My Blog List

Thursday, June 02, 2011

മാധവിക്കുട്ടി മതം മാറുന്നില്ല

           കേരള സാഹിത്യ അക്കാദമി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ വച്ച് 23.06.2010 ന് യുവ സാഹിത്യ ശില്പശാല നടത്തുകയുണ്ടായി. ശില്പശാലയുടെ ഭാഗമായി 'കമലാ സുരയ്യാ സ്മൃതി' എന്ന പരിപാടിയുമുണ്ടായിരുന്നു. ശ്രീമതി: സോണിയ ഇ.പ.യാണ് 'കമലാ സുരയ്യാ സ്മൃതി' നടത്തിയത്. കമലാ സുരയ്യയെ വാനത്തിനുമപ്പുറം പുകഴ്ത്തിയ അവര്‍ സുരയ്യയുടെ മതം മാറ്റം മതേതരത്വത്തിനു വേണ്ടി നടത്തിയ ബലിയാണെന്നുകൂടി തട്ടിവിട്ടു. ചര്‍ച്ചയില്‍ പങ്കെടുക്കുവാനുള്ള അവസരമില്ലാത്തതിനാല്‍ ഒന്നും പറയാന്‍ സാധിച്ചില്ല. പ്രസംഗം കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിയ അവരോട് നിലപാടിലുള്ള വിയോജിപ്പ് അറിയിക്കുക മാത്രം ചെയ്തു.
           വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കാഞ്ഞിരത്തെ മുന്തിരിയാക്കാനും മുന്തിരിക്കുരുവിനെ ചക്കക്കുരുവുമാക്കാനുള്ള മിടുക്ക് പലര്‍ക്കുമുണ്ട്. ഇത്തരമൊരു വ്യാഖ്യാനക്കസര്‍ത്ത് മാത്രമാണ് ശ്രീമതി: സോണിയ ഇ.പ. നടത്തിയത്. സുരയ്യയെ ഒരു വ്യക്തി എന്ന നിലയില്‍ പഠിച്ചാല്‍ സ്‌നേഹത്തിന്റെ പ്രതിരൂപമായി എടുക്കാന്‍ പറ്റിയ വ്യക്തിത്വമൊന്നുമില്ല അവര്‍ക്കെന്ന് ബോധ്യമാകും. അവര്‍ സ്‌നേഹത്തെക്കുറിച്ച് വല്ലാതെ പറയാറുണ്ടായിരുന്നു. സ്‌നേഹത്തെക്കുറിച്ച് ഏറെ പാടിയ കവി മഹാകവി കുമാരനാശാനാണ്. പാവങ്ങളുടെ ചേരിയിലേക്ക് ഇറങ്ങിച്ചെന്ന കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. മിഠായിയും നിലക്കടലയുമായി കടപ്പുറത്തുപോയി കടലിന്റെ പൊന്നോമന മക്കള്‍ക്ക് അത് വിതരണം ചെയ്ത് അവരോട് കുശലം പറയാനും കൂട്ടുകൂടാനും സമയം കണ്ട പി.കുഞ്ഞിരാമന്‍ നായരെപ്പോലെ കമലാ സുരയ്യയെ സ്‌നേഹത്തിന്റെ പര്യായമായി വാഴ്ത്താന്‍ സാധിക്കുകയില്ല. എന്തെല്ലാം പരിമിധികളുണ്ടെങ്കിലും, അതിനുള്ള അര്‍ഹതയുള്ളത് (കമലാ സുരയ്യ ജീവിച്ചിരുന്ന കാലഘട്ടത്തില്‍) സുഗത കുമാരി ടീച്ചര്‍ക്കാണ്. ഇതിനൊരു മറുവശംകൂടിയുണ്ട്. അവരെ പുറമേക്ക് പുകഴ്ത്തുമ്പോഴം പലരുടെയും ഉള്ളില്‍ അവരോട് പകയായിരുന്നു. ഈ പകയ്ക്ക് കാരണം അവരുടെ മതം മാറ്റമായിരുന്നു. എത്ര വിപ്‌ളവം പറഞ്ഞാലും മിക്കവരുടെയും ഉള്ളില്‍ ജാതിയും മതവും ലയിച്ച് കിടക്കുന്നുണ്ടല്ലോ.
               മാധവിക്കുട്ടി അഥവാ കമലാ സുരയ്യ മിക്കവര്‍ക്കും ഒരു വികാരമായിരുന്നു. ഒരു കൂട്ടര്‍ അവരെ സാഹിത്യകാരിയായി അംഗീകരിക്കാന്‍ തുടങ്ങിയത് അവര്‍ മതം മാറിയതിനുശേഷമാണ്. വലിയതെന്തോ വീണുകിട്ടി എന്ന രീതിയിലായിരുന്നു അവരെ എഴുന്നെള്ളിച്ച് കൊണ്ടുനടന്നിരുന്നത്. 'എന്റെ കഥ'യെ വിമര്‍ശിച്ചവരൊക്കെ അതിനെ മഹത്തരമാക്കാന്‍ ന്യായീകരണം കണ്ടുപിടിച്ചുകൊണ്ടിരുന്നു. പെരുന്നാളാശംസകളില്‍ കമലാ സുരയ്യയുടെ പടങ്ങള്‍ വന്നു. എന്നാല്‍ ചിലരുടെ രീതികള്‍ നേരെ മറിച്ചായുന്നു. അവര്‍ കമലാ സുരയ്യ എന്ന പേര് ബോധപൂര്‍വ്വം ഒഴിവാക്കി മാധവിക്കുട്ടി എന്നുതന്നെയാണ് പ്രയോഗിച്ചിരുന്നത്. അവരുടെ മതംമാറ്റത്തെ അംഗീകരിക്കുവാന്‍ അവരുടെ വര്‍ഗ്ഗീയ മനസ്സുകള്‍ തയ്യാറായിരുന്നില്ല. ഇതു സംബന്ധിച്ച് കുറെ തര്‍ക്കങ്ങളും നടന്നിട്ടുണ്ട്. സ്വകാര്യമായി അവരെക്കുറിച്ച് വളരെ മോശമായി സംസാരിച്ച ആള്‍ തന്നെ പൊതു വേദികളില്‍ അവരെക്കുറിച്ച് ഗീര്‍വാണമടിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
         ഒരു വ്യക്തിയിലെ മനുഷ്യനെ വിലയിരുത്തേണ്ടത് അവരുടെ സാഹിത്യ മേന്മ കണക്കാക്കിയല്ല. സാഹിത്യകാരി എന്ന അര്‍ത്ഥത്തില്‍ അവര്‍ ആഗോള പ്രശസ്ത തന്നെ. ഉയര്‍ന്ന മാനവികതയുടെ ഉടമയായിരുന്നു അവരെന്ന് സ്ഥാപിക്കാന്‍ പറ്റിയ പ്രവര്‍ത്തനങ്ങളൊന്നും അവര്‍ ചെയ്തിട്ടില്ലെന്നാണ് എന്റെ പക്ഷം. ഇതു എന്റെ വിലയിരുത്തലാണ്. മറ്റുള്ളവരുടെ വിലയിരുത്തലനുസരിച്ച് തിരിച്ചുമാകും. എങ്കിലും കമലാ സുരയ്യയെ മതംമാറ്റത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരോട് ഒന്നു ചോദിക്കാനുണ്ട്. പ്രായമേറെ ആയിയെന്ന് വച്ച് പുതിയൊരു ആണ്‍തുണ പാടില്ലെന്ന് പറയുന്നില്ല. 63 വയസ്സുള്ളൊരു വിധവ മറ്റൊരാളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിക്കുന്നതിലും തെറ്റില്ല.(അവര്‍ക്ക് ഇത്തരമൊരു പ്രതീക്ഷ നല്‍കി ചതിച്ച ആളെക്കുറിച്ച് പറയാന്‍ വാക്കുകളുമില്ല. അയാളെ പടച്ചോന്‍ വെറുതെ വിടുകയുമില്ല). സ്വന്തം മാതാവോ സഹോദരിയോ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് ഇപ്പറയുന്നവര്‍ ഉള്‍ക്കൊള്ളുമോ?
      മാധവിക്കുട്ടി മതം മാറുന്നതിനു മുമ്പു തന്നെ ഞാനവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പരസ്പര വിരുദ്ധമായ അവരുടെ പ്രസ്താവനകളായിരുന്നു അതിനു കാരണം. മതം മാറിയ വാര്‍ത്ത 'മാധ്യമ'ത്തില്‍ വായിച്ചപ്പോള്‍ എനിക്കാദ്യം ഓര്‍മ്മയില്‍ വന്നത് അവരെ പരാമര്‍ശിച്ച് കുറച്ചുമുമ്പ് 'മാധ്യമ'മെഴുതിയതും ഞാന്‍ മുറിച്ചെടുത്ത് സൂക്ഷിച്ചുവച്ചതുമായ ഒരു വാര്‍ത്തയാണ്. അതു വച്ച് ഞാന്‍ ചെറിയൊരു ലേഖനമെഴുതി. 2000 ജനുവരി ലക്കത്തിലെ 'കവിതാ സംഗമം'മാസികയില്‍ ആ ലേഖനം പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനം താഴെ.
                                         ....................
കവിതാ സംഗമം മാസിക-ജനുവരി, 2000

