My Blog List

Friday, June 17, 2011

ആരോഗ്യസ്സാമി


മക്തബ് സായാഹ്ന ദിനപത്രം 17.06.2011


       കൊച്ചു കുഞ്ഞല്ലേ എന്നു വിചാരിച്ച് ചൂടാറ്റിയ കടുപ്പം കുറച്ച ചായയാണ് അവര്‍ അവന് നല്‍കിയത്. ഗ്‌ളാസിലേക്ക് തറപ്പിച്ചു നോക്കി അവന്‍ ചോദിച്ചു. 
        ''ഇതില്‍ ഷുഗര്‍ ഇട്ടിട്ടുണ്ടോ ആന്റീ?'' കൊച്ചു പയ്യന്റെ ചോദ്യം കേട്ട് അവര്‍ പകച്ചുപോയി. അവര്‍ കുഞ്ഞിന്റെ മമ്മിയെ ചോദ്യ ഭാവത്തോടെ നോക്കി. 
      ''അവനിപ്പഴേ ഹെല്‍ത്തിനെക്കുറിച്ച് നല്ല ബോധവാനാണ്. ഡി.പി.യാകേണ്ടെന്ന് അവനിപ്പഴേ തീരുമാനിച്ചു. ഡയറ്റ് കണ്‍ട്രോളിലാണവന്‍'' 
       ''ഡി.പി.യോ?'' 
       ''അതെ, ഡയബറ്റിക് പേഷ്യന്റ്.......സ്‌കൂളിലെ സൗജന്യ ഡയബറ്റിക് ക്യാമ്പില്‍ അവന്റെ ഷുഗര്‍ പരിശോധിച്ചു. നോര്‍മലിലും ഒരു എം.ജി. കൂടുതലായിക്കണ്ടു. മെഡിസിന്റെ ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാലും അവനിപ്പഴേ ഷുഗര്‍ കണ്‍ട്രോള്‍ ചെയ്യുകയാണ്. ഇപ്പോഴവന്‍ ഷുഗറിട്ട ചായയും പായസവും ലഡുവുമൊന്നും കഴിക്കില്ല.....ചെറുപ്പത്തിലേ കുട്ടികളില്‍ നമ്മള്‍ ആരോഗ്യ ബോധവും ശുചീകരണ ബോധവും ഉണ്ടാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീടു മുഴുവന്‍ ഡറ്റോള്‍കൊണ്ട് കഴുകണം. വീട് എപ്പോഴും ഹൈജീനിക്കാവണം. അവനിതൊക്കെ നന്നായി അറിയാം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും സോപ്പുപയോഗിച്ച് അവന്‍ കൈകള്‍ വൃത്തിയാക്കും. രണ്ടുനേരം കുളിക്കും. വൃത്തികെട്ട കുട്ടികളുമായി കൂട്ടുകെട്ടില്ല. നമുക്കുള്ള സ്ഥലങ്ങളൊന്നും ഹൈജീനിക്കല്ലല്ലോ. അതുകൊണ്ടവന്‍ കളിക്കാനും പോകില്ല. ഡയ്‌ലി മൂന്നു നേരം പല്ല് ബ്രേഷ് ചെയ്യും. ടോയ്‌ലറ്റില്‍ ഗ്‌ളൗസ് യൂസ് ചെയ്യും''.     ഹെല്‍ത്തിനെക്കുറിച്ചും വൃത്തിയെക്കുറിച്ചും മമ്മി അവര്‍ക്ക് ചെറിയൊരു ക്‌ളാസ്സെടുത്തുകൊടുത്തു. ഉച്ചയൂണിനുള്ള സമയമായി. അവര്‍ തന്നെയാണ് അവന് ഭക്ഷണം വിളമ്പിക്കൊടുത്തത്. അവരുടെ കയ്യിലെ പപ്പടം കണ്ടപ്പോള്‍ മമ്മി പറഞ്ഞു. 
  ''അവനെ ബി.പി.പി.യാക്കല്ലേ?........മനസ്സിലായിക്കാണില്ല. ബ്‌ളഡ് പ്രഷര്‍ പേഷ്യന്റ്! ആരോഗ്യമാസികയിലെ ഒരു ആര്‍ട്ടിക്കിള്‍ ഞാനവന് വായിച്ചു കൊടുത്തിരുന്നു. അതിനുശേഷം അവന്‍ പപ്പടം, അച്ചാര്‍, പച്ചടി, കിച്ചടി എന്നിവയൊന്നും തൊടാറേയില്ല. എന്തിനധികം പറയുന്നു കുച്ചുപ്പുഡി കാണന്നതുപോലും അവനിഷ്ടമല്ല'' 
        'ഇവനൊരു ആരോഗ്യസ്സാമി തന്നെ'എന്നു മനസ്സില്‍ പറഞ്ഞ് അവര്‍ വീണ്ടും അവന്റെ മമ്മിയെ നോക്കി. 
