My Blog List

Friday, March 16, 2012

മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കുക

മക്തബ് സായാഹ്ന ദിനപ്പത്രം 06.03.2012

     മുഖ്യമന്ത്രിയായിരിക്കവെ ഏ.കെ.ആന്റണി 2003 ല്‍ നടത്തിയ ഒരു പ്രസംഗം ഏറെ വിവാദമായിരുന്നു. അപ്രിയ സത്യങ്ങള്‍ പറഞ്ഞതിനു ക്രൂശിക്കപ്പെട്ടു എന്നൊക്കെ ചിലര്‍ പറയുകയുണ്ടായി. 16.07.2003 ന് കുടമാളൂരില്‍ വച്ചു നടന്ന, നമ്പൂതിരി സമുദായ സംഘടനയുടെ (യോഗക്ഷേമ സഭ) യോഗത്തിലാണ് ഏ.കെ.ആന്റണി 'ക്രൂശിതപ്രസംഗം' നടത്തിയത്. സിനിമാക്കാരും സീരിയലുകാരും മിക്ക മാധ്യമ പ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന സവര്‍ണവിലാസം കുചേലഗാനം കുറച്ചുകൂടി താളത്തിലും മേളത്തിലും ഈണത്തിലും അന്ന് ഏ.കെ. ആന്റണി പാടി! അന്ന് ഏ.കെ.ആന്റണി അപ്രിയ സത്യങ്ങളൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല സവര്‍ണവിലാസം കുചേലനുണകള്‍ പറഞ്ഞു എന്നതുമാത്രമായിരുന്നു വാസ്തവം.
       പട്ടിണിക്കും കഷ്ടപ്പാടിനും ജാതിയില്ല എന്ന കാര്യം വളരെ ശരിതന്നെ. പക്ഷേ, 'കഷ്ടപ്പാടിന് ജാതിയില്ല' എന്ന് കൂടുതലായി പ്രയോഗിക്കുന്നവര്‍ കടുത്ത ജാതി താല്‍പര്യമുള്ളവരാണ് എന്നതാണ് വാസ്തവം. പണ്ട് സമൂഹത്തിന്റെ മേല്‍ത്തട്ടിലുണ്ടായിരുന്നവരും കഷ്ടപ്പാട് എന്താണെന്ന് അറിയാത്തവരുടെയും പിന്‍തലമുറക്കാരുടെ കഷ്ടപ്പാടുകള്‍ മാത്രമെ ഇക്കൂട്ടര്‍ കഷ്ടപ്പാടുകളായി കാണുന്നുള്ളൂ. തകര്‍ന്ന നാലുകെട്ടും നശിച്ച നടുമുറ്റവും പൊളിഞ്ഞ പടിപ്പുരയും കാണുന്നവര്‍ കൂരകളിലും മാടങ്ങളിലും അന്തിയുറങ്ങുന്നവരെ കാണാറില്ല. ഓവര്‍ ബ്രിഡ്ജുകള്‍ക്കു താഴെയും റയില്‍വെ പുറമ്പോക്കുകളിലും മറ്റും അന്തിയുറങ്ങുന്നവരെയും ഇവര്‍ കാണാറില്ല. ഇക്കൂട്ടരെല്ലാം അടിപൊളി ജീവിതം നയിക്കുന്നവരും പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറില്‍ യാത്രചെയ്യുന്നവരുമാണെന്ന മട്ടിലാണ് പലരും സംസാരിക്കാറ്. ഏ.കെ. ആന്റണി പറഞ്ഞതും ഇതുതന്നെ. യോഗക്ഷേമ സഭയുടെ യോഗത്തില്‍ നമ്പൂതിരിമാര്‍ എത്തിയത് ഓട്ടോറിക്ഷകളിലും സെക്കന്റ് ഹാന്റ് കാറുകളിലുമാണെന്നാണ് ഏ.കെ.ആന്റണി പറഞ്ഞത്. യോഗത്തില്‍ പോവുക മാത്രമല്ല ഏ.കെ.ആന്റണി ചെയ്തത്! യോഗസ്ഥലത്തെത്തിയ വണ്ടികളുടെ ആര്‍.സി. പരിശോധിക്കുകകൂടി ചെയ്തു ഏ.കെ.ആന്റണി!!