മാധവിക്കുട്ടി മതം മാറുന്നില്ല

ശങ്കരനാരായണന്‍ മലപ്പുറം

     അവസരത്തിനൊത്ത് അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നവര്‍ രാഷ്ട്രീയക്കാര്‍ മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരെയും കടത്തിവെട്ടുന്ന സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും എഴുത്തുകാരികളുമൊക്കെ ധാരാളമുണ്ട് എന്നതാണ് വാസ്തവം. എഴുത്തുകാരികളുടെ കൂട്ടത്തില്‍ ഇക്കാര്യത്തിന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തി മാധവിക്കുട്ടി (ഇപ്പോള്‍ കമലാ സുരയ്യ)യാണ്. മാധവിക്കുട്ടിയുടെ രചനകള്‍ മഹത്തരമായിരിക്കാം. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ മാധവിക്കുട്ടി ഒരു ആഢ്യ-സമ്പന്ന-നായര്‍ കുടുംബത്തിലെ 'കൊച്ചമ്മ'എന്നതിലപ്പുറം ഒന്നും അല്ല. വൃദ്ധയായിട്ടും പട്ടുസാരികളോടും ആഭരണങ്ങളോടും തനിക്ക് ഭ്രമമാണെന്ന് മാധവിക്കുട്ടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നേരെ മറിച്ച്, ഏ.കെ.ആന്റണി മുടി കറുപ്പിക്കുന്നതിനെ അവര്‍ പരിഹസിച്ചിട്ടുമുണ്ട്. ഇങ്ങനെയൊക്കെയുള്ള മാധവിക്കുട്ടി ഇപ്പോള്‍ മതം മാറി സുരയ്യയായിരിക്കുന്നുവത്രെ!
     'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. താന്‍ വിശ്വസിക്കുന്ന മതം ശരിയല്ലെന്നു കണ്ടാല്‍ ഉടനെ മാറണമെന്നും ഗുരു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാധവിക്കുട്ടി വിശ്വസിച്ചിരുന്ന മതം (ഹിന്ദു മതം) തെറ്റാണെന്നു തോന്നിയതുകൊണ്ടാണോ അവര്‍ ഇസ്ലാമായത്? കഴിഞ്ഞ ഇരുപത്തേഴ് കൊല്ലമായി ഇസ്ലാമാകുന്ന കാര്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാധവിക്കുട്ടി പറയുന്നത്. ഇതു ശരിയോ? അല്ലേയല്ല, ഒരിക്കലുമല്ല. കേവലം നുണകള്‍ മാത്രമാണിത്. സംശയമുള്ളവര്‍ ഇരുപത്തേഴുകൊല്ലമായി മുസ്ലീമാകാന്‍ കൊതിച്ചുകൊണ്ടിരിക്കുന്ന മാധവിക്കുട്ടി ഇരുപതു മാസം മുമ്പ് ചെയ്ത പ്രസംഗം ഒന്നു വായിച്ചു നോക്കണം. പ്രസ്തുത പ്രസംഗം 30.03.1998 ലെ 'മാധ്യമം' റിപ്പോര്‍ട്ടു ചെയ്തത് ഇങ്ങനെ: ''ഇവിടെ ജനിച്ചു വളര്‍ന്ന ഹിന്ദു മതം അവഗണിക്കപ്പെട്ടതായി അവര്‍ പറഞ്ഞു. ചിലപ്പോള്‍ സര്‍ക്കാര്‍ വരെ പീഡിപ്പിച്ചു. സെക്കുലര്‍ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഹിന്ദു വിരോധമാണെന്ന് ഭരിച്ച സര്‍ക്കാര്‍ വരെ ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്ന മതങ്ങളെ ആചരിച്ചു; സ്വീകരിച്ചു. ഇത് നന്നായി. എന്നാല്‍ ഇവിടെ വളര്‍ന്നതു കൊണ്ട് ഹിന്ദു മതത്തെ അവഗണിക്കാന്‍ ശ്രമിച്ചു'' 
       ഇരുപതു മാസം മുമ്പു മാത്രമാണ് മാധവിക്കുട്ടി ഇങ്ങനെ പ്രസ്താവിച്ചത്. ചാതുര്‍വര്‍ണ്യ ജാതി താല്പര്യക്കാരുടെ കലാ-സാംസ്‌കാരിക സംഘടനയായ 'തപസ്യ'ആലുവായില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മാധവിക്കുട്ടി ഇങ്ങനെ പ്രസംഗിച്ചത്. സംഘാടകരെയും കടത്തി വെട്ടുന്ന സവര്‍ണ വര്‍ഗീയവാദമാണ് മാധവിക്കുട്ടി വിളമ്പിയത്. ഇവിടെ നൂറ്റാണ്ടുകളായി പീഡനമനുഭവിച്ചവരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ഇവിടുത്തെ ദലിത് വിഭാഗമാണ്. മനുഷ്യ സാഹോദര്യം വിളംബരം ചെയ്യുന്ന മതമായ ബുദ്ധമതമാണ് (ഇതാണ് വാസ്തവത്തില്‍ ഇന്ത്യയില്‍ ജനിച്ച മതം) ബ്രാഹ്മണമതത്താല്‍ പീഢനമനുഭവിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും. ഇതൊന്നും പക്ഷേ, മാധവിക്കുട്ടി പറഞ്ഞില്ല. നാലുകെട്ടും നടുമുറ്റവും കുളിക്കടവും നീര്‍മാതളവുമൊക്കെ നിയന്ത്രിക്കുന്ന മാധവിക്കുട്ടിയുടെ സവര്‍ണ മനസ്സ് ഇക്കാര്യങ്ങള്‍ ചിന്തിച്ചാലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഇങ്ങനെയൊക്കെയുള്ള മാധവിക്കുട്ടി ഇരുപത്തിയേഴു കൊല്ലമായി 'സുരയ്യ'യാകാന്‍ കൊതിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നത് ശുദ്ധ കാപട്യമാണ്.
   പ്രശസ്തിയും അധികാരവും നേടുക എന്നതാണ് മാധവിക്കുട്ടിയുടെ മതം. സ്വന്തം കഥകളിലൂടെ അവരുടെ ജീവിതം പഠിച്ചാല്‍ ലൈംഗികതയും അവരുടെ പ്രധാനപ്പെട്ടൊരു മതമാണെന്ന് തെളിയുന്നു. സുരയ്യയായാല്‍ ചുളുവില്‍ രാജ്യസഭാ അംഗമാകാമെന്നാണ് അവരുടെ ഉള്ളിലെ പൂതി. (വോട്ട് ചെയ്ത് ജനങ്ങള്‍ തന്നെ എം.പി.യാക്കില്ലെന്ന് മാധവിക്കുട്ടിക്കറിയാം). ഇതുകൊണ്ടാണല്ലോ രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ താന്‍ മുസ്ലീം ലീഗില്‍ ചേരുമെന്നും തന്നെ അവര്‍ രാജ്യസഭാംഗമാക്കുമെന്നും മാധവിക്കുട്ടി പറഞ്ഞത് ('മാധ്യമം'12.12.1999). ശരിയാണ്, മാധവിക്കുട്ടിയായാലും സുരയ്യയായാലും അവരുടെ മതം ഒന്നു തന്നെ. മാധവിക്കുട്ടി മതം മാറുന്നില്ലെന്ന് ചുരുക്കം.
                                   ..............
മാധവിക്കുട്ടി നടത്തിയ ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍

       16.12.1999 നാണ് മാധവിക്കുട്ടി മതം മാറിയത്. അതിനു തൊട്ടു മുമ്പും ശേഷവും അവര്‍ നടത്തിയ ചില പ്രസ്താവനകളാണ് താഴെ കൊടുക്കുന്നത്. വിശദീകരിക്കാതെ തന്നെ കാര്യങ്ങള്‍ ആര്‍ക്കും ബോധ്യമാകും. ഹാലിളകുന്നവര്‍ ഇവയൊന്നു വായിക്കുക. 
മാധ്യമം, 12.12.1999
മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിക്കുന്നു
      കഴിഞ്ഞ 27 വര്‍ഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നു. ദാസേട്ടനോട് ഒരിക്കല്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. പക്വതയായിട്ടില്ലൊന്നായിരുന്നു ദാസേട്ടന്റെ അഭിപ്രായം......എനിക്ക് രാഷ്ട്രീയം ഇഷ്ടമല്ല. എങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ മുസ്ലീം ലീഗില്‍ ചേരും. അവര്‍ എന്നെ രാജ്യസഭയില്‍ അംഗമാക്കും. അതുവഴി മതമൈത്രിക്കായി പ്രവര്‍ത്തിക്കും. 
                                     ..............
മാധ്യമം, 13.12.1999
ഇസ്ലാമിലേക്ക് വരാന്‍ കാരണമെന്താണെന്ന് ചിലര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യം അനുഭവിക്കുന്ന മനുഷ്യന് ആത്മീയമായും വിശപ്പുണ്ട്. അതു തന്നെ കാരണം. 
                                     ..............
മാധ്യമം, 14.12.1999
പുനര്‍ വിവാഹത്തിന് തീരുമാനിച്ചെന്ന് മാധവിക്കുട്ടി
     പുനര്‍ വിവാഹത്തിന് താന്‍ തീരുമാനിച്ചു കഴിഞ്ഞതായി സാഹിത്യകാരി മാധവിക്കുട്ടി. ആരെയാണ് വിവാഹം കഴിക്കുകയെന്നത് തല്‍ക്കാലം രഹസ്യമായിരിക്കട്ടെ. രണ്ടു ദിവസം കഴിഞ്ഞു പറയാം.......എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നാലുപേര്‍ക്കേ കൊടുത്തിട്ടുള്ളൂ. അതില്‍ മൂന്നും എന്റെ മക്കളാണ്. മറ്റൊരാള്‍ അദ്ദേഹവും.......
..............
മാധ്യമം, 15.12.1999
.....ഇത്തരമൊരു സാഹചര്യത്തിലാണ് പുനര്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നതെന്ന് അവര്‍ പറഞ്ഞു...അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന വ്യക്തി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി ചിലര്‍ തെരഞ്ഞെടുത്തത് മകനേക്കാള്‍ പ്രായം കുറഞ്ഞ വ്യക്തിയെയും. എന്തൊരു വിരോധാഭാസമാണിത് ? മാധവിക്കുട്ടി ചോദിച്ചു.......അമ്മയുടെ പുനര്‍ വിവാഹത്തിന് എതിരല്ലെന്ന് മകന്‍ എം.ഡി.നാലപ്പാട് പറഞ്ഞു......
..............
വാരാന്ത്യ കൗമുദി, 19.12.1999 (ശങ്കര്‍ ഹിമഗിരി എഴുതിയത്)
ആര്?
അത് ബി.ബി.സി.ക്കാരന്‍ വന്ന് ചോദിച്ചാലും പറയില്ല.
വിവാഹം എപ്പോള്‍?
ആറു മാസത്തിനകം.
ആള്‍ മുസ്ലീമാണോ?
ഞങ്ങള്‍ പ്രണയത്തിലാണ്. എല്ലാം തികഞ്ഞവന്‍ വരാന്‍ ഞാന്‍ കാത്തിരിക്കുന്നു. തേജോമയനായവന്‍. ഞാനിപ്പോഴും ചെറുപ്പം. സൃഷ്ടിക്കും സംഹാരത്തിനും വേണ്ടി എനിക്കാ പുരുഷനെ വേണം.
.....പര്‍ദ്ദ അണിഞ്ഞ ഒരു പടം വേണം. ഫോട്ടോ ഗ്രാഫറെ അയക്കട്ടേ?
വേറെ കുറേപ്പേര് വന്ന് ഫോട്ടോയെടുത്ത് പോയതേയുള്ളൂ. ഞാന്‍ ഊരി വച്ചു. എപ്പോഴുമെടുത്തിടാന്‍ എന്നെക്കൊണ്ട് വയ്യ......
..............
മാതൃഭൂമി വാരാന്തപ്പതിപ്പ്, 16.01.2005 (മതം മടുത്തു എന്ന തലക്കെട്ടില്‍ എഴുതിയത്)
(മാതൃഭൂമിയുടെ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ.കെ.ബിജു രാജിനോട് സംസാരിച്ചത്)
....സ്‌നേഹം തരാന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലേ, അയാളെ വിശ്വസിച്ചു....എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന് ഒരു ഭീരുവിനെ സ്‌നേഹിക്കാന്‍ കഴിയ്വോ? ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ....ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി. പ്രേമമൊക്കെ മങ്ങി. ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാ എന്നു തോന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തുകാണില്ലല്ലോ.....മുപ്പതു കൊല്ലമായി ഞാന്‍ അമ്പലത്തില്‍ പോയിട്ട്. ഇപ്പോ നിസ്‌ക്കരിക്കാറുമില്ല. ശരീരം കൊണ്ടുള്ള ചലനത്തില്‍ വലിയ കാര്യമില്ല.....പണ്ടൊക്കെ ആരു വന്നാലും പറയുമായിരുന്നു ഞാന്‍ സുന്ദരിയാണെന്ന്...എന്റെ സൗന്ദര്യമൊക്കെ പോയില്ലേ. എന്തിനാ ഇനി ഞാന്‍ പൗഡറൊക്കെ ഇടുന്നേ? ഫോട്ടോ എടുക്കുമ്പോള്‍ പൗഡറിടാതെ പറ്റില്ല......ഇപ്പോഴും കൃഷ്ണനെ ഇഷ്ടാ. ഒരു കാമുകയാനായിട്ട്. ഭര്‍ത്താവായിട്ട്. അല്ലാതെ ദൈവമായിട്ടല്ല.
..............
   ഞാനിപ്പൊ ഒരു നോവലെഴുതുന്നുണ്ട്. അത് മുസ്ലീം സ്ത്രീ എഴുതാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് ചിലപ്പൊ അവരെന്നെ പുറത്താക്കും. പുറത്താക്കട്ടെന്നു വിചാരിച്ചു തന്ന്യാ അത് എഴുതണത്. അതെഴുതുമ്പോള്‍ ഞാന്‍ പഴേ മാധവിക്കുട്ടിയാ. ആ മാധവിക്കുട്ടിക്കേ അതെഴുതാന്‍ കഴിയൂ. കുറെ സത്യങ്ങള്‍ ഇനീം ലോകത്തോട് എനിക്ക് വിളിച്ചു പറയാനുണ്ട്-എല്ലാം വിളിച്ചു പറഞ്ഞിട്ടേ ഞാന്‍ പോകൂ.
..........
മലയാള മനോരമ (വാചകമേള-18.04.2004)
    എന്റെ മരണം എങ്ങനെയായിരിക്കണമെന്നു ഞാന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍ ഏതോ സ്വപ്നം കണ്ട് കിടക്കും പോലെ. അറിയേ്വാ, എന്റെ ഉള്ളില്‍ ഇപ്പോഴും ആ നാലാപ്പാട്ടെ കമലയുണ്ട്. നാലാപ്പാട്ട് എനിക്കിപ്പോഴുമുണ്ട് കുറച്ച് സ്വത്ത്. ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്, എന്നെ നാലാപ്പാട്ടു കൊണ്ടുപോയി ദഹിപ്പിക്കണമെന്ന്.
...........
മാതൃഭൂമി, 06.06.2003
മതം സാര്‍സ് പോലെ വിഷലിപ്തം: കമലാ സുറയ്യ
       മതം സാര്‍സുപോലെ വിഷലിപ്തമാണെന്ന് എഴുത്തുകാരി കമലാ സുറയ്യ അഭിപ്രായപ്പെട്ടു. 'എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. പക്ഷേ, എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു'. ദൈവത്തിന്റെ അറിവില്‍ മതമില്ല. ദൈവത്തിന്റെ പദാവലിയില്‍ സ്‌നേഹം എന്ന ഒന്നേയുള്ളൂ. മതം മാറുമ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കമലാ സുരയ്യ 'മാതൃഭൂമി'യോട് പറഞ്ഞു. ജീവിതം ഒരു പരീക്ഷണ ശാലയായിരുന്നു. മതം മാറ്റവും ഒരു പരീക്ഷണമായിരുന്നു. മതം വളര്‍ത്തുന്നത് വിദേ്വഷമാണെന്ന് ഈ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു. പുരോഹിത വര്‍ഗ്ഗത്തിനു മുന്നില്‍ ദൈവം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്‍ഗ്ഗം മാത്രമാണ്. മതത്തിന്റെ ഭാരമായി താനിപ്പോള്‍ പര്‍ദ്ദ ധരിക്കാറില്ലെന്നും സുറയ്യ പറഞ്ഞു'
..............
പ്രാര്‍ത്ഥനയുടെ വേളയില്‍പ്പോലും 'അവനെ'കണ്ട സുറയ്യ എഴുതിയ രണ്ട് പ്രണയ കവിതകള്‍