       ''ഞാന്‍ പറഞ്ഞില്ലേ. ഹെല്‍ത്ത് നോക്കുന്നതില്‍ അവന് നല്ല ബോധമുണ്ടെന്ന്'' 
       'പൊട്ടറ്റൊ എന്നെ ജി.പി.യാക്കും' എന്നു പറഞ്ഞ് സാമ്പാറിലെ ഉരുളക്കിഴങ്ങിന്റെ കഷണം മാറ്റി വച്ച് വളരെ കരുതലോടെ അവന്‍ ചോറുണ്ണാന്‍ ആരംഭിച്ചു. ചെസ്സു കളിക്കാര്‍ വളരെ ശ്രദ്ധിച്ച് കരുക്കള്‍ നീക്കുന്നതുപോലെയാണ് ആരോഗ്യസ്സാമി ഭക്ഷണ സാധനങ്ങള്‍ ഓരോന്നായി അവന്റെ വായിലേക്ക് നീക്കിക്കൊണ്ടിരുന്നത്. ആരോഗ്യസ്സാമിയുടെ ഇലയിലേക്ക് ഇടാനായി അവര്‍ ഒരു അയിലക്കഷണം കയ്യിലെടുത്തു. അപ്പോഴേക്കും ആരോഗ്യസ്സാമിയുടെ മമ്മി ഇടപെട്ടു. 
         ''വേണ്ട; വേണ്ട. അവനെ സി.പി.യാക്കല്ലേ?''     ''സി.പി.യോ''  
     ''കൊളസ്ട്രാള്‍ പേഷ്യന്റ്......എണ്ണയില്‍ പൊരിച്ചതൊന്നും അവന്‍ കഴിക്കില്ല. ആരോഗ്യമിത്ര ഹെല്‍ത്ത് ക്‌ളബ്ബുകാര്‍ ഇന്നാള് നടത്തിയ സൗജന്യ കൊളസ്‌ട്രോള്‍ ചെക്കപ്പ് ക്യാമ്പില്‍ ഞങ്ങള്‍ പോയിരുന്നു. ഡോക്‌ടേഴ്‌സിന്റെ ക്‌ളാസ്സുകള്‍ കേട്ടപ്പോള്‍ത്തന്നെ അവന്‍ പറഞ്ഞത്, മമ്മീ ഇപ്പൊത്തന്നെ കണ്‍ട്രോള്‍ ചെയ്താല്‍ സി.പി.യാവാതെ നോക്കാമെന്ന്. അതിനുശേഷം വറുത്തതും പൊരിച്ചതുമൊന്നും അവന്‍ തൊട്ടിട്ടില്ല'' പിന്നെ കുറച്ചുനേരം ഏതൊക്ക ഭക്ഷണമാണ് കൊളസ്‌ട്രോള്‍ ഉണ്ടാക്കുക, എങ്ങനെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, കൊളസ്‌ട്രോളിന്റെ ആരംഭ ലക്ഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആരോഗ്യസ്സാമിയുടെ മമ്മി അവര്‍ക്ക് ക്‌ളാസ്സെടുത്തു കൊടുത്തു. അവര്‍ അതെല്ലാം കേട്ട് തനിക്കും ആരോഗ്യ ബോധം വന്നു തുടങ്ങി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ആരോഗ്യസ്സാമി അവിയലിലെ ഒരു കഷണമെടുത്ത് വായിലേക്ക് കൊണ്ടുപോയപ്പോള്‍ അവനെ തടത്തുകൊണ്ടു അവര്‍ പറഞ്ഞു.
        ''വേണ്ട മോനേ. അത് എം.കെ.യുടെ കഷണമല്ലേ? അതു കഴിച്ചാല്‍ എം.കെ.പി.യാകും!'' 
       ''എം.കെ.? വാട്ട്, എം.കെ.പി?!'' 
       അന്തം വിട്ടു നില്‍ക്കുന്ന ആരോഗ്യസ്സാമിയോടും അവന്റെ മമ്മിയോടുമായി അവര്‍ പറഞ്ഞു. 
        ''എം.കെ.എന്നാല്‍ മുരിങ്ങാക്കായ. മുരിങ്ങാക്കായ കഴിച്ചാല്‍ മൂലക്കുരുപ്പേഷ്യന്റാകും!'' 
................

