My Blog List

Monday, February 28, 2011

ഹച്ചനും അച്ഛനും!

ഹച്ചന്‍

        '' ഹലോ! അച്ഛാ......അജിത്താണ്. പിന്നേയ് അച്ഛന്റെ മരുന്ന് നാളെ വാങ്ങിയാല്‍പ്പോരെ? ഹച്ചിന്റെ കൂപ്പണെടുത്തപ്പോള്‍ പൈസ തീര്‍ന്നു. വെക്കട്ടേ....... ''
.........
        ഞാനെഴുതിയ ഈ കൊച്ചുകഥ 19.08.2007 ലെ 'വാരാദ്യമാധ്യമ'ത്തില്‍ പ്രസിദ്ധീകരിച്ചതാണ്. ഒരുപാടുപേര്‍ ഈ കഥയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. 'ശരിയാണ്, ഈ കാലഘട്ടത്തിലെ തലമുറയെ ശരിയായി ചിത്രീകരിച്ചിരിക്കുന്നു' ഈയൊരഭിപ്രായമാണ് പലരും പറഞ്ഞത്. മുതിര്‍ന്നവര്‍ മാത്രമല്ല മിക്ക ചെറുപ്പക്കാരും ഈ അഭിപ്രായംതന്നെയാണ് പറഞ്ഞത്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രായം ശരിയല്ലായിരുന്നു. കഥയിലെ അജിത്തിനെ ഈ കാലഘട്ടത്തിന്റെ മൊത്തം പ്രതിനിധിയായി ഞാന്‍ കണ്ടിരുന്നില്ല. അച്ഛന്റെ മരുന്നിനുള്ള കാശെടുത്ത് ഹച്ചിന്റെ (ഇന്നത്തെ വൊഡാഫോണിന്റെ അന്നത്തെ പേര് ഹച്ച് എന്നായിരുന്നു) കൂപ്പണ്‍ വാങ്ങുന്ന മക്കളുണ്ടാകാം. എന്നുകരുതി എല്ലാ മക്കളും അങ്ങനെയല്ലല്ലോ. (എല്ലാ അച്ഛന്മാരും നല്ലവരല്ലല്ലോ. എല്ലാ കാലഘട്ടത്തിലുമുണ്ട് തല്ലിപ്പൊളി അച്ഛന്മാരും തല്ലിപ്പൊളി മക്കളും. കിട്ടിയ ഇരുനൂറിന് പുറമെ വേറെ നൂറ് പശുക്കളെക്കൂടി കിട്ടുമെന്നായപ്പോള്‍ ശൂനശ്ശേഫനെന്ന സ്വന്തം മകനെ കൊല്ലാന്‍ തയ്യാറായ അജിഗീര്‍തന്‍ എന്ന ബ്രാഹ്മണന്റെ കഥ ഐതരേയ ബ്രാഹ്മണത്തില്‍ വിവരിക്കുന്നുണ്ടല്ലോ).
         എന്റെ കഥയ്ക്ക് തെറ്റായ അര്‍ത്ഥം നല്‍കിയപ്പോള്‍ എനിക്കു തന്നെ അതിനു മറുകഥ എഴുതേണ്ടി വന്നു. ആ കഥയാണ് താഴെ കൊടുത്തിരിക്കുന്നത്. ഒന്നുകൂടി അഭ്യര്‍ത്ഥിക്കട്ടെ, ഈ കാലഘട്ടത്തിലെ അച്ഛന്മാരെല്ലാം ഈ കഥയിലെ അച്ഛന്മാരെപ്പോലെയല്ല!
.........