     02.08.2002 ന് ഉന്നത ലീഗ് നേതാവിന് സമ്മാനിക്കാന്‍ ഏല്‍പ്പിച്ചതെന്നു പറയപ്പെടുന്ന ഈ പ്രണയ കവിതകള്‍ പ്രസിദ്ധീകരിച്ചത് 08.07.2010 ലെ 'കേരള ശബ്ദം' വാരികയാണ്. അതില്‍ ഒരു കവിത താഴെ കൊടുക്കുന്നു.
കപ്പലുകളുടെ ഊത്തം
പ്രാര്‍ത്ഥനയുടെ വേളയിലും 
എന്റെ കണ്‍കോണില്‍ 
അവന്‍ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യന്‍
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ? 
അര്‍ദ്ധരാത്രിയില്‍ എങ്ങോ
കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകള്‍
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലില്‍ നിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്‍ക്കും
കിനാക്കളില്‍ അവന്‍ മാത്രം
നിറയുന്നൂ,
ഹര്‍ഷോന്മാദമായ്,
വേദനയായ്
കണ്ണീരായ്......
...........53 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

ഒരു നല്ല ലേഖനം, പഠനം എന്നുപറയുന്നതാവും ശരി
അഭിനന്ദനങ്ങൾ.

മാധവിക്കുട്ടി or കമല സുരയ്യ ക്ക് എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കണം , ശ്രദ്ധിക്കപ്പെടണം അതിനു വേണ്ടി എന്തും ചെയ്യും, എത്രടം വരേയും പോകും.

അവരുടെ മറ്റു കഴിവുകൾ കുറച്ചുകാണുന്നില്ല....

രമേശ്‌ അരൂര്‍ said...

ഗവേഷണവും നിരീക്ഷണവും അസ്സലായി ...ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ ...

Villagemaan/വില്ലേജ്മാന്‍ said...

മാധവിക്കുട്ടി ഒരു എഴുത്തുകാരി എന്ന നിലക്ക് അനര്‍ഹമായ പ്രശസ്തി ആണ് നേടിയിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

വിഷയം മാധവിക്കുട്ടിയായാലും, മറ്റെന്തെങ്കിലും ആയാലും ശങ്കര്‍ജി അവസാനം ചെന്നെത്തുന്നത് സവര്‍ണ്ണ മേധാവിത്വം എന്ന പൊയന്റില്‍ ആണെന്ന് തോന്നുന്നു!

ശങ്കര്‍ജിയോടുള്ള ബഹുമാനം നില നിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ. താങ്കള്‍ക്ക് ചിലപ്പോള്‍ മറ്റേതെങ്കിലും ജാതികളില്‍ ഉള്പ്പെടുന്നവരില്‍( സവര്‍ണ്ണര്‍ എന്ന് പറയാന്‍ ഞാന്‍ ആഹ്രഹിക്കുന്നില്ല, കാരണം ഒരാള്‍ ഈ ഭൂമിയില്‍ തന്റെ ഇഷ്ട്ടതോടെ അല്ല ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിക്കുന്നത് എന്നത് കൊണ്ട് തന്നെ. അത് സംഭവിക്കുന്നതാണ്, അതുപോലെ ഓരോ മനുഷ്യാവതാരങ്ങളിലും ദൈവത്തിനു അതിന്റേതായ കാരണങ്ങള്‍ ഉണ്ടാവും എന്ന് ഞാന്‍ കരുതുന്നു. അത് ചിലപ്പോള്‍ സമൂഹ നന്മക്കോ തിന്മാക്കോ ആവാം ) എന്തെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം, അതിനു അവര്‍ ഉള്‍പ്പെട്ട സമൂഹത്തെ എല്ലാം കുറ്റപ്പെടുത്താന്‍ ആവുമോ ? അല്ലെങ്കില്‍ ഒരു പ്രതെയ്ക വ്യക്തി ഉള്ള്പെട്ട സമുദായത്തിലെ എല്ലാവരും ഒരുപോലെ ആയിരിക്കുമോ ?
to be continued..

Villagemaan/വില്ലേജ്മാന്‍ said...

ഒന്നാമതെ ഈ സവര്‍ണ്ണന്‍ -അവര്‍ണ്ണന്‍ എന്ന തരം തിരിവിനോട് എനിക്ക് യോജിക്കാനാവുന്നില്ല. ജാതിയും മതവും ഭാരതത്തില്‍ ഒരു യാഥാര്‍ത്ഥ്യം ആണെങ്കിലും മനുഷ്യന്‍ എന്ന രീതിയില്‍ എല്ലാവരെയും കാണണം എന്നാണ് എന്റെ പക്ഷം. ദാരിദ്ര്യത്തിന് മതമോ ജാതിയോ ഇല്ല. ദാരിദ്ര്യം ഉള്ളവന് എല്ലായിടത്തും അവഗണന മാത്രമേ ഉള്ളു.

രണ്ടാമതായി, അന്ധമായ സവര്‍ണ്ണ വിരോധം താങ്കളുടെ പോസ്റ്റുകളില്‍ നിഴലിക്കുന്നു എന്ന് പറയാതെ വയ്യ.. അതുകൊണ്ട് എനിക്ക് എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍, ഒന്നുമില്ല . എന്നാല്‍ താങ്കള്‍ വളരെ നന്നായി കാര്യങ്ങള്‍ പഠിച്ചു എഴുതുന്ന ഒരാളായിട്ടാണ് തോന്നിയത്. പല കാര്യങ്ങളും റെഫര്‍ ചെയ്തു എഴുതുന്നതിനാല്‍ ഒരുപാടു വായന ഉണ്ടാവും എന്നും മനസ്സിലാക്കാന്‍ പറ്റും. പക്ഷെ താങ്കളുടെ അറിവുകള്‍ ഈ വിധം ഒരു ഉപയോഗവും ഇല്ലാതെ ആയിപ്പോകുന്നല്ലോ എന്നെ പറയാനുള്ളൂ. ജാതി വിദ്വേഷം വളര്‍ത്താന്‍ പറ്റും എന്നല്ലാതെ പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനു എന്തെങ്കിലും തരത്തില്‍ ഇത് സഹായകരമാകുമോ ?

മറ്റൊരു കാര്യം ഒരാള്‍ താന്‍ മറ്റുള്ളവരെ ക്കാള്‍ താഴെ ആണ് എന്ന വിശ്വാസത്തോടെ എന്നും മറ്റുള്ളവര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ താന്‍ താഴെ ആണെന്നുള്ള കാര്യം അമ്ഗീകരിക്കുകയല്ലേ ചെയ്യുന്നത് ? അതിനു പകരം താന്‍ മറ്റുള്ളവരോടോപ്പമോ , അല്ലെങ്കില്‍ അതിലും മേലെ ആണെന്നുള്ള പോസിറ്റീവ് ചിന്ത അല്ലെ വേണ്ടത് ? വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ഇന്നേവരെ, മറ്റു ജാതിയില്‍ പെട്ട ഒരാളോട് താഴ്ന്നതെന്നോ ഉയര്ന്നതെന്നോ ഉള്ള രീതിയില്‍ ഇടപെട്ടിട്ടില്ല. ഒരാളുടെ ഗുണങ്ങള്‍ ആണ് സാധാരണയായി എന്നെ ആകര്ഷിക്കരുള്ളത്, അയാള്‍ ഇതു മതത്തെ , ജാതിയെ പ്രതിനിധാനം ചെയ്യുന്നതാണെങ്കിലും. ഞാന്‍ ജോലി ചെയ്യുന്ന രാജ്യത്തു തന്നെ, നമ്മള്‍ ഏതു രാജ്യതുള്ളവര്‍ എന്ന രീതിയില്‍ വേര്‍ തിരിവ് ഉണ്ട്. വെള്ളക്കാരന് ഉള്ള നിയമം അല്ല, ഭാരതീയനും, ബംഗാളിക്കും. എന്നാല്‍ വെള്ളക്കാരന് അയാള്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ ബഹുമാനം ഞാന്‍ ഇന്നേവരെ കൊടുത്തിട്ടില്ല എന്നും കൂടി പറയാന്‍ ആഗ്രഹിക്കുന്നു.

താങ്കളുടെ ബ്ലോഗ്‌, താങ്കളുടെ സമയം, താങ്കളുടെ വിഷയങ്ങള്‍..ഇഷ്ട്ടമുള്ളത് പോലെ എഴുതാം.താങ്കള്‍ എന്ത് എഴുതണം എങ്ങനെ എഴുതണം എന്ന് പറയാന്‍ ഞാന്‍ ആളല്ല. താങ്കള്‍ക്ക് ചിലപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.

Villagemaan/വില്ലേജ്മാന്‍ said...

ദയവു ചെയ്തു കമന്റിന്റെ ബാക്കി ഭാഗം കൂടി പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെയധികം വ്യത്യസ്തമായ ഒരു പോസ്റ്റ്‌. വളരെ ചിന്താര്‍ഹമായ വിഷയം.നന്നായി അവതരിപ്പിച്ചു.

ചന്തു നായർ said...

രമേശ് അരൂർ പറഞ്ഞപോലെ..ഗവേഷണവും നിരീക്ഷണവും അസ്സലായി ...ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ .....മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.... അതിൽ പല കൊമ്പന്മാരും വീണിട്ടുണ്ട്..മാധവിക്കുട്ടിക്ക് പറ്റിയത് ഒരു അബദ്ധമായിരുന്നൂ... ഹാ കഷ്ടം എന്നാല്ലാതെ എന്ത് പറയാൻ....വീണ്ടും വരാം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

.(അവര്‍ക്ക് ഇത്തരമൊരു പ്രതീക്ഷ നല്‍കി ചതിച്ച ആളെക്കുറിച്ച് പറയാന്‍ വാക്കുകളുമില്ല. അയാളെ പടച്ചോന്‍ വെറുതെ വിടുകയുമില്ല).

പടച്ചോന്‍ വെറുതെ വിട്ടാലും ഇല്ലെങ്കിലും ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ 'നിയമസഭയിലേക്കുള്ള പാത' കാണിച്ചു കൊടുത്തു. ശരിയാണോ എന്ന് എനിക്കറിയില്ല. പറഞ്ഞുകേട്ട കാര്യം മാത്രം. എന്നെ വര്‍ഗീയ വാദി ആക്കരുത്.

ജാതിപ്പേര് വിളിച്ചു അപമാനിച്ചു എന്നാ വാര്‍ത്ത പലപ്പോഴും പത്രത്തില്‍ വരാറുണ്ട്. അവര്‍ണ വിഭാഗത്തില്‍ പെട്ടവരാണ് അങ്ങനെ പരാതിപ്പെടാര്. സവര്‍ണര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ പെടുന്ന ഈയുള്ളവന് ആരെങ്കിലും എന്നെ ജാതിപ്പേര് വിളിച്ചാല്‍ അറപ്പ് തോന്നാറുണ്ട്. എന്നെപ്പോലുള്ളവരെയും താന്കള്‍ സവര്‍ണനായി കൂട്ടുമോ?

ajith said...

പഠിച്ചെഴുതിയ ഒരു പ്രബന്ധം. പഠിക്കാത്ത ഞാന്‍ വായിച്ചു.

MOIDEEN ANGADIMUGAR said...

നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ

ശ്രീനാഥന്‍ said...

മാധവിക്കുട്ടി പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യങ്ങൾ അത്ര മഹത്തൊന്നുമല്ല എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. എങ്കിലും മാധവിക്കുട്ടിയെപ്പോലുള്ള ഒരു പ്രതിഭാശാലിയെ അവരുടെ രചനകളാൽ തന്നെ വേണമല്ലോ വിലയിരുത്താൻ. അവർക്കൊപ്പം നിൽക്കാൻ കഴിയുന്ന എഴുത്തുകാർ മലയാളത്തിൽ വിരളമാണ്. പിന്നെ, പി കുഞ്ഞിരാമൻ നായരും സ്നേഹത്തിന്റെ കാര്യത്തിൽ അത്ര കേമക്കാരനൊന്നുമല്ല!