Thursday, June 02, 2011

മാധവിക്കുട്ടി മതം മാറുന്നില്ല

           കേരള സാഹിത്യ അക്കാദമി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ വച്ച് 23.06.2010 ന് യുവ സാഹിത്യ ശില്പശാല നടത്തുകയുണ്ടായി. ശില്പശാലയുടെ ഭാഗമായി 'കമലാ സുരയ്യാ സ്മൃതി' എന്ന പരിപാടിയുമുണ്ടായിരുന്നു. ശ്രീമതി: സോണിയ ഇ.പ.യാണ് 'കമലാ സുരയ്യാ സ്മൃതി' നടത്തിയത്. കമലാ സുരയ്യയെ വാനത്തിനുമപ്പുറം പുകഴ്ത്തിയ അവര്‍ സുരയ്യയുടെ മതം മാറ്റം മതേതരത്വത്തിനു വേണ്ടി നടത്തിയ ബലിയാണെന്നുകൂടി തട്ടിവിട്ടു. ചര്‍ച്ചയില്‍ പങ്കെടുക്കുവാനുള്ള അവസരമില്ലാത്തതിനാല്‍ ഒന്നും പറയാന്‍ സാധിച്ചില്ല. പ്രസംഗം കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിയ അവരോട് നിലപാടിലുള്ള വിയോജിപ്പ് അറിയിക്കുക മാത്രം ചെയ്തു.
           വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കാഞ്ഞിരത്തെ മുന്തിരിയാക്കാനും മുന്തിരിക്കുരുവിനെ ചക്കക്കുരുവുമാക്കാനുള്ള മിടുക്ക് പലര്‍ക്കുമുണ്ട്. ഇത്തരമൊരു വ്യാഖ്യാനക്കസര്‍ത്ത് മാത്രമാണ് ശ്രീമതി: സോണിയ ഇ.പ. നടത്തിയത്. സുരയ്യയെ ഒരു വ്യക്തി എന്ന നിലയില്‍ പഠിച്ചാല്‍ സ്‌നേഹത്തിന്റെ പ്രതിരൂപമായി എടുക്കാന്‍ പറ്റിയ വ്യക്തിത്വമൊന്നുമില്ല അവര്‍ക്കെന്ന് ബോധ്യമാകും. അവര്‍ സ്‌നേഹത്തെക്കുറിച്ച് വല്ലാതെ പറയാറുണ്ടായിരുന്നു. സ്‌നേഹത്തെക്കുറിച്ച് ഏറെ പാടിയ കവി മഹാകവി കുമാരനാശാനാണ്. പാവങ്ങളുടെ ചേരിയിലേക്ക് ഇറങ്ങിച്ചെന്ന കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. മിഠായിയും നിലക്കടലയുമായി കടപ്പുറത്തുപോയി കടലിന്റെ പൊന്നോമന മക്കള്‍ക്ക് അത് വിതരണം ചെയ്ത് അവരോട് കുശലം പറയാനും കൂട്ടുകൂടാനും സമയം കണ്ട പി.കുഞ്ഞിരാമന്‍ നായരെപ്പോലെ കമലാ സുരയ്യയെ സ്‌നേഹത്തിന്റെ പര്യായമായി വാഴ്ത്താന്‍ സാധിക്കുകയില്ല. എന്തെല്ലാം പരിമിധികളുണ്ടെങ്കിലും, അതിനുള്ള അര്‍ഹതയുള്ളത് (കമലാ സുരയ്യ ജീവിച്ചിരുന്ന കാലഘട്ടത്തില്‍) സുഗത കുമാരി ടീച്ചര്‍ക്കാണ്. ഇതിനൊരു മറുവശംകൂടിയുണ്ട്. അവരെ പുറമേക്ക് പുകഴ്ത്തുമ്പോഴം പലരുടെയും ഉള്ളില്‍ അവരോട് പകയായിരുന്നു. ഈ പകയ്ക്ക് കാരണം അവരുടെ മതം മാറ്റമായിരുന്നു. എത്ര വിപ്‌ളവം പറഞ്ഞാലും മിക്കവരുടെയും ഉള്ളില്‍ ജാതിയും മതവും ലയിച്ച് കിടക്കുന്നുണ്ടല്ലോ.