വാരാദ്യമാധ്യമം' 02.03.2008
കണക്കുകൂട്ടല്‍

          '' പിന്നേയ് നിങ്ങളെന്താ ഫോണെടുക്കാത്തത്? ''
          '' ഞാന്‍ ഷെയറിന്റെ കണക്കു കൂട്ടിയിരിക്ക്യ''
        ''ന്നെക്കൊണ്ട് പറയിപ്പിക്കണ്ട. പതിനൊന്നു മണിയായിട്ടും ഓഫീസിലും പോകാതെ ഷെയറിന്റെ കണക്കും കൂട്ടിയിരുന്നോളി. പ്‌ളസ് ടു പരീക്ഷയെഴുതിയ സ്വന്തം കുട്ടീന്റെ റിസല്‍ട്ടു നോക്കാന്‍ കൂടി ങ്ങക്ക് നേരല്ല്യ. പിന്നേയ് പനിച്ചു കെടക്കുന്ന കണ്ണനെയും കൂട്ടി ഞാന്‍ തന്നെ പോയി റിസല്‍ട്ടറിഞ്ഞു. ''
              '' തോറ്റിരിക്കും? ''
              '' തോറ്റില്ല. ജയിച്ചു''
              '' മാര്‍ക്ക് കൊറവല്ലേ ''
              '' അല്ല. എല്ലാറ്റിലും ന്റെ കുട്ടിക്ക് എപ്‌ളസ്സാ''
              ' ങേ!! ''
            അയാള്‍ തലയില്‍ കൈ വച്ച് പിറുപിറുത്തു:
            '' എന്റെ ദൈവമേ! എന്റെ കണക്കുകൂട്ടലുകളെല്ലാം പെഴച്ചോ!!''
.........

Wednesday, February 23, 2011

ഫാഷന്‍ പ്രണയം; ഉത്തരാധുനികതയും


ഹരിത ഓണ്‍ലൈന്‍ മാഗസിന്‍ http://www.harithaonline.com/  20.02.2011. 


ശങ്കരനാരായണന്‍ മലപ്പുറം

         അല്പം മാറി എതിരെ നില്‍ക്കുന്ന അപരിചിതനായ അവനെ അവള്‍ അറിയാതൊന്നു നോക്കി. അവളുടെ നോട്ടം കൊണ്ടപ്പോള്‍ത്തന്നെ അവനില്‍ പ്രണയം വിരിയുകയും മനസ്സില്‍ ലഡു പൊട്ടുകയും ചെയ്തു. അവന്‍ കൈ പൊക്കി അഭിവാദ്യം ചെയ്തു. അപ്പോള്‍ അവള്‍, ഔട്ടറിലേക്ക് പുറത്തിട്ട അവന്റെ ഇന്നര്‍ കണ്ടു. ടി.വി.യില്‍ കാണാറുള്ള പരസ്യത്തിലെ ഇഷ്ട നായകനിട്ട അതേ ബ്രാന്റ് ഇന്നര്‍ തന്നെ. അതോടെ അവളിലും പ്രണയം ഉറയ്ക്കുകയും മനസ്സില്‍ ജിലേബി വിരിയുകയും ചെയ്തു. അവര്‍ ഓടിയടുത്തു. പരസ്പരം കെട്ടിപ്പിടിച്ച് പ്രണയത്തില്‍ ലയിച്ച് അവരങ്ങനെ നിന്നു. 
       എതിരെ വരുന്ന മറ്റൊരുവനിതു കണ്ടു. ഒരുവനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന അവളുടെ ഫങ്കി ഹെയര്‍ സ്റ്റൈല്‍ കണ്ടപ്പോള്‍ അവനില്‍ പ്രണയം പൂവിരിഞ്ഞു. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്ന അവന്റെ മുഖം കണ്ടപ്പോള്‍ അവളിലും പ്രണയം തളിരിട്ടു. അവന്‍ അവളുടെ അരികിലേക്ക് കുതിച്ചു. അപ്പുറത്ത് മറ്റൊരു പ്രണയത്തിനു തുടക്കം കുറിക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ചു നില്‍ക്കുന്നവന്റെ സ്‌പൈക്ക് ചെയ്ത മുടി കണ്ടപ്പോള്‍ എതിരെ വരുന്ന മറ്റൊരുവളില്‍ പ്രണയം മൊട്ടിട്ടു. അവള്‍ പ്രണയ ഭാവത്തോടെ അവനെയൊന്നു നോക്കി. പ്രണയം പടര്‍ന്നു കയറിയ അവന്റെ കണ്ണുകള്‍ അവളെ മാടി വിളിച്ചു. മാടി വിളിച്ച അവന്റെ അരികിലേക്ക് അവള്‍ എലിയെക്കണ്ട പൂച്ചയെപ്പോലെ ഒറ്റച്ചാട്ടം. പരസ്പരം കെട്ടിപ്പിടിക്കുവാന്‍ സാധിക്കാത്തതിനാല്‍ അവര്‍ പരസ്പരം മുഖമുരുമ്മി നിന്നു. അങ്ങനെ നാലു പ്രണയ ശരീരങ്ങള്‍ ഒറ്റക്കട്ടയായി!
.......................

