അവരുടെ കാര്യലാഭത്തിനുവേണ്ടി പട്ടിക ജാതിക്കാരെ ബലിയാടുകളാക്കുന്ന സംഭവങ്ങളാണ് ഇക്കാര്യത്തില്‍ കൂടുതലും നടക്കുന്നത്.
ഏതു നിയമമുണ്ടാക്കിയാലും അത് ദുരുപയോഗപ്പെടുത്തുന്ന പ്രവണത ഉണ്ട്. എന്നു കരുതി ആ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയില്ലാതാകുന്നില്ല. അത് പട്ടിക ജാതിക്കാരുടെ കാര്യമാകുമ്പോള്‍ കൂടുതല്‍ കൊട്ടിഘോഷിക്കപ്പെടും എന്നതാണ് സത്യം. ഇതുതന്നെയാണ് മിക്ക കാര്യങ്ങളിലും സംഭവിക്കുന്നത്. 
               മുഖ്യമന്ത്രിയായിരുന്ന ഏ.കെ.ആന്റണി ഒരിക്കല്‍ കുടമാളൂരില്‍ നമ്പൂതിരിമാരുടെ യോഗത്തില്‍ പങ്കെടുത്തു. അവരുടെ പട്ടിണിയെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും പ്രസംഗിച്ചു. (ഈ പ്രസംഗം ഏറെ വിവാദമായിരുന്നു. പ്രസംഗത്തെ അനുകൂലിച്ചവരും എതിര്‍ത്തവരുമൊക്കെ പ്രസംഗത്തിന്റെ ആത്മാവ് മനസ്സിലാക്കാതെയാണ് അനുകൂലിച്ചതും പ്രതികൂലിച്ചതും!) നമ്പൂതിരിമാര്‍ മീറ്റിംഗില്‍ എത്തിയത് സെക്കനന്റ് വാഹനങ്ങളിലാണെന്നും പറയുകയുണ്ടായി. പ്രസംഗിക്കുന്നതിന് മുമ്പ് വാഹനങ്ങളുടെ ആര്‍.സി.യും മറ്റു രേഖകളും പരിശോധിച്ചുകാണും! നമ്പൂതിരിമാരുടെ വിഷമങ്ങള്‍ കൊട്ടിഘോഷിച്ച ഏ.കെ.ആന്റണി പക്ഷേ, ശവം കുഴിച്ചിടാന്‍ സ്ഥലമില്ലാത്തതിനാല്‍ അടുക്കള പൊളിച്ച് ശവം മറവുചെയ്ത പട്ടികജാതിക്കാരുടെ ദുരവസ്ഥ കണ്ടില്ല! പട്ടികജാതിക്കാരിലെ ബഹുഭൂരിപക്ഷവും അനുഭവിക്കുന്ന പ്രയാസങ്ങളെ കണ്ടില്ലെന്ന് നടിച്ച് നമ്പൂതിരിമാരിലെ ന്യൂനപക്ഷം അനുഭവിക്കുന്ന പ്രയാസത്തെ കൊട്ടിഘോഷിക്കുകയാണ് ഏ.കെ.ആന്റണി ചെയ്തത് (നമ്പൂതിരിമാരിലെ പാവങ്ങളുടെ പ്രയാസങ്ങള്‍ പ്രയാസങ്ങളല്ലെന്നും അതിനു പരിഹാരം വേണ്ടെന്നും പറയുന്നില്ല). പട്ടിക ജാതിക്കാരുടെ സങ്കടങ്ങളെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സവര്‍ണ്ണ പാത്രം കൊണ്ട് മൂടുകയാണ് ഏ.കെ. ആന്റണി ചെയ്തത്. (ഏ.കെ.ആന്റണിയും മറ്റും പറയുന്നത് കടുത്ത നുണകളാണെന്ന് മനസ്സിലാക്കാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'കേരള പഠനനം' വായിച്ചാല്‍ മതി. ഭാരിദ്ര്യം അനുഭവിക്കുന്നത് മുന്നാക്കക്കാര്‍ 14.2 ശതമാനവും പട്ടിക ജാതിക്കാര്‍ 38 ശതമാനവുമാണെന്നാണ് പ്രസ്തുത പഠനം പറയുന്നത്. മുന്നാക്കക്കാരിലുള്ളതിന്റെ രണ്ടര ഇരട്ടിയിലേറെ ശതമാനം പട്ടിണിക്കാര്‍ പട്ടിക ജാതിക്കാരിലുണ്ട്. കേരളത്തില്‍ നമ്പുതിരിമാരുടെ ജനസംഖ്യ 3 ശതമാനത്തോളമാണ്; പട്ടിക ജാതിക്കാരുടേത് 10 ശതമാനവും. ഇതനുസരിച്ച്, ശതമാനത്തില്‍ മാത്രമല്ല എണ്ണത്തിലും പട്ടിണിക്കാര്‍ കൂടുതലുള്ളത് പട്ടിക ജാതിക്കാരിലാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. നമ്പുതിരിമാരില്‍ ഒരു പട്ടിണിക്കാരനുള്ളപ്പോള്‍ പട്ടിക ജാതിക്കാരില്‍ എട്ട് പട്ടിണിക്കാരാണുള്ളത്. ഏ.കെ. ആന്റണിയെ സംബന്ധിച്ചിടത്തോളം എട്ടിനെക്കോള്‍ വലുതാണ് ഒന്ന്!). കടുത്ത മതവിശ്വാസിയല്ലാത്ത ഏ.കെ.ആന്റണിയെപ്പോലുള്ള ഒരു വ്യക്തിയുടെ മനസ്സു പോലും ഇങ്ങനെയാണെങ്കില്‍ വിമോചന സമരക്കാലത്ത് അവര്‍ണര്‍ക്കെതിരെ മുഷ്ടി ചുരുട്ടി 'പണ്ടത്തെപ്പണി ചെയ്യിക്കും; പാളേല്‍ കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്നു വിളിപ്പിക്കും' എന്നു മുദ്രാവാക്യം മുഴക്കിയ സവര്‍ണ ക്രിസ്ത്യാനികളുടെ പാരമ്പര്യം പിന്‍പറ്റുന്ന സാധാരണ ക്രിസ്ത്യാനികളുടെ അയിത്ത മനസ്സിന്റെ അവസ്ഥയെന്തായിരിക്കും?
                    മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് ആനക്കയം. അവിടുത്തെ ഒരു വാര്‍ഡില്‍ മത്സരിച്ച വ്യക്തിയോട് (തെങ്ങുകേറ്റ ജോലിക്കാരന്‍) എതിര്‍പ്പാര്‍ട്ടിക്കാര്‍ മുദ്രാവാക്യത്തിലൂടെ ആക്രോശിച്ചത്, പഞ്ചായത്ത് ഭരിക്കാന്‍ ഞങ്ങളുണ്ടെന്നും നീ തെങ്ങു കേറാന്‍ പോയാല്‍ മതിയെന്നുമായിരുന്നു. സാമൂഹികമായി പട്ടിക ജാതിക്കാരുടെ അവസ്ഥയെക്കാള്‍ ഏറെ മെച്ചമായ പിന്നാക്കക്കാരോടുള്ള നിലപാട് പോലും ഇതാണെങ്കില്‍ പട്ടിക ജാതിക്കാരോടുള്ള പകയും വെറുപ്പും അയിത്ത ചിന്തയും എത്രമാത്രമുണ്ടാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജില്ലയിലെ വിളയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട പേരടിയൂര്‍ എന്ന സ്ഥലത്ത് ഞങ്ങള്‍ പോവുകയുണ്ടായി. അവിടെ ഏതാനും പേര്‍ മരിച്ചു. അവരെയൊക്കെ പാണന്മാര്‍ ഒടിച്ചുകൊന്നുവെന്നതായിരുന്നു പ്രചാരണം. പാണക്കുട്ടി രക്തം കൊടുക്കുക കാരണം രോഗിയായ കൃഷ്ണന്‍കുട്ടി എഴുത്തച്ഛന്റെ ചോര വെള്ളമായെന്നും ഇദ്ദേഹത്തെ സ്‌കാന്‍ ചെയ്യാനായി യന്ത്രത്തിനടിയില്‍ കിടത്തിയപ്പോള്‍ ശരീരത്തില്‍ പാണരക്തമുള്ളതിനാല്‍ യന്ത്രം നിലച്ചുപോയെന്നുമുള്ള കള്ളക്കഥകള്‍ വരെ പറഞ്ഞു പരത്തി. കാമ്പ്രത്താലിന്റെ ചോട്ടില്‍ വച്ച് നാട്ടുകൂട്ടം ചേര്‍ന്ന് പാണസമുദായക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു; തൊഴിലും കുടിവെള്ളവും നിഷേധിച്ചു. ഇക്കാര്യത്തില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. കൃഷ്ണന്‍കുട്ടി എന്നു പേരായ ഒരു സഖാവ് ഈ തെമ്മാടിത്തത്തിനെതിരെ രംഗത്തു വരികയും വിഷയം പുറംലോകം അറിയുകയും ചെയ്തതിനു ശേഷമാണ് പാണസമുദായക്കാര്‍ക്ക് പേരടിയൂരില്‍ പേടിയില്ലാതെ ജീവിക്കാന്‍ സാധിച്ചത്.
                     ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമത്തില്‍ നിന്നൊരു വാര്‍ത്ത വന്നിരിക്കുന്നു. അവിടെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസ് ശുദ്ധികലശം നടത്തിയെന്നാണ് 12.11.2010 ലെ 'ദേശാഭിമാനി'യും 15.11.2010 ലെ 'മാധ്യമ'വും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി പട്ടിക ജാതിക്കാരാണത്രെ അവിടെ പ്രസിഡണ്ടായിരുന്നത്. ഇതാണ് കാരണം. താന്‍ വിശ്വാസിയാണെന്നും അതനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തതെന്നുമാണ് പ്രസിഡണ്ടിന്റെ വാദം. വിശ്വാസിയായാലും സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ വിശ്വാസം നടപ്പാക്കാന്‍ പാടില്ലല്ലോ. പത്ര വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ പ്രസിഡണ്ട് നടത്തിയത് കടുത്ത ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യമാണ്. അയിത്താചരണം നടത്തിയ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ 'ദേശാഭിമാനി' യുടെ ഭാഗത്തും പാര്‍ട്ടിയുടെ ഭാഗത്തും കടുത്ത തെറ്റുണ്ട്. ഇത്രമാത്രം നിന്ദ്യവും നീചവും നികൃഷ്ടവുമായ പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ളൊരു വാര്‍ത്ത എന്തുകൊണ്ട് അവസാന പേജില്‍ ഒതുക്കി? എന്തുകൊണ്ട് ഒന്നാം പേജില്‍ വന്നില്ല? എന്തുകൊണ്ട് പത്രത്തില്‍ മുഖപ്രസംഗമെഴുതിയില്ല? എന്തുകൊണ്ട് ഇതൊരു വലിയ വിഷയമായി ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്തിയില്ല?
                  1998 ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഒരു സംഭവമുണ്ടായി. അവിടുത്തെ ഒരു കോടതിയില്‍ പുതുതായി ചാര്‍ജ്ജെടുത്ത ഒരു ജഡ്ജി കോടതിമുറി ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തി. അവിടെ മുമ്പ് ജോലി ചെയ്തിരുന്ന ജഡ്ജി ഒരു പട്ടിക ജാതിക്കാരനായിരുന്നു. ഇതുകൊണ്ടാണ് ബ്രാഹ്മണനായ ജഡ്ജി കോടതിമുറി ശുദ്ധികലശം നടത്തിയത്. അയിത്തം കാണിച്ചയാളെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഒരു ജഡ്ജി തന്നെയാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്തത്! പക്ഷേ, ഇതൊന്നും പറഞ്ഞുകൂടാ; എഴുതിക്കൂടാ. പറയുകയും എഴുതുകയും ചെയ്താല്‍ ജാതിവാദിയാകും!!
.......................

