My Blog List

Saturday, December 15, 2012

സമുദായം

ഉണ്മ മാസിക, ഡിസംബര്‍ 2012

     "സമുദായത്തിന്റെ രക്ഷ നിങ്ങളുടെ കൈകളില്‍ മാത്രമാണ്. നിങ്ങളില്ലെങ്കില്‍ സമുദായമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സമുദായത്തിലെ കുട്ടികള്‍, യുവാക്കള്‍, വനിതകള്‍ തുടങ്ങിയവരെ സേവിക്കാന്‍ അതാതു മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി നാം കമ്മറ്റികളുണ്ടാക്കി. സമുദായത്തിലെ പ്രായമുള്ളവരുടെ സംരക്ഷണം ആരെ ഏല്പിക്കുമെന്ന നീറുന്ന പ്രശ്‌നമാണ് നമ്മുടെ മുന്നിലുള്ളത്. ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ?"
    ''ഉടനടി ഒരു വയോജന കോളേജ് തുടങ്ങാന്‍ നാം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനായി ഇന്നുതന്നെ ഒരു ട്രസ്റ്റ് രൂപീകരിക്കണം''
    പ്രസ്തുത നിര്‍ദ്ദേശം എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരെല്ലാവരും ചേര്‍ന്ന് കയ്യടിച്ച് പാസ്സാക്കി.
                          ........................

Thursday, October 25, 2012

പൊതു മുതല്‍ ജാതികള്‍ വിഴുങ്ങുന്നു


04.11.2012 ലക്കം കേരളശബ്ദം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം
 

          പണിയെടുക്കാനും നികുതി കൊടുക്കാനും വേണ്ടി മാത്രമായിരുന്നു നാട്ടിലെ വലിയൊരു ജനവിഭാഗം പണ്ട് കേരളത്തില്‍ ജീവിച്ചിരുന്നത്. എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍നിന്ന് 'തളക്കാണം', 'ഏണിക്കാണം', 'ഈഴംപുട്ചി' എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു 'ചെക്കിറ', സ്വര്‍ണപ്പണിക്കാരില്‍നിന്നു 'തട്ടാരപ്പാട്ടം', തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ', മീന്‍പിടുത്തക്കാരില്‍നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി'എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. ആഭരണം ധരിക്കാന്‍ 'മേനിപ്പൊന്ന്' അഥവാ 'അടിയറ' എന്ന നികുതി കൊടുക്കണം. 1818 മേടം 19-ാം തീയതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും 'രാജഭോഗം' നല്‍കണം. അവര്‍ണന്‍ മേല്‍മീശ വയ്ക്കണമെങ്കില്‍ രാജാവിന് 'മീശക്കാഴ്ച'നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് 'കാഴ്ച'സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. 'പൊലിപ്പൊന്ന്' എന്നായിരുന്നു പേര്. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരെപ്പോലും വെറുതെ വിട്ടിരുന്നില്ല പൊന്നു തമ്പുരാക്കന്മാര്‍! ആ പാവങ്ങളില്‍നിന്നു 'ഏഴ'എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.
     രാജഭരണത്തില്‍ യാതൊരുവിധ മാനുഷികാവകാശങ്ങളും അവര്‍ണര്‍ക്ക് അനുവദിച്ചിരുന്നില്ല. ഇവരുടെ അദ്ധ്വാന ഫലങ്ങളും ചോരയും വിര്‍പ്പുമൊക്കെ ചങ്കുതൊടാതെ വിഴുങ്ങുക എന്നതു മാത്രമായിരുന്നു സവര്‍ണ-സമ്പന്ന വര്‍ഗ്ഗത്തിന്റെ ജോലി. പൊതുമുതല്‍ സവര്‍ണ-സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കാന്‍ നല്‍കുകയായിരുന്നു അന്നത്തെ സവര്‍ണ ഭരണകൂടം.
          രാജഭരണവും ബ്രിട്ടീഷ് ഭരണവുമൊക്കെ പോയി ഇന്ന് കേരളത്തില്‍ ജനാധിപത്യ ഭരണ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഈ ജനാധിപത്യ ഭരണത്തിലും ഉണ്ടാക്കാന്‍ ഒരു കൂട്ടര്‍ തിന്നാന്‍ മറ്റൊരു കൂട്ടര്‍ എന്ന അവസ്ഥ നിലനില്‍ക്കുന്ന ചില മേഖലകളുണ്ട്. അതിലൊന്നാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല.
        അക്ഷരം പഠിപ്പിച്ചതിന് കേരളീയര്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ക്രിസ്ത്യന്‍ മിഷണറിമാരോടാണ്. അക്ഷരം പഠിക്കാന്‍ അനുവാദമില്ലാതിരുന്ന അവര്‍ണ ജനത അവര്‍ സ്ഥാപിച്ച പള്ളിക്കൂടങ്ങളിലൂടെയാണ് അക്ഷരം പഠിച്ചത്. ഇക്കൂട്ടരുടെ ഈ സേവനത്തെ അംഗീകരിക്കുകതന്നെ വേണം. ഇത് പണ്ടത്തെ കാര്യം. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. അന്നത് സേവനമായിരുന്നെങ്കില്‍ ഇന്നത് തനി കച്ചവടമായിമാറിയിരിക്കുന്നു. പണ്ടത്തെ അദ്ധ്യാപകരുടെ അവസ്ഥയിലല്ല ഇന്നത്തെ അദ്ധ്യാപകര്‍. വിശന്നിട്ട് സ്‌കൂള്‍കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്ന അദ്ധ്യാപന്റെ ജീവിതം പറയുന്നതാണ് കാരൂരിന്റെ 'പൊതിച്ചോറ്'എന്ന കഥ. 'പണമില്ല വേണമെങ്കില്‍ ചക്ക കൊണ്ടുപൊയ്‌ക്കോ' എന്ന് മാനേജര്‍ അദ്ധ്യാപകനോട് പറഞ്ഞ അവസ്ഥപോലും ഉണ്ടായിരുന്നത്രേ, പണ്ട്. ഇതുകൊണ്ടുതന്നെ, സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുക എന്ന സംവിധാനം തുടങ്ങിയതിനെ ശരിയെന്നുതന്നെ പറയണം. പക്ഷേ, ഈ ശരി ആ കാലഘട്ടത്തിനു മാത്രം യോജിച്ച ശരിയാണ്. ഇന്ന് ആ ശരി തീര്‍ത്തും തെറ്റാണ്. കാരണം, എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ നടത്തുന്നത് വെറും കച്ചവടമായി എന്നോ മാറിയിരിക്കുന്നു. അദ്ധ്യാപകരെയും മറ്റും എയ്ഡഡ് മാനേജര്‍മാര്‍ അവരുടെ ഇഷ്ടപ്രകാരം നിയമിക്കുന്നു. മൊത്തം ജനങ്ങളുടെ നികുതിപ്പണം ഒരുകൂട്ടം മാനേജര്‍മാര്‍ ജാതി നോക്കിയോ കീശ വലുപ്പം നോക്കിയോ നിയമിക്കുന്ന സ്വന്തക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നു.
     കേരളത്തിലെ ഏതാണ്ടെല്ലാ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് ചില ജാതിക്കാരാണ്. പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കു നല്‍കുന്ന ഉദേ്യാഗ സംവരണത്തിനെതിരെ എപ്പോഴും കാര്യക്ഷമതാ വാദം ഉയര്‍ത്തുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കും 'ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി'ക്കും കേരളത്തില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഇവരുടെ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ജാതിക്ഷമതയും പണക്ഷമതയുമല്ലാതെ മറ്റൊരു ക്ഷമതയുമില്ല. മിടുക്കന്മാര്‍ തഴയപ്പെടുന്നു എന്നുള്ള ഇവരുടെ പരാതി പൊതുനിയമനങ്ങളുടെ കാര്യത്തില്‍ മാത്രമാണുള്ളത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ കാര്യത്തിലേ ഇതു ബാധകമാകുന്നുള്ളൂ. സ്വന്തം സ്ഥാപനങ്ങളില്‍ മിടുക്കന്മാര്‍ തഴയപ്പെടുകയും പണം മുടക്കാന്‍ മിടുക്കുള്ളവര്‍ നിയമിക്കപ്പെടുകയും ചെയ്യും! എന്‍.എസ്.എസിന്റെ കാര്യക്ഷമതാ വാദം വെറും തട്ടിപ്പാണെന്നതിന് മറ്റൊരു തെളിവിന്റെയും ആവശ്യമില്ല. ഈ വാദം സവര്‍ണ സംഘടനകളുടെ മാത്രം കുത്തകയുമല്ല. മിക്ക രാഷ്ട്രീയ പ്രസ്ഥാനക്കാരും ഈ വാദം തന്നെ ഉന്നയിക്കാറുണ്ട്. ഇവരാരുംതന്നെ എയ്ഡഡ് സ്ഥാപനങ്ങളിലെ ഈ താന്തോന്നി നിയമനങ്ങളിലെ കാര്യക്ഷമതയില്ലായ്മ കാണുന്നില്ല. അപ്പോള്‍ ഈ രാഷ്ട്രീയക്കാരുടെയും കാര്യക്ഷമതാ വാദം ജാതിവര്‍ഗ്ഗീയതയില്‍നിന്നുണ്ടായതാണെന്നു തെളിയുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് കേരള ഹൈക്കോടതിയും അഭിപ്രായം പറയുകയുണ്ടായല്ലോ. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ വന്‍ നിലവാരത്തകര്‍ച്ചയിലാണെന്നാണ് കേരള ഹൈക്കോടതി കുറച്ചു മുമ്പ് അഭിപ്രായപ്പെട്ടത്.
       ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ 32 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനമെടുക്കുകയുണ്ടായല്ലോ. ഇതോടെയാണ് എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമ വിഷയത്തില്‍ ഒരു വിവാദത്തിന് വീണ്ടും തുടക്കം കുറിച്ചത്. ഒരു കൂട്ടര്‍ക്ക് അദ്ധ്യാപക നിയമനത്തിലൂടെ പണം കൊയ്യാനുള്ള പരിപാടിയാണിതെന്നും പ്രസ്തുത സ്‌കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലാക്കണമെന്നും ഒരു കൂട്ടര്‍ വാദിച്ചു. ഇത് സമുദായിക നീതിക്കെതിരാണെന്നും സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി സമുദായ സംരക്ഷണം ഉറപ്പു വരുത്തണമെന്നും എതിര്‍ കക്ഷിക്കാര്‍ വാദിച്ചു. ജാതി-മത-സവര്‍ണ-സമ്പന്ന താല്‍പര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ഭരിക്കുന്ന നാടായതുകൊണ്ട് 'സാമുദായിക നീതി'സംരക്ഷിക്കപ്പെടാന്‍ തന്നെയാണ് സാധ്യത.
       ഏതെങ്കിലും സമുദായമോ അല്ലെങ്കില്‍ അവരുണ്ടാക്കിയ ട്രസ്റ്റോ ഒരു സ്‌കൂള്‍ മാനേജ് ചെയ്താല്‍ അതെങ്ങനെ സമുദായ സംരക്ഷണമാകും? സമുദായത്തിലെ കുട്ടികളെ സംരക്ഷിക്കുന്നത് എല്‍.പി., യു.പി., ഹൈസ്‌കൂള്‍, പ്‌ളസ് 2 സ്‌കൂള്‍ മാനേജര്‍മാരാണോ? യുവാക്കളെ സംരക്ഷിക്കുന്നത് എയ്ഡഡ് കോളേജ് മാനേജര്‍മാരും വനിതകളെ സംരക്ഷിക്കുന്നത് വനിതാ കോളേജ് മാനേജര്‍മാരുമാണോ? സമുദായത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ആളെ ഒട്ടും പരിഗണിക്കാതെ സംഖ്യ കൂടുതല്‍ മുടക്കുന്ന സമുദായക്കാരന് ജോലി നല്‍കിയാല്‍ അതെങ്ങനെ സമുദായ സംരക്ഷണമാകും? ഈ സമുദായ സംരക്ഷണമെന്നു പറയുന്നത് സമുദായത്തിലെ സമ്പന്നരെ സംരക്ഷിക്കുന്ന പരിപാടിയാണോ?
          എല്ലാ വിഭാഗം ജനങ്ങളുടെയും നികുതിപ്പണം ഏതാനും സമുദായങ്ങള്‍ക്കു മാത്രം വാരിക്കോരിക്കൊടുക്കുക! എത്ര കോടികളാണ് ഇങ്ങനെ കൊടുക്കുന്നതെന്നോ? സര്‍ക്കാര്‍ മേഖലയിലുള്ളതിനെക്കാള്‍ സ്‌കൂളുകള്‍ എയ്ഡഡ് മേഖലയിയാണുള്ളതെന്ന് ഓര്‍ക്കണം. സംസ്ഥാനത്ത് ആകെയുള്ള എല്‍.പി.സ്‌കൂളുടെ 61 ശതമാനവും യു.പി.സ്‌കൂളുകളുടെ 66 ശതമാനവും ഹൈസ്‌കൂളുകളുടെ 58 ശതമാനവും എയ്ഡഡ് മേഖലയിലാണുള്ളത്. ആകെ 1446 ഹയര്‍ സെക്കന്ററി സ്‌കൂളുകളുള്ളതില്‍ 686 എണ്ണം എയ്ഡഡ് മേഖലയിലാണ്. ആകെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളുള്ളതില്‍ 128 എണ്ണം എയ്ഡഡ് മേഖലയിലാണ്. സംസ്ഥാനത്ത് ആകെയുള്ള 190 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ 150 ഉം എയ്ഡഡ് മേഖലയിലാണ്.
     എല്‍.പി.മേഖലയിലുള്ള അദ്ധ്യാപകരിലെ 65 ശതമാനവും സ്വകാര്യ മേഖലയിലാണ്. യു.പി. അദ്ധ്യാപകരുടെ 71 ശതമാനവും ഹെസ്‌കൂള്‍ അദ്ധ്യാപകരുടെ 64 ശതമാനവും എയ്ഡഡ് മേഖലയിലാണുള്ളത്. സംസ്ഥാനത്ത് 915 ടി.ടി.ഐ.അദ്ധ്യാപകരുള്ളതില്‍ 58 ശതമാനവും എയ്ഡഡ് മേഖലയിലാണ്. ഇതു സംബന്ധിച്ചൊരു പട്ടികയാണ് ( സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2010 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്) താഴെ കൊടുത്തിരിക്കുന്നത്.
                                                                       
