My Blog List

Tuesday, November 30, 2010

ആങ്കുട്ടി

സായാഹ്നകൈരളി-28.01.2008

ശങ്കരനാരായണന്‍ മലപ്പുറം

       '' ഹലോ! അച്ഛമ്മാ, ബിന്ദുച്ചേച്ചി പ്രസവിച്ചു ''
       '' ആങ്കുട്ട്യല്ലേടാ? ''
       '' അല്ലച്ഛമ്മാ, പെങ്കുട്ടി ''
     '' മൂന്നാമത്തിം പെങ്കുട്ടി! എന്താ ചെയ്യ്വ. ദൈവം തരണത് വാങ്ങ്വ!! ''
   '' ഇക്കാര്യത്തില് മ്മളെ സിന്ധുച്ചേച്ചി ആങ്കുട്ട്യാണല്ലേ അച്ഛമ്മാ. സിന്ധുച്ചേച്ചി പ്രസവിച്ചത് മൂന്നും ആങ്കുട്ട്യാളെ! ''
.................

Saturday, November 27, 2010

'ചാണ്ടി മരുന്നുകള്‍' എന്നതല്ലേ ശരി ?

              
ശങ്കരനാരായണന്‍ മലപ്പുറം

         'പള്ളി' എന്ന പേരു കേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ്മയില്‍ വരിക മുസ്ലീം-ക്രിസ്ത്യന്‍ പള്ളികളായിരിക്കും. 'പള്ളി' എന്ന വാക്ക് അറബിയോ ലാറ്റിനോ ഇംഗ്‌ളീഷോ മലയാളമോ സംസ്‌കൃതമോ അല്ല. 'പാലി'യിലുള്ള വാക്കാണ് 'പള്ളി'. 'പാലി' ബുദ്ധമത ഭാഷയാണ്. ബുദ്ധവിഹാരങ്ങളെയാണ് 'പള്ളി' എന്നു വിളിച്ചിരുന്നത്.
                         ''സ്‌നാനമശ്വം ഗജം മത്തം
                          ഋഷഭം കാമമോഹിതം
                          ശൂദ്രമക്ഷര സംയുക്തം
                          ദുരത:പരിവര്‍ജ്ജ്യയേല്‍''
       കുളിച്ചു വരുന്ന കുതിര, മദമിളകി വരുന്ന ആന, കാമാവേശം പൂണ്ട കാള, അക്ഷരം പഠിച്ച ശൂദ്രന്‍-ഇവരെ കണ്ടാല്‍ ഓടണം എന്ന സംസ്‌കാരത്തിനെതിരെ വന്ന ശ്രീബുദ്ധന്‍ വിദ്യക്ക്് വളരെയേറെ പ്രാധാന്യം കൊടുത്തു. വിദ്യ അഭ്യസിപ്പിക്കുന്നതിനായി 'പള്ളി'കളോടനുബന്ധിച്ച് കൂടങ്ങളുണ്ടാക്കി. വിദ്യാലയങ്ങള്‍ക്ക് 'പള്ളിക്കൂടം' എന്നു പേര് വന്നതു ഇങ്ങനെയാണ്. 'പള്ളി'യുമായി ബന്ധപ്പെട്ടു കിടക്കുന്ന ധാരാളം സ്ഥലങ്ങള്‍ (മുല്ലപ്പള്ളി, കടന്നപ്പള്ളി, കരുനാഗപ്പള്ളി, പള്ളിപ്പുറം, പള്ളിക്കല്‍, പള്ളിവാസല്‍, പള്ളിത്തുറ എന്നിങ്ങനെ ധാരാളം സ്ഥലങ്ങള്‍) കേരളത്തിലുണ്ട്. അവിടങ്ങളിലെല്ലാം ഒരുകാലത്ത് പ്രസിദ്ധങ്ങളായ ബുദ്ധപ്പള്ളികളുണ്ടായിരുന്നു. ഒരു കാലത്ത് ബുദ്ധമതം കേരളത്തിലാകെ വ്യാപിച്ചിരുന്നു. മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ മതപ്രചാരണം തുടങ്ങിയ കാലത്ത് ഇവിടെയുണ്ടായിരുന്ന ജനവിഭാഗങ്ങളുടെ ആരാധനാലയത്തിന്റെ പേരു തന്നെ അവരുടെ ആരാധനാലയങ്ങള്‍ക്കും നല്‍കി. ഇങ്ങനെയാണ് മുസ്ലീം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് 'പള്ളി' എന്നു പേര് വന്നത്. ശ്രീബുദ്ധന് ശാസ്താവ് എന്നു പര്യായപദമുണ്ട്. ശാസ്താവാണ് ചാത്തനായി ലോപിച്ചത്. വര്‍ണ നിയമ പ്രകാരം 'പാപയോനി'കളില്‍ ജനിച്ച ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെയും ചാതുര്‍ വര്‍ണ്യത്തിലെ ശൂദ്രന്മാരായി കണക്കാക്കിയിരുന്ന നായന്മാരുടെയും പൂര്‍വ്വീകരായിരുന്നു ഈ ബുദ്ധമതാനുയായികള്‍. ചാത്തന്‍, ചാപ്പന്‍, ചാത്തു, ചാത്തുക്കുട്ടി, ചാത്തുക്കുട്ടി നായര്‍ തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുന്നവരും ഉപയോഗിച്ചിരുന്നവരും ഈ വിഭാഗക്കാരാണല്ലോ. എങ്കിലും, 'ചാത്തന്‍' എന്ന പേര് ദലിതരിലാണ് കൂടുതലുള്ളത്.
      ബുദ്ധമതവുമായി ബന്ധപ്പെട്ട് കുറച്ച് ചരിത്രം ഇവിടെ കുറിക്കാന്‍ കാരണം ബുദ്ധമതമായും ശാസ്താവുമായും ബന്ധപ്പെട്ടു കിടക്കുന്ന 'ചാത്തന്‍' വിഷയമായതുകൊണ്ടാണ്. വ്യാജ മരുന്നുകളെ വിശേഷിപ്പിക്കാന്‍ 'മലയാള മനോരമ'ദിനപത്രം സ്ഥിരമായി പ്രയോഗിച്ചു വരുന്ന ഒരു വിശേഷണമാണ് 'ചാത്തന്‍ മരുന്ന്' എന്നത്.
        വ്യാജ മരുന്നുകളെക്കുറിച്ച് എഴുതുക തന്നെ വേണം. അത് അഭിനന്ദനാര്‍ഹമായ കാര്യം തന്നെ. ആരോഗ്യ രംഗം, പ്രതേ്യകിച്ച് അലോപ്പതി രംഗം അത്രമാത്രം കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തിന്റെ ഒരു സ്‌നേഹിതന്‍ അയാളുടെ അമ്മയ്ക്കു ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് വാങ്ങാനായി ടൗണിലെ മിക്ക മെഡിക്കല്‍ ഷോപ്പുകളിലും പോയത്രെ. അവിടൊന്നും പ്രസ്തുത മരുന്നില്ല. അയാളെ പരിചയമുള്ള ഒരു ഫാര്‍മസിസ്റ്റ് പറഞ്ഞത്, ഡോക്ടറുടെ അളിയന്റെ ഒരു മെഡിക്കല്‍ ഷോപ്പുണ്ട്. അവിടെ തീര്‍ച്ചയായും ഉണ്ടാകും എന്നായിരുന്നു. അതു ശരിയായിരുന്നു. ആ മരുന്നിന്റെ 'കഥ' ഫാര്‍മസിസ്റ്റ് പറഞ്ഞത്രെ. രണ്ടു ഡോക്ടര്‍മാര്‍ ചേര്‍ന്നു നടത്തുന്ന മരുന്നു കമ്പനി. ഒരു ഡോക്ടറുടെ ഭാര്യയുടെ പേരിന്റെയും മറ്റൊരു ഡോക്ടറുടെ ഉമ്മയുടെ പേരിന്റെയും അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതത്രെ മരുന്നിന്റെ പേര്. അതു കുറിച്ചുകൊടുക്കാന്‍ ആതേ ആശുപത്രിയിലെ വേറൊരു ഡോക്ടര്‍. അതു വില്‍ക്കാന്‍ ആ ഡോക്ടറുടെ അളിയനും!
       മെഡിക്കല്‍ നിയമമനുസരിച്ച് മരുന്നുകളുടെ ബ്രാന്റ് നാമം ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുവാന്‍ പാടില്ല. രാസനാമം മാത്രമേ കുറിച്ചു കൊടുക്കാവൂ. പക്ഷേ, ഈ നിയമമൊക്കെ കടലാസ്സില്‍ കിടക്കുകയാണ്. പാവം രോഗികള്‍! ഡോക്ടര്‍മാര്‍ കമ്മീഷന്‍ വാങ്ങി കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാരുടെ അളിയന്‍മാരുടെയും കാമുകിമാരുടെയും കടകളിലോ ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും ബന്ധമുള്ള മറ്റു മരുന്നു കടകളിലോ പോകണം. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആരോഗ്യ നയത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലം കുറേയായി. ഡോ: ബി.ഇക്ബാലും മറ്റും ഇതിനായി കുറേക്കാലമായി ശബ്ദിക്കുന്നു. എന്നിട്ടും നമുക്കിതേവരെ ഒരു ജനകീയ ആരോഗ്യ നയം ഉണ്ടായിട്ടില്ല. 
        ഇതൊക്കെ തുറന്ന് എഴുതുക തന്നെ വേണം. പക്ഷേ, ഇതിനായി ഏതെങ്കിലും ജനവിഭാഗങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിശേഷണങ്ങള്‍ പ്രയോഗിക്കുന്നത് ഒട്ടും മാന്യതയില്ലാത്ത നിലപാടാണ്. 'ചാത്തന്‍ മരുന്ന്' എന്ന പ്രയോഗം ഈ പത്രത്തിന് എവിടുന്നാണാവോ കിട്ടിയത്? എവിടുന്നു കിട്ടിയതായാലും, പണ്ടു മുതലേ ഉപയോഗിച്ചു വരുന്നു എന്ന ന്യായം പറഞ്ഞാലും ശരി ഈ പ്രയോഗത്തെ ചോദ്യം ചെയ്യുക തന്നെ വേണം. പത്രക്കാരിലുള്ളത് ഏറെയും 'ചാത്തന്‍ വിരോധി'കളാണ് എന്നതൊരു സത്യമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ദല്‍ഹിയിലെ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, ദല്‍ഹിയിലുള്ള മുതിര്‍ന്ന 300 മാധ്യമ പ്രവര്‍ത്തകരില്‍ 71 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയില്‍ 8 ശതമാനം വരുന്ന ഉന്നതകുലജാതരാണെന്നും മാധ്യമ സ്ഥാപനങ്ങളില്‍ നയരൂപീകരണം നടത്തുന്ന സ്ഥാനങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗങ്ങളില്‍പ്പെട്ട ഒരാള്‍ പോലും ഇല്ലെന്നുമാണ്. ഇക്കാര്യം 'ദ ഹിന്ദു' ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നും 'ഇമ്മിണി ബല്ല്യ' മാറ്റമൊന്നും കേരളത്തിലുണ്ടാകില്ല. ഇതുകൊണ്ടാണ് ഇത്തരം വിശേഷണങ്ങള്‍ പ്രയോഗിക്കുവാന്‍ പലര്‍ക്കും ധൈര്യം വരുന്നത്.
           വ്യാജ മരുന്നുകളെ വിശേഷിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു പ്രയോഗമുണ്ട്. 'ചാണ്ടി മരുന്നുകള്‍' എന്ന പ്രയോഗം. 'ചാണ്ടി' എന്നു പറഞ്ഞാല്‍ ദൂരേയ്ക്ക് നീട്ടി എറിഞ്ഞു എന്നാണ് അര്‍ത്ഥം. വ്യാജ മരുന്നുകള്‍ ദൂരേക്ക് നീട്ടി എറിയേണ്ടവ തന്നെയാണല്ലോ! 'ചാണ്ടി' എന്ന വാക്കിന് ജാരന്‍ എന്നും അര്‍ത്ഥമുണ്ട്. ഭര്‍ത്താവുള്ളപ്പോള്‍ ഭര്‍ത്താവറിയാതെ വരുന്ന ജാരന്മാരെയും കൈകാര്യം ചെയ്യണമല്ലോ! ഇത്രമാത്രം അര്‍ത്ഥ സമ്പൂര്‍ണ്ണമായ മറ്റൊരു വിശേഷണവും വ്യാജ മരുന്നുകള്‍ക്കില്ല. ആയതിനാല്‍ 'ചാത്തന്‍ മരുന്നുകള്‍' എന്നതിനു പകരം 'ചാണ്ടി മരുന്നുകള്‍' എന്നു പ്രയോഗിക്കുന്നതല്ലേ ശരി?
       വാല്‍ക്കഷണം:-'ചാത്തന്‍ മരുന്ന്' പോലുള്ള പ്രയോഗങ്ങള്‍ തമാശയായി എടുത്തുകൂടെ എന്നുള്ള വാദം തെറ്റാണെന്നു പറഞ്ഞാല്‍ അതു എല്ലാവരും സമ്മതിക്കണമെന്നില്ല. എന്റെ കാര്യമല്ലേ എനിക്കു പറയാന്‍ പറ്റുകയുള്ളു. കടുത്ത നിറമുള്ള വസ്ത്രങ്ങളെ 'അയ്യന്‍കാളിക്കളര്‍' എന്നും 'ഐ.ആര്‍.ഡി.പി.കളര്‍' എന്നും പ്രയോഗിക്കുന്നത് നിന്ദ്യമായ പരിഹാസമായാണ് ഞാന്‍ കണക്കാക്കുന്നത്. 'ചിലമ്പിട്ട പാണന്‍ നിലത്തു നില്‍ക്കില്ല' , 'തളപ്പിടേണ്ട കാലില്‍ ചെരിപ്പിടുന്നതുപോലെ', 'നാലു തല ചേരും നാലു മുല ചേരില്ല', 'പെണ്ണിനെയും മണ്ണിനെയും ദണ്ഡിച്ചാല്‍ ഗുണ മുണ്ട്' , 'പെണ്‍ബുദ്ധി പിന്‍ബുദ്ധി', 'നാലാമത്തെ പെണ്ണ് നടുക്കല്ലു പൊളിക്കും' തുടങ്ങിയ ദലിത്/സ്ത്രീ വിരുദ്ധ പഴഞ്ചൊല്ലുകള്‍ സവര്‍ണ കുബുദ്ധിയിലുണ്ടായവയാണെന്നാണ് എന്റെ ഉറച്ച അഭിപ്രായം. 
............