Lipi Ranju said...

മാധവിക്കുട്ടിയുടെ തുറന്നെഴുതുകളെ തെല്ലു അത്ഭുതത്തോടെ ആണ് വായിച്ചിട്ടുള്ളത്. അവരുടെ ഭാഷ എനിക്കിഷ്ടമായിരുന്നു.
പക്ഷെ ആ വ്യക്തിത്വം അറിഞ്ഞിടത്തോളം
ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് കൂടുതല്‍ അറിയാന്‍ ശ്രമിച്ചില്ല.. . അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചിലതൊക്കെ വായിച്ചിരുന്നുവെങ്കിലും ഇത്രത്തോളം
വിശദമായി അറിയുന്നത് ഈ പോസ്റ്റ്‌ വായിച്ചപ്പോളാണ്...

പുന്നകാടൻ said...

മാധവികുട്ടിയുടെ പിച്ചും,പേയും അവരുടെ കതകളേക്കാൾ നിറഞ്ഞുനിന്നുവേന്നുള്ളത്‌ സത്യമാണൂ.ചിലർ പറയുന്നത്‌,കമലാസുരയ്യ യുടെ മൃത ശരീരം പാളയം പള്ളിയിൽ മറവു ചെയ്തപ്പൊൾ അത്‌ മതേതരത്ത്വത്തിന്റെ മഹനീയമാണന്നാണു.സത്യത്തിൽ അവരുടെ മകന്റെ തീരുമാനമായിരുന്നു.ഒരു സാമുദായിക പ്രെശ്നം ഉണ്ടാവാതിരിക്കാൻ.എന്നാലും അവരെ നിരാശപെടുത്തിയ "ആ വ്യക്തി" ആരാണന്നു താങ്കൾക്കു അറിയാമെങ്ങിൽ അത്‌ പങ്കുവെക്കണമായിരുന്നു.

Unknown said...

ആർക്കും പിടികൊടുക്കാതെ തന്ത്രപരമായി,സർഗ്ഗാത്മകമായി ജീവിച്ച ജീവിതമായിരുന്നു മാധവികുട്ടിയുടേത്.കമലാദാസിന്റേത്.കമലാസുരയ്യയുടേത്.അതുകൊണ്ട് തന്നെ അവരുടെ വാചകങ്ങളിൽ കുഞ്ഞങ്ങളുടെ കുസൃതിത്തരത്തിനപ്പുറം പരിഗണിച്ചിട്ടില്ല.(എറണാകുളത്തുണ്ടായിരുന്ന ഒരുനാൾ,ഫൈനാട്സ് ഹാളിലെ ഒരു പരിപാടിക്ക് ഒരുങ്ങിവന്നതു കണ്ട് അന്തം വിട്ടു.മഞ്ഞ പട്ടുസാരി.കൈയ്യിലും കഴുത്തിലും മഞ്ഞലോഹത്തിന്റെ ധാരാളിത്വം.മഞ്ഞകുട.കൊഞ്ചികുണിങ്ങിയ വർത്തമാനം.ഒരുതരത്തിലും പിടിതരാത്ത സ്ത്രീ)മതബോധത്തിനൊപ്പം മതേതരബോധത്തിനും മൈലേജ് നേടിത്തന്നതിൽ അവരുടെ പങ്ക്‌ ചെറുതല്ല.
എന്തായാലും ശങ്കരേട്ട്ൻ വ്യത്യസ്തമായി ഈ വിഷയത്തെ സമീപിച്ചതിൽ അഭിനന്ദിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

നല്ല ലേഖനം.
ആരൊക്കെയോ സൃഷ്‌ടിച്ച, അഥവാ സ്വയം സൃഷ്ടിച്ചെടുത്ത പരിവേഷമാണ് മാധവിക്കുട്ടിക്ക്.

ഭാര്‍ഗ്ഗവ ലോകം said...

വായിച്ചു !!!

നിസ്സഹായന്‍ said...

കമലാസുരയ്യ പ്രതിഭയുള്ള എഴുത്തുകാരിയായിരുന്നു. മനോഹരമായ ഭാഷയുടെ ഉടമയുമായിരുന്നു. സ്നേഹത്തിനുവേണ്ടി ദാഹിച്ച അവര്‍ സ്വന്തം സന്തോഷത്തേക്കാള്‍ വില മതങ്ങള്‍ക്കു കൊടുത്തില്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നുവെന്നോ മതത്തെ സീരിയസ്സായി പരിഗണിച്ചിരുന്നുവെന്നോ കരുതാനാകില്ല. അതുകൊണ്ട് തന്നെ സ്നേഹത്തിനുവേണ്ടി സ്നേഹിക്കുന്നുവെന്നു നടിച്ചവന്റെ മതത്തിലേക്കു പോയി (അത് സമദാനിയാണെന്ന സത്യം എന്തിനു മറച്ചുവെയ്ക്കണം ?! സ്വന്തം മതത്തിലേയ്ക്ക് ഒരു പ്രതിഭ കൂടുമാറിയാല്‍ അതിലൂടെ മതത്തിന്റെ മാറ്റ് കൂടുമെന്ന കണക്കുകൂട്ടലായിരുന്നു ഇതിയാനെന്നു തോന്നുന്നു. ഇതിയാന്റെ വാഗ്മിത്തവും കപട മതാത്മകസ്നേഹ പ്രകടനവുമായിരിക്കാം നിഷ്ക്കളങ്കയായ മാധവിക്കുട്ടിയെ അടിതെറ്റിച്ചത് ). എല്ലാ പ്രതിഭകള്‍ക്കും ഉള്ളപോലെ അല്പം എക്സെന്‍ട്രിസിറ്റി അവര്‍ക്കുമുണ്ടായിരുന്നു. ഹിന്ദുമതത്തില്‍ ജനിച്ചതിനാലും അതിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്നതിനാലും കൃഷ്ണന്‍ അവര്‍ക്കു ജീവനില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കമിതാവായിരുന്നു. കൃഷ്ണനെ ദൈവത്തേക്കാള്‍ കാമുകഭാവത്തോടെ കാണുന്നത് എല്ലാ വൈചിത്ര്യങ്ങളുടെയും ഇരിപ്പിടമായ ഹിന്ദുമതത്തില്‍ നിഷിദ്ധമല്ലല്ലോ ! സ്വന്തം മക്കളെയും, അവരെ ഉള്‍ക്കൊള്ളാനാകുംവിധമുള്ള, കേരളീയ കപടസദാചാരനാട്യക്കാര്‍ക്ക് മനസ്സിലാക്കാനാകാത്ത ഒരു തനിമയുള്ള സംസ്ക്കാരത്തിലാണ് അവര്‍ വളര്‍ത്തിയത്. നമുക്ക് മറ്റൊരാളുടെ വ്യക്തിത്വത്തെയും ആവശ്യങ്ങളെയും നമ്മുടെ ഇടുങ്ങിയ സാംസ്ക്കാരിക അവസ്ഥയില്‍ നിന്നുകൊണ്ടേ അംഗീകരിക്കാനാകൂ. അതുകൊണ്ടാണ്, "സ്വന്തം മാതാവോ സഹോദരിയോ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് ഇപ്പറയുന്നവര്‍ ഉള്‍ക്കൊള്ളുമോ?" എന്നു നമ്മള്‍ ചോദിച്ചു പോകുന്നത്. ജന്മം കൊണ്ട് സവര്‍ണയായതിനാല്‍ സവര്‍ണസംസ്ക്കാരത്തിന്റെ രീതികള്‍ അവര്‍ അബോധമായി പേറിയിരുന്നു. അത് കുറ്റമായി കാണേണ്ടതില്ല. മതം മാറ്റത്തിലൂടെ അവര്‍ ഉള്‍ക്കൊണ്ടു വിളിച്ചുപറഞ്ഞ കാര്യം മതങ്ങളിലൊന്നും ഈശ്വരനില്ലെന്നാണ്. ഒരു പ്രതിഭയ്ക്കേ ഇതു കണ്ടെത്താനാവൂ, ഒരു ധീരയ്ക്കേ അങ്ങനെ വിളിച്ചു പറയാനാവൂ. അവരെ മതാതീത ദൈവവിശ്വാസിയായി കാണുന്നതായിരിക്കും ന്യായം.

ഷമീര്‍ തളിക്കുളം said...

വായിച്ചു.

വെട്ടുപോത്ത് said...

വായിച്ചു !! or READ !!

കറുമ്പന്‍ said...

വായിച്ചു !!!!

Anonymous said...

വായിച്ചു !

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ നിസ്സഹായന്‍,
കമലാ സുരയ്യ മോശക്കാരിയാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മഹാ പ്രതിഭകളുടെ മനസ്സ് സാധാരണക്കാരുടെ മനസ്സുപോലെയാവില്ലെന്നതും ശരിതന്നെ. പലരും പല തരത്തിലുള്ള കിറുക്കുകളും കാണിക്കാറുണ്ട്. വിഖ്യാത ചിത്രകാരനായ വിന്‍സെന്റ് വാന്‍ഗോഘ് തന്റെ സുഹൃത്തും ചിത്രകാരനുമായ പോള്‍ ഗോഗിനെ ക്ഷൗരക്കത്തിയുപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാണ്. ഇതിനു സാധിക്കാതെ വന്നപ്പോള്‍ ആ കത്തികൊണ്ട് തന്റെ ഇടതു ചെവി മുറിച്ച് കടലാസില്‍ പൊതിഞ്ഞ് ഒരു വേശ്യയ്ക്കു സമ്മാനിച്ചു. ഇങ്ങനെയുള്ള കാര്യങ്ങള്‍ മറന്നുകൊണ്ടല്ല സുരയ്യയെ വിമര്‍ശിച്ചത്. ബോധപൂര്‍വ്വം ചില അസ്വാഭാവികതള്‍ കാണിച്ചിരുന്നുവെങ്കിലും അവര്‍ വാന്‍ഗോഘിന്റെ അവസ്ഥയിലൊന്നുമായിരുന്നില്ല. പ്രതിഭകള്‍ക്കുണ്ടാകുന്ന'ന്യൂനതകളുടെ'പേരില്‍ അവരുടെ അവസരവാദങ്ങളെ ന്യായീകരിക്കാന്‍ എനിക്കു സാധിക്കില്ല. സാധിക്കുന്നവര്‍ക്ക് അങ്ങനെയുമാകാം! എല്ലാം വെട്ടിത്തുറന്നു പറയുന്ന അവര്‍ എന്തുകൊണ്ട് 'അദ്ദേഹ'ത്തെക്കുറിച്ച് പറഞ്ഞില്ല. എങ്കില്‍ 'അദ്ദേഹം'മാന്യനായി ഞെളിഞ്ഞു നടക്കുമായിരുന്നില്ലല്ലോ.
""എങ്കിലും കമലാ സുരയ്യയെ മതംമാറ്റത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരോട് ഒന്നു ചോദിക്കാനുണ്ട്. പ്രായമേറെ ആയിയെന്ന് വച്ച് പുതിയൊരു ആണ്‍തുണ പാടില്ലെന്ന് പറയുന്നില്ല. 63 വയസ്സുള്ളൊരു വിധവ മറ്റൊരാളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിക്കുന്നതിലും തെറ്റില്ല.(അവര്‍ക്ക് ഇത്തരമൊരു പ്രതീക്ഷ നല്‍കി ചതിച്ച ആളെക്കുറിച്ച് പറയാന്‍ വാക്കുകളുമില്ല. അയാളെ പടച്ചോന്‍ വെറുതെ വിടുകയുമില്ല). സ്വന്തം മാതാവോ സഹോദരിയോ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് ഇപ്പറയുന്നവര്‍ ഉള്‍ക്കൊള്ളുമോ?"" എന്നാണ് ഞാന്‍ പറഞ്ഞത്. (തുടരും)

ശങ്കരനാരായണന്‍ മലപ്പുറം said...