      കേരള സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കുള്ള ശമ്പളത്തിനായി ചെലവഴിക്കുന്ന സംഖ്യയില്‍ ഏറെയും എയ്ഡഡ് മേഖല വഴി ഏതാനും ജാതിക്കാര്‍ക്കായി നല്‍കുകയാണ് എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. എന്നിട്ടും എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ മാനേജര്‍മാരില്‍നിന്നു എടുത്തു മാറ്റാന്‍ കേരളത്തില്‍ മാറിമാറി ഭരിച്ച ഒരു സര്‍ക്കാരും തയ്യാറായില്ല. പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെങ്കില്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അധികാരവും സര്‍ക്കാരിനുതന്നെ വേണം.
     എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടണമെന്ന ശക്തമായ വാദം ഇതുവരെ കേരളത്തിലെ ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയില്‍നിന്നും ഉണ്ടായിട്ടില്ല. സോഷ്യലിസം പറയുന്ന കോണ്‍ഗ്രസ്സോ കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് വിപ്‌ളവം പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ഇതിനു തയ്യാറായിട്ടില്ല. കേരളരൂപീകരണത്തിനുശേഷം ഏതാണ്ട് തുല്യമായി വീതംവച്ച് ഭരിച്ചത് ഈ രണ്ടു പാര്‍ട്ടിക്കാര്‍ത്തന്നെയാണല്ലോ!
      ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ 32 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം വിവാദമായപ്പോള്‍,എയ്ഡഡ് സ്‌കൂളിലെ എല്ലാ നിയമനങ്ങളും നിയമനം പി.എസ്.സി.ക്ക് വിടണമെന്ന് കൊല്ലത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെടുകയുണ്ടായി. യൂത്ത് ലീഗിന്റെ ഈ നിലപാടില്‍ ഒട്ടും ആത്മാര്‍ത്ഥ കാണേണ്ടതില്ല. ഈ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യില്ല എന്നുറപ്പുള്ളതുകൊണ്ട് മാത്രമാണ് യൂത്ത് ലീഗ് ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത്. വെറും പൊളി വര്‍ത്തമാനമാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇതിലും വലിയ പൊളി വര്‍ത്തമാനം പറഞ്ഞിരിക്കുന്നു ഡി.വൈ.എഫ്.ഐ. യൂത്ത് ലീഗിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത ഡി.ഐ.എഫ്.ഐ, വിവാദങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് യൂത്ത് ലീഗ് ഇങ്ങനെ പറഞ്ഞതെന്നും ആരോപിക്കുകയുണ്ടായി. വളരെ മുമ്പുതന്നെ തങ്ങള്‍ ഈ ആവശ്യമുയര്‍ത്തി പ്രമേയം അംഗീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നതായും ഡിഫി പറയുകയുണ്ടായി. യോജിച്ച് പ്രക്ഷോഭം നടത്താന്‍ യൂത്ത് ലീഗ് തയ്യാറുണ്ടോ എന്നും ഡിഫി ചോദിച്ചിരിക്കുന്നു(ദേശാഭിമാനി, 30.06.2012).
        വളരെ മുമ്പുതന്നെ തങ്ങള്‍ ഈ ആവശ്യത്തിനുവേണ്ടി പ്രമേയം അംഗീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തുവെന്നാണല്ലോ ഡിഫി പറഞ്ഞത്. കേരള രൂപീകരണത്തിനു ശേഷം 28 കൊല്ലം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതില്‍ 21 കൊല്ലം ഡിഫിയുടെ സ്വന്തം ആള്‍ക്കാരായ ഈ.എം.എസ്.നമ്പുതിരിപ്പാടും ഈ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമാണ് കേരളം ഭരിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാതെ ഡിഫി പ്രമേയം പാസ്സാക്കിയങ്ങനെ ഇരുന്നു! ഡിഫിയുടെ ആത്മാര്‍ത്ഥതയില്ലായ്മയ്ക്ക് ഇതില്‍പ്പരം മറ്റെന്തു തെളിവു വേണം? ആത്മാര്‍ത്ഥതയില്ലായ്മയില്‍ യൂത്ത് ലീഗിനെക്കാളും ഒരു പവന്‍ത്തൂക്കം മുന്നിലാണ് ഡിഫിയെന്നു ചുരുക്കും. ഇത്തരമൊരാവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്താന്‍ ഉശിരുള്ള യുവജന പ്രസ്ഥാനം ഇനി കേരളത്തില്‍ ജനിച്ചിട്ടു വേണം!
       മറ്റൊരു എയ്ഡഡ് വാര്‍ത്തയുംകൂടി വന്നിരിക്കുന്നു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള 11 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം ഈയിടെ തീരുമാനിക്കുകയുണ്ടായി. ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ 32 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയാല്‍ സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുമെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഇനിയും 11 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്!
      എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ മാനദണ്ഡം ജാതി, പണം, സ്വന്തം, ബന്ധം എന്നിവ മാത്രമാണ്. അവിടെ സാമൂഹിക നീതിയെന്നത് മരുന്നിനുപോലുമില്ല; സ്വജാതി നീതിയും ഉയര്‍ന്ന സാമ്പത്തിക നീതിയും മാത്രം. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കിവിടെ അവസരം ലഭിക്കുന്നേയില്ല. എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരില്‍ ഒരു ശതമാനം പോലുമുണ്ടാകില്ല പട്ടികജാതി/വര്‍ഗ്ഗക്കാര്‍. ജാതി/മതക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുളില്‍പ്പോലും ഇതുതന്നെയാണ് അവസ്ഥ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടുത്ത സവര്‍ണാധിപത്യമാണ് കൊടുകുത്തി വാഴുന്നത്.
      കേരളത്തിന്റെ പൊതുമുതല്‍ ഏതാനും ജാതികള്‍ക്ക് വിഴുങ്ങാന്‍ നല്‍കുന്ന ഈ വൃത്തികെട്ട സംവിധാനം സര്‍ക്കാര്‍ ഉടനടി നിര്‍ത്തേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് സര്‍ക്കാര്‍ നിയമനങ്ങളിലെ സംവരണ മാനദണ്ഡമെങ്കിലും എയ്ഡഡ് നിയമനങ്ങള്‍ക്കും ബാധകമാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയായി എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാകേണ്ടതുണ്ട്.
                                                      ........................... 

Friday, June 22, 2012

ച്‌സി ച്‌സി ച്‌സി ച്‌സി ച്‌സി!

 സുതാര്യം മാസിക, ജൂണ്‍ 2012
    ''നിങ്ങളിപ്പൊ ശാസ്ത്രം കണ്ടുപിടിച്ചു എന്നു പറയുന്നത് ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടേ എഴുതിവെച്ചിട്ടുള്ളതാ. ആ ഗ്രന്ഥത്തില്‍ പറഞ്ഞത് മാത്രമേ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളൂ; ഇനി കണ്ടുപിടിക്കുകയുമുള്ളൂ''
    ''നിങ്ങളെ കാര്യം അങ്ങനെയാ. എട്ടുകാലിമമ്മൂഞ്ഞീന്റെ സ്വഭാവംപോലെ. ശാസ്ത്രം എന്തെങ്കിലും കണ്ടുപിടിച്ചാല്‍ അപ്പൊ നിങ്ങളുടെ ആള്‍ക്കാര്‍ പറയും അത് ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന്. എന്തിനാണ് കണ്ടുപിടുത്തം കഴിഞ്ഞിട്ട് അത് നിങ്ങളെ ഗ്രന്ഥത്തിലുണ്ടെന്ന് പറയാന്‍ നിക്കണത്. നിങ്ങളെ ഗ്രന്ഥത്തിലുള്ള ശാസ്ത്ര സത്യങ്ങളെല്ലാംകൂടി ഒന്നങ്ങട്ട് വെളിച്ചത്തുകൊണ്ടുവന്നൂടെ? ന്നാപ്പിന്നെ ശാസ്ത്രജ്ഞന്മാര്‍ വെറുതെ സമയവും പണവും നഷ്ടപ്പെടുത്തി ഉറക്കമൊഴിച്ച് എടങ്ങേറാകേണ്ട കാര്യമില്ലല്ലോ! മനുഷ്യനുണ്ടാക്കിയതാണ് നിങ്ങളെ മതവും ദൈവവും ഗ്രന്ഥവും കുന്തവുമൊക്കെ''
                           
     ''നിങ്ങളെ ആരുണ്ടാക്കി? മാതാപിതാക്കളെന്ന് നിങ്ങള്‍ പറയും. അപ്പോള്‍ അവരെ ആരുണ്ടാക്കി? ഈ ചോദ്യമങ്ങനെ ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കുത്തരം കുന്തം കിട്ടും! ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന്റെ ഉത്തരമാണ് ദൈവം''
   ''ഹ!ഹ!!ഹ!!! അപ്പൊ ആ ദൈവത്തെ ആരുണ്ടാക്കി? വേറൊരു ദൈവമോ? ഇതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍. മതവും ദൈവവുമൊക്കെ മനുഷ്യന്റെ പേടിയില്‍നിന്നുണ്ടായ അന്ധവിശ്വാസങ്ങള്‍ മാത്രം. ഇതാണ് സത്യം..........''
                ച്‌സി ച്‌സി ച്‌സി ച്‌സി ച്‌സി!
   '' കറക്റ്റ്!വളരെ കറക്റ്റ്!! ദൈവമില്ലാ എന്നു ഞാന്‍ പറഞ്ഞതുതന്നെ സത്യം!! ഞാന്‍ പറഞ്ഞ് വായേന്ന് നാവെടുത്തില്ല. അപ്പൊഴേക്കും കേട്ടില്ലേ പല്ലി ചിലച്ചത്!?''
                       ...................

Wednesday, May 23, 2012

മലബാര്‍ അവഗണന !

കേരളശബ്ദം വാരിക, 20.05.2012.
 
മലബാര്‍ അവഗണനാ വാദം വിഘടന വാദം

       2000 ത്തില്‍ ഞാന്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ആസ്ഥാനത്ത് ആറുമാസം ജോലി ചെയ്തിട്ടുണ്ട്. മലപ്പുറത്ത് ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും മലപ്പുറത്തെ മുസ്ലീങ്ങള്‍ ഇപ്പോഴും 'മലപ്പുറംകത്തി'യുമായി നടക്കുകയാണെന്നും അമുസ്ലീങ്ങള്‍ക്ക് മലപ്പുറത്ത് ജീവിക്കാന്‍ സാധിക്കില്ലെന്നുള്ളൊരു ധാരണ തെക്കന്‍ കേരളത്തിലെ പലര്‍ക്കും അന്നും ഉണ്ടായിരുന്നതായി അവരുടെ സംസാരങ്ങളില്‍നിന്നു എനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അമുസ്ലീങ്ങള്‍ക്ക് മലപ്പുറത്തു ജീവിക്കാന്‍ പ്രതേ്യക പ്രയാസങ്ങളൊന്നും ഇല്ലെന്നും ഇതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും നിരന്തരം പറഞ്ഞിട്ടും പലര്‍ക്കും അത് അംഗീകരിക്കുവാന്‍ സാധിച്ചില്ല. മലപ്പുറത്തെക്കുറിച്ച് ഇങ്ങനെയൊരു ധാരണയുണ്ടായത് സവര്‍ണ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ്. എന്നാല്‍, തെറ്റായ ഈ ധാരണകള്‍ ശരിയാക്കി മാറ്റാനുള്ള ചില അണിയറ പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ കേരളത്തിന്റെ മുഖ്യ ധാരയില്‍നിന്ന് വേര്‍തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവരുന്നു എന്നു വേണം മനസ്സിലാക്കാന്‍. മലബാര്‍ അവഗണിക്കപ്പെടുന്നു എന്ന പേരു പറഞ്ഞാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്. മലബാര്‍ അവഗണനയെന്ന മുദ്രാവാക്യം അടിസ്ഥാനപരമായി വിഘടനവാദമാണ്. കാരണം, ഇങ്ങനെയൊരു അവഗണനയില്ലതന്നെ.
       കേരളത്തിന്റെ ഇപ്പോഴത്തെ 'മഹാരാജാവ്' ഉമ്മന്‍ ചാണ്ടിയാണ്. ഇതുകൊണ്ടുതന്നെ തിരുവിതാകൂര്‍ മഹാരാജാവ് എന്നതൊരു സങ്കല്‍പം മാത്രമാണ്. 1949 നവംബര്‍ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ചു. 1956 നവംബര്‍ ഒന്നിന് ഇതിനോടുകൂടി മലബാറും ചേര്‍ന്നു. ഇതോടെ മുമ്പുണ്ടായിരുന്ന ഈ മൂന്നു പ്രദേശങ്ങളും ഇന്ന് ഒരു സങ്കല്‍പം മാത്രമാണ്. ഇതുകൊണ്ടുതന്നെ മലബാറിനെ വേര്‍തിരിച്ചെടുത്ത് അവഗണയും പരിഗണനയും പറയുന്നതില്‍ യാതൊരു യുക്തിയുമില്ല.
      മലബാര്‍ ജില്ലയില്‍ പത്ത് താലൂക്കുകളായിരുന്നു മുമ്പുണ്ടായിരുന്നത്. ചിറക്കല്‍, കോട്ടയം(മലബാര്‍),കുറുമ്പനാട്, വയനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പാലക്കാട്, പൊന്നാനി, ബ്രിട്ടീഷ് കൊച്ചി എന്നിങ്ങനെ. പണ്ടത്തെ മലബാറിന്റെ അതിര്‍ത്തി നിര്‍ണയിച്ചാല്‍ അത് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചേറ്റുവ പാലം വരെ എത്തും. കാരണം മലബാറിലുണ്ടായിരുന്ന ബ്രിട്ടീഷ് കൊച്ചി എന്ന പ്രദേശം ചേറ്റുവ പാലത്തിനിപ്പുറമാണ്. മാത്രമല്ല മലബാര്‍ ബോംബെവരെയും എത്തിയേക്കും. എന്തെന്നാല്‍, മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ടുമുണ്ട്. 1792 മാര്‍ച്ച് 18 ന് ശ്രീരംഗപട്ടം സന്ധിയെത്തുടര്‍ന്ന് ടിപ്പുവിന്റെ അധീനതയിലുണ്ടായിരുന്ന മലബാര്‍ പ്രദേശങ്ങള്‍ മുഴുവന്‍ ബ്രീട്ടിഷ് അധീനതയിലാവുകയും ഈ പ്രദേശങ്ങള്‍ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു. മലബാറിന്റെ പൂര്‍വ്വ പാരമ്പര്യം നിലനിര്‍ത്തണമെന്നൊരു വാദമുണ്ടായാല്‍ ആകെ സുയിപ്പാകും. വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഏതാനും ഭാഗങ്ങളും ഏറനാട് താലൂക്ക് പൂര്‍ണമായും ലയിപ്പിച്ചാണ് 1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല രൂപീകരിച്ചത്.
         മലബാറില്‍ ആകെ ഇത്ര മെഡിക്കല്‍ കോളേജുകള്‍ ഉള്ളപ്പോള്‍ തിരു-കൊച്ചിയില്‍ അത്ര മെഡിക്കല്‍ കോളേജുകളുണ്ട്. തിരു-കൊച്ചിയില്‍ അത്ര ആനബസ്റ്റേഷന്‍ ഉള്ളപ്പോള്‍ മലബാറില്‍ ഇത്ര ആനബസ്റ്റേഷനെയുള്ളൂ എന്നൊക്കെപ്പറഞ്ഞാണ് സോളിഡാരിറ്റി മലബാര്‍ വിവേചനത്തെപ്പറ്റി പറയുന്നത്. മലബാറിനെ തിരു-കൊച്ചിയുമായി താരതമ്യം ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതെങ്ങനെ? തിരു-കൊച്ചിയെ തിരുവിതാംകൂറും കൊച്ചിയുമായിത്തന്നെ കാണണം. ഓരോ ജില്ലയും കൃത്യമായി ഏതു മേഖലയില്‍ വരുമെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ ഇടുക്കിയുടെ കുറെ ഭാഗങ്ങള്‍ കൊച്ചിയിലും കുറച്ച് ഭാഗങ്ങള്‍ തമിഴ്‌നാട്ടിലും കുറച്ച് ഭാഗങ്ങള്‍ തിരുവിതാംകൂറിലുമാണ് ഉണ്ടായിരുന്നത്. ഒരു ഏകദേശ ധാരണവച്ച് കണക്കാക്കിയാല്‍ തിരുവിതാംകൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളും കൊച്ചിയില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ മൂന്നു ജില്ലകളും മലബാറില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ 6 ജില്ലകളുമാണ് വരിക. തിരു-കൊച്ചിയിലെ 8 ജില്ലകളുടെ വികസനത്തെ മലബാറിലെ ആറു ജില്ലകളിലെ വികസനവുമായി താരതമ്യം ചെയ്ത് മലബാറിനെ അവഗണിച്ചുവെന്നു പറയുന്നത് ഏട്ടന് അനിയനെക്കാള്‍ വയസ്സ് കൂടുതലാണെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നതുപോലുള്ള മണ്ടത്തരമാണ്.
    മലബാറിന്റെ കേന്ദ്രമായി കണക്കാക്കുന്നത് മലപ്പുറത്തിനെയാണല്ലോ. മലബാറിന്റെ വികസത്തെക്കുറിച്ച് പറയുമ്പോള്‍ മലപ്പുറം ജില്ലയുടെ വികസനം എന്താണെന്നു നോക്കിയാല്‍ മതി.
    കൂടുതല്‍ ആശുപത്രികളും ഡോക്ടര്‍മാരുമാണ് ആരോഗ്യത്തിന്റെ മാനദണ്ഡമെങ്കില്‍, അതില്‍ മലപ്പുറം ഒട്ടും പിറകിലല്ല എന്നു മാത്രമല്ല ഏറെ മുന്നിലുമാണ് എന്നതാണ് വാസ്തവം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം 2010 ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പട്ടികയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഈ പട്ടികയനുസരിച്ച് കാര്യങ്ങളൊന്നു പരിശോധിച്ചു നോക്കാം.
         അലോപ്പതി ചികിത്സാ രംഗത്ത് ഡിസ്‌പെന്‍സറികള്‍, ലെപ്രസി/ടി.ബി.സെന്ററുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തുള്ളത് ആകെ 1254 സ്ഥാപനങ്ങളാണുള്ളത്. അതായത് സംസ്ഥാനത്തെ ജില്ലാ ശരാശരി 90. എന്നാല്‍ മലപ്പുറത്തിന് 120 സ്ഥാപനങ്ങളുണ്ട്. ഇവകളിലെ ബഡ്ഡുകളുടെ ജില്ലാ ശരാശരി 2644 ആകുമ്പോള്‍ ജില്ലയ്ക്കുള്ളത് 3705 ആണ്. മെഡിക്കല്‍ ഓഫീസര്‍, ദന്ത ഡോക്ടര്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ജെ.പി.എച്ച്.എന്‍(എ.എന്‍.എം.എസ്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികളുടെ എണ്ണത്തിന്റെ ജില്ലാ ശരാശരി യഥാക്രമം 276,5,69,113,397,250,61 ആകുമ്പോള്‍ ജില്ലയ്ക്കുള്ളത് യഥാക്രമം 307,7,98,137,590,335,83 ആണ്. എല്ലാം ജില്ലാ ശരാശരിക്ക് മേലെ. ജെ.പി.എച്ച്.എന്‍(എ.എന്‍.എം.എസ്)ജീവനക്കാരുടെ എണ്ണം ജില്ലാ ശരാശരിയുടെ ഒന്നര ഇരട്ടിയോളമുണ്ട് മലപ്പുറം ജില്ലയ്ക്ക്. സീനിയര്‍ നഴ്‌സ്, ജൂനിയര്‍ നഴ്‌സ് എന്നിവയിലാണ് ജില്ല പിറകിലുള്ളത്. (പട്ടികയിലെ 23 മുതല്‍ 33 വരെയുള്ള കോളങ്ങള്‍ നോക്കുക)
        ആയുര്‍വ്വേദ ആശുപത്രികളുടെ ജില്ലാ ശരാശരി 8 ആകുമ്പോള്‍ മലപ്പുറത്തിനുള്ളത് 11 ആണ്. അയുര്‍വ്വേ ഡിസ്‌പെന്‍സറികളുടെ ജില്ലാ ശരാശരി 53 ഉം ജില്ലയ്ക്കുള്ളത് 68 ഉം. ഹോമിയോ ആശുപത്രി/ ഡിസ്‌പെന്‍സറികളുടെ ജില്ലാ ശരാശരിയും മലപ്പുറത്തിന്റെ സ്ഥാനവും ഏകദേശം തുല്യം തന്നെ. (പട്ടികയിലെ 34 മുതല്‍ 37 വരെയുള്ള കോളങ്ങള്‍ പരിശോധിക്കുക).

       ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ജില്ല മലപ്പുറമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗന്‍വാടി കേന്ദ്രങ്ങളുള്ള ജില്ലയും മലപ്പുറമാണ്. സംസ്ഥാന ശരാശരിയുടെ ഒന്നര ഇരട്ടിയിലേറെ അംഗന്‍വാടി കേന്ദ്രങ്ങളുണ്ട് ജില്ലയില്‍. എയ്ഡഡ് ഹൈസ്‌കൂള്‍, എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കോഴ്‌സുകളുടെ എണ്ണം, എയ്ഡഡ് ആര്‍ട്‌സ് സയന്‍സ് കോളേജ് തുടങ്ങിയ ഏതാനും രംഗത്ത് മാത്രമാണ് ജില്ല ശരാശരിയെക്കാള്‍ പിറകിലുള്ളത്. സംസ്ഥാനത്ത് ആകെ 11 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുള്ളതില്‍ ഒന്ന് മലപ്പുറത്താണ്. സംസ്ഥാനത്ത് 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുള്ളതില്‍ ഒന്നും മലപ്പുറത്തില്ല. 105 അണ്‍ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളുള്ളതില്‍ 5 എണ്ണം മലപ്പുറം ജില്ലയിലാണ്. സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, എയ്ഡഡ് എല്‍.പി.സ്‌കൂള്‍, സര്‍ക്കാര്‍ യു.പി.സ്‌കൂള്‍, എയ്ഡഡ് യു.പി.സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹയര്‍ സെക്കന്ററി ബാച്ചുകള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍, സി.ബി.എസ്.സി സ്‌കൂള്‍ എന്നീ മേഖലകളിലെ ജില്ലാ ശരാശരി യഥാക്രമം 182,284,68,134,72,54,49,432,19,50,55 ആകുമ്പോള്‍ മലപ്പുറത്തിനുള്ള സ്ഥാനം യഥാക്രമം 348,477,109,222,86,83,69,864,24,86,66 എന്നിങ്ങനെയാണ്. ജില്ലാ ശരാശരിയുടെ ഏകദേശം രണ്ടിരട്ടിയാണ് മലപ്പുറത്ത് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകള്‍! എയ്ഡഡ് എല്‍.പി.സ്‌കൂളുകളുടെ എണ്ണവും എയ്ഡഡ് യു.പി.സ്‌കൂളുകളുടെ എണ്ണവും ജില്ലാ ശരാശരിയുടെ ഒന്നര ഇരട്ടിയിലേറെ വരും. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബാച്ചുകളുടെ എണ്ണം ജില്ലാ ശരാശരിയുടെ ഇരട്ടിയാണ്. (പട്ടികയിലെ 4 മുതല്‍ 22 വരെയുള്ള കോളങ്ങള്‍ നോക്കുക).
        സംസ്ഥാനത്ത് ആകെ 4227 ഷെഡ്യൂള്‍ഡ്-വാണിജ്യ ബാങ്കുകള്‍ ഉള്ളതില്‍ 304 എണ്ണം മലപ്പുറത്തിനുണ്ട്. പൊതുമരാമത്ത് വകുപ്പ് പരിരക്ഷിക്കുന്ന റോഡുകളുടെ ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ജില്ല പിറകില്ല. ഇത് ജില്ലാ ശരാശരിയിലും കുറച്ച് അധികമാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ടാര്‍ ചെയ്ത റോഡുകളുടെ ദൈര്‍ഘ്യം ജില്ലാ ശരാശരി 1583 കി.മീറ്ററാകുമ്പോള്‍ ജില്ലയ്ക്കുള്ളത് 1643 കി.മീറ്ററാണ്. നിര്‍വ്വഹണത്തിലുള്ള ജല വിതരണ പദ്ധതികളുടെ എണ്ണത്തിലും ജില്ല ശരാശരിയെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. കെ.ആര്‍.ഡബ്‌ള്യുയു.എസ്.എ മുഖേന നിര്‍വ്വഹണം നടത്തിയ ജല വിതരണ പദ്ധതികളുടെ ജില്ലാ ശരാശരി 265 ഉള്ളപ്പോള്‍ മലപ്പുറത്തിന്റെ സ്ഥാനം 874 ആണ്. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളുടെ ജില്ലാ ശരാശരി 361 ഉം മലപ്പുറത്തിനുള്ളത് 438 എണ്ണവുമാണ് (പട്ടികയിലെ 38 മുതല്‍ 43 വരെയുള്ള കോളങ്ങള്‍ നോക്കുക).
    പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം(31.03.2010 ല്‍ അവസാനിക്കുന്നത്-താല്‍ക്കാലിക കണക്ക്) പരിശോധിച്ചാല്‍ നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള വാഹനങ്ങളുടെ ജില്ലാ ശരാശരി 18416 ഉം മലപ്പുറത്തിനുള്ളത് 25506 എണ്ണവുമാണ്. ജില്ലാ ശരാശരിയുടെ ഒന്നേക്കാല്‍ ഇരട്ടിയിലും അധികമാണിത്. സംസ്ഥാനത്ത് ആകെ 43753 സ്റ്റേജ് ക്യാരേജ് ബസ്സുള്ളതില്‍ 4417 എണ്ണം മലപ്പുറത്താണ്. ഓട്ടോ റിക്ഷകളുടെ കാര്യത്തില്‍ ജില്ലയുടെ പ്രാധിനിത്യം സംസ്ഥാന ശരാശരിയുടെ രണ്ടര ഇരട്ടിയിലേറെയാണ് (പട്ടികയിലെ 44 മുതല്‍ 46 വരെയുള്ള കോളങ്ങള്‍ നോക്കുക).
സര്‍ക്കാര്‍ പോസ്റ്റുകള്‍ അനുവദിക്കുന്നതിനോടും മലപ്പുറത്തിനോട് അവഗണന കാണിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ 267291 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ജില്ലാ ശരാശരി 19092. മലപ്പുറത്തിന്റെ പ്രാതിനിധ്യം 22698 ആണ്. (പട്ടികയിലെ കോളം 47 നോക്കുക).
         ഇങ്ങനെ നോക്കിയാല്‍ ഒരു കാര്യത്തിലും മലപ്പുറം ജില്ല പിറകിലെല്ലന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജില്ലയെ അവഗണിക്കുന്നില്ലെന്നും മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല മിക്ക കാര്യങ്ങളിലും മലപ്പുറം ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും ജില്ല കൂടുതല്‍ പരിഗണിക്കപ്പെടുന്നെന്നുമുള്ളതാണ് വാസ്തവം.
       സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പരിശോധിച്ചാലും മലപ്പുറം ജില്ല മുന്നില്‍ത്തന്നെ. ഗള്‍ഫ് മലയാളികളുടെ കാര്യം പരിശോധിച്ചാല്‍ മലപ്പുറം ജില്ലതന്നെയാണ് മുന്നിട്ടു നില്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. നോര്‍ക്കയുടെയും ഇന്ത്യന്‍ ഓവര്‍സീസ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ സാമൂഹിക ശാസ്ത്രജ്ഞന്മാരായ പ്രൊ:എസ്. ഇരുദയരാജനും പ്രൊ: കെ.സി.സ്‌കറിയാസും നടത്തിയ 2008 ലെ 'മൈഗ്രേഷന്‍ മോണിറ്ററിംഗ് സര്‍വ്വെ' പറയുന്നത്, 2008 ല്‍ ഗള്‍ഫില്‍ പോയ മലയാളികളുടെ എണ്ണത്തില്‍ മലപ്പുറത്തിന്റെ പ്രാതിനിധ്യം 15.7 ശതമാനമാണെന്നാണ്. തൊട്ടടുത്ത് നില്‍ക്കുന്നത് തിരുവനന്തപുരമാണ്-14.1 ശതമാനം. ഏറ്റവും കുറവ് പ്രാതിനിധ്യം 'തിരു-കൊച്ചിയിലെ'ഇടുക്കി ജില്ലയ്ക്കാണ്-0.3 ശതമാനം. ആകെയുള്ള 3,34,000 പ്രവാസികളില്‍ 21.9 ശതമാനവും മലപ്പുറം ജില്ലക്കാരാണ്.
      1935 ല്‍ സാമൂഹിക വിപ്‌ളവകാരിയായ സി.കേശവന്റെ നേതൃത്വത്തില്‍ ഈഴവരും മുസ്ലീങ്ങളും ലത്തീന്‍ ക്രിസ്ത്യാനികളും ചേര്‍ന്നാണ് നിവര്‍ത്തന പ്രക്ഷോഭം നടത്തിയത്. ജാതിവാഴ്ചക്കാരായിരുന്ന തിരുവിതാംകൂറിലെ ജനവിരുദ്ധ ഭരണാധികാരികളോട് സാമൂഹിക നീതിയും അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നു ആട്ടിയകറ്റപ്പെട്ടവര്‍ക്ക് ഭരണാധികാരത്തില്‍(സര്‍ക്കാരുദേ്യാഗങ്ങളില്‍)അര്‍ഹമായ പങ്കും നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മഹത്തായ ആ പ്രക്ഷോഭം വിജയിച്ചു. ഐതിഹാസികമായ ആ പ്രക്ഷോഭത്തിനിട്ട പേരുതന്നെയാണ് (രണ്ടാം നിവര്‍ത്തന പ്രക്ഷോഭം) യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ചു, 'മലബാര്‍ അവഗണന' എന്നു പേരിട്ടു നടത്തുന്ന പരിപാടിക്കും ഇട്ടിരിക്കുന്നത്. ഇത് തീര്‍ത്തും അപലപനീയമാണ്.
      കൂടുതല്‍ നേടിയ നേട്ടങ്ങള്‍ വളരെ ബോധപൂര്‍വ്വം മറച്ചുവച്ച് കുറഞ്ഞ അളവിലുള്ള ഇല്ലായ്മകളെ പൊലിപ്പിച്ച് കാണിച്ചു നടത്തുന്ന ഈ നിലപാട് ഒരുതരം വിഘടനവാദമാണ്. ഈ വിഘടനവാദത്തിന് നിര്‍ഭാഗ്യവശാല്‍ സി.പി.എമ്മും പരോക്ഷമായ പിന്തുണ നല്‍കിയിരിക്കുകയാണ്. മലബാര്‍ അവഗണന എന്ന, സോളിഡാരിറ്റിയുടെ കള്ള പ്രചാരണത്തെ സി.പി.എം. ശരി വയ്ക്കുകയാണ്. 01.03.2012 ലെ 'ദേശാഭിമാനി'വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. 'മലബാര്‍ വികസനം പഠിക്കാന്‍ പ്രതേ്യക കമ്മീഷനെ നിയോഗിക്കണം: കെ.ജെ.തോമസ്'എന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: ''മലബാര്‍ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രതേ്യക കമീഷനെ വെക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ.തോമസ്. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോടഞ്ചേരിയില്‍ സംഘടിപ്പിച്ച തിരുവമ്പാടി ഏരിയാ സെമിനാര്‍ 'മലബാര്‍ കുടിയേറ്റം;ചരിത്രവും വര്‍ത്തമാനവും'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുക്കൊച്ചിയെ അപേക്ഷിച്ച് മലബാറില്‍ വികസനം ഉണ്ടാകുന്നില്ല. ഇവിടെ പൊതുവായ വികസനം ആവശ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലബാറിന്റെ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സകല മേഖലകളിലും മലബാര്‍ പുറകിലാണ്''.
      ''എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലബാറിന്റെ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സകല മേഖലകളിലും മലബാര്‍ പുറകിലാണ്''എന്നാണല്ലോ സി.പി.എം. സംസ്ഥാ ന കമ്മിറ്റി അംഗം കെ.ജെ.തോമസ് പറഞ്ഞത്. മലര്‍ന്നു കിടന്നു തുപ്പുന്നതുപോലുള്ള നിലപാടല്ലേയിത്? 1956 ല്‍ കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം 28 കൊല്ലം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതില്‍ സി.അച്യുതമേനോന്‍ ഭരിച്ച 7 വര്‍ഷത്തെ ഒഴിവാക്കിയാല്‍ 21 കൊല്ലം കേരളം ഭരിച്ചത് സി.പിഎം.കാരായ ഈ.എം.എസ്.നമ്പൂതിരിപ്പാടും ഈ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമാണ്. ഇതില്‍ 16 കൊല്ലം മലബാറുകാരായ ഈ.എം.എസ്.നമ്പൂതിരിപ്പാടും ഈ.കെ.നായനാരുമാണ് കേരളം ഭരിച്ചത്. ആര് ഏതു പ്രദേശക്കാരോട് അവഗണന കാണിച്ചെന്നാണ് സി.പി.എം.നേതാവ് കെ.ജെ.തോമസ് പറയുന്നത്?
     ഇനി മലബാറിന്റെ ഭാഗമെന്ന് കണക്കാക്കാവുന്ന 6 ജില്ലകളിലെ ശരാശരി വികസനത്തെ സംസ്ഥാനത്തിന്റെ ജില്ലാ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ പലതിലും പിറകിലാണെന്ന കാര്യം ശരി തന്നെ. എന്നാല്‍, ഈ മലബാര്‍ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആലപ്പുഴ ജില്ല മലബാറിനെക്കാളും പിറകിലാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മലബാര്‍ ശരാശരിയുടെ (2442698) അടുത്താണ് ആലപ്പുഴയുടെ ജനസംഖ്യ(2121943). ജനസംഖ്യ മാനദണ്ഡമാക്കാതിരുന്നാല്‍ പല മേഖലകളിലും മലബാറിനെക്കാള്‍ പിറകിലാണ് ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ (പട്ടിക നോക്കുക).
     ഇനി, മലബാര്‍ അവഗണിക്കപ്പെടുന്നു എന്നതൊരു സത്യമാണെങ്കില്‍ ആരാണതിനു ഉത്തരവാദി? മാറിമാറി ഭരിച്ച സര്‍ക്കാരുകളെ പ്രതിനിധാനം ചെയ്ത എം.എല്‍.എ മാരും എം.പി. മാരുമാണ് ഇതിനു ഉത്തരവാദികള്‍. ഇക്കാലമത്രയും കഴിവുകെട്ട ജനപ്രതിനിധികളെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തയച്ചത് എന്നല്ലേ ഇതിനര്‍ത്ഥം? ഈ വാദം സോളിഡാരിറ്റി അംഗീകരിക്കും. ഇതുതന്നെയാണ് അവരുടെ ഉള്ളിലിരിപ്പും! ഈ വാദം തന്നെയാണോ സി.പി.എം, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കുമുള്ളത്?
    'നിവര്‍ത്തനം'എന്ന വാക്കിന് ശബ്ദതാരാവലിയില്‍ വിട്ടുനില്‍ക്കല്‍, പങ്കെടുക്കാതിരിക്കല്‍, പിന്‍തിരിയല്‍, തിരിയെപ്പോരല്‍ എന്നൊക്കെയാണ് അര്‍ത്ഥം. 'ഒന്നാം നിവര്‍ത്തന പ്രക്ഷോഭം' എന്ന് സോളിഡാരിറ്റിക്കാര്‍ വിശേഷിപ്പിക്കുന്ന പ്രക്ഷോഭത്തിന് ആ പേര് തികച്ചും യോജിച്ചതായിരുന്നു. കാരണം, മനുഷ്യനെ തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായി വിഭജിച്ചു ഭരിക്കുന്ന രാജഭരണത്തിലെ അനീതിക്കെതിരായിരുന്നു ആ സമരം. ആ അര്‍ത്ഥത്തില്‍ അത് ഭരണത്തില്‍ നിന്നു വിട്ടു നില്‍ക്കലും പിന്തിരിയലുമൊക്കെയായിരുന്നു. അതൊരു 'വിഘടന വാദം' തന്നെയായിരുന്നു. ഫ്യൂഡല്‍ രാജിനെതിരെയുള്ള ജനകീയ ജനാധിപത്യ സമരം. ഇന്ന് ഇത്തരമൊരു വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നു മാത്രമല്ല ഇത് ജനാധിപത്യ വിരുദ്ധമായ വാദവുമാണ്. ആര് ആരില്‍നിന്നു വിട്ടുനില്‍ക്കണമെന്നാണ് സോളിഡാരിറ്റി പറയുന്നത്? ഇല്ലാത്ത മലബാര്‍ അവഗണനയെന്നു വിശേഷിപ്പിക്കുന്ന ഒരു പരിപാടിക്ക് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത പ്രയോഗമാണ് 'നിവര്‍ത്തനം' എന്നത്. ഇതുകൊണ്ടാണ് സോളിഡാരിറ്റിയുടെ, വസ്തുതാ വിരുദ്ധമായ മലബാര്‍ അവഗണനാ വാദത്തെ വിഘടനവാദം എന്നു വിശേഷിപ്പിച്ചത്.
                     ...................