Tuesday, November 23, 2010

അപ്പുണ്ണി

മലപ്പുറം ജില്ലാ എക്കണോമിക്‌സ് ആന്റ് സ്റ്റാസ്റ്റിക്‌സ് സ്റ്റാഫ് കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന 'കിരണം' ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്

കഥ

ശങ്കരനാരായണന്‍ മലപ്പുറം

      ''ഓന്റെ അപ്പുേണ്ണ്യ. ജ്ജെന്തിനാടാ ഒര്ങ്ങി പൊറപ്പെട്ടത്. കൊണ്ടന്നേപ്പിന്നെ ജ്ജാപ്പെണ്ണിന് സുഖംന്ന് പറഞ്ഞത് കൊട്ത്ത്ട്ട്‌ണ്ടോ?''
        ''പിന്നെ. ങ്ങക്ക് മൂന്ന് പേരക്കുട്ട്യാളെ കിട്ടീലേ?''
       ''പ്പെ. നായിന്റെ മോനെ! കളള് കുട്ച്ചാ പളേള കെട്ക്കണം. ന്നെക്കൊണ്ട് പറയിപ്പിക്കേണ്ട ജ്ജ്''
അപ്പുണ്ണി വായ പൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു.
         ''അപ്പോ ആരാ നായ?''
             ''അന്റെ തന്ത!''
    അപ്പുണ്ണി ഒന്നു കൂടി ആടിക്കുഴഞ്ഞു ചിരിച്ചു.
       ''ന്നാലും ന്റെ തളേള. ചവ്ട്ട്യാലും കുത്ത്യാലും മാന്ത്യാലും ങ്ങളെ മരേ്വാള് ഇതുവരെ ന്നെ നായേന്ന് വിളിച്ചിട്ടില്ല. അങ്ങനെങ്ങാനും വിളിച്ചാ ഓളെ ഊരപ്പെട്ടി ഞാം ചവ്ട്ടിപ്പൊട്ടിക്കും''
         ''ചെല്ക്കല്ലെടാ ഉശ്‌രും പുളീംല്ല്യാത്ത നായേ''
           ''ചെല്ച്ചാ ങ്ങളെന്താ ചെയ്യ്വ. മുണ്‌ങ്ങോ?''
 അപ്പുണ്ണി വിരല്‍ ചൂണ്ടി അമ്മയ്ക്കു നേരെ ചെന്നു. ഇത്കണ്ട് അപ്പുണ്ണിയുടെ ഭാര്യ രംഗത്തെത്തി.
         ''ങ്ങക്കെന്താ മന്‍ഷ്യാ പ്രാന്തോ. പെറ്റ തള്ളേന്റെ നേരെയാണോ ചെറയണത്''
          ''ഠേ''
          അപ്പുണ്ണിയുടെ കൈ ഭാര്യയുടെ കവിളത്ത്. പതിവ് പരിപാടിയായതിനാല്‍ അവര്‍ ബഹളം വയ്ക്കുകയോ കരയുകയോ ചെയ്തില്ല. അവര്‍ കൂസാതെ അവിടെത്തന്നെ നിന്നു. വീണ്ടും അടിക്കാനായി കൈ ഓങ്ങി. അപ്പോഴേക്കും മൂത്ത മകള്‍ രംഗത്തെത്തി. അവള്‍ കരഞ്ഞു പറഞ്ഞു.
                ''അമ്മയെ ഇനിയും അടിക്കല്ലേ''
                 'ഠേ''
              ''അടി മകളുടെ കവിളത്തായിരുന്നു. അവള്‍ ഉറക്കെ കരഞ്ഞു. ഇതു കണ്ട് മറ്റു കുട്ടികളും കരഞ്ഞു.
               ''ഠേ! ഠേ! ഠേ!''
                 വീണ്ടും അടിയുടെ ശബ്ദം. തൃപ്തി വരാതെ അപ്പുണ്ണി വീണ്ടും കുട്ടികളുടേയും ഭാര്യയുടേയും നേരെ കുതിച്ചു. കുട്ടികള്‍ പേടിച്ച് വിറച്ചു. അവര്‍ കരച്ചില്‍ നിര്‍ത്തി. പിന്നെ കേട്ടത് തേങ്ങലുകളായിരുന്നു. അവര്‍ അച്ഛമ്മയുടെ അരികിലേക്ക് ചേര്‍ന്ന് നിന്നു. അപ്പോള്‍ അപ്പുണ്ണിക്ക് സമാധാനം കിട്ടിയതുപോലെ. അപ്പുണ്ണി മുറ്റത്തേക്കിറങ്ങി. അതോടെ അന്നത്തെ കലാപരിപാടികള്‍ അവസാനിച്ചു.
                ''എടാ അപ്പുണ്ണേ്യ. യ്യ് കളളും കുടിച്ച് കച്ചറണ്ടാക്കി അന്റെ ഓള്‍ക്കും കുട്ട്യാള്‍ക്കും പെറ്റ തളളക്കും സൈ്വരംന്ന് പറഞ്ഞത് കൊട്ത്തിട്ടുണ്ടോ. അന്നെക്കൊണ്ട് വീട്ട്വാരും അയലോക്കക്കാരും ഒക്കെ തോറ്റു. അന്റെ കളളുകുടിയൊന്നു നിര്‍ത്തിക്കൂടെ അപ്പുണ്ണ്യേ''
          ''ന്റെ കുടീന്റെ കാര്യം ഞാം നോക്കിക്കൊളളാ. അന്റെ ഉപദേശം അന്റെ ഓളോട് പറഞ്ഞാ മതി. ഒന്നു പോടാ കൊലപ്പേ''
         ''കൊലപ്പ'' അയാളുടെ വഴിയും നോക്കിപ്പോയി. അപ്പുണ്ണി കയറ്റിറക്കു ജോലിക്കായി നഗരത്തിലേക്കും.
                വൈകുന്നേരം അപ്പുണ്ണി പതിവു പല്ലവി തെറ്റിച്ചില്ല. ബാറില്‍ പോയി നന്നായി മിനുങ്ങി. മാര്‍ക്കറ്റില്‍ നിന്നു ഒരു കിലോ അയ്‌ക്കോറയും ഓരോ കിലോ വീതം ഓറഞ്ചും മുന്തിരിയും പച്ചക്കറികളും പലചരക്കു സാധനങ്ങളും വാങ്ങി അപ്പുണ്ണി വീട്ടിലേക്കു തിരിച്ചു. നാട്ടില്‍ ബസ്സിറങ്ങിയാല്‍ അപ്പുണ്ണി കുറച്ചു നേരം വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നിരുന്ന് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞ് ചൊറിയാറുണ്ട്. അപ്പുണ്ണി വെയിറ്റിംഗ് ഷെഡ്ഡ് ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് റോഡരികില്‍ ഒരാള്‍ വീണു കിടക്കുന്നത് അപ്പുണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്തോ ആലോചിച്ചു നില്‍ക്കുന്ന പത്ര ഫോട്ടോഗ്രാഫറോട് അപ്പുണ്ണി കാര്യം തിരക്കി. ഫോട്ടോഗ്രാഫര്‍ അപ്പുണ്ണിയെ ശ്രദ്ധിച്ചതേയില്ല. നാളത്തെ വാര്‍ത്തയ്ക്കു നല്‍കേണ്ട തലക്കെട്ടിനെക്കുറിച്ചാലോചിക്കുകയായിരുന്നു അയാള്‍.
          ''റോഡരികില്‍ പ്രാണനു വേണ്ടി ഒരാള്‍. കരുണ വറ്റിയ ജനം നോക്കു കുത്തികളായി! '' അയാള്‍ പതുക്കെ പറഞ്ഞു.
          'എന്താ ചെങ്ങായ് പിറുപിറുക്കണത്. ചോയ്ച്ചത് കേട്ടില്ലേ. ന്തേ അയാള്‍ക്ക് പറ്റീത്?''
           ''കളളു കുടിച്ച് പൂസായി കെടക്ക്വാണ്. അത്രന്നെ''
മറുപടി പറഞ്ഞത് മറ്റൊരാളായിരുന്നു. ആള്‍ സ്ഥലം സാധു സംരക്ഷണ സമിതിയുടെ സെക്രട്ടറിയായിരുന്നു.
             ''അന്റൊപ്പാണോ അയാള് കളള് കുട്ച്ചത്''
     ''ഓ. വര്‍ഗ സ്‌നേഹായിരിക്കും'' എന്ന് മെല്ലെ പറഞ്ഞ് അയാള്‍ അവിടുന്ന് പിന്‍മാറി. പിന്നെ രംഗത്തെത്തിയത് മദ്യ നിരോധന സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു.
             ''കയ്യിലെ കാശും കൊടുത്ത് കളളും കുടിച്ച് അഭിനയിച്ച് കെടക്ക്വാണ് അവന്‍''
             ''അഭിനയിക്കുന്നത് അന്റെ തന്തേന്റെ സിനിമേലോ?'' അപ്പുണ്ണിക്ക് കലി കയറി.
             ''ന്നാ യ്യ് ഓന്റെ ഒപ്പം കെടന്നോ''
            ''അയന് അന്റെ തള്ളേനോട് പറയ്''
              അപ്പുണ്ണി വീണു കിടക്കുന്ന ആളിന്റെ അരികിലേക്കു ചെന്നു. കയ്യിലുണ്ടായിരുന്ന സാധനങ്ങള്‍ നിലത്തു വച്ചു. ആള്‍ക്ക് ജീവനുണ്ടോ എന്നു പരിശോധിച്ചു. ജീവനുണ്ടെന്നു ബോധ്യമായപ്പോള്‍ അപ്പുണ്ണി അയാളെ വാരിയെടുത്ത് അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനരികിലേക്ക് നീങ്ങി.
               ''പറ്റൂല'' ഡ്രൈവര്‍ വിളിച്ചു പറഞ്ഞു.
               ''പിന്നെ എന്തിനാടാ റോഡില്‍ നിര്‍ത്തിയിട്ടത്?''
               ''അന്റെ തറവാട്ടു സ്വത്തല്ലല്ലോ. വണ്ടി എന്റെയല്ലേ.''
              ''അണക്ക്‌ളളത് പിന്നെത്തരാം'' എന്നു പറഞ്ഞ് ആളെയും താങ്ങി അപ്പുണ്ണി റോഡിന്റെ നടുവിലേക്ക് കയറി നിന്നു. ചീറിപ്പാഞ്ഞു വരികയായിരുന്ന ഒരു ജീപ്പു നിര്‍ത്തി. അപ്പുണ്ണി ആളെ ജീപ്പിലേക്കു കയറ്റി. ഏതോ ഒരു അപരിചിതന്‍. ജീവിതത്തിലൊരിക്കലും അപ്പുണ്ണി അയാളെ കണ്ടിട്ടില്ല. എങ്കിലും അയാള്‍ തനിക്കു വളരെ വേണ്ടപ്പെട്ടവനാണെന്ന് അപ്പുണ്ണിക്ക് തോന്നി. അയാളുടെ തല അപ്പുണ്ണി തന്റെ മടിയിലേക്കു വച്ചു. അയാളുടെ വായ് രണ്ടു മൂന്നു തവണ അപ്പുണ്ണി മണത്തു നോക്കി. അപ്പുണ്ണിക്ക് കിട്ടിയത് നിസ്സഹായതയുടെ മണം മാത്രമായിരുന്നു. അപ്പുണ്ണിയുടെ മുഖം ദേഷ്യം കൊണ്ടു ചെമന്നു. ജീപ്പിനു ചുറ്റും തടിച്ചു കൂടിയവരെ അപ്പുണ്ണി രൂക്ഷമായി നോക്കി. കടുത്ത തെറികള്‍ അപ്പുണ്ണിയുടെ നാവില്‍ വന്നെങ്കിലും അതു പുറത്തു ചാടിയില്ല. അമ്മയുടെ മടിയില്‍ കൊച്ചു കുഞ്ഞെന്ന പോലെ കിടക്കുന്ന പാവത്തിന്റെ ജീവനെക്കുറിച്ചുളള വേവലാതിയില്‍ അപ്പുണ്ണിയുടെ പക സങ്കടത്തിന് വഴിമാറിക്കൊടുത്തു. അപ്പുണ്ണിയുടെ കണ്ണു നിറഞ്ഞു. ജീപ്പ് 
ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു.
...........................

