My Blog List

Sunday, May 15, 2011

ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍

     മലമ്പുഴയില്‍ വി.എസ്.അച്യുതാന്ദനോട് തോറ്റ ലതികാ സുഭാഷ് എന്ന കോണ്‍ഗ്രസ്സുകാരിയുടെ പ്രസ്താവന 15.05.2011 ലെ 'മാധ്യമ'ത്തില്‍ വായിക്കുകയുണ്ടായി. ബി.ജെ.പി.അടക്കമുള്ള വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു ലഭിച്ചതുകൊണ്ടാണ് വി.എസ്.ജയിച്ചതെന്നാണ് ലതികാ സുഭാഷ് പറഞ്ഞിരിക്കുന്നത്. ബി.ജെ.പി.വര്‍ഗ്ഗീയ കക്ഷി തന്നെ. കോണ്‍ഗ്രസ്സും കപട ഇടതുപക്ഷക്കാരും പറയുന്നതുപോലെ ഭൂരിപക്ഷ വര്‍ഗ്ഗീയ കക്ഷിയല്ല. ന്യൂനപക്ഷ വര്‍ഗ്ഗീയ കക്ഷിയാണ് ബി.ജെ.പി. അതായത്, ഇന്ത്യന്‍ ജനസംഖ്യയില്‍ ഏറി വന്നാല്‍ 15 ശതമാനം വരുന്ന സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സവര്‍ണ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രസ്ഥാനം. ഇതു പറയാനുള്ള ആര്‍ജ്ജവം ലതികാ സുഭാഷിന്റെ പാര്‍ട്ടി കാണിക്കുന്നില്ല. മാത്രമല്ല ഇതിനുള്ള അര്‍ഹതയും കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. കാരണം കേരളത്തിലെ ഏറ്റവും വലിയ സാമുദായിക കക്ഷി കോണ്‍ഗ്രസ്സാണ്. സവര്‍ണ ഹിന്ദുക്കളുടെയും സവര്‍ണ ക്രിസ്ത്യാനികളുടെയും താല്‍പര്യത്തിനപ്പുറമുള്ള ഒരു താല്‍പര്യവും കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. ഇതുകൊണ്ടു തന്നെ ഇന്റര്‍നെറ്റിലെ ബ്‌ളോഗ് എഴുത്തുകാരികൂടിയായ ലതികാ സുഭാഷിന്റെ ആരോപണങ്ങള്‍ വെറും ഭോഷ്‌ക്ക്(നുണ)മാത്രമാണ്. ലതികാ സുഭാഷിനെപ്പോലുള്ളവരുടെ വര്‍ഗ്ഗീയ വിരുദ്ധവാദങ്ങള്‍ സവര്‍ണ സുന്ദര നുണകള്‍ (സുഭോഷ്‌ക്കിതങ്ങള്‍) മാത്രമാണെന്നു വിലയിരുത്തുകയാണിവിടെ.
       അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും നല്ല കോണ്‍ഗ്രസ്സ് പ്രസിഡണ്ടാണ് സോണിയാ ഗാന്ധി എന്നു (നിലവിലുള്ള അറിവു വച്ച്) വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സോണിയാ ഗാന്ധിക്ക് എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും (ജാതേ്യതരത്വം എന്നതാണ് ശരിയായ പ്രയോഗം. മതസൗഹാര്‍ദ്ദത്തിന് കാര്യമായ കുഴപ്പമൊന്നുമില്ലിവിടെ. ജാതിസൗഹാര്‍ദ്ദമാണ് നമ്മുടെ നാട്ടില്‍ തീരെ ഇല്ലാത്തത്. ഇവിടെ ഉണ്ടെന്നു പറയുന്ന മതവിരോധങ്ങള്‍ കൃത്രിമമായി പടച്ചുണ്ടാക്കിയതാണ്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെ വളരെ തന്ത്രപൂര്‍വ്വം പറ്റിക്കാന്‍ സവര്‍ണ മൂരാച്ചികള്‍ പടച്ചുണ്ടാക്കിയത്) മാനവികയുടെയും മഹത്വം ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെക്കാള്‍ ഏറെ ഉള്‍ക്കൊള്ളുന്ന വ്യക്തിയാണവര്‍. സമൂഹത്തില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കു നേരെ കൊഞ്ഞനം കുത്തി സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്ന നായന്മാരുടെ 'കഷ്ടപ്പാടുകള്‍' പഠിക്കാന്‍ കേന്ദ്രമന്ത്രിയെ നിയോഗിക്കുക, സെന്‍സസില്‍ നിന്നു ജാതിയുടെ കണക്കെടുപ്പ് വേണ്ടെന്ന് വയ്ക്കുക തുടങ്ങി കുറെ സവര്‍ണ അജണ്ടകള്‍ അവര്‍ നടപ്പിലാക്കി എന്നതൊന്നും മറന്നുകൊണ്ടല്ല പറയുന്നത്. എങ്കിലും അവരില്‍ നീതിയുടെയും മനുഷ്യത്വത്തിന്റെയും അംശമുണ്ട്. 
      എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കാര്യം ഇങ്ങനെയല്ല. അവര്‍ പണ്ടുമുതലേ സവര്‍ണ താല്പര്യങ്ങളുടെ മൊത്തക്കച്ചവടക്കാരാണ്. പുറമേക്ക് സോഷ്യലിസവും ജനാധിപത്യവും മതേതരത്വവുമൊക്കെ പറഞ്ഞാലും അവരുടെ പൊതു നയം സവര്‍ണത തന്നെയാണ്. നൂറു ശതമാനം എന്നൊന്നും പറയുന്നില്ല-90 ശതമാനമെങ്കിലും. 45 ശതമാനം വീതം തിരുവിതാംകൂറിലെ സവര്‍ണ ഹിന്ദു-ക്രിസ്ത്യന്‍ താല്‍പര്യം. 4 ശതമാനം മുസ്ലീം താല്‍പര്യം. 5 ശതമാനം ഈഴവ താല്‍പര്യം. 1 ശതമാനം പട്ടികജാതി/വര്‍ഗ്ഗ താല്‍പര്യം.
       ഇതു മനസ്സിലാക്കാല്‍ ചരല്‍കുന്നില്‍ ക്യാമ്പ് കൂടി ഗവേഷണം നടത്തേണ്ടതില്ല. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഭരണത്തില്‍ കോണ്‍ഗ്രസ്സ് നല്‍കുന്ന പങ്കാളിത്തം മനസ്സിലാക്കിയാല്‍ മതി. ഐക്യ കേരളം വന്നതിനുശേഷം 10 കോണ്‍ഗ്രസ്സ് മന്ത്രിസഭകളാണ് രൂപീകരിച്ചത്. ഏതു വിരുതനും ഒരമളിയെങ്കിലും പറ്റുമല്ലോ. അങ്ങനെ സോഷ്യലിസം പ്രസംഗിക്കുന്ന നമ്മുടെ കോണ്‍ഗ്രസ്സിനും പറ്റി കൂട്ടരേ ഒരമളി. 1962 ല്‍ ഈഴവനായ ആര്‍.ശങ്കറിനെ അവര്‍ മുഖ്യമന്ത്രിയാക്കിക്കളഞ്ഞു! അക്കിടി മനസ്സിലാക്കിയ അവര്‍ പിന്നെ ഒരൊറ്റ ചോവനെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അടുപ്പിച്ചില്ല. മുമ്പത്തെ പട്ടം താണുപിള്ളയടക്കം 9 തവണയും സവര്‍ണരെത്തന്നെ മുഖ്യമന്ത്രിമാരാക്കി. 5 തവണ ഹിന്ദു സവര്‍ണര്‍ക്കും 4 തവണ ക്രിസ്ത്യന്‍ സവര്‍ണര്‍ക്കും അവസരം നല്‍കി. പട്ടികജാതിക്കാര്‍ക്ക് പുറത്തേക്ക് വിളമ്പിയത് 'ഇമ്മിണിബല്ല്യ പൂജ്യം' അവസരമാണ്. നിയമസഭയില്‍ സ്പീക്കറുടേത് വലിയ സ്ഥാനമാണ്. ഇക്കാര്യത്തിലും പട്ടികജാതിക്കാര്‍ക്ക് നല്‍കിയ അവസരം 'ഇമ്മിണിബല്ല്യ പൂജ്യം'തന്നെ. ഒരൊറ്റ മന്ത്രിസഭകളിലും ഒന്നിലേറെ പട്ടികജാതിക്കാരെ കോണ്‍ഗ്രസ്സ് മന്ത്രിമാരാക്കിയിട്ടില്ല. ബാബാസാഹേബ് ഡോ: ബി.ആര്‍.അംബേദ്കര്‍ സവര്‍ണ മൂരാച്ചികളുമായി പടപൊരുതി നേടിയെടുത്ത അവകാശം വഴി മാത്രം എം.എല്‍.എ.മാരായവരില്‍നിന്ന് ഒന്നു കെടക്കട്ടെ പൊലയനും എന്നു 'ദയ' തോന്നി മാത്രമാണ് ഒരാളെയെങ്കിലും മന്ത്രിമാരാക്കുന്നത്.