Tuesday, November 30, 2010

ആങ്കുട്ടി

സായാഹ്നകൈരളി-28.01.2008

ശങ്കരനാരായണന്‍ മലപ്പുറം

       '' ഹലോ! അച്ഛമ്മാ, ബിന്ദുച്ചേച്ചി പ്രസവിച്ചു ''
       '' ആങ്കുട്ട്യല്ലേടാ? ''
       '' അല്ലച്ഛമ്മാ, പെങ്കുട്ടി ''
     '' മൂന്നാമത്തിം പെങ്കുട്ടി! എന്താ ചെയ്യ്വ. ദൈവം തരണത് വാങ്ങ്വ!! ''
   '' ഇക്കാര്യത്തില് മ്മളെ സിന്ധുച്ചേച്ചി ആങ്കുട്ട്യാണല്ലേ അച്ഛമ്മാ. സിന്ധുച്ചേച്ചി പ്രസവിച്ചത് മൂന്നും ആങ്കുട്ട്യാളെ! ''
.................

Saturday, November 27, 2010

'ചാണ്ടി മരുന്നുകള്‍' എന്നതല്ലേ ശരി ?

              
ശങ്കരനാരായണന്‍ മലപ്പുറം

         'പള്ളി' എന്ന പേരു കേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ്മയില്‍ വരിക മുസ്ലീം-ക്രിസ്ത്യന്‍ പള്ളികളായിരിക്കും. 'പള്ളി' എന്ന വാക്ക് അറബിയോ ലാറ്റിനോ ഇംഗ്‌ളീഷോ മലയാളമോ സംസ്‌കൃതമോ അല്ല. 'പാലി'യിലുള്ള വാക്കാണ് 'പള്ളി'. 'പാലി' ബുദ്ധമത ഭാഷയാണ്. ബുദ്ധവിഹാരങ്ങളെയാണ് 'പള്ളി' എന്നു വിളിച്ചിരുന്നത്.
                         ''സ്‌നാനമശ്വം ഗജം മത്തം
                          ഋഷഭം കാമമോഹിതം
                          ശൂദ്രമക്ഷര സംയുക്തം
                          ദുരത:പരിവര്‍ജ്ജ്യയേല്‍''
       കുളിച്ചു വരുന്ന കുതിര, മദമിളകി വരുന്ന ആന, കാമാവേശം പൂണ്ട കാള, അക്ഷരം പഠിച്ച ശൂദ്രന്‍-ഇവരെ കണ്ടാല്‍ ഓടണം എന്ന സംസ്‌കാരത്തിനെതിരെ വന്ന ശ്രീബുദ്ധന്‍ വിദ്യക്ക്് വളരെയേറെ പ്രാധാന്യം കൊടുത്തു. വിദ്യ അഭ്യസിപ്പിക്കുന്നതിനായി 'പള്ളി'കളോടനുബന്ധിച്ച് കൂടങ്ങളുണ്ടാക്കി. വിദ്യാലയങ്ങള്‍ക്ക് 'പള്ളിക്കൂടം' എന്നു പേര് വന്നതു ഇങ്ങനെയാണ്. 'പള്ളി'യുമായി ബന്ധപ്പെട്ടു കിടക്കുന്ന ധാരാളം സ്ഥലങ്ങള്‍ (മുല്ലപ്പള്ളി, കടന്നപ്പള്ളി, കരുനാഗപ്പള്ളി, പള്ളിപ്പുറം, പള്ളിക്കല്‍, പള്ളിവാസല്‍, പള്ളിത്തുറ എന്നിങ്ങനെ ധാരാളം സ്ഥലങ്ങള്‍) കേരളത്തിലുണ്ട്. അവിടങ്ങളിലെല്ലാം ഒരുകാലത്ത് പ്രസിദ്ധങ്ങളായ ബുദ്ധപ്പള്ളികളുണ്ടായിരുന്നു. ഒരു കാലത്ത് ബുദ്ധമതം കേരളത്തിലാകെ വ്യാപിച്ചിരുന്നു. മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ മതപ്രചാരണം തുടങ്ങിയ കാലത്ത് ഇവിടെയുണ്ടായിരുന്ന ജനവിഭാഗങ്ങളുടെ ആരാധനാലയത്തിന്റെ പേരു തന്നെ അവരുടെ ആരാധനാലയങ്ങള്‍ക്കും നല്‍കി. ഇങ്ങനെയാണ് മുസ്ലീം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് 'പള്ളി' എന്നു പേര് വന്നത്. ശ്രീബുദ്ധന് ശാസ്താവ് എന്നു പര്യായപദമുണ്ട്. ശാസ്താവാണ് ചാത്തനായി ലോപിച്ചത്. വര്‍ണ നിയമ പ്രകാരം 'പാപയോനി'കളില്‍ ജനിച്ച ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെയും ചാതുര്‍ വര്‍ണ്യത്തിലെ ശൂദ്രന്മാരായി കണക്കാക്കിയിരുന്ന നായന്മാരുടെയും പൂര്‍വ്വീകരായിരുന്നു ഈ ബുദ്ധമതാനുയായികള്‍. ചാത്തന്‍, ചാപ്പന്‍, ചാത്തു, ചാത്തുക്കുട്ടി, ചാത്തുക്കുട്ടി നായര്‍ തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുന്നവരും ഉപയോഗിച്ചിരുന്നവരും ഈ വിഭാഗക്കാരാണല്ലോ. എങ്കിലും, 'ചാത്തന്‍' എന്ന പേര് ദലിതരിലാണ് കൂടുതലുള്ളത്.
      ബുദ്ധമതവുമായി ബന്ധപ്പെട്ട് കുറച്ച് ചരിത്രം ഇവിടെ കുറിക്കാന്‍ കാരണം ബുദ്ധമതമായും ശാസ്താവുമായും ബന്ധപ്പെട്ടു കിടക്കുന്ന 'ചാത്തന്‍' വിഷയമായതുകൊണ്ടാണ്. വ്യാജ മരുന്നുകളെ വിശേഷിപ്പിക്കാന്‍ 'മലയാള മനോരമ'ദിനപത്രം സ്ഥിരമായി പ്രയോഗിച്ചു വരുന്ന ഒരു വിശേഷണമാണ് 'ചാത്തന്‍ മരുന്ന്' എന്നത്.
        വ്യാജ മരുന്നുകളെക്കുറിച്ച് എഴുതുക തന്നെ വേണം. അത് അഭിനന്ദനാര്‍ഹമായ കാര്യം തന്നെ. ആരോഗ്യ രംഗം, പ്രതേ്യകിച്ച് അലോപ്പതി രംഗം അത്രമാത്രം കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തിന്റെ ഒരു സ്‌നേഹിതന്‍ അയാളുടെ അമ്മയ്ക്കു ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് വാങ്ങാനായി ടൗണിലെ മിക്ക മെഡിക്കല്‍ ഷോപ്പുകളിലും പോയത്രെ. അവിടൊന്നും പ്രസ്തുത മരുന്നില്ല. അയാളെ പരിചയമുള്ള ഒരു ഫാര്‍മസിസ്റ്റ് പറഞ്ഞത്, ഡോക്ടറുടെ അളിയന്റെ ഒരു മെഡിക്കല്‍ ഷോപ്പുണ്ട്. അവിടെ തീര്‍ച്ചയായും ഉണ്ടാകും എന്നായിരുന്നു. അതു ശരിയായിരുന്നു. ആ മരുന്നിന്റെ 'കഥ' ഫാര്‍മസിസ്റ്റ് പറഞ്ഞത്രെ. രണ്ടു ഡോക്ടര്‍മാര്‍ ചേര്‍ന്നു നടത്തുന്ന മരുന്നു കമ്പനി. ഒരു ഡോക്ടറുടെ ഭാര്യയുടെ പേരിന്റെയും മറ്റൊരു ഡോക്ടറുടെ ഉമ്മയുടെ പേരിന്റെയും അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതത്രെ മരുന്നിന്റെ പേര്. അതു കുറിച്ചുകൊടുക്കാന്‍ ആതേ ആശുപത്രിയിലെ വേറൊരു ഡോക്ടര്‍. അതു വില്‍ക്കാന്‍ ആ ഡോക്ടറുടെ അളിയനും!