Sunday, November 21, 2010

തമാശ പറയാന്‍ പറ്റാത്ത കാലം!

മക്തബ് (25.05.2009)


തമാശ പറയാന്‍ പറ്റാത്ത കാലം!


ശങ്കരനാരായണന്‍ മലപ്പുറം


“മണ്ണുത്തി വെറ്റിനറി കോളേജിലെ ഒരു പ്രൊഫസറായ ഡോക്ടര്‍ ചന്ദ്രന്‍ ക്യനടയിലാണ് പഠിച്ചത്. അക്കാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പ്രഭുവിന്റെ വീട്ടില്‍ വെച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. വന്നയുടനെ വീട്ടുടമസ്ഥനുമായി കുശലം പറഞ്ഞ് ഷൈക്ക് ഹാന്റ് ചെയ്ത്, സംശയം കൂടാതെ അകത്തേക്ക് കടന്നുപോയി. തദവസരത്തില്‍ അതാരാണെന്ന് ചന്ദ്രന്‍ ചോദിച്ചു. അയാള്‍ വീട്ടു വേലക്കാരനാണെന്നും പാത്രം തേയ്ക്കുക, മുറികള്‍ വൃത്തിയാക്കുക, മിറ്റം അടിക്കുക മുതലായ പണിക്കു വന്നിരിക്കുകയാണെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വീട്ടു വേലക്കാരനും വീട്ടുടമസ്ഥനായ-യജമാനനായ-പ്രഭുവും തമ്മില്‍ ഇങ്ങനെ തുല്യ നിലയില്‍ പെരുമാറുന്നത് കണ്ടപ്പോള്‍ ചന്ദ്രന്നത്ഭുതം തോന്നുകയാല്‍ കൂടുതലായി അനേ്വഷിച്ചു. അദ്ദേഹത്തിന്റെ തൊഴില്‍ ഈ വീട്ടുവേലയാണെന്നും, ഇങ്ങനെ പല വീടുകളിലും ജോലിയുണ്ടെന്നും ജോലിയനുസരിച്ച് അതാതു വീട്ടുകാരുമായി ചെയ്തിട്ടുള്ള നിശ്ചയ പ്രകാരം പ്രതിഫലം വാങ്ങിക്കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നതെന്നും വീട്ടുടമസ്ഥന്‍ പറയുകയുണ്ടായി. 20-25 മിനിറ്റിനകം അയാള്‍ ജോലിയെല്ലാം കഴിച്ച് കൈ കഴുകി വൃത്തിയാക്കി യാത്ര പറഞ്ഞു പോകാനുള്ള ശ്രമമായപ്പോള്‍ വീട്ടുടമസ്ഥന്‍ അദ്ദേഹത്തിന്നു ചന്ദ്രനെ പരിചയപ്പെടുത്തിക്കൊടുത്തു. തദവസരത്തില്‍ അയാള്‍ ചന്ദ്രനും ഷൈക്ക് ഹാന്റ് ചെയ്തു, അടുത്തുള്ള മറ്റൊരു കസാലയില്‍ ഇരുന്നു കുശലം പറഞ്ഞു സിഗ്രറ്റു വലിച്ച് യാത്ര പറഞ്ഞു പോവുകയും ചെയ്തു “
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് 1964 ല്‍ എഴുതിയ ആത്മകഥയില്‍ (എന്റെ സ്മരണകള്‍, പേജ് 310,311) വിവരിക്കുന്നതാണിത്. ഈ സംഭവം കഴിഞ്ഞിട്ട് 45 കൊല്ലം കഴിഞ്ഞു. പക്ഷേ, നമ്മുടെ നാട്ടിലെ വീട്ടുവേലക്കാര്‍ക്ക് ഇതുപോലൊരനുഭവം ഇന്നും സ്വപ്നം മാത്രമാണ്. മാത്രമല്ല, വീട്ടുവേലക്കാര്‍ ഇപ്പോഴും (പ്രതേ്യകിച്ച് സിനിമകളിലും സീരിയലുകളിലും) പരിഹാസ്യ കഥാ പാത്രങ്ങളുമാണ്. വീട്ടു വേലക്കാര്‍ മാത്രമല്ല, മറ്റു മിക്ക തൊഴിലാളി വര്‍ഗ്ഗങ്ങളെയും പരിഹാസ്യമായാണ് ചിത്രീകരിക്കാറ്. ഇതിന്റെ മൊത്തക്കച്ചവടക്കാര്‍ സിനിമാ-സീരിയലുകാരും മിമിക്രിക്കാരുമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇന്ത്യയിലെന്തു കൊണ്ട് ഇങ്ങനെയൊരവസ്ഥ വന്നു?
മറ്റു രാജ്യങ്ങളിലും ഉയര്‍ച്ച താഴ്ച്ചകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് അമ്മയുടെ ഗര്‍ഭ പാത്രത്തിന്റെ നിറവുമായി ബന്ധമില്ല. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നതു പോലെ ഇവയിലൊക്കെ ജാതിയും കുടിയിരിക്കുന്നുണ്ട് എന്നതാണ് നമ്മുടെ നാട്ടിലെ പ്രതേ്യകത. എല്ലാ തൊഴിലുകളും ജാതിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. പേരു വിളിക്കുന്നത് തൊട്ട് മരണാനന്തര ക്രിയകള്‍ ചെയ്യുന്നതു വരെയുള്ള കാര്യങ്ങള്‍ ജാതി നിയമങ്ങള്‍ക്കു വിധേയമാണ്. സാധാരണമായി പ്രയോഗിച്ചു വരുന്ന ചെറ്റ, പെറുക്കി തുടങ്ങിയ തെറി വാക്കുകള്‍ക്ക് ജാതിയുമായി ബന്ധമുണ്ട്. താഴ്ന്നവരായി മുദ്രയടിച്ചു ആട്ടിയകറ്റിയിരുന്നവര്‍ താമസിച്ചിച്ചിരുന്ന സ്ഥലമാണ് ചെറ്റയും കുടിലും മറ്റും. ചെറ്റയില്‍ താമസിക്കുന്നവര്‍ തമ്പ്രാക്കള്‍ക്ക് വൃത്തികെട്ടവരായി. അങ്ങനെ അവര്‍ക്ക് 'ചെറ്റകള്‍' എന്ന ഓമനപ്പേരു നല്‍കി. ഇവരുടെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്ന ധാന്യങ്ങളും പച്ചക്കറികളും മറ്റുമാണ് തമ്പ്രാക്കള്‍ വെട്ടി വിഴുങ്ങിയിരുന്നത്. ഇവയൊക്കെ വെട്ടിവിഴുങ്ങി മോഹിനിയാട്ടവും കണ്ട് ഏമ്പക്കം വിട്ടിരുന്നവരുടെ കണ്ണില്‍, ജീവിക്കാന്‍ ഗതിയില്ലാതെ വല്ലതും പെറുക്കിത്തിന്ന് നടന്നിരുന്നവരും മോശക്കാരായി- പെറുക്കികളായി. ഇങ്ങനെ കീഴാളരെ ആക്ഷേപിക്കുവാന്‍ ഉണ്ടാക്കിയ പദ പ്രയോഗങ്ങള്‍ നിരവധിയാണ്.
പരിഹസിച്ചു കൊട്ടി രസിക്കാനായി വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടകളുടെ അവസ്ഥയിലാണ് പല തൊഴില്‍ (ജാതി) വിഭാഗങ്ങളും. ഇതില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്ന ഒരു തൊഴില്‍/ജാതി വിഭാഗമാണ് ബാര്‍ബര്‍മാര്‍. ( “നാടു ഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കാന്‍ പൊയ്ക്കൂടെ” എന്നു മുദ്രാവാക്യം വിളിക്കുന്ന നീചന്മാര്‍ ഈ സൂപ്പര്‍ ഐ.ടി.യുഗത്തിലുമുണ്ട്!) വടിക്കുക, ചൊരയ്ക്കുക എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍മാരെ അക്ഷേപിക്കുന്ന പദപ്രയോഗങ്ങളുള്ള സിനിമകള്‍ എത്രയോ ഉണ്ട്. ബാര്‍ബര്‍പ്പണി ചെയ്യുന്നവരെ വിശേഷിപ്പിച്ചിരുന്ന ഒരു ഗ്രാമ്യ പദപ്രയോഗമാണ് 'അമ്പട്ടന്‍'. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ 'അമ്പട്ടന്‍' എന്നു വിളിപ്പിച്ച് 'തമാശ' പറയിപ്പിക്കുന്നുണ്ട് 'യോദ്ധ' എന്ന സിനിമയില്‍.
മീന്‍ വില്‍ക്കുന്ന സ്ത്രീക്ക് ഉറക്കം വരണമെങ്കില്‍ മീന്‍ മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന വളരെ മോശമായൊരു കഥ സുമംഗല ' തളിര് ' മാസികയില്‍ എഴുതിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ' സമീക്ഷ'മാസികയില്‍ ഞാന്‍ എഴുതുകയുണ്ടായി. എന്നെ വിമര്‍ശിച്ച് പ്രേമാ ജയകുമാര്‍ എന്നവര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതി. സുന്ദരമായ കഥയില്‍ ഞാന്‍ വര്‍ഗീയത കണ്ടുവെന്നായിരുന്നു പ്രേമാ ജയകുമാറിന്റെ ആരോപണം. കഥയിലാണോ എന്റെ അഭിപ്രായത്തിലാണോ വര്‍ഗീയതയുള്ളതെന്ന് കഥ വായിച്ചാല്‍ ഒരു വിധം സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും. മീന്‍കാരിയെ 'അവള്‍' എന്നു സംബോധന ചെയ്യുമ്പോള്‍ കഥയിലെ പൂക്കാരിയെ 'അവര്‍' എന്നാണ് കഥാകാരി സംബോധന ചെയ്യുന്നത്.