    കോണ്‍ഗ്രസ്സിന്റെ സവര്‍ണ മുഖം ഒന്നുകൂടി വെളിവാക്കുന്നതാണ് രാജ്യസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ അവരെടുത്ത നിലപാട്. 1952 നു ശേഷം ഇതുവരെയായി 31 അവസരങ്ങള്‍ കോണ്‍ഗ്രസ്സിനു കിട്ടി. ഇതില്‍ 2 അവസരം (ടി.കെ.സി.വടുതല, കെ.കെ.മാധവന്‍) മാത്രമാണ് കോണ്‍ഗ്രസ്സ് പട്ടികജാതിക്കാര്‍ക്ക് നല്‍കിയത്. ഈ അവഗണന ചൂണ്ടിക്കാണിച്ചപ്പോള്‍ അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ടായ തെന്നല ബാലകൃഷ്ണപ്പിള്ള പറഞ്ഞത് സംവരണമില്ലാതെയും രണ്ടു സ്ഥാനം കൊടുത്തില്ലേ (സൂചകം മാസിക, ആഗസ്റ്റ് 2004) എന്ന 'പിള്ളവാദ'മാണ് അവതരിപ്പിച്ചത്. ഈ 'പിള്ളവാദം'അവതരിപ്പിച്ച തെന്നല ബാലകൃഷ്ണപ്പിള്ള 3 അവസരം വാങ്ങി (30.07.91-02.04.92, 03.04.92-02.04.98, 22.04.03-21.04.09) രാജ്യസഭാ എം.പി.യായി!
     ഹിന്ദു സവര്‍ണരുടെ ജനസംഖ്യ ഏറിവന്നാല്‍ 16 ശതമാനവും ഈഴവരുടേത് 23 ശതമാനവും പട്ടികജാതി/വര്‍ഗ്ഗക്കാരുടേത് 10 ശതമാനവുമാണ്. ഈയൊരു വസ്തുത മനസ്സിലാക്കി വേണം കാര്യങ്ങളെ വിലയിരുത്തേണ്ടത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണമുണ്ടായതുകൊണ്ടു മാത്രം ജനസംഖ്യാനുപാതമായി എം.എല്‍.എ., എം.പി.സ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അതി കഠിനമായ വിവേചനമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് പണ്ടും ഇന്നും കാണിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ നിയമസഭയിലെ സാമുദായിക പ്രാധിനിത്യം സംബന്ധിച്ച കണക്ക് കൈവശമില്ല. 10-ാം നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 36 എം.എല്‍.എ.മാരാണുണ്ടായിരുന്നത്. ഹിന്ദു സവര്‍ണര്‍ 12 പേരുണ്ടായിരുന്നപ്പോള്‍ പട്ടികജാതിക്കാര്‍ 4 പേരും ഈഴവര്‍ 6 പേരുമാണുണ്ടായിരുന്നത്. ക്രിസ്ത്യന്‍ സവര്‍ണര്‍ക്കുമുണ്ടായിരുന്ന 12 സ്ഥാനങ്ങള്‍; മുസ്ലീങ്ങള്‍ക്ക് 2 ഉം. 
     ഇതുവരെയായി 9 കോണ്‍ഗ്രസ്സ് കേന്ദ്ര മന്ത്രിസഭകളാണ് രൂപീകരിച്ചിട്ടുള്ളത്. 24 മലയാളികളെ കോണ്‍ഗ്രസ്സ് കേന്ദ്രമന്ത്രിമാരാക്കി. കൊടുത്തു പട്ടികജാതിക്കാരന് (കെ.ആര്‍.നാരായണന്‍) ഒരു സ്ഥാനം! ഈഴവര്‍ക്ക് നല്‍കിയത് 2 സ്ഥാനങ്ങള്‍. എന്നാല്‍ ഹിന്ദു സവര്‍ണര്‍ക്ക് 8 സ്ഥാനങ്ങളും ക്രിസ്ത്യാനികള്‍ക്ക് 9 സ്ഥാനങ്ങളും നല്‍കി. ഇതാണ് കോണ്‍ഗ്രസ്സിന്റെ സോഷ്യലിസം! ഈ സോഷ്യലിസം തകര്‍ന്നാല്‍, അതായത് പട്ടികജാതിക്കാര്‍ക്കു നല്‍കിയ ഒന്ന് രണ്ടായാല്‍, ഈഴവര്‍ക്കു നല്‍കിയ രണ്ട് മൂന്നായാല്‍, ഹിന്ദു സവര്‍ണരുടെ എട്ട് ഏഴായാല്‍, ക്രിസ്ത്യാനികളുടെ ഒമ്പത് എട്ടായാല്‍ സന്തുലനം തകരുമെന്നാണ് കോണ്‍ഗ്രസ്സുകാരനായ ഒരു നായര്‍ ഈയിടെ പ്രസ്താവിച്ചിരിക്കുന്നത്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നു ഊര്‍ജ്ജം കൈകൊണ്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രിയായ കെ.സി.വേണുഗോപാല്‍ എന്ന നായരാണ് ഈ സവര്‍ണ സന്തുലനവാദം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ (മാധ്യമം, 24.01.2011): ''കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയില്‍ എന്‍.എസ്.എസിന്റെ സഹായവും തനിക്കുണ്ടായെന്ന് കെ.സി.വേണുഗോപാല്‍. മന്ത്രിസഭയിലായാലും പാര്‍ലമെന്റിലായാലും നിയമസഭയിലായാലും സാമുദായിക സന്തുലിതാവസ്ഥ പരിഗണിക്കാറുണ്ട്. അത്തരമൊരാവശ്യം എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അത് തന്റെ മന്ത്രിസഭാ പ്രവേശത്തിന് കാരണമായി.''