       മെഡിക്കല്‍ നിയമമനുസരിച്ച് മരുന്നുകളുടെ ബ്രാന്റ് നാമം ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുവാന്‍ പാടില്ല. രാസനാമം മാത്രമേ കുറിച്ചു കൊടുക്കാവൂ. പക്ഷേ, ഈ നിയമമൊക്കെ കടലാസ്സില്‍ കിടക്കുകയാണ്. പാവം രോഗികള്‍! ഡോക്ടര്‍മാര്‍ കമ്മീഷന്‍ വാങ്ങി കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാരുടെ അളിയന്‍മാരുടെയും കാമുകിമാരുടെയും കടകളിലോ ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും ബന്ധമുള്ള മറ്റു മരുന്നു കടകളിലോ പോകണം. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആരോഗ്യ നയത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലം കുറേയായി. ഡോ: ബി.ഇക്ബാലും മറ്റും ഇതിനായി കുറേക്കാലമായി ശബ്ദിക്കുന്നു. എന്നിട്ടും നമുക്കിതേവരെ ഒരു ജനകീയ ആരോഗ്യ നയം ഉണ്ടായിട്ടില്ല. 
        ഇതൊക്കെ തുറന്ന് എഴുതുക തന്നെ വേണം. പക്ഷേ, ഇതിനായി ഏതെങ്കിലും ജനവിഭാഗങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിശേഷണങ്ങള്‍ പ്രയോഗിക്കുന്നത് ഒട്ടും മാന്യതയില്ലാത്ത നിലപാടാണ്. 'ചാത്തന്‍ മരുന്ന്' എന്ന പ്രയോഗം ഈ പത്രത്തിന് എവിടുന്നാണാവോ കിട്ടിയത്? എവിടുന്നു കിട്ടിയതായാലും, പണ്ടു മുതലേ ഉപയോഗിച്ചു വരുന്നു എന്ന ന്യായം പറഞ്ഞാലും ശരി ഈ പ്രയോഗത്തെ ചോദ്യം ചെയ്യുക തന്നെ വേണം. പത്രക്കാരിലുള്ളത് ഏറെയും 'ചാത്തന്‍ വിരോധി'കളാണ് എന്നതൊരു സത്യമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ദല്‍ഹിയിലെ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, ദല്‍ഹിയിലുള്ള മുതിര്‍ന്ന 300 മാധ്യമ പ്രവര്‍ത്തകരില്‍ 71 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയില്‍ 8 ശതമാനം വരുന്ന ഉന്നതകുലജാതരാണെന്നും മാധ്യമ സ്ഥാപനങ്ങളില്‍ നയരൂപീകരണം നടത്തുന്ന സ്ഥാനങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗങ്ങളില്‍പ്പെട്ട ഒരാള്‍ പോലും ഇല്ലെന്നുമാണ്. ഇക്കാര്യം 'ദ ഹിന്ദു' ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നും 'ഇമ്മിണി ബല്ല്യ' മാറ്റമൊന്നും കേരളത്തിലുണ്ടാകില്ല. ഇതുകൊണ്ടാണ് ഇത്തരം വിശേഷണങ്ങള്‍ പ്രയോഗിക്കുവാന്‍ പലര്‍ക്കും ധൈര്യം വരുന്നത്.
           വ്യാജ മരുന്നുകളെ വിശേഷിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു പ്രയോഗമുണ്ട്. 'ചാണ്ടി മരുന്നുകള്‍' എന്ന പ്രയോഗം. 'ചാണ്ടി' എന്നു പറഞ്ഞാല്‍ ദൂരേയ്ക്ക് നീട്ടി എറിഞ്ഞു എന്നാണ് അര്‍ത്ഥം. വ്യാജ മരുന്നുകള്‍ ദൂരേക്ക് നീട്ടി എറിയേണ്ടവ തന്നെയാണല്ലോ! 'ചാണ്ടി' എന്ന വാക്കിന് ജാരന്‍ എന്നും അര്‍ത്ഥമുണ്ട്. ഭര്‍ത്താവുള്ളപ്പോള്‍ ഭര്‍ത്താവറിയാതെ വരുന്ന ജാരന്മാരെയും കൈകാര്യം ചെയ്യണമല്ലോ! ഇത്രമാത്രം അര്‍ത്ഥ സമ്പൂര്‍ണ്ണമായ മറ്റൊരു വിശേഷണവും വ്യാജ മരുന്നുകള്‍ക്കില്ല. ആയതിനാല്‍ 'ചാത്തന്‍ മരുന്നുകള്‍' എന്നതിനു പകരം 'ചാണ്ടി മരുന്നുകള്‍' എന്നു പ്രയോഗിക്കുന്നതല്ലേ ശരി?
       വാല്‍ക്കഷണം:-'ചാത്തന്‍ മരുന്ന്' പോലുള്ള പ്രയോഗങ്ങള്‍ തമാശയായി എടുത്തുകൂടെ എന്നുള്ള വാദം തെറ്റാണെന്നു പറഞ്ഞാല്‍ അതു എല്ലാവരും സമ്മതിക്കണമെന്നില്ല. എന്റെ കാര്യമല്ലേ എനിക്കു പറയാന്‍ പറ്റുകയുള്ളു. കടുത്ത നിറമുള്ള വസ്ത്രങ്ങളെ 'അയ്യന്‍കാളിക്കളര്‍' എന്നും 'ഐ.ആര്‍.ഡി.പി.കളര്‍' എന്നും പ്രയോഗിക്കുന്നത് നിന്ദ്യമായ പരിഹാസമായാണ് ഞാന്‍ കണക്കാക്കുന്നത്. 'ചിലമ്പിട്ട പാണന്‍ നിലത്തു നില്‍ക്കില്ല' , 'തളപ്പിടേണ്ട കാലില്‍ ചെരിപ്പിടുന്നതുപോലെ', 'നാലു തല ചേരും നാലു മുല ചേരില്ല', 'പെണ്ണിനെയും മണ്ണിനെയും ദണ്ഡിച്ചാല്‍ ഗുണ മുണ്ട്' , 'പെണ്‍ബുദ്ധി പിന്‍ബുദ്ധി', 'നാലാമത്തെ പെണ്ണ് നടുക്കല്ലു പൊളിക്കും' തുടങ്ങിയ ദലിത്/സ്ത്രീ വിരുദ്ധ പഴഞ്ചൊല്ലുകള്‍ സവര്‍ണ കുബുദ്ധിയിലുണ്ടായവയാണെന്നാണ് എന്റെ ഉറച്ച അഭിപ്രായം. 
............