ജയ്ഹിന്ദ് ചാനലില്‍ 'ചാളമേരി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിമിക്രി താരത്തിന്റെ സംഭാഷണത്തില്‍ ഇതു പോലുള്ള ധാരാളം പ്രയോഗങ്ങള്‍ വരികയുണ്ടായി. കൈരളി ചാനലിലെ ചില ഹാസ്യ പരിപാടികളിലും മീന്‍ വില്പനയും മുടിവെട്ടും കയറി വന്നിരുന്നു. ഒരു പരിപാടിയില്‍ ഒരാള്‍ ഡാന്‍സ് ചെയ്യുകയാണ്. കത്രിക കൊണ്ട് മുടി മുറിക്കുന്നതു പോലെ ആംഗ്യം കാണിച്ചാണ് ഡാന്‍സ്. ഇതു കണ്ട് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്, 'ഓ! ഇതായിരുന്നുവല്ലേ പണ്ട് പരിപാടി?' എന്നായിരുന്നു. മറ്റൊരു ഹാസ്യ പരിപാടിയില്‍ വളരെ നിന്ദ്യമായ മറ്റൊരു രംഗവും കാണിക്കുകയുണ്ടായി. ഒരു കഥാപാത്രം തുളസിയിലയെടുത്ത് ചെയിയില്‍ വയ്ക്കുന്നതു കണ്ടപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത്, ' ഓ! ഇയാള്‍ക്ക് പണ്ട് മീന്‍ വില്‍പ്പനയായിരുന്നുവെന്നാണല്ലോ കേട്ടത് '
മീന്‍ വില്‍ക്കുന്നവരും മുടി വെട്ടുന്നവരും എന്താണാവോ ഈ സമൂഹത്തിനോട് ചെയ്ത തെറ്റ് ? 2007 ല്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നു ഇന്ത്യ പുറത്തായപ്പോഴും വൃത്തികെട്ട മനസ്സിന്റെ ഉടമകളായ കുറേ ചെറുപ്പക്കാരും ഇതേ നിലപാടെടുക്കുകയുണ്ടായി. ഈ-മെയിലിലൂടെയാണ് അവര്‍ അവരുടെ വൃത്തികെട്ട മനസ്സ് പുറത്തു ചാടിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ മുടിവെട്ടുകയും മീന്‍ വില്‍ക്കുകയും മറ്റും ചെയ്യുന്ന പരിഹാസ്യ ചിത്രങ്ങളാണ് അവര്‍ ഈ-മെയിലിലൂടെ പ്രചരിപ്പിച്ചത്. ക്രിക്കറ്റ് കളിക്കാന്‍ വയ്യെങ്കില്‍ മുടി വെട്ടാനും മീന്‍ വില്‍ക്കാനും പൊയ്ക്കൂടേ എന്നു ചോദിക്കുന്ന ഈ അറുവഷളന്മാര്‍ക്ക് സൗന്ദര്യം ഉണ്ടാക്കിക്കൊടുക്കുന്നവരല്ലേ ബാര്‍ബര്‍മാര്‍?
കമ്പ്യൂട്ടറും മറ്റും വന്നിട്ടും ഒട്ടു മിക്ക ഇന്ത്യക്കാരന്റെയും മനസ്സിപ്പോഴും കാളവണ്ടി യുഗത്തില്‍ത്തന്നെയാണ്. എങ്കിലും, ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും ചൊദ്യം ചെയ്യലുകള്‍ക്കും ശക്തി പ്രാപിച്ചു വരുന്നുണ്ട്. ജാതി വൈകൃത മനസ്സുള്ളവര്‍ക്ക് ഇതു സഹിക്കില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയുള്ളവരാണ് നാടിന്റെ പൈതൃകവും പാരമ്പര്യവും മറ്റും നശിച്ചുവെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുന്നത്. മലയപ്പുലയന്റെ മാടത്തിന്‍ മുറ്റത്ത് മഴ വന്ന നാള്‍ നട്ട വാഴയില്‍ നിന്നുണ്ടാകുന്ന പഴം വെട്ടി വിഴുങ്ങാന്‍ സാധിക്കാത്ത തമ്പുരാന്‍ മനസ്സുള്ളവരാണ് ഓണത്തിന്റെ തനിമയും പെരുമയും നഷ്ടപ്പെട്ടുവെന്ന് വിളിച്ചു കൂവുന്നത്.
അമൃതാ ചാനലിലെ 'സൂപ്പര്‍ ടാലന്റ്' എന്ന പരിപാടിയിലെ വിധി കര്‍ത്താക്കളില്‍ ഒരാളായ സിനിമാ നടന്‍ മുകേഷ് പ്രകടിപ്പിച്ച ഒരഭിപ്രായമാണ് ഈ വിഷയം എഴുതാനുള്ള കാരണമായത്. പരിപാടിയുടെ ആറാം റൗണ്ടില്‍ മൂന്നു പേര്‍ അവതരിപ്പിച്ച ഒരു പരിപാടി ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം പരിപാടികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ മറ്റു രണ്ടു വിധി കര്‍ത്താക്കളും മുകേഷിന്റെ അഭിപ്രായത്തെ ശരി വച്ചു. മുകേഷിന്റെ വിമര്‍ശനമേറ്റ പരിപാടിക്ക് ഒരു റിയാലിറ്റി ഷോയിലെ അഞ്ചാം റൗണ്ടില്‍ അവതരിപ്പിക്കത്തക്ക നിലവാരമുണ്ടായിരുന്നില്ല എന്ന കാര്യം ശരി തന്നെ. വിധി കര്‍ത്താക്കളില്‍ ഒരാളായ നടന്‍ വിനീത് 10 ല്‍ 3 മാര്‍ക്കാണ് പ്രസ്തുത പരിപാടിക്ക് നല്‍കിയത്. യഥാര്‍ത്തില്‍ 3 ല്‍ കുറഞ്ഞ മാര്‍ക്കിനേ അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ. മുകേഷിന്റെ വിമര്‍ശനം ദീര്‍ഘമുള്ളതായിരുന്നു. കാലം മാറിയെന്നും വിമര്‍ശനങ്ങള്‍ പണ്ടത്തെപ്പോലെ പറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെടുകയുണ്ടായി. പണ്ടത്തെപ്പോലെ ഇപ്പോള്‍ പറ്റില്ല എന്നു മുകേഷ് പറഞ്ഞത് ഗുണപരമായ അര്‍ത്ഥത്തിലായിരുന്നില്ല. പണ്ടത്തെ സ്വാതന്ത്യം ഇപ്പോഴില്ല എന്ന അര്‍ത്ഥത്തിലാണ് മുകേഷ് സംസാരിച്ചത്. തമാശ പറയാന്‍ പറ്റാത്ത കാലമാണിതെന്ന മട്ടിലുള്ളതായിരുന്നു മുകേഷിന്റെ സംസാരം. ജാതിയും മതവും കൂടി ഇന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. (പണ്ട് കേരളം സ്വര്‍ഗ്ഗം പോലെയായിരുന്നുവല്ലോ! ലേഖനത്തിന്റെ തുടക്കത്തിലെ ഉദ്ധരണി എഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ വായിച്ചാല്‍ തന്നെ കേരളത്തിലെ സ്വര്‍ഗ്ഗാവസ്ഥയെന്തായിരുന്നുവെന്നു ഏകദേശം ബോധ്യമാവും !!)
ഏതു കാര്യത്തിലും ചില എടുത്തു ചാടലുകള്‍ നടക്കാറുണ്ട്. ഇതുപോലുള്ള വിഷയങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നേക്കും. ഇതിന്റെ പേരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പോയ കാല ക്രൂരതകളെ ( അതു തമാശയുടെ കുപ്പായമിട്ടതാണെങ്കിലും) ന്യായീകരിക്കുന്ന രീതിയില്‍ സംസാരിക്കരുത്. സിനിമയായാലും സീരിയലായാലും മിമിക്രിയായാലും സൂപ്പര്‍ ടാലന്റ് പരിപാടിയായാലും ഏതെങ്കിലും പ്രതേ്യക വിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ളതായിക്കൂടാ പദപ്രയോഗങ്ങള്‍. നടീ നടന്മാരുടെയും മിമിക്രിക്കാരുടെയും സ്വന്തക്കാരെപ്പോലെത്തന്നെ മീന്‍ വില്‍പ്പനക്കാരും ബാര്‍ബര്‍മാരുമൊക്കെ മനുഷ്യരാണ്; അവര്‍ക്കും വ്യക്തിത്വവും ആത്മാഭിമാനവും ഉണ്ട് എന്ന കാര്യം ആരും മറക്കരുത്.
……….