      ജനസംഖ്യാനുപാതം വച്ചാണെങ്കില്‍ 10 സവര്‍ണരുടെ സ്ഥാനത്ത് 20 പിന്നാക്കക്കാര്‍ വേണം; 7 പട്ടികജാതി/വര്‍ഗ്ഗക്കാരും വേണം. എന്നാല്‍, മന്ത്രിമാരെയും മറ്റും നിയമിക്കുന്ന കാര്യത്തിലുള്ള അവസ്ഥ തലകുത്തനെയാണെന്നാണ് കണക്കുകള്‍ വിളിച്ചു പറയുന്നത്. വായില്‍ തോന്നിയ പ്രസ്താവനകള്‍ നടത്തുന്നതുപോലെയല്ലല്ലോ കണക്കിന്റെ കാര്യം. ഒരു പ്രൈമറി സ്‌കൂള്‍കുട്ടിക്കുപോലും മനസ്സിലാകുന്ന കണക്കുകളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇത്തരമൊരു സത്യം നിലനില്‍ക്കുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ സവര്‍ണ സന്തുലനം കുറഞ്ഞുവെന്ന അര്‍ത്ഥത്തില്‍ പ്രസ്താവനയിറക്കാന്‍ കടുത്ത ഒരു സമുദായ വാദിക്കേ സാധിക്കുകയുള്ളൂ. മന്ത്രിസഭയിലും പാര്‍ലമെന്റിലും നിയമസഭയിലുമൊക്കെയുള്ള സവര്‍ണ മേധാവത്വത്തിന് അല്പം കോട്ടം തട്ടുമ്പോഴേക്കും ബേജാറാകുന്ന മന്ത്രി വേണുഗോപാലിനെപ്പോലെയുള്ളവര്‍ പ്രസംഗിക്കുന്ന സോഷ്യലിസം സവര്‍ണ സോഷ്യലിസമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 
         ഇത്ര കറ കളഞ്ഞ സവര്‍ണ സന്തുലന വാദം പറയാന്‍ ഒരു കോണ്‍ഗ്രസ്സുകാരനു ധൈര്യം വരുന്നതെന്തുകൊണ്ട്? കാരണം, വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമാക്കിയ ദലിത്-പിന്നാക്കക്കാരുടെ ബുദ്ധി ഇപ്പോഴും പിന്നാക്കമായി നിലനില്‍ക്കുന്നുവെന്ന് സവര്‍ണ മൂരാച്ചികള്‍ക്ക് നല്ലപോലെ അറിയാം. നൂറ്റാണ്ടുകളായി നിലനിന്ന സവര്‍ണ മേധാവിത്വം അവരുടെ ബുദ്ധിയെ പിന്നാക്കമാക്കുകയും മനസ്സിനെ      സവര്‍ണാടിമത്തത്തിലാക്കുകയും ചെയ്തു. ക്രൂരമായ അവഗണന കാണിക്കുന്നുവെന്ന് 'ചോവനും പൊലയനും' ബോധ്യമുണ്ടായാല്‍പ്പോലും അവര്‍ കമാന്ന് മിണ്ടില്ല. മിണ്ടിയാല്‍ തങ്ങളെ ജാതിവാദികളായി ചിത്രീകരിക്കുമെന്ന് ഈ മരമണ്ടന്മാര്‍ വിശ്വസിക്കുന്നു. കടുത്ത ജാതി വിവേചനം കാണിക്കുന്നത് വിളിച്ചു പറയുന്നത് ജാതിവാദമായി വിശേഷിപ്പിക്കുന്നുവെങ്കില്‍ ആ വിശേഷണത്തെ ഒരു അലങ്കാരമായല്ലേ കണക്കാക്കേണ്ടത്?