Tuesday, May 01, 2012

ജമാഅത്ത് സ്മൃതി


ബാലയാ വാ യുവത്യാ വാ 

വൃദ്ധയാ വാപി യോഷിതാ 

ന സ്വാതന്ത്രേ്യണ കര്‍ത്തവ്യം 

കിഞ്ചിത് കാര്യം ഗൃഹേഷ്വപി             

       ബാലയോ യുവതിയോ വൃദ്ധയോ ആരായാലും സ്ത്രീ സ്വഗൃഹത്തില്‍ പോലും ചെറിയ കാര്യമായാലും, തന്നിഷ്ടം പ്രവര്‍ത്തിക്കരുത് എന്ന് മനുസ്മൃതിയില്‍ (5:147) പറയുന്നുണ്ട്. ഇതില്‍നിന്നു തന്നെ മനു എത്രമാത്രം സ്ത്രീവിരുദ്ധനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല സ്ത്രീവിരുദ്ധങ്ങളായ ഒട്ടേറെ ശ്‌ളോകങ്ങള്‍ വേറെയുമുണ്ട് മനുസ്മൃതിയില്‍. 2:67, 3:9,11, 5:148,151,154, 8:77, 9:2,15,16,17,18,30,33,46,47 എന്നീ ശ്‌ളോകങ്ങള്‍ ഉദാഹരണം.         പക്ഷേ, മനുസ്മൃതിയെക്കുറിച്ചു പറയുമ്പോള്‍ 'ന:സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി'എന്ന ശ്‌ളോകം മാത്രമാണ് ചര്‍ച്ചചെയ്യപ്പെടാറ്. മനുസ്മൃതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമൊക്കെ ഈ ശ്‌ളോകത്തെക്കുറിച്ചേ പറയാറുള്ളൂ. ഇതുകൊണ്ടുതന്നെ ഈ ശ്‌ളോകത്തിന് പുതിയപുതിയ വ്യാഖ്യാനങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. മനുസ്മൃതിയിലെ (9:3)പ്രസ്തുക ശ്‌ളോകം ഇങ്ങനെ: 

പിതാ രക്ഷതി കൗമാരേ  

ഭര്‍ത്താ രക്ഷതി യൗവനേ 

രക്ഷന്തി സ്ഥവിരേ പുത്രാ 

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി                   

       കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ രക്ഷിക്കണം. സ്ത്രീ സ്വാതന്ത്യം അര്‍ഹിക്കുന്നില്ല. എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നാല്‍ സ്വാതന്ത്ര്യം എന്നതിന് സ്വന്തമായി തന്ത്രം ചെയ്യുക, അതായത് പ്രയാസപ്പെട്ട് പണി ചെയ്യുക എന്നതാണ് ഇതിനര്‍ത്ഥമെന്നും ഇത് ലക്ഷ്യമാക്കുന്നത് സ്ത്രീയെ കഷ്ടപ്പെടുത്താന്‍ പാടില്ല എന്നുമൊക്കെയാണ് ഭാരതീയ വിചാര കേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരനെപ്പോലെയുള്ളവര്‍ പറഞ്ഞിട്ടുള്ളത്. വേഷം മാറിയ ഇന്റര്‍നെറ്റ് മനുവാദികളും ഇതുതന്നെയാണ് പറയുന്നത്. മനുസ്മൃതി വ്യാഖ്യാനിച്ച സിദ്ധിനാഥാനന്ദ സ്വാമി ഇതിനു നല്‍കിയ വ്യാഖ്യാനം, 'സ്ത്രീ അനാഥയായിരിക്കാന്‍ പാടില്ല'എന്നാണ്. ഈ വ്യാഖ്യാനം അവസരത്തിനൊത്ത് വളച്ചൊടിച്ചതാണ്. ഈ ശ്‌ളോകം ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ടുമാത്രമാണ് ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന് വ്യക്തം. കാരണം, സ്ത്രീ വിരുദ്ധങ്ങളായ മറ്റു ശ്‌ളോകങ്ങള്‍ക്കൊക്കെ ശരിയായിത്തന്നെയാണ് സിദ്ധിനാഥാനന്ദ സ്വാമി വ്യാഖ്യാനം നല്‍കിയിരിക്കുന്നത്. മനുസ്മൃതിക്ക് മാത്രമല്ല മറ്റു പുരാണ ഗ്രന്ഥങ്ങള്‍ക്കും ഇങ്ങനെ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നുണ്ട്. വാല്മീകീ രാമായണത്തിലെ ഒരു ശ്‌ളോകം(അയോദ്ധ്യാ കാണ്ഡം, സര്‍ഗ്ഗം 52,ശ്‌ളോകം 89, മഹാകവി വള്ളത്തോളിന്റെ പദാനുപദ തര്‍ജ്ജമ-ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട് പ്രാര്‍ത്ഥിക്കുന്നത്) നോക്കുക: 

ആയിരം മദ്യകുംഭത്താല്‍ 

മാംസാന്നത്താലുമാസ്ഥയാ 

ദേവീ, പൂജിക്കുവന്‍ നിന്നെ,

പുരേ തിരിയെവന്ന ഞാന്‍            

    ഇതിലെ മദ്യകുംഭത്തിന് 'തീര്‍ത്ഥജലം' എന്നും മാംസാന്നത്തിനെ 'വിശിഷ്ട്യ ഭോജ്യം'എന്നുമാണ് എഴുത്തുകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് തര്‍ജ്ജമ കൊടുത്തിരിക്കുന്നത്.            രാമന്റെ കഥ വാല്മീകി വളരെ സത്യസന്ധമായും സുന്ദരമായുമാണ് പറഞ്ഞിരിക്കുന്നത്. ആര്‍ക്കും അതില്‍ വെള്ളം ചേര്‍ക്കാനുള്ള അവകാശമില്ല. വെള്ളം ചേര്‍ക്കുന്നവര്‍ക്ക് അവരുടേതായ സ്ഥാപിത താല്‍പര്യങ്ങളുണ്ട്. ഇത് മനുവാദികളുടെ മാത്രം കുത്തകയല്ല. പല ഇസ്ലാമിക പ്രസ്ഥാനങ്ങളും ഈ വഴിക്കുണ്ട്. ഇസ്ലാമിന്റെ മഹത്വം സ്ഥാപിക്കേണ്ടത് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാകണം. പകരം ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാകരുത്. അങ്ങനെ പറഞ്ഞാല്‍തന്നെ അത് സത്യസന്ധമായിരിക്കണം. നുണ പറയരുത്. ഇങ്ങനത്തെ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നതില്‍ ഏറെ മിടുക്കുള്ളൊരു വ്യക്തിയാണ് മുജാഹിദുകാരനായ എം.എം.അക്ബര്‍. അദ്ദേഹം എഴുതിയ 'മോക്ഷത്തിന്റെ മാര്‍ഗ്ഗം'എന്ന പുസ്തകത്തില്‍ (പേജ് 18,19) വൃത്തികെട്ടവന്‍ എന്നു അര്‍ത്ഥം വരുന്ന മ്‌ളേച്ഛ എന്ന വാക്കിന് 'വിദേശി'എന്നും എല്ലാം തിന്നുന്നവര്‍ എന്നു അര്‍ത്ഥം വരുന്ന സര്‍വ്വംഭക്ഷി എന്ന വാക്കിന് 'പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവര്‍' എന്നുമാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്.            വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പുതിയ അര്‍ത്ഥം കണ്ടെത്തുന്നതില്‍ ഇതിലേറെ മിടുക്കുള്ളവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന ശ്‌ളോകത്തിന് പി.പരമേശ്വരന്‍ നല്‍കുന്ന വ്യാഖ്യാനം തന്നെയാണ് ജമാഅത്തെ ഇസ്ലാമി നേതാവായ അബ്ദുര്‍ റഹ്മാന്‍ പെരിങ്ങാടിയും നല്‍കുന്നത്. അബ്ദുര്‍ റഹ്മാന്‍ പെരിങ്ങാടി 1998 മാര്‍ച്ച് 15 ന് 'മാധ്യമം' ദിനപത്രത്തിലെഴുതിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന മഹല്‍വാക്യം മുഖലേഖനത്തില്‍ ഉദ്ധരിച്ചത് വേണ്ടത്ര അവധാനതയോടെ ആയോ? സ്ത്രീയെ കുട്ടിക്കാലത്ത് പിതാവും യൗവനകാലത്ത് വരനും വാര്‍ദ്ധക്യകാലത്ത് മക്കളും സംരക്ഷിക്കണമെന്ന ഉദ്‌ബോധനത്തിനു ശേഷമാണ് ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പ്രസ്താവനയുള്ളത്. ഇവിടെ സ്വാതന്ത്ര്യം എന്ന പദത്തിന് നാം മലയാളത്തില്‍ ഇന്ന് വ്യവഹരിക്കുമ്പോലുള്ള സാധാരണ സാരമല്ല ഉള്ളത്. മറിച്ച് സ്വാതന്ത്ര്യം എന്ന സംസ്‌കൃതപദം അക്കാലത്ത് ഉപയോഗിച്ചത് തൊഴില്‍ എന്ന അര്‍ത്ഥത്തിലായിരുന്നു. ഈ വസ്തുത വിശദീകരിച്ചുകൊണ്ട് ശ്രീ:എം.പി.നാരായണപിള്ള എഴുതിയിരുന്നു. പ്രസ്തുത വാക്യം തെറ്റായിട്ടുദ്ധരിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. സ്ത്രീ വെളിയില്‍ ഉദേ്യാഗത്തിന് ഇറങ്ങി തെണ്ടിത്തിരിയേണ്ടതില്ല എന്ന തരക്കേടില്ലാത്ത ആശയം മാറ്റിമറിക്കുന്നത് ശരിയല്ലല്ലോ'         സ്വാതന്ത്ര്യത്തിന് പുതിയ അര്‍ത്ഥം തേടാന്‍ പെരിങ്ങാടി എം.പി.നാരായണപ്പിള്ളയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. പട്ടികജാതിക്കാരും മുസ്ലീങ്ങളും കൂട്ടുചേര്‍ന്ന് ഒ.ബി.സികള്‍ക്കെതിരെ മുന്നണിയുണ്ടാക്കണമെന്നു പറഞ്ഞ് 'കലാകൗമുദി'യില്‍ ലേഖനം(കാന്‍ഷിറാമില്‍നിന്നു മദനി പഠിക്കേണ്ടത് എന്ന തലക്കെട്ടില്‍)എഴുതിയ വ്യക്തിയാണ് എം.പി.നാരായണപ്പിള്ള. ഇതുകൊണ്ടാണോ പെരിങ്ങാടിക്ക് പിള്ളയെ ഇഷ്ടമായതെന്നറിയില്ല. ഏതായാലും പി.പരമേശ്വരന്റെ ഉള്ളിലുള്ളതുതന്നെയാണ് പെരിങ്ങാടിക്കുമുള്ളത്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധങ്ങളായ മറ്റു ശ്‌ളോകങ്ങള്‍ക്ക് എന്താണാവോ പെരിങ്ങാടി അര്‍ത്ഥം കണ്ടിരിക്കുന്നത്?        ഏതായാലും മനുസ്മൃതിയിലെ ശ്‌ളോകത്തെ അനുകൂലിക്കുന്ന പി.പരമേശ്വരന്‍ ജോലി ചെയ്യുന്ന സ്ത്രീകളെ മടക്കി വിളിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പി.പി.എ.പെരിങ്ങാടി ഇങ്ങനെയും പറഞ്ഞു. പ്രസ്തുത കുറിപ്പില്‍ പറയുന്നത് നോക്കുക: 'ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചുവിളിച്ച് പുരുഷന്മാര്‍ക്ക് തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടുവളരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും'. എങ്ങനെയുണ്ട് ജമാഅത്ത് സ്മൃതി? സവര്‍ണ മനുവാദികളെപ്പോലെത്തന്നെ അപകടകാരികളാണ് ജമാഅത്ത് മനുവാദികളും എന്ന സത്യം തിരിച്ചറിയുകതന്നെ വേണം.

                              ..................
                                                               

Thursday, March 29, 2012

മുട്ടുകള്‍


മക്തബ് 23.03.2012
        ''ശ്വാസംമുട്ടീട്ട് വല്ലാത്ത ബുദ്ധിമുട്ട് അപ്പുട്ടാ! കുട്ടേട്ടനോട് എപ്പളുമെങ്ങനാ പറയ്വ? ജ്ജ് രണ്ടീസത്തെ മരുന്ന് കൊണ്ടേത്തര്വോ?''
       ''കൊറച്ചൊക്കെ മുട്ടുണ്ടാകാതിരിക്ക്വോ അമ്മോ. പ്രായം കുറേ മോളില് മുട്ടീലെ? ങ്ങള് കുട്ടേട്ടനെത്തന്നെ മുട്ടി നോക്കി. കിട്ടാതിര്ക്കൂല. കുട്ടേട്ടന് ന്നെപ്പോലത്തെ ബുദ്ധിമുട്ട്വാളൊന്നും ല്ലല്ലോ. ഇന്ന് മുട്ടറക്കാന്‍ പോകേണ്ട ദെവസാ.   അതിന് മുട്ട് വരുത്ത്യാ ന്റെ തട്ടുമുട്ടുകളൊന്നും നീങ്ങൂലാ.
   ഇതുകേട്ട അയാളുടെ ഭാര്യ അമ്മയെ ഏറെ ദയനീയതയോടെയും അയാളെ കടുത്ത ദേഷ്യത്തോടെയുമൊന്നു നോക്കി.
        ''എന്താടീ യ്യ് കണ്ണുതുറിപ്പിച്ച് നോക്കണത്? ന്റെ കയ്യീന്ന് നല്ല മുട്ട് കിട്ടണ്ടെങ്കി അണക്ക് അടുക്കളേക്ക് പോക്വ നല്ലത്'' അവര്‍ പോയി. അയാള്‍ തുടര്‍ന്നു.
        ''......ന്റെ കയ്യില് കഷ്ട്യാണമ്മോ. അതീന്നെടുത്ത് മരുന്ന് വാങ്ങിത്തന്നാല്‍ രാവിലത്തെ ന്റെ മുട്ടറക്കല് മാത്രല്ല ന്റെ വൈകീട്ടത്തെ പരിപാടിയും മുട്ടും''
                                           .........................