Thursday, November 18, 2010

ഇഷ്ടവും ഇഷ്ടക്കേടും

കാപ്‌സ്യൂള്‍ക്കഥ


ഇന്ന് മാസിക-ഏപ്രില്‍, 2008

ശങ്കരനാരായണന്‍ മലപ്പുറം

ഇഷ്ടവും ഇഷ്ടക്കേടും



“ കേരളത്തിന്റെ പൂര്‍വ്വ പാരമ്പര്യത്തെപ്പറ്റി താനെഴ്ത്യ ലേഖനം നിക്ക് ഒട്ടും ഷ്ടായില്ല്യ ട്ട്വൊ. “
“ നിങ്ങളുടെ ഇഷ്ടക്കേട് എനിക്ക് നല്ല ഇഷ്ടായി ട്ടൊ. “
...............

Wednesday, November 17, 2010

വ്രതം

ഉണ്മ മാസിക-മാര്‍ച്ച്, 2007

വ്രതം

ശങ്കരനാരായണന്‍ മലപ്പുറം

''ഞാന്‍ മാലയിട്ടിരിക്കയാണ്. വെജിറ്റേറിയന്‍ ഹോട്ടലായതുകൊണ്ടൊന്നും കാര്യമില്ല. വല്ല മാപ്‌ളയോ ചെര്‍മനോ അണ്ണാച്ചിയോ കുളിക്കാതെ ഉണ്ടാക്കിയതായിരിക്കും. ഊണിപ്പോള്‍ വീട്ടില്‍ നിന്നാ. അല്ല, നീ ഇതുവരെ വ്രതമെടുത്തിട്ടില്ലേ? ''
'' വ്രതമെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ ശുദ്ധിയുള്ളത് വീട്ടീന്നായാല്‍പ്പോലും തിന്നാന്‍ പറ്റില്ലെന്നാ പരീക്ഷണം നടത്തിയപ്പോള്‍ തെളിഞ്ഞത്. അരിയിലും തക്കാളിയിലും വെണ്ടക്കയിലും പയറിലും കയ്പയിലുമൊക്കെ എന്തെല്ലാമാണ് കണ്ടതെന്നോ? അണ്ണാച്ചികളുടെയും ചെര്‍മക്കളുടെയും മാപ്‌ളമാരുടെയും വെയര്‍പ്പും ചോരയും മറ്റും...!''
..................

Tuesday, November 16, 2010

കൂറ്

വാരാദ്യ മാധ്യമം, 07.01.2007.

'' അല്ലാ, സമയം പതിനൊന്നരയായല്ലോ. സൂപ്രണ്ടു സാറിന്നെന്തേ അര മണിക്കൂര്‍ വൈകി? ''
'' ഒന്നും പറയേണ്ടെന്റെ സുരേഷേ. ചെറിയൊരു മരാമത്തു പണിയുണ്ടായിരുന്നു. മരപ്പണിക്കാരനെ കാത്തു കാത്തു മടുത്തു. ഇന്നാ അവന്‍ എഴുെന്നള്ളിയത്. എന്താ അവരുടെയൊക്കെയൊരു ഗമ. വന്നപ്പൊ സമയം ഒമ്പതു മണി കഴിഞ്ഞു. എത്രയാ കൂലിയെന്നോ മുന്നൂറ്റമ്പത്. ചെലവ് പുറമെ. പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു. ഇന്നു ചോറും സാമ്പാറും ഉപ്പേരിയും പപ്പടവുമൊന്നും പോരാ. മീന്‍ പൊരിച്ചതില്ലെങ്കില്‍ മോന്ത കനക്കും. എന്നാ പണി ചേയ്യേ്വാ. തട്ടിമുട്ടി നേരം കളയും. നാലുമണിയായാല്‍ വാച്ചില്‍ നോക്കാന്‍ തുടങ്ങും. അഞ്ചാവുന്നതിനു മുമ്പ് ഡ്രസ്സ് മാറാന്‍ തുടങ്ങും. ഒരു കൂറും ഇല്ലാത്ത സാധനങ്ങള്‍. ഒന്നും പറയാതിരിക്കുകയാ ഭേദം '''
..........................
..........................
' ങാ! ഞാനിന്ന് അര മണിക്കൂര്‍ നേരത്തേ ഇറങ്ങുകയാ. മൂന്നര മണിക്കുള്ള ബസ്സില്‍ പോകണം. അവന്‍ ഡ്രസ്സു മാറാന്‍ തുടങ്ങുന്നതിന് മുമ്പ് എത്തണം. ങാ, പിന്നൊരു കാര്യം. മിനിഞ്ഞാന്നും ഇന്നലെയും വന്ന ആ കക്ഷി സര്‍ട്ടിഫിക്കറ്റിന് ഇന്നും വന്നേക്കും. അപേക്ഷ കൊടുത്താലപ്പത്തന്നെ കിട്ടണമെന്നാ അവന്റെയൊക്കെ വിചാരം. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞേക്ക്. ഞാനിറങ്ങുന്നു ''
......................

Friday, November 12, 2010

ശ്രീ: ജീവനുള്ള മറുപടി

ശ്രീ: ജീവനുള്ള മറുപടി

'പ്രൊഫ: സുധീഷ് ചെരിപ്പൂരി അടിക്കുമോ?' എന്ന തലക്കെട്ടില്‍ ഞാനെഴുതിയ കുറിപ്പിനെ വിമര്‍ശിച്ച് ശ്രീ: ജീവന്‍ 05.11.2010 ന് എഴുതിയ കുറിപ്പ് ഇന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. ശ്രീ: ജീവന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: '' സുകുമാരേട്ടാ (ആരാണാവോ ഈ 'സുകുമാരന്‍')......തീരെ നിലവാരം പോര. എം.എന്‍. വിജയന്‍ മാഷേ വിമര്‍ശിക്കുന്നതിനും ഒരു നിലവാരം വേണം. ഇതു നാലാം ക്‌ളാസിലെ പിള്ളേര്‍ തമ്മില്‍ തെറി വിളിക്കുന്ന പോലെയായി കഷ്ടം...!''
അഭിപ്രായത്തെ മാനിക്കുന്നു. ഓരോരുത്തര്‍ക്കും അവരുടെതായ നിലവാരമാണല്ലോ ഉള്ളത്. അവര്‍ണ ജനവിഭാഗത്തിന് എല്ലാവിധ മാനുഷികാവകാശങ്ങളും നിഷേധിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരെ 'ധര്‍മ്മരാജക്കള്‍' എന്നായിരുന്നല്ലോ വിശേഷിപ്പിച്ചിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് 'ധര്‍മ്മം'. അവര്‍ണരെ സംബന്ധിച്ചിടത്തോളം അത് 'നിന്ദ്യം, നീചം, നികൃഷ്ടം'. ഇതു പോലെത്തന്നെയാണ് 'നിലവാര'ത്തിന്റെ കാര്യവും. ശ്രീ: ജീവന്റെ 'നിലവാരം' എനിക്കില്ല; എന്റെ 'നിലവാരം' ശ്രീ: ജീവനുമില്ല. ഇതില്‍ ഏതു നിലവാരമാണാവോ ശരി ? ഏതായാലും എന്റെ നിലവാരമേ എനിക്ക് പ്രകടിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ആ നിലവാരം വച്ചാണ് ഞാന്‍ എഴുതിയത്. അതില്‍ ശരിയുണ്ടെന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്.
സംവരണ വിഷയത്തില്‍ പി.കെ.നാരായണപ്പണിക്കര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തന്നെയാണ് മറ്റൊരു രീതിയില്‍ എം.എന്‍.വിജയനും ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ നാരായണപ്പണിക്കര്‍ മാന്യനാണ്. കാരണം അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വിപ്‌ളവം പോരെന്ന് പറയുന്ന സൂപ്പര്‍ വിപ്‌ളവകാരിയല്ല. അദ്ദേഹം നായര്‍ സമുദായ നേതാവാണ്. നായന്മാര്‍ക്ക് നേട്ടമുള്ളത് അദ്ദേഹം പറയുന്നു. ഇതില്‍ കാപട്യമില്ല. എന്നാല്‍, സൂപ്പര്‍ വിപ്‌ളവകാരിയായ എം.എന്‍.വിജയന്‍ മാഷ് അതി വിപ്‌ളവം പറഞ്ഞുകൊണ്ടാണ് 'കേരളീയര്‍ സാധ്യമായ വിധത്തില്‍ സമത്വം നേടിയ സമുദായമാണ്' എന്ന സവര്‍ണവാദം ഉന്നയിക്കുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'കേരള പഠനം' വായിച്ചാല്‍ ഈ 'സമത്വം' എന്താണെന്ന് ബോധ്യമാകും.
ഇന്ത്യയില്‍ ഓരോ മണിക്കൂറിലും രണ്ട് ദലിതര്‍ കയ്യേറ്റം ചെയ്യപ്പെടുന്നു. ഓരോ ദിവസവും മൂന്ന് ദലിത് സ്ത്രീകള്‍ ബലാത്സംഗംചെയ്യപ്പെടുന്നു. ഓരോ ദിവസവും രണ്ട് ദലിതര്‍ കൊല ചെയ്യപ്പെടുന്നു. ഓരോ ദിവസവും രണ്ട് ദലിത് കുടിലുകള്‍ ചുട്ടെരിക്കപ്പെടുന്നു......ഇങ്ങനെയുള്ളൊരു നാട്ടില്‍ നിന്നാണ് 'ഇന്ത്യന്‍ വര്‍ഗ്ഗീയത ശവമായിരിക്കുന്നുവെന്നും ആ ശവത്തില്‍ കുത്തുന്നതില്‍ അര്‍ത്ഥമില്ല' എന്നും എം.എന്‍.വിജയന്‍ മാഷ് വിളിച്ചുകൂവിയത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, 'അത് കുട്ടികള്‍ക്കുള്ള കളിപ്പാട്ടം പോലെയാണെന്നും കുറെ നേരം തട്ടിക്കളിച്ച് ക്ഷീണിക്കുമ്പോള്‍ പോയി കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും' എന്നാണ് മറുപടിയായി പറഞ്ഞത്. ഒരു നിശ്ചിത വിഷയത്തില്‍ അഭിപ്രായം ചോദിച്ചാല്‍ അതിന് വ്യക്തമായ മറുപടി പറയുക എന്നതാണ് മാന്യമായ രീതി. 'മാധവി എവിടെയെന്നു ചോദിച്ചാല്‍ മാധവന്‍ നായര്‍ക്ക് മൂലക്കുരുവാണ്' എന്ന രീതിയിലുള്ള മറുപടി പറയുന്നത് തനി കാപട്യമാണ്. ഇക്കാര്യത്തില്‍ പി.കെ.നാരായണപ്പണിക്കര്‍ക്കുള്ള നിലപാടാണ് എം.എന്‍.വിജയന്‍ മാഷിനുള്ളതെങ്കില്‍ എന്തുകൊണ്ട് അത് തുറന്നു പറഞ്ഞുകൂടാ? കുറച്ചു പുളിക്കും! മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി മാത്രം തന്നെ തോളിലേറ്റി നടക്കുന്ന ലീഗുകാര്‍ക്ക് എതിര്‍പ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയാല്‍ അവര്‍ തോളില്‍ നിന്നു താഴെയിടും. അപ്പോള്‍ ഞഞ്ഞാപ്പിഞ്ഞയേ പറയാന്‍ സാധിക്കുകയുള്ളൂ. ഇദ്ദേഹത്തിന്റെ ഇത്തരം കാപട്യങ്ങള്‍ (മേല്‍ സൂചിപ്പിച്ചവ) തുറന്നു കാണിച്ച് ഞാന്‍ '' 'പാഠം' പഠിപ്പിക്കുന്ന ബുദ്ധിജീവിയുടെ വെളിപാടുകള്‍'' എന്ന തലക്കെട്ടില്‍ 'കേരള ശബ്ദ'ത്തില്‍ (14.01.2007) ലേഖനമെഴുതിയിരുന്നു. കൂടാതെ 'സമീക്ഷ'യിലും മറ്റൊരു മാസികയിലും ലേഖനമെഴുതിയിട്ടുണ്ട്. ആദ്യം പറഞ്ഞ ലേഖനം ഏറെ താമസിയാതെ പോസ്റ്റ് ചെയ്യുന്നതാണ്.
'ഇതു നാലാം ക്‌ളാസിലെ പിള്ളേര്‍ തമ്മില്‍ തെറി വിളിക്കുന്ന പോലെയായി കഷ്ടം...!' എന്നാണല്ലോ വിമര്‍ശനം. എല്‍.പി.സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ വച്ച് അദ്ധ്യാപകനെ വെട്ടിക്കൊന്ന നിലപാടിനെ താത്ത്വിക പരിവേഷം നല്‍കി പ്രസംഗിച്ചു നടന്നത് ശരിയെന്നത് ശ്രീ: ജീവന്റെ 'നിലവാരം'. അങ്ങനെയും ഇങ്ങനെയും (മുകളില്‍ സൂചിപ്പിച്ച പോലെയുള്ളത്) പറഞ്ഞത് തെറ്റാണെന്നുള്ളത് എന്റെ 'നിലവാരം' എന്നു പറഞ്ഞു നിര്‍ത്തട്ടെ.
..............