Tuesday, November 23, 2010

അപ്പുണ്ണി

മലപ്പുറം ജില്ലാ എക്കണോമിക്‌സ് ആന്റ് സ്റ്റാസ്റ്റിക്‌സ് സ്റ്റാഫ് കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന 'കിരണം' ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്

കഥ

ശങ്കരനാരായണന്‍ മലപ്പുറം

      ''ഓന്റെ അപ്പുേണ്ണ്യ. ജ്ജെന്തിനാടാ ഒര്ങ്ങി പൊറപ്പെട്ടത്. കൊണ്ടന്നേപ്പിന്നെ ജ്ജാപ്പെണ്ണിന് സുഖംന്ന് പറഞ്ഞത് കൊട്ത്ത്ട്ട്‌ണ്ടോ?''
        ''പിന്നെ. ങ്ങക്ക് മൂന്ന് പേരക്കുട്ട്യാളെ കിട്ടീലേ?''
       ''പ്പെ. നായിന്റെ മോനെ! കളള് കുട്ച്ചാ പളേള കെട്ക്കണം. ന്നെക്കൊണ്ട് പറയിപ്പിക്കേണ്ട ജ്ജ്''
അപ്പുണ്ണി വായ പൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു.
         ''അപ്പോ ആരാ നായ?''
             ''അന്റെ തന്ത!''
    അപ്പുണ്ണി ഒന്നു കൂടി ആടിക്കുഴഞ്ഞു ചിരിച്ചു.
       ''ന്നാലും ന്റെ തളേള. ചവ്ട്ട്യാലും കുത്ത്യാലും മാന്ത്യാലും ങ്ങളെ മരേ്വാള് ഇതുവരെ ന്നെ നായേന്ന് വിളിച്ചിട്ടില്ല. അങ്ങനെങ്ങാനും വിളിച്ചാ ഓളെ ഊരപ്പെട്ടി ഞാം ചവ്ട്ടിപ്പൊട്ടിക്കും''
         ''ചെല്ക്കല്ലെടാ ഉശ്‌രും പുളീംല്ല്യാത്ത നായേ''
           ''ചെല്ച്ചാ ങ്ങളെന്താ ചെയ്യ്വ. മുണ്‌ങ്ങോ?''
 അപ്പുണ്ണി വിരല്‍ ചൂണ്ടി അമ്മയ്ക്കു നേരെ ചെന്നു. ഇത്കണ്ട് അപ്പുണ്ണിയുടെ ഭാര്യ രംഗത്തെത്തി.
         ''ങ്ങക്കെന്താ മന്‍ഷ്യാ പ്രാന്തോ. പെറ്റ തള്ളേന്റെ നേരെയാണോ ചെറയണത്''
          ''ഠേ''
          അപ്പുണ്ണിയുടെ കൈ ഭാര്യയുടെ കവിളത്ത്. പതിവ് പരിപാടിയായതിനാല്‍ അവര്‍ ബഹളം വയ്ക്കുകയോ കരയുകയോ ചെയ്തില്ല. അവര്‍ കൂസാതെ അവിടെത്തന്നെ നിന്നു. വീണ്ടും അടിക്കാനായി കൈ ഓങ്ങി. അപ്പോഴേക്കും മൂത്ത മകള്‍ രംഗത്തെത്തി. അവള്‍ കരഞ്ഞു പറഞ്ഞു.
                ''അമ്മയെ ഇനിയും അടിക്കല്ലേ''
                 'ഠേ''
              ''അടി മകളുടെ കവിളത്തായിരുന്നു. അവള്‍ ഉറക്കെ കരഞ്ഞു. ഇതു കണ്ട് മറ്റു കുട്ടികളും കരഞ്ഞു.
               ''ഠേ! ഠേ! ഠേ!''
                 വീണ്ടും അടിയുടെ ശബ്ദം. തൃപ്തി വരാതെ അപ്പുണ്ണി വീണ്ടും കുട്ടികളുടേയും ഭാര്യയുടേയും നേരെ കുതിച്ചു. കുട്ടികള്‍ പേടിച്ച് വിറച്ചു. അവര്‍ കരച്ചില്‍ നിര്‍ത്തി. പിന്നെ കേട്ടത് തേങ്ങലുകളായിരുന്നു. അവര്‍ അച്ഛമ്മയുടെ അരികിലേക്ക് ചേര്‍ന്ന് നിന്നു. അപ്പോള്‍ അപ്പുണ്ണിക്ക് സമാധാനം കിട്ടിയതുപോലെ. അപ്പുണ്ണി മുറ്റത്തേക്കിറങ്ങി. അതോടെ അന്നത്തെ കലാപരിപാടികള്‍ അവസാനിച്ചു.
                ''എടാ അപ്പുണ്ണേ്യ. യ്യ് കളളും കുടിച്ച് കച്ചറണ്ടാക്കി അന്റെ ഓള്‍ക്കും കുട്ട്യാള്‍ക്കും പെറ്റ തളളക്കും സൈ്വരംന്ന് പറഞ്ഞത് കൊട്ത്തിട്ടുണ്ടോ. അന്നെക്കൊണ്ട് വീട്ട്വാരും അയലോക്കക്കാരും ഒക്കെ തോറ്റു. അന്റെ കളളുകുടിയൊന്നു നിര്‍ത്തിക്കൂടെ അപ്പുണ്ണ്യേ''
          ''ന്റെ കുടീന്റെ കാര്യം ഞാം നോക്കിക്കൊളളാ. അന്റെ ഉപദേശം അന്റെ ഓളോട് പറഞ്ഞാ മതി. ഒന്നു പോടാ കൊലപ്പേ''
         ''കൊലപ്പ'' അയാളുടെ വഴിയും നോക്കിപ്പോയി. അപ്പുണ്ണി കയറ്റിറക്കു ജോലിക്കായി നഗരത്തിലേക്കും.