       സോഷ്യലിസം പ്രസംഗിക്കുകയും ഹിന്ദുസ്ഥാന്‍ ഹമാര, ഹമാര എന്ന് പാടുകയും ചെയ്തതുകൊണ്ടൊന്നും കാര്യമില്ല; മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധവും മാനവികത എന്ന ഗുണവുമില്ലെങ്കില്‍. ഇത് ഏതാനും വ്യക്തികളുടെ കാര്യമല്ല. പൊതു സമൂഹവും ഏറെക്കുറെ ഇങ്ങനെത്തന്നെയാണ് ചിന്തിക്കുന്നത്. പൊതുസമൂഹം ബോധപൂര്‍വ്വം ഇങ്ങനെയൊരു തീരുമാനമെടുത്തതല്ല. ഏ.കെ.ആന്റണിയെപ്പോലുള്ളവരുടെ നിരന്തരമായ പ്രചാരണമാണ് ഇത്തരമൊരു ബോധം പൊതുസമൂഹത്തിലുണ്ടാവാന്‍ കാരണമായത്. ഇതുകൊണ്ടുതന്നെയാണ് കല്ലുവച്ച നുണകള്‍ ചോദ്യം ചെയ്യപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയുമിരിക്കുന്നത്.
ഇപ്പറഞ്ഞതുകൊണ്ട് കേരളത്തിലെ നമ്പൂതിരിമാരെല്ലാം പുത്തന്‍ കാറുകള്‍ ഉപയോഗിക്കുന്നവരാണെന്നും സമ്പന്നന്മാരാണെന്നും അര്‍ത്ഥമില്ല. പട്ടിണിക്കാരും പാവങ്ങളും അവരിലുമുണ്ട്. ഇത് അടുത്തകാലത്തുണ്ടായ ഒരു പ്രതിഭാസവുമല്ല. നമ്പൂതിരിമാരില്‍ പണ്ടുമുണ്ടായിരുന്നു പാവങ്ങള്‍. എന്തിനധികം പറയുന്നു, 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്നു പറഞ്ഞ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഭരിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനും സഹപാഠിയുമായിരുന്ന സുദാമാവ് എന്ന ബ്രാഹ്മണന്‍ പട്ടിണിക്കാരനായിരുന്നു. ഭിക്ഷയാചിച്ചായിരുന്നു സുദാമാവിന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ പാവമായിരുന്നത് കൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു സുദാമാവ് ധരിച്ചിരുന്നത്. മുഷിഞ്ഞ ചേല(വസ്ത്രം)ധരിച്ചതുകൊണ്ടാണ് സുദാമാവിന് കുചേലന്‍ എന്ന വിശേഷണം വന്നത്. കുചേലന്‍ എന്ന വാക്കിന് ശബ്ദതാരാവലിയില്‍ ദരിദ്രന്‍ എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥ അതിന്റെ എല്ലാ പ്രതാഭത്തോടും നിലനിന്ന നാട്ടില്‍ പട്ടിണിക്കാരായ ബ്രാഹ്മണരുണ്ടായിരുന്നെങ്കില്‍ ഇക്കാലത്ത് ദരിദ്ര ബ്രാഹ്മണരുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!
ഭൂരിപക്ഷം അവഗണിക്കപ്പെടുന്നു എന്നാണ് ഏ.കെ.ആന്റണി അന്നു പറഞ്ഞത്. അതായത്, ക്രിസ്ത്യനികളും മുസ്ലീങ്ങളുമടക്കമുള്ള ന്യൂനപക്ഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍. ഏ.കെ.ആന്റണിയുടെ നിഘണ്ടുവിലെ ഭൂരിപക്ഷമെന്നാല്‍ നമ്പൂതിരിമാരും മറ്റു സവര്‍ണരുമാണ്. നമുക്കും ചാത്തനുംകൂടി നൂറ്. ഇതില്‍ 'നമുക്ക്' തൊണ്ണൂറ്റിയൊന്‍പത് 'ചാത്തന്' ഒന്ന് എന്ന കണക്കു മാനദണ്ഡമാക്കിയാണ് മറ്റു പലരെയുംപോലെ ഏ.കെ.