My Blog List

Tuesday, February 07, 2012

അണ്ണാ ഹസാരെ അന്നു ഓടിയില്ലായിരുന്നെങ്കില്‍!

മക്തബ് സായാഹ്ന ദിനപത്രം 02.02.2012.

        നമുക്ക് തിരിച്ചുകിട്ടിയ മഹാനാണ് അണ്ണാ ഹസാരെ! ഈ മഹാനെ നമുക്ക് എങ്ങനെയാണ് മടക്കിക്കിട്ടിയത് എന്നതിനെക്കുറിച്ച് 15.01.2012 ലെ 'കേരളശബ്ദം'വാരികയില്‍ സനല്‍ ഇടമറുക് വിവരിക്കുന്നുണ്ട്. മുംബൈ നിവാസികള്‍ക്ക് ഏറെ പരിചിതനാണ് ഖയിര്‍നാര്‍ എന്ന ഉദേ്യാഗസ്ഥന്‍. ബ്രിഹാന്‍ മുംബെയ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു ജി.ആര്‍.ഖയിര്‍നാര്‍. രാഷ്ട്രീയ മുതലാളിമാരുടെയും മാഫിയാ സംഘങ്ങളുടെയും ബിസിനസ്സ് കുത്തകകളുടെയും ഭീഷണികളെ വെറും പുല്ലായി കണക്കാക്കിയ ധീരനായിരുന്നു ഖയിര്‍നാര്‍. കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച ഈ മാഫിയാ സംഘങ്ങള്‍ക്കെതിരെ വളരെ ശക്തമായ നിലപാടാണ് അദ്ദേഹമെടുത്തത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അദ്ദേഹം ഇടിച്ചുനിരപ്പാക്കുകതന്നെ ചെയ്തു. ധീരനും സത്യസന്ധനുമായ ഈ ഉദേ്യാഗസ്ഥന് ഒരു വീരനായകന്റെ സ്ഥാനമാണ് മുംബെയിലെ സാധാരണക്കാര്‍ നല്‍കുന്നത്. അഴിമതിവിരുദ്ധനായ ഒരാള്‍ക്ക് സ്വാഭാവികമായും അഴിമതികള്‍ക്കെതിരെ രംഗത്തു വരുന്ന വ്യക്തികളോട് അടുപ്പം തോന്നുമല്ലോ. അങ്ങനെയാണ് ഡല്‍ഹിയില്‍ അഴിമതി വിരുദ്ധ സമരം നടത്തുന്ന അണ്ണായോട് ഖയിര്‍നാറിന് ഇഷ്ടം തോന്നിയത്. അദ്ദേഹം അണ്ണായെ ചെന്നു കാണുകയും സമരത്തിന് പിന്തുണ നല്‍കുകയും ചെയ്തു.
                                      