ടി.വി.ചന്ദ്രന്റെ ഒരു സിനിമയില്‍ ആണ്‍തുണ ആഗ്രഹിച്ച വിധവയായ അമ്മയോട് രാമായണം വായിച്ചിരിക്കാന്‍ മകള്‍ ഉപദേശിക്കുന്നുണ്ട്. ഇതില്‍ ഞാന്‍ ആ അമ്മയുടെ പക്ഷത്താണ് നില്‍ക്കുന്നത്. അവരില്‍ ഇസ്ലാമിക സ്ത്രീമാതൃകയെ കാണുന്നവരോടാണ് ഞാന്‍ പ്രസ്തുത ചോദ്യം ചോദിച്ചത്.
ഞാനും അവരെയൊരിക്കല്‍ കാണാന്‍ പോയിട്ടുണ്ട്. കൂട്ടത്തില്‍ ഭാര്യയും കൊച്ചു മകളും ഉണ്ടായിരുന്നു. അര മണിക്കൂറോളം അവരുമായി ചെലവിട്ടു. അനീതിക്കെതിരെയുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ട് അവരെഴുതിയ ഒരു ലേഖനം വായിച്ചിട്ടാണ് അവരെ കാണാനും പരിചയപ്പെടാനും തോന്നിയത്. 'ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഇതിനൊക്കെ എവിടെ നേരം; ഇനി ശബരിമലക്കാലം വരികയാണ്. ഇനി അങ്ങോട്ട് പോകാന്‍ തയ്യാറെടുക്കുകയായിരിക്കും അവരെല്ലാം'. ഇതു കേട്ടപ്പോള്‍ എനിക്കവരോട് ബഹുമാനം തോന്നി. ദൈവ വിശ്വാസിയാണെങ്കിലും ഇത്തരം പൈങ്കിളി-ടൂറിസ്റ്റ് ഭക്തിയോട് ഞാനും എതിരാണ്. അനീതികളോടും പൈങ്കിളി-ടൂറിസ്റ്റ് ഭക്തി പ്രകടനങ്ങളോടും ഈ നിലപാടുതന്നെയാണ് എഴുത്തുകാരിക്കുമുള്ളതെന്നു തോന്നിയതിനാലാണ് അവരോട് ബഹുമാനം തോന്നിയത്. പിന്നീട് അവരുടെ ചില പ്രസ്താവകള്‍ വായിച്ചപ്പോള്‍ അവര്‍ അന്ന് പറഞ്ഞത് തനി അവസരവാദമായിരുന്നെന്ന് ബോധ്യമായി. മതംമാറ്റമടക്കം അവര്‍ സ്വീകരിച്ച ഓരോ നടപടികളും പറയുന്ന ഓരോ വാക്കുകളും ഈ സത്യത്തെ ആണികള്‍ ഓരോന്നായി അടിച്ചുകേറ്റിക്കൊണ്ട് ഉറപ്പിച്ചു. ഞാനവരെ (അവരിലെ സാഹിത്യകാരിയെയല്ല; വ്യക്തിയെ) പഠിക്കാന്‍ തുടങ്ങിയത് അവര്‍ മതം മാറിയ ശേഷമല്ല. അതിനും പത്തു വര്‍ഷം മുമ്പാണ്.

Ajith said...

'നമുക്ക് മറ്റൊരാളുടെ വ്യക്തിത്വത്തെയും ആവശ്യങ്ങളെയും നമ്മുടെ ഇടുങ്ങിയ സാംസ്ക്കാരിക അവസ്ഥയില്‍ നിന്നുകൊണ്ടേ അംഗീകരിക്കാനാകൂ'.

K.P.Sukumaran said...

നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍ ! ഞാന്‍ ഒരിക്കല്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്, മാധവിക്കുട്ടി മതം മാറുകയല്ല ആദ്യമായി ഒരു മതത്തില്‍ ചേരുകയായിരുന്നു എന്ന്. ബാലചന്ദ്രന്‍ ചുള്ളിക്കാടും മതം മാറിയിട്ടില്ല ആദ്യമായി ബുദ്ധമതത്തില്‍ ചേരുകയാണെന്ന്. ജന്മനാ ആരും മതത്തോടെ ജനിക്കുന്നില്ല എന്നും ഒന്നുകില്‍ ഏതെങ്കിലും ഒരു മതത്തില്‍ ആരാലെങ്കിലും ചേര്‍ക്കപ്പെടുന്നു അല്ലെങ്കില്‍ സുബോധത്തോടെ ഒരു മതം സ്വീകരിക്കുന്നു എന്ന എന്റെ യുക്തി അനുസരിച്ചാണ് അങ്ങനെ എഴുതിയിരുന്നത്. ഇവിടെ ഹിന്ദു എന്ന് പറയുന്നവര്‍ ഒരു മതത്തിലും ചേരാത്ത മതരഹിതര്‍ എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ബ്രാഹ്മണമതത്തില്‍ ആളുകള്‍ ചേരുന്നുണ്ട് താനും. ഒരു നടപടിക്രമവും പൂര്‍ത്തിയാക്കാതെ ആര്‍ക്കെങ്കിലും ഏതെങ്കിലും മതത്തില്‍ ചേരാന്‍ സാധിക്കുമോ? ഏതായാലും ഈ പോസ്റ്റ് വായിച്ചപ്പോള്‍ മാധവിക്കുട്ടിയെ പറ്റിയുള്ള എന്റെ അഭിപ്രായം തിരുത്തുന്നു. അവര്‍ മതം മാറിയിരുന്നില്ല. മനുഷ്യനെ സമഗ്രമായി കാണുന്ന ശീലം നിമിത്തം എനിക്ക് ഈ അവര്‍ണ്ണ-സവര്‍ണ്ണ പ്രയോഗത്തോട് തീരെ പഥ്യമില്ല എന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാറ്റി നിര്‍ത്തിയാല്‍ ലേഖനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

പാര്‍ത്ഥന്‍ said...

കമലാ സുരയ്യ മതം മാറിയ നാളുകളിൽ അതിനെക്കുറിച്ച് നടന്ന ഒരു അഭിമുഖത്തിൽ മതം മാറിയതിനെക്കുറിച്ച് അവർ ഒരു അഭിപ്രായം പറഞ്ഞിരുന്നു. ‘ഹിന്ദു മതത്തിൽ വിശ്വസിച്ച് മരിച്ചു ചെന്നാൽ, നരകത്തിലെ പീഠനങ്ങൾ അനുഭവിക്കേണ്ടിവരും’ എന്നാണ് പറഞ്ഞത്. എന്തായാലും അവർ നരകത്തിലെ പോകൂ എന്ന് സ്വയം വിലയിരുത്തുന്നുണ്ട്. ഒരു പ്രതിഭാശാലിയായ ഒരാൾ സ്വർഗ്ഗ നരകങ്ങളെ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ ആ വ്യക്തിയുടെ ഒരു അഭിപ്രായം പോലും ഗൌരവമായി എടുക്കേണ്ടതില്ല എന്ന നിലപാടാണ് എന്റെത്.

സഹജീവി സ്നേഹത്തെക്കുറിച്ച് അവർക്കുള്ള കഥയിലെ കാഴ്ചപ്പാടൊന്നും ജീവിതത്തിലുണ്ടായിരുന്നില്ല എന്ന് അവരെ അടുത്ത് കണ്ടിട്ടുള്ളവർ പറയാറുണ്ട്. എന്റെ അച്ഛൻ പറഞ്ഞ ഒരു സംഭവം ഓർമ്മ വരുന്നു. സുവർണ്ണ നാലപ്പാട്ട് ഒരു ദിവസം കൊളേജിൽ നിന്നും ബസ്സിൽ വരുമ്പോൾ മുന്നിലിരിക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് ശർദ്ദിച്ചത് പിന്നിലിരുന്ന സുവർണ്ണയുടെ ദേഹത്തായി. നാലപ്പാട്ടെ കുട്ടിയുടെ ദേഹത്ത് ശർദ്ദിച്ചതിന് കണ്ടക്ടർ ആ സ്ത്രീയെ ശകാരിച്ചു. സുവർണ്ണ വളരെ സൌമ്യമായി പറഞ്ഞു, ഇത് അബദ്ധം സംഭവിച്ചതല്ലെ, അവരെ ചീത്ത പറയേണ്ട. എന്നിട്ട് സുവർണ്ണ ആ സ്ഥലത്ത് ഇറങ്ങി അടുത്തുള്ള വീട്ടിൽ പോയി വൃത്തിയാക്കി പിന്നീട് വന്ന ബസ്സിലാണ് പോയതത്രെ. സുവർണ്ണയുടെ സ്ഥാനത്ത് മാധവിക്കുട്ടിയായിരുന്നെങ്കിൽ ഈ പെരുമാറ്റം ഉണ്ടാകുമായിരുന്നില്ല എന്ന പൊതു അഭിപ്രായം എന്റെ അച്ഛൻ ഒരിക്കൽ പറഞ്ഞിരുന്നു. (എനിക്ക് ഈ രണ്ടു വ്യക്തികളെയും നേരിട്ട് ഒരു പരിചയവും ഇല്ല.)

ChethuVasu said...

വ്യക്തി - സമൂഹം കൊണ്ഫ്ലിക്റ്റ്

ഒരു പക്ഷെ വളരെ സെല്‍ഫ് കൊണ്ഷിയസ്സും സെല്‍ഫ് സെന്റെര്‍ഡും ആയ ഒരു വ്യക്തിത്വമായിരുന്നു മാധവിക്കുട്ടിക്ക് ഉണ്ടായരുന്നത് .. അത് കൊണ്ട് തന്നെ അടിസ്ഥാന ചോടനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും ചെയ്തു . ഉപരിപ്ലവ മൂല്യബോധത്തെയും സമൂഹ സംവിധാനങ്ങളെയും കാര്യമായി പരിഗണിചിരുന്നും ഇല്ല ..(സമൂഹ-മതവും അക്കൂട്ടത്തിലുള്ള ഒരു സമൂഹ സംവിധാനം മാത്രം - വ്യക്തിപരം ആയ മതബോധം ഒരു സ്വാനുഭൂതി മാത്രമാണല്ലോ , സ്നേഹം , പ്രേമം എന്നാ പോലെ തന്നെ ഒരു സമാനമായ അവസ്ഥ ) .അത്തരം മേഖലകളില്‍ അവര്‍ക്ക് ഒരു സ്ഥിരാഭിപ്രായം ഉണ്ടാകാത്തിരുന്നത് സ്വാഭാവികം മാത്രം ..കാരണം അതിലൊന്നും കാര്യമില്ല എന്നെ തോന്നല്‍ തന്നെ ...അതെ സമയം അടിസ്ഥാന മാനസിക ഭാവങ്ങള്‍ക്ക് ഒരു പക്ഷെ ആപേക്ഷികമായി പ്രാധാന്യം കൊടുക്കുകയും അതിനായി , താന്‍ എന്നാ വ്യക്തിക്ക് പുറത്തുള്ള സമൂഹം സൃഷിചെടുത്ത ഉപരിപ്ലവ വേര്‍തിരിവുകളെയും മറ്റും എളുപ്പത്തില്‍ മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം തിരഞ്ഞെടുത്തു എന്ന് മാത്രം കരുതിയാല്‍ മതി ..ഒരു പസ്ഖെ അത് യഥാര്‍ത്ഥത്തില്‍ അത് വ്യക്തിയുടെ നിസ്സഹായതയാണ് ; കുറ്റമല്ല , കാരണം സമൂഹത്തിന്ടെ അദൃശ്യവും എന്നാല്‍ യഥാര്‍ഥവും ആയ ശക്തിക്ക് മുമ്പില്‍ വ്യക്തികള്‍ എത്രയോ നിസ്സാരന്മാര്‍ !!

വ്യക്തിത്വ രൂപീകരണം - അറിയാതെ അലിഞ്ഞു ചേരുന്ന സാംസ്‌കാരിക മൂല്യ കല്പനകള്‍

ബാല്യകാല്സ്മര്നകള്‍ എന്നാ കൃതിയില്‍ .."ഞാന്‍" എന്നാ വ്യക്തിയുടെ വേറിട്ടുള്ള നില്‍പ്പും തനിക്കു ചുറ്റുമുള്ള സമൂഹത്തിനെ കുറിച്ച് - (അതിന്റെ വിഭിന്നതെയെക്കുരിച്ചും വൈചിത്ര്യതെക്കുരിച്ചും ഒക്കെ ) അല്പം മാറി നിന്ന് നോക്കി കാണലും ഒക്കെ പ്രകടമാണ് .... അതെ സമയം എത്ര മാറി നിന്നാലും ഒരു വ്യക്തി അയാള്‍ ആദ്യം വളര്‍ന്നു വരുന്ന സമൂഹത്തിന്റെ ഒരു ശ്രിഷ്ടി തന്നെ ആണ് ....അത് കൊണ്ട് തന്നെ തന്റെ കുല - സംസ്ക്രാര ബോധം എത്ര അയധാര്തവും കൃത്രിമവും ആണെങ്കിലും , ചെറുപ്പത്തിലെ രൂപപ്പെട്ട വ്യക്തിത്വത്തില്‍ അത് കാണപ്പെടുക തന്നെ ചെയ്യും , പ്രത്യേകിച്ചും അത് തനിക്കു ശക്തി പകരുന്നു എങ്കില്‍... ചെറുപ്പതിലെ താന്‍ കാണാതെ പോയ സാംസ്കാരിക രീതികള്‍ പില്‍ക്കാലങ്ങളിലും ഒരാള്‍ക്ക്‌ സംവേടനക്ഷമം അല്ലാതെ പോകുന്നതും അത് കൊണ്ട് തന്നെ ... അങ്ങനെ നോക്കുമ്പോള്‍ ഒരു റിബല്‍ പോലും എന്തിനെയാണോ അയാള്‍ മാറി നിന്ന് കാണാന്‍ ശ്രമിച്ചത് , അതിന്റെ തന്നെ ഭാഗമായിരിക്കും ഒരു പരിധി വരെ ...!