കോണ്‍ഗ്രസ്സിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളും ഇക്കൂട്ടരോട് ഹൃദയാഭിമുഖ്യമുള്ള മുന്നാക്ക വിഭാഗക്കാരും മന്ത്രി വേണുഗോപാലിനോടു മാത്രമല്ല കേന്ദ്രമന്ത്രി ഏ.കെ.ആന്റണിയോടും ഇപ്പോള്‍ കേരള മോചന യാത്ര നടത്തിയ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടുമൊക്കൊ ചോദ്യങ്ങള്‍ ചോദിക്കണം. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് പൊട്ടും പൊടിയും നല്‍കി ജനസംഖയില്‍ ന്യൂനപക്ഷം വരുന്ന സവര്‍ണര്‍ക്ക് കുന്നുകണക്കിന് വാരിക്കോരിക്കൊടുക്കുന്നതാണോ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സോഷ്യലിസമെന്നു ചോദിക്കണം. അധികാരാവകാശങ്ങള്‍ കുത്തകയാക്കി വച്ചുകൊണ്ടിരിക്കുന്നവരും അത് വിട്ടുകൊടുക്കില്ലെന്നു പറയുന്നവരുമായ എന്‍.എസ്.എസിനെപ്പോലെയുള്ള സംഘടനകളുടെ താല്‍പര്യ സംരക്ഷണത്തെയാണോ സോഷ്യലിസം എന്നു വിളിക്കുന്നതെന്നു ചോദിക്കണം. കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കാന്‍ എന്‍.എസ്.എസിനെങ്ങനെ ധൈര്യം വരുന്നു എന്നു ചോദിക്കണം. രാജ്യസഭയിലേക്ക് എല്ലാ പാര്‍ട്ടിക്കാരും കൂടി 69 വ്യക്തികളെ പറഞ്ഞയച്ചപ്പോള്‍ പട്ടികജാതിക്കാരുടെ അവസരം ടി.കെ.സി.വടുതല, കെ.കെ.മാധവന്‍, പി.കെ.കുഞ്ഞച്ചന്‍ എന്നിവരില്‍ ചുരുങ്ങിയതെന്തെന്നു ചോദിക്കണം. ഏകെ.ആന്റണിക്ക് 4ഉം കെ.കരുണാകരന്‍, തെന്നല ബാലകൃഷ്ണപ്പിള്ള എന്നിവര്‍ക്ക് 3 വീതവും എം.എം.ജേക്കബ്, പി.ജെ.കുര്യന്‍ എന്നിവര്‍ക്ക് 2 വീതവും അവസരം നല്‍കിയപ്പോള്‍ ഡോ:എം.എ.കുട്ടപ്പനെപ്പോലെയുള്ളവര്‍ക്ക് രാജ്യസഭയില്‍ ഒരൊറ്റ അവസരവും നല്‍കാത്തതെന്തുകൊണ്ടെന്നു ചോദിക്കണം. രാജ്യസഭയില്‍ എന്തുകൊണ്ടാണ് പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണം നടപ്പിലാക്കാത്തത് എന്നും ചോദിക്കണം. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കാന്‍ പട്ടികജാതിക്കാരും മറ്റും പദവികള്‍ പിടിച്ചു വാങ്ങാന്‍ സവര്‍ണരും എന്നതാണോ കോണ്‍ഗ്രസ്സിന്റെ നയമെന്നു ചോദിക്കണം.
