My Blog List

Thursday, January 29, 2015

ദലിതര്‍ ദൂരെ അകറ്റിനിര്‍ത്തേണ്ടവര്‍

കേരളശബ്ദം, 01 ഫെബ്രുവരി, 2015 
    പെണ്ണുങ്ങളാരും തന്നെ ബ്രാ ധരിക്കരുത്-'നാരീണാം ച തു സര്‍വ്വാസാം സ്തനവസ്ത്രാണി മാസ്ത്വിഹ' എന്നു കല്പനയുണ്ടായ നാടാണിത്. ''നമ്മുടെ രാജ്യത്തു സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷനു വശംവദയാകാത്ത സന്മാര്‍ഗ്ഗഹീനകളായ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു'' എന്ന വിളംബരം ഉണ്ടായതും ഈ നാട്ടില്‍തന്നെ. (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, ഇളംകുളം കുഞ്ഞന്‍പിള്ള). സ്വജാതിയിലോ മേല്‍ജാതിയിലോപെട്ടവര്‍ക്ക് കീഴ്‌പ്പെടാത്തവരാണ് അക്കാലത്ത് സന്മാര്‍ഗ്ഗഹീനകള്‍! അന്നത്തെ സന്മാര്‍ഗ്ഗം ലൈംഗികമയമായിരുന്നു. 'പൂരപ്രബന്ധം'വെണ്മണി മഹന്‍ നമ്പൂതിരിപ്പാടിന്റെ കൃതിയാണ്. 1872 ല്‍ രചിക്കപ്പെട്ട ഈ കൃതിയുടെ ഇതിവൃത്തം, കവിയും കൂട്ടരും തൃപ്പൂണിത്തുറനിന്ന് യാത്ര പുറപ്പെട്ട് ഇളങ്കുന്നത്തുപുഴയും ഞാറയ്ക്കലും മറ്റും വിശ്രമിച്ച് തൃശ്ശൂരെത്തി പൂരം കണ്ട് തിരിച്ചെത്തുന്നതുവരെ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ്. ഓരോ കടവിലും ഓരോ സ്ത്രീയെ പ്രാപിച്ചുകൊണ്ടായിരുന്നത്രെ യാത്ര! പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്നു കരുതുന്ന 'വൈശികതന്ത്ര'മാണത്രെ ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഭാഷാ കാവ്യങ്ങളില്‍ ഏറ്റവും പഴക്കമേറിയത്. എങ്ങനെ നല്ല വേശ്യയാകാം എന്നു ഒരമ്മ മകളെ ഉപദേശിക്കുന്ന കാവ്യമാണിത്. അനംഗസേന എന്ന ബാലികയ്ക്ക് അമ്മ നല്‍കുന്ന ഉപദേശമാണ് കാവ്യവിഷയം. വേശ്യാധര്‍മ്മത്തിന്റെ മഹിമയെ പ്രകീര്‍ത്തിക്കുന്ന ഈ കൃതിയില്‍, വൈശികകല അഭ്യസിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഉരി തവിടുപോലും നേടാന്‍ കഴിയില്ലെന്നും വൈശികകല അഭ്യസിക്കാന്‍ പ്രയാസമാണെങ്കിലും വളരെക്കാലം മനസ്സിരുത്തി പഠിച്ചാല്‍ ഈ കലയില്‍ പ്രാവീണ്യം നേടാമെന്നെുമൊക്കെ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട്. 'ഒരു രാത്രിപോലും നീ തനിച്ചു കിടക്കരുത്. ആണു ചേരാത്ത പെണ്ണും ചേറില്ലാത്ത വയലും ഒന്നിനും കൊള്ളുകയില്ലെന്നും' നമ്പൂതിരിക്കവി ഉപദേശിക്കുന്നു! (സാഹിത്യചരിത്ര സംഗ്രഹം, ഇളംകുളം കുഞ്ഞന്‍ പിള്ള)
      നമ്പൂതിരി ജന്മിവാഴ്ചക്കാലത്തു ഈ നാട്ടില്‍ നിലനിന്നിരുന്ന സവര്‍ണ ലൈംഗിക സംസ്‌കാരമായിരുന്നു ഇത്. 