               മാധവിക്കുട്ടി അഥവാ കമലാ സുരയ്യ മിക്കവര്‍ക്കും ഒരു വികാരമായിരുന്നു. ഒരു കൂട്ടര്‍ അവരെ സാഹിത്യകാരിയായി അംഗീകരിക്കാന്‍ തുടങ്ങിയത് അവര്‍ മതം മാറിയതിനുശേഷമാണ്. വലിയതെന്തോ വീണുകിട്ടി എന്ന രീതിയിലായിരുന്നു അവരെ എഴുന്നെള്ളിച്ച് കൊണ്ടുനടന്നിരുന്നത്. 'എന്റെ കഥ'യെ വിമര്‍ശിച്ചവരൊക്കെ അതിനെ മഹത്തരമാക്കാന്‍ ന്യായീകരണം കണ്ടുപിടിച്ചുകൊണ്ടിരുന്നു. പെരുന്നാളാശംസകളില്‍ കമലാ സുരയ്യയുടെ പടങ്ങള്‍ വന്നു. എന്നാല്‍ ചിലരുടെ രീതികള്‍ നേരെ മറിച്ചായുന്നു. അവര്‍ കമലാ സുരയ്യ എന്ന പേര് ബോധപൂര്‍വ്വം ഒഴിവാക്കി മാധവിക്കുട്ടി എന്നുതന്നെയാണ് പ്രയോഗിച്ചിരുന്നത്. അവരുടെ മതംമാറ്റത്തെ അംഗീകരിക്കുവാന്‍ അവരുടെ വര്‍ഗ്ഗീയ മനസ്സുകള്‍ തയ്യാറായിരുന്നില്ല. ഇതു സംബന്ധിച്ച് കുറെ തര്‍ക്കങ്ങളും നടന്നിട്ടുണ്ട്. സ്വകാര്യമായി അവരെക്കുറിച്ച് വളരെ മോശമായി സംസാരിച്ച ആള്‍ തന്നെ പൊതു വേദികളില്‍ അവരെക്കുറിച്ച് ഗീര്‍വാണമടിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
         ഒരു വ്യക്തിയിലെ മനുഷ്യനെ വിലയിരുത്തേണ്ടത് അവരുടെ സാഹിത്യ മേന്മ കണക്കാക്കിയല്ല. സാഹിത്യകാരി എന്ന അര്‍ത്ഥത്തില്‍ അവര്‍ ആഗോള പ്രശസ്ത തന്നെ. ഉയര്‍ന്ന മാനവികതയുടെ ഉടമയായിരുന്നു അവരെന്ന് സ്ഥാപിക്കാന്‍ പറ്റിയ പ്രവര്‍ത്തനങ്ങളൊന്നും അവര്‍ ചെയ്തിട്ടില്ലെന്നാണ് എന്റെ പക്ഷം. ഇതു എന്റെ വിലയിരുത്തലാണ്. മറ്റുള്ളവരുടെ വിലയിരുത്തലനുസരിച്ച് തിരിച്ചുമാകും. എങ്കിലും കമലാ സുരയ്യയെ മതംമാറ്റത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരോട് ഒന്നു ചോദിക്കാനുണ്ട്. പ്രായമേറെ ആയിയെന്ന് വച്ച് പുതിയൊരു ആണ്‍തുണ പാടില്ലെന്ന് പറയുന്നില്ല. 63 വയസ്സുള്ളൊരു വിധവ മറ്റൊരാളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിക്കുന്നതിലും തെറ്റില്ല.(അവര്‍ക്ക് ഇത്തരമൊരു പ്രതീക്ഷ നല്‍കി ചതിച്ച ആളെക്കുറിച്ച് പറയാന്‍ വാക്കുകളുമില്ല. അയാളെ പടച്ചോന്‍ വെറുതെ വിടുകയുമില്ല). സ്വന്തം മാതാവോ സഹോദരിയോ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് ഇപ്പറയുന്നവര്‍ ഉള്‍ക്കൊള്ളുമോ?
      മാധവിക്കുട്ടി മതം മാറുന്നതിനു മുമ്പു തന്നെ ഞാനവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പരസ്പര വിരുദ്ധമായ അവരുടെ പ്രസ്താവനകളായിരുന്നു അതിനു കാരണം. മതം മാറിയ വാര്‍ത്ത 'മാധ്യമ'ത്തില്‍ വായിച്ചപ്പോള്‍ എനിക്കാദ്യം ഓര്‍മ്മയില്‍ വന്നത് അവരെ പരാമര്‍ശിച്ച് കുറച്ചുമുമ്പ് 'മാധ്യമ'മെഴുതിയതും ഞാന്‍ മുറിച്ചെടുത്ത് സൂക്ഷിച്ചുവച്ചതുമായ ഒരു വാര്‍ത്തയാണ്. അതു വച്ച് ഞാന്‍ ചെറിയൊരു ലേഖനമെഴുതി. 2000 ജനുവരി ലക്കത്തിലെ 'കവിതാ സംഗമം'മാസികയില്‍ ആ ലേഖനം പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനം താഴെ.