Friday, March 16, 2012

മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കുക

മക്തബ് സായാഹ്ന ദിനപ്പത്രം 06.03.2012

     മുഖ്യമന്ത്രിയായിരിക്കവെ ഏ.കെ.ആന്റണി 2003 ല്‍ നടത്തിയ ഒരു പ്രസംഗം ഏറെ വിവാദമായിരുന്നു. അപ്രിയ സത്യങ്ങള്‍ പറഞ്ഞതിനു ക്രൂശിക്കപ്പെട്ടു എന്നൊക്കെ ചിലര്‍ പറയുകയുണ്ടായി. 16.07.2003 ന് കുടമാളൂരില്‍ വച്ചു നടന്ന, നമ്പൂതിരി സമുദായ സംഘടനയുടെ (യോഗക്ഷേമ സഭ) യോഗത്തിലാണ് ഏ.കെ.ആന്റണി 'ക്രൂശിതപ്രസംഗം' നടത്തിയത്. സിനിമാക്കാരും സീരിയലുകാരും മിക്ക മാധ്യമ പ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന സവര്‍ണവിലാസം കുചേലഗാനം കുറച്ചുകൂടി താളത്തിലും മേളത്തിലും ഈണത്തിലും അന്ന് ഏ.കെ. ആന്റണി പാടി! അന്ന് ഏ.കെ.ആന്റണി അപ്രിയ സത്യങ്ങളൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല സവര്‍ണവിലാസം കുചേലനുണകള്‍ പറഞ്ഞു എന്നതുമാത്രമായിരുന്നു വാസ്തവം.
       പട്ടിണിക്കും കഷ്ടപ്പാടിനും ജാതിയില്ല എന്ന കാര്യം വളരെ ശരിതന്നെ. പക്ഷേ, 'കഷ്ടപ്പാടിന് ജാതിയില്ല' എന്ന് കൂടുതലായി പ്രയോഗിക്കുന്നവര്‍ കടുത്ത ജാതി താല്‍പര്യമുള്ളവരാണ് എന്നതാണ് വാസ്തവം. പണ്ട് സമൂഹത്തിന്റെ മേല്‍ത്തട്ടിലുണ്ടായിരുന്നവരും കഷ്ടപ്പാട് എന്താണെന്ന് അറിയാത്തവരുടെയും പിന്‍തലമുറക്കാരുടെ കഷ്ടപ്പാടുകള്‍ മാത്രമെ ഇക്കൂട്ടര്‍ കഷ്ടപ്പാടുകളായി കാണുന്നുള്ളൂ. തകര്‍ന്ന നാലുകെട്ടും നശിച്ച നടുമുറ്റവും പൊളിഞ്ഞ പടിപ്പുരയും കാണുന്നവര്‍ കൂരകളിലും മാടങ്ങളിലും അന്തിയുറങ്ങുന്നവരെ കാണാറില്ല. ഓവര്‍ ബ്രിഡ്ജുകള്‍ക്കു താഴെയും റയില്‍വെ പുറമ്പോക്കുകളിലും മറ്റും അന്തിയുറങ്ങുന്നവരെയും ഇവര്‍ കാണാറില്ല. ഇക്കൂട്ടരെല്ലാം അടിപൊളി ജീവിതം നയിക്കുന്നവരും പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറില്‍ യാത്രചെയ്യുന്നവരുമാണെന്ന മട്ടിലാണ് പലരും സംസാരിക്കാറ്. ഏ.കെ. ആന്റണി പറഞ്ഞതും ഇതുതന്നെ. യോഗക്ഷേമ സഭയുടെ യോഗത്തില്‍ നമ്പൂതിരിമാര്‍ എത്തിയത് ഓട്ടോറിക്ഷകളിലും സെക്കന്റ് ഹാന്റ് കാറുകളിലുമാണെന്നാണ് ഏ.കെ.ആന്റണി പറഞ്ഞത്. യോഗത്തില്‍ പോവുക മാത്രമല്ല ഏ.കെ.ആന്റണി ചെയ്തത്! യോഗസ്ഥലത്തെത്തിയ വണ്ടികളുടെ ആര്‍.സി. പരിശോധിക്കുകകൂടി ചെയ്തു ഏ.കെ.ആന്റണി!!
       സോഷ്യലിസം പ്രസംഗിക്കുകയും ഹിന്ദുസ്ഥാന്‍ ഹമാര, ഹമാര എന്ന് പാടുകയും ചെയ്തതുകൊണ്ടൊന്നും കാര്യമില്ല; മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധവും മാനവികത എന്ന ഗുണവുമില്ലെങ്കില്‍. ഇത് ഏതാനും വ്യക്തികളുടെ കാര്യമല്ല. പൊതു സമൂഹവും ഏറെക്കുറെ ഇങ്ങനെത്തന്നെയാണ് ചിന്തിക്കുന്നത്. പൊതുസമൂഹം ബോധപൂര്‍വ്വം ഇങ്ങനെയൊരു തീരുമാനമെടുത്തതല്ല. ഏ.കെ.ആന്റണിയെപ്പോലുള്ളവരുടെ നിരന്തരമായ പ്രചാരണമാണ് ഇത്തരമൊരു ബോധം പൊതുസമൂഹത്തിലുണ്ടാവാന്‍ കാരണമായത്. ഇതുകൊണ്ടുതന്നെയാണ് കല്ലുവച്ച നുണകള്‍ ചോദ്യം ചെയ്യപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയുമിരിക്കുന്നത്.
ഇപ്പറഞ്ഞതുകൊണ്ട് കേരളത്തിലെ നമ്പൂതിരിമാരെല്ലാം പുത്തന്‍ കാറുകള്‍ ഉപയോഗിക്കുന്നവരാണെന്നും സമ്പന്നന്മാരാണെന്നും അര്‍ത്ഥമില്ല. പട്ടിണിക്കാരും പാവങ്ങളും അവരിലുമുണ്ട്. ഇത് അടുത്തകാലത്തുണ്ടായ ഒരു പ്രതിഭാസവുമല്ല. നമ്പൂതിരിമാരില്‍ പണ്ടുമുണ്ടായിരുന്നു പാവങ്ങള്‍. എന്തിനധികം പറയുന്നു, 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്നു പറഞ്ഞ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഭരിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനും സഹപാഠിയുമായിരുന്ന സുദാമാവ് എന്ന ബ്രാഹ്മണന്‍ പട്ടിണിക്കാരനായിരുന്നു. ഭിക്ഷയാചിച്ചായിരുന്നു സുദാമാവിന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ പാവമായിരുന്നത് കൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു സുദാമാവ് ധരിച്ചിരുന്നത്. മുഷിഞ്ഞ ചേല(വസ്ത്രം)ധരിച്ചതുകൊണ്ടാണ് സുദാമാവിന് കുചേലന്‍ എന്ന വിശേഷണം വന്നത്. കുചേലന്‍ എന്ന വാക്കിന് ശബ്ദതാരാവലിയില്‍ ദരിദ്രന്‍ എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥ അതിന്റെ എല്ലാ പ്രതാഭത്തോടും നിലനിന്ന നാട്ടില്‍ പട്ടിണിക്കാരായ ബ്രാഹ്മണരുണ്ടായിരുന്നെങ്കില്‍ ഇക്കാലത്ത് ദരിദ്ര ബ്രാഹ്മണരുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!
ഭൂരിപക്ഷം അവഗണിക്കപ്പെടുന്നു എന്നാണ് ഏ.കെ.ആന്റണി അന്നു പറഞ്ഞത്. അതായത്, ക്രിസ്ത്യനികളും മുസ്ലീങ്ങളുമടക്കമുള്ള ന്യൂനപക്ഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍. ഏ.കെ.ആന്റണിയുടെ നിഘണ്ടുവിലെ ഭൂരിപക്ഷമെന്നാല്‍ നമ്പൂതിരിമാരും മറ്റു സവര്‍ണരുമാണ്. നമുക്കും ചാത്തനുംകൂടി നൂറ്. ഇതില്‍ 'നമുക്ക്' തൊണ്ണൂറ്റിയൊന്‍പത് 'ചാത്തന്' ഒന്ന് എന്ന കണക്കു മാനദണ്ഡമാക്കിയാണ് മറ്റു പലരെയുംപോലെ ഏ.കെ.ആന്റണിയും അഭിപ്രായങ്ങള്‍ പറയുന്നത്. അന്‍പത് കിട്ടേണ്ടിടത്ത് ഒന്ന് മാത്രം കിട്ടിയ ചാത്തന്റെ പേരില്‍ അസൂയും അന്‍പത് കിട്ടേണ്ടിടത്ത് തൊണ്ണൂറ്റൊന്‍പത് കിട്ടിയ 'നമ്മുടെ'പേരില്‍ സഹതാപവും! ഭൂരിപക്ഷം അവഗിക്കപ്പെട്ടു എന്ന കാര്യം ശരിതന്നെ. പക്ഷേ, ചാത്തനും ചാത്തുക്കുട്ടിയുമൊക്കെയാണ് അവഗണിക്കപ്പെട്ടത് എന്ന സത്യം (ഈ സത്യം ഏ.കെ.ആന്റണിയെപ്പോലുള്ളവരും നല്ലപോലെ മനസ്സിലാക്കിയതാണ്) സവര്‍ണപാത്രംകൊണ്ട് മൂടിവച്ചിരിക്കുകയാണ്. എന്താണ് 'നമ്മുടെ'യും 'ചാത്തന്മാരുടെയും'അവസ്ഥ? നമുക്കൊന്നു പരിശോധിച്ചു നോക്കാം.
      കേരള ശാസ്ത്ര പരിഷത്ത് നടത്തിയതും 2006 ല്‍ പ്രസിദ്ധീകരിച്ചതുമായ 'കേരള പഠന'ത്തെത്തന്നെ (കേരള പഠനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) ആശ്രയിക്കാം. ആളോഹരി വാര്‍ഷിക ശരാശരി വരുമാനം സവര്‍ണരുടേത് 22503 രൂപയാണെങ്കില്‍ പട്ടികജാതിക്കാരുടേത് 12317 രൂപയും പട്ടികവര്‍ഗ്ഗക്കാരുടേത് 9022 രൂപയുമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ പട്ടികവര്‍ഗ്ഗക്കാരില്‍ 37.5 ശതമാനവും പട്ടികജാതിക്കാരില്‍ 29.5 ശതമാനവും ഉള്ളപ്പോള്‍ സവര്‍ണരിലുള്ളത് 8 ശതമാനമാണ്. റേഷനരിയെ ആശ്രയിക്കുന്നവര്‍ പട്ടികവര്‍ഗ്ഗക്കാരില്‍ 35.1 ശതമാനവും പട്ടികജാതിക്കാരില്‍ 23.7 ശതമാനവും ഉള്ളപ്പോള്‍ സവര്‍ണരിലുള്ളത് 7.1 ശതമാനമാണ്. ഇങ്ങനെ, സാമ്പത്തികവുമായി ബന്ധപ്പെട്ട ഏതു മേഖലകള്‍ പരിശോധിച്ചാലും പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും അടിത്തട്ടിലും ഏറ്റവും മുകള്‍ത്തട്ടില്‍ സവര്‍ണരുമാണെന്നു പ്രസ്തുത പഠനത്തില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഇനി, സര്‍ക്കാരുദേ്യാഗങ്ങളുടെ പ്രാതിനിധ്യമെടുത്താലും സവര്‍ണര്‍തന്നെയാണ് ഇപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സംവരണമില്ലാത്തതില്‍ മുന്നാക്കക്കാര്‍ തഴയപ്പെടുന്നുവെന്ന് എന്‍.എസ്.എസ്സ് മാത്രമല്ല പറയുന്നത്. ഈ നുണ മറ്റു മിക്ക രാഷ്ട്രീയ സവര്‍ണരും വിളിച്ചുകൂവാറുണ്ട്. ഇതൊരു സവര്‍ണവിലാസം വിലാപമാണെന്ന് പരിഷത്ത് പഠനം വ്യക്തമാക്കുന്നുണ്ട്. പഠനം അടിവരയിട്ട് ഇങ്ങനെ പറയുന്നു(പേജ്, 71): ''ജാതി,മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''. ഇവിടെ പറയുന്ന ക്രിസ്ത്യാനികള്‍ സവര്‍ണ ക്രിസ്ത്യാനികളാണ്.
ശ്രീബുദ്ധനെപ്പോലെയോ സ്വാമി സത്യവ്രതനായി മാറിയ അയ്യപ്പന്‍പിള്ളയെപ്പോലെയോ മനസ്സ് വിശാലമാക്കേണ്ടതില്ല. മനസ്സിന്റെ കിളിവാതില്‍ ചെറുതായൊന്നു തുറന്നാല്‍ മാത്രം മതി. സത്യം പകല്‍ വെളിച്ചംപോലെ വ്യക്തമാകും; 'നമ്മുടെ'ആള്‍ക്കാരല്ല 'ചാത്തന്റെ' ആള്‍ക്കാര്‍ തന്നെയാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും കിടക്കുന്നതെന്ന്! ഇത് അംഗീകരിക്കാന്‍ കഴിയാത്തവര്‍, അവര്‍ ഏതു മതക്കാരായാലും ഏതു ജാതിക്കാരായാലും ഏതു രാഷ്ട്രീയക്കാരായാലും ജാതി/മത വിശ്വാസമില്ലാത്ത യുക്തിവാദികളായാലും അവര്‍ കടുത്ത ജാതി വര്‍ഗ്ഗീയവാദികള്‍ തന്നെയാണെന്നതിന് യാതൊരു സംശയവുമില്ല.
     ഈ സത്യം നിലനില്‍ക്കെത്തന്നെ, ശതമാനംകൊണ്ടും എണ്ണംകൊണ്ടും കുറവാണെങ്കിലും മുന്നാക്കക്കാരിലും ദരിദ്രര്‍ ഉണ്ട് എന്ന സത്യം അംഗീകരിക്കുകതന്നെ വേണം. സാമ്പത്തിക സഹായത്തിന് ഇക്കൂട്ടരും അര്‍ഹരാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും മുസ്ലീങ്ങളടക്കമുള്ള പിന്നാക്കക്കാര്‍ക്കും സാമ്പത്തിക സഹായം ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സികളുണ്ട്. പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്തത്യാനികള്‍ക്കും അവകാശമുണ്ട്. ഹിന്ദു സവര്‍ണര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാതിരിക്കുന്നത്. ഇത് വിവേചനമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കുക എന്നത് സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ്. ഇത്തരമൊരാവശ്യം ഉയര്‍ന്നപ്പോള്‍ അതിനെതിരെ കെ.എം.മാണി നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലാത്തതാണ്. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന മന്നം ജയന്തി സമ്മേളനത്തില്‍ വച്ചുനടത്തിയ മന്നം അനുസ്മരണ പ്രഭാഷണത്തില്‍ കെ.എം.മാണി പറഞ്ഞത്, ഏ.പി.എല്‍.-ബി.പി.എല്‍ പോലെ വേര്‍തിരിച്ച് മുന്നാക്കക്കാര്‍ക്ക് വേണ്ടി കോര്‍പറേഷന്‍ രൂപികരിക്കാന്‍ സാധിക്കില്ല എന്നാണ്. ഒരു സവര്‍ണ ക്രിസ്ത്യനിക്ക് കല്യാണം കഴിക്കാന്‍ ഏ.പി.എല്‍.-ബി.പി.എല്‍ നോക്കാതെ വായ്പ നല്‍കാമെന്നിരിക്കെ, സവര്‍ണ ഹിന്ദുവിന് കല്യാണം കഴിക്കാന്‍ എന്തുകൊണ്ട് വായ്പ നല്‍കിക്കൂടാ? തൊട്ടതിനും പിടിച്ചതിനുമൊക്കെ കോര്‍പ്പറേഷനുള്ള ഈ നാട്ടില്‍ ഒരു കോര്‍പ്പറേഷന്‍കൂടി അധികപ്പറ്റാകില്ല. ആയതിനാല്‍ മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാവുകതന്നെ വേണം!
                             ................

Monday, February 20, 2012

'ക്ഷത്രിയന്‍'കാക്കനാടന്റെ 'കോഴി'!

