My Blog List

Monday, October 24, 2011

കോണ്‍ഗ്രസ്സുകാരുടെ 'യോദ്ധാസംസ്‌കാരം'!


മക്തബ് സായാഹ്ന പത്രം, 20.10.2011.


       പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസ്സുകാരനായ സജി മരൂര്‍ എന്ന തിയ്യബ്രാഹ്മണന്‍ മുമ്പത്തെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ പട്ടികജാതിക്കാരായിരുന്നതിന്റെ പേരില്‍ അയിത്തം കാണിച്ചതിനെക്കുറിച്ച് ഞാന്‍ 24.11.2010 ലെ 'മക്തബില്‍' എഴുതിയത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. ജാതിമൂലം ഏറെ പീഢനങ്ങളനുഭവിച്ചവര്‍ തന്നെയാണ് കേരളത്തിലെ തിയ്യ/ഈഴവ വിഭാഗവും. സാമൂഹിക വിപ്‌ളവകാരികള്‍ പടപൊരുതി നേടിയെടുത്ത സ്വാതന്ത്ര്യംകൊണ്ട് ഈ വിഭാഗത്തിന് ഇപ്പോള്‍ ഏറെക്കുറെ പരിഗണന കിട്ടിത്തുടങ്ങി. പക്ഷേ, ഈ തിരിച്ചറിവില്ലാത്ത പലരും സ്വയം ഈഴവ/തിയ്യബ്രാഹ്മണരായി മാറുകയാണ്. ഇത്തരത്തില്‍പ്പെട്ട ഒരു ഈഴവബ്രാഹ്മണനാണ് സജി മരൂര്‍. സജി മരൂരിന്റെ രക്തം തന്നെയാണ് കേരളത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരുടെയും ഞരമ്പുകളിലൂടെ മത-ജാതി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മതത്തിനെ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വം തന്നെയാണ്. മതം മാറിയാലും മിക്കവരും ജാതി മാറിയിട്ടില്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
           കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഈയിടെ അരങ്ങേറിയ സംഭവം ഇതിനെ ഒന്നുകൂടി ശരിവയ്ക്കുന്നു. കണ്ണൂര്‍ ഡി.സി.സി.പ്രസിഡണ്ട് കെ.പി.രാമകൃഷ്ണനെ ജാതി പറഞ്ഞ് ആക്ഷേപിച്ച് ചില കോണ്‍ഗ്രസ്സുകാര്‍ തളിപ്പറമ്പില്‍ പോസ്റ്റര്‍ പതിച്ചുവെന്നാണ് വാര്‍ത്ത(മക്തബ്, 07.10.2011). കെ.പി.രാമകൃഷ്ണനും കോണ്‍ഗ്രസ്സുകാരും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് ഈ ലേഖകന് അറിയില്ല. ഇത്തരം വാര്‍ത്തകളില്‍ കാര്യമായി ശ്രദ്ധ കൊടുക്കാറില്ല. ഒരുപക്ഷേ തെറ്റ് രാമകൃഷ്ണന്റെ ഭാഗത്തായിരിക്കാം. എങ്കിലും ഒരു വ്യക്തിയെ വിമര്‍ശിക്കുമ്പോള്‍ അത് ഒരിക്കലും ആ വ്യക്തിയുടെ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ വര്‍ണം നോക്കിയാകരുത്. പക്ഷേ, വര്‍ണവെറിയന്മാര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലല്ലോ. സജി മരൂരിന്റെ രക്തം ഞരമ്പുകളിലൂടെ ഓടുന്ന ഇക്കൂട്ടര്‍ക്കുള്ളത് ഒരുതരം 'യോദ്ധാ സംസ്‌കാരം'ആണല്ലോ. 