                                         ....................
കവിതാ സംഗമം മാസിക-ജനുവരി, 2000

മാധവിക്കുട്ടി മതം മാറുന്നില്ല

ശങ്കരനാരായണന്‍ മലപ്പുറം

     അവസരത്തിനൊത്ത് അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നവര്‍ രാഷ്ട്രീയക്കാര്‍ മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരെയും കടത്തിവെട്ടുന്ന സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും എഴുത്തുകാരികളുമൊക്കെ ധാരാളമുണ്ട് എന്നതാണ് വാസ്തവം. എഴുത്തുകാരികളുടെ കൂട്ടത്തില്‍ ഇക്കാര്യത്തിന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തി മാധവിക്കുട്ടി (ഇപ്പോള്‍ കമലാ സുരയ്യ)യാണ്. മാധവിക്കുട്ടിയുടെ രചനകള്‍ മഹത്തരമായിരിക്കാം. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ മാധവിക്കുട്ടി ഒരു ആഢ്യ-സമ്പന്ന-നായര്‍ കുടുംബത്തിലെ 'കൊച്ചമ്മ'എന്നതിലപ്പുറം ഒന്നും അല്ല. വൃദ്ധയായിട്ടും പട്ടുസാരികളോടും ആഭരണങ്ങളോടും തനിക്ക് ഭ്രമമാണെന്ന് മാധവിക്കുട്ടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നേരെ മറിച്ച്, ഏ.കെ.ആന്റണി മുടി കറുപ്പിക്കുന്നതിനെ അവര്‍ പരിഹസിച്ചിട്ടുമുണ്ട്. ഇങ്ങനെയൊക്കെയുള്ള മാധവിക്കുട്ടി ഇപ്പോള്‍ മതം മാറി സുരയ്യയായിരിക്കുന്നുവത്രെ!
     'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. താന്‍ വിശ്വസിക്കുന്ന മതം ശരിയല്ലെന്നു കണ്ടാല്‍ ഉടനെ മാറണമെന്നും ഗുരു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാധവിക്കുട്ടി വിശ്വസിച്ചിരുന്ന മതം (ഹിന്ദു മതം) തെറ്റാണെന്നു തോന്നിയതുകൊണ്ടാണോ അവര്‍ ഇസ്ലാമായത്? കഴിഞ്ഞ ഇരുപത്തേഴ് കൊല്ലമായി ഇസ്ലാമാകുന്ന കാര്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാധവിക്കുട്ടി പറയുന്നത്. ഇതു ശരിയോ? അല്ലേയല്ല, ഒരിക്കലുമല്ല. കേവലം നുണകള്‍ മാത്രമാണിത്. സംശയമുള്ളവര്‍ ഇരുപത്തേഴുകൊല്ലമായി മുസ്ലീമാകാന്‍ കൊതിച്ചുകൊണ്ടിരിക്കുന്ന മാധവിക്കുട്ടി ഇരുപതു മാസം മുമ്പ് ചെയ്ത പ്രസംഗം ഒന്നു വായിച്ചു നോക്കണം. പ്രസ്തുത പ്രസംഗം 30.03.1998 ലെ 'മാധ്യമം' റിപ്പോര്‍ട്ടു ചെയ്തത് ഇങ്ങനെ: ''ഇവിടെ ജനിച്ചു വളര്‍ന്ന ഹിന്ദു മതം അവഗണിക്കപ്പെട്ടതായി അവര്‍ പറഞ്ഞു. ചിലപ്പോള്‍ സര്‍ക്കാര്‍ വരെ പീഡിപ്പിച്ചു. സെക്കുലര്‍ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഹിന്ദു വിരോധമാണെന്ന് ഭരിച്ച സര്‍ക്കാര്‍ വരെ ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്ന മതങ്ങളെ ആചരിച്ചു; സ്വീകരിച്ചു. ഇത് നന്നായി. എന്നാല്‍ ഇവിടെ വളര്‍ന്നതു കൊണ്ട് ഹിന്ദു മതത്തെ അവഗണിക്കാന്‍ ശ്രമിച്ചു'' 