Thursday, November 11, 2010

ഇന്‍കമിംഗ്

'ധിഷണ' മാസിക-നവംബര്‍,2007

ഇന്‍കമിംഗ്

ശങ്കരനാരായണന്‍ മലപ്പുറം

'' ഹലോ! അരുണ്‍. മീറ്റിംഗ് നാളെ മഞ്ചേരിയില്‍. വെക്കട്ടേ, സമയമില്ല ''
.................
.................
'' രഞ്ജൂ, അരുണാണ്. മീറ്റിംഗ് എവിടെ വെച്ചാണെന്നു പറഞ്ഞില്ല?''
'' അയ്യോ! ഞാനതു പറയാന്‍ മറന്നെടാ. പ്‌ളാസയില്‍ വെച്ചാണ്. കച്ചേരിപ്പടിയിലിറങ്ങിയാല്‍ കുറച്ചു മുന്നോട്ടു നടക്കണം. ടൗണിലിറങ്ങിയാല്‍ കുറച്ചു പിറകോട്ടു നടക്കണം. അതൊന്നും വേണ്ടെടാ. പ്‌ളാസയുടെ മുന്നില്‍ തന്നെ സ്റ്റോപ്പുണ്ട്. പിന്നെന്തിന് അപ്പുറവും ഇപ്പുറവും ഇറങ്ങണം! അവിടെത്തന്നെയിറങ്ങിയാല്‍ മതി. നീ തീര്‍ച്ചയായും വരണം. പിന്നെ എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍? നീ എന്നെക്കൂട്ടാതെ ലാലിന്റെ പുത്തന്‍ സിനിമ കാണാന്‍ പോയത് ഞാനറിഞ്ഞു. എങ്ങനെയുണ്ടെടാ സിനിമ? അടിപൊളിയാണോ? നീ അതിന്റെ കഥയൊന്നു വിശദമായി പറയെടാ മുത്തേ! ഞാനതൊന്നു ആസ്വദിക്കട്ടേ കരളേ!!..... ''
................

Tuesday, November 09, 2010

കുടുംബിനി

മിനിക്കഥ

സായാഹ്നകൈരളി, 18.10.2010.

കുടുംബിനി
ശങ്കരനാരായണന്‍ മലപ്പുറം

മുറ്റമടിച്ചുവാരല്‍, നിലം തുടയ്ക്കല്‍, രാവിലത്തെ ഭക്ഷണമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു തുണി അലക്കുവാന്‍ തുടങ്ങുമ്പോള്‍ വാരികയിലെ ടിന്റുമോന്‍ തമാശകള്‍ വായിച്ചു രസിച്ചുകൊണ്ടിരുന്ന ഭര്‍ത്താവ് വിളിച്ചു പറഞ്ഞു: '' മോനതാ ക്രിക്കറ്റ് ബാറ്റ് ചോദിക്കുന്നു. അതൊന്നെടുത്തു കൊടുക്ക് ''. തുണി കല്ലില്‍ വച്ച് അവര്‍ മോന് ക്രിക്കറ്റ് ബാറ്റ് എടുത്തു കൊടുത്ത ശേഷം തുണിയെടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഭര്‍ത്താവിന്റെ അച്ഛന്‍ വിളിച്ചു ചോദിച്ചു: '' മോളെ എനിക്ക് കുളിക്കാനുള്ള ചൂടുവെള്ളം കൊണ്ടു വെയ്ക്കൂ ''. അച്ഛനു കുടിക്കാനുള്ള ചൂടുവെള്ളം പാകമാക്കിക്കൊടുത്ത് അവര്‍ വീണ്ടും തുണിയലക്കല്‍ ജോലിയിലേര്‍പ്പെട്ടു.
തുണിയലക്കല്‍ കഴിഞ്ഞ അവര്‍ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ജോലിയാരംഭിച്ചു. അടുപ്പത്തു വച്ച വെള്ളം തിളയ്ക്കുന്നതിനു മുമ്പ് തന്നെ ഗ്യാസ് തീര്‍ന്നതിനാല്‍ തീ അണഞ്ഞു. '' അയ്യോ! ഇനി എന്തു ചെയ്യും. ഗ്യാസ് രണ്ടു കുറ്റിയും തീര്‍ന്നല്ലോ. ഇനി വിറകടുപ്പു തന്നെ രക്ഷ ''എന്നു പറഞ്ഞ് അവര്‍ മുറ്റത്തേക്കിറങ്ങി. '' ഇത് കീറാതെ അടുപ്പില്‍ കൊള്ളില്ല. ഇനി എന്തു ചെയ്യും? '' ഭര്‍ത്താവ് പരിഹാരം നിര്‍ദ്ദേശിച്ചു. '' താഴത്തെ വീട്ടില്‍ മഴുവില്ലേ. അതു കൊണ്ടു വന്നു കീറിയാല്‍ മതി. '' '' മോളേ, നീയമ്മയ്ക്ക് ആ മഴുവൊന്നു കൊണ്ടു തരുമോ?'' മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്ന മകളതു കേട്ടതായി ഭാവിച്ചില്ല. താഴത്തെ വീട്ടില്‍ നിന്നു മഴു കൊണ്ടു വന്നു അവര്‍ തന്നെ വിറക് കീറി. ചോറും കറികളുമൊക്കെ തയ്യാറാക്കിയ ശേഷം അവര്‍ രാവിലത്തെ ഭക്ഷണം കഴിക്കാനായി ഒരുങ്ങി. ഒരു ദോശയുടെ പകുതി തിന്നപ്പോഴേക്കും ഭര്‍ത്താവ് വിളിച്ചു പറഞ്ഞു: '' അച്ഛനതാ പത്രം ചോദിക്കുന്നു ''. അച്ഛന് പത്രം എടുത്തു കൊടുത്ത അവര്‍ അടുക്കളയില്‍ ചെന്ന് പാതി കഴിച്ച ദോശയുടെ ബാക്കി കയ്യിലെടുത്തു. അതിനിടയില്‍ അവര്‍ ക്‌ളോക്കിലേക്ക് നോക്കി. '' അയ്യോ! ഊണിനുള്ള നേരമായല്ലോ ''. ദോശപ്പാത്രം അവിടെ വച്ച് അവര്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനും കുട്ടികള്‍ക്കും ചോറും കറികളും വിളമ്പിക്കൊടുത്തു.
ഉരുള ഉരുട്ടി വിഴുങ്ങുന്നതിനിടയില്‍ അയാള്‍, തന്റെയരികില്‍ പുഞ്ചിരി പൊഴിച്ചുകൊണ്ടു നില്‍ക്കുന്ന ഭാര്യയെയൊന്നു നോക്കി. സ്‌നേഹം, വിനയം, ആത്മാര്‍ത്ഥത, കടപ്പാട്, ക്ഷമ, അദ്ധ്വാന ശീലം തുടങ്ങിയ ഗുണങ്ങളുള്ള തന്റെ ഭാര്യയെക്കുറിച്ച് അയാള്‍ക്ക് അഭിമാനം തോന്നി. പഴയ ഒരു സിനിമാഗാനം അയാളോര്‍ത്തു. അയാള്‍ പാടി:
'' വീടിനു പൊന്‍മണി വിളക്കു നീ !
തറവാടിനു നിധി നീ കുടുംബിനീ !! ''
......................