ആന്റണിയും അഭിപ്രായങ്ങള്‍ പറയുന്നത്. അന്‍പത് കിട്ടേണ്ടിടത്ത് ഒന്ന് മാത്രം കിട്ടിയ ചാത്തന്റെ പേരില്‍ അസൂയും അന്‍പത് കിട്ടേണ്ടിടത്ത് തൊണ്ണൂറ്റൊന്‍പത് കിട്ടിയ 'നമ്മുടെ'പേരില്‍ സഹതാപവും! ഭൂരിപക്ഷം അവഗിക്കപ്പെട്ടു എന്ന കാര്യം ശരിതന്നെ. പക്ഷേ, ചാത്തനും ചാത്തുക്കുട്ടിയുമൊക്കെയാണ് അവഗണിക്കപ്പെട്ടത് എന്ന സത്യം (ഈ സത്യം ഏ.കെ.ആന്റണിയെപ്പോലുള്ളവരും നല്ലപോലെ മനസ്സിലാക്കിയതാണ്) സവര്‍ണപാത്രംകൊണ്ട് മൂടിവച്ചിരിക്കുകയാണ്. എന്താണ് 'നമ്മുടെ'യും 'ചാത്തന്മാരുടെയും'അവസ്ഥ? നമുക്കൊന്നു പരിശോധിച്ചു നോക്കാം.
      കേരള ശാസ്ത്ര പരിഷത്ത് നടത്തിയതും 2006 ല്‍ പ്രസിദ്ധീകരിച്ചതുമായ 'കേരള പഠന'ത്തെത്തന്നെ (കേരള പഠനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) ആശ്രയിക്കാം. ആളോഹരി വാര്‍ഷിക ശരാശരി വരുമാനം സവര്‍ണരുടേത് 22503 രൂപയാണെങ്കില്‍ പട്ടികജാതിക്കാരുടേത് 12317 രൂപയും പട്ടികവര്‍ഗ്ഗക്കാരുടേത് 9022 രൂപയുമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ പട്ടികവര്‍ഗ്ഗക്കാരില്‍ 37.5 ശതമാനവും പട്ടികജാതിക്കാരില്‍ 29.5 ശതമാനവും ഉള്ളപ്പോള്‍ സവര്‍ണരിലുള്ളത് 8 ശതമാനമാണ്. റേഷനരിയെ ആശ്രയിക്കുന്നവര്‍ പട്ടികവര്‍ഗ്ഗക്കാരില്‍ 35.1 ശതമാനവും പട്ടികജാതിക്കാരില്‍ 23.7 ശതമാനവും ഉള്ളപ്പോള്‍ സവര്‍ണരിലുള്ളത് 7.1 ശതമാനമാണ്. ഇങ്ങനെ, സാമ്പത്തികവുമായി ബന്ധപ്പെട്ട ഏതു മേഖലകള്‍ പരിശോധിച്ചാലും പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും അടിത്തട്ടിലും ഏറ്റവും മുകള്‍ത്തട്ടില്‍ സവര്‍ണരുമാണെന്നു പ്രസ്തുത പഠനത്തില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഇനി, സര്‍ക്കാരുദേ്യാഗങ്ങളുടെ പ്രാതിനിധ്യമെടുത്താലും സവര്‍ണര്‍തന്നെയാണ് ഇപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സംവരണമില്ലാത്തതില്‍ മുന്നാക്കക്കാര്‍ തഴയപ്പെടുന്നുവെന്ന് എന്‍.എസ്.എസ്സ് മാത്രമല്ല പറയുന്നത്. ഈ നുണ മറ്റു മിക്ക രാഷ്ട്രീയ സവര്‍ണരും വിളിച്ചുകൂവാറുണ്ട്. ഇതൊരു സവര്‍ണവിലാസം വിലാപമാണെന്ന് പരിഷത്ത് പഠനം വ്യക്തമാക്കുന്നുണ്ട്. പഠനം അടിവരയിട്ട് ഇങ്ങനെ പറയുന്നു(പേജ്, 71): ''ജാതി,മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''. ഇവിടെ പറയുന്ന ക്രിസ്ത്യാനികള്‍ സവര്‍ണ ക്രിസ്ത്യാനികളാണ്.