       ഇരുപതു മാസം മുമ്പു മാത്രമാണ് മാധവിക്കുട്ടി ഇങ്ങനെ പ്രസ്താവിച്ചത്. ചാതുര്‍വര്‍ണ്യ ജാതി താല്പര്യക്കാരുടെ കലാ-സാംസ്‌കാരിക സംഘടനയായ 'തപസ്യ'ആലുവായില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മാധവിക്കുട്ടി ഇങ്ങനെ പ്രസംഗിച്ചത്. സംഘാടകരെയും കടത്തി വെട്ടുന്ന സവര്‍ണ വര്‍ഗീയവാദമാണ് മാധവിക്കുട്ടി വിളമ്പിയത്. ഇവിടെ നൂറ്റാണ്ടുകളായി പീഡനമനുഭവിച്ചവരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ഇവിടുത്തെ ദലിത് വിഭാഗമാണ്. മനുഷ്യ സാഹോദര്യം വിളംബരം ചെയ്യുന്ന മതമായ ബുദ്ധമതമാണ് (ഇതാണ് വാസ്തവത്തില്‍ ഇന്ത്യയില്‍ ജനിച്ച മതം) ബ്രാഹ്മണമതത്താല്‍ പീഢനമനുഭവിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും. ഇതൊന്നും പക്ഷേ, മാധവിക്കുട്ടി പറഞ്ഞില്ല. നാലുകെട്ടും നടുമുറ്റവും കുളിക്കടവും നീര്‍മാതളവുമൊക്കെ നിയന്ത്രിക്കുന്ന മാധവിക്കുട്ടിയുടെ സവര്‍ണ മനസ്സ് ഇക്കാര്യങ്ങള്‍ ചിന്തിച്ചാലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഇങ്ങനെയൊക്കെയുള്ള മാധവിക്കുട്ടി ഇരുപത്തിയേഴു കൊല്ലമായി 'സുരയ്യ'യാകാന്‍ കൊതിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നത് ശുദ്ധ കാപട്യമാണ്.
   പ്രശസ്തിയും അധികാരവും നേടുക എന്നതാണ് മാധവിക്കുട്ടിയുടെ മതം. സ്വന്തം കഥകളിലൂടെ അവരുടെ ജീവിതം പഠിച്ചാല്‍ ലൈംഗികതയും അവരുടെ പ്രധാനപ്പെട്ടൊരു മതമാണെന്ന് തെളിയുന്നു. സുരയ്യയായാല്‍ ചുളുവില്‍ രാജ്യസഭാ അംഗമാകാമെന്നാണ് അവരുടെ ഉള്ളിലെ പൂതി. (വോട്ട് ചെയ്ത് ജനങ്ങള്‍ തന്നെ എം.പി.യാക്കില്ലെന്ന് മാധവിക്കുട്ടിക്കറിയാം). ഇതുകൊണ്ടാണല്ലോ രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ താന്‍ മുസ്ലീം ലീഗില്‍ ചേരുമെന്നും തന്നെ അവര്‍ രാജ്യസഭാംഗമാക്കുമെന്നും മാധവിക്കുട്ടി പറഞ്ഞത് ('മാധ്യമം'12.12.1999). ശരിയാണ്, മാധവിക്കുട്ടിയായാലും സുരയ്യയായാലും അവരുടെ മതം ഒന്നു തന്നെ. മാധവിക്കുട്ടി മതം മാറുന്നില്ലെന്ന് ചുരുക്കം.
                                   ..............
മാധവിക്കുട്ടി നടത്തിയ ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍

       16.12.1999 നാണ് മാധവിക്കുട്ടി മതം മാറിയത്. അതിനു തൊട്ടു മുമ്പും ശേഷവും അവര്‍ നടത്തിയ ചില പ്രസ്താവനകളാണ് താഴെ കൊടുക്കുന്നത്. വിശദീകരിക്കാതെ തന്നെ കാര്യങ്ങള്‍ ആര്‍ക്കും ബോധ്യമാകും. ഹാലിളകുന്നവര്‍ ഇവയൊന്നു വായിക്കുക. 
മാധ്യമം, 12.12.1999
മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിക്കുന്നു
      കഴിഞ്ഞ 27 വര്‍ഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നു. ദാസേട്ടനോട് ഒരിക്കല്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. പക്വതയായിട്ടില്ലൊന്നായിരുന്നു ദാസേട്ടന്റെ അഭിപ്രായം......എനിക്ക് രാഷ്ട്രീയം ഇഷ്ടമല്ല. എങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ മുസ്ലീം ലീഗില്‍ ചേരും. അവര്‍ എന്നെ രാജ്യസഭയില്‍ അംഗമാക്കും. അതുവഴി മതമൈത്രിക്കായി പ്രവര്‍ത്തിക്കും. 
                                     ..............
മാധ്യമം, 13.12.1999
ഇസ്ലാമിലേക്ക് വരാന്‍ കാരണമെന്താണെന്ന് ചിലര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യം അനുഭവിക്കുന്ന മനുഷ്യന് ആത്മീയമായും വിശപ്പുണ്ട്. അതു തന്നെ കാരണം. 