       അദ്ദേഹം നമ്മുടെ അണ്ണായുമായി പല കാര്യങ്ങളും സംസാരിച്ചു. കൂട്ടത്തില്‍, അണ്ണാ ആരോഗ്യം ശ്രദ്ധിക്കണമെന്നും അണ്ണായുടെ ജീവിന്‍ രാജ്യത്തിനു വിലപ്പെട്ടതാണെന്നും അണ്ണായെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. സ്വന്തം ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്നും അത് രാഷ്ട്രത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും നന്നായി തിരിച്ചറിഞ്ഞിട്ടുള്ള ആള്‍ എന്ന നിലയില്‍ പണ്ടൊരവസരത്തില്‍ സ്വജീവന്‍ രക്ഷിച്ച കഥ അണ്ണാ ഉത്സാഹത്തോടെ ഖയിര്‍നാറിനോട് വിശദീകരിച്ചു. 1965 ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധകാലം. അണ്ണാ അക്കാലത്ത് സൈന്യത്തിലെ ഡ്രൈവറായി സേവനമനുഷ്ഠിക്കുകയാണ്. ജവാന്മാരെ വഹിച്ചുകൊണ്ടുള്ള ഒരു വാഹനം യുദ്ധവേളയില്‍ ഓടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാക് സൈനികര്‍ ആ വാഹനത്തിനുനേരെ വെടിയുതിര്‍ത്തു. സ്വന്തം ജീവന്റെ വില അറിയാമായിരുന്ന അണ്ണാ വാഹനത്തെയും ജവാന്മാരെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അങ്ങനെ ജീവന്‍ രക്ഷിച്ചതുകൊണ്ടാണ് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്യാന്‍ തനിക്കു പറ്റുന്നത് എന്ന് അണ്ണാ അവകാശപ്പെടുകയുണ്ടായി.
                               ജി.ആര്‍.ഖയിര്‍നാര്‍              
           അതെ, ശരിതന്നെ. അന്ന് അണ്ണാ ഓടാതിരുന്നെങ്കില്‍ ഇന്ന് നമുക്ക് ഈ അണ്ണായെ, അഴിമതിക്കെതിരെ പോരാടാന്‍ കിട്ടില്ലായിരുന്നു! പക്ഷേ, ഖയിര്‍നാറിന് ഈ വെളിപ്പെടുത്തില്‍ ഇഷ്ടപ്പെട്ടില്ല. തന്നോടൊപ്പം ഉണ്ടായിരുന്ന പടയാളികളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കാതെ അവരെ ശത്രുസേനയുടെ വെടിയുണ്ടകള്‍ക്ക് വിട്ടുകൊടുത്ത് സ്വജീവിതം സംരക്ഷിച്ച അണ്ണാ ഹസാരെ കടുത്ത ഭീരുവാണെന്നാണ് പിന്നീട് ഖയിര്‍നാര്‍ അഭിപ്രായപ്പെട്ടത്. ഖയിര്‍നാറിന് അങ്ങനെ പറഞ്ഞാല്‍ മതി. ത്യാഗത്തിന്റെ വില ത്യാഗികള്‍ക്കേ അറിയൂ. അന്ന് അണ്ണാ മണ്ടാതിരുന്നെങ്കില്‍ കിരണ്‍ ബേഡിയെപ്പോലുള്ളവര്‍ക്ക് കൂട്ടുകൂടാന്‍ ആരെ കിട്ടും. അതെ, കള്ള യാത്രാപ്പടി വാങ്ങിയത് വെളിച്ചത്തായപ്പോള്‍ അത് തിരിച്ചടച്ച് മാതൃക കാണിച്ച സത്യസന്ധയായ കിരന്‍ ബേഡിക്ക് അഴിമതി വിരുദ്ധ സമരം നടത്താന്‍ ആരാണ് വേദിയൊരുക്കിക്കൊടുക്കുക!?
           തന്റെ ഗ്രാമമായ റെലെഗാന്‍ സിദ്ദിയിലെ ദലിതര്‍ക്കും മറ്റും അണ്ണാ നല്ല നല്ല കാര്യങ്ങളാണ് ഉപദേശിച്ചുകൊണ്ടിരിക്കുന്നതും അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. ദലിതരെ മറ്റുള്ളവര്‍ വെറുക്കാന്‍ കാരണം അവരുടെ ഭക്ഷണ രീതികളും ജീവിതരീതികളുമൊക്കെയാണെന്നാണ് അണ്ണാ പറയുന്നത്. വളരെ വാസ്തവം! പരിപ്പും നെയ്യും പശുവിന്‍പാലും അണ്ടിപ്പരിപ്പും തങ്കഭസ്മവുമൊന്നും കഴിക്കാതെ അതുമിതം വാരിവലിച്ചു തിന്നുന്നത് ശരിയോ? പാടത്തും പറമ്പിലും മറ്റും പണിയെടുത്ത് മുഷിഞ്ഞ വസ്ത്രങ്ങളുമായി നടക്കുന്നത് മാന്യതയാണോ?
           ''ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, ഒഴു തട്ടാന്‍, ഒരു കുംഭാരന്‍......എന്നിങ്ങനെ വര്‍ണാശ്രമധര്‍മ്മം പാലിക്കപ്പെടണമെന്നത് ഗാന്ധിജിയുടെ ഒരു സ്വപ്നമായിരുന്നു. ഓരോരുത്തരും അവരവരുടെ തൊഴിലും ധര്‍മ്മവും അനുസരിച്ചുവേണം പ്രവൃത്തി ചെയ്യാന്‍. സ്വാശ്രയ ഗ്രാമത്തിന്റെ സൃഷ്ടി ഇങ്ങനെയാണ്. റെലഗാന്‍ സിദ്ദിയില്‍ ഞങ്ങള്‍ അനുവര്‍ത്തിക്കുന്നതും ഇതേ മാതൃകയാണ്''. തന്റെ ഗ്രാമഭരണത്തെപ്പറ്റി അണ്ണാ നടത്തിയ അഭിപ്രായമാണിത്. നോക്കൂ, അണ്ണാ എത്രമാത്രം നല്ല കാര്യങ്ങളാണ് പറയുന്നത്! കന്നുപൂട്ടാന്‍ പൊലയര്, ഞാറുനടാനും കൊയ്യാനും ചെറുമര്, തേങ്ങയിടാന്‍ തിയ്യര്, തങ്കത്താലി പണിയാന്‍ തട്ടാന്മാര്, അരമന പണിയാന്‍ ആശാരിമാര്. രാജാക്കന്മാരാകാനും മന്ത്രിമാരാകാനും കാര്യസ്ഥന്മാരാകാനും അതുവഴി മേല്‍പ്പറഞ്ഞവരുടെ അദ്ധ്വാനഫലങ്ങള്‍ അനുഭവിക്കാനും അവരുണ്ടാക്കിയത് അണ്ണാക്കുതൊടാതെ വിഴുങ്ങാനും അണ്ണാ ഹസാരെമാരും കിരണ്‍ ബേഡിമാരും! നല്ല കാര്യംതന്നെ! സ്വാശ്രയ ഗ്രാമമെന്ന് വിളിക്കുന്ന, അണ്ണായുടെ ഈ ആശയം നടപ്പിലായാല്‍ പിന്നെ നാട്ടില്‍ യാതൊരു കച്ചറയുമില്ല.
            അണ്ണാ പറയുന്ന, 'സ്വാശ്രയ ഗ്രാമം' അഥവാ 'സ്വയം പര്യാപ്ത ഗ്രാമം' എന്ന ആശയത്തെക്കുറിച്ച് മാര്‍ക്‌സ് 1853-ല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ''പുറമേക്ക് നിരുപദ്രവമെന്നു തോന്നിക്കുന്ന ശാലീനങ്ങളായ ഈ ഗ്രാമ സമുദായങ്ങളായിരുന്നു എക്കാലവും പൗരസ്ത്യ സ്വേച്ഛാധിപത്യത്തിന്റെ അടിയുറച്ച അസ്ഥിവാരമായി നിലകൊണ്ടിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. മനുഷ്യന്റെ മനസ്സിനെ അന്ധവിശ്വാസത്തിന്റെ കരുവാക്കുകയും പാരമ്പര്യ നിയമങ്ങള്‍ക്ക് അടിമപ്പെടുത്തുകയും അതിന്റെ മുഴുവന്‍ മഹിമയും ചരിത്രശേഷിയും നഷ്ടപ്പെടുത്തി, ഏറ്റവും സങ്കുചിതമായ അതിരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തിയിരുന്നത് ഈ ഗ്രാമസമൂഹങ്ങളായിരുന്നു എന്ന വസ്തുതയും നാം വിസ്മരിക്കരുത്. ഏതെങ്കിലും ഒരു ചെറുതുണ്ടു ഭൂമിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് സാമ്രാജ്യങ്ങള്‍ മണ്ണടിയുന്നതും വിവരിക്കാനാവാത്തതരം ക്രൂരതകള്‍ നടത്തുന്നതും വന്‍നഗരങ്ങളിലെ ജനതയെ കശാപ്പു ചെയ്യുന്നതും ഒരു പ്രകൃതികോപം എന്നതില്‍ കവിഞ്ഞ യാതൊരു പരിഗണനയും കൂടാതെ കൈയുംകെട്ടി നോക്കി നില്‍ക്കുകയും അതേസമയം ഏതെങ്കിലും ആക്രമണകാരിയുടെ ദൃഷ്ടയില്‍പ്പെട്ട് അവന്‍ തന്റെമേല്‍ ചാടിവീഴാന്‍ തുടങ്ങിയാല്‍ സ്വയം നിസ്സഹായനായി കുമ്പിട്ടു നില്‍ക്കുകയും ചെയ്തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കാന്‍ പാടില്ല. മറുവശത്ത് അന്ത:സാരശൂന്യവും നിഷ്‌ക്രിയവുമായ ഈ നിലനില്‍പ്പ് വന്യവും ലക്ഷ്യരഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചുവിടുകയും നരഹത്യയെത്തന്നെ ഹിന്ദുസ്ഥാനിലെ ഒരു മതചടങ്ങാക്കി മാറ്റുകയും ചെയ്തുവെന്നതും മറക്കാന്‍ പാടുള്ളതല്ല. ജാതിവ്യത്യാസങ്ങളും അടിമത്തവും ഈ ചെറുസമൂഹങ്ങളുടെ തീരാശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനു പകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്തതെന്നും സ്വയം വികസികമായ ഒരു സമൂഹികാവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതിദത്തമായ തലവിധിയാക്കിക്കൊണ്ട് മൃഗപ്രായമായ പ്രകൃതി പൂജയ്ക്ക് ജന്മം നല്‍കിയെന്ന വസ്തുതയും നാം വിസ്മരിക്കാന്‍ പാടില്ല. ഈ അധ:പതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാന്‍ എന്ന കുരങ്ങന്റെയും ശബല(കാമധേനു എന്ന പശുവിന്റെയും)യുടെയും മുന്നില്‍ സാഷ്ടാംഗം പ്രണാമം ചെയ്യിപ്പിച്ചു'' 
         മാര്‍ക്‌സിന്റെ ഈ ആശയം മിക്ക കമ്മ്യൂണിസ്റ്റുകാര്‍ക്കും മനസ്സിലാകാതിരുന്നത് ഭാഗ്യം! മനസ്സിലായിരുന്നെങ്കില്‍ അവര്‍ അണ്ണായെ പിന്തുണയ്ക്കില്ലായിരുന്നു. അണ്ണാ ഹസാരെയുടെ സമരത്തിനുള്ള ഇന്ത്യന്‍ ഇടതുപക്ഷബാന്ധവം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.
                                ...................