ശ്രീബുദ്ധനെപ്പോലെയോ സ്വാമി സത്യവ്രതനായി മാറിയ അയ്യപ്പന്‍പിള്ളയെപ്പോലെയോ മനസ്സ് വിശാലമാക്കേണ്ടതില്ല. മനസ്സിന്റെ കിളിവാതില്‍ ചെറുതായൊന്നു തുറന്നാല്‍ മാത്രം മതി. സത്യം പകല്‍ വെളിച്ചംപോലെ വ്യക്തമാകും; 'നമ്മുടെ'ആള്‍ക്കാരല്ല 'ചാത്തന്റെ' ആള്‍ക്കാര്‍ തന്നെയാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും കിടക്കുന്നതെന്ന്! ഇത് അംഗീകരിക്കാന്‍ കഴിയാത്തവര്‍, അവര്‍ ഏതു മതക്കാരായാലും ഏതു ജാതിക്കാരായാലും ഏതു രാഷ്ട്രീയക്കാരായാലും ജാതി/മത വിശ്വാസമില്ലാത്ത യുക്തിവാദികളായാലും അവര്‍ കടുത്ത ജാതി വര്‍ഗ്ഗീയവാദികള്‍ തന്നെയാണെന്നതിന് യാതൊരു സംശയവുമില്ല.
     ഈ സത്യം നിലനില്‍ക്കെത്തന്നെ, ശതമാനംകൊണ്ടും എണ്ണംകൊണ്ടും കുറവാണെങ്കിലും മുന്നാക്കക്കാരിലും ദരിദ്രര്‍ ഉണ്ട് എന്ന സത്യം അംഗീകരിക്കുകതന്നെ വേണം. സാമ്പത്തിക സഹായത്തിന് ഇക്കൂട്ടരും അര്‍ഹരാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും മുസ്ലീങ്ങളടക്കമുള്ള പിന്നാക്കക്കാര്‍ക്കും സാമ്പത്തിക സഹായം ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സികളുണ്ട്. പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്തത്യാനികള്‍ക്കും അവകാശമുണ്ട്. ഹിന്ദു സവര്‍ണര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാതിരിക്കുന്നത്. ഇത് വിവേചനമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കുക എന്നത് സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ്. ഇത്തരമൊരാവശ്യം ഉയര്‍ന്നപ്പോള്‍ അതിനെതിരെ കെ.എം.മാണി നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലാത്തതാണ്. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന മന്നം ജയന്തി സമ്മേളനത്തില്‍ വച്ചുനടത്തിയ മന്നം അനുസ്മരണ പ്രഭാഷണത്തില്‍ കെ.എം.മാണി പറഞ്ഞത്, ഏ.പി.എല്‍.-ബി.പി.എല്‍ പോലെ വേര്‍തിരിച്ച് മുന്നാക്കക്കാര്‍ക്ക് വേണ്ടി കോര്‍പറേഷന്‍ രൂപികരിക്കാന്‍ സാധിക്കില്ല എന്നാണ്. ഒരു സവര്‍ണ ക്രിസ്ത്യനിക്ക് കല്യാണം കഴിക്കാന്‍ ഏ.പി.എല്‍.-ബി.പി.എല്‍ നോക്കാതെ വായ്പ നല്‍കാമെന്നിരിക്കെ, സവര്‍ണ ഹിന്ദുവിന് കല്യാണം കഴിക്കാന്‍ എന്തുകൊണ്ട് വായ്പ നല്‍കിക്കൂടാ? തൊട്ടതിനും പിടിച്ചതിനുമൊക്കെ കോര്‍പ്പറേഷനുള്ള ഈ നാട്ടില്‍ ഒരു കോര്‍പ്പറേഷന്‍കൂടി അധികപ്പറ്റാകില്ല. ആയതിനാല്‍ മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാവുകതന്നെ വേണം!
                             ................