                                     ..............
മാധ്യമം, 14.12.1999
പുനര്‍ വിവാഹത്തിന് തീരുമാനിച്ചെന്ന് മാധവിക്കുട്ടി
     പുനര്‍ വിവാഹത്തിന് താന്‍ തീരുമാനിച്ചു കഴിഞ്ഞതായി സാഹിത്യകാരി മാധവിക്കുട്ടി. ആരെയാണ് വിവാഹം കഴിക്കുകയെന്നത് തല്‍ക്കാലം രഹസ്യമായിരിക്കട്ടെ. രണ്ടു ദിവസം കഴിഞ്ഞു പറയാം.......എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നാലുപേര്‍ക്കേ കൊടുത്തിട്ടുള്ളൂ. അതില്‍ മൂന്നും എന്റെ മക്കളാണ്. മറ്റൊരാള്‍ അദ്ദേഹവും.......
..............
മാധ്യമം, 15.12.1999
.....ഇത്തരമൊരു സാഹചര്യത്തിലാണ് പുനര്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നതെന്ന് അവര്‍ പറഞ്ഞു...അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന വ്യക്തി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി ചിലര്‍ തെരഞ്ഞെടുത്തത് മകനേക്കാള്‍ പ്രായം കുറഞ്ഞ വ്യക്തിയെയും. എന്തൊരു വിരോധാഭാസമാണിത് ? മാധവിക്കുട്ടി ചോദിച്ചു.......അമ്മയുടെ പുനര്‍ വിവാഹത്തിന് എതിരല്ലെന്ന് മകന്‍ എം.ഡി.നാലപ്പാട് പറഞ്ഞു......
..............
വാരാന്ത്യ കൗമുദി, 19.12.1999 (ശങ്കര്‍ ഹിമഗിരി എഴുതിയത്)
ആര്?
അത് ബി.ബി.സി.ക്കാരന്‍ വന്ന് ചോദിച്ചാലും പറയില്ല.
വിവാഹം എപ്പോള്‍?
ആറു മാസത്തിനകം.
ആള്‍ മുസ്ലീമാണോ?
ഞങ്ങള്‍ പ്രണയത്തിലാണ്. എല്ലാം തികഞ്ഞവന്‍ വരാന്‍ ഞാന്‍ കാത്തിരിക്കുന്നു. തേജോമയനായവന്‍. ഞാനിപ്പോഴും ചെറുപ്പം. സൃഷ്ടിക്കും സംഹാരത്തിനും വേണ്ടി എനിക്കാ പുരുഷനെ വേണം.
.....പര്‍ദ്ദ അണിഞ്ഞ ഒരു പടം വേണം. ഫോട്ടോ ഗ്രാഫറെ അയക്കട്ടേ?
വേറെ കുറേപ്പേര് വന്ന് ഫോട്ടോയെടുത്ത് പോയതേയുള്ളൂ. ഞാന്‍ ഊരി വച്ചു. എപ്പോഴുമെടുത്തിടാന്‍ എന്നെക്കൊണ്ട് വയ്യ......
..............
മാതൃഭൂമി വാരാന്തപ്പതിപ്പ്, 16.01.2005 (മതം മടുത്തു എന്ന തലക്കെട്ടില്‍ എഴുതിയത്)
(മാതൃഭൂമിയുടെ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ.കെ.ബിജു രാജിനോട് സംസാരിച്ചത്)
....സ്‌നേഹം തരാന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലേ, അയാളെ വിശ്വസിച്ചു....എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന് ഒരു ഭീരുവിനെ സ്‌നേഹിക്കാന്‍ കഴിയ്വോ? ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ....ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി. പ്രേമമൊക്കെ മങ്ങി. ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാ എന്നു തോന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തുകാണില്ലല്ലോ.....മുപ്പതു കൊല്ലമായി ഞാന്‍ അമ്പലത്തില്‍ പോയിട്ട്. ഇപ്പോ നിസ്‌ക്കരിക്കാറുമില്ല. ശരീരം കൊണ്ടുള്ള ചലനത്തില്‍ വലിയ കാര്യമില്ല.....പണ്ടൊക്കെ ആരു വന്നാലും പറയുമായിരുന്നു ഞാന്‍ സുന്ദരിയാണെന്ന്...എന്റെ സൗന്ദര്യമൊക്കെ പോയില്ലേ. എന്തിനാ ഇനി ഞാന്‍ പൗഡറൊക്കെ ഇടുന്നേ? ഫോട്ടോ എടുക്കുമ്പോള്‍ പൗഡറിടാതെ പറ്റില്ല......ഇപ്പോഴും കൃഷ്ണനെ ഇഷ്ടാ. ഒരു കാമുകയാനായിട്ട്. ഭര്‍ത്താവായിട്ട്. അല്ലാതെ ദൈവമായിട്ടല്ല.