സുശീല്‍ കുമാര്‍ said...

നന്നായി.

നിസ്സഹായന്‍ said...

"സഹജീവി സ്നേഹത്തെക്കുറിച്ച് അവര്‍ക്കുള്ള കഥയിലെ കാഴ്ചപ്പാടൊന്നും ജീവിതത്തിലുണ്ടായിരുന്നില്ല എന്ന് അവരെ അടുത്ത് കണ്ടിട്ടുള്ളവര്‍ പറയാറുണ്ട്."

ആരാണീ അടുത്തു കണ്ടിട്ടുള്ളവര്‍ പാര്‍ത്ഥന്‍ജീ ...?

"സുവര്‍ണ്ണയുടെ സ്ഥാനത്ത് മാധവിക്കുട്ടിയായിരുന്നെങ്കില്‍ ഈ പെരുമാറ്റം ഉണ്ടാകുമായിരുന്നില്ല എന്ന പൊതു അഭിപ്രായം എന്റെ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. (എനിക്ക് ഈ രണ്ടു വ്യക്തികളെയും നേരിട്ട് ഒരു പരിചയവും ഇല്ല.) "

മാധവിക്കുട്ടിയുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നു പ്രവചിക്കാന്‍ പാര്‍ത്ഥന്‍ജിയുടെ പിതാവ് ജോത്സ്യരായിരുന്നോ ? അദ്ദേഹം ഒറ്റയ്ക്കാണോ പൊതു അഭിപ്രായം ഉണ്ടാക്കിയത്, അതോ പാര്‍ത്ഥനും കൂടെ കൂടിയോ ? :-))

സവര്‍ണയായി ജനിച്ച മാധവിക്കുട്ടി സവര്‍ണഹിന്ദുമതം ഉപേക്ഷിച്ചപ്പോള്‍ പാര്‍ത്ഥന്‍ജിയ്ക്കും കക്ഷികള്‍ക്കും അതു വലിയ നഷ്ടവും ക്ഷീണവും ഉണ്ടാക്കിയെന്നു വിചാരിച്ച് അടിസ്ഥാനമില്ലാതെ ഇങ്ങനെ ശത്രുസംഹാരത്തിനിറങ്ങണോ പാര്‍ത്ഥരേ ?

പാര്‍ത്ഥന്‍ said...

നിസ്സഹായാ,
തന്നെ അവിടത്തെ കഥയൊന്നും പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നില്ല. ഇനിപ്പൊ അവിടെ സംബന്ധത്തിനു പോയിരുന്നതാണെന്നും വെച്ചൊ. തന്റെ ചൊറിച്ചിലെങ്കിലും മാറട്ടെ.

നിസ്സഹായന്‍ said...

"സുവര്‍ണ്ണ നാലപ്പാട്ട് ഒരു ദിവസം കൊളേജില്‍ നിന്നും ബസ്സില്‍ വരുമ്പോള്‍ മുന്നിലിരിക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് ശര്‍ദ്ദിച്ചത് പിന്നിലിരുന്ന സുവര്‍ണ്ണയുടെ ദേഹത്തായി. നാലപ്പാട്ടെ കുട്ടിയുടെ ദേഹത്ത് ശര്‍ദ്ദിച്ചതിന് കണ്ടക്ടര്‍ ആ സ്ത്രീയെ ശകാരിച്ചു. സുവര്‍ണ്ണ വളരെ സൌമ്യമായി പറഞ്ഞു, ഇത് അബദ്ധം സംഭവിച്ചതല്ലെ, അവരെ ചീത്ത പറയേണ്ട. എന്നിട്ട് സുവര്‍ണ്ണ ആ സ്ഥലത്ത് ഇറങ്ങി അടുത്തുള്ള വീട്ടില്‍ പോയി വൃത്തിയാക്കി പിന്നീട് വന്ന ബസ്സിലാണ് പോയതത്രെ. സുവര്‍ണ്ണയുടെ സ്ഥാനത്ത് മാധവിക്കുട്ടിയായിരുന്നെങ്കില്‍ ഈ പെരുമാറ്റം ഉണ്ടാകുമായിരുന്നില്ല"

ഹോ സുവര്‍ണാനാലപ്പാടിന്റെ സ്ഥാനത്ത് വേറെ ആരായാലും മുന്നിലിരുന്നു ഛര്‍ദ്ദിച്ച സ്ത്രീയെ അടിച്ചു കൊന്നേനെ ! ദേ അതാണു സുവര്‍ണയുടെയും സവര്‍ണന്റെയും മനുഷ്യത്വം !! നാലപ്പാട്ടെ കുട്ടിയുടെ (തമ്പുരാട്ടിയുടെ) ദേഹത്ത് ശര്‍ദ്ദിച്ച, ആ ഛര്‍ദ്ദിക്കാരിയെ വഴക്കു പറഞ്ഞ കണ്ടക്ടരുടെ വിധേയത്വ /അടിമത്ത ബോധം പോലും സുവര്‍ണക്കുഞ്ഞമ്മയ്ക്കു ഇഷ്ടായില്ല, സഹിക്കാനായില്ല. അവര്‍ സൌമ്യമായി മൊയിഞ്ഞു, "ഇത് അബദ്ധം സംഭവിച്ചതല്ല്യേ , അവരെ ചീത്ത പറയേണ്ട്യാട്ടോ." സുവര്‍ണക്കുഞ്ഞിന്റെ മഹാമനുഷ്യത്വത്തെ മാനിച്ച് അവര്‍ക്ക് കാരുണ്യത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ സര്‍ക്കാരു തീരുമാനിച്ചിരുന്നു, പക്ഷെ ആ 'വന്‍പിച്ച' മനസ്സുകാരി അതു നിരസിക്കായാണുണ്ടായത്. ഇത്രയൊന്നും പാര്‍ത്ഥന്‍ജി അറിഞ്ഞില്ല.

(ഇങ്ങനെ കുറെ സവര്‍ണക്കിന്നാരവും പറഞ്ഞ് ഓരോന്നിറങ്ങിക്കോളും, ആളുകളുടെ നാക്കു ചൊറിയിക്കാന്‍ )

ഭാര്‍ഗ്ഗവ ലോകം said...
This comment has been removed by the author.
ഭാര്‍ഗ്ഗവ ലോകം said...

പൊതു അഭിപ്രായം ഒറ്റയ്ക്കു രൂപപ്പെടുത്തിയ ആള്‍ ഇത്തിരി ബല്യ ആള്‍ തന്നെ ! അഭിനന്ദനങ്ങള്‍ അറിയിച്ചേക്കൂ പാര്‍ത്താ -:)))

പാര്‍ത്ഥന്‍ said...

നിസ്സഹായന്റെ ചൊറിച്ചിൽ മാറിയില്ലെ.
നാലപ്പാട്ട് കാരണവന്മാർ തല്ലിക്കൊന്നിട്ടുള്ള ആരുടെ പേരും നീർമാതളത്തിന്റെ ചുവട്ടിൽ നിന്നും കിട്ടില്ല. കഥയെഴുതുമ്പോൾ സത്യം പറയണമെന്നും ഇല്ല.

നിസ്സഹായന്‍ said...

@ശങ്കരനാരായണന്‍ മലപ്പുറം,

ഔട്ട് ആഫ് സിലബസാണ് ക്ഷമിക്കണം. ഈ പോസ്റ്റിലെ കമന്റുകളില്‍ രസകരമായ സാമ്യം ഉള്ള രണ്ടു കമന്റുകള്‍


1) സവര്‍ണനായി ജനിച്ച, ഹതഭാഗ്യനായ Villagemaan പറയുന്നു :-

"ഒന്നാമതെ ഈ സവര്‍ണ്ണന്‍ -അവര്‍ണ്ണന്‍ എന്ന തരം തിരിവിനോട് എനിക്ക് യോജിക്കാനാവുന്നില്ല. ജാതിയും മതവും ഭാരതത്തില്‍ ഒരു യാഥാര്‍ത്ഥ്യം ആണെങ്കിലും മനുഷ്യന്‍ എന്ന രീതിയില്‍ എല്ലാവരെയും കാണണം എന്നാണ് എന്റെ പക്ഷം. ദാരിദ്ര്യത്തിന് മതമോ ജാതിയോ ഇല്ല. ദാരിദ്ര്യം ഉള്ളവന് എല്ലായിടത്തും അവഗണന മാത്രമേ ഉള്ളു."[ ഊന്നല്‍ ഞമ്മള്‍ കൊടുത്തത്]

2) യുക്തിവാദിയായി ജനിച്ചുപോയ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറയുന്നു :-

"മനുഷ്യനെ സമഗ്രമായി കാണുന്ന ശീലം നിമിത്തം എനിക്ക് ഈ അവര്‍ണ്ണ-സവര്‍ണ്ണ പ്രയോഗത്തോട് തീരെ പഥ്യമില്ല എന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാറ്റി നിര്‍ത്തിയാല്‍ ലേഖനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു."

ഐ ഹാവ് നോ കമന്റ് അറ്റ് ആള്‍ !!!!!

ശങ്കരനാരായണന്‍ മലപ്പുറം said...

മതം മാറുകയല്ല;സ്വീകരിക്കുകയാണെന്നുള്ള കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ അഭിപ്രായത്തില്‍ ഏറെ ശരിയുണ്ട്. ജനിച്ച കുട്ടിയല്ല തന്റെ ജാതിയെയും മതത്തെയും തെരഞ്ഞെടുക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ 'നിറം'ഏതാണോ അതുതന്നെയാണ് കുട്ടിയുടെ വര്‍ണ്ണവും. ചെത്തുകാരന്‍ വാസു എഴുതിയത് ഞാനൊരുപാടു തവണ വായിച്ചു. എനിക്കൊന്നും മനസ്സിലായില്ല. പിന്നെ,Villagemaan,Dr.R.K.Tirur എന്നിവര്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്റെ എഴുത്തുകളിലെ ചില പരാമര്‍ശങ്ങള്‍ മാത്രം വായിച്ചായിരിക്കും എന്നെ വിലയിരുത്തിയിട്ടുണ്ടാവുക എന്നു സംശയിക്കുന്നു. ഒരാളെ വിലയിരുത്തേണ്ടത് ആ അളുടെ നിലപാടുകളിലെ തെറ്റു ശരികളുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്. വായനക്കാര്‍ക്ക് ഒട്ടും സംശയങ്ങള്‍ ഉണ്ടാവരുതെന്നു കരുതിയാണ്, ബ്‌ളോഗില്‍ എന്നെ സ്വയം പരിചയപ്പെടുത്തുന്ന ഭാഗത്ത് വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ എഴുതിയത്. ഞാന്‍ നിഷ്പക്ഷനല്ലെന്നും പക്ഷം പിടിച്ചാണ് എഴുതുന്നതെന്നും വ്യക്തമായി എഴുതിയിട്ടുണ്ട്.(ഞാന്‍ വിശാലമനസ്‌കനല്ലെന്നു ചുരുക്കം) അത് ഒന്നുകൂടി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ChethuVasu said...