Saturday, February 19, 2011

അരക്കെടക്ക

ധിഷണ മാസിക, ഫെബ്രുവരി, 2011
ശങ്കരനാരായണന്‍ മലപ്പുറം
           നൗഷാദിന് പ്രായം ഇരുപത്തിമൂന്ന്. അവന്റെ സുഹൃത്തും സമപ്രായക്കാരനുമായ ഫൈസലിന്റെ കല്ല്യാണം കഴിഞ്ഞു. അതോടെ നൗഷാദിനും വന്നു പെണ്ണുകെട്ടാനുള്ള പൂതി. കാര്യം വീട്ടിലെങ്ങനെ അറിയിക്കും. അവന്‍ സുഹൃത്തുക്കളുടെ ഉപദേശം തേടി. അവര്‍ നൗഷാദിനൊരു സൂത്രം പറഞ്ഞു കൊടുത്തു. അന്നു രാത്രി തന്നെ അവനാ സൂത്രം പ്രയോഗിച്ചു.
            പിറ്റേന്നു രാവിലെ, തന്റെ മുറിയിലേക്ക് പോകുന്ന ഉമ്മയെ അവന്‍ ഒളി കണ്ണിട്ടു നോക്കി. ഏറെ താമസിച്ചില്ല ഉമ്മ ബഹളം വയ്ക്കാന്‍ തുടങ്ങി. അവന്‍ മുറിയിലേക്ക് ഓടിക്കയറി.
        ''എത്തിനാ നൗസ്വോ ജ്ജ് കെടക്ക നടൂക്കൂടി കീറീത് ? ത്ര എടങ്ങേറായി ത് ങ്ങനെ രണ്ട് കണ്ടാക്കാന്‍ ജ്ജ് കൊറേ നേരം നയിച്ചിട്ടുണ്ടാവൂലേ നൗസ്വോ ?! ''
       '' ഒരാള്‍ക്ക് കെടക്കാന്‍ എന്തിനാ ഉമ്മാ ഇത്ര വീതിള്ള കെടക്ക. അരക്കെടക്ക പോരേ ? ''
ഉമ്മ അല്പ നേരം ആലോചിച്ചു നിന്നു.
      ''നൗസ്വോ ജ്ജ് പറഞ്ഞേല് കാര്യണ്ട്. അനക്ക് കാര്യബോതം വന്നൂന്ന് ഇമ്മാക്ക് മന്‍സിലായി. അന്റെ പൂതി തന്നെ നടക്കട്ടെ. ''
         നൗഷാദിന്റെ ഉള്ളിലൊതു കുളിര്‍ക്കാറ്റു വീശി. അവന്‍ തെല്ലു നാണത്തോടെയും ആകാംക്ഷയോടെയും ഉമ്മയെ നോക്കി.
        ''കെടക്കക്കണ്ടം രണ്ടും ഞാന് തുന്നി ശര്യാക്കി രണ്ട് കെടക്കാക്കിക്കോളാ. ഒന്ന് കേടായാല് മറ്റേല് കെടക്കാലോ ന്റെ പൊന്നാര നൗസുട്ടിക്ക്. ന്റെ മാണിക്കക്കല്ലേ, അഞ്ചാറ് കൊല്ലത്തിന് അരക്കെടക്ക തന്നെ മത്യല്ലോ ഇമ്മാന്റെ മുത്തിന് ! ''
........
       മലപ്പുറത്തുകാരായ ചില കുട്ടികള്‍ക്കുപോലും കഥയിലെ ഈ മലപ്പുറം ഭാഷ മനസ്സിലാകുന്നില്ല. അപ്പോള്‍പ്പിന്നെ അന്യനാട്ടുകാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ആയതിനാല്‍ ഈ കഥയുടെ മറ്റൊരു വായനയിതാ:
