കേരള കൗമുദി ആഴ്ചപ്പതിപ്പ്, 12.04.2008.
മിനിക്കഥ
ശങ്കരനാരായണന്‍ മലപ്പുറം
''നിങ്ങളുടെ പ്രയോഗം തെറ്റ്.....തെറ്റ്.....തെറ്റ്. ഭയങ്കരം എന്നാല്‍ ഭയം അങ്കുരിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രയോഗം ഭാഷാപരമായി തെറ്റാണ്''
ഭാഷാ പണ്ഡിതന്‍ മൂന്നാമതും അയാളെ ഉപദേശിച്ചു. ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് അപരിചിതനായ ഭാഷാ പണ്ഡിതനെ അയാള്‍ വീണ്ടും രൂക്ഷമായി നോക്കി. അപ്പോഴേക്കും അടുത്ത പാട്ട് തുടങ്ങിയിരുന്നു. പാട്ട് കഴിഞ്ഞപ്പോള്‍ ആവേശത്തോടെ കയ്യടിച്ചുകൊണ്ട് അയാള്‍ വീണ്ടും പറഞ്ഞു.
''അതിലേറെ ഭയങ്കരം. ഈ കുട്ടിയും ഭയങ്കര പാട്ടുകാരി തന്നെ.!''
''സുഹൃത്തേ, ഭയങ്കരം എന്നാല്‍ ഭയം ജനിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥമെന്ന് ഞാന്‍ എത്ര തവണ നിങ്ങളോടു പറഞ്ഞു. പാട്ട് കേട്ട് നിങ്ങള്‍ പേടിച്ചെന്നോ? അര്‍ത്ഥമറിഞ്ഞു വേണം വാക്കുകള്‍ പ്രയോഗിക്കാന്‍......''
പറഞ്ഞു തീരുന്നതിന് മുമ്പ് 'ഠേ' എന്നൊരു ശബ്ദം! അടി കിട്ടിയ ഭാഗം തടവിക്കൊണ്ട് ഭാഷാ പണ്ഡിതന്‍ പറഞ്ഞു:
'' ഹൗ! നല്ല വേദന!! ''
ഉള്ളില്‍ ചിരിയോടെ അയാള്‍ ഭാഷാ പണ്ഡിതനോടു പറഞ്ഞു:
'' അര്‍ത്ഥമറിഞ്ഞാണ് വാക്കുകള്‍ പ്രയോഗിക്കേണ്ടത്. വേദനയെങ്ങനെ നല്ല വേദനയാകും? 'ഭയങ്കര വേദന' എന്നതാണ് ശരിയായ പ്രയോഗം ''
.............