ഉത്തരകാലം വെബ് മാഗസിന്‍ 20.02.2012
     കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ മതംമാറ്റം ചിലര്‍ വല്ലാതെ ആഘോഷിക്കുകയുണ്ടായി. 16 കൊല്ലം ഇസ്ലാമിനെ പഠിച്ച ശേഷമാണ് അവര്‍ ഇസ്ലാമായത് എന്നാണ് പറഞ്ഞിരുന്നത്. ഇതിലൊരു സത്യവും ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, അവര്‍ മതം മാറുന്നതിന് ആറു മാസം മുമ്പ് സവര്‍ണ സവര്‍ണ സംഘടനയായ 'തപസ്യ'യുടെ പരിപാടിയില്‍ നടത്തിയ പ്രസംഗം 30.03.1998 ലെ 'മാധ്യമം' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ''ഇവിടെ ജനിച്ചു വളര്‍ന്ന ഹിന്ദു മതം അവഗണിക്കപ്പെട്ടതായി അവര്‍ പറഞ്ഞു. ചിലപ്പോള്‍ സര്‍ക്കാര്‍ വരെ പീഡിപ്പിച്ചു. സെക്കുലര്‍ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഹിന്ദു വിരോധമാണെന്ന് ഭരിച്ച സര്‍ക്കാര്‍ വരെ ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്ന മതങ്ങളെ ആചരിച്ചു; സ്വീകരിച്ചു. ഇത് നന്നായി. എന്നാല്‍ ഇവിടെ വളര്‍ന്നതു കൊണ്ട് ഹിന്ദു മതത്തെ അവഗണിക്കാന്‍ ശ്രമിച്ചു''. 
     വേദി ഏതാണോ അതിനനുസരിച്ച് സംസാരിക്കുക എന്നതിലപ്പുറമുള്ളൊരു രാഷ്ട്രീയമൊന്നും അവര്‍ക്കില്ല. എങ്കിലും അവര്‍ പാവമായിരുന്നു. അവര്‍ക്ക് ഒരാള്‍ ജീവിതം കൊടുക്കാമെന്നു പറഞ്ഞു. അവരത് വിശ്വസിച്ചു. ആ ആഗ്രഹം നിറവേറ്റാനായി അവര്‍ മതം മാറി. ഇതു മാത്രമാണ് സംഭവിച്ചത്. ഇതേക്കുറിച്ച് അവര്‍തന്നെ പറഞ്ഞത് ('മാതൃഭൂമി' വാരാന്തപ്പതിപ്പ്, 16.01.2005)നോക്കുക: ''ഞാന്‍ ഞാന്‍ തന്നെയായിരുന്നു കുറെക്കാലം. അപ്പൊ കുറച്ച് പ്രേമമൊക്കെ വന്നു. കുറച്ചുകാലമായി വിധവയായി ജീവിക്കുന്നു. അങ്ങനെയിരിക്കുമ്പൊ സ്‌നേഹം തരാന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലേ, അയാളെ വിശ്വസിച്ചു. പെണ്ണിന് എപ്പോഴും ഒരു രക്ഷകന്‍ വേണം. അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാവില്ലേ? എങ്കിലും അയാളൊരു ഭീരുവായിരുന്നു. ഞാന്‍ കാണിച്ച ധൈര്യം അയാള്‍ കാണിച്ചില്ല. എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന് ഒരു ഭീരുവിനെ സ്‌നേഹിക്കാന്‍ കഴിയ്വോ? ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ. അയാള്‍ ഭീരുവാണെന്നറിഞ്ഞേപ്പിന്നെ എന്തു പ്രേമം? ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി'' നിസ്‌ക്കരിക്കുമ്പോള്‍ പോലും അവരുടെ മനസ്സില്‍ ആ കാമുകനായിരുന്നു. ('കപ്പലുകളുടെ ഊത്തം'എന്ന കവിതയില്‍ അവര്‍ ഇങ്ങനെ പാടിയിട്ടുണ്ട്. പ്രാര്‍ത്ഥനയുടെ വേളയിലും/എന്റെ കണ്‍കോണില്‍/അവന്‍ പ്രത്യക്ഷപ്പെടുന്നു,/മനുഷ്യന്‍ ദൈവം വിധിച്ച ഭാര്യയാണെങ്കിലും/എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍/അജ്ഞരായ ജനം ആക്രോശിക്കുന്നു/എന്നിട്ടും അവനു മൗനം മാത്രം/പ്രേമം ഇത്ര നിസ്സാരമോ?-02.08.2002 ന് കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന് സമ്മാനിക്കാന്‍ ഏല്‍പ്പിച്ചതെന്നു പറയപ്പെടുന്ന ഈ പ്രണയ കവിത പ്രസിദ്ധീകരിച്ചത് 08.07.2010 ലെ 'കേരള ശബ്ദം' വാരികയാണ്). കമലാ സുരയ്യ പറഞ്ഞത് ശരിയാണെങ്കില്‍, ആ 'കോലാട്' അവരെ അതിക്രൂരമായി വഞ്ചിച്ചു. അതില്‍ അവര്‍ അളവറ്റ് ദു:ഖിക്കുകയും ചെയ്തു.
     മാധവിക്കുട്ടിയുടെ മതംമാറ്റത്തിന്റെ രാഷ്ട്രീയം ഇത്രയേയുള്ളു. മതം മാറിയതിനുശേഷം അവര്‍ നടത്തിയ ഒരുപാട് പ്രസ്താവനകളില്‍നിന്നു ഇതു ശരിക്കും ബോധ്യമാകും. ഒരിക്കല്‍ അവര്‍ ഇങ്ങനെകൂടി(മാതൃഭൂമി,06.06.2003)പറഞ്ഞു:''മതം സാര്‍സുപോലെ വിഷലിപ്തമാണെന്ന് എഴുത്തുകാരി കമലാ സുറയ്യ അഭിപ്രായപ്പെട്ടു. എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. പക്ഷേ, എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. ദൈവത്തിന്റെ അറിവില്‍ മതമില്ല. ദൈവത്തിന്റെ പദാവലിയില്‍ സ്‌നേഹം എന്ന ഒന്നേയുള്ളൂ. മതം മാറുമ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കമലാ സുറയ്യ 'മാതൃഭൂമി'യോട് പറഞ്ഞു. ജീവിതം ഒരു പരീക്ഷണശാലയായിരുന്നു. മതം മാറ്റവും ഒരു പരീക്ഷണമായിരുന്നു. മതം വളര്‍ത്തുന്നത് വിദേ്വഷമാണെന്ന് ഈ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു. പുരോഹിത വര്‍ഗ്ഗത്തിനു മുന്നില്‍ ദൈവം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്‍ഗ്ഗം മാത്രമാണ്. മതത്തിന്റെ ഭാരമായി താനിപ്പോള്‍ പര്‍ദ്ദ ധരിക്കാറില്ലെന്നും സുറയ്യ പറഞ്ഞു'''
   എന്നാല്‍ കമലാസുരയ്യയുടെ മതംമാറ്റം ഇന്ത്യന്‍ മതേതരത്തിനു വേണ്ടി നടത്തിയ ബലികര്‍മ്മമാണെന്നു പറയാനും ആളുണ്ടായി എന്നതാണ് ദു:ഖകരമായ സത്യം. കേരള സാഹിത്യ അക്കാദമി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ വച്ച് 23.06.2010 ന് യുവ സാഹിത്യ ശില്പശാല നടത്തുകയുണ്ടായി. ശില്പശാലയുടെ ഭാഗമായി 'കമലാ സുരയ്യാ സ്മൃതി' എന്ന പരിപാടിയുമുണ്ടായിരുന്നു. ശ്രീമതി: സോണിയ ഇ.പ.യാണ് 'കമലാ സുരയ്യാ സ്മൃതി' നടത്തിയത്. കമലാ സുരയ്യയെ വാനത്തിനുമപ്പുറം പുകഴ്ത്തിയ അവര്‍ സുരയ്യയുടെ മതം മാറ്റം മതേതരത്വത്തിനു വേണ്ടി നടത്തിയ ബലിയാണെന്നുകൂടി തട്ടിവിടുകയുണ്ടായി. 

    ഇതുതന്നെയാണ് പല സാഹിത്യ-സാംസ്‌കാരിക-നായകന്മാരുടെയും നായികമാരുടെയും കാര്യം. പലരുടെയും രചനകളും മറ്റും മഹത്തരമാണ്. ഇതില്‍ തര്‍ക്കമൊന്നുമില്ല. ഇതുകൊണ്ടാണല്ലോ അവര്‍ക്ക് ആരാധകരുണ്ടാകുന്നതും അംഗീകരിക്കപ്പെടുന്നതും അവാര്‍ഡുകള്‍ക്കും മറ്റും അവര്‍ അര്‍ഹരാകുന്നതും. പക്ഷേ, അവര്‍ തങ്ങളുടെ പ്രായോഗിക വ്യക്തി ജീവിതത്തിലെടുക്കുന്ന നിലപാടുകള്‍ പലപ്പോഴും പുരോഗമപരമാകാറില്ല. ഈയിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടനും ഇത്തരമൊരു നിലപാടുണ്ടായിരുന്ന വ്യക്തിയായിരുന്നു. കമ്മ്യൂണിസ്റ്റ് വിശ്വാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന 'ഉഷ്ണമേഖല'എന്ന നോവല്‍ കാക്കനാടന്‍ എഴുതിയത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പറ്റിയ അപചയത്തെ തുറന്നു കാണിക്കുന്ന നോവലായ 'കോഴി' എഴുതിയതുകൊണ്ട് അദ്ദേഹം ഒറിജനല്‍ കമ്മ്യൂണിസ്റ്റുകാരനുമാകുന്നില്ല. അദ്ദേഹത്തിനു താല്പര്യം ജന്മിത്വത്തോടായിരുന്നു എന്നതാണ് സത്യം. ഇത് ഊഹമല്ല. കാക്കനാടന്‍ തന്നെ പറഞ്ഞതാണ്. 'ഉഷ്ണമേഖല'വായിച്ചപ്പോള്‍ 'നമ്മുടെ ആള്‍'എന്നു ചിലര്‍ കരുതി. 'കോഴി'വായിച്ചപ്പോള്‍ 'നമ്മുടെ ആള്‍'എന്നു മറ്റു ചിലരും കരുതി. എന്നാല്‍ രണ്ടുകൂട്ടര്‍ക്കും തെറ്റി. തെറ്റ് മനസ്സിലാക്കാന്‍ 2004 സെപ്തംബര്‍ ലക്കം 'പച്ചമലയാളം'മാസികയോട് കാക്കനാടന്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍ മതി. കാക്കനാട്ടെ രാജവംശത്തില്‍ ജനിച്ച താങ്കളെങ്ങനെയൊരു കമ്മ്യൂണിസ്റ്റുകാരനായി എന്ന ചോദ്യത്തിന് കാക്കനാടന്‍ നല്‍കിയ മറുപടി ഇങ്ങനെ: ''ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് ആരു പറഞ്ഞു. എന്റെ അച്ഛനും സഹോദരങ്ങളും കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. എനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പില്ല. പിന്നെ ഒരു കാര്യം പറയാതെ വയ്യ. എന്നോട് ആരെങ്കിലും സ്വകാര്യമായി ചോദിച്ചാല്‍ ഞാന്‍ പറയുന്ന മറുപടി ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നല്ല സോഷ്യല്‍ സിസ്റ്റം ഫ്യൂഡലിസമാണെന്നാണ്. ഈ മറുപടിയില്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ജന്മി കുടിയാന്‍ ബന്ധം ഇന്നത്തെ എംപ്‌ളോയി എംപ്‌ളോയര്‍ ബന്ധത്തെക്കാള്‍ കുറച്ചുകൂടി ഇന്റിമേറ്റ് ആയിരുന്നു. ഒരു തറവാടെടുത്താല്‍, അവിടുത്തെ കാരണവര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവിടുത്തെ പണിക്കാരുടെ മൂപ്പനായിരിക്കും. കാരണവന്മാരുടെ അനന്തരവന്മാരുപോലും തലപ്പുലയന്മാരെ വളരെ ബഹുമാനത്തോടുകൂടിയാണ് കാണുന്നത്. അതൊനു സൗഹൃദത്തിന്റെ കാലമായിരുന്നു. അല്ലാതെ രൂപ-അണ ബന്ധത്തില്‍ മാത്രം ഒതുങ്ങിനിന്ന ബന്ധമായിരുന്നില്ല. ഫ്യൂഡലിസത്തിന് അതിന്റെതായ സൗന്ദര്യമൊക്കെയുണ്ടായിരുന്നു. ഫ്യൂഡലിസത്തിന്റെ ഒരു ഭാഗമായിരുന്നല്ലോ നാട്ടുരാജാവും നാടുവാഴിയുമൊക്കെ. ഞാനൊരു ക്ഷത്രിയനാണ്. ക്ഷത്രിയനെന്നു വച്ചാല്‍ യോദ്ധാവ്. ഞാന്‍ പല കമ്മ്യൂണിസ്റ്റുകാരെയും ആരാധിച്ചിരുന്നത് യോദ്ധാക്കളായിട്ടാണ്. കാരണം അവര്‍ നമുക്ക് വേണ്ടി പടപൊരുതുന്നവരാണെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍''.
                                       
    2006 ല്‍ പശ്ചിമ ബംഗാളില്‍ ഗതാഗത വകുപ്പു മന്ത്രിയായിരുന്ന സുഭാഷ് ചക്രവര്‍ത്തി അന്ന് പറഞ്ഞത്,'ഒന്നാമതായി ഞാനൊരു ഹിന്ദുവാണ്. ബ്രാഹ്മണനുമാണ്. ഇതിനുശേഷമാണ് കമ്യൂണിസ്റ്റാവുന്നത്' എന്നായിരുന്നു. താന്‍ ബ്രാഹ്മണനാണ് എന്ന് സ്വയം അഭിമാനിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരനാകാന്‍ സാധിക്കില്ല. ഞാന്‍ ഒരു ദലിതനാണ്; ഞാന്‍ ഒരു പിന്നാക്കക്കാരനാണ് എന്നു പറയുന്നതുപോലെയല്ല ഒരാള്‍ ഞാന്‍ ബ്രാഹ്മണനാണ്; ഞാന്‍ ക്ഷത്രിയനാണ് എന്നു പറയുന്നത്. ദലിതനെ ദലിതനാക്കിയതും പിന്നാക്കക്കാരനെ പിന്നാക്കക്കാരനാക്കിയതും ഇന്ത്യയില്‍ ബ്രാഹ്മണരുണ്ടാക്കി ക്ഷത്രിയരെക്കൊണ്ട് നടപ്പില്‍ വരുത്തിയ ചാതുര്‍വര്‍ണ്യ ജാതി നിയമത്തിന്റെ ഫലമായാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഞാന്‍ ബ്രഹ്മണനാണ്; ഞാന്‍ ക്ഷത്രിയനാണ് എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാരന്‍ 'ഫ്രെഡറിക് കമ്മ്യൂണിസ്സ്' അല്ല 'ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റ്' ആണ്. 'ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റായ' സുഭാഷ് ചക്രവര്‍ത്തി പറഞ്ഞതുതന്നെയാണ് കാക്കനാടനും പറഞ്ഞത്. സുഭാഷ് ചക്രവര്‍ത്തി വ്യക്തമായി പറഞ്ഞില്ല, കാക്കനാടന്‍ വളരെ വ്യക്തമായിത്തന്നെ പറഞ്ഞു. സുഭാഷ് ചക്രവര്‍ത്തി എന്ന 'ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റ്' ഇപ്പോഴും സി.പി.എം. പക്ഷത്തുനിന്ന് മാര്‍ക്‌സിസം വിളമ്പുന്നുണ്ട്! 

                                സുഭാഷ് ചകവര്‍ത്തി            
    താനൊരു 'ഒറിജിനല്‍ കമ്മ്യൂണിസ്റ്റ്' ആണ് എന്ന ഭാവത്തിലും കാക്കനാടന്‍ സംസാരിക്കുന്നുണ്ട്. കാക്കനാടന്‍ 'പച്ചമലയാള'ക്കാരനോട് പച്ചമലയാളത്തില്‍ പറയുന്നത് നോക്കുക: ''കമ്മ്യൂണിസ്റ്റുകാര്‍ നമ്മളെ രക്ഷിക്കാന്‍ വന്നവരാണ്. എല്ലാം ത്യജിച്ചിട്ട് സമൂഹത്തെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ് എന്നൊക്കെയായിരുന്നു എന്റെ രൂഢമൂലമായ വിശ്വാസം. ഇന്ന് ഇത്തരം വിശ്വാസങ്ങളില്‍ എനിക്ക് മതിപ്പില്ല. അന്നുണ്ടായ എന്റെ കമ്മ്യൂണിസ്റ്റ് വിശ്വാസം ആദ്യം ഉലഞ്ഞു തുടങ്ങിയത് ഇ.എം.എസിന്റെ ആദ്യ മന്ത്രിസഭ കേരളത്തില്‍ വന്നപ്പോഴാണ്. ഈ ചരിത്ര സംഭവം എന്നില്‍ പാര്‍ട്ടിയോടുള്ള അകല്‍ച്ചയ്ക്ക് കാരണമായി......ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഈ.എം.എസിന്റെ നേതൃത്വത്തില്‍ വന്നുകഴിഞ്ഞപ്പോള്‍, അവരുടെ ശരിക്കുള്ള സ്വഭാവം എല്ലാവര്‍ക്കും വ്യക്തമായി. അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിനോടൊപ്പം ചോട്ടാ സഖാക്കളുടെ മുഷ്‌ക്കും അന്നേ അവര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനെ സെല്‍ഭരണം എന്നൊക്കെ അന്നു വിളിച്ചിരുന്നു. ഇതൊക്കെ കാണേണ്ടിവന്നപ്പോള്‍ എനിക്ക് പാര്‍ട്ടിയോടുള്ള താല്പര്യം നശിച്ചു''.
       ഇടതുപക്ഷത്തു നിന്നുകൊണ്ട് ഇടതുപക്ഷത്തിന്റെ പല നിലപാടുകളെയും വിമര്‍ശിക്കുന്നവരുടെ കൂട്ടത്തിലാണ് ഈ ലേഖകനും. ഇന്ത്യന്‍ ജാതി സാഹചര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടല്ല പാര്‍ട്ടിയുടെ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത് എന്ന വിമര്‍ശനമാണ് ഞങ്ങള്‍ക്കുള്ളത്. 'ജയ് ഭീം കോമ്രേഡ്'എന്ന ഡോക്യൂമെന്ററിയിലൂടെ പ്രശസ്ത ചലച്ചിത്രകാരന്‍ ആനന്ദ് പട്‌വര്‍ധന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ തുറന്നുകാണിക്കുന്നുണ്ട്. പ്രകാശ്കാരാട്ട് പാര്‍ട്ടിയുടെ തലപ്പത്ത് വന്നതിനുശേഷം ഇതിനായുള്ള ചെറിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ പട്ടിക ജാതിക്കാരുടെ പ്രതേ്യക സമ്മേളനം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ നടത്തിയതും ഈയടുത്ത കാലത്ത് തമിഴ്‌നാട്ടിലെ സേലത്തുള്ള രാമന്‍കോളനിയിലെ ഗാന്ധിമഹാന്‍ സ്ട്രീറ്റിലുള്ള ജാതിമതില്‍ ഡി.വൈ.എഫ്.ഐ.ക്കാരുടെ സമരത്തെത്തുടര്‍ന്ന് റവന്യു വകുപ്പ് ഉദേ്യാഗസ്ഥന്മാര്‍ പൊളിച്ചതുമൊക്കെ ഈ വളര്‍ച്ചയുടെ ഭാഗമായി കാണാവുന്നതാണ്. സുനാമിത്തിരകള്‍ ആഞ്ഞടിക്കേണ്ടിടത്ത് ഇത് കുഞ്ഞോളങ്ങളെ ഉണ്ടാക്കുന്നുള്ളുവെങ്കിലും ഇതു സ്വാഗതാര്‍ഹമാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ പണ്ടത്തെപ്പോലെയുള്ള ഏകാധിപത്യമില്ല. പാര്‍ട്ടിയില്‍ ജനാധിപത്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 