                                ഹാഫ് ബെഡ്
            സുശീലിന് പ്രായം ഇരുപത്തിമൂന്ന്. അവന്റെ സുഹൃത്തും സമപ്രായക്കാരനുമായ ശ്രീജിത്തിന്റെ കല്ല്യാണം കഴിഞ്ഞു. അതോടെ സുശീലിനും വന്നു പെണ്ണുകെട്ടാനുള്ള പൂതി. കാര്യം വീട്ടിലെങ്ങനെ അറിയിക്കും. അവന്‍ സുഹൃത്തുക്കളായ ഹരിജിത്ത്, ഷെരീഫ് തുടങ്ങിയവരുടെ ഉപദേശം തേടി. അവര്‍ സുശീലിനൊരു സൂത്രം പറഞ്ഞു കൊടുത്തു. അന്നു രാത്രി തന്നെ അവനാ സൂത്രം പ്രയോഗിച്ചു.
         പിറ്റേന്നു രാവിലെ, തന്റെ മുറിയിലേക്ക് പോകുന്ന അമ്മയെ അവന്‍ ഒളി കണ്ണിട്ടു നോക്കി. ഏറെ താമസിച്ചില്ല അമ്മ ബഹളം വയ്ക്കാന്‍ തുടങ്ങി. അവന്‍ മുറിയിലേക്ക് ഓടിക്കയറി.
          ''എന്തിനാ സുശീലേ യ്യ് കെടക്ക നടൂക്കൂടി കീറീത് ? ഇത്ര ബുദ്ധിമുട്ടി ഇതിങ്ങനെ രണ്ട് കഷണമാക്കാന്‍ യ്യ് കൊറേ നേരം പണിയെടുത്തുകാണൂലേ പൊന്നേ ?! ''
          '' ഒരാള്‍ക്ക് കെടക്കാന്‍ എന്തിനാ അമ്മേ ഇത്ര വീതിയുള്ള ബെഡ്. ഹാഫ് ബെഡ് പോരേ ? ''
          അമ്മ അല്പ നേരം ആലോചിച്ചു നിന്നു.
         '' കുട്ടാ യ്യ്് കാട്ടിക്കൂട്ടിയതില് കാര്യണ്ട് കുട്ടേ്യ. നിനക്ക് കാര്യബോധം വന്നൂന്ന് അമ്മയ്ക്ക് മനസ്സിലായി മോനേ. നിന്റെ ആഗ്രഹം തന്നെ നടക്കട്ടെ. ''
         സുശീലിന്റെ ഉള്ളിലൊതു കുളിര്‍ക്കാറ്റു വീശി. അവന്‍ തെല്ലു നാണത്തോടെയും ആകാംക്ഷയോടെയും അമ്മയെ നോക്കി.
       ''കെടക്കക്കഷണങ്ങള്‍ രണ്ടും ഞാന്‍ തുന്നി ശരിയാക്കി രണ്ട് കെടക്കയാക്കിക്കോളാം. ഒന്ന് കേടായാല് മറ്റേതില് കെടക്കാമല്ലോ അമ്മേടെ സുന്ദരസുശീലിന്. എന്റെ പൊന്നേ, അഞ്ചാറ് കൊല്ലത്തിന് ഹാഫ് കെടക്ക തന്നെ മതിയല്ലോ അമ്മേടെ പുന്നാരപ്പൈതലിന് ! ''
........