ശങ്കരേട്ടാ , എന്റെ കമന്റില്‍ അത്ര കണ്ടു വ്യക്തത പോരെന്നു ഒരു രണ്ടാം കക്ഷി ആങ്കിളില്‍ വായിച്ചപ്പോള്‍ നിക്കും തോന്നി .. ആക്ച്വലി രണ്ടു ഭാഗം ആയിട്ടാണ് കമന്റു ഇട്ടിരുന്നത് .. പക്ഷെ ബോള്‍ഡ് ചെയ്ത ഭാഗങ്ങള്‍ തലക്കെട്ട്‌ രൂപത്തില്‍ വരും എന്ന് കരുതി.. പോസ്ടിയപ്പോള്‍ ബോള്‍ഡ് ആയതും അല്ലാത്തതും ഒരു പോലെ ..ആകെ ഗുലുമാലായി എന്ന് പറഞ്ഞാല്‍ മതി ..
ഉദ്ദേശിച്ചത് രണ്ടു കാര്യങ്ങള്‍
1 . കമല ദാസ്‌ എന്ന , തന്റെടമുന്ടെന്നു എന്ന് കരുതപ്പെടുന്ന ഒരു വ്യക്തി പോലും സമൂഹത്തിന്റെ മുമ്പില്‍ മറ്റു പല വ്യക്തികളെയും പോലെ എത്രയോ അശക്ത ! അത് കൊണ്ട് ഒരു പക്ഷെ തന്റെ വ്യക്തിപരമായ താത്പര്യത്തിന് വേണ്ടി ( തികച്ചും ന്യായം തന്നെ അത് ) സമൂഹത്തിന്റെ നിയന്ത്രണത്തെ ഒന്ന് മറികടക്കാന്‍ ശ്രമിച്ചുട്ടണ്ടാകാം . .. അതിനു അവരെ സഹായിചിട്ടുണ്ടാകുക , സമൂഹ നിയമങ്ങിലോ വ്യവസ്തകളിലോ അത്ര വലിയ പ്രധാന്യം അവര്‍ കാണുന്നില്ല എന്ന കാര്യം ആയിരിക്കാം ..അതായത് അവര്‍ക്ക് അത് (മതം അടക്കമുള്ള സാമൂഹ്യ സംവിധാനങ്ങള്‍ )വെറും ഉപരിപ്ലവമായ ഒന്നും, അതെ സമയം മാനുഷികവും . വ്യക്തിപരവും ആയ അവസ്ഥകള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളവയായും തോന്നിയിരിക്കണം . സമൂഹത്തെ കുറിച്ചുള്ള - അവരുടെ കാഴ്ചപ്പാടുകളില്‍ ഒരു വ്യക്തത ഇല്ലാതിരിക്കുന്നതും ഒരു പക്ഷെ ഇടയ്ക്കിടെ സൗകര്യം പോലെ മാറി മറയുന്നതും ആ പ്രധാന്യമില്ലായ്മ കൊണ്ടായിരിക്കാം എന്നാണു ഉദ്ദേശിച്ചത് .

2 . താന്‍ വളര്‍ന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാത്ത വ്യക്തിത്വം ആണ് തന്റെതെന്നും അവ തന്നെ ഉപദ്രവിക്കുകായയിരുന്നെന്നും ഒക്കെയാണ് മാധവിക്കുട്ടി പറഞ്ഞു കേട്ടിടുള്ളത് ..എന്നിരുന്നാലും ശങ്കരേട്ടന്‍ പറഞ്ഞ പോലെ ഒരു പക്ഷെ അവര്‍ അതിന്റെ(ചുറ്റുപാടുകളുടെ ) തന്നെ ഭാഗമായിരുന്നു എന്ന് വേണം കരുതാന്‍ .. ഏതു റിബലും താന്‍ വളര്‍ന്ന സാഹചര്യത്തില്‍ നിന്നും കുറെയൊക്കെ അറിയാതെ(?) എങ്കിലും സ്വംശീകരിക്കും എന്നാണു തോന്നുന്നത് ..

Villagemaan/വില്ലേജ്മാന്‍ said...

@ നിസ്സഹായന്‍:

>> സവര്‍ണനായി ജനിച്ച, ഹതഭാഗ്യനായ Villagemaan പറയുന്നു <<

എവിടെ ജനിച്ചു എന്നതും, എന്തായി, ആരായി ജനിച്ചു എന്നതിലും അല്ല കാര്യം. മനുഷ്യ നന്മക്കുവേണ്ടി എന്തെകിലും ചെയ്തോ എന്നുള്ളതാണ് കാര്യം. പിന്നെ ഞാന്‍ ഹതഭാഗ്യന്‍ ആണ് ഞാന്‍ എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ ഭൂമിയില്‍ ജനിച്ചു അതും എന്റെ കേരളത്തില്‍ ജനിച്ചത്‌ ഒരു ഭാഗ്യം ആയിട്ടാണ് ഞാന്‍ കണക്കു കൂട്ടുന്നത്‌. ഇനി താങ്കള്‍ക്ക് എന്നെ ഹതഭാഗ്യന്‍ ആയിട്ടാണ് തോന്നുന്നത് എങ്കില്‍, എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല!

രണ്ടു കമന്റുകള്‍ ഏകദേശം ഒന്നുപോലെ വന്നു എന്ന തോന്നലില്‍ നിന്നാണ് താങ്കളുടെ മറുപടി എങ്കില്‍.. ഒരേപോലെ ചിന്തിക്കുന്ന രണ്ടുപേര്‍ മാത്രമല്ല..ഒരുപാട് പേര്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലേ ?

@ ശങ്കര്‍ജി: താങ്കളുടെ എഴുത്തുകളിലെ ചില പരാമര്‍ശങ്ങളോട് മാത്രമേ എതിര്‍പ്പുള്ളൂ. അന്ധമായ സവര്‍ണ്ണ വിരോധം താങ്കള്കുടെ ഒട്ടുമിക്ക പോസ്റ്റുകളിലും നിഴലിക്കുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. താങ്കളോടുള്ള ബഹുമാനം ഒട്ടും കുറവില്ലാതെ ഞാന്‍ അങ്ങനെ പറഞ്ഞതെന്നും മനസ്സിലാക്കുമല്ലോ.എന്റെ വാക്കുകള്‍ താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ അതില്‍ ക്ഷമ ചോദിക്കാനും ഞാന്‍ ഒരുക്കമാണ്.

ശങ്കരനാരായണന്‍ മലപ്പുറം said...

ക്ഷമ ചോദിക്കേണ്ട പ്രശ്‌നം തന്നെ ഉദിക്കുന്നില്ല village maan. ക്ഷമ ചോദിക്കാനുള്ള തെറ്റുകളൊന്നും താങ്കള്‍ എന്നോട് ചെയ്തിട്ടില്ല. ഞാന്‍ ചിലത് എഴുതി. അതിനോടുള്ള വിയോജിപ്പ് താങ്കള്‍ രേഖപ്പെടുത്തി. എതിര്‍പ്പുകളുണ്ടാകും എന്ന പൂര്‍ണ്ണ ബോധ്യത്തോടെത്തന്നെയാണ് ഞാന്‍ എഴുതുന്നത്; പ്രതേ്യകിച്ച് കമലാ സുരയ്യയെപ്പോലെയുള്ളൊരു വ്യക്തിയെ വിമര്‍ശിച്ചെഴുതുമ്പോള്‍. ഞാന്‍ ബ്‌ളോഗെഴുത്ത് തുടങ്ങിയിട്ട് ഒരു കൊല്ലം ആയിട്ടില്ല. പക്ഷേ, ജാതി സംബന്ധമായ വിഷയത്തില്‍ എഴുതുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെയായി. ബാബരി മസ്ജിദ് പൊളിച്ചതിന്റെ രാഷ്ട്രീയം പഠിച്ചപ്പോഴാണ് ഞാന്‍ ഈ വിഷയത്തിലേക്ക് എത്തിയത്. തുടക്കത്തില്‍ 'മാധ്യമം'ദിനപത്രത്തിലാണ് എഴുതിയിരുന്നത്. പിന്നീട് 'സമീക്ഷ'തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതുകയുണ്ടായി. (ഈ വിഷയത്തില്‍ ഞാനേറ്റവുമധികം ലേഖനങ്ങളെഴുതിയത് 'സമീക്ഷ'യിലാണ്. 'സമീക്ഷ'യുടെ പത്രാധിപരായിരുന്ന കെ.വേണു നായരാണ് എന്ന് സാന്ദര്‍ഭികമായി പറഞ്ഞുകൊള്ളട്ടെ). 'മാധ്യമ'ത്തില്‍ ഈ വിഷയങ്ങളിലുള്ള എഴുത്തു നിര്‍ത്തി. ഇപ്പോള്‍ 'കേരള ശബ്ദം','പച്ചക്കുതിര' മാസിക,'മക്തബ്'സായാഹ്ന ദിനപത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. ബ്‌ളോഗെഴുത്തിലെ കടുത്ത ഭാഷ തന്നെയാണ് ഈ എഴുത്തുകളിലുമുള്ളത്. താങ്കളുടെതിനെക്കാള്‍ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അന്നുമുതല്‍ തന്നെ എനിക്കു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്നു മാത്രമല്ല ചിലപ്പോള്‍ സന്തോഷവും തോന്നാറുണ്ട്. 'ഇന്ന്'മാസികയില്‍ ഇതേക്കുറിച്ചെഴുതിയ കാപ്‌സ്യൂള്‍ക്കഥ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിങ്ങനെ:"" ഇന്ന് മാസിക-ഏപ്രില്‍, 2008

ഇഷ്ടവും ഇഷ്ടക്കേടും

“ കേരളത്തിന്റെ പൂര്‍വ്വ പാരമ്പര്യത്തെപ്പറ്റി താനെഴ്ത്യ ലേഖനം നിക്ക് ഒട്ടും ഷ്ടായില്ല്യ ട്ട്വൊ. “
“ നിങ്ങളുടെ ഇഷ്ടക്കേട് എനിക്ക് നല്ല ഇഷ്ടായി ട്ടൊ. “""
എന്നെ ഒരു അവര്‍ണ്ണ വര്‍ഗ്ഗീയവാദിയായിക്കണ്ട് ഞാനെഴുതുന്ന പോസ്റ്റുകള്‍ വായിച്ചാല്‍ കൂടുതല്‍ സംവാദങ്ങളൊഴിവാക്കാന്‍ സാധിക്കുമെന്നു പറഞ്ഞു നിര്‍ത്തട്ടെ.

നിസ്സഹായന്‍ said...

അല്ലയോ വില്ലേജ് മേനോനെ,

"എവിടെ ജനിച്ചു എന്നതും, എന്തായി, ആരായി ജനിച്ചു എന്നതിലും അല്ല കാര്യം. മനുഷ്യ നന്മക്കുവേണ്ടി എന്തെകിലും ചെയ്തോ എന്നുള്ളതാണ് കാര്യം. പിന്നെ ഞാന്‍ ഹതഭാഗ്യന്‍ ആണ് ഞാന്‍ എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ ഭൂമിയില്‍ ജനിച്ചു അതും എന്റെ കേരളത്തില്‍ ജനിച്ചത്‌ ഒരു ഭാഗ്യം ആയിട്ടാണ് ഞാന്‍ കണക്കു കൂട്ടുന്നത്‌. ഇനി താങ്കള്‍ക്ക് എന്നെ ഹതഭാഗ്യന്‍ ആയിട്ടാണ് തോന്നുന്നത് എങ്കില്‍, എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല!
രണ്ടു കമന്റുകള്‍ ഏകദേശം ഒന്നുപോലെ വന്നു എന്ന തോന്നലില്‍ നിന്നാണ് താങ്കളുടെ മറുപടി എങ്കില്‍.. ഒരേപോലെ ചിന്തിക്കുന്ന രണ്ടുപേര്‍ മാത്രമല്ല..ഒരുപാട് പേര്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലേ ? "


ഞാനിട്ട കമന്റ് താങ്കളെ ലക്ഷ്യം വെച്ചായിരുന്നില്ല. ആ കമന്റിന്റെ ഉള്ളടക്കം താങ്കള്‍ക്ക് മനസ്സിലാവുകയുമില്ല. ശങ്കരനാരായണന്‍ അവര്‍കളുടെ
ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍ എന്ന പോസ്റ്റില്‍ അദ്ദേഹം ഉന്നയിച്ച, "യുക്തിവാദികളെല്ലാം സവര്‍ണ യുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണ് " എന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തില്‍ ഈ പോസ്റ്റില്‍ ഒരു സവര്‍ണനും ഒരു യുക്തിവാദിയ്ക്കും അഭിപ്രായയൈക്യം വന്നത് എടുത്തു കാട്ടാന്‍ വേണ്ടിയാണ് ടി കമന്റ് ഇട്ടത്. താങ്കളുടെയും കെ.പി.എസ്സിന്റെയും അതേ അഭിപ്രായം തന്നെയാണ് യുക്തിവാദിയായ സുശീല്‍കുമാറിനും ഉള്ളത്. അദ്ദേഹത്തെയും നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തു പറയേണ്ടതായിരുന്നു, മറന്നു പോയി.