                വൈകുന്നേരം അപ്പുണ്ണി പതിവു പല്ലവി തെറ്റിച്ചില്ല. ബാറില്‍ പോയി നന്നായി മിനുങ്ങി. മാര്‍ക്കറ്റില്‍ നിന്നു ഒരു കിലോ അയ്‌ക്കോറയും ഓരോ കിലോ വീതം ഓറഞ്ചും മുന്തിരിയും പച്ചക്കറികളും പലചരക്കു സാധനങ്ങളും വാങ്ങി അപ്പുണ്ണി വീട്ടിലേക്കു തിരിച്ചു. നാട്ടില്‍ ബസ്സിറങ്ങിയാല്‍ അപ്പുണ്ണി കുറച്ചു നേരം വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നിരുന്ന് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞ് ചൊറിയാറുണ്ട്. അപ്പുണ്ണി വെയിറ്റിംഗ് ഷെഡ്ഡ് ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് റോഡരികില്‍ ഒരാള്‍ വീണു കിടക്കുന്നത് അപ്പുണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്തോ ആലോചിച്ചു നില്‍ക്കുന്ന പത്ര ഫോട്ടോഗ്രാഫറോട് അപ്പുണ്ണി കാര്യം തിരക്കി. ഫോട്ടോഗ്രാഫര്‍ അപ്പുണ്ണിയെ ശ്രദ്ധിച്ചതേയില്ല. നാളത്തെ വാര്‍ത്തയ്ക്കു നല്‍കേണ്ട തലക്കെട്ടിനെക്കുറിച്ചാലോചിക്കുകയായിരുന്നു അയാള്‍.
          ''റോഡരികില്‍ പ്രാണനു വേണ്ടി ഒരാള്‍. കരുണ വറ്റിയ ജനം നോക്കു കുത്തികളായി! '' അയാള്‍ പതുക്കെ പറഞ്ഞു.
          'എന്താ ചെങ്ങായ് പിറുപിറുക്കണത്. ചോയ്ച്ചത് കേട്ടില്ലേ. ന്തേ അയാള്‍ക്ക് പറ്റീത്?''
           ''കളളു കുടിച്ച് പൂസായി കെടക്ക്വാണ്. അത്രന്നെ''
മറുപടി പറഞ്ഞത് മറ്റൊരാളായിരുന്നു. ആള്‍ സ്ഥലം സാധു സംരക്ഷണ സമിതിയുടെ സെക്രട്ടറിയായിരുന്നു.
             ''അന്റൊപ്പാണോ അയാള് കളള് കുട്ച്ചത്''
     ''ഓ. വര്‍ഗ സ്‌നേഹായിരിക്കും'' എന്ന് മെല്ലെ പറഞ്ഞ് അയാള്‍ അവിടുന്ന് പിന്‍മാറി. പിന്നെ രംഗത്തെത്തിയത് മദ്യ നിരോധന സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു.
             ''കയ്യിലെ കാശും കൊടുത്ത് കളളും കുടിച്ച് അഭിനയിച്ച് കെടക്ക്വാണ് അവന്‍''
             ''അഭിനയിക്കുന്നത് അന്റെ തന്തേന്റെ സിനിമേലോ?'' അപ്പുണ്ണിക്ക് കലി കയറി.
             ''ന്നാ യ്യ് ഓന്റെ ഒപ്പം കെടന്നോ''
            ''അയന് അന്റെ തള്ളേനോട് പറയ്''
              അപ്പുണ്ണി വീണു കിടക്കുന്ന ആളിന്റെ അരികിലേക്കു ചെന്നു. കയ്യിലുണ്ടായിരുന്ന സാധനങ്ങള്‍ നിലത്തു വച്ചു. ആള്‍ക്ക് ജീവനുണ്ടോ എന്നു പരിശോധിച്ചു. ജീവനുണ്ടെന്നു ബോധ്യമായപ്പോള്‍ അപ്പുണ്ണി അയാളെ വാരിയെടുത്ത് അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനരികിലേക്ക് നീങ്ങി.
               ''പറ്റൂല'' ഡ്രൈവര്‍ വിളിച്ചു പറഞ്ഞു.
               ''പിന്നെ എന്തിനാടാ റോഡില്‍ നിര്‍ത്തിയിട്ടത്?''
               ''അന്റെ തറവാട്ടു സ്വത്തല്ലല്ലോ. വണ്ടി എന്റെയല്ലേ.''
              ''അണക്ക്‌ളളത് പിന്നെത്തരാം'' എന്നു പറഞ്ഞ് ആളെയും താങ്ങി അപ്പുണ്ണി റോഡിന്റെ നടുവിലേക്ക് കയറി നിന്നു. ചീറിപ്പാഞ്ഞു വരികയായിരുന്ന ഒരു ജീപ്പു നിര്‍ത്തി. അപ്പുണ്ണി ആളെ ജീപ്പിലേക്കു കയറ്റി. ഏതോ ഒരു അപരിചിതന്‍. ജീവിതത്തിലൊരിക്കലും അപ്പുണ്ണി അയാളെ കണ്ടിട്ടില്ല. എങ്കിലും അയാള്‍ തനിക്കു വളരെ വേണ്ടപ്പെട്ടവനാണെന്ന് അപ്പുണ്ണിക്ക് തോന്നി. അയാളുടെ തല അപ്പുണ്ണി തന്റെ മടിയിലേക്കു വച്ചു. അയാളുടെ വായ് രണ്ടു മൂന്നു തവണ അപ്പുണ്ണി മണത്തു നോക്കി. അപ്പുണ്ണിക്ക് കിട്ടിയത് നിസ്സഹായതയുടെ മണം മാത്രമായിരുന്നു. അപ്പുണ്ണിയുടെ മുഖം ദേഷ്യം കൊണ്ടു ചെമന്നു. ജീപ്പിനു ചുറ്റും തടിച്ചു കൂടിയവരെ അപ്പുണ്ണി രൂക്ഷമായി നോക്കി. കടുത്ത തെറികള്‍ അപ്പുണ്ണിയുടെ നാവില്‍ വന്നെങ്കിലും അതു പുറത്തു ചാടിയില്ല. അമ്മയുടെ മടിയില്‍ കൊച്ചു കുഞ്ഞെന്ന പോലെ കിടക്കുന്ന പാവത്തിന്റെ ജീവനെക്കുറിച്ചുളള വേവലാതിയില്‍ അപ്പുണ്ണിയുടെ പക സങ്കടത്തിന് വഴിമാറിക്കൊടുത്തു. അപ്പുണ്ണിയുടെ കണ്ണു നിറഞ്ഞു. ജീപ്പ് 
ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു.
...........................