Friday, November 05, 2010

പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവമല്ല

പച്ചക്കുതിര മാസിക-ഒക്‌ടോബര്‍, 2010

പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവമല്ല

ശങ്കരനാരായണന്‍ മലപ്പുറം

2010 ജൂണ്‍ ലക്കം 'പച്ചക്കുതിര'യില്‍ ഞാനെഴുതിയ ലേഖനത്തെ വിമര്‍ശിച്ച് ജൂലൈ ലക്കത്തില്‍ ശ്രീ: എസ്.ജയന്‍ എഴുതിയത് വായിച്ചു. ലേഖനം മുഴുവന്‍ വായിക്കാതെയാണ് മറുപടി തയ്യാറാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്ന ശമ്പളക്കാരെക്കുറിച്ച് എഴുതിയ ഞാന്‍ പ്യൂണിനെയും പാര്‍ട്-ടൈം സ്വീപ്പറെയും ഉദാഹരണമാക്കിയില്ല എന്നാണ് ആരോപണം. മറുപടി എഴുതിയപ്പോള്‍ എന്റെ ലേഖനത്തിലെ അവസാന വാചകം (ഏറ്റവും ചുരുങ്ങിയത് തന്റെ സ്ഥാപനത്തിലെ പാര്‍ട്-ടൈം സ്വീപ്പര്‍ക്ക് എത്ര രൂപയാണ് ആനുകൂല്യം കിട്ടിയത് എന്നതു വച്ചെങ്കിലുമാണ് ഇതിനെ അളക്കേണ്ടത്) മറന്നാണ് ജയന്‍ ഈ വിമര്‍ശനമുന്നയിച്ചത്. പണ്ടത്തെ താപ്പാനകളെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാര്‍ കുറേക്കൂടി നല്ലവരാണെന്ന അഭിപ്രായം എനിക്കും ഉള്ളതുകൊണ്ട്, ജീവനക്കാരുടെ സമീപനത്തില്‍ കുറെയൊക്കെ മാറ്റം വന്നു എന്ന അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു. രോഗഗ്രസ്ഥമായ സിവില്‍ സര്‍വ്വീസിനെക്കുറിച്ചും കാലാഹരണപ്പെട്ട സിവില്‍ സര്‍വ്വീസ് നിയമങ്ങളെക്കുറിച്ചും ജയന്‍ വേവലാതിപ്പെടുന്നുണ്ട്. ഇക്കാര്യം ശരി തന്നെ. ഇവയിലൊക്കെ കാലോചിതമായ മറ്റം വരുത്തേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ, പൊതുജനങ്ങളോട് സ്‌നേഹമായി പെരുമാറാന്‍ ഈ നിയമങ്ങളൊന്നും തടസ്സമായി നില്‍ക്കുന്നില്ല.
ആശ്രിത നിയമനത്തെയും പ്രസവാവധിയെയും ഞാന്‍ ദു:സൂചനയോടെ കണ്ടു എന്നു പറയുന്നു. ഇങ്ങനെ കണ്ടിട്ടില്ല. ഈ ആനുകൂല്യങ്ങളെല്ലാം കിട്ടുന്നവര്‍ ഇതൊന്നും കിട്ടാത്തവരോട് കരുണ കാണിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. ജോലിഭാരം കൂടിയതിനാല്‍ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നു എന്നു പറയുന്നു. ചില ഓഫീസുകളില്‍ ആവശ്യത്തിനു വേണ്ട ജീവനക്കാരില്ല എന്നതൊരു സത്യം തന്നെ. ഇതിനു പരിഹാരം കാണുക തന്നെ വേണം. അവധി ദിവസങ്ങളില്‍ പണിയെടുക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണം അവധി ദിവസങ്ങള്‍ അധികമുള്ളതുകൊണ്ടാണ്. ഈ ആഗസ്റ്റില്‍ തന്നെ 10 പൊതു അവധികളുണ്ട്; സെപ്തംബറില്‍ എട്ടും. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി കൊടുക്കുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും അവധികള്‍ക്കുള്ള മുറവിളി വീണ്ടും വീണ്ടും ഉയരുന്നത്.
ജോലിയിലിരിക്കുമ്പോള്‍ തന്നെ ('പെന്‍ഷന്‍ വിപ്‌ളവം' വരുന്നതിനു മുമ്പു തന്നെ-പെന്‍ഷന്‍ പറ്റിയതിനു ശേഷമുള്ള വിപ്‌ളവം എന്നൊരു പരിഹാസം കേള്‍ക്കുകയുണ്ടായി-അവധികള്‍ വാരിക്കോരി നല്‍കുന്നതിനെതിരെ രണ്ട് ലേഖനങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാരുടെ ജനവിരുദ്ധ നിലപാടുകളെ വിമര്‍ച്ചിച്ച് 'കേരളശബ്ദ'ത്തിലും ലേഖനമെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ എട്ടു മിനിക്കഥകളും എഴുതിയിട്ടുണ്ട്). നേരത്തേ എഴുതിയതിന്റെ തുടര്‍ച്ചയാണ് എഴുതുന്നതെന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നുവെങ്കിലും കലിയോടെ ലേഖനം വായിച്ചവര്‍ ആദ്യം വായിച്ചത് മറന്നു പോയി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ ശങ്കരനാരായണന്‍ അര്‍ഹനല്ല എന്നാണ് ലേഖനം വായിച്ചപ്പോള്‍ ചിലര്‍ പഠിച്ച പാഠം. തളിപ്പറമ്പിലും റാന്നിയിലുമൊക്കെ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ നിന്നു മുങ്ങി മലപ്പുറത്ത് പൊങ്ങിയിരുന്നുവെന്നും ഫോണാരോപണം ഉണ്ടായി. തളിപ്പറമ്പിലും റാന്നിയിലും ജോലി ചെയ്തിരുന്ന കാലത്ത് ഭക്ഷണം കഴിച്ചിരുന്നത് ആ രണ്ടു താലൂക്കിലെയും ഏതെങ്കിലും കടകളില്‍ നിന്നായിരുന്നു; മലപ്പുറത്തെ മുണ്ടുപറമ്പില്‍ നിന്നായിരുന്നില്ല. ഇങ്ങനെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് ഇത്തരമൊരു ലേഖനമെഴുതാന്‍ എനിക്ക് ആത്മധൈര്യം കിട്ടിയത്.
പെന്‍ഷനറായ എന്നോട് അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവരെ ചെന്നുകാണാന്‍ ജയന്‍ ഉപദേശിക്കുന്നുണ്ട്. എനിക്കതിന്റെ ആവശ്യമില്ല. ഞാനും എത്രയോ അവധി ദിവസങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയല്ല ഞാനെഴുതിയത്. പ്രവൃത്തി ദിവസങ്ങളില്‍ ജോലി ചെയ്യാത്തവരെക്കുറിച്ചാണ്. ഒരു ഞായറാഴ്ച ദിവസമായിട്ടും വൈകീട്ട് നാലു മണിവരെ ഓഫീസില്‍ ജോലി ചെയ്തിട്ട് വരുന്ന വഴിക്ക് വാങ്ങിയ 'പച്ചക്കുതിര'യിലെ ലേഖനം ബസ്സിലിരുന്നു വായിച്ചപ്പോള്‍ ഏറെ വേദനയുണ്ടാക്കി എന്നാണ് ജയന്‍ പറയുന്നത്. ഇതില്‍ വേദനപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഞായറാഴ്ച ജോലി ചെയ്യുന്നത് ആത്മാര്‍ത്ഥതയുടെ അടയാളമാണെങ്കിലും അതു വിളിച്ചു പറയാന്‍ തക്ക വലിയ കാര്യമൊന്നുമല്ല. 'പച്ചക്കുതിര' വാങ്ങിയ കടയിലെ തൊഴിലാളിയും യാത്ര ചെയ്ത ബസ്സിലെ തൊഴിലാളിയും ഞായറാഴ്ച ജോലി ചെയ്തിട്ടാണ് കൂലി പറ്റുന്നത്. അന്ന് ജോലി ചെയ്യാതിരുന്നാല്‍ അവര്‍ക്ക് കൂലി കിട്ടില്ല. അന്നു ജോലി ചെയ്യാതിരുന്നാലും ജയന് കൂലി കിട്ടും. ഈ വ്യത്യാസം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ഹൃദയ വിശാലതയാണ് സര്‍ക്കാരുദേ്യാഗസ്ഥനുണ്ടാകേണ്ടത്.
ഞാന്‍ ജോലി ചെയ്ത വകുപ്പില്‍ കാര്യമായും ഫീല്‍ഡ് ജോലിയാണുള്ളത്. ഫാനിന്റെ ചോട്ടിലിരുന്ന് ചെയ്യുന്നതുപോലെ ലാഘവമായി ചെയ്യാന്‍ പറ്റുന്ന ജോലിയല്ലിത്. ഒരു ക്‌ളര്‍ക്ക് അഞ്ചു മണിക്കൂര്‍ ചെയ്യുന്ന ജോലിയേക്കാളും എത്രയോ പ്രയാസമുള്ളതാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഒരു ഇന്‍വെസ്റ്റിഗേറ്റര്‍ ഒരു മണിക്കൂര്‍ ഫീല്‍ഡില്‍ ചെയ്യുന്ന ജോലി. ബസ്സ്റ്റാന്റ് ബില്‍ഡിംഗിലാണ് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസ്. പതിവു പോലെ ഒരു മീറ്റിംഗില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ അവരുടെ ന്യായമായ പ്രയാസങ്ങള്‍ വിവരിച്ചു. ആ സമയത്ത് ബസ്സ്റ്റാന്റില്‍ ടാറിംഗ് ജോലി നടക്കുകയായിരുന്നു. ടാറിന്റെ ചൂടും തീയിന്റെ ചൂടും സൂര്യന്റെ ചൂടും കൊള്ളുന്ന ആ പാവം തൊഴിലാളികള്‍ക്കുള്ളത്ര പ്രയാസമേതായാലും നമുക്കില്ലല്ലോ എന്നാണ് ഞാനവരോട് പറഞ്ഞത്. ഈ പാവങ്ങളുടെ പ്രയാസങ്ങള്‍ക്കു മുമ്പില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ പ്രയാസങ്ങള്‍ ഒന്നുമല്ല. ഈ തിരിച്ചറിവാണ് ഉദേ്യാഗസ്ഥന്മാര്‍ക്ക് വേണ്ടത്.
സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും തുച്ഛ ശമ്പളക്കാരാണെന്ന ജയന്റെ വാദം അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. തുച്ഛം, മെച്ചം എന്നൊക്കെ നിശ്ചയിക്കേണ്ടത് സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാവണം. ഇങ്ങനെ നോക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ളവര്‍ക്ക് തുച്ഛമായ വരുമാനമല്ല ഉള്ളത്. പിന്നെ ജീവിത പ്രയാസങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ക്‌ളര്‍ക്കിനും പ്യൂണിനും മാത്രമല്ല ഉള്ളത്. കാസര്‍ഗോഡു നിന്നു വന്ന് മലപ്പുറത്ത് ജോലി ചെയ്യുന്ന ഉദേ്യാഗസ്ഥന്മാരെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ് കരമനയില്‍ നിന്നു വരുന്ന കല്‍പ്പണിക്കാരും പാണ്ടിനാട്ടില്‍ നിന്നു വരുന്ന പാടത്തുപണിക്കാരുമൊക്കെ. അവര്‍ക്കും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അസുഖം വന്നാല്‍ കോട്ടുവായിട്ടു കിടന്നാല്‍ അവരുടെ അസുഖം മാറില്ല. മറ്റുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതുകൊണ്ട് അവര്‍ക്ക് സ്വന്തമായി വീടുണ്ടാക്കാനുള്ള ആഗ്രഹം ഇല്ലാതാകുന്നില്ല. അവര്‍ക്കും വേണം ജീവിത സൗകര്യങ്ങള്‍. എത്ര തലകുത്തി മറിഞ്ഞാലും ഒരു പ്യൂണിന് കിട്ടുന്ന വരുമാനം ഇപ്പറഞ്ഞ തൊഴിലാളികള്‍ക്കു കിട്ടില്ല. വരുമാനമുണ്ടാക്കാന്‍ അവര്‍ക്ക് മറ്റ് വഴികളുമില്ല. അഞ്ച് ദിവസം കൂലിപ്പണിക്ക് പോയി ഇനി ഒരു ദിവസം വില്ലേജോഫീസില്‍ പോയിരുന്ന നികുതി പിരിക്കാമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് കൊടുക്കാമെന്നും വിചാരിച്ചാല്‍ അതൊരിക്കലും നടക്കില്ല. എന്നാല്‍ ഒരു ഉദേ്യാഗസ്ഥന് വേണമെങ്കില്‍ രണ്ടാം ശനിയാഴ്ചയോ മറ്റു അവധി ദിവസങ്ങളിലോ (നേരാം വഴിക്കാണെങ്കില്‍; അല്ലെങ്കില്‍ പ്രവൃത്തി ദിവസങ്ങളിലും പോകാം) സിമന്റ് പണിക്ക് പോകാന്‍ പറ്റും. മാത്രമല്ല, ഉദേ്യാഗസ്ഥരെപ്പോലെയല്ല കൂലിപ്പണിക്കാരുടെ കാര്യങ്ങള്‍. സാഹചര്യമല്ല ഉദേ്യാഗസ്ഥനെ ഉദേ്യാഗസ്ഥനാക്കിയത്. കഠിനമായ പരിശ്രമങ്ങള്‍ നടത്തി നേടിയെടുക്കുന്നതാണ് ഉദേ്യാഗം. ഉദേ്യാഗസ്ഥന്‍ തേടിയാണ് ഉദേ്യാഗം നേടുന്നത്. എന്നാല്‍, കൂലിപ്പണി കൂലിപ്പണിക്കാരനെ തേടിയെത്തുകയാണ് ചെയ്യുന്നത്. ക്‌ളര്‍ക്ക് പണിയെക്കാള്‍ വരുമാനമുള്ള പണിയാണ് കരിങ്കല്ല്‌കെട്ട് പണിയെങ്കില്‍ ക്‌ളര്‍ക്ക് പണി രാജി വച്ച് നേരെ കരിങ്കല്‍പ്പണിക്ക് പോയാല്‍ മതിയല്ലോ. കരിങ്കല്‍പ്പണിയെക്കാള്‍ സുഖവും സുരക്ഷിതത്വവും വരുമാനവും കൂടുതലായതുകൊണ്ടാണ് ഞാന്‍ സര്‍ക്കാര്‍ ജോലി തേടിപ്പോയതെന്നൂകൂടി വ്യക്തമാക്കട്ടെ.
ആത്മപ്രശംസ പാടില്ലെങ്കിലും ചില കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍, ഞായറാഴ്ച നാലു മണി വരെ ജോലി ചെയ്തുവെന്നുള്ള പ്രസ്താവനയ്ക്ക് മറുപടി നല്‍കുമ്പോള്‍ പ്രതേ്യകിച്ചും, ആത്മപ്രശംസാപരം എന്നു തോന്നിക്കുന്ന കാര്യങ്ങള്‍ പറയേണ്ടി വരും. ജയന്‍ ഞായറാഴ്ച നാലു മണി വരെ ജോലി ചെയ്തുവെന്നാണല്ലോ പറയുന്നത്. ഞായറാഴ്ചകളില്‍ മാത്രമല്ല മറ്റു അനവധി അവധി ദിവസങ്ങളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്റെ ജോലി എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ചെയ്ത ഫീല്‍ഡ് ജോലി പരിശോധിക്കലും ആയതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കലുമായിരുന്നു. എന്നാല്‍ അവധി ദിവസങ്ങളില്‍ ഞാന്‍ ഫീല്‍ഡില്‍ പോയിരുന്നത് ജോലി പരിശോധനയ്ക്കായിരുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജോലിയെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ സഹായിക്കാന്‍ വേണ്ടിയായിരുന്നു. വൈകുന്നേരം നാലു മണിയും കഴിഞ്ഞ് ഇരുട്ടായി ടോര്‍ച്ച് വെളിച്ചത്തില്‍ പാടത്തുനിന്നു കയറിപ്പോന്ന അവസരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.
30 വര്‍ഷത്തെ സേവനകാലത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ എന്ന സംശയം അടിസ്ഥാനമാക്കിയാണ് ഞാന്‍ ലേഖനമെഴുതിയത് എന്ന് ജയന്‍ ആരോപിക്കുന്നുണ്ട്. സംശയത്തോടെയല്ല ആര്‍ജ്ജവത്തോടെത്തന്നെയാണ് ലേഖനമെഴുതിയത്. പൊതുജനങ്ങള്‍ക്ക് നേരിട്ടു ബന്ധമുള്ള വകുപ്പല്ല എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്. പക്ഷേ, അടിസ്ഥാനപരമായി വകുപ്പ് ചെയ്യുന്ന എല്ലാ ജോലികളും ജനങ്ങള്‍ക്കു വേണ്ടിയുള്ളതു തന്നെയാണ്. ആ ജോലി ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ ബോധപൂര്‍വ്വം (മലപ്പുറത്തും മലപ്പുറം ജില്ലയിലെ തിരൂരിലും മാത്രമല്ല റാന്നിയിലും തളിപ്പറമ്പിലും) യാതൊരു ഉപേക്ഷയും കാണിച്ചിട്ടില്ല എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ബലമുള്ളതുകൊണ്ടു കൂടിയാണ് 'പച്ചക്കുതിര'യില്‍ ലേഖനമെഴുതുവാന്‍ എനിക്ക് ധൈര്യം വന്നത്. എഴുതാനുള്ള ധൈര്യം ഇങ്ങനെയൊക്കെ ഉണ്ടായതാണെങ്കിലും ഈ ധൈര്യത്തിന് ധൈര്യം നല്‍കിയത് 27.02.1990 ല്‍ 'ദേശാഭിമാനി' എഴുതിയ മുഖപ്രസംഗമാണെന്നുകൂടി പറഞ്ഞ് നിര്‍ത്തട്ടെ.
..................