          മോഹന്‍ ലാലും ജഗതി ശ്രീകുമാറുമൊക്കെ അഭിനയിച്ചതും ഏറെ പണം കൊയ്തതുമായ ഒരു സിനിമയാണ് 'യോദ്ധ'. ജാതി വിവേചനത്തിനെതിരെ രംഗത്തു വന്ന ശ്രീബുദ്ധന്റെ പാരമ്പര്യത്തിന്റെ കണ്ണിയെന്ന് അവകാശപ്പെടുന്ന ഒരു കൊച്ചുകുട്ടി ഈ സിനിമയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. അപ്പുക്കുട്ടന്‍ എന്നാണ് ജഗതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ ജഗതിയെ ഈ കൊച്ചുകുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. 'അപ്പുക്കുട്ടന്‍'എന്നതിനു പകരം മലയാളമറിയാത്ത കൊച്ചുകുട്ടി പറയുന്നത്'അമ്പട്ടന്‍'എന്നാണ്. ഇതുകേട്ടപ്പോള്‍ ജഗതിയുടെ ഭാവം മാറി. അപ്പോള്‍ ലാല്‍ ജഗതിയെ സമാധാനിപ്പിച്ചു. 'അമ്പട്ടന്‍'എന്നു പറഞ്ഞാല്‍ നേപ്പാളി ഭാഷയില്‍ 'അപ്പുക്കുട്ടന്‍'എന്നാണ് അര്‍ത്ഥം എന്നായിരുന്നു ലാലേട്ടന്റെ വിശദീകരണം.
        വളരെ ബോധപൂര്‍വ്വം തന്നെയാണ് സിനിമാക്കാരന്‍ ഈ രംഗമൊരുക്കിയത്. ക്‌ളീന്‍ ഷേവ് ചെയ്ത് ഒരു വെട്ടുകത്തികൊണ്ട് താടി വടിക്കുന്നത് പോലെ ആക്ഷന്‍ കാണിച്ചായിരുന്നു ജഗതിയുടെ വരവ്. 'അമ്പട്ടന്‍'എന്നു കേട്ടപ്പോള്‍ ഭാവം മാറുകയും ജഗതി കത്തി താഴ്ത്തുകയും ചെയ്തു. ജാതി വിവേചനത്തിനെതിരെ രംഗത്തുവന്ന ശ്രീബുദ്ധ സംസ്‌കാരത്തിന്റെ പ്രതിനിധിയാണെന്നവകാശപ്പെടുന്ന ഒരു കുട്ടിയെക്കൊണ്ടാണ് സിനിമാക്കാരന്‍ ജാതിപരമായ ഈ ആക്ഷേപ വാക്ക് പറയിപ്പിച്ചിരിക്കുന്നത്. 'തമാശ'കേട്ട് നമ്മള്‍ ഭൂരിഭാഗം പേരും ചിരിച്ചു. കാരണം, നമ്മള്‍ ഭൂരിഭാഗം പേരും 'അമ്പട്ടന്മാര്‍'അല്ലല്ലോ.
         ബാര്‍ബര്‍മാരെ ആക്ഷേപിച്ചു വിളിക്കുന്ന പേരാണ് അമ്പട്ടന്‍ അഥവാ അമ്പുട്ടാന്‍. എന്താണാവോ ഇക്കൂട്ടര്‍ സമൂഹത്തിന് ചെയ്ത ദ്രോഹം? 'ബാര്‍ബര്‍മാരും ടൈലര്‍മാരും മനുഷ്യരെ സുന്ദരന്മാരാക്കുന്നു'എന്ന് ഒരു ആംഗലേയ സാഹിത്യകാരന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ലാലിനെയും ജഗതിയെയുമൊക്കെ സുന്ദരന്മാരാക്കുന്നതാണോ ഇവര്‍ ചെയ്ത തെറ്റ്? 'നാടു ഭരിക്കാന്‍ അറിയില്ലെങ്കില്‍ താടിവടിക്കാന്‍ പൊയ്ക്കൂടെ'എന്ന മുദ്രാവാക്യം ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്; മലപ്പുറത്തെ ബാര്‍ബര്‍മാരില്‍ ബഹുഭൂരിപക്ഷവും അണിനിരന്ന പാര്‍ട്ടിക്കാരില്‍ നിന്നുതന്നെ.
       കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഒരിക്കല്‍ അതിഥിയായി അമേരിക്കയില്‍ പോയി. അവിടുത്തെ ഒരു ഉയര്‍ന്ന ഉദേ്യാഗസ്ഥനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. മുടിവെട്ടാനുള്ളതുകൊണ്ട് പോകാന്‍ ധൃതിയുണ്ടെന്ന് അദ്ദേഹം ആ ഉദേ്യാഗസ്ഥനോട് പറഞ്ഞു. അപ്പോള്‍ ആ ഉദേ്യാഗസ്ഥന്‍ ഇങ്ങനെ പറഞ്ഞുവെത്ര. 'മുടിവെട്ടാന്‍ പോകാന്‍ താങ്കള്‍ ധൃതികൂട്ടേണ്ട. എന്റെ മകള്‍ ഈ വിഷയത്തില്‍ ഡിഗ്രി നേടിയവളാണ്. അവള്‍ താങ്കളുടെ മുടി വെട്ടിത്തരും'. ആ ഉയര്‍ന്ന ഉദേ്യാഗസ്ഥന്റെ മകള്‍ ആ രാഷ്ട്രീയ നേതാവിന്റെ മുടി വെട്ടിക്കൊടുത്തുവത്രെ. എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യമാണിത്. ഏറെ പുരോഗമിച്ചു എന്നു പറയുന്ന കേരളീയര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ നൂറ്റാണ്ടുകള്‍തന്നെ വേണ്ടി വരുമെന്നു പറഞ്ഞാല്‍ അത് അത്രമാത്രം അതിശയോക്തിയാവില്ല.
    'അമ്പട്ടാ രാജി വെച്ച് പുറത്ത് പോകുക'എന്ന് രാമകൃഷ്ണനെതിരെ പോസ്റ്റര്‍ പതിച്ച, നിന്ദ്യവും നീചവും നികൃഷ്ടവുമായ മനസ്സുള്ള കോണ്‍ഗ്രസ്സുകാര്‍ ഏതു മതേതരത്വത്തിലും ജാതേ്യതരത്വത്തിലും സോഷ്യലിസത്തിലുമാണാവോ വിശ്വസിക്കുന്നത്? ഡോ:ബി.ആര്‍.അംബേദ്കര്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ അയിത്താചരണം നിരോധിച്ചിട്ടുണ്ട്. അയിത്തം കാണിച്ചാല്‍ ശിക്ഷിക്കാന്‍ നിയമവും ഉണ്ടാക്കിയിട്ടുണ്ട്. ഈ പോസ്റ്റര്‍ പതിച്ച വര്‍ണവെറിയന്മാരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
      ഈ 'യോദ്ധാ സംസ്‌കാരം' കോണ്‍ഗ്രസ്സുകാരുടെ മാത്രം സംസ്‌കാരമല്ലകെട്ടോ. മിക്ക കേരളീയന്റെയും സംസ്‌കാരമാണിത്. ഇടതുപക്ഷ ചാനലായാണല്ലോ 'കൈരളി'യെ വിശേഷിപ്പിക്കാറ്. അതിലൊരിക്കല്‍ ഒരു 'തമാശ'പ്പരിപാടിയുണ്ടായി. ഒരു യുവാവ് നൃത്തം ചെയ്യുകയാണ്. കൈകൊണ്ട് പ്രതേ്യക രീതിയില്‍ ആംഗ്യം കാണിച്ചായിരുന്നു നൃത്തം. അപ്പോള്‍ ഒരുത്തന്‍ 'തമാശ' പറയുകയാണ്- 'ഓ,അപ്പോള്‍ ഇതായിരുന്നു പണിയല്ലേ'. കത്രികകൊണ്ട് മുടി മുറിക്കുന്നതുപോലെ വിരല്‍ ചലിപ്പിച്ചായിരുന്നു ആ യുവാവ് നൃത്തം ചെയ്തിരുന്നത്. ബാര്‍ബര്‍ എന്ന തൊഴിലാളി വര്‍ഗ്ഗത്തിനോടെടുക്കുന്ന 'കൈരളി സംസ്‌കാരം' ഇതാണെങ്കില്‍ 'ജയ്ഹിന്ദ് സംസ്‌കാരം' മറിച്ചാകുമോ ?!!
...............