Sunday, November 21, 2010

തമാശ പറയാന്‍ പറ്റാത്ത കാലം!

മക്തബ് (25.05.2009)


തമാശ പറയാന്‍ പറ്റാത്ത കാലം!


ശങ്കരനാരായണന്‍ മലപ്പുറം


“മണ്ണുത്തി വെറ്റിനറി കോളേജിലെ ഒരു പ്രൊഫസറായ ഡോക്ടര്‍ ചന്ദ്രന്‍ ക്യനടയിലാണ് പഠിച്ചത്. അക്കാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പ്രഭുവിന്റെ വീട്ടില്‍ വെച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. വന്നയുടനെ വീട്ടുടമസ്ഥനുമായി കുശലം പറഞ്ഞ് ഷൈക്ക് ഹാന്റ് ചെയ്ത്, സംശയം കൂടാതെ അകത്തേക്ക് കടന്നുപോയി. തദവസരത്തില്‍ അതാരാണെന്ന് ചന്ദ്രന്‍ ചോദിച്ചു. അയാള്‍ വീട്ടു വേലക്കാരനാണെന്നും പാത്രം തേയ്ക്കുക, മുറികള്‍ വൃത്തിയാക്കുക, മിറ്റം അടിക്കുക മുതലായ പണിക്കു വന്നിരിക്കുകയാണെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വീട്ടു വേലക്കാരനും വീട്ടുടമസ്ഥനായ-യജമാനനായ-പ്രഭുവും തമ്മില്‍ ഇങ്ങനെ തുല്യ നിലയില്‍ പെരുമാറുന്നത് കണ്ടപ്പോള്‍ ചന്ദ്രന്നത്ഭുതം തോന്നുകയാല്‍ കൂടുതലായി അനേ്വഷിച്ചു. അദ്ദേഹത്തിന്റെ തൊഴില്‍ ഈ വീട്ടുവേലയാണെന്നും, ഇങ്ങനെ പല വീടുകളിലും ജോലിയുണ്ടെന്നും ജോലിയനുസരിച്ച് അതാതു വീട്ടുകാരുമായി ചെയ്തിട്ടുള്ള നിശ്ചയ പ്രകാരം പ്രതിഫലം വാങ്ങിക്കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നതെന്നും വീട്ടുടമസ്ഥന്‍ പറയുകയുണ്ടായി. 20-25 മിനിറ്റിനകം അയാള്‍ ജോലിയെല്ലാം കഴിച്ച് കൈ കഴുകി വൃത്തിയാക്കി യാത്ര പറഞ്ഞു പോകാനുള്ള ശ്രമമായപ്പോള്‍ വീട്ടുടമസ്ഥന്‍ അദ്ദേഹത്തിന്നു ചന്ദ്രനെ പരിചയപ്പെടുത്തിക്കൊടുത്തു. തദവസരത്തില്‍ അയാള്‍ ചന്ദ്രനും ഷൈക്ക് ഹാന്റ് ചെയ്തു, അടുത്തുള്ള മറ്റൊരു കസാലയില്‍ ഇരുന്നു കുശലം പറഞ്ഞു സിഗ്രറ്റു വലിച്ച് യാത്ര പറഞ്ഞു പോവുകയും ചെയ്തു “
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് 1964 ല്‍ എഴുതിയ ആത്മകഥയില്‍ (എന്റെ സ്മരണകള്‍, പേജ് 310,311) വിവരിക്കുന്നതാണിത്. ഈ സംഭവം കഴിഞ്ഞിട്ട് 45 കൊല്ലം കഴിഞ്ഞു. പക്ഷേ, നമ്മുടെ നാട്ടിലെ വീട്ടുവേലക്കാര്‍ക്ക് ഇതുപോലൊരനുഭവം ഇന്നും സ്വപ്നം മാത്രമാണ്. മാത്രമല്ല, വീട്ടുവേലക്കാര്‍ ഇപ്പോഴും (പ്രതേ്യകിച്ച് സിനിമകളിലും സീരിയലുകളിലും) പരിഹാസ്യ കഥാ പാത്രങ്ങളുമാണ്. വീട്ടു വേലക്കാര്‍ മാത്രമല്ല, മറ്റു മിക്ക തൊഴിലാളി വര്‍ഗ്ഗങ്ങളെയും പരിഹാസ്യമായാണ് ചിത്രീകരിക്കാറ്. ഇതിന്റെ മൊത്തക്കച്ചവടക്കാര്‍ സിനിമാ-സീരിയലുകാരും മിമിക്രിക്കാരുമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇന്ത്യയിലെന്തു കൊണ്ട് ഇങ്ങനെയൊരവസ്ഥ വന്നു?
മറ്റു രാജ്യങ്ങളിലും ഉയര്‍ച്ച താഴ്ച്ചകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് അമ്മയുടെ ഗര്‍ഭ പാത്രത്തിന്റെ നിറവുമായി ബന്ധമില്ല. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നതു പോലെ ഇവയിലൊക്കെ ജാതിയും കുടിയിരിക്കുന്നുണ്ട് എന്നതാണ് നമ്മുടെ നാട്ടിലെ പ്രതേ്യകത. എല്ലാ തൊഴിലുകളും ജാതിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. പേരു വിളിക്കുന്നത് തൊട്ട് മരണാനന്തര ക്രിയകള്‍ ചെയ്യുന്നതു വരെയുള്ള കാര്യങ്ങള്‍ ജാതി നിയമങ്ങള്‍ക്കു വിധേയമാണ്. സാധാരണമായി പ്രയോഗിച്ചു വരുന്ന ചെറ്റ, പെറുക്കി തുടങ്ങിയ തെറി വാക്കുകള്‍ക്ക് ജാതിയുമായി ബന്ധമുണ്ട്. താഴ്ന്നവരായി മുദ്രയടിച്ചു ആട്ടിയകറ്റിയിരുന്നവര്‍ താമസിച്ചിച്ചിരുന്ന സ്ഥലമാണ് ചെറ്റയും കുടിലും മറ്റും. ചെറ്റയില്‍ താമസിക്കുന്നവര്‍ തമ്പ്രാക്കള്‍ക്ക് വൃത്തികെട്ടവരായി. അങ്ങനെ അവര്‍ക്ക് 'ചെറ്റകള്‍' എന്ന ഓമനപ്പേരു നല്‍കി. ഇവരുടെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്ന ധാന്യങ്ങളും പച്ചക്കറികളും മറ്റുമാണ് തമ്പ്രാക്കള്‍ വെട്ടി വിഴുങ്ങിയിരുന്നത്. ഇവയൊക്കെ വെട്ടിവിഴുങ്ങി മോഹിനിയാട്ടവും കണ്ട് ഏമ്പക്കം വിട്ടിരുന്നവരുടെ കണ്ണില്‍, ജീവിക്കാന്‍ ഗതിയില്ലാതെ വല്ലതും പെറുക്കിത്തിന്ന് നടന്നിരുന്നവരും മോശക്കാരായി- പെറുക്കികളായി. ഇങ്ങനെ കീഴാളരെ ആക്ഷേപിക്കുവാന്‍ ഉണ്ടാക്കിയ പദ പ്രയോഗങ്ങള്‍ നിരവധിയാണ്.
പരിഹസിച്ചു കൊട്ടി രസിക്കാനായി വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടകളുടെ അവസ്ഥയിലാണ് പല തൊഴില്‍ (ജാതി) വിഭാഗങ്ങളും. ഇതില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്ന ഒരു തൊഴില്‍/ജാതി വിഭാഗമാണ് ബാര്‍ബര്‍മാര്‍. ( “നാടു ഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കാന്‍ പൊയ്ക്കൂടെ” എന്നു മുദ്രാവാക്യം വിളിക്കുന്ന നീചന്മാര്‍ ഈ സൂപ്പര്‍ ഐ.ടി.യുഗത്തിലുമുണ്ട്!) വടിക്കുക, ചൊരയ്ക്കുക എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍മാരെ അക്ഷേപിക്കുന്ന പദപ്രയോഗങ്ങളുള്ള സിനിമകള്‍ എത്രയോ ഉണ്ട്. ബാര്‍ബര്‍പ്പണി ചെയ്യുന്നവരെ വിശേഷിപ്പിച്ചിരുന്ന ഒരു ഗ്രാമ്യ പദപ്രയോഗമാണ് 'അമ്പട്ടന്‍'. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ 'അമ്പട്ടന്‍' എന്നു വിളിപ്പിച്ച് 'തമാശ' പറയിപ്പിക്കുന്നുണ്ട് 'യോദ്ധ' എന്ന സിനിമയില്‍.
മീന്‍ വില്‍ക്കുന്ന സ്ത്രീക്ക് ഉറക്കം വരണമെങ്കില്‍ മീന്‍ മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന വളരെ മോശമായൊരു കഥ സുമംഗല ' തളിര് ' മാസികയില്‍ എഴുതിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ' സമീക്ഷ'മാസികയില്‍ ഞാന്‍ എഴുതുകയുണ്ടായി. എന്നെ വിമര്‍ശിച്ച് പ്രേമാ ജയകുമാര്‍ എന്നവര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതി. സുന്ദരമായ കഥയില്‍ ഞാന്‍ വര്‍ഗീയത കണ്ടുവെന്നായിരുന്നു പ്രേമാ ജയകുമാറിന്റെ ആരോപണം. കഥയിലാണോ എന്റെ അഭിപ്രായത്തിലാണോ വര്‍ഗീയതയുള്ളതെന്ന് കഥ വായിച്ചാല്‍ ഒരു വിധം സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും. മീന്‍കാരിയെ 'അവള്‍' എന്നു സംബോധന ചെയ്യുമ്പോള്‍ കഥയിലെ പൂക്കാരിയെ 'അവര്‍' എന്നാണ് കഥാകാരി സംബോധന ചെയ്യുന്നത്.