                                      
     ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി പാര്‍ട്ടിയുടെ നയങ്ങള്‍ മാറ്റണമെന്ന അഭിപ്രായമുള്ള വ്യക്തിയാണ് താന്‍ എന്ന മട്ടില്‍ കാക്കനാടന്‍ 'പച്ചമലയാള'ക്കാരനോട് പറഞ്ഞിട്ടുള്ളത് നോക്കുക: ''മാര്‍ക്‌സ് പറഞ്ഞ മാര്‍ക്‌സിസവും ഇവിടുത്തെ മാര്‍ക്‌സിസവും തമ്മില്‍ ഒരു ബന്ധവുമില്ല......ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കുണ്ടായ ഏറ്റവും വലിയ തകരാറ് എന്താണെന്നുവച്ചാല്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയാതെപോയി എന്നുള്ളതാണ്. മാവോസേതൂങ്ങിന്റെ വിജയം അതാണ്. ചൈനയെ മനസ്സിലാക്കിയ ഒരാള്‍ക്ക് മാത്രമേ അതിനനുസരിച്ച് അവിടെ മാര്‍ക്‌സിസം നടപ്പാക്കാന്‍ കഴിയുകയുള്ളു.....കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയില്‍ എന്തെങ്കിലും നടപ്പില്‍ വരുത്തണമെങ്കില്‍ ആദ്യം അവര്‍ ഇന്ത്യയുടെ പാരമ്പര്യം എന്താണെന്ന് മനസ്സിലാക്കണം. അതിന് ശ്രമിച്ചവരായിരുന്നില്ല ഇന്ത്യയിലെ മുതിര്‍ന്ന കമ്മ്യണിസ്റ്റ് നേതാക്കള്‍. അതാണ് ഇന്ത്യയില്‍ കമ്മ്യൂണിസം പരാജയപ്പെടാന്‍ കാരണം. അല്ലെങ്കില്‍ ഇത്രയും തൊഴിലാളികളും മറ്റുമുള്ള ഒരു രാജ്യത്ത് കമ്മ്യൂണിസം വളര്‍ച്ചയില്ലാതെ പോയതെങ്ങനെ?.....നമ്മുടെ രാജ്യത്തിലെ മണ്ണും കമ്മ്യൂണിസത്തിന് വേരോടാന്‍ പറ്റിയത് തന്നെയാണ്. എവിടെ ചൂഷണം ഉണ്ടോ അവിടെ മാര്‍ക്‌സിസം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ അതു നടപ്പിലാക്കുന്ന രീതി ഈ നാടിനെ മനസ്സിലാക്കിക്കൊണ്ടുവേണം എന്നേയുള്ളൂ........അതെ, നമുക്കിവിടെ ഈ.എം.എസ്., ഡാങ്കേ, അജയ്‌ഘോഷ്, രണദിവെ എന്നിവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ കള്‍ച്ചറും മാര്‍ക്‌സിസവും തമ്മില്‍ സമന്വയപ്പെടുത്താന്‍ ഇവര്‍ക്കാര്‍ക്കും കഴിയാതെപോയി എന്നത് ചരിത്ര സത്യമാണ്''
     മനുഷ്യരെ നിന്ദ്യവും നീചവും നികൃഷ്ടവുമായി ചൂഷണം ചെയ്ത ഫ്യൂഡല്‍ വ്യവസ്ഥയില്‍ സൗന്ദര്യവും സൗഹൃവും ഇന്റിമസിയും കാണുന്ന കാക്കനാടനാണ് ഇങ്ങനെയും പറഞ്ഞത് എന്നതുകൊണ്ടു തന്നെ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയുള്ള വാചകക്കസര്‍ത്തുക്കളായേ ഇവയെ കണക്കാക്കാന്‍ സാധിക്കുകയുള്ളു. താന്‍ ഒരു ക്ഷത്രിയയനാണെന്ന് അവകാശപ്പെടുന്ന കാക്കനാടന്‍ തന്റെ ക്ഷത്രിയ-രാജ പാരമ്പര്യം മറ്റു പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

                                          
     ഒരു രചന പ്രസിദ്ധീകൃതമായാല്‍ അത് വായനക്കാരന്റേതായി മാറും. 'കോഴി'എന്ന നോവല്‍ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കാക്കനാടന്‍ അദ്ദേഹത്തിന്റെതായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്ത് ഇ.എം.എസിന്റെ മൂന്ന് അനന്തരവന്മാര്‍ കോഴി വളര്‍ത്തല്‍ തുടങ്ങിയപ്പോള്‍ വെറുതെ ഒരു രസത്തിന് എഴുതിയതാണ് 'കോഴി'എന്നാണ് കാക്കനാടന്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിലെ വലിയ ജന്മികളായിരുന്ന ഈ നമ്പൂതിരിമാര്‍ കോഴിക്കച്ചവടത്തിലേക്ക് വരുന്നതിന്റെ പരിഹാസ്യത ഒന്നു വെളിപ്പെടുത്തിയാതാണെന്നും കാക്കനാടന്‍ അഭിപ്രായപ്പെടുകയുണ്ടായി. അതെന്തായാലും, എഴുത്തുകാരനെ മാറ്റിനിര്‍ത്തി ഈ കൃതി വായിച്ചാല്‍ ഏറെ രസമുള്ള നോവലാണിത്. നമുക്ക് 'കോഴി'യെ ചെറുതായൊന്നു പോസ്റ്റുമോര്‍ട്ടം ചെയ്തുനോക്കാം.
     കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങള്‍ നശിക്കാന്‍(?) ഉണ്ടായ കാരണം, 'തമ്പുരാക്കന്മാര്‍ താറഴിച്ച പെണ്ണുങ്ങള്‍ക്ക് തങ്കക്കട്ടി എറിഞ്ഞുകൊടുത്തതുകൊണ്ടാണ്' എന്നാണ് 'കോഴി'പറയുന്നത്. (പി.ഗോവിന്ദപ്പിള്ളയ്ക്ക് ഈ വചകം വളരെയധികം ഇഷ്ടപ്പെട്ടു എന്ന കാര്യവും കാക്കനാടന്‍ വ്യക്തമാക്കിയിട്ടുണ്ട്). ഐക്കര മഠത്തിലെ ഉണ്ണിയായ ദേവദത്തനാണ് നോവലിലെ മുഖ്യ കഥാപാത്രം. ദേവദത്തന്‍ കോഴിക്കൃഷി ചെയ്യുന്നതും കോഴിക്കൃഷി തകരുന്നതും അവസാനം ദേവദത്തന്‍ ഒരു കോഴിയെപ്പോലെ കൂവാന്‍ തുടങ്ങതുമാണ് കഥ.
     റാങ്കോടെ ബിരുദം നേടിയ ദേവദത്തന് കമ്മ്യൂണിസത്തോട് താല്‍പര്യം തോന്നി. ദേവദത്തന്‍ മാര്‍ക്‌സിസം പഠിക്കാന്‍ തുടങ്ങി. 'മാര്‍ക്‌സിസമേ രക്ഷയുള്ളൂ...ന്നാച്ചാല് കമ്മ്യൂണിസമല്ലാതെ വേറെ ഒരു മാര്‍ഗ്ഗവുമില്ല'എന്ന അവസ്ഥയിലെത്തി ദേവദത്തന്‍. ഒരു ദിവസം മാളികപ്പുരയില്‍ ഒറ്റയ്ക്കുറങ്ങിക്കിടന്ന ദേവദത്തന്‍ ഉച്ചത്തില്‍ അലറി''തച്ചുടയ്ക്കണം''. ദേവദത്തന്‍ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. ''ലോക തൊഴിലാളി വര്‍ഗ്ഗം ഒത്തൊരുമിക്കുന്നതും ചൂഷകവര്‍ഗ്ഗത്തിനെതിരെ സമരം ചെയ്യുന്നതും ദേവദത്തന്‍ സ്വപ്നം കണ്ടു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതാവ് താനാണ്; കൂട്ടത്തില്‍ ചെറുമരും പാവപ്പെട്ടവരും. ആ സ്വപ്നത്തിനുശേഷം ദേവദത്തന് തോന്നി, തകര്‍ന്ന ഐക്കരമഠത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ഏക മാര്‍ഗ്ഗം മാര്‍ക്‌സിസമാണെന്ന്''
ഐക്കര മഠത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കമ്മ്യൂണിസമേ മാര്‍ഗ്ഗമുള്ളൂ എന്ന് ചിന്തിച്ച ദേവദത്തന്‍ തന്റെ പഠനം പിന്നെയും തുടര്‍ന്നു. വായിച്ചപ്പോള്‍ പുസ്തകങ്ങളുടെ താളുകളില്‍ നിന്ന് മാര്‍ക്‌സും ലെനിനും ഇറങ്ങി വന്നു. മാവോ ഇറങ്ങി വന്നു. ചോപ്പ് കൊടി പിടിച്ച തൊഴിലാളി വര്‍ഗ്ഗം ഇറങ്ങി വന്നു. അവരുടെ നേതാവ് താനാണെന്ന് ദേവദത്തന് തോന്നി. ആര്യന്‍ തിരുമേനിയുടെ മാത്രമല്ല, മാര്‍ക്‌സിന്റെയും ലെനിനിന്റെയും മാവോയുടെയും അനന്തരാവകാശിയാണെന്ന് തോന്നി. ഐക്കര മഠത്തിലെ കുഞ്ഞ് ആ കൊടി പിടിച്ചെങ്കിലേ ആര്യന്റെ മനയ്ക്ക് ആധുനിക ലോകത്തില്‍ സ്ഥാനം കിട്ടൂ. നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാന്‍ ഈ ഒരു മാര്‍ഗ്ഗമേയുള്ളുവെന്ന് ദേവദത്തന് തോന്നി.
    ഇന്ത്യയിലെ/കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച അപചയം തുറന്നു കാണിക്കുന്ന നോവല്‍ തന്നെയാണിത്. ജന്മിത്വത്തിനും അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സംഘടിക്കുന്നതിനായി കമ്മ്യൂണിസത്തിന്റെ വിത്തുകള്‍ വിതറുന്നത് ചിത്രീകരിക്കുന്നതാണല്ലോ കാക്കനാടന്റെ 'ഉഷ്ണമേഖല'എന്ന നോവല്‍. 'കോഴി'കമ്മ്യൂണിസത്തിനു സംഭവിച്ച അപചയവും തുറന്നു കാണിക്കുന്നതും. കമ്മ്യൂണിസ്റ്റ് നാട്യക്കാര്‍ക്ക് വേണ്ടി ഒരു നോവലെഴുതുക. യഥാര്‍ത്ഥ കമ്മ്യൂണിസം സ്വപ്നം കാണുന്നവര്‍ക്കുവേണ്ടി വേറെ നോവലെഴുതുക. തന്റെ ആത്മസംതൃപ്തിക്കു വേണ്ടി വേറെ നോവലെഴുതുക. ഇതാണ് കാക്കനാടന്‍ ചെയ്തിട്ടുള്ളത്. പല എഴുത്തുകാരുടെയും രീതി ഇതൊക്കെത്തന്നെയാണ്. തുടക്കത്തില്‍ സൂചിപ്പിച്ച, കമലാ സുരയ്യയുടെ കാര്യവും ഇങ്ങനെത്തന്നെ. വിശ്വാസികളെ വിശ്വസിപ്പിക്കാന്‍ പര്‍ദ്ദയെ മഹത്വവല്‍ക്കരിക്കുക. അവിശ്വാസികളെ വിശ്വസിപ്പിക്കാന്‍ മതം സാര്‍ക്‌സ് പോലെ വിഷലിപ്തം എന്നു പറയുക-ഇങ്ങനെയൊക്കെത്തന്നെയാണല്ലോ മാധവിക്കുട്ടിയും പറഞ്ഞിട്ടുള്ളത്.

                                   
      കാക്കനാടന്‍ തന്റെ ആത്മ സംതൃതിക്കുവേണ്ടി എഴുതിയ കൃതി 'ക്ഷത്രിയ'നാണ്. പൂര്‍ത്തികരിക്കാത്ത നോവലാണ് ക്ഷത്രിയന്‍. 'ക്ഷത്രിയന്‍ എന്നു കേട്ടാല്‍ തിളച്ചിരുന്നു ചോര കാക്കനാടനില്‍!' പൂഞ്ഞാര്‍ രാജവംശത്തിന്റെ വംശ വേരുകളെക്കുറിച്ചു പറയുമ്പോള്‍ കാക്കനാടന്റെ ക്ഷാത്ര തേജസ്സ് ആകെയൊന്നു ഉണരും എന്നാണ് 'മലയാള മനോരമ'(അക്ഷരം, 17.04.2005)പറഞ്ഞിട്ടുള്ളത്. പൂഞ്ഞാര്‍ രാജവംശത്തിന്റെ പിന്‍മുറക്കാരനാണ് താനെന്നാണ് കാക്കനാടന്‍ പറയുന്നത്. പ്രതേ്യക സാഹചര്യങ്ങളില്‍, മറ്റൊരു സമുദായത്തില്‍ നിന്നു വിവാഹം കഴിക്കുന്ന വ്യക്തിക്ക് മുതുമുത്തച്ഛന്മാരുടെ ഗുണങ്ങള്‍ കിട്ടുമെന്ന് ഏതോ മന:ശ്ശാസ്ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ടെന്നും അതു വായിച്ചു താനും അവകാശപ്പെടുന്നത് താനൊരു ക്ഷത്രിയനാണെന്നുമാണ് കാക്കനാടന്റെ നിലപാട്. 'ക്ഷത്രിയന്‍'എഴുതിക്കഴിഞ്ഞാല്‍ താന്‍ മരിക്കുമെന്നും കാക്കനാടന്‍ പറഞ്ഞിട്ടുണ്ട്. ഈ മരണം സങ്കടത്തിന്റെ മരണമല്ല; ജീവിതാഭിലാഷം പൂര്‍ത്തിയാകുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെ മരണമാണെന്ന് കാക്കനാടന്‍ 'പച്ചമലയാള'ത്തില്‍ പറഞ്ഞത് വായിച്ചാല്‍ ബോധ്യമാകും. അതിങ്ങനെ:
    ''ഒരു ഫൈറ്റിംഗ് സ്പിരിറ്റുള്ള ഏതൊരാളിനെയും ഞാന്‍ ബഹുമാനിക്കുന്നു. ഇത്തരത്തിലുള്ള ബഹുമാനത്തിന്റെ, ശക്തിയുടെ പ്രതീകമാണ് എന്റെ ക്ഷത്രിയന്‍ നോവല്‍. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അവന്റെ ഭൂതകാലമനേ്വഷിച്ച് സഞ്ചരിക്കുന്നു. അവന് അവന്റെ കുടുംബ ചരിത്രങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്. അവന്റെ അപ്പൂപ്പനപ്പൂപ്പന്മാര്‍ നാടുവാഴികളായിരുന്നു എന്നൊക്കെ അവന്‍ തിരിച്ചറിയുന്നു. ഒടുവില്‍ അയാളാരാണെന്ന് തിരിച്ചറിയുകയും ആ നിമിഷം അയാള്‍ മരിച്ചു വീഴുകയും ചെയ്യുന്നു. ഈ സത്യം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കേണ്ട കാര്യമില്ലല്ലോ''.
     നോവലിലെ ഈ കഥാപാത്രം കാക്കനാടന്‍തന്നെയാണ്. ശാസ്ത്ര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരാളുടെ വേര് അനേ്വഷിച്ച് ചെന്നാല്‍ അത് കുരങ്ങിലും ശാസ്ത്രത്തിലുമാണ് ചെന്നെത്തുക. ഒരു ക്രിസ്തീയ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ആദാമിലും ഹവ്വയിലും ചെന്നു നില്‍ക്കും. 'ക്ഷത്രിയ'നിലെ നായകന്‍ ഏതു വിശ്വാസിയായാലും തന്റെ യഥാര്‍ത്ഥ വേര് കണ്ടെത്തിയില്ല എന്നതാണ് സത്യം. നോക്കൂ, രാജവംശ മഹിമയില്‍ എത്രമാത്രമാണ് കാക്കനാടന്‍ ആനന്ദം കൊള്ളുന്നത്! ഒരു മനുഷ്യസ്‌നേഹിയെ സംബന്ധിച്ചിടത്തോളം താന്‍ ഒരു ഫ്യൂഡല്‍ രാജവംശത്തിന്റെ കണ്ണിയാണെന്നതില്‍ എന്താണ് ഇത്രമാത്രം അഭിമാനിക്കാനുള്ളത്? 'ഉഷ്ണമേഖല'എന്ന നോവലില്‍ വിവരിച്ച പ്രകാരം ജന്മികള്‍ വഴി രാജാക്കന്മാര്‍ നടത്തിയ തിന്മകളുടെ പേരിലോ? 'കോഴി'യിലൂടെ ദേവദത്തന്‍ എന്ന തിരുമേനിയെ പരിഹസിക്കുന്ന കാക്കനാടന്‍ 'ക്ഷത്രിയ'നിലൂടെ സ്വയം ദേവദത്തനായി മാറി എന്നതാണ് വാസ്തവം. തന്റെ വംശവേര് ഏതെങ്കിലും പുലയ വംശത്തിലാണെന്ന് കണ്ടെത്തിയാല്‍ കാക്കനാടന്‍ അതില്‍ അഭിമാനം കൊള്ളുമായിരുന്നോ? അഥവാ, അഭിമാനംകൊണ്ടാല്‍ത്തന്നെ, 'പുലയന്‍ എന്നു കേട്ടാല്‍ കാക്കനാടന്റെ പുലത്തേജസ്സ് ആകെ ഒന്നുണരും'എന്ന് ഏതെങ്കിലുമൊരു പത്രക്കാരന്‍ എഴുതുമായിരുന്നോ?
     പുന്നപ്ര-വയലാറില്‍ കമ്മ്യൂണിസ്റ്റ് സമര സഖാക്കള്‍ വെടിയേറ്റ് മരിച്ചുവീണു രക്തസാക്ഷികളായി. അവരെ അതി ക്രൂരമായി വെടി വെച്ച് കൊന്നത് അന്നത്തെ ഭരണാധികാരിയായിരുന്ന തിരുവിതാംകൂര്‍ രാജാവ് ബാലരാമ വര്‍മ്മയുടെ പോലീസായിരുന്നു. ജന്മിത്വത്തിനെതിരായിരുന്നു പുന്നപ്ര-വയലാര്‍ സമരം. ഈ സമര സഖാക്കളുടെ രക്തസാക്ഷിത്വത്തില്‍ കാക്കനാടന്‍ ദര്‍ശിച്ചിരുന്നത് ഫ്യൂഡലിസത്തിന്റെ സൗന്ദര്യമായിരിക്കും!
    ഇപ്പറഞ്ഞതിനൊക്കെ വിരുദ്ധമായി, കാക്കനാടന്‍ കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്ന് പറഞ്ഞത് പലര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടാകും. ശരിതന്നെയാണ്. പക്ഷേ, ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മാനവികതയുടെ പക്ഷത്തുനിന്നു പറഞ്ഞ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ മാനവികതയുടെ പക്ഷത്തുനിന്നുതന്നെയാണല്ലോ സംസാരിക്കേണ്ടത്. അപ്പറഞ്ഞത് പാടിപ്പുകഴ്‌ത്തേണ്ട യാതൊരു കാര്യവുമില്ല. നേരെമറിച്ച്, കമ്മ്യൂണിസ്റ്റുകാരനായ ഒരാള്‍ ജന്മിത്വത്തെ പാടിപ്പുകഴ്ത്തുകയും ക്ഷത്രിയ രക്തത്തില്‍ ദുരഭിമാനം കൊള്ളുകയും ചെയ്താല്‍ അതിനെ ചോദ്യം ചെയ്യുകതന്നെ വേണം.
വാല്‍ക്കഷണം: '' സാധാരണ മാര്‍ക്‌സിസ്റ്റുകാര്‍ പറയും ഞാന്‍ ബി.ജെ.പി.യാണെന്ന്. ബി.ജെ.പിക്കാര്‍ പറയും മാര്‍ക്‌സിസ്റ്റാണെന്ന്. അതുകൊണ്ട് എന്റെ വഴി ഏതാണ്ട് ശരിയാണെന്ന ധൈര്യത്തില്‍ കഴിയുകയാണ്''. കവി വിഷ്ണു നാരായണന്‍ നമ്പൂതിരി പറഞ്ഞത് (മലയാള മനോരമ,ഞായറാഴ്ച, 30.05.1999).
                            .............                                 