Tuesday, October 18, 2011

പ്രാര്‍ത്ഥന

'ഇന്ന്'മാസിക, ആഗസ്റ്റ്,2011

         നേതാവിന്റെ നെറികേടുകളെക്കുറിച്ച് മാത്രമേ അയാളുടെ നാവില്‍ നിന്നു പുറത്തു ചാടിയിട്ടുള്ളൂ. പക്ഷേ, മരണാസന്നനായി നേതാവ് ആശുപത്രിയിലായപ്പോള്‍ അയാള്‍ക്ക് നേതാവിനോട് പെട്ടെന്നൊരു സ്‌നേഹം അണപൊട്ടിയൊഴുകി. അയാള്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ''ദൈവമേ! കൂടുതല്‍ കഷ്ടപ്പെടുത്താതെ ആ പാവത്തിനെ നാലഞ്ച് ദിവസത്തിനകം പെട്ടന്നങ്ങ് കൊണ്ടുപോയാല്‍ മതിയായിരുന്നു''. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രാര്‍ത്ഥിച്ചിട്ടും ദൈവം നേതാവിനെ കൊണ്ടു പോയില്ല. ശനിയാഴ്ച രാവിലെ മുതല്‍ അയാള്‍ കൃഷിഭവനിലിരുന്ന് കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിച്ചു: '' ഭഗവാനേ! ഏതായാലും ഇതുവരെയും നീ ആ പാവത്തിനെ കൊണ്ടുപോയില്ല. ഇത്രയുമായ സ്ഥിതിക്ക് ഒരു രണ്ടു ദിവസത്തെ ആയുസ്സുകൂടി ആ പാവത്തിന് കൂട്ടിക്കൊടുക്കേണമേ. കാണാനുള്ളവരൊക്കെയൊന്ന് ആ പാവത്തിനെ ജീവനോടെ കണ്ട് തൃപ്തിയടഞ്ഞോട്ടെ ഭഗവാനെ!!''
..................
(ഒരു മുന്‍ മുഖ്യമന്ത്രി മരണാസന്നനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ അവധികളില്‍ ആനന്ദംകൊള്ളുന്ന ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്‍ പറഞ്ഞ അഭിപ്രായം കേട്ടപ്പോള്‍ എഴുതാന്‍ തോന്നിയ കഥയാണിത്)

Wednesday, October 12, 2011

ആനനിയമം

ഉണ്മ മാസിക, ആഗസ്റ്റ്,2011
 
ആന കുഴിയാനയോട്:
         ''ഇത്തിരിക്കുഞ്ഞനായ നിന്നെയൊന്നും ആരും പരിഗണിക്കില്ലെടോ. വലുപ്പത്തിനാണെടോ വലുപ്പവും ഗമയും. ആനയുടെ ജീവന്‍ പോയാല്‍ ചെരിഞ്ഞെന്നേ പറയൂ. നിന്റെ ജീവന്‍ പോയാലോ? ചത്തെന്നുപോലും പറയില്ല.''
          ''നിങ്ങളുടെ ആനനിയമം തെറ്റ്. കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളനോട്ടടി, കള്ളപ്പണമിടപാട് തുടങ്ങിയ ആനക്കള്ളത്തരങ്ങള്‍ ചെയ്ത നിങ്ങളുടെ മൊതലാളി നിങ്ങള്‍ക്കൊന്നും കുഴിയാനക്കള്ളന്‍പോലുമല്ല. ചപ്പുചവറുകളില്‍ കിടന്ന പഴയ ചെരുപ്പ് ചോദിക്കാതെ ചുളവില്‍ ചാക്കിലാക്കിയെന്ന് പറഞ്ഞ് ചുക്കിച്ചുളിഞ്ഞു ചടച്ചു നരച്ചു ജീവന്‍ പോകാറായ ആ തമിഴത്തിയെ ആനക്കള്ളത്തിയെന്നു വിളിച്ചല്ലേ നിങ്ങളുടെ മൊതലാളി തെങ്ങില്‍ കെട്ടിയിട്ട് അവരുടെ തലമണ്ട അടിച്ചു പൊട്ടിച്ചത്? ''
.................