      എന്‍.എസ്.എസ്. പറയുന്നത് കുത്തകയാക്കി വച്ചത് കൊടുക്കില്ലെന്നാണ്. അവര്‍ണ സംഘടനകള്‍ ആവശ്യപ്പെടുന്നത് കവര്‍ന്നെടുത്തത് തിരിച്ചു നല്‍കണമെന്നാണ്. ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും എന്‍.എസ്.എസിന്റെ ആവശ്യങ്ങളെ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വം എന്‍.എസ്.എസിന്റെ മുമ്പില്‍ കീഴടങ്ങുന്നു? എന്‍.എസ്.എസിന്റെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞാല്‍ പിന്നാക്ക-ദലിത് സംഘടനകളുടെ ആവശ്യം തള്ളികളയുമെന്നാണ് അര്‍ത്ഥം. കാരണം ഇരുകൂട്ടരുടെയും ആവശ്യം പരസ്പര വിരുദ്ധങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ ആവശ്യം പരിഗണിക്കുമെന്ന് പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യം വന്നതെന്തുകൊണ്ട്? സാമൂഹികനീതിയുടെ കാഴ്പ്പാടില്‍ കാര്യങ്ങളെ വിലയിരുത്തിയാല്‍ കെ.സി.വേണുഗോപാല്‍ ജനാധിപത്യത്തിന്റെയും മാനവികതയുടെയും മഹത്വം ഉള്‍ക്കൊള്ളുന്ന വ്യക്തിയല്ല. പക്ഷേ, അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണ്. ആ സ്ഥാനത്തിന് വലിയ വിലയുണ്ട്. ആ സ്ഥാനത്തെ ഇന്ത്യയിലെ ഒരോ പൗരനും ബഹുമാനിക്കുക തന്നെ വേണം. ഇങ്ങനെ ആദരണീയമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയായ കെ.സി.വേണുഗോപാല്‍ എന്‍.എസ്.എസ്.ആസ്ഥാനം സന്ദര്‍ശിക്കാന്‍ (പിടിച്ചടക്കിയവരെയല്ല പിടിച്ചടക്കപ്പെട്ടവരെയാണ് കാണേണ്ടതെന്ന സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ) അനുമതി ചോദിച്ചപ്പോള്‍ 'സമയമായില്ല'എന്നു പറഞ്ഞ് ഊര്‍ജ്ജ മന്ത്രിയെ ധിക്കരിക്കാന്‍ മാത്രമുള്ള ഊര്‍ജ്ജം എന്‍.എസ്.എസിന് എവിടെനിന്നു കിട്ടി എന്നു തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് ചോദിക്കേണ്ടതുണ്ട്.
ഇതുപോലുള്ള ചോദ്യങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെ ചോദിക്കണം. പാര്‍ട്ടി വിട്ടുപോയി മറ്റു ജാതിസംഘടനകള്‍ വഴി ചോദിക്കാന്‍ പാടില്ല. കോണ്‍ഗ്രസ്സിന്റെ അകത്തുനിന്നു തന്നെ പോരാടണം. (വിപ്‌ളവകാരിയായ സി.കേശവന്‍ കോണ്‍ഗ്രസ്സിന്റെ നേതാവായിക്കൊണ്ടു തന്നെയാണ് 'നിവര്‍ത്തന പ്രക്ഷോഭം' നടത്തി പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നേടിക്കൊടുത്തത്). അങ്ങനെ, കേരളത്തിലെ കോണ്‍ഗ്രസ്സിനെ സവര്‍ണജാതി ദുര്‍ഭൂതത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കണം. കാര്യങ്ങളെല്ലാം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിക്കുകയും വേണം. കാരണം സോണിയാജിക്ക് വേണുഗോപാലിന്റെയും ഏ.കെ.ആന്റണിയുടെയും രമേശ് ചെന്നിലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മനസ്സല്ല ഉള്ളത്. അവര്‍ക്ക് ജനാധിപത്യത്തിലും മാനവികതയിലും വിശ്വാസമുണ്ട്. 