Monday, February 07, 2011

നിറക്കൂട്ട്‌


ചിത്രകാരി മാരിയത്ത് സി.എച്ചിനെക്കുറിച്ച് എന്റെ ആത്മ സുഹൃത്തും കവിയും മഞ്ചേരിയില്‍ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് ജീവനക്കാരനുമായ വി.കെ.ബാലകൃഷ്ണന്‍ എഴുതിയ വരികള്‍.
ബാലകൃഷ്ണന്റെ ഇ-മെയില്‍ വിലാസം: vkbaalakrishnan@gmail.com
     മാരി, നീ വാരി
     വിതറുന്ന ചായം
     മാരിവില്‍ വിരിയുന്ന
     വരദാന ചിത്രം
     മാരി, നീ എഴുതുന്ന
     കഥകള്‍ കിനാവില്‍
     ദൂരേയ്ക്ക് പാറി
     പരിക്കേറ്റ ശലഭം.
     നിന്‍ വര,
     വാടാത്ത പൂവാടി പോലെ
     നിന്‍ വിരല്‍ തുമ്പത്ത്
     പൊന്‍ ചിത്ര ശലഭം
     ക്യാന്‍വാസു തോറും
     സ്വപ്നം നിറയ്ക്കും
     ക്യാമറക്കണ്ണുപോല്‍
     കാഴ്ചകള്‍ ഒപ്പും.
     മാരീ, നീ വരയൂ
     വരം തന്ന വിരലാല്‍
     തളരാതെ വര്‍ണ്ണം
     വര്‍ഷിയ്ക്കൂ മാരീ.
     ആയിരമാരാധ്യര്‍
     അര്‍പ്പിച്ച സ്‌നേഹം
     വാടാതിരിക്കാന്‍
     മലര്‍വാടി തീര്‍ക്കൂ
     മാരിവില്‍ വിരിയുന്ന
     മാനത്തിന്‍ മേലേ
     പായുന്ന ചിന്തയ്ക്കു
     ചായം പുരട്ടാന്‍
     വര്‍ണ്ണങ്ങള്‍ വാരി
    വിതറൂ മാരിയത്തേ!
               '' മാറാത്ത ചിത്രം നിന്‍ നിറക്കൂട്ടില്‍
                 മറയാതിരിക്കട്ടെ നിന്‍ നിറക്കൂട്ട് ''
                               .........

Sunday, February 06, 2011

ചിത്രകാരി മാരിയത്തിനെ പരിചയപ്പെടുത്തട്ടെ!

ശങ്കരനാരായണന്‍ മലപ്പുറം


        ഞാന്‍ ചിത്രകാരനോ (പൂര്‍ണ്ണ അര്‍ത്ഥത്തില്‍) ഒരു ചിത്രകലാ ആസ്വാദകനോ അല്ല. പക്ഷേ, ഒരുപാട് ചിത്രകാരന്മാരെയും ചിത്രകാരികളെയും എനിക്കു പരിചയമുണ്ട്. വാസ്തവത്തില്‍ ഇതാണ് എനിക്ക് ചിത്രകലയുമായുള്ള ബന്ധം. 