16 comments:

Umesh Pilicode said...

അണ്ണാ അക്കാലത്ത് സൈന്യത്തിലെ ഡ്രൈവറായി സേവനമനുഷ്ഠിക്കുകയാണ്. ജവാന്മാരെ വഹിച്ചുകൊണ്ടുള്ള ഒരു വാഹനം യുദ്ധവേളയില്‍ ഓടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാക് സൈനികര്‍ ആ വാഹനത്തിനുനേരെ വെടിയുതിര്‍ത്തു. സ്വന്തം ജീവന്റെ വില അറിയാമായിരുന്ന അണ്ണാ വാഹനത്തെയും ജവാന്മാരെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അങ്ങനെ ജീവന്‍ രക്ഷിച്ചതുകൊണ്ടാണ് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്യാന്‍ തനിക്കു പറ്റുന്നത് എന്ന് അണ്ണാ അവകാശപ്പെടുകയുണ്ടായി.


mashe.. apt.. :))

like it..!!

കൊമ്പന്‍ said...

ഹസാരെ തന്നെ പറയട്ടെ ഇങ്ങനെ അയാളുടെ പോരായ്മകള്‍
ആദ്യം തന്നെ സംശയം തോന്നിയതാണ് ഉദ്ദേശ ശുദ്ധിയില്‍

മണ്ടൂസന്‍ said...

എന്തോ,എന്തിരോ ഇനി എപ്പഴെങ്കിലും വേറെ കഥകളും കേൾക്കേണ്ടി വരും. ഒരു കാര്യം അറിയിച്ച് തന്നു. ആശംസകൾ.

ആചാര്യന്‍ said...

ഹഹ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധി ആകില്ലാ എന്ന് ഇപ്പൊ ശേരി ആയില്ലേ?

Joselet Joseph said...