താങ്കള്‍ സവര്‍ണനായി ജനിച്ചതു കൊണ്ടുതന്നെ ഒരിക്കലും ഹതഭാഗ്യനല്ല, ഭാഗ്യവാനാണ്. പ്രത്യേകിച്ച് ഭഗവാന്‍ കര്‍മഫലാടിസ്ഥാനത്തില്‍ സവര്‍ണരുമാക്കി അവര്‍ണരുമാക്കി പ്രജകളെ സൃഷ്ടിക്കുന്ന പുണ്യഭാരതഭൂവിലെ കേരളത്തില്‍, സവര്‍ണനായി പിറന്ന താങ്കള്‍ തീര്‍ച്ചയായും സുഭാഗ്യവാനാണ്. ഹതഭാഗ്യനെന്ന് വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞതാണ്. "ദാരിദ്ര്യത്തിന് മതമോ ജാതിയോ ഇല്ല. ദാരിദ്ര്യം ഉള്ളവന് എല്ലായിടത്തും അവഗണന മാത്രമേ ഉള്ളു." എന്ന സവര്‍ണരുടെ പൊതുതത്വസംഹിത ലക്ഷ്യം വെയ്ക്കുന്നത് സംവരണം സാമ്പത്തികാടിസ്ഥാനത്തിലാണു കൊടുക്കേണ്ടതെന്നാണ്. തല്ക്കാലം ഇതു നടപ്പാകാത്തതില്‍ അല്പം അസ്ക്യത താങ്കള്‍ക്കില്ലേ എന്നു സന്ദേഹിച്ചാണ് താങ്കളെ ഹതഭാഗ്യവാനായ സവര്‍ണന്‍ എന്നു വിശേഷിപ്പിച്ചത്. അതില്‍ തെറ്റില്ലെന്നു തോന്നുന്നു.

Thommy said...

Well done...and I agree

ശ്രീജിത് കൊണ്ടോട്ടി. said...

കമലാസുരയ്യ/ മാധവിക്കുട്ടി മാതൃഭൂമി വരാന്തപതിപ്പിലെ ബിജുരാജുമായി നടത്തിയ അഭിമുഖം ഞാനും വായിച്ചിരുന്നു. കൂടാതെ ഇന്ത്യാവിഷനില്‍ സക്കറിയയുമായും, കൈരളിയില്‍ ബ്രിട്ടാസുമായും നടത്തിയ അഭിമുഖങ്ങളും (യൂട്യൂബില്‍) കണ്ടിരുന്നു. അവര്‍ മതത്തിന്റെയും, ജാതിയുടെയും നിയന്ത്രണങ്ങളിലും ചട്ടക്കൂടിലും ഒതുങ്ങിനില്‍ക്കുന്ന എഴുത്തുകാരിയല്ല എന്ന് അവരെ വായിച്ച, അറിയുന്ന എല്ലാവര്ക്കും അറിയാം. അവസാനം വന്ന നോവല്‍ വരെ മതവിശ്വാസികളെ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അവരുടെ സുഹൃത്തും, ജീവചരിത്രകാരിയും ആയ മെറിലി വീസ്ബോര്‍ഡിന്റെ ദ ലൌവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിലും വിവാദമായ പല വെളിപ്പെടുത്തലുകളും വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്.
എന്നാല്‍ മലയാളി ഇഷ്ടപ്പെടുന്നത് അവരുടെ എഴുത്തുകളെ ആണല്ലോ. യഥാര്‍ത്ഥ വായനക്കാര്‍ക്ക്‌ ജാതിയോ, മതമോ ഒന്നും ഒരു പ്രശ്നവും ആവില്ല. എനിക്ക് പ്രിയപ്പെട്ട ഒരു എഴുത്തുകാരിയാണ് അവര്‍. സ്നേഹത്തെക്കാള്‍ വലുതായി ഒന്നുമില്ല എന്ന് തെളിയിച്ച, സ്നേഹം ലഭിക്കാനായി എല്ലാം ത്യജിക്കാന്‍ തയ്യാറായ എഴുത്തുകാരി. മലയാളികളുടെ കപട സദാചാരത്തെ വിമര്‍ശിക്കാന്‍ അവര്‍ തെല്ലും ഭയപ്പെട്ടിട്ടുമില്ല. അവര്‍ മതം മാറിയതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. ഒരാളെ സ്നേഹിക്കുക, മതം മാറുക, ഒരു മതത്തിലും വിശ്വസിക്കാതിരിക്കുക, ഇവയെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ആണല്ലോ. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചു കഴിഞ്ഞിരുന്ന തനിക്ക്‌, വാഗ്ദാനം ചെയ്യപ്പെട്ട സ്നേഹം ലഭിക്കാന്‍ വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായിരുന്നു എന്ന് അവര്‍ ബ്രിട്ടാസുമയുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സാധാരണ സ്ത്രീകള്‍ ചെയ്യാന്‍ മടികാണിക്കുന്ന കാര്യങ്ങള്‍ ചെയ്ത അവര്‍ കാണിച്ചത് ധീരത തന്നെ. ആമിയോ, നാലപ്പാട്ടെ കമലയോ, മാധവിക്കുട്ടിയോ, സുരയ്യയോ- എന്ത് പേരില്‍ അവരെ വിളിച്ചാലും തെറ്റില്ല. അവര്‍ക്ക്‌ അന്നും ഇന്നും എന്നും ഒരേഒരു മതം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് "സ്നേഹത്തിന്റെ മതം ആയിരുന്നു". സങ്കുചിതമായ ചിന്തകള്‍ നിറഞ്ഞ ഈ ലോകത്ത്‌ വിശാല ഹൃദയത്തോടെ ജീവിച്ചു മരിച്ച ഒരു കഥകാരിയയിരുന്നു അവര്‍..

വാല്യക്കാരന്‍.. said...

എഴുത്തെവിടെ കിടക്കുന്നു..
മതമെവിടെ കിടക്കുന്നു..

Sabu Hariharan said...

നല്ലവണ്ണം ഗവേഷണം നടത്തിയിരിക്കുന്നല്ലോ.

അവസാനകാലങ്ങളിൽ മാധവിക്കുട്ടി അവരുടെ പ്രതിഭയ്ക്ക് നിരക്കുന്ന രീതിയില്ലല്ലായിരുന്നു എഴുതിയിരുന്നത്..

എഴുതിയതെല്ലാം വായിച്ചപ്പോൾ, അവരുടെ മരണം ദയനീയമായി പോയെന്നു തോന്നുന്നു..ആഗ്രഹങ്ങൾ പലതും സഫലീകരിക്കാതെ, വളരെ നിരാശയായി..

പിന്നെ മതം മാറിയതും മറ്റും. അതു അവരുടെ വ്യക്തിപരമായ കാര്യങ്ങൾ. എഴുത്തുകാരിയുടെ എഴുത്തു മാത്രം ശ്രദ്ധിച്ചാൽ പോരെ?
ഇതു രണ്ടും കൂട്ടി കുഴയ്ക്കുന്നത് തന്നെ ശരിയല്ല.

Umesh Pilicode said...

നന്നായി പറഞ്ഞു മാഷേ... ആശംസകള്‍ !!

കൊമ്പന്‍ said...

വിക്ഞാന പരമായ ഒരു പോസ്റ്റ്

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മാന്യ ബ്‌ളോഗിണിമാര്‍ക്കും ബ്‌ളോഗര്‍മാര്‍ക്കും നന്ദി!

നിരീക്ഷകന്‍ said...

ചര്‍ച്ചകള്‍ എനിക്കിഷ്ടമാണ്.മുന്‍പ്‌ ചിന്തിക്കാത്ത പലതിനെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കും. ഇതൊക്കെ വായിച്ചപ്പോള്‍ തോന്നിയത്. ഓരോ മനുഷ്യനും ജനിച്ചു വളര്‍ന്നു പല ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ആ കാലഘട്ടത്തിനും ചിന്താഗതിക്കും അനുസരിച്ച് ചിന്തകളില്‍ മാറ്റം വരില്ലേ ? നാല് പേര്‍ അറിയുന്ന ഒരാളാകുമ്പോള്‍ അയാളുടെ ചിന്തയും പ്രവൃത്തിയും ഒക്കെ ആള്‍ക്കാര്‍ വിശകലനം ചെയ്യുന്നു. എന്റെ അഭിപ്രായത്തില്‍ നിരീശ്വര വാദം പോലും ഒരു വിശ്വാസമാണ്.മറ്റുള്ളവര്‍ ഓരോ വിധത്തില്‍ ഈശ്വരന്‍ ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ ആ വിശ്വാസം ഇല്ലാത്തവന്‍ അത് ഇല്ലെന്നു സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.അത് പോലെ ഓരോ മനുഷ്യനും കാലവും സാഹചര്യവും ഒക്കെ അനുവദിക്കുന്ന രീതിയില്‍ സ്വയവും സമൂഹത്തോടും പ്രതികരിക്കുന്നു. അവനു സ്വയം സമാധാനിക്കാന്‍ ചെയ്യുന്ന കാര്യങ്ങളെ മറ്റൊരുവന് സമാധാനിക്കാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പേരും പറഞ്ഞു എതിര്‍ക്കുകയോ സ്വാധീനിക്കുകയോ ചെയ്‌താല്‍ അത് അംഗീകരിക്കാന്‍ മറ്റെയാള്‍ തയ്യാറാകുമോ ? അപ്പോള്‍ ഇതൊക്കെ വ്യക്ത്യധിഷ്ടിതമാണ് .സമൂഹത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളതിന്റെ പേരില്‍ മാത്രം ആരും റോള്‍ മോഡല്‍ ആകുന്നില്ല. അത് ആക്കാന്‍ ശ്രമിക്കുമ്പോലുള്ള പ്രശ്നങ്ങള്‍ ആണ് കൂടുതലും ശരി ആയാലും തെറ്റ് ആയാലും ഓരോരുത്തരും സ്വയം ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക അത്രേയുള്ളൂ.
അയ്യോ ഞാന്‍ ഇത്രയൊക്കെ പറഞ്ഞോ അറിയാതെ പറ്റിപ്പോയതാണ് ഇനിയില്ല.അപ്പോള്‍ പോയിട്ട് ചര്‍ച്ച ചെയ്യാനല്ലാതെ വരാം. ചിന്തിപ്പിച്ചതിനു നന്ദി .പറഞ്ഞു പോയത് ...അറിയാതെ ..അപ്പോള്‍ ....

saleembabu said...

sathya-asathyangalulchernna lekhanam pakshe moulika nireekshanathaal sradheyamaanu....

irf said...

കമല സുരയ്യയെ മറ്റൊരു ആങ്കിളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതിനു വളരെ നന്ദി . ആരായിരുന്നു കമല സുരയ്യയുടെ ആ കാമുകന്‍ എന്നറിയാന്‍ താല്പര്യമുണ്ട് . സാദിഖ്‌ അലി MP എന്നാ പേരാണ് വിക്കിപീഡിയയില്‍ കണ്ടത്. ഇവിടെ മുന്‍പുള്ള ഒരു കമന്റില്‍ സമദാനി എന്ന് കണ്ടു .. ആരാണ് ശെരിക്കും ?

shaheer said...

ഇസ്ലാം സ്വീകരണത്തിന് ശേഷം മാതവിക്കുട്ടി എഴുതിയ ബുസ്തകങ്ങൾ മനപ്പൂർവം അവഗണിച്ചു. മാതവിക്കുട്ടി അറിഞ്ഞ ഇസ്ലാമിക മൂല്യങ്ങളെ കുറിച്ച വിലയിരുത്തലുകളും ഉൾപ്പെട്ടിരുന്നെങ്കിൽ ജാതീയ മനസ്സിൽ പൊട്ടി വീണ വിലയിരുത്തലുകൾ എന്ന് പറയേണ്ടി വരില്ലായിരുന്നു.

മാധവിക്കുട്ടി നടത്തിയ ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍ ക്ക് താഴെ ഇങ്ങനെ ഒരു തളിവിനു കാരണം ഇസ്ലാമിനെ കുറിച്ചുള്ള അക്ഞത ആണോ?
"ഇസ്ലാമിലേക്ക് വരാന്‍ കാരണമെന്താണെന്ന് ചിലര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യം അനുഭവിക്കുന്ന മനുഷ്യന് ആത്മീയമായും വിശപ്പുണ്ട്. അതു തന്നെ കാരണം"

CKLatheef said...

ശങ്കര നാരായണന്‍ സാറേ താങ്കള്‍ ഇസ്ലാം വിരുദ്ധപ്രസ്താവനകള്‍ എന്ന് പറഞ്ഞ് അവസാനം നല്‍കിയ പ്രസ്താവകളില്‍ ഇസ്ലാം വിരുദ്ധത എവിടെയാണ് എന്ന് കുറേ തിരഞ്ഞു നോക്കി കണ്ടില്ല.. നിങ്ങളെവിടെ നിന്നാണ് ഇസ്ലാം പഠിച്ചത്.. ഞങ്ങളൊന്നും കാണാത്ത ഇസ്ലാം വിരുദ്ധത കാണാന്‍ ...

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഇതിൽ ഒരഭിപ്രായം പറയാൻ എനിക്ക് വയ്യ
ലേഖനമല്ല ശരിക്കും ഒരു പഠനം തന്നെ നടത്തിയിരിക്കുന്നു