മലപ്പുറം ആര്‍ട്ട് ഗാലറില്‍ വച്ചു നടത്തിയിട്ടുള്ള മിക്ക ചിത്ര പ്രദര്‍ശനങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നലെയും കണ്ടു ഒരു ചിത്രകാരി വരച്ച ചിത്രങ്ങള്‍. ഇതുപോലുള്ളൊരു ചിത്രകാരിയെ പരിചയപ്പെടുത്താതിരിക്കുന്നത് തെറ്റാണ് എന്ന് എന്റെ മനസ്സ് പറയുന്നു. അതുകൊണ്ടാണ് ഈ പോസ്റ്റ്.
              എന്റെ മകളാകാന്‍ പ്രായമുള്ള ഈ ചിത്രകാരിയുടെ പേര് മാരിയത്ത് സി.എച്ച്. ചുങ്കത്തറ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും രണ്ടാമത്തെ മകള്‍. രണ്ടാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഇരു കാലുകള്‍ക്കും ചലന ശേഷി നഷ്ടമായവള്‍. ''നാലു ചുമരുകള്‍ക്കകത്തെ തീഷ്ണമായ ഏകാന്തതയില്‍ നിന്നും കൈമാടി വിളിച്ച മരണത്തിന്റെ സ്‌നേഹസ്പര്‍ശം തട്ടിമാറ്റി നിശ്ചലമായ കാലുകളാല്‍ ജീവിതത്തിന്റെ നന്മയിലേക്ക് നടന്നു കയറുന്ന ഒരു പെണ്‍മനം. വര്‍ണങ്ങളുടെ വിസ്മയച്ചെപ്പുകള്‍ തുറന്ന് സൗഹൃദത്തിന്റെ അക്ഷയഖനികള്‍ സൃഷ്ടിച്ച് അക്ഷരങ്ങളുടെ മൃദുസ്പര്‍ശത്താല്‍ സുഖമുള്ള കുളിര്‍മയിലേക്ക്....ചക്രക്കസേരയുടെ ഇരിപ്പിടത്തില്‍ നിന്നും ചിരിയുടെ തുറന്ന ഹൃദയത്തിലേക്ക്.....' പറന്നുകൊണ്ടിരിക്കുന്ന ഈ ചിത്രകാരിയുടെ ചിത്ര പ്രദര്‍ശനം 05.02.2011 ന് മലപ്പുറത്തെ കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ മലപ്പുറം മുന്‍ ജില്ലാ കലക്ടര്‍ ശ്രീ: പി.മോഹന്‍ദാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചിത്ര പ്രദര്‍ശനം ഫെബ്രുവരി 08 ന് അവസാനിക്കും.
         ഈ ചിത്രകാരിയെയും ചിത്രകാരി വരച്ച ചിത്രങ്ങളെയും നമ്മള്‍ കാണുക തന്നെ വേണം. ചിത്രകാരിക്ക് സഹതാപമല്ല വേണ്ടത്; പ്രോത്സാഹനമാണ്. ചിത്രകാരിയില്‍ നിന്നു നമുക്കാണ് ചിലത് പഠിക്കാനുള്ളത്. മനക്കരുത്തിന്റെ ശക്തിയെക്കുറിച്ചുള്ള പാഠം!
ചിത്രകാരിയുടെ ബ്‌ളോഗ് വിലാസം: http://mariyath.blogspot.com/

Tuesday, February 01, 2011

തൂറാമുട്ടിപ്പടി!