16 comments:

ajith said...

സാമ്പത്തികസംവരണം വേണമെന്നാണോ പറഞ്ഞുവരുന്നത്?

ശങ്കരനാരായണന്‍ മലപ്പുറം said...

അല്ല ajith. സാമൂഹികവും സാമ്പത്തികവും വേറെത്തന്നെ. മുന്നാക്കക്കാര്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളിലും മറ്റും സംവരണത്തിന്റെ ആവശ്യമില്ല. കാരണം, ഇക്കാര്യത്തില്‍ മുന്നാക്കക്കാര്‍ക്ക് പിന്നാക്കാവസ്ഥയില്ല. പരിഷത്ത് പഠനം അടിവരയിട്ടു പറയുന്നത് ലേഖത്തില്‍ പറയുന്നുണ്ടല്ലോ-''ജാതി,മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്'' പക്ഷേ, മുന്നാക്കക്കാരില്‍ സാമ്പത്തിക പ്രയാസങ്ങളനുഭവിക്കുന്നവര്‍ (മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും) കുറഞ്ഞ ശതമാനമെങ്കിലുമുണ്ട്. അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്യേണ്ടതാണ് എന്നാണ് പറഞ്ഞത്.

Echmukutty said...

ഇതൊന്നും അറിയാഞ്ഞിട്ടൊന്നുമല്ല, പക്ഷെ, പറയില്ല.അത്രേയുള്ളൂ കാര്യം.

കഷ്ടപ്പെടുന്ന മുന്നോക്കക്കാർക്ക് എന്തായാലും മുന്നോക്കക്കാരനായിട്ടും അയ്യോ! പാവം ഈ ഗതി വന്നല്ലോ എന്ന് സമൂഹം കൂടെ നിന്ന് വിലപിയ്ക്കും എന്ന ആശ്വാസമെങ്കിലുമുണ്ട്, പിന്നോക്കക്കാരന് ആ വിലാപം കിട്ടില്ല. തന്നെയുമല്ല, ഇന്നെന്താ അവന്റെ ഒരു സ്ഥിതി? അവന്റെ മുത്തച്ഛൻ പണ്ട് നമ്മുടെ വീട്ടില് കക്കൂസ് വൃത്തിയാക്കിയിരുന്നതാ, ഇപ്പോ അതു പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ എന്നും കൂടി കേൾക്കണം!

ഈ കുറിപ്പിനു നന്ദി.

എന്തായാലും കഷ്ടപ്പാടുകൾ അനുഭവിയ്ക്കുന്ന എല്ലാവർക്കും അതിൽ നിന്നും മോചനമുണ്ടാകട്ടെ. അതിനു ജാതിയും മതവും ലിംഗവും നിറവും ദേശവും ഒന്നും തടസ്സമാകരുത്.

Pheonix said...