        കുറച്ച് യുക്തിവാദംകൂടി പറയട്ടെ. ഇന്ത്യയില്‍ ഏതു വിപ്‌ളവ പ്രസ്ഥാനങ്ങള്‍ വന്നാലും അതിനെ തകര്‍ക്കാന്‍ ഏറെ മിടുക്കുള്ളവരാണ് സവര്‍ണ മൂരാച്ചികള്‍. ബ്രാഹ്മണ മതത്തിന്റെ നീചതകള്‍ക്കെതിരെ രംഗത്തു വന്ന ബുദ്ധമതത്തെ അതിനകത്തു കയറി അവര്‍ തകര്‍ത്തുകളഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയടക്കം ഇന്ത്യയിലെ എല്ലാ വിപ്‌ളവ പ്രസ്ഥാനങ്ങള്‍ക്കും ഈ ബാധയേറ്റിട്ടുണ്ട്. യുക്തിവാദി പ്രസ്ഥാനവും ഇക്കൂട്ടത്തില്‍പ്പെടുന്നു. ചുരുക്കം ചില യുക്തിവാദികളൊഴിച്ചാല്‍ മറ്റുള്ള യുക്തിവാദികളെല്ലാം സവര്‍ണ യുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണ്. 7 സവര്‍ണ മന്ത്രി, 2 ഈഴവ മന്ത്രി, 1 പട്ടികജാതി മന്ത്രി എന്നൊക്കെ കേട്ടാല്‍, 'ഞങ്ങളില്ലാ ഹൈന്ദവ രക്തം; ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം; ഞങ്ങളിലില്ലാ മുസ്ലീം രക്തം; ഞങ്ങളിലുള്ളത് മാനവ രക്തം' എന്നു പറയുന്ന അവരിലെ മിക്കവരുടെയും 'മാനവ രക്തം'തിളയ്ക്കും. ഛായ്! ജാതി -മത-ദൈവ നിഷേധം പറയുന്നതിനു പകരം ജാതിക്കുവേണ്ടി വാദിക്കുകയോ! പാവപ്പെട്ടവനു സംവരണം നല്‍കണമെന്നു പറയുന്നതിനു പകരം ജാതിക്കു സംവരണം നല്‍കണമെന്നു വാദിക്കുകയോ!! എന്നൊക്കെ അവര്‍ ആക്രോശിക്കും. ('ജാതിവാദികള്‍' പടപൊരുതി നേടിയെടുത്ത സംവരണാവകാശം കട്ടെടുത്ത് അവരില്‍ പലരും സര്‍ക്കാര്‍ ശമ്പളം പറ്റുന്നുവെന്നത് വേറെ കാര്യം). യുക്തിവാദികള്‍ അവരുടെ ആശാനായി വിശേഷിപ്പിക്കുന്ന സഹോദരന്‍ കെ.അയ്യപ്പന്‍ (ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന സഹോദരനയ്യപ്പന്‍ എന്ന വിപ്‌ളവകാരി) പറഞ്ഞത് (സഹോദരന്‍ എന്ന വിപ്‌ളവകാരി, എഡിറ്റര്‍: ജി.പ്രിയദര്‍ശനന്‍, പേജ് 176-178) സവര്‍ണ/സവര്‍ണാടിമത്ത യുക്തിവാദികള്‍ അറിയുക:
     '' സമുദായ പ്രാതിനിധ്യം ജനകീയ ഭരണ തത്വത്തിന് എതിരായിട്ടുള്ള ഏര്‍പ്പാടാണെന്നാണു ആക്ഷേപം. ഇത് അടിസ്ഥാനമില്ലാത്ത ഒരു പ്രസ്താവന മാത്രമാണ്. ജനകീയ ഭരണമെന്നുവെച്ചാല്‍ ജനങ്ങള്‍ ജനങ്ങളെത്തന്നെ ഭരിക്കുന്ന ഏര്‍പ്പാടാണല്ലോ. ജനങ്ങളെ ഭരിക്കുന്നവര്‍ ജനങ്ങളുടെ പ്രിതിനിധികളാകണമെങ്കില്‍ ഭിന്ന സമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളില്‍ നിന്നും കഴിയുന്നതും ഉദ്യോഗസ്ഥന്മാരും നിയമസഭാ മെമ്പര്‍മാരും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചില സമുദായങ്ങള്‍ മറ്റു സമുദായങ്ങളെ ഭരിക്കുന്നതായി വരും. അതു ജനകീയ ഭരണമല്ല. സമുദായഭരണമാണ്.
         സമുദായ പ്രാതിനിധ്യത്തിന്റെ ആവശ്യകത തെളിയിക്കാന്‍ അതിന് എതിരായും അനുകൂലമായും വാദിക്കുന്നത് ആരെല്ലാമെന്നു നോക്കിയാല്‍ മതി. സമുദായ പ്രാതിനിധ്യ വിരോധികള്‍ എല്ലാം പ്രായേണ ചില സമുദായങ്ങളില്‍പ്പെട്ടവരാണ്. സമുദായ പ്രാതിനിധ്യത്തിന് അനുകൂലികള്‍ എല്ലാം പ്രായേണ അതുപോലെ വേറെ ചില സമുദായങ്ങളില്‍പ്പെട്ടവരാണ്. ചില സമുദായങ്ങള്‍ മാത്രം ജനകീയ ഭരണ സംഗതി അറിയുന്നവും നോക്കുന്നവരും, മറ്റു സമുദായങ്ങള്‍ അത് അറിയാത്തവരും നോക്കാത്തവരും ആണെന്നു വരുന്നതെങ്ങനെ? ഇരുകൂട്ടരും അവരവരുടെ സമുദായ താല്‍പര്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്നു എന്നാണ് ഇതില്‍നിന്ന് അനുമാനിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ ഏതു താല്‍പര്യമാണു ന്യായമായിട്ടുള്ളത് എന്നു മാത്രമെ പിന്നെ നോക്കാനുള്ളൂ. സമുദായ പ്രാതിനിധ്യ വാദികള്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നാണ് പറയുന്നത്. അത് അന്യായമാകാന്‍ തരമില്ല. നേരെമറിച്ച് സമുദായ പ്രാതിനിധ്യ വിരോധികളുടെ വാദം ഫലിച്ചാല്‍ പ്രാതിനിധ്യം ചില സമുദായങ്ങള്‍ക്കേ കിട്ടുകയുള്ളൂ എന്ന് അനുഭവംകൊണ്ടു തെളിഞ്ഞിരിക്കുന്നു. അതു പരമാര്‍ത്ഥത്തില്‍ അവരുടെ കുത്തക പാലിക്കാനുള്ള ശ്രമമായിട്ടേ എടുക്കാനുള്ളൂ. സമുദായ പ്രാതിനിധ്യവാദികളെ അവരുടെ വിരോധികള്‍ സമുദായവാദികളെന്നു പറയാറുണ്ട്. വാസ്തവത്തില്‍ അവര്‍ സമുദായവാദികളല്ല, അവര്‍ സര്‍വ്വ സമുദായവാദികളായ യഥാര്‍ത്ഥ ജനകീയവാദികളാണ്. സുദായ പ്രാതിനിധ്യ വിരോധികളാകട്ടെ സര്‍വ്വസമുദായ വാദത്തെ എതിര്‍ത്തു സമുദായകുത്തകകളെ താങ്ങുന്ന തനി സമുദായവാദികളാണ് ''
       രാജഭരണം നടക്കുമ്പോള്‍ തുരുവിതാംകൂറില്‍ 1936 ല്‍ തന്നെ ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. തിരു-കൊച്ചിയിലെ ആക്ടിംഗ് മുഖ്യമന്ത്രിയായിരുന്ന, എസ്.എന്‍.ഡി.പി.നേതാവായിരുന്ന സി.കേശവന്‍ നടത്തിയ 'നിവര്‍ത്തന പ്രക്ഷോഭം'വഴിയാണ് ഇതു ലഭിച്ചത്. ഈ വിപ്‌ളവകാരിയുടെ മരണത്തെക്കുറിച്ച് യുക്തിവാദി പ്രസിദ്ധീകരണമായ 'യുക്തി'എഴുതിയ കുറച്ച് കാര്യങ്ങള്‍കൂടി 'ജാതിവിരോധി'കളായ ഇന്നത്തെ യുക്തിവാദികള്‍ മനസ്സിലാക്കുക. അതിങ്ങനെ:
         '' ശ്രീ: സി.ശേവന്‍ 7.7.1969 വെളുപ്പിനു 3 മണിക്ക് 78-ാമതു വയസ്സില്‍ മയ്യനാട്ടുള്ള സ്വവസതിയായ തോപ്പില്‍ വീട്ടില്‍വച്ച് വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം യാതൊരുവിധ മതകര്‍മ്മങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ വിധേയമാക്കാതെ കുഴിച്ചിടുകയാണുണ്ടായതെന്നുള്ള കാര്യം പ്രത്യേകം സ്മരണീയമാണ്......1949-ല്‍ തിരുവനന്തപുരത്തു രൂപീകരിച്ച യുക്തിവാദി സംഘടനയുടെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 'ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയു'മെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇവിടുത്തെ അന്തരീക്ഷത്തെ സംഭ്രാന്തമാക്കിയ കാര്യം ഞങ്ങള്‍ അനുസ്മരിക്കട്ടെ. അങ്ങനെ സകല ദേവാലയങ്ങളും നശിച്ച് അന്ധവിശ്വാസം പൂര്‍ണ്ണമായിത്തന്നെ തിരോധനം ചെയ്തുകാണണമെന്നാഗ്രഹിച്ച മഹാനായ ആ മനുഷ്യവാദിയുടെ കാലടികളെ പിന്തുടരാന്‍ കേരളത്തിലെ ഇന്നത്തെ യുക്തിവാദികളുടെ കര്‍ത്തവ്യം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാകുന്നു. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും ശ്രീ: കേശവനെപ്പോലുള്ള പ്രക്ഷോഭകാരികളുടെ പ്രയത്‌ന ഫലമായുളവായതാണെന്ന ബോധം നമ്മെ കൂടുതല്‍ ആദര്‍ശധീരരും കര്‍ത്തവ്യോത്സുകരുമാക്കിത്തീര്‍ക്കേണ്ടതാണ് ''.
    പിന്‍കുറിപ്പ്:- കാണാനുള്ള പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലേ. ഉടനെത്തന്നെ കോണ്‍ഗ്രസ്സ് മന്ത്രിസഭ നിലവില്‍ വരും. അതില്‍ മുഖ്യമന്ത്രി,(ഉപ മുഖ്യമന്ത്രിയുണ്ടെങ്കില്‍ അതും), മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധിനിത്യം നല്‍കുന്നത് ആര്‍ക്കാണെന്നു പരിശോധിച്ചാല്‍ കാര്യം നല്ലപോലെ മനസ്സിലാക്കാന്‍ സാധിക്കും.
.......................