'വറ്റുകുത്തുക' എന്നൊരു പ്രയോഗമുണ്ട്. തിന്നാനും കുടിക്കാനുമൊക്കെ ഇഷ്ടംപോലെ. യാതൊരു ജീവിത പ്രയാസങ്ങളുമില്ല. പിന്നെ വേറെന്തു പണി? രസിക്കുകയും മദിക്കുകയും തന്നെ. ഈ രസിക്കലും മദിക്കലുമായിരുന്നു അന്നു നടന്നിരുന്നത്. എന്നാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇവര്‍ക്കൊക്കെ രസിക്കാനും മദിക്കാനും വേണ്ടിയുള്ള വിഭവങ്ങളൊരുക്കുവാന്‍ ചോര നീരാക്കി എല്ലു നുറുങ്ങി അടിമപ്പണി ചെയ്യുകയായിരുന്നു. ഈ ജന്മികാലഘട്ടത്തിലെ സവര്‍ണ ലൈംഗിക അരാജകത്വത്തിന്റെ ന്യൂജനറേഷന്‍ ഇന്റര്‍നെറ്റ് പിന്‍മുറക്കാരാണ് ഇന്നത്തെ ചുംബന സമരക്കാര്‍. ഈ സമരക്കാരെ മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ സമരത്തിനോടു ഉപമിക്കുന്നതും മറ്റും ശുദ്ധ അസംബന്ധമാണ്. ഫ്യൂഡല്‍ കാലഘട്ടത്തിലുണ്ടായിരുന്ന ഒരു ന്യൂനപക്ഷത്തിന്റെ വറ്റുകുത്തിസമരംതന്നെയാണ് ഇപ്പോഴത്തെ ചുംബന സമരം! അല്ലാതെ ഒരാണും പെണ്ണും സംസാരിക്കുമ്പോള്‍, ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍, പാര്‍ക്കിലോ കടപ്പുറത്തോ ഇരുന്ന സല്ലപിക്കുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ ചാടിവീഴുന്ന സദാചാരപ്പോലീസുകാരെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ സമരമൊന്നുമല്ല.
   മുന്‍പത്തെ രണ്ടു പ്രസിഡന്റുമാര്‍ പട്ടികജാതിക്കാരായതിനാല്‍ പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തില്‍ പുതുതായി ചുമതലയേറ്റ പ്രസിഡന്റ് ഓഫീസ് 'ശുദ്ധികലശം' നടത്തിയത് 2010 അവസാനത്തിലാണ്. ഈ 'കലശക്കാരന്‍' സവര്‍ണനല്ല ഈഴവനാണ് എന്നുകൂടി പ്രതേ്യകം ഓര്‍ക്കേണ്ടതുണ്ട്. ഇതില്‍നിന്നുതന്നെ, ഈ കേരളത്തില്‍പോലും അയിത്ത ചിന്തയും ജാതി ചിന്തയും എത്രമാത്രം സജീവമായി നിലനില്‍ക്കുന്നുവെന്നു തെളിയുന്നു. ഇങ്ങനെയുള്ള ഈ കേരളത്തില്‍നിന്നുതന്നെ വന്ന ഒരു പ്രസ്താവനയിതാ. ''പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്.സി. അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്... ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ഇവിടെ ജാതിയുണ്ട് എന്നു തെളിയിക്കാന്‍ കഠിന പരിശ്രമം നടത്തും. പണ്ടും അതങ്ങനെത്തന്നെയായിരുന്നു''. ജാതിയെക്കുറിച്ചറിയുന്നത് പി.എസ്.സി.അപേക്ഷ പൂരിപ്പിക്കുമ്പോഴാണ് എന്നു പറയുന്നത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്ത്? പ്രശസ്ത യുക്തി ചിന്തകനും എഴുത്തുകാരനുമായ പ്രൊ. രവിചന്ദ്രന്‍ സി.യാണ് ഡി.സി.ബുക്‌സിന്റെ പുസ്തക ബ്ലോഗില്‍ 2011 ആഗസ്റ്റ് 16 ന് ഇങ്ങനെ കുറിച്ചത്. കേരള സമൂഹത്തിന്റെ ഹൃദയത്തുടിപ്പ് ഒട്ടും മനസ്സിലാക്കാത്ത ഇദ്ദേഹം ചുംബന സമരക്കാരുമായി നടത്തിയ അഭിമുഖം ഒരു  പച്ചക്കുതിരമാസിക (ഡിസംബര്‍ 2014) പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ചുംബന സമരക്കാരുടെ ജോലികള്‍ മാത്രം പരിശോധിച്ചാല്‍ മതി, അവര്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പ്രതിനിധികളല്ലെന്ന്. എന്‍ജിനീയര്‍മാര്‍, മോഡല്‍ ഗേള്‍, ഗവേഷക വിദ്യാര്‍ത്ഥിനി, തിരക്കഥാകൃത്ത്, പരസ്യക്കമ്പനി ഉടമകള്‍, യുക്തിവാദികള്‍ തുടങ്ങിയവരാണ് ഈ ചുംബന സമര അഭിമുഖക്കാര്‍.