A.K. Antony is the No. 1 fraud in the cabinet ministry. Just consider the words of our Opp. Leader on him a few days back.

ശങ്കരനാരായണന്‍ മലപ്പുറം said...

ഫിയൊനിക്സ് -വ്യക്തികളെ ആക്ഷേപിക്കുന്ന നിലപാട് ശരിയല്ല. വ്യക്തികളെയല്ല നിലപാടുകളെ മാത്രമാണ് വിമര്‍ശിക്കേണ്ടത്.

ChethuVasu said...

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സമൂഹ മനോരോഗാവസ്തക്ക് കേവലം വര്‍ഷങ്ങളുടെ പഴക്കമുള്ള രാഷ്ട്ര മീമാസയിലൂടെ അവയുടെ പ്രകടിത രൂപമായ ആധുനിക ഭരണ രീതികളോ മറ്റോ ഉപയോഗിച്ച് പരിഹാരം കാണാന്‍ കഴിയും എന്ന് തോന്നുന്നില്ല.. രോഗം കലശലാണ് കഠിനമാണ് ..പക്ഷെ നമമുടെ ജനാധിപത്യ രാഷ്ട്ര മീമാംസയിലും അതിന്റെ പ്രകട രൂപമായ ഭരണ നയങ്ങളിലും കൂടി അതിനു ഉത്തരം കാണാവുന്നതല്ല. കാരണം രാഷ്ട്രീയം ശൈശവത്തിലും , സമൂഹ ഭ്രാന്തു ഷഷ്ടി പൂര്തിയിലും ആണ് .. ആ അവസ്ഥയില്‍ സമൂഹത്തോട് എന്ത് പറഞ്ഞാലും അതിന്റെ തലയില്‍ കയറില്ല .

എ.
എന്താണ് മുന്നോക്ക പിന്നോക്ക വിശേഷണങ്ങളുടെ നിര്‍വ്വചനം ..?

1 .താന്‍ മുന്നോക്കമാണ് എന്ന് മുന്നോക്കക്കാരന്‍ ധരിച്ചാല്‍ അയാള്‍ മുന്നോക്കം ആകുമോ
2 .താന്‍ പിന്നോക്കമാണ് എന്ന് പിന്നോക്കക്കാരന്‍ ധരിച്ചാല്‍ അയാള്‍ പിന്നോക്കം ആകുമോ
3 . അയാള്‍ മുന്നോക്കമാണ് എന്ന് പിന്നോക്കക്കാരന്‍-(ടൈപ്പ് എ)(താന്‍ പിന്നോക്കം എന്ന് കരുതുന്ന ആള്‍ ) ധരിച്ചാല്‍ അയാള്‍ മുന്നോക്കം ആകുമോ
4 .അയാള്‍ മുന്നോക്കമാണ് എന്ന് പിന്നോക്കക്കാരന്‍-(ടൈപ്പ് എ (താന്‍ പിന്നോക്കം എന്ന് കരുതുന്ന ആള്‍ ) ധരിച്ചാല്‍ സ്വയം പിന്നോക്കമാകുമോ
5 . അയാള്‍ പിന്നോക്കമാണ് എന്ന് മുന്നോക്കക്കാരന്‍-(ടൈപ്പ് എ) (താന്‍ മുന്നോക്കം എന്ന് കരുതുന്ന ആള്‍ )ധരിച്ചാല്‍ അയാള്‍ പിന്നോക്കം ആകുമോ
6 . അയാള്‍ പിന്നോക്കമാണ് എന്ന് മുന്നോക്കക്കാരന്‍ -(ടൈപ്പ് എ) (താന്‍ മുന്നോക്കം എന്ന് കരുതുന്ന ആള്‍ ) ധരിച്ചാല്‍ സ്വയം മുന്നോക്കം ആകുമോ ..
7 .അയാള്‍ പിന്നോക്കമാണ് എന്ന് സമൂഹം (പിന്നോക്കക്കാരന്‍ + മുന്നോക്കക്കാരന്‍ + കാഴ്ചക്കാരന്‍ ) ധരിച്ചാല്‍ അയാള്‍ പിന്നോക്കം ആകുമോ ..?
8 .അയാള്‍ മുന്നോക്കമാണ് എന്ന് സമൂഹം (പിന്നോക്കക്കാരന്‍ + മുന്നോക്കക്കാരന്‍ + കാഴ്ചക്കാരന്‍ ) ധരിച്ചാല്‍ അയാള്‍ മുന്നോക്കം ആകുമോ..?