Sunday, October 02, 2011

യുദ്ധം

മക്തബ് സായാഹ്ന ദിനപത്രം, 30.09.2011.
         കീഴേടത്തെ ചെക്കന്മാരും മേലേടത്തെ ചെക്കന്മാരും തമ്മില്‍ കുറച്ചുകാലമായി കടുത്ത ശത്രുതയിലാണ്. മുമ്പ് നടന്ന ഒരു പന്തുകളി മത്സരമാണ് ശത്രുതയ്ക്ക് തുടക്കം കുറിച്ചത്. കീഴേടത്തുകാരന്‍ അടിച്ച ഗോള്‍ ശരിക്കും ഗോളാണെന്ന് കീഴേടത്തുകാര്‍. അത് ഗോളല്ലെന്ന് മേലേടത്തുകാര്‍. തര്‍ക്കം അവര്‍ തമ്മിലുള്ള യുദ്ധമായി മാറി. പരസ്പരം കണ്ടാല്‍ യുദ്ധം നടക്കുന്ന അവസ്ഥയായി. അതിനിടെ, കീഴേടത്തെ ഒരു ചെക്കന്‍ പെങ്ങളെ കാണാനായി മേലേടത്തെത്തി. അവന്‍ കീഴേടത്തുകാരനാണെന്നറിഞ്ഞ മേലേടത്തെ ചെക്കന്മാര്‍ അവനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ചു. മറ്റൊരു ദിവസം മേലേടത്തെ ഒരു ചെക്കന്‍ അസുഖം ബാധിച്ച അമ്മാവനെ കാണാണായി കീഴേടത്തെത്തി. വിവരം മണത്തറിഞ്ഞ കീഴേടത്തെ ചെക്കന്മാര്‍ ശത്രുരാജ്യക്കാരന്റെ മേല്‍ ചാടിവീണു. കീഴേടത്തെ മണ്ണില്‍ ശത്രുരാജ്യക്കാരന്റെ ചോര വീണു. മേലേടത്തുകാരന്‍ ആശുപത്രിയിലായി. പൗരുഷ ബോധവും തറവാട് ബോധവും ദേശ ബോധവും ആത്മാഭിമാന ബോധവും കൊണ്ട് അവന്റെ ശരീരം വിറച്ചു. ഇന്നു തന്നെ ഇതിനു പ്രതികാരം ചെയ്യുമെന്ന് അവന്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു പ്രതിജ്ഞയെടുത്തു. പരിചരിക്കാന്‍ നിന്നവരെ തള്ളിമാറ്റി അവന്‍ ആശുപത്രിക്കിടക്കിയില്‍ നിന്നെഴുന്നേറ്റ് കീഴേടം ലക്ഷ്യമാക്കി ഓടി. കൂടെയുള്ളവര്‍ ഒപ്പം പാഞ്ഞു. 'മേലേടത്തുകാരനായ ഞാന്‍ ശത്രുരാജ്യമായ കീഴേടത്ത് ജനിച്ച ഒരാളെ അടിച്ചു വീഴ്ത്താതെ നാളെ സൂര്യനുദിക്കില്ല. ഇതു സത്യം! സത്യം!! സത്യം!!!'-അവന്‍ ഗര്‍ജ്ജിച്ചു. പത്തുപതിനഞ്ചുപേര്‍ ചേര്‍ന്ന് അവനെ ബന്ധനസ്ഥനാക്കി കൊണ്ടു വന്നു. പ്രതികാരദാഹം കൊണ്ട് അവന്റെ ശരീരം കിടുകിടാ വിറച്ചു; കണ്ണ് ചുമന്നു. അവന്‍ ചുണ്ട്‌കൊണ്ട് ഗോഷ്ടി കാണിക്കുകയും മുഷ്ടി ചുരുട്ടുകയും ചെയ്തു.

         അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. അവന്‍ അവന്റെ അമ്മയുടെ കരണക്കുറ്റിക്ക് തലങ്ങും വിലങ്ങും അടിച്ചു. അവര്‍ ബോധംകെട്ട് നിലത്തു വീണു. അവന്‍ പ്രതിജ്ഞ നിറവേറ്റുകയായിരുന്നു. അവന്റെ അമ്മ കീഴേടത്തുകാരിയായിരുന്നു.
....................