Thursday, November 04, 2010

മാവേലിയുടെ കണ്ണുനീര്‍


സാഹിത്യശ്രീ മാസിക-ഒക്‌ടോബര്‍,2010

മിനിക്കഥ
മാവേലിയുടെ കണ്ണുനീര്‍
ശങ്കരനാരായണന്‍ മലപ്പുറം

മാവേലി കേരളം കാണാനായി ഇറങ്ങി. നാട് കാണാനിറങ്ങിയ മാവേലിയെ കാണാനായി ജനങ്ങള്‍ തടിച്ചുകൂടി. തന്നെ കാണാനായി തടിച്ചുകൂടിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാവേലി പ്രതേ്യകം ശ്രദ്ധിച്ചു. പുത്തന്‍ ചെരുപ്പും പുതുമണം പൊങ്ങുന്ന പുത്തന്‍ ചുരിദാറും കഴുത്തില്‍ സ്വര്‍ണമാലയും മുടിയില്‍ പൂവുമൊക്കെ ചൂടി നില്‍ക്കുന്ന ആ പെണ്‍കുട്ടി ആരാണെന്ന് മാവേലി നാട്ടുപ്രമാണിയോട് ചോദിച്ചു.
'' അത് പണ്ടത്തെ കൊയ്ത്തുകാരിയായിരുന്ന നീലിച്ചെറുമിയുടെ പേരക്കുട്ടിയാ''. നാട്ടുപ്രമാണി മറുപടി പറഞ്ഞു. പെണ്‍കുട്ടിയുടെ രൂപവും ഭാവവും വേഷവിധാനങ്ങളുമൊക്കെ മാവേലി ഒന്നുകൂടി വിശദമായി വീക്ഷിച്ചു. ക്രമേണ മാവേലിയുടെ കണ്ണു നിറഞ്ഞു. ഇതുകണ്ട് നാട്ടുപ്രമാണിയുടെയും കണ്ണു നിറഞ്ഞു. അയാള്‍ ചിന്തിച്ചു:
'' നമ്മുടെ പൈതൃകവും പാരമ്പര്യവുമൊക്കെ എവിടെപ്പോയി ! എന്താ പെണ്ണിന്റെയൊരു കോലം!! കാലില്‍ പളാപളാ മിന്നുന്ന ചെരുപ്പ്. ഇന്നൊരു തിരുവോണമായിട്ടും വേഷം കേരളത്തനിമയെ കൊഞ്ഞനം കുത്തുന്ന ചുരിദാര്‍. കൊയ്ത്തിന് പോകേണ്ടവളിന്ന് കോമേഴ്‌സ് പഠിപ്പിക്കുന്നു. കറ്റ മെതിക്കേണ്ടവളിന്ന് കമ്പ്യൂട്ടര്‍ പഠിക്കുന്നു. കാലം പോയ പോക്ക്! കലികാലം തന്നെ!! എങ്ങനെ മാവേലിയുടെ കണ്ണു നിറയാതിരിക്കും ? '' നാട്ടുപ്രമാണി മാവേലിയോട് ചോദിച്ചു:
'' മാവേലീ, അങ്ങയുടെ കണ്ണ് നിറഞ്ഞതെന്തേ ? ''
'' പകലന്തിയോളം പണിയെടുത്തിട്ടും പട്ടിണിപ്പേക്കോലമായി കഴിയേണ്ടി വന്ന നീലിയുടെ പേരക്കുട്ടിയെ ഈ നിലയില്‍ കണ്ടപ്പോഴുണ്ടായ അടക്കാന്‍ വയ്യാത്ത സന്തോഷം കൊണ്ട് തന്നെ''
...................