..............
   ഞാനിപ്പൊ ഒരു നോവലെഴുതുന്നുണ്ട്. അത് മുസ്ലീം സ്ത്രീ എഴുതാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് ചിലപ്പൊ അവരെന്നെ പുറത്താക്കും. പുറത്താക്കട്ടെന്നു വിചാരിച്ചു തന്ന്യാ അത് എഴുതണത്. അതെഴുതുമ്പോള്‍ ഞാന്‍ പഴേ മാധവിക്കുട്ടിയാ. ആ മാധവിക്കുട്ടിക്കേ അതെഴുതാന്‍ കഴിയൂ. കുറെ സത്യങ്ങള്‍ ഇനീം ലോകത്തോട് എനിക്ക് വിളിച്ചു പറയാനുണ്ട്-എല്ലാം വിളിച്ചു പറഞ്ഞിട്ടേ ഞാന്‍ പോകൂ.
..........
മലയാള മനോരമ (വാചകമേള-18.04.2004)
    എന്റെ മരണം എങ്ങനെയായിരിക്കണമെന്നു ഞാന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍ ഏതോ സ്വപ്നം കണ്ട് കിടക്കും പോലെ. അറിയേ്വാ, എന്റെ ഉള്ളില്‍ ഇപ്പോഴും ആ നാലാപ്പാട്ടെ കമലയുണ്ട്. നാലാപ്പാട്ട് എനിക്കിപ്പോഴുമുണ്ട് കുറച്ച് സ്വത്ത്. ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്, എന്നെ നാലാപ്പാട്ടു കൊണ്ടുപോയി ദഹിപ്പിക്കണമെന്ന്.
...........
മാതൃഭൂമി, 06.06.2003
മതം സാര്‍സ് പോലെ വിഷലിപ്തം: കമലാ സുറയ്യ
       മതം സാര്‍സുപോലെ വിഷലിപ്തമാണെന്ന് എഴുത്തുകാരി കമലാ സുറയ്യ അഭിപ്രായപ്പെട്ടു. 'എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. പക്ഷേ, എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു'. ദൈവത്തിന്റെ അറിവില്‍ മതമില്ല. ദൈവത്തിന്റെ പദാവലിയില്‍ സ്‌നേഹം എന്ന ഒന്നേയുള്ളൂ. മതം മാറുമ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കമലാ സുരയ്യ 'മാതൃഭൂമി'യോട് പറഞ്ഞു. ജീവിതം ഒരു പരീക്ഷണ ശാലയായിരുന്നു. മതം മാറ്റവും ഒരു പരീക്ഷണമായിരുന്നു. മതം വളര്‍ത്തുന്നത് വിദേ്വഷമാണെന്ന് ഈ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു. പുരോഹിത വര്‍ഗ്ഗത്തിനു മുന്നില്‍ ദൈവം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്‍ഗ്ഗം മാത്രമാണ്. മതത്തിന്റെ ഭാരമായി താനിപ്പോള്‍ പര്‍ദ്ദ ധരിക്കാറില്ലെന്നും സുറയ്യ പറഞ്ഞു'
..............
പ്രാര്‍ത്ഥനയുടെ വേളയില്‍പ്പോലും 'അവനെ'കണ്ട സുറയ്യ എഴുതിയ രണ്ട് പ്രണയ കവിതകള്‍

     02.08.2002 ന് ഉന്നത ലീഗ് നേതാവിന് സമ്മാനിക്കാന്‍ ഏല്‍പ്പിച്ചതെന്നു പറയപ്പെടുന്ന ഈ പ്രണയ കവിതകള്‍ പ്രസിദ്ധീകരിച്ചത് 08.07.2010 ലെ 'കേരള ശബ്ദം' വാരികയാണ്. അതില്‍ ഒരു കവിത താഴെ കൊടുക്കുന്നു.
കപ്പലുകളുടെ ഊത്തം
പ്രാര്‍ത്ഥനയുടെ വേളയിലും 
എന്റെ കണ്‍കോണില്‍ 
അവന്‍ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യന്‍
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ? 
അര്‍ദ്ധരാത്രിയില്‍ എങ്ങോ
കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകള്‍
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലില്‍ നിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്‍ക്കും
കിനാക്കളില്‍ അവന്‍ മാത്രം
നിറയുന്നൂ,
ഹര്‍ഷോന്മാദമായ്,
വേദനയായ്
കണ്ണീരായ്......
...........