ശങ്കരനാരായണന്‍ മലപ്പുറം           എന്റെ വീട് മലപ്പുറം-മഞ്ചേരി റോഡില്‍ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മുണ്ടുപറമ്പ് എന്ന സ്ഥലത്താണ്. പ്രസ്തുത റോഡില്‍ മലപ്പുറത്തു നിന്നു ഒരു കീലോമീറ്റര്‍ ദൂരത്താണ് 'മലയാളമനോരമ' സ്ഥിതിചെയ്യുന്നത്. മുമ്പിവിടെ 'ഡിലൈറ്റ്' എന്ന പേരിലുള്ള സിനിമാ ടാക്കീസുണ്ടായിരുന്നു. അവിടെ ഒരു ചോലയുമുണ്ടായിരുന്നു. അതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴുമുണ്ടവിടെ. റോഡ് 'റ'ആകൃതിയില്‍ വളഞ്ഞുള്ള സ്ഥലത്തുള്ള ചോലയായതിനാല്‍ 'വളവില്‍ച്ചോല'എന്നാണ് അറിയപ്പെട്ടിരുന്നത്. എന്റെ കുട്ടിക്കാലത്ത് ആ വഴി രാത്രി സഞ്ചരിക്കാന്‍ മിക്കവര്‍ക്കും പേടിയായിരുന്നു. (എനിക്ക് പേടിയുണ്ടായിരുന്നില്ല. വല്ലാത്തൊരു ഭയം മാത്രമേ ഉണ്ടായിരുന്നുള്ളൂ!). അവിടെ 'ഒറ്റമുലച്ചി' ഉണ്ടായിരുന്നുവത്രെ! ഇതാണു കാരണം. ഈ 'ഒറ്റമുലച്ചി' ആരാണെന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട്, ചരിത്ര പഠിതാവും ഹോമിയോ ചികിത്സകനും എന്റെ ആത്മ സുഹൃത്തുമായ ബാപ്പുക്കയാണ് (മുഹമ്മദ് തോരപ്പ) ഈ 'ഒറ്റമുലച്ചി' കണ്ണകിയാണെന്നു പറഞ്ഞു തന്നത്. പൗരാണിക തമിഴ് സാഹിത്യകാരനായ ഇളങ്കോവടികളുടെ 'ചിലപ്പതികാര'ത്തിലെ നായികയും കോവിലന്റെ ധര്‍മ്മപത്‌നിയുമായിരുന്നു 'കണ്ണകി'. ഭര്‍ത്താവിനെ കള്ളക്കേസ്സില്‍ കുടുക്കി തലവെട്ടിയ രാജാവിനോടുള്ള കടുത്ത രോഷാഗ്നിയില്‍ ഇടത്തെ മുല പറിച്ചെറിഞ്ഞ് രാജാവിനെയും രാജ്യത്തെയും ചുട്ടു ചാമ്പലാക്കിയ കണ്ണകി. കൊടുങ്ങല്ലൂരമ്മ കണ്ണകിയുടെ പ്രതിരൂപമാണെന്നും പറയപ്പെടുന്നുണ്ട്. എന്തുതന്നെയായാലും മലപ്പുറത്തിനും ഒരു കണ്ണകിബന്ധമുണ്ടെന്നു ചുരുക്കം.
              'മണ്ണുമാന്തിയാല്‍' ഇതുപോലുള്ള പല ചരിത്ര സത്യങ്ങളും കണ്ടെത്താന്‍ സാധിക്കും. ഓരോ സ്ഥലപ്പേരിന്റെ പിന്നിലും ഒരോ ചരിത്ര സത്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടാകാം. സ്ഥലകാലനാമത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടല്ലോ. 'പള്ളി'എന്ന സ്ഥലപ്പേരുള്ള സ്ഥലങ്ങളിലെല്ലാം ഒരുകാലത്ത് പ്രസിദ്ധങ്ങളായ ബുദ്ധപ്പള്ളികള്‍ (ബുദ്ധമത ആരാധനാലയങ്ങളെ 'പള്ളി' എന്നാണ് വിളിച്ചിരുന്നത്. 'പള്ളി' പാലി ഭാഷയിലുള്ള വാക്കാണ്) ഉണ്ടായിരുന്നു. ഗൗരവമായ ഈ വിഷത്തെക്കുറിച്ചല്ല പറയുന്നത്. എപ്പോഴും ഗൗരവവിഷയങ്ങള്‍ തന്നെ പാടില്ലല്ലോ. ഇടയ്‌ക്കൊക്കെ അല്പം തമാശകളും വേണ്ടേ പ്രിയ ബ്‌ളോഗര്‍മാരെ, ബ്‌ളോഗിണിമാരെ!