(ആകെ കണ്ഫ്യുഷണ ആയല്ലോ എന്റെ ഡിങ്കാ.....................):)

ബി

എന്താണ് മുന്നോക്ക പിന്നോക്ക വിശേഷണങ്ങളുടെ അടിസ്ഥാനം ..?

1 .ജനിതകപരം..?
2 . ബൌധികപരം..?
3 .മാനുഷിക ഗുണപരം..?
4 .കാലിക സമൂഹ്യപരം..?
5 .ചരിത്രപരം..?

ആളുകളുടെയും സമൂഹത്തിന്റെയും വിഡ്ഢിത്തം നിറഞ്ഞ പൊതു ധാരണകളെ തിരുത്താതെ ,ഉപരിപ്ലവമായ സാമ്പത്തിക അടിസ്ഥാനത്തിലുള്ള തിരുത്തുകള്‍ കൊണ്ടോ മറ്റോ താത്കാലിക ഗുണങ്ങള്‍ അല്ലാതെ കാതലായ മാറ്റങ്ങള്‍ ദൂര വ്യാപകമായി ഉണ്ടാക്കാന്‍ സാധ്യമാണോ..?

സമൂഹത്തെ മാറ്റാതെ ആളുകള്‍ മാറുകയില്ല -കാരണം ആളുകള്‍ സമൂഹത്തില്‍ നിന്നും പഠിക്കുന്നു ..ആളുകള്‍ മാറാതെ സമൂഹം മാറില്ല -കാരണം ആളുകള്‍ തന്നെയാണ് സമൂഹം.. അപ്പോള്‍ ആരെങ്കിലും സമൂഹത്തില്‍ നിന്നും പഠിക്കാതെ സ്വയം പഠിച്ചേ പറ്റൂ ..എന്നിട്ട് സമൂഹത്തെ മാറ്റിയെ പറ്റൂ.. സ്വയം പഠിക്കാന്‍ കുട്ടികളെ അനുവടിക്കെണ്ടാതുണ്ട് - മതവും ജാതയും ഇല്ലാത്ത ജീവന്‍ - അതിനെ കുറിച്ച് . അത് വരെ ഇപ്പോഴുള്ള രീതിയില്‍ പങ്കു കിട്ടാത്തവര്‍ അവരുടെ പങ്കു ചോദിച്ചു വാങ്ങിയെ പറ്റൂ .. :)

Silent Critic said...

AK Antony angane allallo paranjathu... He was mentioning that through collective bargaining minorities were getting more than their due...
do you think that all the benfits for the backward castes/ socially backward classes are actually reaching the needy amongst them .. ? Honestly, i dont think so..

പട്ടേപ്പാടം റാംജി said...

എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവിടെ എല്ലാം നടക്കുന്നതും നടത്തുന്നതും എന്നാണെനിക്ക് തോന്നുന്നത്. ജാതിയും മതവും ഒന്നും കടന്നുവരാത്ത ഒരു നീതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.....

Cv Thankappan said...