Tuesday, February 07, 2012

അണ്ണാ ഹസാരെ അന്നു ഓടിയില്ലായിരുന്നെങ്കില്‍!

മക്തബ് സായാഹ്ന ദിനപത്രം 02.02.2012.

        നമുക്ക് തിരിച്ചുകിട്ടിയ മഹാനാണ് അണ്ണാ ഹസാരെ! ഈ മഹാനെ നമുക്ക് എങ്ങനെയാണ് മടക്കിക്കിട്ടിയത് എന്നതിനെക്കുറിച്ച് 15.01.2012 ലെ 'കേരളശബ്ദം'വാരികയില്‍ സനല്‍ ഇടമറുക് വിവരിക്കുന്നുണ്ട്. മുംബൈ നിവാസികള്‍ക്ക് ഏറെ പരിചിതനാണ് ഖയിര്‍നാര്‍ എന്ന ഉദേ്യാഗസ്ഥന്‍. ബ്രിഹാന്‍ മുംബെയ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു ജി.ആര്‍.ഖയിര്‍നാര്‍. രാഷ്ട്രീയ മുതലാളിമാരുടെയും മാഫിയാ സംഘങ്ങളുടെയും ബിസിനസ്സ് കുത്തകകളുടെയും ഭീഷണികളെ വെറും പുല്ലായി കണക്കാക്കിയ ധീരനായിരുന്നു ഖയിര്‍നാര്‍. കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച ഈ മാഫിയാ സംഘങ്ങള്‍ക്കെതിരെ വളരെ ശക്തമായ നിലപാടാണ് അദ്ദേഹമെടുത്തത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അദ്ദേഹം ഇടിച്ചുനിരപ്പാക്കുകതന്നെ ചെയ്തു. ധീരനും സത്യസന്ധനുമായ ഈ ഉദേ്യാഗസ്ഥന് ഒരു വീരനായകന്റെ സ്ഥാനമാണ് മുംബെയിലെ സാധാരണക്കാര്‍ നല്‍കുന്നത്. അഴിമതിവിരുദ്ധനായ ഒരാള്‍ക്ക് സ്വാഭാവികമായും അഴിമതികള്‍ക്കെതിരെ രംഗത്തു വരുന്ന വ്യക്തികളോട് അടുപ്പം തോന്നുമല്ലോ. അങ്ങനെയാണ് ഡല്‍ഹിയില്‍ അഴിമതി വിരുദ്ധ സമരം നടത്തുന്ന അണ്ണായോട് ഖയിര്‍നാറിന് ഇഷ്ടം തോന്നിയത്. അദ്ദേഹം അണ്ണായെ ചെന്നു കാണുകയും സമരത്തിന് പിന്തുണ നല്‍കുകയും ചെയ്തു.
                                      
       അദ്ദേഹം നമ്മുടെ അണ്ണായുമായി പല കാര്യങ്ങളും സംസാരിച്ചു. കൂട്ടത്തില്‍, അണ്ണാ ആരോഗ്യം ശ്രദ്ധിക്കണമെന്നും അണ്ണായുടെ ജീവിന്‍ രാജ്യത്തിനു വിലപ്പെട്ടതാണെന്നും അണ്ണായെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. സ്വന്തം ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്നും അത് രാഷ്ട്രത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും നന്നായി തിരിച്ചറിഞ്ഞിട്ടുള്ള ആള്‍ എന്ന നിലയില്‍ പണ്ടൊരവസരത്തില്‍ സ്വജീവന്‍ രക്ഷിച്ച കഥ അണ്ണാ ഉത്സാഹത്തോടെ ഖയിര്‍നാറിനോട് വിശദീകരിച്ചു. 1965 ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധകാലം. അണ്ണാ അക്കാലത്ത് സൈന്യത്തിലെ ഡ്രൈവറായി സേവനമനുഷ്ഠിക്കുകയാണ്. ജവാന്മാരെ വഹിച്ചുകൊണ്ടുള്ള ഒരു വാഹനം യുദ്ധവേളയില്‍ ഓടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാക് സൈനികര്‍ ആ വാഹനത്തിനുനേരെ വെടിയുതിര്‍ത്തു. സ്വന്തം ജീവന്റെ വില അറിയാമായിരുന്ന അണ്ണാ വാഹനത്തെയും ജവാന്മാരെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അങ്ങനെ ജീവന്‍ രക്ഷിച്ചതുകൊണ്ടാണ് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്യാന്‍ തനിക്കു പറ്റുന്നത് എന്ന് അണ്ണാ അവകാശപ്പെടുകയുണ്ടായി.
                               ജി.ആര്‍.ഖയിര്‍നാര്‍              
           അതെ, ശരിതന്നെ. അന്ന് അണ്ണാ ഓടാതിരുന്നെങ്കില്‍ ഇന്ന് നമുക്ക് ഈ അണ്ണായെ, അഴിമതിക്കെതിരെ പോരാടാന്‍ കിട്ടില്ലായിരുന്നു! പക്ഷേ, ഖയിര്‍നാറിന് ഈ വെളിപ്പെടുത്തില്‍ ഇഷ്ടപ്പെട്ടില്ല. തന്നോടൊപ്പം ഉണ്ടായിരുന്ന പടയാളികളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കാതെ അവരെ ശത്രുസേനയുടെ വെടിയുണ്ടകള്‍ക്ക് വിട്ടുകൊടുത്ത് സ്വജീവിതം സംരക്ഷിച്ച അണ്ണാ ഹസാരെ കടുത്ത ഭീരുവാണെന്നാണ് പിന്നീട് ഖയിര്‍നാര്‍ അഭിപ്രായപ്പെട്ടത്. ഖയിര്‍നാറിന് അങ്ങനെ പറഞ്ഞാല്‍ മതി. ത്യാഗത്തിന്റെ വില ത്യാഗികള്‍ക്കേ അറിയൂ. അന്ന് അണ്ണാ മണ്ടാതിരുന്നെങ്കില്‍ കിരണ്‍ ബേഡിയെപ്പോലുള്ളവര്‍ക്ക് കൂട്ടുകൂടാന്‍ ആരെ കിട്ടും. അതെ, കള്ള യാത്രാപ്പടി വാങ്ങിയത് വെളിച്ചത്തായപ്പോള്‍ അത് തിരിച്ചടച്ച് മാതൃക കാണിച്ച സത്യസന്ധയായ കിരന്‍ ബേഡിക്ക് അഴിമതി വിരുദ്ധ സമരം നടത്താന്‍ ആരാണ് വേദിയൊരുക്കിക്കൊടുക്കുക!?
           തന്റെ ഗ്രാമമായ റെലെഗാന്‍ സിദ്ദിയിലെ ദലിതര്‍ക്കും മറ്റും അണ്ണാ നല്ല നല്ല കാര്യങ്ങളാണ് ഉപദേശിച്ചുകൊണ്ടിരിക്കുന്നതും അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. ദലിതരെ മറ്റുള്ളവര്‍ വെറുക്കാന്‍ കാരണം അവരുടെ ഭക്ഷണ രീതികളും ജീവിതരീതികളുമൊക്കെയാണെന്നാണ് അണ്ണാ പറയുന്നത്. വളരെ വാസ്തവം! പരിപ്പും നെയ്യും പശുവിന്‍പാലും അണ്ടിപ്പരിപ്പും തങ്കഭസ്മവുമൊന്നും കഴിക്കാതെ അതുമിതം വാരിവലിച്ചു തിന്നുന്നത് ശരിയോ? പാടത്തും പറമ്പിലും മറ്റും പണിയെടുത്ത് മുഷിഞ്ഞ വസ്ത്രങ്ങളുമായി നടക്കുന്നത് മാന്യതയാണോ?
           ''ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, ഒഴു തട്ടാന്‍, ഒരു കുംഭാരന്‍......എന്നിങ്ങനെ വര്‍ണാശ്രമധര്‍മ്മം പാലിക്കപ്പെടണമെന്നത് ഗാന്ധിജിയുടെ ഒരു സ്വപ്നമായിരുന്നു. ഓരോരുത്തരും അവരവരുടെ തൊഴിലും ധര്‍മ്മവും അനുസരിച്ചുവേണം പ്രവൃത്തി ചെയ്യാന്‍. സ്വാശ്രയ ഗ്രാമത്തിന്റെ സൃഷ്ടി ഇങ്ങനെയാണ്. റെലഗാന്‍ സിദ്ദിയില്‍ ഞങ്ങള്‍ അനുവര്‍ത്തിക്കുന്നതും ഇതേ മാതൃകയാണ്''. തന്റെ ഗ്രാമഭരണത്തെപ്പറ്റി അണ്ണാ നടത്തിയ അഭിപ്രായമാണിത്. നോക്കൂ, അണ്ണാ എത്രമാത്രം നല്ല കാര്യങ്ങളാണ് പറയുന്നത്! കന്നുപൂട്ടാന്‍ പൊലയര്, ഞാറുനടാനും കൊയ്യാനും ചെറുമര്, തേങ്ങയിടാന്‍ തിയ്യര്, തങ്കത്താലി പണിയാന്‍ തട്ടാന്മാര്, അരമന പണിയാന്‍ ആശാരിമാര്. രാജാക്കന്മാരാകാനും മന്ത്രിമാരാകാനും കാര്യസ്ഥന്മാരാകാനും അതുവഴി മേല്‍പ്പറഞ്ഞവരുടെ അദ്ധ്വാനഫലങ്ങള്‍ അനുഭവിക്കാനും അവരുണ്ടാക്കിയത് അണ്ണാക്കുതൊടാതെ വിഴുങ്ങാനും അണ്ണാ ഹസാരെമാരും കിരണ്‍ ബേഡിമാരും! നല്ല കാര്യംതന്നെ! സ്വാശ്രയ ഗ്രാമമെന്ന് വിളിക്കുന്ന, അണ്ണായുടെ ഈ ആശയം നടപ്പിലായാല്‍ പിന്നെ നാട്ടില്‍ യാതൊരു കച്ചറയുമില്ല.
            അണ്ണാ പറയുന്ന, 'സ്വാശ്രയ ഗ്രാമം' അഥവാ 'സ്വയം പര്യാപ്ത ഗ്രാമം' എന്ന ആശയത്തെക്കുറിച്ച് മാര്‍ക്‌സ് 1853-ല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ''പുറമേക്ക് നിരുപദ്രവമെന്നു തോന്നിക്കുന്ന ശാലീനങ്ങളായ ഈ ഗ്രാമ സമുദായങ്ങളായിരുന്നു എക്കാലവും പൗരസ്ത്യ സ്വേച്ഛാധിപത്യത്തിന്റെ അടിയുറച്ച അസ്ഥിവാരമായി നിലകൊണ്ടിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. മനുഷ്യന്റെ മനസ്സിനെ അന്ധവിശ്വാസത്തിന്റെ കരുവാക്കുകയും പാരമ്പര്യ നിയമങ്ങള്‍ക്ക് അടിമപ്പെടുത്തുകയും അതിന്റെ മുഴുവന്‍ മഹിമയും ചരിത്രശേഷിയും നഷ്ടപ്പെടുത്തി, ഏറ്റവും സങ്കുചിതമായ അതിരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തിയിരുന്നത് ഈ ഗ്രാമസമൂഹങ്ങളായിരുന്നു എന്ന വസ്തുതയും നാം വിസ്മരിക്കരുത്. ഏതെങ്കിലും ഒരു ചെറുതുണ്ടു ഭൂമിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് സാമ്രാജ്യങ്ങള്‍ മണ്ണടിയുന്നതും വിവരിക്കാനാവാത്തതരം ക്രൂരതകള്‍ നടത്തുന്നതും വന്‍നഗരങ്ങളിലെ ജനതയെ കശാപ്പു ചെയ്യുന്നതും ഒരു പ്രകൃതികോപം എന്നതില്‍ കവിഞ്ഞ യാതൊരു പരിഗണനയും കൂടാതെ കൈയുംകെട്ടി നോക്കി നില്‍ക്കുകയും അതേസമയം ഏതെങ്കിലും ആക്രമണകാരിയുടെ ദൃഷ്ടയില്‍പ്പെട്ട് അവന്‍ തന്റെമേല്‍ ചാടിവീഴാന്‍ തുടങ്ങിയാല്‍ സ്വയം നിസ്സഹായനായി കുമ്പിട്ടു നില്‍ക്കുകയും ചെയ്തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കാന്‍ പാടില്ല. മറുവശത്ത് അന്ത:സാരശൂന്യവും നിഷ്‌ക്രിയവുമായ ഈ നിലനില്‍പ്പ് വന്യവും ലക്ഷ്യരഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചുവിടുകയും നരഹത്യയെത്തന്നെ ഹിന്ദുസ്ഥാനിലെ ഒരു മതചടങ്ങാക്കി മാറ്റുകയും ചെയ്തുവെന്നതും മറക്കാന്‍ പാടുള്ളതല്ല. ജാതിവ്യത്യാസങ്ങളും അടിമത്തവും ഈ ചെറുസമൂഹങ്ങളുടെ തീരാശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനു പകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്തതെന്നും സ്വയം വികസികമായ ഒരു സമൂഹികാവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതിദത്തമായ തലവിധിയാക്കിക്കൊണ്ട് മൃഗപ്രായമായ പ്രകൃതി പൂജയ്ക്ക് ജന്മം നല്‍കിയെന്ന വസ്തുതയും നാം വിസ്മരിക്കാന്‍ പാടില്ല. ഈ അധ:പതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാന്‍ എന്ന കുരങ്ങന്റെയും ശബല(കാമധേനു എന്ന പശുവിന്റെയും)യുടെയും മുന്നില്‍ സാഷ്ടാംഗം പ്രണാമം ചെയ്യിപ്പിച്ചു'' 
         മാര്‍ക്‌സിന്റെ ഈ ആശയം മിക്ക കമ്മ്യൂണിസ്റ്റുകാര്‍ക്കും മനസ്സിലാകാതിരുന്നത് ഭാഗ്യം! മനസ്സിലായിരുന്നെങ്കില്‍ അവര്‍ അണ്ണായെ പിന്തുണയ്ക്കില്ലായിരുന്നു. അണ്ണാ ഹസാരെയുടെ സമരത്തിനുള്ള ഇന്ത്യന്‍ ഇടതുപക്ഷബാന്ധവം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.
                                ...................