              കോഴിപ്പെണ്ണിനെ 'പിടക്കോഴി' എന്നാണല്ലോ വിളിക്കാറ്. എന്നാല്‍ 'പിടക്കോഴി' എന്നു വീട്ടുപേരുള്ള ധാരാളം കുടുംബങ്ങള്‍ മലപ്പുറം ജില്ലയിലുള്ള പൊന്മള പഞ്ചായത്തിലെ പൂവാട് എന്ന സ്ഥലത്തുണ്ട്. ഇതെങ്ങനെ വന്നെന്നു അറിയില്ല. 95 വയസ്സുള്ള വല്ലിമ്മയും 103 വയസ്സുള്ള വല്ലിപ്പയും ഇപ്പോഴും 'മണിയറില്‍'! അതെ, പെരിന്തല്‍മണ്ണ താലൂക്കിലെ മക്കരപറമ്പില്‍ 'മണിയറ'എന്നു വീട്ടുപേരുള്ള ധാരാളം കുടുംബങ്ങള്‍ ഉണ്ട്. കൊണ്ടോട്ടിക്കടുത്ത ഓമാനൂരിനടുത്തുള്ള വളരെ ചെറിയൊരു അങ്ങാടി. ഓഫീസ് ജോലിയുമായി ബന്ധപ്പെട്ട ഒരു സര്‍വ്വെയ്ക്കു പോയതായിരുന്നു ഞാന്‍. ആ സ്ഥലത്തിന്റെ പേര് 'പഞ്ചാരപ്പടി' എന്നായിരുന്നു. എങ്ങനെ ഈ പേരു വന്നെന്ന് ഞാനൊരാളോട് ചോദിച്ചു. '' ന്റെ കുട്ട്യേ, അയ്‌ന്റെ കാര്യൊന്നും പറയണ്ട. ഒരു പെമ്പ്രന്നോള്‍ക്ക് ഇബടൊരു പെട്ടിപ്പീട്യ ണ്ടായിനി. ചെക്കമ്മാര് ബന്ന് ഓളെ തൊള്ളേലും നോക്കിരിക്കും. പഞ്ചാര. അങ്ങനെ ബന്നതാ'' . ഈ 'പഞ്ചാരപ്പടി' ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. എന്നാല്‍ തിരൂരിനടുത്ത് നിറമരുതൂര്‍ പഞ്ചായത്തില്‍ ഒരു 'പഞ്ചാരമൂല' മാത്രമല്ല 'ചക്കരമൂല'യുമുണ്ട്. ഗുരുവായൂരിനടുത്തും ഒരു 'പഞ്ചാരമുക്ക്'ഉണ്ട്. 
              വീട്ടുപേരുകള്‍ മാറിമാറി വരുന്ന കഥയാണ് (സംഭവമല്ല) പറയുന്നത്. വാഴയൂരിലെ പൊന്നേംപാടത്തെ വേലായുധന്‍ എന്നയാള്‍ മൊറയൂരിലെ ഒഴുകൂരില്‍ സ്ഥലം വാങ്ങി വീടു വച്ചു. വീടിന്റെ മുന്‍ഭാഗത്തായി ഒരു ആല്‍മരമുണ്ടായിരുന്നു. ഇതു കാരണം വേലായുധന്‍ അന്നാട്ടുകാര്‍ക്ക് 'ആലുങ്ങള്‍ വേലായുധന്‍'ആയി. പിന്നീട് ആലിനൊരു തറകെട്ടി. അങ്ങനെ 'ആലുങ്ങല്‍ വേലായുധന്‍' അന്നുമുതല്‍'ആലുംതറയില്‍ വേലായുധന്‍'എന്നായി മാറി. വീടിന് ഭീഷണിയായപ്പോള്‍ ആല്‍മരം വെട്ടി. കുറ്റി ബാക്കിയായി. അപ്പോള്‍ വേലായുധന്‍ 'ആലുംകുറ്റിയില്‍ വേലായുധന്‍'എന്നായി മാറി. പിന്നീട് ആലുംകുറ്റി പറിച്ചെടുത്തു. അവിടെ ഒരു കുഴിയായി; അതായത് കുണ്ടായി മാറി. അപ്പോള്‍ വേലായുധന്‍ 'ആലുംകുണ്ടില്‍'വേലായുധനായി! ഇപ്പോള്‍ ആലുമില്ല; തറയുമില്ല; കുറ്റിയുമില്ല; കുഴിയുമില്ല; കുണ്ടുമില്ല; വേലായുധനുമില്ല. എങ്കിലും പരേതനായ വേലായുധന്റെ മകനെ'മോനേ ദിനേശാ.....ആലുംകുണ്ടില്‍ ദിനേശാാാാ...' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.
            മലപ്പുറം-മങ്കട റൂട്ടിലൂടെ ബസ്സ് സര്‍വ്വീസ് തുടങ്ങിയ കാലം. വടക്കാങ്ങരയും കഴിഞ്ഞ് ബസ്സ് ഓടുകയാണ്. ''ച്ച്ബടെ എറങ്ങണം''എന്നു പറഞ്ഞ് ഒരാള്‍ ബഹളം വച്ചു. ''ബ്‌ടെ സ്റ്റോപ്പില്ല. ട്രാന്‍സ്‌ഫോര്‍മര്‍പടിയിലേ ഞ്ഞി നിര്‍ത്തൂ.''. ആള്‍ പിന്നെയും ബഹളം വച്ചുകൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. ആളിറങ്ങി മുണ്ടുംപൊക്കിപ്പിടിച്ച് ഒഴിഞ്ഞൊരു സ്ഥലത്തേക്ക് ഓടി. പിന്നീടിതൊരു ബസ്റ്റോപ്പായി മാറി. സ്റ്റോപ്പിന്റെ പേര്- 'തൂറാമുട്ടിപ്പടി'!
..........