കോര്‍പ്പറേഷന്‍ കൊണ്ട് ശക്തരാവുക!!!
ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

ബ്‌ളോഗറുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ അഭിപ്രായങ്ങള്‍ പെട്ടെന്ന് വരണമെന്നു കരുതിയാണ് അടച്ചിരുന്ന വാതില്‍ വീണ്ടും തുറന്നത്. ഇത് പലരും ദുരുപയോഗം ചെയ്യുന്നു. സ്വന്തം വ്യക്തിത്വം മറച്ചു വച്ച് അഭിപ്രായങ്ങള്‍ എഴുതുവാന്‍ വേണ്ടി മാത്രം ബ്‌ളോഗുണ്ടാക്കുന്നവര്‍ (No postകാര്‍) ദയവു ചെയ്ത് ഇങ്ങോട്ട് വരരുതെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.

കൊമ്പന്‍ said...

ഇതൊക്കെ പറയല്‍ തുടങ്ങിയിട്ടും പരിഹാരത്തിന് സര്‍വേകളും കമ്മീഷനുകളും ഒക്കെ കാണല്‍ തുടങ്ങീട്ടും കാലം ഇമ്മിണി ആയി ഒരു ഫലവും ഉണ്ടായില്ല ഇതൊക്കെ ആരോട് പറയാന്‍

ശ്രീനാഥന്‍ said...

നല്ല ലേഖനം പരിഷത്തിന്റെ പഠനം എടുത്ത് ചേർത്തത് നന്നായി. ഈ സത്യം മറച്ചു പിടിച്ചാണ് പലരും സംസാരിക്കുന്നത്. ഒരു മുന്നോക്ക സമുദായ കോർപ്പറേഷന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം അവർക്ക് ജാതീയമായ അവശതയില്ല. ജാതീയമായ അവശതയുള്ള വിഭാഗങ്ങളേ അത്ത്രം ഒരു പരിഗണന അർഹിക്കുന്നുള്ളു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഉൾക്കാഴ്ച നൽകുന്ന ലേഖനം.

Unknown said...

ഏകദേശം 9 വര്ഷം മുന്‍പ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലല്ലേ ഈ പോസ്റ്റ്‌, അപ്പൊള്‍ ആ പ്രസംഗവും കൂടെ ചേര്‍ക്കാമായിരുന്നു. ആ 'ക്രൂശിതപ്രസംഗ'ത്തില്‍ ഇത്രയധികം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

7 വര്‍ഷം മുമ്പ് നടത്തിയ പ്രസംഗമല്ലായിരുന്നു പ്രധാന വിഷയം. 7 വര്‍ഷം മുമ്പ് നടത്തിയ ആ പ്രസംഗത്തെ ചോദ്യം ചെയ്ത് അക്കാലത്തുതന്നെ ഞാന്‍ 'സമീക്ഷ'യില്‍ ലേഖനം എഴുതിയിരുന്നു-'ഏ.കെ.ആന്റണി കുടമാളൂരില്‍ കണ്ട കാഴ്ചകള്‍' എന്ന തലക്കെട്ടില്‍. ഈ ലേഖനത്തിന്റെ വിഷയത്തില്‍ അതു പ്രസക്തമാണെന്നു തോന്നിയതിനാലാണ് ഉദ്ധരിച്ചു ചേര്‍ത്തത്. യോഗക്ഷേമസഭയിലെ യോഗത്തില്‍ നമ്പൂതിരിമാര്‍ എത്തിയത് സെക്കന്റ്ഹാന്റ് കാറിലും ഓട്ടോറിക്ഷകളിമാണെന്നു പറയുന്ന കറകളഞ്ഞ നുണ ഏഴല്ല ഏഴായിരം വര്‍ഷം കഴിഞ്ഞാലും നുണമായിത്തന്നെ നിലനില്‍ക്കും.

മണ്ടൂസന്‍ said...

മുന്നോക്ക സമുദായം പിന്നോക്ക സമുദായം സവർണ്ണർ അവർണ്ണർ.

ഞാനീ നാട്ടുകാരനല്ല.

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.' അത് പോലും ജാതീയമായി. പിന്നല്ലേ ? ആശംസകൾ.