ജയ്ഹിന്ദ് ചാനലില്‍ 'ചാളമേരി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിമിക്രി താരത്തിന്റെ സംഭാഷണത്തില്‍ ഇതു പോലുള്ള ധാരാളം പ്രയോഗങ്ങള്‍ വരികയുണ്ടായി. കൈരളി ചാനലിലെ ചില ഹാസ്യ പരിപാടികളിലും മീന്‍ വില്പനയും മുടിവെട്ടും കയറി വന്നിരുന്നു. ഒരു പരിപാടിയില്‍ ഒരാള്‍ ഡാന്‍സ് ചെയ്യുകയാണ്. കത്രിക കൊണ്ട് മുടി മുറിക്കുന്നതു പോലെ ആംഗ്യം കാണിച്ചാണ് ഡാന്‍സ്. ഇതു കണ്ട് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്, 'ഓ! ഇതായിരുന്നുവല്ലേ പണ്ട് പരിപാടി?' എന്നായിരുന്നു. മറ്റൊരു ഹാസ്യ പരിപാടിയില്‍ വളരെ നിന്ദ്യമായ മറ്റൊരു രംഗവും കാണിക്കുകയുണ്ടായി. ഒരു കഥാപാത്രം തുളസിയിലയെടുത്ത് ചെയിയില്‍ വയ്ക്കുന്നതു കണ്ടപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത്, ' ഓ! ഇയാള്‍ക്ക് പണ്ട് മീന്‍ വില്‍പ്പനയായിരുന്നുവെന്നാണല്ലോ കേട്ടത് '
മീന്‍ വില്‍ക്കുന്നവരും മുടി വെട്ടുന്നവരും എന്താണാവോ ഈ സമൂഹത്തിനോട് ചെയ്ത തെറ്റ് ? 2007 ല്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നു ഇന്ത്യ പുറത്തായപ്പോഴും വൃത്തികെട്ട മനസ്സിന്റെ ഉടമകളായ കുറേ ചെറുപ്പക്കാരും ഇതേ നിലപാടെടുക്കുകയുണ്ടായി. ഈ-മെയിലിലൂടെയാണ് അവര്‍ അവരുടെ വൃത്തികെട്ട മനസ്സ് പുറത്തു ചാടിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ മുടിവെട്ടുകയും മീന്‍ വില്‍ക്കുകയും മറ്റും ചെയ്യുന്ന പരിഹാസ്യ ചിത്രങ്ങളാണ് അവര്‍ ഈ-മെയിലിലൂടെ പ്രചരിപ്പിച്ചത്. ക്രിക്കറ്റ് കളിക്കാന്‍ വയ്യെങ്കില്‍ മുടി വെട്ടാനും മീന്‍ വില്‍ക്കാനും പൊയ്ക്കൂടേ എന്നു ചോദിക്കുന്ന ഈ അറുവഷളന്മാര്‍ക്ക് സൗന്ദര്യം ഉണ്ടാക്കിക്കൊടുക്കുന്നവരല്ലേ ബാര്‍ബര്‍മാര്‍?
കമ്പ്യൂട്ടറും മറ്റും വന്നിട്ടും ഒട്ടു മിക്ക ഇന്ത്യക്കാരന്റെയും മനസ്സിപ്പോഴും കാളവണ്ടി യുഗത്തില്‍ത്തന്നെയാണ്. എങ്കിലും, ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും ചൊദ്യം ചെയ്യലുകള്‍ക്കും ശക്തി പ്രാപിച്ചു വരുന്നുണ്ട്. ജാതി വൈകൃത മനസ്സുള്ളവര്‍ക്ക് ഇതു സഹിക്കില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയുള്ളവരാണ് നാടിന്റെ പൈതൃകവും പാരമ്പര്യവും മറ്റും നശിച്ചുവെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുന്നത്. മലയപ്പുലയന്റെ മാടത്തിന്‍ മുറ്റത്ത് മഴ വന്ന നാള്‍ നട്ട വാഴയില്‍ നിന്നുണ്ടാകുന്ന പഴം വെട്ടി വിഴുങ്ങാന്‍ സാധിക്കാത്ത തമ്പുരാന്‍ മനസ്സുള്ളവരാണ് ഓണത്തിന്റെ തനിമയും പെരുമയും നഷ്ടപ്പെട്ടുവെന്ന് വിളിച്ചു കൂവുന്നത്.
അമൃതാ ചാനലിലെ 'സൂപ്പര്‍ ടാലന്റ്' എന്ന പരിപാടിയിലെ വിധി കര്‍ത്താക്കളില്‍ ഒരാളായ സിനിമാ നടന്‍ മുകേഷ് പ്രകടിപ്പിച്ച ഒരഭിപ്രായമാണ് ഈ വിഷയം എഴുതാനുള്ള കാരണമായത്. പരിപാടിയുടെ ആറാം റൗണ്ടില്‍ മൂന്നു പേര്‍ അവതരിപ്പിച്ച ഒരു പരിപാടി ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം പരിപാടികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ മറ്റു രണ്ടു വിധി കര്‍ത്താക്കളും മുകേഷിന്റെ അഭിപ്രായത്തെ ശരി വച്ചു. മുകേഷിന്റെ വിമര്‍ശനമേറ്റ പരിപാടിക്ക് ഒരു റിയാലിറ്റി ഷോയിലെ അഞ്ചാം റൗണ്ടില്‍ അവതരിപ്പിക്കത്തക്ക നിലവാരമുണ്ടായിരുന്നില്ല എന്ന കാര്യം ശരി തന്നെ. വിധി കര്‍ത്താക്കളില്‍ ഒരാളായ നടന്‍ വിനീത് 10 ല്‍ 3 മാര്‍ക്കാണ് പ്രസ്തുത പരിപാടിക്ക് നല്‍കിയത്. യഥാര്‍ത്തില്‍ 3 ല്‍ കുറഞ്ഞ മാര്‍ക്കിനേ അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ. മുകേഷിന്റെ വിമര്‍ശനം ദീര്‍ഘമുള്ളതായിരുന്നു. കാലം മാറിയെന്നും വിമര്‍ശനങ്ങള്‍ പണ്ടത്തെപ്പോലെ പറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെടുകയുണ്ടായി. പണ്ടത്തെപ്പോലെ ഇപ്പോള്‍ പറ്റില്ല എന്നു മുകേഷ് പറഞ്ഞത് ഗുണപരമായ അര്‍ത്ഥത്തിലായിരുന്നില്ല. പണ്ടത്തെ സ്വാതന്ത്യം ഇപ്പോഴില്ല എന്ന അര്‍ത്ഥത്തിലാണ് മുകേഷ് സംസാരിച്ചത്. തമാശ പറയാന്‍ പറ്റാത്ത കാലമാണിതെന്ന മട്ടിലുള്ളതായിരുന്നു മുകേഷിന്റെ സംസാരം. ജാതിയും മതവും കൂടി ഇന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. (പണ്ട് കേരളം സ്വര്‍ഗ്ഗം പോലെയായിരുന്നുവല്ലോ! ലേഖനത്തിന്റെ തുടക്കത്തിലെ ഉദ്ധരണി എഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ വായിച്ചാല്‍ തന്നെ കേരളത്തിലെ സ്വര്‍ഗ്ഗാവസ്ഥയെന്തായിരുന്നുവെന്നു ഏകദേശം ബോധ്യമാവും !!)
ഏതു കാര്യത്തിലും ചില എടുത്തു ചാടലുകള്‍ നടക്കാറുണ്ട്. ഇതുപോലുള്ള വിഷയങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നേക്കും. ഇതിന്റെ പേരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പോയ കാല ക്രൂരതകളെ ( അതു തമാശയുടെ കുപ്പായമിട്ടതാണെങ്കിലും) ന്യായീകരിക്കുന്ന രീതിയില്‍ സംസാരിക്കരുത്. സിനിമയായാലും സീരിയലായാലും മിമിക്രിയായാലും സൂപ്പര്‍ ടാലന്റ് പരിപാടിയായാലും ഏതെങ്കിലും പ്രതേ്യക വിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ളതായിക്കൂടാ പദപ്രയോഗങ്ങള്‍. നടീ നടന്മാരുടെയും മിമിക്രിക്കാരുടെയും സ്വന്തക്കാരെപ്പോലെത്തന്നെ മീന്‍ വില്‍പ്പനക്കാരും ബാര്‍ബര്‍മാരുമൊക്കെ മനുഷ്യരാണ്; അവര്‍ക്കും വ്യക്തിത്വവും ആത്മാഭിമാനവും ഉണ്ട് എന്ന കാര്യം ആരും മറക്കരുത്.
……….