ഭാവിയെക്കുറിച്ചു ആശങ്ക മാത്രം കൈമുതലായുള്ള ചോരത്തിളപ്പുള്ള യുവാക്കളെ, ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞ ബാഹ്യശക്തികളുടെ ഓശാരം പറ്റിയ നേതാക്കള്‍ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ക്കറിവില്ല. ഇന്ന് ആരെ വിശ്വസിക്കും? അവരുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ നിങ്ങളെയോര്‍ത്തത്! ഒരു ജനതയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ചിന്താശക്തിയെ, ആത്മാര്‍ത്ഥമായ ആഹ്വാനങ്ങളെ, രക്തരഹിത വിപ്ലവങ്ങളെ. സമയം പോലെ ഒന്ന് നോക്കൂ മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്? ഞങ്ങളിലേക്ക് മടങ്ങിവരൂ

khaadu.. said...

എന്തൊക്കെ ബഹളങ്ങളായിരുന്നു.. രണ്ടാം ഗാന്ധി, നിരാഹാരം, അറസ്റ്റ് , ജയില്‍, .....അപ്പൊ ഇതായിരുന്നു അണ്ണന്റെ കയ്യിലിരിപ്പ് ...ല്ലേ.......

Cv Thankappan said...

ഹോ!എന്തെന്ത് മറിമായങ്ങള്‍!,!
ഇനി എന്തൊക്കെ കേള്‍ക്കണം?കാണണം?!

കൂതറHashimܓ said...

ഇത്തരം മറുപുറങ്ങളും തീർച്ചയായും മനസ്സിലാക്കേണ്ടത് തന്നെ

ASOKAN T UNNI said...

G O O D...!

ഷാജു അത്താണിക്കല്‍ said...

ഒരു ഹസാരെ മാത്രമോ ഗാന്ധിയന്‍

Elayoden said...

ഗാന്ധിയന്‍ ദര്‍ശനം നമുക്ക് എന്നെ നഷ്ടപ്പെട്ടു, അതും ഇന്ന് വെറും സ്വയം ലാഭത്തിനു വേണ്ടി വില്‍ക്കപെടുന്നു..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ആരുടെഒക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാനും ആരെയൊക്കെയോ താറടിക്കാനും വൻ കോർപറെറ്റുകളുടെ ഒത്താശയോടെ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാർ നിയന്ത്രിച്ചിരുന്ന രാംലീല മൈതാനിയിലെ ഉൽസവാഘോഷങ്ങളുടെ ബാഡ്ജ് കുത്തിയ വെറും ആഘോഷ കമ്മറ്റി സെക്രട്ടറി..!!

ajith said...

ഈ ബ്ലോഗുലകത്തില്‍ അണ്ണാ കൊണ്ടാടപ്പെട്ട ആദ്യനാളുകളില്‍ പോലും ഒരു തവണയെങ്കിലും ഞാന്‍ അയാളെപ്പറ്റി ഒരു പ്രതീക്ഷ പുലര്‍ത്തുന്ന അഭിപ്രായമോ പുകഴ്ത്തിപ്പാടലോ നടത്തിയിട്ടില്ല. ഇതൊരു കള്ളനാണയമെന്ന് എന്തോ ഒരു തോന്നല്‍ അന്നുമുതല്‍ക്കേ എന്നില്‍ ശക്തമായിരുന്നു.

ശ്രീനാഥന്‍ said...

ഹസാരേയെ സംശയത്തോടെ മാത്രമേ കണ്ടിട്ടുള്ളു. നല്ല ലേഖനം. വർണ്ണാശ്രമത്തെ പരിപാലിക്കുന്നതിനെ കുറിച്ചു പറഞ്ഞത് , മാർക്സിന്റെ ഉദ്ധരണി .. ഒരു ചെറുകുറിപ്പിൽ ഒത്തിരി നിറച്ചിരിക്കുന്നു താങ്കൾ, നന്ദി.

Baiju Elikkattoor said...

http://kaalidaasan-currentaffairs.blogspot.com/2012/02/blog-post.html

:)

ബെഞ്ചാലി said...

ഗാന്ധിയനെന്നു വിളിക്കാനും വേണ്ടെ ചില ക്വോളിറ്റികൾ..
ബിംബങ്ങളെ സൃഷ്ടിക്കുന്ന ഒരോ രീതികൾ..