   ഇക്കൂട്ടരൊന്നുംതന്നെ സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന ജനതയെ പ്രതിനിധീകരിക്കുന്നവരോ അവരുടെ ജീവിത സാഹചര്യങ്ങളും ജീവിത പ്രയാസങ്ങളും അവരുടെ ഇല്ലായ്മകളും വല്ലായ്മകളും അറിയുന്നവരോ അല്ല. അവര്‍ക്കതറിയേണ്ട കാര്യവുമില്ല. അവരുടെ ലോകം വേറെയാണ്. ഇവരുടെ ഈ ലോകമല്ല ആദിവാസികളുടേത്. അവരുടെ പ്രശ്‌നം ലൈംഗിക സ്വാതന്ത്ര്യമോ സ്വതന്ത്ര ലൈംഗികതയോ പരസ്യചുംബന സ്വാതന്ത്ര്യമോ ഒന്നുമല്ല. 'പൂരപ്രബന്ധകാരനും'കൂട്ടരും പൂരത്തിനുപോയിവന്നപ്പോള്‍ ഉണ്ടായ കാമവികാരങ്ങള്‍ ചുംബന സമരക്കാരെ ബാധിക്കുന്നതാണ്; അത് ദലിതരെ ബാധിക്കുന്നതല്ല. തലചായ്ക്കാനും മരിച്ചാല്‍ കിടക്കാനുമുള്ള മണ്ണിനും മറ്റു മനുഷികാവകാശങ്ങള്‍ക്കുംവേണ്ടിയാണ് അവര്‍ പൊരുതുന്നത്. ഇതുകൊണ്ടുതന്നെ ദലിതരുടെ സമരവേദികളില്‍ വരുന്ന ചുംബന സമര വക്താക്കളെ ദൂരെ മാറ്റി നിര്‍ത്തണം. ഇല്ലെങ്കില്‍ സമരത്തിന്റെ സത്യസന്ധയ്ക്കും ഉദ്ദേശ്യശുദ്ധിക്കും കോട്ടം തട്ടും. പൊതുജനങ്ങളുടെ മുമ്പില്‍ സമരം ആക്ഷേപിക്കപ്പെടും.
   മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്നവര്‍ ഉന്നയിക്കുന്നത് ഒരുപക്ഷേ, ആദിവാസികളുടെയും ദലിതരുടെയും ജീവല്‍ പ്രശ്‌നങ്ങളായിരിക്കാം. തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ച് അതിനനുസരിച്ചു മാത്രം നയപരിപാടികള്‍ ആവിഷ്‌കരിക്കുന്ന സമരങ്ങള്‍ മാവോയിസ്റ്റുകള്‍ സ്വയം നടത്തട്ടെ. ഒരു സമരം പൂര്‍ണമായി വിജയിപ്പിച്ച് അവര്‍ വേറെ സമരത്തിനായി സ്ഥലം വിടട്ടെ. ആദിവാസികളെ പറഞ്ഞിളക്കി സമരരംഗത്തേക്ക് ഇറക്കരുത്. പോലീസിനു മുന്നില്‍ അവരെ എന്നും നോട്ടപ്പുള്ളികളും കുറ്റവാളികളുമാക്കരുത്. അതിന്റെ പീഡനങ്ങള്‍ അവര്‍ക്ക് മരണംവരെ സഹിക്കേണ്ടിവരും. മാത്രമല്ല, മാവോയിസ്റ്റ് ബന്ധം പറഞ്ഞുകൊണ്ട് ന്യായമായ സമരങ്ങളില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടും. ഇത് പൊതുജനങ്ങളില്‍ എതിര്‍പ്പും അകല്‍ച്ചയും ഉണ്ടാക്കും. തങ്ങള്‍ പിടിക്കപ്പെടുമെന്നായാല്‍ മാവോയിസ്റ്റുകള്‍ അവരുടെ സുരക്ഷിത താവളം തേടി പോകും. പക്ഷേ, ആദിവാസികള്‍ക്ക് എങ്ങോട്ടും പോകാനിടമില്ല. ഈ പാവങ്ങളെ വെറുതെ വിടുക. ഇതുകൊണ്ടുതന്നെ, മാവോയിസ്റ്റുകളെപ്പോലുള്ള പ്രസ്ഥാനങ്ങളെയും ദലിതര്‍ ദൂരേക്ക് മാറ്റി നിര്‍ത്തണം. ഈ ഭാഗം കത്തുകളില്‍
    എന്‍.ഡി.എഫ് പോലുള്ള സംഘടനകളുടെ കുടുംബത്തിലും ബന്ധത്തിലുമുള്ള കുറെ സംഘടനകള്‍ ദലിത് പ്രസ്ഥാനങ്ങളോട് ഏറെ സഹകരിച്ചുവരുന്നുണ്ട്. സങ്കുചിത മത താല്പര്യത്തിലപ്പറമുള്ള ഒരു താല്‍പര്യവും ഇക്കൂട്ടര്‍ക്കില്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന രാഷ്ട്രീയ താല്‍പര്യം മാത്രമാണിതിനു പിന്നില്‍. അല്ലാതെ, ഡോ.അംബേദ്കറോടും അയ്യന്‍കാളിയോടും ശ്രീനാരായണ ഗുരുവിനോടുമുള്ള താല്‍പര്യമല്ല. ഇത്തരം പിന്തിരിപ്പന്‍ വര്‍ഗീയ തീവ്രവാദ സംഘടനകളോടുള്ള സഹകരണം ദലിത് സമരങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ തകര്‍ക്കുകയും ഐക്യപ്പെടേണ്ടവര്‍തന്നെ അകന്നുപോവുകയും ചെയ്യും. ആയതിനാല്‍ മത സങ്കുചിത താല്‍പര്യം മാത്രം ലക്ഷ്യംവെച്ച് ഐക്യപ്പെടാന്‍ വരുന്ന ഇത്തരം വര്‍ഗീയ സംഘടനകളെയും ദലിതര്‍ ആട്ടിയകറ്റണം.
ദലിതര്‍ അകറ്റി നിര്‍ത്തേണ്ടവര്‍ ഇക്കൂട്ടര്‍ മാത്രമാണോ? തീര്‍ച്ചയായും അല്ല. ഡോ.അംബേദ്കര്‍ വ്യാജദൈവമാണെന്നു പറഞ്ഞവര്‍ മുതല്‍ അംബേദ്കര്‍ ബ്രിട്ടീഷുകാരുടെ തുറുപ്പുശീട്ടാണെന്നു പറഞ്ഞവര്‍വരെയുള്ളവരൊക്കെ ഇക്കൂട്ടത്തില്‍ വരും. എന്നാല്‍ സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു നൂറ്റാണ്ടിനുമുമ്പ് കൊച്ചിയില്‍ കായല്‍ സമ്മേളനം നടത്തിയ പുലയര്‍ക്ക് എല്ലാവിധ സഹകരണവും പ്രോത്സാഹനവും നല്‍കിയ കൊച്ചിയിലെ ടി.കെ.കൃഷ്ണമേനോനെപ്പോലെ സ്‌നേഹ മനസ്സുള്ളവരെ അരികില്‍ ചേര്‍ത്തുനിര്‍ത്തുകയും വേണം!