Thursday, November 18, 2010

ഇഷ്ടവും ഇഷ്ടക്കേടും

കാപ്‌സ്യൂള്‍ക്കഥ


ഇന്ന് മാസിക-ഏപ്രില്‍, 2008

ശങ്കരനാരായണന്‍ മലപ്പുറം

ഇഷ്ടവും ഇഷ്ടക്കേടും“ കേരളത്തിന്റെ പൂര്‍വ്വ പാരമ്പര്യത്തെപ്പറ്റി താനെഴ്ത്യ ലേഖനം നിക്ക് ഒട്ടും ഷ്ടായില്ല്യ ട്ട്വൊ. “
“ നിങ്ങളുടെ ഇഷ്ടക്കേട് എനിക്ക് നല്ല ഇഷ്ടായി ട്ടൊ. “
...............

Wednesday, November 17, 2010

വ്രതം

ഉണ്മ മാസിക-മാര്‍ച്ച്, 2007

വ്രതം

ശങ്കരനാരായണന്‍ മലപ്പുറം

''ഞാന്‍ മാലയിട്ടിരിക്കയാണ്. വെജിറ്റേറിയന്‍ ഹോട്ടലായതുകൊണ്ടൊന്നും കാര്യമില്ല. വല്ല മാപ്‌ളയോ ചെര്‍മനോ അണ്ണാച്ചിയോ കുളിക്കാതെ ഉണ്ടാക്കിയതായിരിക്കും. ഊണിപ്പോള്‍ വീട്ടില്‍ നിന്നാ. അല്ല, നീ ഇതുവരെ വ്രതമെടുത്തിട്ടില്ലേ? ''
'' വ്രതമെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ ശുദ്ധിയുള്ളത് വീട്ടീന്നായാല്‍പ്പോലും തിന്നാന്‍ പറ്റില്ലെന്നാ പരീക്ഷണം നടത്തിയപ്പോള്‍ തെളിഞ്ഞത്. അരിയിലും തക്കാളിയിലും വെണ്ടക്കയിലും പയറിലും കയ്പയിലുമൊക്കെ എന്തെല്ലാമാണ് കണ്ടതെന്നോ? അണ്ണാച്ചികളുടെയും ചെര്‍മക്കളുടെയും മാപ്‌ളമാരുടെയും വെയര്‍പ്പും ചോരയും മറ്റും...!''
..................